Contacts

സി.എസ്സ്. ഗോപാലപ്പണിക്കര്‍

ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ

1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. എന്നാൽ സാമ്പത്തികക്ളേശംമൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു.

തര്‍ജ്ജമ

തള്ളിത്തിങ്ങിക്കലങ്ങിപ്പെരുകുമഴലിനെ
ത്തെല്ലൊതുക്കുന്നതിന്നായ്
ഉള്ളത്തില്‍ തല്‍ക്ഷണം ഞാന്‍ പലവിധ
മിഹചെയ്യുന്നയത്നത്തെയെല്ലാം
വെള്ളത്തിന്‍ വേഗമേറും ഗതിമണലണയെ
ത്തട്ടിനീക്കുന്നപോലെ
തള്ളിത്തള്ളിപ്പരക്കുന്നിതു ബത വലുതായുള്ള
ചേതോവികാരം

ഈവിധം ഭവഭൂതിയെ തർജ്ജമ ചെയ്ത മന്നാടിയാർ ഭാഷാപോഷകസദസ്സിലെ കവിമഞ്ചത്തിൽതന്നെ ഒരു സ്ഥാനം സമ്പാദിച്ചു എന്നുമാത്രമല്ല തന്റെ കവിതയുടെ അനന്യസാധാരണമായ ആസ്വാദ്യത നിമിത്തം ആ മഞ്ചത്തിലെ അത്യന്നതസ്ഥാനങ്ങളിൽ ഒന്നിനെതന്നെ സർവ്വധാ കൈക്കലാക്കി എന്നുകൂടി പറയുന്നതിന്ന് എന്താണ് സംശയിക്കാനുള്ളത്. ഈ കവി തന്റെ പ്രഥമകൃതിയായ ജാനകീപരിണയംകൊണ്ടുതന്നെ ഈ സ്ഥാനം സമ്പാദിച്ചു കഴിഞ്ഞു. പിന്നീട്, തന്റെ ഹാലാസ്യമാഹാത്മ്യവും ഉത്തരരാമചരിതവും കൊണ്ട് അതിനെ താൻ ദൃഢീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. വിശേഷിച്ച്, സമാനകൃതികളായി ജാനകീപരിണയവും ഉത്തരരാമചരിതവും രണ്ടുള്ളതിൽ ഉത്തരരാമചരിതം തർജ്ജമ മറ്റേതിനേക്കാൾ എത്രയോ അധികം മാറ്റുകൂടി നിൽക്കുന്നതാണെന്ന് സർവ്വസമ്മതമായിരിക്കേ ഈ കവിയുടെ പേര്‍ അധികവും ജാനകീപരിണയത്തെ ആശ്രയിച്ചാണ് ഇപ്പോഴും നമ്മുടെ മനസ്സിൽ പതിഞ്ഞു കിടക്കുന്നത്. ഇങ്ങനെ വരേണമെങ്കിൽ ജാനകീപരിണയം നിമിത്തം മന്നാഡിയാർ എന്തോ അഭൂതപൂർവമായ ഒരു സാമർത്ഥ്യം വെളിപ്പെടുത്തി മലയാളഭാഷയ്ക്ക് മറ്റാരാലും ചെയ്‍വാൻ കഴിഞ്ഞിരുന്നില്ലാത്ത ഒരു ഗുണം ചെയ്തിരിക്കണം എന്നതു തീർച്ചതന്നെ. ഈ അഭൂതപൂര്‍വ്വമായസാമര്‍ത്ഥ്യത്തന്നെയാണ് ഈ ലേഖനത്തിന്റെ തുടക്കത്തിൽ ചേർത്ത സർട്ടിഫിക്കറ്റിലെ വാചകംകൊണ്ട് നമ്മുടെ വലിയതമ്പുരാൻ തിരുമനസ്സുകൊണ്ട് പ്രസ്താവിച്ചിട്ടുള്ളതും.

ഓരോ സന്ദർഭങ്ങളിൽ ഉണ്ടാക്കിയ ചില്ലറ ശ്ലോകങ്ങളായി മന്നാടിയാരുടെ ചില കല്പിതകൃതികൾ മലയാളഭാഷയിൽ ഇല്ലെന്ന് പറയുവാൻ പാടില്ല. ആവകയായി ഉള്ള ശ്ലോകങ്ങൾ മന്നാടിയാരുടെ കവിതാശക്തി ധാരാളം കാണിക്കുന്നവകളും ആകുന്നു. നമ്മുടെ വലിയതമ്പുരാൻ തീരുമനസ്സിലേക്ക് ഒരിക്കൽ സമർപ്പിച്ച ചില മംഗളശ്ലോകങ്ങളിൽ ഒന്ന് താഴെ ചേർക്കുന്നു.

'ധീരശ്രീനൃപതേ! ഭവാന്റെ ഗുണമാലംബിച്ചുകൊണ്ടെപ്പൊഴും
പാരില്‍ തിങ്ങിവിളങ്ങിടും വിമലമാം സല്‍കീര്‍ത്തിനന്മുത്തിനെ
ഊരുന്നൂ ചിലര്‍ കൈക്കലാക്കുവതിനായാര്‍ക്കും ലഭിക്കില്ലതിന്‍
സാരം ഞാന്‍ പറയാം ഗുണത്തിനു വിഭോ! തുമ്പില്ലവര്‍ക്കും തഥാ'

ഈ ശ്ലോകം ഉണ്ടാക്കിയ കവിക്ക് കവിതാശക്തിയില്ലെന്ന് എങ്ങനെ പറയുന്നു. ഈ കവി ഒരു കല്പിതഗ്രന്ഥം നിർമ്മിക്കാഞ്ഞത് മലയാളഭാഷയുടെ ഗ്രഹപ്പിഴയെന്നല്ലാതെ മറ്റൊന്നും പറവാനില്ല.

എന്തെങ്കിലും ഒരു കല്പിതഗ്രന്ഥം നിർമ്മിക്കേണമെന്ന് ഈ കവിയോട് പല അവസരങ്ങളിലും ഈ ലേഖകൻ താല്പര്യപ്പെട്ടിട്ടുണ്ട്. അപ്പോഴൊക്കേയും അതിനു സമാധാനമായി പറയാറുള്ളത് എന്തെന്നാൽ:- 'കാളിദാസൻ ഭവഭൂതി മുതലായവരുടെ കൃതികൾ വായിച്ചിട്ട് എങ്ങനെയാണ് ഒരു കല്പിതഗ്രന്ഥം

നിർമ്മിക്കുന്നത്' എന്നാണ്. 'കാളിദാസൻ ഭവഭൂതി ഇവരെപ്പോലെ കൃതികൾ നിർമ്മിപ്പാൻ കഴിയുമ്പോൾ മാത്രമേ സ്വന്തമായി വല്ലതും പ്രവർത്തിക്കുകയുള്ളൂ എന്ന് എല്ലാ കവികളും വിചാരിച്ചാൽ നമ്മുടെ ഭാഷയുടെ സ്ഥിതി എന്തായിരിക്കും' എന്ന് ഞാൻ ഒരിക്കൽ ചെയ്ത ചോദ്യത്തിന്ന് ഉത്തരമായി പറഞ്ഞത്:- 'സംസ്കൃതഭാഷയിൽ ഉൽകൃഷ്ട ഗ്രന്ഥങ്ങൾ വളരെ ഉണ്ടല്ലോ, അവയെല്ലാം കഴിയുന്നിടത്തോളം മലയാളികൾക്ക് ഉപയോഗപ്പെടുത്തിയതിന്റെ ശേഷമല്ലേ വേണമെങ്കിൽ തന്നെയും സ്വന്തമായി വല്ലതും പ്രവർത്തിപ്പാനുത്സാഹിക്കണ്ടത്' എന്നാണ് 'എന്നാൽ ഉത്തരരാമചരിത്തിനുശേഷം ഒന്നും തർജ്ജമ ചെയ്തില്ലല്ലോ' എന്നു ഞാൻ ഒരിക്കൽ ആക്ഷേപിക്കുകയുണ്ടായി. അപ്പോൾ പറഞ്ഞ സമാധാനം:- 'ഒരു ഗ്രന്ഥം തർജ്ജമചെയ്‍വാൻ പുറപ്പെടുന്നതിനു മുമ്പ് അതിന്റെ കിട്ടാവുന്നിടത്തോളമുള്ള വ്യാഖ്യാനങ്ങളോടുകൂടി അതു നാല് പ്രാവശ്യമെങ്കിലും പഠിക്കണം. പിന്നെ അത് നാലു പ്രാവശ്യമെങ്കിലും വായിച്ച് നല്ലവണ്ണം ആലോചിച്ച് കവിഹൃദയം കഴിയുന്നിടത്തോളം മനസ്സിലാക്കണം എന്നതിന്റെ ശേഷം വേണം തർജ്ജമ ചെയ്‍വാൻ പുറപ്പെടാൻ' എന്നാണ്. ഇത്രയും മനസ്സിരുത്തി പ്രയത്നം ചെയ്തിട്ടാണ് നമ്മുടെ കവി ഒരു ഗ്രന്ഥം തർജ്ജമ ചെയ്‍വാൻ പുറപ്പെടുന്നത് എന്നത് ഉത്തരരാമചരിതത്തെപ്പറ്റി പല സന്ദർഭങ്ങളിലും ഈ ലേഖകനോടുണ്ടായിട്ടുള്ള സംഭാഷണങ്ങളിൽ നമ്മുടെ കവി തന്റെ തർജ്ജമയിൽ ഓരോരോ വാക്കുകൾ പ്രയോഗിച്ചിട്ടുള്ളതിന്നും ചില വാക്കുകൾ ശ്ലോകങ്ങളുടെ ഓരോരോ ദിക്കില്‍ പ്രയോഗിച്ചിട്ടുള്ളതിന്നും ഇന്നിന്ന ന്യായങ്ങളാണെന്നു പറഞ്ഞ് ബോധ്യപ്പെടുത്തീട്ടുള്ളതിൽനിന്ന് വിശ്വസിപ്പാൻ സംഗതിയായിട്ടുണ്ട്. കവിതയുണ്ടാക്കുന്ന വിഷയത്തിൽ താൻതന്നെ ആലോചിച്ച് ഏർപ്പെടുത്തിയിട്ടുള്ളതും നന്നായി തർജ്ജമചെയ്യേണമെങ്കിൽ ആവശ്യമുള്ളതും ആയ ഈ വക നിബന്ധനകളുടെ കർക്കശത നിമിത്തമാണ് അധികം കൃതികൾ ഈ കവിയുടെ വകയായി ഉണ്ടായിട്ടില്ലാത്തത്. ഈ മാതിരി ക്ലേശിച്ച് പ്രയത്നം ചെയ്യുന്നത് കവിതാവിഷയത്തിലെന്നുവേണ്ട മന്നാടിയാർ ഏർപ്പെടുന്നതോ ഏല്കുന്നതോ ആയ എല്ലാ കാര്യത്തിലും ഉള്ളതാണെന്ന് അദ്ദേഹമായിട്ട് പരിചയമുള്ള എല്ലാ ആളുകൾക്കും അറിവാൻ ഇടയുണ്ടായിരിക്കണം. തന്റെ കാലയാപനത്തിന്നു മരണം വരെ താൻ സ്വീകരിച്ചുവന്ന ഉദ്യോഗം ഒരു വക്കീലുദ്യോഗമായിരിക്കയും അതിൽ ഒരുവിധം മതിയായ കേസുകളും സമ്പാദ്യവും ഉണ്ടായിരിക്കുകയും ചെയ്തിരുന്ന അവസ്ഥയ്ക്ക് ഈ കവി നമ്മുടെ ഭാഷയ്ക്ക് മൂന്നു ഉത്തമഗ്രന്ഥങ്ങളെ ദാനംചെയ്തത് ഓർക്കുമ്പോൾ മൂന്നിലധികം കിട്ടിയില്ലല്ലോ എന്ന വ്യസനിക്കാതെ ഉള്ളതു നല്ലതായി കിട്ടിയല്ലോ എന്ന് വിചാരിച്ച് സന്തോഷിപ്പാനും മതിയായ കാരണമുണ്ട്.

ഇനി മന്നാടിയാരുടെ ജീവചരിത്രത്തെപ്പറ്റിക്കൂടി ചുരുക്കമായി പ്രസ്താവിച്ച് ഈ ലേഖനം അവസാനിപ്പിക്കാം. മന്നാടിയാര്‍ 1032 മാണ്ട് മീനമാസം 5ന് കൊച്ചിശ്ശീമ കിഴക്കൻചിറ്റൂരിൽ ഒരു വലിയ ജന്മിയും ഒരു നാടുവാഴിയും ആയ ചമ്പത്തിൽ വീട്ടിൽ ജനിച്ചു. ചെറുപ്പത്തിൽ ഒരു രോഗപീഡിതനായിരുന്നു. ആ കാലത്ത് തന്റെ ഭവനത്തിലെ കുട്ടികളെ വിദ്യാഭ്യാസം ചെയ്തുവന്നിരുന്ന ആളും 'ചമ്പത്തിലെ അപ്പുഎഴുത്തച്ഛൻ' എന്ന് ഇപ്പോഴും ആ പ്രദേശങ്ങളിൽ ഖ്യാതിയുള്ള ആളും ഒരു ഗുരുത്വമുള്ള ജ്യോത്സ്യനും വിദ്വാനും ഹാലാസ്യമാഹാത്മ്യത്തില്‍

'കരുണാബ്ധിയാം രാമഗുരുനാഥന്റെ ദിവ്യ-
ചരണാംബുജദ്വയം ശരണം സദാ മമ
സ്മരണം യസ്യ ശാസ്ത്രവരണാലയങ്ങളെ

തരണം ചെയ്‍വതിന്നു തരണിയായീടുന്നു
വരണം ചെയ്‍വാന്‍ താനേ വരണം കവിതയാം
തരുണീയതിന്നു മേ തരണം ഗുരുകൃപാം'

എന്നു പ്രസ്താവിക്കപ്പെട്ടിട്ടുള്ള ആളും ആയ ചിറ്റൂർ കോതാത്തെ രാമൻനായരുടെ കീഴിലാണ് മന്നാടിയാർ വിദ്യാഭ്യാസം ചെയ്തിട്ടുള്ളത്. 'ആ ദണ്ഡം പിടിച്ച് ശേഷികെട്ടിരിക്കുന്നവൻ അവൻ ഇപ്പോൾ കണ്ടാൽ സാരമില്ല, അവനാണ് പഠിപ്പുകൊണ്ട് യോഗ്യതയും പേരും സമ്പാദിക്കുന്നവന്‍' എന്നു നമ്മുടെ കവിയെ ചൂണ്ടിക്കാണിച്ച് അപ്പുഎഴുത്തച്ഛൻ പലപ്പോഴും പറയാറുണ്ടായിരുന്നു എന്നു ചമ്പത്തിലുള്ളവർ പറഞ്ഞുകേട്ടിട്ടുണ്ട്. ആ കാലത്ത് അപ്പുഎഴുത്തച്ഛന്റെ ഉപദേശപ്രകാരം തിരുവിതാംകൂർ വക്കീൽപരീക്ഷയ്ക്ക് പഠിച്ചു ജയിച്ചു. അതിന്നുശേഷം കുറേക്കാലം മുവ്വാറ്റുപുഴെ വക്കിലായിരുന്നു. പിന്നീട് കൊച്ചിവക്കീൽ പരീക്ഷയിലും ജയിച്ചു അപ്പീല്‍കോട്ട് വക്കീലിന്റെ സന്നതും വാങ്ങി തൃശ്ശിവപേരൂർ സ്ഥിരമായി താമസിച്ച് വക്കീൽപ്രവൃത്തി നോക്കിവരികയും ചെയ്തു. ആ കാലത്ത് ഒരിക്കൽ തൃശ്ശിവപേരൂർ 1063-ല്‍ ഉണ്ടായിരുന്നു 'കേരളനന്ദിനി' എന്ന പത്രത്തിന്റെ പ്രഥമപത്രാധിപസ്ഥാനം രണ്ടോ മൂന്നോ മാസത്തോളം വഹിച്ചു പ്രവർത്തി നടത്തുകയും ചെയ്തിട്ടുണ്ട്. ജാനകീപരിണയവും ഹാലാസ്യമഹാത്മ്യവും ഉത്തരരാമചരിതവും ഈ കാലത്തിന്നുശേഷമുള്ള കൃതികളാകുന്നു. 'പുഷ്പഗിരിഗിരീശസ്തോത്രം' എന്ന് ശ്രീരാമപരമായി തത്വജ്ഞാനദര്‍ശിനിയായ ഒരു ആര്യാശതകം സംസ്കൃതത്തിലുണ്ടാക്കി പ്രസിദ്ധപ്പെടുത്തിയ ഒരു പുസ്തകം കൂടി മന്നാടിയാരുടെ വകയായിട്ടുണ്ട്.

മരിക്കുന്നതിന് രണ്ടുമൂന്ന് കൊല്ലങ്ങൾക്കു മുമ്പ് തുടങ്ങി പ്രമേഹസംബന്ധമായ ഉപദ്രവങ്ങൾ കൂടെക്കൂടെ ഉണ്ടായിരുന്നു. ഒടുവിൽ ടി രോഗം അധികമായി തൃശ്ശിവപേരൂരിൽവെച്ച് 1080 വൃശ്ചികം 14ന് പരലോകം പ്രാപിക്കയും ചെയ്തു. ഈ അവസരത്തിൽ കേരളഭാഷാബന്ധുക്കളായവർക്കും അവരിൽ പ്രത്യേകിച്ചും മന്നാടിയാരായിട്ടുള്ള അടുത്തപരിചയംകൊണ്ട് അദ്ദേഹത്തിന്റെ ബുദ്ധിശക്തിയും സ്വഭാവഗുണവും അറിവാൻ ഇടയുണ്ടായിട്ടുള്ള അസ്മാദാദികൾക്കും സംഭവിച്ചിട്ടുള്ള വ്യസനത്തിന്ന് താഴെ പറയുന്ന ഭഗവദ്വാക്യത്തിലെ സമാധാനമല്ലാതെ മറ്റൊന്നും ഇല്ല-

ജാതസ്യ ഹി ധ്രുവോ മൃത്യുഃ
ധ്രുവം ജന്മമൃതസ്യ ച
തസ്മാദപരിഹാര്യേര്‍ത്ഥെ
നത്വം ശോചിതുമര്‍ഹസി
(ഭഗവല്‍ഗീത)

താളിളക്കം
!Designed By Praveen Varma MK!