Contacts

എഛ്. രാമസ്വാമി അയ്യർ ബി. എ.
സംസ്കൃതഭാഷ വ്യവഹാരഭാഷയായിരുന്നുവോ?

മംഗളോദയത്തില്‍ കൊ.വ. 1094 ധനു
ഗ്രന്ഥകാരന്മാർ ഉപയോഗിച്ചുവന്ന വ്യാകരണനിയന്ത്രിതമായ ഭാഷ കാലക്രമംകൊണ്ടു നിലച്ചുപോകയും മറ്റു ഭാഷകളിൽ കാണുന്നതുപോലെ ഉപര്യുപരിയുള്ള വികാരങ്ങൾക്ക് അധീനമായി ഭവിയ്ക്കുകയും ചെയ്തു. വ്യാകരണപ്രമാണംകൊണ്ടു സാധിക്കാൻ കഴിയാത്തതും വ്യാകരണ നിയമങ്ങളെ ലംഘിക്കുന്നതും ആയ പ്രയോഗങ്ങൾ എത്രതന്നെ ഹൃദ്യവും ഭംഗിയുള്ളതും ആയിരുന്നാലും പണ്ഡിതന്മാർ സഹിക്കയില്ലെന്നുള്ള മട്ടിലായി. ഇപ്രകാരമുള്ള ഒരു ഭാഷ വിദ്വാന്മാർക്കല്ലാതെ പാമരന്മാർക്കു ദുർഗ്ഗമമായിത്തീർന്നതോടുകൂടി അത് ഒരു മൃതഭാഷയെന്ന പേരിനു പാത്രീഭവിച്ചു. എന്നാൽ വാസ്തവത്തിൽ വൈയാകരണന്മാർ സംസ്കൃതഭാഷയെ ഹനിക്കയല്ല ചെയ്തത്; അതിനെ ചിരഞ്ജീവിയാക്കുകയാണു ചെയ്തിട്ടുള്ളത്. അതായത്, ഇതര ഭാഷകൾ കാലദേശദ്യുപാധികൾക്കു വശംവദകളായി വികാരം പ്രാപിച്ചു മാറിക്കൊണ്ടിരിക്കവേ, ഈ സംസ്കൃതഭാഷ അനേകശതാബ്ദങ്ങൾക്കു മുമ്പ് ഇരുന്ന രൂപത്തിൽത്തന്നെ ഇന്നും ഇരിക്കുന്നതായി നാം കാണുന്നു. ഇനിമേൽ എത്ര ശതാബ്ദങ്ങൾ കഴിഞ്ഞാലും ഇപ്പോഴിരിക്കുന്ന രൂപത്തിനു മാറ്റം വരികയുമില്ല. ഇക്കാലത്തും എത്രയോ ഗ്രന്ഥങ്ങൾ സംസ്കൃതത്തിൽ ഉണ്ടാകയും പ്രചരിക്കയും ചെയ്തുകൊണ്ടിരിക്കുന്നു. അനേകം പത്രികളും മാസികഗ്രന്ഥങ്ങളും സംസ്കൃതത്തിൽ പുറപ്പെടുന്നുണ്ട്. ചില രാജധാനികളിലും മറ്റും സംസ്കൃതവിദ്വാന്മാർ തർക്കവ്യാകരണാദിശാസ്ത്രങ്ങളിൽ പരിശീലനം ചെയ്കയും ആ ഭാഷയിൽത്തന്നെ വാദകോലാഹലങ്ങൾ നടത്തുകയും ചെയ്യുന്നു. ഇതെല്ലാംകൊണ്ടും സംസ്കൃതം കേവലം ഒരു പരേതഭാഷയായി ഗണിക്കത്തക്കതല്ലെന്നും, അതു എന്നും 'പതിനാറു വയസ്സ്' എന്ന മട്ടിൽ എല്ലാ കാലത്തിലും ജീവിച്ചിരിയ്ക്കാവുന്നതാണെന്നും സ്പഷ്ടമാകുന്നു. എന്നാൽ ഇതെല്ലാം പരിമിതമായ ഒരു വിദ്വൽഗോഷ്ഠിയിൽ മാത്രമേ നടപ്പിൽ വരികയുള്ളൂ എന്നുള്ള സംഗതി നാം ഒരിക്കലും വിസ്മരിക്കരുത്.


ആദികാലത്തു സർവ്വജനീനമായ ഒരു ഭാഷയായിരുന്നു സംസ്കൃതം എന്നതിലേക്ക് ചില ലക്ഷ്യങ്ങളുള്ളതിനെ എടുത്തുനോക്കാം. യാസ്കാദിവൈയാകരണന്മാർ ഇതിനെ ഭാഷയെന്നും, ലൌകികമെന്നും വ്യവഹരിക്കുന്നതായി മുമ്പു സൂചിപ്പിച്ചുവല്ലൊ. അവർ ഈ ഭാഷയെപ്പറ്റി പറയുന്ന പല സംഗതികളും ഒരു വ്യവഹാരഭാഷയെന്ന നിലയിലാണ്. അക്കാലത്തു ഗ്രന്ഥമാത്രദൃഷ്ടമായിരുന്നു എന്നുള്ളതിലേക്കു യാതൊരു സൂചകങ്ങളും പ്രാചീനഗ്രന്ഥങ്ങളിലില്ല. പതഞ്ജലി പലപ്പോഴും 'ലോകം', 'വേദം' എന്ന ശബ്ദങ്ങളെക്കൊണ്ടാണ് കാവ്യസംസ്കൃതത്തേയും, വൈദികസംസ്കൃതത്തേയും നിർദ്ദേശിക്കുന്നത്. പാണിനിയുടെ വ്യാകരണത്തിലുള്ള ഏതാനും സൂത്രങ്ങൾ ഒരു വ്യവഹാരഭാഷയ്ക്കു മാത്രം ചേരുന്നതും, അല്ലാത്തപക്ഷം ആ സൂത്രങ്ങൾക്ക് ആവശ്യം തന്നെ ഇല്ലാത്തതും ആയിക്കാണുന്നു. ഉദാഹരണമായി 'പ്രത്യഭിവാദേശൂദ്രേ', 'ദൂരാദ്ധൂതേച' എന്ന സൂത്രങ്ങൾകൊണ്ടു പ്രത്യഭിവാദനം ചെയ്യുമ്പോഴും ദൂരെ നിന്നു സംബോധനം ചെയ്യുമ്പോഴും ഉപയോഗിക്കേണ്ട 'പ്ലുതം' അല്ലെങ്കിൽ മൂന്നു മാത്രയുള്ള ദീർഘവിശേഷം ഒരു വ്യവഹാരഭാഷയ്ക്കല്ലാതെ സാഹിത്യമാത്രഭാഷയ്ക്കു വലിയ ആവശ്യമൊന്നുമില്ലാത്തതാണെന്നു സാധിക്കാം. അതുകൂടാതെ, ഇപ്പോഴത്തെ ജീവൽ ഭാഷകളിൽ കാണുന്നതുപോലുള്ള ദേശ്യഭേദങ്ങും മറ്റും അന്നു സംസ്കൃതത്തിലും ഉണ്ടായിരുന്നതായി ലക്ഷ്യങ്ങൾ ഉണ്ട്. വടക്കർക്കും കിഴക്കർക്കും പ്രത്യേകമുള്ള ചില വിശേഷങ്ങളെ പാണിനി, യാസ്കൻ ഇവരും ചില പ്രത്യേക ദേശങ്ങളിൽ മാത്രമുണ്ടായിരുന്ന വ്യത്യാസങ്ങളെയും പദവിശേഷങ്ങളേയും പതഞ്ജലി, കാത്യായനൻ ഇവരും എടുത്തു പറഞ്ഞിട്ടുണ്ട്.


ക്രിസ്തുവർഷാരംഭത്തിനു രണ്ടു ശതകങ്ങൾക്കു മുമ്പ് ആര്യാവർത്തം എന്നു വിളിച്ചുവന്നതും ഹിമവദ്വിന്ധ്യപർവ്വതങ്ങൾക്കു മദ്ധ്യേ സ്ഥിതിചെയ്യുന്നതുമായ ദേശത്തിൽ സംസ്കൃതഭാഷ നടപ്പിലിരുന്നു എന്നാണ് സാധാരണ പണ്ഡിതന്മാരുടെ അഭിപ്രായം. ആരുടെ ഇടയിലാണ് നടപ്പിലിരുന്നത് എന്നു ചോദിച്ചാൽ, ശിഷ്ടന്മാരായി വിദ്യാഭ്യാസം സിദ്ധിച്ചവരുടെ ഇടയിൽ നിശ്ചയമായും നടപ്പിലിരുന്നു എന്നു പറയാം. ഇതരവർഗ്ഗക്കാരുടെ ഇടയിലും നടപ്പിലായിരുന്നിരിക്കണം. പതഞ്ജലിയുടെ മഹാഭാഷ്യത്തിൽ, ഒരു വൈയാകരണനും, ഒരു തേരാളിയും തമ്മിൽ, സൂതൻ എന്ന പദത്തിന്റെ നിരുക്തത്തെപ്പറ്റി നടന്ന ഒരു വാദം ഉദ്ധരിച്ചുകാണുന്നു. ഇതിൽ നിന്നും ബ്രാഹ്മണേതരജാതികൾക്കും സംസ്കൃതം സ്വാധീനമായിരുന്നു എന്നു തെളിയുന്നു.


സംസ്കൃതനാടകങ്ങളിൽ സംസ്കൃതവും പ്രാകൃതവും വേർതിരിച്ച് ഉപയോഗിച്ചിരിക്കുന്ന രീതി നോക്കുമ്പോഴും ചിലതെളിവുകൾ നമുക്കു കിട്ടുന്നു. നാടകം മുതലായ നാട്യകാവ്യങ്ങൾ സാധാരണ പൊതുജനങ്ങൾ ഒന്നിച്ചുകൂടി കണ്ടു രസിക്കാനായി ഉണ്ടായിട്ടുള്ള ദൃശ്യകാവ്യങ്ങളാണല്ലൊ. സംസ്കൃതഭാഷയിൽ അഭിനയയോഗ്യമായ അസംഖ്യം ഉത്തമനാടകങ്ങൾ ഉണ്ടായിട്ടുള്ളതു തന്നെ ആ ഭാഷയുടെ സർവ്വജനീനതയ്ക്കു മതിയായ സാക്ഷ്യമാണ്. അവയിൽ രാജാവ് തുടങ്ങീട്ടുള്ള ഉത്തമപാത്രങ്ങൾ സംസ്കൃതവും, സ്ത്രീജനങ്ങളും താണതരം പാത്രങ്ങളും പ്രാകൃതത്തിന്റെ ഓരോ ശാഖയും സംഭാഷണത്തിൽ ഉപയോഗിക്കുന്നതായിട്ടു കവികൾ നിബന്ധിച്ചിരിക്കുന്നു. പ്രാചീനനാടകങ്ങളിൽ കവികൾ അക്കാലത്തുള്ള വസ്തുസ്ഥിതിയെ നാടകങ്ങളിലും പകർത്തി എന്നേ ഉള്ളൂ. സംസ്കൃതം ലുപ്തപ്രചാരമായതിന്റെ ശേഷമുണ്ടായിട്ടുള്ള അർവ്വാചീനനാടകങ്ങളിലും ഈ വ്യവസ്ഥ കാണുന്നതു പാരമ്പര്യാനുവർത്തനം എന്നു പറഞ്ഞു സമാധാനപ്പെടാനേ ഉള്ളൂ. പ്രാകൃതം സംസാരിക്കുന്നവർക്കു സംസ്കൃതവും, സംസ്കൃതം സംസാരിക്കുന്നവർക്കു പ്രാകൃതവും ധാരാളം മനസ്സിലാകുമായിരുന്നു. അങ്കങ്ങളിൽ അവതരിപ്പിച്ചിട്ടുള്ള പാത്രങ്ങൾ ഒരേ തരക്കാരല്ലാതെ വരുന്ന അവസരങ്ങളിലെല്ലാം സംസ്കൃതനാടകങ്ങളിലെ സംഭാഷങ്ങൾ പ്രാകൃതവും സംസ്കൃതവും ഇടകലർന്നിട്ടാണ്. നാടകങ്ങൾ ആടിക്കണ്ടും, ഇതിഹാസപുരാണങ്ങൾ ചൊല്ലിക്കേട്ടും രസിക്കാനുദ്ദേശിച്ചിട്ടുള്ള ജനസാമാന്യത്തിനു സംസ്കൃതത്തിൽ തന്നെ വ്യവഹരിക്കാൻ കഴിഞ്ഞില്ലെന്നു വാദിക്കാമെന്നു വരികിലും, അതു കേട്ടാൽ മനസ്സിലാക്കാൻ കുഴപ്പമില്ലായിരുന്നു. അതായത്, ഇപ്പോൾ വ്യവഹാരദശയിലിരിക്കുന്ന സാധാരണ തമിഴും മലയാളവും എന്നപോലെയായിരുന്നിരിക്കണം അന്ന് വടക്കേ ഇൻഡ്യയിൽ നാട്ടുഭാഷകളുടേയും സംസ്കൃതത്തിന്റെയും നില. തമിഴു മാത്രം സംസാരിക്കുന്ന ഒരു പരദേശിക്കും മലയാളം മാത്രം അറിയാവുന്ന ഒരു മലയാളിക്കും തമ്മിൽ ഉണ്ടാകുന്ന സംഭാഷണങ്ങൾ നമുക്കു പലപ്പോഴും അറിയാൻ ഇടയായിട്ടുണ്ട്. തമിഴൻ തമിഴിലും മലയാളി മലയാളത്തിലും ചോദ്യോത്തരങ്ങൾ ചെയ്യുന്നു. ഇവർക്ക് അന്യോന്യം കാര്യം ഗ്രഹിക്കുന്നതിൽ വലിയ വിഷമമില്ലതാനും. അന്നു സംസ്കൃതം അറിയാവുന്നവർക്ക് ഒന്നോ അധികമോ പ്രാകൃതവും വശമായിരുന്നു.ഇക്കാലത്തു നമ്മുടെ ഇടയിൽ താമസിക്കുന്ന തെലുങ്കുകാർക്കും തുളുനാട്ടുകാർക്കും മറ്റും അവരുടെ ഭാഷയ്ക്കു പുറമേ തമിഴും മലയാളവും കൂടി സ്വാധീനമായി കാണുന്ന സ്ഥിതിക്കു മേൽപറഞ്ഞ സംഗതി അസംഭവമല്ലല്ലൊ. ഇന്നും സംസ്കൃതഭാഷയിൽ തന്നെ വ്യവഹരിക്കുവാൻ കഴിയാവുന്ന വിദ്വജ്ജനങ്ങൾ ഉള്ള സ്ഥിതിക്ക് ആ ഭാഷ വ്യവഹാരദശയിലിരുന്നിട്ടേ ഇല്ലെന്നും, അപ്രകാരമുള്ള വ്യവഹാരം അസാദ്ധ്യമാണെന്നും നമുക്കു ഖണ്ഡിച്ചുപറവാൻ തരമില്ല.


എന്നാൽ സംസ്കൃതഭാഷയ്ക്കു വ്യവഹാരസൌകര്യവും സർവ്വജനീനതയും ഉണ്ടായിരുന്നിരിക്കാൻ തരമില്ലെന്നുള്ളതിലേക്കുള്ള യുക്തികളേയും നാം അല്പം ചിന്തിക്കേണ്ടതുണ്ട്. ക്രിസ്തുവിനു മുമ്പ് ആറാം ശതാബ്ദത്തിൽ ജീവിച്ചിരുന്ന ബുദ്ധമുനി തന്റെ ഉപദേശങ്ങളെ ദേശ്യഭാഷയിലാണ് പ്രസംഗിച്ചത്; സംസ്കൃതത്തിലല്ല. ഏറ്റവും പ്രാചീനമായ ബുദ്ധമതഗ്രന്ഥങ്ങളെല്ലാം അന്നത്തെ സർവ്വജനീനമായ നാട്ടുഭാഷയിലാണ് എഴുതിവെച്ചിട്ടുള്ളത്. ഇതിൽനിന്നും അക്കാലത്തു സംസ്കൃതം വ്യവഹാരദശയിലിരുന്നില്ലെന്നോ, അല്ലെങ്കിൽ വ്യവഹാരദശ വിട്ടുമാറിക്കഴിഞ്ഞിരിന്നുവെന്നോ അഥവാ ബുദ്ധമുനി പ്രസംഗിച്ച ദേശങ്ങളിൽ അതിനു പ്രചാരമില്ലായിരുന്നുവെന്നോ ഊഹിക്കാം. അതുപോലെ തന്നെ അശോകചക്രവർത്തിയുടെ ശിലാലേഖനങ്ങളിലും സംസ്കൃതം കാണുന്നില്ല.


ഒരു ഭാഷയുടെ സർവ്വജനീനതയെ അതിലെ ഗദ്യഗ്രന്ഥങ്ങളുടെ സ്ഥിതികൊണ്ട് അനുമിക്കാമെന്നു വരികിൽ, സംസ്കൃതത്തിലെ ഗദ്യങ്ങളുടെ നില പ്രതികൂലമാണ്. കൃത്രിമബഹുലവും അതിദീർഗ്ഘസമാസങ്ങളോടുകൂടിയതും ചിലേടത്ത് ഒരു മാതിരി വൃത്തത്തിന്റെ ഛായയുള്ളതുമായ ഒരു ഗദ്യവിശേഷണമാണ് സംസ്കൃതാഖ്യായികകളിൽ കാണുന്നത്. ആ മാതിരി ഗദ്യഭാഷ ഒരു കാലത്തും സംസാരിച്ചിരിക്കാൻ ഇടയില്ല.


സംസ്കരണം കൊണ്ടുണ്ടായതാണല്ലോ സംസ്കൃതം. ഇന്നു സംസ്കരണമെന്നു പറയുന്ന വ്യാകരണനിയമങ്ങൾ പണ്ഡിതന്മാരല്ലാതെ പാമരന്മാർ അറിഞ്ഞിരിക്കാൻ തരമില്ല. ഇന്ന ക്രിയ ആത്മനേപദമാണ്, ഇന്നതു പരസ്മൈപദമാണ്, ഇന്നത് ഉഭയപദമാണ്, അവയുടെ പ്രയോഗസാരസ്യം ഇന്നതാണ് എന്നും മറ്റുമുള്ള സംഗതികൾ സംസ്കൃതകവികൾക്കുപോലും തിരിച്ചറിയാൻ വിഷമമായിരിക്കുന്ന സ്ഥിതിക്കു ഭാരവാഹാദി സാധാരണ ജനങ്ങൾ അവയെ അറിഞ്ഞൂ എന്നും, അതനുസരിച്ചു സംസാരിച്ചു എന്നും ഉള്ളത് ഒരിക്കലും സംഭാവ്യമല്ല. 'അഭിവാദേസ്ത്രീവന്മാഭൂമേത്യദ്ധ്യേയംവ്യാകരണം' (അഭിവാദനം ചെയ്യുമ്പോൾ സ്ത്രീയെപ്പോലെ ഭവിക്കാതിരിക്കാൻ വേണ്ടി വ്യാകരണം പഠിക്കണം) എന്നു മഹാഭാഷ്യകാരനായ പതഞ്ജലി പറഞ്ഞിരിക്കുന്നതിൽനിന്നും സ്ത്രീകൾക്കു പ്ലുതവിധിയും മറ്റും അറിയാൻ പാടില്ലായിരുന്നു എന്നും സ്ത്രീകളും വിദ്യാഭ്യാസമില്ലാത്ത പുരുഷന്മാരും ശുദ്ധസംസ്കൃതം സംസാരിച്ചില്ലെന്നും വ്യക്തമാകുന്നു. നാടകകർത്താക്കൾ വളരെ പഠിപ്പുള്ള സ്ത്രീകളെക്കൊണ്ടും പ്രാകൃതം തന്നെ സംസാരിപ്പിക്കുന്നു. ഈ ലക്ഷ്യങ്ങളിൽനിന്നും സംസ്കൃതം വിദ്വത്സമാജങ്ങളിൽ മാത്രം നടപ്പിലിരുന്നു എന്നും, മറ്റു അവസരങ്ങളിൽ സർവ്വജനീനമായ വേറൊരു ഭാഷയെ എല്ലാവരും സംസാരിച്ചുവന്നു എന്നും സിദ്ധിക്കുന്നു.


ഏവം ച, സംസ്കൃത ഭാഷയുടെ വ്യാവഹാരികദശയെപ്പറ്റി പ്രബലമായ രണ്ടു ഭിന്നാഭിപ്രായമാണുണ്ടായിട്ടുള്ളത്. രണ്ടു പക്ഷക്കാർക്കും മതിയായ കാരണങ്ങളും ഉണ്ട്. ഒരേ സംഗതി തന്നെ ചിലപ്പോൾ രണ്ടു കൂട്ടർക്കും അനുകൂലിക്കുന്നതായും കാണാം. അതുകൊണ്ട് ഒരു പക്ഷത്തെ തീരെ തള്ളുന്നതിനും, മറുപക്ഷത്തെ മുഴുവനും സ്വീകരിക്കുന്നതിനും നിവൃത്തിയില്ലാത്ത ഒരു ദുർഗ്ഘടാവസ്ഥയിലാണ് നാം അകപ്പെട്ടിരിക്കുന്നത്. അപ്പോൾ രണ്ടുപക്ഷക്കാർക്കും വൈപരീത്യം കൂടാതെ ഒരു മദ്ധ്യസ്ഥകക്ഷ്യയെ അവലംബിച്ചു സമാധാനപ്പെടാനേ നമുക്കു കഴിവുള്ളൂ. അതിലേയ്ക്കു സംസ്കൃതഭാഷ എന്ന പദത്തിന്റെ അർത്ഥം എത്രത്തോളം വ്യാപകമാണെന്ന് ഇപ്പോഴത്തെ ജീവത്ഭാഷകളുടെ തോതുവെച്ചു നാം ചിന്തിക്കുന്നതായാൽ നമ്മുടെ ദുർഗഘടാവസ്ഥയെ ഒരു വിധം പരിഹരിക്കാം. എന്തെന്നാൽ പാണിനീയാനുസാരികളായ വൈയാകരണന്മാർ സിദ്ധാന്തിച്ചു നിയന്ത്രിച്ചിട്ടുള്ളതും, അതിദീർഗ്ഘങ്ങളായ സമസ്തപദങ്ങളെക്കൊണ്ടു നിറഞ്ഞതും, ലോകാതീതങ്ങളായ ഉല്ലേഖങ്ങളാലും അഗാധമായ ആശയങ്ങളാലും മറ്റും ഗഹനമായിട്ടുള്ളതും ഭാരവി, ബാണൻ, ശ്രീഹർഷൻ, മാഘൻ മുതലായ മഹാകവികളുടെ ഗ്രന്ഥങ്ങളിൽ വിളങ്ങുന്നതുമായ ഒരു ഭാഷയെയാണ് നാം സംസ്കൃതശബ്ദംകൊണ്ടു ഗ്രഹിക്കുന്നത് എന്നു വരികിൽ, ആ ഭാഷ സർവ്വജനീനമായ ഒരു ഭാഷയായി ഒരു കാലത്തും വ്യവഹാരദശയിലിരുന്നിട്ടില്ലെന്നു നമുക്കു ഖണ്ഡിച്ചു പറയാം. എന്നാൽ ഇപ്പോഴുള്ള ജീവത്ഭാഷകളിലെല്ലാം സാഹിത്യഭാഷയ്ക്കും നാടോടിഭാഷയ്ക്കും സ്ഥൂലദൃഷ്ട്യാ നോക്കുമ്പോൾ വലിയ വ്യത്യാസങ്ങൾ കാണുകയില്ല എന്നുവരികിലും, സൂക്ഷ്മഗ്രാഹികളുടെ ദൃഷ്ടിക്കു വ്യത്യാസങ്ങൾ ഉള്ളതായി കാണും. ദൃഷ്ടാന്തമായി നമ്മുടെ മലയാളം, തമിഴ് ഈ ഭാഷകളെത്തന്നെ എടുക്കാം. മലയാളത്തിൽ ഗദ്യഭാഷയൊന്നു വേറെ; പദ്യഭാഷയൊന്നു വേറെ. നാടോടിഭാഷയോട് അധികം അടുപ്പമുള്ളതു ഗദ്യത്തിനാണ്. അതിലും നാടോടിഭാഷയിൽ നിന്നു വ്യതിരിക്തങ്ങളായ പല സംഗതികളും ഉണ്ട്. അതുപോലെ തന്നെ തമിഴിലും ഗദ്യപദ്യഭാഷകൾക്കു തമ്മിൽ ഭേദമുള്ളതു കൂടാതെ, തമിഴുനാട്ടുകാർ സംസാരിക്കുന്ന ഭാഷയിൽനിന്നും എത്രയോ ഭേദമുള്ള ഒരു ഭാഷയാണ് തമിഴു ഗദ്യഗ്രന്ഥങ്ങളിൽ നിബസിച്ചുകാണുന്നത്. ഇപ്രകാരമുള്ള ഭേദങ്ങളെ ഒന്നും വകവെയ്ക്കാതെയാണ് നാം തമിഴെന്നും മലയാളമെന്നും വ്യവഹരിച്ചുവരുന്നത്. തമിഴിലും മലയാളത്തിലും ഉള്ള സാമാന്യഗദ്യകൃതികൾ എല്ലാം, നിയമപൂർവ്വം വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത പൊതുജനങ്ങൾക്കും ക്ലേശം കൂടാതെ മനസ്സിലായി കാണുന്ന സ്ഥിതിക്കു, തമിഴ് മലയാള സാഹിത്യങ്ങളിൽ മാത്രം പരിചയിച്ചിട്ടുള്ള ഒരു വിദേശീയൻ, ആ രണ്ടു ഭാഷകളും വ്യവഹാരഭാഷകളെല്ലെന്നു ശഠിക്കുന്നതായാൽ നമുക്കു രസിക്കുന്നതാണോ? അപ്പോൾ ഇംഗ്ലീഷ് മുതലായ പാശ്ചാത്യഭാഷകളിൽ ഗ്രന്ഥമാത്രദ്വാരാ പരിചയം സിദ്ധിച്ചിട്ടുള്ള നമുക്കും അതുപോലെ വാദിക്കാമെന്നു വരും. അതുകൊണ്ട്, ഇപ്പോഴുള്ള ജീവത്ഭാഷകളെ നാം സാധാരണ ഗ്രഹിക്കുന്നതു, സാഹിത്യഭാഷയും നാടോടിഭാഷയും എന്ന ഭേദമെന്യേയാണ്. അതുപോലെ സംസ്കൃതം എന്ന വാക്കുകൊണ്ടു വളരെക്കാലം മുമ്പു കാവ്യം, നാടകം, ഇതിഹാസം മുതലായ വ്യാഖ്യാനംകൂടാതെ തന്നെ സാമാന്യജനങ്ങൾ ഗ്രഹിക്കയും, സാഹിത്യഭാഷയ്ക്കും നാടോടിഭാഷയ്ക്കും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഇല്ലാതിരിക്കയും ചെയ്ത ഒരു കാലത്തിലെ ഭാഷയെ ഗ്രഹിക്കുന്നതായാൽ, സംസ്കൃതം വ്യവഹാരഭാഷയായിരുന്നു എന്നുതന്നെ സാധിക്കാം. ഇങ്ങിനെ സംസ്കൃതഭാഷ എന്ന ശബ്ദത്തിന്റെ അർത്ഥത്തെ വ്യാപകമായി എടുക്കുന്നതായാൽ അതു വ്യവഹാരഭാഷയായിരുന്നു എന്നും, അതിന്റെ വ്യാപ്യമായ അർത്ഥത്തെ മാത്രം എടുത്തു ശ്രീഹർഷാദികളുടെ ഗ്രന്ഥങ്ങളിൽ കാണുന്ന ഭാഷയെ മാത്രം ഗണിക്കുന്നതായാൽ, അതു വ്യവഹാരദശയിലിരുന്നിട്ടില്ലെന്നും നമുക്കു വാദിക്കാം. ആയതുകൊണ്ടു സംസ്കൃതശബ്ദത്തിന്റെ വ്യാപ്യാവ്യാപകഭാവങ്ങളിൽ ഒന്നിനെ മാത്രം ഗ്രഹിക്കുമ്പോഴാണ് ഭിന്നാഭിപ്രായങ്ങൾക്കും, അവയെ സാധിക്കുന്നതിനുവേണ്ടി വാദങ്ങൾക്കും ഇടയാക്കുന്നത്. സംസ്കൃതം വ്യവഹാരദശയിൽ ഇരുന്നു എന്നു പ്രബലമായി ശഠിക്കുന്നവർ അതിന്റെ വ്യാപകമായ അർത്ഥത്തെ ഗ്രഹിച്ചു എന്നിരിക്കട്ടെ; അല്ലെന്നു സിദ്ധാന്തിക്കുന്നവർ വ്യാപ്യമായ സങ്കുചിതാർത്ഥത്തെ സ്വീകരിച്ചു എന്നു സമാധാനപ്പെടാം. മദ്ധ്യസ്ഥന്മാരായ നാമാകട്ടെ രണ്ടു വിധാർത്ഥത്തേയും ഗ്രഹിച്ചു എന്നുമിരിക്കട്ടെ.

താളിളക്കം
!Designed By Praveen Varma MK!