Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

181 നാമവാക്യം

170. (1) നാമവാക്യം നാമത്തിന്നു തുല്യമാകയാൽ നാമത്തിന്റെ ലക്ഷണങ്ങളെല്ലാം അതിന്നുണ്ടു. അതു ആഖ്യയും കൎമ്മവും ആയിരിക്കും. (ii. 3.)
(i), ഉപവാക്യം ക്രിയാനാമത്തിലോ ക്രിയാപുരുഷനാമത്തിലോ അവസാനിക്കുന്നുവെങ്കിൽ ഇവയുടെ വിഭക്തി ഷഷ്ഠിയാകുന്ന പക്ഷം ആ ഷഷ്ഠി അന്വയിക്കുന്ന നാമത്തിന്റെ വിശേഷണമായ നാമവാക്യമായിരിക്കും. മറ്റുവിഭക്തികളാകുന്നുവെങ്കിൽ അവ ക്രിയയോടു അന്വയിക്കും. ആയതുകൊണ്ടു നാമവാക്യം നാമവിശേഷണവും ക്രിയാവിശേഷണവും ആയിരിക്കും.
(ii) ‘ചാണക്യൻ ഇന്നത്ര ഭോഷത്വമുള്ളോനല്ലെന്നു ദൃഢമല്ലോ’. ഇതിൽ ‘ചാണക്യൻ ഇന്നത്ര ഭോഷത്വമുള്ളോനല്ല’ എന്നതു നാമവാക്യം “ദൃഢമല്ലോ” എന്നതിന്റെ ആഖ്യ. “ദൃഢമല്ലോ” എന്നതു പ്രധാനവാക്യം. ഈ പ്രധാനവാക്യത്തിന്റെ ആഖ്യ നാമവാക്യമാകുന്നു.
(iii) നാമവാക്യവും പ്രധാനവാക്യവും ‘എന്നു’ എന്ന സംഗ്രാഹക ഘടകത്താൽ കൂട്ടിച്ചേൎത്തിരിക്കുന്നു. (ii. 143.)
(iv) ‘രാമൻ കാട്ടിൽ പോയി എന്നു ജനങ്ങൾ കേട്ടു വ്യസനിച്ചു’. എന്ന സങ്കീൎണ്ണവാക്യത്തിൽ ‘രാമൻ കാട്ടിൽ പോയി’ എന്ന നാമവാക്യം ‘കേട്ടു’ എന്നതിന്റെ കൎമ്മം.
(v) (a) ‘കുട്ടി ധൈൎയ്യത്തോടെ സത്യം പറകയാൽ, (b) അച്ഛൻ അത്യന്തം സന്തോഷിച്ചു’. ഇതിൽ (a) എന്ന വാക്യ ‘പറകയാൽ’ എന്ന തൃതീയയിൽ അവസാനിക്കുന്നതു കൊണ്ടു (b) യിലെ ‘സന്തോഷിച്ചു’ എന്ന ക്രിയയോടു അന്വയിച്ചു അതിനെ വിശേഷിക്കുന്നു. സന്തോഷത്തിന്റെ കാരണം കാണിക്കുന്നു.
(vi) ‘ശകുന്തള പറഞ്ഞതിന്റെ സാരം മനസ്സിലായോ’ എന്ന സങ്കീൎണ്ണവാക്യത്തിൽ ‘ശകുന്തള പറഞ്ഞതിന്റെ’ എന്ന ഉപവാക്യം ഷഷ്ഠിയിൽ അവസാനിക്കുന്നതുകൊണ്ടു പ്രധാനവാക്യത്തിലെ സാരം എന്ന നാമത്തിന്റെ വിശേഷണമാകുന്നു.
(2) ആഖ്യ, ആഖ്യാതം, നാമവിശേഷണം, ക്രിയാവിശേഷ്ണം എന്നിവയുടെ സ്ഥാനത്തു നാമവാക്യം വരും.
171. (1) സാധാരണമായി ഭേദകവാക്യങ്ങളെല്ലാം അപൂൎണ്ണക്രിയയിൽ അവസാനിക്കും. ശബ്ദന്യൂനങ്ങളിൽ അവസാനിക്കുന്ന ഉപവാക്യങ്ങൾ ആ നാമത്തിന്റെ വിശേഷണമായിരിക്കും. ക്രിയാന്യൂനം, സംഭാവന, അനുവാദകം, ഭാവരൂപം ഇവയിൽ ഉപവാക്യം അവസാനിക്കുന്നുവെങ്കിൽ അതു പ്രധാനവാക്യത്തിലേ ഒരു ക്രിയയെ വിശേഷിക്കും.
(i) (a) “ശകുന്തളേ, മുല്ലപ്പൂപോലെ സുകുമാരശരീരയായ (b) നിന്നെയും ഈ ആശ്രമവൃക്ഷങ്ങളെ നനയ്ക്കുന്നതിന്നു നിയോഗിച്ചതിനാൽ (c) താതകണ്വന്നു നിന്നെക്കാളും ഇവ പ്രിയതരങ്ങളാണു (d) എന്നു ഞാൻ വിചാരിക്കുന്നു.” ഈ സങ്കീൎണ്ണവാക്യത്തിൽ (a) എന്ന ഉപവാക്യം ശബ്ദന്യൂനത്തിൽ അവസാനിക്കുന്നതു കൊണ്ടു നിന്നെയും എന്നതിന്റെ വിശേഷണം. (b) എന്നതു നിയോഗിച്ചതിനാൽ എന്ന ക്രിയാപുരുഷനാമത്തിന്റെ തൃതീയയിൽ അവസാനിക്കുന്നതു കൊണ്ടു (c) എന്നതിലേ ആണു (= ആകുന്നു)എന്ന ക്രിയയുടെ വിശേഷണം. (c) എന്നതു നാമവാക്യം (d) യിലെ വിചാരിക്കുന്നതിന്റെ കൎമ്മം. (d) പ്രധാനവാക്യം.

(ii) “ഉഗ്രനായുള്ളോരു വിപ്രനവന്തനിക്കഗ്രാസനം നരപാലകന്മാരവർ എന്നും കൊടുക്കയില്ലെന്നും വരും.” ഇതിൽ (1) ‘ഉഗ്രനായുള്ള’ എന്നതു ഭേദകവാക്യം ‘ഒരു വിപ്രൻ’ എന്നതിന്റെ വിശേഷണം; (2) ‘ഒരു വിപ്രനവന്തനിക്കു അഗ്രാസനം നരപാലകന്മാർ എന്നും കൊടുക്കയില്ല’ എന്നതു നാമവാക്യം ‘വരും’ എന്നതിന്റെ ആഖ്യ. (3) ‘വരും’ എന്നതു പ്രധാനവാക്യം; (2) വാക്യത്തിന്റെ ആഖ്യാതം.

(iii) (a) “ജീവനോടു ബത പാണ്ഡുപുത്രരിന്നൈവരിങ്ങു സവിധേ വസിക്കവേ, (b) പാപമിദ്രുപദരാജനന്ദിനിക്കേവമുള്ള ദശ സംഭവിച്ചിതേ”. ഈ സങ്കീൎണ്ണവാക്യത്തിൽ (a) എന്നതു ഭാവനാമത്തിൽ അവസാനിക്കുന്നതുകൊണ്ടു പ്രധാനവാക്യമായ (b) യിലേ ‘സംഭവിച്ചിതേ’ എന്നതിന്റെ വിശേഷണം.

(2) ഭേദകവാക്യം ചിലപ്പോൾ പൂൎണ്ണക്രിയയിലും അവസാനിക്കും. അപ്പോൾ അതു പ്രശ്നാൎത്ഥകസൎവ്വനാമംകൊണ്ടു തുടങ്ങും.
(i) (a) യാതൊരുപുമാൻ പരമാത്മാനമുപാസിപ്പു (b) അവൻ ബ്രഹ്മത്തെ പ്രാപിക്കും.

(ii) (a) യാതൊരുത്തൻ മോഹംകൊണ്ടു കാൎയ്യം സാധിപ്പാൻ പുറപ്പെടുന്നു (b) അവന്നാപത്തു വരും.
(iii) (a) യാതൊരു ദേവി ആനന്ദരൂപിണിയായ് വസിക്കുന്നതും (b) അങ്ങനെ യുള്ള ദേവിക്കു നമസ്കാരം. ഇവിടെ (a) എന്ന വാക്യങ്ങൾ ഭേദകവാക്യങ്ങൾ (b) എന്നിവയിലെ നാമത്തെ വിശേഷിക്കുന്നു.

താളിളക്കം
!Designed By Praveen Varma MK!