Contacts

ആലത്തൂർ അനുജൻ നമ്പൂതിരിപ്പാട്
രസനിരൂപണം

മംഗളോദയത്തില്‍ കൊ.വ. 1094 ചിങ്ങം
എന്നാണ് നിശ്ചയം. ആലംബനം, ഉദ്ദീപനം, ഇങ്ങിനെ കാരണങ്ങൾ രണ്ടുവിധം. അവിച്ഛിന്നപ്രവാഹരൂപമായ രത്യാദിചിത്തവൃത്തിവിശേഷം യാതൊരു വ്യക്തിയെ ആലംബിച്ചു (ആശ്രയിച്ച്) ഉത്ഭവിയ്ക്കുന്നുവോ അത് (ആവ്യക്തി) ആലംബനം. ഇങ്ങിനെ ഉത്ഭവിച്ചതിനുശേഷം ഏതേതു വസ്തുക്കൾ ആ ചിത്തവൃത്തിയെ ഉദ്ദീപിപ്പിയ്ക്കുന്നുവോ അതുകൾ ഉദ്ദീപനങ്ങൾ. കാമിന്യാദികൾ ആലംബനങ്ങളും ചന്ദ്രോദയാദികൾ ഉദ്ദീപനങ്ങളുമാണെന്നു ചുരുക്കം. രത്യാദികളുടെ ആവിർഭാവത്തിന്നു ശേഷം കായികമായോ, വാചികമായോ, മാനസികമായോ ഉണ്ടാവുന്ന ചേഷ്ടാവിശേഷങ്ങളാണ് ഇവിടെ "കാര്യങ്ങൾ" എന്നു വ്യവഹരിയ്ക്കപ്പെടുന്നത്. രത്യാദികളാൽ ഉല്ലേഖനംചെയ്യപ്പെടുന്ന കാര്യങ്ങളുടെ ഝടിതിപ്രതീതിയ്ക്കു സഹായികളായി നില്ക്കുന്ന നിർവ്വേദാദികൾതന്നെ സഹകാരികൾ. ഇപ്പറഞ്ഞ കാരണകാര്യസഹകാരികളെ ക്രമേണ വിഭാവം, അനുഭാവം, വ്യഭിചാരി (സഞ്ചാരി) എന്നിങ്ങനെ നിർദ്ദേശിച്ചുവരുന്നു. വാസനാരൂപേണ ലയിച്ചു കിടക്കുന്ന രത്യാദിചിത്തവൃത്തികളെ വിഭാവനം ചെയ്യുന്നത് (ആസ്വാദയോഗ്യമാക്കിത്തീർക്കുന്നത്) വിഭാവം. അതുകളെത്തന്നെ അനുഭവവിഷയമാക്കിത്തീർക്കുന്നത് അനുഭാവം. രത്യാദികളെ വിശേഷിച്ചും സഞ്ചരിപ്പിക്കുന്നത് വ്യഭിചാരി - എന്നിങ്ങനെ ഇവയുടെ പേരിന്നു പറ്റുന്നതായ അർത്ഥവും നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്.


ഉൽബുദ്ധംകാരണൈഃസ്വൈഃസ്വൈര്‍ബ്ബഹിർഭാവം പ്രകാശയൻ
ലോകേഹികാര്യരൂപസ്സോനുഭാവഃകാവ്യനാട്യയൊഃ
വിശേഷാദിഭിമുഖ്യേനചരന്തോവ്യഭിചാരിണഃ
സ്ഥായിന്യുന്മഗ്നനിർമ്മഗ്നാഃകല്ലോലാഇവവാരിധൗെ
യേതുപകർത്തുമായാന്തിസ്ഥായിനംരസമുത്തമം
ഉപകൃത്യതുഗച്ഛന്തിതേമതാവ്യഭിചാരിണഃ


എന്നുള്ള പ്രമാണവചനങ്ങൾ മുൻപറഞ്ഞ തീരുമാനങ്ങൾക്കു സാക്ഷികളാണ്. വനിതാദികളെ ആലംബിച്ചു ജാതമായി, പവനോദ്യാനാദികളാൽ ഉദ്ദീപ്തമായി, നിർവ്വേദാദികളാൽ ഝടിതിസ്ഫുടീകൃതമാകുന്ന രത്യാദിചിത്തവൃത്തിവിശേഷമാണ് രസം എന്നുള്ളത് ഇപ്പോൾ സ്പഷ്ടമായല്ലൊ. ചില ഉദാഹരണങ്ങളെക്കൂടി ചൂണ്ടിക്കാണിയ്ക്കാം.


"ചേണമ്പുംകാന്തികാന്തേ!കടുകിനുകുറയാനില്ലജാക്കറ്റിതെന്തി -
ന്നാണയ്യോവെച്ചുകെട്ടിക്കൃശതനു!വിഷമിയ്ക്കുന്നുഞാനൂരിവയ്ക്കാം.
പ്രാണപ്രേയാനിവണ്ണംപരിചിനൊടരുളിത്തൂശിതപ്പുന്നനേരം
നാണത്താലൊന്നൊതുങ്ങിക്കിളിമൊഴികുളിർമൈക്കൊണ്ടുതെല്ലൊന്നടുത്താൾ."


മുഗ്ദ്ധയായ നായികയെ സമാശ്ലേഷംചെയ്യുന്നതിന്നു ഉത്സുകനായ നായകന്റെ പ്രവൃത്തിയും നായികയുടെ അപ്പോഴത്തെ നിലയുമാണ് കവി ഇവിടെ വർണ്ണിച്ചിരിക്കുന്നത്. നായികാനായകന്മാർ രണ്ടുപേരിലുമുള്ള രതിയെ പോഷിപ്പിയ്ക്കുന്ന സംഗതികളടങ്ങിയ ഒരു കാവ്യമാണ് ഈ പദ്യം. നായികാനിഷ്ഠയായ രതിയ്ക്കു നായകൻ ആലംബനവും അയാളുടെ സരസോക്തിയും സൂചീഗ്രഹണവും ഉദ്ദീപനങ്ങളും രോമാഞ്ചം മുതലായവ അനുഭാവങ്ങളും ലജ്ജ വ്യഭിചാരിയുമാണ്. നായകനിഷ്ഠയായ രതിയ്ക്ക് നായിക ആലംബനവും അവളുടെ ശോഭാവിശേഷം ഉദ്ദീപനവും സരസോക്തിയും സൂചീഗ്രഹണവും അനുഭാവങ്ങളും അതുകളാൽ പ്രതീയമാനമായ ഔത്സുക്യം വ്യഭിചാരിയുമാകുന്നു. ഇപ്രകാരം ഇവരിലുള്ള രതി ഏതാദൃശങ്ങളായ കാര്യങ്ങളെ വഴിപോലെ അറിയുന്ന സഹൃദയന്മാരുടെ ഹൃദയങ്ങളിൽ പ്രകാശിയ്ക്കുമ്പോൾ ശൃംഗാരരസാസ്വാദകമാകുന്ന പരമാനന്ദം അവരനുഭവിയ്ക്കുന്നു. നായകനോ നായികയോ ഒരു വ്യക്തിമാത്രം ആലംബനമായി ഉണ്ടാകുന്ന രതിയും രസം തന്നെയാണ്.


പോവാനിത്രതിടുക്കമെന്തുപറയൂഞാനീയിടത്തുന്നിയോ -
രീവാച്ചിന്നുറകണ്ടുവോപുതിയതാണീരീതിയെന്നിങ്ങിനെ
ആവാമാക്ഷിയടുത്തണഞ്ഞതുടനേകയ്യിൽകൊടുത്തന്നുതൻ
ജീവാധാരകളേബരംകിടുകിടുത്തപ്പോൾകുനിച്ചാൾമുഖം


കണ്ടാദ്യംനോക്കിനിന്നെങ്കിലുമരികിലണഞ്ഞീടുവാൻമാർഗ്ഗമോർത്തും -
കൊണ്ടാണപ്പോളിരിപ്പെങ്കിലുമതുവിജനസ്ഥാനമാണെങ്കിലുംതാൻ
ഉണ്ടായിട്ടില്ലമുമ്പീയൊരുനിലയതിനാൽനെഞ്ചിടിപ്പിൽതുളുമ്പും
തണ്ടാരമ്പത്തിടമ്പിൻതടമുലതരുണൻചേർത്തുഗാഢംപുണർന്നാൻ


ഇതിൽ പ്രഥമപദ്യത്തിൽ നായിക ആലംബനവും അനുകൂലഭാഷണവും മറ്റും ഉദ്ദീപനങ്ങളും കിടുകിടുപ്പു അനുഭാവവും പ്രതീയമാനമായ ഹർഷം വ്യഭിചാരിയും, ദ്വിതീയപദ്യത്തിൽ നായകൻ ആലംബനവും വിജനസ്ഥലം ഉദ്ദീപനവും നെഞ്ചിടിപ്പ് അനുഭാവവും പ്രതീയമാനമായ ആവേശം വ്യഭിചാരിയും ആകുന്നു. ഇപ്പറഞ്ഞ വിഭാവാദികൾ ദണ്ഡചക്രന്യായേനയാണ് രസങ്ങളെക്കുറിച്ച് കാരണങ്ങളായിത്തീരുന്നത്. അല്ലാതെ തൃണാരണിമണിന്യായേനയല്ല. ഈ സംഗതിയെ ഒന്നുകൂടി വിശദപ്പെടുത്താം. കുലാലന്റെ ചക്രവും കോലും ഘടോല്പത്തിക്കു കാരണങ്ങളാണ്. എന്നാൽ അവയ്ക്ക് അന്യോന്യാശ്രയത്വമുണ്ട്. ചക്രത്തിന്നോ കോലിന്നോ ഒറ്റയ്ക്കു ഒരു ഘടത്തെ ജനിപ്പിയ്ക്കുവാൻ ശക്തിയില്ല. കരിങ്കല്ലു, മുള, സൂര്യകാന്തം ഇവയോ തിയ്യിനെക്കുറിച്ചു പ്രത്യേകം പ്രത്യേകം കാരണങ്ങളാണ്. ഒന്നിന് മറ്റൊന്നിനെ ആശ്രയിക്കേണ്ട എന്നു താല്പര്യം. ഇതുപോലെ രസത്തിനു വിഭാവാദികൾ ഓരോന്നും പ്രത്യേകകാരണങ്ങളല്ല. ഇന്നിന്ന രസങ്ങൾക്കു വിഭാവാദികൾ ഇന്നിന്നവയെന്നു നിയമമില്ല. ഒരു വ്യാഘ്രത്തെ കാണുമ്പോൾ ഭീരുക്കൾക്കു ഭയവും വീരന്മാർക്കുത്സാഹവും അതിനെ മുമ്പു കാണാത്തവർക്കു വിസ്മയവും അതു വല്ലവരേയും ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ അവരുടെ ബന്ധുക്കൾക്ക് ക്രോധവും ഉണ്ടാകുന്നത് സാധാരണയാണ്. അപ്പോൾ ഭയാനകത്തിന്നെന്നപോലെ വീര്യത്തിന്നും, അത്ഭുതത്തിന്നും രൗദ്രത്തിന്നും വ്യാഘ്രം ആലംബനവിഭാവമായിത്തീരും. ഇപ്രകാരം തന്നെ വിപ്രലംഭശൃംഗാരത്തിന്നും, കരുണത്തിന്നും, ഭയാനകത്തിന്നും ചിന്താദികൾ വ്യഭിചാരികളുമാകുന്നു. ഇതുകൾ ഒന്നുകൊണ്ടുതന്നെ രസപ്രതീതിയുണ്ടാവുന്നതല്ല. വ്യാഘ്രം ആലംബനമായും, അശ്രുപാതം അനുഭാവമായും, ചിന്ത വ്യഭിചാരിയായും, ഭയം സ്ഥായിയായും ഉണ്ടാകുന്ന ചിത്തവൃത്തിവിശേഷമേ ഭയാനകമാകയുള്ളൂ. ഈ അഭിപ്രായത്തെ ഉള്ളിൽ വെച്ചുകൊണ്ടാണ് 'വ്യക്തസ്സതൈർവ്വിഭാവാദ്യൈഃ' എന്നു ബഹുവചനം പ്രയോഗിച്ചിരിക്കുന്നത്.


വാസ്തവം ഇപ്രകാരമാണെങ്കിലും ചിലേടങ്ങളിൽ വിഭാവാദികളെല്ലാം വർണ്ണിയ്ക്കപ്പെട്ടിട്ടില്ലെങ്കിൽത്തന്നെ രസപ്രതീതിയ്ക്കു യാതൊരു ഹാനിയും ഉണ്ടാകുന്നതല്ല. ഏതെങ്കിലും ചിലതുണ്ടെങ്കിൽ അതുകൾക്ക് അനുരൂപമായി ഇതരസംഗതികളെ അതാതു പ്രകൃതങ്ങളിൽ ആരോപിച്ചു രസസാക്ഷാൽക്കാരം സാധിയ്ക്കാവുന്നതാണ്.


സത്ഭാവശ്ചേദ്വിഭാവാദേർദ്വയോരേകസ്യവാഭവേൽ
ഝടിത്യന്യതമാക്ഷേപേതദാദോഷോനവിദ്യതേ.


എന്നും വിധിച്ചിട്ടുണ്ട്. അതായത് ചില ചില രസങ്ങൾക്കു വിഭാവാദികൾ ഇന്നിന്നവയാണെന്നു നിയമമുണ്ട്. അങ്ങിനെവരുന്നഘട്ടങ്ങളിൽ ഏതെങ്കിലും ഒരു സംഗതി വർണ്ണിയ്ക്കപ്പെട്ടാൽ തന്നെ പ്രകരണബലംകൊണ്ട് ഇതരസംഗതികളെ ആരോപിയ്ക്കുവാൻ കഴിയും. അവിടെ ചില സംഗതികളെ മാത്രം പ്രദർശിപ്പിച്ചാലും ശേഷപൂരണംചെയ്തു സഹൃദയന്മാർ രസമനുഭവിച്ചുകൊള്ളും. അതിന്നു ചമല്ക്കാരവുമുണ്ട്.


നീരുണ്ടീടിനനീരദങ്ങൾഗഗനംമൂടിക്കഴിഞ്ഞൂ,മദം -
ചേരുംവണ്ടുകളുംമുരണ്ടിതപറന്നീടുന്നുപാരൊക്കെയും,
ചാരുശ്രീയെഴുമങ്കുരാവലികരിങ്കല്ലുംപിളർക്കുന്നിതാ
ഹേരുഷ്ടേ!കഴൽകുമ്പിടുംപ്രിയതമൻതന്നിൽപ്രസാദിക്കനീ


കുളിയൊരുദിനമില്ലാതൂശിയുംനൂലുമിപ്പോൾ
കിളിമൊഴിതൊടുകില്ലാപുസ്തകംപൂട്ടിവച്ചു
നളിനമിഴിചടച്ചൂനൽക്കപോലത്തിലാർന്നോ-
രൊളി,ശിവ!പരമാനക്കൊമ്പുപോലെ വിളർത്തു.


ആരാലെത്തുന്നതുണ്ടോപ്രിയതമനലിവാർന്നെന്നുമുമ്പോ,ട്ടിതെല്ലാ-
മാരാനുംകാണുമോയെന്നുടനടിതിരിയേ,പിന്നെമുമ്പോട്ടുതന്നെ
നേരായെന്തേവരായ്‍വാനരികിലിനിയുമെന്നൊന്നുമേല്പോട്ടിതേമ-
ട്ടാരാമംമുറ്റുമപ്പെൺകൊടിയുടെനയനംപമ്പരംപാഞ്ഞുരണ്ടും


ഇത്യാദി പദ്യങ്ങളിൽ ആദ്യത്തേതിൽ വിഭാവവും (മേഘദർശനം, ഭൃംഗാരാവശ്രവണം, അങ്കുരാവലോകനം മുതലായവ ഉദ്ദീപന വിഭാവങ്ങളും ആലംബനവിഭാവവും) രണ്ടാമത്തേതിൽ അനാസ്ഥ, കാര്‍ശ്യം, പാണ്ഡുത മുതലായ അനുഭാവങ്ങളും മൂന്നാമത്തേതിൽ ഔത്സുക്യം, ശങ്ക, ചിന്ത മുതലായ വ്യഭിചാരികളും മാത്രമേ വർണ്ണിക്കപ്പെട്ടിട്ടുള്ളൂ. അപ്പോൾ ആദ്യത്തേതിൽ അനുഭാവവും വ്യഭിചാരിയും, രണ്ടാമത്തേതിൽ വിഭാവവും വ്യഭിചാരിയും, മൂന്നാമത്തേതിൽ വിഭാവവും അനുഭാവവും ആരോപിയ്ക്കപ്പെടേണ്ടിവരും. അങ്ങിനെ ചെയ്യുന്നതുകൊണ്ടു രസത്തിനു ന്യൂനതയില്ലതാനും. സിദ്ധങ്ങളോ ആരോപിതങ്ങളോ ആയിട്ടുള്ള വിഭാവാദികളെക്കൊണ്ടാണ് രസസാക്ഷാൽക്കാരം സിദ്ധിയ്ക്കുന്നത്.

താളിളക്കം
!Designed By Praveen Varma MK!