Contacts

കെ. വി. എം.
തന്ത്രയുക്തി

മംഗളോദയത്തില്‍ കൊ.വ. 1094 തുലാം




(4) പദാർത്ഥം:- വിശേഷാർത്ഥവിവക്ഷയോടുകൂടി പ്രയോഗിക്കുന്ന ഒരു സാധാരണപദത്തിന്നുള്ള വിശേഷാർത്ഥമാണു 'പദാർത്ഥം'. ഒരു പദത്തിന്നു പ്രകരണവശാൽ കിട്ടുന്ന അർത്ഥം എന്നു താല്പര്യം. അർത്ഥശാസ്ത്രത്തിൽ 'മൂലഹരൻ' എന്നൊരു പദവും, അതിന്നു 'യാതൊരാൾ അച്ഛനും മുത്തച്ഛനും നേടിവെച്ച സ്വത്തിനെ ധൂർത്തടിച്ചു മുടിച്ചുകളയുന്നുവോ അവൻ മൂലഹരൻ' എന്നർത്ഥവും കൊടുത്തിട്ടാണ് 'പദാർത്ഥ'ത്തെ ഉദാഹരിച്ചിരിക്കുന്നത്. മൂലഹരൻ എന്ന പദത്തിന്നു സ്വതേ ഈ വിശേഷാർത്ഥമില്ല. അതു കിട്ടുന്നതു പ്രകരണവശാലും, ഗ്രന്ഥകാരന്റെ വിവക്ഷയാലും മാത്രമാകുന്നു. മല്ലിനാഥാദികളായ വ്യാഖ്യാതാക്കന്മാർ 'ഇത്യർത്ഥഃ' എന്നു പറഞ്ഞു കാണിക്കുന്ന അർത്ഥങ്ങൾ 'പദാർത്ഥ'ശക്തിയാൽ കിട്ടുന്നവയാകുന്നു.


(5) ഹേത്വർത്ഥം:- ഉദ്ദിഷ്ടാർത്ഥത്തെ സാധിപ്പിക്കുന്നതായ ഹേതുവിന്നു 'ഹേത്വർത്ഥ'മെന്നു പേർ പറയാം. ധർമ്മാർത്ഥകാമങ്ങളുടെ ഉൽക്കർഷാപകർഷങ്ങളെ പറയുന്ന ഘട്ടത്തിൽ 'അർത്ഥ ഏവ പ്രധാനഃ' (അർത്ഥംതന്നെയാണു പ്രധാനം) എന്നു കൌടില്യൻ പറയുന്നു. അപ്പോൾ 'എന്തുകൊണ്ട്' എന്നൊരു ചോദ്യമുണ്ടാവാം. ആ ചോദ്യത്തെ ഉള്ളിൽ വെച്ചുകൊണ്ട് 'അർത്ഥമൂലൌഹി ധർമ്മകാമാവിതി' (ധർമ്മകാമങ്ങളുടെ മൂലം അർത്ഥമാകകൊണ്ട്) എന്നിങ്ങിനെ ഹേതുവിനെ കാണിച്ചിരിക്കുന്നു. ഇങ്ങിനെ, ഒരു പ്രകരണത്തിൽ ഉള്ള ഹേത്വാകാംക്ഷയെ ഉള്ളിൽവെച്ചു താൻതന്നെ പറയുന്നതായ ഹേതുവിനെയാണു 'ഹേത്വർത്ഥം' എന്നു പറയുന്നത്. 'ചാക്യാ'രുടെ മട്ടിൽ ഒട്ടധികം ചോദ്യവും സമാധാനവും ഒരാൾ തന്നെ പറയുന്നതായ തർക്കാദിശാസ്ത്രഗ്രന്ഥങ്ങളിൽ ഹേത്വർത്ഥത്തിന്റെ അപേക്ഷ സുലഭമാകുന്നു.


(6) ഉദ്ദേശം:- ഉദ്ദേശം എന്നാൽ സമാസവാക്യം; ഒരു കാര്യത്തെ ചുരുങ്ങിയ വാക്കുകളെക്കൊണ്ടു പറയുക എന്നർത്ഥം. 'വിദ്യാവിനയഹേതുരിന്ദ്രിയജയഃ' (വിദ്യാവിനയങ്ങളെക്കൊണ്ടുണ്ടാവുന്നതാണ് ഇന്ദ്രിയജയം) എന്നുള്ളത് ഉദ്ദേശമാകുന്നു.


(7) നിർദ്ദേശം:- മേല്പറഞ്ഞതിന്നു വിപരീതം നിർദ്ദേശം; അധികം വാക്കുകളെക്കൊണ്ടു പറയുക എന്നർത്ഥം. 'കർണ്ണത്വഗക്ഷിജിഹ്വാഘ്രാണേന്ദ്രിയാണാം ശബ്ദസ്പർശരൂപരസഗന്ധേഷ്വവിപ്രതിപത്തിരിന്ദ്രിയജയഃ' എന്നുദാഹരണം. ഇന്ദ്രിയജയമെന്നതു വിദ്യാവിനയങ്ങളുടെ കാര്യം (വിദ്യാവിനയങ്ങളാകുന്ന ഹേതുവിനോടുകൂടിയതു) എന്നതിനെത്തന്നെ വിസ്തരിക്കുകയാണ് ഇതിൽ ചെയ്തിട്ടുള്ളത്. വിദ്യാവിനയങ്ങൾ മനുഷ്യന്നുള്ള കാമ-ക്രോധ-ലോഭ-മാന-മദ-ഹർഷങ്ങളെ കളഞ്ഞ് ഇന്ദ്രിയജയത്തെ ഉണ്ടാക്കുന്നു. അതു കർണ്ണം, ത്വക്ക്, അക്ഷി, ജിഹ്വ, ഘ്രാണം എന്ന പഞ്ചേന്ദ്രിയങ്ങൾക്കു മുറയ്ക്കു ശബ്ദം, സ്പർശം, രൂപം, രസം, ഗന്ധം എന്നീ വിഷയങ്ങളിൽ ഭ്രമമില്ലായ്കയാകുന്നു. ആദ്യം പറഞ്ഞതിനെത്തന്നെ ഇതിൽ വിസ്തരിച്ചിരിക്കയാൽ ഇതു 'നിർദ്ദേശം'.


(8) ഉപദേശം:- ഇന്നപ്രകാരം ഇരിക്കണം എന്നുള്ള ഉപദേശം തന്നെ ഉപദേശം. ഉദാഹരണം ആവശ്യമില്ല.


(9) അപദേശം :- പക്ഷാന്തരത്തിന്നു വകയുള്ള ഒരു വിഷയത്തിൽ ഇന്നാൾ ഇന്നപ്രകാരം പറയുന്നു എന്നു കാണിക്കുന്നതാണപദേശം. രാജാവിന്റെ മന്ത്രിസഭയിൽ പന്ത്രണ്ടു മന്ത്രിമാർ ഉണ്ടായിരിക്കണമെന്നു മാനവമതം; പതിനാറെന്നു ബാർഹസ്പത്യമതം; ഇരുപതെന്ന് ഔശനസമതം; കഴിവുപോലെയാവാമെന്നു കൌടില്യമതം. മേൽക്കാണിച്ചത് അപദേശത്തിനുദാഹരണം ഒരേ വിഷയത്തെ സംബന്ധിച്ച വിവിധമത പ്രദർശനമെന്നു താല്പര്യം.


(10) അതിദേശം:- മുമ്പു പറഞ്ഞുപോയ ഒന്നുകൊണ്ടു പിന്നീടു പറയുന്ന ഒന്നിനെക്കൂടി സാധിക്കുന്നത്. 'അപദേശം'. 'ദത്തസ്യാപ്രദാനമൃണാദാനേന വ്യാഖ്യാതം' (കൊടുത്തതു തിരിയെ കൊടുക്കായ്ക എന്ന വിഷയം കടംവാങ്ങുന്നതിനെപ്പറ്റി പറഞ്ഞതിൽ പറഞ്ഞുകഴിഞ്ഞു) എന്നതുദാഹരണം.


(11) പ്രദേശം:- ആദ്യം പറയേണ്ടതായ ഒരു കാര്യം പിന്നീട് പറയാൻ പോകുന്നതുകൊണ്ടു സാധിക്കാമെന്നു പറയുന്നതാണ് പ്രദേശം. 'ഇനി ക്രമപ്രാപ്തമായി ഇന്നകാര്യത്തെയാണു നിരൂപിക്കേണ്ടത്. എന്നാൽ അതു മുകളിൽ ഇന്ന സംഗതിയെ നിരൂപണം ചെയ്യുമ്പോൾ വെളിപ്പെടും' എന്ന മട്ടിലുള്ള പ്രസ്താവനകൾ ഇക്കാലത്തെ ഉപന്യാസങ്ങളിൽ സുലഭമാകയാൽ ഈ വിഷയം സ്പഷ്ടമാകുന്നു. മേൽപ്പറഞ്ഞ അതിദേശവും പ്രദേശവും ഗ്രന്ഥകാരന്മാർ സൌകര്യത്തിന്നുവേണ്ടി സൂചികടാവിന്യായേന ചെയ്യുന്ന ഉപായങ്ങളാകുന്നു.


(12) ഉപമാനം:- ഇത് ഉപമതന്നെ. ദൃഷ്ടമായ ഒന്നിനോടോ, പ്രസിദ്ധമായ ഒന്നിനോടോ ഉപമിച്ച് അദൃഷ്ടമോ അപ്രസിദ്ധമോ ആയ ഒന്നിനെ സാധിക്കുക എന്നതാണ് ഉപമാനത്തിന്നടിസ്ഥാനം. ഉദാഹരണം സ്പഷ്ടം.


(13) അർത്ഥാപത്തി :- പറയാതെതന്നെ കിട്ടുന്ന അർത്ഥമാണ് 'അർത്ഥാപത്തി'. ഉദാഹരണം സുലഭം.


(14) സംശയം :- രണ്ടിടത്തും ഹേതു (ന്യായം) ഉള്ള അർത്ഥം സംശയം. 'ക്ഷീണലുബ്ധപ്രകൃതിമപചരിതപ്രകൃതിംവായായാൽ' എന്നതുദാഹരണം. രാജാവു ശത്രുവിനോടു യുദ്ധത്തിന്നുപോകേണ്ടതു ശത്രുവിന്റെ പ്രജകൾ ക്ഷീണന്മാരായും ലുബ്ധന്മാരായും ഇരിക്കുമ്പോളൊ, ശത്രുവിന്റെ മർദ്ദനനയത്താൽ പ്രജകൾ പീഡയനുഭവിച്ചിരിക്കുമ്പോളോ ആണ് വേണ്ടത് എന്നാണിതിന്റെ സാരം. 'പ്രജകൾ ക്ഷീണന്മാരായും ലുബ്ധന്മാരായും ഇരിക്കുമ്പോൾ കൈക്കൂലി കൊടുത്തോ തെറ്റിദ്ധരിപ്പിച്ചോ അവരെ വശീകരിക്കുവാൻ എളുപ്പമുണ്ട്. അപ്പോൾ ശത്രുവിനെ എളുപ്പത്തിൽ ജയിക്കാം' എന്ന് ആദ്യം പറഞ്ഞതിന്നു ഹേതു. രാജാവിന്റെ ഉപദ്രവം സഹിക്കുന്ന പ്രജകളെ എളുപ്പത്തിൽ വശീകരിക്കാമെന്നു രണ്ടാമത്തതിന്നു ഹേതു. ഇങ്ങിനെ രണ്ടിടത്തും ഹേതുവുള്ളതായ അർത്ഥത്തെ 'സംശയം' എന്നു പറയുന്നു.


(15) പ്രസംഗം:- മുമ്പു പറഞ്ഞതുപോലെ എന്നു പറയാറുള്ളതാണ് പ്രസംഗം. ഒരു വാക്യത്തിൽ പറഞ്ഞുവെച്ചു ഒരു സംഗതി പിന്നീടുള്ള വാക്യങ്ങളിലും ഉപയോഗിക്കേണ്ടിവരുമ്പോൾ 'പ്രസംഗ'ത്തിന്റെ ആവശ്യം നേരിടുന്നു. ഉദാഹരണം ഊഹ്യം. ഈ പ്രസംഗത്തെ അനുഷംഗമെന്നും പറയാം.


(16) വിപര്യയം :- പ്രതിലോമമായി അർത്ഥം സാധിക്കുന്നതു വിപര്യയം. ഇതു സൌകര്യത്തിനുവേണ്ടി ഗ്രന്ഥകാരന്മാർ ധാരാളം ഉപയോഗിക്കാറുണ്ട്. അഷ്ടാംഗഹൃദയം മുതലായവയിൽ സുലഭം. 'വിപരീതേവിപര്യയഃ' ഇത്യാദി നോക്കുക.


(17) വാക്യശേഷം:- ഒരു വാക്യത്തിൽ കണ്ഠതഃ പറയാത്തതായ ഒരു വാക്കുകൂടി ഉണ്ടായാലേ വാക്യം അവസാനിക്കുകയുള്ളൂ എന്നിരിക്കട്ടെ. അങ്ങിനെ ആവശ്യമായിട്ടുള്ള പദത്തെ സ്വയമേവ നാം ഉണ്ടാക്കിക്കൊള്ളണം. ആയതിന്നു വാക്യശേഷം എന്നു പേർ പറയുന്നു. ഇതു സാധാരണ സാഹിത്യത്തിൽ പ്രസിദ്ധമാകുന്നു.

(18) അനുമതം:- അന്യന്റെ വാക്യം അഥവാ മതം അപ്രതിഷിദ്ധമായാൽ അത് അനുമതമാകുന്നു. 'പക്ഷാവുരസ്യം പ്രതിഗ്രഹ ഇത്യൗശനസോ വ്യൂഹവിഭാഗഃ' (സൈന്യവ്യൂഹത്തെ പക്ഷം, ഉരസ്യം, പ്രതിഗ്രഹം എന്നിങ്ങിനെ ഉശനസ്സു = ശുക്രൻ വിഭജിച്ചിരിക്കുന്നു) എന്നു കൌടില്യൻ പറഞ്ഞിരിക്കുന്നു. ഇതിൽ ഉശനസ്സിന്റെ വിഭജനം തനിക്കു സമ്മതമല്ലെന്നു പറഞ്ഞിട്ടില്ലായ്കയാൽ ഇതു കൌടില്യന്ന് അനുമതമാകുന്നു എന്നറിയണം. അന്യന്റെ അഭിപ്രായത്തെ പറയുന്നതു ഖണ്ഡിക്കുന്നതിന്നുവേണ്ടിയോ സ്വീകരിക്കുന്നതിന്നുവേണ്ടിയോ ആവാം. രണ്ടാമതു പറഞ്ഞതിന്നാണെങ്കിൽ അതിനെ 'അനുമതരീത്യാ' പറയുന്നതു പതിവാകുന്നു.


(19) വ്യാഖ്യാനം:- പ്രകൃതത്തിൽ ആവശ്യമില്ലാത്തവിധം അത്ര പരത്തി ഒരു കാര്യം പറയുന്നതു വ്യാഖ്യാനം. ഇതു പ്രായേണ ആ വിഷയത്തിലേയ്ക്കു വായനക്കാരെ സവിശേഷം ആകർഷിക്കുന്നതിന്നുവേണ്ടി ചെയ്യുന്നതാണ്.


(20) നിർവ്വചനം:- ഒരു ഗ്രന്ഥകാരന്നു വ്യാഖ്യാതാവിന്റെ ഭാരമില്ല. ഗ്രന്ഥകാരൻ ഉപയോഗിക്കുന്ന പദങ്ങൾക്ക് അർത്ഥം പറയേണ്ടതു വ്യാഖ്യാതാവാണ്; ഗ്രന്ഥകാരനല്ല. എന്നാൽ ചില പ്രത്യേക സന്ദർഭങ്ങളിൽ ഗ്രന്ഥകാരൻ തന്നെ താനുപയോഗിക്കുന്ന പദങ്ങളെ വ്യാഖ്യാനിക്കാറുണ്ട്. ഒരു പദം പറഞ്ഞാൽ അതിന്റെ വ്യുൽപത്തി കാണിച്ച് അർത്ഥംകൂടി ഗ്രന്ഥകാരൻ പറഞ്ഞേയ്ക്കും. അങ്ങിനെ പറയുന്നതിന്നു 'നിദർശനം' എന്നു പേർ പറയുന്നു. ഉദാ:-


'നക്ഷത്രാണാം നൃപാണാഞ്ചരാജ്ഞോഭൂദ്യയംപുരാ
യശ്ചരാജാചയക്ഷ്മാച രാജയക്ഷ്മാതതോമതഃ'
(അഷ്ടാംഗഹൃദയം)


രാജയക്ഷ്മാ= ക്ഷയരോഗം. രാജാവിന്റെ രോഗം (രാജാവിന്നുണ്ടായ രോഗം) എന്നും, രാജാവായ രോഗം (രോഗങ്ങളിൽ രാജാവ്) എന്നും രണ്ടുപ്രകാരത്തിൽ അർത്ഥനിർവ്വചനം ചെയ്തിരിക്കുന്നു. അതിനാൽ ഇതു നിർവ്വചനോദാഹരണമാകുന്നു. ഗ്രന്ഥകാരന്മാർ ഇങ്ങിനെ 'നിർവ്വചനം' ചെയ്യുന്നത് ഏതെങ്കിലും ചില പ്രത്യേകോദ്ദേശങ്ങൾകൊണ്ടായിരിക്കും. പ്രകൃതത്തിൽ ക്ഷയരോഗത്തിന്റെ ഭയങ്കരത്വം കാണിക്കുവാൻ വേണ്ടിയാണു ഗ്രന്ഥകാരൻ ഇങ്ങിനെ ചെയ്തിട്ടുള്ളത്.


(21) നിദർശനം :- ദൃഷ്ടാന്തത്തോടുകൂടി പറയുന്ന ദൃഷ്ടാന്തം 'നിദർശനം'. ഒരു സംഗതിയെ സാധിപ്പാനായി പറയുന്നതാണല്ലൊ ദൃഷ്ടാന്തം. അതിനെ സാധിപ്പാനായിട്ടുകൂടി ഒരു ദൃഷ്ടാന്തം പറഞ്ഞാൽ നിദർശനമായി. 'അധികം ബലമുള്ള ശത്രുവിനോടു രാജാവ് യുദ്ധം ചെയ്യരുത് എന്നു പറയുന്ന കൌടില്യൻ അങ്ങിനെ ചെയ്താൽ ആനയോടു കാൽയുദ്ധം ചെയ്യുന്നപോലെ'[1] ആപത്തിൽപെട്ടു നശിച്ചുപോകും എന്നു പറഞ്ഞിരിക്കുന്നു. 'ബലവാനോടെതിരിട്ടാൽ ആപത്തു വരുമല്ലൊ.' എന്നു പറഞ്ഞാൽത്തന്നെ ദൃഷ്ടാന്തമായി. അതിന്നും ദൃഷ്ടാന്തമായി 'ആനയോടു കാൽയുദ്ധം ചെയ്യുന്ന പോലെ' എന്നതുകൂടി പറഞ്ഞിരിക്കയാൽ ഇതു നിദർശനമാകുന്നു.


[(22) അപവർഗ്ഗം, (23) സ്വസംജ്ഞ എന്നിവ അർത്ഥശാസ്ത്രത്തിലെ ചില വിഷയങ്ങൾ പറഞ്ഞതിന്നുമേലല്ലെങ്കിൽ വളരെ വിസ്തരിക്കേണ്ടിവരുന്നതുകൊണ്ട് അവയെ ഇനിയൊരിക്കൽ വിവരിക്കാമെന്നു വെയ്ക്കുന്നു.]


(24) പൂർവ്വപക്ഷം (25) ഉത്തരപക്ഷം = സിദ്ധാന്തം. (26) ഏകാന്തം എന്നിവ സുപ്രസിദ്ധമായിട്ടുള്ളവതന്നെയാകയാൽ ഉദാഹരണം ആവശ്യമില്ല.


(27) അനാഗതാവേക്ഷണം :- ക്രമപ്രാപ്തമായ ഒരു വിഷയത്തെ പിന്നീടൊരുദിക്കിൽ പറയുന്നുണ്ടെന്നു കാണിക്കുന്നത് അനാഗതാവേക്ഷണവും (28) മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ടെന്നു കാണിക്കുന്നത് അതിക്രാന്താവേക്ഷണവും ആകുന്നു. ഇവയ്ക്കു മുമ്പറഞ്ഞ പ്രദേശം, അതിദേശം എന്നിവയെക്കാൾ വളരെയധികം വ്യത്യാസമില്ല. 'പ്രദേശം', 'അതിദേശം' എന്നിവ മുറയ്ക്കു പറയാനിരിക്കുന്നതും പറഞ്ഞുകഴിഞ്ഞതും ആയ ഒരു സംഗതികൊണ്ടു മറ്റൊന്നിനെ സാധിക്കുകയാകുന്നു. അനാഗതാവേക്ഷണവും, അതിക്രാന്താവേക്ഷണവും അങ്ങിനെയല്ല. കണ്ഠതഃ പറയുക തന്നെയാണ്.


(29) നിയോഗം :- 'ഇന്നപ്രകാരമേ ചെയ്യാവൂ, മറ്റൊരു പ്രകാരം ചെയ്യരുത്' എന്നു വിധിക്കുന്നതു നിയോഗം. വിധിനിഷേധഭാഗങ്ങൾ രണ്ടുംകൂടിയ ഒരു വിധി എന്നു താല്പര്യം. 'ഇന്ത്യയിൽ പരുത്തി കൃഷിചെയ്യണം; പരുത്തിയേ കൃഷി ചെയ്യാവൂ; പരുത്തിയല്ലാതെ ഒന്നും കൃഷി ചെയ്യരുത്' എന്നുദാഹരണം.


(30) സമാനങ്ങളായ രണ്ടു വസ്തുക്കളെ കാണിച്ച് അവ രണ്ടാലൊന്ന് എന്നു പറയുന്നതു വികല്പവും, (31) സമാനങ്ങളായ അധിക വസ്തുക്കളെ ചേർത്തു പറയുന്നതു സമുച്ചയവും ആകുന്നു. ഇവ ഭാഷയിൽ സാധാരണങ്ങളാകയാൽ വിസ്തരിക്കുന്നില്ല. (32) ഇന്ന പ്രകാരമെന്നു പ്രത്യേകം എടുത്തു പറയാതെ ഊഹിപ്പാൻ വിടുന്നത് 'ഊഹ്യ'വും ആകുന്നു.


മേല്പറഞ്ഞവയെയാണു കൌടില്യൻ 'തന്ത്രയുക്തികൾ' എന്നു പറഞ്ഞിട്ടുള്ളത്. ഇവയെല്ലാം അദ്ദേഹത്തിന്റെ അർത്ഥശാസ്ത്രം പഠിക്കുന്നവർ അറിഞ്ഞിരിക്കേണ്ടതത്യാവശ്യമാണ്. ഇവയിൽ പലതും മറ്റു ശാസ്ത്രങ്ങളിലും ഉപയോഗപ്പെടുന്നതാണെന്ന് ആദ്യമേ പറഞ്ഞിട്ടുണ്ടല്ലൊ. ഒരു 'നിഘണ്ഡു' എന്ന നിലയിൽ ഇവ വായനക്കാർക്കുപകരിക്കുമെങ്കിൽ ഞാൻ കൃതാർത്ഥനായി.