Contacts

ഏ.എസ്സ്.
പദ്യകാവ്യം

മംഗളോദയത്തില്‍ കൊ.വ. 1085 മേടം
ഞാൻ അവരോടു യോജിക്കുന്നില്ല. അവരുടെ മതപ്രകാരം സന്തോഷത്തിൽ ചിരിക്കുന്നതും, ദു:ഖത്തിൽ കരയുന്നതും പരിചയംകൊണ്ടുതന്നെയായിരിക്കാം. എന്നാൽ പരിചയം നേരെ മറിച്ചാവാത്തത് എന്തുകൊണ്ടാണ്? ഇങ്ങിനെ ആലോചിക്കുമ്പോൾ പ്രകൃതിയിൽ തന്നെ സൂക്ഷമമായ കാരണവിശേഷം ഉണ്ടെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. അതുപോലെ കവിയുടെ അന്തഃരംഗത്തിൽ നിന്നു നിർഗ്ഗളമായി താനെ പ്രവഹിക്കുന്ന കവിതാമൃതം പ്രകൃതിനിയമത്താൽ മാത്രം ബന്ധിക്കപ്പെട്ടതാണെന്നാണ് എന്റെ അഭിപ്രായം.


ആഹ്ലാദമയമായ ചിത്തവൃത്തിയിൽനിന്നു പ്രവഹിക്കുന്ന കവിതാമൃതത്തിന്റെ പ്രദുർഭാവം മനുഷ്യസമുദായത്തിന്റെ പ്രഥമദശയിൽ സുലഭമായി ഉണ്ടാവാനിടയുണ്ട്. ആദ്യകാലത്തിൽ മനുഷ്യസമുദായത്തിന്നു പിന്നീടുണ്ടാകുന്നമാതിരി ക്ലേശങ്ങളും സ്വൈരക്കേടുകളും ഉണ്ടാവാറില്ല. ഒരു മനുഷ്യന്നു ശൈശവത്തിൽതന്നെ സംസാരദു:ഖമുണ്ടാവാറില്ല. അതുപോലെതന്നെയാണു ഒരു സമുദായത്തിന്റെ സ്ഥിതിയും. അവർക്കു പ്രകൃതിസിദ്ധമായ ചില ആവശ്യങ്ങളെ നിറവേറ്റുകയേ വേണ്ടൂ. അതു അക്കാലത്തു എത്രയോ എളുപ്പവുമാണ്. അതുകൊണ്ടു അധികകാലവും പ്രസന്നമായിരിക്കുന്ന അന്തരംഗം പ്രകൃതിയെക്കണ്ടാനന്ദിച്ചു 'കണ്ടതുപോലെ' വർണ്ണിക്കുവാൻ സ്വയമായി പ്രവർത്തിക്കുന്നു. അപ്പോഴാണു സ്വതഃസിദ്ധമായ കവിത്വം പ്രകാശിക്കുന്നത്. അതിന്റെ ശ്രവണം പോലും ആഹ്ലാദത്തെ ഉണ്ടാക്കേണമെങ്കിൽ അതിൽ എത്രമാത്രം ആനന്ദം അടങ്ങിയിരിക്കണം? അതു സാന്ദ്രീഭൂതമായ ആനന്ദം തന്നെ എന്നു പറയാം.


മനുഷ്യന്നു ഐഹികസുഖങ്ങളിലും സൌകര്യങ്ങളിലും ആഗ്രഹം വർദ്ധിച്ചുവരുമ്പോൾ പ്രകൃതിതത്ത്വത്തെ അറിവാനുള്ള അഭിലാഷവും ഉദ്യമവും ഉണ്ടാകുന്നു. അപ്പോൾ മനസ്സിന്നുള്ള സ്വാസ്ഥ്യം കുറഞ്ഞുപോകുന്നു. ക്ലേശം അധികരിക്കുന്നു. തത്വജ്ഞാനവും കവിത്വവുംകൂടി ഒരിക്കലും ഒത്തുകൂടുകയില്ലെന്നുതന്നെ പറയാം. ജഗൽഗുരുവായ ശ്രീശങ്കരാചാര്യസ്വാമികൾ ജ്ഞാനിയും കവിയുമായിരുന്നില്ലെ? ശരിതന്നെ. തത്വജിജ്ഞാസയും കവിതയുംകൂടി ഒരിക്കലും സഹവസിക്കയില്ല. ഒരു ജ്ഞാനി ബാലകനോടു തുല്യനാകുന്നു. കാമക്രോധാദികളെക്കൊണ്ടുള്ള കഴക്കവും, തത്വദർശനത്തിന്നായി ശ്രമിക്കുമ്പോൾ അനുപദമുണ്ടാകുന്ന പരാജയംകൊണ്ടുള്ള ബുദ്ധിക്ഷയവും അവർക്കു രണ്ടുപേർക്കുമില്ല. അവർ അധികസമയങ്ങളിലും ആനന്ദഭരിതന്മാരാകുന്നു. "ക്ലിശ്യത്യന്തരിതോജനഃ" എന്നതു എത്രയും യഥാർത്ഥമായ സംഗതിയാണ്.


തത്വജിജ്ഞാസുവാകട്ടെ പ്രകൃതിയോടു യുദ്ധം ചെയ്യുന്ന വീരഭടനാകുന്നു. അയാൾക്കു ഒരു സമയത്തെങ്കിലും സ്വാസ്ഥ്യമില്ല. അയാളുടെ അന്തഃകരണം ഒരിക്കലും വിശ്രമിക്കയില്ല. യന്ത്രചക്രംപോലെ അതിവേഗത്തിൽ പ്രവർത്തിച്ചുകൊണ്ടുതന്നെ ഇരിക്കും. അയാൾക്കു കണ്ടെത്തുന്ന തത്വങ്ങളെ എഴുതിവെപ്പാൻപോലും അവകാശവും ക്ഷമയും ഇല്ല. അങ്ങിനെയുള്ളവന്നു കവിത്വം എങ്ങിനെ ഉണ്ടാകും?


അതുപോലെതന്നെ ലൌകികവ്യാപാരങ്ങളിൽ പ്രവർത്തിച്ചു ബുദ്ധിമുട്ടുന്ന ജനസമുദായത്തിന്നും സ്വാസ്ഥ്യമുണ്ടാവാനവകാശമില്ല. അവർക്കു കാര്യം നോക്കുവാൻ തന്നെ സമയമില്ലാതെ വരുന്നു. ജോലിത്തിരക്കുള്ളവന്നു മോടിക്കിട കിട്ടുമോ? മോടിയുള്ള സാഹിത്യമാണ് പദ്യകാവ്യം. അതു ജീവിതരണക്കളത്തിൽ ഇറങ്ങിയവർക്കു ഉതകുകയില്ല. ബുക് കീപ്പിങ്ങും, ബാലൻസുഷീറ്റു തയ്യാറാക്കേണ്ട രീതിയും പദ്യത്തിലെഴുതിയാൽ അർത്ഥം മനസ്സിലാക്കാൻ ആയുസ്സു കളയേണ്ടിവരും. മറ്റു പ്രവൃത്തിയില്ലാത്തവർക്കു തൊട്ടതിനെല്ലാം ശ്ലോകവും, ശ്ലോകത്തിന്നൊരു വ്യാഖ്യാനവും, പോരെങ്കിൽ അതിന്നൊരു വ്യാഖ്യാനവും ഉണ്ടാക്കിക്കൊണ്ടിരിക്കാം. സംസ്കൃതസാഹിത്യത്തിലെ ചില ശാസ്ത്രകാരന്മാർപോലും ശ്ലോകവും വ്യാഖ്യാനവും വ്യാഖ്യാനവ്യാഖ്യാനവുമുണ്ടാക്കീട്ടുള്ളതുകണ്ടാൽ അവർ 'സമയം പോകാതെ' ബുദ്ധിമുട്ടിയ കൂട്ടരാണെന്നു തോന്നിപ്പോകും.


ആലോചന അധികമാകുന്തോറും കവിത്വം കുറഞ്ഞുപോകുന്നുവെന്നുള്ളതിലേക്കു പല ലക്ഷ്യങ്ങളുമുണ്ട്. സംസ്കൃതസാഹിത്യത്തിൽനിന്നു മേല്പറഞ്ഞ സംഗതി സ്പഷ്ടമാകുന്നുണ്ടെന്നു തെളിയിപ്പാൻകഴിയും. കേവലസ്തുതിരൂപങ്ങളും പ്രതിദിനസംഭവപ്രതിപാദകങ്ങളുമായ ഭാഗങ്ങളടങ്ങിയ ഋഗ്വേദം ഗാനാനുഗുണമായി പുറപ്പെട്ടിരിക്കുന്നതും, അഗാധമായ ആത്മതത്ത്വത്തെ പ്രതിപാദിക്കുന്ന ഉപനിഷത്തുകൾ ഗദ്യരൂപമായി ഉണ്ടായിരിക്കുന്നതും എന്റെ അഭിപ്രായത്തെ ദൃഢീകരിക്കുന്നതിലേക്കു വേണ്ടുവോളം സഹായിക്കുന്നു. സംസ്കൃതത്തിലുള്ള അധികം ശാസ്ത്രഗ്രന്ഥങ്ങളും ഗദ്യമയമാണെന്നുള്ളതും പ്രകൃതത്തിലേക്കു ചേരുന്ന സംഗതിയാണ്.


അതുകൊണ്ടു ഏതൊരു ഭാഷാസാഹിത്യത്തിൽ പദ്യകാവ്യം പ്രചുരമായിട്ടും ഗദ്യഗ്രന്ഥങ്ങൾ ദുർല്ലഭങ്ങളായും കാണപ്പെടുന്നുവൊ ആ ഭാഷ അതിന്റെ യൌവനാവസ്ഥയെ പ്രാപിച്ചിട്ടില്ലെന്നു വിചാരിപ്പാൻ മതിയായ കാരണമുണ്ടെന്നാണ് എന്റെ അഭിപ്രായം.


താളിളക്കം
!Designed By Praveen Varma MK!