Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

187 സമ്മിശ്രവാക്യങ്ങൾ.

(1) കാഴ്ചെക്കു ആയതു അല്പമായി തോന്നിയാലും ആക്രിയ, ഒരുവന്നു ഗുണകരങ്ങളായ സൽകൃത്യാദികളിൽ സ്വാഭാവികമായി തന്നേ ആസ്ഥയുണ്ടെന്നുള്ളതിനെ കുറിക്കുന്ന ലക്ഷണങ്ങളിൽ ഒന്നാകുന്നു എന്നു പ്രത്യേകിച്ചു ഓരോന്നു സൂക്ഷിപ്പാനും മിതവ്യയം ചെയ്വാനും ഉള്ള ശീലത്തിന്റെ സൂചകമെന്നും ആ വ്യാപാരിശ്രേഷ്ഠന്നു ബോധമായി.
(a) ‘കാഴ്ചെക്കു ആയതു അല്പമായി തോന്നിയാലും’, ബോധമായി എന്നതിനെ വിശേഷിക്കുന്ന ഭേദകവാക്യം.
(b) ‘ഗുണകരങ്ങളായ’– സ്വൽകൃത്യാദികളിൽ എന്നതിനെ വിശേഷിക്കുന്ന ഭേദകവാക്യം.
(c) ‘ഒരുവന്നു സ്വൽകൃത്യാദികളിൽ സ്വഭാവികമായി തന്നേ ആസ്ഥ ഉണ്ടു’. നാമവാക്യം ഉള്ളതു എന്നതിനോടു അന്വയിക്കുന്നു.
(d) ‘ഉള്ളതിനെ കുറിക്കുന്ന’– ഭേദകവാക്യം ലക്ഷണങ്ങൾ എന്നതിനെ വിശേഷിക്കുന്നു.
‘എന്നു’ c യെയും d യെയും കൂട്ടിച്ചേൎക്കുന്നു.
(e) ‘ആ ക്രിയ ലക്ഷണങ്ങളിൽ ഒന്നാകുന്നു’. നാമവാക്യം ബോധം എന്നതിനോടു സമാനാധികരണത്തിൽ അന്വയിക്കുന്നു.
(f) ‘(ഒരുവൻ) പ്രത്യേകിച്ചു ഓരോന്നു സൂക്ഷിപ്പാനും മിതവ്യയം ചെയ്വാനും ഉള്ള’– ഭേദകവാക്യം ശീലത്തിന്റെ എന്നതിനെ വിശേഷിക്കുന്നു.
(g) ‘ശീലത്തിന്റെ സൂചകം [ആകുന്നു]’ നാമവാക്യം, ബോധം എന്നതിനോടു സമാനാധികരണത്തിൽ അന്വയിക്കുന്നു.
എന്നും– എന്നും എന്നതു e, g എന്ന സജാതീയനാമവാക്യങ്ങളെ കൂട്ടിച്ചേൎക്കുന്നു.
(h) ‘വ്യാപാരിശ്രേഷ്ഠന്നു ബോധമായി’ പ്രധാനവാക്യം.
ഈ അവാന്തരവാക്യങ്ങളെ കേവലവാക്യങ്ങളെ പോലെ അപോദ്ധരിക്കേണം.
(i) താഴെ ചേൎത്ത വാക്യങ്ങളെ അപോദ്ധരിക്ക.

1. കാണാം സീതയെയെന്നു കണ്ണിരുപതും തേടുന്നു മേ കൌതുകം,
ക്ഷോണീനന്ദിനിതന്നേയൊന്നു പുണരാമെന്നങ്ങിനേ കൈകളും, ।
കാണുമ്പോളവൾ നിന്ദ്യമെന്നു കരുതും രൂപം വെടിഞ്ഞീവധം
താണുള്ളോരു മനുഷ്യരൂപമധുനാ കഷ്ടം ധരിക്കാറുമായ് ॥

2. ആരാണ് പിന്നെ വിജനമായും മനോഹരമായുള്ള ഉദ്യാനമദ്ധ്യത്തിൽ പഴുത്തിരിക്കുന്ന വലിയ ഫലങ്ങളുടെ ഭാരത്താൽ കൊമ്പുകൾ താണിട്ടുള്ള മാതളച്ചെടികളാൽ ഉള്ളിൽ പ്രവേശിപ്പാൻ പ്രയാസമായും നല്ല തണലും ഭംഗിയുമുള്ള തെങ്ങുന്തോട്ടത്താൽ അലങ്കരിക്കപ്പെട്ടും ഇരിക്കുന്ന പിച്ചകവള്ളിക്കുടിലിൽ തണപ്പുള്ള തളിരുകളാൽ ഉണ്ടാക്കപ്പെട്ട മെത്തയിൽ കിടന്നുകൊണ്ടും രാമച്ചത്തിന്റെയും ചന്ദനത്തിന്റെയും രസങ്ങളാൽ നനയ്ക്കപ്പെട്ട മാൎവ്വിടത്തിലും പുതിയ ചന്ദ്രക്കല പോലേ മനോഹരങ്ങളായ അല്ലിത്തണ്ടുകളാൽ ഉണ്ടാക്കപ്പെട്ട മാലകളെ ഇടവിടാതെ അണഞ്ഞുകൊണ്ടും, അരികിലിരിക്കുന്ന സഖികളുടെ കൈകൾ കൊണ്ടു വീശുന്ന താമരയിലവീശരിയിൽനിന്നു അതിശീതമായ്വരുന്ന മന്ദവായുവിനെ ഏറ്റുകൊണ്ടും ദിവസങ്ങളെ കഴിച്ചു കൂട്ടുന്നതു?

3. കഷ്ടമായുള്ളോരു വിപ്രനിരാസവും,
നിഷ്ഠൂരമായവൻ ചെയ്ത ശപഥവും,
കേട്ടു വിഷാദവും ഭീതിയും പൂണ്ടഥ
ശിഷ്ടനാം മന്ത്രികുലോത്തമൻ രാക്ഷസൻ
ദീൎഘമായിക്കണ്ടു ഭയം പൂണ്ടതിനൊരു
മാൎഗ്ഗമെന്തെന്നു വിചാരം തുടങ്ങിനാൻ.

4. മന്ത്രി പറഞ്ഞതിന്നു വിരോധം പറവാൻ രാജാവിന്നു കഴിയാതെ അത്യന്തം കുപിതനായി “ആ ചതിയൻ എവിടെ, ആ പരമദുഷ്ടൻ എവിടെ, ഞാൻ അവന്റെ തല ഈ ക്ഷണം വെട്ടിക്കളയും” എന്നു തിരുനാവൊഴിഞ്ഞു.
5. “ കാമദേവനെ ശ്രീപരമേശ്വരൻ ദഹിപ്പിച്ചതാണെന്നു പറയുന്നതു കേവലം ഭോഷ്കു തന്നെയാണു, നളമഹാരാജാവു തന്റെ സൌന്ദൎയ്യസംപദ്വിലാസംകൊണ്ടു ജയിച്ചതിനാലുള്ള ലജ്ജ സഹിക്കവഹിയാതെയായിട്ടു കാമദേവൻ സ്വയമേവ ശ്രീപരമേശ്വരന്റെ മൂന്നാം തൃക്കണ്ണാകുന്ന അഗ്നികുണ്ഡത്തിൽ ചാടി ദേഹം ദഹിപ്പിച്ചതാണ” എന്നോ “ശിവാക്ഷിദഗ്ദ്ധനായ കാമദേവൻ വീണ്ടും നളനാമധേയത്തോടുകൂടി ഭൂമിയിങ്കൽ അവതരിച്ചിരിക്കയാണ” എന്നോ മറ്റോ കവികളുടെ രീതിയെ അനുസരിച്ചു വൎണ്ണിക്കുന്നതായാലും, ഈ മഹാപുരുഷന്റെ രൂപസൌഭാഗ്യത്തിന്റെ സ്ഥിതിക്കു അതൊരു തിരസ്കാരവചനമലാതെ ഒരിക്കലും അതിശയോക്തിയായി വരുന്നതല്ല.
(ii) മേൽവാക്യങ്ങളിലേ സമാസങ്ങളെ എടുത്തു വിഗ്രഹിക്കുക.
(iii) വിഭക്തികളുടെ കാരകാൎത്ഥങ്ങളും പറക.
(iv) പാഠപുസ്തകങ്ങളിലേ ൬ വാക്യങ്ങൾ എടുത്തു അവയെ വിഭജിക്കുക.

താളിളക്കം
!Designed By Praveen Varma MK!