Contacts

കൊടുങ്ങല്ലൂര്‍ ചെറിയകൊച്ചുണ്ണിത്തമ്പുരാന്‍

കാളിദാസരുടെ കാവ്യദോഷം

1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. എന്നാൽ സാമ്പത്തികക്ളേശംമൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു.

ഇങ്ങാരോതുകയാല്‍പ്പെരുത്തുതപമാണ്ടുണ്ടാക്കിയോപൂമകന്‍
* * *

നാരായണമഹർഷിയുടെ തപസ്സിളക്കുന്ന അപ്സരസ്ത്രീകളെല്ലാവരും അദ്ദേഹത്തിന്റെ സമീപത്തിൽ നിൽക്കുന്ന ഇവളെ കണ്ടിട്ട് ലജ്ജിച്ചുവെന്നത് ശരി തന്നെ എന്നോ മറ്റോ ഒരു വാക്യവും ശ്ലോകവും ചേർത്താൽ മേൽപ്പറഞ്ഞ രാജദോഷംതീരുകയും ഉര്‍വ്വശീരൂപഗുണോല്‍ക്കര്‍ഷം അധികം നന്നായിത്തോന്നുകയും ചെയ്യുന്നതാണ്.

ഇനി ഭംദ്യാഭാസുരഗാത്രി... എന്ന ശ്ലോകം കൊണ്ട് സിദ്ധിച്ചിട്ടുള്ള ഗുണങ്ങൾ ധാരാളമായി ഇങ്ങാരോതുകയാല്‍... എന്ന ശ്ലോകം കൊണ്ട് ഉർവശിക്കു സിദ്ധിച്ചിട്ടുണ്ട് എന്ന് കാണിക്കാൻ വേണ്ടി ഈ ശ്ലോകത്തെ വ്യാഖ്യാനിക്കുന്നു.

യാതൊരു ആളുടെ ഉപദേശപ്രകാരം ആകുന്നുവോ ബ്രഹ്മാവ് വളരെ കാലം തപസ്സുചെയ്തു, മലയാനിലന്‍, വസന്തം, ചന്ദ്രൻ, കാമദേവൻ മുതലായ ലോകൈകശൃംഗാരികളെ സൃഷ്ടിച്ചത് ആ ആളാണ് അത്ഭുതങ്ങളായും മനോഹരങ്ങളായും ഉള്ള എല്ലാ പദാർഥങ്ങളുടെയും സ്ഥാനമായ നാരായണമഹർഷി. അദ്ദേഹത്തിൽ നിന്നാണ് ഈ ഉർവശി രൂപം ജനിച്ചത്, പിച്ചള വിളയുന്ന സ്ഥലത്തുനിന്ന് പൊന്നുണ്ടാകുന്നതെങ്ങനെ എന്നാകുന്നു ഇതിന്റെ വാക്യാർത്ഥം. അർത്ഥം കൊണ്ട് ചന്ദ്രാദികള്‍ പിച്ചളപോലെയാണെന്നും ഉർവശി പൊന്നുപോലെയാണെന്നും ഇവർ തമ്മിൽ അന്തരത്തിന്നുള്ള കാരണം ഇവരുടെ ഈ സൃഷ്ടികർത്താക്കന്മാരുടെ മാഹത്മ്യത്തിന്റെ അന്തരമാണെന്നും ആ അന്തരം കൽപ്പനകേൾക്കുന്നവനും കൽപ്പിക്കുന്നവനും തമ്മിൽ എത്രയുണ്ടോ അത്രയുണ്ടെന്നും സൂചിപ്പിക്കുന്നു.

ഭംഗ്യാഭാസുരഗാത്രി എന്ന ശ്ലോകത്തിൽ ചന്ദ്രാദികള്‍ക്കുള്ളതുപോലെ കാന്ത്യാദിഗുണങ്ങൾ ഉർവശിക്കുണ്ടെന്നു മാത്രമേ സൂചിപ്പിച്ചിട്ടുള്ളൂ. അതുകൊണ്ട് ഈ ശ്ലോകത്തേക്കാൾ ഇങ്ങാരോതുകയാല്‍... എന്ന ശ്ലോകം കൊണ്ട് ഉർവശീഗുണോല്‍ക്കര്‍ഷം അധികം സിദ്ധിക്കുന്നതാണെന്നു തെളിയുന്നുണ്ടല്ലോ. ഇങ്ങനെ ഭേദഗതി വരുത്തുന്നതുകൊണ്ട് തപപ്രഭാവജ്ഞാനഭാവം എന്ന രാജദോഷം നശിക്കുകയും ചെയ്യുന്നു.

ബ്രഹ്മാവിന്ന് പ്രപഞ്ചസൃഷ്ടിശക്തി ഉണ്ടായത് തപസ്സു ചെയ്തിട്ടാണെന്നും അങ്ങനെ തപസ്സുചെയ്തതു നാരായണമഹർഷിയുടെ ഉപദേശപ്രകാരമാണെന്നും ഉള്ളതിന് സോയംവിശ്വവിസര്‍ഗ്ഗദത്തഹൃദയഃ, മൂര്‍ത്തിഹിധര്മ്മഗൃഹണീ... എന്നു മുതലായി പല പ്രമാണങ്ങളും ഉണ്ട്.

മഹാന്മാരായുള്ളവർക്ക് ചെറുതായൊരു ദോഷം ഒരു ദോഷത്തിന്റെ കൂട്ടത്തിൽ ഗണിക്കത്തക്കതല്ലെന്ന് പറയുന്നതും ശരിയല്ല. അല്പമായ ധർമ്മസ്ഖലിതം വരുന്ന ഘട്ടങ്ങളിൽ ലക്ഷ്മണൻ, ഭീമസേനൻ മുതലായവരേയും ബാലിവധം, ദ്രോണവധം എന്നീ ഘട്ടങ്ങളിൽ ധർമ്മത്തിൽ തന്നെ ഉറച്ചിരിക്കാൻമാത്രം സ്വഭാവസിദ്ധഗുണപ്രഭാവമുള്ള ശ്രീരാമയുധിഷ്ടിരാദികളെയും ദുഷിച്ചു പോരുന്ന അവസ്ഥയ്ക്ക് പുരൂരുവസ്സ് മഹാരാജാവു ചെയ്ത ഈ തപസ്വിനിന്ദനം അദ്ദേഹത്തിന്റെ ഒരു ദോഷമാണെന്ന് സമ്മതിക്കാതെ തരമില്ലല്ലോ.

ഉർവശി തപസ്വിയുടെ സൃഷ്ടിയല്ലെന്നുള്ള പുരൂരുവസ്സിന്റെ വിചാരം നേരമ്പോക്കിന്റെ കൂട്ടത്തിൽ ഗണിക്കുവാനും തരമില്ല. നേരമ്പോക്കിന്റെ മുഖ്യ ഫലം അന്യചിത്താദിവികാസമാകയാല്‍ ജനങ്ങളതിനെ സാധാരണ വാക്കു മുതലായവകൊണ്ട് പുറത്ത് കാണിക്കുന്നതല്ലാതെ വിചാരം കൊണ്ട് മാത്രം ഉള്ളിലൊതുക്കി വയ്ക്കുക പതിവില്ല. വിശേഷിച്ച് മഹാന്മാര്‍ നേരമ്പോക്കായിട്ടുകൂടി അന്യനിന്ദാപരിഹാസനൃതാദി ദോഷങ്ങളെ ചെയ്യുമാറില്ല. പുരൂരവസ്സ് മഹാരാജാവിന്ന് ഈ ദോഷം വരരുതെന്നാണ് കവിയുടെ ഉദ്ദേശമെന്നുള്ളതിന് ഇതാ ഖണ്ഡമോദകംപോലെയുള്ള ചന്ദ്രനുച്ചുകഴിഞ്ഞു എന്നു മുതൽ അതിഭാനുസതാം എന്ന ശ്ലോകംവരെയുള്ള രാജവിദൂഷകസംവാദം തന്നെ ദൃഷ്ടാന്തമാണ്.

ഉർവശി കണ്ടപ്പോളുണ്ടായ അനുരാഗാതിശയംകൊണ്ട് രാജാവിന്നുണ്ടായ തപഃപ്രഭാവജ്ഞാനഭാവമോ തപസ്വിനിന്ദനമോ താല്ക്കാലികമാകയാല്‍ ഈ ദോഷം രാജാവിന്റെ സല്‍പുരുഷത്വത്തെ നശിപ്പിക്കുന്നില്ലെന്ന് ചിലർ പറയുമായിരിക്കാം. ഈ വാദത്തോട് ഞാൻ മുക്കാലും യോജിക്കുന്നുണ്ട്. എന്നാല്‍

രക്തഭാവമപഹായചന്ദ്രമാ-
ജാതഏഷപരിശുദ്ധമണ്ഡലഃ
വിക്രിയാനഖലുകാലദോഷജാ-
നിര്‍മ്മലപ്രകൃതിഷുസ്ഥിരോദയാ

എന്നും മറ്റുമുള്ള കാവ്യങ്ങൾകൊണ്ട് കാളിദാസാദികൾ നല്ലവരുടെ ദോഷങ്ങൾക്കുള്ള അസ്ഥൈര്യത്തെ സ്പഷ്ടമാക്കിയിട്ടുള്ളതുപോലെ രാജാവിന്നുള്ള ഈ ദോഷത്തിന്റെ അസ്ഥൈര്യത്തെയും ഉടന്‍ പ്രകാശിപ്പിച്ചിരുന്നുവെങ്കിൽ അധികം നന്നാകുമായിരുന്നു. രാജാവിന്ന് ഉർവശിയെക്കുറിച്ച് ബഹുമാനാദികള്‍ ഉണ്ടായപോലെ ഉർവശീസൃഷ്ടികർത്താവായ നാരായണമഹർഷിയെക്കുറിച്ചും ബഹുമാനാദികള്‍ ഉണ്ടായിരിക്കുന്നതായിരിക്കും ശൃംഗാരരസത്തിന് അധികം യോജിക്കുന്നത്. അല്ലെങ്കിൽ ഉര്‍വശീജനകനില്‍ ബഹുമാനമില്ലായ്കകൊണ്ട് രാജാവിന്നും അതിനെ അറിയുമ്പോളുണ്ടാകുന്ന വൈമനസ്യംനിമിത്തം ഉര്‍വശിക്കും ശൃംഗാരരസത്തിന് കുറവ് സംഭവിപ്പാനിടയുള്ളതാകുന്നു. ഈ സംഗതി ഭാഗവതത്തിൽ ദക്ഷയാഗഘട്ടത്തിൽ ഗോത്രംത്വദീയം ഇത്യാദിശ്ലോകവും അതിന്റെ ശ്രീധരീയവ്യാഖ്യാനവും നോക്കിയാൽ സ്പഷ്ടമാകും.

എന്തിനിങ്ങനെ അധികം പറയുന്നു. രാജാവിന്റെ ഈ ദോഷവും തന്നിമിത്തം കാവ്യത്തിനും കവിക്കും ഉണ്ടായിട്ടുള്ള ദോഷവും ലഘുവാണെങ്കിലും നല്ലവണ്ണം പരിഹരിക്കത്തക്കവണ്ണമുള്ള സമാധാനം എത്രതന്നെ ആലോചിച്ചിട്ടും എനിക്ക് തോന്നുന്നില്ല. ഇനിയും ഇതുപോലെ രാജാവിന്റെ വിചാരമായ ഭംഗ്യാഭാസുരഗാത്രി എന്നതിന്റെ മൂലമായ അസ്യാസ്സര്‍ഗ്ഗവിധൗെ എന്ന ശ്ലോകത്തില്‍ വേദാഭ്യാസജഡഃ വിഷയവ്യാവൃത്തകൗെതൂഹല എന്ന വിശേഷണങ്ങള്‍കൊണ്ടു വേദപ്രഭാവജ്ഞാനഭാവമോ വേദവിന്ദിന്ദനമോ ആയ ദോഷവും ഇന്ദ്രിയനിഗ്രഹജ്ഞാനഭാവമോ ജിതേന്ദ്രിയനിന്ദനമോ ആയ ദോഷവും രാജാവിനുണ്ടെന്നു തോന്നുന്നു. ഇവിടെയും വളരെ ആക്ഷേപസമാധാനങ്ങളുണ്ട്. അവയെ അതി വിസ്താരഭയത്താൽ ഇവിടെ ചേർക്കുന്നില്ല. തപസ്സിന്റെ സ്ഥാനത്ത് വേദത്തേയും ഇന്ദ്രിയനിഗ്രഹത്തേയും തപസ്വിയുടെ സ്ഥാനത്ത് വേദവിത്തിനേയും ജിതേന്ദ്രയനേയും സങ്കൽപ്പിച്ച് മുൻപറഞ്ഞ യുക്തികളെ അനുസരിച്ചാലോചിക്കുന്നതായാല്‍ രാജാവിന്നുള്ള ഈ ദോഷങ്ങളുടെ സ്വഭാവത്തേയും അറിയാവുന്നതാകുന്നു

ദോഷജ്ഞരാസകലമാദരവോടുകൂപ്പും
ദോഷാകരാഭരണനന്ദിനിദേവികാളി
ഭോഷത്വമേറുമടിയന്‍തവദാസകാവ്യ-
ദോഷംകഥിച്ചതുപൊറുത്തരുളേണമമ്മേ!

താളിളക്കം
!Designed By Praveen Varma MK!