Contacts

കേരളവര്‍മ്മവലിയകോയിത്തമ്പുരാന്‍
ഭാഷാശാകുന്തളം

മംഗളോദയത്തിന്‍ വന്നത്

എന്നാൽ ഇത്ര പ്രഖ്യാതനായ ഒരു മഹാകവിയുടെ ചരിത്രത്തെക്കുറിച്ച് നമുക്ക് ഒരു പ്രാമാണികമായ ഒരറിവും ഇല്ലാത്തത് എത്ര ശോചനീയമായ ഒരു സംഗതി ആകുന്നു. അദ്ദേഹത്തിന്റെ സമാനകാലീനന്മാരായ വിദ്വാന്മാരിൽ ഒരാൾക്ക് ബാസ്വലിനു ജാൺസന്റെ ചരിത്രം എഴുതണമെന്നു തോന്നിയതുപോലെ കാളിദാസന്റെ ഒരു ചരിത്രവും എഴുതണമെന്നു തോന്നുകയും ബാസ്വൽ ജാൺസനെ നമുക്കു എങ്ങിനെ പ്രത്യക്ഷീകരിച്ചു തന്നിരിക്കുന്നോ അതുപോലെ കാളിദാസനെക്കുറിച്ചുള്ള സകല വിവരങ്ങളേയും സവിസ്തരമായി അയാൾ എഴുതി നമ്മെ അറിയിക്കയും ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു. കാളിദാസ മഹാകവി ഏതു ദിക്കിൽ ജനിച്ചു എന്നും, അദ്ദേഹത്തന്റെ മാതാപിതാക്കന്മാര്‍ ഏതു സ്ഥിതിയിൽ ഇരുന്നു എന്നും, അദ്ദേഹത്തിന്റെ വിദ്യാഭ്യാസം എങ്ങിനെയെല്ലാമായിരുന്നു എന്നും, അദ്ദേഹം കാലക്ഷേപം ചെയ്തു വന്നത് ഏതു വിധത്തിലായിരുന്നു എന്നും, അദ്ദേഹത്തിന് ആരോടെല്ലാം സഹവാസമുണ്ടായിരുന്നു എന്നും മറ്റും വാസ്തവമായി വിവരണം ചെയ്യുന്ന ഒരു ഗ്രന്ഥമുണ്ടായിരുന്നെങ്കിൽ അതിനെ സകല വിദ്വാന്മാരും എത്ര ഉത്സാഹത്തോടു കൂടി വായിക്കുമായിരുന്നു. എന്നാൽ ഇപ്രകാരം ഇംഗ്ലീഷ് സമ്പ്രദായത്തിൽ എഴുതപ്പെട്ട ചരിത്രം ഇല്ലെങ്കിലും കാളിദാസനെക്കുറിച്ച് ഈഷൽഭേദങ്ങളോടുകൂടിയ അനേകവിധങ്ങളായ ഐതിഹ്യങ്ങൾ ഉണ്ട്. അവയുടെ പ്രാമാണ്യത്തെക്കുറിച്ച് സന്ദേഹിക്കേണ്ടിയിരിയ്ക്കുന്നു. എങ്കിലും അവയിൽ നിന്നു ചില സംഗതികളെ ഇവിടെ സംക്ഷേപമായി പ്രസ്താവിക്കാം.

ഒരു വിദുഷിയായ കന്യ തന്നെ വിവാഹം ചെയ്യുന്നതിനായി പിതാവിനാൽ ക്ഷണിച്ചു വരുത്തപ്പെട്ട സകലവിദ്വാന്മാരേയും വാദത്തിൽ തോല്പിച്ചതിനാൽ ലജ്ജിതന്മാരായി പിന്നീട് ആരും വരാത്തതിന്റെ ശേഷം പിതാവ് ഇനി വാദപരീക്ഷ കൂടാതെതന്നെ യോഗ്യന്മാർക്കാർക്കെങ്കിലും പുത്രിയെ കൊടുക്കണമെന്നു നിശ്ചയിച്ചു പിന്നേയും ആളയച്ചു. എന്നാൽ യോഗ്യന്മാര്‍ ഒരുത്തരും പൂർവപരിഭവം നിമിത്തം ചെല്ലാതിരുന്നതിനാൽ ദൂതന്മാർ വിഷമിച്ച് ഇനി ഒരു മൂഢനെത്തന്നെ കൊണ്ടുപോകണമെന് വെച്ചു നോക്കി നടക്കുമ്പോൾ ഒരു സുഭഗഗാകൃതിയായ ഉഷ്ട്രപാലൻ (അജപാലൻ എന്നും കേൾവിയുണ്ട്). തന്റെ ഒട്ടകത്തിന്റെ തീറ്റയ്ക്കായി വൃക്ഷത്തിൽ കയറി താൻ നിന്നിരുന്ന ശാഖയുടെ മൂലത്തെത്തന്നെ വെട്ടുന്നതു കണ്ട് അവനെ മൂഢനെന്നു നിശ്ചയിച്ച് നല്ല വസ്ത്രവും ധരിപ്പിച്ചു ഒന്നും സംസാരിക്കരുതെന്നും പറഞ്ഞുറപ്പിച്ചു കൂട്ടിച്ചു കൊണ്ടുപോയി. വിവാഹ മണ്ഡപത്തിന്റെ മുമ്പിൽ കെട്ടിയിരുന്ന തിരശ്ശീലയിൽ രാവണന്റെ ചിത്രത്തെ കണ്ട് ആ മൂഢൻ 'അഭ്ഭഭ്ഭണ രാഭണാ' എന്നു പറഞ്ഞപ്പോൾ അപശബ്ദമെന്ന് ആ സ്ത്രീ ആക്ഷേപിക്കയും അവളോടു മത്സരികളായ ചില വിദ്വാന്മാർ,

'കുംഭകര്‍ണ്ണേ ഭകാരോസ്തി ഭകാരോസ്തി വിഭീഷണേ
രാക്ഷയാനാം കുലശ്രേഷ്ഠോ രാഭണോ നൈവഃരാവണഃ'

എന്നു സമാധാനം പറഞ്ഞ് അതിനു സാധുത്വം സാധിയ്ക്കയും ചെയ്തു.

വിവാഹാനനന്തരം ശയനഗൃഹത്തിൽ ചെന്നു 'മന്മഥകഥാഗന്ധം ഗ്രഹിച്ചിട്ടില്ലാത്ത' ആ വിരസൻ മൃഷ്ടാശനജന്യമായ സൗെഹിത്യംകൊണ്ടു് ഉടനെ ഗാഢനിദ്രയെ പ്രാപിച്ച് സ്വപ്നത്തിൽ 'ഉഷ്ടാ ഉഷ്ടാ! ഉട്രാ ഉട്രാ!' എന്നിങ്ങനെ ബഹുശഃ വിളിച്ചു പറയുന്നതു കേട്ടിട്ടു സമീപത്തിരുന്ന വിദുഷിയായ വധു അന്ധാളിച്ചപ്പോൾ ചില വിദ്വാന്മാർ അവന്റെ പരമാർത്ഥത്തെ അവളോടു പറഞ്ഞു. ഈ പ്രകൃതത്തിൽ ചേർന്നു്

'ഉഷ്ട്രേലുമ്പതിഷംവാരംവാ
തസ്മൈദത്താവിപുലനിതംബാ'

എന്ന ശ്ലോകം കേട്ടിട്ടുണ്ട്. (ഭാര്യ താംബൂലദാനം ചെയ്തപ്പോൾ സ്വാപോന്‍മുഖനായനായ ആ അജപാലൻ തന്റെ മുഖത്തിൽ ആടുകൾ വിഷ്ഠാവിസർജ്ജനം ചെയ്യുന്നു എന്നുള്ള വിചാരത്തോടുകൂടി 'ഥൂ ഥൂ' എന്നു വിഷ്ഠീവനം ചെയ്തു എന്നും ഒരു പ്രവാദം ഉണ്ട്) ഏതായാലും അനക്ഷരകുക്ഷിയായ ഭർത്താവിനെ ആ സ്ത്രീ തിരസ്കരിച്ചതിന്റെ ശേഷം അയാൾ നിർവിണ്ണനായി ഭദ്രകാളിയെ സേവിക്കുന്നതിനു സമീപത്ത് ഒരു വനന്താർഗ്ഗതമായ ക്ഷേത്രത്തിൽ അർദ്ധരാത്രിയിൽ ചെന്നുചേർന്നപ്പോൾ ദേവി പുറമേ സഞ്ചരിയ്ക്കാൻ പോയിരിയ്ക്കയായിരുന്നു. അവൻ ക്ഷേത്രത്തിനകത്തു കടന്നു വാതിൽ സാക്ഷയിട്ടു കുറെ കഴിഞ്ഞപ്പോൾ ദേവി തിരിച്ചുവന്നു് വാതിലടച്ചിരിയ്ക്കുന്നതു കണ്ട്, 'ആരാണകത്ത്?' എന്നും അവൻ ധൃഷ്ടതയോടുകൂടി അകത്തിരുന്നുകൊണ്ട് 'ആരാണ് പുറത്ത്?' എന്നും ചോദിച്ചതിന്റെ ശേഷം ദേവി എങ്ങിനെയെങ്കിലും മനുഷ്യസഞ്ചാരം തുടങ്ങുന്നതിനു മുമ്പിൽ അകത്തു കടക്കണമല്ലൊ എന്നുള്ള ഉൽക്കണ്ഠനിമിത്തം താൻ കാളിയാണ് എന്നുള്ള പരമാർത്ഥത്തെ പറഞ്ഞു. അപ്പോൾ അവൻ വാതിൽ തുറക്കാതെ അകത്തു തന്നെ ഇരുന്നുകൊണ്ട് എന്നാൽ 'ഞാൻ ദാസനാണ്' എന്നു പറഞ്ഞതുകേട്ടു ദേവി സന്തോഷിച്ചു 'കാളിദാസ! നീ എന്തിനാണ് എന്റെ ക്ഷേത്രത്തിൽ കടന്നിരിയ്ക്കുന്നത്? നിനക്ക് എന്താണ് അപേക്ഷയുള്ളത്?' എന്നു ചോദിയ്ക്കയും, കാളിദാസൻ 'എനിയ്ക്കു വിദ്യയുണ്ടാക്കിത്തന്നല്ലാതെ ഞാൻ വാതിൽ തുറക്കുന്നതല്ല' എന്നു ശാഠ്യം പിടിച്ചതിനാൽ വാതിലിന്റെ ഇടയിൽ കൂടി നാക്കു പുറത്തേയ്ക്കു നീട്ടുന്നതിനു ദേവി നിയോഗിച്ചതിൻവണ്ണം അദ്ദേഹം ചെയ്കയും തന്റെ ചുരികാഗ്രം കൊണ്ടു ദേവി അതിൽ വിദ്യാപ്രദമായ ചിന്താമണിമന്ത്രത്തെ എഴുതുകയും ചെയ്തു. ഉടനെ കാളിദാസൻ മഹാകവിയായിത്തീർന്നു വാതിൽ തുറന്നു ദേവിയെ നമസ്ക്കരിച്ചു സ്തുതിച്ചു.

'സൗെന്ദര്യവിഭ്രമഭുവൊ ഭുവനാധിപത്യ-
സമ്പത്തി കല്പതരവസ്ത്രിപുരേ ജയന്തി
ഏതേ കവിത്വകുമുദപ്രകുരാവബോധ-
പൂര്‍ണ്ണേന്ദവസ്തവ ജഗജ്ജനനി! പ്രണാമാഃ'

ഇത്യാദിയായി ഏതാനും ശ്ലോകങ്ങൾ അടങ്ങീട്ടുള്ള സ്തവം അപ്പോൾ കാളിദാസനാൽ നിർമ്മിയ്ക്കപ്പെട്ടതാണെന്നു കേട്ടിട്ടുണ്ട്.

ഇപ്രകാരം അനുഗ്രഹകവിയായിത്തീർന്നു് അദ്ദേഹം തിരിയെവന്നു ഭാര്യയെ കണ്ടപ്പോൾ 'അസ്തി കശ്ചിദ്വാഗ്വിശേഷഃ' എന്ന് അവൾ ചോദിച്ചു എന്നും, അനന്തരം അദ്ദേഹം ആ ചോദ്യത്തിലെ പദത്രയത്തെ ആദിയിൽ ചേർത്തു് 'അസ്ത്യുത്തരസ്യാംദിശിദേവതാത്മാ' ഇത്യാദിയായി 'കമാരസംഭവ'ത്തേയും 'കശ്ചിൽ കാന്താ വിരഹഗുരുണാ സാധ്വീകാരപ്രമത്തഃ' ഇത്യാദിയായി 'മേഘസന്ദേശ'ത്തേയും 'വാഗർത്ഥാവിവ സംപൃക്തൗ' ഇത്യാദിയായി 'രഘുവംശ'ത്തേയും നിർമ്മിച്ചു എന്നും പ്രസിദ്ധിയുണ്ട്.

'ഭോജചരിത്രം' എന്ന കൃതിയിൽ കാളിദാസനെക്കുറിച്ച് അനേകകഥകൾ ഉള്ളവയ്ക്ക് എത്രമാത്രം പ്രാമാണ്യം കല്പിക്കപ്പെടാമെന്നു നിശ്ചയിക്കാൻ പാടില്ലാത്തതിനാലും ഈ ഉപന്യാസം അധികവിസ്താരമായിത്തീർന്നേക്കാമെന്നുള്ള ശങ്കയാലും അവയെ ഇവിടെ വിവരിയ്ക്കുന്നില്ല.

കാളിദാസന്റെ കാലം ഖണ്ഡിതമായി ഇതുവരെയും നിർണ്ണയിക്കപ്പെട്ടിട്ടില്ല. വിക്രമാദിത്യന്റെ സദസ്യന്മാരായിട്ടുണ്ടായിരുന്ന കവികളുടെ കൂട്ടത്തിൽ കാളിദാസന്റെ പേരും കൂടിച്ചേർത്ത്,

'ധന്വന്തരിക്ഷപണകാമരസിംഹശംകു
വേതാള ഭട്ടഘടകര്‍പ്പരകാളിദാസഃ
ഖ്യാതോവരാഹമിഹിരേനൃപതേസ്സഭായാം
രത്നാനവൈവരരുചിര്‍ന്നിവ വിക്രമസ്യാ.'

എന്ന് ഒരു ശ്ലോകം ഉള്ളതിനെ പ്രമാണീകരിച്ച കാളിദാസനെ വിക്രമാദിത്യനോടു സമാനകാലീനനാക്കി ചിലർ വ്യവഹരിയ്ക്കുന്നുണ്ട്. എന്നാൽ ഈ ശ്ലോകത്തിന്റെ പ്രാമാണികതയെക്കുറിച്ചു തന്നെ മറ്റു ചിലർ വിപ്രതിപത്തിയുള്ളതായി കാണുന്നു. മേൽപ്പറഞ്ഞ ശ്ലോകം 'വിക്രമചരിത'ത്തിൽ ഉള്ളതെന്നാണ് പറയപ്പെടുന്നത്. എന്നാൽ റാത്ത് എന്ന യൂറോപ്യ പണ്ഡിതൻ വിക്രമചരിതത്തെക്കുറിച്ചു വിവരിച്ച് ൧൮൪൫ ഒക്ടോബർ മാസത്തെ 'ഏഷ്യാറ്റിക് ജേർണലി'ൽ എഴുതീട്ടുള്ളതിൽ ഇതിനെക്കുറിച്ച് യാതൊന്നും പറഞ്ഞിട്ടില്ല. ഇതുകൂടാതെയും 'സിംഹാസനദ്വാത്രിംശിക' പ്രസിദ്ധപ്പെടുത്തീട്ടുള്ളതിൽ ഒന്നിലും ഈ ശ്ലോകം കണ്ടിട്ടില്ല ഇത് 'ജ്യോതിർവിദ്യാഭരണം' എന്നും 'നവരത്നം' എന്നും രണ്ടു ഗ്രന്ഥങ്ങളിൽ ഉള്ളതെന്നാണ് പറഞ്ഞിരിയ്ക്കുന്നത്. ഇതിനെ പ്രമാണീകരിക്കുന്നു എങ്കിൽ കാളിദാസൻ ക്രിസ്തുവർഷത്തിന് ൫൬ സംവത്സരം മുൻപിൽ ജീവിച്ചിരുന്നിരിക്കണം.

എന്നാൽ ഇതിൽ പറയുന്ന വിക്രമൻ വിക്രമാബ്ദത്തെ പ്രവർത്തിപ്പിച്ച പ്രസിദ്ധനായ വിക്രമാദിത്യൻ തന്നെയോ എന്നു നിശ്ചയിക്കാൻ പാടില്ല. പ്രസിദ്ധ വിക്രമാദിത്യന്റെ വംശ്യന്മാരായ അനേക രാജാക്കന്മാർ ഈ സംജ്ഞകൊണ്ടു വ്യവഹരിക്കപ്പെട്ടവരായിരുന്നതായി കാണുന്നുണ്ട്. മേൽപറഞ്ഞ ശ്ലോകത്തിൽ പ്രഖ്യാപിതനായിരിക്കുന്ന വിക്രമൻ മാളവദേശാധിപതിയായിരുന്നു എന്നും ഉജ്ജയിനി എന്നും ഉള്ള നഗരങ്ങളിൽ വസിച്ചിരുന്ന ഭോജൻ തന്നെയാണെന്നു ഹെബര്‍ലിന്‍ മുതലായ ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ ഭോജൻ ക്രിസ്തുവർഷം ൧൦൪൦-൧൦൯൦ ഇടയ്ക്കു ജീവിച്ചിരുന്നതായി അനേകലക്ഷ്യങ്ങൾ ഉണ്ട്. എന്നാൽ കാളിദാസൻ ഭോജനോടു സമാനകാലീനനായിരുന്നു എന്നുള്ള ഐതിഹ്യം നമ്മുടെ ഇടയിൽ എത്രമാത്രം പ്രബലമായിരിക്കുന്നോ അതുപോലെതന്നെ യൂറോപ്യന്മാരുടെ ഇടയിൽ കാളിദാസൻ വിക്രമാദിത്യന്റെ കാലത്തു ജീവിച്ചിരുന്നു എന്നുള്ള ബോധം സാധാരണമായിരിക്കുന്നു. കാളിദാസൻ, ഭവഭൂതി, ദണ്ഡി, ചോരൻ, മയൂരൻ, ബാണൻ, മാഘൻ, ഭാരവി എന്നു വേണ്ടാ പ്രസിദ്ധ കവികളായി അറിയപ്പെട്ടിട്ടുള്ളവരെ ഒക്കെയും ഭോജന്റെ സമകാലീനന്മാരായി ഗണിച്ച് അനേക കഥകൾ 'ഭോജചരിത്രത്തിൽ' കാണുന്നുണ്ട്. എന്നാൽ സർ മാണിയർ വില്യംസ് മുതലായ വിദ്വാന്മാർ കാളിദാസൻ ഭവഭൂതിയേക്കാൾ ൧൦൦൦ ൽ ചില്ല്വാനം വത്സരം മുമ്പിൽ ജീവിച്ചിരുന്നതായിട്ടാണ് പറയുന്നത്. അവരുടെ മതത്തിൽ 'ധന്വന്തരിക്ഷപണകേ'ത്യാദി ശ്ലോകത്തിന്റെ പ്രാമാണ്യത്തെക്കുറിച്ചു വിപ്രതിപത്തിയുള്ളതായി തോന്നുന്നില്ല. എന്നാൽ വിക്രമൻ എന്നും ഭോജൻ എന്നും ഉള്ള നാമധേയങ്ങൾ മറ്റു രാജാക്കന്മാർക്കും ഉണ്ടായിരുന്നതായി പറയപ്പെടുന്നതുപോലെ കാളിദാസൻ എന്നുള്ള പേർ മറ്റു കവികൾക്കും ഉണ്ടായിരുന്നു എന്നു വരരുതോ? ധന്വന്തരിക്ഷപണകാദികളോടുകൂടി വിക്രമാദിത്യസദസ്യ നവരത്നങ്ങളിൽ ഒന്നായി പറയപ്പെട്ടിരിക്കുന്ന കാളിദാസൻ വേറെതന്നെ ആയിരിക്കാം.

'നളോദയം' എന്ന യമകകാവ്യം കാളിദാസകൃതിയെന്നാണ് അതിനാൽ കാണുന്നത്. എന്നാൽ 'രഘുവംശാ'ദികാവ്യങ്ങളുടേയും 'ശാകുന്തളാ'ദി നാടകങ്ങളുടേയും കർത്താവായ കാളിദാസൻ 'നളോദയ'ത്തെപ്പോലെ കേവലം ശബ്ദാലങ്കാരപ്രധാനമായ ഒരു കാവ്യത്തെ നിർമ്മിക്കുന്നതിൽ പ്രയത്നം ചെയ്തിരിക്കുമെന്നു വിശ്വസിക്കുന്നത് വളരെ പ്രയാസപ്പെട്ടു വേണ്ടിയിരിക്കുന്നു. 'ഭാഗവതസിദ്ധാന്ത ചന്ദ്രിക' എന്ന ഒരു നിബന്ധത്തിൽ 'രഘുവംശ'കർത്താവും 'നളോദയ'കർത്താവും ഒരാൾ തന്നെ എന്നായിട്ടു പ്രതിപാദിച്ചിട്ടുണ്ട്. എന്നാൽ ആയതു സഹൃദയന്മാർക്കു ഒട്ടുംതന്നെ ഹൃദയംഗമമായിരിക്കുന്നില്ല. അതുകൊണ്ടു 'നളോദയ'കർത്താവ് വിക്രമാദിത്യസദസ്യനായി പറയപ്പെട്ടിട്ടുള്ള കാളിദാസനോ വേറെ തന്നെ തന്നാമകനായ ഒരു കവിയോ ആയിരിക്കാമെന്നാണ് എനിക്കു തോന്നുന്നത്.

കാളിദാസനാൽ 'കുമാരസംഭവം', 'മേഘസന്ദേശം', 'രഘുവംശം' ഈ കാവ്യത്രയം നിർമ്മിക്കപ്പെട്ടതിന്റെ ശേഷം 'സ്മൃതിചന്ദ്രിക' എന്ന വേദോക്തകർമ്മ പ്രതിപാദകമായ ഒരു ഗ്രന്ഥവും 'ജ്യോതിർവിദാഭാരണം' എന്നു മേൽ പ്രസ്താവിക്കപ്പെട്ട ഒരു ജ്യോതിഷഗ്രന്ഥവും ഉണ്ടാക്കപ്പെട്ടു എന്നും തദനന്തരമാണ് 'മാളവികാഗ്നിമിത്രീയം', 'വിക്രമോർവശീയം', 'ശാകുന്തളം' ഈ നാടകത്രയം ഉണ്ടാക്കപ്പെട്ടതെന്നും 'ജ്യോതിർവിദാഭരണ'ത്തിൽ തന്നെ ശേഷാദ്ധ്യാത്തിൽ താഴെ കാണിച്ചിട്ടുള്ള ഭാഗങ്ങളെക്കൊണ്ടു് ഊഹിക്കാവുന്നതായിരിക്കുന്നു.

'മത്തോധുനാകൃതിരിയംസതിമാളവേന്ദ്ര
ശ്രീവിക്രമാര്‍ക്കനൃപരാജവരേ സമാസീല്‍',
'ശങ്‍ക്വാദിപണ്ഡിതവരാഃകവയസ്ത്വനേകേ
ജ്യോതിര്‍വിദസ്സമഭവംശ്ചവരാഹപൂര്‍വഃ',
'ശ്രീവിക്രമസ്യ, ബുധസംസാദിപൂജ്യബുദ്ധേഃ
തേഷാമഹംനയസഖഃകില കാളിദാസഃ',
'കാവ്യത്രയംസുമതികൃദ്രഘുവംശ പൂര്‍വം
ജാതംയതഃഖലുകിയച്ശ്രുതി കര്‍മ്മവാദഃ
ജ്യോതിര്‍വിദാഭരണകാലവിധായശാസ്ത്രം
ശ്രൂ കാളിദാസകവിതോഹിതതോബഭൂവ'

ഇവയെ പ്രമാണീകരിച്ചു 'രഘുവംശാ'ദി കാവ്യത്രയത്തിന്റേയും 'ശാകുന്തളാ'ദി നാടകത്രയത്തിന്റേയും കർത്താവായ കാളിദാസൻ തന്നെയാണ് 'ജ്യോതിർവിദാഭരണം', 'സ്മൃതിചന്ദ്രിക' ഈ ഗ്രന്ഥങ്ങളെ ഉണ്ടാക്കിയതെന്നു തീർച്ചപ്പെടുത്താൻ എനിക്കു വളരെ ശങ്കയായിരിക്കുന്നു. കാളിദാസന്റെ സമാനകാലീനന്മാരായ വിദ്വാന്മാരിൽ ഒരാൾ തന്റെ ഗ്രന്ഥത്തിനു മഹാകവിത്വത്താൽ അതിപ്രസിദ്ധിയെ ആ കാലത്തിൽ തന്നെ പ്രാപിച്ചു വരുന്ന ഒരാളുടെ പേരുവെച്ചാൽ അധിക പ്രഖ്യാതി ഉണ്ടാകുമെന്നു വെച്ചു ഇങ്ങനെ ഒക്കെയും ചേർത്തു എഴുതി ഉണ്ടാക്കിയതായി വരരുതോ? കാളിദാസന്റെ പദ്യങ്ങളുടേയും മേൽ കാണിക്കപ്പെട്ടവരുടേയും ശയ്യയ്ക്ക് എത്രമാത്രം വ്യത്യാസം ഉണ്ടെന്നു സഹൃദയന്മാർക്കു സ്പഷ്ടമായി അറിയാവുന്നതാണ്. കുമാരസംഭവത്തിന്റെ ഉത്തരഭാഗമായി ഏഴു സർഗ്ഗങ്ങൾ കാളിദാസകൃതങ്ങൾ എന്നു ചിലർ വ്യവഹരിക്കുന്നതും പ്രാമാദികമെന്നാണ് എന്റെ അഭിപ്രായം. അതുപോലെ 'മാളവികാഗ്നിമിത്രീയം' കാളിദാസകൃതമല്ലെന്നു ചിലർ അഭിപ്രായപ്പെടുന്നതിനു മതിയായ കാരണം ഉണ്ടെന്നു ഞാൻ വിചാരിക്കുന്നില്ല.

കാളിദാസന്റെ കവിതയോടു സാമ്യം ഉള്ളതായി മറ്റൊരുത്തന്റെ കവിതയും ഇല്ലെന്നു തീർച്ചയായി പറയാം. 'അഭിനവകാളിദാസൻ' എന്ന പേരിനെ ജഗന്നാഥപണ്ഡിതൻ, 'വിശ്വഗുണാദർശ'കാരൻ മുതലായ ചില കവികൾക്കു കൊടുത്തിട്ടുള്ളത് എത്രത്തോളം ന്യായമാണെന്നു സഹൃദയന്മാർ തീർച്ചപ്പെടുത്തട്ടെ. കാളിദാസന്റെ കാവ്യത്രയത്തിലും നാടകത്രയത്തിലും സഹൃദയന്മാർക്കു സ്ഫുടോപലഭ്യമായ ഒരു രസവിശേഷം ഉണ്ടു്. എന്നാൽ ഇതു സാധാരണ പണ്ഡിതന്മാരുടെ ചർവണത്തിൽ അനുഭവഗോചരീഭവിക്കുന്നതല്ല.

വളരെ നാൾ ഞാൻ കാളിദാസന്റെ കവിതയുടെ അസാധാരണ രസവിശേഷത്തെ അറിയാതെ ആദ്യം പഠിച്ച കാവ്യമായ 'കിരാതാർജ്ജൂനീയ'ത്തേയും ആദ്യം പഠിച്ച നാടകമായ 'അനർഗ്ഘരാഘവ'ത്തേയും സർവോൽകൃഷ്ടമായി വിചാരിച്ചുവന്നു. എന്നുമാത്രമല്ലാ, മൗഢ്യത്താൽ 'രഘുവംശ'ത്തെ ഒരു നിസ്സാരകാവ്യമെന്നു അനാദരിക്കകൂടിയും ചെയ്തിരുന്നു. ഇങ്ങനെ കുറേ നാൾ കഴിഞ്ഞതിന്റെ ശേഷം സഹൃദയാഗ്രഗണ്യനായ എന്റെ ജ്യേഷ്ഠൻ പ്രസംഗവശാൽ ഒരിക്കൽ കാളിദാസന്റെ കൃതികളെ വളരെ ശ്ലാഘിക്കുകയും അവയിൽ നിന്നും ചില ശ്ലോകങ്ങളെ ചൊല്ലി അവയുടെ രസപുഷ്ടിയെ പ്രതിപാദിക്കുകയും ചെയ്തു കേട്ടതു മുതൽക്കാണ് എനിക്കു കാളിദാസകൃതികളിൽ ഒരു അഭിരുചി ജനിച്ചത്.

'ഗുര്‍വര്‍ത്ഥമര്‍ത്ഥീശ്രുതപാരദൃശ്വം
രഘോസ്സകാശനേവാപ്യകാമം
ഗതോവദാത്യാന്തരമിഥ്യയംമേ
മാഭൂല്‍പരീവാനേവാവതാരഃ'

ഈ ശ്ലോകമാണ് എന്റെ മനസ്സിനെ ആദ്യമായി കാളിദാസകൃതികളിലേക്ക് ആവിർജ്ജിപ്പിച്ചത്. അവയെ പിന്നെ തൃഷ്ണയോടുകൂടി ബഹുശ: പരിശീലിച്ചേടത്തോളം അവയുടെ രസവിശേഷം എനിക്കു സവിശേഷം അനുഭവഗോചരമായിത്തീർന്നിട്ടുണ്ട്.

കാളിദാസ കൃതിയിൽ വെച്ച് സർവസമ്മതമായ ഉൽക്കർഷത്തോടുകൂടിയ 'ശാകുന്തള'ത്തെ വായിച്ചു് ഓരോ അവസരങ്ങളിൽ മാനസികങ്ങളും ദൈഹികങ്ങളും ആയ ക്ലേശങ്ങളെ വിസ്മരിക്കാൻ എനിക്കു സംഗതിയായതിനു വേണ്ടി, യശോമാത്രശരീരശേഷനെങ്കിലും സ്വസാഹിത്യങ്ങളിൽ പ്രതിഫലിച്ച്, എന്നും അനശ്വരമായിരിക്കുന്ന ആത്മാവോടു കൂടിയ ആ മഹാനുഭാവന് ഏതു വിധത്തിലാണ് ഒരു പ്രത്യുപകാരം ചെയ് വാൻ കഴിയുന്നതെന്നു പലപ്പോഴും ആലോചിച്ചതിൽ ഈ നാടകരത്നത്തിന്റെ രാമണീയകത്തെ സംസ്കൃത പരിചയമില്ലാത്ത കേരളീയരെ ഗ്രഹിപ്പിക്കുന്നതിന് ഇതിനെ ഭാഷാന്തരീകരിക്കുന്നതിനേക്കാൾ അധികമായി ഒന്നും ചെയ്യാനില്ലെന്നു തോന്നിയതിലാണ് ഞാൻ ഇതിനായി ഉദ്യമിച്ചത്. ആരംഭിച്ചപ്പോൾ പൂർണ്ണമായി ഫലിപ്പിക്കാമെന്നുള്ള നിശ്ചയം എത്രയും ശിഥിലമായിട്ടേ എനിക്കുണ്ടായിരുന്നുള്ളൂ. ആദ്യമായി 'വിദ്യാവിലാസിനി'യിൽ ചേർക്കുന്നതിനു് അപ്പപ്പോൾ തർജ്ജുമ ചെയ്തു അയച്ചിരുന്നതിനെ സഹൃദയന്മാർ അഭിനന്ദിച്ചു തുടങ്ങിയതിനാൽ പ്രോത്സാഹിതനായിത്തന്നെ അതിനെ ഞാൻ പൂരിപ്പിച്ചു. അതിൽ നിന്നും അല്പം ചില പരിഷ്ക്കാരങ്ങളോടുകൂടി സമ്പുടമായി കേരളവിലാസം അച്ചുകൂടത്തിൽ അച്ചടിപ്പിച്ചതിനെ നാടുനീങ്ങിയ വിശാഖം തിരുനാൾ മഹാരാജാവിനു സമർപ്പിച്ചപ്പോൾ തിരുമനസ്സുകൊണ്ടു് ഇപ്രകാരം ഒരു തിരുവെഴുത്തയച്ചിരുന്നു. ഇതു മലയാളത്തിൽ ഒരു ഉൽകൃഷ്ടകൃതിയായി എന്നെന്നേയ്ക്കും നിലനിൽക്കുമെന്നു് എനിക്ക് നിശ്ചയമുണ്ട്.

എന്റെ കൃതികളിൽ ഒന്നുംതന്നെ നിർദ്ദോഷമാണെന്നു് എനിക്ക് അശേഷം വിശ്വാസം ഇല്ലെങ്കിലും സഹൃദയന്മാർ പലരും അഭിനന്ദിക്കുമ്പോൾ അവയിൽ വല്ലതും ചില ഗുണംകൂടി ഉണ്ടായിരിക്കാമെന്നു വിചാരിക്കാറുണ്ട്. എന്നാൽ എന്റെ ഈ 'ഭാഷാശാകുന്തള'ത്തിനു അനിതരസാധാരണമായ ഒരു വിശേഷം ഉള്ളതിനെ ആരും സമ്മതിക്കാതിരിക്കയില്ല. അതു് കാളിദാസഗ്രഥിതവസ്തു എന്നുള്ളതു മാത്രമല്ലാതെ മറ്റൊന്നുമല്ല. പിന്നെ വേണമെങ്കിൽ ആദ്യമായി ഒരു സംസ്കൃതനാടകം മലയാളത്തിൽ ആക്കപ്പെട്ടിട്ടുള്ളത് ഇതാണ് എന്നുംകൂടി ഒരു വിശേഷം ഇതിനു പറയാം. ഇത്രയും മാത്രമല്ലാതെ കവിതാഗുണം കൊണ്ട് ഇതിനു ഒരു വിശേഷം ഉള്ളതായി ഞാൻ വിചാരിക്കുന്നില്ല.

എനിക്കു ബാല്യം മുതൽ തന്നെ സംസ്കൃതത്തിൽ കവനം ചെയ്തു പരിചയിച്ച് ആ ഭാഷ അധികം സ്വാധീനപ്പെട്ടിരുന്നതുകൊണ്ട് ഈ തർജ്ജമയിൽ സംസ്കൃത പദപ്രയോഗങ്ങൾ അല്പം ബഹുലീ ഭവിച്ചിട്ടുണ്ടെന്നുള്ളതിനെ ഞാൻ സമ്മതിക്കുന്നു. ഇത് ഒരു ന്യൂനതയെന്നു വിചാരിക്കുന്നപക്ഷം പ്രാചീനന്മാരും അർവാചീനന്മാരും ആയ ഭാഷാസുകവികളിൽ പലരുടെ കൃതികളിലും ഇതിന്റെ താദവസ്ഥ്യം ഉണ്ടു്. ഭാഷയുടെ രീതിയിലും ഔത്തരാഹന്മാർക്ക് അഭംഗി എന്നു തോന്നുന്ന പ്രയോഗങ്ങൾ ഇതിൽ ഉണ്ടായിരിക്കാം. എന്നാൽ എന്തെല്ലാം വൈകല്യങ്ങൾ ഉണ്ടെങ്കിലും ഇപ്പോൾ ഈ 'കേരളീയഭാഷാശാകുന്തളം' മലയാളികൾക്കെല്ലാം പ്രേമാസ്പദമായി ഭവിച്ചിട്ടുണ്ടെന്നുള്ളതിന് അനേകം നാടകസംഘക്കാർ ഇതിനെ പഠിച്ചു രാഗത്തിൽ പ്രയോഗിക്കുകയും അനവധി ജനങ്ങൾ അതുകണ്ടു രസിക്കയും ചെയ്തു വരുന്നതു തന്നെ മതിയായ തെളിവായിരിക്കുന്നു.

൧൦൫൮-മകരം ൨൪-നു് മദ്രാസിൽ വെച്ച് ഈ പരിഭാഷയുടെ മൂലമായ 'അഭിജ്ഞാനശാകുന്തള'ത്തെത്തന്നെ ഒരു സംഘക്കാർ അഭിനയിച്ചു ഞാൻ ഇദംപ്രഥമമായി കണ്ടപ്പോൾ എന്റെ തർജ്ജമയെ മലയാളികളിൽ വല്ലവരും രംഗത്തിൽ പ്രയോഗിച്ചാൽ കൊള്ളാമായിരുന്നു എന്നുള്ള ആഗ്രഹം സ്വാഭാവികമായി എന്റെ മനസ്സിൽ അങ്കുരിച്ചു എങ്കിലും അതു ഫലിക്കുമെന്നുള്ള വിചാരം അപ്പോൾ എനിക്ക് അശേഷം ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ ആ ആഗ്രഹം എന്റെ പ്രതീക്ഷയെ അതിലംഘിച്ചു ബഹുധാ ഫലിച്ചിരിക്കുന്നതിൽ വച്ച് എന്റെ ശ്രമത്തിനു സാഫല്യം സിദ്ധിച്ചതിനാലുള്ള പൂർണ്ണ കൃതാർത്ഥതയോടും, ആറാം പതിപ്പ് ആവശ്യപ്പെടത്തക്കവണ്ണം കേരളീയ ജനങ്ങൾ എന്റെ കൃതിയെ ആദരിക്കുന്നതിനാൽ അവരെക്കുറിച്ചുള്ള അവ്യാജകൃതജ്ഞതയോടുംകൂടി ഇതിനെ നിർമ്മത്സരന്മാരായ സഹൃദയന്മാരുടെ മുൻപാകെ സമർപ്പിച്ചുകൊള്ളുന്നു.

താളിളക്കം
!Designed By Praveen Varma MK!