Contacts

സി രാഘവപൊതുവാൾ

ചില മലയാള വൎണ്ണങ്ങൾ

1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. എന്നാൽ സാമ്പത്തികക്ളേശംമൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു.

സംവൃതാകാരത്തോട് നമ്മുടെ വിവാദഗ്രസ്തമായ സംവൃതസ്വരത്തിന് ശ്രുതിസാമ്യമുണ്ടാകയാൽ, പൂർവ്വികന്മാർ കാട്, വീട് എന്ന ശബ്ദിച്ചിരുന്ന പദങ്ങളെ ആര്യന്മാർ "പപാത" എന്ന് എഴുതുന്ന രീതി അനുസരിച്ച് കാട,വീട എന്ന് എഴുതുകയും, തന്നിമിത്തം "പപാത"എന്നതിലെ അന്ത്യസ്വരം പോലെ ഇവകളിലെ അന്ത്യസ്വരവും അകാരസംബന്ധിയെന്ന് അവർ പ്രാമാദികമായി വിശ്വസിക്കുകയും ആ വിശ്വാസം ചില ആധുനികന്മാരിലും പരമ്പരയായി നിലനിന്നു വരികയും ചെയ്തതിനാലോ തമിഴ് വ്യാകരണത്തിലുള്ള "കുറ്റിയലുകാരം മുറ്റിയലുകാരം" ഇവയെപ്പറ്റി ഇവർ തീരെ അപരിചിതന്മാരായിരുന്നതിനാലോ ആയിരിക്കാം മേൽപറഞ്ഞ വാദത്തിന് കാരണമായിത്തീർന്നത്.

എന്നാൽ ഈ സ്വരം സംവൃതോകാരമാണെന്ന് മലയാളത്തിലുള്ള മിക്ക വിദ്വാന്മാരും ഇപ്പോൾ ഒത്തൊരുമിച്ച് സമ്മതിച്ചിരിക്കുന്നു എന്നതിന് ഭാഷാപോഷിണി ഒരു ബലമായ തെളിവാകകൊണ്ട് ഞാൻ ഇപ്പോൾ സംവൃതാകാരമല്ലെന്നു വീണ്ടും സ്ഥാപിക്കാനായിത്തുനിയാതെ സംവൃതോകാരത്തില്‍ പ്രവേശിക്കാം. ഈ സംവൃതോകാരത്തെ ഒരക്ഷരത്തോട് ചേർത്തെഴുതുമ്പോൾ കേരളപാണിനീയത്തെ അനുസരിച്ച് ഉകാരവും മീതെ സംവൃതോകാര ചിഹ്നമായ ചന്ദ്രക്കലയും(്) രണ്ടും വേണമോ എന്നും അല്ല ആ ലിപിയുടെ മീതെ ചന്ദ്രക്കലമാത്രം ഇട്ടാൽ മതിയോ എന്നുമാണ് മുഖ്യമായവാദം. ചന്ദ്രക്കലതന്നെ അരയുകാരചിഹ്നമാകനിമിത്തം ഉകാരവും (്) ചന്ദ്രക്കലയും കൂടുമ്പോൾ ഒന്നര ഉകാരമായില്ലേ? അതുകൊണ്ട് ഇകാരം അനാവശ്യമാണെന്നാണ് തോന്നുന്നത്. എന്നാൽ(്) ചന്ദ്രക്കല മാത്രം ചേർക്കുന്നതായാൽ അകാരവും സംവൃതോകാരവും കൂടി ഒന്നര സ്വരമായില്ലേ എന്ന് ചോദിക്കുമായിരിക്കാം. ഈ സംശയം മലയാള ഭാഷയിൽ സ്വരചിഹ്നങ്ങൾ വർണ്ണങ്ങളോടു ചേർക്കുന്ന ക്രമം സൂക്ഷ്മദൃഷ്ട്യാ നോക്കുന്നപക്ഷം തീരുന്നതാകുന്നു. മലയാളത്തിൽ ഇ ഈ മുതലായ സ്വരങ്ങളുടെ ചിഹ്നമാകുന്ന ി ീ മുതലായവ കകാരത്തോട് ചേർത്തെഴുതുമ്പോളാണല്ലോ കി കീ എന്നായിത്തീരുന്നത്. ഇങ്ങിനെ ചേർത്തെഴുതുമ്പോൾ കി എന്ന അക്ഷരത്തിൽ അകാരവും ഇകാരവും

കൂടി രണ്ടു സ്വരങ്ങൾ ഉണ്ടോ. ഇല്ലാത്തപക്ഷം അതുപോലെതന്നെ ക എന്നതിനോട് (്) അരയുകാരസ്വരചിഹ്നം ചേർത്തെഴുതിയിട്ടുണ്ടാവുന്ന ക് എന്നതിൽ മാത്രം സ്വരദ്വയചിഹ്നങ്ങളുണ്ട് എന്ന് പറയുന്നത് യുക്തിയോ? അതുകൊണ്ട് ചന്ദ്രക്കല മാത്രം മതി എന്നും ഉകാരം ആവശ്യമില്ലെന്നും ആണ് എന്റെ അഭിപ്രായം.

കടത്തനാട്ട് ഉദയവർമ്മതമ്പുരാനവർകൾ, മിസ്റ്റർ ജോസഫ് മൂളിയിൽ മുതലായവരെല്ലാവരും മേൽപറഞ്ഞ അഭിപ്രായത്തോട് യോജിച്ചുട്ടുണ്ട്. പണ്ഡിതർ ആർ വി കൃഷ്ണമാചാര്യരവർകള്‍ക്കും ഈ അഭിപ്രായം തന്നെയാണ് ഉള്ളത് എന്ന് അദ്ദേഹത്തിന്റെ ഒരു ദീർഘലേഖനത്തിൽ നിന്ന് എനിക്കു അറിവാൻ സംഗതി ആയിട്ടുണ്ട്.

മലബാർകാരുടെ സംവൃതസ്വരം ഇകാരത്തിൻറെ ഉൾവലിവായിരിക്കെ അതിനെക്കുറിപ്പാന്‍ ഇകാരോപരി ചന്ദ്രകലയല്ലേ ഇടേണ്ടത് എന്ന് മിസ്റ്റർ പിള്ള ചോദിച്ചതിനെപ്പറ്റി ആശ്ചര്യപ്പെടുന്നു. മലബാറിൽ ഈ സംവൃതസ്വരം ഇകാരത്തിന്റെ ഉള്‍വലിവായി ഉച്ചരിക്കുന്നത് മലബാറുകാരനായ എന്റെ അറിവിൽ ഇതേവരെ പെട്ടിട്ടില്ല. അഥവാ അങ്ങനെ ഉണ്ടെന്ന് ഊഹിക്കുന്നപക്ഷംതന്നെ ഇകാരോപരി ചന്ദ്രക്കല ഇടേണമെന്നുണ്ടോ? ഈ വിഷയത്തിൽ കേരളപാണിനീയത്തോട് യോജിക്കുന്നപക്ഷമല്ലേ അങ്ങിനെ ചെയ്യേണ്ടതുള്ളൂ? ആകപ്പാടെ നോക്കിയതിൽ കേരളപാണിനിയത്തോടു യോജിക്കുന്നവരാണ് അധികമാളുകളെന്ന് തോന്നുന്നു എന്നു പറഞ്ഞതിന്ന് അടിസ്ഥാനമെന്തെന്ന് അറിയുന്നില്ല. തിരുവിതാംകൂറിൽ ഭൂരിപക്ഷക്കാരും പാണിനീയത്തെ അനുസരിച്ച് എഴുതിവരുന്നുണ്ടെങ്കിലും മധ്യകേരളത്തിലാകട്ടെ ഉത്തരകേരളത്തിലാകട്ടെ അപ്രകാരം ചെയ്യുന്നില്ലെന്ന നിര്‍വിവാദം പറയാവുന്നതാകുന്നു.

ഈ സ്വരോച്ചാരണത്തിൽ ദേശാന്തരങ്ങളിൽ വല്ല സ്വല്പഭേദവും ഉണ്ടെങ്കിലും എഴുതുന്നതിൽ ഏകരീതിത്വം സാധിക്കേണമെങ്കിൽ ആരും മർക്കട മുഷ്ടിപിടിക്കാതെ യഥാർത്ഥതത്വത്തെ സൂക്ഷ്മമായി അറിഞ്ഞ് യുക്തിക്കനുസരിച്ച് പ്രവർത്തിക്കുന്നതായാല്‍ ഒരു വിഷമവും ഇല്ല.

ഇനി "നന" "പന" ഇവറ്റെയെപ്പറ്റിയാണ് കുറച്ച് പറയാനുള്ളത് അത് ഇതിലെ അന്ത്യലിപി "ഩ" എന്നെഴുതണമെന്നാണല്ലോ പിള്ള അവർകളുടെ അഭിപ്രായം.


പന എന്നതിലെ നകാരത്തിന്റെ ആദ്യത്തെ കുനി ചെറുതായും "നരി" എന്നതിലെ നകാരത്തിന് ഇപ്പോഴുള്ളതുപോലെ രണ്ടു കുനിയും ഒരു പോലെയും ആയിരുന്നുവത്രേ പണ്ടുള്ളവർ എഴുതിയിരുന്നത്.
അപരിചിതന്മാർക്ക് പ്രഥമദൃഷ്ടിയിൽ പരിഭ്രമമുണ്ടാക്കിത്തീർക്കുന്ന ഈ വർണ്ണങ്ങൾ പുതുതായി സൃഷ്ടിക്കുന്നതിനേക്കാൾ നമ്മുടെ പൂർവികന്മാർ ഉപയോഗിച്ചിരുന്ന വല്ല സൂത്രവും ഉണ്ടെങ്കിൽ അത് സ്വീകരിക്കുന്നതല്ലേ നല്ലത്? പന എന്നതിലെ നകാരത്തിന്റെ ആദ്യത്തെ കുനി ചെറുതായും "നരി" എന്നതിലെ നകാരത്തിന് ഇപ്പോഴുള്ളതുപോലെ രണ്ടു കുനിയും ഒരു പോലെയും ആയിരുന്നുവത്രേ പണ്ടുള്ളവർ എഴുതിയിരുന്നത്. ഇതിന്നു ശരിയായ തെളിവ് മിസ്റ്റർ ജോസഫ് മൂളിയിൽ കാണിച്ചതായി ഭാഷാപോഷിണി കാണുന്നതും ഉണ്ട്. അദ്ദേഹം തെളിയിച്ചിട്ടില്ലാത്തപക്ഷം തന്നെ ഈ യുക്തിയാണ് സ്വീകാരയോഗ്യമെന്നാലോചിച്ചാലറിയാവുന്നതാകുന്നു. "പ"കാര "വ"കാരങ്ങള്‍ തമ്മിലുള്ള ഭേദം ഇതിനെ ബലപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് പഴയ സമ്പ്രദായത്തെത്തന്നെ അനുസരിച്ച് "പന"യിൽ നകാരം ആദ്യത്തെ കുഞ്ഞി ചെറുതാക്കി എഴുതുന്നത് ആയാൽ ഉചിതമായിരിക്കും എന്നാണ് എന്റെ അഭിപ്രായം. റ്റ എന്നത് ാ്ാ എഴുതുന്നതിന്നും മതിയായ കാരണം കാണുന്നില്ല. ഇങ്ങനെ മുമ്പുള്ള അക്ഷരങ്ങളെ ഉടച്ചുവാര്‍ക്കാനും സർവ്വശബ്ദങ്ങൾക്കും ശരാശരിയായി നൂതന അക്ഷരങ്ങൾ സൃഷ്ടിക്കാനും ശ്രമിക്കുന്നപക്ഷം നമ്മുടെ ഭാഷയ്ക്ക് അന്യഭാഷകളായി സമ്മേളനം വർദ്ധിക്കുന്തോറും ഓരോരോ ലിപികളെ ചേർക്കേണ്ടി വരുന്നതാകയാൽ കാലക്രമംകൊണ്ട് അക്ഷരകാണ്ഡം പരബ്രഹ്മംപോലെ അനന്തമായിത്തീരുകയും, നമ്മുടെ പിന്തുടർച്ചക്കാർക്ക് ഇക്കാലത്തെ വല്ല ഗ്രന്ഥങ്ങളോ പുസ്തകങ്ങളോ വായിച്ചു മനസ്സിലാക്കണമെങ്കിൽ അസാധ്യമായി വരികയും ചെയ്യും.

താളിളക്കം
!Designed By Praveen Varma MK!