Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

055. ചൊ— ക്രിയഎന്നാൽ എന്ത—

ഉ— കൎത്താവാക്കി കല്പിക്കപ്പെട്ട പദാൎത്ഥത്തിന്റെ ചെറിയവ്യാപാരങ്ങളുടെ കൂട്ടമാകുന്നു—
ഉദാ— ബാലൻപറയുന്നു— ഇവിടെകണ്ഠം— താലു— മുതലായസ്ഥാനങ്ങളിൽ നാക്കൊടുകൂടിപലവ്യാപാരവും പിന്നെശബ്ദത്തെ പ്രകാശിപ്പിക്കയും പിന്നെ അക്ഷരങ്ങളാക്കി പ്രയൊഗിക്കയും ഇങ്ങനെചെറിയ അനെകംവ്യാപാരങ്ങൾ കൂടി ഒന്നാക്കി സംകല്പിക്കും‌പൊൾ സംസാരിക്ക എന്ന ക്രിയയാകുന്നു— എഴുതുന്നു— ഇവിടെ പെന‌എടുക്കുക— മഷിയിൽ മുക്കുക— മെൽകീഴായി വരയ്ക്കുക— മുതലായ അംശക്രിയകൾ ഭവിക്കുന്നുഇതിന്മണ്ണം ഭക്ഷണക്രിയയിൽ കൈകൊണ്ടചൊറ എടുക്കുക— പൊക്കുക— നാക്കിൽവയ്ക്കുക ചവയ്ക്കുക—എറക്കുകമുതലായ ക്രിയകളുടെകൂട്ടം എന്നഊഹിക്കണം—
എന്നാൽ അവയവക്രിയകൾക്കും സൂക്ഷ്മാവയവക്രിയകൾഉണ്ട—
ഉദാ— ഭക്ഷണത്തിനു അവയവമായി എടുക്കുക എന്ന ക്രിയയ്ക്കു കൈതാത്തി അന്നത്തിന്റെതാഴെ ആക്കുക കയ്യിൽഅടക്കുക— പൊക്കുകഎന്നക്രിയാ സമൂഹംസ്പഷം‌ആകുന്നു— കൎത്താവാക്കിസംകല്പിക്ക എന്നവാക്കുകൊണ്ട ഒരുക്രിയയിൽതന്നെവെറെഒന്നിനെയുംകൎത്താവാക്കിസംകല്പിക്കാമെന്നൎത്ഥം—
ഉദാ— ബാലന്റെവാക്ക്— വിസ്താരമായി പുറപ്പെടുന്നു—
അൎത്ഥം— ബാലൻ വിസ്താരമായി പറയുന്നുഎന്നതിന്ന സമംതന്നെ എംകിലും ഇവിടെകൎമ്മത്തിനു കൎത്തൃത്വംവാക്കിന കല്പിക്കപ്പെടുന്നു— എന്നുഭെദമുണ്ട— കാരകങ്ങൾക്ക കൎത്തൃത്ത്വകൎമ്മ ത്ത്വാദികളെ ഭംഗി അനുസരിച്ച ഭെദപ്പെടുത്താമെന്നു മുൻപിലും പറഞ്ഞിട്ടുണ്ടല്ലൊ— ശബ്ദത്തിന്നും മനസ്സിനും‌ക്രിയസംഭവിക്കുന്നു ക്രിയക്ക—
ഉദാ— പാട്ടനന്നാവുന്നു നാദംഷൾ്ജത്തിൽ പ്രവെശിക്ക— ഉച്ചത്തിൽപ്രവെശിക്ക പലവിധം ആരൊഹണത്തെയും വിധിപൊലെ സുഖകരമായി അവരൊഹണത്തെയും ചെയ്യുന്നുഎന്ന‌അൎത്ഥം ഇങ്ങനെശബ്ദക്രിയവരും മനസ്സിന്ന—
ഉദാ— ശാസ്ത്രത്തെചിന്തിക്കുന്നു— ഇവിടെഗുരുപറഞ്ഞ വാക്യത്തിന്റെ സ്മരണം— അൎത്ഥസ്മരണം— വിരൊധസ്മരണം— പരിഹാരസ്മരണം— ശംകാസംഭവം— നിശ്ചയം— ഇത്യാദിമനൊവ്യാപാരസമൂഹക്രമമാകുന്നു— ക്രിയകൾ സകൎമ്മങ്ങൾഎന്നും അകൎമ്മങ്ങളെന്നും‌രണ്ടവിധം‌ഉണ്ട കൎമ്മം‌ചെരുന്നത സകൎമ്മകം— കൎമ്മം‌ചെരാത്തത അകൎമ്മകംഎന്ന ഭെദം—
ഉദാ— ബാലൻഭക്ഷിക്കുന്നു—ഇവിടെ എന്തിനെഎന്ന ആകാംക്ഷിച്ചാൽ അന്നത്തെ‌എന്ന കൎമ്മംചെരും ഇതിന്മണ്ണം ശാസ്ത്രത്തെ പഠിക്കുന്നു— ജ്ഞാനത്തെ വൎദ്ധിപ്പിക്കുന്നു— അകൎമ്മകത്തിന്ന— ഉദാ— ഗുണം വളരുന്നു— വിദ്യ പ്രകാശിക്കുന്നു— ശൊഭിക്കുന്നു— കീൎത്തിതെളിയുന്നു— ഇത്യാദി— ചൊ— ആകാംക്ഷഎന്നാൽ എന്ത— ഉ— ഒരുപദംപ്രയൊഗിക്കും‌പൊൾ അതിനെസംബന്ധിച്ച ചെൎക്കെണ്ടപദം കെൾക്കാനുള്ള ഇച്ശയാകുന്നു— ഭക്ഷിക്കുന്നുഎന്നുകെൾക്കും‌പൊൾ ആരെന്നകൎത്താവിനെയും— എന്തിനെ‌എന്ന‌കൎമ്മത്തെയും ചെൎക്കാവുന്നതാകകൊണ്ട അതുകളെ‌അറിവാനിച്ശാ— ആകാക്ഷയാകുന്നു— ഇതിന്മണ്ണം‌പുത്രൻ എന്നുപറയും‌പൊൾ ആരുടെ‌എന്ന ആകാംക്ഷിക്കുന്നു— കൊടുത്തുഎന്നുപറയും‌പൊൾ ആൎക്കായിക്കൊണ്ട— ഇത്യാദിവാക്യത്തെ തികയ്കുന്നതിനുള്ള ഇച്ശഎന്നതാല്പൎയ്യാൎത്ഥം— എന്നാൽ സകൎമ്മകത്തിന്ന പ്രസിദ്ധികൊണ്ടൊ പ്രകൃതംകൊണ്ടൊ— കൎമ്മംസ്പഷ്ടമാവുന്നെടത്ത കൎമ്മംകൂടാതെപ്രയൊഗിക്കാം— മെഘംവൎഷിക്കുന്നു— ജലത്തെ എന്ന പ്രസിദ്ധികൊണ്ട സ്പഷ്ടമാകകൊണ്ടഇവിടെ കൎമ്മാകാംക്ഷയില്ലാ— അരിക്കച്ചവടക്കാരൻ വന്നു ഇവിടെ മെടിക്കാം ഇവിടെ പ്രകൃതം കൊണ്ട അരികൎമ്മമെന്ന സ്പഷ്ടമാവുന്നു— ഇതിന്മണ്ണം അന്ന്യങ്ങൾക്കും ആകാംക്ഷകൂടാതെവരും വാളഎടുത്തുഉടനെ വെട്ടി എന്തുകൊണ്ടന്ന ആകാംക്ഷ ഭവിക്കുന്നില്ലാ— ആശ്രയം കൊണ്ടൊ— ബലംകൊണ്ടൊ— അവസ്ഥകൊണ്ടൊ— അന്ന്യനെകൊണ്ട ചെയ്യിക്കുക പ്രെരണക്രിയയാകുന്നു പ്രെരണ ക്രിയയാക്കിയാൽ അകൎമ്മത്തിനും കൎമ്മംവരും—
ഉദാ— രാജാവസന്തൊഷിക്കുന്നുഎന്നടത്ത പ്രെരണയിംകൽ— കൎത്താവിന്നദ്വിതീയ വന്നരാജാവിനെ സന്തൊഷിപ്പിക്കുന്നു എന്നു വരും ഇവിടെആശ്രയ പ്രെരണം— ശത്രുവീഴുന്നു— രാജവശത്രുവിനെ വീഴിക്കുന്നു— ബാലൻപഠിക്കുന്നു ഗുരുബാലനെ പഠിപ്പിക്കുന്നൂ— ഇവിടെബലപ്രെരണം സകൎമ്മകമെങ്കിൽകൎത്താവിനകൊണ്ടന്ന തൃതീയവരും— ഭൃത്യൻമരത്തെമുറിക്കുന്നു— സ്വാമിഭൃത്യനെക്കൊണ്ടമരത്തെ മുറിപ്പിക്കുന്നു ബ്രാഹ്മണൻ അരിവയ്ക്കുന്നുഅധികാരി ബ്രാഹ്മണനെകൊണ്ട അരിവയ്പിക്കുന്നു ഇത്യാദിസംസ്കൃതത്തെ അനുസരിച്ചപശുവിനെ പാലിനെകറക്കുന്നു—പുത്രനെ ശാസ്ത്രത്തെ പഠിപ്പിക്കുന്നു വഴിപൊക്കനെ ഗ്രഹത്തെ പ്രാപിപ്പിക്കുന്നു ഇത്യാദിദ്വികൎമ്മവും ചിലധാതുക്കൾക്കവരും ഇങ്ങനെസകൎമ്മാദിഭെദം വരുന്നു—ഇതദ്വിതീയാപ്രകരണത്തിൽ അല്പംപറഞ്ഞു എംകിലും ഇവിടെ പ്രെരണ പ്രസംഗത്തുംകലും പറയെണ്ടിവന്നു—

താളിളക്കം
!Designed By Praveen Varma MK!