Contacts

എ. കെ. പി.
സാഹിത്യം

മംഗളോദയത്തില്‍ കൊ.വ. 1086 കന്നി

ഉത്തമങ്ങളും അതാതംഗങ്ങൾക്കു യോജിപ്പുള്ളവയുമായ ആഭരണങ്ങളോടും കൂടിയ ശരീരത്തോട് ഉപമിയ്ക്കാവുന്നതാണെന്നും, അതാണ് സാഹിത്യശബ്ദത്തിന്റെ അർത്ഥമായ കാവ്യമെന്നും പര്യവസിച്ചുവല്ലൊ. അതുപോലെ തന്നെ രസഭാവാദികൾക്കു പുറമെ വസ്തുവോ അലങ്കാരമോ വ്യഞ്ജിയ്ക്കുന്നത് ആവരണത്തിന്റെ സ്ഥിതിഭേദംകൊണ്ടു ശരീരാംഗങ്ങളും അവയിലുള്ള ഓരോ ആഭരണങ്ങളും വ്യഞ്ജിയ്ക്കുന്നതിനോടു തുല്യമാണ്. അധികം വിസ്തരിക്കാതെ ചുരുക്കി പറകയാണെങ്കിൽ രസഭാവാദികൾ വ്യഞ്ജിയ്ക്കാതെയും അനേകം അലങ്കാരങ്ങളോടു കൂടിയുമിരിയ്ക്കുന്ന കവിത അനേകം ആഭരണങ്ങളണിഞ്ഞു ജീവനില്ലാതെ കിടക്കുന്ന ശരീരം പോലെയും, അലങ്കാരങ്ങളും കൂടിയില്ലെങ്കിൽ അതു നഗ്നമായിക്കിടക്കുന്ന ശവംപോലെയുമാണെന്നു പണ്ടുള്ള പണ്ഡിതന്മാർ തന്നെ വ്യവസ്ഥാപിച്ചിട്ടുണ്ട്. അതിനാൽ സാഹിത്യശാസ്ത്രപ്രകാരം ജീവനുള്ള കാവ്യമാകേണമെങ്കിൽ രസം വ്യംഗ്യമായിട്ടുണ്ടായിരിയ്ക്കണം എന്നു പറഞ്ഞാൽ മതി.


ഇനി കാവ്യ ജീവനായ രസം വ്യഞ്ജിപ്പിയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങളെപ്പറ്റിയാണ് അല്പം പ്രസ്താവിപ്പാൻ തുടങ്ങുന്നത്‌. വേദാന്തികളുടെ ബ്രഹ്മാനന്ദവും സാഹിത്യശാസ്ത്രക്കാരുടെ രസവും ഒരുപോലെയാണെന്നോ ഒന്നുതന്നെയാണെന്നോ പറയാം. രണ്ടു വർഗ്ഗക്കാരും സ്വാനുഭവസാക്ഷികമാണെന്നും, സ്വപ്രകാശസ്വരൂപമാണെന്നും, ആ സുഖവിശേഷം അനുഭവിയ്ക്കുമ്പോൾ മറ്റു യാതൊന്നിന്റേയും ജ്ഞാനം, ഉണ്ടാകയില്ലെന്നു മാത്രമല്ല ആ അനുഭവത്തിന്റെ ജ്ഞാനവും കൂടി ഉണ്ടാകയില്ലെന്നും, സത്വഗുണസ്ഫൂർത്തിയാണ് അതനുഭവിപ്പാൻ കാരണമെന്നും മറ്റും ഒരേവിധത്തിലാണ് പറഞ്ഞിട്ടുള്ളത്. 'വിഭാവാനുഭാവവ്യഭിചാരിസംയോഗാദ്രസനിഷ്പത്തിഃ' എന്ന ഭരതസൂത്രത്തെ പലരും അവരവരുടെ സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തി അല്പാല്പം വ്യത്യാസത്തോടുകൂടി പലവിധത്തിലും വ്യാഖ്യാനിച്ചിട്ടുണ്ടെങ്കിലും കാവ്യജീവനായ രസത്തെ കവി കാണിയ്ക്കുന്നത് വിഭാവാദികളെക്കൊണ്ടാണെന്ന അംശത്തിന്നു യാതൊരു വ്യത്യാസവുമില്ല. ദുഷ്ഷന്തൻ, ശകുന്തള മുതലായ ആലംബനവിഭാവങ്ങൾക്കും വിജനം, ചന്ദ്രിക മുതലായ ഉദ്ദീപനവിഭാവങ്ങൾക്കും, ചിത്തവൃത്തിയെ പലവിധത്തിലും വെളിപ്പെടുത്തുന്ന കടാക്ഷം മുതലായ അനുഭവങ്ങൾക്കും, ലജ്ജ, ശങ്ക, ഹർഷം മുതലായ വ്യഭിചാരിഭാവങ്ങൾക്കും തന്മയത്വം വരുത്തുകയാണ് കവിയുടെ ചുമതല. തന്മയത്വം ഉണ്ടായാൽ ദുഷ്ഷന്തനു ശകുന്തളിൽ സ്ഥിരമായി നിൽക്കുന്ന രാഗമായ ശൃംഗാരരസത്തെ കാവ്യശ്രോതാക്കൾ അനുഭവിയ്ക്കുന്നത് ആദ്യം ആ ശൃംഗാരം ദുഷ്ഷന്തനിൽ മാത്രമുള്ളതായിട്ടാണ് കാവ്യംകൊണ്ടറിയുന്നതെങ്കിലും വിഭാവാദികളുടെ വിന്യാസവിശേഷശക്തിനിമിത്തം അവയെ വീണ്ടും വീണ്ടും ഭാവന ചെയ്യുമ്പോൾ ആ ഭാവനാമാഹാത്മ്യംകൊണ്ടു ദുഷ്യന്തനും താനും രണ്ടാണെന്നുള്ള ബുദ്ധി മറഞ്ഞു കേവലം ശൃംഗാരത്തിന്റെ മാത്രം സ്ഫൂർത്തി വരികയും അതു ക്രമത്തിൽ ആസ്വദിയ്ക്കത്തക്കതായിത്തീരുകയും ചെയ്തിട്ടോ, വിഭാവാദിശക്തി നിമിത്തം ആദ്യം തന്നെ ദുഷ്ഷന്തനിലോ തന്നിലോ എന്ന വിശേഷം


ഗ്രഹിപ്പിയ്ക്കാതെ രസത്തിന്റെ സ്ഫുരണം മാത്രം ഉണ്ടായിട്ടോ എന്നിങ്ങിനെയുള്ള മതഭേദങ്ങൾ കവിയ്ക്കു ആലോചിയ്ക്കേണ്ടതില്ല. എങ്കിലും തന്മയത്വം വരുത്തേണ്ടത്, അല്ലെങ്കിൽ വരുത്തുന്നതു വാസ്തവദുഷ്ഷന്തന്റെയോ വാസ്തവ ശകുന്തളയുടെയോ അല്ലെന്നും കവിയുടെ സങ്കല്പംപോലെയുള്ള ദുഷ്ഷന്താദികളുടെയാണെന്നും അതുകൊണ്ടു കവികല്പിതന്മാരായ ദുഷ്ഷന്താദികളുടെ സ്വഭാവത്തെയാണ് ശ്രോതാക്കൾ ഗ്രഹിയ്ക്കുന്നതെന്നും വാസ്തവദുഷ്ഷന്താദികൾ ഒരു സമയം കവികല്പിതമായ അവരിൽനിന്നു വ്യത്യാസപ്പെട്ടിരിയ്ക്കാമെന്നും ചില ആധുനിക പണ്ഡിതന്മാർ പറയുന്നതു കേട്ടു ഭ്രമിച്ചു തങ്ങളുടെ ഇഷ്ടം പോലെ ശകുന്തളാദികളെ സങ്കല്പിച്ചുണ്ടാക്കിത്തുടങ്ങുന്നതു ശരിയല്ല. കവിയുടെ സങ്കല്പമാണ് പ്രമാണമെങ്കിൽ-'അനൌചിത്യാദൃതേ നാന്യദ്രസഭംഗസ്യ കാരണം; ഏകരസപ്രസൃതായാഃ പ്രതിപത്തൃപ്രതീതേരുൽഖാത ഇവ വിച്ഛേദദായീ' എന്നു തുടങ്ങി രസഭംഗത്തിനുള്ള കാരണങ്ങൾ വിവരിച്ച കൂട്ടത്തിൽ അനൌചിത്യം മുതലായ പലദോഷങ്ങളും പറഞ്ഞത് അസംഗതമാണെന്നു വരും. മമ്മടഭട്ടന്റെ അനൌചിത്യോദാഹരണമായ


'തപസ്വിഭിര്യാ സുചിരേണ ലഭ്യതേ
പ്രയത്നതസ്സത്രിഭിരിഷ്യതേ ച യാ
പ്രയാന്തി താമാശു ഗതിം യശസ്വിനോ
രണാശ്വമേധേ പശുതാമുപാഗതാഃ'


എന്ന ശ്ലോകത്തിൽ യുദ്ധശൂരന്മാരായ യശസ്വികൾക്കു പശുത്വം ആരോപിച്ചതുനിമിത്തം ഭീരുത്വം തോന്നുന്നതും, അതു പ്രകൃതമായ ശൌര്യമെന്ന ഭാവത്തിന്നു വിപരീതമാകയാൽ രസഭംഗമുണ്ടാക്കുന്നതും അനുഭവസിദ്ധമാണ്. എന്നാൽ കവിസങ്കല്പിതന്മാരായ യശസ്വികൾക്കു പശുത്വവും കൂടി കവിതന്നെ സങ്കല്പിച്ചിരിയ്ക്കയാൽ അവരിൽ പശുത്വാരോപം അനുചിതമായി വരാത്തതാണല്ലൊ. കവിയുടെ സങ്കല്പത്തിന്ന് അനൌചിത്യം വരരുതെന്നാണ് താല്പര്യമെങ്കിൽ വാസ്തവദുഷഷന്തന്റെ സ്വഭാവത്തിന്ന് അനുചിതമായി കവി സങ്കല്പിയ്ക്കരുത് എന്നല്ലാതെ വേറെ ഒരർത്ഥവും ഇല്ല. വിഭാവാദികൾക്കു തന്മയത്വം കവിതയിൽ വരുത്തുവാൻ സാധിയ്ക്കേണമെങ്കിൽ


'ശക്തിർന്നിപുണതാ ലോകകാവ്യശാസ്ത്രാദ്യവേക്ഷണാൽ
കാവ്യജ്ഞശിക്ഷയാഭ്യാസ ഇതി ഹേതുസ്തദുൽഭവേ'


എന്നു കാവ്യപ്രകാശത്തിൽ പറഞ്ഞ ഗുണങ്ങൾ ഉണ്ടാകേണ്ടതുമാണ്. ഈ ശ്ലോകത്തിൽ പറഞ്ഞ ഗുണങ്ങളുടെ സ്വരൂപം വിവരിയ്ക്കുന്നത് മറ്റൊരവസരത്തിലാവാമെന്നു വെച്ചു തൽക്കാലം ഉപസംഹരിയ്ക്കുന്നു.


താളിളക്കം
!Designed By Praveen Varma MK!