Contacts

എഴുത്തകാരുടെ ഡയറക്ടറി

മലയാളത്തിലെ ഒരു കവിയായിരുന്നു അക്കിത്തം അച്യുതൻ നമ്പൂതിരി. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു. അതുപോലെതന്നെ സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ച് 2019-ലെ ജ്ഞാനപീഠ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 94 ആം വയസ്സിൽ 2020 ഒക്ടോബർ 15-ആം തീയ്യതി വ്യാഴാഴ്ച്ച രാവിലെ 8:10 ന്, വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഇദ്ദേഹം അന്തരിച്ചു. 1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് അച്യുതൻ നമ്പൂതിരി ജനിച്ചത്. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് അദ്ദേഹത്തിൻറെ മാതാപിതാക്കൾ. ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്. മകനായ അക്കിത്തം വാസുദേവനും ചിത്രകാരനാണ്. ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946- മുതൽ മൂന്നു കൊല്ലക്കാലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. 1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി. 1985-ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു. അദ്ദേഹത്തിന്റെ "ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാ‍സം" എന്ന കൃതിയിൽ നിന്നാണ് "വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം" എന്ന പ്രശസ്തമായ വരികൾ. 1948-49കളിൽ കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവർത്തിത്വമായിരുന്നു ഈ കവിത എഴുതാൻ അദ്ദേഹത്തിന് പ്രചോദനമായത്. ഇ.എം.എസ്. നമ്പൂതിരിപ്പാട് തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം ഈ കവിത പ്രകാശിപ്പിച്ചതിനു പിന്നാലെ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനായി മുദ്രകുത്തപ്പെട്ടു. കേരളത്തിൻറെ പ്രിയപ്പെട്ട കവിയെ പ്രേക്ഷകർ ശ്രദ്ധിക്കൻ തുടങ്ങിയത് 1950 മുതൽ ആണ്. ഇരുപതാം നൂറ്റാണ്ടിൻറെ ഇതിഹാസം എന്ന തന്റെ കവിതയ്ക്ക് 1952 ലെ സഞ്ജയൻ അവാർഡ് നേടികൊടുത്തു. പിന്നീട് ഈ കവിത ആധുനിക മലയാളം കവിതയുടെ മുതൽകൂട്ടായി. 2020 ഒക്ടോബർ 15ന് രാവിലെ 8.10ന് തൃശ്ശൂരിലെ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. 94 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പരേതയായ ശ്രീദേവി അന്തർജനമാണ് ഭാര്യ. ആറു മക്കളുണ്ട്.

മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റുമായിരുന്നു അക്‌ബർ കക്കട്ടിൽ (7 ജൂലൈ 1954 - 17 ഫെബ്രുവരി 2016). നർമ്മം കൊണ്ട് മധുരമായ ശൈലിയാണ് ഈ എഴുത്തുകാരന്റെ സവിശേഷത. കഥ, നോവൽ, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകൾ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന് കേരള സാഹിത്യ അവാർഡ് (രണ്ട് തവണ. സ്കൂൾ ഡയറി - 1992, വടക്കുനിന്നൊരു കുടുംബവൃത്താന്തം – 2003), മുണ്ടശേരി അവാർഡ് അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ‘അദ്ധ്യാപക കഥകൾ’ എന്നൊരു പ്രസ്ഥാനത്തിനു തന്നെ മലയാളത്തിൽ രൂപം നൽകുന്നതിൽ മുഖ്യപങ്കു വഹിച്ചു. പാഠം 30 എന്ന പേരിൽ അക്ബർ എഴുതിയ സർവീസ് കഥകൾ മലയാളത്തിലെ ആദ്യത്തെ അധ്യാപക സർവീസ് സ്റ്റോറിയായി വിലയിരുത്തപ്പെടുന്നു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു. കോഴിക്കോട് ജില്ലയിൽ നാദാപുരത്തിന് സമീപം കക്കട്ടിൽ എന്ന പ്രദേശത്ത് 1954 ജൂലൈ 7-ന്‌ പി. അബ്ദുള്ളയുടേയും സി.കെ. കുഞ്ഞാമിനയുടേയും മകനായി അക്ബർ കക്കട്ടിൽ ജനിച്ചു. കക്കട്ടിൽ പാറയിൽ എൽ. പി - വട്ടോളി സംസ്കൃതം സെക്കന്ററി എന്നീ സ്കൂളുകളിൽ പഠിച്ചു. പ്രീഡിഗ്രി ആദ്യവർഷത്തിന്റെ പകുതി ഫറൂഖ് കോളേജിലും തുടർന്ന് മടപ്പള്ളി ഗവ. കോളേജിലും. മടപ്പള്ളി ഗവ. കോളേജിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദമെടുത്തു. ബിരുദാനന്തര ബിരുദത്തിന് ആദ്യവർഷം തൃശ്ശൂർ കേരളവർമ്മ കോളേജിലും രണ്ടാം വർഷം തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലും പഠിച്ചു. ബ്രണ്ണനിൽ നിന്ന് മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. പിന്നീട് തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജിൽ നിന്ന് വിദ്യാഭ്യാസത്തിൽ ബിരുദം. മടപ്പള്ളി ഗവ. കോളേജിലും തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജിലും കോളേജ് യൂണിയൻ ചെയർമാനും കാലിക്കട്ട് യൂനിവേഴ്സിറ്റി യൂണിയൻ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. പഠനം കഴിഞ്ഞ് വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളം അദ്ധ്യാപകൻ. സർവീസിൽ നിന്നു പിരിയും വരെ ദീർഘകാലം അവിടെയായിരുന്നു. ഇതിനിടെ കൂത്താളി ഹൈസ്കൂളിൽ കുറച്ചു വർഷങ്ങൾ. കുറ്റ്യാടി ഗവ.ഹൈസ്കൂൾ, കോട്ടയം ജില്ലാ നവോദയ വിദ്യാലയം എന്നിവിടങ്ങളിലും കുറച്ചു മാസം ജോലി ചെയ്തിട്ടുണ്ട്. പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള പാഠപുസ്തക നിർമ്മാണസമിതികളിൽ ദീർഘകാലമായി അംഗമായിരുന്നു. കേന്ദ്രസർക്കാരിന്റെ സൗത്ത്സോൺ കൾച്ചറൽ സെന്റർ ( രണ്ടു തവണ), സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഗവേർണിങ് ബോഡികൾ, കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന ടെലിവിഷൻ ജൂറി, സിനിമാ ജൂറി, കോഴിക്കോട് ആകാശവാണിയുടെ പ്രോഗ്രാം അഡ്വൈസറി ബോർഡ്, പ്രഥമ എഡ്യൂക്കേഷണൽ റിയാലിറ്റി ഷോയായ ‘ഹരിത വിദ്യാലയ’ത്തിന്റെ സ്ഥിരം ജൂറി, കേരള ലളിതകലാ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി എന്നിവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് മലയാളം പബ്ലിക്കേഷൻസിന്റെയും ഒലീവ് പബ്ലിക്കേഷൻസിന്റെയും ഓണററി എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡന്റ്, പ്രസിദ്ധീകരണവിഭാഗം കൺ‌വീനർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. നാഷണൽ ബുക്ക് ട്രസ്റ്റിന്റെയും സംസ്ഥാന ഗവണ്മെന്റിന്റെയും മലയാളം ഉപദേശകസമിതികൾ, സംസ്ഥാന സാക്ഷരതാമിഷൻ മാസികയായ അക്ഷരകൈരളി പത്രാധിപസമിതി, കേന്ദ്ര ഗവണ്മെന്റിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് ( എൻ ഐ ഒ എസ്) കരിക്കുലം കമ്മറ്റി എന്നിവയിൽ അംഗമായും പ്രവർത്തിച്ചിരുന്നു.. യു എ ഇ, ഒമാൻ, ഖത്തർ, ബഹറിൻ, കുവൈറ്റ്, സൌദി അറേബിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ശ്വാസകോശാർബുദത്തെ തുടർന്ന് ചികിൽസയിലായിരുന്ന അക്ബർ കക്കട്ടിൽ 2016 ഫെബ്രുവരി 17-ന് അന്തരിച്ചു

ഒരു മലയാള കവിയും മലയാളചലച്ചിത്ര ഗാനരചയിതാവുമായിരുന്നു‌ അനിൽ പനച്ചൂരാൻ. ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്. 2021 ജനുവരി 03-ന് കോവിഡ് രോഗബാധയെ തുടർന്ന് അന്തരിച്ചു. ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20-ന് ജനനം. അനിൽകുമാർ പി.യു. എന്നാണ്‌ യഥാർത്ഥനാമം. ഉദയഭാനു, ദ്രൗപതി ദമ്പതികളുടെ മകനാണ്. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കൽ കാകതീയ സർവകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അഭിഭാഷകനായി ജോലിനോക്കിയിരുന്നു. ഭാര്യ:മായ, മകൾ:ഉണ്ണിമായ. 2021 ജനുവരി 3 ന് ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരത്ത് അന്തരിച്ചു

മലയാള സാഹിത്യത്തിൽ നോവൽ വിഭാഗത്തിൽ വളരെയധികം സംഭാവനകൾ നൽകിയ ഒരു വ്യക്തിയായിരുന്നു അപ്പു നെടുങ്ങാടി. മലയാളത്തിലെ ആദ്യ നോവലായി പരിഗണിക്കപ്പെടുന്ന കുന്ദലതയുടെ കർത്താവ്, ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകൻ, മലബാറിലെ ആദ്യ ക്ഷീരവ്യവസായ കമ്പനിയുടെ സ്ഥാപകൻ, അച്യുതൻ ഗേൾസ് ഹൈസ്കൂളിന്റെ സ്ഥാപകൻ, അഭിഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനാണ് അപ്പു നെടുങ്ങാടി. കോഴിക്കോട് സാമൂതിരിക്കോവിലകത്തെ മൂന്നാംകൂർവാഴ്ചയായ പടിഞ്ഞാറേ കോവിലകത്ത് മാനവിക്രമൻ തമ്പുരാന്റെയും ടി എം കുഞ്ചുക്കുട്ടിക്കോവിലമ്മയുടെയും മകനായി 1863 ഒക്ടോബർ 11-നു് ഒറപ്പാലത്ത് കോതകുറുശ്ശി അംശത്തിൽ ഉള്ള തലക്കൊടിമഠത്തിൽ(അമ്മ വീട്) ജനിച്ചു. ഇദ്ദേഹത്തിനു 13 വയസ്സുള്ളപ്പോൾ അച്ഛനും പിന്നീട് ഒരു വർഷം കഴിഞ്ഞതിനു ശേഷം അമ്മയും മരിച്ചു. ശേഷം സ്വന്തം വീടു വിട്ട് അമ്മാവന്റെ വീട്ടിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം. കോഴിക്കോട് ഗവണ്മെന്റ് സ്കൂളിലും കേരളവിദ്യാശാലയിലും (പിൽക്കാലത്തെ സാമൂതിരി-ഗുരുവായൂരപ്പൻ കോളേജ്) പഠിച്ച് എഫ് എ ബിരുദം നേടി. മദ്രാസിൽനിന്ന് ബി.എ. ബിരുദം സമ്പാദിച്ചശേഷം കണ്ണൂരും കോഴിക്കോടും ഹൈസ്കൂൾ അദ്ധ്യാപകനായി. നെല്ലായി കിഴക്കെപ്പാട്ട് കേളു ഏറാടി (അമ്മാവൻ)യുടെ മകൾ മീനാക്ഷിയമ്മയെ വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് പതിനൊന്നു മക്കളാണ് ഉണ്ടായത്. മദ്രാസ് ക്രിസ്ത്യൻ കോളജിൽ ട്യൂട്ടറായിരിക്കെ ബി.എൽ. പരീക്ഷ ജയിച്ചു. ബാങ്കിങ്ങും പഠിച്ചു. ഇംഗ്ലീഷ് സാഹിത്യവുമായി ഗാഢബന്ധത്തിലായിരുന്ന ഇക്കാലത്താണ് കുന്ദലത രചിക്കുന്നത്. ബി.എൽ. പരീക്ഷയിൽ ആദ്യമുണ്ടായ പരാജയത്തിൽനിന്ന് രക്ഷനേടാനാണ് കുന്ദലത രചിച്ചതെന്നു പറയാം. 1888-ൽ കോഴിക്കോട്ട് ബാറിൽ അഡ്വക്കേറ്റായി ചേർന്നു. 1897-ൽ മദ്രാസ് ഹൈക്കോടതിയിൽ പ്രാക്ടീസാരംഭിച്ചെങ്കിലും അനാരോഗ്യംമൂലം തിരിച്ചുപോന്നു. പിന്നീട് വ്യവസായകാര്യങ്ങളിൽ ശ്രദ്ധചെലുത്തി. മലബാറിലെ ആദ്യത്തെ ക്ഷീരവ്യവസായക്കമ്പനി സ്ഥാപിക്കുന്നത് അപ്പു നെടുങ്ങാടിയാണ്. ക്ഷീരവ്യവസായത്തിനുപുറമേ, ജൗളി, കൊപ്രാ, സ്റ്റേഷനറി എന്നിവയുടെ വിപണനത്തിലും ഇദ്ദേഹം വ്യാപൃതനായി. വമ്പിച്ച നഷ്ടമാണ് എല്ലാ രംഗങ്ങളിലും സംഭവിച്ചതെങ്കിലും ഇദ്ദേഹത്തിന്റെ വ്യവസായഭ്രമം ഈ പരാജയങ്ങളെ നേരിടുവാൻ സഹായിച്ചു. 1899-ൽ കേരളത്തിൽ സ്വകാര്യമേഖലയിലെ ആദ്യബാങ്കായ നെടുങ്ങാടി ബാങ്ക് ആരംഭിച്ചു. നെടുങ്ങാടി ബാങ്ക് 1913-ൽ രജിസ്റ്റേർഡു കമ്പനിയായുയർന്നു. 1906 മുതൽ തുടർന്നുവന്ന കോഴിക്കോട്ടെ പബ്ളിക് പ്രോസിക്യൂട്ടർ സ്ഥാനം രാജിവച്ച് 1915-ൽ അദ്ദേഹം ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി. തെക്കേ ഇന്ത്യയിലെ മികച്ച ബാങ്കുകളിലൊന്നായിരുന്നു, അക്കാലത്തു നെടുങ്ങാടി ബാങ്ക്. കോഴിക്കോട് നഗരസഭയിൽ അംഗമായ അപ്പു നെടുങ്ങാടി 1918-19 കാലത്ത് അതിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് അനുകൂലിയായിരുന്ന നെടുങ്ങാടിക്ക് 1919-ൽ റാവുബഹദൂർ ബഹുമതി ലഭിച്ചു. പ്രമേഹം ബാധിച്ച് കിടപ്പിലായ അപ്പു നെടുങ്ങാടി 1933 നവംബർ 7-ന് അന്തരിച്ചു.

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖനാണ്‌ അംബികാസുതൻ മാങ്ങാട് (ജനനം: 1962 ഒക്ടോബർ). ചെറുകഥകൾക്കു പുറമെ നോവലുകളും ചലച്ചിത്രങ്ങൾക്ക് തിരക്കഥകളും എഴുതാറുണ്ട്. 1962 ഒക്ടോബർ എട്ടിന് കാസർഗോഡ്ജില്ലയിലെ ബാരഗ്രാമത്തിൽ ജനിച്ചു. ജന്തുശാസ്ത്രത്തിൽ ബിരുദവും കാലിക്കറ്റ് സർ‌വ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്താര ബിരുദവും, എം.ഫിലും നേടി. ഇപ്പോൾ കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ മലയാള വിഭാഗം അദ്ധ്യാപകനായി പ്രവർത്തിക്കുന്നു. കയ്യൊപ്പ് എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർ‌വ്വഹിച്ചിട്ടുണ്ട്.

മലയാളസാഹിത്യകാരിയും വിവർത്തകയുമായിരുന്നു അമ്പാടി ഇക്കാവമ്മ (ജനനം: 12 ജനുവരി 1898 - 30 ജനുവരി 1980). തൃപ്പൂണിത്തുറയിൽ തെക്കെ അമ്പാടിവീട്ടിൽ നാണിയമ്മയുടെയും പള്ളിയിൽ കൊച്ചുഗോവിന്ദ മേനോന്റെയും പുത്രിയായി 1898-ൽ ജനിച്ചു. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷാസാഹിത്യങ്ങളിലും ഇക്കാവമ്മയ്ക്ക് അവഗാഹമുണ്ടായിരുന്നു. സാഹിത്യകാരനായ വെള്ളാട്ട് കരുണാകരൻ നായരായിരുന്നു ഭർത്താവ്. ഇക്കാവമ്മയുടെ മിക്കകൃതികളും ഇതരഭാഷകളിൽ നിന്നുള്ള വിവർത്തനങ്ങളാണ്. അനാസക്തിയോഗം, ഒരച്ഛൻ മകൾക്കയച്ച കത്തുകൾ (ജവഹർലാൽ നെഹ്രു) എന്നിവ അക്കൂട്ടത്തിൽ പ്രാധാന്യമർഹിക്കുന്നു. ബാലകഥകൾ എന്നപേരിൽ ഇവർ രചിച്ച കൃതി ഇന്ത്യാഗവണ്മെന്റിന്റെ 1956-ലെ ബാലസാഹിത്യപുരസ്കാരത്തിന് അർഹമായി. 1978-ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നൽകപ്പെട്ടു.

സാഹിത്യ സൈദ്ധാന്തികനുമായിരുന്നു ഡോ. കെ. അയ്യപ്പപ്പണിക്കർ ( സെപ്റ്റംബർ 12, 1930 - ഓഗസ്റ്റ്‌ 23, 2006). ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തയാൾ എന്ന നിലയിലാണ് അയ്യപ്പപ്പണിക്കർ അറിയപ്പെടുന്നത്. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു. ഒട്ടേറെ വിശ്വസാഹിത്യ സമ്മേളനങ്ങളിൽ മലയാളത്തെ പ്രതിനിധീകരിച്ച അദ്ദേഹം മലയാള സാഹിത്യത്തിന്റെ ആഗോള പതിപ്പായിരുന്നു. പ്രഗല്ഭനായ അദ്ധ്യാപകൻ, വിമർശകൻ, ഭാഷാപണ്ഡിതൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. നാടകം, ചിത്രരചന, സിനിമ തുടങ്ങിയ മാധ്യമങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു. 1930 സെപ്റ്റംബർ 12നു ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ കാവാലം കരയിലായിരുന്നു അയ്യപ്പപ്പണിക്കരുടെ ജനനം. അച്ഛൻ ഇ.നാരായണൻ നമ്പൂതിരി; അമ്മ എം. മീനാക്ഷിയമ്മ. കാവാലം ഗവൺമെന്റ് പ്രൈമറി സ്കൂൾ, എൻ.എസ്.എസ്. മിഡിൽ സ്കൂൾ, മങ്കൊമ്പ് അവിട്ടം തിരുനാൾ ഹൈസ്കൂൾ, പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലായിരുന്നു ബിരുദ പഠനം. അമേരിക്കയിലെ ഇൻഡ്യാന സർവകലാശാലയിൽ നിന്ന് എം.എ., പി‌എച്ച്.ഡി. ബിരുദങ്ങൾ നേടി. കോട്ടയം സി.എം.എസ്. കോളേജിൽ ഒരു വർഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം 1952-ൽ തിരുവനന്തപുരം എം.ജി. കോളേജിലെത്തി. ദീർഘകാലം ഇവിടെയായിരുന്നു അധ്യാപന ജീവിതം. പിന്നീട് കേരള സർവകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവർത്തിച്ചു.

ആധുനിക കേരളത്തിന്റെ സാംസ്കാരിക സാഹിത്യമേഖലകളിൽ ഏറെ സംഭാവനകൾ നൽകിയിട്ടുള്ള ഒരു വൈദേശിക സന്ന്യാസിയാണ് അർണ്ണോസ് പാതിരി (ജനനം 1681- മരണം: 1732 മാർച്ച് 20). യഥാർത്ഥനാമം Johann Ernst Hanxleden എന്നാണ്.(യൊവാൻ ഏർണസ് ഹാങ്സിൽഡൻ). ജെഷ്വിത് (jesuit,) അഥവാ 'ഈശോ സഭ' സന്ന്യസിയായാണ് അദ്ദേഹം പ്രവർത്തിച്ചത്. യൊവാൻ ഏർണസ് ഹാങ്സിൽഡൻ എന്നായിരുന്നു പേരെങ്കിലും നാട്ടുഭാഷയിൽ അത് അർണ്ണോസ് എന്നായി. 1681-ൽ ജർമ്മനിയിലെ ഹാനോവറിൽ ഓസ്നാബ്റൂക്കിനു സമീപമുള്ള ഓസ്റ്റർ കാപ്ലൻ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. ഉള്ളൂർ എസ്. പരമേശ്വരയ്യർ പാതിരിയെ പറ്റി പറയുന്നത് ഇപ്രകാരമാണ് “ വിദേശീയനായ ക്രിസ്ത്യാനികളിൽ കവിത്വം കൊണ്ട് പ്രഥമഗണനീയനായി പരിശോഭിക്കുന്നത് അർണ്ണോസു പാതിരിയാകുന്നു..” അത്രയ്ക്കും നിസ്തുലമാണ് പദ്യസാഹിത്യത്തിൽ അർണ്ണോസ് പാതിരിയുടെ സംഭാവനകൾ . ഗദ്യഗ്രന്ഥങ്ങൾ ഒന്നും എഴുതിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സംസ്കൃത വ്യാകരണഗ്രന്ഥവും (സിദ്ധ രൂപത്തെ അടിസ്ഥാനമാക്കിയിട്ടുള്ളത്) പോർട്ടുഗീസ്-മലയാള നിഘണ്ടുവും ആ വിടവു നികത്തുന്നവണ്ണം ഉള്ളതാണ്. അദ്ദേഹം തയ്യാറാക്കികൊണ്ടിരുന്ന നിഘണ്ടു ‘ത’ എന്നക്ഷരം വരെ പൂർത്തീകരിക്കാനേയായുള്ളൂ. ആ നിഘണ്ടു പൂർത്തിയാക്കിയത് അടുത്ത നൂറ്റാണ്ടിൽ ജീവിച്ച ബിഷപ്പ് പി. മെൻറൽ ആണ്. നാനാജാതി മതസ്ഥരായ കേരളീയ വിദ്യാർത്ഥികൾ വളരെക്കാലം ആധാരമാക്കിയിരുന്നത് പാതിരിയുടെ വൃക്ഷസിദ്ധരൂപമാണെന്ന് മഹാകവി ഉള്ളൂർ പറയുന്നുണ്ട്. അന്ന് നിലവിലുണ്ടായിരുന്ന ഗദ്യങ്ങൾ സംസ്കൃതത്തിന്റെ അതി പ്രസരം മൂലം സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റാത്തവയായിരുന്നു. ഇതിനു മാറ്റം വരുത്തിയ അന്നത്തെ പാശ്ചാത്യ സന്ന്യാസിമാരിൽ അഗ്രഗണ്യൻ അർണ്ണോസ് പാതിരി ആയിരുന്നു.

കേരളത്തിലെ അറിയപ്പെടുന്ന കവിയും പത്ര പ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു അംശി നാരായണ പിള്ള (1896 - 9 ഡിസംബർ 1981). സ്വാതന്ത്ര്യ സമരകാലത്ത് കേരള ജനത ആവേശപൂർവ്വം പാടിനടന്ന ദേശഭക്തിഗാനമായ ''വരിക വരിക സഹജരേ,സഹന സമര സമയമായി, കരളുറച്ചു കൈകൾ കോർത്ത്‌, കാൽ നടയ്ക്കു പോക നാം ." എഴുതിയത് അംശി നാരായണ പിള്ളയാണ്. കോഴിക്കോട് വടകരയിൽ നിന്നും പയ്യന്നൂർ വരെ ഉപ്പ് സത്യഗ്രഹത്തിന്റെ ഭാഗമായി നടന്ന ജാഥയ്ക്ക് വേണ്ടിയാണ് അംശി ഈ ഗാനം രചിച്ചത്. മഹാത്മാഗാന്ധിയെ ശ്രീരാമനായും ഭാരതത്തെ സീതയായും ബ്രിട്ടീഷുകാരനെ രാവണനായും ചിത്രീകരിക്കുന്ന ഗാന്ധിരാമായണം, രണ്ടാം ഭാരതയുദ്ധം, ഭഗത്‌സിങ്, ജാലിയൻവാലാബാഗ് എന്നീ കവിതകൾ മദ്രാസ് സർക്കാർ നിരോധിച്ചു.

മലയാള ചെറുകഥാകൃത്താണ് അശോകൻ ചരുവിൽ. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. 1957-ൽ തൃശ്ശൂർ ജില്ലയിലെ കാട്ടൂരിൽ ജനിച്ചു. കാറളം ഹൈസ്കൂൾ, നാട്ടിക എസ്.എൻ.കോളേജ്, ഇരിങ്ങാലക്കുട എസ്.എൻ. ട്രെയിനിങ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. കേരള പബ്ലിക് സർവ്വീസ് കമ്മീഷനിൽ അംഗമായിരുന്നു. അച്ഛൻ:സി.എ.രാജൻമാസ്റ്റർ അമ്മ:വി.എ.ചന്ദ്രമോഹന ഭാര്യ:രഞ്ജിനി മക്കൾ:രാജ, ഹരികൃഷ്ണൻ

മലയാളത്തിലെ ഒരു ചെറുകഥാകൃത്തും കവയിത്രിയുമായിരുന്നു അഷിത (5 ഏപ്രിൽ 1956 - 27 മാർച്ച് 2019). ജീവിതത്തിന്റെ നേർചിത്രം വരച്ചുകാട്ടുന്നവയാണ് ഇവരുടെ രചനകൾ. ആധുനിക തലമുറയിലെ സ്ത്രീപക്ഷ എഴുത്തുകാരിലെ പ്രമുഖയായ ഇവരുടെ 'അഷിതയുടെ കഥകൾ' എന്ന പുസ്തകത്തിന് 2015 ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്കാരം ലഭിച്ചിരുന്നു. അതുപോലെതന്നെ ഇടശേരി അവർഡ്, പത്മരാജൻ അവാർഡ്, ലളിതാംബിക അന്തർജന പുരസ്കാരം എന്നിവയും അവർക്കു ലഭിച്ചിട്ടുണ്ട്. 'പദവിന്യാസങ്ങൾ' എന്ന പേരിൽ റഷ്യൻ കവിതകളുടെ ഒരു വിവർത്തനവും അവരുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. അനവധി ബാലസാഹിത്യകൃതികളും അഷിതയുടെ പേരിൽ പുറത്തിറങ്ങിയിട്ടുണ്ട്. കുട്ടികൾക്കുവേണ്ടി ഐതിഹ്യമാല, രാമായണം എന്നിവ പുനരാഖ്യാനം ചെയ്തു പ്രസിദ്ധീകരിച്ചിരുന്നു. മറ്റു ഭാഷയിലെ സാഹിത്യകൃതികൾ മൊഴിമാറ്റത്തിലൂടെ മലയാളത്തിനു പരിചയപ്പെടുത്തുന്നതിൽ അഷിത ശ്രദ്ധിച്ചിരുന്നു. റഷ്യൻ കവി അലക്സാണ്ടർ പുഷ്കിന്റെ കവിതകളും മലയാളത്തിലേയ്ക്കു വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിരുന്നു. 1956 ഏപ്രിൽ 5-ന് തൃശ്ശൂർ ജില്ലയിലെ പഴയന്നൂരിൽ ജനിച്ച അഷിത, 63-ആം പിറന്നാളിന് ഒരാഴ്ച ബാക്കിനിൽക്കേ 2019 മാർച്ച് 27-ന് പുലർച്ചെ ഒരു മണിയ്ക്ക് തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ വച്ച് അന്തരിച്ചു.

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ രചയിതാവാണ് അഴകത്ത് പത്മനാഭക്കുറുപ്പ് (15 ഫെബ്രുവരി 1869 - 6 നവംബർ 1931 (1044ാം ആണ്ട് കുംഭമാസം 5-1107ആം ആണ്ട് തുലാം 20). മലയാളി, മലയാളമനോരമ, കവനകൗമുദി, വിദ്യാവിനോദിനി, കേരളമിത്രം, സുജനാനന്ദിനി, കേരളപത്രിക തുടങ്ങിയ പത്രമാസികകളിലൂടെയാണ് അഴകത്ത് പദ്മനാഭക്കുറുപ്പിന്റെ ആദ്യകാല രചനകൾ പുറത്തുവന്നത്. ശ്ലോകങ്ങൾ, മുക്തകങ്ങൾ, സമസ്യാപൂരണങ്ങൾ തുടങ്ങിയവയായിരുന്നു തുടക്കത്തിൽ ഏറെയും എഴുതിയിരുന്നത്. 1891ൽ എഴുതിയ ഗന്ധർവവിജയം ആട്ടക്കഥയാണ് കവിയുടെ ആദ്യകൃതി. ഇതെഴുതുമ്പോൾ ഇരുപത്തിരണ്ടുവയസ്സായിരുന്നുു ഇദ്ദേഹത്തിന്റെ പ്രായം. പ്രതാപരുദ്രയശോഭൂഷണം എന്ന സംസ്കതാലങ്കാരികഗ്രന്ഥത്തിലെ ഒരു നാടകഭാഗം, 1892ൽ പ്രതാപരുദ്രകല്യാണം എന്ന പേരിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ കൃതി അച്ചടിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടില്ല. മൃച്ഛകടികത്തിലെ നാല്, അഞ്ച്, ആറ് അങ്കങ്ങൾ അദ്ദേഹം പരിഭാഷപ്പെടുത്തി വിദ്യാവിനോദിനിയിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മറ്റ് അങ്കങ്ങൾ വേറെ ചിലരാണ് വിവർത്തനം ചെയ്തിട്ടുള്ളത്. ഇതരകൃതികൾ കുംഭനാസവധം, ഗന്ധർവ്വവിജയം (ആട്ടക്കഥകൾ), മീനകേതനചരിതം (നാടകം), പ്രഭുശകതി (ഖണ്ഡകാവ്യം), തുലാഭാരശതകം, വ്യാഘ്രാലയേശസ്തവം (തർജ്ജമകൾ), ശ്രീഗണേശപുരാണം, മാർക്കണ്ഡേയപുരാണം, കുവലയാശ്വീയം (കിളിപ്പാട്ടുകൾ), ചാണക്യശതകം, രാമചന്ദ്രവിലാസം (മഹാകാവ്യം) എന്നിവയാണ്. മീനകേതനചരിതം ആയില്യം തിരുനാളിന്റെ കൃതിയെ ഉപജീവിച്ച് എഴുതിയതാണ്. തുലാഭാരശതകം, വ്യാഘ്രാലയേശസ്തവം എന്നീ കൃതികൾ കേരളവർമ്മ കോയിത്തമ്പുരാന്റെ കൃതികളുടെ പരിഭാഷയാകുന്നു. മൂന്നൂസർഗ്ഗങ്ങളുള്ള ഖണ്ഡകാവ്യമാണ് പ്രഭുശക്തി. അതിന്റെ പ്രമേയം, തിരുവിതാംകൂറിനെക്കുറിച്ചുള്ള ഐതിഹ്യമാണ്. ചാണക്യശതകവും സംസ്കൃതകൃതിയുടെ തർജ്ജമ തന്നെ. കുറുപ്പിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി രാമചന്ദ്രവിലാസം ആണ്. പിതാവിൽ നിന്നും ഹിന്ദിഭാഷ അഭ്യസിച്ചിരുന്ന കുറുപ്പിന് തുളസീദാസരാമായണം വായിച്ചതോടെ ഇഷ്ടദേവൻ ശ്രീരാമനായി. ഇദ്ദേഹത്തിന്റെ ശ്രീരാമഭക്തിയാണ് രാമചന്ദ്രവിലാസ രചനയ്ക്ക് നിമിത്തമായിത്തീർന്നത്. അധ്യാത്മരാമായണത്തിന്റെ നിത്യപാരായണമാണ് രാമചന്ദ്രവിലാസത്തിന്റെ രചനയ്ക്ക് പ്രധാന പ്രേരകശക്തിയെന്നാണ് ഉള്ളൂരിന്റെ അഭിപ്രായം. 21 സർഗങ്ങളുള്ള ഈ കൃതി മലയാളി പത്രത്തിൽ 1894 മുതൽ ഖണ്ഡഃശ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് എ. ആറിന്റെ അവതാരികയോടെ 1907ൽ പുസ്തകരൂപത്തിൽ പ്രകാശനം ചെയ്തു. സജാതീയദ്വിതീയാക്ഷരപ്രാസം ദീക്ഷിച്ചിട്ടില്ലാത്ത മഹാകാവ്യമാണ് രാമചന്ദ്രവിലാസം.

പ്രശസ്തനായ ഒരു മലയാള നോവലിസ്റ്റും എഴുത്തുകാരനുമാണ് ആനന്ദ്‌ എന്നറിയപ്പെടുന്ന പി. സച്ചിദാനന്ദൻ. 1936 -ൽ ഇരിങ്ങാലക്കുടയിലാണ് ജനിച്ചത്. തിരുവനന്തപുരം എൻജിനീയറിങ്ങ്‌ കോളേജിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദം. നാലുകൊല്ലത്തോളം പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂഡെൽഹിയിൽ സെൻട്രൽ വാട്ടർ കമ്മീഷനിൽ പ്ലാനിങ്ങ്‌ ഡയറക്ടറായി വിരമിച്ചു. ശില്പ കലയിലും തത്പരനായ ആനന്ദിന്റെ പല നോവലുകളിലും മുഖച്ചിത്രമായി അദ്ദേഹം നിർമിച്ച ശില്പങ്ങളുടെ ഫോട്ടോയാണ് ഉപയോഗിച്ചിട്ടുള്ളത്. 2016 ലെ കൊച്ചിൻ മുസിരിസ് ബിനലെയിൽ അദ്ദേഹം ശിൽപ്പങ്ങൾ പ്രദർശിപ്പിച്ചിരുന്നു. നോവൽ, കഥ, നാടകം, ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ആൾക്കൂട്ടത്തിനു ലഭിച്ച യശ്പാൽ അവാർഡും, അഭയാർത്ഥികൾക്കു ലഭിച്ച കേരള സാഹിത്യ അക്കാദമി അവാർഡും സ്വീകരിച്ചില്ല. വീടും തടവും., ജൈവമനുഷ്യൻ ഇവ കേരള സാഹിത്യ അക്കാദമി അവാർഡും മരുഭൂമികൾ ഉണ്ടാകുന്നത്‌ വയലാർ അവാർഡും ഗോവർദ്ധനന്റെ യാത്രകൾ 1997-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും നേടി. മഹാശ്വേതാദേവിയുടെ 'കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും' എന്ന കൃതിയുടെ മലയാള വിവർത്തനത്തിന് 2012-ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2019 ലെ എഴുത്തച്ചൻ പുരസ്കാരം ലഭിച്ചു.

ഇന്ത്യയിലെ പ്രമുഖയായ എഴുത്തുകാരിയാണ് ആർ. ലീലാദേവി. ഒരു അദ്ധ്യാപികയായും ലീലാദേവി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ ആയി വിരമിച്ചു. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം ഭാഷകളിൽ ലീലാദേവി ഗ്രന്ഥങ്ങൾ രചിക്കുകയും തർജ്ജമ ചെയ്യുകയും ചെയ്തു. ഡോ. ആർ ലീലാദേവി മുന്നൂറിലധികം കൃതികൾ എഴുതുകയും തർജ്ജമ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഭർത്താവായിരുന്ന വി. ബാലകൃഷ്ണനും ഒന്നിച്ചായിരുന്നു എഴുത്തും തർജ്ജമകളും. ഭൂരിഭാഗം കൃതികളും മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ എഴുതിയ കൃതികളും തർജ്ജമകളിൽ ഭൂരിഭാഗവും മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കും സംസ്കൃതത്തിൽ നിന്നും ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കും തർജ്ജമ ചെയ്തവയും ആണ്. ബുദ്ധമതത്തെ കുറിച്ചുള്ള നാഗാനന്ദം എന്ന സംസ്കൃത നാടകം തർജ്ജമചെയ്തത് സാഹിത്യനിരൂപകരുടെ പ്രശംസ പിടിച്ചുപറ്റി. മാർത്താണ്ഡവർമ്മ, നാരായണീയം, മഹാഭാരതത്തിലെ വിദുരഗീത എന്നിവയുടെ തർജ്ജമകൾ ലീലാദേവിയുടെ കൃതികളിൽ ചിലതാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ എഴുത്തുകാരുടെ പങ്ക് എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് ഭാഷാ വിഭാഗത്തിലേക്ക് ലീലാദേവി സംഭാവനകൾ നൽകിയിട്ടുണ്ട്. ലീലാദേവി രചിച്ച നാടകമായ പുതിയ ചക്രവാളം പഞ്ചായത്ത് രാജിനെക്കുറിച്ചുള്ള ആദ്യത്തെ നാടകമാണ്.

സാഹിത്യനിരൂപകൻ, നാടകകൃത്ത്, നാടകസംവിധായകൻ, ചലച്ചിത്രനടൻ, എന്നിങ്ങനെ വിവിധ മേഖലകളിൽ ഒരുപോലെ ശോഭിച്ച വ്യക്തിയാണ് ആർ. നരേന്ദ്രപ്രസാദ്. 1945 ഒക്ടോബർ 26ന് മാവേലിക്കരയിലെ ഒരു നായർ കുടുംബത്തിൽ ജനനം. പിതാവ് രാഘവപ്പണിക്കർ. അധ്യാപനം ജീവിതവൃത്തിയായിരുന്ന നരേന്ദ്രപ്രസാദ്, ബിഷപ്പ് മൂർ കോളജ്, മാവേലിക്കര, പന്തളം എൻ.എസ്.എസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സറ്റി കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ ഡിറക്ടറായും സേവനമനുഷ്ഠിച്ചു. കോളേജധ്യാപകനായപ്പോൾ കൂടുതൽ ഗൌരവബുദ്ധിയോടെ സാഹിത്യപ്രവർത്തനത്തിലേർപ്പെട്ടു. പിന്നീട് മാതൃഭൂമിയിലെ പുസ്തക നിരൂപകനായി. ആ സമയം ദേശാഭിമാനി സ്റ്റഡി സർക്കിളുമായി ബന്ധപ്പെടുകയും, ലേഖനങ്ങൾ ദേശാഭിമാനി വാരികയിലും പ്രസിദ്ധീകരിക്കാനും തുടങ്ങി. ഒ.വി. വിജയൻ, കാക്കനാടൻ തുടങ്ങിയവർ ആധുനിക സാഹിത്യം എന്ന നിലയിൽ വിളിക്കാവുന്ന സാഹിത്യപ്രസ്ഥാനം തുടങ്ങിയ കാലമായിരുന്നു അത്. പുതിയ സാഹിത്യത്തിനെ നിരൂപണം ചെയ്ത് എഴുതാനാരംഭിച്ചു. അത്തരം ലേഖനങ്ങൾക്ക് അന്നേറെ വായനക്കാരുണ്ടായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാള നാട് വാരിക എന്നീ വാരികകളിൽ പുതിയ സാഹിത്യത്തെ വിലയിരുത്തിക്കൊണ്ട് ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്നു. അക്കാലത്ത് ആധുനിക നിരൂപണത്തിന്റെ വക്താവായിരുന്നു നരേന്ദ്രപ്രസാദ്. അയ്യപ്പപണിക്കരുടെ കേരള കവിതാ പ്രസ്ഥാനത്തിലും പ്രവർത്തിച്ചിട്ടുണ്ട്. ആധുനിക സാഹിത്യത്തെ സ്വീകരിക്കാത്ത നിലപാടു സ്വീകരിച്ചിരുന്ന ദേശാഭിമാനി സ്റ്റഡി സർക്കിളിൽ നിന്നും പിരിഞ്ഞുപോന്ന നരേന്ദ്രപ്രസാദ് താമസിയാതെ നാടകരംഗത്തേക്ക് ചുവടുമാറി. ജി. ശങ്കരപ്പിള്ളയുടെ നാടകപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനാരംഭിച്ച നരേന്ദ്രപ്രസാദ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ഡ്രാമ നടത്തിയ അദ്ധ്യാപകർക്കായുള്ള നാടകക്യാമ്പിൽ പങ്കെടുക്കുകയും, നാടകം വ്യക്തിത്വവും സ്വതന്ത്രവുമായ കലയാണെന്നു മനസ്സിലാക്കുകയും ചെയ്തു. ക്യാമ്പിനുശേഷം ആദ്യ നാടകമായ മൂന്നു പ്രഭുക്കന്മാർ രംഗത്തവതരിപ്പിച്ചു. അദ്ദേഹം പതിനാലു നാടകങ്ങൾ സംവിധാനം ചെയ്തവതരിപ്പിച്ചിട്ടുണ്ട്. നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹം എന്ന നാടകസംഘം പന്ത്രണ്ടു കൊല്ലം നാടകരംഗത്ത് സജീവമാ‍യിട്ടുണ്ടായിരുന്നു. സൗപർണികയാണ് നരേന്ദ്രപ്രസാദിന്റെ ഏറ്റവും കൊണ്ടാടപ്പെട്ട നാടകം, അത് കേരള സാഹിത്യ അക്കാദമിയുടേയും കേരള സംഗീത നാടക അക്കാദമിയുടേയും പുരസ്കാരങ്ങൾ നേടി. നാടകസംഘം അദ്ദേഹത്തിന് സാമ്പത്തികമായി നഷ്ടം വരുത്തിയിരുന്നു. സാമ്പത്തിക കാരണങ്ങളാൽ തന്നെ 1988-ൽ നാടകസംഘം തകർന്നു. 1989-ൽ മഹാത്മാഗാന്ധി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ഡിറക്ടർ ആയി. അവിടെ ഒരു നാടകവേദി സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാടക കലയ്ക്കു വേണ്ടി, ഒരു എം.ഫിൽ. കോഴ്സ് ഇന്ത്യയിലാദ്യമായി അവിടെ തുടങ്ങി.

മലയാളത്തിലെ ഒരു കവിയും എഴുത്തുകാരനുമാണ്‌ ആലങ്കോട് ലീലാകൃഷ്ണൻ. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആണ്. കേരള ഗ്രാമീൺ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. സ്കൂൾ പഠനകാലത്തു തന്നെ ലീലാകൃഷ്ണൻ കവിതകളും ലേഖനങ്ങളും എഴുതിയിരുന്നു. കഥാപ്രസംഗകനായാണ് ലീലാകൃഷ്ണൻ ആദ്യം പൊതുവേദിയിൽ എത്തിയത്. 1993 ൽ പ്രസിദ്ധീകരിച്ച ലീലാകൃഷ്ണന്റെ "നിളയുടെ തീരങ്ങളിലൂടെ" എന്ന സാംസ്കാരിക പഠനഗ്രന്ഥം പിന്നീട് ദൂരദർശന്റെ ഡോക്യുമെന്ററി പരമ്പരയാക്കിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠനാത്മക യാത്രകൾ നടത്തിയിട്ടുള്ള ഇദ്ദേഹം ഒരു സ്വതന്ത്ര പത്രപ്രവർത്തകൻ കൂടിയാണ്‌. കൂടാതെ ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതുന്നു. തിരൂരിലെ തുഞ്ചൻ സ്മാരക കമ്മറ്റി അംഗമാണ്‌ നിലവിൽ ലീലാകൃഷ്ണൻ. "ഏകാന്തം" ഉൾപ്പെടെ ഏതാനും മലയാള സിനിമകൾക്ക് കഥയും തിരക്കഥയും ഗാനങ്ങളും എഴുതിയിട്ടുണ്ട്. കൈരളി പീപ്പിൾ ടി.വിയിൽ പ്രക്ഷേപണം ചെയ്തുവരുന്ന "മാമ്പഴം" എന്ന കവിതാലാപന റിയാലിറ്റിഷോയിലെ വിധികർത്താക്കളിൽ ഒരാളാണ് ലീലാകൃഷ്ണൻ. ഭാര്യ ബീന (അദ്ധ്യാപിക) മക്കൾ:കവിത,കണ്ണൻ.

ആധുനിക മലയാള സാഹിത്യത്തിലെ നിരൂപകനാണ്‌ ആഷാമേനോൻ. യഥാർത്ഥനാമം കെ.ശ്രീകുമാർ. ആധുനികസാഹിത്യത്തിന്റെ ദർശനവും സൗന്ദര്യശാസ്ത്രവും വിശദീകരിക്കുന്ന നവീനഭാവുകത്വം പ്രകടമാക്കുന്ന നിരൂപണങ്ങളിലൂടെയാണ് ആഷാമേനോൻ ശ്രദ്ധേയനായത്. 1947 നവംബർ 18-ന്‌ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ജനിച്ചു. ശാസ്ത്രത്തിൽ ബിരുദം നേടി(എഞ്ചിനീയറിംഗിന്‌ ചേർന്നെങ്കിലും മുഴുമിപ്പിച്ചില്ല). സൗത്ത്‌ ഇന്ത്യൻ ബാങ്കിൽ ഓഫീസറായിരുന്നു. സ്വയംവിരമിക്കൽ പദ്ധതിപ്രകാരം ജോലിയിൽ നിന്നും വിരമിച്ചു. പ്രകൃതിയിലേക്കും മനുഷ്യനിലേക്കുമുള്ള ശാന്തമായ ഒരു അന്വേഷണം എന്നു വിശേഷിപ്പിക്കാവുന്ന യാത്രാക്കുറിപ്പുകളും സാഹിത്യത്തിന്റേയും സംഗീതത്തിന്റേയും ശാസ്ത്രത്തിന്റേയും ആത്മീയതയുടേയും സാകല്യമായി അനുഭവപ്പെടുന്ന ഒരു തരം പാരിസ്ഥിതികാവബോധം വെളിവാക്കിത്തരുന്ന പഠനങ്ങളുമാണ്‌ ആഷാമേനോന്റെത്.

ഗവേഷകൻ, പ്രസാധകൻ, മലയാള-സംസ്കൃത പണ്ഡിതൻ, കവി, വിവർത്തകൻ, സംഗീതജ്ഞൻ എന്നിങ്ങനെ വിവിധനിലകളിൽ പ്രശസ്തനാണു് ആറ്റൂർ കൃഷ്ണപ്പിഷാരടി (1876 ഒക്ടോബർ 4 - 1964 ജൂൺ 5). കേരളശാകുന്തളം എന്നപേരിലുള്ള ശാകുന്തളവിവർത്തനവും സംഗീതചന്ദ്രിക എന്ന സംഗീതശാസ്ത്രഗ്രന്ഥവും പ്രധാനപ്പെട്ട കൃതികൾ. അപ്പൻ തമ്പുരാനെ സംസ്കൃതം പഠിപ്പിക്കുന്നതോടൊപ്പം മംഗളോദയം മാസികയുടെ നടത്തിപ്പിൽ തമ്പുരാനെ സഹായിക്കുകയും മാസികയിൽ നിരൂപണങ്ങളും മറ്റും എഴുതുകയും ആറ്റൂർ ചെയ്തിരുന്നു. ഇക്കാലത്ത് ‘നീതിമാല’ എന്നൊരു ബാലസാഹിത്യപുസ്തകത്തിന്റെ രചന നിർവ്വഹിച്ചു. ഏ.ആർ.രാജരാജവർമ്മ തമ്പുരാന്റെ (കേരളപാണിനി) “മണിദീപിക” എന്ന സംസ്കൃതവ്യാകരണ ഗ്രന്ഥത്തിന് മംഗളോദയം മാസികയിൽ ആറ്റൂർ എഴുതിയ നിരൂപണം മറ്റൊരു വഴിത്തിരിവായി. അന്ന് തിരുവനന്തപുരം മഹാരാജാ കോളേജിൽ ഭാഷാവിഭാഗം പ്രൊഫസറായിരുന്ന തമ്പുരാൻ ഈ നിരൂപണം വായിച്ച് നിരൂപകന്റെ പാണ്ഡിത്യത്തിൽ ആകൃഷ്ടനാവുകയും തന്റെ സഹപ്രവർത്തകനായി ജോലി ചെയ്യാൻ അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് ക്ഷണിക്കുകയും ചെയ്തു. അങ്ങനെ ആറ്റൂരിന്റെ താമസം തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പറിച്ചുനടപ്പെട്ടു. കേരളപാണിനിയുടെ സഹാദ്ധ്യാപകനായിട്ടും പീന്നീട് അദ്ദേഹത്തിന്റെ നിര്യാണശേഷം ഭാഷവിഭാഗത്തിന്റെ ചുമതല ഏറ്റെടുത്തുകൊണ്ടും ഏതാണ്ട് 18 കൊല്ലത്തോളം മഹാരാജാസ് കോളേജിൽ ആറ്റൂർ സേവനമനുഷ്ഠിച്ചു. അതിനുശേഷം അഞ്ചുകൊല്ലത്തോളം ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെ ട്യൂട്ടറായും ജോലി ചെയ്തു.ഈ കാലഘട്ടത്തിലെ പ്രധാന രചനകൾ ഉത്തരരാമചരിതം ഒന്നാം ഭാഗം, ബാലരത്നം, ലഘുരാമായണം, ‘അംബരീഷചരിതം’ കഥകളിയുടെ വ്യാഖ്യാനം, ലീലാതിലകം തർജ്ജുമ, സംസ്കൃതപാഠക്രമം(പാഠപുസ്തകം), ഉണ്ണുനീലിസന്ദേശം വ്യാഖ്യാനം, എന്നിവയാണ്. കൂടാതെ ആറ്റൂർ സ്വന്തമായി നടത്തിയിരുന്ന ‘രസികരത്നം’ എന്ന മാസികയിലൂടെയും പല കൃതികളും പുറത്തു വന്നു. കേരളപാണിനീയത്തിലെ ലിപിസംബന്ധമായ ചില സിദ്ധാന്തങ്ങളെ വിമർശിച്ചുകൊണ്ടുള്ള പുസ്തകമായ ‘ലിപിസാധാരണ്യം’ മറ്റൊരു ശ്രദ്ധേയമായ രചനയാണ്. 1934-ൽ ഉദ്യോഗത്തിൽനിന്നു വിരമിച്ചശേഷം തിരുവനന്തപുരം വിട്ട് ആറ്റൂർ വീണ്ടും തൃശ്ശൂരിൽ താമസമാക്കി. കേരളസാഹിത്യ അക്കാദമിയിലെ അംഗത്വത്തിനുപുറമേ കേരളകലാപരിഷത്തിന്റെ അദ്ധ്യക്ഷൻ, തൃശ്ശൂർ സംസ്കൃതപരിഷത്തിന്റെ പ്രസിഡന്റ് എന്നീ പദവികളും അക്കാലത്ത് വഹിച്ചിട്ടുണ്ട്. കേരളചരിത്രം, കേരളചരിതം ഒന്നാംഭാഗം, ഭാഷാസാഹിത്യചരിതം എന്നീ മൂന്നു ചരിത്രപുസ്തകങ്ങൾ, വിദ്യാവിവേകം എന്ന ഉപന്യാസസമാഹാരം, ഭാഷാദർപ്പണം എന്ന അലങ്കാരഗ്രന്ഥം, കേരളശാകുന്തളം എന്ന ശാകുന്തളവിവർത്തനം, , ഭീഷ്മരെ നായകനാക്കിയുള്ള, ധീരവ്രതം എന്ന നാടകം, കേരളകഥ എന്നപേരിലുളള കഥാസമാഹാരം, സംഗീതചന്ദ്രിക എന്ന സംഗീതശാസ്ത്രഗ്രന്ഥം എന്നിവയാണ് ഇക്കാലത്തെ പ്രധാന കൃതികൾ.

മലയാളത്തിലെ പ്രമുഖനായ കവിയും, വിവർത്തകനുമാണ് ആറ്റൂർ രവിവർമ്മ. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2017-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ആറ്റൂർ എന്ന ഗ്രാമത്തിൽ 1930 ഡിസംബർ 27 ന് കൃഷ്ണൻ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. മലയാളത്തിൽ ബിരുദാനന്തര ബിരുദം. വിവിധ ഗവണ്മെന്റ് കോളേജുകളിൽ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചതിനുശേഷം വിരമിച്ച അദ്ദേഹം കുടുംബസമേതം തൃശ്ശൂരിൽ ആയിരുന്നു താമസം. അമേരിക്ക,യു.എ.ഇ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി ജനറൽ കൌൺസിലിൽ 2002 മുതൽ 2007 വരെ അംഗമായിരുന്നു. 1976 മുതൽ 1981 വരെ കോഴിക്കോട് സർവ്വകലാശാലാ സിണ്ടിക്കേറ്റ് മെമ്പർ ആയിരുന്നു.1996ൽ ആറ്റൂർ രവിവർമ്മയുടെ കവിതകൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2019 ജൂലൈ 26 ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തും നോവലിസ്റ്റും ആണ് ഇ. സന്തോഷ് കുമാർ. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച അന്ധകാരനഴി ഉൾപ്പെടെ നാല് നോവലുകളും രചിച്ചിട്ടുണ്ട്. അന്ധകാരനഴി 2012ലെ ഏറ്റവും മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി. 1969-ൽ തൃശ്ശൂർ ജില്ലയിലെ പട്ടിക്കാട് എന്ന ഗ്രാമത്തിൽ, ഗോവിന്ദൻകുട്ടിയുടെയും വിജയലക്ഷ്മിയുടെയും മകനായി ജനിച്ചു. പട്ടിക്കാട് ഗവൺമെന്റ് ഹൈസ്കൂൾ, തൃശ്ശൂർ കേരള വർമ്മ കോളേജ്, സെന്റ് തോമസ് കോളേജ് എന്നിവടങ്ങളിലായി വിദ്യാഭ്യാസം നേടി. ഇപ്പോൾ നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ ജോലി ചെയ്യുന്നു. ഇപ്പോൾ കൊൽക്കത്തയിൽ ജോലി ചെയ്യുന്നു. ഭാര്യ രോഷ്നി; അമൽ, ശ്രീ എന്നിവരാണ് മക്കൾ.

മലയാളത്തിലെ സാഹിത്യനിരൂപകനും വിമർശകനും നാടകകൃത്തുമാണ്‌ ഇ.പി. രാജഗോപാലൻ. മലയാളനിരൂപണത്തിൽ ആധുനികതയുടെ കാലത്തിനു ശേഷം കടന്നുവന്ന ചരിത്രോന്മുഖമായ വിമർശനരീതിയുടെ ഊർജ്ജസ്വലനായ പ്രയോക്താവാണ് ഇദ്ദേഹം. (നവ)മാർക്സിസ്റ്റ് ചിന്തയുടെ യാന്ത്രികമല്ലാത്ത സ്വാധീനം സാമാന്യമായി പ്രകടമാക്കുന്ന നിരൂപണപഠനങ്ങൾ ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നു. നിരൂപണത്തെ പുതിയ നിരീക്ഷണങ്ങൾ കൊണ്ട് വ്യത്യസ്തവും സർഗാത്മകവുമാകുന്ന എഴുത്തുരീതിയാണ് രാജഗോപാലൻ തുടക്കകാലം മുതൽ സ്വീകരിച്ചിരിക്കുന്നത്‌. എഴുതുന്ന വ്യക്തിയെ കാര്യമായി കണക്കാക്കാതെ എഴുത്തിൽ വായിക്കാനാവുന്ന ചരിത്രത്തെയും ജീവിതത്തെയുമാണ് രാജഗോപാലൻ ശ്രദ്ധിക്കാറുള്ളത്. സാഹിത്യവിമർശനമെന്നാൽ സാഹിത്യപഠനമല്ല, മറിച്ച് സാഹിത്യകൃതികളെക്കൂടി ചേർത്തുകൊണ്ടുള്ള ജീവിതപഠനമാണ്-----ഇ.പി. രാജഗോപാലൻ ഒരിടത്ത് ഇങ്ങനെ തെളിച്ചുപറഞ്ഞിട്ടുണ്ട്.

മലയാളത്തിലെ കാല്പനികകവികളിൽ ഒരു കവിയാണ്‌ ഇടപ്പള്ളി രാഘവൻ പിള്ള (1909 ജൂൺ 30 - 1936 ജൂലൈ 5). മലയാളകവിതയിൽ കാല്പനികവിപ്ലവം കൊണ്ടുവന്നത് ഇടപ്പള്ളിക്കവികളായ ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയും ഇടപ്പള്ളി രാഘവൻപിള്ളയുമാണ്‌. ഇറ്റാലിയൻ കാല്പനികകവിയായ ലിയോപാർഡിയോട് ഇടപ്പള്ളിയെ നിരൂപകർ തുലനപ്പെടുത്തുന്നു.വിഷാദം, അപകർഷവിചാരങ്ങൾ, പ്രേമതരളത, മരണാഭിരതി എന്നിവയാണ്‌ ഈ കവിയുടെ ഭാവധാരകൾ. പകുതി യുഗസൃഷ്ടവും പകുതി സ്വയംഭൂവും ആയ ചേതനയാണദ്ദേഹത്തിന്റേതെന്ന് നിരൂപകർ അഭിപ്രായപ്പെടുന്നു 1909 ജൂൺ 30 ന് ഇടപ്പള്ളി ഇളമക്കരയിലെ പാണ്ടവത്തുവീട്ടിൽ നീലകണ്ഠപ്പിള്ളയുടെയും വടക്കൻ പറവൂർ കോട്ടുവള്ളിയിലെ കിഴക്കേപ്രം മുറിയിൽ താഴത്തുവീട്ടിൽ മീനാക്ഷിയമ്മയുടെയും മകനായി ഇടപ്പള്ളി രാഘവൻ പിള്ള ജനിച്ചു. ഗർഭാശയാർബ്ബുദം ബാധിച്ച അമ്മ അദ്ദേഹത്തിന്റെ ബാല്യത്തിൽത്തന്നെ ജീവനൊടുക്കി. തിരുവിതാംകൂർ എക്സൈസ് വകുപ്പിൽ ശിപായിയായിരുന്ന അച്ഛൻ പുനർവിവാഹം ചെയ്തു. പിതാവിന്റെ നിർബന്ധപ്രകാരം രാഘവൻ പിള്ളയും അനുജനും രണ്ടാനമ്മയുടെ വീട്ടിലേക്ക് താമസം മാറ്റിയെങ്കിലും രണ്ടാനമ്മയുമായി പൊരുത്തപ്പെടാനാകാതെ അനുജൻ ഗോപാലപിള്ള ചെറുപ്പത്തിലേ നാടുവിട്ടുപോയി.1915-ൽ ഇടപ്പള്ളി ചുറ്റുപാടുകര എം.എം.സ്കൂൾ ഫോർ ബോയ്സിൽ വിദ്യാർത്ഥിയായി ചേർന്നെങ്കിലും 11 ദിവസത്തെ അദ്ധ്യയനത്തിനുശേഷം പഠനം നിർത്തേണ്ടിവന്നു. പിന്നീട് 1919-ൽ ഇടപ്പള്ളി വടക്കുംഭാഗം ഹയർഗ്രേഡ് വെർണാക്കുലർ സ്കൂളിൽ ചേർന്ന് 3-ആം സ്റ്റാൻഡേർഡ് പാസ്സായി ചുറ്റുപാടുകര ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ ചേർന്നു. രണ്ടാനമ്മയൊത്തുള്ള കുടുംബജീവിതത്തിലെ അസ്വാസ്ഥ്യങ്ങൾ, ദാരിദ്ര്യം, അച്ഛന്റെ കുത്തഴിഞ്ഞ ജീവിതം ഇവകൊണ്ട് വിഷാദിയും ഏകാകിയുമായിത്തീർന്നിരുന്നു അദ്ദേഹം. ഇടപ്പള്ളി സാഹിത്യസമാജത്തിലെ അംഗത്വവും മേലങ്ങത്ത് അച്യുതമേനോൻ‍, ഇടപ്പള്ളി കരുണാകരമേനോൻ തുടങ്ങിയവരുമായുള്ള ബന്ധവും ജന്മസഹജമായ കവിതാവാസനയെ പോഷിപ്പിച്ചു. ഇക്കാലത്താണ് ഇടപ്പള്ളി രാഘവൻ പിള്ള ചങ്ങമ്പുഴയെ പരിചയപ്പെടുന്നതും. ഇരുവരും ആദ്യം ബദ്ധശത്രുക്കളായിരുന്നെങ്കിലും പിന്നീട് ഒറ്റ ഹൃദയവും രണ്ടു ശരീരവും പോലെയായിത്തീർന്നു. 1927-ൽ തേഡ് ഫോറം ജയിച്ച് ഇളമക്കരയിലെ പ്രശസ്തമായ ധനികകുടുംബത്തിൽ ട്യൂഷൻ മാസ്റ്ററായി. എറണാകുളം മഹാരാജാസ് സ്കൂളിൽ വിദ്യാർത്ഥിയായിച്ചേർന്ന് സ്കൂൾഫൈനൽ പരീക്ഷ ജയിച്ച അദ്ദേഹം ആ കുടുംബത്തിലെ കാര്യസ്ഥപ്പണിക്ക് നിയോഗിക്കപ്പെട്ടു. ഹൈസ്കൂൾ കാലത്തിനിടയിൽ വളർന്ന പ്രേമബന്ധം ഇടപ്പള്ളിയെ തിരുവനന്തപുരത്തേക്ക് താമസം മാറ്റാൻ ഇടയാക്കി. കുറച്ചുകാലം തിരുവനന്തപുരം ഭാഷാഭിവർദ്ധിനി ബുക്ക് ഡിപ്പോയിൽ ഗുമസ്തനായിനിന്നു. സുഹൃത്തുക്കളുടെ സഹായത്താൽ പ്രതിവാരപത്രമായ ‘ശ്രീമതി’യിൽ കണക്കപ്പിള്ളയായി. ‘ശ്രീമതി’ പ്രസിദ്ധീകരണം നിന്നപ്പോൾ ‘കേരളകേസരി’യിൽ ഗുമസ്തനായി. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാളരാജ്യം ചിത്രവാരി തുടങ്ങിയവയിൽ കവിതകൾ ഇക്കാലത്ത് ധാരാളം പ്രസിദ്ധീകരിക്കപ്പെട്ടു. മഹാകവി ഉള്ളൂരിനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ അവതാരികയോടെ പ്രഥമകവിതാസമാഹാരമായ തുഷാരഹാരം പ്രസിദ്ധീകരിക്കുന്നതും തിരുവനന്തപുരത്തുവെച്ചാണ്. കൊല്ലവർഷം 1110-ലാണ് ഭാഷാഭിവർദ്ധിനി ബുക്ക് ഡിപ്പോ 'തുഷാരഹാരം' പ്രസിദ്ധീകരിച്ചത്. ‘കേരളകേസരി’യുടെ പ്രസിദ്ധീകരണം നിലച്ചപ്പോൾ പ്രശസ്തവക്കീലായിരുന്ന വൈക്കം വി.എം. നാരായണപിള്ളയോടൊപ്പം കൊല്ലത്തെ അദ്ദേഹത്തിന്റെ വസതിയിൽ താമസമാക്കി. ഭാഷാഭിവർദ്ധിനി പുസ്തകശാലവഴി തന്നെ ഹൃദയസ്മിതം, നവസൗരഭം എന്നീ സമാഹാരങ്ങളും പുറത്തിറങ്ങി.

മലയാളകവിതയിൽ കാല്പനികതയിൽ നിന്നുള്ള വഴിപിരിയലിനു തുടക്കം കുറിച്ച കവിയും നാടകകൃത്തുമാണ് ഇടശ്ശേരി ഗോവിന്ദൻ നായർ (ഡിസംബർ 23, 1906 - ഒക്ടോബർ 16, 1974). പൂതപ്പാട്ട്‌, കാവിലെപ്പാട്ട്, പുത്തൻകലവും അരിവാളും, ബുദ്ധനും നരിയും ഞാനും എന്നീ കവിതകളിലൂടെ വ്യത്യസ്തമായ ഭാവുകത്വം പ്രകടമാക്കി. ഇടശ്ശേരി ഗോവിന്ദൻ നായർ പൊന്നാനിക്കടുത്തുള്ള കുറ്റിപ്പുറത്ത്‌ പി.കൃഷ്ണക്കുറുപ്പിന്റെയും ഇടശ്ശേരിക്കളത്തിൽ കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. സാമാന്യ വിദ്യാഭ്യാസത്തിനു ശേഷം ആലപ്പുഴ, പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളിൽ ജോലി ചെയ്തു. 1938ൽ ഇടക്കണ്ടി ജാനകിയമ്മയെ വിവാഹം ചെയ്തു. കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും ഭരണ സമിതി അംഗമായിരുന്നു. 1974 ഒക്ടോബർ 16-നു സ്വവസതിയിൽ വച്ച്‌ മരിച്ചു. കഥാകൃത്ത് ഇ. ഹരികുമാർ മകനാണ്.

മലയാളത്തിലെ പ്രമുഖയായ എഴുത്തുകാരിയാണു ഇന്ദു മേനോൻ. ചെറുകഥകളും നോവലുകളും എഴുതുന്നു. 2014 ൽ യുവ എഴുത്തുകാർക്കുള്ള കേന്ദ്ര സാഹിത്യ പുരസ്കാരം ലഭിച്ചു. ഇന്ദു വള്ളിക്കാട്ട് മേനോൻ എന്നതാണു യഥാർത്ഥ നാമം. രൂപേഷ് പോൾ സംവിധാനം ചെയ്ത മൈ മദേഴ്‌സ് ലാപ്‌ടോപ്പ്’ എന്ന മലയാളചലച്ചിത്രത്തിനു തിരക്കഥയും സംഭാഷണവും രചിച്ച് കൊണ്ട് മലയാള സിനിമയിലേക്ക് പ്രവേശിച്ചു . ലെസ്ബിയൻ പശു എന്ന ഒറ്റ സമാഹാരത്തിലൂടെ മലയാളസാഹിത്യ ചരിത്രത്തിൽ ഇടം നേടി.ഉത്തരാധുനികതയുടെ രണ്ടാം ഘട്ടം മലയാളസാഹിത്യത്തിലേക്ക് കടന്നു വന്നത് ലെസ്ബിയൻപശു എന്ന കഥയിലൂടെയാണ്‌. The first milestone of post post modernism എന്നറിയപ്പെടുന്നതും ഈ കഥയാണ്‌. പുതിയ കഥയുടെ സങ്കീർണവും ചലനാത്മകവുമായ പ്രതലമാണ് ഇന്ദു മേനോൻറെ കഥകളിൽ കാണുന്നത്. ബഹുമുഖമായ ദിശാബോധം, പുനർ വായനക്ക് വിധേയമായ സൌന്ദര്യ ശാസ്ത്രം, അപ്രതീക്ഷിതത്വ സ്വഭാവമുള്ള ചിന്താവിന്യാസം, നർമ്മത്തിൻറെ നിർമമത, ബലപ്പെടുത്തിയ ജീവിത നിരീക്ഷണം, പാരമ്പര്യവിമുക്തമായ മനുഷ്യബന്ധസമീപനം എന്നിവ ഇന്ദുമേനോൻറെ കഥകളുടെ പ്രത്യേകതയാണ് സക്കറിയ അടയാളപ്പെടുത്തുന്നത്. വലുതും ചെറുതുമായ നല്ല കലയുടെ അട്ടിമറികളിലൂടെ എഴുത്തിൻറെ സർവ്വേ കല്ലുകൾ ഇന്ദു മേനോൻ മാറ്റിക്കുത്തുന്നു എന്നു എൻ എസ്‌ .മാധവനും, പൊട്ടിത്തെറിച്ചു നിറങ്ങളും തീയും പുകയും വാരി വിതറുന്നതാണ് ഇന്ദുവിൻറെ ഭാഷ എന്നു എം.മുകുന്ദനും രേഖപ്പെടുത്തുന്നു

കേരളത്തിന്റെ സംഗീതപാരമ്പര്യത്തെ മികവുറ്റതാക്കിയ ഒരു സംഗീത പ്രതിഭയാണ് ഇരയിമ്മൻ തമ്പി (ജീവിതകാലം: 1782 - 1856). സ്വാതിതിരുനാളിന്റെ ഗുരുവായും അദ്ദേഹത്തിന്റെ സദസ്സിലെ അംഗമായും ശോഭിച്ചിരുന്നു. തിരുവിതാംകൂറിലെ ആറ് ഭരണാധികാരികളെ സേവിക്കാൻ അദ്ദേഹത്തിനു സാധിച്ചു. കരുണ ചെയ്വാനെന്തു താമസം എന്ന പ്രസിദ്ധ കൃതി അദ്ദേഹം രചിച്ചതാണ്. ചേർത്തലയിലെ വാരനാടുള്ള നടുവിലെ കോവിലകത്ത് കേരളവർമ്മ തമ്പാൻറെയും പുതുമന അമ്മവീട് രാജകുടുംബത്തിലെ പാർവ്വതിപ്പിള്ള തങ്കച്ചിയുടേയും പുത്രനായി രവി വർമ്മ തമ്പി 1782-ൽ തിരുവനന്തപുരത്തു ജനിച്ചു. അന്നത്തെ രാജാവായിരുന്ന കാർത്തിക തിരുനാൾ രാമവർമ്മയുടെ സഹോദരനായിരുന്ന മകയിരം തിരുനാൾ രവിവർമ്മയുടെ മകളായിരുന്നു, പാർവതി പിള്ള തങ്കച്ചി. കാർത്തിക തിരുനാളാണ് രവിവർമ്മയ്ക്ക് ഇരയിമ്മൻ എന്ന ഓമനപേരിട്ടത്. അദ്ദേഹത്തിന്റെ ആട്ടക്കഥകളായ കീചക വധവും ഉത്തരാ സ്വയംവരവും ഇരുപതാം വയസ്സിൽ രചിച്ചതാണ്. “ഓമനത്തിങ്കൾ കിടാവോ“ എന്ന പ്രശസ്തമായ താരാട്ടുപാട്ട് എഴുതിയത് ഇരയിമ്മൻ തമ്പിയാണ്. സ്വാതി തിരുന്നാൾ ജനിച്ചപ്പോൾ സ്വാതി തിരുന്നാളിന്റെ അമ്മയായ റാണി ഗൌരി ലക്ഷ്മി ഭായിക്കു വേണ്ടി എഴുതിയതാണ് ഈ താരാട്ടുപാട്ട്. സ്വാതി തിരുനാൾ തൊട്ടിലിൽ കിടക്കുന്നതു കണ്ടു കൊണ്ടാണിതെഴുതിയതെന്നു പറയപ്പെടുന്നു. പ്രാണനാഥനെനിക്കുനൽകിയ പരമാനന്ദ രസത്തെ എന്ന ശൃംഗാരരസഭരിതമായ ഗാനവും രചിച്ചത് അദ്ദേഹം തന്നെ. നാരായണീയം ആദ്യമായി അച്ചടിച്ചതും അദ്ദേഹം തന്നെയാണ്. അദ്ദേഹം എഴുപത്തിനാലു വയസ്സുവരെ ജീവിച്ചിരുന്നു.

മലയാള ഭാഷയ്ക്കും ചരിത്രത്തിനും നിസ്തുലമായ സംഭാവനകൾ നൽകിയ പണ്ഡിതനും ഗവേഷകനുമായിരുന്നു ഇളംകുളം പി.എൻ. കുഞ്ഞൻപിള്ള എന്ന ഇളം‌കുളം കുഞ്ഞൻപിള്ള(ജനനം:1904 നവംബർ 8-മരണം:1973 മാർച്ച്‌ 3)‌. തിരുവനന്തപുരത്തും കൊല്ലത്തുമായിട്ടായിരുന്നു ഇളംകുളം കുഞ്ഞൻപിള്ളയുടെ ജീ‍വിതം. സൂക്ഷ്‌മതയും തെളിമയുമാർന്ന ശൈലി ഇളംകുളത്തിന്റെ സവിശേഷതയായിരുന്നു. ഭാഷാപഗ്രഥനവും ചരിത്രാപഗ്രഥനവും സരളമായി നിർവഹിക്കുന്ന അദ്ദേഹത്തിന്റെ രചനകൾ ഒരിടത്തും പണ്ഡിത്യപ്രകടനം കൊണ്ട് വായനക്കാരന് ക്ലേശം സൃഷ്ടിക്കുന്നില്ല. പഠിച്ചും പഠിപ്പിച്ചുമാണ്‌ കുഞ്ഞൻപിള്ള വളർന്നത്‌. മലയാളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന സാംസ്കാരിക ചരിത്രത്തിലും ഭാഷാ ചരിത്രത്തിലുമൊക്കെ നിറഞ്ഞുനിന്ന അബദ്ധങ്ങൾ‌ ഈവിഷയങ്ങളിൽ നിരന്തരമായ പഠനവും ഗവേഷണവും നടത്താൻ കുഞ്ഞൻ പിള്ളയെ പ്രേരിപ്പിച്ചു.“ഉണ്ണുനീലി സന്ദേശം” വ്യാഖ്യാനം പ്രസിദ്ധീകരിച്ചാണ്‌ ഒരു ഗവേഷകൻ എന്ന നിലയിൽ വ്യക്തിത്വം ഉറപ്പിച്ചത്‌. ആ വർഷംതന്നെ പുറത്തിറങ്ങിയ “ഉണ്ണുനീലി സന്ദേശം ചരിത്ര ദൃഷ്ടിയിൽകൂടി” എന്ന കൃതി ഈ സന്ദേശകാവ്യത്തെ കുറിച്ചുള്ള പുതിയ വെളിപാടായി. കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ, ജന്മിസമ്പ്രദായം കേരളത്തിൽ, കേരളം അഞ്ചും ആറും നൂറ്റാണ്ടുകളിൽ തുടങ്ങിയ പ്രൌഢമായ ചരിത്ര കൃതികളും കേരള ഭാഷയുടെ വികാസ പരിണാമങ്ങൾ, ഭാഷയും സാഹിത്യവും, ഉണ്ണുനീലി സന്ദേശം, കോകസന്ദേശം, നളചരിതം ആട്ടക്കഥ, ലീലാതിലകം എന്നീ ഗ്രന്ഥങ്ങളുടെ പഠനങ്ങൾ എന്നിവ ഉൾപ്പെടുന്ന സാഹിത്യ കൃതികളും കുഞ്ഞൻപിള്ള കൈരളിക്ക്‌ സമ്മാനിച്ചു. സ്റ്റഡീസ്‌ ഇൻ കേരള ഹിസ്റ്ററി, സം പ്രോബ്ലംസ്‌ ഇൻ കേരള ഹിസ്റ്ററി എന്നീ ഇംഗ്ലീഷ്‌ കൃതികളും പണ്ടത്തെ കേരള എന്ന തമിഴ്‌ കൃതിയും അദ്ദേഹം രചിച്ചു. ഒരു മികച്ച അദ്ധ്യാപകൻ കൂടിയായിരുന്നു കുഞ്ഞൻപിള്ള. ലിപിവിജ്ഞാനീയത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന പ്രാവീണ്യം വട്ടെഴുത്തിന്റേയും കോലെഴുത്തിന്റേയും ഗ്രന്ഥലിപിയുടേയുമൊക്കെ പഠനങ്ങളിലൂടെ കേരളചരിത്രത്തിന്ന് മുതൽക്കൂട്ടായി. പൗരാണികഭാരതീയജ്യോതിശ്ശാസ്ത്രത്തിലെ തന്റെ അഗാധപാണ്ഡിത്യം ഉപയോഗപ്പെടുത്തിക്കൊണ്ടാണു അദ്ദേഹം രണ്ടാം ചേരസാമ്രാജ്യത്തിന്റേയും അതിലെ രാജാക്കന്മാരുടേയും കാലഗണനകൾ ചോദ്യംചെയ്യപ്പെടലുകൾക്കതീതമായി സ്ഥാപിച്ചെടുക്കുന്നത്. നിഷ്പക്ഷവും ഏകാന്തവുമായ യാത്രകളായിരുന്നു കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലൂടെ അദ്ദേഹം നടത്തിയത്‌.ചരിത്രരചനയിൽ അദ്ദേഹം പുലർത്തിപ്പോന്ന ബുദ്ധിപരമായ സത്യസന്ധത വളരെ ശ്ലാഘിക്കപ്പെട്ടിട്ടുണ്ട്.അദ്ദേഹത്തിന്റെ രചനകൾ സാഹിത്യ വിദ്യാർത്ഥികൾക്കും ഗവേഷകൻമാർക്കുമൊക്കെ പ്രയോജനകരമായി നിലകൊള്ളുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ഇതിനു മുൻപ് ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ സഞ്ചരിച്ച വഴികാട്ടി ആയിരുന്നു അദ്ദേഹമെന്ന്‌ യൂണിവേഴ്‌സിറ്റി കോളേജിൽ ഇളംകുളത്തിന്റെ വിദ്യാർത്ഥിയായിരുന്ന പ്രൊഫ. എസ്. ഗുപ്തൻ നായർ പറയുന്നു.

പ്രശസ്തനായ കവി, ആട്ടക്കഥാകൃത്ത് എന്നിങ്ങനെ തിളങ്ങിയ വ്യക്തിയാണ് ഉണ്ണായിവാര്യർ. ക്രിസ്തു വർഷം1682 നും 1759 നും ഇടക്കാണ് ജീവിതകാലം എന്ന് വിശ്വസിക്കുന്നു. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് ജനനം. സംസ്കൃതത്തിലും, തർക്കശാസ്ത്രത്തിലും, വ്യാകരണത്തിലും, ജ്യോതിഷത്തിലും പാണ്ഡിത്യം നേടി. കുംഭകോണം, തഞ്ചാവൂർ, കാഞ്ചീപുരം എന്നിവടങ്ങളിൽ സഞ്ചരിച്ച് സംഗീതം പഠിച്ചു. ശ്രീരാമനെ സ്തുതിച്ചു കൊണ്ടെഴുതിയ രാമപഞ്ചശതി, ഗിരിജാകല്യാണം, ഗീതപ്രബന്ധം, നളചരിതം ആട്ടക്കഥ എന്നിവയാണ് വാര്യരുടെ കൃതികൾ. കൃതികളെക്കുറിച്ച് തർക്കമുണ്ട്. എത്ര കൃതികൾ രചിച്ചുവെന്നോ അവയേതെന്നോ ഉള്ള കാര്യത്തിലൊന്നും ഒരു തിട്ടവുമില്ല. എന്നാൽ നളചരിതം ആട്ടക്കഥ ഉണ്ണായി വാര്യരുടേതാണെന്ന കാര്യത്തിൽ പണ്ഡിതന്മാർ എല്ലാവരും ഏകാഭിപ്രായക്കാരാണ്. ഈയൊരൊറ്റ കൃതി മതി അദ്ദേഹത്തിന്റെ കവിത്വസിദ്ധിക്കു നിദർശനമായി ചൂണ്ടിക്കാട്ടാൻ. രാമപഞ്ചശതി, ഗിരിജാകല്യാണം എന്നീ കൃതികളും ഉണ്ണായി വാര്യരുടേതാണെന്നു ചില പണ്ഡിതന്മാർ അവകാശപ്പെടുന്നു.

മലയാളത്തിലെ ഒരു എഴുത്തുകാരനാണ് ഉണ്ണിക്കൃഷ്ണൻ പുതൂർ. (20 ജൂലൈ 1933 - 2 ഏപ്രിൽ 2014). അറുന്നൂറോളം കഥകൾ രചിച്ചിട്ടുണ്ട്. 29 കഥാസമാഹാരങ്ങളും 15 നോവലുകളും ഒരു കവിതാസമാഹാരവും ജീവചരിത്രവും അനുസ്മരണവും ഉൾപ്പെടെ അമ്പതിലേറെ കൃതികൾ രചിച്ചിട്ടുണ്ട്. 1933-ൽ പൊന്നാനി താലൂക്കിലെ ഏങ്ങണ്ടിയൂർ ഗ്രാമത്തിൽ (ഇപ്പോൾ തൃശ്ശൂർ ജില്ല) ‘ഇല്ലത്ത് അകായിൽ’ എന്ന് സ്ഥാനപ്പേരുള്ള പുതൂർ തറവാട്ടിൽ ജനിച്ചു. ഗുരുവായൂരിലാണ് വളർന്നത്. അച്ഛൻ: കല്ലാത്ത് പുള്ളിപ്പറമ്പിൽ ശങ്കുണ്ണിനായർ. അമ്മ: പുതൂർ ജാനകിയമ്മ. 1955-ൽ ചാവക്കാട് ബോർഡ് ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി ജയിച്ചു. 1950-കളിൽ തന്നെ കവിതകളും കഥയും എഴുതിത്തുടങ്ങി. കവിതയിലായിരുന്നു തുടക്കം. 'കൽപ്പകപ്പൂമഴ' എന്ന കവിതാസമാഹാരത്തിന് അവതാരിക കുറിച്ചത് വൈലോപ്പിള്ളിയായിരുന്നു.. പുതൂരിന്റെ പ്രസിദ്ധീകൃതമായ ആദ്യത്തെ കഥ ചങ്ങമ്പുഴയുടെ മരണം പ്രമേയമാക്കിയ 'മായാത്ത സ്വപ്ന'മായിരുന്നു. ആദ്യത്തെ കഥാസമാഹാരമായ “കരയുന്ന കാല്പാടുകൾ” എന്ന കൃതിയുമായി കേരളത്തിനുള്ളിലും വെളിയിലുമായി ഒരുവർഷത്തോളം അലഞ്ഞുനടന്നു. 1954 മുതൽ 1956 വരെ പാലക്കാട് വിക്ടോറിയ കോളേജിൽ പഠിച്ചെങ്കിലും ബിരുദം എടുക്കാതെ രാഷ്ട്രീയ പ്രവർത്തകനായും (സോഷ്യലിസ്റ്റ്) തൊഴിലാളി പ്രവർത്തകനായും കഴിഞ്ഞു. 1957-ൽ ഗുരുവായൂർ ദേവസ്വത്തിൽ ഗുമസ്തനായി ജോലിയിൽ പ്രവേശിച്ചു. 1987-ൽ ഗുരുവായൂർ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്മെന്റിന്റെ വകുപ്പുമേധാവിയായി ഉദ്യോഗത്തിൽനിന്നും വിരമിച്ചു. 2014 ഏപ്രിൽ 2-ന് തന്റെ 81-ആം വയസ്സിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചാവക്കാട് മുതുവട്ടൂരിലെ രാജാ ആശുപത്രിയിൽ വെച്ച് പുതൂർ അന്തരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഗുരുവായൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. തങ്കമണിയമ്മയാണ് ഭാര്യ. ഷാജു, ബിജു എന്നീ രണ്ട് മക്കളുണ്ട്.

മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ (1877 ജൂൺ 06 - 1949 ജൂൺ 15.) ചെങ്ങനാശ്ശേരിയിലെ പെരുന്നയിലെ താമരശ്ശേരി എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ അയ്യർ ചങ്ങനാശ്ശേരിയിൽ സ്കൂൾ അദ്ധ്യാപകനായിരുന്നു. അമ്മ ചങ്ങനാശേരി സ്വദേശിനിയായ ഭഗവതിയമ്മ. അദ്ദേഹം പെരുന്നയിൽ തന്നെയാണ് തന്റെ ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം അച്ഛന്റെ നാടായ ഉള്ളൂരിലേക്കു താമസം മാറി. ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നീ കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളകവിതയിൽ കാൽപനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച് ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്തിൽ ഇവർ ആധുനിക കവിത്രയം എന്നറിയപ്പെടുന്നു. കവി എന്നതിനു പുറമേ സാഹിത്യചരിത്രകാരൻ, ഭാഷാഗവേഷകൻ, ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ ഉള്ളൂർ പേരെടുത്തിരുന്നു. തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അംബ, ചിത്രശാല ഉള്ളൂരിന്റെ കൃതികളാണ്. കുട്ടിക്കാലം മുതൽ സാഹിത്യ വാസന പ്രകടിപ്പിച്ചിരുന്ന ഉള്ളൂർ ആധുനിക മലയാളസാഹിത്യത്തിലെ പ്രാതസ്മരണീയരായ ആധുനിക കവിത്രയത്തിലൊരാളായി വിശേഷിക്കപ്പെടുന്നു. കഠിന സംസ്കൃതപദങ്ങൾ ബഹുലമായി ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ രചനാശൈലി അക്കാലത്ത് അനുവാചകർക്ക് പഥ്യമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം "ഉജ്ജ്വല ശബ്ദാഢ്യൻ" എന്ന പേരിലും അറിയപ്പെടുന്നു. എങ്കിലും ഇക്കാലത്ത് കേരള സാഹിത്യചരിത്രത്തിന്റെ കർത്താവ് എന്ന നിലയിലാ‌ണ് പരിഗണിക്കപ്പെടുന്നത്. 1937ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം നല്കി. കൊച്ചി മഹാരാജാവ് 'കവിതിലകൻ' പട്ടവും കാശിവിദ്യാപീഠം 'സാഹിത്യഭൂഷൺ' ബിരുദവും സമ്മാനിച്ചു.പൗരാണിക മുഹൂർത്തങ്ങൾ കാല് പനിക ഭംഗിയോടെ അവതരിപ്പിക്കുമ്പോൾ ഭാരതീയ ധർമ്മ നീതികൾ കവിതയിൽ വ്യവഹരിക്കപ്പെടുന്നു.ചരിത്രമുഹൂർത്തങ്ങൾ കാവ്യഭാവനയ്ക് ഉത്തേജനം നൽകി.

മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പി.സി. കുട്ടികൃഷ്ണൻ (1915 ജൂൺ 8 – 1979 ജൂലൈ 10). സ്ത്രീപക്ഷവാദി, കവി, ഉപന്യാസകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും അറിയപ്പെടുന്നു. ആകാശവാണിയുടെ കോഴിക്കോട് നിലയത്തിൽ 25 വർഷത്തോളം പ്രവർത്തിച്ചു. പല ജനപ്രിയ പരിപാടികളുടെയും നിർമ്മാതാവായിരുന്നു അദ്ദേഹം. പ്രകൃതിസ്നേഹിയും ഗാന്ധിയനുമായിരുന്ന അദ്ദേഹം കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും മലയാള മനോരമയുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.

പ്രശസ്ത മലയാള സാഹിത്യകാരനായിരുന്നു എം. അച്യുതൻ. ഇദ്ദേഹം (1930 ജൂൺ 15- 2017 ഏപ്രിൽ -09) തൃശൂർ ജില്ലയിലെ വടമയിൽ ജനിച്ചു. മലയാള ഭാഷയിലും സാഹിത്യത്തിലും മദ്രാസ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ എം.എ. ബിരുദം ഒന്നാം ക്ളാസിൽ ഒന്നാം റാങ്കോടെ നേടി. ഏറെക്കാലം ഗവൺമെന്റ് കോളജ് അധ്യാപകനായി സേവനമനുഷ്ഠിച്ചു. വിവിധ കോളേജുകളിൽ ലക്‌ചറർ, പ്രൊഫസർ എന്നീ നിലകളിൽ ജോലി ചെയ്തു. എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് പ്രൊഫസറായി സർവീസിൽ നിന്നു വിരമിച്ചു. സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗം, മുഖ്യമന്ത്രിയുടെ ചീഫ് പബ്ളിക് റിലേഷൻസ് ഓഫീസർ, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ജാമാതാവായിരുന്നു ഇദ്ദേഹം ഓടക്കുഴൽ സമ്മാനം നല്കുന്ന ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ സെക്രട്ടറിയായിരുന്നു. മാതൃഭൂമിയിൽ പബ്ലിക്കേഷൻ മാനേജർ ആയി ജോലി ചെയ്തിട്ടുണ്ട്. 1996 മുതൽ സമസ്ത കേരള സാഹിത്യപരിഷത്ത് പ്രസിഡന്റായി ജോലി ചെയ്തിട്ടുണ്ട്.

ആധുനികതയുടെ കാലത്തിനുശേഷമുള്ള തലമുറയിലെ മലയാളത്തിലെ പ്രമുഖനായ കവിയായിരുന്നു എ. അയ്യപ്പൻ (1949 ഒക്ടോബർ 27 - 2010 ഒക്ടോബർ 21). സവിശേഷമായ ബിംബയോജനയിലൂടെ കയ്പാർന്ന ജീവിതാനുഭവങ്ങൾ ആവിഷ്കരിച്ചുകൊണ്ടു് കവിതയ്ക്ക് പുത്തൻഭാവുകത്വം രൂപപ്പെടുത്താൻ അയ്യപ്പന് കഴിഞ്ഞു. 1949 ഒക്ടോബർ 27-ന് തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരത്ത് ജനിച്ചു. അറുമുഖനും മുത്തമ്മാളുമായിരുന്നു മാതാപിതാക്കൾ.അയ്യപ്പന് ഒരു വയസ്സുള്ളപ്പോൾ അച്ഛനും പതിനഞ്ച് വയസ്സുള്ളപ്പോൾ അമ്മയും ആത്മഹത്യ ചെയ്തു. തുടർന്ന് മൂത്ത സഹോദരി സുബ്ബലക്ഷ്മിയുടെയും സഹോദരീഭർത്താവായ വി. കൃഷ്ണന്റെയും സംരക്ഷണയിൽ നേമത്ത് വളർന്നു. വിദ്യാഭ്യാസം കഴിഞ്ഞ് അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി. 2010-ലെ കവിതയ്ക്കുള്ള ആശാൻ പുരസ്കാരം അഹർനായിരുന്നു. 2010 ഒക്ടോബർ 23-ന് ചെന്നൈയിൽ പുരസ്കാരം ഏറ്റുവാങ്ങാനിരിയ്ക്കേയാണ് ഒക്ടോബർ 21-ന് വൈകീട്ട് ആറുമണിയോടെ അദ്ദേഹം തിരുവനന്തപുരത്തുവച്ച് അന്തരിച്ചു. പോലീസിന്റെ ഫ്ലയിങ്ങ് സ്ക്വാഡ് വഴിയിൽ അബോധാവസ്ഥയിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ച അയ്യപ്പനെ തിരിച്ചറിഞ്ഞത് മരണശേഷമാണ്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കപ്പെടുന്നു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ഒക്ടോബർ 26-ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. ജീവിതത്തിൻെറ ഒരു ഘട്ടത്തിൽ അദ്ദേഹം 4 വർഷത്തോളം കണ്ണൂർ ജില്ലയിലെ മണത്തണയിൽ താമസിച്ച് കവിതകൾ എഴുതിയിരുന്നു.

എം കൃഷ്ണൻ നായർ (മാർച്ച് 3, 1923 - ഫെബ്രുവരി 23, 2006) മലയാളത്തിലെ ഒരു സാഹിത്യ വിമർശകനായിരുന്നു. 36 വർഷത്തോളം തുടർച്ചയായി അദ്ദേഹം എഴുതിയ (1969 മുതൽ മരണത്തിനു ഒരാഴ്ച്ച മുൻപു വരെ) സാഹിത്യവാരഫലം ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും. മലയാള നാട് വാരികയിൽ അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങി. മലയാള നാട് നിന്നുപോയതിനു ശേഷം കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു. ലോകസാഹിത്യത്തിൽ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം തെക്കേ അമേരിക്ക മുതൽ യൂറോപ്പുവരെയും, ആഫ്രിക്ക മുതൽ ജപ്പാൻ വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാർക്കു പരിചയപ്പെടുത്തി. പാബ്ലോ നെരൂദ, മാർക്വേസ്, തോമസ് മാൻ‍, യമക്കാവ തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിലെത്തിക്കുന്നതിൽ കൃഷ്ണൻ നായരുടെ പങ്കു ചെറുതല്ല. സൗമ്യസ്വഭാവിയും ശാന്തനും ആഥിത്യമര്യാദക്കാരനുമായിരുന്ന കൃഷ്ണൻ നായർ സാഹിത്യ വിമർശനത്തിൽ രചിതാവിന്റെ പേരുനോക്കാതെ കണിശതയും വിട്ടുവീഴ്ചയില്ലായ്മയും ദയയില്ലായ്മയും പുലർത്തി. സ്വന്തം ലേഖനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവർത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയൽ’ എന്നു വിശേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, ‘അതുകൊണ്ടാണല്ലൊ, ചുമട്ടുതൊഴിലാളികൾവരെയും 35 വർഷമായി സാഹിത്യ വാരഫലം വായിക്കുന്നത്’ എന്നും കൂട്ടിച്ചേർത്തു. രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നർമവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാർക്കു പ്രിയങ്കരമാക്കി. അതിഗഹനമായ വായനയുടെ ഉടമയായിരുന്നു കൃഷ്ണൻ നായർ. ഓട്ടോറിക്ഷാ ഡ്രൈവർമാർ മുതൽ കോളേജ് പ്രൊഫസർമാർ വരെയും നവ കവികൾ മുതൽ വിദ്യാർത്ഥികൾ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ ലക്കങ്ങൾക്കുവേണ്ടി കാത്തിരുന്നു. മലയാള സാഹിത്യത്തിൽ മൗലികമായ എഴുത്തുകാർ ഇല്ലെന്നും ടോൾസ്റ്റോയിയും തോമസ് മാനുമായി താരതമ്യപ്പെടുത്തുമ്പോൾ മലയാള സാഹിത്യകാരന്മാർ കുള്ളന്മാരാണെന്നും അദ്ദേഹം വിശ്വസിച്ചു.

മലയാള സാഹിത്യത്തിലെ പ്രശസ്തനായ ഒരു നിരൂപകനാണ്‌ ഡോ.എം. തോമസ് മാത്യു (ജനനം: സെപ്റ്റംബർ 25, 1940 - ). 2006 ൽ അദ്ദേഹമെഴുതിയ "മാരാർ, ലാവണ്യാനുഭവത്തിന്റെ യുക്തിശില്പം" എന്ന പഠനഗ്രന്ഥം 33-ആമത് വയലാർ പുരസ്കാരം നേടി. വി.ടി. മാത്യുവിന്റെയും മറിയാമ്മ മാത്യുവിന്റെയും മകനായി 1940 സെപ്റ്റംബർ 25 ന്‌ പത്തനംതിട്ട ജില്ലയിലെ കീകൊഴൂരിൽ ജനനം. എറണാംകുളം മഹാരാജാസ് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. 1965 ൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി. തുടർന്ന് കേരളത്തിലെ നിരവധി സർക്കാർ കലാലയങ്ങളിൽ പ്രൊഫസറായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ‍ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം,നിർ‌വ്വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരനും പത്രപ്രവർത്തകനും സാമൂഹിക നായകനുമായിരുന്നു എം.പി. നാരായണപിള്ള (ജനനം - 1939 നവംബർ 22, മരണം - 1998 മെയ് 19). നാണപ്പൻ എന്ന് സ്നേഹത്തോടെ അറിയപ്പെട്ടിരുന്നു അദ്ദേഹം. പെരുമ്പാവൂരിനു അടുത്തുള്ള പുല്ലുവഴിയിൽ ജനിച്ചു. അലഹബാദ് സർവ്വകലാശാലയിൽ നിന്നും കാർഷിക ശാസ്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം അദ്ദേഹം ദില്ലിയിലെ കിഴക്കൻ ജർമ്മൻ എംബസിയിൽ ടെലെഫോൺ ഓപ്പറേറ്റർ ആയി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. അതിനുശേഷം ഒരു സാമ്പത്തിക വിദഗ്ദ്ധനായി ദേശീയ ആസൂത്രണ കമ്മീഷനിൽ അദ്ദേഹം 5 വർഷം ജോലിചെയ്തു. ഈ സമയത്താണ് തന്റെ സാഹിത്യ ജീവിതം അദ്ദേഹം ആരംഭിക്കുന്നത്. ഹോങ്കോങ്ങിലെ 'ഫാർ ഈസ്റ്റേൺ ഇക്കണോമിക്‌ റിവ്യൂ'വിൽ സബ് എഡിറ്ററായി ചേർന്ന്‌ ധനകാര്യപത്രപവർത്തനം ആരംഭിച്ചു. 1970 മുതൽ 1972 വരെ അദ്ദേഹം ബോംബെയിൽ വാണിജ്യവകുപ്പിന്റെ പ്രസിദ്ധീകരണ വിഭാഗം തലവനായും മക് ഗ്രാ ഹില്ല് ലോക വാർത്തയുടെ ഇന്ത്യൻ വാർത്താ ലേഖകൻ ആയും ജോലി ചെയ്തു. ഇതിനുശേഷം മിനറത്സ് ആന്റ് മെറ്റത്സ് റിവ്യൂ-വിന്റെ പത്രാധിപരായി അദ്ദേഹം പ്രവർത്തിച്ചു. പരിണാമം (നോവൽ), എം. പി നാരായണപിള്ളയുടെ കഥകൾ, 56 സത്രഗലി (കഥാസമാഹാരം), മൂന്നാം കണ്ണ്‌, കാഴ്ചകൾ ശബ്ദങ്ങൾ (ലേഖന സമാഹാരം) എന്നിവയാണ്‌ കൃതികൾ. ഏഷ്യൻ ഇൻഡസ്റ്റ്രീസ് ഇൻഫൊർമേഷൻ സെന്റർ എന്ന സ്ഥാപനത്തിന്റെ തലവൻ ആയിരുന്നു. മലയാളം വാരികയായിരുന്ന ട്രയലിന്റെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.

പാശ്ചാത്യ സാഹിത്യ ചിന്തകളുടെ ഊഷ്മള ചൈതന്യം മലയാള ഭാഷയിലേക്ക് ആവാഹിച്ച ഫ്യൂച്ചറിസ്റ്റ്‌ ചിന്തകനും വിമർശകനും. പത്രപ്രവർത്തകൻ, നിരൂപകൻ, ചരിത്രകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ മലയാളസാഹിത്യകാരനായിരുന്നു കേസരി എന്നറിയപ്പെടുന്ന കേസരി എ. ബാലകൃഷ്ണപിള്ള. ജീവിതത്തിലും സാഹിത്യത്തിലും അദ്ദേഹം ഒരു വിപ്ലവക്കാരിയായിരുന്നു. പാശ്ചാത്യ സാഹിത്യത്തെ മലയാളികൽക്ക് പരിചയപ്പെടുത്തിക്കൊടുത്തത് കേസരിയാണ് . ലോകത്തെ വിപ്ലവകരമായി മാറ്റിമറിക്കുന്നതിന് പ്രയോഗിക്കേണ്ട ഒരായുധമായിട്ടാണ് അദ്ദേഹം സാഹിത്യത്തെ കണ്ടത്. വൈദേശിക സാഹിത്യപ്രസ്ഥാനങ്ങളെ മുൻ നിർത്തി മലയാളസാഹിത്യത്തെ വിലയിരുത്താനാണ് അദ്ദേഹം ഉദ്യമിച്ചത്. പ്രസ്ഥാന നിരൂപകൻ, സാങ്കേതിക നിരൂപകൻ, ചിത്രകലാനിരൂപകൻ, എന്നൊക്കെയാണ് കേസരി വിശേഷിപ്പിക്കപ്പെടുന്നത്. മലയാളം കൂടാതെ ഹീബ്രു, ലാറ്റിൻ, ഗ്രീക്ക് എന്നിവയും അസീറിയൻ, സുമേറിയൻ ഭാഷകളും ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ എന്നീ യൂറോപ്യൻ ഭാഷകളും സംസ്കൃതം, അറബി എന്നിവയും തമിഴ്, തെലുങ്ക്, കന്നട, ചൈനീസ് എന്നീ ഭാഷകളും അറിയാമായിരുന്നു.

മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയാണ് എം. മുകുന്ദൻ (M Mukundan) (ജനനം: സെപ്റ്റംബർ 10 1942). ഫ്രഞ്ച്‌ നയതന്ത്ര ഉദ്യോഗസ്ഥനായും, കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ ഫ്രഞ്ച്‌ അധീന പ്രദേശമായിരുന്ന, പോണ്ടിച്ചേരിയുടെ ഭാഗമായുള്ള മയ്യഴിയിൽ 1942 സെപ്റ്റംബർ 10-ന് ജനിച്ചു. തൻ്റെ ആദ്യ സാഹിത്യ സൃഷ്ടിയായ ചെറുകഥ 1961 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് മുകുന്ദൻ ധാരാളം നോവലുകളും ചെറുകഥകളും എഴുതി. ഫ്രഞ്ച് എംബസിയിലെ ഉദ്യോഗത്തിൻ്റെ ഭാഗമായി മുകുന്ദൻ്റെ ജീവിതം പിൽക്കാലത്ത്‌ ഡൽഹിയിലേക്കു പറിച്ചു നടപ്പെട്ടു. ഡൽഹി ജീവിതവും മുകുന്ദൻ്റെ തൂലികയിൽ സാഹിത്യ സൃഷ്ടികളായി. ഇടതുപക്ഷ രാഷ്ടീയത്തോട് ആഭിമുഖ്യമുള്ളയാളാണ്‌ മുകുന്ദൻ. എന്നാൽ ഇദ്ദേഹത്തിൻ്റെ കേശവന്റെ വിലാപങ്ങൾ എന്ന നോവൽ ഇടതുപക്ഷ വ്യതിയാനമാണെന്നും ഒരുകൂട്ടർ വാദിക്കുന്നു. വി.എസ്. അച്യുതാനന്ദൻ കാലഹരണപ്പെട്ട പുണ്യാളനാണ് എന്ന് ഒരു അഭിമുഖസംഭാഷണത്തിൽ പറഞ്ഞത് വിവാദമായപ്പോൾ എസ്.എം.എസ് വഴി രാജിക്കത്ത് അയച്ചുകൊടുത്തുവെങ്കിലും പിന്നീട് രാജി പിൻവലിച്ച് അക്കാദമിയിൽ തുടർന്നു. മുകുന്ദൻ്റെ സൃഷ്ടികളിലുടനീളം ഫ്രഞ്ച്‌ അധിനിവേശ സ്മരണകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ തുടിപ്പുകളും കാണാം. ഇതു മൂലം അദ്ദേഹം മയ്യഴിയുടെ കഥാകാരൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമീണഗ്രന്ഥാലയമായ പെരുങ്കുളം ബാപ്പുജി സ്മാരക വായനശാലയുടെ രക്ഷാധികാരിയാണ്.

സാഹിത്യനിരൂപക, എഴുത്തുകാരി, പ്രഭാഷക, അദ്ധ്യാപിക എന്നീ നിലകളിൽ പ്രശസ്തയായ മുണ്ടനാട്ട് ലീലാവതി എന്ന ഡോ.എം. ലീലാവതി മലയാളസാഹിത്യത്തിലെ സജീവസാന്നിധ്യമാണ് . 2008 ലെ പത്മശ്രീ പുരസ്ക്കാരമടക്കം ധാരാളം ബഹുമതികൾക്ക് ലീലാവതി അർഹയായിട്ടുണ്ട് . 1927 സെപ്തംബർ 16-ന് ഇന്നത്തെ തൃശ്ശൂർ ജില്ലയിൽ ക്ഷേത്രനഗരമായ ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയിൽ ജനിച്ചു. കഴുങ്കമ്പിള്ളി കുഞ്ഞുണ്ണി നമ്പിടിയുടെയും മുണ്ടനാട്ട് നങ്ങയ്യമാണ്ടലിന്റെയും മകളാണ്. കുന്നംകുളം ഹൈസ്ക്കൂൾ, എറണാകുളം മഹാരാജാസ് കോളേജ്, മദ്രാസ് സർവകലാശാല, കേരള സർ‌വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1949 മുതൽ സേന്റ് മേരീസ് കോളേജ് തൃശൂർ, സ്റ്റെല്ല മാരീസ് കോളേജ് ചെന്നൈ, പാലക്കാട് ഗവ.വിക്ടോറിയ കോളേജ്, മഹാരാജാസ് കോളജ്, തലശ്ശേരി ബ്രണ്ണൻകോളേജ്മുതലായ വിവിധ കലാലയങ്ങളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് 1983-ൽ വിരമിച്ചു. കുറച്ചുകാലം കോഴിക്കോട് സർവകലാശാലയിൽ വിസിറ്റിങ്ങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു. ഭാവനാജീവിതമെന്നു വിശേഷിപ്പിച്ചു പോരുന്ന കവിതയിൽ യുക്തിനിഷ്ഠമായ ഭൗതികവീക്ഷണവും ശാസ്ത്രതത്വങ്ങളും അന്വേഷിച്ചുകൊണ്ടാണ് എം.ലീലാവതി മലയാളനിരൂപണരംഗത്ത് പ്രത്യക്ഷപ്പെട്ടത്. സി.ജി. യുങ്ങിന്റെ സമൂഹമനഃശാസ്ത്രമാണ് ലീലാവതിയുടെ മന:ശാസ്ത്രപഠനങ്ങൾക്ക് അടിസ്ഥാനം.വ്യക്തിക്ക് എന്നപോലെ സമൂഹത്തിനും ബോധമനസ്സും അബോധമനസ്സും ഉണ്ടെന്നും സമൂഹബോധമനസ്സിന്റെ ഉള്ളടക്കം ആദിരൂപങ്ങളാണെന്നും അവയെ പൊതിഞ്ഞു നിൽക്കുന്ന കഥകളാണ് മിത്ത് എന്നുമാണ് ഈ കണ്ടെത്തൽ.

മലയാള ഭാഷയുടെ വ്യാകരണം ചിട്ടപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് കേരള പാണിനി എന്ന് അറിയപ്പെട്ടിരുന്ന എ.ആർ. രാജരാജവർമ്മ (ജീവിതകാലം:1863 ഫെബ്രുവരി 20 - 1918 ജൂൺ 18, മുഴുവൻ പേര്: അനന്തപുരത്ത് രാജരാജവർമ്മ രാജരാജവർമ്മ). കിടങ്ങൂർ പാറ്റിയാൽ ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടേയും കേരളവർമ്മ വലിയ കോയിത്തമ്പുരാൻറെ മാതൃ സഹോദരീ പുത്രിയായ ഭരണിതിരുനാൾ അമ്മത്തമ്പുരാട്ടിയുടേയും പുത്രനായി ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിൽ കൊല്ലവർഷം 1038 കുംഭമാസം 8-നാണ് അദ്ദേഹം ജനിച്ചത്. വൈയാകരണകാരൻ എന്നതിനു പുറമേ, നിരൂപകൻ, കവി, ഉപന്യാസകാരൻ, സർവ്വകലാശാലാ അദ്ധ്യാപകൻ, വിദ്യാഭ്യാസപരിഷ്കർത്താവ് എന്നീ നിലകളിലും പ്രശസ്തനായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മലയാളഭാഷയുടെ വ്യാകരണം, ഛന്ദശാസ്ത്രം, അലങ്കാരാദിവ്യവസ്ഥകൾ എന്നിവയ്ക്ക് അദ്ദേഹം നിയതമായ രൂപരേഖകളുണ്ടാക്കി. സംസ്കൃതവൈയാകരണനായ പാണിനി, അഷ്ടാദ്ധ്യായി ഉൾപ്പെടുന്ന പാണിനീസൂക്തങ്ങളിലൂടെ സംസ്കൃതവ്യാകരണത്തിനു ശാസ്ത്രീയമായ ചട്ടക്കൂടുകൾ നിർവ്വചിച്ചതിനു സമാനമായി കേരളപാണിനീയം എന്ന മലയാളവ്യാകരണ ഗ്രന്ഥം ഏ.ആർ. രാജരാജവർമ്മയുടെതായിട്ടുണ്ട്. മലയാളവ്യാകരണം ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിൽ ഏ.ആറിന്റെ സംഭാവനകൾ കണക്കിലെടുത്തു് അദ്ദേഹത്തെ കേരളപാണിനി എന്നും അഭിനവപാണിനി എന്നും വിശേഷിപ്പിച്ചുപോരുന്നു.

മലയാളത്തിലെ ആധുനിക കവികളിൽ ഒരാളാണ് എം.എൻ. പാലൂർ (ജനനം 22 ജൂൺ 1932 - മരണം 09 ഒക്ടോബർ 2018). യഥാർത്ഥ പേര് പാലൂർ മാധവൻ നമ്പൂതിരി എന്നാണ്. എറണാകുളം ജില്ലയിൽ പാറക്കടവ് എന്ന സ്ഥലത്തെ ഒരു യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തിൽ ജനിച്ച ഇദ്ദേഹത്തിനു ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. ചെറുപ്രായത്തിൽ തന്നെ, പണ്ഡിതനായ കെ പി നാരായണ പിഷാരടിയുടെ കീഴിൽ സംസ്കൃതം അഭ്യസിച്ചു. പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ കീഴിൽ കലാമണ്ഡലത്തിൽനിന്നും കഥകളി അഭ്യസിക്കാനും ഇദ്ദേഹത്തിനു അവസരമുണ്ടായി. പിന്നീട് നാടുവിട്ടു ബോംബെയിൽ എത്തി. ഇന്ത്യൻ എയർലൈൻസിൽ നിന്ന് സീനിയർ ഓപ്പറേറ്റായി വിരമിച്ചു. ഇപ്പോൾ കോഴിക്കോട് ചേവായൂരിൽ താമസം.അദ്ദേഹത്തിന്റെ കവിതകളിൽ ഏറ്റവും ശ്രദ്ധേയമായ ഒരു കവിതയാണ് ഉഷസ്സ്. പുതിയ തലമുറയോട് ജീവിതം എന്തെന്നറിഞ്ഞ ഒരു മനുഷ്യന്റെ സന്ദേശമാണ് ഉഷസ്സ്. ജൈവവീര്യമുള്ള ഭാഷകൊണ്ടും മനുഷ്യോന്മുഖമായ ദർശന ദീപ്തി കൊണ്ടും മലയാളകവിതയിൽ ഒളി മങ്ങാത്തവയാണ് പാലൂരിന്റെ കവിതയെന്നും ആകർഷകമായ നർമ്മ ബോധത്തിന്റെ മിന്നൽ ചിരി ഇദ്ദേഹത്തിന്റെ ചില കവിതകളിൽ കാണാം എന്നും ലീലാവതി ടീച്ചർ അഭിപ്രായപ്പെടുന്നു. വാക്കുകളിലും ചിന്തകളിലും സൗമ്യത കാത്തുസൂക്ഷിക്കുന്ന കവി,ഗർജിക്കുന്നവരുടെ ലോകത്തു സൗമ്യശീലം ചിന്തയിലും മറ്റും ആവാഹിക്കുന്ന വേറിട്ടൊരു കാവ്യ രീതിയാണ് അവലംബിച്ചിരിക്കുന്നത്

മലയാളത്തിലെ പ്രശസ്ത സാഹിത്യനിരൂപകനും ഭാഷാദ്ധ്യാപകനും ഇടതുപക്ഷ ചിന്തകനുമായിരുന്നു എം.എൻ. വിജയൻ (ജനനം: 1930 ജൂൺ 8, മരണം: 2007 ഒക്ടോബർ 3) കേസരി.എ.ബാലകൃഷ്ണപിള്ളയുടെ നിരൂപണാദർശം അദ്ദേഹത്തിന്റെ കാലത്തിനു ശേഷം സമർത്ഥവും സർഗ്ഗാത്മകവുമായി പിന്തുടർന്ന നിരൂപകനാണ് എം.എൻ.വിജയൻ. വൈലോപ്പിള്ളിക്കവിതയെ ആധാരമാക്കി എം.എൻ.വിജയൻ എഴുതിയ നിരൂപണം കവിവ്യക്തിത്വം എപ്രകാരമാണ് കവിതയുടെ പ്രമേയതലത്തെ നിർണ്ണയിക്കുന്നത് എന്നു അന്വേഷിക്കുന്നു.മലയാളത്തിലെ മനഃശാസ്ത്രനിരൂപണപ്രസ്ഥാനത്തിനു തുടക്കം കുറിച്ച പഠനമായിരുന്നു, അത്. എം.പി.ശങ്കുണ്ണിനായർ കണ്ണീർപാടത്തെക്കുറിച്ച് എഴുതിയ പഠനം മനഃശാസ്ത്രപരമായ സൂചനകൾ നല്കുന്നുണ്ടെങ്കിലും ആനൽ ഇറോട്ടിസം എന്ന സങ്കല്പനത്തെ ആധാരമാക്കിയുള്ള ഇദ്ദേഹത്തിന്റെ പഠനമാണ് ആദ്യത്തെ മനഃശാസ്ത്രപഠനമായി കണക്കാക്കപ്പെടുന്നത്. കാവ്യ വിശകലനത്തിനും ജീവിതവ്യാഖ്യാനത്തിനും മനഃശാസ്ത്രത്തെ മാത്രം ഉപയോഗപ്പെടുത്തിയ മലയാളത്തിലെ ഏക വിമർശകൻ എം.എൻ. വിജയനാണ്.മാർക്സിന്റെ സമൂഹ ചിന്തയും ഫ്രോയ്ഡിന്റെ വ്യക്തിമനഃശാസ്ത്രവും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്.കാളിദാസൻ, കുമാരനാശാൻ,ജി.ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ ,വൈലോപ്പിള്ളി, ബഷീർ എന്നിവരെയാണ് അദ്ദേഹം പ്രധാനമായും പഠനവിധേയമാക്കിയത്. ജോലിയിൽ നിന്നു പിരിയുന്നതു വരെ വളരെക്കുറച്ചു മാത്രമേ ഇദ്ദേഹം എഴുതിയിരുന്നുള്ളൂ. കവിതയും മനഃശാസ്ത്രവും എന്ന പുസ്തകത്തിൽ സമാഹരിക്കപ്പെട്ടത് ആദ്യകാല ലേഖനങ്ങളാണ്. പിൽക്കാല ലേഖനങ്ങൾ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ പകർത്തിയെഴുതി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. ജോലിയിൽ നിന്നു പിരിഞ്ഞതിനു ശേഷം വ്യാപകമായി പ്രഭാഷണങ്ങൾ നടത്തുകയും സാംസ്കാരിക പ്രവർത്തനത്തിൽ സജീവമാകുകയും ചെയ്തു

മലയാളത്തിലെ പ്രശസ്ത സാഹിത്യ വിമർശകനാണ് പ്രൊഫ. എം.കെ. സാനു. അദ്ധ്യാപകൻ, വാഗ്മി, എഴുത്തുകാരൻ, ചിന്തകൻ എന്നീ നിലകളിലും പ്രശസ്തനാണിദ്ദേഹം. 1928 ഒക്ടോബർ 27നു ആലപ്പുഴയിലെ തുമ്പോളിയിൽ ജനിച്ചു. നാലു വർഷത്തോളം സ്കൂളദ്ധ്യാപകൻ. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളിൽ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടു. 1958ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ൽ വിമർശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983ൽ അദ്ധ്യാപനത്തിൽ നിന്ന് വിരമിച്ചു. സ്ഥാപകാധ്യക്ഷനായിരുന്ന മഹാകവി വൈലോപ്പിള്ളിയെ തുടർന്ന് 1986ൽ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. 1987ൽ എറണാകുളം നിയമസഭാമണ്ഡലത്തിൽ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു. വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവാണ് എം.കെ. സാനു. കർമഗതി എന്നാണ് ആത്മകഥയുടെ പേര്.

കവിയും നിരൂപകനും സാംസ്കാരിക പ്രവർത്തകനും ഒരു റാഡിക്കൽ ഹ്യൂമനിസ്റ്റുമായിരുന്നു എം. ഗോവിന്ദൻ. മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ അദ്ദേഹം നവസാഹിതി, ഗോപുരം, സമീക്ഷ എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു. പിൽക്കാലത്ത് മലയാളസാഹിത്യത്തിൽ ശ്രദ്ധേയരായിത്തീർന്ന ഒരു പിടി സാഹിത്യകാരന്മാരെ വളർത്തികൊണ്ടുവന്നതിൽ ഗോവിന്ദന്റെ പങ്ക് വലുതാണ്..അങ്ങനെ എം. ഗോവിന്ദന്റെ കൈപിടിച്ച് സാഹിത്യലോകത്ത് എത്തിയവരിൽ ആനന്ദ് ഉൾപ്പെടെ പല മുൻനിര സാഹിത്യകാരന്മാരുമുണ്ട്. 1919 സെപ്റ്റംബർ 18 ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ കുറ്റിപ്പുറം തൃക്കൃണാപുരത്താണ് ഗോവിന്ദൻ ജനിച്ചത്. അചഛൻ കോയത്തുമനയ്ക്കൽ ചിത്രൻ നമ്പൂതിരി. അമ്മ മാഞ്ചേരത്ത് താഴത്തേതിൽ ദേവകിയമ്മ. 1945 വരെ സജീവരാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ട അദ്ദേഹം പിന്നീട് കേരളത്തിലു ചെന്നൈയിലും ഇൻഫർമേഷൻ വകുപ്പിൽ ജോലിചെയ്തു. എം.എൻ റോയിയുമായുള്ള സൗഹൃദം അദ്ദേഹത്തെ റോയിയുടെ ആശയത്തിലേക്ക് അടുപ്പിച്ചു. 1989 ജനുവരി 23 ന് ഗുരുവായൂരിൽ വച്ച് ഗോവിന്ദൻ മരണമടഞ്ഞു. ഡോ. പത്മാവതിയമ്മ ആണ് ഗോവിന്ദന്റെ ഭാര്യ.

നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, ചലച്ചിത്രസംവിധായകൻ സാഹിത്യകാരൻ നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി. വാസുദേവൻ നായർ (ജനനം: 1933)[note 1]. മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. അദ്ധ്യാപകൻ, പത്രാധിപൻ, എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് പത്മഭൂഷൺ, ജ്ഞാനപീഠം എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സ്കൂൾവിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങി.കോളേജ് കാലത്ത് തന്നെ ജയകേരളം മാസികയിൽ കഥകൾ അച്ചടിച്ച് വന്നിരുന്നു. വിക്റ്റോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത്. ’പാതിരാവും പകൽ‌വെളിച്ചവും’ എന്ന ആദ്യനോവൽ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നത്. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ‘നാലുകെട്ട്’ആണ് (1958). ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. പിൽക്കാലത്ത് ‘സ്വർഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയായെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ൽ ആദ്യമായി സംവിധാനം ചെയ്ത് നിർമ്മിച്ച ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈ മേഖലയിൽ ദേശീയപുരസ്കാരം ലഭിച്ചു. ഇതുകൂടാതെ ‘കാലം’(1970-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്), ‘രണ്ടാമൂഴം’ (1985-വയലാർ അവാർഡ്), വാനപ്രസ്ഥം (ഓടക്കുഴൽ അവാർഡ്), എന്നീ കൃതികൾക്കും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടു്. കടവ്‌, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയപുരസ്കാരം ലഭിച്ചു. 2005 -ലെ മാതൃഭൂമി പുരസ്കാരവും എം.ടിക്ക് തന്നെയായിരുന്നു.രണ്ടാമൂഴം എന്ന നോവൽ സിനിമയാക്കുന്നതിന് വേണ്ടിയുള്ള തിരക്കഥ രചനയും മറ്റും നടത്തിയെങ്കിലും സംവിധാനം ചെയ്യാമെന്നേറ്റ ശ്രീകുമാർ മേനോനുമായുള്ള കോടതി വ്യവഹാരത്തിൽ പദ്ധതി നിർത്തി വെച്ചിരിക്കുകയാണ്. മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996-ൽ കാലിക്കറ്റ് സർവ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചു. 1995-ലെ ജ്ഞാനപീഠ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. 2005-ൽ പത്മഭൂഷൺ നൽകി എം.ടിയിലെ പ്രതിഭയെ ഭാരതസർക്കാർ ആദരിക്കുകയുണ്ടായി. ഇദ്ദേഹത്തിൻറെ കൃതികൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്.

മഹാകവി എം. പി. അപ്പൻ ഒരു മലയാള കവിയും സാഹിത്യകാരനുമായിരുന്നു (1913-2003). തിരുവനന്തപുരം ജില്ലയിലെ 1913-ൽ ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബി.എ പാസായി. അധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഡി. എ.ഒ ആയാണ്‌ സർവ്വീസിൽ നിന്ന് വിരമിച്ചത്. 1957 മുതൽ 1967 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു. നാല്പ്പതോളം കവിതാ സമാഹാരങ്ങൾ പ്രസിധീകരിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ കേരള സാഹിത്യ അക്കാദമി അവാറ്ഡ് ലഭിച്ച ഉദ്യാനസൂനം, വെള്ളിനക്ഷത്രം, സുവർണ്ണോദയം എന്നിവ ഉൾ‌പ്പെടുന്നു.

മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരനും പത്രപ്രവർത്തകനും സാമൂഹിക നായകനുമായിരുന്നു എം.പി. നാരായണപിള്ള (ജനനം - 1939 നവംബർ 22, മരണം - 1998 മെയ് 19). നാണപ്പൻ എന്ന് സ്നേഹത്തോടെ അറിയപ്പെട്ടിരുന്നു അദ്ദേഹം. പെരുമ്പാവൂരിനു അടുത്തുള്ള പുല്ലുവഴിയിൽ ജനിച്ചു. അലഹബാദ് സർവ്വകലാശാലയിൽ നിന്നും കാർഷിക ശാസ്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം അദ്ദേഹം ദില്ലിയിലെ കിഴക്കൻ ജർമ്മൻ എംബസിയിൽ ടെലെഫോൺ ഓപ്പറേറ്റർ ആയി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. അതിനുശേഷം ഒരു സാമ്പത്തിക വിദഗ്ദ്ധനായി ദേശീയ ആസൂത്രണ കമ്മീഷനിൽ അദ്ദേഹം 5 വർഷം ജോലിചെയ്തു. ഈ സമയത്താണ് തന്റെ സാഹിത്യ ജീവിതം അദ്ദേഹം ആരംഭിക്കുന്നത്. ഹോങ്കോങ്ങിലെ 'ഫാർ ഈസ്റ്റേൺ ഇക്കണോമിക്‌ റിവ്യൂ'വിൽ സബ് എഡിറ്ററായി ചേർന്ന്‌ ധനകാര്യപത്രപവർത്തനം ആരംഭിച്ചു. 1970 മുതൽ 1972 വരെ അദ്ദേഹം ബോംബെയിൽ വാണിജ്യവകുപ്പിന്റെ പ്രസിദ്ധീകരണ വിഭാഗം തലവനായും മക് ഗ്രാ ഹില്ല് ലോക വാർത്തയുടെ ഇന്ത്യൻ വാർത്താ ലേഖകൻ ആയും ജോലി ചെയ്തു. ഇതിനുശേഷം മിനറത്സ് ആന്റ് മെറ്റത്സ് റിവ്യൂ-വിന്റെ പത്രാധിപരായി അദ്ദേഹം പ്രവർത്തിച്ചു. പരിണാമം (നോവൽ), എം. പി നാരായണപിള്ളയുടെ കഥകൾ, 56 സത്രഗലി (കഥാസമാഹാരം), മൂന്നാം കണ്ണ്‌, കാഴ്ചകൾ ശബ്ദങ്ങൾ (ലേഖന സമാഹാരം) എന്നിവയാണ്‌ കൃതികൾ. ഏഷ്യൻ ഇൻഡസ്റ്റ്രീസ് ഇൻഫൊർമേഷൻ സെന്റർ എന്ന സ്ഥാപനത്തിന്റെ തലവൻ ആയിരുന്നു. മലയാളം വാരികയായിരുന്ന ട്രയലിന്റെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. 1960കളിൽ ന്യൂ ദെൽഹിയിൽ ഒത്തുകുടിയ യുവ എഴുത്തുകാരുടെ കൂട്ടത്തിൽ ഒരാളാണ് എം.പി. നാരായണപിള്ള. ഈകുട്ടത്തിൽപ്പെട്ട ഒ.വി. വിജയൻ, എം മുകുന്ദൻ, കാക്കനാടൻ, വി.കെ.എൻ എന്നിവരോടോപ്പോം നാരായണപിള്ളയും മലയാള സാഹിത്യത്തിൻറെ മോടെർനിസ്റ്റ് യുഗത്തിന്റെ തുടക്കക്കാരനായി കരുതപ്പെടുന്നു. ധാരാ‍ളം ചെറുകഥകൾ എഴുതിയിട്ടുണ്ടെങ്കിലും പരിണാമം എന്ന ഒറ്റ നോവൽ മാത്രമേ നാരായണപിള്ള എഴുതിയിട്ടുള്ളൂ. കേരള സാഹിത്യ അക്കാദമിയുടെ 1992-ലെ പുരസ്കാരം ലഭിച്ചു എങ്കിലും തന്റെ ചില നിബന്ധനകൾ പുരസ്കാര കമ്മിറ്റി അംഗീകരിക്കാത്തതിനാൽ അദ്ദേഹം ഈ പുരസ്കാരം നിരസിച്ചു.

ആണവ ശാസ്ത്രജ്ഞൻ (Nuclear Scientist), ശാസ്ത്രപ്രചാരകൻ, വൈജ്ഞാനിക സാഹിത്യകാരൻ, രാഷ്ട്രീയപ്രവർത്തകൻ, ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണു് എം.പി. പരമേശ്വരൻ. പരിസ്ഥിതി, മാലിന്യസംസ്കരണം തുടങ്ങി വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ പഠനങ്ങൾ ശ്രദ്ധേയമാണ്. കേരള സാഹിത്യ അക്കാദമി നൽകുന്ന സമഗ്ര സംഭാവനക്കുള്ള പുരസ്കാരം 2017-ൽ അദ്ദേഹത്തിന് ലഭിച്ചു.

എം.പി. പോൾ (മേയ് 1, 1904 - ജൂലൈ 12, 1952) ഇംഗ്ലീഷ്: M.P.Paul. മലയാളത്തിലെ ശ്രദ്ധേയനായ സാഹിത്യ വിമർശകനായിരുന്നു. മലയാളത്തിൽ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നതിൽ മഹത്തായ പങ്കുവഹിച്ചു. എഴുത്തുകാർക്ക് അർഹമായ പ്രതിഫലം ലഭിക്കാതിരുന്ന കാലത്ത് സാഹിത്യകാരന്മാർക്കായി സാഹിത്യ പ്രവർത്തക സഹകരണം സംഘം രൂപവത്കരിക്കുന്നതിനു മുൻ‌കൈയ്യെടുത്തു. സംഘത്തിന്റെ ആദ്യ പ്രസിഡണ്ടുമായിരുന്നു അദ്ദേഹം. മതസ്ഥാപനങ്ങളുടെ വിശേഷിച്ചും ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ യാഥാസ്ഥിതിക നിലപാടുകൾക്കെതിരെ ശക്തമായ വിമർശനങ്ങൾ നടത്തിയിരുന്ന അദ്ദേഹത്തിന് തന്മൂലം ജീവിതകാലം മുഴുവൻ സഭയുടെ എതിർപ്പു നേരിടേണ്ടിവന്നു. മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളായിരുന്നു അദ്ദേഹം. നവകേരളം എന്ന പേരിൽ ആഴ്ചപ്പതിപ്പും ചെറുപുഷ്പം എന്ന പേരിൽ മാസികയും പ്രസിദ്ധീകരിച്ചിരുന്നു. കേരളാ പുരോഗമന സാഹിത്യ സംഘടനയുടെ അധ്യക്ഷനായി കുറച്ചുകാലം പ്രവർത്തിച്ചെങ്കിലും അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് പിന്നീട് സംഘടനയിൽ നിന്നും അകലം പാലിച്ചു. കേരള സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ സ്ഥാപക അദ്ധ്യക്ഷന്മാരിൽ ഒരാളായും പ്രവർത്തിച്ചു. ഈ സംഘം പിന്നീട് നാഷണൽ ബുക്സ് സ്റ്റാളുമായി ചേർന്ന ശേഷം വിജയകരമായി സ്ഥാപനമായിത്തിർന്നു 1960 മുതൽ മലയാള സാഹിത്യത്തിന്റെ സുവർണ്ണ കാലമായി പരിണമിക്കുകയും ചെയ്തു. മലയാള സാഹിത്യ വിമർശനത്തിന് ആധുനിക പരിപ്രേക്ഷ്യം നൽകിയത് പോളായിരുന്നു. വിശ്വസാഹിത്യത്തിൽ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം പാശ്ചാത്യ സാഹിത്യ വിമർശന ശൈലികൾ മലയാളത്തിലേക്കും പറിച്ചുനട്ടു. പ്രൌഢവും സരസവുമായ ഗദ്യശൈലിക്കുടമയായിരുന്നു പോൾ. ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന അദ്ദേഹം ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിനു രൂപം നൽകാൻ ശ്രമിച്ചെങ്കിലും അതിനു മുൻപു മരണമടഞ്ഞു.

എം.പി. വീരേന്ദ്രകുമാർ രാഷ്ട്രീയനേതാവും സാഹിത്യകാരനും പ്രഭാഷകനുമായിരുന്നു.14-‌‍‌‌ആം ലോകസഭയിൽ കോഴിക്കോട് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമായിരുന്നു ഇദ്ദേഹം. മരണസമയത്ത് കേരളത്തിൽ നിന്നുള്ള രാജ്യസഭാഗം ആണ് ജനതാദൾ (എസ്), സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക് ) ജനതാ ദൾ (യുണൈറ്റഡ്) എന്നിവയുടെ മുൻ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ്. ലോക് താന്ത്രിക് ജനതാദൾ പാർട്ടിയുടെ സ്ഥാപക നേതാവാണ്. മാതൃഭൂമി ദിനപത്രത്തിന്റെ ചെയർമാനും മാനേജിങ് എഡിറ്ററും മലബാറിലെ പ്രമുഖ പ്ലാന്ററുമാണ് ഇദ്ദേഹം. 2020 മെയ് 28ന് ഹൃദയാഘാതത്തെ തുടർന്ന് ഇദ്ദേഹം അന്തരിച്ചു.

സംസ്കൃത പണ്ഡിതനും സാഹിത്യനിരൂപകനും ഗവേഷകനുമായിരുന്നു എം.പി. ശങ്കുണ്ണി നായർ (1917 മാർച്ച് 4 - 2006) വൈവിദ്ധ്യമേറിയ വിജ്ഞാനമേഖലകളീലുള്ള അദ്ദേഹത്തിന്റെ അറിവ് സാഹിത്യ നിരൂപണത്തെ കേവല സൗന്ദര്യശാസ്ത്രങ്ങളുടെ പരിമിത വൃത്തത്തിനു പുറത്തു കടക്കാൻ അനുവദിച്ചു.നരവംശശാസ്ത്രം മുതലായ വിജ്ഞാന മേഖലകളെ വിമർശനസാഹിത്യത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന ഈ നിരൂപകൻ ബഹുവിഷയാധിഷ്ഠിതമായ സമീപനത്തിലൂടെ സാംസ്കാരിക പഠനത്തിന്റെ ആദ്യകാലപാഠങ്ങൾ സൃഷ്ടിക്കുകയുണ്ടായി.പൂതപ്പാട്ടിനെപ്പറ്റിയുള്ള പഠനം ഇത്തരത്തിൽ ഏറെ ശ്രദ്ധേയമായിരുന്നു. മൗലികമായ ഉപദർശനങ്ങൾ കൊണ്ട് സമൃദ്ധമായ എം.പി. ശങ്കുണ്ണി നായരുടെ പ്രബന്ധങ്ങൾ അന്യാദൃശമായ ഗഹനതയും ആധികാരികതയുമുള്ളതാണ്.

സാഹിത്യപണ്ഡിതൻ, ഗവേഷകൻ, നാടകകൃത്ത്, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തി. കേരള ഇബ്സൻ എന്ന് ചില പണ്ഡിതന്മാർ അദ്ദേഹത്തെ വിളിക്കുന്നു. 1916 സെപ്തംബർ 22-ംതിയ്യതി വർക്കലക്കടുത്തുള്ള ചെമ്മരുതിയിൽ ജനിച്ചു. വിദ്യാഭ്യാസം തിരുവനന്തപുരം ആർട്സ് കോളേജിൽ. 1938-ൽ എം എ ബിരുദം നേടി. 'കേരളസംസ്കാരത്തിലെ ആര്യാംശം' എന്ന വിഷയത്തിൽ തിരുവിതാംകൂർ സർവകലാശാലയിൽ ഗവേഷണം നടത്തി. കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല നാടകത്തിനുള്ള അവാർഡ് 1958-ൽ 'അഴിമുഖത്തേക്ക്' എന്ന നാടകത്തിന് ലഭിച്ചു. 1972-ൽ 'തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ'ക്ക് ഓടക്കുഴൽ അവാർഡ് ലഭിച്ചു.1987-ലെ സാഹിത്യ അക്കാമി അവാർഡ് 'പ്രതിപാത്രം ഭാഷണഭേദം'എന്ന ഗ്രന്ഥത്തിനാണ്‌ ലഭിച്ചത്. ഈ കൃതി സി.വി. രാമൻപിള്ളയുടെ നോവലുകളിലെ കഥാപാത്രങ്ങളുടെ സംഭാഷണ ശൈലിയെപ്പറ്റിയുള്ള ഒരാധികാരികമായ പഠനമാണ്‌. 1988 ജൂലൈ 10 ന് അന്തരിച്ചു

മലയാള നാടകനടനും രചയിതാവും ചലച്ചിത്രനടനും തിരക്കഥാകൃത്തുമായിരുന്നു എൻ. ഗോവിന്ദൻകുട്ടി. 1924-ൽ ഫോർട്ടുകൊച്ചിയിൽ ജനിച്ചു. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം കെ.പി.എ.സി.യിലൂടെ ഈ രംഗത്ത് സജീവമായി. 1956-ൽ കോട്ടയം ജ്യോതി തിയേറ്റേഴ്സിനു വേണ്ടി ഉണ്ണിയാർച്ച എന്ന നാടകം രചിച്ചു. പിന്നീട് മലയാളത്തിലെ ആദ്യ വടക്കൻപാട്ട് ചലച്ചിത്രമായി ഇത് ഉണ്ണിയാർച്ച എന്ന പേരിൽ തന്നെ നിർമ്മിക്കപ്പെട്ടു. ചലച്ചിത്രങ്ങളിൽ വില്ലൻ കഥാപാത്രങ്ങളെയാണ് ഇദ്ദേഹം അവതരിപ്പിച്ചത്. 150-ഓളം ചലച്ചിത്രങ്ങളിൽ ഗോവിന്ദൻകുട്ടി അഭിനയിച്ചിട്ടുണ്ട്. 24 ചലച്ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചു. 11 നാടകങ്ങളും ഇരുപത് കഥാസാമാഹാരങ്ങളും രചിച്ചിട്ടുണ്ട്. മൂന്നൂറിലധികം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണിയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

മലയാളത്തിലെ ഒരു ചെറുകഥാകൃത്തും, കവിയും, നോവലിസ്റ്റുമാണ് എൻ. പ്രഭാകരൻ. ആധുനികതയ്ക്കു ശേഷം മലയാള ചെറുകഥയിൽ ഉണ്ടായ ഭാവുകത്വപരിണാമത്തിന് വഴിയൊരുക്കിയ കഥാകൃത്തുക്കളിൽ ഒരാളാണ് ഇദ്ദേഹം. മാതൃഭൂമി ആഴ്ചപ്പതിപ്പു നടത്തിയ ചെറുകഥാമത്സരത്തിൽ സമ്മാനം നേടിയ ഒറ്റയാന്റെ പാപ്പാൻ എന്ന കഥയിലൂടെ ചെറുകഥാരംഗത്തു പ്രവേശം. കഥ, നോവൽ, യാത്രാവിവരണം, കവിത, തിരക്കഥ, സാഹിത്യനിരൂപണം എന്നിവയിൽ ഇരുപതോളം കൃതികൾ. ഇംഗ്ലീഷ്, ഹിന്ദി, ഉർദു, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ കൃതികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ 1952 ഡിസംബർ 30 ന് ജനനം. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടി. ഭാഷാശാസ്ത്രത്തിൽ വി.ഐ.സുബ്രഹ്മണ്യത്തിനു കീഴിൽ ഗവേഷണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു. കേരള സർക്കാർ സർവ്വീസിൽ മലയാളം ലൿചററായി ജോലി നേടി. പല കോളേജുകളിലും ജോലിചെയ്തു. ഏറെക്കാലം തലശ്ശേരി ബ്രണ്ണൻ കോളേജിൽ അദ്ധ്യാപകനായിരുന്നു.വകുപ്പു മേധാവിയായിരിക്കെ സ്വയം വിരമിച്ചു. റീനയാണു ഭാര്യ. സുചേത്, സച്ചിൻ എന്നിവർ മക്കളാണു്.

മലയാളത്തിലെ പ്രശസ്തയായ കവയിത്രിയായിരുന്നു ബാലാമണിയമ്മ (ജൂലൈ 19, 1909 - സെപ്റ്റംബർ 29, 2004). മാതൃത്വത്തിന്റെ കവയിത്രി എന്നാണ് അവർ അറിയപ്പെട്ടത്. ചിറ്റഞ്ഞൂർ കോവിലകത്ത് കുഞ്ഞു ണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി തൃശൂർ ജില്ലയിലെ ‍നാലപ്പാട്ട് തറവാട്ടിൽ ബാലാമണിയമ്മ ജനിച്ചു. കവിയായ നാലപ്പാട്ട് നാരായണമേനോൻ അമ്മാവനായിരുന്നു. അമ്മാവന്റെ ഗ്രന്ഥശേഖരവും ശിക്ഷണവും ഔപചാരികവിദ്യാഭ്യാസം ലഭിക്കാതിരുന്ന ബാലാമണിക്ക് മാർഗ്ഗദർശകമായി. 1928-ൽ മാതൃഭൂമി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന വി.എം. നായരെ വിവാഹം ചെയ്തു. 1977-ലാണ് അദ്ദേഹം അന്തരിക്കുന്നത്. മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രശസ്ത സാഹിത്യകാരിയായിരുന്ന കമലാ സുരയ്യ എന്ന മാധവിക്കുട്ടി ബാലാമണിയമ്മയുടെ മകളാണ്. ഡോ. മോഹൻദാസ്, ഡോ. ശ്യാം സുന്ദർ, സുലോചന നാലപ്പാട്ട് എന്നിവരാണ് മറ്റു മക്കൾ. ചെറുപ്പം മുതലേ കവിതയെഴുതിയിരുന്ന ബാലാമണിയമ്മയുടെ ആദ്യ കവിതയായ 'കൂപ്പുകൈ'ഇറങ്ങുന്നത് 1930-ലാണ്. കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്തു തമ്പുരാനിൽനിന്ന് 1947-ൽ ‘സാ‍ഹിത്യനിപുണ‘ബഹുമതി നേടി. പിന്നീട് നിരവധി പുരസ്കാരങ്ങളും ബഹുമതികളും അവരെ തേടിയെത്തി. ലളിതവും പ്രസന്നവുമായ ശൈലിയിൽ മനുഷ്യമനസ്സിന്റെ അഗാധതയെ പ്രതിഫലിപ്പിക്കുന്നതാണ് ബാലാമണിയമ്മയുടെ കവിതകൾ. മാതൃത്വവും നിഷ്കളങ്കമായ ശൈശവഭാവവും അവയിൽ മുന്നിട്ടുനിന്നു. ബാലാമണിഅമ്മയുടെ ഭാവഗീതങ്ങളിലെ മുഖ്യമായ ഭാവധാര മാതൃവാത്സല്യമാണ് . അഞ്ചുവർഷത്തോളം അൽഷിമേഴ്സ് രോഗത്തിനൊടുവിലാണ് ബാലാമണിയമ്മ മരിക്കുന്നത്. 2004 സെപ്റ്റംബർ 29-നായിരുന്നു മരണം.

ചെറുകഥാകൃത്തും,നോവലിസ്റ്റുമായിരുന്നു എൻ.മോഹനൻ.പ്രശസ്ത എഴുത്തുകാരി ലളിതാംബിക അന്തർജ്ജനത്തിന്റെ മകനാണ്‌. ദുഃഖം ഒരു പ്രധാന അന്തർധാരയായി അദ്ദേഹത്തിന്റെ മിക്ക കഥകളിലും കാണുന്നു. 1933 ഏപ്രിൽ 27-ന്‌ രാമപുരത്ത് ജനിച്ചു. രാമപുരം സെന്റ് അഗസ്റ്റിൻസ് ഇംഗ്ലീഷ് സ്കൂൾ,തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. കാലടി ശ്രീ ശങ്കര കോളേജിൽ മലയാളം അദ്ധ്യാപകൻ,കേരള ഗവണ്മെന്റിന്റെ സാംസ്കാരികകാര്യ ഡയരക്ടർ എന്നീ തസ്തികകളിൽ പ്രവർത്തിച്ചു. കേരള സ്റ്റേറ്റ് ഫലിം ഡവലപ്മെന്റ് കോർപ്പറേഷന്റെ ഡയറക്റ്ററായി ഇരിയ്ക്കവേ 1988-ൽ സർ‌വീസിൽ നിന്നും വിരമിച്ചു. അച്ഛൻ:എൻ.നാരായണൻ നമ്പൂതിരിപ്പാട് അമ്മ:എൻ.ലളിതാംബിക അന്തർജ്ജനം ഭാര്യ:ഭാമ മക്കൾ:സരിത,ഹരി. 1999 ഒക്ടോബർ 3-ന്‌ അന്തരിച്ചു.

ആധുനിക മലയാളത്തിലെ പ്രമുഖനായ കവിയായിരുന്നു എൻ.എൻ. കക്കാട് എന്നറിയപ്പെടുന്ന നാരായണൻ നമ്പൂതിരി കക്കാട് (ജൂലൈ 14 1927- ജനുവരി 6 1987). കാല്പനികതാവിരുദ്ധതയായിരുന്നു കക്കാടിന്റെ കവിതകളുടെ മുഖമുദ്ര. മനുഷ്യസ്നേഹം തുളുമ്പിനിന്ന അദ്ദേഹത്തിന്റെ കവിതകളിൽ സമൂഹത്തിന്റെ ദുരവസ്ഥയിലുള്ള നൈരാശ്യവും കലർന്നിരുന്നു. ചിത്രമെഴുത്ത്, ഓടക്കുഴൽ, ശാസ്ത്രീയസംഗീതം, ചെണ്ടകൊട്ട് എന്നിവയിലും കക്കാടിനു പ്രാവീണ്യമുണ്ടായിരുന്നു. സഫലമീ യാത്ര എന്ന കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർ‌ഡും വയലാർ അവാർ‌ഡും ലഭിച്ചിട്ടുണ്ട്.ഓടകുഴൽ അവാർഡ് , ആശാൻ പ്രൈസ് ഫോർ പോയട്രി , കുമാരനാശാൻ സ്മാരക അവാർഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് . കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗം കലുഷിതമായിരുന്ന കാലഘട്ടത്തിലായിരുന്നു കക്കാടിന്റെ കവിതകൾ പുറത്തുവന്നത്. ഗ്രാമത്തിന്റെ മൂല്യങ്ങൾ നഷ്ടപ്പെടുന്നതും നാഗരികതയുടെ നരകാത്മകതയും അദ്ദേഹത്തെ അലോരസപ്പെടുത്തി. തന്റെ ചുറ്റും നടക്കുന്ന മാറ്റങ്ങളിൽ വിഹ്വലനായിരുന്നു അദ്ദേഹം. ഒരു കവിതയിൽ നഗരജീവിതത്തെ ഒരുവൻ തന്റെ ഞരമ്പുകൾ കൊണ്ട് വലിച്ചു കെട്ടിയ ഒരു കൂടാരവുമായി അദ്ദേഹം ഉപമിക്കുന്നു. എങ്കിലും ഗ്രാമം നന്മകൾ മാത്രം നിറഞ്ഞതാണെന്ന മൗഢ്യവും അദ്ദേഹത്തിനില്ലായിരുന്നു. ഭയം കൊണ്ട് മരവിച്ച് ഘോഷയാത്രയായി നീങ്ങുന്ന അരക്ഷിതരുടെ ഒരു കൂട്ടമായി അദ്ദേഹം മനുഷ്യവർഗ്ഗത്തെ കരുതി. ഇതിഹാസങ്ങളിൽ നിന്ന് രൂപകങ്ങൾ കടം കൊണ്ട് അദ്ദേഹം ആധുനിക മനുഷ്യന്റെ അവസ്ഥയെ വർണ്ണിച്ചു. അങ്ങനെ ഭൂതവും വർത്തമാന കാലവുമായി

മലയാള നാടക വേദിയുടെ ആചാര്യൻമാരിൽ ഒരാളായിരുന്നു എൻ. എൻ. പിള്ള‍ ( 1918 - നവംബർ 14 1995). 1918 ൽ വൈക്കത്ത് ജനിച്ചു. കോട്ടയം സി.എം.എസ്. കോളെജിൽ പഠിച്ചു. ഇന്റർമീഡിയറ്റ് പരീക്ഷയിൽ തോറ്റതോടെ നാടുവിട്ട് മലയയിൽ എത്തി. രണ്ടാം ലോകയുദ്ധകാലത്ത് ഐ.എൻ.എ യുടെ പ്രചാരണവിഭാഗത്തിൽ പ്രവർത്തിച്ചു. 1945-ൽ നാട്ടിൽ തിരിച്ചെത്തി. രു വർഷം കഴിഞ്ഞ് കുടുംബസമേതം മലയയിലേക്കു പോയി. മൂന്നരവർഷം കഴിഞ്ഞ് തിരിച്ചുവന്ന് കോട്ടയത്ത് ഒളശ്ശയിൽ താമസമാക്കി. ഒട്ടേറെ നാടകങ്ങൾ രചിക്കുകയും 1952-ൽ വിശ്വകേരള കലാസമിതി സ്ഥാപിച്ചു. വിശ്വകേരളാ സമിതിയിലൂടെ അരങ്ങിലെത്തിക്കുകയും ചെയ്തു.ഭാര്യ ചിന്നമ്മയും നടിയായിരുന്നു. മകൻ വിജയരാഘവൻ നാടക-ചലച്ചിത്രനടനാണ്.1995 നവംബർ 14-ന് അന്തരിച്ചു. ജനപ്രീതി നേടിയ പല നാടകങ്ങളും എഴുതി അരങ്ങേറി. ഇരുപത്തെട്ടു നാടകങ്ങളും 40 ഏകാങ്കനാടകങ്ങളും; കാപാലിക, ഈശ്വരൻ അറസ്റ്റിൽ,ക്രോസ്ബെൽറ്റ് തുടങ്ങിയ പ്രശസ്തനാടകങ്ങൾ നാടകദർപ്പണം, കർട്ടൻ എന്നീ പഠനഗ്രന്ഥങ്ങളും ഞാൻ എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രേതലോകം എന്ന നാടകത്തിന് 1966-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. എൻ.എൻ. പിള്ളയുടെ ആത്മകഥയുടെ പെര് ഞാൻ എന്നാണ്. 1991ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ഗോഡ്‌ഫാദർ എന്ന സിനിമയിൽ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് നാടോടി എന്ന ചിത്രത്തിലും അഭിനയിച്ചു.

ഒരു മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് എൻ.എസ്‌ മാധവൻ. മലയാള സാഹിത്യത്തിൽ അവഗണിക്കപ്പെട്ടിരുന്ന ചെറുകഥകൾ എന്ന സാഹിത്യവിഭാഗത്തെ മുഖ്യധാരയിലേക്ക്‌ കൈപിടിച്ചുയർത്തിയ കഥാകൃത്തുക്കളിലൊരാളായി എൻ.എസ്. മാധവൻ പരിഗണിക്കപ്പെടുന്നു. 1948 -ൽ എറണാകുളത്ത്‌ ജനിച്ചു. മഹാരാജാസ് കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ്‌ കോളേജ്‌, കേരള സർവ്വകലാശാല ധനശാസ്ത്ര വകുപ്പ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1975 -ൽ ഐ.എ.എസ്‌ ലഭിച്ചു. കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറി ആയിരുന്നു. 1970 -ൽ മാതൃഭൂമി നടത്തിയ ചെറുകഥാ മത്സരത്തിൽ അദ്ദേഹം എഴുതിയ ശിശു എന്ന ചെറുകഥ ഒന്നാംസ്ഥാനം നേടി. കേരള സാഹിത്യ അക്കാദമി ഓടക്കുഴൽ , മുട്ടത്തുവർക്കി പുരസ്കാരം തുടങ്ങിയ അവാർഡുകൾ ഹിഗ്വിറ്റയ്ക്കു ലഭിച്ചു. മികച്ച ഒറ്റക്കഥകൾക്കുള്ള മൾബറി, പത്മരാജൻ, വി.പി. ശിവകുമാർ സ്മാരക കേളി, തുടങ്ങിയ അവാർഡുകൾക്കു പുറമേ ദില്ലിയിലെ കഥ പ്രൈസിനായി മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭാര്യ ഷീലാ റെഡ്ഡി. ഒരു മകൾ പ്രസിദ്ധയായ ബ്ലോഗറും എഴുത്തുകാരിയുമായ മീനാക്ഷി റെഡ്ഡി മാധവൻ.

മലയാളകവിയും നിരൂപകനുമാണ് എൻ.കെ. ദേശം. ഇദ്ദേഹത്തിന്റെ ശരിയായ പേര് എൻ. കുട്ടികൃഷ്ണപിള്ള എന്നാണ്. 1936 ഒക്ടോബർ 31നു ആലുവയിലെ ദേശം ഗ്രാമത്തിലായിരുന്നു എഴുത്തുകാരന്റെ ജനനം. പിതാവ് പടിഞ്ഞാറെ വളപ്പിൽ പി.കെ. നാരായണ പിള്ളയും മാതാവ് പൂവത്തുംപടവിൽ കുഞ്ഞുക്കുട്ടിപ്പിള്ളയുമാണ്. മലയാളത്തിൽ ബി.എ. ബിരുദം നേടി. ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയതിന് കേരള കലാസമിതി സമ്മാനം, കെ.ജി. പരമേശ്വരൻപിള്ള സ്വർണ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്. 1960 മുതൽ ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ സേവനമനുഷ്ഠിച്ചു. സുവ്യക്തമായ ആശയങ്ങൾ ഹൃദായാവർജകമായി അവതരിപ്പിച്ചിട്ടുള്ള നിരവധി കവിതകൾ ദേശത്തിന്റേതായുണ്ട്. ഇവയിൽ സുരഭിലങ്ങളായ പ്രേമകവിതകളും ചാട്ടുളിപോലെ തറയ്ക്കുന്ന കവിതകളും കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യ കവിതകളും ധാരാളമുണ്ട്. സൌമ്യമായ നർമരസവും അഗാധമായ കാലദേശാവബോധവും ദേശത്തിന്റെ കവിതയുടെ സവിശേഷതകളാണ്. ആധുനിക കവിതയുടെ ഭാവധർമങ്ങൾ അധികം കാണാൻ കഴിയുകയില്ല. സമർഥമായ ശബ്ദങ്ങളും ഉചിതമായ ഇമേജുകളും കവിതയെ മറ്റുള്ളവയിൽനിന്നു വേറിട്ടതാക്കിത്തീർക്കുന്നു. ടാഗോറിന്റെ ഗീതാഞ്ജലിക്ക് എൻ.കെ. ദേശം നടത്തിയ വിവർത്തനം ശ്രദ്ധേയമാണ്. മേൽപ്പറഞ്ഞ കവിതകൾക്കു പുറമേ സാഹിത്യപരമായ നിരൂപണങ്ങളും ദേശം രചിച്ചിട്ടുണ്ട്.

മാധ്യമപ്രവർത്തകനും കവിയും വിവർത്തനും മാധ്യമ അദ്ധ്യാപകനും മാദ്ധ്യമ നിരൂപകനുമാണ് എൻ.പി. ചന്ദ്രശേഖരൻ . തൃശൂർ സ്വദേശിയായ അദ്ദേഹം തൃശൂർ നമ്പൂതിരി വിദ്യാലയം, സി. എം. എസ്. ഹൈസ്കൂൾ, സെൻറ് തോമസ് കോളേജ്, ശ്രീ കേരള വർമ്മ കോളേജ് എന്നിവിടങ്ങളിൽ പഠിച്ചിട്ടുണ്ട്.

1903 ൽ മാവേലിക്കരയിൽ ജനിച്ച പ്രശസ്ത മലയാള നാടകകൃത്തും ചെറുകഥാകൃത്തുമായിരുന്നു എൻ.പി. ചെല്ലപ്പൻ നായർ. ധാരാളം നാടകങ്ങൾ ഇദ്ദേഹം എഴുതി സംവിധാനം ചെയ്ത് പ്രധാന വേഷങ്ങളിലഭിനയിച്ചിട്ടുണ്ട്. മനോഹരവും ലളിതവുമായ ശൈലിയിലായിരുന്നു ഇദ്ദേഹത്തിന്റെ എഴുത്ത്. സമകാലിക രാഷ്ട്രീയത്തെപ്പറ്റിയുള്ള വിമർശനം അദ്ദേഹത്തിന്റെ കൃതികളിൽ കാണാൻ സാധിക്കും. ജനവിരുദ്ധമായ എന്തിനേയും അദ്ദേഹം വിമർശിക്കുമായിരുന്നുവത്രേ. ഒരു ചരിത്ര പണ്ഠിതനുമായിരുന്ന ഇദ്ദേഹം പുരാതന കേരള ചരിത്രത്തെപ്പറ്റി ഉപന്യാസങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹാസ്യസാഹിത്യരചനകളും ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഗൗരവമുള്ള സാമൂഹ്യപ്രശ്നങ്ങലെ നർമ്മബോധത്തോടെ ആവിഷ്കരിച്ചിട്ടുണ്ട്. സാമൂഹികവിമർശനവും കുറിക്കുകൊള്ളുന്ന ഫലിതവും ശ്രദ്ധേയമാണ്. സ്വന്തം അനുഭവങ്ങളെ പ്രമേയമാക്കിയാണ് കതകളേറെയും എഴുതിയിട്ടുള്ളത്. ഫലിതവും പരിഹാസവും നിറഞ്ഞ എൻ.പി.യുടെ കഥകൾ കാലികപ്രാധാന്യമുള്ളതാണ്. വഴിവിളക്കുകൾ, കാട്ടുപൂച്ചകൾ തുടങ്ങിയവ പ്രധാനകൃതികളാണ്. 1972 ൽ അദ്ദേഹം അന്തരിച്ചു. നെടുങ്ങാടി പരമേശ്വരൻ പിള്ളയുടെയും (മാന്നാർ), വാലേത്ത് കല്യാണി അമ്മയുടെയും പുത്രനായി ഇദ്ദേഹം 1903-ൽ ജനിച്ചു. പുഞ്ച സ്പെഷ്യൽ ഓഫീസറായും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറായും ജോലി ചെയ്തിട്ടുണ്ട്. ആലപ്പുഴ ജില്ല രൂപീകരിക്കുന്ന സംരംഭത്തിന്റെ സ്പെഷ്യൽ ഓഫീസറായിരുന്നു ഇദ്ദേഹം. ഇദ്ദേഹം 1972 സെപ്റ്റംബർ 3നു മരിച്ചു.

എൻ പി മുഹമ്മദ്‌ (ജനനം. ജൂലൈ 1, 1928, കുണ്ടുങ്ങൽ, കോഴിക്കോട്‌) നോവലിസ്റ്റ്‌ , കഥാകൃത്ത്‌, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച മലയാളസാഹിത്യകാരനായിരുന്നു. കോഴിക്കോട്‌ ജില്ലയിലെ കുണ്ടുങ്ങലിൽ സ്വാതന്ത്ര്യ സമരസേനാനി എൻ. പി അബുവിന്റെ മകനായി ജനിച്ചു. പരപ്പനങ്ങാടിയിലും കോഴിക്കോട്ടുമായി വിദ്യാഭ്യാസം. കോഴിക്കോട്‌ ഭവനനിർമ്മാണ സഹകരണസംഘം സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. കേരളകൗമുദി ദിനപത്രത്തിന്റെ കോഴിക്കോട്‌ പതിപ്പിൽ റസിഡന്റ്‌ എഡിറ്ററായും കുറച്ചുനാൾ പ്രവർത്തിച്ചു. 2003 ജനുവരി 2-ന്‌ അദ്ദേഹം അന്തരിച്ചു. കോൺഗ്രസ് നേതാവ് എൻ.പി. മൊയ്തീൻ സഹോദരനായിരുന്നു. ജനിച്ചു വളർന്ന ദേശത്തിന്റെയും സമൂഹത്തിന്റെയും പ്രത്യേകതകൾക്ക്‌ അക്ഷരരൂപം നല്കിയാണ്‌ എൻ പി മുഹമ്മദ്‌ സാഹിത്യരംഗത്തേക്കു കടന്നു വന്നത്‌. അദ്ദേഹത്തിന്റെ ആദ്യ കൃതി തൊപ്പിയും തട്ടവും എന്ന വിമർശനസാഹിത്യഗ്രന്ഥമായിരുന്നു. ഇതിന്‌ അന്നത്തെ മദിരാശി സർക്കാരിന്റെ പുരസ്കാരം ലഭിക്കുകയും ചെയ്തു. ജീവിതത്തിന്റെ ഒരു ഭാഗം ചിലവഴിച്ച പരപ്പനങ്ങാടി എന്ന പ്രദേശത്തിന്റെ സ്മരണകൾ വിതറി എൻ പി എഴുതിയ ദൈവത്തിന്റെ കണ്ണ് എന്ന നോവലാണ്‌ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചന. ഈ നോവലിനെ മലയാള സാഹിത്യത്തിലെ ആദ്യത്തെ പരിസ്ഥിതി നോവലായി കണക്കാക്കുന്നവരുണ്ട്‌. മുസ്ലീം സമുദായത്തിന്റെ ജീവിത ചിത്രങ്ങൾ അതിന്റെ എല്ലാ പൂർണ്ണതയിലും എൻ പിയുടെ കൃതികളിൽനിന്നു തൊട്ടറിയാം. ആക്ഷേപഹാസ്യം, വിമർശസാഹിത്യം എന്നീ മേഖലകളിലും ശോഭിച്ചു. സാഹിത്യ സംഘാടകൻ എന്ന നിലയിലും വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹം മരിക്കുമ്പോൾ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗം, കേരള സംഗീതനാടക അക്കാദമി അംഗം,ഫിലിം സെൻസർബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ ഒരു കഥയാണ് ലോകാവസാനം. ഇത് ഏറേ ശ്രദ്ധേയമായി മാറി . യാഥാർത്യവും മിത്തും ഇതിൽ നിഴലിക്കുന്നു

മലയാളത്തിലെ ഒരു ചെറുകഥാകൃത്തും സാമൂഹ്യശാസ്ത്രകാരനും എഴുത്തുകാരനുമാണ് എൻ.പി. ഹാഫിസ് മുഹമ്മദ്. 1956 ൽ കോഴിക്കോട് ജനനം. നോവലിസ്റ്റ് എൻ.പി. മുഹമ്മദാണ് പിതാവ്. കേരള സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ രണ്ടാം റാങ്കോടെ ബിരുദാനന്തര ബിരുദവും ബാംഗ്ലൂർ സർവലാശാലയിൽ നിന്ന് എംഫിലും കരസ്ഥമാക്കി. 'മലബാറിലെ മാപ്പിള മുസ്‌ലിം മരുമക്കത്തായത്തിന്റെ സാമൂഹിക പശ്ചാത്തലം' എന്ന വിഷയത്തിൽ കോഴിക്കോട് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും നേടി. കോഴിക്കോട്ടെ ഫാറൂഖ് കോളേജിൽ സോഷ്യോളജി വിഭാഗത്തിൽ മുപ്പതുവർഷക്കാലം അദ്ധ്യാപകനായി പ്രവർത്തിച്ച അദ്ദേഹം 2011-ൽ വിരമിച്ചു. ഏറ്റവും മികച്ച അദ്ധ്യാപകനുള്ള എം.എം. ഗനി അവാർഡിനർഹനായി. പൂവും പുഴയും എന്ന ഗ്രന്ഥത്തിനു ഇടശ്ശേരി അവാർഡും മുഹമ്മദ് അബ്ദുറഹ്മാൻ എന്ന ഗ്രന്ഥത്തിനു കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരവും നേടിയിട്ടുണ്ട്. കുട്ടിപ്പട്ടാളത്തിൻറെ കേരള പര്യടനം എന്ന കൃതി മികച്ച ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡിനർഹമായി.കോഴിക്കോട്ടെ പല സാമൂഹ്യ സംഘടനകളിലും ഇന്നും സജീവ സാനിദ്യമായ്‌ പ്രവർത്തിക്കുന്നു .

മലയാളത്തിലെ പത്രപ്രവർത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു വ്യക്തിത്വമായിരുന്നു ഞെരൂക്കാവിൽ വാരിയത്ത് കൃഷ്ണവാരിയർ എന്ന എൻ.വി. കൃഷ്ണവാരിയർ (1916-1989). ബഹുഭാഷാപണ്ഡിതൻ, കവി, സാഹിത്യചിന്തകൻ എന്നീ നിലകളിലും എൻ.വി. കൃഷ്ണവാരിയർ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. മലയാളസാഹിത്യവിമർശന രംഗത്തെ പുരോഗമനവാദികളിൽ ഒരാളായിരുന്നു ഇദ്ദേഹം. 1916 മെയ് 13 -ന് തൃശൂരിലെ ചേർപ്പിൽ ഞെരുക്കാവിൽ വാരിയത്താണ്‌ എൻ.വി.കൃഷ്ണവാരിയരുടെ ജനനം.അച്ഛൻ: അച്യുത വാരിയർ. അമ്മ:മാധവി വാരസ്യാർ.വല്ലച്ചിറ പ്രൈമറി സ്കൂൾ,പെരുവനം സംസ്കൃത സ്കൂൾ,തൃപ്പൂണിത്തുറ സംസ്കൃത കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.മദ്രാസ് സർവകലാശാലയിൽ ഗവേഷണം.വ്യാകരണ ഭൂഷണം, സാഹിത്യ ശിരോമണി, ബി.ഒ.എൽ,എം.ലിറ്റ്,ജർമ്മൻ ഭാഷയിൽ ഡിപ്ലോമ, രാഷ്ട്രഭാഷാ വിശാരദ് തുടങ്ങിയ ബിരുദങ്ങൾ കരസ്ഥമാക്കി. വിവിധ ഹൈസ്കൂളുകളിൽ അദ്ധ്യാപകനായിരുന്ന വാരിയർ 1942 ൽ ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു.ഒളിവിൽ പോകുകയും `സ്വതന്ത്ര ഭാരതം' എന്ന നിരോധിക്കപ്പെട്ട പത്രം നടത്തുകയും ചെയ്തു. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിലും തൃശൂർ കേരളവർമ്മ കോളേജിലും ലക്‌ചററായി.1968-75 കാലത്ത് കേരള ഭാഷാഇൻസ്റ്റിറ്റൂട്ടിന്റെ സ്ഥാപക ഡയറക്ടറായി പ്രവർത്തിച്ചു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപരും കുങ്കുമം വാരികയുടെ പത്രാധിപരുമായിരുന്നു.വിജ്ഞാന കൈരളി പത്രാധിപർ,മധുരയിലെ ദ്രാവിഡ ഭാഷാ സമിതിയുടെ സീനിയർ ഫെലോ എന്നീ നിലകളിലും പ്രവർത്തിച്ചു. . ആദ്യ കവിതാസമാഹാരമായ "നീണ്ടകവിതകൾ" 1948 ൽ പ്രസിദ്ധീകരിച്ചു. "ഗാന്ധിയും ഗോഡ്‌സേയും" എന്ന കവിതാസമാഹാരത്തിനും "വള്ളത്തോളിന്റെ കാവ്യശില്പം" എന്ന നിരൂപണഗ്രന്ഥത്തിനും "വെല്ലുവിളികൾ പ്രതികരണങ്ങൾ" എന്ന വൈജ്ഞാനിക സാഹിത്യ പുസ്തകത്തിനും കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചു. 1989 ഒക്ടോബർ 12 ന്‌ കൃഷ്ണവാരിയർ അന്തരിച്ചു.

കേരളത്തിലെ സംസ്കൃത പണ്ഡിതനാണ് എൻ.വി.പി. ഉണിത്തിരി (എൻ.വി. പത്മനാഭൻ ഉണിത്തിരി). 1945 ഡിസംബർ 15-നു കണ്ണൂർ ജില്ലയിൽ ചെറുതാഴം പഞ്ചായത്തിൽ കുളപ്പുറത്ത് ജനിച്ചു. അച്ഛൻ: തെക്കേ ചന്ദ്രമന ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി. അമ്മ: നൂഞ്ഞിൽ വടക്കേമഠത്തിൽ പാപ്പപ്പിള്ളയാതിരി അമ്മ. ചെറുതാഴം ഗവ.എൽ.പി.സ്ക്കൂൾ, പിലാത്തറ എൽ.പി. സ്ക്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. മടായി ഗവ. ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സിയും കണ്ണൂർ ഗവ. ബേസിക് ട്രെയിനിംഗ് സ്കൂളിൽ നിന്ന് ടി.ടി.സി.യും പൂർത്തിയാക്കിയശേഷം പ്രൈമറി സ്കൂൾ അദ്ധ്യാപകനായി 1965-ൽ ജോലിതുടങ്ങി. സ്വന്തമായി പഠിച്ച് മലയാളം വിദ്വാൻ(1967), ബി.എ. (മലയാളം-1971), എം.എ. (സംസ്കൃതം-1973) എന്നീ ബിരുദങ്ങൾ നേടി. 1974-ൽ കല്യാശ്ശേരി ഗവ. ഹൈസ്കൂളിൽ ഭാഷാധ്യാപകനായി ജോലിചെയ്യവേ കേരള സർവ്വകലാശാല സംസ്കൃത വിഭാഗത്തിൽ പി.എച്ച്.ഡി-യ്ക്കു ചേർന്നു. കേരളീയ സംസ്കൃതവ്യാഖ്യാതാവും കവിയും നാടകകൃത്തുമായ പൂർണ്ണസരസ്വതിയുടെ സാഹിത്യ സംഭാവനകളെ കുറിച്ചായിരുന്നു ഗവേഷണം. 1975-ൽ അവിടെത്തന്നെ ലെക്ചററായി. 1978-ൽ കോഴിക്കോട് സർവ്വകലാശാലയിലേക്ക് മാറി. 1985 മുതൽ 1996 വരെ അവിടെ സംസ്കൃത വിഭാഗത്തിന്റെ തലവനായി സേവനമനുഷ്ഠിച്ചു. 1996ൽ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പ്രിൻസിപ്പൽ ഡീൻ ഓഫ് സ്റ്റഡീസ് (പ്രോ വൈസ്ചാൻസലർ) ആയി ചുമതലയേറ്റു. കേരള സർക്കാർ സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ് ഉപദേശകസമിതിയുടെ ചെയർമാൻ ആയിരുന്നു. 2006 മാർച്ച് 31ന് ജോലിയിൽ നിന്നും വിരമിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി നൂറിലേറെ ലേഖനങ്ങളുടെ കർത്താവാണ് .

ഒരു മലയാള സാഹിത്യകാരനാണ് എരുമേലി പരമേശ്വരൻ പിള്ള. വിവിധ സാഹിത്യശാഖകളിലായി നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തിന് 2009-ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 1932 ഡിസംബർ 12-ന്‌ വേലംപറമ്പിൽ കൃഷ്‌ണപിളളയുടെയും ലക്ഷ്‌മിക്കുട്ടിയമ്മയുടെയും മകനായി എരുമേലിയിൽ ജനിച്ചു. കേരള സർവകലാശാലയിൽ നിന്ന്‌ മലയാളത്തിലും സോഷ്യോളജിയിലും എം.എ.ബിരുദങ്ങളും മദ്രാസ്‌ സർവകലാശാലയിൽ നിന്ന്‌ എം.എഡ്‌. ബിരുദവും നേടി 1952-ൽ അധ്യാപകനായി. തിരുവിതാംകൂർ ദേവസ്വംബോർഡ്‌ ഹൈസ്‌കൂളുകളിൽ (എരുമേലി, തകഴി, തിരുവല്ല) അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. 1964 മുതൽ ഫാറൂക്ക്‌ ട്രെയിനിംഗ്‌ കോളേജിൽ അധ്യാപകൻ, കേരളസാഹിത്യ അക്കാദമി സെക്രട്ടറി (1988-91). മഹാത്‌മാഗാന്ധി സർവകലാശാലയുടെ കോട്ടയം ബി.എഡ്‌ സെന്ററിന്റെ ആദ്യത്തെ പ്രിൻസിപ്പൽ എന്നീ ഉദ്യോഗങ്ങൾ നോക്കിയിട്ടുണ്ട്. കേരളസർക്കാർ നടത്തിയ ആദ്യത്തെ ബാലസാഹിത്യ പരിശീലന കോഴ്‌സിൽ (1961) പരിശീലനം നേടി. സാക്ഷരത, വയോജന വിദ്യാഭ്യാസം, നവസാക്ഷര സാഹിത്യം, ബാലസാഹിത്യം, ഗ്രന്ഥാലയശാസ്‌ത്രം, ഭാഷാധ്യാപനം എന്നീ വിഷയങ്ങളിൽ അഖിലേന്ത്യാ തലത്തിലും പ്രാദേശിക തലത്തിലും പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. ഈ വിഷയങ്ങളിൽ ഒട്ടനവധി പരിശീലന കോഴ്‌സുകളുടെ സംഘാടനവും നേതൃത്വവും ഇദ്ദേഹം നടത്തിയിട്ടുണ്ട്. കേരള, കോഴിക്കോട്‌ സർവകലാശാലകളുടെ വിദ്യാഭ്യാസ ഫാക്കൽറ്റികളിലും ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസുകളിലും ഇദ്ദേഹം അംഗമായിരുന്നു. ദേശാഭിമാനി സ്‌റ്റഡി സർക്കിൾ സംസ്‌ഥാന സെക്രട്ടറി, പുരോഗമനകലാസാഹിത്യസംഘം സംസ്‌ഥാന സെക്രട്ടറി, ജനറൽ സെക്രട്ടറി, എന്നീ നിലകളിൽ സേവനം. ശാരദാമ്മയാണ് ഭാര്യ. കൃഷ്‌ണകുമാർ, ജയചന്ദ്രൻ, പ്രീത, പ്രതിഭ എന്നിവരാണ് മക്കൾ.

മലയാള സാഹിത്യത്തിലെ പ്രമുഖവിമർശകനും, പ്രഭാഷകനും, നിഘണ്ടുകാരനും, അദ്ധ്യാപകനും ആയിരുന്നു എസ്. ഗുപ്തൻ നായർ (ഓഗസ്റ്റ് 22 1919 - ഫെബ്രുവരി 7 2006). ദീർഘകാലം കലാശാലാ അദ്ധ്യാപകനായിരുന്ന ഇദ്ദേഹം രാഷ്ട്രീയ മേഖലയിലെ അപചയങ്ങൾക്കെതിരെ നില കൊണ്ടു. വിദ്യാലയങ്ങളിലെ രാക്ഷ്ട്രീയം നിരോധിക്കണമെന്ന ആവശ്യം മുൻ നിർത്തി രൂപീകരിച്ച വിദ്യാഭ്യാസ സുരക്ഷാ സമിതിയുടെ അദ്ധ്യക്ഷനായി പ്രവർത്തിച്ചു. 35-ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 1919 ഓഗസ്റ്റ് 22-ന് കൊല്ലം ജില്ലയിലെ ഓച്ചിറയിൽ അപൂർവ്വ വൈദ്യൻ എന്നുവിശേഷിപ്പിക്കപ്പെട്ട ഒളശ്ശ ശങ്കരപിള്ളയുടെയും മേമനയിലെ ചെങ്ങാലപ്പള്ളി വീട്ടിൽ ശങ്കരിയമ്മയുടെയും മകനായി ഗുപ്തൻ നായർ ജനിച്ചു. 1941 തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ബി.എ ഓണേഴ്‌സ് രണ്ടാം റാങ്കോടെ ജയിച്ച ഗുപ്തൻ നായർ 1945-ൽ അതേ കലാലയത്തിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1958-ൽ തലശ്ശേരി ബ്രണ്ണൻ കോളേജിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. തുടർന്ന് പാലക്കാട് വിക്ടോറിയ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു.കാലിക്കറ്റ് സർ‌വ്വകലാശാലയിലെ മലയാള വിഭാഗത്തിന്റെ തലവനായി ഔദ്യോഗിക ജീവിതത്തിൽ നിന്നു 1978-ൽ വിരമിക്കുകയും ചെയ്തു. തുടർന്ന് കേരള സർവ്വകലാശാലയിൽ എമിരറ്റസ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു ശ്രീ ചിത്ര ഗ്രന്ഥശാല, മാർഗി, തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുടെ അദ്ധ്യക്ഷ സ്ഥാനത്ത് പ്രവർത്തിച്ചു. 'മലയാളി', ഗ്രന്ഥാലോകം, വിജ്ഞാന കൈരളി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ ആയിരുന്നു. 1983-ൽ 1984 വരെ കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും , 1984 മുതൽ 1988 വരെ കേരള സാഹിത്യ അക്കാദമിയുടെയും പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഭാഗീരഥിയമ്മ, മക്കൾ: ലക്ഷ്മി, ചരിത്രകാരൻ എം.ജി. ശശിഭൂഷൺ, സുധാ ഹരികുമാർ. ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടർന്ന് 2006 ജനുവരി 5-ന് തിരുവനന്തപുരത്തെ ശ്രീ ഉത്രാടം തിരുനാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗുപ്തൻ നായർ അവിടെ വച്ച് ഫെബ്രുവരി 6-ന് രാവിലെ പത്തുമണിയോടെ 86-ആമത്തെ വയസ്സിൽ അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ പേരൂർക്കട വിശ്വഭാരതിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

മലയാളത്തിലെ ഉത്തരാധുനിക കവികളിൽ ഒരാളാണ്‌ എസ്. ജോസഫ്. 1965-ൽ കോട്ടയം ജില്ലയിൽ ഏറ്റുമാനൂരിനടുത്ത് പട്ടിത്താനത്ത് ജനിച്ചു. ഇപ്പോൾ എറണാകുളം മഹാരാജാസ് കോളേജിൽ മലയാളം അദ്ധ്യാപകനായി പ്രവർത്തിക്കുന്നു.

മലയാളത്തിലെ ഒരു കവിയും ചലച്ചിത്രഗാനരചയിതാവുമാണ് എസ്. രമേശൻ നായർ. ഏകദേശം 450 ഓളം ഗാനങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്, അതോടൊപ്പം നിരവധി ഹൈന്ദവ ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും ആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരവും ആശാൻ പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഗുരുപൗർണ്ണമി എന്ന കാവ്യ സമാഹാരത്തിനു ലഭിച്ചു. 1948 മേയ് 3-ന് മേടമാസത്തിലെ ചതയം നക്ഷത്രത്തിൽ കന്യാകുമാരി ജില്ലയിലെ കുമാരപുരത്ത് ജനിച്ചു. പരേതരായ ഷഡാനനൻ തമ്പിയും പാർവ്വതിയമ്മയുമാണ് മാതാപിതാക്കൾ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ നിർമ്മാതാവായും പ്രവർത്തിച്ചിരുന്നു. 1985-ൽ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്ര രംഗത്ത് രമേശൻ നായർ പ്രവേശിക്കുന്നത്. തപസ്യ കലാസാഹിത്യ വേദിയുടെ നിലവിലെ സംസ്ഥാന പ്രസിഡണ്ടാണ് ഇദ്ദേഹം. തൃശ്ശൂർ വിവേകോദയം സ്കൂൾ റിട്ട. അദ്ധ്യാപികയും എഴുത്തുകാരിയുമായ പി. രമയാണ് ഭാര്യ. ഏക മകൻ മനു രമേശൻ സംഗീതസംവിധായകനാണ്.

മലയാള ഉത്തരാധുനിക ചെറുകഥാ സാഹിത്യരംഗത്തെ ഒരു എഴുത്തുകാരിയാണ്‌ എസ്.സിതാര (ജനനം: ജൂലൈ 8 1976). കേരളത്തിലെ പല സർവ്വകലാശാലകളിലും സിതാരയുടെ കഥകൾ പഠനവിഷയമായിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ കാറഡുക്കയിൽ 1976 മേയ് 8-ന് ജനിച്ചു. കാറഡുക്ക ഗവൺ‌മെന്റ് ഹൈസ്കൂൾ, ബ്രണ്ണൻ കോളേജ് തലശ്ശേരി, സെന്റ് ജോസഫ് കോളേജ് ദേവഗിരി, കേരള പ്രസ് അക്കാദമി എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും, ജേർണലിസത്തിൽ ഡിപ്ലോമയും . വിദ്യാർത്ഥിജീവിതകാലത്തു തന്നെ എഴുതിത്തുടങ്ങി. ഹൈസ്കൂൾ, കോളേജ്, സർവ്വകലാശാലാ തലങ്ങളിൽ നിരവധി മത്സരങ്ങളിൽ സമ്മാനാർഹയായി. കഥകളും, കവിതകളും എഴുതുന്നു. അച്ഛൻ: എൻ. ശശിധരൻ, അമ്മ:കെ.ബി.സുശീല, ഭർത്താവ്:ഒ.വി.അബ്ദുൾ ഫഹീം

മലയാളനാടകവേദിയിൽ നാടകകൃത്ത്, സംവിധായകൻ, ചലച്ചിത്ര തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെട്ട കലാകാരനാണ് എസ്. എൽ. പുരം സദാനന്ദൻ (ഏപ്രിൽ 15, 1926 - സെപ്റ്റംബർ 16, 2005). മലയാളസിനിമയ്ക്ക് ആദ്യമായി തിരക്കഥയ്ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചത് ഇദ്ദേഹത്തിനാണ്. നാല്പതിലേറെ നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഇദ്ദേഹം കമ്മ്യൂണിസ്റ്റ് സഹയാത്രികനായും വിപ്ലവഗാനരചയിതാവായും ചലച്ചിത്രതിരക്കഥാകൃത്തായും അറിയപ്പെട്ടു. ആദ്യനാടകമായ കുടിയിറക്ക് എഴുതുമ്പോൾ ഇദ്ദേഹത്തിന്റെ പ്രായം 17 വയസ്സ് മാത്രമായിരുന്നു. കല്പനാ തിയേറ്റേഴ്സിന്റെ സ്ഥാപനത്തിലൂടെ നാടകസമിതിയിലും ഇദ്ദേഹം സജീവമായി. ഒരാൾ കൂടി കള്ളനായി, വിലകുറഞ്ഞ മനുഷ്യൻ, യാഗശാല എന്നിവയായിരുന്നു കല്പനാ തിയേറ്റേഴ്സിന്റെനാടകങ്ങൾ. പിന്നീട് സുര്യസോമ തിയേറ്റേഴ്സ് സ്ഥാപിച്ച ഇദ്ദേഹം മലയാള നാടകരംഗത്തെ ഏറെ ജനപ്രിയ നാടകങ്ങളിലൊന്നായ കാട്ടുകുതിരഅരങ്ങിലെത്തിച്ചു. എന്നും പറക്കുന്ന പക്ഷി, ആയിരം ചിറകുള്ള മോഹം എന്നീ നാടകങ്ങളും ഈ സമിതിയുടേതായി അരങ്ങിലെത്തി. കാക്കപ്പൊന്ന് എന്ന നാടകത്തിന് 1963-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജ്ഞാനപീഠപുരസ്കാരം നേടിയ മലയാള നോവലിസ്റ്റും,സഞ്ചാരസാഹിത്യകാരനും കവിയുമാണ്‌ എസ്.കെ. പൊറ്റെക്കാട് എന്ന ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്(മാർച്ച് 14, 1913–ഓഗസ്റ്റ് 6, 1982). ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ മുൻനിറുത്തിയാണ് 1980ൽ ഇദ്ദേഹത്തിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചത്.

മലയാള സാഹിത്യകാരനായ എസ്‌. വി. വേണുഗോപൻ നായർ 1945 ഏപ്രിൽ 18-ന്‌ നെയ്യാറ്റിൻകര താലൂക്കിലെ കാരോടു ദേശത്ത്‌ ജനിച്ചു. അച്‌ഛൻ പി. സദാശിവൻ തമ്പി. അമ്മ ജെ. വി. വിശാലാക്ഷിയമ്മ. കുളത്തൂർ (നെയ്യാറ്റിൻകര) ഹൈസ്‌കൂളിലും തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലും വിദ്യാഭ്യാസം ചെയ്തു. മലയാള സാഹിത്യത്തിൽ എം. എ., എം. ഫിൽ., പിഎച്ച്‌.ഡി ബിരുദങ്ങൾ നേടി. 1965 മുതൽ കോളജ്‌ അദ്ധ്യാപകനായി ജോലി ചെയ്യാൻ തുടങ്ങി. നാഗർകോവിൽ സ്‌കോട്ട്‌ ക്രിസ്‌റ്റ്യൻ കോളജിലും മഞ്ചേരി, നിലമേൽ, ധനുവച്ചപുരം, ഒറ്റപ്പാലം, ചേർത്തല എൻ. എസ്‌. എസ്‌. എന്നീ കോളേജുകളിലും മലയാളം അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. വത്സലയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. രണ്ടാണ്മക്കളും ഒരു മകളുമാണ് ഇവർക്കുള്ളത്.

ഒരു മലയാള സാഹിത്യകാരനാണ് ഏകലവ്യൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന കെ.എം. മാത്യു (ഓഗസ്റ്റ് 14 1934 - മേയ് 6 2012). പട്ടാള നോവലുകളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹത്തിന്റെ ചില കൃതികൾ ചലച്ചിത്രങ്ങളായിട്ടുണ്ട്. 1934-ൽ കുന്നംകുളത്ത് ജനിച്ചു. പുകയിലക്കച്ചവടക്കാരനായ പിതാവ് മരിച്ചശേഷം കുടുംബം മാത്യുവിന്റെ ചുമലിലായി. മെട്രിക്കുലേഷൻ ജയിച്ചശേഷം 1953-ൽ പട്ടാളത്തിൽ ചേർന്നു. 1960 മുതൽ സാഹിത്യരംഗത്ത് സജീവമായി. പട്ടാളത്തിൽ ജോലിയിലിരിക്കെ സാഹിത്യരചനയ്ക് വിലക്കുള്ളതിനാലാൽ ഏകലവ്യൻ എന്ന തൂലികാനാമത്തിലായിരുന്നു എഴുതിയിരുന്നത്. 33 നോവലുകളും മൂന്നു ചെറുകഥാ സമാഹാരങ്ങളും ഒരു യാത്രാവിവരണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയിൽ അയനം, കാഞ്ചനം, പാപത്തിന്റെ ശമ്പളം എന്നീ നോവലുകൾ സിനിമയായി. ട്രഞ്ച്, കയം, എന്തു നേടി, ചോര ചീന്തിയവർ, ഗ്രീഷ്മവർഷം, കർമാന്തം, കല്ലു, കടലാസുപൂക്കൾ, സന്ധ്യ, പ്രഹരം, ശിവജിക്കുന്നുകൾ, ദർപ്പണം, അപർണ, നീരാളി, നീതിയെ തിരക്കിയ സത്യം,മൃഗതൃഷ്ണ തുടങ്ങിയവയാണു മറ്റ് പ്രശസ്ത നോവലുകൾ. കോവിലൻ, പാറപ്പുറം, നന്തനാർ എന്നിവർക്കൊപ്പം പട്ടാളബാരക്കുകളിലെ ജീവിതം മലയാള സാഹിത്യത്തിലെത്തിച്ച എഴുത്തുകാരനാണ് ഏകലവ്യൻ. 1980-ൽ സുബേദാർ മേജർ ആയി പട്ടാളത്തിൽ നിന്നു വിരമിച്ചു. വൃക്കസംബന്ധമായ രോഗത്തിനു ചികിൽസയിലായിരുന്ന ഇദ്ദേഹം തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് 2012 മേയ് 6-ന് അന്തരിച്ചു.

കേരളത്തിലെ ഒരു പ്രമുഖ കവിയും പത്രപ്രവർത്തകനുമാണ് ഏഴാച്ചേരി രാമചന്ദ്രൻ. വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2020 ൽ ഒരു വെർജീനിയൻ വെയിൽകാലം എന്ന കാവ്യസമാഹാരത്തിന് വയലാർ അവാർഡ് ലഭിച്ചു. കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഗ്രാമത്തിൽ ജനിച്ചു. ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. മൂന്നു തവണ സംസ്ഥാന സർക്കാരിന്റെ അവാർഡ് ഉൾപ്പെടെ പ്രൊഫഷണൽ നാടക ഗാനരചനയ്ക്ക് വിവിധ പുരസ്കാരങ്ങൾ നേടി. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്.സാഹിത്യപ്രവർത്തക സഹകരണസംഘംപ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു.ചന്ദന മണീവാതില്പാതിചാരി എന്നുതുടങ്ങുന്ന ഗാനമുൾപ്പെടെ മുപ്പതിലധികം ചലച്ചിത്രഗാനങ്ങൾ രചിച്ചു.

മലയാളത്തിലെ ഒരു കവിയും, ഗാനരചയിതാവും, നോവലിസ്റ്റുമായിരുന്നു ഏറ്റുമാനൂർ സോമദാസൻ (ജീവിതകാലം:16 മേയ് 1936 - 21 നവംബർ 2011). സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ ഇദ്ദേഹം നേടിയിട്ടുണ്ട്. 1936 മെയ് 16 ന് ഏറ്റുമാനൂരിലെ കുറുക്കൻ കുന്നേൽ തറവാട്ടിൽ ജനിച്ചു. എസ് മാധവൻ പിള്ള പിതാവും പാറുക്കുട്ടിയമ്മ മാതാവുമാണ്. 1959 മുതൽ 64 വരെ കമ്പിത്തപാൽ വകുപ്പിൽ ജോലി ചെയ്തു. 66 മുതൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലും തുടർന്ന് വിവിധ എൻ. എസ് .എസ് കോളേജുകളിലും മലയാള അധ്യാപകൻ ആയിരുന്നു. 91 ൽ പെരുന്ന എൻ.എസ്.എസ് കോളേജിൽ നിന്ന് വിരമിച്ചു. 91 മുതൽ 2009 വരെ പെരുന്നയിൽ മലയാള വിദ്യാപീഠം എന്ന പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാഭ്യാസ സ്ഥാപനം നടത്തി. എം. സോമദാസൻ പിള്ള എന്ന ആദ്യകാല നാമം മാറ്റി പിന്നീട് ഏറ്റുമാനൂർ സോമദാസൻ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ശ്രദ്ധേയമായ നിരവധി കവിതകളും സിനിമാഗാനങ്ങളും എഴുതിയിട്ടുണ്ട്. 1958ൽ പി.ആർ ചന്ദ്രന്റെ 'പുകയുന്ന തീമലകൾ' എന്ന നാടകത്തിനാണ് ആദ്യം ഗാനങ്ങൾ എഴുതിയത്. ചങ്ങനാശ്ശേരി ഗീഥ, തരംഗം, പെരുമ്പാവൂർ നാടകശാല തുടങ്ങിയ നാടക സമിതികൾക്കുവേണ്ടിയും ഗാനങ്ങൾ എഴുതി. 1967 ൽ അടൂർ ഗോപാലകൃഷ്ണന്റെ 'കാമുകി' എന്ന ചിത്രത്തിനു വേണ്ടി നാലു ഗാനങ്ങൾ എഴുതി. 'ശിവൻശശി' എന്ന പേരിൽ വി.കെ.എസ്സുമൊത്ത് ചിത്രത്തിനുവേണ്ടി ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ചിത്രം റിലീസ് ആകാതിരുന്നതിനെതുടർന്ന് 'തീരങ്ങൾ' എന്ന എന്ന ചിത്രത്തിൽ ഉൾപ്പെടുത്തി. അക്കൽദാമ ആണ് ആദ്യം പുറത്തു വന്ന ചിത്രം. പിന്നീട് മകം പിറന്ന മങ്ക, കാന്തവലയം എന്നീ ചിത്രങ്ങൾക്കും സോമശേഖരൻ പാട്ടുകൾ എഴുതി. എ. തുളസീബായി അമ്മയാണ് ഭാര്യ. മക്കൾ: എസ്. കവിത, ഡോ. എസ്. പ്രതിഭ.

മലയാളത്തിലെ ആദ്യത്തെ ലക്ഷണ‌യുക്തമായ നോവൽ എന്ന് വിശേഷിപ്പിക്കുന്ന ഇന്ദുലേഖയുടെ കർത്താവാണ് ഒയ്യാരത്ത് ചന്തുമേനോൻ‍. ഒറ്റ നോവൽ കൊണ്ടുതന്നെ മലയാളസാഹിത്യചരിത്രത്തിൽ സമുന്നതസ്ഥാനം വഹിക്കുന്നു അദ്ദേഹം. രണ്ടാമത്തെ നോവലായ ശാരദയും വായനക്കാരുടെയും നിരൂപകരുടെയും മുക്തകണ്ഠപ്രശംസയ്ക്ക് പാത്രമായി. ചന്തുമേനോൻ ശാരദയുടെ ഒന്നാംഭാഗമേ എഴുതാൻ സാധിച്ചുള്ളൂ. ഇന്ദുലേഖയ്ക്കു മുൻപ് ഒരു സാഹിത്യകാരനോ മലയാളസാഹിത്യത്തോട് വിശേഷപ്രതിപത്തിയോ ഉള്ളയാളായി ചന്തുമേനോൻ അറിയപ്പെട്ടിരുന്നില്ല. ഇന്ദുലേഖയെക്കൂടാതെ അപൂർണ്ണമായ ശാരദയും വിദ്യാവിനോദിനിയിൽ വന്ന മയൂരസന്ദേശത്തിന്റെ മണ്ഡനവും ചാത്തുക്കുട്ടിമന്നാടിയാരുടെ ഉത്തരരാമചരിതത്തെക്കുറിച്ചെഴുതിയ ഒരു കത്ത് എന്ന ദീർഘലേഖനവും നരികരിചരിതത്തിനെഴുതിയ മുഖവുരയും :ഇത്രയുമാണ് സാഹിത്യസംബന്ധിയായ ചന്തുമേനോന്റെ ആകെ രചനകൾ.

മലയാളത്തിലെ പ്രശസ്ത കവിയായിരുന്നു ഒ.എൻ.വി കുറുപ്പ് (ജനനം: 27 മെയ് 1931, മരണം: 13 ഫെബ്രുവരി 2016). ഒ.എൻ.വി. എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു. പത്മശ്രീ (1998), പത്മവിഭൂഷൺ (2011) ബഹുമതികൾ നൽകി കേന്ദ്രസർക്കാർ ആദരിച്ചിട്ടുണ്ട്.. നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും നൃത്തശിൽപങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2016 ഫെബ്രുവരി 13-ന് തിരുവനന്തപുരത്തുവച്ച്‌ അന്തരിച്ചു. മലയാളത്തിലെ ആധുനികകവിതയ്ക്കു ഭാവുകത്വപരമായ പൂർണ്ണത നൽകുന്നതിലും കവിതയെ സാധാരണജനങ്ങളിലെത്തിക്കുന്നതിനും മുന്നിൽ നിന്നവരിൽ പ്രമുഖനായിരുന്നു ഒ.എൻ.വി. സ്വയം ചൊല്ലി അവതരിപ്പിച്ച കവിതകൾ ആസ്വാദകർ ഇരുകയ്യുംനീട്ടി സ്വീകരിച്ചു.

മലയാളത്തിലെ പ്രശസ്തയായ ഒരു കവയിത്രിയാണ്‌ ഊട്ടുപുലാക്കൽ വേലുക്കുട്ടി ഉഷ എന്ന ഒ.വി. ഉഷ (ജനനം: നവംബർ 4, 1948 ). കവിതകൾക്കു പുറമെ ചലച്ചിത്രങ്ങൾക്കു ഗാനങ്ങളും രചിച്ചിട്ടുണ്ട്. 1948 നവംബർ 4-ന്‌ പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ഉഷയുടെ ജനനം. അച്ഛൻ വേലുക്കുട്ടി മലബാർ സ്പെഷ്യൽ പോലീസിൽ സുബേദാർ മേജർ ആയിരുന്നു. അമ്മ കമലാക്ഷിയമ്മ. മലയാളത്തിലെ പ്രശസ്തസാഹിത്യകാരൻ ഒ.വി.വിജയന്റെ സഹോദരിയാണ്‌ ഒ.വി.ഉഷ. ഡൽഹി സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടി. ടാറ്റാ മക്ഗ്രോഹിൽ ബുക്ക്‌ കമ്പനി, വികാസ് പബ്ലിഷിംഗ് ഹൗസ് എന്നീ പുസ്തകപ്രസാധനശാലകളിൽ എഡിറ്റോറിയൽ അസിസ്റ്റന്റ്‌, എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കോട്ടയത്ത് മഹാത്മാഗാന്ധി സർവ്വകലാശാല ആരംഭിച്ചപ്പോൾ പ്രസിദ്ധീകരണവകുപ്പിൽ അദ്ധ്യക്ഷയായി നിയമിതയായി. ഇപ്പോൾ ശാന്തിഗിരി റിസേർച്ച് ഫൗണ്ടഷേനിൽ എഡിറ്റർ ആയി പ്രവർത്തിക്കുന്നു. 2000-ലെ ഏറ്റവും നല്ല ചലച്ചിത്രഗാനരചനയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ്‌ ലഭിച്ചു.

ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ (ജൂലൈ 2,1930-മാർച്ച് 30 2005) എന്ന ഒ.വി. വിജയൻ മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർ‍ട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവർത്തകനുമായിരുന്നു. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ, മുട്ടത്തുവർക്കി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം, പത്മശ്രീ(2001) എന്നീ ബഹുമതികൾ നേടിയ വിജയനെ 2003-ൽ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. 1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ( വിളയഞ്ചാത്തന്നൂർ എന്നും കാണുന്നു ) ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയനെന്ന ഒ.വി.വിജയന്റെ ജനനം. അച്ഛൻ വേലുക്കുട്ടി, അമ്മ കമലാക്ഷിയമ്മ. ഭാര്യ ഡോക്ടർ തെരേസ ഗബ്രിയേൽ ഹൈദരാബാദ് സ്വദേശിയാണ്. ഏകമകൻ മധുവിജയൻ അമേരിക്കയിലെ ഒരു പരസ്യക്കമ്പനിയിൽ ക്രീയേറ്റീവ് ഡയറക്ടറായി ജോലിചെയ്യുന്നു. പ്രശസ്ത കവയിത്രിയും ഗാ‍നരചയിതാവുമായ ഒ.വി. ഉഷ, വിജയന്റെ ഇളയ സഹോദരിയാണ്.അവസാനക്കാലത്ത് പാർക്കിൻസൺസ് രോഗം ബാധിച്ചിരുന്നു. 2005 മാർച്ച് 30ന് ഹൈദരാബാദിൽ വെച്ച് ഒ.വി.വിജയൻ അന്തരിച്ചു.

ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതിരിപ്പാട് മലയാ‍ളത്തിലെ പ്രശസ്തനായ കവിയായിരുന്നു. (ജനനം - 1923 ജനുവരി 10, മരണം - 2000 ഏപ്രിൽ 10). അദ്ദേഹം വെള്ളിനേഴിയിൽ ജനിച്ചു. ഒരു വ്യവസായിയും കേരള കലാമണ്ഡലത്തിന്റെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം. പ്രശസ്ത കവിയും ഡൽഹി സർവ്വകലാശാലയിൽ മലയാളം പ്രൊഫസറുമായിരുന്ന ഡോ. ഒ.എം. അനുജൻ സഹോദരനാണ്. ഋഗ്വേദത്തിനു ഭാഷാഭാഷ്യം രചിച്ച ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാട് സഹോദരപുത്രനാണ്

സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാള കവയിത്രിയാണ് കടത്തനാട്ട് മാധവിയമ്മ (1909-1999). ഇവരുടെ 'കണിക്കൊന്ന' എന്ന കൃതിക്ക് മലയാളനാടിന്റെ മികച്ച കവിതയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. 1909-ൽ തിരുവോരത്ത് കൃഷ്ണക്കുറുപ്പിന്റെയും കല്യാണിയമ്മയുടെയും മകളായി ജനിച്ചു. കടത്തനാട്ട് കൃഷ്ണവാര്യർ എന്ന ഗുരുവിൽ നിന്ന് വിദ്യാഭ്യാസം നേടി. കൗമാരപ്രായത്തിൽ തന്നെ കവിതാരചനയോട് താല്പര്യം കാണിച്ചു. കടത്തനാട്ടെ നാടൻ പാട്ടുകൾ അവർ ഹൃദിസ്ഥമാക്കി. എ.കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാരാണ് ഭർത്താവ്. 1999-ൽ അന്തരിച്ചു. മാലതി എന്ന തൂലികാനാമത്തിലും ഇവർ കവിതകൾ എഴുതിയിരുന്നു. പലവട്ടം സാഹിത്യ പരിഷത്ത് സമ്മേളനങ്ങളിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചിട്ടുണ്ട്. കാവ്യോപഹാരം, കണിക്കൊന്ന, ജീവിത തന്തുക്കൾ, തച്ചോളി ഒതേനൻ, പയ്യമ്പള്ളിച്ചന്തു, മുത്തച്ഛന്റെ കണ്ണുനീർ, ഗ്രാമശ്രീകൾ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. ഇവർ രചിച്ച മിക്ക കവിതകളും നാടൻ പാട്ടിന്റെ താളത്തിലുള്ളവയാണ്.

കേരളത്തിലെ അറിയപ്പെടുന്ന കവിയും രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകനുമായിരുന്നു കടമ്മനിട്ട രാമകൃഷ്ണൻ (ജനനം: മാർച്ച് 22, 1935 മരണം :മാർച്ച് 31 2008). കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത്. ഛന്ദശാസ്ത്രം അടിസ്ഥനമാക്കിയ കാവ്യരചനയേക്കാൾ നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലിയുടെ വക്താവുമായി. 1960കളിൽ കേരളത്തിൽ ശക്തമായിരുന്ന നക്സലേറ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം രാമകൃഷ്ണന്റെ രചനകളിൽ നിഴലിക്കുന്നുണ്ട്. സമകാലികരായ കവികളിലധികവും പ്രകൃതി കേന്ദ്രീകൃത രചനകളിൽ ശ്രദ്ധയൂന്നിയപ്പോൾ മനുഷ്യകേന്ദ്രീകൃതമായിരുന്നു കടമ്മനിട്ടയുടെ കവിതകൾ. 1970കൾക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളിൽ സജീവ പ്രവർത്തകനായി.ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു. 1965ൽ “ഞാൻ” എന്ന കവിത പ്രസിദ്ധപ്പെടുത്തി. 1976ലാണ് ആദ്യ പുസ്തകം പുറത്തിറങ്ങിയത്. കേരള കവിതാ ഗ്രന്ഥവരിയായിരുന്നു പ്രസാധകർ. കവിതയിലെ ആധുനികതയെ ഒഴിഞ്ഞുമാറലിന്നതീതമായ ഒരാഘാതമാക്കിത്തീർത്ത കവിയാണ്‌ കടമ്മനിട്ടയെന്നും അദ്ദേഹത്തിന്റെ കവിതയിലെ ഭാവമേതായാലും അതിന് അപ്രതിമമായ രൂക്ഷതയും ദീപ്തിയും ഊഷ്മളതയുമുണ്ടെന്നും വിമർശകർ അഭിപ്രായപ്പെടുന്നു.മലയാള കവിതാസ്വാദകരെ നടുക്കിയുണർത്തിയ കവിതകളായിരുന്നു അദ്ദേഹത്തിന്റേത്. ഭാഷാപരമായ സഭ്യതയേയും സദാചാരപരമായ കാപട്യത്തേയും ബൗദ്ധികമായ ലഘുത്വത്തേയും കാല്പനികമായ മോഹനിദ്രയേയും അതിലംഘിച്ച കവിതകളായിരുന്നു കടമ്മനിട്ടയുടേത്.ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോൾതന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതിൽ അദ്ദേഹം ഏറെ വിജയം നേടി. വൈദേശികമായ ഇറക്കുമതിച്ചരക്കാണ്‌ ആധുനികകവിത എന്ന് വാദിച്ച പരമ്പരാഗത നിരൂപന്മാർക്കുപോലും കടമ്മനിട്ടക്കവിത ആവിഷ്കരിച്ച കേരളീയ ഗ്രാമീണതയുടേയും വനരൗദ്രതയുടേയും വയൽമണങ്ങളുടേയും ചന്ദനത്തൈമരയൗവനത്തിന്റേയും മൗലികസൗന്ദര്യത്തിനു മുൻപിൽ നിശ്ശബ്ദരാകേണ്ടിവന്നു.

മലയാളത്തിലെ ഒരു കവിയായിരുന്നു കടവനാട് കുട്ടികൃഷ്ണൻ. പൊന്നാനി സാഹിത്യതറവാട്ടിലെ ശക്തനായ ഒരു കവിയായിട്ടാണ്‌ അദ്ദേഹം അറിയപ്പെടുന്നത് കവിതയുടെ ശക്തിയും ലാവണ്യവും ഉൾചേർന്നതായിരുന്നു കുട്ടികൃഷ്ണന്റെ കവിതകൾ. 1925 ഒക്ടോബർ 10 ന്‌ പൊന്നാനിക്കടുത്തുള്ള കടവാനാട് എന്ന ഗ്രാമത്തിൽ അറമുഖന്റെയും ദേവകിയുടേയും മകനായി ജനനം. സ്കൂൾ വിദ്യാഭ്യാസം പുതുപൊന്നാനി മാപ്പിള എലിമെന്ററി സ്കൂൾ, പൊന്നാനി ബി.ഇ.എം സ്കൂൾ, എ.വി ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു. പൊന്നാനി താലൂക്ക് ഗ്രെയ്ൻ പർച്ചേസിംഗ് ആപീസിലും കൊഴിക്കോട് പ്രീമിയർ ഹോസിയറി വർക്സിലും ജോലിചെയ്തു. തന്റെ ജീവിതത്തിന്റെ കൂടുതൽ ഭാഗവും ചെലവഴിച്ചത് കോഴിക്കോട്ടായിരുന്നു. പൗരശക്തി , ജനവാണി എന്നീ പത്രങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന് ഹിന്ദ് പത്രത്തിൽ സഹപത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്.മാതൃഭൂമിയിലും,മനോരമയിലും ജോലിചെയ്തിട്ടുണ്ട്. മാതൃഭൂമി വാരികയിലെ ബാലപംക്തി ഒരു കാലത്ത് അദ്ദേഹമാണ്‌ കൈകാര്യം ചെയ്തിരുന്നത്. വി.ടി. ഭട്ടതിരിപ്പാട്, ഇടശ്ശേരി, ഉറൂബ്‌, എൻ. ദാമോദരൻ എന്നിവരോടൊപ്പം പൊന്നാനി കേന്ദ്രകലാസമിതിയുടെ പ്രവർത്തനങ്ങളിലും കടവനാട്‌ കുട്ടികൃഷ്‌ണൻ സജീവമായിരുന്നു. 1978 ൽ സുപ്രഭാതം എന്ന കവിതക്ക് കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചു. 1983 ൽ മനോരമയിൽ അസിസ്റ്റന്റ് എഡിറ്ററായി വിരമിച്ചു. പിന്നീട് ഭാഷാപോഷിണിയുടെ പത്രാധിപസമിതി അംഗമായി പ്രവർത്തിച്ചു. 1992 ആഗസ്റ്റ് 19 ന് മരണമടഞ്ഞു. ഭാര്യ യശോദ.

ക്രൈസ്തവകാളിദാസൻ എന്നറിയപ്പെടുന്ന മലയാളമഹാകവിയാണ്‌ കട്ടക്കയം ചെറിയാൻ മാപ്പിള. മലയാളത്തിലെ മഹാകാവ്യങ്ങളുടെ കൂട്ടത്തിൽ അദ്ദേഹത്തിന്റെ ശ്രീയേശുവിജയം മഹാകാവ്യത്തിന്‌ മുഖ്യസ്ഥാനമുണ്ട്. കോട്ടയം ജില്ലയിലെ പാലായിൽ‌ 1859 ഫെബ്രുവരി 24 നു ജനിച്ചു. പിതാവ്‌ കട്ടക്കയം ഉലഹൻ‌ മാപ്പിളയുടേയും മാതാവ്‌ സിസിലിയുടേയും ഏഴുമക്കളിൽ‌ നാലാമനായിരുന്നു കട്ടക്കയം. പ്രാഥമിക പഠനം എഴുത്തുകളരിയിൽ‌ നിന്നും പൂർ‌ത്തിയാക്കിയ അദ്ദേഹം സംസ്‌കൃതത്തിലും വൈദ്യശാസ്ത്രത്തിലും അറിവുനേടിയിരുന്നു. അമരകോശം, രഘുവംശം, നൈഷധം, മാഘം തുടങ്ങിയ മഹാകൃതികളും സഹസ്രയോഗം, അഷ്‌ടാം‌ഗഹൃദയം തുടങ്ങിയ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും അദ്ദേഹം ഹൃദിസ്ഥമാക്കിയിരുന്നു. ലാളിത്യവും വിനയവും മുഖമുദ്രയാക്കി, ക്രൈസ്തവമൂല്യങ്ങളിലധിഷ്‌ഠിതമായൊരു ജീവിത രീതിയായിരുന്നു അദ്ദേഹത്തിന്റേത്. നാട്ടുനടപ്പനുസരിച്ച് 17-മത്തെ വയസ്സിൽ‌ കൂടച്ചിറവീട്ടിൽ‌ മറിയാമ്മയെ വിവാഹം ചെയ്തു. പിതാവിന്റെ അകാലമരണത്തേ തുടർ‌ന്ന് വളരെ ചെറുപ്പത്തിൽ‌ തന്നെ കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്നു. സത്യനാദകാഹളം, ദീപിക, മലയാളമനോരമ തുടങ്ങിയ പത്രങ്ങളിൽ‌ നിരവധി കവിതകൾ‌ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേരളവർ‌മ്മ വലിയ കോയിത്തമ്പുരാനെ പോലെയുള്ള സാഹിത്യപ്രമുഖരുമായി നല്ല ബന്ധം പുലർ‌ത്തിപ്പോന്നിരുന്നു. 1913 -ഇൽ തുടങ്ങിയ വിജ്ഞാനരത്നാകരം എന്ന സാഹിത്യമാസികയുടെ പത്രാധിപരായി സേവനമനുഷ്‌ഠിച്ചു. മീനച്ചിൽ റബർ കമ്പനി എന്നപേരിൽ ഒരു റബർ വ്യാപാരസ്ഥാപനം തുടങ്ങന്നതിൽ അദ്ദേഹം മുഖ്യപങ്കു വഹിച്ചു. 1936 നവംബർ‌ 29 നു ആയിരുന്ന അദ്ദേഹത്തിന്റെ ദേഹവിയോഗം.

കേരളത്തിലെ സാംസ്കാരിക, സാഹിത്യ രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ബഹുമുഖ പ്രതിഭയായിരുന്നു കണിയാപുരം രാമചന്ദ്രൻ.1962 മുതൽ കെ. പി. എ. സി. യുമായി ബന്ധപ്പെട്ടു നാടകരംഗത്ത് പ്രവർത്തിച്ചു തുടങ്ങിയ കണിയാപുരം രാമചന്ദ്രൻ 1966ൽ പ്രദശനത്തിനെത്തിയ മാണിക്യക്കൊട്ടാരം എന്ന ചലച്ചിത്രത്തിനായി ഗാനരചന നിർവ്വഹിച്ചു കൊണ്ട് ചലച്ചിത്രരംഗത്തുമെത്തി. നാടക രചയിതാവ്, നാടകഗാന രചയിതാവ് എന്നീ നിലകളിൽ മലയാള നാടകരംഗത്ത് അദ്ദേഹം തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. പുതിയ പുരാണം, മാനസപുത്രി, എനിക്ക് മരണമില്ല, ദി ആക്സിഡന്റ്, സബ്കോ സൻമതി ദേ ഭഗവൻ, ഭഗവാൻ കാലുമാറുന്നു തുടങ്ങി നിരവധി നാടകങ്ങൾ അദ്ദേഹം രചിച്ചു.ബഹാദൂർ നാടകസംഘത്തിന്റെ ബർമ്മ ബോറൻ, കായംകുളം സംസ്കാരയുടെ ഭ്രാന്തൻമാരുടെ ലോകം, കെ.പി. എ.സി.യുടെ എനിക്കു മരണമില്ല, സഹസ്രയോഗം, ലയനം, സിംഹം ഉറങ്ങുന്ന കാട്, ഭഗവാൻ കാലുമാറുന്നു തുടങ്ങിയ നാടകങ്ങൾക്ക് വേണ്ടി ഗാനരചനയും അദ്ദേഹം നിർവ്വഹിച്ചു

ഒരു ഇന്ത്യൻ ഇംഗ്ലീഷ് - മലയാളം സാഹിത്യകാരിയായിരുന്നു. കമലാ സുരയ്യ (ജനനം: മാർച്ച് 31, 1934 - മരണം:മേയ് 31, 2009) മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ നിരവധി സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത്. 1999-ൽ ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം സുരയ്യ എന്ന നാമം സ്വീകരിച്ചു. ഈ മതംമാറ്റം വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഇംഗ്ലീഷിൽ കവിത എഴുതുന്ന ഇന്ത്യക്കാരിൽ പ്രമുഖയായിരുന്നു അവർ. പക്ഷേ കേരളത്തിൽ മാധവിക്കുട്ടി എന്ന തൂലികാ നാമത്തിൽ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവർ പ്രശസ്തിയാർജിച്ചത്. 1984ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി ലോക്സേവാ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന ആരംഭിച്ചു. നാലപ്പാട്ടെ തൻ്റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഭാരതത്തിലെ ആദ്യത്തെ എഴുത്തുകാരികളിലൊന്ന് എന്ന പദവി മാധവിക്കുട്ടിക്കാണെന്ന് പല എഴുത്തുകാരും കരുതുന്നു.മാധവിക്കുട്ടിയുടെ ഭാവനയിൽ വിരിഞ്ഞ കഥകൾ പലതും അവരുടെ സ്വകാര്യ ജീവിതാനുഭവങ്ങളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്ന് അവരുടെ കഥകളെ കുറിച്ച് ഗവേഷണം നടത്തിയ ഡോ എം രാജീവ് കുമാർ അഭിപ്രായപ്പെടുന്നു.

പ്രമുഖ മലയാള നാടകകൃത്തും കവിയുമാണ് കരിവെള്ളൂർ മുരളി. കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങളുടെ സ്ഥാപകനേതാവും കരിവെള്ളൂർ സമരനായകനുമായ എ.വി.കുഞ്ഞമ്പുവിന്റെയും സ്വാതന്ത്ര്യസമരസേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയുമായ കെ. ദേവയാനിയുടെയും മകനായി ജനിച്ചു. നാടക രചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കുട്ടിക്കാലം മുതൽ കവിതകളും ഗാനങ്ങളും എഴുതിത്തുടങ്ങി. പത്താംവയസ്സിൽ നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് മുരളി തന്റെ കലാ ജീവിതം ആരംഭിക്കുന്നത്. കെ.കെ.ഈയ്യക്കാട് രചിച്ച്, 1966-ലെ കരിവെള്ളൂർ രക്തസാക്ഷിദിനത്തിൽ അരങ്ങേറിയ സ്മാരകം എന്ന നാടകത്തിലാണ് ആദ്യം അഭിനയിച്ചത്. കരിവെള്ളൂർ മുരളിയുടെ ആദ്യകവിതാസമാഹാരം 'എന്റെ ചോന്ന മണ്ണിന്റെ പാട്ട്' 1982-ലാണ് പ്രസിദ്ധീകരിച്ചത്. എ.വി. കുഞ്ഞമ്പു നേതൃത്വം നൽകിയ കരിവെള്ളൂർ സമരത്തെകുറിച്ചുള്ള കവിതയടങ്ങിയതാണു് ആ കൃതി. ഇരുപത്തിയൊന്നാം വയസിൽ 'അപരാജിതരുടെ രാത്രി' എന്ന നാടകമാണ് ആദ്യമായെഴുതിയത്. ആ നാടകാവതരണത്തിന് ജില്ലാതലത്തിൽ അഞ്ച് അവാർഡുകൾ ലഭിച്ചു. 1980 തൊട്ട് 25 വർഷക്കാലത്തോളം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ കലാ ജാഥകളിലെ നാടകങ്ങളും കവിതകളും രചിച്ചത് മുരളിയായിരുന്നു.കെൽട്രോൺ ക്ലബ്, കല്യാശ്ശേരി കവിത തീയേറ്റേഴ്‌സ്, അരോളി ശാന്തിപ്രഭ തുടങ്ങിയ നാടകസംഘങ്ങളുമായി സഹകരിച്ചുകൊണ്ട് നാടകപ്രവർത്തനം സജീവമാക്കി. 1987-ൽ കണ്ണൂരിൽ സംഘചേതന എന്ന നാടകസംഘം രൂപികരിച്ചു. അതിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. പിന്നീട് 3 വർഷം പ്രസിഡന്റുമായി പതിനേഴു വർഷം കണ്ണൂർ സംഘചേതനയെ നയിച്ചു. സംഘചേതനയെ ഇന്ത്യയിലെതന്നെ അറിയപ്പെടുന്ന ജനകീയ നാടകപ്രസ്ഥാനമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചു അദ്ദേഹത്തിന്റെ നിരവധി രചനകൾ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. 1998-ൽ മുരളി രചിച്ച് സംഘചേതന അവതരിപ്പിച്ച ചെഗുവേര നാടകം ആറ് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി. ഒരുവർഷം മുന്നൂറോളം വേദികളിൽ ആ നാടകം അവതരിപ്പിച്ചു. നിരവധി കവിതകളും ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. കേരളത്തിലെ പ്രമുഖനായ സാംസ്കാരിക പ്രഭാഷകനാണ്.പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗം,കേരള പ്രസ് അക്കാദമിയുടെ നിർവാഹകസമിതി അംഗം തുടങ്ങി നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്. .[2

കവി, നോവലിസ്റ്റ്, ഉപന്യാസകാരൻ, സാഹിത്യവിമർശകൻ, സാംസ്കാരിക നിരീക്ഷകൻ . 1127 മകരമാസത്തിൽ( 1952 ജനവരി) വയനാട്ടിൽ കൽപ്പററയ്ക്കടുത്ത് കോട്ടത്തറയിൽ പാലൂക്കാപ്പിൽ ശങ്കരൻ നായരുടേയും നാരായണിയമ്മയുടേയും മകനായി പിറന്നു .കൽപ്പററ എസ്.കെ.എം.ജെ ഹൈസ്കൂളിലും കോഴിക്കോട് ഗവ ആർട്സ്&സയൻസ് കോളേജിലും പഠിച്ചു. തലശ്ശേരി ബ്രണ്ണൻ കോളേജിലും കോഴിക്കോട് ഗവ ആർട്സ് & സയൻസ് കോളേജിലും അദ്ധ്യാപകനായി . കോഴിക്കോട് സർവ്വകലാശാലയിലെ മലയാള വിഭാഗത്തിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. മാധ്യമം ആഴ്ച്ചപ്പതിപ്പിൽ ഈ കണ്ണടയൊന്ന് വച്ച് നോക്കൂ‍, മലയാള മനോരമയിൽ ബുധപക്ഷം എന്നീ കോളങ്ങൾ കൈകാര്യം ചെയ്തിരുന്നു

മലയാളത്തിലെ ആദ്യനാടക കൃതിയായ ആൾമാറാട്ടത്തിന്റെ (ഷെയ്ക്സ്പിയർ കൃതിയായ കോമഡി ഒഫ് എറേഴ്സിന്റെ പരിഭാഷ) കർത്താവാണു് കല്ലൂർ ഉമ്മൻ ഫിലിപ്പോസ് (1838 - 1880). 1864ൽ കൊച്ചിയിൽനിന്നു് പ്രസിദ്ധീകരണം ആരംഭിച്ച പത്രമായ പശ്ചിമതാരകയുടെ പത്രാധിപരായും കല്ലൂർ ഉമ്മൻ ഫിലിപ്പോസ് പ്രവർത്തിച്ചു. മലയാളത്തിലെ ആദ്യ പത്രാധിപരായും ഇദ്ദേഹം അറിയപ്പെടുന്നു.ഒളശയിൽ ഏനാദിക്കൽ തൊമ്മൻ വർക്കിയുടെ മകൾ ഉണിച്ചാരമ്മയെ 1862 ഫെബ്രുവരി 27-ആം തീയതി വിവാഹം ചെയ്തു. 1865 മാർച്ച് 24-ന് കൊച്ചിയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന പശ്ചിമതാരക എന്ന പത്രത്തിന്റെ അധിപനായി. ഇതിലൂടെ മലയാളത്തിലെ ആദ്യ പത്രാധിപർ എന്ന സ്ഥാനം ഇദ്ദേഹത്തിനു ലഭിച്ചു. കത്തോലിക്ക സഭയെയും മാർപാപ്പായെയും നിർദയം വിമർശിക്കുന്ന ലേഖനങ്ങൾ തുടർച്ചയായി എഴുതി. ആൾമാറാട്ടം കൂടാതെ അമരകോശ പ്രദീപിക, ശബ്ദദീപിക എന്നീ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചു. ആൾമാറാട്ടം ഗ്രന്ഥത്തിന്റെ ആമുഖത്തിൽ പറയും പ്രകാരം ചില ഗ്രന്ഥങ്ങളും പീലിപ്പോസ് തർജ്ജമ ചെയ്തിരുന്നു. എന്നാൽ അവ പ്രസിദ്ധീകരിക്കും മുൻപെ കരൾ രോഗം മൂലം 1880 ജൂലൈ 20-ന് അദ്ദേഹം അന്തരിച്ചു. ഒളശ്ശ സെന്റ് മാർക്ക്സ് ദേവാലയത്തിലാണ് പീലിപ്പോസിന്റെ മൃതദേഹം സംസ്കരിച്ചിരിക്കുന്നത്.

മലയാളത്തിലെ ശ്രദ്ധേയയായ യുവചിത്രകാരിയും കവിയും കലാനിരൂപകയും കലാചരിത്രകാരിയും ആണ്‌ കവിത ബാലകൃഷ്ണൻ. 1998 മുതൽ 1999 കാലഘട്ടത്തിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ ആർട്ട് ഹിസ്റ്ററി അദ്ധ്യാപികയായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ചു. പിന്നീട് ആർ. എൽ. വി. തൃപ്പൂണിത്തുറയിലെ മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് കോളേജിലും , മുംബൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി) എന്നിവിടങ്ങളിലും വിസിറ്റിംഗ് ഫാക്കൽറ്റിയായി സേവനം അനുഷ്ടിച്ചു. കവിത ബാലകൃഷ്ണൻ നിലവിൽ ആർട്ട് ഹിസ്റ്ററി, സൗന്ദര്യശാസ്ത്ര ലക്ചറർ ആയി തൃശൂരിലെ ഫൈൻ ആർട്സ് കോളേജിൽ സേവനം ചെയുന്നു. ഇരിങ്ങാലക്കുടക്കടുത്തുള്ള നടവരമ്പ് സ്വദേശി. 1976-ൽ ജനിച്ചു. പഠനം ബറോഡയിലെ എം.എസ് യൂണിവേഴ്സിറ്റിയിൽ. കലാചരിത്രത്തിലും സൗന്ദര്യശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടി. മലയാള ആനുകാലികങ്ങളുടെ ദൃശ്യപരതയിൽ രേഖാചിത്രീകരണത്തിന്റെ(Illustration) പ്രവർത്തനത്തെക്കുറിച്ച് ഗവേഷണ പ്രബന്ധം തയ്യാറാക്കി. പതിമൂന്നുവയസുള്ളപ്പോൾതന്നെ ചിത്രരചനയ്ക്ക് സോവിയറ്റ്ലാൻഡ് നെഹ്റു അവാർഡ് നേടി.തുടർന്ന് സോവിയറ്റ് യൂണിയനിലെ ക്രിമിയൻതീരത്ത് ആർത്തെക്ക് ഇന്റർനാഷണൽ യങ്ങ് പയനിയർ ക്യമ്പിൽ പങ്കെടുത്തു. 'ആർത്തെക്ക് അനുഭവങ്ങൾ' ദേശാഭിമാനിവാരികയിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിക്കുകയും പിന്നീട് പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. 'ആർത്തെക്ക് അനുഭവങ്ങൾ'ക്ക് 2004-ലെ എസ്. ബി.റ്റി അവാർഡ് ലഭിച്ചു. മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ ഇല്ലസ്ട്രേഷനെപ്പറ്റിയും സ്ത്രീ ചിത്രകാരികളെപ്പറ്റിയും കോമിക് ചിത്രീകരണത്തെപ്പറ്റിയും ഏറ്റവും സൂക്ഷ്മമായ മൗലികനിരീക്ഷണങ്ങൾ കൊണ്ട് സമൃദ്ധമായ 'കേരളത്തിലെ ചിത്രകലയുടെ വർത്തമാനം'എന്ന കലാപഠനഗ്രന്ഥത്തിന് മികച്ചകലാഗ്രന്ഥത്തിനുള്ള കേരള ലളിതകലാ അക്കാദമിയുടെ അവാർഡ് 2007-ൽ ലഭിച്ചു. ഇപ്പോൾ തൃശ്ശൂർ ഗവൺമ്മെന്റ് കോളേജ് ഓഫ് ഫൈൻ ആർട്സിൽ കലാചരിത്രത്തിൽ ലക്ചററായി ജോലിചെയ്യുന്നു.

ഒരു മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് കാക്കനാടൻ (ഏപ്രിൽ 23 1935 - ഒക്ടോബർ 19 2011). പൂർണ്ണനാമം ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ. കാക്കനാടന്റെ ഉഷ്ണമേഖല, വസൂരി എന്നീ നോവലുകൾ മലയാളത്തിലെ അസ്‌തിത്വവാദാത്മകമായ ആധുനികതയുടെ മികച്ച മാതൃകകളായി കരുതപ്പെടുന്നു. കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ജോർജ്ജ് കാക്കനാടന്റെയും റോസമ്മയുടെയും രണ്ടാമത്തെ മകനായി 1935 ഏപ്രിൽ 23-ന് തിരുവല്ലയിൽ ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ ജനിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിയായിരുന്ന പിതാവ് ആദ്യം ഗാന്ധിജിയുടെ ആരാധകനും പിന്നീട് ഉറച്ച കമ്മ്യൂണിസ്റ്റ് അനുഭാവിയുമായി മാറി. റിബൽ ചിന്താഗതിക്കാരനായിരുന്ന അദ്ദേഹം കത്തോലിക്കാ സഭയുമായി പിണങ്ങി സഭ വിടുകയുണ്ടായി. പിൽക്കാലത്ത് അദ്ദേഹം മാർത്തോമ്മാ സഭയിൽ ചേർന്ന് മിഷണറിയായി പ്രവർത്തിച്ചു. ഒരു സുവിശേഷപ്രവർത്തകനായി പ്രവർത്തിക്കുമ്പോഴും കമ്മ്യൂണിസത്തോടുള്ള പ്രതിപത്തിയും കമ്മ്യൂണിസ്റ്റ് നേതാക്കളോടുള്ള സൗഹൃദവും അദ്ദേഹം കൈമോശം വരാതെ സൂക്ഷിച്ചിരുന്നു.1971 മുതൽ 73 വരെ കൊല്ലത്തു നിന്നുള്ള മലയാളനാട് വാരികയുടെ പത്രാധിപ സമിതിയിൽ പ്രവർത്തിച്ചു. പിൽക്കാലം പൂർണ്ണമായി സാഹിത്യരചനക്കു വേണ്ടി ചെലവഴിച്ചു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് 2011 ഒക്ടോബർ 19-ന് കാക്കനാടൻ അന്തരിച്ചു.ഭാര്യ : അമ്മിണി. മക്കൾ: രാധ, രാജൻ, ഋഷി. പ്രശസ്ത ചിത്രകാരനായ രാജൻ കാക്കനാടൻ, പത്രപ്രവർത്തകരായ ഇഗ്നേഷ്യസ് കാക്കനാടൻ, തമ്പി കാക്കനാടൻ എന്നിവർ സഹോദരങ്ങളാണ്.

എഴുത്തുകാരൻ, നാടകഗവേഷകൻ, മന്ത്രവാദി എന്നീ നിലയിൽ പ്രശസ്തനായിരുന്നു കാട്ടുമാടം നാരായണൻ. നാടകത്തെക്കുറിച്ചും മന്ത്രവാദത്തെക്കുറിച്ചും ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പൊന്നാനിക്ക് അടുത്ത് വന്നേരി എന്ന ഗ്രാമമാണ് ഇദ്ദേഹത്തിന്റെ സ്വദേശം. 1957-ൽ മദിരാശിയിൽ നിന്നു പ്രസിധീകരിക്കുന്ന ജയകേരളം ആഴ്ചപ്പതിപ്പിൽ, സൊഫൊക്ലിസിന്റെ "തീബൻ" നാടകങ്ങളെക്കുറിച്ച്‌ കാട്ടുമാടം ഒരു ലേഖനം പ്രസിധീകരിച്ചു. 1958-ൽ ‍ "സൊഫോക്ലിസ്സിനൊരു മുഖവുര" പുറത്തു വന്നു. 1960-ൽ ‍ മലയാള നാടകത്തിന്റെ ചരിത്രവും പ്രത്യേകതകളൂമൊക്കെ നന്നായി മനസ്സിലാക്കാൻ സഹായിക്കുന്ന ഒരാധികാരിക ഗ്രന്ഥം "മലയാള നാടാകങ്ങളിലൂടെ" എഴുതി. അതിനു മുൻപു തന്നെ അദ്ദേഹം എഴുതിയ സ്വതന്ത്ര നാടകം "ശുദ്ധാത്മാക്കൾ" പുറത്തു വന്നു. 1973-ൽ എഴുതിയ "നാടകരൂപചർച്ച" നാടകകൃത്തുക്കൽക്കും, ആസ്വാദകർക്കും ഒരുപൊലെ പ്രയോജനപെട്ടു. 1987-ൽ എഴുതിയ "ഇബ്സൻ", ഇബ്സനെക്കുറിച്ച് പഠിക്കുന്നവർക്ക് ഒരു വഴികാട്ടിയാണ്. 1990-ൽ പ്രസിദ്ധീകൃതമായ "മലയാള നാടകപ്രസ്ഥാനം" മലയാള നാടക സഹിത്യ ചരിത്രത്തെകുറിചും അതിന്റെ വികാസപരിണാമങ്ങളേക്കുറിചും നല്ലൊരു അവലോകനവും വിലയിരുത്തലും ആണു. മന്ത്രവാദത്തെപ്പറ്റി "മന്ത്രവാദവും മനശ്ശാസ്ത്രവും" എന്ന പുസ്തകവും "മന്ത്രപൈത്രുകം"എന്ന ആത്മകഥയും അദ്ദേഹം രചിചിട്ടുണ്ട്. 2005 മേയ് 8-നു തന്റെ 74-ആം വയസ്സിൽ കാട്ടുമാടം നാരായണൻ മരണമടഞ്ഞു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

കൊടുങ്ങല്ലുർ കളരിയിൽപ്പെട്ട മലയാളകവിയായിരുന്നു കാത്തുള്ളിൽ അച്യുതമേനോൻ. തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരുള്ള മേത്തല പുല്ലൂറ്റ് വില്ലേജിൽ കാത്തുള്ളിൽ കല്യാണിയമ്മയുടെയും മാമ്പറ നാരായണൻനമ്പൂതിരിയുടെയും പുത്രനായി 1851-ൽ ജനിച്ചു. ചിങ്ങപുരത്ത് അച്യുതവാര്യരാണ് ആദ്യഗുരു. പിന്നീട് കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാനും കുഞ്ഞിക്കുട്ടൻതമ്പുരാനുമൊത്ത് വിദ്വാൻ കുഞ്ഞുരാമവർമത്തമ്പുരാനിൽനിന്നും സംസ്കൃതം പഠിച്ചു. കാവ്യരചന ചെറുപ്പത്തിലേ ആരംഭിച്ചു. മിക്കവാറും കൊടുങ്ങല്ലൂർ കോവിലകത്തുതന്നെ താമസിക്കുകയാൽ അക്കാലത്തെ പ്രാമാണികരായ കവികളുമായി സമ്പർക്കമുണ്ടായി. പാരമ്പര്യമായി സിദ്ധിച്ചുപോന്ന വില്ലേജ് മേനോൻ ജോലി അച്യുതമേനോനും സ്വീകരിച്ചു. ഗാർഹികമായ ചില അന്തശ്ചിദ്രങ്ങൾമൂലം ഇടക്കാലത്ത് സാഹിത്യസേവനം നിർത്തിവയ്ക്കുകയുണ്ടായെങ്കിലും താമസിയാതെ അതു പുനരാരംഭിച്ചു. 1910-ൽ ഇദ്ദേഹം അന്തരിച്ചു. അച്യുതമേനോന്റെ സഹോദരി ജാനകിയമ്മയായിരുന്നു കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാന്റെ ഭാര്യ.

നേത്രരോഗവിദഗ്ദ്ധനായിരുന്ന കാനം പടിഞ്ഞാറ്റുപകുതിയിലെ ഫീലിപ്പോസ് ആശാന്റെ കൊച്ചു മകനായിരുന്നു ഇദ്ദേഹം. കങ്ങഴ ഹൈസ്കൂളിൽ നിന്നും മലയാളം ഹയ്യർ പാസ്സായ ഫിലിപ്പ് പട്ടാളത്തിൽ ചേർന്നു. തിരിച്ചു വരുമ്പോൾ ബി ക്ളാസ്സ് മെഡിക്കൽ പ്രാക്റ്റീഷണറാകാൻ യോഗ്യത നേടിയിരുന്നുവെങ്കിലും സാഹിത്യവാസന ഉണ്ടായിരുന്നതിനാൽ, അദ്ദേഹം കാനം സി.എം.എസ്സ് മിഡിൽസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. പിന്നീട് മുണ്ടക്കയം, കുമ്പളാംപൊയ്ക, കോട്ടയം എന്നിവിടങ്ങളിലെ സി.എം എസ്സ്. സ്കൂളുകളിൽ ജോലി നോക്കി. അദ്ധ്യാപികയായിരുന്ന ശോശാമ്മയയിരുന്നു ഭാര്യ. സോഫി, സാലി, സാജൻ, സൂസി, സേബ എന്നിവർ മക്കൾ. 1982 ജൂൺ 13നു അന്തരിച്ചു. "ബാഷ്പോദകം" എന്ന കവിതാസമാഹാരം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ കൃതി. അതിലെ "കുടിയിറക്ക്" എന്ന കവിത കഥാപ്രസംഗം ആയും ടാബ്ളോ ആയും സ്കൂൾ വാർഷികങ്ങളിൽ പേരെടുത്തു. "ജീവിതം ആരംഭിക്കുന്നു" ആയിരുന്നു ആദ്യ നോവൽ. മനോരമ വാരികയിൽ വന്ന "ഈ അരയേക്കർ നിന്റേതാണ്"," പമ്പാനദി പാഞ്ഞൊഴുകുന്നു" എന്നീ നീണ്ടകഥകളിലൂടെ പ്രസിദ്ധനായി. തുടർന്നു മനോരമയിൽ ചേർന്നു. 1967ൽ സ്വന്തമായി "മനോരാജ്യം" എന്ന വാരിക തുടങ്ങി. കാട്ടുമങ്ക, ഹൈറേഞ്ച് തുടങ്ങിയവ ഏറെ വായനക്കാരെ നേടി. അറുപതുകളിലെ കൌമരപ്രായക്കരായ മലയാളികളിൽ വായനാശീലം വളർത്തിയത് കാനം ഈ.ജെയും മോഹൻ ഡി. കങ്ങഴയും (ഡിറ്റക്റ്റീവ് നോവലിസ്റ്റ്) മുട്ടത്തു വർക്കിയുമായിരുന്നു. വായനക്കാരെ അകർഷിക്കാനുള്ള മസാല ചേർത്തു ആദ്യമായി " നീണ്ടകഥകൾ" സൃഷ്ടിച്ചത് കാനം ഈജെയാണ്. പക്ഷേ "പൈങ്കിളി" എന്ന പേരു വീണതു 'പാടാത്ത പൈങ്കിളി'യുടെ കർത്താവ് മുട്ടത്തു വർക്കിയ്ക്കാണ്. തിരുവല്ലയിലെ അമ്മാളുകുട്ടി കൊലക്കേസ്സ് ആധാരമാക്കി എഴുതിയ " ഭാര്യ" എന്ന നോവൽ ഏറെ ജനപ്രീതി നേടി. ഉദയാ ഈ നോവലിനെ അടിസ്ഥാനമാക്കി നിർമ്മിച്ച അതേ പേരിലുള്ള ചലച്ചിത്രം വളരെ പ്രസിദ്ധമാണ്. സത്യനും രാഗിണിയും ആയിരുന്നു താരങ്ങൾ. വയലാർ രാമവർമ്മ ഈ ചിത്രത്തിനു വേണ്ടി എഴുതിയ "പെരിയാറേ", "ഓമനക്കൈയ്യിലൊരൊലിവില കൊമ്പുമായ്" എന്നിവ ഇന്നും പോപ്പുലറാണ്. 7 നാടകങ്ങളും 2 കവിതാസമാഹാരങ്ങളും നൂറിൽപ്പരം നോവലുകളും കാനത്തിന്റേതായിട്ടുണ്ട്. 23 നോവലുകൾ എണ്ണം ചലച്ചിത്രങ്ങളാക്കപ്പെട്ടു. എല്ലാത്തിനും അദ്ദേഹം തിരക്കഥ എഴുതി. 5 ചിത്രങ്ങൾക്കു ഗാനമെഴുതി. 'അവൾ വിശ്വസ്തയായിരുന്നു' എന്ന ചിത്രത്തിലെ "തിരയും തീരവും ചുംബിച്ചുറങ്ങി" തുടങ്ങിയ ചലച്ചിത്രഗാനങ്ങൾ വളരെ പ്രസിദ്ധമാണ്.

അമ്മായിപ്പഞ്ചതന്ത്രം, വിരുതൻശങ്കു എന്നീ കൃതികളിലൂടെ പ്രസിദ്ധനായിത്തീർന്ന മലയാളസാഹിത്യകാരനായിരുന്നു ‍കാരാട്ട് അച്യുതമേനോൻ (1866 - 1913). പാലക്കാട് ജില്ലയിൽ എലപ്പുള്ളിയിൽ കാരാട്ട് ലക്ഷ്മിയമ്മയും എക്കണത്തു ശങ്കുണ്ണിക്കൈമളും ആയിരുന്നു ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ. സംസ്കൃതം ഐച്ഛികമായെടുത്ത് ചെന്നൈയിൽനിന്നും ബി.എ. പരീക്ഷ പാസ്സായി. 1899-ൽ ബി.എൽ. ബിരുദം നേടിയതിനുശേഷം അഭിഭാഷകവൃത്തിയിൽ പ്രവേശിച്ചു. തൃശൂരും എറണാകുളത്തുമായി തുടർന്നുപോന്ന പ്രസ്തുത ജോലിയിൽനിന്നും 1911-ൽ വിരമിച്ചു. തമിഴ്ഭാഷ, ജ്യോതിഷം, വേദാന്തം എന്നിവയിൽ നല്ല പ്രാവീണ്യം അച്യുതമേനോൻ നേടിയിരുന്നു. ഹാസ്യത്തിലൂടെ സാമൂഹ്യവിമർശനം നടത്തുന്ന കൃതിയാണ് അമ്മായിപ്പഞ്ചതന്ത്രം. അത്, നായർസമുദായം അനുവർത്തിച്ചുപോന്ന ദുരാചാരങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയതാണ് (1905). ക്ഷയരോഗബാധിതനായി 1912-ൽ ചെന്നൈയിൽ കഴിയുമ്പോഴാണ് വിരുതൻ ശങ്കു എന്ന നോവൽ രചിച്ചു തുടങ്ങിയത്. അച്ചടിക്കാൻ മംഗളോദയം കമ്പനിയെ ഏല്പിച്ച കൈയെഴുത്തുപ്രതിയുടെ ആദ്യത്തെ ഏഴധ്യായം ഒഴികെയുള്ളതു നഷ്ടപ്പെട്ടുപോയതിനാൽ അത് വീണ്ടും എഴുതിച്ചേർക്കേണ്ടിവന്നു. മരുമക്കത്തായത്തറവാടിന്റെ ജീർണാവസ്ഥയാണ് രണ്ടു കൃതികളിലെയും പ്രമേയം.

മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തായിരുന്നു കാരൂർ എന്ന് അറിയപ്പെട്ടിരുന്ന കാരൂർ നീലകണ്ഠപ്പിള്ള. (ജനനം - ഫെബ്രുവരി 22 1898, മരണം -സെപ്റ്റംബർ 30 1975)ഇദ്ദേഹം സാഹിത്യ പ്രസാധക സഹകരണ സംഘത്തിന്റെ സ്ഥാപക സെക്രട്ടറി ആയിരുന്നു. ഒരു അദ്ധ്യാപകനുമായിരുന്നു ഇദ്ദേഹം. മലയാള സാഹിത്യ ലോകത്തു സൂക്ഷ്മമായ ജീവിത നിരീക്ഷണങ്ങൾ കൊണ്ടു വേറിട്ടു നിൽക്കുന്നവയാണ് അദ്ദേഹത്തിന്റെ കൃതികൾ.മനുഷ്യ നന്മയിലാണ് അദ്ദേഹത്തിന്റെ വിശ്വാസം. നന്മകളാൽ സമൃതമായ നാട്ടിൻ പുറമാണ് കാരൂർ കഥകളുടെ തട്ടകം.1898 ഫെബ്രുവരിയിൽ കോട്ടയത്തിനടുത്ത് ഏറ്റുമാനൂരിൽ പാലമ്പപടത്തിൽ നീലകണ്ഠപ്പിള്ളയുടെയും കാരൂർ വീട്ടിൽ കുഞ്ഞീലിയമ്മയുടെയും മകനായാണ് കാരൂർ നീലകണ്ഠപ്പിള്ള ജനിച്ചത്. അഞ്ചാം വയസ്സിൽ നീലകണ്ഠപ്പിള്ളയെ എഴുത്തിനിരുത്തി. തുടർന്ന് വെച്ചൂർ സ്കൂളിൽ ചേർത്തു. ഏറ്റുമാനൂർ സ്കൂളിൽനിന്ന് ഏഴാം ക്ലാസ് ജയിച്ചയുടനെ കടപ്പൂരുള്ള പള്ളിവക സ്കൂളിൽ കാരൂരിന് ജോലികിട്ടി. അദ്ദേഹം ആ ജോലി വേണ്ടെന്നു വച്ചു. ഒട്ടും വൈകാതെ തന്നെ അദ്ദേഹത്തിന് പോത്താനിക്കോട് സർക്കാർ സ്കൂളിൽ അധ്യാപകജോലി ലഭിച്ചു. വാദ്ധ്യാർക്കഥകൾ രചിക്കുന്നതിന് പ്രചോദകമായ ജീവിതം ഇവിടെ നിന്നാണ് അദ്ദേഹം ആരംഭിച്ചത്. തുടർന്ന് ഏറ്റുമാനൂർ, കാണക്കാരി, വെമ്പള്ളി, പേരൂർ എന്നിവടങ്ങളിൽ അദ്ദേഹം അധ്യാപകനായി.

മലയാളത്തിലെ ആധുനികനാടകവേദിയെ നവീകരിച്ച നാടകാചാര്യനായിരുന്നു കാവാലം നാരായണപണിക്കർ‍. നാടകകൃത്ത്, കവി, ഗാനരചയിതാവ്, സംവിധായകൻ,‍ സൈദ്ധാന്തികൻ എന്നിങ്ങനെയും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1975-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നാടകചക്രം എന്ന കൃതിക്ക് ലഭിച്ചു. 2007-ൽ പത്മഭൂഷൺ പുരസ്കാരം നല്കി ഇദ്ദേഹത്തെ ആദരിച്ചു. 2009-ൽ വള്ളത്തോൾ പുരസ്കാരവും ലഭിച്ചു. 2016 ജൂൺ 26ന് തന്റെ 88-ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു.

തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതി തിരുനാൾ രാമവർമ്മയുടെ സദസ്സിലെ ഒരു സംസ്കൃതകവിയായിരുന്നു കിളിമാനൂർ രാജ രാജ വർമ്മ കോയിത്തമ്പുരാൻ (Kilimanoor Raja Raja Varma Koithampuran) (1812-1845) . കരീന്ദ്രൻ, ചെറുന്നി എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. കിളിമാനൂർ കൊട്ടാരത്തിലാണ്‌ അദ്ദേഹം ജനിച്ചത്. നിമിഷകവിതകളിൽ (ദ്രുതകവിത) പ്രസിദ്ധനായതുകൊണ്ട് അദ്ദേഹത്തെ ദ്രുതകവിമണി എന്നും വിളിച്ചിരുന്നു. വളരെ ഉയരമുള്ളതു കൊണ്ടും, നല്ല ദൃഢശരീരമുള്ളതുകൊണ്ടുമാണ്‌ അദ്ദേഹത്തിനു കരിമണി എന്ന പേരു വന്നത്. നിമിഷങ്ങൾ കൊണ്ട് കവിത എഴുതുവാനുള്ള അദ്ദേഹത്തിന്റെ കഴിവിനു തന്റെ മഹാരാജാവായിരുന്ന സ്വാതി തിരുനാളിൽ നിന്ന് വിദ്വാൻ പദവി ലഭിച്ചു. സ്വാതിതിരുന്നാൾ മഹാരാജാവിന്റെ സന്തത സഹചാരിയും നിരവധി ആട്ടക്കഥകളുടെ രചയിതാവും മഹാകവിയുമായിരുന്നു ഇദ്ദേഹം. കിളിമാനൂർ കോവിലകത്തെ ഉമാദേവിത്തമ്പുരാട്ടിയുടെയും കിഴക്കാഞ്ചേരി നാരായണൻ നമ്പൂതിരിയുടെയും മകനാണ്. ചെറൂണ്ണി എന്ന വിളിപ്പേരുണ്ടായിരുന്നു. സ്വാതി തിരുന്നാളിന്റെ സതീർത്ഥ്യനായി തിരുവനന്തപുരത്തു താമസിച്ചു പഠിച്ചു. വിദ്വാൻ എന്ന ബിരുദത്തിനു പുറമെ "കരീന്ദ്രൻ" എന്നൊരു നർമ്മ സംജ്ഞയാലും മഹാരാജാവു വിളിച്ചിരുന്നു.

മലയാളത്തിലെ ഒരു കവിയായിരുന്നു കിളിമാനൂർ മധു. (-2019 സെപ്റ്റംബർ 14) 1952-ൽ കിളിമാനൂരിലെ വണ്ടന്നൂരിൽ ഇളയിടത്തു സ്വരൂപത്തിലെ കുന്നുമ്മേൽ രാജാക്കന്മാരുടെ ഈഞ്ചിവിളയിൽ ജനിച്ചു. 1988 മുതൽ ദേശീയ-അന്തർദേശീയ കവിസമ്മേളനത്തിൽ മലയാളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തു. ‘എഴുത്തുകാരും നദികളും' എന്ന വിഷയത്തിൽ പഠനംനടത്തി. ജേർണലിസത്തിൽ യോഗ്യത നേടിയിട്ടുണ്ട്. റഷ്യൻ നോവലിസ്റ്റ് ടർജീനീവിന്റെ പിതാക്കന്മാരും പുത്രന്മാരും സംക്ഷിപ്ത വിവർത്തനം ചെയ്തു. ലോർക്കയുടെ ജർമ, പരശുറാം രാമാനുജന്റെ ഹേ പരശുറാം എന്നീ നാടകങ്ങളും പരിഭാഷപ്പെടുത്തി. കേരളത്തിലെ 78 നാടൻ കലാരൂപങ്ങൾ 15 സി.ഡി.കളിലായി കേന്ദ്ര സാംസ്‌കാരിക വകുപ്പിനുവേണ്ടി നിർമ്മിച്ചിട്ടുണ്ട്. യാത്രയും ഞാനും പ്രണയത്തിലെപ്പോഴും എന്നീ യാത്രാക്കുറിപ്പുകൾ രചിച്ചു. സമയതീരങ്ങളിൽ, മണൽ ഘടികാരം, ഹിമസാഗരം, ചെരുപ്പുകണ്ണട, ജീവിതത്തിന്റെ പേര്, കുതിര മാളിക എന്നീ കവിതാസമാഹാരങ്ങളും അദ്ദേഹത്തിന്റെതായുണ്ട്.

മലയാളത്തിലെ ഒരു കവിയും ഗാനരചയിതാവും വിവർത്തകനുമായിരുന്നു കിളിമാനൂർ രമാകാന്തൻ (1938 ഓഗസ്റ്റ് 2 - 2009 നവംബർ 30). ദാന്തെയുടെ ഡിവൈൻ കോമഡി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ഇദ്ദേഹമാണ്. ഡിവൈൻ കോമഡിക്ക് ഇന്ത്യൻ ഭാഷകളിലിറങ്ങുന്ന ആദ്യ വിവർത്തനമാണിത്. ഈ വിവർത്തനത്തിന് 2004-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. മലയാള കവിതക്ക് നവഭാവുകത്വം സമ്മാനിച്ച കവികളിൽ പ്രമുഖനായ രമാകാന്തൻ 1938-ൽ കിളിമാനൂരിൽ ജനിച്ചു. എൻ.കല്യാണി, എസ്. അച്യുതൻ എന്നിവരായിരുന്നു മാതാപിതാക്കൾ. കിളിമാനൂർ രാജരാജവർമ്മ ഹൈസ്കൂൾ, തിരുവനന്തപുരം ആർട്സ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടെങ്ങളിലായി വിദ്യാഭ്യാസം. ദീർഘകാലം കൊല്ലം ശ്രീനാരായണ കോളേജിൽ അദ്ധ്യാപകനായി പ്രവർത്തിച്ചിരുന്നു. 2009 നവംബർ 30-ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.

പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ.

മലയാളത്തിലെ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ് (മേയ് 10, 1927 - മാർച്ച് 26, 2006)‍ എന്നറിയപ്പെടുന്ന അതിയാരത്ത് കുഞ്ഞുണ്ണിനായർ. ദാർശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായി. ബാലസാഹിത്യ മേഖലയിൽ ഇദ്ദേഹത്തിന്റെ സംഭാവനകൾ വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ട്. ഇക്കാരണത്താൽ കുട്ടിക്കവിതകളാ‍ണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത എന്ന ധാരണ വേരുറച്ചു പോയിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ കുട്ടേട്ടൻ എന്ന പേരിൽ എഴുതിയിരുന്നു. എഴുതിത്തുടങ്ങുന്നവർക്ക് വഴികാട്ടിയായി അദ്ദേഹം നല്കിയ നിർദ്ദേശങ്ങൾ വളരെ വിലപ്പെട്ടതായി കുട്ടികൾ കണക്കാക്കിയിരുന്നു. മലയാളത്തിലെ പല എഴുത്തുകാരെയും കൈപിടിച്ച് വളർത്തിക്കൊണ്ടുവന്നത് കുഞ്ഞുണ്ണിമാഷാണ്. ഭാഷാശുദ്ധി കുഞ്ഞുണ്ണിമാഷുടെ പ്രധാനപ്പെട്ട പരിഗണനയായിരുന്നു. എങ്ങനെ ലളിതവും വ്യക്തവുമായ ഭാഷയിൽ എഴുതാം എന്നു വ്യക്തമാക്കുന്ന മാഷുടെ കുറിപ്പുകൾ കുട്ടികൃഷ്ണമാരാരുടെ മലയാള ശൈലിയോട് ചേർത്തു വെക്കാവുന്നവയാണ്. [[പഴഞ്ചൊല്ല് ], കടങ്കഥകൾ എന്നിവയിൽ പ്രകടമാകുന്ന ഭാഷാസ്വരൂപവും കാവ്യഭാവനയും അദ്ദേഹം എടുത്തുകാട്ടി. നമ്പൂതിരിഭാഷയും ഫലിതവും മാഷ് പഠനവിധേയമാക്കിയ മറ്റൊരു വിഷയമാണ്. കുഞ്ഞുണ്ണിക്കവിതകളും ബാലകവിതകളും വേർതിരിയുന്ന അതിർവരമ്പ് നേർത്തതാണ്. അതിനാൽ അദ്ദേഹത്തെ പലപ്പോഴും ബാലസാഹിത്യകാരനായാണ് പരിഗണിക്കപ്പെട്ടത്. ബാലസാഹിത്യം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രവർത്തനരംഗവുമായിരുന്നു. വലപ്പാടുള്ള അതിയാരത്തുവീട്ടിൽ കുട്ടികൾ മാഷെ തേടിയെത്തുക പതിവായിരുന്നു. കുട്ടികളുമായി സല്ലപിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നല്കുകയും ചെയ്യുന്ന ഒരു അപ്പൂപ്പനായി വാർദ്ധക്യകാലത്ത് അദ്ദേഹം കഴിഞ്ഞു. പോസ്റ്റു കാർഡുകളിൽ കുട്ടികളുടെ കത്തുകൾക്കു മറുപടിയും കുട്ടികളുടെ സാഹിത്യ സൃഷ്ടികൾക്കു തിരുത്തലുകളും അദ്ദേഹം അയച്ചു

കേരളത്തിലെ പ്രമുഖ സാഹിത്യവിമർശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്നു തൃപ്രങ്ങോട് കിഴക്കേ മാരാത്ത് കുട്ടികൃഷ്ണ മാരാർ (ജനനം: ജൂൺ 14, 1900; മരണം: ഏപ്രിൽ 6, 1973‌). കരിക്കാട്ട് മാരാത്ത് കൃഷ്ണമാരാരുടേയും തൃപ്രങ്ങോട്ട് കിഴക്കേമാരാത്ത് ലക്ഷ്മി മാരസ്യാരുടേയും പുത്രനായാണ് ജനിച്ചത്. കൊല്ലവർഷം 1100-ൽ (1924-25) തൃക്കാവിൽ കിഴക്കേ മാരത്ത് നാരായണിക്കുട്ടി മാരസ്യാരെ വിവാഹം ചെയ്തു. കുലവിദ്യയിലായിരുന്നു ആദ്യ അഭ്യസനം. 1923-ൽ പട്ടാമ്പി സംസ്കൃത കോളേജിൽ നിന്ന് സാഹിത്യശിരോമണി പരീക്ഷ ഒന്നാമനായി വിജയിച്ചു. വിമർശനത്തെ സർഗാത്മക കലയാക്കി മാറ്റിയ ആളാണ്‌ മാരാർ. "കല കലയ്ക്കു വേണ്ടി", "കല ജീവിതത്തിനു വേണ്ടി" എന്ന രണ്ടു വാദമുഖങ്ങളുടെ ഇടയിൽ "കല ജീവിതം തന്നെ" എന്ന വാദം അവതരിപ്പിച്ചു അദ്ദേഹം. വിമർശനം പക്ഷപാതപരമായിരിക്കണം എന്നും പക്ഷപാതപരമല്ലാത്ത വിമർശനം, വിമർശകന്റെ വ്യക്തിത്വം അലിഞ്ഞു ചേരാഞ്ഞതിനാൽ നിർജീവം ആയിരിക്കുമെന്നും മാരാർ വിശ്വസിച്ചു. ഒരു വിധികർത്താവ് എന്നതിലുപരി സ്വന്തം പക്ഷത്തിനു വേണ്ടി വാദിക്കുന അഭിഭാഷകനായിരിക്കണം വിമർശകൻ എന്ന് മാരാർ വാദിച്ചു. ഭാരതീയ സൗന്ദര്യ ശാസ്ത്ര സിദ്ധാന്തങ്ങളിൽ മഹിമഭട്ടന്റെ "അനുമാന"ത്തോട് ആയിരുന്നു അദ്ദേഹത്തിനു പ്രതിപത്തി. ഇത് അദ്ദേഹത്തിന്റെ ഭാരതപര്യടനം എന്ന കൃതിയിൽ ഉടനീളം പ്രകടമാണ്. "മുണ്ടക്കൽ സന്ദേശം ഒരു മുഴുത്ത ചിരി " എന്ന ലേഖനത്തിൽ ഉണ്ണുനീലിസന്ദേശം ഒരു ഹാസ്യ കവനമാണെന്ന് വാദിക്കുന്ന മാരാരും ആശാന്റെ ലീല ഭർത്താവിനെ കൊന്നതാണ് എന്ന് വാദിക്കുന്ന മാരാരും ഒട്ടും വ്യത്യസ്തമല്ല 1938 മുതൽ 1968 വരെ മാതൃഭൂമിയിലെ പ്രൂഫ് വായനക്കാരനായിരുന്നു മാരാർ. അക്കാലത്താണ് മാരാരുടെ പ്രമുഖ സാഹിത്യ പരിശ്രമങ്ങളെല്ലാമുണ്ടായത്. ‘മലയാളശൈലി‘ മുതൽ ‘കലജീവിതം തന്നെ‘ വരെയുള്ള എല്ലാ പ്രധാന നിരൂപണങ്ങളും ഉപന്യാസങ്ങളും ഇക്കാലത്താണ് മാരാർ രചിച്ചത്. മലയാള ശൈലി എന്ന പുസ്തകം എന്താണ് മലയാളം എന്ന് മലയാളിയെ പഠിപ്പിച്ചുവെങ്കിൽ ‘ഭാരതപര്യടനം‘ എന്ന ഇതിഹാസപഠനം മഹാഭാരതത്തെ എപ്രകാരം വായിക്കണമെന്ന് കാട്ടിത്തന്നു. 1953 മുതൽക്കേ കാളിദാസന്റെ കൃതികളുടെ ഗദ്യപരിഭാഷകളും മാരാർ എഴുതുന്നുണ്ടായിരുന്നു. ‘രാജാങ്കണം‘ എന്ന നിരൂപണകൃതി ഏറെ പ്രകീർത്തിക്കപ്പെട്ട പുസ്തകമാണ്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ തിരുവിതാംകൂറിൽ മലയാള സാഹിത്യ രചനയിലേർപ്പെട്ടിരുന്ന അപൂർവ്വം സ്ത്രീകളിലൊരാളായിരുന്നു കുട്ടിക്കുഞ്ഞുതങ്കച്ചി (14 ഫെബ്രുവരി 1820 - 13 ഫെബ്രുവരി 1904). പാർവ്വതീസ്വയംവരം, ശ്രീമതീസ്വയംവരം, മിത്രസഹമോക്ഷം, എന്നിങ്ങനെ മൂന്നു ആട്ടക്കഥകൾ എഴുതി, കൊട്ടാരം കളിയോഗത്തിൽ ഇവ അവതരിപ്പിച്ചിട്ടുണ്ട്. ആട്ടക്കഥകളെക്കാൾ ശ്രദ്ധിക്കപ്പെട്ടത് അവരുടെ മറ്റു രചനകൾ ആണ്. മൂന്നു കിളിപ്പാട്ടുകളും തങ്കച്ചി എഴുതി. മലയാള കുറത്തിപ്പാട്ടുകളിൽ പ്രഥമ സ്ഥാനം തങ്കച്ചി രചിച്ച കിരാതത്തിനാണ്. കുറത്തിപ്പാട്ടുകളിൽ 'ഇരട്ടി' എന്ന വൃത്തഭേദം ഇടകലർത്തി രചന നടത്തിയതും ഇവരായിരുന്നു. ഇരയിമ്മൻ തമ്പിയുടേയും, ഇടക്കോട്ടു കാളിപ്പിള്ളതങ്കച്ചിയുടേയും മകളാണു് ഇവർ. ശരിപേര് ലക്ഷ്മിപ്പിള്ള, ഓമനപ്പേരാണ് കുട്ടിക്കുഞ്ഞ്. സംഗീതം, കാവ്യനാടകാലങ്കാരങ്ങൾ,തർക്കം, വ്യാകരണം എന്നിവ പാരമ്പര്യരീതിയിൽ പഠിച്ച തങ്കച്ചി വിദുഷിയായിത്തീർന്നു. ചേർത്തല വാരനാട്ടുനടുവിലെകോവിലകത്തു കുഞ്ഞൻ തമ്പാനെ വിവാഹം ചെയ്തു. 1851ൽ തമ്പാൻ മരിച്ചു. പിന്നീട് പത്തുവർഷം കഴിഞ്ഞ് 1861ൽ കുഞ്ഞുണ്ണിത്തമ്പാൻ, തങ്കച്ചിയെ വിവാഹം ചെയ്തു. പാൽക്കുളങ്ങര ക്ഷേത്രത്തിലെ ദേവിയെപ്പറ്റി കാംബോജി രാഗത്തിലും, മൂകാംബികയെപ്പറ്റി നാട്ടരാഗത്തിലും, തിരുവട്ടാർ തേവരെപ്പറ്റി കല്യാണി രാഗത്തിലും, നെയ്യാറ്റിൻകര കൃഷ്ണസ്വാമിയെപ്പറ്റി കമാസിലും, ഗുരുവായൂരപ്പനെപ്പറ്റി സുരുട്ടിയിലും ആണ് രചനകൾ. കുട്ടിക്കുഞ്ഞുതങ്കച്ചിയുടെ കിട്ടിയേടത്തോളം കൃതികൾ ഒറ്റ പുസ്തകമായി കേരള സാഹിത്യ അക്കാദമി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളാണ്. 1873 ഏപ്രിൽ 12-ന്‌ ചിറയിൻകീഴ്‌ താലൂക്കിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ ആശാൻ ജനിച്ചത്‌. അച്ഛൻ നാരായണൻ പെരുങ്ങാടി മലയാളത്തിലും തമിഴിലും നിപുണനായിരുന്നു.അമ്മ കാളിയമ്മ തികഞ്ഞൊരു ഈശ്വരഭക്തയായ കുടുംബിനിയായിരുന്നു. ഗോവിന്ദൻ ആശാന്റെ കീഴിൽ യോഗയും താന്ത്രികവും ആഭ്യസിച്ച് വക്കത്തുള്ള ഒരു മുരുകൻ ക്ഷേത്രത്തിൽ കഴിയുമ്പോൾ കുമാരുവിനു കവിത എഴുത്ത് ഒരു കമ്പം ആയി രൂപപ്പെട്ടിരുന്നു.

ആധുനികാനന്തരതലമുറയിലെ ശ്രദ്ധേയനായ മലയാളകവിയാണ് കുരീപ്പുഴ ശ്രീകുമാർ. കൊല്ലം ജില്ലയിലെ കുരീപ്പുഴയിൽ 1955 ഏപ്രിൽ 10-ന്‌ പി.എൻ. ശാസ്ത്രിയുടേയും കെ.കമലമ്മയുടേയും മകനായി ജനിച്ചു. ജാതി-മത വിശ്വാസിയല്ല . ആഫ്രോ ഏഷ്യൻ യങ്ങ് റൈറ്റെഴ്സ് കോൺഫറൻസിൽ ഇന്ത്യയേയും, ദേശീയ കവിസമ്മേളനത്തിൽ മലയാളത്തേയും പ്രതിനിധീകരിച്ചിട്ടുണ്ട് . കൂട്ടുകാരി-കെ.സുഷമകുമാരി, മകൻ-നെസിൻ. കുരീപ്പുഴ ശ്രീകുമാർ നവമാധ്യമമായ ഫേസ്ബുക്കിലൂടെ -ഇന്ന് വായിച്ച കവിത- എന്ന പംക്തിയിലൂടെ ദിവസേന ഓരോ കവികളുടെ, കവിത വായനക്കാർക്കായി പങ്കുവെയ്ക്കുന്നു. ഞായറാഴ്ചകളിൽ മൺമറഞ്ഞ മലയാള കവികളുടെ കവിതകളാണ് പങ്കുവെയ്ക്കുക - ഇന്നും വായിച്ച കവിത- എന്നാണ് ഞായറാഴ്ച പംക്തിക്ക് പേര്. കൂടാതെ തിങ്കളാഴ്ച മറ്റ് ഭാഷയിലെ കവിതകളുടെ മലയാള പരിഭാഷയും പങ്കുവെയ്ക്കുന്നു. സുരേഷ് കുറുമുള്ളൂർ, വിനോദ് വെള്ളായണി, മിനി ഫ്രാൻസിസ്, ടി.കെ ഉണ്ണി, തുടങ്ങി നിരവധി കവികൾ കുരീപ്പുഴയുടെ പാത പിന്തുടർന്ന് ഫേസ്ബുക്കില് നിത്യവും മറ്റു കവികളുടെ കവിതകൾ പങ്കുവെയ്ക്കുന്നവരാണ്. മലയാള കവിതാസ്വാദന രംഗത്ത് കുരീപ്പുഴ ശ്രീകുമാറിന്റെ ഈ പരീക്ഷണം വളരെ അധികം ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്.

പുരോഗമന മലയാളസാഹിത്യത്തിന്റെ വക്താവും പണ്ഡിതനും യുക്തിവാദിയുമായിരുന്നു കുറ്റിപ്പുഴ കൃഷ്ണപ്പിള്ള (1900 ഓഗസ്റ്റ് 1 - 1971 ഫെബ്രുവരി 11). ആലുവ യു.സി. കോളേജിലെ മലയാളം പ്രൊഫസർ, കേരള സർവകലാശാല സെനറ്റംഗം, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ, യുക്തിവാദിസംഘം നേതാവ് എന്നീ നിലകളിൽ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മതത്തെ യുക്തിപൂർവ്വം പഠനവിധേയമാക്കിയ ഇദ്ദേഹം മാർക്സിസത്തോട് അനുഭാവം കാണിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ അവഗാഹമുണ്ടായിരുന്ന ഇദ്ദേഹം കാൾ മാർക്സിന്റെ ദാസ് ക്യാപ്പിറ്റൽ, ലെനിന്റെ തിരഞ്ഞെടുത്ത കൃതികൾ എന്നിവ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതിന് നേതൃത്വം നൽകി. എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ കുറ്റിപ്പുഴയിൽ ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി, കുറുങ്ങാട്ട് വീട്ടിൽ ദേവകി അമ്മ എന്നിവരുടെ മകനായി 1900 ഓഗസ്റ്റ് 1-നാണ് കൃഷ്ണപ്പിള്ള ജനിച്ചത്. അയിരൂർ പ്രൈമറി സ്കൂൾ, ആലുവ സെന്റ് മേരീസ് സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.1922ൽ ആലുവ അദ്വൈതാശ്രമത്തിൽ സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനായി. അവിടെ വച്ച് ശ്രീ നാരായണ ഗുരുവിനെ പരിചയപ്പെട്ടു. 1926-ൽ മദിരാശി സർവകലാശാലയുടെ വിദ്വാൻ പരീക്ഷ വിജയിച്ച ഇദ്ദേഹം ആലുവ യു.സി. കോളേജിൽ മലയാളം അധ്യാപകനായി ജോലി നോക്കി. അവിവാഹിതനായിരുന്നു. 1971 ഫെബ്രുവരി 11-ന് അന്തരിച്ചു.

മലയാളത്തിലെ പ്രമുഖനായ കവിയാണ് കുറ്റിപ്പുറത്ത് കേശവൻ നായർ. വള്ളത്തോൾ കളരിയെന്ന സഹൃദയ സദസ്സിലെ അംഗമായ കവിയായാണ്‌ പൊതുവേ അറിയപ്പെടുന്നതെങ്കിലും കവിതാരചനയിൽ തനതായ ഒരിടം മലയാളകവിതാ ലോകത്ത് അദ്ദേഹം നേടിയെടുത്തിരുന്നു. കേരളത്തിന്റെ പച്ചയായ ഗ്രാമീണജീവിതം വരച്ചുകാട്ടുന്നതായിരുന്നു അദ്ദേഹത്തിന്റെ മിക്ക കവിതകളും. വള്ളത്തോൾ കൊച്ചുണ്ണി മേനോന്റേയും കുറ്റിപ്പുറത്തു മീനാക്ഷി അമ്മയുടേയും പുത്രനായി തിരുവില്വാമലയ്ക്കടുത്തുള്ള കുറ്റിപ്പുറത്തു വീട്ടിൽ 1882- ഓഗസ്റ്റ് 28 ന് (കൊല്ലവർഷം 1058) കേശവൻ നായർ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം ഗുരുകുലത്തിലായിരുന്നു. തൃശൂർ ബോയ്സ് സ്കൂളിൽ ഒരു ഭാഷാദ്ധ്യാപകനായി ജോലി ചെയ്തിട്ടുള്ള അദ്ദേഹം 1921 ൽ എറണാകുളം മഹാരാജാസ് കോളജിലും ഒരു ഭാഷാദ്ധ്യാപകനായി നിയമിതനാകുകയും 17 വർഷക്കാലം അവിടെ ജോലിയിൽ തുടരുകയും ചെയ്തു. പ്രശസ്ത കവി വള്ളത്തോളിന്റെ സഹോദരി അമ്മാളുക്കുട്ടി അമ്മയെ അദ്ദേഹം വിവാഹം ചെയ്തു. നവ്യോപഹാരം, കാവ്യോപഹാരം, അഭിജ്ഞാന ശാകുന്തളം (വിവർത്തനങ്ങൾ), ഓണം കഴിഞ്ഞു (കാവ്യ സമഹാരങ്ങൾ), പ്രപഞ്ചം, സുഭാഷിതങ്ങൾ എന്നിവയാണ്‌ അദ്ദേഹം രചിച്ച പ്രധാന കൃതികൾ. പ്രതിമാനാടകം, അഭിജ്ഞാന ശാകുന്തളം എന്നിവയുടെ വിവർത്തനങ്ങളും അദ്ദേഹം തയ്യാറാക്കിയിരുന്നു. 1959 ജനുവരി 16 ന് അദ്ദേഹം അന്തരിച്ചു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരളത്തിലെ സ്ഥാപകനേതാക്കളിൽ ഒരാളും മാർക്സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്നു കെ. ദാമോദരൻ(ഫെബ്രുവരി 05, 1912 -ജൂലൈ 3, 1976). കേരള മാർക്സ് എന്നാണ്‌ അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. 'പാട്ടബാക്കി' എന്ന നാടകരചനയിലൂടെയും അദ്ദേഹം പ്രശസ്തനായി. കോഴിക്കോട് സാമൂതിരി കോളേജിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ദേശീയപ്രസ്ഥാനങ്ങളോട് ആകർഷിക്കപ്പെട്ടു. നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. കാശിവിദ്യാപീഠത്തിലെ പഠനകാലഘട്ടം മാർക്സിസ്റ്റ് ആശയങ്ങളോട് താൽപര്യം വർദ്ധിപ്പിച്ചു. തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായാണ് കേരളത്തിൽ തിരിച്ചെത്തിയത്. പൊന്നാനി ബീഡിതൊഴിലാളി പണിമുടക്കിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. നവയുഗം വാരികയുടെ പത്രാധിപരായിരുന്നു. പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.യിൽ ഉറച്ചുനിന്നു. ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ചരിത്രം തയ്യാറാക്കാനുള്ള പഠനത്തിനിടെ 1976 ജൂലൈ ന് അന്തരിച്ചു. പദ്മം ജീവിതപങ്കാളിയായിരുന്നു.

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയും, സ്ത്രീസ്വാതന്ത്ര്യവാദിയുമായിരുന്നു കെ.സരസ്വതി അമ്മ. തിരുവനന്തപുരം നഗരത്തിനടുത്തുള്ള കുന്നപ്പുഴ ഗ്രാമത്തിൽ കിഴക്കേവീട്ടിൽ തറവാട്ടിൽ 1919 ഏപ്രിൽ 4-നു സരസ്വതിയമ്മ ജനിച്ചു. അമ്മ: കാർത്യായനിയമ്മ. അച്ഛൻ: പത്മനാഭപിള്ള. 1936-ൽ പാള്ളം ഗേൾസ് ഇംഗ്ലീഷ് സ്കൂളിൽ നിന്നും ഒന്നാം സ്ഥാനത്തോടെ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ചു. തിരുവനന്തപുരം ഗവണ്മെന്റ് വിമൻസ് കോളെജിൽ ഇന്റർമീഡിയറ്റ് പഠനം. ആർട്സ് കോളെജിൽ മലയാളം ഐഛികമായി എടുത്ത് ബി.എ. യ്ക്കു പഠിച്ചു. മലയാളം ബി.ഏ റാങ്കോടെ പാസ്സായി. പി.അനന്തൻപിള്ള, ഡോ.ഗോദവർമ്മ, കോന്നിയൂർ മീനാക്ഷിയമ്മ ,ഇളംകുളം കുഞ്ഞൻപിള്ള എന്നിവർ അദ്ധ്യാപകരായിരുന്നു. കെ.ആർ നാരായണൻ, പി.സി അലക്സാണ്ടർ, ചങ്ങമ്പുഴ, ടി.എൻ.ഗോപിനാഥൻനായർ, കെ.ബാലകൃഷ്ണൻ, രവീന്ദ്രവർമ്മ എന്നിവർ സഹപാഠികൾ.പഠനത്തിൽ സരസ്വതിയമ്മയ്ക്ക് നല്ല കഴിവുണ്ടായിരുന്നിട്ടും, കടുത്ത സാമ്പത്തികബുദ്ധിമുട്ടുകൾ മെച്ചപ്പെട്ട പഠനം മുന്നോട്ട്കൊണ്ടുപോകുന്നതിന് പലപ്പോഴായി അവർക്ക് തടസ്സമുണ്ടാക്കി. അക്കാലത്ത് സന്യാസിയാകാനുള്ള ആഗ്രഹം അവരിൽ ജനിച്ചു. അതിന് സഹായിക്കണമെന്നാവശ്യപ്പെട്ട് ടാഗോറിന് സരസ്വതിയമ്മ കത്തെഴുതി. എന്നാൽ ടാഗോർ ആ ആഗ്രഹം നിരാകരിച്ചുകൊണ്ടു മറുപടി എഴുതി. 1942-ൽ ബി.എ. പൂർത്തിയാക്കി. തുടർന്ന് രണ്ടുവർഷം അദ്ധ്യാപികയായി ജോലിചെയ്തു. 1945-ൽ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിൽ ഉദ്യോഗസ്ഥയായി. ഹൈസ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ സരസ്വതിയമ്മ സാഹിത്യരചന ആരംഭിച്ചു. ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ മാതൃഭൂമിയി വാരികയിൽ സീതാഭവനം എന്ന കഥ പ്രസിദ്ധീകരിക്കപ്പെട്ടു. ശാരി, രാജലക്ഷ്മി എന്നീ കൂട്ടുകാരികളായിരുന്നു പ്രേരണ. ചങ്ങമ്പുഴ വാഴക്കുല എഴുതുന്നതിനു മുമ്പു് സരസ്വതി അമ്മ അവശന്മാരുടേയും ആർത്തന്മാരുടേയും കഥകൾ എഴുതി. പ്രസിദ്ധപ്പെടുത്തിയ ആദ്യരചന ‘സീതാഭവനം’ എന്ന ചെറുകഥയാണ്. വിവാഹം എന്ന സമ്പ്രദായത്തിലെ അപചയങ്ങൾ പലപ്പോഴും പ്രമേയായിരുന്ന കഥകൾ രചിച്ച സരസ്വതിയമ്മ അവിവാഹിതയായിരുന്നു. 1944 ൽ ആദ്യ പുസ്തകം പ്രേമഭാജനം പുറത്തിറങ്ങി. ഇതോടെ അവർക്കെതിരെ വ്യക്തിപരമായ പല അപവാദങ്ങളും ഉയർന്നു. കുടുംബാന്തരീക്ഷം കലുഷമായി. സഹോദരീ പുത്രൻ സുകു അവർക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. സുകുവുമായുള്ള ബന്ധത്തിൽ വിള്ളലുകളുണ്ടായി. അവധിക്കാലത്ത് വീട്ടിൽ താമസിക്കാനാവാതെ മദ്രാസിലും മറ്റും പോയി താമസിച്ചു. വീട്ടിലെ സംഘർഷം എഴുത്ത് ജീവിതത്തേയും ബാധിച്ചു. ഒപ്പമുണ്ടായിരുന്ന സുകു മാറി താമസിച്ചു. പോലീസ് സർവീസിലായിരുന്ന സുകു ജോലി ആവശ്യത്തിനായി താമസം കോട്ടയത്തേക്കും മാറ്റി. സരസ്വതിയമ്മ ജോലി മാറ്റമായി തൃശൂരിലേക്ക് പോയി. എന്നാൽ 1961 ഏപ്രിൽ 9ന് സുകു മരണമടഞ്ഞു. സുകുവിന്റെ അപമൃത്യു സരസ്വതിയമ്മയ്ക്കു വലിയ ആഘാതമായി. 1963 ഒക്ടോ്ബർ 26ന അമ്മയും മരിച്ചു. മകന്റെ മരണത്തിൽ സമനില തെറ്റിയ മൂത്തസഹോദരി സരസ്വതിയമ്മയ്‌ക്കെതിരെ മേലുദ്യോഗസ്ഥർക്ക് പരാതി അയയ്ക്കുകയും ചെയ്തു. മൂത്തസഹോദരി സരസ്വതിയമ്മ എഴുതിയ കഥകളും മറ്റും അടിച്ചുവന്ന മാസികകൾ കൂട്ടിയിട്ട് അതിൽ മണ്ണെണ്ണയൊഴിച്ച് തീയിട്ട് 1967 ഏപ്രിൽ 25ന് ആത്മഹത്യയും ചെയ്തു. 1942 മുതൽ 1958 വരെയുള്ള കാലത്താണ് സരസ്വതിയമ്മ സജീവമായി സാഹിത്യരചനയിൽ ഏർപ്പെട്ടത്. കുടുംബബന്ധങ്ങളിലെ കാലുഷ്യവും വ്യക്തിപരമായ ദുരന്തങ്ങളും കാരണം, പിന്നീടവർ കാര്യമായിട്ട് ഒന്നുമെഴുതിയില്ല. സർവ്വീസിൽ നിന്ന് 1973 ഫെബ്രുവരിയിൽ സ്വയം വിരമിച്ചു. തനിച്ചായതിന്റെ തിക്ത വേദന അവരെ മഥിച്ചു. ദൈവത്തോട് തന്നെ രക്ഷിക്കണേയെന്ന അഭ്യർഥന മാത്രമായി പിന്നീടെഴുതിയ ഡയറിക്കുറിപ്പുകളിൽ മുഴുവൻ. രോഗപീഡകളിലേക്ക് മൂക്കുകുത്തിവീണ സരസ്വതിയമ്മ പ്രമേഹവും രക്തസമ്മർദ്ദവും വർധിച്ചതിനെ തുടർന്ന് 1975 ഡിസംബർ 26ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു.

മലയാളത്തിലെ ഒരു ഉത്തരാധുനിക കവിയാണ് കെ.ആർ. ടോണി. മികച്ച കവിതക്കുള്ള 2013-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1964-ൽ ജനിച്ചു. തൃശൂർ സെന്റ്‌ തോമസ്‌ കോളേജിൽനിന്ന്‌ 1984-ൽ ബോട്ടണിയിൽ ബിരുദമെടുത്തു. ശ്രീ. കേരളവർമ്മ കോളേജിൽനിന്ന്‌ എം.എ.(മലയാള ഭാഷയും സാഹിത്യവും) റാങ്കോടെ പാസ്സായതിനു ശേഷം 1988-ൽ മദ്രാസ്‌ യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ എം.ഫിൽ ബിരുദം നേടി

മലയാള സാഹിത്യത്തിലെ ഒരു എഴുത്തുകാരിയാണ്‌ കെ.ആർ . മീര. ആവേ മരിയ എന്ന ചെറുകഥക്ക് 2009-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, ആരാച്ചാർ എന്ന നോവലിനു 2013-ലെ ഓടക്കുഴൽ പുരസ്കാരം , 2014-ലെ വയലാർ പുരസ്കാരം, 2013-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം,2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 1970 ഫെബ്രുവരി 19 ന്‌ കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ ജനിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം. 1993 മുതൽ ‍ മലയാള മനോരമയിൽ പത്രപ്രവർത്തകയായി ജോലിയിൽ പ്രവേശിച്ചു .പിന്നീട് മനോരമയിൽ നിന്നും രാജിവച്ചു ഇപ്പോൾ സ്വതന്ത്ര പത്രപ്രവർത്തകയും മുഴുവൻ സമയ എഴുത്തുകാരിയും . ആരാച്ചാർ എന്ന ഇവരുടെ നോവൽ മാധ്യമം വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു

മലയാളത്തിലെ ഒരു പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായിരുന്നു ഡോ.കെ.എം. തരകൻ (1930 ഒക്ടോബർ 6 - 2003 ജൂലൈ 15). 1975-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മഹാകവി പുത്തൻകാവ് മാത്തൻ തരകന്റെയും മറിയാമ്മ തരകന്റെയും മകനായി 1930-ൽ പുത്തൻകാവിൽ ജനിച്ചു. 1946-ൽ ചെങ്ങന്നൂർ ഇംഗ്ലീഷ് ഹൈസ്കൂളിൽ നിന്നും ഇ.എസ്.എസ്.എൽ.സി പരീക്ഷ പാസായി. 1952-ൽ ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ ബിരുദം നേടി. 1952 മുതൽ 1959 വരെ എറണാകുളം സെന്റ്.ആൽബർട്ട് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അദ്ധ്യാപകനായും 1959 മുതൽ 1979 വരെ കോതമംഗലം മാർ അത്താനേഷ്യസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം മേധാവിയുമായി പ്രവർത്തിച്ചിരുന്നു. ഇതിനിടെ 1971-ൽ അമേരിക്കയിലെ പിറ്റ്സ്‌ബർഗ് തിയോളജിക്കൽ കോളേജിൽ വേദശാസ്ത്രം, സംസ്കാരം എന്നിവയിൽ ഉപരിപഠനം നടത്തി. 1979 മുതൽ 1988 വരെ മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെയും ഭാഷാപോഷിണിയുടെയും പത്രാധിപരായിരുന്നു. 1991-ൽ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡണ്ടായി. 2003 ജൂലൈ 15-ന് 73-ആം വയസ്സിൽ തിരുവല്ലയിലെ മെഡിക്കൽ മിഷൻ ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.

ഭാഷാശാസ്ത്രജ്ഞൻ, ഭാഷാ-സാഹിത്യ ഗവേഷകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ്‌ ഡോ.കെ. എം. പ്രഭാകരവാരിയർ.(17 ഡിസംബർ 1933 - 10 ജനുവരി 2010). 1933 ഡിസംബർ 17-ന് മലപ്പുറം ജില്ലയിലെ വട്ടംകുളത്ത് സി ശങ്കരവാരിയരുടെയും കെ എം ലക്ഷ്മിക്കുട്ടി വാരസ്യാരുടേയും മകനായി ജനിച്ചു . മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് ബി എ ഓണേഴ്സ്(1955) പാസായി. മദ്രാസ് സർവകലാശാലയിൽനിന്ന് എം.ലിറ്റ്(1961), അണ്ണാമലൈ സർവകലാശാലയിൽനിന്ന് ഭാഷാശാസ്ത്രത്തിൽ ഡിപ്ലോമ(1969), പി.എച്ച്.ഡി (1979) ബിരുദങ്ങൾ നേടി . ‘വ്യാക്ഷേപകങ്ങളെക്കുറിച്ചൊരു പഠനം - മലയാളത്തെ മുൻനിർത്തി‘ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. എഡിൻബറോ സർവകലാശാലയിൽനിന്നാണ്‌ ഭാഷാശാസ്ത്രത്തിൽ ബിരുദാനന്തരപഠനം(1972-73) നടത്തിയത്. അണ്ണാമല സർവകലാശാലാ ഭാഷാശാസ്ത്രവിഭാഗത്തിൽ ലക്ചറർ(1961-76) മദ്രാസ് സർവകലാശാല മലയാള വിഭാഗത്തിൽ റീഡർ (1976-79),പ്രൊഫസർ,വകുപ്പ് മേധാവി (1979-94)എന്നീ നിലകളിൽ പ്രവർത്തിച്ചു. വിവിധ സർവകലാശാലകളുടെ വിദഗ്ദ്ധസമിതികളിലും യു.ജി.സി., യു.പി.എസ്.സി.എന്നീ അഖിലേന്ത്യാ സമിതികളിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. അവസാനകാലത്ത് മദ്രാസ് സർ‌വ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസറായിരുന്നു. രാമു കാര്യാട്ടിന്റെ 'മുടിയനായ പുത്രൻ‍‘ എന്ന ചിത്രത്തിൽ സഹ സംവിധായകനായി പ്രവർത്തിച്ച അദ്ദേഹം എട്ടു വർഷത്തോളം മദ്രാസ് ഫിലിം സെൻസർ ബോർഡ് ഉപദേശക സമിതിയിൽ അംഗമായിരുന്നു. ഭാര്യ: കെ. ഇന്ദിര;മക്കൾ: ബാബുരാജ്, ജയകാന്ത്. 76-ആം വയസ്സിൽ 2010 ജനുവരി 10-ന്‌ വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ചെന്നൈയിലെ തിരുവാണ്മിയൂർ തിരുവള്ളൂർ നഗറിലെ സ്വവസതിക്കു സമീപമുള്ള ആശുപത്രിയിൽവെച്ച് അന്തരിച്ചു.

പ്രശസ്തനായ നോവലിസ്റ്റും ഹാസ സാഹിത്യകാരനുമാണ്‌ കെ.എൽ. മോഹനവർമ്മ. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുള്ള മോഹനവർമ്മ വീക്ഷണം പത്രത്തിന്റെ മുഖ്യ പത്രാധിപരായിരുന്നു. നിരവധി നോവലുകൾ എഴുതിയിട്ടുള്ള മോഹനവർമ്മയുടെ ഓഹരി, ക്രിക്കറ്റ്,സ്റ്റോക്ക് എക്സ്ചേഞ്ച് തുടങ്ങിയ നോവലുകൾ‍ ശ്രദ്ധിക്കപ്പെട്ടവയാണ്. കേന്ദ്രസർക്കാർ ഉദ്യോഗത്തിൽ നിന്ന് സ്വയംവിരമിച്ച അദ്ദേഹം. ഒന്നരവർഷം സാഹിത്യ അക്കാദമി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ മുഴുസമയം എഴുത്തിനായി വിനിയോഗിക്കുന്നു. 1936 ൽ ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ജനിച്ചു. വളർന്നതും പഠിച്ചതും ചെന്നിത്തലയിലായിരുന്നു. പിതാവ് പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായിരുന്ന എം.ആർ. കേരളവർമ്മ. തിരുവനന്തപുരത്തും ആലപ്പുഴയിലും കലാലയ വിദ്യാഭ്യാസം.അക്കൗണ്ട്സിലും മാനേജ്മെന്റിലും ബിരുദങ്ങൾ. പൈക്കോ പബ്ലിക്കേഷൻസിന്റെ ചീഫ് എഡിറ്ററായും കുവൈറ്റിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ട്സ് മാനേജരായും ജോലിചെയ്തു.രണ്ടു തിരക്കഥകളും കുട്ടികൾക്കായുള്ള ഒരു സിനിമയും ചെയ്തു. ഇംഗ്ലീഷിലും എഴുതാറുള്ള മോഹനവർമ്മയുടെ താത്പര്യവിഷയങ്ങൾ കായികവിനോദങ്ങളും ചരിത്രവുമാണ്‌. ഓഹരി എന്ന നോവലിന്‌ സാഹിത്യ അക്കാദമി അവാർഡ് നേടി. ഭാര്യ രാധാവർമ്മ. മക്കൾ: സുഭാഷ്, കവിത.

കേരളത്തിലെ ഒരു കവിയായിരുന്നു കെ.കെ. രാജ. (മാർച്ച് 28 1893 – ഏപ്രിൽ 6 1968). മലനാട്ടിൽ എന്ന കൃതിക്കു 1960 ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്​കാരം ലഭിച്ചു. തലപ്പിള്ളി സ്വരൂപത്തിന്റെ ശാഖയായ കുമാരപുരത്ത് ജനിച്ചു. മുഴുവൻ പേര് കുഞ്ചു. അച്ഛൻ മേലേടത്ത് നമ്പോതൻ നമ്പൂതിരി അമ്മ കുഞ്ചുകുട്ടി തമ്പുരാട്ടി. ചെറുപ്രായത്തിലേ അമ്മ മരിച്ചതിനാൽ മുത്തശ്ശിയാണ് അദ്ദേഹത്തെ വളർത്തിയത്. തൃശ്ശൂരും കുന്നംകുളത്തുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അക്കാലത്ത് തമ്പുരാന്റെ ഗൃഹത്തിൽ ഇടയ്ക്കിടയ്ക്ക് എത്താറുണ്ടായിരുന്ന കുഞ്ഞിക്കുട്ടൻ തമ്പുരാൻ കവിതകൾ തിരുത്തി നൽകുമായിരുന്നു. വിദ്വാൻ പരീക്ഷ ജയിച്ചതിനെത്തുടർന്ന് എറണാകുളം സർക്കാർ ഗേൾസ് ഹൈസ്കൂളിലും ഇരിഞ്ഞാലക്കുട സ്കൂളിലും അദ്ധ്യാപകനായി. സാഹിത്യ പരിഷത്തിന്റെ രണ്ടാം സമ്മേളനത്തിന്റെ സംഘാടകനായി. ജോലി ഉപേക്ഷിച്ചു നാടു വിട്ടു അലഞ്ഞു നടന്നു. തൃശ്ശൂർ സെന്റ് തോമസ് സ്കൂളിൽ അദ്ധ്യാപകനായി.

പ്രമുഖ മലയാള കവിയാണ് കെ.ജി. ശങ്കരപ്പിള്ള (1948 -). 1970-കളിൽ 'ബംഗാൾ' എന്ന കവിതയിലൂടെ ശ്രദ്ധേയനായി. എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ ആയിരുന്നു. "കെ.ജി. ശങ്കരപ്പിള്ളയുടെ ‍കവിതകൾ"ക്കു 2002-ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. ആധുനിക കവിതയുടെ പ്രമുഖ പ്രയോക്താക്കളിൽ ഒരാളായി അറിയപ്പെടുന്നു. 1947ൽ കൊല്ലം ജില്ലയിലെ ചവറയിൽ ജനനം. കൊല്ലം എസ്.എൻ. കോളേജിൽ പഠനം. 1971 മുതൽ കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ മലയാളവിഭാഗം അദ്ധ്യാപകനായി പ്രവർത്തിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ പ്രിൻസിപ്പൽ ആയി വിരമിച്ചു. പ്രസക്തി, സമകാലീന കവിത തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ ആയിരുന്നു.

ഒരു പ്രമുഖ മലയാള സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമാണ് കെ.ജെ. ബേബി. കണ്ണൂർ ജില്ലയിലെ മാവിലായിയിൽ 1954 ഫെബ്രുവരി 27ന്‌ ജനിച്ചു. 1973-ൽ കുടുംബം വയനാട്ടിൽ കുടിയേറിപ്പാർത്തു. വയനാട്ടിൽ നടവയലിൽ ചിങ്ങോട് ആദിവാസി കുട്ടികൾക്കായി, 1994 ൽ കനവ് എന്ന ബദൽ വിദ്യാകേന്ദ്രം ആരംഭിച്ചു. വയനാട്ടിലെ ആദിവാസി കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനും, സ്വയം പര്യാപ്തമാകുന്നതിനും വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. 2006ൽ ബേബി കനവിന്റെ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുകയും അവിടെ പഠിച്ച മുതിർന്ന കുട്ടി കളെ ചുമതല ഏൽപ്പിക്കുകയും ചെയ് തു. കനവിൽ പഠിച്ച 24 പേർ അംഗങ്ങളായ ട്രസ്റ്റാണ് ഇപ്പോൾ സ്ഥാപനത്തിൻറെ പ്രവർത്തനങ്ങൾ നട ത്തുന്നത്. അടിയന്തരാവസ്ഥക്കാലത്ത് സാംസ്കാരിക വേദി പ്രവർത്തകനായിരുന്ന ബേബി തന്റെ നാടുഗദ്ദിക എന്ന നാടകവുമായി കേരളമെമ്പാടും സഞ്ചരിച്ചു. വയനാട് സാംസ്കാരികവേദി എന്ന സംഘടനയാണ് 18 കലാകാരന്മാരെ അണിനിരത്തി ഇത് കേരളത്തിലുടനീളം അവതരിപ്പിച്ചത്. കോഴിക്കോട് മുതലക്കുളത്തുവച്ച് സംഘാടകരെ 1981 മേയ് 22-ന് അറസ്റ്റുചെയ്തു. ആദ്യസംരംഭം തടയപ്പെട്ടുവെങ്കിലും പിന്നീട് ഒരു വ്യാഴവട്ടക്കാലത്തിനുശേഷം മഞ്ഞുമലൈ മക്കൾ എന്ന അവതരണസംഘത്തിലൂടെ ബേബിയുടെ നേതൃത്വത്തിൽ നിരവധി പുനരവതരണങ്ങൾ നടന്നു. മാവേലി മൻറം എന്ന നോവലിലൂടെ കേരള സാഹിത്യ അക്കാദമി അവാർഡും മുട്ടത്തുവർക്കി അവാർഡും ബേബിക്ക് ലഭിച്ചു. ഭാര്യ: ഷേർളി, രണ്ടു മക്കൾ.

നാടകകൃത്ത്, സിനിമ സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയായിരുന്നു കളത്തിങ്കൽ തൊടിയിൽ മുഹമ്മദ് എന്നകെ.ടി. മുഹമ്മദ് (1927-2008). 1927 സെപ്റ്റംബർ 29- മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ജനനം.കളത്തിങ്കൽ തൊടിയിൽ കുഞ്ഞാമയാണ് പിതാവ്, മാതാവ് ഫാത്തിമ കുട്ടി.സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തപാൽ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. നടി സീനത്തിനെ വിവാഹം ചെയ്തെങ്കിലും വേർപിരിഞ്ഞു.ജിതിൻ ഏക മകനാണ്. 2008 മാർച്ച് 25 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു .,40 ൽ അധികം നാടകങ്ങളൂടെ രചയിതാവും സംവിധായകനുമായ കെ.ടി 20 ചലച്ചിത്രങ്ങൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.

മലയാളസാഹിത്യത്തിൽ എഴുപതുകളിലുണ്ടായ ആധുനികതാപ്രസ്ഥാനത്തിന് ദിശാബോധം നൽകുകയും ഭാവുകത്വ പരിണാമത്തിന് സൈദ്ധാന്തിക ഭൂമിക ഒരുക്കുകുകയും ചെയ്ത നിരൂപകനാണ് കെ.പി. അപ്പൻ (ഓഗസ്റ്റ് 25, 1936 - ഡിസംബർ 15, 2008). വ്യത്യസ്‌തമായ ശൈലിയിലൂടെ ഇദ്ദേഹം മലയാള സാഹിത്യനിരൂപണത്തിൽ ശ്രദ്ധേയനായി. 1972-ൽ പ്രസിദ്ധീകരിച്ച ആദ്യകൃതിയായ "ക്ഷോഭിക്കുന്നവരുടെ സുവിശേഷം" എന്ന ലേഖന സമാഹാരത്തോടെയാണ് അപ്പൻ മലയാളത്തിലെ സാഹിത്യനിരൂപകന്മാരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. അതിലെ ഒൻപതു ലേഖനങ്ങളിൽ ആദ്യത്തെ നാലെണ്ണം കഫ്ക, കമ്യൂ, യൊനെസ്കോ, ഷെനേ എന്നീ ആധുനിക പാശ്ചാത്യസാഹിത്യകാരന്മാരെക്കുറിച്ചായിരുന്നു. തുടർന്നുവന്ന മൂന്നു ലേഖനങ്ങൾ ആധുനിക സാഹിത്യത്തിന്റെ പ്രചോദനങ്ങളെയും അതിലെ പ്രവണതകളെയും കുറിച്ചും ഒടുവിലത്തെ രണ്ടെണ്ണം ആധുനിക വിമർശനത്തെക്കുറിച്ചുമായിരുന്നു. പാശ്ചാത്യസാഹിത്യസിദ്ധാന്തങ്ങളിൽ ആഴത്തിൽ അറിവുണ്ടായിരുന്ന അപ്പന്റെ ഗദ്യശൈലിയെ രൂപപ്പെടുത്തിയ സ്വാധീനങ്ങളിലൊന്ന് ബൈബിളായിരുന്നു. ഇതിന്റെ പേരിൽ, "ക്രിസ്തീയബിംബങ്ങളുടെ തടവുകാരൻ" (A prisoner of Christian Images) എന്ന് കഥാകൃത്തായ ജി.എൻ. പണിക്കർ അദ്ദേഹത്തെ വിമർശിച്ചിട്ടും ഉണ്ട്. "ബൈബിൾ - വെളിച്ചത്തിന്റെ കവചം" എന്ന ഏറെ ശ്രദ്ധിക്കപ്പെട്ട കൃതിയിൽ ബൈബിളിനോടുള്ള തന്റെ കടപ്പാട് അപ്പൻ ഏറ്റു പറയുന്നുണ്ട്. ഈ കൃതി 'ലാ ബിബ്ള് ലേസാർമ ദെലാ ലുമിയേർ ' എന്ന പേരിൽ ഫ്രഞ്ച് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. അപ്പന്റെ പിൽക്കാലരചനകളിലൊന്നായ "മധുരം നിന്റെ ജീവിതം" യേശുവിന്റെ അമ്മയായ മറിയത്തെക്കുറിച്ചാണ്. മലയാളത്തിലെ ആദ്യത്തെ മേരിവിജ്ഞാനീയഗ്രന്ഥം (Mariology) എന്ന് ഈ പുസ്തകം വിശേഷിക്കപ്പെട്ടിട്ടുണ്ട്. ഈ കൃതിയുടെ പേരിൽ അപ്പന് മരണശേഷം കേന്ദ്രസാഹിത്യ അക്കാഡമിയുടെ പുരസ്കാരം ലഭിച്ചു.

കെ.പി. കേശവമേനോൻ (സെപ്റ്റംബർ 1, 1886 - നവംബർ 9, 1978) പ്രമുഖ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു. അറിയപ്പെടുന്ന ഗാന്ധിയനായിരുന്ന കേശവമേനോൻ സത്യാഗ്രഹത്തിന്റെയും നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും കേരളത്തിലെ വക്താവായിരുന്നു. അക്ഷരങ്ങളെ സ്നേഹിക്കുകയും അവയെ സമരത്തിന്റെ പടവാളാക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്ത ഇദ്ദേഹമാണ്‌ മലയാളത്തിലെ പ്രമുഖ ദിനപത്രമായ മാതൃഭൂമി സ്ഥാപിച്ചത്. തന്റെ യാത്രകളെയും അനുഭവങ്ങളെയും കടലാസിലേക്കു പകർത്തിയ കേശവമേനോൻ മികച്ചൊരു എഴുത്തുകാരൻ കൂടിയായിരുന്നു. ഇതിൽ യാത്രാവിവരണമായ് ബിലാത്തി വിശേഷം, ആത്മകഥയായ കഴിഞ്ഞ കാലം' എന്നിവ മലയാള സാഹിത്യത്തിൽ സവിശേഷ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. നാം മുന്നോട്ട് എന്ന അഞ്ചു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകവും ശ്രദ്ധയർഹിക്കുന്നതാണ്‌.

ശ്രദ്ധേയനായ ഒരു മലയാള ചെറുകഥാകൃത്താണ് കെ.പി. നിർമൽ കുമാർ. 1947-ൽ ജനിച്ചു. ബി.കോം. പാസ്സായശേഷം ബാങ്കിൽ ജോലി സ്വീകരിച്ചു. ബറോഡാ ബാങ്കിന്റെ കാഞ്ഞിരപ്പള്ളി ശാഖയിൽ ഉദ്യോഗസ്ഥനായിരുന്നു ഏറെക്കാലം. ആധുനിക ജീവിതത്തിലെ സങ്കീർണതയും പുതിയ സംസ്കൃതിയിൽ നഷ്ടപ്പെടുന്ന ജീവിതത്തനിമയും ചിത്രീകരിക്കുന്ന നിരവധി കഥകൾ നിർമൽ കുമാർ രചിച്ചിട്ടുണ്ട്. ചേലക്കരയുടെ അതീതസ്വപ്നങ്ങൾ, ജലം, ഒരു സംഘം അഭയാർഥികൾ, കൃഷ്ണഗന്ധകജ്വാലകൾ എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങൾ. സമ്മർ ഇൻ കൽക്കത്ത എന്ന ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. നിശിതവും സംക്ഷിപ്തവുമാണ് നിർമൽ കുമാറിന്റെ ആദ്യകാല കഥകളിൽ അധികവും. ഒന്നിലേറെ ഭാഗങ്ങളുള്ള ചില നീണ്ടകഥകളും എഴുതിയിട്ടുണ്ട്. ആമുഖപരാമർശങ്ങളോ വർണനകളോ കൂടാതെ നേരിട്ട് ക്രിയാഘടനയിലേക്ക് കടക്കുന്ന ഒരു നൂതന ശൈലിയാണ് ഇദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. കൽക്കത്തയുടെ യാന്ത്രികവും പിരിമുറുക്കം നിറഞ്ഞതുമായ അന്തരീക്ഷം പല കഥകളിലും കാണാം. എന്നാൽ ആ അന്തരീക്ഷത്തിലേക്ക് ചേലക്കരയുടെ ഗ്രാമീണഭാവങ്ങൾ ഇടയ്ക്കിടയ്ക്ക് കടന്നുവരുന്നുമുണ്ട്.

ഒരു മലയാള സാഹിത്യ നിരൂപകനും, അദ്ധ്യാപകനുമാണ്‌ കെ.പി. മോഹനൻ. 2007-ൽ നിരൂപണത്തിനുള്ള കേരള സാഹിത്യഅക്കാദമി പുരസ്കാരവും, അബുദാബി ശക്തി അവാർഡും നേടി. ദേശാഭിമാനി വാരിക പത്രാധിപരായി പ്രവർത്തിക്കുന്നു. അച്ഛൻചെറുകാട് അമ്മ ലക്ഷ്മി പിഷാരസ്യാർ

മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്‌ കെ.പി. രാമനുണ്ണി (ജനനം: 1955). വിധാതാവിന്റെ ചിരിയാണ് ആദ്യ കഥാസമാഹാരം, സൂഫി പറഞ്ഞ കഥ ആദ്യനോവലും. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുള്ള സൂഫി പറഞ്ഞ കഥ ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, തമിഴ്, കന്നഡ, അറബി,തെലുങ്ക്, ‎കൊങ്കണി, ബംഗാളി എന്നിങ്ങനെ ഒമ്പത് ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രമുഖ സം‌വിധായകൻ പ്രിയനന്ദനൻ ഈ കഥയുടെ ചലച്ചിത്രാവിഷ്കാരം ഇതേ പേരിൽ നിർവഹിക്കുകയുണ്ടായി. കാഞ്ഞങ്ങാടിന് സമീപമുള്ള ഒരു മുക്കവ ജനതയുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച ജീവിതത്തിന്റെ പുസ്തകം എന്ന നോവലിന് 2011-ലെ വയലാർ പുരസ്കാരം ലഭിച്ചു. രണ്ടാമത്തെ നോവലായ ചരമവാർഷികം ِഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ‎‎പ്രസ്സ് ഡെത്ത് ആനുവേഴ്സറി എന്ന പേരിൽ ഇംഗ്ലീഷിൽ പുറത്തിറക്കി. ഭാര്യ:രാജി. മകൾ:ശ്രീദേവി. ഭാര്യ രാജി വടകര രായോരത്ത് തറവാട്ടിലെ അംഗമാണ്. മകൾ ശ്രീദേവിയും മരുമകൻ ശ്രീജിത്തും ‎സിംഗപ്പൂരിൽ എൻജിനീയർമാരായി ജോലി ചെയ്യുന്നു.

ഒരു മലയാള സാഹിത്യവിമർശകനും, അദ്ധ്യാപകനുമാണ്‌ കെ.പി. ശങ്കരൻ (ജനനം : 15 മേയ് 1939). അദ്ധ്യാപകൻ, സാഹിത്യനിരൂപകൻ, എന്നീ നിലകളിൽ പ്രസിദ്ധൻ. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ പെങ്കുളത്തു ജനിച്ചു. മൈസൂർ റീജിയണൽ കോളേജിൽ മലയാള വിഭാഗം റീഡറായിരുന്നു. കേരള സാഹിത്യ അക്കാഡമി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

മലയാളകഥാകൃത്തും നോവലിസ്റ്റുമാണ് കെ.പി. സുധീര. ഇവരുടെ കൃതികൾ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കെ.സി. പത്മനാഭാന്റെയും ശാരദയുടെയും മകളായി കോഴിക്കോട് പുതിയറയിലാണ് സുധീര ജനിച്ചത്. കോഴിക്കോട് ബി ഇ എം ഗേൾസ്‌ ഹൈസ്കൂൾ, ഗവ. ആർട്സ് & സയൻസ് കോളേജ്, പ്രോവിഡൻസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തി. ജന്തുശാസ്ത്രത്തിൽ ബിരുദം. ഇപ്പോൾ കേരളാ ഗ്രാമീണബാങ്കിൽ മാനേജരാണ്. ഭർത്താവ് ടി.എം. രഘുനാഥ്. ആദ്യകഥാസമാഹാരമായ ആകാശചാരികൾക്ക് യുവസാഹിത്യകാരിക്കുള്ള ലളിതാംബിക അന്തർജ്ജനം അവാർഡ് ലഭിച്ചു. രണ്ടുതവണ 'മാതൃഭൂമി ഗൃഹലക്ഷ്മി' അവാർഡ്, ദല അവാർഡ്, 1993 കേസരി ബാലകൃഷ്ണപിള്ള പുരസ്കാരം, 2000 ജിദ്ദ അരങ്ങ് അവാർഡ്, ഉറൂബ് അവാർഡ് എന്നിവ ലഭിച്ചു. 'ഗംഗ' എന്ന നോവൽ ഹിന്ദിയിലേക്കും 'ചോലമരങ്ങളില്ലാത്ത വഴി' തമിഴിലേക്കും വിവർത്തനം ചെയ്യപ്പെട്ടു.

മലയാളത്തിലെ ഒരു എഴുത്തുകാരിയാണ് കെ.ബി. ശ്രീദേവി. ജനനം- 1940-ൽ മലപ്പുറം ജില്ലയിൽ വാണിയമ്പലത്ത് പ്രശസ്ത വൈദികകുടുംബമായ വെള്ളക്കാട്ട് മനയിൽ. പിതാവ് വി.എം.സി. നാരായണൻഭട്ടതിരിപ്പാട്(പഴയ സാമൂഹികപ്രവർത്തകനും വേദപണ്ഡിതനും ആയിരുന്നു. വണ്ടൂർ ഗവ. വി എം സി ഹൈസ്കൂൾ സ്ഥാപിച്ചത് ഇദ്ദേഹമാണ്).അമ്മ കൂടല്ലൂർ മനയിൽ ഗൗരി അന്തർജ്ജനം.ഭർത്താവ് കെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്.മൂന്നു മക്കൾ ഉണ്ണി, നാരായണൻ, ലത.ഇപ്പോൾ എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിൽ താമസിയ്ക്കുന്നു.ആദ്യമായി കഥ എഴുതിയത് പതിമൂന്നാം വയസ്സിലാണ്. ആ കഥ പക്ഷിയുടെ മരണത്തേക്കുറിച്ചുള്ളതായിരുന്നു.

ഒരു മലയാള സാഹിത്യകാരനാണ് കെ.വി. മോഹൻകുമാർ.എട്ട് നോവലുകളും പത്ത് കഥാസമാഹാരവും ഉൾപ്പെടെ 30 പുസ്തകങ്ങൾ രചിച്ചു. 'ഉഷ്‌ണരാശി' എന്ന കൃതിക്ക് 2018-ലെ വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും ഉൾപ്പെടെ ഇരുപതോളം പുരസ്കാരങ്ങൾ ലഭിച്ചു. ആലപ്പുഴ പട്ടണത്തിൽ കെ.വേലായുധൻപിളളയുടെയും ലക്ഷ്‌മിക്കുട്ടി അമ്മയുടെയും മകനായി ജനിച്ചു. എട്ടാം വയസ്സിൽ അച്ഛന്റെ മരണത്തെ തുടർന്ന് അമ്മയുടെ നാടായ ചേർത്തല തെക്ക് ഗ്രാമത്തിലേക്ക് താമസം മാറി. കേരളകൗമുദിയിലും മലയാള മനോരമയിലുമായി 12 വർഷം പത്രപ്രവർത്തകനായിരുന്നു. പിന്നീട് (1993)ഡെപ്യൂട്ടി കലക്‌ടറായി സംസ്‌ഥാന സിവിൽ (എക്‌സിക്യൂട്ടീവ്‌) സർവീസിൽ ചേർന്നു. 2004 ൽ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട്ടും കോഴിക്കോട്ടും കളക്ടറായിരുന്നു. പാലക്കാട്ട് ജില്ലാ കലക്ടറായിരിക്കെ 2011ലെ ദേശീയ സെൻസസ് മികവുറ്റ രീതിയിൽ നടപ്പാക്കിയതിനു വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പ്രശംസാപത്രവും വെള്ളിപ്പതക്കവും ലഭിച്ചു.

ഒരു പ്രമുഖ മലയാള കവിയും അദ്ധ്യാപകനുമാണ് കെ.വി. രാമകൃഷ്ണൻ.കവിതയ്ക്കുള്ള കേരളസാഹിത്യഅക്കാദമി അവാർഡു നേടിയിട്ടുണ്ട്. 1933-ൽ മലപ്പുറം ജില്ലയിലെ ക്ഷേത്രഗ്രാമമായ കാടാമ്പുഴയിൽ ജനിച്ചു. അമ്മ : കെ.വി. പാർവതി വാരസ്യാർ. അച്ഛൻ : എം.രാഘവവാരിയർ. 1954 മുതൽ 1962 വരെ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു പിന്നീട് എറണാകുളം മഹാരാജാസ്‌ കോളേജിൽ ഉപരിപഠനം. 1966-67 ൽ കോതമംഗലം മാർ അത്തനേഷ്യസ്‌ കോളേജിൽ ഇംഗ്ലീഷ്‌ ലക്‌ചറർ. 1988-ൽ ഗുരുവായൂർ ശ്രീകൃഷ്‌ണാ കോളെജിൽ പ്രൊഫസറായിരിക്കെ സ്വമേധയാ വിരമിച്ച്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ അസിസ്‌റ്റന്റ്‌ എഡിറ്ററായി ചേർന്നു.

കവി. മലയാളത്തിലെ ഉത്തരാധുനിക കവിതയുടെ ശക്തനായ വക്താവ്. 1980ൽ സർക്കാർ സർവിസിൽ ജോലിക്ക് കയറിയ ഉമേഷ് ബാബു ദേശീയപാത വിഭാഗത്തിലെ ഡെപ്യൂട്ടി എൻജിനീയറായിരിക്കെ 31 മാർച്ച് 2015ന് വിരമിച്ചു. അടിയന്തരാവസ്ഥകാലത്ത് എസ്.എഫ്.ഐ.യിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ഉമേഷ് ബാബു 19 വർഷം പുരോഗമന കലാസാഹിത്യ സംഘത്തിൻെറ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. സി.പി.എം. പാർട്ടിയംഗമായിരുന്നു. 2007ൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു.

പ്രമുഖനായ മലയാള സാഹിത്യകാരനും സംഗീതജ്ഞനുമായിരുന്നു കെ.സി.കേശവപിള്ള ( 4 ഫെബ്രുവരി. 1868- 4 സെപ്തംബർ. 1913). പരവൂർ. വി. കേശവനാശാനായിരുന്നു ഗുരു. സംസ്കൃത പാഠശാല സ്ഥാപിച്ചു. കൊല്ലം മലയാംപള്ളിക്കൂടം, കൊല്ലം ഇംഗ്ലിഷ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. പ്രാസവാദത്തിൽ കെ.സി. കേശവപിള്ള പ്രമുഖ പങ്കുവഹിച്ചിട്ടുണ്ട്. മലയാളം, സംസ്കൃതം, ഇംഗ്ളീഷ്, തമിഴ് തുടങ്ങി നാലു ഭാഷയിൽ സംഗീതം രചിച്ചു. സംഗീതശാസ്ത്രത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അവഗാഹവും, പ്രായോഗികവൈദഗ്ദ്ധ്യവും മൂലം അദ്ദേഹത്തെ സരസഗായക കവിമണി എന്നു വിളിക്കാറുണ്ട്. പന്ത്രണ്ടാം വയസ്സിൽ രചിച്ച പ്രഹ്ളാദചരിതം എന്ന ആട്ടക്കഥയായിരുന്നു ആദ്യ കൃതി. സംഗീതത്തിലും, സാഹിത്യത്തിലും വാസനയും വൈദഗ്ദ്ധ്യവും ഉണ്ടായിരുന്നു. പില്ക്കാലത്ത്, ഹിരണ്യാസുരവധം, ശൂരപത്മാസുരവധം, ശ്രീകൃഷ്ണവിജയം എന്നിങ്ങനെ മൂന്ന് ആട്ടക്കഥകൾ അദ്ദേഹം എഴുതി. അജാമിളകഥ കിളിപ്പാട്ടായും വിക്രമോർവ്വശീയം, സദാരാമ, രാഘവമാധവം, ലക്ഷ്മീകല്യാണം എന്നിവ സംഗീതനാടകങ്ങളായുമെഴുതി. സംഗീതപ്രവേശിക, സംഗീതമാലിക എന്ന് രണ്ട് കൃതികൾ കർണാടകസംഗീതരീതി അനുസരിച്ചുള്ള കീർത്തനസമാഹാരങ്ങളാണ്. അവയിൽ പലതും അദ്ദേഹം സ്വയം രചിച്ച് ചിട്ടപ്പെടുത്തിയവയാണ്.പ്രശസ്തങ്ങളായ ചില പഴയ കീർത്തനങ്ങൾ ചിട്ടപ്പെടുത്തി. മേല്പത്തൂരിന്റെ നാരായണീയത്തിന് കെ.സി. എഴുതിയ പരിഭാഷയാണ് ഭാഷാനാരായണീയം. ആസന്നമരണ ചിന്താശതകം ആണ് പ്രഖ്യാതമായ കൃതികളിൽ ഒന്ന്. പ്രാസവാദത്തിൽ അദ്ദേഹം സജീവമായി പങ്കെടുത്ത്, പ്രൌഢമായ ആറേഴു ലേഖനങ്ങൾ ഭാഷാപോഷിണിയിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. പ്രാസവാദപശ്ചാത്തലത്തിൽ അദ്ദേഹമെഴുതിയ മഹാകാവ്യമാണ് കേശവീയം . ഏ.ആറിന്റെ ആംഗല സാമ്രാജ്യം, മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തു. ഏ.ആർ. വൃത്തമഞ്ജരി രചിക്കുമ്പോൾ, കെ.സി.യുടെ ഉപദേശം തേടിയിരുന്നു.

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും നിരൂപകനും നാടക കൃത്തുമായിരുന്നു കെ. സുരേന്ദ്രൻ. കൊല്ലം ജില്ലയിലെ ഓച്ചിറയിൽ 1922-ൽ ജനിച്ചു. 1997-ൽ അദ്ദേഹം അന്തരിച്ചു. തപാൽ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

ജനകീയപക്ഷത്തു നിന്ന് കവിതകൾ രചിച്ച സാഹിത്യകാരനായിരുന്നു കെടാമംഗലം പപ്പുക്കുട്ടി. കെടാമംഗലം എന്ന പേരിൽ അറിയപ്പെടുന്ന പപ്പുക്കുട്ടി വടക്കൻ പറവൂരിൽ കെ.യു. രാമന്റേയും വി.കെ. താച്ചിയുടേയും പുത്രനായി ജനിച്ചു. തിരുവന്തപുരം ലോ കോളേജിൽ നിന്നു നിയമബിരുദം നേടിയതിനു ശേഷം പറവൂർ കോടതിയിൽ വക്കീലായി പ്രാക്റ്റീസ്‌ ആരംഭിച്ചു. രാഷ്ട്രീയ, തൊഴിലാളിസംഘടനാപ്രവർത്തകനുമായിരുന്നു.

മലയാളഭാഷയിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനുമായിരുന്നു കേരളകാളിദാസൻ എന്ന അപരനാമധേയത്തിൽ അറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാൻ. (ജനനം - 1845 ഫെബ്രുവരി 19, മരണം - 1914 സെപ്റ്റംബർ 22). കേരളത്തിലെ ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിലാണ് അദ്ദേഹം ജനിച്ചത്. തിരുവിതാംകൂറിന്റെ മാതൃസ്ഥാനമായി കരുതിയിരുന്ന ആറ്റിങ്ങൽ മഹാറാണി ഭരണി തിരുനാൾ ലക്ഷ്മി ബായിയെ 1859-ൽ വിവാഹം ചെയ്യുകയും വലിയ കോയിത്തമ്പുരാനാവുകയും ചെയ്തു. വളരെക്കാലം തിരുവിതാംകൂറിലെ പാഠപുസ്തകസമിതിയുടെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം. ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിലെ പൂരം തിരുനാൾ ദേവി അംബ തമ്പുരാട്ടിയുടെയും ചെറിയൂർ മുല്ലപ്പള്ളി നാരയണൻ നമ്പൂതിരിയുടെയും പുത്രനായി 19 ഫെബ്രുവരി 1845(കൊല്ലവർഷം 1020 കുംഭം 10 -ന് ജനിച്ചു ) -ൽ പൂയം നക്ഷത്രത്തിൽ ജാതനായി.അദ്ദേഹത്തിന്റെ മൂലകുടുംബം പരപ്പനാട്ടു രാജകുടുംബമാണ് .1788-ൽ മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താന്റെ മലബാർ പടയോട്ട കാലത്ത് രാജകുടുംബം തിരുവിതാംകൂറിലേക്ക് പാലായനം ചെയ്യുകയും കാർത്തികതിരുനാൾ മഹാരാജാവിന്റെ ആശ്രയത്വത്തിൽ ചങ്ങാനാശേരി നീരാഴി കൊട്ടാരത്തിൽ താമസമാവുകയും ചെയ്തു. പരപ്പനാടുനിന്നും വന്നുചേർന്ന തമ്പുരാട്ടിമാരിൽ ഒടുവിലത്തെ തമ്പുരാട്ടിയുടെ മകനായ രാജരാജ വർമ തമ്പുരാൻ വഞ്ചി കുടുംബത്തിലെ (തിരുവിതാംകൂർ രാജകുടുംബത്തിലേക്ക് മാവേലിക്കരയിൽ നിന്നും ദത്തെടുത്ത രണ്ടു സഹോദരിമാരിൽ മൂത്തവരായ റാണി ലക്ഷ്മീഭായി) ലക്ഷ്മിഭായി തിരുമനസ്സിനെ വിവാഹം കഴിച്ചു .അതുമൂലമാണ് കേരളവർമ്മ" വലിയ കോയിതമ്പുരാൻ" ആയത്. സ്വാതി തിരുനാൾ മഹാരാജാവിന്റെ പിതാവായ രാജ രാജ വർമ്മ വലിയ കോയിത്തമ്പുരാൻ കേരളവർമ്മ വലിയകോയി തമ്പുരാന്റെ അമ്മയുടെ അമ്മാവനായിരുന്നു. പഠനത്തിലും വിനോദത്തിലും ഒരുപോലെ മികവു കാണിച്ചിരുന്ന തമ്പുരാൻ നാടകങ്ങൾ, കാവ്യങ്ങൾ, ചമ്പുക്കൾ, സിദ്ധാന്തകൗമുദി ചിത്രമീമാംസ, ശാസ്ത്രഗ്രന്ഥങ്ങൾ തുടങ്ങിയവ പരിശീലിച്ചു .മാവേലിക്കര കൊട്ടാരത്തിൽ നിന്നും ദത്തെടുത്ത രണ്ടു സഹോദരിമാരിൽ ആറ്റിങ്ങൽ മൂത്തതമ്പുരാട്ടി തമ്പുരാട്ടിയായിത്തീർന്ന ഭരണി തിരുനാൾ ലക്ഷ്മി ബായി തമ്പുരാട്ടിയെ 1859-ൽ 14-ആം വയസ്സിൽ തമ്പുരാൻ വിവാഹം കഴിച്ചു. വിവാഹാനന്തരം തമ്പുരാന്റെ വിദ്യാഭ്യാസം കൂടുതൽ പുരോഗതി പ്രാപിച്ചു .കൊട്ടാരത്തിൽ എത്തിച്ചേരുന്ന പണ്ഡിത വരേണ്യരുമായി കൂടുതൽ ഇടപഴുകാൻ അവസരം ലഭിച്ചപ്പോൾ ഉപരിപഠനത്തിൽ തമ്പുരാന് താൽപര്യം വർദ്ധിച്ചു വേദാന്തം, തർക്കശാസ്ത്രം, വ്യാകരണം തുടങ്ങിയവയിൽ അഗ്രഗണ്യനായി. 'ഡോക്ടർ വെയറിങ്ങിന്റെ' ശിക്ഷണത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി . ഇവർക്ക് മക്കളുണ്ടായിരുന്നില്ല.സ്വാതി തിരുനാളിനു ശേഷം രാജാവായിരുന്ന ഉത്രം തിരുനാളിന്റെ (1846–1860) കാലശേഷം ആയില്യം തിരുനാൾ അധികാരമേറ്റ സമയമായിരുന്നു. ആദ്യകാലങ്ങളിൽ മഹാരാജാവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കേരള വർമ്മയെ 1875-ൽ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റു ചെയ്തു. ആറ്റിങ്ങൽ മൂത്തറാണിയായിരുന്നിട്ടും ലക്ഷ്മി ബായിക്ക് തന്റെ ഭർത്താവിനെ തടങ്കലിൽ നിന്നും മോചിപ്പിക്കാനായില്ല. കേരളവർമ്മയിൽ നിന്നും വിവാഹമോചനം നേടാനും വേറെ വിവാഹത്തിനും മഹാരാജാവും കൊട്ടാരത്തിലുള്ള മറ്റുള്ളവരും റാണിയെ വളരെയധികം നിർബന്ധിക്കുകയുണ്ടായെങ്കിലും റാണി എല്ലാ എതിർപ്പുകളേയും അതിജീവിച്ച് കേരളവർമ്മയ്ക്കായി കാത്തിരുന്നു. ആസമയത്തും ഇളയ രാജാവായിരുന്ന വിശാഖം തിരുനാൾ റാണിയേയും കേരള വർമ്മയേയും സഹായിച്ചിരുന്നു. രണ്ടു വർഷങ്ങൾക്കുശേഷം അദ്ദേഹത്തെ ഹരിപ്പാട്ട് അനന്തപുരം കൊട്ടാരത്തിലെ വീട്ടു തടങ്കലിൽ കഴിയുന്നതിനനുവദിച്ചു.കേരള വർമ്മയ്ക്ക് ആലപ്പുഴ കൊട്ടാരത്തിലും അനന്തപുരം കൊട്ടാരത്തിലും അസ്വതന്ത്ര ജീവിതം നയിക്കേണ്ടി വന്നു. ആ അവസരത്തിലാണ് മയൂര സന്ദേശമെന്ന മലയാളത്തിലെ പ്രസിദ്ധ സന്ദേശകാവ്യം എഴുതുന്നതിനുള്ള പ്രേരണയുണ്ടായത്. അനന്തപുരത്തെ കൊട്ടാരത്തിൽ താമസിക്കുന്ന കാലത്താണ് ഹരിപ്പാട് ക്ഷേത്രദർശനവേളയിൽ മയിലിനെ കാണുകയും അത് അദ്ദേഹത്തിന് മയൂര സന്ദേശമെന്ന കാവ്യം ഒരുക്കാൻ പ്രേരണയായി. (അദ്ദേഹത്തെ പാർപ്പിച്ചിരുന്ന അനന്തപുരത്തെ ഡാണവ്(ജയിൽ)ൻറെ പഠിപ്പുര നിന്ന പ്രദേശം ഡാണാപ്പടി എന്നറിയപ്പെടുന്നു). കാളിദാസൻറെ "അഭിജ്ഞാന ശാകുന്തളം" നാടകം മലയാളത്തിലേക്ക് ആദ്യമായി കേരള വർമ്മയാണ് തർജ്ജിമ ചെയ്തത് ഇതുമൂലം അദ്ദേഹത്തിന് "കേരള കാളിദാസൻ" എന്ന പദവി ലഭിച്ചു. കാളിദാസൻറെ മേഘസന്ദേശത്തെ അനുസരിച്ചാണ് മയൂരസന്ദേശമെന്ന സന്ദേശ കാവ്യം മലയാളത്തിലുണ്ടായത്. ദ്വിതീയാകഷരപ്രാസമുളള 141 മനോഹരശ്ലോങ്ങളാണ് ഇതിലുളളത്. പൂർവ്വഭാഗം ഹരിപ്പാട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പോകുവാനുളള മാർഗ്ഗത്തിൻറെ വിവരണമാണ്, ഉത്തര ഭാഗത്ത് തിരുവനന്തപുരവർണ്ണനയും പ്രിയതമയ്ക്കുളള സന്ദേശവുമാണ്. വെറും 48 ദിവസം കൊണ്ട് എഴുതി തീർത്തതാണ് ഈ കൃതി. ബന്ധനമോചനത്തിനു ശേഷം 14 വർഷം കഴിഞ്ഞാണ് ഈ കൃതി രചിക്കുന്നത്. ഈ കൃതിയുടെ പ്രകാശന കാലത്ത് സഹൃദയൻമാർ ഇതിനെ ഉല്ലാസത്തോടെയാണ് സ്വാഗതം ചെയ്തത്. 1880-ൽ ആയില്യം തിരുനാൾ നാടു നീങ്ങുകയും അനുജൻ വിശാഖം തിരുനാൾ രാജാവാകുകയും ചെയ്തു. അധികാരത്തിലേറ്റ് വിശാഖം തിരുനാൾ ആദ്യം ചെയ്തത് കേരള വർമ്മയെ വീട്ടു തടങ്കലിൽ നിന്നും മോചിപ്പിക്കുകയും തിരുവനന്തപുരത്ത് കൂട്ടി കൊണ്ടു വരികയും ചെയ്തു. കേരള വർമ്മയെ ജയിലിൽ അടച്ചതും അതിനെ സമർത്ഥമായി ലക്ഷ്മി ബായി എതിർത്തതുമായ കാര്യങ്ങൾ വിക്ടോറിയ രാജ്ഞി അറിയുകയുണ്ടായി. അതിനെ തുടർന്ന് ഭരണി തിരുനാളിനു 1881-ൽ ഓർഡർ ഓഫ് ദ ക്രൗൺ ഓഫ് ഇന്ത്യയും, കേരള വർമ്മയ്ക്ക് 1885-ൽ ഓർഡർ ഓഫ് ദ സ്റ്റാർ ഓഫ് ഇന്ത്യയും നൽകി ബഹുമാനിച്ചു.

മലയാളത്തിലെ ആദ്യകാല പ്രശസ്ത നാടകകൃത്തും, സാഹിത്യകാരനുമായിരുന്നു കൈനിക്കര കുമാരപിള്ള (1900 - 1988). മലയാള നാടക പ്രസ്ഥാനത്തിന് ഇദ്ദേഹത്തിന്റെ സംഭാവനകൾ വലിയതാണ്. തികഞ്ഞ ഗാന്ധിയനും, വിദ്യാഭ്യാസ വിദഗ്ദ്ധനും സാഹിത്യകാരനും ആയിരുന്നു കൈനിക്കര കുമാരപിള്ള. 1900 സെപ്തംബർ 27-ആം തീയതി ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ കൈനിക്കര വീട്ടിൽ കൈനിക്കര പത്മനാഭപിള്ളയുടെ അനുജനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പെരുന്നയിലും, ചങ്ങനാശ്ശേരിയിലും ആയിരുന്നു. 1922-ൽ പെരുന്ന എൻ.എസ്.എസ്. സ്കൂളിൽ അദ്ധ്യാപകനായി ചുമതലയേറ്റു. പിന്നീട് ഇദ്ദേഹം 1924 മുതൽ 1944 വരെ തുടർച്ചയായി കരുവാറ്റ എൻ.എസ്.എസ്. സ്കൂൾ പ്രധാനാധ്യാപകനായി പ്രവർത്തിച്ചു. 1944-ൽ തിരുവനന്തപുരം ട്രെയിനിങ് കോളജ് അദ്ധ്യാപകനായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. പിന്നീട് സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടറുടെ പേഴ്സണൽ അസിസ്റ്റന്റായും, തുടർന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, മഹാത്മാഗാന്ധി കോളജ് പ്രിൻസിപ്പൽ എന്നീ നിലകളിലും തന്റെ ഔദ്യോഗിക ജീവതം കഴിച്ചു. 1957 - 64 വർഷക്കാലയളവിൽ ആകാശവാണി നിർമ്മാതാവീയും ആയും കൈനിക്കര കുമാരപിള്ള തന്റെ സേവനം നടത്തി. കൈനിക്കര സഹോദരൻമാരുടെ നാടകക്കളരിയിലെ ഒട്ടു മിക്ക വേഷങ്ങളും ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു. 1930കൾ മുതൽ 1950കൾ വരെയുള്ള ദശകങ്ങൾ അദ്ദേഹത്തിന്റെ സുവർണ്ണകാലമായിരുന്നു. സ്വന്തം നാടകാനുഭവങ്ങളെക്കുറിച്ച് അദ്ദെഹം എഴുതിയ കൃതിയാണ് നാടകീയം. 1978-ൽ നാടകീയത്തിന് ഓടക്കുഴൽ അവാർഡ് ലഭിക്കുകയുണ്ടായി.

മലയാള നാടകകൃത്തും രാഷ്ട്രീയ ചിന്തകനും പത്രാധിപരും ആയിരുന്നു കൈനിക്കര പത്മനാഭപിള്ള. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, പെരുന്നയിൽ ജനനം 1898-ൽ ജനനം. കൈനിക്കര കുമാരപിള്ളയുടെ സഹോദരൻ. നാടകകൃത്തെന്നതിലുപരിയായി പ്രഭാഷകൻ, വിദ്യാഭ്യാസ വിചക്ഷണൻ, ഭരണാധികാരി, ചിന്തകൻ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. 1976-ൽ നിര്യാതനായി. നാടക നടനും ആയിരുന്നു. നാടക പൂർണ്ണിമ എന്ന സൈദ്ധാന്തിക കൃതിയും രചിച്ചിട്ടുണ്ട്. മലയാളരാജ്യം (1954–56), കൗമുദി (1957–61) എന്നിവയുടെ പത്രാധിപരായും പ്രവർത്തിച്ചു. 1957 -ലെ ഇ.എം.എസ് മന്ത്രിസഭയുടെ ആദ്യ ബഡ്ജറ്റ് ചോർന്നതുമുമായി ബന്ധപ്പെട്ട്, കൗമുദി റിപ്പോർട്ടർ,പത്രാധിപരെന്ന നിലയിൽ പത്മനാഭപിള്ള എന്നിവർക്ക് കോടതി പിഴ ചുമത്തുകയുണ്ടായി.

പച്ച മലയാള‌ പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന കവിയായിരുന്നു കേരളവ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ (18 സെപ്റ്റംബർ 1864 - 22 ജനുവരി 1913). കൊടുങ്ങല്ലൂർ കോവിലകത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു. നിമിഷകവി എന്ന പേരിലും അറിയപ്പെടുന്നു. രാമവർമ്മ എന്നായിരുന്നു യഥാർത്ഥ പേര്.വ്യാസമഹാഭാരതം പദാനുപദം , വൃത്താനുവൃത്തം പദ്യാഖ്യാനം ചെയ്ത അമാനുഷിക പ്രഭാവനാണിദ്ദേഹം . പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തോടുകൂടി മലയാളസാഹിത്യം പുതിയൊരു പാതയിലേക്കു് പ്രവേശിക്കുകയായിരുന്നു. കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ചുവടുപറ്റി കേരളവർമ്മ പ്രസ്ഥാനം ഒരു വശത്തും കൊടുങ്ങല്ലൂർ കോവിലകത്തിന്റെ സാഹിത്യപരിസരങ്ങളിൽ ഉരുത്തിരിഞ്ഞുവന്ന വെണ്മണി പ്രസ്ഥാനം മറുവശത്തും കാവ്യനാടകരചനകളിൽ ഏർപ്പെട്ടു. ഇവർക്കുപുറമേ, മലയാളമനോരമ തുടങ്ങിയ പത്രമാസികാസ്ഥാപനങ്ങൾ അവതരിപ്പിച്ച പുതിയ പ്രസിദ്ധീകരണസംസ്കാരം കവിതയിൽ കൂടുതൽ ജനകീയമായ ഇടപെടലുകൾ നടക്കാനും കവികൾക്കു് പരസ്പരം രസ-നിർമ്മാണ-നിരൂപണസംവാദങ്ങളിൽ ഏർപ്പെടാനും അവസരം നൽകി. അച്ചടി, ആധുനികശൈലിയിലുള്ള പാഠപുസ്തകനിർമ്മാണം തുടങ്ങിയ ഘടകങ്ങൾകൂടി ഈ സക്രിയമായ പരിണാമങ്ങൾക്കു സഹായകമായി. സംസ്കൃതനാടകകാവ്യരീതികളോട് അതിരറ്റ മതിപ്പുണ്ടായിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാൻ തന്റെ ശൈലിയുടെ ഗാംഭീര്യവും പ്രൗഢിയും പ്രത്യേകതയും തന്നെയാണു് മലയാളകവിത തുടർന്നുപോകേണ്ടതെന്നു വിശ്വസിച്ചു. മലയാളത്തിലെ ആദ്യത്തെ നാടകസാഹിത്യകൃതി എന്നുപറയാവുന്ന ഭാഷാശാകുന്തളം അദ്ദേഹത്തിന്റെ രചനയായിരുന്നു. ഇതേ വഴി പിന്തുടർന്നു് വിവർത്തനങ്ങളിലൂടെ സംസ്കൃതത്തിൽനിന്നും കടംപറ്റിത്തന്നെ ഒരു പറ്റം നാടകങ്ങൾ രചിക്കപ്പെടുകയുണ്ടായി. എന്നാൽ ആ വഴിയേ പിന്തുടരാൻ ഏറെയൊന്നും അനുയായികൾ ഉണ്ടായിരുന്നില്ല. അതേ സമയത്തു്, സംസ്കൃതത്തിന്റെ അതിപ്രസരത്തിനിപ്പുറത്തു്, ഭാഷാസാഹിത്യനിർമ്മിതിയിൽ ശുദ്ധമലയാളത്തിനു് അർഹമായ ഇടമുണ്ടെന്നു വെണ്മണിപ്രസ്ഥാനം തെളിയിച്ചുതുടങ്ങി. അതിലെ മുഖ്യസാരഥികളായിരുന്നു അച്ഛനും മകനുമായിരുന്ന വെണ്മണി പരമേശ്വരനും കദംബനും. ഇവർക്കൊപ്പമോ ഇവരുടെ പിൻപറ്റിയോ ധാരാളം കവികളും നാടാകകൃത്തുക്കളും ഉണ്ടായി. കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ, കാത്തുള്ളിൽ അച്യുതമേനോൻ, നടുവത്തച്ഛൻ നമ്പൂതിരി, ശീവൊള്ളി നമ്പൂതിരി തുടങ്ങിയ ഈ കൂട്ടത്തിലെ ഏറ്റവും തിളങ്ങിനിന്ന താരമായിരുന്നു കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ. സ്വയം മികച്ച സംസ്കൃതപണ്ഡിതന്മാരായിരുന്നിട്ടുപോലും ഇവരെല്ലാം പച്ചമലയാളത്തിൽ എഴുതാൻ കൂടുതൽ ശ്രദ്ധ വെച്ചു. കുഞ്ഞിക്കുട്ടൻ തമ്പുരാനാവട്ടെ, മലയാളത്തിന്റെ ലാളിത്യം ഏറ്റെടുത്തുകൊണ്ടാടാനുള്ള ശ്രമത്തിൽ പലപ്പോഴും പരമ്പരാഗതമായ കാവ്യലക്ഷണങ്ങളിൽ ഉപേക്ഷ പ്രകടിപ്പിക്കാൻ പോലും ധൈര്യം കാണിച്ചു. മലയാളസാഹിത്യത്തിലേക്കു് ലഭിച്ച കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ സംഭാവനകളെ ഈ പശ്ചാത്തലത്തിൽനിന്നുവേണം നോക്കിക്കാണാൻ. കൊച്ചുണ്ണിത്തമ്പുരാൻ തുടങ്ങിവെച്ച സ്വതന്ത്രനാടകപ്രസ്ഥാനവും വെൺമണി നമ്പൂതിരിമാർ പ്രോത്സാഹിപ്പിച്ച പച്ചമലയാളശൈലിയും ഏറ്റെടുത്തു് ആ മാതൃക പിൻ‌പറ്റി ചുരുങ്ങിയ കാലത്തിനുള്ളിൽ അനേകം കൃതികൾ അദ്ദേഹം രചിച്ചു. അടുത്ത ദശകങ്ങളിൽ മലയാളത്തിലെ ഗദ്യ-പദ്യസാഹിത്യം കൂടുതൽ സ്വാതന്ത്ര്യമാർജ്ജിക്കാനും ജനകീയമാവാനും ഇതു വഴിവെച്ചു. മഹാകാവ്യങ്ങളിൽ നിന്നും ഖണ്ഡകാവ്യങ്ങളിലേക്കും തനതുനാടകപ്രസ്ഥാനങ്ങളിലേക്കും ഇതു വഴിവെച്ചു. കേരളത്തിനു പരിചിതമായ ചരിത്രകഥകളേയും ഐതിഹ്യങ്ങളേയും പ്രതിപാദ്യമാക്കിക്കൊണ്ടു് കുഞ്ഞിക്കുട്ടൻതമ്പുരാൻ കവിതകളെഴുതി. വെണ്മണിശൈലിയേക്കാൾ കുറച്ചുകൂടി പച്ചമലയാളമായിരുന്നു അദ്ദേഹത്തിന്റെ എഴുത്തു്. സംസ്ക്ർതപദങ്ങൾ എത്ര കുറയ്ക്കാമോ അത്രയ്ക്കും കവിത മെച്ചമായിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ആദർശം. എന്നാൽ, അതൊരു നിർബന്ധം പോലെയായപ്പോൾ കവിതയ്ക്കു് കൃത്രിമത തോന്നിത്തുടങ്ങി. ഒപ്പം തന്നെ, സംസ്കൃതപണ്ഡിതന്മാരുടെ അളവറ്റ ഗൈർവ്വാണീഭ്രമത്തിനു് അതൊരു കടിഞ്ഞാണുമായിത്തീർന്നു. 'കൂടൽമാണിക്യം', 'പാലുള്ളിചരിതം' തുടങ്ങിയ കൃതികളൊക്കെ ഈ തരത്തിൽ പെട്ടവയാണു്. ഇരുപത്തിയെട്ടു കൊല്ലം അദ്ദേഹം ഭാഷയ്ക്കായി പ്രവർത്തിച്ചു. പഴയ ഐതിഹ്യങ്ങൾ ശേഖരിച്ച് അവയെ കൈകാര്യം ചെയ്യുവാൻ തമ്പുരാന് പ്രത്യേക കഴിവുണ്ടായിരുന്നു. അതിനുവേണ്ടി ഏതു വിധത്തിലുള്ള ത്യാഗവും അദ്ദേഹം സഹിക്കുമായിരുന്നു.

ഐതിഹ്യമാല എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ്‌ കൊട്ടാരത്തിൽ ശങ്കുണ്ണി(1855 മാർച്ച് 23-1937 ജൂലൈ 22). അറുപതിലേറെ ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ നിർബന്ധത്തിനു വഴങ്ങിയാണ് 36-മത്തെ വയസ്സിൽ (1891) സുഭദ്രാഹരണം മണിപ്രവാളം എഴുതിയത്. പിന്നീട് കേശവദാസചരിതം രചിച്ചതും തമ്പുരാന്റെ നിർബന്ധത്താലായിരുന്നു.1881 മുതൽ പന്ത്രണ്ടു വർഷത്തോളം ശങ്കുണ്ണി വിദേശീയരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥരേയും മറ്റും മലയാളം പഠിപ്പിക്കുവാൻ തുടങ്ങി. 1893ൽ മാർ ദിവാന്നാസ്യോസ് സെമിനാരി ഹൈസ്കൂളിലെ ആദ്യ മലയാളം മുൻഷിയായി ജോലിയിൽ പ്രവേശിക്കുന്നതുവരെ ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വരുമാനമാർഗ്ഗം. അതിനിടെ അദ്ദേഹം തന്റെ വിവിധങ്ങളായ സാഹിതീസപര്യയ്ക്കു തുടക്കം കുറിച്ചു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കവി കേരളവർമ്മ വലിയകോയിത്തമ്പുരാൻ തുടങ്ങിയ പ്രമുഖരുമായി അക്കാലത്ത് ഏറെ ഇടപഴകി. ആയിടെ കണ്ടത്തിൽ വറുഗീസ് മാപ്പിള കോട്ടയത്തു തുടങ്ങിവെച്ച മലയാള മനോരമയിലും(1888) ഭാഷാപോഷിണിസഭയിലും(1892) സഹകരിച്ചു. കൊ.വ.1073 (1898) മുതൽ ഐതിഹ്യമാലയുടെ രചന തുടങ്ങി. വറുഗീസ് മാപ്പിളയുടെ പ്രേരണ മൂലം മനോരമയിലും ഭാഷാപോഷിണിയിലും ഖണ്ഡശഃ പ്രസിദ്ധീകരിക്കാനായിട്ടായിരുന്നു ഐതിഹ്യമാല തുടങ്ങിവെച്ചതെങ്കിലും പിന്നീട് ഏതാണ്ട് ശങ്കുണ്ണിയുടെ മരണം വരെ രചന തുടർന്നു പോന്ന ഒരു പുസ്തകപരമ്പരയായി ഐതിഹ്യമാല മാറി. 1904-ൽ കൊച്ചി രാജാവ് സമ്മാനിച്ച ‘കവിതിലകം’ എന്ന സ്ഥാനമുൾപ്പടെ തിരുവിതാംകൂർ, കൊച്ചി, ബ്രിട്ടീഷ് മലബാർ എന്നീ രാജസദസ്സുകളിൽ നിന്നും ധാരാളം സ്ഥാനങ്ങളും സമ്മാ‍നങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1937 ജൂലൈ 22-ന് (1112 കർക്കടകം 7-ന്) 82-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. കൊ.വ.1048-ൽ ശങ്കുണ്ണിയുടെ മാതാവു മരിച്ചു. കൊ.വ.1056-ൽ കഴിച്ച ആദ്യവിവാഹത്തിലെ ഭാര്യ ഒരു വർഷത്തിനുള്ളിൽ മരണമടഞ്ഞു. പിന്നീട് 1062-ൽ പുനർവിവാഹം ചെയ്തു. സന്താനലബ്ധിയില്ലാഞ്ഞ് 1081-ൽ മൂന്നാമതൊരിക്കൽ കൂടി അദ്ദേഹം വിവാഹം ചെയ്തു. രണ്ടാം ഭാര്യ 1083-ൽ മരിച്ചു. അനപത്യതാവിമുക്തിയ്ക്കു വേണ്ടി 1090-ൽ ഏവൂർ പനവേലി കൃഷ്ണശർമ്മയുടെ രണ്ടാമത്തെ പുത്രൻ വാസുദേവൻ ഉണ്ണിയെ ദത്തെടുത്തു വളർത്തി. ശങ്കുണ്ണിയുടെ മൂന്നാമത്തെ പത്നി ക്രി.വ.1973 ഫെബ്രുവരി 23-നും ദത്തുപുത്രൻ വാസുദേവനുണ്ണി 1973 ഡിസംബർ 3-നും നിര്യാതരായി. വാസുദേവനുണ്ണിയുടെ ഏകപുത്രൻ നാരായണൻ ഉണ്ണി പിന്നീട് കുടുംബത്തിന്റെ കാരണവരായി തുടർന്നു.

മലയാളത്തിലെ പ്രമുഖ ജനപ്രിയ സാഹിത്യകാരനായിരുന്നു പുഷ്പനാഥൻ പിള്ള അഥവാ സി ജി സക്കറിയ (ജനനം: 1938, മരണം: മേയ് 2, 2018). കോട്ടയം പുഷ്പനാഥ് എന്ന തൂലികാനാമത്തിലുടെയാണ് ഇദ്ദേഹം അറിയപ്പെടുന്നത്.. അപസർപ്പകനോവലുകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. ഇവയിൽ ഏറെയും പുസ്തകരൂപത്തിൽ പുറത്തു വന്നവയാണെങ്കിലും ചിലതെല്ലാം വാരികകളിൽ പരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. ഒരു സ്വകാര്യ കുറ്റാന്വേഷകനായ ഡിറ്റക്റ്റീവ് മാർക്സിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് ഇദ്ദേഹത്തിന്റെ മിക്ക കൃതികളും രചിച്ചിട്ടുള്ളത്. 2018 മേയ് 2 നു ബുധനാഴ്ച വാർധക്യസഹജമായ രോഗങ്ങളാൽ കോട്ടയത്തെ സ്വവസതിയിൽ വച്ച് അന്തരിച്ചു. കോട്ടയം തീവണ്ടിനിലയത്തിനു സമീപം കണിയാംകുളം സത്യനേശന്റെയും അദ്ധ്യാപിക റെയ്ചലിന്റെയും മകനായി ജനിച്ചു. ടി.ടി സി പഠനത്തിനുശേഷം കോട്ടയം ജില്ലയിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം. 1972ൽ ചരിത്രത്തിൽ ബിരുദമെടുത്തു വിരമിച്ച ശേഷം സാഹിത്യ രചന തുടർന്നുവന്നു. നിരവധി കൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. മറിയാമ്മയാണ് ഭാര്യ. പരേതനായ സ്റ്റിൽ ഫോട്ടോഗ്രാഫർ സലിം പുഷ്പനാഥ്, സീനു,ജെമി എന്നിവരാണ് മക്കൾ.

നവീന മലയാളസാഹിത്യകാലഘട്ടത്തിൽ ജീവിച്ചിരുന്ന കവിയും, ആട്ടക്കഥാ രചയിതാവുമായിരുന്നു കോട്ടയത്തു തമ്പുരാൻ. ആദ്യത്തെ ആട്ടക്കഥ കൊട്ടാരക്കര തമ്പുരാന്റെ രാമായണം ആട്ടക്കഥയാണ്. കല്യാണസൗഗന്ധികം ആട്ടക്കഥ ഇദ്ദേഹത്തിന്റെ പ്രസിദ്ധിയാർജ്ജിച്ച ആട്ടക്കഥകളിൽ ഒന്നാണ്. കഥകളിക്ക് അടിത്തറ പാകിയവരുടെ കൂട്ടത്തിൽ കോട്ടയത്തു തമ്പുരാനും ഉണ്ടായിരുന്നു. നാല് ആട്ടക്കഥകൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവ നാലും മഹാഭാരതകഥകൾ ആണ്. ഇദ്ദേഹത്തിന്റെ കഥകൾക്കു മുൻപ് രാമായണകഥകൾ മാത്രമാണ് കഥകളിയിൽ ഉണ്ടായിരുന്നത്. തമ്പുരാന്റെ കഥകളോടെയാണ് പച്ചവേഷത്തിന് നായകത്വം നൽകപ്പെട്ടത്. വടക്കൻ‌ കോട്ടയത്ത് രാജകുലത്തിൽ (പഴശ്ശിക്കോവിലകം) ജനിച്ച തമ്പുരാന്റെ നാമം ജീവിതകാലമൊ ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല. നിലവിൽ ഐതിഹ്യങ്ങൾ മാത്രമാണ് ഇദ്ദേഹത്തെപ്പറ്റി പ്രചരിച്ചിട്ടുള്ളത്. ഭൂരിഭാഗം പണ്ഡിതരും അദ്ദേഹത്തിന്റെ പേര് വീരവർമ്മ എന്നാണെന്നും ഏ.ഡി.പതിനേഴാം നൂറ്റാണ്ടിൽ ഉത്തരാർദ്ധത്തിലാണു ജീവിച്ചിരുന്നതെന്നു അഭിപ്രായപ്പെടുന്നു. ഇദ്ദേഹത്തിന്റെ കൃതികളിൽ രചനാകാലമോ രചയിതാവിന്റെ പേരോ എഴുതപ്പെട്ടിട്ടില്ല. "മാതംഗാനനം" എന്നു തുടങ്ങുന്ന വന്ദനശ്ലോകത്തിൽ ആദിയായി ഗോവിന്ദൻ ഗുരുക്കന്മാരെ വന്ദിയ്ക്കുന്നുണ്ട് ( ഗോവിന്ദമാദ്യം ഗുരൂം). അക്കാരണത്താൽ ഇത് മായാവരം ഗോവിന്ദശാസ്ത്രികൾ എന്ന പണ്ഡിതനായിരിക്കണം എന്ന് ചില പണ്ഡിതർ വീക്ഷിക്കുന്നു.

മലയാള സാഹിത്യകാരനാണ് കോന്നിയൂർ നരേന്ദ്രനാഥ്. മലയാളത്തിൽ 40 ഓളം പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്. പത്തനംതിട്ട കോന്നിയിൽ നെല്ലിക്കോട്‌ എം.എൻ. രാഘവൻനായരുടെയും കുഞ്ഞുകൊച്ചമ്മയുടെയും മകനാണ്‌. 1950ൽ കോഴിക്കോട്‌ ആകാശവാണിയിൽ ഉദ്യോഗസ്ഥനായി ചേർന്നു. തുടർന്ന്‌ തിരുവനന്തപുരം, തൃശ്ശൂർ, പോർട്ട്‌ബ്ലയർ, തൃശിനാപ്പള്ളി, ജോധ്‌പുർ, ന്യൂഡൽഹി ആകാശവാണി കേന്ദ്രങ്ങളിൽ പ്രവർത്തിച്ചു. തിരുവനന്തപുരം, കോഴിക്കോട്‌ ആകാശവാണി കേന്ദ്രങ്ങളിൽ ഡയറക്ടറായിരുന്നു. ആകാശവാണി ചെന്നൈ നിലയത്തിൽ ഡയറക്ടർ പദവിയിലിരിക്കവെ 1985 ൽ വിരമിച്ചു. 1947 ൽ 'ആത്മമിത്രം' എന്ന ചെറുകഥ സമാഹാരമാണ്‌ ആദ്യം പ്രസിദ്ധീകരിച്ച പുസ്‌തകം. 'വരം' എന്ന അദ്ദേഹത്തിന്റെ ശാസ്‌ത്രനോവൽ മലയാളത്തിലെ ആദ്യ കാല സീരിയലായി തിരുവനന്തപുരം ദൂരദർശൻ സംപ്രേഷണം ചെയ്‌തു. 'ചക്രവാളത്തിനപ്പുറം' എന്ന പുസ്‌തകം മലയാളത്തിലെ ആദ്യകാല സയൻസ്‌ ഫിക്ഷനുകളിലൊന്നാണ്. ഭരണഘടനയെ കുറിച്ച് മലയാളത്തിലുള്ള ആദ്യ പുസ്തകം 'നമ്മുടെ ഭരണഘടന' എഴുതിയതും ശാസ്ത്രസാഹിത്യ പരിഷത്തിന് ആ പേര് നിർദ്ദേശിച്ചതും കോന്നിയൂർ നരേന്ദ്ര നാഥാണ്. ഗംഗാദേവിയാണ്‌ ഭാര്യ. ജയശ്രീ, ശ്രീലത, ശ്രീകുമാർ എന്നിവർ മക്കളാണ്‌.

മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റായിരുന്നു കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കണ്ടാണശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ (1923 ജൂലൈ 9 - 2010 ജൂൺ 2). 2006-ൽ കേരള സർക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു. കേരളത്തിലെ തൃശ്ശൂർ ജില്ലയിലുള്ള ഗുരുവായൂരിനടുത്ത് കണ്ടാണശ്ശേരിയിലാണ് 1923 ജൂലൈ 9-ന് (മലയാള വർഷം 1098 മിഥുനം 25) കോവിലൻ ജനിച്ചത്. വട്ടോമ്പറമ്പിൽ വേലപ്പനും കൊടക്കാട്ടിൽ കാളിയുമായിരുന്നു മാതാപിതാക്കൾ. കണ്ടാണശ്ശേരി എക്സെൽ‌സിയർ സ്കൂളിലും, നെന്മിനി ഹയർ എലമെന്ററി സ്കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു. 1943 മുതൽ 1946 വരെ റോയൽ ഇന്ത്യൻ നേവിയിലും, 1948 മുതൽ 1968 വരെ കോർ ഒഫ് സിഗ്നൽ‌സിലും പ്രവർത്തിച്ചു. കഥകളുടെ യാഥാർത്ഥ്യവും ശക്തമാ‍യ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പട്ടാളക്കാരനായിരുന്ന കാലം വളരെ മിഴിവോടെ കൃതികളിൽ ആവിഷ്കരിച്ചു.അവയെല്ലാം തന്നെ അവിസ്മരണീയങ്ങളായി. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമായിരുന്നു കോവിലൻ. ഏറെക്കാലമായി വാർദ്ധക്യസഹജമായ അസുഖങ്ങൾ അനുഭവിച്ചിരുന്ന കോവിലൻ 87-ആം വയസ്സിൽ 2010 ജൂൺ 2-ന് പുലർച്ചെ 2:40-ന് കുന്നംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് വെച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ കണ്ടാണശ്ശേരിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കോവിലന്റെ ഭാര്യ ശാരദ നേരത്തേ മരിച്ചിരുന്നു. രണ്ട് പെണ്മക്കളും ഒരു മകനുമടക്കം മൂന്ന് മക്കളുണ്ട്.

മലയാളത്തിലെ ഏറ്റവും ജനപ്രിയനായ ചലച്ചിത്രഗാന രചയിതാവും, കവിയും, തിരക്കഥാകൃത്തുമായിരുന്നു ഗിരീഷ് പുത്തഞ്ചേരി (1961 — 2010 ).ഇന്ത്യൻ പെർഫോമൻസ് റൈറ്റ്‌സ് സൊസൈറ്റിയുടെ ഭരണ സമിതി അംഗമായും പ്രവർത്തിച്ച അദ്ദേഹം ഏഴു തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ഏറ്റുവാങ്ങി. ചുരുങ്ങിയ കാലയളവിൽ ഏറ്റവുമധികം ഗാനങ്ങൾ മലയാള സിനിമയിൽ രചിച്ച ബഹുമുഖ പ്രതിഭ എന്ന പേരിലും അദ്ദേഹം അറിയായപ്പെട്ടു. 2010 ഫെബ്രുവരി 10ന് മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് അദ്ദേഹം മരണപ്പെട്ടു. ജ്യോതിഷം,വൈദ്യം, വ്യാകരണം തുടങ്ങിയ വിഷയങ്ങളിൽ പണ്ഡിതനായ പരേതരായ പുളിക്കൂൽ കൃഷ്ണപ്പണിക്കരുടേയും കർണാടക സംഗീത വിദൂഷിയായ മീനാക്ഷിയമ്മയുടേയും മകനായി 1961 മേയ് 1 ന് കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയിൽ ജനനം .സർക്കാർ എ.എൽ .പി.സ്കൂൾ പുത്തഞ്ചേരി, മൊടക്കല്ലൂർ എ.യു.പി.സ്കൂൾ, പാലോറ സെക്കൻ‍ഡറി സ്കൂൾ, ഗവ:ആർട്സ് ആൻഡ് സയൻസ് കോളേജ് കോഴിക്കോട് എന്നിവിടങ്ങളിൽ പഠനം.പുത്തഞ്ചേരി ഗ്രാമത്തിലെ ബാലസംഘത്തിലെ സജീവ അംഗമായിരുന്ന ഗിരീഷ് ചെറിയ പ്രായത്തിൽ തന്നെ മലയാള സാഹിത്യത്തിലേക്ക് ആകർഷണനായിരുന്നു .പിന്നീട് സാംസ്കാരിക കൂട്ടായ്മയായ ചെന്താര പുത്തഞ്ചേരിയുടെ സജീവ അംഗമായും പ്രവർത്തിച്ചു അന്ന് ചെന്താര കൂട്ടായ്മയുടെ നാടകങ്ങൾ രചിച്ചതും സംവിധാനം ചെയ്തതും ഗിരീഷ് ആയിരുന്നു.പതിനാലാം വയസ്സിൽ ആദ്യ കവിത ചെന്താരയുടെ മോചനം എന്ന മാഗസിനിൽ പ്രസിദ്ധീകരിച്ചു. പഠനകാലത്ത് കോഴിക്കോട് ആകാശവാണി,എച്ച്.എംവി , തരംഗിണി,മാഗ്ന സൗണ്ട്‌സ് എന്നീ റെക്കോഡിങ് കമ്പനികൾക്ക് വേണ്ടി ലളിത ഗാനങ്ങൾ എഴുതിക്കൊണ്ടാണ്‌ ഈ രംഗത്തേക്കുള്ള ചുവടുവെപ്പ്.

മലയാളത്തിലെ ഒരു കഥാകൃത്തായിരുന്നു ഗീതാ ഹിരണ്യൻ. 1974ൽ മാതൃഭൂമി വിഷുപതിപ്പിൽ വന്ന ദീർഘപാംഗൻ എന്ന കഥയിലൂടെ ശ്രദ്ധിക്കപ്പെട്ട അവർ പിന്നീട് ഒറ്റസ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം, ഇനിയും വീടാത്ത ഹൃദയത്തിന്റെ കടം,അസംഘടിത എന്നീ കഥകളിലൂടെ മലയാള കഥാസ്വാദകർക്ക് സുപരിചിതയായി. അപൂർവ്വമായി ചെറുക്കവിതകളും എഴുതിയിട്ടുണ്ട്. അർബുദരോഗത്തിന്റെ പിടിയിലായിരുന്ന അവർ 2002 ജനുവരി 2 ന് ചരമമടഞ്ഞു. 'ശിൽപ്പ കഥയെഴുതുകയാണ്' എന്ന കഥയാണ് അവർ അവസാനമായി എഴുതിയത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കരക്കടുത്ത് കോട്ടവട്ടത്ത് സി. ശ്രീധരൻ പോറ്റിയുടേയും വസുമതിദേവിയുടേയും മകളായി 1958 മാർച്ച് 20 ന് ജനിച്ചു. മലയാളത്തിൽ ബിരുദാന്തരബിരുദവും എംഫിലും കരസ്ഥമാക്കി. കേരളത്തിലെ വിവിധ സർക്കാർ കലാലയങ്ങളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാദമിയുടെ പബ്ലിക്കേഷൻ ഓഫീസറായി നിയമിതയായെങ്കിലും ജോലിയിൽ തുടരാൻ രോഗം അവരെ അനുവദിച്ചില്ല. കവിയും നിരൂപകനും അദ്ധ്യാപകനുമായ കെ.കെ. ഹിരണ്യൻ ഭർത്താവാണ്. ഉമ, ആനന്ദ് എന്നിവർ മക്കൾ. കേരള സാഹിത്യ അക്കാദമി ഇവരുടെ പേരിൽ ഒരു എൻഡൊവ്മെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്.

മലയാളത്തിലെ പ്രശസ്ത കഥാകൃത്തും എഴുത്തുകാരിയും അദ്ധ്യാപികയുമാണ് ഗ്രേസി. 1951-ൽ ജനനം. പെൺപക്ഷത്തിന്റെ വികാരം പ്രതിഫലിപ്പിക്കുന്ന എഴുത്തുശൈലിയാണ് ഗ്രേസിയുടേത്. സ്ത്രീ ശരീരത്തെയും ലൈംഗീകതയെയും കുറിച്ചുള്ള തുറന്നെഴുത്തുകൾ ഗ്രേസിയുടെ നിരവധി കഥകളിൽ കാണാം. എന്നാൽ, മലയാളത്തിലെ മറ്റുള്ള എഴുത്തുകാരികളുടെ പതിവ് രീതികളിൽ നിന്ന് മാറിനടന്നു, വേറിട്ട വിഷയങ്ങളിലൂടെയും ശൈലിയിലൂടെയും കഥകൾ എഴുതുന്നത് ഗ്രേസിയെ വ്യത്യസ്തയാക്കി.ലളിതാംബിക അന്തർജ്ജനം അവാർഡും (1995) തോപ്പിൽ രവി പുരസ്കാരവും (1997, ഭ്രാന്തൻപൂക്കൾ എന്ന കൃതിക്ക്‌) ലഭിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ഒറിയ എന്നീ ഭാഷകളിലേക്ക് കഥകൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുത്ത പത്തൊൻപതു കഥകളുടെ സമാഹാരം “ഇപ്പോൾ പനിക്കാലം” എന്നപേരിൽ തമിഴിൽ പുറത്തിറങ്ങിയിട്ടുണ്ട്. “പാഞ്ചാലി” എന്ന കഥയ്ക്ക് 1998-ഇലെ മികച്ച മലയാള കഥയ്ക്കുള്ള കഥാ‍ അവാർഡ് (ഡെൽഹി) ലഭിച്ചു. ആദ്യസമാഹാരമായ പടിയിറങ്ങിപ്പോയ പാർവ്വതി 1991-ൽ പ്രസിദ്ധപ്പെടുത്തി.

മലയാളഭാഷയിലെ ഒരു മഹാകവിയാണ് ചങ്ങമ്പുഴ എന്നറിയപ്പെടുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള. ഇദ്ദേഹം 1911 ഒക്ടോബർ 10-ന്‌ ജനിച്ചു. ഇദ്ദേഹത്തിന്റെ ജന്മദേശം ഉത്തരതിരുവിതാംകൂറിൽപ്പെട്ട (ഇപ്പോൾ എറണാകുളം ജില്ലയിൽ) ഇടപ്പള്ളിയാണ്‌. ഇടപ്പള്ളി ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ്‌ മാതാവ്‌. തെക്കേടത്തു വീട്ടിൽ നാരായണ മേനോൻ പിതാവും. ഒരു നിർധനകുടുംബത്തിലെ അംഗമായി ജനിച്ച ചങ്ങമ്പുഴ ബാല്യകാലവിദ്യാഭ്യാസം വളരെ ക്ലേശകരമായാണ്‌ നിർവ്വഹിച്ചത്‌. ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂൾ, ശ്രീകൃഷ്ണവിലാസ്‌ ഇംഗ്ലീഷ്‌ മീഡിയം സ്കൂൾ, ആലുവ സെന്റ് മേരീസ്‌ സ്കൂൾ, എറണാകുളം സർക്കാർ ഹൈസ്കൂൾ, സെന്റ്‌ ആൽബർട്ട്സ് സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യയനം നടത്തി അദ്ദേഹം ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈസ്കൂൾ വിദ്യാഭ്യാസം അവസാനിച്ച കാലത്താണ്‌ അദ്ദേഹത്തിന്റെ സുഹൃത്തും ഇടപ്പള്ളിപ്രസ്ഥാനത്തിന്റെ ജനയിതാക്കളിൽ ഒരാളും കവിയുമായിരുന്ന ഇടപ്പള്ളി രാഘവൻപിള്ള ആത്മഹത്യ ചെയ്തത് . ഈ സംഭവം ചങ്ങമ്പുഴയുടെ ജീവിതത്തെ അഗാധമായി സ്പർശിച്ചു. 'രമണൻ' എന്ന വിലാപ കാവ്യം എഴുതുന്നതിന് ഈ സംഭവം പ്രേരണയായി. ആ കൃതി മലയാളത്തിൽ അതിപ്രശസ്തമായി. എറണാകുളം മഹാരാജാസ്‌ കോളേജിലും തുടർന്ന് തിരുവനന്തപുരം ആർട്ട്സ്‌ കോളേജിലും പഠിച്ച്‌ അദ്ദേഹം ഓണേഴ്സ്‌ ബിരുദം നേടി. മഹാരാജാസ്‌ കോളേജിൽ പഠിക്കുന്നകാലത്തുതന്നെ ചങ്ങമ്പുഴ പ്രശസ്തനായ കവിയായിത്തീർന്നിരുന്നു. പല പ്രസിദ്ധകൃതികളും അന്നു പുറത്തുവന്നിരുന്നു. സ്വന്തം വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീദേവി അമ്മയെ വിവാഹം ചെയ്‌തു. പഠനത്തിനുശേഷം ദുർവ്വഹമായ സാമ്പത്തിക ക്ലേശം നിമിത്തം യുദ്ധസേവനത്തിനുപോയി. അധികനാൾ അവിടെ തുടർന്നില്ല. രണ്ടുവർഷത്തിനു ശേഷം രാജിവെച്ചു മദിരാശിയിലെ ലോ കോളേജിൽ ചേർന്നു. എങ്കിലും പഠനം മുഴുമിക്കാതെ തന്നെ നാട്ടിലേക്കുമടങ്ങി. പിൽക്കാലത്ത്‌ ചങ്ങമ്പുഴയെ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്കു നയിച്ച പല കൃതികളും ഇക്കാലത്താണ്‌ രചിക്കപ്പെട്ടത്‌. ഇതിനിടെ മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായും അദ്ദേഹം ജോലി ചെയ്തു. അനന്തരം അദ്ദേഹം എഴുത്തിൽ മുഴുകി ഇടപ്പള്ളിയിൽ സകുടുംബം താമസിച്ചു. ഉൽക്കണ്ഠാകുലമായ പല പരിവർത്തനങ്ങൾക്കും വിധേയമാവുകയായിരുന്നു പിന്നീടദ്ദേഹത്തിന്റെ ജീവിതം. ആദ്യം വാതരോഗവും തുടർന്നു ക്ഷയരോഗവും പിടിപെട്ടു. എന്തും സഹിച്ചും ജീവിതം ആസ്വദിക്കുവാൻ അതീവതാൽപര്യം കാണിച്ച ആ മഹാകവി മരണവുമായി അനുക്ഷണം അടുക്കുകയായിരുന്നു അപ്പോൾ. നാളുകൾ അധികം നീങ്ങിയില്ല. കേരളത്തിലെ സഹൃദയലോകത്തെയാകെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട്‌, 1948 ജൂൺ 17-ആം തീയതി ഉച്ചതിരിഞ്ഞ്‌ തൃശ്ശൂർ മംഗളോദയം നഴ്സിങ്ങ്‌ ഹോമിൽവച്ച്‌, ഈ ലോകത്തോട്‌ അദ്ദേഹം യാത്രപറഞ്ഞു. 37 വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. സ്വന്തം നാടായ ഇടപ്പള്ളിയിൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഇടപ്പള്ളിയിൽ ചങ്ങമ്പുഴ സാംസ്കാരിക സമിതി, കലാവേദി, ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല, പാർക്ക് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വർഷം തോറും ചങ്ങമ്പുഴയുടെ ഓർമ്മയ്ക്ക് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു പോരുന്നു. 2017-ൽ കൊച്ചി മെട്രോ പ്രവർത്തനമാരംഭിച്ചപ്പോൾ ചങ്ങമ്പുഴ പാർക്ക് ആസ്ഥാനമായി ഒരു റെയിൽവേ സ്റ്റേഷനും നിലവിൽ വന്നിരുന്നു. കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉൾപ്പെടെ അമ്പത്തിയേഴു കൃതികൾ ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്‌. അതിമനോഹരങ്ങളായ കാവ്യങ്ങൾ കൊണ്ടുതന്നെയാവാം ജോസഫ് മുണ്ടശ്ശേരി അദ്ദേഹത്തെ 'നക്ഷത്രങ്ങളുടെ പ്രേമഭാജനം' എന്നു വിശേഷിപ്പിച്ചത്. തന്റെ മറ്റു കൃതികളിൽ നിന്നു വ്യത്യസ്തമായി 'വാഴക്കുല'യിൽ സാമൂഹ്യ അസമത്വങ്ങളോട് പ്രതികരിക്കാനുള്ള ആഹ്വാനം കാണാനാകും.

മലയാളത്തിലെ പ്രശസ്തയായ എഴുത്തുകാരിയാണ് ചന്ദ്രമതി. അച്ഛൻ: വി. ഭാസ്കരൻ നായർ. അമ്മ: തങ്കം. ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. (ഫസ്റ്റ് ക്ലാസും) പി.എച്.ഡി യും നേടിയിട്ടുണ്ട്. തിരുവനന്തപുരം ആൾ സെയിന്റ്സ് കോളെജിൽ അദ്ധ്യാപിക. സാഹിത്യ അക്കാദമിയുടെ മധ്യകാല ഭാരതീയ സാഹിത്യത്തിന്റെ എക്സിക്യുട്ടീവ് എഡിറ്ററായിരുന്നു. ബ്രിട്ടീഷ് കൌൺസിൽ വിസിറ്റർഷിപ്പിൽ ഇംഗ്ലണ്ട്, ഫ്രാൻസ്, ശ്രീലങ്ക, സിംഗപ്പൂർ, ഓസ്ട്രേലിയ, നെതർലാന്റ്സ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. ലണ്ടനിലെ കോമൺ‌വെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ശതാബ്ദി സെമിനാറിലും ഓസ്ട്രേലിയയിലെ ലോക സ്ത്രീനാടക സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്. 1999-ൽ മികച്ച ചെറുകഥാ സമാഹാരത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന സംസ്കൃതനാടകവിവർത്തകനും കവിയുമാണ് ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ (1857 - 1905). 1857-ൽ ചിറ്റൂർതാലൂക്കിൽ ചമ്പത്തിൽ കുടുംബത്തിൽ ജനിച്ചു. പിതാവ് പാലക്കാട്ട് കേനാത്തുവീട്ടിൽ ചാമുമേനോൻ. മാതാവ് അമ്മു മന്നാടിശ്ശ്യാർ. സംസ്കൃത പണ്ഡിതനായ അപ്പു എഴുത്തശ്ശനു കീഴിൽ കാവ്യപരിചയം സമ്പാദിച്ചതിനുശേഷം ഉപരിപഠനത്തിനായി തൃശ്ശിവപേരൂർ ചെന്ന് വെങ്കിടാദ്രിശാസ്ത്രികളുടെ ശിഷ്യനായി.തിരുവിതാംകൂറിൽ പുതിയതായേർപ്പെടുത്തിയ വക്കീൽ പരീക്ഷ ജയിച്ച് 1880 മുതൽ രണ്ടു ‍വർഷക്കാലം മൂവാറ്റുപുഴ മുൻസിഫ്‌കോടതിയിൽ വക്കീലായി ജോലിനോക്കി. പിന്നീട് കൊച്ചിയിലെ വക്കീൽ പരീക്ഷ ജയിച്ചു. തൃശ്ശിവപേരുർ അപ്പീൽകോടതിയിൽ വ്യവഹരിക്കുന്നതിന്‌ അവിടെ താമസമുറപ്പിച്ചു. അക്കാലത്താണ് ഇദ്ദേഹത്തിന്റെ സാഹിത്യപ്രവർത്തനം പുഷ്കലമാവുന്നത്. കുറേക്കാലം കേരളനന്ദിനി മാസികയുടെ പത്രാധിപരായിരുന്നു. മന്നാടിയാരുടെ സാഹിത്യ കൃതികളിൽ ശ്രദ്ധേയമായത് ഭവഭൂതിയുടെ ഉത്തരരാമചരിതം നാടകത്തിന്റെ വിവർത്തനമാണ്‌. ഇതു കൂടാതെ ജാനകീപരിണയം നാടകവും ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ടും ഇദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. സംഗീതനാടകവേദികളിലെ ജനപ്രിയ നാടകങ്ങളായിരുന്നു ഉത്തര രാമചരിതവും ജാനകീപരിണയവും. ഇവ കൂടാതെ പുഷ്പഗിരീശ സ്തോത്രം എന്ന ഒരു സംസ്കൃത കൃതിയും മന്നാടിയാരുടേതായിട്ടുണ്ട്. പൂങ്കുന്നിലെ ദേവനെ സ്തുതിച്ചുകൊണ്ട് എഴുതിയതാണിത്. സാഹിത്യം പോലെ തന്നെ സംഗീതത്തിലും അദ്ദേഹത്തിന്‌ അഭിരുചി ഉണ്ടായിരുന്നു. സമുദായ പരിഷ്കരണ ശ്രമങ്ങളിലും മന്നാടിയാർ പങ്കെടുത്തിരുന്നുവെന്ന് പറയപ്പെടുന്നു. ആദ്യത്തെ ആരോഗ്യവകുപ്പ് മന്ത്രി, എ.ആർ. മേനോൻ അമ്പാട്ട് അദ്ദേഹത്തിന്റെ പുത്രനാണ്‌. 1905-ൽ അന്തരിച്ചു.

ഒരു മലയാളകവിയും അധ്യാപകനുമായിരുന്നു ചെമ്മനം ചാക്കോ (1926 മാർച്ച്‌ 7 - 2018 ഓഗസ്റ്റ് 15). വിമർശഹാസ്യമായിരുന്നു ഇദ്ദേഹത്തിന്റെ കവിതകളുടെ പ്രത്യേകത. അൻപതിലേറെ കൃതികൾ രചിച്ചിട്ടുള്ള ചെമ്മനത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2018 ആഗസ്റ്റ് 15-ന് പുലർച്ചെ അന്തരിച്ചു. 1940-കളുടെ തുടക്കത്തിൽ സാഹിത്യ പ്രവർത്തനം ആരംഭിച്ചു . 1946-ൽ ചക്രവാളം മാസികയിൽ "പ്രവചനം "എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചു. വിളംബരം എന്ന കവിതാസമാഹാരം 1947-ലും പ്രസിദ്ധീകരിച്ചു . 1965-ൽ പ്രസിദ്ധീകരിച്ച "ഉൾപ്പാർട്ടി യുദ്ധം" കവിത മുതൽ വിമർശഹാസ്യം സ്വന്തം തട്ടകമായി തെരഞ്ഞെടുത്തു. 1967-ൽ കനകാക്ഷരങ്ങൾ എന്ന വിമർശകവിതാ സമാഹാരം പ്രസിദ്ധീകരിച്ചതോടെ പ്രസിദ്ധനായി. കാവ്യഭംഗിയേക്കാളേറെ വിഷയത്തിന്റെ കാലിക പ്രസക്തിയാണ്‌ അദ്ദേഹത്തിന്റെ കൃതികളെ ശ്രദ്ധേയമാക്കുന്നത്‌. തനിക്കു ചുറ്റും നടക്കുന്ന സംഭവങ്ങളെ നേരിട്ടും ആക്ഷേപ ഹാസ്യബിംബങ്ങളിലൂടെയും വിമർശിക്കുന്ന ശൈലിയാണ്‌ ഇദ്ദേഹത്തിന്റേത്‌. ഹാസ്യകവിതാകുലപതിയായ കുഞ്ചൻ നമ്പ്യാർ കഴിഞ്ഞാൽ , മലയാള ഹാസ്യകവിതയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ളത് ചെമ്മനം ആണെന്നു പറയാം. ആധുനിക കേരളിയ സമൂഹത്തിന്റെ ചിത്രീകരണം ഇത്രയധികം മറ്റൊരു സമകാലിക കവിയുടെ കവിതയിലും കാണുകയില്ല . വിമർശസാഹിത്യത്തിലൂടെ ചെമ്മനം ഒട്ടേറെ വിവാദങ്ങളും വിളിച്ചുവരുത്തിയിട്ടുണ്ട്‌. പത്രലോകത്തെ തെറ്റുകുറ്റങ്ങൾ വിമർശന വിധേയമാക്കിയതിനെത്തുടർന്ന് കേരളത്തിലെ, ഏറ്റവും പ്രചാരമേറിയ മാധ്യമമായ മലയാള മനോരമ പ്രസിദ്ധീകരണങ്ങൾ ഏറെക്കാലം ചെമ്മനത്തിന്റെ കൃതികൾ തമസ്കരിച്ചിരുന്നു. ഇവർ പിന്നീട്‌ യോജിപ്പിലെത്തി.

പ്രമുഖ മലയാള കവിയാണ് ചെറിയാൻ കെ. ചെറിയാൻ (ജനനം : 24 ഒക്ടോബർ 1932). കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ചെറിയാന്റെയും ആനിയമ്മയുടെയും മകനായി കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ചു. കേരള യുണിവേഴ്‌സിറ്റിയിൽ നിന്നും കൽക്കത്ത യുണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദങ്ങൾ നേടിയ ചെറിയാൻ വടവുകോട്‌ രാജർഷി മെമ്മോറിയൽ ഇംഗ്ലീഷ്‌ ഹൈസ്‌കൂളിൽ അദ്ധ്യാപകനായും മലയാള മനോരമ ദിനപത്രത്തിന്റെ ഉപ പത്രാധിപരായും ജോലി നോക്കി. കേന്ദ്ര വാണിജ്യ മന്ത്രി കാര്യാലയത്തിലെ പ്രസിദ്ധീകരണവകുപ്പിലും പ്രദർശന വകുപ്പിലും ജോലി ചെയ്തു. 1973 മുതൽ ന്യൂയോർക്കിൽ നഗര കാര്യാലയത്തിന്റെ ശിശുപരിപാലന വകുപ്പിലെ ഉദ്യോഗസ്‌ഥനായിരുന്നു.

മലയാളത്തിലെ നോവലിസ്റ്റും നാടകകൃത്തും. കമ്മ്യൂണിസ്റ്റ് സഹയാത്രികനും പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ നായകനുമായിരുന്നു ചെറുകാട് എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഗോവിന്ദപിഷാരോടി (ഓഗസ്റ്റ് 26, 1914 - ഒക്ടോബർ 28, 1976). പട്ടാമ്പി ഗവ. കോളേജിൽ മലയാളവിഭാഗത്തിൽ അദ്ധ്യാപകനായിരുന്നു. പരമ്പരാഗതരീതിയിൽ സംസ്കൃതവും വൈദ്യവും പഠിച്ച ഗോവിന്ദപിഷാരോടി പ്രൈമറി സ്കൂൾ അദ്ധ്യാപകനായാണു് ഔദ്യോഗികജീവിതം ആരംഭിച്ചതു്. രാഷ്ട്രീയപ്രവർത്തനത്തെത്തുടർന്നു് സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു. ജീവിതപ്പാത എന്ന ആത്മകഥയ്ക്കു് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ടു്. മലങ്കാടൻ എന്ന പേരിൽ ഹാസ്യകവിതകൾ എഴുതിയിരുന്നു. പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യകാലനേതാക്കളിൽ ഒരാളായിരുന്നു ചെറുകാട്. "സമൂഹത്തിന്റെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നതായിരിക്കണം സാഹിത്യരചന" എന്നതായിരുന്നു ചെറുകാടിന്റെ വിശ്വാസപ്രമാണം. തന്റെ ചുറ്റിലും നടക്കുന്നതും തനിക്ക് സുപരിതവുമായ ജീവിതത്തെയാണ് അദ്ദേഹം സാഹിത്യത്തിലേക്ക് പിടിച്ചുകയറ്റിയത്. മണ്ണിനെ അറിഞ്ഞുകൊണ്ട് സാഹിത്യരചന നടത്തിയ അദ്ദേഹം ആത്മകഥയായ ജീവിതപ്പാതയിലൂടെ മലയാളസാഹിത്യത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്.

ക്രിസ്തുവർഷം 15-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാള കവിയാണ് ചെറുശ്ശേരി നമ്പൂതിരി (1375-1475). ഉത്തര കേരളത്തിൽ പഴയ കുരുമ്പനാട് താലൂക്കിലെ വടകരയിൽ ചെറുശ്ശേരി ഇല്ലത്തിൽ ജനിച്ചു. അങ്ങനെ ഒരില്ലം ഇന്നില്ല. 18-ആം നൂറ്റാണ്ടിലുണ്ടായ മൈസൂർ പടയോട്ടക്കാലത്ത് ഉത്തരകേരളത്തിൽനിന്ന് അനേകം നമ്പൂതിരി കുടുംബങ്ങൾ സ്ഥലം വിട്ടു. കൂട്ടത്തിൽ നശിച്ചുപോയതാവണം ചെറുശ്ശേരി ഇല്ലം. ചെറുശ്ശേരി ഇല്ലം പുനം ഇല്ലത്തിൽ ലയിച്ചുവെന്നും ഒരഭിപ്രായമുണ്ട്. കൃഷ്ണഗാഥയുടെ കർത്താവ് ചെറുശ്ശേരി നമ്പൂതിരിയാണെന്ന് 1881-ൽ പുറത്തിറങ്ങിയ ഭാഷാചരിത്രത്തിൽ പി. ഗോവിന്ദപിള്ള അഭിപ്രായപ്പെട്ടിരിക്കുന്നു. പ്രാചീന കവിത്രയത്തിൽ ഒരാളായിരുന്നു ഇദ്ദേഹം. ക്രി.വ 1466-75 കാലത്ത് കോലത്തുനാടു ഭരിച്ചിരുന്ന ഉദയവർമന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. ഭക്തി, ഫലിതം, ശൃംഗാരം എന്നീ ഭാവങ്ങളാണു ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ ദർശിക്കാനാവുന്നത്. സമകാലീനരായിരുന്ന മറ്റ് ഭാഷാകവികളിൽ നിന്നു ഒട്ടും വ്യത്യസ്തമായിരുന്നില്ല ഈ ശൈലി. എങ്കിലും സംസ്കൃത ഭാഷയോട് കൂടുതൽ പ്രതിപത്തി പുലർത്തിയിരുന്ന മലനാട്ടിലെ കവികൾക്കിടയിൽ ഭാഷാകവി എന്നിരിക്കെയും ഏറെ പ്രശസ്തനായിരുന്നു ചെറുശ്ശേരി. കൃഷ്ണഗാഥയാണു പ്രധാനകൃതി. മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാൻ കഴിയുന്നത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലൂടെയാണ്. സംസ്കൃത പദങ്ങളും തമിഴ് പദങ്ങളും ഏറെക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാള ഭാഷയിലാണു കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിന്റെ ചരിത്രത്തിൽ കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്. മാനവിക്രമൻ സാമൂതിരിയുടെ സദസ്സിലെ അംഗമായിരുന്ന പൂനം നമ്പൂതിരി തന്നെയാണു് ചെറുശ്ശേരി നമ്പൂതിരിയെന്നു് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടു കാണുന്നുണ്ട്. ഗാഥാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും കൂടിയാണ് ഇദ്ദേഹം.

കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, ചലച്ചിത്ര നടൻ, പത്രപ്രവർത്തകൻ, തായമ്പക വിദ്ഗധൻ തുടങ്ങി നിരവധി മേഖലകളിൽ പ്രസിദ്ധനായ ഒരു വ്യക്തിയാണ് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി. ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെയും ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലെയും കഴകകുടുംബമായ ചൊവ്വല്ലൂർ വാര്യത്തെ അംഗമായ കൃഷ്ണൻകുട്ടി ഏതാനും ചലച്ചിത്രങ്ങൾക്കും നിരവധി ആൽബങ്ങൾക്കും രചന നിർവ്വഹിച്ചിട്ടുണ്ട്. ഭക്തിഗാനരചയിതാവ് എന്ന നിലയിലാണ് അദ്ദേഹം കൂടുതൽ ശ്രദ്ധേയനായത്. 1936 സെപ്റ്റംബർ 10-ന് തൃശ്ശൂർ ജില്ലയിലെ ക്ഷേത്രനഗരമായ ഗുരുവായൂരിനടുത്തുള്ള ചൊവ്വല്ലൂരിൽ കൊടങ്ങല്ലൂർ വാരിയത്ത് ശങ്കുണ്ണിവാരിയരുടെയും ചൊവ്വല്ലൂർ പാറുക്കുട്ടിവാരസ്യാരുടെയും മകനായാണ് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ജനിച്ചത്. വീടിനടുത്തുള്ള സ്കൂളിലും തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിലും വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം 1959-ൽ ജോസഫ് മുണ്ടശ്ശേരി നടത്തിയിരുന്ന നവജീവൻ പത്രത്തിൽ സബ് എഡിറ്ററായി ജോലി ആരംഭിച്ചു. തികഞ്ഞ ഇടതുപക്ഷ അനുഭാവിയായിരുന്ന കൃഷ്ണൻകുട്ടയ്ക്ക്, മുണ്ടശ്ശേരിയുടെയും എം.ആർ.ബി.യുടെയും ലേഖനങ്ങൾ കേട്ടെഴുതുന്നതായിരുന്നു ജോലി. 1963-ൽ ഗുരുവായൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സ്വതന്ത്രമണ്ഡപം എന്ന പത്രത്തിന്റെ എഡിറ്ററുമായി. 1966-ൽ മലയാള മനോരമയുടെ കോഴിക്കോട് യൂണിറ്റിൽ സബ് എഡിറ്ററായി ചേർന്നു. 2004-ൽ അസിസ്റ്റന്റ് എഡിറ്ററായി വിരമിയ്ക്കും വരെ അദ്ദേഹത്തിന്റെ പത്രപ്രവർത്തനം തുടർന്നു. സരസ്വതി വാരസ്യാരാണ് ചൊവ്വല്ലൂരിന്റെ ഭാര്യ. ഇവർക്ക് ഉഷ എന്നൊരു മകളും ഉണ്ണികൃഷ്ണൻ എന്നൊരു മകനുമുണ്ട്.

മലയാളത്തിലെ ഒരു നാടക അഭിനേതാവും രചയിതാവുമായിരുന്നു ജഗതി എൻ.കെ. ആചാരി (1924–1997). മലയാളചലച്ചിത്രങ്ങളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. മലയാളചലച്ചിത്രനടനായ ജഗതി ശ്രീകുമാർ ഇദ്ദേഹത്തിന്റെ മകനാണ്. മലയാള റേഡിയോ നാടകങ്ങൾ ഉൾപ്പെടെ നിരവധി നാടകങ്ങൾ രചിക്കുകയും റേഡിയോ നാടകങ്ങൾക്ക് ശബ്ദം നൽകുകയും ചെയ്തിരുന്നു. ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടിവായും പ്രവർത്തിച്ചു. കേരളത്തിലെ ഒരു സ്ഥിരം നാടകവേദിയായ കലാനിലയം നാടകസമിതിയുടെ ഒരു പാർട്ണറുമായിരുന്നു. കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാർ തുടങ്ങിയ നാടകങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മൂന്നാം പക്കം, ദേശാടനക്കിളി കരയാറില്ല, വേലുത്തമ്പി ദളവ തുടങ്ങിയ ചലച്ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചു. 1997-ൽ 73-ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു.

കേരളത്തിലെ ഒരു പ്രമുഖ കവിയും ഗാന്ധിയനും അദ്ധ്യാപകനുമാണ് ജി.കുമാരപിള്ള (22 ആഗസ്റ്റ് 1923 – 17 സെപ്റ്റംബർ 2000). കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. കോട്ടയത്തിനടുത്തുള്ള വെന്നിമലയിൽ ജനിച്ചു. അച്ഛൻ പെരിങ്ങര പി.ഗോപാലപിള്ള. അമ്മ പാർവ്വതിഅമ്മ. ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ നിന്ന് ബിരുദമെടുത്തു. മുംബൈയിൽ ഗുമസ്തനായും സെക്രട്ടേറിയറ്റിൽ ക്ലാർക്കായും ജോലി നോക്കി. യൂണിവേഴ്സിറ്റി കോളേജിൽ ലക്ചറർ ആയിരുന്നു. പൗരാവകാശം, മദ്യനിരോധനം, ഗാന്ധിമാർഗ്ഗം തുടങ്ങിയ മേഖലകളിൽ സജീവമായി പ്രവർത്തിച്ച ഒരു തികഞ്ഞ ഗാന്ധിയനായിരുന്നു ജി. കുമാരപ്പിള്ള. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗമായിരുന്നു. അരവിന്ദന്റെ ഉത്തരായനം എന്ന സിനിമയിലെ 'ഹൃദയത്തിൻ രോമാഞ്ചം' എന്നു തുടങ്ങുന്ന ഗാനം കുമാരപിള്ളയുടെ കവിതയാണ്.

1932-ൽ തിരുവനന്തപുരം ജില്ലയിലെ കോവളത്തിനടുത്ത് കോളിയൂർ ഗ്രാമത്തിൽ ജനിച്ചു. അച്ഛൻ: എൻ. ഗോവിന്ദൻ. അമ്മ: കെ. ലക്ഷ്മി. എം.എ. ജയിച്ചശേഷം ആകാശവാണിയിൽ അനൌൺസറായി ഉദ്യോഗത്തിൽ പ്രവേശിച്ചു. പിന്നീട് ന്യൂസ് റീഡർ ആയി. അതിനുശേഷം സംസ്ഥാന പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ സാംസ്കാരിക വികസന ആഫീസണറും (കൾച്ചറൽ ഡെവലപ്മെന്റ് ഓഫീസറും) പിന്നാലെ ഡയറക്ടറുമായി. കേരള സ്റ്റേറ്റ് ഫിലിം ഡെവെലപ്മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി സർക്കാർ സേവനത്തിൽ നിന്നും വിരമിച്ചു. അദ്ദേഹം ഡയറക്ടറായിരിക്കുമ്പൊഴാണ് ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥാപിച്ചത്. വിരമിച്ചശേഷം കേരള കൗമുദിയിൽ അസിസ്റ്റന്റ് എഡിറ്ററായി ജോലിചെയ്തു. ചെറുകഥ, നോവൽ, നാടകം എന്നീ‍ വിഭാ‍ഗങ്ങളിലായി 50-ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ശ്രുതിഭംഗം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

മലയാളത്തിലെ ഒരു കവിയും ഉപന്യാസകാരനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്നു ജി. ശങ്കരക്കുറുപ്പ്. ജ്ഞാനപീഠ പുരസ്കാരം നേടുന്ന ആദ്യ മലയാള സാഹിത്യകാരനാണ് ശങ്കരക്കുറുപ്പ്. 1901 ജൂൺ 3-ന്‌, നെല്ലിക്കാമ്പളളി വാര്യത്ത് ശങ്കരവാര്യരുടേയും വടക്കിനി മാരാത്ത് ലക്ഷ്മിക്കുട്ടി വാരാസ്യാരുടേയും മകനായി എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് ജനിച്ചു. 17-ആം വയസ്സിൽ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. 1937-ൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. 1956-ൽ അദ്ധ്യാപകജോലിയിൽ നിന്നും വിരമിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു. 1978 ഫെബ്രുവരി 2-ന്‌ അന്തരിച്ചു. അദ്ദേഹത്തിന് അഞ്ച് വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. കഠിനമായ അധ്വാനമാണ് കുടുംബത്തെ രക്ഷിച്ചത്. തുടർന്ന് അമ്മാവനാണ് അദ്ദേഹത്തെ വളർത്തിയത്. അമ്മാവൻ ആണ് മൂന്നാം വയസിൽ എഴുത്തിനിരുത്തിയത്. സംസ്കൃതത്തിലെ ആദ്യ പാഠങ്ങൾ മുതൽ രഘു വംശത്തിലെ ഏതാനും പദ്യങ്ങൾ വരെ അമ്മാവൻ പഠിപ്പിച്ചു. തുടർന്ന് പെരുമ്പാവൂരിലെ മലയാളം സ്കൂളിൽ ചേർന്ന് ഏഴാം ക്ലാസ് പാസായി. അന്ന് ഏഴാം ക്ലാസ് പാസാകുന്നവർക്ക് പ്രൈമറി ക്ളാസ്സിലെ അധ്യാപകൻ ആകാമായിരുന്നു എന്നിട്ടും ജി. മൂവാറ്റുപുഴയിലുള്ള വെർണകുലർ ഹയർ സെക്കണ്ടറിക്ക് (വി. എച്ച് ) ചേർന്നു. അതിന് ശേഷം പണ്ഡിത പരീക്ഷയും തുടർന്ന് വിദ്വാൻ പരീക്ഷയും പാസായി.

മലയാള നാടകകൃത്തും സംവിധായകനും ആയിരുന്നു പ്രൊഫ. ജി. ശങ്കരപ്പിള്ള. പരീക്ഷണാത്മകനാടകത്തിന്റെ വക്താവായിരുന്നു അദ്ദേഹം. നാടകക്കളരി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ നാലുതട്ടുവിളവിൽ ഒറ്റവീട്ടിൽ വി. ഗോപാലപിള്ളയുടേയും മുട്ടയ്ക്കാല് കമലാക്ഷിയമ്മയുടേയും മകനായി 1930 ജൂൺ 22-ന് ജനിച്ചു. 1960-കളിൽ മലയാള നാടകവേദിയിൽ പരിഷ്ക്കാരങ്ങൾക്കായി നിരവധി സെമിനാറുകളും ചർച്ചകളും സംഘടിപ്പിച്ചു. 1977- കോഴിക്കോട് സർവകലാശാലയിൽ സ്കൂൾ ഓഫ് ഡ്രാമ സ്ഥാപിച്ചു, അതിന്റെ മേധാവി ആയിരുന്നു. 1989-ലെ പുതുവത്സരദിനത്തിൽ അദ്ദേഹം അന്തരിച്ചു.

മലയാളത്തിലെ ജനപ്രിയ എഴുത്തുകാരിൽ പ്രമുഖനാണ് ജോയ്സി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ജോയ് സി. (ചൊവാറ്റ്കുന്നേൽ). മംഗളം, മനോരമ വാരികകളിൽ എഴുതിയിരുന്ന നോവലുകളിലൂടെയാണ് ജോയ്സി ജനപ്രിയനായത്. ജേസി ജൂനിയർ, ജോസി വാഗമറ്റം, സി.വി നിർമ്മല എന്നീ തൂലികാ നാമങ്ങളിലും ഇദ്ദേഹം നോവലുകൾ രചിച്ചിട്ടുണ്ട്.

സാഹിത്യവിമർശകനും മലയാളം പ്രൊഫസറും സാഹിത്യഗവേഷകനുമാണ്‌ ഡോ. ജോർജ് ഇരുമ്പയം. മലയാള സംരക്ഷണവേദി പ്രസിഡന്റും സാഹിത്യനിരൂപണം ത്രൈമാസികാപത്രാധിപരുമായി വളരെക്കാലം പ്രവർത്തിച്ചു. ജനനം1938 ഡിസംബർ 19. കോട്ടയം ജില്ലയിലെ ഇരുമ്പയത്ത് വൈക്കം പൂവത്തുങ്കൽ വർക്കി-അന്നമ്മ ദമ്പതികളുടെ നാലു മക്കളിൽ മൂത്തയാൾ. കാരിക്കോട്-പൊതി-തലയോലപ്പറമ്പു-സ്കൂളുകളിലും (1945-56) പാലാ(56-57) തേവര(58-61) യൂണിവേഴ്സിറ്റി(61-62) മഹാരാജാസ്(62-63) കോളജുകളിലും പഠിച്ചു. കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നു മലയാളത്തിലും ഇംഗ്ളീഷിലും മധുര യൂണിവേഴ്സിറ്റിയിൽ നിന്നു ഗാന്ധിയൻചിന്തയിലും എംഎ, കാലിക്കറ്റിൽനിന്നു പി.എച്ച്ഡി, ബിഎ &എംഎ ഒന്നാം റാങ്കിനു ടി.കെ.ജോസഫ്-ഡോ. ഗോദവർമ്മ പുരസ്ക്കാരങ്ങൾ. 1963 മുതൽ കോളജധ്യാപകൻ. കോഴിക്കോടു-തലശ്ശേരി ഗവ. കോളജുകളിൽ മലയാളം പ്രൊഫസറായിരുന്നു. എറണാകുളം മഹാരാജാസിൽനിന്നു വകുപ്പു തലവനായി(1986-94) റിട്ടയർ ചെയ്തു. നോവലുകളും നിരൂപണഗ്രന്ഥങ്ങളും മറ്റും എഡിറ്റു ചെയ്തു. കേരളാ ഡൈജസ്റ്റ്, കോലായ, സാഹിത്യപരിഷത്ത് ത്രൈമാസികം, സംസ്കാരകേരളം എന്നീ ആനുകാലികങ്ങളുടെ പത്രാധിപസമിതി അംഗമായിരുന്നു. കാലിക്കറ്റ് ബുക്ക്-ക്ളബ്ബ് പ്രസിഡന്റായും പ്രവർത്തിച്ചു. പല[വിശദമാക്കുക] സർക്കാർ - യൂണിവേഴ്സിറ്റി-കമ്മിറ്റികളിലും അക്കാദമിക് കൗൺസിലുകളിലും അംഗമായിരുന്നു. ഗവേഷണത്തിനിടയ്ക്കു കേരളത്തിൽ അടിച്ചിറക്കിയ ആദ്യ മലയാളകൃതിയും (ചെറുപൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽ നിന്നു പരിഭാഷപ്പെടുത്തിയ കഥകൾ, 1824) ആദ്യ ലത്തീൻ ക്രൈസ്തവനോവലും(പരിഷ്കാരപ്പാതി,1906) കണ്ടെടുത്തു. ഗാന്ധി ആത്മകഥാവിവർത്തനം നാലുവർഷംകൊണ്ടു നാലുലക്ഷം കോപ്പി വിറ്റഴിഞ്ഞു.

നോവലിസ്റ്റ്, കഥാകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ജോർജ്ജ് ഓണക്കൂർ 1941 നവംബർ 16ന്‌ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്കടുത്ത് ജനിച്ചു. സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയർമാൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടറായി സേവനം അനുഷ്ഠിച്ചതിനാൽ ജവഹർലാൽ നെഹ്റു അവാർഡ് ലഭിച്ചിട്ടുണ്ട്. കൌമുദി വാരികയുടെ ബാലപംക്തിയിലാണ് ആദ്യത്തെ കഥ വന്നത്. അത് പിന്നീട് ‘അകലെ ആകാശം‘ എന്ന നോവലായി. കൌമുദിയുമായുള്ള അടുപ്പം വിദ്യാർഥിരാഷ്ട്രീയത്തിലേക്കെത്തിച്ചുവെങ്കിലും എഴുത്തിന്റെ വഴി തിരിച്ചറിഞ്ഞ് മടങ്ങിവന്നു. മൂവാറ്റുപുഴ നിർമ്മലാ കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും തുടർന്ന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ജോലിയും നേടി. കേരളഭാഷാഗംഗ’ യാണ് ആദ്യം പ്രസിദ്ധീകരിച്ച ഗ്രന്ഥം. ‘ഉൾക്കടലി’ന്റെ പ്രസിദ്ധീകരണത്തോടെ നോവൽ രചയിതാക്കളുടെ മുൻപന്തിയിൽ എത്തി. എഴുപതുകളിൽ നടന്ന പ്രൈവറ്റ് കോളേജ് അദ്ധ്യാപകസമരത്തെ ആസ്പദമാക്കി എഴുതിയ നോവലാണ് ‘സമതലങ്ങൾക്കപ്പുറം’. ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള നോവലാണ് ‘പർവ്വതങ്ങളിലെ കാറ്റ്’. കൽത്താമര എന്ന നോവൽ ഓർക്കിഡ് എന്ന പേരിൽ വിവർത്തനം ചെയ്തത് അമേരിക്കയിലെ അറ്റ്ലാന്റാ യൂണിവേഴ്സിറ്റിയിൽ പഠനഗ്രന്ഥം ആണ്. എം പി പോളിന്റെയും സി. ജെ. തോമസിന്റെയും ജീവചരിത്രങ്ങൾ എഴുതിയിട്ടുണ്ട്. ബൈബിളിനെ അടിസ്ഥാനമാക്കി എഴുതിയതാണ് ‘ഹൃദയത്തിൽ ഒരു വാൾ ‘ എന്ന നോവൽ . ക്രിസ്തുവിന്റെ അമ്മയായ മേരിയുടെ ഹൃദയത്തിൽ കുരിശുമരണം ഏൽപ്പിച്ച ആഘാതമാണ് ഹൃദയത്തിൽ ഒരു വാൾ . ഉൾക്കടൽ , അകലെ ആകാശം, കാമന എന്നീ നോവലുകൾ ചലച്ചിത്രങ്ങളായി. ഇവയുടെ തിരക്കഥകളും അദ്ദേഹം തന്നെയാണ് രചിച്ചത്. എണ്ണിയാലൊടുങ്ങാത്ത ഒരു ഗ്രന്ഥനിരതന്നെ അദ്ദേഹം രചിച്ചിട്ടുണ്ട്.

ആധുനിക മലയാള ഗദ്യസാഹിത്യത്തിന്റെ പ്രോദ്ഘാടകനും മലയാളിയായ ആദ്യ മലയാള ഭാഷാവ്യാകരണ കർത്താവും ആദ്യ മലയാളിപത്രാധിപരും സാമൂഹിക പരിഷ്കരണയത്നങ്ങളിൽ സജീവ പങ്കാളിയും ആംഗ്ലിക്കൻ സഭയിലെ (സി എം എസ് സഭ )ആദ്യ നാട്ടുപട്ടക്കാരനും(വൈദികൻ)ആയിരുന്നു ജോർജ്ജ് മാത്തൻ (25 സെപ്റ്റംബർ 1819 - 4 മാർച്ച് 1870). . അദ്ദേഹത്തിന്റെ പത്രാധിപത്വത്തിൽ പുറത്തിറങ്ങിയ "ജ്ഞാനനിക്ഷേപം" ആണ് ലക്ഷണമൊത്ത ആദ്യ മലയാള പത്രം, . ഇംഗ്ലീഷ്, എബ്രായ സുറിയാനി, ലത്തീൻ, ഗ്രീക്ക്, സംസ്കൃതം, ഹിന്ദുസ്ഥാനി, തമിഴ്, തെലുങ്ക്, എന്നീ ഭാഷകളിലെ പുതുമകളെ സ്വാംശീകരിക്കുകയും മലയാള ഭാഷാഗദ്യത്തെ സമ്പന്നമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മലയാഴ്മയുടെ വ്യാകരണം ഭാഷാ ശാസ്ത്ര ശാഖയ്ക്ക് മലയാളി നൽകിയ പ്രഥമ വ്യാകരണഗ്രന്ഥമെന്ന നിലയ്ക്ക് ഏറെ പ്രസക്തമാണ്. ഗുണ്ടർട്ടിന്റെ വ്യാകരണം പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് തന്നെ (1851-ൽ) മലയാണ്മയുടെ വ്യാകരണം തയ്യാറായിരുന്നെങ്കിലും 1863-ൽ മാത്രമേ പ്രസിദ്ധീകരിക്കാൻ സാധിച്ചുള്ളു. പ്രബന്ധ രചനക്കും പ്രഭാഷണ കലയ്ക്കും വ്യാകരണ നിബന്ധത്തിനും വേദാന്ത തത്ത്വപ്രതിപാദനത്തിനും ആധുനിക ശാസ്ത്ര വിശദീകരണത്തിനും ഗ്രന്ഥനിരൂപണത്തിനും സാമൂഹിക വിമർശനത്തിനും വിവർത്തന പ്രക്രിയക്കും സന്മാർഗ്ഗ വിചിന്തനത്തിനും സമർത്ഥമായ മാധ്യമമാക്കി ഭാഷഗദ്യത്തെ ചിട്ടപ്പെടുത്താൻ യത്നിച്ചു. 1819 സെപ്തംബർ 25-ന് ചെങ്ങന്നൂരിലെ പുത്തൻകാവിൽ കിഴക്കെതലയ്ക്കൽ മാത്തൻ തരകന്റെയും പുത്തൻകാവിൽ പുത്തൻവീട്ടീൽ അന്നാമ്മയുടെയും മകനായി ജനിച്ചു. ജോർജ്ജ് മാത്തൻ ജനിക്കുന്നതിനു മുൻപ് അദ്ദേഹത്തിന്റെ അച്ഛൻ മരിച്ചു. അതിനാൽ പിതൃസഹോദരനായ കിഴക്കേവീട്ടിൽ കുര്യൻ കത്തനാർ ആണ് രക്ഷാകർത്താവായത്. കുര്യൻ കത്തനാർ അവിഭക്ത മലങ്കര സഭ സഭയിലെ വൈദികനായിരുന്നു . സഹോദരപുത്രനേയും പൌരോഹിത്യത്തിലേയ്ക്ക് ആനയിക്കുവാൻ ആഗ്രഹിച്ച കത്തനാർ കുട്ടിയെ സുറിയാനി പഠിപ്പിച്ചു. അധികം കഴിയുംമുൻപ് ചേപ്പാട്ട് മാർദിവാന്നാസ്യോസിൽ നിന്ന് കാറോയാ എന്ന പ്രാഥമിക വൈദികപട്ടം നേടി. കോട്ടയം പഴയ സെമിനാരിയിൽ ചേർന്ന് ഇംഗ്ളീഷ്, ഗ്രീക്ക്, സംസ്കൃതം എന്നിവ പഠിച്ചു. അക്കാലത്ത് ബെയ്ലി, ഫെൻ, ബേകാർ തുടങ്ങിയ വിദേശീയ മിഷണറിമാരുമായി പരിചയപ്പെട്ടു. 1837ൽ ഒരു സുഹൃത്തിനൊപ്പം മദിരാശിയിൽ ഉപരിപഠനത്തിന് പോയി. മദിരാശിയിൽ ബിഷപ്പ് കോറീസ് ഗ്രാമർ സ്ക്കൂളിൽ ചേർന്നു. അവിടെ ലാറ്റിൻ പഠിച്ചു. കൂടാതെ ഗണിതവും തത്ത്വശാസ്ത്രവും. മദിരാശി സർക്കാർ നടത്തിയ ഒരു ഗണിതപരീക്ഷയിൽ സ്തുത്യർഹമായി ജയിച്ചു. തൽഫലമായി ഗവൺമെൻറ് ട്രാൻസ്ളേറ്റർ എന്ന ഉദ്യോഗം ലഭിക്കുമായിരുന്നു. എന്നാൽ ജോലി സ്വീകരിച്ചില്ല. വൈദികവൃത്തിയിൽ ആകൃഷ്ടനായിരുന്ന ജോർജ്ജ് മാത്തൻ 1844 ജൂണിൽ പൂർണ്ണ വൈദികനായി. മാവേലിക്കരയിൽ ആണ് വൈദികവൃത്തി തുടങ്ങിയത്. 1845ൽ മല്ലപ്പള്ളി പന്നിക്കുഴി ഈപ്പൻ തരകന്റെ മകൾമറിയാമ്മയെ വിവാഹം ചെയ്തു. തുടർന്ന് പതിനാറുകൊല്ലം മല്ലപ്പള്ളിയിൽ ജോലി ചെയ്തു. അതിനാൽ ജോർജ്ജ് മാത്തൻ മല്ലപ്പള്ളീലച്ചൻ എന്നറിയപ്പെട്ടിരുന്നു. മാത്രമല്ല ഗീവർഗ്ഗീസ് പാതിരി, ചല്ലപ്പ ഇലയൻ എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. 1860ൽ തുകലശ്ശേരി ഇടവകയിലേയ്ക്ക് മാറി. 1869ൽ ഡൊമസ്റിക് ചാപ്ളെയിൻ ആയി. തുടർന്ന് തലവടിയിൽ ആംഗ്ളിക്കൻ ഇടവകയുടെ ഭരണച്ചുമതല വഹിച്ചു. 1862 മുതൽ രോഗബാധിതനായ ജോർജ്ജ് മാത്തൻ 1870 മാർച്ച് 4 ന് മരിച്ചു.

ജോസഫ് മുണ്ടശ്ശേരി അഥവാ മുണ്ടശ്ശേരി മാസ്റ്റർ മലയാളത്തിലെ സാഹിത്യകാരനും സാഹിത്യനിരൂപകനുമായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായി സേവനം അനുഷ്ഠിച്ചു. കേരളത്തിലെ വിവാദപരമായ വിദ്യാഭ്യാസ പരിഷ്കരണനിയമത്തിന്റെ സ്രഷ്ടാവ് എന്ന നിലയിൽ പ്രശസ്തനാണ്. സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശസാൽക്കരിക്കുവാൻ ഉദ്ദ്യേശിച്ച ഈ നിയമം വിമോചന സമരത്തിനും ഇ.എം.എസ്. മന്ത്രിസഭയുടെ പതനത്തിനും വഴിതെളിച്ചു. ജോസഫ് മുണ്ടശ്ശേരിയും കേസരി എ. ബാലകൃഷ്ണപിള്ളയും എം.പി.പോളുമായിരുന്നു മലയാളത്തിലെ പ്രശസ്തമായ സാഹിത്യവിമർശകത്രയം. 1940കളിലെ പുരോഗമന സാഹിത്യ പ്രസ്ഥാനം അതിന്റെ സ്ഥാപനത്തിനും നിലനിൽപ്പിനും മുണ്ടശ്ശേരിയോട് കടപ്പെട്ടിരിക്കുന്നു. രൂപഭദ്രതയെക്കുറിച്ചുള്ള തന്റെ വിവാദ സിദ്ധാന്തമവതരിപ്പിച്ച് മുണ്ടശ്ശേരി മലയാള സാഹിത്യത്തിലും മലയാളത്തിൽ അതുവരെ കേട്ടുകേൾവിയില്ലാത്ത വ്യാഖ്യാനശാസ്ത്രത്തിലും (hermeneutics) ഒരു പുതിയ ചരിത്രം കുറിച്ചു. സഹിത്യവിമർശന രംഗത്ത് വിഗ്രഹഭഞ്ജ്കനയിരുന്ന മുണ്ടശ്ശേരിയുടെ ഗദ്യശൈലി ഓജസും പ്രസാദവും ഉള്ളതാണു. പ്രഭാഷണപരതയായിരുന്നു ആ ശൈലിയുടെ പ്രധന ദൗർബല്യം. അദ്ദേഹത്തിന്റെ സിദ്ധാന്തമനുസരിച്ച് സാഹിത്യ സ്രഷ്ടാവിന്റെ കല്പിത ലക്‌ഷ്യങ്ങൾ എപ്പോഴും അറിഞ്ഞുകൊണ്ടുള്ള തെറ്റുകളിൽ എത്തിച്ചേരും. മുണ്ടശ്ശേരിയുടെ മതമനുസരിച്ച് സാഹിത്യകാരനെ അവന്റെ കാലഘട്ടത്തിന്റെ വക്താവായി മാത്രമേ വിലയിരുത്താൻ കഴിയുകയുള്ളൂ. 1957 മുതൽ 1965 വരെ സമസ്തകേരള സാഹിത്യപരിഷത്തിന്റെ അദ്ധ്യക്ഷനായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ സ്ഥാപക അംഗവമായിരുന്നു മുണ്ടശ്ശേരി. കേരള സംഗീത നാടക അക്കാദമി രൂപവത്കരിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കുമാരനാശാൻ, കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള, തുഞ്ചത്ത് എഴുത്തച്ഛൻ, തുടങ്ങിയവർക്ക് സ്മാരകങ്ങൾ നിർമ്മിക്കുന്നതിൽ മുണ്ടശ്ശേരി പ്രധാന പങ്കുവഹിച്ചു. കേരളം, പ്രേക്ഷിതൻ, കൈരളി, നവജീവൻ, തുടങ്ങിയ പത്രങ്ങളുടെയും മംഗളോദയം എന്ന സാഹിത്യവാരികയുടെയും ലേഖകനായിരുന്നു മുണ്ടശ്ശേരി.

ഒരു മലയാള സാഹിത്യകാരനായിരുന്നു ടാറ്റാപുരം സുകുമാരൻ (1923 ഒക്ടോബർ 22 – 1988 ഒക്ടോബർ 26). ചെറുകഥ, നോവൽ, നാടകം, യാത്രാവിവരണം, ബാലസാഹിത്യം എന്നിങ്ങനെ വിവിധ സാഹിത്യശാഖകളിലായി 80-ലധികം ഗ്രന്ഥങ്ങൾ സുകുമാരൻ രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൃതികൾ പല ഇന്ത്യൻ ഭാഷകളിലേയ്ക്കും ഇംഗ്ലീഷിലേയ്ക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. നടുവിലേടത്ത് അയ്യപ്പന്റെയും വി.വി. ജാനകിയുടെയും മകനായി എറണാകുളത്തെ കലൂരിൽ ജനിച്ചു. 1941-ൽ ഇദ്ദേഹം കൊച്ചിയിലെ ടാറ്റാ ഓയിൽ മിൽസ് കമ്പനിയിലെ ജോലിയിൽ പ്രവേശിച്ചു. ഇവിടെനിന്നും പബ്ലിക് റിലേഷൻസ് ഓഫീസറായാണ് വിരമിച്ചത്. ഇദ്ദേഹം 1944-ൽ അക്കിപ്പറമ്പിൽ ഗോമതിയെ വിവാഹം ചെയ്തു. ഇവർക്ക് നാല് ആണ്മക്കളും ഒരു മകളുമുണ്ട്. ഹ്രസ്വമായ അസുഖത്തെത്തുടർന്ന് 1988 ഒക്ടോബർ 26-ന് ഇദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിൽ വച്ച് മരണമടഞ്ഞു. 1998-ൽ ഇദ്ദേഹത്തിന്റെ സ്മരണ നിലനിർത്താനായി ഒരു ട്രസ്റ്റ് രൂപീകരിക്കപ്പെടുകയുണ്ടായി. നമ്മളറിയുന്ന ടാറ്റാപുരം എന്ന ഒരു പ്രസിദ്ധീകരണം ഇദ്ദേഹത്തിന്റെ ഓർമയ്ക്കായി പുറത്തിറക്കുകയുണ്ടായി. ഇതിൽ ഒ.എൻ.വി കുറുപ്പ്, പ്രൊഫസർ എസ്. ഗുപ്തൻ നായർ, പ്രൊഫസർ എം.കെ സാനു, സി. രാധാകൃഷ്ണൻ എന്നീ പ്രമുഖ മലയാളം സാഹിത്യകാരന്മാരുടെ ലേഖനങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരുന്നു.

ഒരു മലയാള കവിയും മാപ്പിളസാഹിത്യ പണ്ഡിതനുമായിരുന്നു ടി. ഉബൈദ്. ഉബൈദിന്റെ കവിതകളിലെ പ്രധാന അന്തർധാര ഇസ്‌ലാമും ദേശസ്നേഹവുമായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. മുഹമ്മദ്‌ അബ്‌ദുർറഹ്‌മാൻ സാഹിബിന്റെ അൽ അമീനിലൂടെയാണ്‌ ഉബൈദ് രചനാരംഗത്തേക്ക് പ്രവേശിക്കുന്നത്. അധ്യാപകനായിരുന്ന ഉബൈദ് കാസർഗോട്ടെ മുസ്ലിം നവോത്ഥാന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച മുഹമ്മദ് ശറൂൽ സാഹിബുമായി ബന്ധപ്പെട്ടതിന് ശേഷമാണ് സാഹിത്യരംഗത്ത് പൊതുരംഗത്തും സജീവമാകുന്നത്. 1931ൽ ശെറുൽ സാഹിബുമായി ചേർന്ന് 'രണ്ടുൽബോധനങ്ങൾ' എന്ന കൃതി. ഉമ്മയുടെ മരണത്തെ തുടർന്ന് സംസ്കൃത വൃത്തത്തിൽ 'ബാഷ്പധാര'യും എഴുതി. ഇക്കാലത്ത് തലശ്ശേരിയിൽ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ചന്ദ്രികയിൽ കവിതകളും ലേഖനങ്ങളും തുടർച്ചയായി എഴുതിവന്നു. കന്നട ഭാഷയിൽ അവഗാഹമുണ്ടായിരുന്ന അദ്ദേഹം 'മുംതാസ്' എന്ന കന്നട പത്രത്തിലും കവിതകളും ലേഖനങ്ങളും എഴുതുമായിരുന്നു.

ആധുനിക മലയാളസാഹിത്യത്തിലെ ഒരു ചെറുകഥാകൃത്താണ് ടി. പത്മനാഭൻ. മുഴുവൻ പേര് തിണക്കൽ പത്മനാഭൻ. കഥാസാഹിത്യത്തിന്റെ അനന്തസാധ്യതകൾ മലയാള വായനക്കാരെ ബോധ്യപ്പെടുത്തിയ കഥാകൃത്താണ് ഇദ്ദേഹം എന്നു പറയാം. കവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്നവ എന്ന് ഇദ്ദേഹത്തിന്റെ കഥകളെ വിശേഷിപ്പിക്കാറുണ്ട്. ആഖ്യാനത്തിലെ സങ്കീർണതകൾ ഒഴിവാക്കുന്ന കഥാകൃത്താണ് ഇദ്ദേഹം. ഉദാത്തമായ ലാളിത്യം ഇദ്ദേഹത്തിന്റെ കഥകളെ ശ്രദ്ധേയമാക്കുന്നു. 1974-ൽ 'സാക്ഷി' എന്ന കഥാസമാഹാരത്തിന് കേരളസാഹിത്യ അക്കാദമി അവാർഡും 1996-ൽ 'ഗൗരി' എന്ന പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. എന്നാൽ ഈ പുരസ്കാരങ്ങൾ അവാർഡ് സംവിധാനത്തോടുള്ള എതിർപ്പു മൂലം ഇദ്ദേഹം നിഷേധിച്ചു.മലയാള ചെറുകഥാ ലോകത്തെ അപൂർവസാന്നിധ്യമാണ് ടി പത്മനാഭൻ. നക്ഷത്രശോഭ കലർന്ന വാക്കുകൾ കൊണ്ട് ആർദ്രവും തീക്ഷ്ണവുമായ കഥകൾ രചിച്ച് ചെറുകഥാസാഹിത്യത്തിന് സാർവലൌകിക മാനം നൽകിയ എഴുത്തുകാരൻ. ലളിതകൽപ്പനകളിലൂടെ, അനവദ്യസുന്ദരമായ ചമൽക്കാരങ്ങളിലൂടെ കഥയെഴുത്തിൽ തനതായ സരണിയും നവഭാവുകത്വവും സൃഷ്ടിച്ചു അദ്ദേഹം. നോവുകളും സങ്കടങ്ങളും ചാലിച്ച് ഹൃദയത്തിൽതൊട്ടെഴുതിയ കഥകൾ. സത്യം, സ്നേഹം, ദയ, സഹാനുഭൂതി, ത്യാഗം, സമത്വം തുടങ്ങിയ മാനവിക മൂല്യങ്ങൾ ഉണർത്തുന്നവയാണ് പത്മനാഭൻ കഥകളെല്ലാം. 1931-ൽ കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിൽ ജനനം. അച്ഛൻ പുതിയടത്ത് കൃഷ്ണൻ നായർ. അമ്മ തിണക്കൽ ദേവകി എന്ന അമ്മുക്കുട്ടിയമ്മ. ചിറക്കൽ രാജാസ് ഹൈസ്ക്കൂളിലും മംഗലാപുരം ഗവൺമെന്റ് കോളേജിലും പഠനം. കുറച്ചുകൊല്ലം കണ്ണൂരിൽ വക്കീലായി പ്രാക്ടീസ് ചെയ്തു. ശേഷം എഫ്.എ.സി.ടി (FACT) യിൽ ഉദ്യോഗസ്ഥനായിരുന്നു. 1989-ൽ ഡപ്യൂട്ടി ജനറൽ മാനേജരായി റിട്ടയർ ചെയ്തു. പരേതയായ കല്ലന്മാർതൊടി ഭാർഗ്ഗവിയാണു അദ്ദേഹത്തിന്റെ പത്നി. 1948 മുതൽ കഥകളെഴുതി തുടങ്ങി. ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഷകളിലും കഥകളുടെ തർജ്ജമകൾ വന്നിട്ടുണ്ട്. പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി എന്ന സമാഹാരം നാഷനൽ ബുക്ക് ട്രസ്റ്റ് 11 ഭാഷകളിൽ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിക്കുന്നുണ്ട്.നൂറ്റി അറൂപതി ൽ പരം കഥകൾ എഴുതിയിട്ടുണ്ട്. ഏറ്റവും പുതിയ കഥ'മരയ '2017 മേയ് 7നുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു.

കവിയും സാഹിത്യകാരനുമായിരുന്ന ടി.എൻ. ഗോപിനാഥൻ നായർ 1918 ഏപ്രിൽ 27-ന് തിരുവനന്തപുരത്താണ് ജനിച്ചത്. ഇദ്ദേഹം 1958 മുതൽ 1978 വരെ ആൾ ഇന്ത്യ റേഡിയോയിലെ നാടകനിർമാതാവായി ജോലി ചെയ്തിട്ടുണ്ട്. മലയാളി ദിനപത്രം, ചിത്ര ആഴ്ച്ചപ്പതിപ്പ്, സഖി ആഴ്ച്ചപ്പതിപ്പ്, എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായിരുന്നു. 'അനിയത്തി', 'സി.ഐ.ഡി.' തുടങ്ങിയ ചിത്രങ്ങൾക്ക് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കിയിട്ടുണ്ട് . സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ളയുടെ പുത്രനാണ്. പ്രമുഖ കവി കുറ്റിപ്പുറത്ത് കേശവൻ നായരുടെ മകൾ സൗദാമിനിയമ്മയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. പ്രമുഖ ചലച്ചിത്രനടൻ രവി വള്ളത്തോൾ മകനാണ്.

നോവലിസ്റ്റ്,വിവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ മലയാളസാഹിത്യകാരനാണ് ടി.ഡി. രാമകൃഷ്ണൻ.എറെ ചർച്ച ചയ്യപ്പെട്ട ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവൽ ഇദ്ദേഹത്തിന്റേതാണ് . ഒന്നാം അദ്ധ്യായം മാത്രമായി ആദ്യം പാഠഭേദം മാസികയിലും തുടർന്ന് മുഴുവനും പല ലക്കങ്ങളിലായി മാധ്യമം ആഴ്ചപ്പതിപ്പിലും വെളിച്ചം കണ്ട മുപ്പത് അദ്ധ്യായങ്ങളുള്ള ഈ കൃതി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത് 2009 ഓഗസ്റ്റിൽ ഡി.സി. ബുക്ക്സ് ആണ്‌. 1961-ൽ തൃശൂർ ജില്ലയിലെ എയ്യാലിൽ ജനിച്ചു. അച്ഛൻ ദാമോദരൻ ഇളയത്. അമ്മ ശ്രീദേവി അന്തർജ്ജനം. പത്താംക്ലാസുവരെ കുന്നംകുളം ബോയ്സിലും എരുമപ്പെട്ടി ഗവ. ഹൈസ്കൂളിലും. പ്രീഡിഗ്രിയും ഡിഗ്രിയും ആലുവ യു.സി. കോളേജിൽ. 1981-ൽ സേലത്ത് ടിക്കറ്റ് കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1982 മുതൽ ഒന്നര കൊല്ലത്തോളം കോഴിക്കോട്ട് ജോലിയെടുത്തു. 1983-ൽ ടിക്കറ്റ് എക്സാമിനറായി മദ്രാസിലും സേലത്തും ജോലി ചെയ്തു. 1985-ൽ പാലക്കാടെത്തി. 30 വർഷത്തോളമായി പാലക്കാട് ജീവിക്കുന്നു. ഇടയിൽ മൂന്നരവർഷം ചരക്കുവണ്ടികളുടെ ഗാർഡുമായിരുന്നു. 1995 മുതൽ പാലക്കാട് ഡിവിഷണൽ ഓഫീസിൽ കൺട്രോളറായി. 2006 മുതൽ 2016 ജനുവരി 31 വരെ ചീഫ് കൺട്രോളറായി സേവനമനുഷ്ഠിച്ചു. 2016 ജനുവരി 31-നു് സർവ്വീസിൽ നിന്നു സ്വയം വിരമിച്ചു. സാഹിത്യലോകത്ത് സജീവമാകുന്നതിനു വേണ്ടിയാണു റെയിൽവേയിൽ നിന്നും സ്വയം വിരമിച്ചത്.ഭാര്യ ആനന്ദവല്ലി, മകൻ - വിഷ്ണു രാമകൃഷ്ണൻ, മകൾ - സൂര്യ ഔദ്യോഗികജീവിതത്തിന്റെ ഏറിയ ഭാഗം തമിഴ്‌നാട്ടിൽ കഴിച്ച രാമകൃഷ്ണൻ തമിഴ് സാഹിത്യവുമായി ഗാഢബന്ധം പുലർത്തുന്നു. തമിഴ്‌ സാഹിത്യരചനകളെ പരിഭാഷകളിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തുന്ന അദ്ദേഹം, മികച്ച തമിഴ്-മലയാള വിവർത്തകനുള്ള 2007-ലെ ഇ.കെ. ദിവാകരൻ പോറ്റി അവാർഡും "നല്ലി ദിശൈ എട്ടും" അവാർഡും നേടിയിട്ടുണ്ട്. ആഗോളതലത്തിൽ കച്ചവടമുതലാളിത്തം വിജയക്കൊടിനാട്ടാൻ തുടങ്ങിയ 1990-കളുടെ ആരംഭത്തിൽ മനസ്സിൽ രൂപപ്പെട്ട കഥാബീജത്തെ ആധാരമാക്കി രചിച്ച "ഫ്രാൻസിസ് ഇട്ടിക്കോര" മൂന്നു നോവലുകളുടെ ഒരു പരമ്പരയിൽ ആദ്യത്തേതായിരിക്കാമെന്ന് ഒരു അഭിമുഖ സംഭാഷണത്തിൽ രാമകൃഷ്ണൻ സൂചിപ്പിച്ചു.. "ആൽഫ" എന്ന നോവലാണ്‌ അദ്ദേഹത്തിന്റെ മുൻപ് പ്രസിദ്ധീകരിച്ച പ്രധാന കൃതി.2014 ൽ പ്രസിദ്ധീകരിച്ച നോവലാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി

ദക്ഷിണേന്ത്യയിലെ പ്രമുഖ കവിയും നോവലിസ്റ്റുമാണു ടി.പി. രാജീവൻ. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന രാജീവൻ മലയാളകാവ്യഭാഷക്ക് പുത്തൻ ഉണർവ്വ് നൽകി. ആധുനികതയുടെ വിച്ഛേദം സമർത്ഥമായി പ്രകടിപ്പിച്ച കവിയാണു രാജീവൻ. അതു പിന്നീട് വന്ന പുതുകവികൾക്ക് വലിയ പ്രചോദനമായി. മലയാളത്തിലെ ആഗോളകവിതയെ കണ്ടെത്തി അവതരിപ്പിക്കുന്നതിലും കവിയുടെ ശ്രദ്ധ എടുത്തു പറയേണ്ടതാണു. മലയാളസാഹിത്യത്തിലെ ഉത്തരാധുനിക കവികളിൽ പ്രമുഖനാണ് ടി.പി. രാജീവൻ. തച്ചം പൊയിൽ രാജീവൻ (1959-ൽ ജനനം, പലേരി, (കോഴിക്കോട്) കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ നോവലിസ്റ്റും കവിയും സാഹിത്യ നിരൂപകനുമാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന രാജീവൻറെ കവിതകൾ വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. സ്ഥിരമായി 'ദി ഹിന്ദു' എന്ന ഇംഗ്ലീഷ് പത്രത്തിൽ സാഹിത്യ നിരൂപണം നടത്തി വരുന്നു. രാജീവൻറെതായി മൂന്നു സമാഹാരങ്ങളാണ് മലയാളത്തിൽ ഉള്ളത്. തച്ചംപൊയിൽ രാജീവൻ എന്ന പേരിലാണ് ഇംഗ്ലീഷിൽ കവിതകളും ലേഖനങ്ങളും എഴുതാറുള്ളത്. അച്ഛൻറെ നാടായ പാലേരിയുമായി ബന്ധപ്പെട്ടായിരുന്നു പാലേരി മാണിക്യം -ഒരു പാതിരാ കൊലപാതകത്തിൻറെ കഥ എന്ന ആദ്യ നോവൽ എഴുതിയത്. അമ്മയുടെ നാടായ കോട്ടൂരുമായി ബന്ധപ്പെട്ട നോവൽ ആയിരുന്നു കെടിഎൻ കോട്ടൂർ എന്ന നോവൽ. ഇംഗ്ലീഷ് സാഹിത്യത്തിൽ ഒറ്റപ്പാലം എൻ.എസ്.എസ്.കോളേജിൽ നിന്ന് എം.എ. ബിരുദം നേടി. കുറച്ചുകാലം ദൽഹിയിൽ പത്രപ്രവർത്തകനായി പ്രവർത്തിച്ചു. ഇപ്പോൾ കാലിക്കറ്റ് സർവ്വകലാശാലയിൽ പബ്ലിക്ക് റിലേഷൻസ് ഓഫീസർ. ഉത്തരാധുനികതയുടെ സർവ്വകലാശാലാപരിസരം എന്ന ലേഖനവും കുറുക്കൻ എന്ന കവിതയും ടി. പി.രാജീവനെ കാലിക്കറ്റ് സർവ്വകലാശാലയിലെ സി.പി.എം അനുകൂല സർവ്വീസ് സംഘടനയ്ക്കും വൈസ് ചാൻസലറായിരുന്ന കെ.കെ.എൻ.കുറുപ്പിനും അനഭിമതനാക്കി. ഇതിന്റെ പേരിൽ തന്നെ തരംതാഴ്ത്താനും ശിക്ഷിക്കുവാനും ശ്രമങ്ങളുണ്ടായെന്ന് അദ്ദേഹം പറയുന്നു. വിദ്യാർത്ഥിജീവിതകാലത്തു തന്നെ എഴുത്ത് ആരംഭിച്ചു. യുവകവികൾക്ക് നല്കുന്ന വി.ടി.കുമാരൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കവിതകൾക്കു പുറമെ ലേഖനങ്ങളും എഴുതാറുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പാലേരി മാണിക്കം കൊലക്കേസ് എന്ന അപസർപ്പകനോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ നോവൽ ചലച്ചിത്രമാക്കിയിട്ടുണ്ട്. രാജീവന്റെ "കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും" എന്ന നോവൽ 2011 മേയ് മാസം മുതൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു തുടങ്ങി

പ്രമുഖനായ മലയാള നാടകകൃത്തും സാംസ്കാരിക പ്രവർത്തകനുമായിരുന്നു ഡോ.ടി.പി. സുകുമാരൻ (6 ഒക്ടോബർ 1934 - 7 ജൂലൈ 1996). നാടകം, അദ്ധ്യാപനം, സംഗീതശാസ്ത്രം, നാടോടിവിജ്ഞാനം, ചിത്രകല, പരിസ്ഥിതിപഠനം, സാഹിത്യവിമർശനം തുടങ്ങി നിരവധി മണ്ഡലങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ചിരുന്നു. 1986ലെ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ദക്ഷിണായനം എന്ന കൃതിക്കു ലഭിച്ചു. കണ്ണൂർ താഴെചൊവ്വയിൽ ടി.പി. കുമാരന്റെയും മാധവിയുടെയും മകനാണ്. ബിരുദാനന്ദര ബിരുദത്തിനു ശേഷം ഡോക്ടറേറ്റും നേടി, നിർമ്മലഗിരി കോളേജിൽ മലയാളം അദ്ധ്യാപകനായി. യുവകലാസാഹിതിയുടെ അധ്യക്ഷനായിരുന്നു.

അദ്ധ്യാപകൻ, ഭാഷാശാസ്ത്രജ്ഞൻ, വൈയാകരണൻ എന്നീനിലകളിൽ പ്രശസ്തനായ ടി ബി വേണുഗോപാലപ്പണിക്കർ 1945 ഓഗസ്റ്റ് 2-നു് വടക്കൻ പരവൂരിനടുത്ത് ഏഴിക്കരയിൽ ഉളനാട്ട് ബാലകൃഷ്ണപ്പണിക്കരുടേയും തറമേൽ മീനാക്ഷിക്കുഞ്ഞമ്മയുടേയും 8 മക്കളിൽ ഇളയവനായി ജനിച്ചു. മഹാരാജാസ് കോളേജിൽനിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദവും (1966) മലയാളത്തിൽ എം.എ. ബിരുദവും (1968) എടുത്തു. തുടർന്നു് അണ്ണാമലൈ സർവ്വകലാശാലയിൽനിന്നു് ഭാഷാശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം. സുകുമാർ അഴിക്കോടിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ കേരളപാണിനീയത്തിന്റെ പീഠിക - ഒരു വിമർശനാത്മകപഠനം (A critical study of Pitika of Keralapanineeyam) എന്ന പ്രബന്ധത്തിനു് 1981-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ് ലഭിച്ചു. 1971-ൽ മദ്രാസ് സർവ്വകലാശാലയിൽ റിസർച്ച് അസിസ്റ്റൻ്റായി ജോലിയിൽ പ്രവേശിച്ചു. 1973 ജനുവരി 4-നു് കാലിക്കറ്റ് സർവ്വകലാശാലയിൽ മലയാളവിഭാഗം അദ്ധ്യാപകൻ. 2003-2005 കാലത്ത് അവിടത്തെ വകുപ്പദ്ധ്യക്ഷൻ. കണ്ണൂർ സർവകലാശാലയിൽ ഭാഷാ സാഹിത്യവിഭാഗത്തിന്റെ ഡീനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ജർമ്മനിയിലെ കോളൻ സർവകലാശാല സ്റ്റട്ഗർടിൽ നടത്തിയ ഒന്നാമത് അന്താരാഷ്ട്ര ദ്രവീഡിയൻ സെമിനാർ (2003) ഉൾപ്പെടെ 100 ലേറെ ദേശീയ അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധങ്ങളവതരിപ്പിച്ചു. ലക്ഷദ്വീപ് സോഷ്യോ റിസർച്ച് കമ്മിഷനിൽ അംഗമായിരുന്നു. മദ്രാസ്, അലിഗർ, കേരള, എം ജി, കണ്ണൂർ സർവകലാശാലകൾ യു പി എസ് സി, യു.ജി.സി എന്നിവയുടെ പരീക്ഷാ ബോർഡുകളിലും തഞ്ചാവൂർ തമിഴ് യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ ലാംഗ്വേജ് ഫാക്കൽറ്റിയിലും അംഗമായിരുന്നു. നോം ചോംസ്കി ഇന്ത്യയിൽ വന്നപ്പോൾ കൈരളി ചാനലിനു വേണ്ടി ഇൻ്റർവ്യൂ ചെയ്തിട്ടുണ്ട്.

മലയാളത്തിലെ ഒരു ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്നു ടി.വി. കൊച്ചുബാവ(1955 - നവംബർ 25 1999). 1955-ൽ തൃശൂർ ജില്ലയിലെ കാട്ടൂരിൽ ജനിച്ചു. നോവൽ, കഥാസമാഹാരങ്ങൾ, വിവർത്തനം എന്നീ വിഭാഗങ്ങളിൽ 23 കൃതികൾ പ്രസിദ്ധപ്പെടുത്തി. വൃദ്ധസദനം എന്ന കൃതിക്ക് 1995-ലെ ചെറുകാട് അവാർഡും 1996-ലെ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. 1999 നവംബർ 25-ന് അന്തരിച്ചു. കൊച്ചുബാവയുടെ ഭാര്യ സീനത്ത് 2016 ഒക്ടോബർ 20 -ന് ഒരു വാഹനാപകടത്തിൽ മരണമടഞ്ഞു.

കേരളത്തിലെ ഒരു ആധുനിക കവിയായിരുന്നു ഡി. വിനയചന്ദ്രൻ (1946 മേയ് 16 – 2013 ഫെബ്രുവരി 11). കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 1992-ൽ നരകം ഒരു പ്രേമകവിതയെഴുതുന്നു എന്ന കൃതിക്ക് ലഭിച്ചു. 2006-ലെ ആശാൻ സ്മാരക കവിതാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ചൊൽക്കവിതകൾക്ക് മലയാളത്തിൽ ജീവൻ നൽകിയ കവി കൂടിയായിരുന്നു വിനയചന്ദ്രൻ. ആലാപനത്തിലെ മൌലികത അദ്ദേഹത്തിന്റെ കവിതകളെ കൂടുതൽ ജനമനസ്സുകളിലെത്തിച്ചു 1946 മെയ് 16 ന്‌ കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിൽ ജനനം. ഭൗതികശാസ്ത്രത്തിൽ ബിരുദവും മലയാള സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. വിവിധ സർക്കാർ കലാലയങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1993 ൽ എം.ജി. യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അദ്ധ്യാപകനുമായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ച ശേഷം മുഴുസമയ സാഹിത്യപ്രവർത്തനത്തിൽ മുഴുകിയിരിക്കുകയായിരുന്നു. അവിവാഹിതനായിരുന്ന വിനയചന്ദ്രൻ 2013 ഫെബ്രുവരി 11 നു ശ്വാസകോശ രോഗത്തെത്തുടർന്ന് തിരുവനന്തപുരത്തെ എസ്.കെ. ആശുപത്രിയിൽ അന്തരിച്ചു.

നോവൽ, ചെറുകഥ എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള. കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരൻ 1912 ഏപ്രിൽ 17ന്‌ ആലപ്പുഴ ജില്ലയിലെ തകഴിയിൽ ജനിച്ചു. ജീവൽ സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു ഇദ്ദേഹം. പി. കേശവദേവ്, പൊൻകുന്നം വർക്കി, വൈക്കം മുഹമ്മദ് ബഷീർ എന്നിവരുടെ സമകാലികനായിരുന്നു. ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ എന്നീ മേഖലകളിലും സംഭാവനകൾ നൽകിയ തകഴിക്ക് 1984-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. വ്യക്തിയേക്കാൾ സമൂഹത്തിന്റെ ചിത്രം കൂടുതലായി തെളിയുന്നതാണ് തകഴിയുടെ നോവലുകൾ. സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കിയ എഴുത്തുകാരനാണ് ഇദ്ദേഹം. കേരള മോപ്പസാങ്ങ്‌ എന്നും തകഴിയെ വിശേഷിപ്പിക്കാറുണ്ട്‌. 1912 ഏപ്രിൽ 17-ന് (കൊല്ലവർഷം:1087 മേടം 5-ആം തീയതി) പൊയ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പിൻറെയും പടഹാരംമുറിയിൽ അരിപ്പുറത്തുവീട്ടിൽ പാർവ്വതിയമ്മയുടെയും മകനായി ജനിച്ചു. പ്രസിദ്ധകഥകളി നടൻ ഗുരു കുഞ്ചുക്കുറുപ്പ് തകഴിയുടെ പിതൃസഹോദരൻ ആയിരുന്നു. അച്ഛനും, ചക്കംപുറത്തു കിട്ടു ആശാൻ എന്ന ആളും ആണ് തകഴിയെ നിലത്തെഴുത്ത് പഠിപ്പിച്ചത്. തകഴി സ്കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. അമ്പലപ്പുഴ കടപ്പുറം ഇംഗ്ലീഷ് സ്‌ക്കൂളിൽ നിന്ന് ഏഴാം ക്ലാസ് ജയിച്ചു. തുടർന്ന് വൈക്കം ഹൈസ്‌ക്കൂളിൽ ചേർന്നെങ്കിലും ഒൻപതാം ക്ലാസ്സിൽ തോറ്റതിനെത്തുടർന്ന് കരുവാറ്റ സ്‌ക്കൂളിലേയ്ക്ക് പഠനം മാറ്റി. കരുവാറ്റയിൽ കൈനിക്കര കുമാരപിള്ളയായിരുന്നു ഹെഡ്മാസ്റ്റർ. പത്താം ക്ലാസ് പാസായശേഷം തിരുവനന്തപുരം ലോ കോളേജിൽ നിന്ന് പ്ലീഡർഷിപ്പ് പരീക്ഷയിൽ ജയിച്ചു. പ്ലീഡർ പരീക്ഷ ജയിച്ച ഉടനെ കേരളകേസരി പത്രത്തിൽ റിപ്പോർട്ടറായി. 1934-ൽ നെടുമുടി തെക്കേമുറി ചെമ്പകശ്ശേരി ചിറയ്ക്കൽ കമലാക്ഷിയമ്മയുമായുളള (കാത്ത) വിവാഹം നടന്നു. തകഴി, അമ്പലപ്പുഴ മുൻസിഫ് കോടതിയിൽ പി. പരമേശ്വരൻ പിള്ള വക്കീലിന്റെ കീഴിൽ പ്രാക്ടീസ് ആരംഭിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തിലേയ്ക്ക് ആകൃഷ്ടനായി, സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പ്രവർത്തനത്തിൽ പങ്കാളിയായി. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ വളർച്ചയിലും തകഴിക്ക് പങ്കുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായും, കേന്ദ്ര സാഹിത്യ അക്കാദമി നിർവ്വാഹകസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലും, യൂറോപ്പിലും, ജപ്പാനിലും, റഷ്യയിലും പര്യടനം നടത്തി. 1999 ഏപ്രിൽ 10-ആം തീയതി തന്റെ 87-ആം വയസ്സിൽ കേരളം കണ്ട മഹാനായ ആ സാഹിത്യകാരൻ ജന്മനാട്ടിലെ തറവാട്ടുവീട്ടിൽ വച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ കാത്ത 2011 ജൂൺ 1-ന് അന്തരിച്ചു. 13-ാം വയസ്സിൽ ആദ്യകഥ എഴുതിയ തകഴി നൂറുകണക്കിന് കഥകൾ രചിച്ചിട്ടുണ്ട്. പിന്നീട് നോവലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കുട്ടനാടിന്റെ ഇതിഹാസകാരൻ എന്നാണ്‌ തകഴിയെ വിശേഷിപ്പിക്കുന്നത്‌. തിരുവനന്തപുരം ലോ കോളജിലെ പഠനത്തിനു ശേഷം കേരള കേസരി പത്രത്തിൽ ജോലിക്കു ചേർന്നതോടെയാണ്‌ തകഴിയുടെ സാഹിത്യ ജീവിതം തഴച്ചു വളരുന്നത്‌. കേസരിയുമായുള്ള സമ്പർക്കമാണ്‌ തകഴിയുടെ ജീവിതത്തിൽ വഴിത്തിരിവായത്‌. ഈ കാലയളവിൽ ചെറുകഥാരംഗത്ത്‌ സജീവമായി. 1934-ൽ ത്യാഗത്തിനു പ്രതിഫലം എന്ന നോവൽ പ്രസിദ്ധീകരിച്ചു. ചെമ്മീൻ എന്ന നോവലാണ്‌ തകഴിയെ ആഗോള പ്രശസ്തനാക്കിയത്‌. എന്നാൽ രചനാപരമായി ഈ നോവലിനേക്കാൾ മികച്ചു നിൽക്കുന്ന ഒട്ടേറെ ചെറുകഥകൾ തകഴിയുടേതായുണ്ട്‌. ഇദ്ദേഹത്തിന്റെ വെള്ളപ്പൊക്കത്തിൽ എന്ന കഥ മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിലൊന്നായി പരിഗണിക്കപ്പെടുന്നു.തകഴിയുടെ ചെമ്മീൻ 1965-ൽ രാമു കാര്യാട്ട് എന്ന സംവിധായകൻ ചലച്ചിത്രമാക്കിയിട്ടുണ്ട്‌. രണ്ടിടങ്ങഴി, ചെമ്മീൻ, ഏണിപ്പടികൾ, കയർ‍ എന്നീ നോവലുകൾ ഒട്ടേറെ വിദേശ ഭാഷകളിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.

മലയാളത്തിലെ സാഹിത്യകാരിയാണ് തരവത്ത് അമ്മാളുഅമ്മ (26 ഏപ്രിൽ 1873 - 6 ജൂൺ 1936).. നോവലുകളുടെ വിവർത്തനങ്ങളും ഭക്തിഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അച്ഛൻ പാലക്കാട് ജില്ലയിലെ കൊടുവായൂർ ചിങ്ങച്ചറ വീട്ടിൽ ശങ്കരൻ‌നായർ. അമ്മ തരവത്ത് കുമ്മിണി അമ്മ. കൊച്ചി തമ്പുരാൻ സാഹിത്യ സഖി ബിരുദം നൽകിയെങ്കിലും അവർ അത് നിരസിച്ചു. അമ്മാളുഅമ്മ 1914 ൽ രചിച്ച 'കമലാഭായി അഥവാ ലക്ഷ്മീവിലാസത്തിലെ കൊലപാതകം', മലയാളത്തിൽ ഒരു സ്ത്രീ എഴുതിയ ആദ്യത്തെ അപസർപ്പകനോവൽ ആയിരുന്നു. തിരുവിതാംകൂറിൽ നിന്നു നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്ക് അഭയം നൽകിയത് അമ്മാളു അമ്മയായിരുന്നു.

തരവത്ത് അമ്മിണി അമ്മ തരവത്ത് അമ്മാളുഅമ്മയുടെയും വടക്കുന്തറ ഉണ്ണിക്കൃഷ്ണവാരിയരുടെയും മകളായി 1895 ൽ പാലക്കാട് ജില്ലയിലെ വടക്കുന്തറയിൽ ജനിച്ചു. ബി. എ., ബി. എൽ. ബിരുദങ്ങൾ നേടി. 1927 ൽ പ്രസിദ്ധീകരിച്ച “വീരപത്നി” എന്ന നോവലാണ് അമ്മിണി അമ്മയുടെ ആദ്യ കൃതി. “ആണ്ടാൾ ചരിതം” (1954), “മീരാബായി” (1940), “ശ്രീമതി തരവത്ത് അമ്മാളുഅമ്മ”(1937) എന്നീ ജീവചരിത്രങ്ങളും “ബദരീനാഥയാത്ര” (1951) എന്ന യാത്രാവിവരണവും “ബാലബോധിനി” (1932) എന്നൊരു ബാലസാഹിത്യകൃതിയും രചിച്ചിട്ടുണ്ട്. വ്യക്തി വിവരണങ്ങളിലെ സൂക്ഷ്മതയാണ് തരവത്ത് അമ്മിണി അമ്മയുടെ ജീവചരിത്ര രചനകളിൽ പ്രതിഫലിക്കുന്നത്. ആഖ്യാനത്തിലെ ലാളിത്യവും യഥാർത്ഥത്വവും ആദിമധ്യാന്തം സൂക്ഷിക്കാൻ കഴിയുന്നുവെന്നുള്ളതും അവരുടെ കൃതികളുടെ സവിശേഷതയാണ്. 1979 സെപ്റ്റംബർ 16 ന് അന്തരിച്ചു.

മലയാളസാഹിത്യത്തിലെ ശ്രദ്ധേയനായ ഒരു എഴുത്തുകാരനാണ് തിക്കോടിയൻ എന്ന പി. കുഞ്ഞനന്തൻ നായർ (1916 – ജനുവരി 28, 2001). പ്രശസ്ത ഹാസ്യസാഹിത്യകാരൻ സഞ്ജയനാണ് കുഞ്ഞനന്തൻനായർക്ക് തിക്കോടിയനെന്ന പേരിട്ടത്. കോഴിക്കോട് ജില്ലയിലെ തിക്കോടിയിലാണ് അദ്ദേഹം ജനിച്ചത്. ഇതാണ് അദ്ദേഹത്തിന്റെ തൂലികാനാമത്തിന് വഴിവച്ചതും. അമച്വർ നാടകങ്ങളിലൂടെ കടന്നുവന്നു മലയാള നാടകപ്രസ്ഥാനത്തിനു കരുത്തുറ്റ സംഭാവനകൾ നൽകിയ നാടകകൃത്താണ് തിക്കൊടിയൻ. കോഴിക്കോടിന്റെ സാംസ്കാരിക ചരിത്രത്തിലെ നാഴികക്കല്ലായ 'ദേശപോഷിണി ഗ്രന്ഥശാലയ്ക്കുവേണ്ടി എഴുതിയ 'ജീവിതം' എന്ന നാടകത്തിലാണ് തുടക്കം. പ്രൊഫഷണൽ നാടകവേദി പുതുമകൾതേടിയതിനു തിക്കൊടിയനും ഒരു കാരണക്കാരനാണ്. ആകാശവാണിക്കുവേണ്ടി നിരവധി റേഡിയോ നാടകങ്ങൾ രചിച്ചിട്ടുണ്ട്. ശബ്ദസാധ്യതയെ മാത്രം ഉപയോഗപ്പെടുത്താനാവുന്ന റേഡിയോ നാടകങ്ങളെ ജനകീയമാക്കുന്നതിൽ തിക്കൊടിയൻ നിസ്സാരമല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്. ഏതാനും നോവലുകളും കവിതകളും നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾ തന്നെയാണ് തിക്കോടിയന്റെ നാടകങ്ങൾ. മനുഷ്യജീവിതത്തിലെ സ്നേഹവും പകയും വിധേയത്വവും വിദ്വേഷവും തെറ്റിദ്ധാരണകളും കലഹങ്ങളും പൊരുത്തക്കേടുകളും പൊരുത്തപ്പെടലുകളുമെല്ലാം ഉള്ളിൽ തട്ടുന്നതരത്തിൽ തിക്കോടിയൻ അവതരിപ്പിച്ചിട്ടുണ്ട്. കൊയിലാണ്ടി ബാസൽ മിഷൻ മിഡിൽ സ്‌കൂളിൽ പഠിച്ചശേഷം വടകര ടീച്ചേഴ്‌സ് ട്രെയിനിങ് സ്‌കൂളിൽ ചേർന്നു. അവിടെ നിന്നും പാസായശേഷം പഠിച്ച പഠിച്ച കൊയിലാണ്ടി സ്‌കൂളിൽതന്നെ 1936 ൽ അദ്ധ്യാപകനായി നിയമനം ലഭിച്ചു, 1942 ൽ ആയിരുന്നു വിവാഹം. സ്‌കൂൾ അദ്ധ്യാപികയായിരുന്നു ഭാര്യ. ഏഴു വർഷം മാത്രമേ ആ ദാമ്പത്യം ഉണ്ടായിരുന്നുള്ളു. 1949 ൽ ഭാര്യ മരിച്ചു. പിന്നെ കൂട്ടുണ്ടായിരുന്നത് മകൾ പുഷ്പ മാത്രം. ആത്മകഥയായ അരങ്ങ് കാണാത്ത നടൻ എന്ന പുസ്തകത്തിൽ മലബാറിന്റെ സാമൂഹിക സാംസ്കാരിക വിശേഷങ്ങൾ മനോഹരമായി വിവരിച്ചിട്ടുണ്ട്. ഈ ഗ്രന്ഥത്തിന് 1995 ൽ അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അകാദമി പുരസ്കാരം ലഭിച്ചു. കൂടാ‍തെ ആ വർഷം തന്നെ ഈ കൃതിക്ക് വയലാർ രാമവർമ്മ പുരസ്കാരവും ലഭിച്ചു.. യാഗശില, ഒരേകുടുംബം എന്നീ റേഡിയോ പ്രോഗ്രാമുകൾ ആകാശവാണിയുടെ നാഷനൽ നെറ്റ്‌വർക്കിൽ വരുകയും ഇന്ത്യയിലെ എല്ലാഭാഷകളിലും പ്രക്ഷേപണം ചെയ്യുകയും ചെയ്തു. “സ്നേഹിച്ചവരും സ്നേഹിക്കാത്തവരും പാവപ്പെട്ടവരും ധനികരും എല്ലാം ഒരുപോലെ നേരമെത്തുമ്പോൾ മരിച്ചുപോകുന്ന ഈ ഭൂമിയിൽ സ്നേഹിക്കുന്നതും വെറുക്കുന്നതും പക വെയ്ക്കുന്നതും എല്ലാം വിഡ്ഢിത്തമാണ്. നമ്മളൊക്കെ തനിച്ചുവരുന്നു; തനിച്ചുപോകുന്നു” - ഇതായിരുന്നു തിക്കോടിയന്റെ ജീവിതത്തോടുള്ള സമീപനം. ‘തീപ്പൊരി’ എന്ന നാടകത്തിലെ പ്രഭാകരൻ എന്ന കഥാപാത്രത്തിന്റെ വാക്കുകളിലൂടെ സ്വന്തം മനസ്സ് തിക്കോടിയൻ തുറക്കുന്നു: “ഞെക്കുമ്പോൾ കത്തുന്ന ടോർച്ച് കണ്ടിട്ടില്ലേ; അതുപോലിരിക്കണം മനുഷ്യൻ. ഉള്ളിലെ കരിയും ഇരുട്ടും മൂടിവെച്ച് ചിരിക്കുക.”

മലയാളത്തിലെ കവിയും സാഹിത്യകാരനുംഭാഷാ പണ്ഡിതനും വിവർത്തകനും അദ്ധ്യാപകനുമായിരുന്നു തിരുനല്ലൂർ കരുണാകരൻ. മലയാള കവിതയിലെ അരുണ ദശകത്തിലെ കവികളിൽ പ്രമുഖനായിരുന്ന അദ്ദേഹംപലപ്പോഴായി രചിച്ച ലളിതഗാനങ്ങൾ, കുട്ടിക്കവിതകൾ, നാടകഗാനങ്ങൾ , മാര്ച്ചിംഗ് ഗാനങ്ങൾ, കഥപ്രസംഗങ്ങൾ ,സംസ്കൃത കവിതകൾ തുടങ്ങി നിരവധി രചനകൾ പുസ്തക രൂപത്തിൽ ആക്കിയിട്ടില്ല. കുമാരനാശാൻറെ 'ച്ണ്ഡാല ഭിക്ഷുകി 'യുടെ സംസ്കൃത പരിഭാഷയും ഭാരതീയ സൗന്ദര്യ ശാസ്ത്രത്തെക്കുറിച്ചുള്ള നിരവധി ലേഖനങ്ങളും ഇതിൽ പെടുന്നു.. ലഘുവായ ഭാവഗീതങ്ങൾ,ദീർഘമായ ആഖ്യാനകവിതകൾ, കുട്ടിക്കവിതകൾ, നാടൻപാട്ടിൻറെ ലളിത്യമുള്ള ഗാനങ്ങൾ ,പുരാണ പുനർവ്യാഖ്യാനങ്ങൾ എന്നിങ്ങനെ വിവിധ ശൈലിയിലുള്ള ര‍ചനകളുൾക്കൊള്ളുന്ന കാവ്യ പ്രപഞ്ചമാണ് തിരുനല്ലൂരിൻറേത്. ഇന്ത്യൻ തത്ത്വചിന്തയിലും മാർക്സിസമുൾപ്പെടെയുള്ള പാശ്ചാത്യ ചിന്തയിലും പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹംജീവിതാന്ത്യം വരെ കമ്മ്യൂണിസ്റ്റാശയങ്ങളിൽ വിശ്വാസം പുലർത്തി. അന്ത്യസമയത്ത് രാമായണത്തെ പുനർ വ്യാഖ്യാനം ചെയ്യുന്ന, പന്ത്രണ്ട് സർഗ്ഗങ്ങളായി വിഭാവനം ചെയ്ത 'സീത' എന്ന ദീർഘ കാവ്യത്തിൻറെ രചനയിലായിരുന്നു... ഭാരതീയ തത്ത്വചിന്ത മുഖ്യമായും ഭൗതികവാദ പരമാണെന്നും ഭഗവദ്ഗീതയെയും ശങ്കരദർശനത്തെയും വിമർശനപരമായി വിലയിരുത്തേണ്ട്തുണ്ടെന്നും അദ്ദേഹം വാദിച്ചു..

ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭക്തകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ (About this sound ഉച്ചാരണം). അദ്ദേഹം പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായിരുന്നിരിക്കണം ജീവിച്ചിരുന്നത് എന്ന് പതിനാറാം നൂറ്റാണ്ടാണ് ഇദ്ദേഹത്തിന്റെ ജീവിത കാലഘട്ടം എന്ന് പൊതുവിൽ വിശ്വസിച്ചു പോരുന്നു. എഴുത്തച്ഛന്റെ യഥാർത്ഥ നാമം രാമാനുജൻ എന്നും കൃഷ്ണൻ എന്നും ചില വിദഗ്ദ്ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്. എഴുത്തച്ഛന്റെ യഥാർത്ഥ നാമം 'തുഞ്ചൻ'(ഏറ്റവും ഇളയ ആൾ എന്ന അർത്ഥത്തിൽ) എന്നായിരുന്നു എന്ന് തുഞ്ചൻപറമ്പ് (തുഞ്ചൻ + പറമ്പ്) എന്ന സ്ഥലനാമത്തെ അടിസ്ഥാനമാക്കി കെ.ബാലകൃഷ്ണ കുറുപ്പ് നിരീക്ഷിക്കുന്നു. ഇന്നത്തെ മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തൃക്കണ്ഡിയൂർ ശിവക്ഷേത്രത്തിനടുത്തുളള, തുഞ്ചൻപറമ്പ് ആണ് കവിയുടെ ജന്മസ്ഥലം എന്ന് വിശ്വസിക്കപ്പെടുന്നു. എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അർദ്ധസത്യങ്ങളാലും മൂടപ്പെട്ടു കിടക്കുകയാണ്. അബ്രാഹ്മണനായിട്ടും വേദപഠനവും സംസ്കൃതപഠനവും തരമാക്കിയ രാമാനുജൻ എഴുത്തച്ഛൻ, നാനാദിക്കിലേക്കുള്ള ദേശാടനങ്ങൾക്കു ശേഷം ചിറ്റൂരിൽ താമസമാക്കി എന്നു കരുതപ്പെടുന്നു. സംസ്കൃതം, ജ്യോതിഷം എന്നിവയിൽ മികച്ച അറിവുണ്ടായിരുന്ന, അക്കാലത്തെ അബ്രാഹ്മണർക്കു വിദ്യാഭ്യാസം നൽകിയിരുന്ന അപൂർവ്വം ചില സമുദായങ്ങൾക്കൊപ്പം, എഴുത്തച്ഛൻ സമുദായത്തിലെ പലരും ഉണ്ടായിരുന്നു . അതിനാൽ അവരിലൊരാളായിരുന്നു അദ്ദേഹം എന്ന വാദത്തിനു ആധാരമുള്ളതായി കണക്കാക്കപ്പടുന്നു. കവിയുടെ കുടുംബപരമ്പരയിൽ ചിലരാണ് പെരിങ്ങോടിനടുത്തെ ആമക്കാവ് ക്ഷേത്രപരിസരത്ത് വസിച്ചുപോരുന്നതെന്നും വിശ്വാസങ്ങളുണ്ട്. എന്നാൽ അതെ സമയം മറ്റൊരു കൂട്ടർ അദ്ദേഹം ഒരു അഖണ്ഡ ബ്രഹ്മചാരി ആയിരുന്നു എന്ന് വിശ്വസിക്കുന്നു. മറ്റ് ചരിത്ര ലേഖകർ, അദ്ദേഹത്തെ ജാതി പ്രകാരം, കണിയാർ ആയിട്ടാണ് കണക്കാക്കുന്നത്. പഴയ കാലത്തു പ്രാദേശിക കരകളിലെ കളരികളുടെ (ആയോധനകലയുടെയും സാക്ഷരതയുടെയും) ഗുരുക്കന്മാരായിരുന്ന പരമ്പരാഗത ജ്യോതിഷികളുടെ ഈ വിഭാഗം, സംസ്കൃതത്തിലും മലയാളത്തിലും പൊതുവെ നല്ല പാണ്ഡിത്യം ഉള്ളവരായിരുന്നു.] ജ്യോതിഷം, ഗണിതം, പുരാണം, ആയുർവേദം എന്നിവയിൽ നല്ല അവഗാഹം ഉള്ളവരായിരുന്ന ഇവർ, എഴുത്തുകളരികൾ നടത്തിയിരുന്നതിനാൽ പൊതുവെ എഴുത്താശാൻ, ആശാൻ, പണിക്കർ എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകളിലായിരുന്നു മലയാള നാട്ടിൽ അറിയപ്പെട്ടിരുന്നത് .

മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്രസം‌വിധായകനുമായിരുന്നു തോപ്പിൽ ഭാസി (1924 – 1992). യഥാർത്ഥനാമം തോപ്പിൽ ഭാസ്കരപിള്ള. മലയാളനാടകപ്രസ്ഥാനത്തിന് മൗലിക സംഭാവന നല്കിയ നാടകകൃത്തും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്നു. ഭാസിയുടെ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകം മലയാള നാടക ചരിത്രത്തിൽ അവിസ്മരണീയമായ ഒന്നാണ്‌. ഒന്നാം കേരളനിയമസഭയിൽ പത്തനംതിട്ട നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായാണ് ഭാസി നിയമസഭയിലെത്തിയത്. പഠനകാലത്തു തന്നെ വിദ്യാർത്ഥി കോൺഗ്രസ്സിൽ അംഗമായിരുന്നു. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾ നടത്തി. പഠനശേഷം കോൺഗ്രസ്സിൽ അംഗമായി, ഇതോടൊപ്പം കർഷകതൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ ശ്രദ്ധപതിപ്പിച്ചു. പുന്നപ്ര-വയലാർ സമരത്തോടെ കോൺഗ്രസ്സിൽ നിന്നും അകന്നു, കമ്മ്യൂണിസ്റ്റ്പാർട്ടിയിൽ അംഗമായി. ശൂരനാട് കലാപത്തിന്റെ പേരിൽ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രസാഹിത്യഅക്കാദമി അവാർഡുകളുൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1992 ഡിസംബർ 8-ന് 68-ആം വയസ്സിൽ അന്തരിച്ചു. ഭൂവുടമകൾക്കെതിരെ കർഷകതൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ വിപ്ലവസമരത്തിന്റെ ഫലമായി ഉണ്ടായ ശൂരനാട് കേസിൽ കുടുങ്ങി ഒളിവിലായിരുന്ന സമയത്താണ്‌ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകം ഭാസി എഴുതുന്നത്. സോമൻ എന്ന അപരനാമത്തിലായിരുന്നു അദ്ദേഹം നാടകം എഴുതിയത് കെ.പി.എ.സി. എന്ന പ്രസിദ്ധമായ നാടകസംഘത്തിന്റെ സ്ഥാപകപ്രവർത്തകരിലൊരാൾ. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം ഏതാണ്ട് 4000 ഓളം സ്റ്റേജുകളിൽ കളിച്ചു എന്നു കരുതപ്പെടുന്നു. കെ.പി.എ.സിയുടെ ആഭിമുഖ്യത്തിൽ 1952 ഡിസംബർ 6 ന്‌ കൊല്ലം ജില്ലയിലെ ചവറയിലാണ്‌ ഈ നാടകം ആദ്യമായി അരങ്ങേറിയത്. കേരള നാടകരംഗത്ത് ഒരു വൻ ചുവടുവെപ്പ് നടത്താൻ കെ.പി.എ.സിയെ ഈ നാടകം സഹായിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി രാഷ്ട്രീയജീവിതമാരംഭിച്ച ഭാസി ഒരു ദശവർഷം ഒളിവിൽ പ്രവർത്തിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ കെട്ടിപ്പടുക്കുന്നതിൽ നാടകങ്ങൾ വഴി മികച്ച സംഭാവന നല്കിയിട്ടുണ്ട്. (?) തവണ കേരള നിയമസഭാംഗം. 1945-ൽ ആദ്യ നാടകം അരങ്ങേറി- മുന്നേറ്റം. ശൂദ്രകന്റെ മൃച്ഛകടികം പുതിയ രീതിയിൽ സംവിധാനം ചെയ്ത് അവതരിപ്പിച്ചു. കാളിദാസന്റെ `അഭിജ്ഞാനശാകുന്തളം' ശകുന്തള എന്ന പേരിൽ ഗദ്യനാടകമായി അവതരിപ്പിച്ചു. രചനയ്ക്കും സംവിധാനത്തിനും നിരവധി സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട്. 1968-ൽ നാടകങ്ങൾക്കുള്ള ദേശീയ അവാർഡ് അശ്വമേധത്തിനു ലഭിച്ചു. ഒട്ടുമിക്ക നാടകങ്ങളും ചലച്ചിത്രമായി. ഏതാനും ചെറുകഥകളും ഒളിവിലെ ഓർമകൾ എന്ന ആത്മകഥയും രചിച്ചിട്ടുണ്ട്. നാടകനടനായിരുന്ന തോപ്പിൽ കൃഷ്ണപിള്ള സഹോദരനാണ്. ചലച്ചിത്രസംവിധായകൻ അജയൻ പുത്രനാണ്.

പത്താം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന ഒരു ഹാസ്യ കവിയാണ്‌ തോലൻ . തോലന്റെ ജീവിതത്തെ പറ്റി ആധികാരികമായി പറയാൻ തെളിവുകളില്ല. കൊടുങ്ങല്ലൂരിനടുത്ത് അടൂർ എന്ന സ്ഥലത്ത് 'കൊണ്ടൊഴിഞ്ഞാറ്' എന്ന പ്രദേശത്തുള്ള ഒരു ഇല്ലത്തിലാണ്‌ അദ്ദേഹം ജനിച്ചത് എന്നൊരു ശ്രുതിയുണ്ട്. നീലകണ്ഠൻ എന്നായിരുന്നു പേര്‌. തോലൻ എന്ന പേര്‌ നാട്ടുകാർ നൽകിയതാണ്‌. കേരളപ്പെരുമാക്കന്മാരിൽ അവസാനത്തെ ആളായ ഭാസ്കരരവിവർമയുടെ സദസ്യനായിരുന്നു തോലൻ എന്ന് കരുതപ്പെടുന്നു. കേരളീയ കലകളായ കൂത്തിനും കൂടിയാട്ടത്തിനും വേണ്ട ചടങ്ങുകൾ , വേഷം , കൈമുദ്രകൾ , അഭിനയങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ ചിട്ടപ്പെടുത്തി 'ആട്ടപ്രകാരം' , 'ക്രമദീപിക' എന്നീ രണ്ട് ഗ്രന്ഥങ്ങൾ തോലൻ രചിച്ചിട്ടുണ്ട്. അദ്ദേഹം നടപ്പിലാക്കിയ രീതിക്ക് ഇന്നും കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ല.'മഹോദയപുരേശചരിതം' എന്നൊരു മഹാകാവ്യവും തോലൻ രചിച്ചിട്ടുള്ളതായി പറയപ്പെടുന്നു.

ഒരു മലയാള കവിയായിരുന്നു നടുവത്ത് അച്ഛൻ നമ്പൂതിരി. പെട്ടെന്ന് അർഥബോധമുളവാകത്തക്കതരത്തിൽ ശുദ്ധ ഭാഷാപദങ്ങളുപയോഗിച്ച് കവിത എഴുതുന്നതിൽ നിപുണനായിരുന്നു ഇദ്ദേഹം. തൃശൂർ ജില്ലയിൽ ചാലക്കുടി നടുവത്തില്ലത്ത് ദിവാകരൻ നമ്പൂതിരിയുടെയും ആര്യാഅന്തർജനത്തിന്റെയും മകനായി ജനിച്ചു. ദിവാകരൻ എന്നാണ് യഥാർഥ നാമം. ഉണ്ണി പിറന്ന് നാലുമാസം കഴിഞ്ഞപ്പോൾ അച്ഛൻ മരിച്ചു, നടുവത്തില്ലം ദരിദ്രമായിത്തീർന്നു. കുലാചാരപ്രകാരമുളള ഉപനയനം, സമാവർത്തനം, വിദ്യാഭ്യാസം തുടങ്ങിയവ ബന്ധുഗൃഹങ്ങളിൽവച്ചാണ് നടത്തിയത്. സംസ്കൃതം അഭ്യസിക്കാൻ ആദ്യം സാധിച്ചില്ല. നമ്പ്യാരുടെ തുള്ളൽ കഥകളും മറ്റു ഭാഷാകൃതികളും നല്ലവണ്ണം വായിച്ചുപഠിച്ചു. 1856-ൽ മരുത്തോമ്പിള്ളി തെക്കേപുഷ്പകത്തു വാസുനമ്പ്യാർ, തൃപ്പൂണിത്തുറ ഗോവിന്ദൻ നമ്പ്യാർ എന്നിവരുടെ കീഴിൽ സംസ്കൃതാഭ്യസനം ആരംഭിച്ചെങ്കിലും സാമ്പത്തികക്ലേശംമൂലം 1863-ൽ പഠനം അവസാനിപ്പിക്കേണ്ടിവന്നു. ഈ കാലഘട്ടത്തിൽ പൂന്തോട്ടത്തു നമ്പൂതിരിയുടെ കീഴിൽ സംസ്കൃതത്തിൽ സാമാന്യജ്ഞാനം നേടുകയും ഭാഷാകാവ്യരചന ആരംഭിക്കുകയും ചെയ്തിരുന്നു. കുറേക്കാലം ഇദ്ദേഹം തുണിത്തരങ്ങൾ വാങ്ങി വിറ്റ് കാലക്ഷേപം നടത്തിപ്പോന്നു. 1864-ൽ അന്യംനില്ക്കാറായ വടക്കാഞ്ചേരി ഇല്ലത്തുനിന്നും വേളി കഴിച്ചതിനാൽ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടു. മൂന്നു സന്താനങ്ങളുണ്ടായതിൽ നാരായണൻ ആണ് നടുവത്തുമഹൻ എന്ന പ്രസിദ്ധകവി. ഇരിങ്ങാലക്കുടയ്ക്കടുത്ത് തത്തമ്പള്ളി, നടുമ്പള്ളി എന്നീ ഇല്ലങ്ങളിൽ സന്തതി അറ്റപ്പോൾ അവയുടെ സ്വത്തുക്കളും കൊച്ചി രാജാവിന്റെ നിയോഗപ്രകാരം നടുവത്തച്ഛനു ലഭിച്ചു. 1865 മുതൽ 67 വരെ തൈക്കാട് നാരായണൻ മൂസ്സിന്റെയും പിന്നീട് ഇട്ടിരി മൂസ്സിന്റെയും ശിഷ്യനായി അഷ്ടാംഗഹൃദയം പഠിച്ച് വൈദ്യവൃത്തിയിൽ പ്രഗല്ഭനായിത്തീർന്നു. വെൺമണി മഹനുമായുള്ള നിരന്തര സമ്പർക്കംമൂലം കൊടുങ്ങല്ലൂർക്കളരിയിലെ ശ്രദ്ധേയനായ കവിയായി. 1880 മുതൽ 89 വരെ കൊച്ചിരാജ്യത്തിലെ കോടശ്ശേരി കർത്താവിന്റെ കാര്യസ്ഥനായി ജോലിനോക്കി. 1889-ൽ മൂത്രാശയ സംബന്ധമായ രോഗം ബാധിച്ചെങ്കിലും കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാന്റെ ചികിത്സയാൽ സുഖം പ്രാപിച്ചു. 1909-ൽ കാലിനു നീരുണ്ടായി. അച്ഛൻ നമ്പൂതിരിക്ക് രോഗശാന്തി നേർന്നുകൊണ്ട് അന്നത്തെ കവികൾ അയച്ചുകൊടുത്ത ശ്ലോകങ്ങളുടെ സമാഹാരമാണ് ആരോഗ്യസ്തവം. 1919-ൽ അച്ഛൻ നമ്പൂതിരി നിര്യാതനായി.

നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനാണ് നന്തനാർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന പൂരപ്പറമ്പിൽ ചെങ്ങര ഗോപാലൻ (1926 - 1974). ആത്മാവിന്റെ നോവുകൾ എന്ന നോവൽ 1963-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. തമിഴ് ശിവഭക്തസന്യാസിയായിരുന്ന നന്ദനാരോടുള്ള ആദരസൂചകമായാണ് അദ്ദേഹം തൂലികാനാമം സ്വീകരിച്ചത്. 1926-ൽ ഇന്നത്തെ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത്‌ പരമേശ്വര തരകന്റേയും, നാണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബവീട്. വീടിനടുത്തുള്ള തരകൻ ഹയർ എലിമെന്ററി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1942 മുതൽ 1964 വരെ പട്ടാളത്തിൽ സിഗ്നൽ വിഭാഗത്തിൽ ജോലി നോക്കി. 1965 മുതൽ മൈസൂരിൽ എൻ.സി.സി ഇൻസ്ട്രക്ടറായിരുന്നു. 1967 മുതൽ ഫാക്റ്റിൽ പബ്ലിസിറ്റി വിഭാഗത്തിലായിരുന്നു. ജോലിയിലിരിക്കവേ 1974-ൽ പാലക്കാട്ടെ ഒരു ലോഡ്ജ് മുറിയിൽ വച്ച് നന്തനാർ ആത്മഹത്യ ചെയ്തു. ഈ കടുംകൈ ചെയ്യുമ്പോൾ അദ്ദേഹത്തിന് 48 വയസ്സേ ആയിരുന്നുള്ളൂ. ഏഴു നോവലുകളും ഒരു നാടകവും പതിനൊന്ന് കഥാസമാഹാരങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ബാല്യം മുതൽ താൻ അനുഭവിച്ചറിഞ്ഞ കഷ്ടപ്പാടുകൾ കഥയിൽ അവതരിപ്പിച്ചിട്ടുള്ള നന്തനാരുടെ കഥാപാത്രങ്ങൾ പാവപ്പെട്ടവരും സാധാരണക്കാരും മണ്ണിന്റെ മണവും പ്രകൃതിയുടെ കനിവും അറിഞ്ഞ ഹൃദയ നൈർമല്യവുമുള്ളവരുമാണ്. മലബാർ കലാപവും ഇന്ത്യാ-പാക് വിഭജനവും ഹിന്ദുമുസ്ലീം ലഹളയും നന്തനാർ കഥകളുടെ ജീവത് സ്പന്ദനങ്ങളായി മാറുന്നുണ്ട്. യുദ്ധക്കെടുതികളും പട്ടാളക്യാമ്പുകളിലെ മനം മടുപ്പിക്കുന്ന ജീവിതവും കഥകളുടെ ശക്തികേന്ദ്രങ്ങളാണ്. ആത്മാവിന്റെ നോവുകൾ ഇംഗ്ലീഷിലും ഹിന്ദിയിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ചെറുകഥകളും അനേകം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രമുഖ കവിയും ഗാനരചയിതാവുമായ പി.സി. അരവിന്ദൻ നന്തനാരുടെ അനന്തരവനാണ്.

നളിനി ബേക്കൽ (ജനനം ഒക്ടോബർ 1954 15) മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. നിരവധി നോവലുകളും ചെറുകഥകളും രചിച്ചിട്ടുണ്ട്, കൂടാതെ മാതൃഭൂമി നോവൽ പുരസ്കാരം (1977), ഇടശ്ശേരി അവാർഡ് (1987), SBI അവാർഡ് (1992), കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട് കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ബേക്കൽ ഗ്രാമത്തിലാണ് നളിനി ജനിച്ചത്. മലയാള ഭാഷയിലെ പ്രശസ്ത എഴുത്തുകാരനും നിരൂപകനും വിമർശകനുമാണ് നളിനിയുടെ ഭർത്താവ് പൈപ്ര രാധാകൃഷ്ണൻ . ഡോ. അനുരാധ (ആയുർവേദ മെഡിക്കൽ ഓഫീസർ), അനുജ അകത്തോട്ട് എന്നിവരാണ് മക്കൾ .

നോവലിസ്റ്റ്, കഥാകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ഒരു മലയാളം സാഹിത്യകാരനായിരുന്നു നാഗവള്ളി ആർ. ശ്രീധരക്കുറുപ്പ് എന്ന നാഗവള്ളി ആർ.എസ്. കുറുപ്പ് . ചലച്ചിത്രനടൻ, പിന്നണിപ്രവർത്തകൻ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. പ്രമുഖ ചലച്ചിത്രനടനായിരുന്ന വേണു നാഗവളളി ഇദ്ദേഹത്തിന്റെ പുത്രനാണ്. രാമക്കുറുപ്പിന്റെയും കുട്ടിയമ്മയുടെയും മകനായി 1917-ൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ ജനിച്ചു. 1937-ൽ ബി.എ.ബിരുദം നേടി. ആദ്യം ഇന്ത്യൻ ബാങ്കിൽ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. പിന്നീട്‌ ആലപ്പുഴ എസ്‌.ഡി. വിദ്യാലയത്തിൽ അധ്യാപകനും, എസ്‌.ഡി.കോളേജിൽ മനഃശാസ്‌ത്ര വിഭാഗം ലക്‌ചററും ആയി ജോലി നോക്കി. 1956-ൽ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ ജോലിയിൽ പ്രവേശിച്ചു. 1977-ൽ വിരമിച്ചു. ശശിധരൻ, ചന്ദ്രിക, ന്യൂസ്‌പേപ്പർബോയ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.രണ്ടുജന്മം എന്ന ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്. 2003 ഡിസംബർ 27-ന്‌ അന്തരിച്ചു. എൻ.രാജമ്മയാണ് ഭാര്യ. വേണു നാഗവളളി അടക്കം 4 മക്കൾ.

പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനായിരുന്നു നാലപ്പാട്ട് നാരായണമേനോൻ (ജീവിതകാലം: 1887 ഒക്ടോബർ 7 - 1954 ഒക്ടോബർ 31). വിവർത്തനം, കവിതാരചന തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. വള്ളത്തോൾ പാരമ്പര്യത്തിൽ പെട്ട കവിയിൽ നിന്ന്‌ നാരായണ മേനോൻ ദാർശനിക കവിയായി, തത്ത്വചിന്തകനായി വിലാപകാവ്യകാരനായി, വിവർത്തകനായി, ആർഷജ്ഞാനിയായി പിന്നെ ലൈംഗിക ശാസ്ത്രാവബോധകനായി. ആർഷജ്ഞാനത്തിന്റെയും രതിലോകത്തിന്റെയും വഴികൾ ആവിഷ്കരിക്കുക തുടങ്ങി വ്യത്യസ്തങ്ങളായ വഴികളിലൂടെ യാത്ര ചെയ്ത്‌ സമഗ്രമായൊരു ജീവിതസങ്കൽപം സാക്ഷാത്കരിച്ച വ്യക്തിയായിരുന്നു നാലപ്പാട്ട്‌ നാരായണമേനോൻ. മലയാള കവിതയിലെ ഭാവഗീതപ്രസ്ഥാനത്തെ വികസിപ്പിച്ചതിൽ നാലപ്പാടൻ വലിയ പങ്കുവഹിച്ചിട്ടുണ്ട്‌. മനുഷ്യാവസ്ഥകളുടെ മിക്കവാറൂം മേഖലകളിലും അദ്ദേഹം രചനകൾ നടത്തി. ഓരോ വിഷയത്തിലും ഓരോ പുസ്തകമേ എഴുതിയിട്ടുള്ളൂ എങ്കിലും എഴുതിയവയൊക്കെ ബൃഹദ്‌ഗ്രന്ഥങ്ങളായിരുന്നു. മലയാളിയുടെ ഭാവുകത്വത്തിന്‌ വികാസം പകർന്ന എഴുത്തുകാരനായിരുന്നു നാലപ്പാട്ട്‌ നാരായണമേനോൻ. വളരെ കുറച്ചേ എഴുതിയിട്ടുള്ളൂവെങ്കിലും മലയാള സാഹിത്യത്തിൽ അദ്ദേഹത്തിന്‌ വളരെ വലിയൊരു സ്ഥാനമാണുള്ളത്‌. പൊന്നാനിക്കടുത്ത്‌ വന്നേരിയിലാണ്‌ 1887 ഒക്‌ടോബർ ഏഴിനാണ് നാലപ്പാട് നാരായണമേനോൻ ജനിച്ചത്. നാലപ്പാടിന്റെ പ്രാഥമിക വിദ്യാഭ്യാസം തൃശൂരും കോഴിക്കോടുമായിരുന്നു. ഇംഗ്ലീഷും വേദാന്തവും പഠിച്ച അദ്ദേഹം കുറച്ചുകാലം ഒരു പ്രസ്സിന്റെ മാനേജരായി ജോലി നോക്കി. 1954 ഒക്ടോബർ 31 ന് അന്തരിച്ചു. പ്രശസ്തസാഹിത്യകാരി ബാലാമണിയമ്മ, ഇദ്ദേഹത്തിന്റെ അനന്തരവളാണ്.

കവി എന്ന നിലയിലും ക്ഷേത്രചരിത്രകാരൻ എന്ന നിലയിലും പ്രശസ്തനായ മലയാള സാഹിത്യകാരനാണ് നാലാങ്കൽ‌ കൃഷ്ണപിള്ള (1910- 1991) കോട്ടയത്തെ ഒളശ്ശയിൽ 1910 സെപ്റ്റംബർ 15-ന് ചിങ്ങമാസത്തിൽ തിരുവോണം നാളിൽ ജനനം. അച്ഛൻ‌ അറയ്ക്കൽ കേശവപിള്ള, അമ്മ നാലാങ്കൽ‌ ജാനകിക്കുട്ടിയമ്മ. ഒളശ്ശയിലും കോട്ടയത്തുമായി സ്കൂൾ‌ വിദ്യാഭ്യാസം. തിരുവനന്തപുരം ആർട്ട്സ് കോളേജ് ട്രെയിനിംങ് കോളേജ് എന്നിവിടങ്ങളീൽ‌ നിന്നും പ്രശസ്തമായ നിലയിൽ‌ സ്വർ‌ണ്ണമെഡലോടെ എം. എ ,എൽ.ടി ബിരുദങ്ങൾ‌. അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം റീജിയണൽ‌ ഡെപ്യൂട്ടി ഡയറക്ടറായാണ്‌ ജോലിയിൽ‌ നിന്നും വിരമിച്ചത്. ഏറെക്കാലം പ്രമേഹബാധിതനായിരുന്ന അദ്ദേഹം പ്രമേഹാനുബന്ധപ്രശ്നങ്ങളെത്തുടർന്ന് 1991 ജൂലൈ 2-ന് 81-ആം വയസ്സിൽ അന്തരിച്ചു. ഭാഷാ ഭഗവതിയുടെ നെറ്റിത്തടത്തിലെ സിന്ദൂരക്കുറിപ്പെന്ന് വെണ്ണിക്കുളം പ്രശംസിച്ചവയാണ് നാലാങ്കലിന്റെ ഭാവഗീതങ്ങൾ.

അദ്വൈതവേദാന്തദർശനത്തിലും ശ്രീനാരായണദർശനത്തിലുംപണ്ഡിതനായിരുന്ന എഴുത്തുകാരനും ആചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യചൈതന്യ യതി (നവംബർ 2, 1923 - മേയ് 14, 1999). ജയചന്ദ്രപ്പണിക്കർ എന്നായിരുന്നു പൂർവ്വാശ്രമ നാമം. ശ്രീനാരായണഗുരുവിന്റെ ആത്മീയ ശൃംഖലയിൽ മൂന്നാമൻ ആയി കണക്കാക്കപ്പെടുന്നു (ശ്രീനാരായണഗുരുവിന്റെ പിൻഗാമിയായ നടരാജഗുരുവിനു ശേഷം). ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിക്കുവാനായി സ്ഥാപിക്കപ്പെട്ട നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു. അദ്വൈത വേദാന്തത്തിന്റെയും ഭാരതീയ തത്വശാസ്ത്രത്തിന്റെയും ഒരു പ്രമുഖ വക്താവുമായിരുന്നു ഗുരു നിത്യ ചൈതന്യയതി. ഹൈന്ദവ സന്ന്യാസിയായിരുന്നെങ്കിലും ഇതരമതസ്ഥരുടെ ഇടയിലും യതി ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു. ഭൗതികം, അധ്യാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം. തുടങ്ങി ഒട്ടേറെ വിഷയങ്ങൾ അദ്ദേഹം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. മതങ്ങൾക്ക് അതീതമായ ആത്മീയതയിലും ശ്രീനാരായണ ദർശനത്തിലും അഗാധമായ അറിവുണ്ടായിരുന്ന ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യ ചൈതന്യ യതി.

മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ, രാമപ്പണിക്കർ എന്നിവരാണ് നിരണം കവികൾ എന്നറിയപ്പെട്ടു പോരുന്നത്. നിരണത്തുകാരായത് കൊണ്ടാണ് ഇവർക്ക് ഇങ്ങനെ പേര് ലഭിച്ചതെന്ന് കരുതുന്നു. എന്നാൽ ചില പണ്ഡിതന്മാരുടെ വിലയിരുത്തൽ പ്രകാരം നിരണവൃത്തത്തിന്റെ പേരിൽ മാത്രമാണ് ഇവരെ ഇപ്രകാരം വിളിക്കുന്നത്. രാമപ്പണിക്കർ മാത്രമാണ് നിരണത്തുകാരൻ എന്നാണിപ്പോഴത്തെ നിഗമനം. കണ്ണശ്ശകവികൾ എന്ന പേരിലും ഇവർ അറിയപ്പെടുന്നു. മലയൻകീഴുകാരനായ മാധവപ്പണിക്കരും, വെള്ളാങ്ങല്ലൂർകാരനായ ശങ്കരപ്പണിക്കരും നിരണത്തു കണ്ണശപ്പണിക്കരുടെ പൂർവികരായി വിലയിരുത്തപ്പെടുന്നു.

മലയാളത്തിലെ പ്രശസ്തരായ കവികളിൽ ഒരാളാണ് ഡോ. നെല്ലിക്കൽ മുരളീധരൻ. 2004-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് അദ്ദേഹത്തിന്റെ നെല്ലിക്കൽ മുരളീധരന്റെ കവിതകൾ എന്ന കൃതിക്ക് ആണ്. പുറപ്പാട് എന്ന കൃതിക്ക് അദ്ദേഹത്തിന് ഇടശ്ശേരി സ്മാരക പുരസ്കാരം ലഭിച്ചു. (1985-ൽ). കോഴഞ്ചേരിക്ക് അടുത്തുള്ള നെല്ലിക്കൽ എന്ന ദേശത്താണ് ജനിച്ചത്. ഭാര്യ സുഖദ ദേവി അധ്യാപികയായിരുന്നു.മക്കൾ സ്മൃതി,സുരഭി,സാരംഗി. നാരങ്ങാനത്തെ പുത്തൻ പുരയിൽ എന്ന വീട്ടിലായിരുന്നു അവസാന നാളുകൾ

മലയാളസാഹിത്യത്തിലെ ശ്രദ്ധേയനായ ഒരു എഴുത്തുകാരനാണ് പട്ടത്തുവിള കരുണാകരൻ (1925 ജൂലൈ-1985 ജൂൺ 5). കൊല്ലം ജില്ലയിൽ ജനിച്ചു. നാല്പതുകൾ മുതൽ എൺപതുകൾ വരെയുള്ള കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തോട് ശക്തമായ ഭാഷയിൽ പ്രതികരിക്കുന്നവയാണ് അദ്ദേഹത്തിന്റെ മിക്ക കഥകളും. പിയേഴ്സ് ലെസ്ളി കമ്പനിയിൽ കോഴിക്കോട്ട് മാനേജരായി നിയമിതനായ പട്ടത്തുവിള കരുണാകരന്‌ നഗരത്തിൽ ഒരു നല്ല സുഹൃദ്‌വലയമുണ്ടായിരുന്നു. നാടകകൃത്തായ തിക്കോടിയൻ, കാർട്ടൂണിസ്റ്റും സിനിമാ തത്പരനുമായ അരവിന്ദൻ ‍ തുടങ്ങിയവർ ഈ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ചലച്ചിത്രരംഗത്തെ ആഗോളതലത്തിലെ പുതുപ്രവണതകളെക്കുറിച്ച് തല്പരരായ ആ സംഘം ഒരു സിനിമ നിർമ്മിക്കാൻ നിശ്ചയിച്ചു. പട്ടത്തുവിള കരുണാകരൻ നിർമ്മാതാവും തിക്കോടിയൻ കഥാകൃത്തുമായി ആരംഭിച്ച സിനിമയുടെ സംവിധായകൻ അരവിന്ദനായിരുന്നു.‍ആദ്യചിത്രമായ ഉത്തരായനം മലയാളസിനിമയിൽ ഒരു നൂതനമായ ഭാവുകത്വത്തിന്റെ തുടക്കമായിരുന്നു. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ട ഉത്തരായനം ഇന്ത്യയ്ക്കു പുറത്തുള്ള നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കൊല്ലത്ത് പട്ടത്തുവിള കുടുംബത്തിൽ ജനിച്ചു. പിതാവ് കൊച്ചുകുഞ്ഞ്, മാതാവ് കൊച്ചുകുഞ്ചാളി. ക്രേവൻ ഹൈസ്ക്കൂളിൽ സ്ക്കുൾ വിദ്യാഭ്യാസത്തിനു ശേഷം മദിരാശി പ്രസിഡൻസി കോളേജിൽ ചേർന്നു. നിയമ പഠനം തുടങ്ങിയെങ്കിലും പൂർത്തിയാക്കിയില്ല. കുറച്ചുകാലം കേരള കൌമുദിയിൽ പത്രപ്രവർത്തകനായിരുന്നു. ന്യൂയോർക്കിലെ സിറാക്യൂസ് കോളേജിൽ നിന്ന് എം.ബി.എ. ബിരുദം നേടി. കോഴിക്കോട് പിയേഴ്സ് ലെസ്ളി കമ്പനിയിൽ മാനേജരായിരുന്നു. 1955 ൽ വിവാഹം ഭാര്യ സാറ. മക്കൾ അനിത, അനുരാധ. 1985 ജൂൺ 5 ന് അന്തരിച്ചു.

പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്കർത്താവുമായിരുന്നു പണ്ഡിറ്റ് കെ.പി. കറുപ്പൻ (24 മേയ് 1885 - 23 മാർച്ച് 1938). മുഴുവൻ പേര് കണ്ടത്തിപ്പറമ്പിൽ പാപ്പു കറുപ്പൻ എന്നാണ്. എറണാകുളം ജില്ലയിലെ ചേരാനെല്ലൂരിൽ കണ്ടത്തിപ്പറമ്പിൽ പാപ്പുവിന്റെയും (അത്തോപൂജാരി വൈദ്യൻ എന്നും അറിയപ്പെട്ടിരുന്നു) കൊച്ചുപെണ്ണിന്റെയും മകനായി 1885 മേയ് 24 ന് ആണ് ജനനം. ജാതിയമായ ഉച്ചനീചത്വങ്ങൾക്കെതിരെ അദ്ദേഹം പൊരുതി. പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂർ കോവിലകത്ത്‌ ഹൈസ്ക്കൂൾ വിദ്യാഭ്യാസം. കൊച്ചിരാജാവ്‌ പ്രത്യേക താൽപര്യമെടൂത്തതിനാൽ സംസ്കൃതവും അദ്ദേഹത്തിനു പഠിക്കാനായി. പതിനാലാം വയസ്സിൽ കവിതകളെഴുതിത്തുടങ്ങിയ അദ്ദേഹം ഇരുപതോളം കാവ്യങ്ങൾ രചിച്ചു. എറണാകുളം മഹാരാജാസ്‌ കോളേജിൽ അദ്ധ്യാപകനായിരുന്നു. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ 'വിദ്വാൻ' ബഹുമതിയും കൊച്ചി മഹാരാജാവ്‌ 'കവിതിലകൻ' 'സാഹിത്യ നിപുണൻ' എന്നീ ബഹുമതികളും നൽകി ആദരിച്ചിട്ടുണ്ട്. 1925ൽ കൊച്ചിൻ ലെജിസ്ളേറ്റീവ്‌ കൌൺസിലിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. ആ കാലത്തു നിലവിലിരുന്ന ജാതിയിലെ ഉച്ചനീചത്വങ്ങളെ വരച്ചുകാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെരചനയാണ്‌ പ്രശസ്തമായ ജാതിക്കുമ്മി എന്ന കവിത. അരയസമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി കറുപ്പൻ സ്ഥാപിച്ച പ്രാദേശിക ശാഖകളാണ് സഭകൾ. കേരള ലിങ്കൺ എന്ന പേരിൽ പണ്ഡിറ്റ് കറുപ്പൻ അറിയപ്പെടുന്നു. 1938 മാർച്ച് 23ന് 53–ാം വയസ്സിലാണ് അന്ത്യം.

കവിയും പ്രസാധകനും ആയിരുന്നു മഹാകവി പന്തളം കേരളവർമ്മ എന്നറിയപ്പെടുന്ന കേരളവർമ്മ (ജനുവരി 1879 - ജൂൺ 1919) . പന്തളം രാജകുടുംബാംഗമായ അദ്ദേഹം ജനിച്ചത് പന്തളത്താണ്. തന്റെ 12-ആം വയസ്സിൽ സംസ്കൃത കവിതകൾ എഴുതിത്തുടങ്ങിയ അദ്ദേഹം 19-ആം വയസ്സിൽ മലയാള കവിതകളും എഴുതിത്തുടങ്ങി. "ദൈവമേ കൈ തൊഴാം" എന്ന പ്രശസ്തമായ പ്രാർത്ഥനാഗാനം അദ്ദേഹത്തിന്റെ രചനകളിൽ ഒന്നാണ്. പന്തളം രാജകുടുംബത്തിൽ കൊല്ലവർഷം 1054 മകരം 10ന് (1879 ജനവരി22) പന്തളം കേരളവർമ ജനിച്ചു. അമ്മ പുത്തൻകോയിക്കൽ അശ്വതിനാൾ തന്വംഗിത്തമ്പുരാട്ടി. അച്ഛൻ കോട്ടയം പുതുപ്പളളി തൃക്കോതമംഗലം പെരിഞ്ഞേലി ഇല്ലത്ത് വിഷ്ണുനമ്പൂതിരി. പാരമ്പര്യ രീതിയിലുള്ള സംസ്കൃത വിദ്യാഭ്യാസം നേടി. ബാല്യത്തിൽത്തന്നെ കവിതാരചന തുടങ്ങി. ഇരുപതു വയസ്സായപ്പോഴേക്കും കവി എന്ന നിലയിൽ അറിയപ്പെട്ടുകഴിഞ്ഞിരുന്നു. 1904 നവംബർ 16ന് കവനകൗമുദി എന്ന പദ്യപാക്ഷികം സ്വന്തം ഉടമസ്ഥതയിലും പത്രാധിപത്യത്തിലും ആരംഭിച്ചു. അതിൽ അറിയിപ്പ്, പരസ്യം, മുഖപ്രസംഗം, വാർത്ത, ഗ്രന്ഥനിരൂപണം തുടങ്ങി എല്ലാ ഇനങ്ങളും പദ്യത്തിലായിരുന്നു. അതിന്റെ മുഖപ്രസംഗത്തിൽ അദ്ദേഹം സാമൂഹിക, രാഷ്ട്രീയ, സമകാലിക സംഭവങ്ങളും ഉൾപ്പെടുത്താൻ ശ്രദ്ധിച്ചിരുന്നു. 1914ൽ തിരുവനന്തപുരം എസ്.എം.വി. ഹൈസ്കൂളിൽ ഭാഷാധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. അവിടെ കൈതമുക്കിൽ സ്വന്തമായി വീടുവാങ്ങി താമസമുറപ്പിച്ചു. 1979-ൽ കേരളവർമ്മയുടെ ചില രചനകൾ "തെരഞ്ഞെടുത്ത കൃതികൾ" എന്ന പേരിൽ പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ഒടുവിൽ കുഞ്ഞികൃഷ്ണമേനോന്റെ സഹോദരി അമ്മുക്കുട്ടിഅമ്മ. ദ്രുതകവിതാ രചനയിൽ സമർഥനായിരുന്ന കേരളവർമ കവനകൗമുദിയിൽ കൂട്ടുകവിതകൾക്ക് പ്രത്യേക പ്രാധാന്യം നൽകി. ഇന്നും പ്രസക്തമായ പല വിഷയങ്ങളെക്കുറിച്ചും മുഖപ്രസംഗങ്ങളും എഴുതി. പ്രസിദ്ധമായ ഒട്ടേറെ ബാലകവിതകളും അദ്ദേഹം രചിച്ചു. 1979ൽ ജന്മശതാബ്ദിക്കാലത്ത് പന്തളം കേരളവർമയുടെ തിരഞ്ഞെടുത്ത കൃതികൾ' രണ്ടു വാല്യങ്ങളിലായി പ്രകാശിപ്പിച്ചു. കൊച്ചി മഹാരാജാവ് 'കവിതിലകൻ' ബിരുദം നൽകി. തിരുവിതാംകൂർ മഹാരാജാവിന്റെ വിദ്വൽ സദസ്സിൽ അംഗമായിരുന്നു. 1094 ഇടവം 28ന് (1919 ജൂൺ11) നാല്പതാം വയസ്സിൽ പന്തളം കേരളവർമ്മ അന്തരിച്ചു.

മലയാളത്തിലെ ഒരു സാഹിത്യകാരനാണ് പമ്മൻ. ആർ.പി. പരമേശ്വരമേനോൻ എന്നാണ് യഥാർത്ഥ പേര്. ചട്ടക്കാരിയിലൂടെ മികച്ച കഥയ്ക്കുള്ള 1974ലെ കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് പമ്മനു ലഭിച്ചു. 1920 ഫെബ്രുവരി 23-നു കൊല്ലത്ത് പ്ലാമൂട്ടിൽ ജനിച്ചു. അച്ഛൻ: കെ. രാമൻ മേനോൻ. അമ്മ: മാധവിക്കുട്ടി അമ്മ. കൊല്ലം ഗവ. ഇംഗ്ലീഷ് ഹൈസ്കൂൾ, മദ്രാസ് ഗവ. ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലണ്ടിൽ നിന്ന് എഞ്ചിനിയറിംഗിൽ ഡിപ്ലോമ നേടി. കുറച്ചുകാലം റോയൽ ഇന്ത്യൻ നേവിയിൽ ജോലിനോക്കി. 1946 മുതൽ 1980 വരെ പശ്ചിമ റെയിൽ‌വേയിൽ ഉദ്യോഗസ്ഥനായിരുന്നു. റെയിൽ‌വേ ഡെപ്യൂട്ടി ചീഫ് മെക്കാനിക്കൽ എഞ്ജിനിയർ ആയി ആണ് ഉദ്യോഗത്തിൽ നിന്നും പിരിഞ്ഞത്. 30-ഓളം നോവലുകളും അഞ്ചു ചെറുകഥാസമാഹാരങ്ങളും 4 നാടകങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ കൃതികളിലെ ലൈംഗികതയുടെ അതിപ്രസരം പലപ്പോഴും വിമശിക്കപ്പെട്ടിട്ടുണ്ട് .ഭ്രാന്ത് എന്ന നോവലിലൂടെ എഴുത്തുകാരിയായ മാധവിക്കുട്ടിയെ ഇദ്ദേഹം പരോക്ഷമായ് അവഹേളിച്ചത് മലയാളസാഹിത്യ രംഗത്ത് ഒട്ടനവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു അടിമകൾ, ചട്ടക്കാരി, അമ്മിണി അമ്മാവൻ, മിസ്സി എന്നീ നോവലുകൾ സിനിമയായി. സ്വപ്നാടനം എന്ന ചിത്രത്തിന് തിരക്കഥ എഴുതിയിട്ടുണ്ട്. ഭാര്യ: കമലാ മേനോൻ. 2007 ജൂൺ 3-ന് തിരുവനന്തപുരം വെള്ളായണിക്കടുത്ത് ഊക്കോട് എന്ന സ്ഥലത്തുവെച്ച് 87-ആം വയസ്സിൽ അന്തരിച്ചു.

മലയാള സാഹിത്യത്തിലെ ഉത്തരാധുനിക കവികളിൽ ഒരാളാണ്‌ പവിത്രൻ തീക്കുനി. മത്സ്യവില്പനക്കാരനായ മലയാളകവി എന്ന നിലയിൽ ശ്രദ്ധേയനായി. എ.അയ്യപ്പനുശേഷമുള്ള കാലത്തെ കവിയായി പരിഗണിക്കപ്പെടുന്നു. കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത് തീക്കുനിയിൽ ജനിച്ചു. തീക്കുനി എന്നത് സ്ഥലപ്പേരാണ്. മയ്യഴി, മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്‌സ് കോളജിൽ ബി.എ. മലയാളത്തിനു ചേർന്നെങ്കിലും ആദ്യവർഷം തന്നെ പഠനം ഉപേക്ഷിച്ചു. ദരിദ്രവും ദുഃഖഭരിതവുമായ കൌമാരയൌവ്വനാനുഭവങ്ങൾ തുറന്നു പറയുകയും ഉപജീവനത്തിനായി മത്സ്യവില്പന നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു. വർത്തമാനകാലത്തിന്റെ നിഷ്ഠുരനീതിയുടെ രക്തസാക്ഷിയായി ഈ കവി സ്വന്തം ചിത്രം വരഞ്ഞുവെക്കുന്നു. കവിതകൾ പലതും ഈ തിക്താനുഭവങ്ങളുടെ അടയാളങ്ങൾ പ്രകടമാക്കുന്നുണ്ടെങ്കിലും ആധുനികതയുടെ അരാജകത്വത്തോടുള്ള ആഭിമുഖ്യവും തെളിഞ്ഞുകാണാം.

സാമുദായികവും,സാമൂഹികവും ആയ അസമത്വങ്ങൾക്കെതിരേ തൂലിക ചലിപ്പിച്ച കവിയാണ് പള്ളത്തു രാമൻ .(1894-1963).ആശാനെപിന്തുടർന്നു സമുദായപരിഷ്കരണം ലക്ഷ്യമാക്കി സാഹിത്യസൃഷ്ടികൾ നടത്തിയ സാഹിത്യകാരനുമാണ്.

ഗണിതശാസ്ത്ര പുസ്തകങ്ങളുടെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരനാണു് പള്ളിയറ ശ്രീധരൻ. ഇദ്ദേഹത്തിന്റെ മിക്കവാറും ഗ്രന്ഥങ്ങൾ മലയാളത്തിലാണു് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗണിതസംബന്ധിയായ നൂറിലധികം പുസ്തകങ്ങളുടെ കർത്താവാണു് അദ്ദേഹം. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സയൻസ് പാർക്കിന്റെ ഡയറക്ടർ ആയിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി 2016 ആഗസ്റ്റ് 22മുതൽ പ്രവർത്തിക്കുന്നു. ചെറുകഥകളിലൂടെ സാഹിത്യലോകത്ത്‌ പ്രവേശിച്ചു. അമ്പതോളം കഥകൾ വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1978-ൽ ആദ്യഗ്രന്ഥം പ്രകൃതിയിലെ ഗണിതം പ്രസിദ്ധീകരിച്ചു. ഇതിനകം ഗണിതവിഷയകമായി നൂറിലധികം പുസ്തകങ്ങൾ രചിച്ചു. ഇത് ഇന്ത്യൻ ഭാഷകളിൽത്തന്നെ ഗണിതവിഷയത്തിൽ റെക്കോർഡാണ്. നിരവധി ആനുകാലികങ്ങളിൽ ഗണിതപംക്തികൾ കൈകാര്യം ചെയ്യുന്നുണ്ട്‌. മലയാളമനോരമ (പഠിപ്പുര, തൊഴിൽവീഥി, കൈത്തിരി, വനിത), മാതൃഭൂമി (വിജ്ഞാനരംഗം, തൊഴിൽവാർത്ത, ബാലഭൂമി), ദേശാഭിമാനി (വാരിക, കിളിവാതിൽ) പ്രതിച്ഛായ, വിദ്യാരംഗം, യുറീക്ക, ശാസ്ത്രകേരളം, മയിൽപ്പീലി , സാഹിത്യപോഷിണി, ബാലകൌതുകം , ബാലചന്ദ്രിക , ബാലശലഭം , ശ്രീമുത്തപ്പൻ എന്നിങ്ങിനെ അനേകം പ്രസിദ്ധീകരണങ്ങളിലായി ആയിരത്തോളം ലേഖനങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചു.

സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് 2019 ൽ അർഹനായ കവിയാണ് പഴവിള രമേശൻ (29 മാർച്ച് 1936 - 13 ജൂൺ 2019). കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയിൽ എൻ.എ. വേലായുധന്റെയും കെ. ഭാനുക്കുട്ടിഅമ്മയുടെയും മകനായി ജനിച്ചു. അഞ്ചാലുംമൂട് പ്രൈമറി സ്‌കൂൾ, കരിക്കോട് ശിവറാം ഹൈസ്‌കൂൾ, കൊല്ലം എസ്.എൻ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1961 മുതൽ 1968 വരെ കെ.ബാലകൃഷ്ണന്റെ കൗമുദി ആഴ്ചപ്പതിപ്പിൽ സഹ പത്രാധിപർ. 1968 മുതൽ 1993 വരെ കേരള ഭാഷാ ഇൻസ്റ്റ്യൂട്ടിൽ.

കേരളീയ ഭാവങ്ങൾ നിറഞ്ഞുനിന്ന കവിതകളിലൂടെ മലയാള സാഹിത്യത്തെ പുഷ്കലമാക്കിയ മഹാകവിയായിരുന്നു പാലാ നാരായണൻ നായർ. കേരളം വളരുന്നു (എട്ടുഭാഗം) എന്ന കവിതയുമായി സാഹിത്യരംഗത്ത്‌ ശ്രദ്ധേയനായിത്തീർന്നു ഇദ്ദേഹം. 1911 ഡിസംബർ 11ന് കീപ്പള്ളിൽ ശങ്കരൻ നായരുടേയും പുലിയന്നൂർ പുത്തൂർ വീട്ടിൽ പാർവതിയമ്മയുടേയും മകനായി അദ്ദേഹം കോട്ടയം ജില്ലയിലെ പാലായിൽ ജനിച്ചു. കുടിപ്പള്ളിക്കൂടം അദ്ധ്യാപകനായിരുന്ന പിതാവിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം, പാലാ വി. എം സ്കൂൾ, സെന്റ് തോമസ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നും ഉപരി പഠനവും നേടി. അദ്ധ്യാപകനും, കണക്കെഴുത്തുകാരനും, പട്ടാളക്കാരനുമായി ജീവിച്ചു. 1943-ൽ രണ്ടാം ലോകമഹായുദ്ധത്തിലെ ഭടനായി ഇന്ത്യയിലും ബർമ്മയിലും ജീവിച്ചു. തിരിച്ചെത്തി തിരുവിതാംകൂർ സർവകലാശാലയിൽ പ്രസിദ്ധീകരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായി. 1956-ൽ കേരള സർവകലാശാലയിൽനിന്ന്‌ എം.എ റാങ്കോടെ പാസായി. 1957-ൽ കേരള സാഹിത്യ അക്കാദമിയുടെ ആദ്യ അസിസ്റ്റന്റ്‌ സെക്രട്ടറിയായി നിയമിതനായി. 1959-ൽ സർവകലാശാലയിൽ തിരിച്ചെത്തി പഴയ ഡിപ്പാർട്ട്‌മെന്റിൽ ജോലിചെയ്തു. 1965-ൽ പ്രസിദ്ധീകരണ വിഭാഗം മേധാവിയായി. ആദ്യം പ്രസിദ്ധീകരിച്ച കവിത 'ആ നിഴൽ' ആണ്‌; കവിയുടെ 17-ാം വയസ്സിൽ. 1935ൽ ആദ്യസമാഹാരം 'പൂക്കൾ'. റിട്ടയർ ചെയ്ത ശേഷം പാലാ അൽഫോൻസ കോളേജിലും കൊട്ടിയം എൻ.എസ്‌.എസ്‌ കോളേജിലും അദ്ധ്യാപകനായി. ഭാര്യ പുത്തൻവീട്ടിൽ സുഭദ്രക്കുട്ടിയമ്മ. 2008 ജൂൺ 11-ന് അന്തരിച്ചു.

പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ എഴുതിയ കെ.ഈശോ മത്തായി (നവംബർ 14, 1924-ഡിസംബർ 30, 1981) മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും ആയിരുന്നു. രണ്ടുതവണ കേരള സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്. പാറപ്പുറത്തിന്റെ പല പ്രശസ്തമായ നോവലുകളും മലയാളചലച്ചിത്രങ്ങൾ ആക്കിയിട്ടുണ്ട്. മാവേലിക്കര താലൂക്കിലെ കുന്നം ഗ്രാമത്തിൽ 1924 നവംബർ 14-ന്‌ കിഴക്കേ പൈനും‌മൂട്ടിൽ കുഞ്ഞുനൈനാ ഈശോയുടെയും ശോശാമ്മയുടെയും മകനായാണ്‌ കെ.ഇ. മത്തായിയുടെ ജനനം. കുന്നം സി.എം.എസ്. എൽ.പി. സ്കൂൾ, ഗവണ്മെന്റ് മിഡിൽ സ്കൂൾ, ചെട്ടികുളങ്ങര ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1944-ൽ തന്റെ 19-ആം വയസ്സിൽ പട്ടാളത്തിൽ ചേർന്നു. പയനിയർ കോറിൽ ഹവിൽദാർ ക്ലർക്കായിട്ടായിരുന്നു നിയമനം. പട്ടാള ക്യാമ്പിലെ കലാപരിപാടികളിൽ അവതരിപ്പിക്കുവാൻ നാടകങ്ങൾ എഴുതിയിരുന്ന മത്തായിക്ക് ഇക്കാര്യത്തിൽ മേലുദ്യോഗസ്ഥരുടെ അഭിനന്ദനങ്ങൾ നേടാനായി. ഇരുപത്തിയൊന്നു വർഷത്തെ പട്ടാളജീവിതത്തിനു ശേഷം 1965-ൽ നാട്ടിൽ മടങ്ങിയെത്തി. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഡയറക്ടർ ബോർഡ് അംഗം, വൈസ് പ്രസിഡണ്ട്, പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1981 ഡിസംബർ 31-ന് അന്തരിച്ചു.

പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കേരളത്തിലെ സുറിയാനി കത്തോലിക്കാ സമൂഹത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ഒരു പുരോഹിതനുമാണ് പാറേമ്മാക്കൽ തോമ്മാക്കത്തനാർ (ജനനം: 1736 സെപ്തംബർ 10; മരണം: 1799 മാർച്ച് 20). 1787 മുതൽ 1799 വരെ ഗോവർണ്ണദോർ സ്ഥാനത്ത് കൊടുങ്ങല്ലൂർ രൂപതയെ ഭരിച്ച തോമ്മാക്കത്തനാർ, പാറേമ്മാക്കൽ ഗോവർണ്ണദോർ എന്ന പേരിലും അറിയപ്പെടുന്നു. കരിയാറ്റിൽ‍ മല്പാനുമൊത്ത്, സുറിയാനി കത്തോലിക്കരുടെ തനിമയും ദേശീയാഭിലാഷങ്ങളും അംഗീകരിച്ചു കിട്ടാനുള്ള നിവേദങ്ങളുമായി തോമ്മാക്കത്തനാർ പോർച്ചുഗലിലേയ്ക്കും റോമിലേയ്ക്കും നടത്തിയ യാത്ര, കേരളക്രൈസ്തവ സഭാചരിത്രത്തിലെ നിർണ്ണായക സംഭവങ്ങളിലൊന്നാണ്. അതിനൊടുവിൽ, വർത്തമാനപ്പുസ്തകം എന്ന പേരിൽ അദ്ദേഹം എഴുതിയ കൃതി, കേരള ക്രിസ്തീയചരിത്രത്തിലെ അടിസ്ഥാനരേഖകളിലൊന്നും മലയാളത്തിലേയും മുഴുവൻ ഭാരതീയസാഹിത്യത്തിലെ തന്നെയും ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥവുമാണ്. പോർച്ചുഗലിൽ വച്ച് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട കരിയാറ്റിൽ‍ മല്പ്പാൻ മടക്കയാത്രക്കിടെ ഗോവയിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരണമടഞ്ഞതിനാൽ, വിദേശദൗത്യം കഴിഞ്ഞ് മടങ്ങിയെത്തിയ തോമ്മാക്കത്തനാർ, ഗോവർണ്ണദോർ എന്ന സ്ഥാനപ്പേരോടെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയനേതാവായി. ടിപ്പു സുൽത്താന്റെ കേരളത്തിലെ പടയോട്ടത്തിന്റെ വിഷമഘട്ടത്തിൽ (ജനുവരി 1788-ഡിസംബർ 1790)അദ്ദേഹമായിരുന്നു സുറിയാനി കത്തോലിക്കരുടെ അത്മീയാധികാരി. കേരളകത്തോലിക്കരുടെ ചരിത്രത്തിലെ മറ്റൊരു പ്രധാന സംഭവമായ 1787-ലെ അങ്കമാലി പള്ളിപ്രതിപുരുഷയോഗത്തിൽ അദ്ധ്യക്ഷനായിരുന്നതും ഗോവർണ്ണദോർ തോമ്മാക്കത്തനാരായിരുന്നു. സുറിയാനി കത്തോലിക്കരുടെ അവകാശപ്രഖ്യാപന രേഖയെന്ന നിലയിൽ പ്രാധാന്യമുള്ള അങ്കമാലി പടിയോല ആ യോഗത്തിന്റെ തീരുമാനങ്ങൾ ഉൾക്കൊള്ളുന്നു. വിദേശദൗത്യത്തിൽ വഹിച്ച പങ്കും, വർത്തമാനപ്പുസ്തകത്തിലെ ദേശാഭിമാന ഭരിതമായ നിരീക്ഷണങ്ങളും, ഗോവർണ്ണദോർ എന്ന നിലയിൽ നൽകിയ നേതൃത്വവും മൂലം തോമ്മാക്കത്തനാർ സുറിയാനി കത്തോലിക്കാ സമൂഹത്തിന്റെ ചരിത്രത്തിലെ നായകപുരുഷന്മാരിലൊരാളും ആ സമൂഹത്തിന്റെ ദേശീയബോധത്തിന്റേയും വിദേശീയസഭാനേതൃത്വത്തിൽ നിന്നുള്ള മോചനത്തിനുവേണ്ടിലുള്ള അഭിലാഷത്തിന്റേയും പ്രതീകവ്യക്തിത്വവും ആയി പരിഗണിക്കപ്പെടുന്നു.

വിമർശകൻ, സാഹിത്യ നിരൂപകൻ, പത്രപ്രവർത്തകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണു് പി.കെ. രാജശേഖരൻ. ലോകസാഹിത്യത്തിലെ വിഖ്യാത നോവലുകളെ മലയാളത്തിന് പരിചയപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചു. മാതൃഭുമി ആഴ്ചപ്പതിപ്പിൽ അദ്ദേഹം എഴുതിയ "വാക്കിന്റെ മൂന്നാംകര" എന്ന ലേഖന പരമ്പര ഏറെ സഹൃദയശ്രദ്ധ പിടിച്ചുപറ്റി. ഇത് പിന്നീട് ഡിസി ബുക്സ് ഗ്രന്ഥരൂപത്തിൽ പുറത്തിറക്കുകയും ചെയ്തു. ദളിത്‌വാദത്തെ കുറിച്ച് അദ്ദേഹമെഴുതിയ ലേഖനം ഒട്ടേറെ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.1966 ഫെബ്രുവരി 21ന് തിരുവനന്തപുരം ജില്ലയിലെ മലയൻകീഴിനടുത്തുളള കരിപ്പൂരിൽ ജനിച്ചു. യൂണിവേഴ്സിറ്റി കോളേജ്, കാര്യവട്ടം സർവ്വകലാശാലാ കാമ്പസ് എന്നിവടങ്ങളിൽ പഠിച്ചു. കേരള സർവകലാശാലയിൽ നിന്ന് പി എച്ച് ഡി നേടി. ഇപ്പോൾ മാതൃഭൂമിയുടെ തിരുവന്തപുരം എഡിഷനിൽ പത്രാധിപ സമിതിയംഗം (ചീഫ് സബ് എഡിറ്റർ).

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനായിരുന്നു പത്രോസ് അയ്യനേത്ത് എന്ന പി. അയ്യനേത്ത്. 1928 ഓഗസ്റ്റ് പത്തിന് പത്തനംതിട്ട ജില്ലയിലെ നരിയാപുരത്ത് പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായ ഫീലിപ്പോസിന്റേയും ശോശാമ്മയുടേയും മകനായി ജനിച്ചു. അദ്ധ്യാപകൻ, പത്രാധിപൻ, സർക്കാർ ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ബ്യൂറോ ഓഫ് ഇക്കണോമിക്സിൽ അസിസ്റ്റന്റ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . നോവൽ,കഥ,നാടകം തുടങ്ങിയ വിവിധ മേഖലകളിലായി അമ്പതോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ആറ് നോവലുകൾ ചലച്ചിത്രമാക്കിയിട്ടുണ്ട്.

പി. കുഞ്ഞിരാമൻ നായർ ( ഒക്ടോബർ 4, 1905 - മേയ്‌ 27, 1978) മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക്‌ പ്രചോദനമേകി. പി എന്നും മഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു. നിത്യസഞ്ചാരിയായിരുന്നു അദ്ദേഹം, കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയത യുടെ നേർച്ചിത്രങ്ങളാണ്‌ പിയുടെ കവിത. മലയാളഭാഷയിലെ സമുന്നതമായ കാവ്യവ്യക്തിത്വങളിലൊന്നാണ് പി. കുഞ്ഞിരാമൻ നായരുടേത്. ആധുനിക മലയാളകവിതയിലെ തികച്ചും സവിശേഷമായ ഒരു അനുഭൂതിമണ്ഡലമാണ് അദ്ദേഹത്തിന്റെ കവിതകളിലൂടെ അനാവൃതമാവുന്നത്. കവിയും കവിതയും തമ്മിലും കവിയും കവിതയും പ്രപഞ്ചവും തമ്മിലും അസാധാരണമായ ഒരു തന്മയീഭാവം തന്നെ അവയിൽ സംഭവിക്കുന്നു. ഇടവപ്പാതി മഴപോലെ വിഷയവും ഭാവനയും രചനാശില്പവും വരികളും ഒന്നായുണർത്തുന്ന ദിവ്യ പ്രചോദനത്തിന്റെ സാന്നിദ്ധ്യം അവയിലൊക്കെയുണ്ട്. താമരത്തോണി, താമരത്തേൻ, വയൽക്കരയിൽ, പൂക്കളം, കളിയച്ഛൻ, അനന്തൻകാട്ടിൽ, ചന്ദ്രദർശനം, ചിലമ്പൊലി, തിരുമുടിമാല, രഥോത്സവം, പി.കവിതകൾ എന്നിങ്ങനെ മുപ്പതോളം സമാഹാരങ്ങളിലായി അദ്ദേഹത്തിന്റെ കാവ്യലോകം പരന്നുകിടക്കുന്നു. ആത്മവേദനയും ആത്മനിന്ദയുമൊക്കെ നിറഞ്ഞ സ്വരത്തിൽ തന്നെത്തന്നെ വിചാരണ ചെയ്യുന്ന കവിതകളിലൂടെ ആധുനിക മനുഷ്യന്റെ വിഹ്വലാവസ്ഥ ഈ കവി ആവിഷ്കരിച്ചിരിക്കുന്നു. അരനൂറ്റാണ്ടിലേരെ നീണ്ട കാവ്യജീവിതത്തിൽ എത്രത്തോളം കൃതികൾ രചിച്ചുവെന്ന് കവിയ്ക്കുതന്നെ നിശ്ചയമുണ്ടായിരുന്നില്ല.

കേരളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവർത്തകനുമായിരുന്നു പി. കേശവദേവ്. (ജനനം - 1904, മരണം - 1983). എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലാണ് അദ്ദേഹം ജനിച്ചത്. യഥാർത്ഥനാമം കേശവപിള്ള . പണ്ഡിറ്റ് ഖുശി റാമിന്റെ ചിന്തകളിൽ ആകൃഷ്ടനായി ആര്യസമാജത്തിൽ ചേർന്ന് കേശവദേവ് എന്ന പേര് സ്വീകരിച്ചു. പിന്നീട് യുക്തിവാദി പ്രസ്ഥാനത്തിൻറെ പ്രവർത്തകനായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകി .സമൂഹത്തിലെ ഏറ്റവും താണതലത്തിലുള്ള മനുഷ്യരെ കഥാപാത്രങ്ങളാക്കുകയും ഏറ്റവും നിസാരമെന്നു തോന്നുന്ന സംഭവങ്ങൾ പോലും കഥയ്ക്ക് വിഷയമാക്കുകയും ചെയ്തു കേശവദേവ്. 1904 ൽ പറവൂരിൽ ജനിച്ചു. സമൂഹത്തിലെ അനീതിക്കെതിരെ ശക്തമായി പ്രതികരിച്ച എഴുത്തുകാരനാണ്‌. അധികാരി വർഗ്ഗത്തെ എതിർക്കുന്ന ആശയങ്ങൾക്ക് പ്രചാരണം നൽകി. മനുഷ്യ സ്നേഹിയായ ഒരു കഥാകാരൻ കൂടിയായിരുന്നു അദ്ദേഹം. 1930കളിൽ മലയാള കഥാസാഹിത്യത്തിലെ നേതൃത്വം നൽകി.ആദ്യ നോവൽ ഓടയിൽ നിന്ന് . 20 നോവലുകളും പതിനാറോളം ചെറുകഥാസമാഹാരങ്ങളും പത്തിലേറെ നാടകങ്ങളും 7 ഏകാങ്കനാടകസമാഹാരങ്ങളും ആത്മകഥ രൂപത്തിലുള്ള രണ്ട് ഗ്രന്ഥങ്ങളും ചില ഗദ്യ കവിതകളും നിരൂപണങ്ങളും കേശവദേവ് എഴുതിയിട്ടുണ്ട് .അയൽക്കാർ എന്ന കൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചിട്ടുണ്ട്. റഷ്യൻ വിപ്ലവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രചിച്ച നോവലാണ്‌ കണ്ണാടി. ഇത്രയേറെ ജീവിതയാതനകൾ അനുഭവിച്ച എഴുത്തുകാരൻ മലയാളത്തിൽ വിരളമാണ് . ഓടയിൽ നിന്ന് എന്ന നോവൽ സിനിമ ആക്കിയിട്ടുണ്ട് . സ്വദേശാഭിമാനി, രാജഭാരതം, പ്രതിദിനം ,മഹാത്മാ എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെയും സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെയും പ്രസിഡന്റായിരുന്നു. കുറച്ചുകാലം ആകാശവാണിയിൽ പ്രൊഡ്യൂസറായി ജോലി ചെയ്തു. 1983 ജൂലൈ മൂന്നിന് അന്തരിച്ചു.

മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരനാണ് പി. നരേന്ദ്രനാഥ്. 1934-ൽ പാലക്കാട്ടെ പട്ടാമ്പിക്കടുത്ത് നെല്ലായ എന്ന ഗ്രാമത്തിൽ നരേന്ദ്രനാഥ് ജനിച്ചു. രാഷ്ട്രീയപ്രവർത്തകനും ഇൻഷുറൻസ് ഏജന്റുമായിരുന്ന എം.കെ. നമ്പൂതിരി ആയിരുന്നു പിതാവ്. അമ്മ: പൂമരത്തിൽ കുഞ്ഞിക്കുട്ടി കോവിലമ്മ. മുത്തശ്ശി കുഞ്ഞിക്കാവു കോവിലമ്മയിൽ നിന്ന് ചെറുപ്പത്തിലേ നരേന്ദ്രനാഥിന് സാഹിത്യവാസന ലഭിച്ചു. വിദ്യാഭ്യാസം തൃശ്ശൂരിലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കലാലയ വിദ്യാഭ്യാസം പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. 19-ആം വയസ്സിൽ കൊച്ചിൻ കമേഴ്സ്യൽ ബാങ്കിൽ ഗുമസ്തനായി ജോലിയിൽ പ്രവേശിച്ചു. സ്വപരിശ്രമം കൊണ്ട് ധനശാസ്ത്രം, ബാങ്കിംഗ് എന്നിവയിൽ വിജ്ഞാനവും ബിരുദങ്ങളും നേടി. 1963 മുതൽ കാനറാ ബാങ്കിൽ‍ ജോലി ചെയ്തു. ആദ്യകൃതിയായ നുറുങ്ങുന്ന ശൃംഖലകൾ 18-ആം വയസ്സിൽ പ്രസിദ്ധീകരിച്ചു. ആദ്യത്തെ ബാലസാഹിത്യകൃതി വികൃതിരാമനായിരുന്നു. ഇതിന് കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ചു. കുഞ്ഞിക്കൂനൻ എന്ന ബാലസാഹിത്യ ഗ്രന്ഥത്തിന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അവാർഡും അന്ധഗായകന് സാഹിത്യ പ്രവർത്തക സഹകരണ സംഘം പുരസ്കാരവും ലഭിച്ചു. വികൃതിരാമൻ, കുഞ്ഞിക്കൂനൻ, അന്ധഗായകൻ എന്നീ കൃതികൾക്ക് ഹിന്ദി, തമിഴ് പരിഭാഷകൾ ഉണ്ടായിട്ടുണ്ട്. നോവലുകളും നാടകങ്ങളും ബാലസാഹിത്യവുമായി 30-ൽ പരം കൃതികളുടെ കർത്താവ്. 1991 നവംബർ 3-നു അന്തരിച്ചു.

മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പി. പത്മരാജൻ (മേയ് 23, 1945 – ജനുവരി 24, 1991). ഒരിടത്തൊരു ഫയൽവാൻ (1981), അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ (1986), നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986), തൂവാനത്തുമ്പികൾ (1987), മൂന്നാം പക്കം (1988) അദ്ദേഹത്തിന്റെ മാസ്റ്റർ പീസുകൾ ആയി കണക്കാക്കപ്പെടുന്നു. 1991-ൽ പുറത്തിറങ്ങിയ ഞാൻ ഗന്ധർവ്വൻ ആണ് അദ്ദേഹത്തിന്റെ അവസാന ചലച്ചിത്രം. സംവിധായകൻ ഭരതനോടൊപ്പം നിരവധി മികച്ച ചലച്ചിത്രങ്ങൾ മലയാള സിനിമയ്ക്ക് നൽകിയിട്ടുണ്ട് ഇദ്ദേഹം. കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ പത്മരാജന്റെ ശ്രദ്ധ കഥകളിലേക്കു തിരിഞ്ഞു. കൗമുദി വാരികയിൽ പ്രസിദ്ധീകരിച്ച ലോല മിസ് ഫോർഡ് എന്ന അമേരിക്കൻ പെൺകിടാവ് എന്ന കഥയാണ് പത്മരാജന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന. ആകാശവാണിയിൽ പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ചെറുകഥാസമാഹരങ്ങളാണ് അപരൻ, പ്രഹേളിക, പുകക്കണ്ണട എന്നിവ. കഥാരചനയിലെ വൈഭവം നോവൽരചനയിലേയ്ക്ക് പത്മരാജനെ ആകർഷിച്ചു. 1971-ൽ എഴുതിയ നക്ഷത്രങ്ങളേ കാവൽ എന്ന നോവൽ ഏറെ ശ്രദ്ധേയമായി. ആ വർഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും കുങ്കുമം അവാർഡും ഈ കൃതിയിലൂടെ പത്മരാജൻ നേടി. പിന്നീട് വാടകയ്ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി തുടങ്ങിയ നോവലുകൾ പ്രസിദ്ധീകരിച്ചു. ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും തുടങ്ങിയ നോവലുകൾ ചലച്ചിത്രരംഗത്തു പ്രസിദ്ധനായതിനുശേഷം രചിച്ചവയാണ്. പെരുവഴിയമ്പലം, രതിനിർവ്വേദം തുടങ്ങിയവയാണ് പത്മരാജന്റെ പ്രശസ്തമായ മറ്റു നോവലുകൾ.

പ്രമുഖനായ മലയാള നാടകകൃത്തും ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് പി. ബാലചന്ദ്രൻ (ജനനം : 2 ഫെബ്രുവരി 1952). കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയിൽ പദ്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനായി ജനനം.മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരൻ,സാഹിത്യ അക്കാദമി അവാർഡ് ജേതാവ്. ചലച്ചിത്ര കഥ-തിരക്കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയൻ."ഇവൻ മേഘരൂപൻ" എന്ന സിനിമയിലൂടെ ചലച്ചിത്രസംവിധായകനായി. കേരള സർവ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തരബിരുദവും, അധ്യാപന രംഗത്തെ ബി.എഡ് ബിരുദവും ഒപ്പം തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് സംവിധാനം ഐച്ഛികമായി നാടക-തീയറ്റർ കലയിൽ ബിരുദവുമെടുത്തു. 1972 ഇൽ മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ കോളേജ് തലമത്സരത്തിൽ ‘താമസി’ എന്ന നാടകത്തിനു ഒന്നാം സ്ഥാനം ലഭിച്ചു. എംജി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേർസിൽ ലക്ചറർ ആയാണ് തുടക്കം.സ്കൂൾ ഓഫ് ഡ്രാമയിൽ കുറച്ചു കാലം അദ്ധ്യാപകൻ ആയിരുന്നു.സ്കൂൾ ഓഫ് ഡ്രാമയുടെ റെപെർടറി തിയേറ്റർ ആയ ‘കൾട്’ൽ പ്രവർത്തിച്ചു. “മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാൻ ,മായാസീതങ്കം ,നാടകോത്സവം” എന്ന് തുടങ്ങി നിരവധി നാടകങ്ങൾ രചിച്ചു. ഏകാകി,ലഗോ,തീയറ്റർ തെറാപ്പി,ഒരു മധ്യവേനൽ പ്രണയരാവ്, ഗുഡ് വുമൻ ഓഫ് സെറ്റ്സ്വാൻ തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തു. ഉള്ളടക്കം,അങ്കിൾ ബൺ, പവിത്രം, തച്ചോളി വർഗ്ഗീസ് ചേകവർ, അഗ്നിദേവൻ (വേണുനാഗവള്ളിയുമൊത്ത്), മാനസം, പുനരധിവാസം , പോലീസ് തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവുമെഴുതി. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അഭിനയ പരിചയം നേടി “വക്കാലത്ത് നാരായണൻ കുട്ടി, ശേഷം, പുനരധിവാസം ,ശിവം,ജലമർമ്മരം,ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1989ലെ മികച്ച൦നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് പി ബാലചന്ദ്രന് “പാവം ഉസ്മാൻ” നേടിക്കൊടുത്തു. കേരളസംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് 1989ൽ നേടി.”പ്രതിരൂപങ്ങൾ” എന്ന നാടകരചനക്കായിരുന്നു അത്. “പുനരധിവാസം” എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാർഡ് നേടി. മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാർഡും പി ബാലചന്ദ്രനായിരുന്നു.

മലയാളത്തിലെ ഒരു പ്രശസ്തനായ കവിയും, ഗാനരചയിതാവുമായിരുന്നു പി.ഭാസ്കരൻ (ഭാസ്കരൻ മാസ്റ്റർ, 1924 ഏപ്രിൽ 21- 2007 ഫെബ്രുവരി 25). ഗാനരചയിതാവ്, ചലച്ചിത്രസംവിധായകൻ, ചലച്ചിത്രനടൻ, ആകാശവാണി പ്രൊഡ്യൂസർ, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ, പത്രപ്രവർത്തകൻ എന്നിങ്ങനെ വിവിധ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. മലയാള ഗാനശാഖയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകിയ പ്രതിഭാശാലി എന്നനിലയിൽ ഓർമ്മിക്കപ്പെടുന്ന ഇദ്ദേഹം ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയർമാനായും, കെ.എഫ്.ഡി.സിയുടെ ചെയർമാനായും, ദേശാഭിമാനി ദിനപത്രത്തിന്റെ പത്രാധിപരായും, ജയകേരളം മാസിക, ദീപിക വാരിക എന്നിവയുടെ പത്രാധിപ സമിതി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിതാവ് നന്തിലത്ത് പത്മനാഭമേനോൻ, മാതാവ് പുല്ലൂറ്റുപാടത്ത് അമ്മാളു അമ്മ, ഭാര്യ ഇന്ദിര, മക്കൾ രാജീവൻ, വിജയൻ, അജിതൻ, രാധിക. തന്റെ ഇരുപതാമത്തെ വയസിൽത്തന്നെ ആദ്യ കവിതാസമാഹാരം പുറത്തിറക്കിയ അദ്ദേഹം, എക്കാലത്തും കാല്പനികത ലളിതമായി ചിത്രീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നാണ് നിരൂപകരുടെ അഭിപ്രായം. മലയാളചലച്ചിത്രഗാനശാഖയിൽ സംസ്കൃതാതിപ്രസരവും, മറ്റുഭാഷകളിലെ ഗാനങ്ങളുടെ തത്സമങ്ങളും വിളങ്ങിനിന്നിരുന്ന കാലത്ത്, ഒരു ലളിത ഗാന ശൈലി ഉണ്ടാക്കിയത് ഭാസ്കരൻ മാസ്റ്റർ ആണെന്ന് ഏവരും സമ്മതിക്കും.

പ്രമുഖനായ മലയാള വിവർത്തകനാണ് പി. മാധവൻപിള്ള(ജനനം : 28 ജനുവരി 1941). കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയിട്ടുണ്ട്. ഹിന്ദിയിൽ നിന്ന് നേരിട്ടും മറ്റു ഭാരതീയ ഭാഷകളിൽനിന്നും മാധവൻ പിള്ള വിവർത്തനം നിർവ്വഹിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളിയിൽ ജി. പരമേശ്വരൻ പിള്ളയുടെയും കുഞ്ഞിപിള്ളയമ്മയുടെയും മകനായി ജനിച്ചു. മാധവൻ പിള്ള കേരളത്തിലെ പെരുന്ന കോളേജിലും വിവിധ എൻ.എസ്.എസ്. കോളേജുകളിലും ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലും ഹിന്ദി പ്രൊഫസറായിരുന്നു. ഹിന്ദിയിൽ നിന്ന് നേരിട്ടും മറ്റു ഭാരതീയ ഭാഷകളിൽനിന്നും മാധവൻ പിള്ള വിവർത്തനം നിർവ്വഹിച്ചു. പല പ്രമുഖ കൃതികളും മലയാളത്തിൽ നിന്ന് ഹിന്ദിയിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ഒരു മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റാണ്‌ പി. വത്സല (ജനനം ഏപ്രിൽ 4 1938). നിഴലുറങ്ങുന്ന വഴികൾ എന്ന നോവൽ വത്സലക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്തു.. കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി 1938 ഏപ്രിൽ 4-ന്‌ കോഴിക്കോട് ജനനം. ഗവ.ട്രൈനിംഗ് സ്കൂളിൽ പ്രധാന അദ്ധ്യാപികയായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർബോർഡ് അംഗമായിട്ടുണ്ട്. "നെല്ല്" ആണ്‌ വത്സലയുടെ ആദ്യ നോവൽ. ഈ കഥ പിന്നീട് എസ്.എൽ.പുരം സദാനന്ദന്റെ തിരക്കഥയിൽ രാമു കാര്യാട്ട് സിനിമയാക്കി. വൈകാതെ പ്രദർശനത്തിനു എത്തുന്ന "ഖിലാഫത്ത്" എന്ന ചലച്ചിത്രം വൽസലയുടെ 'വിലാപം' എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്‌. "നിഴലുറങ്ങുന്ന വഴികൾ" എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷയായിരുന്നു.. ഭർത്താവ് എം. അപ്പുക്കുട്ടി

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളാണ് പി. സുരേന്ദ്രൻ. മുപ്പത്തിമൂന്നാമത് ഓടക്കുഴൽ പുരസ്കാരം ലഭിച്ച മലയാളം എഴുത്തുകാരനാണിദ്ദേഹം. ചൈനീസ് മാർക്കറ്റ് എന്ന ചെറുകഥാസമാഹാരത്തിനാണ് ഇദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. 1961 നവംബർ 4ആം തീയതി മലപ്പുറം ജില്ലയിലെ പാപ്പിനിപ്പാറ എന്ന സ്ഥലത്ത് കുമാരൻ നായരുടേയും, സരോജിനി അമ്മയുടേയും മകനായാണ് അദ്ദേഹം ജനിച്ചത് 1988ൽ കേരള സാഹിത്യ അക്കാഡമിയുടെ സഹായത്തോടുകൂടി കർണ്ണാടകത്തിലെ ദേവദാസി സമ്പ്രദായത്തെപ്പറ്റി വിശദമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഭാരതത്തിന്റെവിവിധപ്രദേശങ്ങളിലും, ‍നേപ്പാളിലുംനടത്തിയ യാത്രകളുടെ അനുഭവങ്ങൾ ലേഖനരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1983ൽ ടി.ടി.സി പൂർത്തിയാക്കിയ അദ്ദേഹം ഇപ്പോൾ പാലക്കാട് ജില്ലയിലെ കുമരനല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നു. കഥകളുടെ ആംഗലേയപരിഭാഷകൾ സൺഡേ ഹെറാൾഡ്, ഇന്ത്യൻ ലിറ്ററേച്ചർ, എൻ.ബി.ടി ആന്തോളജി, 0മലയാളം ലിറ്റററി സർവേ, വേൾഡ്‌വേ ക്ലാസ്സിക് എന്നിവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മലയാള സാഹിത്യകാരനാണ് പയ്യനാട്ട് രവീന്ദ്രനാഥൻ നായർ എന്ന പി.ആർ. നാഥൻ. പതിനഞ്ചോളം നോവലുകളും മൂന്നൂറോളം ചെറുകഥകളും രചിച്ചിട്ടുണ്ട്. 2014 ലെ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. പാലക്കാട്‌ ജില്ലയിലുളള പട്ടാമ്പിയിലെ കിഴായൂർ ഗ്രാമത്തിൽ ജനിച്ചു. പിതാവ്‌ അദ്ധ്യാപകനായിരുന്ന പുതിയേടത്ത്‌ പ്രഭാകരമേനോൻ. ടെലികമ്മ്യൂണിക്കേഷനിൽ ബിരുദം നേടി പ്രോവിഡന്റ്‌ ഫണ്ട്‌ ഓഫീസിൽ ഉദ്യോഗസ്‌ഥനായി. മുഴുവൻ സമയ സാഹിത്യപ്രവർത്തനത്തിനായി പിന്നീട് ഉദ്യോഗം രാജിവെച്ചു. ചാട്ട, ശാക്തേയം, കോട, സൂര്യനമസ്‌കാരം തുടങ്ങി പതിനഞ്ചോളം നോവലുകൾ മൂന്നൂറോളം ചെറുകഥകൾ. ‘സ്‌കൂട്ടർ’, ‘സീമന്തം’, ‘ഇലത്താളം’ തുടങ്ങി ടി.വി തിരക്കഥകൾ. കൃതികളിൽ പലതും യൂനിവേഴ്‌സിറ്റി പാഠപുസ്‌തകങ്ങളാണ്‌. കഴിഞ്ഞ 14 വർഷമായി അമൃത ടിവിയിൽ ഉദയാമൃതം എന്ന പ്രഭാത പരിപാടിയുടെ ഭാഗമായി ധന്യം ഈ ദിനം എന്നൊരു പ്രഭാഷണ പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു.

ജി. ശങ്കരപിള്ളയ്ക്കുശേഷമുള്ള തലമുറയിലെ പ്രമുഖനായ നാടകകൃത്തും സംവിധായകനുമാണ് പി.എം. താജ്' എന്ന പേരിലറിയപ്പെട്ടിരുന്ന പുതിയറ മാളിയേക്കൽ താജ് (1956 -29 ജൂലൈ 1990) താജിനെ ഏറെ ശ്രദ്ധേയനാക്കിയ നാടകം അടിയന്തരാവസ്ഥയെത്തുടർന്നെഴുതിയ പെരുമ്പറ(1977)യാണ്. ഇരുപതാം വയസ്സിലെഴുതിയ ആ നാടകം അടിസ്ഥാന ജനവർഗത്തിന്റെ ആകുലതകളുടേയും പ്രതിഷേധത്തിന്റേയും ശക്തമായ വിളംബരമായിരുന്നു. കൊട്ടിയറിയിക്കാൻ പെരുമ്പറ കാണാഞ്ഞ് സ്വന്തം നെഞ്ചത്ത് കൊട്ടി നാടകത്തിനു തുടക്കം കുറിക്കുന്ന സൂത്രധാരനിൽ തുടങ്ങി ഒട്ടേറെ ധീരനൂതനപരീക്ഷണങ്ങൾ ഈ കന്നി നാടകത്തിലുണ്ടായിരുന്നു. തുടർന്ന് കനലാട്ടം എന്ന നാടകമെഴുതി. ബ്രെഹ്തിന്റേയും ഗ്രോട്ടോവ്സ്കിയുടേയും നാടകസങ്കേതങ്ങളോട് ആത്മബന്ധം പുലർത്തുന്ന അതിശക്തനായൊരു നാടകകൃത്തിനെയാണ് കനലാട്ടം മലയാളത്തിന് സമ്മാനിച്ചത്. പെരുമ്പറയും കനലാട്ടവും സംവിധാനം ചെയ്തത് കെ. ആർ. മോഹൻദാസ് ആയിരുന്നു. രാവുണ്ണി, കുടുക്ക അഥവാ വിശക്കുന്നവന്റെ വേദാന്തം, പാവത്താൻ നാട് എന്നിവയാണ് തുടർന്നുവന്ന അതിശക്തമായ താജ് നാടകങ്ങൾ. തലസ്ഥാനത്തുനിന്ന് ഒരു വാർത്തയുമില്ല, മേരിലോറൻസ്, കുടിപ്പക, കൺകെട്ട്, സ്വകാര്യം എന്നിവയും താജിന്റെ ശ്രദ്ധേയമായ രചനകളാണ്. രാവുണ്ണി കടക്കെണിയിൽ കുടുങ്ങി നരകിക്കുന്നവന്റെ കഥയാണ്. മലയാളത്തിലെ കരുത്തുറ്റ രാഷ്ട്രീയ നാടകങ്ങളിലൊന്നാണിത്. പട്ടിണിയാണ് ജീവിതത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളിലൊന്ന് എന്നാണ് കുടുക്ക വിളംബരം ചെയ്യുന്നത്. ഒരു ഭാഗത്ത് പ്രൊഫഷണൽ നാടകങ്ങളും മറുഭാഗത്ത് സാമാന്യജനതയിൽ നിന്നകന്നുനിന്ന തനതു പരീക്ഷണങ്ങളും ശക്തിപ്രാപിച്ചുനിന്ന ഒരു ഘട്ടത്തിലാണ് താജ് മൌലികവും കലാപരമായി ഔന്നത്യം പുലർത്തുന്നതുമായ നാടകങ്ങളുമായി രംഗത്തുവന്നത്. തെരുവുനാടകപ്രസ്ഥാനത്തിന്റെ ശക്തിയും സൌന്ദര്യവും മലയാളനാടകത്തിൽ ഓജസ്സോടെ പകർത്തിയ താജിനെ നാടക ിരൂപകർ 'കേരളത്തിലെ സഫ്ദർഹശ്മി' എന്ന് വിശേഷിപ്പിച്ചട്ടുണ്ട്. സഫ്ദർഹശ്മിയുടെ ഒട്ടേറെ തെരുവുനാടകങ്ങൾ കേരളത്തിൽ അവതരിപ്പിക്കുന്നതിന് നേതൃത്വം കൊടുത്തിട്ടുള്ളത് താജ് ആണ്. പില്ക്കാലത്ത് കച്ചവടനാടകങ്ങളിലേക്കും സിനിമയിലേക്കും തിരിഞ്ഞു. ഏഴോളം പ്രൊഫഷണൽ നാടകങ്ങളും എഴുതി. സിനിമകൾക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്. കെ. ടി. മുഹമ്മദിന്റെ സൃഷ്ടി, ഇതു ഭൂമിയാണ് എന്നീ നാടകങ്ങളിലൂടെ നടൻ എന്ന നിലയിലും താജ് തന്റെ കഴിവ് പ്രകടിപ്പിച്ചു. ഉറക്കം, ഓർക്കുന്നുവോ നമ്മൾ, ഒഴിഞ്ഞ ചട്ടിയിൽ ഉണരുന്ന പക തുടങ്ങിയ ചില കവിതകളും ഇദ്ദേഹം രചിച്ചു. ആഹ്വാനം, യുവധാര എന്നീ മാസികകളുടെ വർക്കിങ് എഡിറ്ററുമായിരുന്നു. 1990 ജൂല. 29-ന് മുപ്പത്തിനാലാമത്തെ വയസ്സിൽ അന്തരിച്ചു. ദേശാഭിമാനി സ്റ്റഡി സർക്കിളിന്റേയും പുരോഗമന കലാസാഹിത്യസംഘത്തിന്റേയും സജീവ പ്രവർത്തകനുമായിരുന്നു.

മലയാളത്തിലെ ഒരു കവിയും ഗാനരചയിതാവും സാംസ്കാരിക പ്രവർത്തകനുമാണ്‌ പി.കെ. ഗോപി. പത്തനംതിട്ട ജില്ലയിലെ കൊടുമൺ അങ്ങാടിക്കലിൽ 1949 ജൂൺ 8 ന്‌ ജനിച്ചു. കലാലയ പഠനത്തിനു ശേഷം വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്ന് ഫിസിയോതെറാപ്പിയിൽ പഠനവും പരിശീലനവും നേടി. ഒട്ടുവളരെ ചലച്ചിത്രങ്ങൾക്ക് ഗാന രചന നിർവഹിച്ചിട്ടുണ്ട് ഗോപി. നിരവധി കവിതകളും പ്രസിദ്ധീകരിച്ചു. ഗോപിയുടെ നാടകങ്ങളുമുണ്ട്. ചിരന്തനം, ഏകം, സുഷുമ്നയിലെ സംഗീതം, ആയിരത്തിരണ്ടാമത്തെ രാത്രി, പുഴ തന്ന പുസ്തകം, മഴത്തോറ്റം, മരുഭൂമിയിലെ മഴഗണിതം, ഒരിറ്റ്, സുദർശനപ്പക്ഷിയുടെ തൂവൽ, നെഞ്ചിലെ മൺചെരാതുകൾ,ചിമിഴ്,ഒപ്പ്,മലയാളപ്പൂക്കൾ, ഹരിശ്രീ, നേര്, അറിവും മുറിവും, ഓലച്ചൂട്ടിന്റെ വെളിച്ചം, കിളിയമ്മ എന്നിവ ഗ്രന്ഥങ്ങൾ. കേരള സാഹിത്യ അക്കാദമി അംഗമായിട്ടുണ്ട്. ഭാര്യ:കോമളം. മക്കൾ:ആര്യ, സൂര്യ .

മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്താണ് പി.കെ പാറക്കടവ് (ജനനം: ഒക്ടോബർ 15, 1952).മിനിക്കഥകളിലൂടെ മലയാള സാഹിത്യരംഗത്ത് ശ്രദ്ധേയനായി. യഥാർത്ഥ നാമം അഹമ്മദ് 1952 ഒക്ടോബർ 15ന് വടകര താലൂക്കിലെ പാറക്കടവിൽ‍ പൊന്നങ്കോട് ഹസൻ, മറിയം ദമ്പതികളുടെ മകനായി ജനിച്ചു. ഫാറൂഖ് കോളേജിൽ വിദ്യാഭ്യാസം. ജോലി ആവശ്യാർത്ഥം കുറച്ചുകാലം ഗൾഫ് നാടുകളിൽ ജീവിച്ചു. മാധ്യമം പത്രത്തിന്റെ പീരിയോഡിക്കൽസ് എഡിറ്റർ ആയും എഡിറ്റോറിയൽ റിലേഷൻസ് ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട് . മുപ്പത്തിയെട്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള പാറക്കടവിൻെറ കഥകൾ ഇംഗ്ലീഷ്, ഹിന്ദി, അറബി, മറാഠി, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗവും കേരള സാഹിത്യ അക്കാദമി, സമസ്ത കേരള സാഹിത്യ പരിഷത്ത് എന്നിവയുടെ നിർവാഹക സമിതി അംഗവുമാണ്<കൽബുർഗി അടക്കമുള്ള എഴുത്തുകാർ വധിക്കപെട്ടപ്പോൾ കേന്ദ്ര സർക്കാരിന്റെയും അക്കാദമിയുടെയും മൗനത്തിൽ പ്രതിഷേധിച്ചു കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു.

കേരളത്തിലെ ഒരു ചരിത്രകാരനും,സാമൂഹ്യ-രാഷ്ട്രീയ വിമർശകനും, നിരൂപകനും, പത്രപ്രവർത്തകനും, നോവലിസ്റ്റുമായിരുന്നു പി.കെ. ബാലകൃഷ്ണൻ. മുഴുവൻ പേര്‌ പണിക്കശ്ശേരിൽ കേശവൻ ബാലകൃഷ്ണൻ. (ജനനം 1926- മരണം 1991) ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവലിലൂടെയാണ്‌ പ്രശസ്തിയിലേക്ക് ഉയർന്നത്. ൧ പി.കെ. ബാലകൃഷ്ണന്റെ നിരൂപണാത്മകമായ ലേഖനങ്ങൾ പലരെയും ചൊടിപ്പിച്ചു. ചരിത്രത്തിൽ വളരെ ഗഹനമായ അറിവുണ്ടായിരുന്ന അദ്ദേഹം വേറിട്ടപാതയിലൂടെയാണ് ചരിത്രത്തെ സമീപിച്ചത്. ബാലകൃഷ്ണൻ അദ്ദേഹത്തിന്റെ ‘ജാതിവ്യവസ്ഥിതിയും കേരളചരിത്രവും’ എന്ന ഗ്രന്ഥത്തിലൂടെ അന്നുവരെ ചരിത്രമെന്ന് വിശ്വസിച്ചിരുന്ന പലതിനെയും ചോദ്യം ചെയ്യുന്നു . കേരളമാഹാത്മ്യം, കേരള ചരിത്രം എന്നീ പുസ്തകങ്ങളെയും പ്രൊഫ. ഇളംകുളം കുഞ്ഞൻ പിള്ളയുടെ ചില പരാമർശങ്ങളേയും അദ്ദേഹം നിശിതമായി വിമർശിച്ചു. പി.കെ. ബാലകൃഷ്ണൻ പരക്കെ അറിയപ്പെട്ടു തുടങ്ങിയത് സാഹിത്യരംഗത്തുള്ള സംഭാവനകളിലൂടെയാണ്‌. ബാലകൃഷ്ണന്റെ ആദ്യമായി പ്രസിദ്ധീകരിച്ച ഗ്രന്ഥം നാരായണഗുരു (സമാഹാര ഗ്രന്ഥം) ആയിരുന്നു (1954-ൽ പ്രസിദ്ധീകരിച്ചു). പിന്നീടു വന്ന ചന്തുമേനോൻ - ഒരു പഠനം, നോവൽ - സിദ്ധിയും സാധനയും, കാവ്യകല കുമാരനാശാനിലൂടെ തുടങ്ങിയ പുസ്തകങ്ങൾ മലയാള സാഹിത്യത്തിന്‌ ഗണ്യമായ മുതൽക്കൂട്ടാണ്‌ ഇനി ഞാൻ ഉറങ്ങട്ടെ ആണ്‌ പി.കെ.ബാലകൃഷ്ണന്റെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥം. 1973-ൽ പ്രസിദ്ധീകരിച്ച ഈ നോവൽ മലയാളത്തിലെ ഏറ്റവും നല്ല നോവലുകളിലൊന്നായി കരുതപ്പെടുന്നു. മഹാഭാരത കഥയെ ആസ്പദമാക്കിയാണ് ഈ നോവൽ രചിച്ചിരിക്കുന്നത്. കർണ്ണന്റെ കഥയും ദ്രൗപദിയുടെ കഥയും ഈ നോവലിൽ രണ്ട് സമാന്തരകഥകളായി വികസിക്കുന്നു. പലപ്പോഴും ഈ രണ്ട് കഥകളും ഇടകലരുന്നു. ദ്രൗപദിയുടെ ചിന്താധാരകളുടെ രൂപത്തിൽ ആണ് നോവലിന്റെ ഭൂരിഭാഗവും രചിച്ചിരിക്കുന്നത്. മഹാഭാരതകഥയല്ലാതെ നോവലിന് മൂന്നാമത് ഒരു മാനവും കൈവരുന്നുണ്ട്. വയലാർ അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ഈ നോവലിന് ലഭിക്കുകയുണ്ടായി.

വിമർശകൻ, സാഹിത്യ നിരൂപകൻ, പത്രപ്രവർത്തകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണു് പി.കെ. രാജശേഖരൻ. ലോകസാഹിത്യത്തിലെ വിഖ്യാത നോവലുകളെ മലയാളത്തിന് പരിചയപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചു. മാതൃഭുമി ആഴ്ചപ്പതിപ്പിൽ അദ്ദേഹം എഴുതിയ "വാക്കിന്റെ മൂന്നാംകര" എന്ന ലേഖന പരമ്പര ഏറെ സഹൃദയശ്രദ്ധ പിടിച്ചുപറ്റി. ഇത് പിന്നീട് ഡിസി ബുക്സ് ഗ്രന്ഥരൂപത്തിൽ പുറത്തിറക്കുകയും ചെയ്തു. ദളിത്‌വാദത്തെ കുറിച്ച് അദ്ദേഹമെഴുതിയ ലേഖനം ഒട്ടേറെ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. 1966 ഫെബ്രുവരി 21ന് തിരുവനന്തപുരം ജില്ലയിലെ മലയൻകീഴിനടുത്തുളള കരിപ്പൂരിൽ ജനിച്ചു. യൂണിവേഴ്സിറ്റി കോളേജ്, കാര്യവട്ടം സർവ്വകലാശാലാ കാമ്പസ് എന്നിവടങ്ങളിൽ പഠിച്ചു. കേരള സർവകലാശാലയിൽ നിന്ന് പി എച്ച് ഡി നേടി. ഇപ്പോൾ മാതൃഭൂമിയുടെ തിരുവന്തപുരം എഡിഷനിൽ പത്രാധിപ സമിതിയംഗം (ചീഫ് സബ് എഡിറ്റർ).

മലയാളത്തിലെ ഉത്തരാധുനിക കവി, ബ്ലോഗർ, വെബ്ബ് മാസികാ പത്രാധിപർ, അദ്ധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്‌ പി.പി. രാമചന്ദ്രൻ. മലപ്പുറം ജില്ലയിലെ വട്ടംകുളത്തു് 1962ൽ ജനിച്ചു. പ്രൈമറി അദ്ധ്യാപകപരിശീലനത്തിനുശേഷം അദ്ധ്യാപകനായി. തുടർന്നു് ബിരുദം നേടുകയും പൊന്നാനി ഏ.വി.ഹൈസ്കൂളിൽ അദ്ധ്യാപകനാവുകയും ചെയ്തു. മലപ്പുറം ജില്ലയിലെ സാംസ്കാരികരംഗത്തു് അക്കാലം മുതൽ സജീവമായി പ്രവർത്തിക്കുന്നു. കവിതാരചനയോടൊപ്പം അമേച്വർ നാടകപ്രവർത്തനവും സജീവമായി നിർവ്വഹിക്കുന്നു.രണ്ടു കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 'കാണെക്കാണെ' (കറന്റ് ബുക്സ്-1999), 'രണ്ടായ്‌ മുറിച്ചത്‌' (കറന്റ് ബുക്സ്-2004).

പ്രമുഖ മലയാള കവിയാണ് പി.പി. ശ്രീധരനുണ്ണി(ജനനം :12 ഏപ്രിൽ 1944). ക്ഷണപത്രം എന്ന കാവ്യ സമാഹാരത്തിന് 2005 ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കണാരൻ നായരുടെയും മാതു അമ്മയുടെയും മകനാണ്. ബിരുദാനന്തരം 1969ൽ ആകാശവാണിയിൽ സ്ക്രിപ്റ്റ്റൈറ്ററും പിന്നീട് പ്രോഗ്രാം എക്സിക്യൂട്ടീവുമായി , കോഴിക്കോട്, തിരുവനന്തപുരം നിലയങ്ങളിൽ പ്രവർത്തിച്ചു. അഞ്ഞൂറോളം ലളിത ഗാനങ്ങളും ദേശഭക്തിഗാനങ്ങളും മറ്റും എഴുതിയിട്ടുണ്ട്. ശംഖുപുഷ്പം, വില്ക്കാനുണ്ട് സ്വപ്നങ്ങൾ എന്നീ സിനിമകളിൽ പാട്ടുകളും എഴുതി.മുപ്പതു വർഷം ആകാശവാണി യുടെ 'ഗാന്ധിമാർഗം' പരിപാടിയിൽ ഗാന്ധിജിക്ക് ശബ്ദം നൽകി.

കവി, ഗാനരചയിതാവ്‌, നാടകകൃത്ത്‌, ഗ്രന്ഥശാലാപ്രവർത്തകൻ, പ്രഭാഷകൻ, രാഷ്‌ട്രീയ പ്രവർത്തകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് പിരപ്പൻകോട് മുരളി(ജനനം: 12 ജൂൺ1943). പത്തും പതിനൊന്നും കേരള നിയമസഭകളിൽ വാമനപുരം മണ്ഡലത്തെ പ്രതിനിധീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ പിരപ്പൻകോട്‌, എൻ. ശങ്കരനാരായണക്കുറുപ്പിന്റെയും എൻ. ഭാരതിയമ്മയുടെയും മകനായി ജനിച്ചു. മണിക്കൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. തിരുവന്തപുരം ജില്ലാ കൗൺസിലംഗം, കേരള യൂണിവേഴ്സിറ്റി സെനറ്റംഗം, കേരള സംഗീത നാടക അക്കാദമി നിർവ്വാഹക സമിതി അംഗം, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം,കെ.എസ്.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. സി.പി.ഐ. എം സംസ്ഥാന കമ്മിറ്റി അംഗമാണ്

മലയാളത്തിലെ പ്രമുഖകവിയും ഭാഷാഗവേഷകനും അദ്ധ്യാപകനുമായിരുന്നു‌ പുതുശ്ശേരി രാമചന്ദ്രൻ (23 സെപ്റ്റംബർ 1928 – 14 മാർച്ച് 2020). മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ ഇദ്ദേഹം സ്വാതന്ത്ര്യ സമരകാലം മുതൽ രചനകളിലൂടെ അതിനു ദിശാബോധം നൽകി. മാവേലിക്കര താലൂക്കിൽ വള്ളികുന്നം പകുതിയിൽ 1928 സെപ്റ്റംബർ 23-ന് (1104 കന്നി 8) ജനനം. അച്ഛൻ പോക്കാട്ടു ദാമോദരൻ പിള്ള. അമ്മ പുതുശ്ശേരിൽ ജാനകി അമ്മ. വള്ളികുന്നം എസ്.എൻ.ഡി.പി. സംസ്കൃത ഹൈസ്കൂളിൽ നിന്ന് ശാസ്ത്രി പരീക്ഷ ജയിച്ചു (1946). ഇംഗ്ലീഷ് ഹൈസ്കൂളിൽ നിന്ന് ഇ.എസ്.എൽ.സി. (1946-49), കൊല്ലം എസ്.എൻ. കോളേജിൽ നിന്ന് ഇന്റർമീറ്റഡിയേറ്റ് (1949-51), യുനിവേഴ്സിറ്റി കോളേജിൽ നിന്ന് മലയാളം ഓണേഴ്സ്, തിരുവിതാംകൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ മലയാളം എം.എ. (1956). 1970-ൽ കേരള സർവകലാശാലയിൽ നിന്നും ഭാഷാശാസ്ത്രത്തിൽ പി.എച്ച്.ഡി (കണ്ണശ്ശരാമായണഭാഷ). 2020 മാർച്ച് 14 ന് ഡോ. പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു. സ്കൂൾ ജീവിതകാലത്ത് തന്നെ എഴുതിത്തുടങ്ങി. കവിതകൾക്കു പുറമെ ഭാഷാപഠനപ്രബന്ധങ്ങളും ഉപന്യാസങ്ങളും എഴുതിയിട്ടുണ്ട്. വർക്കല എസ്എൻ കോളജിൽ അധ്യാപനായി ഔദ്യോഗിക ജീവിതം ആരംഭിച്ച പുതുശേരി രാമചന്ദ്രൻ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഗ്രാമീണ ഗായകൻ, ആവുന്നത്ര ഉച്ചത്തിൽ, ശക്തിപൂജ, പുതിയ കൊല്ലനും പുതിയൊരാലയും, ഈ വീട്ടിൽ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യസമര കവിതകൾ, പുതുശ്ശേരി കവിതകൾ എന്നിവയാണ് ശ്രദ്ധേയമായി പുസ്തകങ്ങൾ. ഇംഗ്ലീഷ്, സംസ്‌കൃതം, തമിഴ് ഭാഷകളിൽനിന്ന് നിരവധി കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2005 ൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡും 2009 ൽ കേരള സാഹിത്യ അക്കാഡമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. വള്ളത്തോൾ പുരസ്‌കാരം, മഹാകവി പി അവാർഡ്, ഉള്ളൂർ അവാർഡ്, കണ്ണശ്ശ സ്മാരക അവാർഡ്, കുമാരനാശാൻ അവാർഡ്, അബുദാബി ശക്തി അവാർഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.

മലയാളത്തിലെ ഒരു കവിയും ഗാനരചയിതാവും ഗദ്യകാരനുമായിരുന്നു പുത്തൻകാവ് മാത്തൻ തരകൻ (1903 സെപ്തംബർ 6 - 1993 ഏപ്രിൽ 5). ഇദ്ദേഹം രചിച്ച മഹാകാവ്യമാണ് വിശ്വദീപം. കവിത, നിരൂപണം, ഉപന്യാസം, നോവൽ, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യ മേഖലകളിലായി നിരവധി കൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഭാഷാപ്രയോഗത്തിൽ വലിയ നിഷ്ഠ പുലർത്തുന്ന മാത്തൻ തരകൻ സംസ്കൃതവൃത്തങ്ങളിലും ദ്രാവിഡവൃത്തങ്ങളിലും കവിതയെഴുതിയിട്ടുണ്ട്. വിശ്വദീപം എന്ന മഹാകാവ്യത്തിനു പുറമേ കാവ്യസങ്കീർത്തനം, കൈരളി ലീല, ഹേരോദാവ്, വേദാന്തമുരളി, വികാരമുകുളം, ഉദയതാരം, കേരളഗാനം, ഉദ്യാനപാലകൻ, കാവ്യതാരകം, ആര്യഭാരതം, തോണിക്കാരൻ, വസന്ത സൗരഭം തുടങ്ങിയ കവിതാസമാഹാരങ്ങളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇണങ്ങാത്ത മനുഷ്യൻ, ജീവിതാമൃതം, മധുബാലിക എന്നീ നോവലുകളുടെയും പൗരസ്ത്യ നാടകദർശനം, സാഹിത്യവിഹാരം, സാഹിത്യവേദി, സാഹിത്യസോപാനം തുടങ്ങിയ ഉപന്യാസ ഗ്രന്ഥങ്ങളുടെയും രചയിതാവാണ് മാത്തൻ തരകൻ.

പുനം നമ്പൂതിരി പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഭാഷാകവിയാണു്. കോഴിക്കോട് ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മാനവിക്രമൻ രാജാ‍ സാമൂതിരിയുടെ സദസ്സിലെ ഒരു അംഗമായിരുന്നു. പതിനെട്ടരക്കവികളിൽ “അരക്കവി” എന്നു പ്രശസ്തനായി (‘അര’ അർത്ഥമാക്കുന്നത് ശ്രേഷ്ഠം എന്നാണു്, പകുതി കവിത്വം എന്നല്ല എന്നു പല പണ്ഡിതരും അഭിപ്രായപ്പെടുമ്പോൾ, ഭാഷാകവികളെ മനഃപൂർവ്വം താഴ്ത്തിക്കാട്ടാനായിരുന്നു അക്കാലത്തെ സംസ്കൃതകവികൾ പുനം നമ്പൂതിരിയെ അരക്കവി എന്നു വിളിച്ചതെന്നാണ് മറ്റു ചിലരുടെ പക്ഷം. കൃഷ്ണഗാഥയുടെ രചയിതാവായ ചെറുശ്ശേരി നമ്പൂതിരി തന്നെയാണു് പുനം നമ്പൂതിരിയെന്നു് ചില ചരിത്രകാരന്മാർ വാദിക്കുന്നുണ്ടു്‌. പതിനഞ്ചാം നൂറ്റാണ്ടിൽ മാനവേദരാജാവിന്റെ സദസ്സിലുണ്ടായിരുന്ന ഭാഷാകവിയെന്ന നിലയിലാണു് ഈ രണ്ടു വ്യക്തികളും പ്രശസ്തരായിരിക്കുന്നത് എന്ന സാമ്യമാവണം ഇത്തരമൊരു നിരീക്ഷണത്തിനു കാതലാകുന്നതു്‌.

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും കർമ്മം കൊണ്ട് ഡോക്ടറുമായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള. 1940 ഏപ്രിൽ 3ന് വടകരയ്ക്കടുത്ത് മടപ്പള്ളിയിൽ സൈനയുടേയും മമ്മുവിന്റേയും മകനായി ജനിച്ചു. തലശ്ശേരി ബ്രണ്ണൻ കോളെജിൽ നിന്നു ബിരുദവും അലിഗഢ് മുസ്ലീം സർവ്വകലാശാലയിൽനിന്ന് എം.ബി.ബി.എസും നേടിയിരുന്നു. കുറച്ചുകാലം സൗദി അറേബ്യയിലെ ദമാം എന്ന സ്ഥലത്ത് ജോലിനോക്കി. വടകരയിൽ അൽമാ ഹോസ്പിറ്റൽ നടത്തിയിരുന്നു. മൂന്നു മക്കളുണ്ട്. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്ന കുഞ്ഞബ്ദുള്ള 2017 ഒക്ടോബർ 27 വെള്ളിയാഴ്ച രാവിലെ 7:40-ന് കോഴിക്കോടുള്ള ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. ഇദ്ദേഹത്തിന്റെ സ്മാരകശിലകൾ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു.

കേരളത്തിലെ ഒരു പ്രമുഖ കവിയും . സാംസ്കാരിക പ്രവർത്തകനുമാണ് പുനലൂർ ബാലൻ (3 ജനുവരി 1929 – 19 മാർച്ച് 1987).കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പുനലൂരിൽ ആനന്ദാലയത്തിൽ കേശവൻ്റെയും പാർവ്വതിയുടെയും മകനായി ജനിച്ചു.സ്കൂൾ വിദ്യാഭ്യാസം പുനലൂരിലും ഇന്റർമീഡിയറ്റിന് തിരുവനന്തപുരത്തും പഠിച്ചു. സാഹിത്യവിശാരദിന് സംസ്ഥാനത്ത് ഒന്നാമനായി പരീക്ഷ ജയിച്ചു. 1950 ൽ സ്കൂൾ അദ്ധ്യാപകനായി. പുനലൂർ സ്കൂളിലും ചെമ്മന്തൂർ സ്കൂളിലും അദ്ധ്യാപകനായിരുന്നു. അദ്ധ്യാപകനായിരിക്കെ എം.എ,എം.എഡ് ബിരുദങ്ങൾ നേടി. ഇടതു പക്ഷ രാഷ്ട്രീയത്തിൽ ആകൃഷ്ടനായ അദ്ദേഹം കായംകുളത്തെ ദേശാഭിമാനി തീയറ്റേഴ്സിനു വേണ്ടി ഗാന രചന നടത്തി. 'എൻ്റെ മകനാണ്‌ ശരി' എന്ന കെ.പി.എ.സി. യുടെ ആദ്യനാടകത്തിലെ പാട്ടുകൾ എഴുതി.ഇരുപതു വർഷത്തോളം അദ്ധ്യാപകനായി ജോലി ചെയ്ത അദ്ദേഹം പിന്നീട് ജോലി രാജി വച്ച് കേരള കൗമുദിയിൽ സഹപത്രാധിപരായി. പിന്നീട് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉദ്യോഗസ്ഥനായി.വിജ്ഞാനകൈരളി മാസികയുടെ പത്രാധിപർ ആയിരുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അസിസ്റ്റന്റ് ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. അർബുദ ബാധിതനായി 1987 -ൽ അന്തരിച്ചു.

മലയാള നാടകകൃത്തും അഭിനേതാവുമായിരുന്നു പുളിമാന പരമേശ്വരൻപിളള (8 സെപ്‌റ്റംബർ 1915 - 22 ഫെബ്രുവരി 1948). കൊല്ലം ജില്ലയിലെ ചവറയിൽ ചിറ്റേഴത്ത് ശങ്കരപിള്ളയുടെയും പുളിമാന എൽ. കുഞ്ചിപ്പിള്ളയുടെയും മകനായി ജനിച്ചു. ബി.എ ഓണേഴ്സ് പാസായി. ബോംബെയിൽ നിയമ പഠനത്തിനായി പോയെങ്കിലും രോഗ പീഡയാൽ ഉപേക്ഷിച്ചു. പുരോഗമന സാഹിത്യം മലയാളത്തിൽ സജീവമാകാൻ തുടങ്ങിയ കാലത്താണ് പുളിമാന കഥകളെഴുതിത്തുടങ്ങിയത്. കോളേജ്‌ വിദ്യാഭ്യാസത്തിനുശേഷം നാടകരംഗത്ത്‌ സജീവമായ സാന്നിദ്ധ്യമായിരുന്നു. നാടകകൃത്ത്‌, അഭിനേതാവ്‌, ഗായകൻ, കഥാകാരൻ എന്നീ നിലകളിൽ പ്രശസ്‌തി നേടി. മലയാളത്തിലെ ആദ്യത്തെ എക്സ്പ്രഷനിസ്റ്റ് നാടകം എന്നറിയപ്പെടുന്ന 'സമത്വവാദി' രചിച്ചു. 1948 ഫെബ്രുവരി 22-ന്‌ അന്തരിച്ചു.

കേരളത്തിൽ ജീവിച്ചിരുന്ന ഭക്തകവിപ്രമുഖന്മാരിലൊരാളായിരുന്നു പൂന്താനം.മലപ്പുറത്തെ പൂന്താനം ഇല്ലത്ത് 1547ലാണ് പൂന്താനം നമ്പൂതിരി ജനിച്ചതെന്ന് കണക്കാക്കുന്നു. അദ്ദേഹം ഇല്ലപ്പേരിൽ അറിയപ്പെട്ടിരുന്നതുകൊണ്ടുതന്നെ യഥാർത്ഥപേര് വ്യക്തമല്ല. ദീർഘനാൾ നീണ്ടു നിന്ന അനപത്യദുഃഖത്തിനൊടുവിൽ ഉണ്ണി പിറന്നപ്പോൾ ഇല്ലത്ത് സന്തോഷവും ശാന്തിയും കളിയാടി. എന്നാൽ അന്നപ്രാശനദിനത്തിൽ ആ കുഞ്ഞ് മരിച്ചതോടെ പൂന്താനം തന്റെ ജീവിതം ഭഗവദ്ചിന്തകൾക്കായി മാറ്റിവെച്ചു. ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ മക്കളായി മറ്റുണ്ണികൾ വേണ്ടെന്നുവെക്കുമ്പോൾ ഭക്തിക്കൊപ്പം പിതൃഭാവവും തെളിഞ്ഞു ആ കവിതയിൽ. അദ്ദേഹം ജനിച്ചതും ജീവിച്ചതും മദ്ധ്യകേരളത്തിലെ പഴയ വള്ളുവനാട് താലൂക്കിൽ നെന്മേനി അംശത്തിൽ ( ഇന്ന്‌ മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്നും എട്ടു കിലോമീറ്റർ വടക്ക് കീഴാറ്റൂർ) പൂന്താനം (പൂങ്കാവനം - പൂന്താവനം - പൂന്താനം) എന്ന ഇല്ലത്ത് ആയിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. ക്രിസ്തു വർഷം 1547 മുതൽ 1640 വരെയായിരുന്നു പൂന്താനത്തിന്റെ ജീവിതകാലം എന്ന്‌ സാമാന്യമായി നിർണ്ണയിച്ചിട്ടുണ്ട് ( പ്രൊഫ.കെ.വി. കൃഷ്ണയ്യർ) . മേൽ‌പ്പത്തൂരിന്റെ (1560-1646) സമകാലികനായിരുന്നു എന്ന്‌ ഉറപ്പിക്കാനുള്ള വളരെയധികം പ്രമാണങ്ങൾ ലഭ്യമാണ്.

വെൺമണി പ്രസ്ഥാനത്തിലെ ഒരു കവിയായിരുന്നു പൂന്തോട്ടത്ത് അച്ഛൻനമ്പൂതിരി (1821 - 65) . പാലക്കാട്ടു ജില്ലയിൽ കിള്ളിക്കുറിശ്ശിമംഗലം പൂന്തോട്ടത്തു പരമേശ്വരൻ നമ്പൂതിരിയായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്. കുഞ്ചൻ നമ്പ്യാരുടെ ജൻമഗൃഹത്തിനു തൊട്ടടുത്തതാണ് പൂന്തോട്ടത്തില്ലം. ഇദ്ദേഹത്തിന്റെ ശരിയായ പേര് ദാമോദരൻ എന്നാണ്. പട്ടാമ്പി പള്ളിശ്ശേരി ഓതിക്കോനായിരുന്നു വൈദികാചാര്യൻ. തൃപ്പൂണിത്തുറ എത്തി സംസ്കൃതം പഠിക്കുകയും അവിടെയുളള ഒരു ക്ഷത്രിയ സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. വെൺമണി അച്ഛനോടും കൊടുങ്ങല്ലൂർ വിദ്വാൻ ഇളയ തമ്പുരാനോടും അടുപ്പമുണ്ടായിരുന്നതിനാൽ കൊടുങ്ങല്ലൂർക്കളരിയിലെ ഒരംഗമായി. തൃശൂർ അഷ്ടമി ഇല്ലത്തുനിന്നും ഇദ്ദേഹം ഒരന്തർജനത്തേയും വിവാഹം കഴിച്ചിട്ടുണ്ട്. ഈ ബന്ധത്തിൽ മൂന്നു പുത്രൻമാരും അഞ്ചുപുത്രിമാരുമുണ്ടായി.

മലയാളത്തിലെ ഒരു നോവലിസ്റ്റും,ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമാണ്‌ പെരുമ്പടവം ശ്രീധരൻ.1975-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. എന്നാൽ 1993-ൽ പുറത്തുവന്ന ഒരു സങ്കീർത്തനം പോലെ എന്ന നോവലാണ് മലയാളസാഹിത്യ രംഗത്ത് അദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കിയത്. ഈ നോവലിന് അമ്പതു പതിപ്പുകൾ ആയി. എറണാകുളം ജില്ലയിൽ മുവാറ്റുപുഴ താലൂക്കിലെ പെരുമ്പടവം ഗ്രാമത്തിൽ നാരായണന്റെയും ലക്ഷ്മിയുടെയും മകനായി 1938 ഫെബ്രുവരി 12-ന് ജനിച്ചു. കുട്ടിക്കാലം മുതൽക്കേ സാഹിത്യത്തിൽ താല്പര്യമുണ്ടായിരുന്നു. എഴുത്തിന്റെ ആരംഭം കവിതയിലായിരുന്നു. പിന്നീട് കഥയിലേക്കും നോവലിലേക്കും തിരിഞ്ഞു. 12 ചലച്ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു. കേരള സാഹിത്യ അക്കാദമി, ചലച്ചിത്ര സെൻസർ ബോർഡ്, സാഹിത്യ പ്രവർത്തക സഹകരണസംഘം നിർദ്ദേശക സമിതി എന്നിവയിൽ അംഗമായിരുന്നിട്ടുണ്ട്. 2011 ൽ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായി നിയമിതനായി.

മലയാള ഭാഷയിലെ ശ്രദ്ധേയനായ ഒരു കഥാകൃത്തായിരുന്നു പൊൻകുന്നം വർക്കി (ജൂലെെ 1, 1910- ജൂലൈ 2, 2004). 1910 ജൂലെെ 1ന് ആലപ്പുഴ ജില്ലയിലെ എടത്വായിലാണ് വർക്കി ജനിച്ചത്‌. അദ്ദേഹം ജനിച്ച് ഏതാനും ദിവസങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ കുടുംബം കോട്ടയം ജില്ലയിലെ പൊൻകുന്നത്തേക്ക്‌ താമസംമാറി. മലയാളഭാഷയിൽ ഹയർ, വിദ്വാൻ ബിരുദങ്ങൾ പാസായ ശേഷം അദ്ധ്യാപകനായി. 'തിരുമുൽക്കാഴ്ച' എന്ന ഗദ്യകവിതയുമായാണ്‌ 1939-ൽ വർക്കി സാഹിത്യ രംഗത്തേക്കു കടന്നത്‌. പ്രഥമകൃതിക്കുതന്നെ മദ്രാസ്‌ സർവ്വകലാശാലയുടെ സമ്മാനം ലഭിച്ചു. കഥകൾ എഴുതിയതിന്റെ പേരിൽ അധികാരികൾ വർക്കിയെ അധ്യാപന ജോലിയിൽനിന്നു പുറത്താക്കി. സി. പി. രാമസ്വാമി അയ്യരെ വിമർശിച്ചു മോഡൽ എന്ന കഥ എഴുതിയതിന്റെ പേരിൽ 1946-ൽ ആറുമാസം ജയിലിൽക്കിടക്കേണ്ടി വന്നു. നാടകവും ചെറുകഥയുമുൾപ്പടെ അൻപതോളം കൃതികൾ വർക്കിയുടേതായി പ്രസിദ്ധപ്പെടുത്തി. എണ്ണപ്പെട്ട ചില മലയാള സിനിമകൾക്ക്‌ കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്‌. പുരോഗമന കലാസാഹിത്യ സംഘടനയുടെ സെക്രട്ടറിയായി അഞ്ചുവർഷത്തോളം പ്രവർത്തിച്ചു. എഴുത്തുകാരുടെ കൂട്ടായ്മക്കായി രൂപീകൃതമായ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും നാഷണൽ ബുക്ക്‌ സ്റ്റാളിന്റെയും സ്ഥാപകരിലൊരാളായിരുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ എക്സിക്യുട്ടീവ്‌ അംഗം എന്നീനിലകളിലും പ്രവർത്തിച്ചു. മദ്യപാനത്തിനടിമായയിരുന്ന വർക്കി, ജീവിതത്തിന്റെ അവസാന പകുതിയിൽ രചനകൾ നടത്തിയിരുന്നില്ല. ഇടയ്ക്കിടെ ആനുകാലികങ്ങളിൽ സംഭാഷണങ്ങളോ ലേഖനങ്ങളോ ഇക്കാലത്ത്‌ രചിച്ചിരുന്നു. 2004 ജൂലൈ 2-ന്, തന്റെ 93-ആം ജന്മദിനത്തിന് പിറ്റേന്ന്, പാമ്പാടിയിലുള്ള വസതിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ചരിത്രഗവേഷകനും ആയിരുന്നു പോഞ്ഞിക്കര റാഫി(1924 - 1992 ). കേരള സാഹിത്യ അക്കാദമി അവാർഡു ലഭിച്ചിട്ടുണ്ട്. പതിനഞ്ചാം വയസ്സിൽ ആദ്യമായി എഴുതിയ 'ആന്റണിയുടെ വാഗ്ദാനം' എന്ന കഥ റാഫേൽ ജെ നെടുവത്തേഴത്ത് പോഞ്ഞിക്കര എന്ന പേരിൽ 'സത്യനാദം' പത്രത്തിൽ അച്ചടിച്ചുവന്നു. ദീപം ഡെയ്‌ലി, സുപ്രഭ വീക്കിലി, ഉദയം വീക്കിലി, ഡമോക്രാറ്റ് വീക്കിലി, ദീനബന്ധു ഡെയ്‌ലി എന്നിവയുടെ പത്രാധിപരായി കൂറെ നാൾ ജോലി നോക്കി. സി എം സ്റ്റീഫൻ എം ഡിയായിരുന്ന 'സോഷ്യസിസ്റ്റ് ലേബറി'ന്റെ പത്രാധിപരായിരുന്നു. കൂടപ്പിറപ്പ്, മിന്നാമിനുങ്ങ് എന്നീ സിനിമകൾക്ക് തിരക്കഥയെഴുതി. സെബീന റാഫിയുമൊന്നിച്ച് രചിച്ച കലിയുഗത്തിന് 1971-ലെ കേരള സാഹിത്യ അക്കാദമി അവാർഡു ലഭിച്ചു. 1958-ൽ പ്രസിദ്ധപ്പെടുത്തിയ സ്വർഗദൂതൻ മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവലാണ്. സബീനയോടൊപ്പം ചേർന്ന് ശുക്രദശയുടെ ചരിത്രം എന്ന ഗ്രന്ഥവും രചിച്ചു. 1956 ൽ പുറത്തിറങ്ങിയ കൂടപ്പിറപ്പ് എന്ന ചലച്ചിത്രത്തിന് തിരക്കഥയും, സംഭാഷണവും രചിച്ചു. 1992 സെപ്റ്റംബർ 6 ന് അന്തരിച്ചു. .

കവിയും ചലച്ചിത്രഗാന രചയിതാവും മാധ്യമ പ്രവർത്തകനും ടെലിവിഷൻ അവതാരകനുമാണ്‌ പ്രഭാവർമ്മ. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, ആശാൻ പ്രൈസ്, വയലാർ അവാർഡ്, വള്ളത്തോൾ അവാർഡ്, ഉള്ളൂർ അവാർഡ്‌ , പത്മ പ്രഭാ പുരസ്ക്കാരം തുടങ്ങിയവ സാഹിത്യ രംഗത്ത്. ശ്യാമ മാധവം, കനൽച്ചിലമ്പ്, രൗദ്രസാത്വികം തുടങ്ങിയ കാവ്യാഖ്യായികകളടക്കം പതിനഞ്ചിലേറെ കൃതികൾ. ഇപ്പോൾ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്‌. കേന്ദ്ര സാഹിത്യ അക്കാദമി എക്സി്സിക്യൂട്ടീവ് കമ്മറ്റിയംഗം. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട്, ദേശാഭിമാനി റസിഡന്റ് എഡിറ്റർ, കൈരളി-പീപ്പിൾ ടി.വി ന്യൂസ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1996-2001-ൽ മുഖ്യമന്ത്രിയുടെ (ശ്രീ.ഇ.കെ.നായനാർ )പ്രസ് സെക്രട്ടറിയായിരുന്നു. 'ശ്യാമമാധവ'ത്തിനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും 'അർക്കപൂർണിമ'യ്ക്കുകേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. മൂന്നു തവണ ചലച്ചിത്ര ഗാനരചനയ്ക്കുള്ള സ്‌റ്റേറ്റ് അവാർഡ് ലഭിച്ചു. രണ്ടുവട്ടം നാടകഗാന രചനയ്ക്കുള്ള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു. ഫിലിം ഫെയർ നോമിനേഷൻ, ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവയും ലഭിച്ചു. ചലച്ചിത്ര ഗാനങ്ങളിൽ 'ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ...' ( സ്ഥിതി) ഏതു സുന്ദര സ്വപ്നയവനിക (നടൻ), ഏനൊരുവൻ (ഒടി യൻ) തുടങ്ങി നിരവധി ഹിറ്റുകൾ..

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളാണ് പ്രിയ.എ.എസ്. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ എരമല്ലൂരിൽഹൈസ്കൂൾ അദ്ധ്യാപകരായിരുന്ന ആനന്ദവല്ലിയുടേയും കെ.ആർ സദാശിവൻ നായരുടേയും മകളായി 1967 മേയ് 28 ന് ജനിച്ചു. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ എരമല്ലൂർ ആണ് ജനനം. E.C.E.K യൂണിയൻ ഹൈസ്കൂൾ കുത്തിയതോടിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം, തൃക്കാക്കര ഭാരത് മാത കോളേജിൽ നിന്ന് പ്രീഡിഗ്രി എന്നിവ പൂർത്തിയാക്കിയ ശേഷം എറണാകുളം മഹാരാജാസ് കോളേജിൽ ഇംഗ്ലീഷിൽ ബിരുദവും, പ്രൊഫസർ മധുകർ റാമുവിന്റെ കീഴിൽ പ്രൈവറ്റായി ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി ഓഫീസിൽ ഉദ്യോഗസ്ഥയായിരുന്നു. ഇപ്പോൾ കുസാറ്റിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായി ജോലി ചെയ്യുന്നു. മകൻ കുഞ്ഞുണ്ണി എന്ന തൻമൊയ്.

മലയാളത്തിലെ പുതിയ കാല എഴുത്തുകാരിൽ ശ്രദ്ധേയനാണ് ഫ്രാൻസിസ് നൊറോണ (Francis Noronha). തീരദേശ ജന ജീവിതത്തിൻറെ ഭാവതീവ്രമായ ആവിഷ്കാരങ്ങൾ കൊണ്ട് വേറിട്ടു നിൽക്കുന്നവയാണ് ഫ്രാൻസിസ് നൊറോണയുടെ രചനകൾ. മലയാളസാഹിത്യത്തിലെ എഴുത്ത് ഇടങ്ങളിൽനിന്ന് ഭ്രഷ്ടരാക്കപ്പെട്ട ലത്തീൻ കത്തോലിക്കരുടെ ജീവിതം നൊറോണയുടെ എഴുത്തിന് പതിവായി പശ്ചാത്തലമാകുന്നു. അദ്ദേഹത്തിന് എഴുത്ത് ഭാവദീപ്തമാക്കുന്നതിൽ കാവ്യാത്മകമായ ഭാഷാശൈലി പ്രത്യേക പങ്കുവഹിക്കുന്നു. ആലപ്പുഴയിലെ തീരദേശ ജനതയുടെ ജീവിതം ആസ്പദമാക്കി രചിക്കപ്പെട്ട 'അശരണരുടെ സുവിശേഷം' എന്ന നോവൽ അദ്ദേഹം രചിച്ച ഒരേ ഒരു നോവലാണ്. തൊട്ടപ്പൻ എന്നത് അദ്ദേഹത്തിൻറെ ശ്രദ്ധേയമായ ചെറുകഥാ സമാഹാരമാണ്. 2019-ൽ ഈ ചെറുകഥ ഷാനവാസ് കെ. ബാവക്കുട്ടി തൊട്ടപ്പൻ എന്ന പേരിൽ തന്നെ ചലച്ചിത്രമാക്കി.

മലയാളകവിയും അഭിനേതാവുമാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. സച്ചിദാനന്ദൻ, കടമ്മനിട്ട തലമുറയെ പിന്തുടർന്നു വന്ന ബാലചന്ദ്രൻ ചുള്ളിക്കാട് പ്രമേയസ്വീകാരത്തിലും ആവിഷ്കരണതന്ത്രത്തിലും സമകാലികരിൽ നിന്ന് പ്രകടമായ വ്യത്യസ്തത പുലർത്തി. മലയാളകവിതയിൽ അദൃഷ്ടപൂർവങ്ങളായ ബിംബാവലിയും കാവ്യഭാഷയും ഇദ്ദേഹത്തിന്റെ രചനാ സവിശേഷതകളായി ശ്രദ്ധിക്കപ്പെടുന്നു. ന്യൂഡൽഹി, കൽക്കട്ട, ലക്നൗ, അഗർത്തല, റൂർക്കേല, ബാംഗ്ലൂർ, ഭോപ്പാൽ എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ടു ദശകങ്ങൾക്കുള്ളിൽ നടന്ന ദേശീയ സാഹിത്യസമ്മേളനങ്ങളിൽ മലയാളകവിതയെ പ്രതിനിധാനം ചെയ്തു. 1994 സെപ്റ്റംബറിൽ ആലുവയിൽവച്ച് സാഹിത്യഅക്കാദമിയുടെയും 'സുരഭി'യുടെയും സംയുക്താഭിമുഖ്യത്തിൽ 22 ഇന്ത്യൻഭാഷകളിലെ 220 സാഹിത്യകാരൻമാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ 'മാനസോത്സവം' ദേശീയ സാഹിത്യസമ്മേളനത്തിന്റെ സ്വാഗതസംഘം കൺവീനർ. 1997 ഒക്ടോബർ-നവംബറിൽ സ്വീഡിഷ് സർക്കാരിന്റെയും സ്വീഡിഷ് റൈറ്റേഴ്സ് യൂണിയന്റെയും നോബൽ അക്കാദമിയുടെയും സംയുക്തക്ഷണമനുസരിച്ച് സ്വീഡൻ സന്ദർശിച്ച പത്തംഗ ഇന്ത്യൻസാഹിത്യകാരസംഘത്തിൽ അംഗം. 1997 നവംബർ ഒന്നിന് സ്വീഡനിലെ ഗോട്ടെൻബർഗ് നഗരത്തിൽ നടന്ന അന്താരാഷ്ട്രപുസ്തകോത്സവത്തോടനുബന്ധിച്ച് സാഹിത്യസമ്മേളനത്തിൽ ഇന്ത്യൻ കവിതയെ പ്രതിനിധീകരിച്ചു.ഹിന്ദി, ബംഗാളി, മറാഠി, രാജസ്ഥാനി, അസമിയ, പഞ്ചാബി, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഇന്ത്യൻ ഭാഷകളിലേക്കും ഇംഗ്ലീഷ് , ഫ്രഞ്ച്, സ്പാനിഷ്, സ്വീഡിഷ് എന്നീ വിദേശഭാഷകളിലേക്കും കവിതകൾ തർജമ ചെയ്യപ്പെട്ടു .

മലയാളത്തിലെ ഒരു എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമാണ് ബാലചന്ദ്രൻ വടക്കേടത്ത്. 1955 -ൽ തൃശ്ശൂർ ജില്ലയിലെ നാട്ടികയിൽ ജനനം.കേരള കലാമണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചു .കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്‌ ആയി പ്രവർത്തിച്ചിരുന്നു. വിശ്വമലയാള മഹോത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ചുയർന്ന വിവാദങ്ങളെത്തുടർന്ന് അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് 2012 ഡിസംബർ 27-നു നീക്കം ചെയ്തു.

മലയാളത്തിലെ പ്രശസ്തയായ കവയിത്രിയായിരുന്നു ബാലാമണിയമ്മ (ജൂലൈ 19, 1909 - സെപ്റ്റംബർ 29, 2004). മാതൃത്വത്തിന്റെ കവയിത്രി എന്നാണ് അവർ അറിയപ്പെട്ടത്. ചെറുപ്പം മുതലേ കവിതയെഴുതിയിരുന്ന ബാലാമണിയമ്മയുടെ ആദ്യ കവിതയായ 'കൂപ്പുകൈ'ഇറങ്ങുന്നത് 1930-ലാണ്. കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്തു തമ്പുരാനിൽനിന്ന് 1947-ൽ ‘സാ‍ഹിത്യനിപുണ‘ബഹുമതി നേടി. പിന്നീട് നിരവധി പുരസ്കാരങ്ങളും ബഹുമതികളും അവരെ തേടിയെത്തി. ലളിതവും പ്രസന്നവുമായ ശൈലിയിൽ മനുഷ്യമനസ്സിന്റെ അഗാധതയെ പ്രതിഫലിപ്പിക്കുന്നതാണ് ബാലാമണിയമ്മയുടെ കവിതകൾ. മാതൃത്വവും നിഷ്കളങ്കമായ ശൈശവഭാവവും അവയിൽ മുന്നിട്ടുനിന്നു. ബാലാമണിഅമ്മയുടെ ഭാവഗീതങ്ങളിലെ മുഖ്യമായ ഭാവധാര മാതൃവാത്സല്യമാണ് . അഞ്ചുവർഷത്തോളം അൽഷിമേഴ്സ് രോഗത്തിനൊടുവിലാണ് ബാലാമണിയമ്മ മരിക്കുന്നത്. 2004 സെപ്റ്റംബർ 29-നായിരുന്നു മരണം.

പ്രമുഖ മലയാള സാഹിത്യ വിമർശകനും അദ്ധ്യാപകനുമാണ് ബി. രാജീവൻ(ജനനം: 1946) 1946-ൽ കായംകുളത്ത്‌ ജനിച്ചു. കൊല്ലം എസ്‌.എൻ. കോളജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും പഠിച്ചു. 1971 മുതൽ ഗവണ്മെന്റ്‌ കോളജുകളിൽ മലയാള സാഹിത്യം പഠിപ്പിക്കുന്നു. 1975-ൽ ‘അടിയന്തരാവസ്‌ഥ’യ്‌ക്കെതിരെ നിലകൊണ്ട നക്‌സലൈറ്റ്‌ അനുഭാവി എന്ന നിലയിൽ പോലീസ്‌ മർദ്ദനവും വീട്ടുതടങ്കലും നേരിട്ടു. 1980-ൽ ‘ജനകീയ സാംസ്‌കാരികവേദി’യുടെ സംസ്‌ഥാന കമ്മിറ്റിയിൽ പ്രവർത്തിച്ചുകൊണ്ട്‌ വിവിധ സമരങ്ങളിൽ പങ്കെടുത്തു. വിലക്കുകൾ ലംഘിച്ചതിന്റെ പേരിൽ അറസ്‌റ്റുചെയ്യപ്പെടുകയും ദീർഘകാലം കോളജദ്ധ്യാപകജോലിയിൽനിന്നു പുറത്താക്കപ്പെടുകയും ചെയ്‌തു. 1969 മുതൽ തത്ത്വശാസ്‌ത്രം, സൗന്ദര്യശാസ്‌ത്രം, ചരിത്രം, രാഷ്‌ട്രീയചിന്ത, സിനിമ, കവിത തുടങ്ങിയ വിഷയങ്ങളെക്കുറിച്ച്‌ പ്രബന്ധങ്ങൾ എഴുതുന്നു. 1975 മുതൽ സാവിത്രിയോടൊപ്പം ജീവിക്കാൻ തുടങ്ങി.

മലയാള സാഹിത്യകാരിയും 1988 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥയുമാണ് ബി. സന്ധ്യ(ജനനം :1963). രണ്ടു നോവലുകൾ ഉൾപ്പെടെ ഒൻപതു സാഹിത്യ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2021 ജനുവരി ഒന്നു മുതൽ ഫയർഫോഴ്സ് മേധാവിയാണ്. എ.ഡി.ജി.പി പൊലീസ് ട്രെയിനിംഗ് കോളേജ്, എറണാകുളം മധ്യമേഖല ഐ.ജി, തിരുവനന്തപുരം റേയ്ഞ്ച് ഡി.ഐ.ജി എന്നീ നിലകളിലും പ്രവർത്തിച്ചു. 21 ഏപ്രിൽ 2013 ലെ കലാകൗമുദി വാരികയിൽ സന്ധ്യ എഴുതിയ 'എനിക്കിങ്ങനെയേ ആവാൻ കഴിയൂ' എന്ന കവിത മാധ്യമപ്രവർത്തകരെയും രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും ആക്ഷേപിക്കുന്നതാണെന്ന് ആരോപണമുയർന്നിരുന്നു. തുടർന്ന് സന്ധ്യയോട് ഡി.ജി.പി. കെ.എസ്. ബാലസുബ്രമണ്യം വിശദീകരണം ആവശ്യപ്പെടുകയും കവിതയെഴുതുന്നതിനെ ചോദ്യം ചെയ്യാനാവില്ലെന്ന് മറുപടി നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രചനകൾക്ക് മുൻകൂർ അനുമതി വേണമെന്ന് മുൻ ഡി.ജി.പി. ജേക്കബ്ബ്പുന്നൂസ് സർക്കുലർ ഇറക്കിയിരുന്നു. പോലീസ്‌സേനയിൽ ഇപ്പോഴും സെൻസറിങ് നിലനിൽക്കുന്നുണ്ട് എന്നത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ലംഘനമായി ചൂണ്ടി കാണിക്കപ്പെട്ടിരുന്നു. സാഹിത്യരചന നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്നും മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്താതെ നോക്കണമെന്നും പിന്നീട് ചീഫ്‌ സെക്രട്ടറി മുന്നറിയിപ്പു നൽകി.

ഒരു മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ബി.എം. സുഹറ. കിനാവ്, മൊഴി,ഇരുട്ട്,നിഴൽ,വേനൽ,ഭ്രാന്ത്,ചോയിച്ചി, ആകാശഭൂമികളുടെ താക്കോൽ തുടങ്ങിയ കൃതികളിലൂടെ സുഹറ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. മലയാള സാഹിത്യത്തിനു നൽകിയ സമഗ്രസംഭാവനക്ക് 2008 ലെ കേരള സാഹിത്യ അക്കാഡമി പുരസ്കാരത്തിനർഹയായി. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമാണ് സുഹറ. വൈദ്യരകത്ത് മമ്മദ്കുട്ടി ഹാജിയുടേയും ബടയക്കണ്ടി മാളിയേക്കൽ മറിയ ഉമ്മയുടേയും മകളായി കോഴിക്കോട് ജില്ലയിലെ തിക്കോടിയിൽ ജനനം. സാഹിത്യകാരനും കാലിക്കറ്റ് സർവകലാശാലയിലെ മലയാളം വിഭാഗം മേധാവിയുമായിരുന്ന ഡോ. എം.എം ബഷീർ ആണ് സുഹറയുടെ ഭർത്താവ്. പ്രമുഖ കാർട്ടൂണിസ്റ്റ് ബി.എം. ഗഫൂർ സുഹറയുടെ സഹോദരനും പാചക എഴുത്തുകാരി ഉമ്മി അബ്ദുള്ള സഹോദരിയുമാണ്. അജ്മൽ ബഷീറും അനീസ് ബഷീറും മക്കൾ.

പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്‌ ബെന്യാമിൻ. പ്രവാസിയായ ഇദ്ദേഹം ബഹ്‌റൈനിലാണ്‌ താമസിക്കുന്നത്. സ്വദേശം പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനട. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ. ‘’ആടു ജീവിതം’‘ എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. ബഹ്റൈൻ കേരളീയസമാജം സാഹിത്യവിഭാഗം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്നു ബോധേശ്വരൻ (1902-1990) കവയിത്രി സുഗതകുമാരി, എഴുത്തുകാരി ഹൃദയകുമാരി എന്നിവർ പുത്രിമാരാണ്. 1901-ൽ തിരുവനന്തപുരത്തിനടുത്തുള്ള നെയ്യാറ്റിൻകരയിൽ, കുഞ്ഞൻ പിള്ളയുടെയും ജാനകിപിള്ളയുടെയും മകനായി ജനിച്ച കേശവനാണ് പിന്നീട് ബോധേശ്വരൻ എന്ന പേര് സ്വീകരിച്ചത്. ആര്യസമാജത്തിന്റെ തത്ത്വങ്ങളിൽ ആകൃഷ്ടനായി ചെറുപ്പത്തിൽ സന്ന്യാസ ജീവിതം ആരംഭിച്ചു. എന്നാൽ പിൽക്കാലത്ത് ആത്മീയ ജീവിതം ഉപേക്ഷിച്ചു സ്വാതന്ത്ര്യ സമരത്തിലും മറ്റു സാമൂഹ്യ പ്രസ്ഥാനങ്ങളിലും സജീവ പങ്കാളിയായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ ക്ഷേത്ര പ്രവേശന സമരം വൈക്കം സത്യാഗ്രഹം തുടങ്ങി നിരവധി സമരങ്ങളിൽ പങ്കെടുത്തു. ദേശാഭിമാന പ്രചോദിതമായ കവിതകളിലൂടെ ശ്രദ്ധേയനായി.

ഒരു പ്രമുഖ മലയാള എഴുത്തുകാരനും മുപ്പതാം വർഷത്തിലെത്തിയ ഇന്ന് ഇൻലൻഡ് മാസികയുടെ പത്രാധിപരുമാണ് മണമ്പൂർ രാജൻബാബു (ജനനം:ഒക്ടോബർ 1948) 1948 ഒക്‌ടോബർ 10ന് തിരുവനന്തപുരം ജില്ലയിലെ മണമ്പൂരിൽ ജനിച്ചു. അദ്ധ്യാപകനായിരുന്നു. 1976 മുതൽ മലപ്പുറത്ത്‌ കേരളാപോലീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരനായിരുന്നു. കഥ മാസികയിൽ 'ഡിസിപ്ലിൻ' എന്ന കഥ എഴുതിയതിന്റെ പേരിൽ ഒന്നരവർഷം സർവീസിൽനിന്നു പുറത്തു നില്‌ക്കേണ്ടിവന്നു. മേലുദ്യോഗസ്ഥരെ വിമർശിക്കുന്ന 'ലേഖനം' ആണെന്ന് കണ്ടെത്തി വകുപ്പ് മെമ്മോ കൊടുത്തു. രചന ഭാവനാസൃഷ്ടിയായ കഥയാണെന്നും ആരെയും വിമർശിക്കുന്ന ലേഖനമല്ലെന്നുമുള്ള മറുപടി 'തൃപ്തികരമല്ലാത്തതിനാൽ' കഥാകൃത്തിനെ സസ്‌പെൻഡ്‌ചെയ്തു. പ്രമുഖരായ എഴുത്തുകാർ പൗരാവകാശം, ആവിഷ്‌കാരസ്വാതന്ത്ര്യം തുടങ്ങിയ ജനാധിപത്യമൂല്യങ്ങളുടെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കഥാകൃത്തിന് അനുകൂലമായി രംഗത്തുവന്നു. ഒന്നരക്കൊല്ലം സസ്‌പെൻഷനിൽ കഴിഞ്ഞിട്ടാണ് അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തത്. മലപ്പുറം ജില്ലാ പോലീസ്‌ സൂപ്രണ്ടാഫീസിൽ അക്കൗണ്ട്‌സ്‌ ഓഫീസർ ആയിരിക്കെ സർവീസിൽ നിന്നു വിരമിച്ചു. കേരള സർക്കാരിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണ ഉപദേശകസമിതിയിലും ‘സംസ്‌കാര കേരളം’ പത്രാധിപസമിതിയിലും അംഗം. പിതാവ് എം. ശിവശങ്കരൻ മാതാവ്:ജി ഭാർഗവി. ഭാര്യ സു

കേരളത്തിലെ പ്രശസ്തനായ കവിയും, അദ്ധ്യാപകനുമാണ് വി. മധുസൂദനൻ നായർ (ജനനം: ഫെബ്രുവരി 25, 1949, അരുവിയോട്, തിരുവനന്തപുരം) . ആധുനികർക്കു ശേഷം വ്യാപകമായ പ്രശസ്തി നേടിയ ഇദ്ദേഹം കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തിൽ വരുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ചു. 1992-ൽ പുറത്തിറങ്ങിയ നാറാണത്തു ഭ്രാന്തൻ എന്ന കവിതാ സമാഹാരമാണ് ആദ്യമായി വെളിച്ചം കണ്ട പുസ്തകം. പറയിപെറ്റ പന്തിരുകുലം എന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കി രചിച്ച “നാറാണത്തു ഭ്രാന്തൻ” എന്ന കവിത ഈ സമാഹാരത്തിലുള്ളതാണ്‌. മധുസൂദനൻ‌ നായരുടെ ഏറ്റവും ജനകീയ കൃതികളിലൊന്നാണ് ഇത്. മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പദ്യകൃതികളിലൊന്നാണ് പ്രസ്തുത സമാഹാരം.

മലയാളത്തിലെ ഉത്തരാധുനികകവികളിൽ ഒരാളാണ് മനോജ് കുറൂർ (ജനനം - 1971). അദ്ദേഹത്തിന്റെ ആദ്യത്തെ കവിതാസമാഹാരം ആയ “ഉത്തമപുരുഷൻ കഥപറയുമ്പോൾ” (ചെങ്ങന്നൂർ റെയിൻബോ ബുൿസ്, ഐ.എസ്.ബി.എൻ: 81-881-4676-5)എന്ന കൃതിയിൽ 30 കവിതകളാണുള്ളത്. ഇ.പി. രാജഗോപാലനും എ.സി. ശ്രീഹരിയും ഈ കവിതകളെ കുറിച്ച് നടത്തിയ പഠനത്തിൽ അദ്ദേഹം ഉപയോഗിക്കുന്ന കവിതയിലൂടെ കഥപറയുന്ന ശൈലി ആധുനിക മലയാള കവിതയിൽ വിരളം ആണെന്നു പറയുന്നു. 2005-ൽ ഈ കൃതിക്ക് എസ്.ബി.റ്റി. കവിതാ പുരസ്കാരം ലഭിച്ചു. മനോജ് കുറൂരിന്റെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പാഠപുസ്തകമായിട്ടുണ്ട് പടിഞ്ഞാറൻ ക്ലാസിക്കൽ സംഗീതം, ക്ലാസിക്കൽ കലകൾ‍, ജനപ്രിയ സംഗീതം നാടോടികലകൾ, സിനിമ, സാഹിത്യം, സൈബർ സംസ്കാരം എന്നീ വിഷയങ്ങളിലായി അൻപതോളം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാനപ്രസ്ഥം എന്ന ചലച്ചിത്രത്തിൽ നായികക്ക് വേണ്ടി എഴുതിയ മൂന്ന് രംഗങ്ങൾ ഉള്ള ആട്ടക്കഥയും അതിലെ മൂന്ന് പദങ്ങളും രചിച്ചത് മനോജാണ്. കോമ എന്ന അദ്ദേഹത്തിന്റെ കഥാകാവ്യം ഭാഷാപോഷിണി മാസികയിൽ പ്രസിദ്ധീകരിച്ചു (ഒക്ടോബർ 2005). ഈ കൃതി 2006-ൽ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് (കോട്ടയം: ഡി. സി. ബുക്സ്). തൃത്താളക്കേശവൻ എന്ന കവിതയ്ക്ക് യുവകവികൾക്കുള്ള 1997-ലെ കുഞ്ചുപിള്ള സ്മാരക പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: സന്ധ്യാദേവി. എൽ. ശ്രീദേവി, വിശാഖ് എന്നീ രണ്ട് മക്കളുണ്ട്.

മലയാള ബാലസാഹിത്യകാരനായ മലയത്ത് അപ്പുണ്ണി മലപ്പുറം ജില്ലയിലെ തെക്കൻകുറ്റുരിൽ 1943 ആഗസ്റ്റ് 15-ന് ജനിച്ചു. തെക്കൻകുറ്റൂർ എൽ.പി.സ്‌കൂൾ, വെട്ടത്തു പുതിയങ്ങാടി യു.പി.സ്‌കൂൾ, തിരൂർ ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തി. എൻ.സി.സി. ഡിപ്പാർട്ട്‌മെന്റിൽ മാനേജർ ആയി വിരമിച്ചു. ബാലസാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്. സംസ്‌ഥാന ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ 1997-ലെ കവിതയ്‌ക്കുളള അവാർഡ്‌ (തേൻതുളളികൾ), കേരള സാഹിത്യ അക്കാദമിയുടെ 1998-ലെ ബാലസാഹിത്യ കൃതിയ്‌ക്കുളള അവാർഡ്‌ (കമ്പിളിക്കുപ്പായം) എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. പച്ചിലയുടെ ചിരി എന്ന കവിതാസമാഹാരത്തിന് 2010-ലെ കൃഷ്ണഗീതി പുരസ്കാരം ലഭിച്ചിട്ടുണ്ട് 2010-ൽ കേരള സാഹിത്യ അക്കാദമി ഇദ്ദേഹത്തിന് സമഗ്രസംഭാവനയ്ക്കായുള്ള പുരസ്കാരം നൽകുകയുണ്ടായി.

മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റാണ് മലയാറ്റൂർ എന്ന് അറിയപ്പെട്ടിരുന്ന മലയാറ്റൂർ രാമകൃഷ്ണൻ (1927 മേയ് 27 – 1997 ഡിസംബർ 27). കേരളത്തിലെ പാലക്കാട് ജില്ലയിൽ ജനിച്ചു. ഒരു നോവലിസ്റ്റും ചെറുകഥാകൃത്തും ഐ.എ.എസ്. ഓഫീസറുമായിരുന്നു അദ്ദേഹം. വേരുകൾ, യന്ത്രം, യക്ഷി, എന്റെ ഐ.എ.എസ്.ദിനങ്ങൾ (സർവ്വീസ് സ്റ്റോറി) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികൾ. നോവൽ, തിരക്കഥ, കാർട്ടൂൺ തുടങ്ങിയ ബഹുമുഖ മേഖലകളിൽ വ്യാപിച്ചുനിൽക്കുന്നതാണ് മലയാറ്റൂരിന്റെ സർഗാത്മകജീവിതം. തുടക്കം ഒടുക്കം എന്ന ചലച്ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. പല ചലച്ചിത്രങ്ങളുടെ തിരക്കഥാരചനയും മലയാറ്റൂർ നിർവ്വഹിച്ചിട്ടുണ്ട്. യക്ഷി, ചെമ്പരത്തി, അയ്യർ ദി ഗ്രേറ്റ് എന്നിവയായിരുന്നു ഇവയിൽ പ്രശസ്തമായവ. തമിഴ് ബ്രാഹ്മണ സമുദായത്തിന്റെ ജീവിതവും ബ്യൂറോക്രസിയുടെ ആന്തരലോകവുമാണ് മലയാറ്റൂരിന്റെ നോവലുകളിലെ പ്രധാന പ്രമേയങ്ങൾ. വേരുകൾ, നെട്ടൂർമഠം, യന്ത്രം എന്നിവ ഇതിന്റെ മികച്ച മാതൃകകളാണ്. നിഗൂഢമായ മാനസിക പ്രവർത്തനങ്ങളാണ് യക്ഷിയുടെ ഇതിവൃത്തം. അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിതത്തെ ആസ്പദമാക്കി മലയാറ്റൂർ രചിച്ച നോവലാണ് പൊന്നി (1967). ബ്രിഗേഡിയർ വിജയൻ മേനോൻ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കി മലയാറ്റൂർ എഴുതിയ ബ്രിഗേഡിയർ കഥകൾ പ്രസിദ്ധമാണ്. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയും, ഷെർലക് ഹോംസ് നോവലുകളും ആദ്യമായി മലയാളത്തിലേക്ക് തർജ്ജമ ചെയ്തതും ഇദ്ദേഹമാണ്. വേരുകൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡും (1967) യന്ത്രത്തിന് വയലാർ അവാർഡും (1979) ലഭിച്ചു. 1997 ഡിസംബർ 27-ന് തന്റെ 70-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. മരണസമയത്ത് അദ്ദേഹം പുതിയൊരു നോവലിന്റെ പണിപ്പുരയിലായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഭാര്യ: കൃഷ്ണവേണി (1935-1999). രണ്ടു മക്കളുണ്ട്. പ്രശസ്ത മലയാളചലച്ചിത്രനടനായ ജയറാം ഇദ്ദേഹത്തിന്റെ അനന്തരവനാണ്.

സംസ്കൃതവും,മലയാളവും തുല്യപാടവത്തോടെ കൈകാര്യം ചെയ്ത നിപുണനായ കവി,ജ്യോതിശാസ്ത്രപണ്ഡിതൻ,ആചാര്യൻ എന്നിങ്ങനെ വിവിധ നിലകളിൽ പ്രശസ്തനാണ് മഹിഷമംഗലം അഥവാ മഴമംഗലം നമ്പൂതിരി. മഴമംഗലംഭാണം,രാസക്രീസാകാവ്യം,അഷ്ടമംഗല്യപ്രശ്നം എന്നീ സംസ്കൃതകൃതികളും നൈഷധം,രാജരത്നാവലീയം,കൊടിയവിരഹം,ബാണയുദ്ധം എന്നീ നാല് ഭാഷാചമ്പുക്കളും ധാരികവധം ബ്രഹ്മിണിപ്പാട്ടും മഴമംഗലത്തു നാരായണൻ നമ്പൂതിരിയുടെ കൃതികളാണ്.

പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനും, തിരക്കഥാകൃത്തും, അഭിനേതാവുമാണ് മാടമ്പ് കുഞ്ഞുകുട്ടൻ എന്ന പേരിൽ അറിയപ്പെടുന്ന മാടമ്പ് ശങ്കരൻ നമ്പൂതിരി. 1941-ൽ, തൃശ്ശൂർ ജില്ലയിലെ കിരാലൂർ എന്ന ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. പ്രശസ്ത മലയാളചലച്ചിത്രസംവിധായകനായ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ൽ ഇദ്ദേഹത്തിന് മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിക്കുകയുണ്ടായി.. 2001 ൽ ബി.ജെ.പി. ടിക്കറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു. സംസ്കൃതവും,മലയാളവും തുല്യപാടവത്തോടെ കൈകാര്യം ചെയ്ത നിപുണനായ കവി,ജ്യോതിശാസ്ത്രപണ്ഡിതൻ,ആചാര്യൻ എന്നിങ്ങനെ വിവിധ നിലകളിൽ പ്രശസ്തനാണ് മഹിഷമംഗലം അഥവാ മഴമംഗലം നമ്പൂതിരി. മഴമംഗലംഭാണം,രാസക്രീസാകാവ്യം,അഷ്ടമംഗല്യപ്രശ്നം എന്നീ സംസ്കൃതകൃതികളും നൈഷധം,രാജരത്നാവലീയം,കൊടിയവിരഹം,ബാണയുദ്ധം എന്നീ നാല് ഭാഷാചമ്പുക്കളും ധാരികവധം ബ്രഹ്മിണിപ്പാട്ടും മഴമംഗലത്തു നാരായണൻ നമ്പൂതിരിയുടെ കൃതികളാണ്.

കേരളത്തിൽ ബാലസാഹിത്യത്തെ പരിപോഷിപ്പിക്കുന്നതിനു ശ്രമിച്ചവരിൽ പ്രമുഖനാണ് മാത്യു എം. കുഴിവേലി. മാതൃകാധ്യാപകൻ, വിദ്യാഭ്യാസ വിചക്ഷണൻ, പ്രസാധകൻ, ബാല സാഹിത്യകാരൻ, മലയാളത്തിലെ പ്രഥമ എൻസൈക്ലോ പീഡിയാകാരൻ എന്നിങ്ങനെ ബഹുമുഖ മേഖലകളിൽ പ്രവർത്തിച്ചു. 1941-ൽ ബാലൻ എന്ന പ്രസിദ്ധീകരണശാല നിർമിച്ച അദ്ദേഹം മുന്നൂറോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ബാലസാഹിത്യത്തെ പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയ അദ്ദേഹം അറുപതോളം പുസ്തകങ്ങൾ സ്വന്തമായി രചിച്ചു. കുട്ടികളുടെ പ്രായഭേദമനുസരിച്ച് നാലുവിഭാഗങ്ങളിലായാണ് പുസ്തകങ്ങൾ എഴുതിയത്. വിവിധ വൈജ്ഞാനികശാഖകളെ എല്ലാ വിഭാഗത്തിലും ഉൾപ്പെടുത്താനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. 1948ൽ ബാലൻ എന്ന ആനുകാലികവും കുട്ടികൾക്കായി അദ്ദേഹം പുറത്തിറക്കി. വിജ്ഞാനം എന്ന പേരിൽ എട്ടുഭാഗം വരുന്ന ഒരു വിജ്ഞാനകോശവും അദ്ദേഹം പുറത്തിറക്കി. 1974ൽ അദ്ദേഹം അന്തരിച്ചു.

മലയാള സാഹിത്യത്തിലെ ജനപ്രിയസാഹിത്യകാരന്മാരിൽ പ്രമുഖനായ ഒരു നോവലിസ്റ്റായിരുന്നു മാത്യു മറ്റം. (1950/1 – 29 May 2016) 300 -ഓളം നോവലുകൾ എഴുതിയിട്ടുണ്ട്. 2016 മെയ് 29 -ന് കാലത്ത് മൂന്നിന് 65ാം വയസ്സിൽ കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോട്ടയം പാറാമ്പുഴ ബെത്ലഹേം ചർച്ചിൽ അന്ത്യവിശ്രമം. ഭാര്യ: സാറാമ്മ. മക്കൾ: കിഷോർ, എമിലി

മലയാള സാഹിത്യകാരിയാണ് മാനസി എന്ന പേരിലെഴുതുന്ന പി.എ. രുക്മിണി (ജനനം : 4 മേയ് 1948). തിരുവില്വാമല പോന്നേടത്ത്‌ ആച്ചാട്ടിലാണ് മാനസി ജനിച്ചത്. അച്‌ഛൻ: പി. ശിവരാമമേനോൻ. അമ്മ: പി.എ. മാലതി അമ്മ. തൃശൂർ എഞ്ചിനീയറിങ്ങ്‌ കോളജിൽ കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദപഠനം നടത്തിയെങ്കിലും അത്‌ പൂർത്തിയാക്കിയില്ല. 1970 മുതൽ ബോംബെയിൽ താമസിക്കുന്നു. കുറച്ചു വർഷമായി അവിടെ ഫ്രീലാൻസ്‌ കോപ്പിറൈറ്ററായി ജോലി ചെയ്യുന്നു. സ്ത്രീമനസ്സിന്റെ ഇരുണ്ട കോണുകളിലൂന്നിനിന്ന് കഥപറയുന്നതാണ് മാനസിയുടെ പ്രത്യേകതയെന്ന് അഭിപ്രായമുണ്ടായിട്ടുണ്ട്. സ്ത്രീക്ക് പുരുഷന്മാർ കൊടുത്ത നിർവചനം തകർക്കുകയും; സ്ത്രീയെന്ന ദൈവത്തെ നീക്കിനിർത്തി മജ്ജയും മാംസവുമുള്ള സ്ത്രീയുടെ പ്രശ്നങ്ങൾ സംവദിക്കാൻ തയ്യാറാവുകയും വേണമെന്ന് മാനസിയുടെ കഥകൾ നമ്മെ ഓർമിപ്പിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ചെറുകഥകളും ലേഖനങ്ങളും എഴുതുന്നുണ്ട് . പല കഥകളും ഇംഗ്ലീഷ്‌, മറാഠി, കന്നഡ എന്നീ ഭാഷകളിൽ വിവർത്തനം ചെയ്‌തു പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പ്രധാന കഥാസമാഹാരങ്ങൾ:

കേരളത്തിലെ പ്രശസ്തനായ ബാലസാഹിത്യകാരനായിരുന്നു മാലി എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടിരുന്ന വി. മാധവൻ നായർ. അദ്ദേഹം കുട്ടികൾക്കായി പല ചെറുകഥകളും നോവലുകളും രചിച്ചിട്ടുണ്ട്. കർണശപഥമെന്ന ഒരു ആട്ടക്കഥയും രചിച്ചു. അൻപതിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. സ്വന്തം പുസ്തകങ്ങളിൽ ഏഴെണ്ണം ഇംഗ്ലീഷിലേക്ക് സ്വയം പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. മാവേലി എന്ന തൂലികാ നാമവും വനമാലി എന്ന തൂലികാനാമവും ഉപയോഗിച്ചിട്ടുണ്ട്. 70-കളിൽ മാലിക എന്ന കുട്ടികൾക്കുള്ള മാസികയും നടത്തി. നാടകം, ആട്ടക്കഥ തുടങ്ങിയവയും സംഗീതശാസ്ത്രം, വാസ്തുവിദ്യ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിൽ കായിക ലേഖനങ്ങളും മറ്റ് ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതിയിരുന്നു. റേഡിയോയിൽ കമന്റേറ്ററുമായിരുന്നു. വളരെക്കാലം ആകാശവാണിയിൽ ജോലി ചെയ്തു. സ്റ്റേഷൻ ഡയറക്റ്ററായി വിരമിച്ചു. അവിടെ നിന്ന് ഡപ്യൂട്ടേഷനിൽ നാഷണൽ ബുക്ക്ട്രസ്തിൽ എഡിറ്ററായും ജോലി ചെയ്തിരുന്നു. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. 1970-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1988-ൽ കൈരളി ചിൽഡ്രൻസ്‌ ബുക്‌ട്രസ്‌റ്റിന്റെ ബാലസാഹിത്യ അവാർഡും ലഭിച്ചു.

മലയാളസാഹിത്യത്തിലെ ഒരു ജനപ്രിയ എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി. മദ്ധ്യകേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം അവലംബിച്ച് സാഹിത്യരചന നടത്തിയിരുന്ന മുട്ടത്തു വർക്കിയാണ് മലയാളസാഹിത്യത്തെ ജനകീയവൽക്കരിച്ചത്. സാഹിത്യ ലോകത്തിലേക്ക് മലയാളികളെ നയിച്ച ആദ്യപടി മുട്ടത്തുവർക്കിയാണെന്നും മുട്ടത്തു വർക്കിയെ വായിച്ചതിന് ശേഷമാണ് മലയാളി തകഴിയിലേക്കെത്തിയതെന്നും എൻ.വി. കൃഷ്ണവാര്യർ അഭിപ്രായപ്പെട്ടിട്ടുണ്ട്. 'മലയാളിക്ക് വായനയുടെ വാതായനങ്ങൾ തുറന്നിട്ട അനശ്വരപ്രതിഭയാണ് മുട്ടത്തു വർക്കി' എന്ന് കേസരി ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടിട്ടുണ്ട്. താനെഴുതുന്നതു മുഴുവൻ പൈങ്കിളികളാണെന്ന് തുറന്നു പറയാൻ അദ്ദേഹം മടികാണിച്ചില്ല. തുഞ്ചൻ പറമ്പിലെ തത്തയുടെ പാരമ്പര്യമാണ് തന്നെ നയിക്കുന്നതെന്നും പൈങ്കിളികൾ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിൽ കാലൻ കോഴിക്കും മൂങ്ങയ്ക്കും സ്ഥാനമില്ലെന്നും വിളിച്ചുപറയാനും ധൈര്യം കാട്ടിയ എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി. ആത്മാഞ്ജലി എന്ന ഖണ്ഡകാവ്യമാണ് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യകൃതി. അതിനു അവതാരിക എഴുതിയ എം.പി. പോൾ ആണ് വർക്കിയെ ഗദ്യമേഖലയിലേക്ക് തിരിച്ചു വിട്ടത്. 81 നോവലുകൾ, 16 ചെറുകഥാ സമാഹാരങ്ങൾ, 12 നാടകങ്ങൾ, 17 വിവർത്തനകൃതികൾ, 5 ജീവചരിത്രങ്ങൾ എന്നിവയടക്കം ഇരുന്നൂറോളം കൃതികൾ എഴുതി. മധ്യകേരളത്തിലെ സാധാരണക്കാരുടെ ജീവിതം ഹൃദയാവർജ്ജകമായി ആവിഷ്കരിച്ചു മുട്ടത്തു വർക്കി. ഒരു കാലഘട്ടത്തിലെ മധ്യകേരളത്തിലെ ക്രിസ്ത്യാനിയുടെ ജീവിതം സുന്ദരമായ ഭാഷയിൽ ആവിഷ്കരിച്ച എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി. മുട്ടത്തുവർക്കിയുടെ 26 നോവലുകൾ ചലച്ചിത്രങ്ങളായിട്ടുണ്ട്. എല്ലാം തന്നെ തിയേറ്ററുകൾ നിറഞ്ഞോടിയ ചിത്രങ്ങളായിരുന്നു. സത്യൻ അഭിനയിച്ച കരകാണാക്കടലും പാടാത്ത പൈങ്കിളിയും പ്രേം നസീർ അഭിനയിച്ച ഇണപ്രാവുകൾ, വെളുത്ത കത്രീന, ലോറാ നീ എവിടെ?, പ്രിയമുള്ള സോഫിയ, അഴകുള്ള സെലീന, തുടങ്ങിയവയെല്ലാം വൻ വിജയമായിരുന്നു.

ഒരു മലയാള ചെറുകഥാകൃത്തായിരുന്നു മുണ്ടൂർ കൃഷ്ണൻകുട്ടി എന്നറിയപ്പെട്ടിരുന്ന അനുപുരത്ത് കൃഷ്ണൻകുട്ടി പിഷാരടി (1935 ജൂലൈ 17 - 2005 ജൂൺ 4‌). ചില ടി.വി.സീരിയുകളിലും അഭിനയിച്ചിട്ടുണ്ട്. ആശ്വാസത്തിന്റെ മന്ത്രച്ചരട് എന്ന കൃതിക്ക് 1997-ൽ കേരള സാഹിത്യ അക്കാദമി അവാർഡും , എന്നെ വെറുതെ വിട്ടാലും എന്ന കൃതിക്ക് 2002-ൽ ഓടക്കുഴൽ അവാർഡും ലഭിച്ചിട്ടുണ്ട്. 1996-ൽ നിലാപിശുക്കുള്ള രാത്രിയിൽ എന്ന കൃതിക്ക് ചെറുകാട് അവാർഡും ലഭിച്ചു. 1935 ജൂലൈ 17-ന് പാലക്കാട് ജില്ലയിലെ മുണ്ടൂരിൽ മണക്കുളങ്ങര ഗോവിന്ദപിഷാരടിയുടെയും അനുപുരത്ത് മാധവി പിഷാരസ്യാരുടെയും മകനായി ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. വിദ്യാഭ്യാസ വകുപ്പിൽ ക്ലാർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഹൈസ്കൂൾ അധ്യാപകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചത്. കോട്ടയത്തുനിന്നു പ്രസിദ്ധീകരികരിക്കുന്ന "സഖി" വാരികയുടെ പത്രാധിപരായിരുന്നു. 1957-ൽ മാതൃഭൂമി ആഴ്ച്ചപതിപ്പിൽ വന്ന "അമ്പലവാസികൾ" ആണ് പ്രസിദ്ധീകരിച്ച ആദ്യ കഥ. ഭാര്യയുടെ പേര് കെ.പി. രാധ. ഒരു മകനുണ്ട് - ദിലീപൻ. തന്റെ 70-ആം വയസ്സിൽ 2005 ജൂൺ 4-ന് സ്വവസതിയിൽ വച്ച് കരൾ രോഗം ബാധിച്ച് അദ്ദേഹം അന്തരിച്ചു. മൃതദേഹം പിറ്റേ ദിവസം വീട്ടുവളപ്പിൽ സംസ്കരിച്ചു. കടുത്ത മനോരോഗിയായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ നേരത്തേ ആത്മഹത്യ ചെയ്തിരുന്നു. അവരുടെ ഓർമ്മകളിലാണ് 'ഒരു ലക്ഷണം കെട്ടവന്റെ വേദാന്തം', 'മൂന്നാമതൊരാൾ' എന്നീ കഥകൾ അദ്ദേഹമെഴുതിയത്.

മഹാകവിത്രയത്തിന്റെ കാലഘട്ടത്തെ തുടർന്നു വന്ന കവികളിൽ പ്രമുഖയാണ് മുതുകുളം പാർവ്വതി അമ്മ. കവിതാ രചനയിലും പ്രസംഗത്തിലും അദ്ധ്യാപനത്തിലും ഒരുപോലെ വൈദഗ്ദ്ധ്യം ഇവർക്കുണ്ടായിരുന്നു. വിദ്യാഭ്യാസ കാലത്തുതന്നെ സാഹിത്യപ്രവർത്തനങ്ങളിൽ താത്പര്യം പ്രകടിപ്പിച്ചുതുടങ്ങിയിരുന്ന പാർവ്വതിയമ്മയുടെ ആദ്യകൃതി യഥാർത്ഥ ജീവിതം ടി.സി.കല്യാണിയമ്മയുടെ ശാരദ എന്ന വനിതാമാസികയിലാണ് പ്രസിദ്ധികരിയ്ക്കപ്പെട്ടത്. ഉദയപ്രഭ എന്ന പേരിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ട ആദ്യകവിതാസമാഹാരത്തിനു ഉള്ളൂരാണ് അവതാരിക എഴുതിയത്.കുമാരനാശാന്റെ അപൂർണ്ണകൃതിയായ ബുദ്ധചരിതം എഴുതിപ്പൂർത്തിയാക്കിയത് പാർവ്വതിയമ്മയാണ്. പന്ത്രണ്ടാം വയസ്സു മുതൽ കവിത എഴുതി തുടങ്ങി. ഖണ്ഡകാവ്യം, ലഘു കവനങ്ങൾ, നാടകം, കഥ, ജീവചരിത്രം തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളിലായി 19 ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവർത്തനത്തിലും പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്.

നാടകകൃത്ത്, കവി, തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിൽ ശ്രദ്ധേയനായ വ്യക്തിയായിരുന്നു മുതുകുളം രാഘവൻപിള്ള ആലപ്പുഴ ജില്ലയിലെ മുതുകുളം എന്ന ഗ്രാമത്തിൽ വേലുപ്പിള്ളയുടെയും കാർത്ത്യാനിയമ്മയുടെയും മകനായാണ് മുതുകുളം രാഘവൻപിള്ള ജനിച്ചത്.(ജ:1900-മ:1979 ആഗസ്റ്റ് 7) അമ്മാവനും കവിയുമായ യയാതി വേലുപ്പിള്ളയിൽ നിന്ന് പ്രചോദിതനായാണ് രാഘവൻപിള്ള സാഹിത്യരംഗത്തേക്ക് പ്രവേശിച്ചത്. ബാലൻ, ജ്ഞാനാംബിക എന്നീ മലയാളത്തിലെ ആദ്യ രണ്ട് ശബ്ദചിത്രങ്ങളുടെയും ആദ്യ ഹിറ്റ് ചിത്രമായ ജീവിത നൗകയുടെയും ഉൾപ്പെടെ പത്തിലേറെ ചലച്ചിത്രങ്ങളുടെ തിരക്കഥയും സംഭാഷണവും രചിച്ചത് അദ്ദേഹമാണ്. ഇക്കാരണത്താൽ തന്നെ മലയാളസിനിമയുടെ അക്ഷരഗുരു എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 150-ൽ പരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രാഘവൻപിള്ള തിരക്കഥാരചനയ്ക്ക് പുറമെ അമ്പതിൽപ്പരം നാടകങ്ങളുടെയും താടകപരിണയം എന്ന കഥകളിയുടെയും രചന നിർവ്വഹിച്ചിട്ടുണ്ട്. മുതുകുളത്തിന്റെ അന്ത്യം മദ്രാസ്സിലെ ഒരു ആശുപത്രിയിൽ വച്ചായിരുന്നു.

സ്വതന്ത്രകേരളത്തിൽ ശ്രദ്ധേയമായ പ്രാധാന്യം സൃഷ്ടിച്ച അപ്‌ഫന്റെ മകൾ എന്ന സാമൂഹിക കൃതിയുടെ രചയിതാവാണ് മുത്തിരിങ്ങോട് ഭവത്രാതൻ നമ്പൂതിരിപ്പാട്. പൂങ്കുല, മറുപുറം, ആത്മാഹൂതി എന്നിവയാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റു കൃതികൾ. 1931-ലാണ് അപ്‌ഫന്റെ മകൾ എഴുതപ്പെട്ടത്. നമ്പൂതിരി സമൂഹത്തിന് മഹത്തായ സാമൂഹിക പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഭാവിത്രൻ തന്റെ സാഹിത്യ കഴിവുകളെ ഉപയോഗിച്ചു.

ഒരു മലയാളകവിയാണ് മുരുകൻ കാട്ടാക്കട. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ കുച്ചപ്പുറം എന്ന ഗ്രാമത്തിൽ ബി. രാമൻ പിള്ളയുടേയും ജി. കാർത്യായനിയുടേയും മകനായി ജനിച്ചു. കണ്ണട എന്ന കവിതയിലൂടെ ശ്രദ്ധേയനായി. ദീർഘകാലം തിരുവനന്തപുരം എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനായിരുന്നു. ദൂരദർശൻ ചാനലിൽ എല്ലാരും ചൊല്ലണ് എന്ന പരിപാടിയുടെ അവതാരകനായും പ്രവർത്തിച്ചു. ഇപ്പോൾ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിക്ടേഴ്സ് ചാനൽ മേധാവിയാണ്.

മലയാളത്തിലെ ഒരു കവിയും ചലച്ചിത്രഗാനരചയിതാവും അഭിനേതാവുമായിരുന്നു മുല്ലനേഴി എന്ന മുല്ലനേഴി എം.എൻ. നീലകണ്ഠൻ.(മേയ് 16 1948 - ഒക്ടോബർ 22, 2011) 1995-ൽ നാടകത്തിനും, 2010-ൽ കവിതയ്ക്കുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1948 മേയ് 16നു് ൽ തൃശൂർ ജില്ലയിലെ അവിണിശ്ശേരിയിലുള്ള മുല്ലനേഴി മനയിൽ മുല്ലനേഴി നാരായണൻ നമ്പൂതിരിയുടെയും നങ്ങേലി അന്തർജ്ജനത്തിന്റെയും മകനായി ജനിച്ചു. യഥാർഥ നാമം നീലകണ്ഠൻ നമ്പൂതിരി. രാമവർമ്മപുരം സർക്കാർ ഹൈസ്കൂളിൽ അദ്ധ്യാപകനായി ഏറെ വർഷം ജോലി ചെയ്തു. 1980 മുതൽ 83 വരെ കേരള സംഗീത നാടക അക്കാദമിയിലെ ഭരണസമിതിയിൽ അംഗമായിരുന്നു. അരഡസനോളം കൃതികൾ മുല്ലനേഴിയുടേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്. ചില നാടകങ്ങളിലും ഏതാനും സിനിമകളിലും അഭിനയിച്ചു. ഏകദേശം 69ചലച്ചിത്രഗാനങ്ങളും ഒട്ടനവധി ആൽബം ഗാനങ്ങളും മുല്ലനേഴി രചിച്ചിട്ടുണ്ടു്. ഞാവൽപ്പഴങ്ങൾ എന്ന ചിത്രത്തിലെ "കറുകറുത്തൊരു പെണ്ണാണേ" എന്നു തുടങ്ങുന്ന ഗാനത്തോടെ അദ്ദേഹം ഏറെ പ്രസിദ്ധനായി. ചലച്ചിത്രസംവിധായകൻ കൂടിയായിരുന്ന പി.എം. അബ്ദുൽ അസീസ് 1970കളുടെ തുടക്കത്തിൽ രചിച്ച ചാവേർപ്പട എന്ന നാടകത്തിൽ പ്രേംജിയോടൊപ്പം അഭിനയിച്ചുകൊണ്ട് കലാരംഗത്തേക്കു് കടന്നുവന്നു. ജി. ശങ്കരപ്പിള്ള, എസ്. രാമാനുജം എന്നീ നാടകാചാര്യന്മാർ കൂടി ഭാഗഭാക്കായിരുന്ന 1975ൽ ന്യൂഡെൽഹിയിൽ വെച്ചുനടന്ന ദേശീയ നാടകോത്സവത്തിൽ ചാവേർപ്പട ഉൾപ്പെട്ടിരുന്നു. 1977ൽ ഉള്ളൂർ കവിമുദ്ര പുരസ്കാരം ലഭിച്ചു. 1989ൽ നാലപ്പാടൻ സ്മാരക പുരസ്കാരം. സമതലം എന്ന നാടകഗ്രന്ഥത്തിന് 1995 ലും കവിത എന്ന കൃതിക്ക് 2010 ലും കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ..2011 ഒക്ടോബർ 22 നു തൃശൂരിൽ അന്തരിച്ചു.

കേരളത്തിലെ ഒരു പ്രശസ്തനായ എഴുത്തുകാരനും സാമൂഹികപരിഷ്കർത്താവും ആയിരുന്നു മൂർക്കോത്ത് കുമാരൻ (1874-1941). മലയാളത്തിലെ ആദ്യകാല ചെറുകഥാകൃത്തുകളിലൊരാളായ മൂർക്കോത്ത് കുമാരൻ ലളിതവും പ്രസന്നവുമായ ഗദ്യശൈലി മലയാളത്തിൽ അവതരിപ്പിച്ച എഴുത്തുകാരനായിരുന്നു. അധ്യാപകൻ, സാംസ്കാരിക നായകൻ എന്നീ നിലകളിലും അദ്ദേഹം പ്രസിദ്ധനായിരുന്നു. മലബാർ പ്രദേശത്ത് ശ്രീനാരായണ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ അർപ്പണബോധത്തോടെ പ്രവർത്തിച്ചു. മൂർക്കോത്തു കുമാരൻ വടക്കേമലബാറിലെ പ്രസിദ്ധമായ മൂർക്കോത്തു കുടുംബത്തിൽ 1874 മെയ് 23-ന് ജനിച്ചു. പിതാവ് - മൂർക്കോത്ത് രാമുണ്ണി, മാതാവ് - പരപ്പുറത്തു കുഞ്ചിരുത. ആറാമത്തെ വയസ്സിൽ അമ്മയും എട്ടാമത്തെ വയസ്സിൽ അച്ഛനും മരിച്ചു. അച്ഛൻറെ തറവാട്ടിലാണ് കുമാരൻ വളർന്നത്. തലശ്ശേരി, മദ്രാസ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സ്വന്തമായി മിതവാദി എന്നൊരു മാസിക നടത്തി. ചെറുകഥാകാരൻ, നിരൂപകൻ എന്നീ നിലകളിൽ പ്രസിദ്ധൻ. വിവിധ സ്കൂളുകളിലും കോളേജുകളിലും അദ്ധ്യാപകനായി ജോലി ചെയ്തു. 1941 ജൂൺ 25-ന് അന്തരിച്ചു. എസ്. എൻ. ഡി. പി. യോഗത്തിൻറെ രണ്ടാമത്തെ ജനറൽ സെക്രട്ടറി ആയിരുന്നു, എന്നാൽ ജഡ്ജ് ആയി നിയമനം കിട്ടിയതിനാൽ അധികം കാലം ഈ സ്ഥാനത്ത് ഇദ്ദേഹത്തിന് തുടരുവാനായില്ല. ഗുരുദേവന്റെ പ്രതിമ, തലശ്ശേരി ജഗന്നാഥക്ഷേത്ര സന്നിധിയിൽ സ്ഥാപിക്കാൻ മുൻകൈയെടുത്തതും ആദ്യത്തെ ജീവചരിത്ര ഗ്രന്ഥം രചിച്ചതും ആയിരുന്നു. കേരളസഞ്ചാരി, ഗജകേസരി, മിതവാദി, സമുദായദീപിക, കേരളചിന്താമണി, സരസ്വതി, വിദ്യാലയം, ആത്മപോഷിണി, പ്രതിഭ, ധർമം, ദീപം, സത്യവാദി, കഠോരകുഠാരം എന്നീ പത്രങ്ങളുടെ പത്രാധിപരായിരുന്നു. കുമാരനാശാന്റെ വീണപൂവ് മിതവാദിയിൽ പ്രസിദ്ധീകരിച്ചത് മൂർക്കോത്ത് കുമാരൻ പത്രാധിപരായിരുന്നപ്പോഴാണ്. ഒ.ചന്തുമേനോൻ, കേസരി വേങ്ങയിൽ നായനാർ, ഗുണ്ടർട്ട് എന്നിവരുടെ ജീവചരിത്രം എഴുതിയിട്ടുണ്ട്. യശോദയാണ് കുമാരന്റെ ഭാര്യ. മാധ്യമപ്രവർത്തകനായിരുന്ന മൂർക്കോത്ത് കുഞ്ഞപ്പ, നയതന്ത്രവിദഗ്ധനും ഭാരതീയ വായുസേനയിലെ പൈലറ്റുമായിരുന്ന മൂർക്കോത്ത് രാമുണ്ണി, മൂർക്കോത്ത് ശ്രീനിവാസൻ എന്നിവരാണ് മക്കൾ.

തിരുവിതാംകൂറിലെ പ്രമുഖസാമൂഹ്യനായകനും കവിയുമായിരുന്നു മൂലൂർ എസ്. പത്മനാഭപ്പണിക്കർ. സരസകവി എന്ന പേരിലാണ് ഇദ്ദേഹം പ്രസിദ്ധനായത്. മാന്നാറിനു സമീപമുള്ള കാവിൽ കുടുംബത്തിൽ മൂലൂർ ശങ്കരൻ വൈദ്യരുടേയും വെളുത്തകുഞ്ഞമ്മയുടേയും പുത്രനായി 1869ൽ ജനനം (കൊല്ലവർഷം: കുംഭം 27, 1044). മൂലൂരിന്റെ മാതൃകുടുംബം ആയൂർവ്വേദ ചികിത്സയ്ക്കും പിതൃകുടുംബം കളരിയഭ്യാസത്തിനും പേരുകേട്ടതായിരുന്നു. പിതാവിൽ നിന്നും കുട്ടിക്കാലത്തുതന്നെ മൂലൂർ സംസ്കൃതം, കളരി, ആയുർവ്വേദം എന്നിവ പഠിച്ചെടുത്തു. സാമൂഹ്യപരിഷ്കരണ പ്രവർത്തനങ്ങൾ പരിഗണിച്ച് 1914ൽ അദ്ദേഹത്തിന് ശ്രീമൂലം പ്രജാസഭയിൽ അംഗത്വം ലഭിച്ചു. ഈ സ്ഥാനത്തിരുന്ന് അദ്ദേഹത്തിന്റെ സേവനങ്ങൾ കീഴാളവർഗത്തിന്റെ സമുദ്ധാരണത്തിനു വേണ്ടിയായിരുന്നു. അധഃകൃത സമുദായങ്ങളുടെ സമുദ്ധാരണം അദ്ദേഹത്തിന് ജീവിതവ്രതമായിരുന്നു. അധഃകൃത സമുദായങ്ങളിൽ നിന്ന് നിരവധി പേരെ കൈകൊടുത്തുയർത്തി സമൂഹത്തിന്റെ ഉന്നത ശ്രേണിയിലെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ജാതിവ്യവസ്ഥയ്ക്കെതിരെ ശ്രീനാരായണഗുരു, ഡോക്ടർ പല്പു, കുമാരനാശാൻ എന്നിവരോടൊപ്പം അദ്ദേഹം പ്രവർത്തിച്ചു. എസ്.എൻ.ഡി.പി യോഗത്തിന്റെ ആവിർഭാവത്തിനു മുമ്പുതന്നെ അദ്ദേഹം സമുദായപരിഷ്കരണ പരിശ്രമങ്ങൾ ആരംഭിച്ചിരുന്നു. എസ്.എൻ.ഡി.പി യോഗം സ്ഥാപിതമായതോടെ അദ്ദേഹം ശ്രീനാരായണ ഗുരുവിന്റെ സന്ദേശവാഹകരിൽ പ്രധാനിയായി. കേരള കൗമുദിയിലെ ആദ്യത്തെ പത്രാധിപാരായിരുന്നു മൂലൂർ. കേരളവർമ്മ വലിയകോയി തമ്പുരാനാണ് സരസകവിപ്പട്ടം മൂലൂരിന് 1913ൽ നൽകിയത്. മെഴുവേലിയിലെ ആനന്ദഭൂതേശ്വരം ക്ഷേത്രവും പദ്മനാഭോദയം ഇംഗ്ളീഷ് സ്കൂളും സ്ഥാപിച്ചത് മൂലൂരാണ്. ദീർഘകാലം എസ്.എൻ.ഡി.പി യോഗം ഡയറക്‌‌‌ടറായും ഉപാദ്ധ്യക്ഷനായും സമുദായ സേവന പ്രവർത്തനങ്ങളിൽ മുഴുകി. അനുഷ്ഠിച്ച സേവനങ്ങൾ കണക്കിലെടുത്ത് എസ്.എൻ.ഡി.പി യോഗം അദ്ദേഹത്തിന് കീർത്തിമുദ്ര‌യും സ്വർണമോതിരവും നൽകി ആദരിച്ചു. 1931ൽ(കൊല്ലവർഷം: മീനം 09, 1106) മൂലൂർ അന്തരിച്ചു. കുട്ടിക്കാലം മുതൽക്കേ തന്നെ മൂലൂർ രചനകളാരംഭിച്ചിരുന്നു. 55-ൽ അധികം കാവ്യഗ്രന്ഥങ്ങൾ മൂലൂർ രചിച്ചു. അദ്ദേഹത്തിന്റെ രചനകളിൽ പ്രമുഖമായ കിരാതം (അമ്മാനപ്പാട്ടുകൾ) കൗമാരത്തിന്റെ വിവിധ ഘട്ടങ്ങളിലായി പൂർത്തിയാക്കപ്പെട്ടതാണ്. ഇരുപത്തിയഞ്ചാം വയസ്സിൽ മലയാളത്തിലെ പ്രശസ്‌ത കവികളെ രാമായണകഥാപാത്രങ്ങളോടു സാദൃശ്യപ്പെടുത്തിക്കൊണ്ട് ഇദ്ദേഹം എഴുതിയ കൃതിയാണ് ‘കവിരാമായണം’. ഇൗ ഗ്രന്ഥത്തെ സാഹിത്യത്തിലെ ഊർജ്ജമുൾക്കൊണ്ടാണ് 1936-ൽ ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിച്ചത്. ഹരിശ്ചന്ദ്രോപാഖ്യാനം കിളിപ്പാട്ട്, സ്ത്രീ ധർമ്മം, നളചരിതം, കൃഷ്ണാർജ്ജുനവിജയം, ആസന്നമരണ ചിന്താശതകം, കുചേലവൃത്തം ആട്ടക്കഥ, കോകിലസന്ദേശം, അവസരോക്തിമാല, തീണ്ടൽ ഗാഥ, മൂന്നു താരാട്ടുകൾ, കവിതാനിരൂപണം, ബാലബോധനം, നീതിസാര സമുചയം, സന്മാർഗ്ഗചന്ദ്രിക, ധർമപദം കിളിപ്പാട്ട് (പരിഭാഷകൾ), സുഭദ്രാഹരണം (നാടകം) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് രചനകൾ.

മലയാള ആധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖനാണ് മേതിൽ രാധാകൃഷ്ണൻ(24 ജൂലൈ 1944). കേരളത്തിലെ പാലക്കാട് ജനിച്ചു.ഉപരിവിദ്യാഭ്യാസം ചിറ്റൂർ ഗവണ്മെന്റ് കോളേജിലും,തൃശ്ശൂർ കേരളവർമ്മ കോളേജിലും.നോർവീജിയൻഷിപ്പിങ് സ്ഥാപനത്തിലെ കമ്പ്യൂട്ടർ വിഭാഗത്തിന്റെ അധിപനായും,നെസ്റ്റ് സോഫ്റ്റ്‌വേർ യു.എസ്.എ യുടെ ചെന്നൈ ശാഖയിൽ സീനിയർ സാങ്കേതികലേഖകനായും പ്രവർത്തിച്ചു.ന്യൂ ഇൻഡ്യൻ എക്സ്പ്രസിലും പ്രവർത്തിച്ചിട്ടുണ്ട്. ജന്തുസ്വഭാവശാസ്ത്രം സംബന്ധീച്ച സ്വനിരീക്ഷണങ്ങൾ ബ്രിട്ടനിലെ എന്റമോളജിക്കൽ സൊസൈറ്റിയുടെ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധ്യമം ആഴ്ചപ്പതിപ്പിലെ അദ്ദേഹത്തിന്റെ "മൂന്നുവര" എന്ന ഉപന്യാസ പരമ്പര വായനക്കാരുടെ ശ്രദ്ധനേടുകയുണ്ടായി. 2014ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരം ലഭിച്ചെങ്കിലും " സമ്മാനം നൽകാൻ സാഹിത്യം ഒരു സ്‌പോർട്‌സ് അല്ല. രണ്ടും രണ്ടു ലോകമാണ്. സാഹിത്യ അക്കാദമിക്ക് ശരിയായ എഴുത്തുകാരനെ തിരിച്ചറിയാൻ കഴിവുണ്ടോയെന്ന സംശയമുണ്ടെന്ന് " പ്രതികരിച്ച് പുരസ്കാരം നിരസിച്ചു.

പ്രമുഖമലയാള കവയിത്രിയായിരുന്നു മേരിജോൺ കൂത്താട്ടുകുളം(22 ജനുവരി 1905 -2 ഡിസംബർ 1998). 1996 ൽ കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നൽകി ആദരിച്ചു. കൂത്താട്ടുകുളത്തു് വടകര യോഹന്നാൻ മാംദാന യാക്കോബായ സുറിയാനി പള്ളിവികാരി ചൊള്ളമ്പേൽ യോഹന്നാൻ കോർ എപ്പിസ്ക്കോപ്പയുടെയും (1870-1951) പുത്തൻ കുരിശ് ഏഴക്കരനാട്ടെ അന്നമ്മയുടേയും മകളായി ജനിച്ചു. സി.ജെ. തോമസ് സഹോദരനാണ്. സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകരയിൽ പഠിച്ചു. വിദ്വാൻ കോഴ്സ് പാസായി, അധ്യാപികയായി. ഇഷ്ടമില്ലാത്ത വിവാഹത്തിൽ നിന്നു രക്ഷപെടാൻ വീടുവിട്ട അവർക്ക് സാമൂഹ്യപരിഷ്കർത്താവായ ഡോ. പൽപ്പുവിന്റെ വീട്ടിൽ അഭയം ലഭിച്ചു. പിന്നീട് തപാൽ വകുപ്പിൽ ക്ലർക്കായി ജോലി കിട്ടി. അതിനുശേഷമാണ് അവർ കവിതാരംഗത്തു സജീവമായത്.

കേരളത്തിലെ ഒരു കവയിത്രിയായിരുന്നു സിസ്റ്റർ മേരി ബനീഞ്ജ അഥവാ മേരി ജോൺ തോട്ടം. മാർത്തോമാ വിജയം മഹാകാവ്യം, ഗാന്ധിജയന്തി മഹാകാവ്യം എന്നിങ്ങനെ രണ്ട് മഹാകാവ്യങ്ങൾ എഴുതിയിട്ടുണ്ട്. 1899 നവംബർ 6-ന്‌ ഏറണാകുളം ജില്ലയിൽ ഉൾപ്പെട്ട ഇലഞ്ഞിയിലെ തോട്ടം കുടുംബത്തിൽ ഉലഹന്നാന്റേയും മാന്നാനം പാട്ടശ്ശേരിൽ മറിയാമ്മയുടേയും മകളായി ജനിച്ചു. ആശാൻ കളരിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മാന്നാനം സ്കൂളിലും, മൂത്തോലി കോൺവെന്റ് സ്കൂളിൽ നിന്നും വെർണാക്കുലർ സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. തുടർന്ന് വടക്കൻ പറവൂരിലെ സെന്റ് തോമസ് പ്രൈമറി സ്കൂളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. രണ്ട് വർഷത്തിനുശേഷം കൊല്ലം ഗവണ്മെന്റ് മലയാളം സ്കൂളിൽ ചേരുകയും മലയാളം ഹയർ പരീക്ഷ പാസ്സാകുകയും ചെയ്തു. അതിനുശേഷം വടക്കൻ പറവൂരിൽ സ്ഥിതിചെയ്തിരുന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അദ്ധ്യാപികയാകുകയും ചെയ്തു. 1922-ൽ കുറുവിലങ്ങാട് കോൺവെന്റ് മിഡിൽ സ്കൂളിൽ അദ്ധ്യാപിക ആകുകയും പിറ്റേ വർഷം മുതൽ പ്രാഥമിക അദ്ധ്യാപിക ആകുകയും ചെയ്തു. 1928 ജൂലൈ 16 ന്‌ കർമ്മലീത്ത സന്യാസിനി സഭയിൽ അംഗമായി ചേരുകയും 'സിസ്റ്റർ മേരി ബനീഞ്ജ' എന്ന പേര്‌ സ്വീകരിക്കുകയും ചെയ്തു. 1950-ൽ ഇലഞ്ഞി ഹൈസ്കൂളിലേക്ക് സ്ഥലം മാറുകയും 1961-ൽ അദ്ധ്യാപകവൃത്തിയിൽ നിന്നും വിരമിക്കുകയും ചെയ്തു.1985 മെയ് 21-ന്‌ നിര്യാതയായി. "ഗീതാവലി" എന്ന ആദ്യ കവിതാ സമാഹാരം മഹാകവി ഉള്ളൂരിന്റെ അവതാരികയോടുകൂടി 1927-ൽ പ്രസിദ്ധീകരിച്ചതോടെ ഒരു കവയിത്രി എന്ന നിലയിൽ അംഗീകാരം ലഭിച്ചു.സന്ന്യാസി മഠത്തിൽ ചേരുന്നതിന് മുൻപായി രചിച്ച "ലോകമേ യാത്ര" എന്ന കവിത പ്രസിദ്ധമാണ്. 1971-ൽ സാഹിത്യത്തിലെ സംഭാവന പരിഗണിച്ച് മാർപ്പാപ്പ "ബെനേമെരേന്തി" എന്ന ബഹുമതി നൽകി ആദരിച്ചു. കേരള കത്തോലിക്ക അൽമായ അസ്സോസിയേഷൻ 1981 ചെപ്പേട് നൽകിയും സിസ്റ്റർ മേരി ബനീഞ്ജയെ ആദരിച്ചു. തിരഞ്ഞെടുത്ത കവിതകളുടെ ആദ്യസമാഹാരമായ തോട്ടം കവിതകൾ 1973-ലും രണ്ടാമത്തെ സമാഹാരം ലോകമേ യാത്ര ഇവരുടെ മരണാനന്തരം 1986-ലും ആത്മകഥയായ വാനമ്പാടി 1986-ലും പ്രസിദ്ധീകരിക്കപ്പെട്ടു.

മലയാളത്തിലെ ജനപ്രിയനോവലിസ്റ്റുകളിൽ ഒരാളാണ് മൊയ്തു പടിയത്ത് (28 മേയ് 1931 - ). തിരക്കഥാകൃത്തും മലയാള സംവിധായകനുമായിരുന്നു ഇദ്ദേഹം. മുസ്ലിം ജീവിതത്തെ ഇതിവൃത്തമാക്കിയവയാണ് മൊയ്തു പടിയത്തിന്റെ രചനകളിലേറെയും. നോവൽ, ചെറുകഥ എന്നീ സാഹിത്യ വിഭാഗങ്ങളിലായി എഴുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു . കേരളത്തിലെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ പട്ടണത്തിനടുത്തുള്ള എറിയാട്ടാണ് അദ്ദേഹം ജനിച്ചത്. മുസ്ലീം കുടുംബങ്ങളിലെ അമ്മായിയമ്മ - മരുമകൾ പ്രശ്നം, സഹോദരിയുടെ വിവാഹമോചനം, ഒന്നിലധികം പങ്കാളികൾ തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന കുടുംബചരിത്രത്തിൽ നിന്നുള്ള കഥകൾ പ്രമേയമാക്കി നോവലുകൾ രചിച്ചു. കുഞ്ചാക്കോയുടെ ഉദയാ സ്റ്റുഡിയോയുടെ ബാനറിൽ തന്റെ വിവാദ നോവൽ ഉമ്മ ചലച്ചിത്രമാക്കി. കുട്ടിക്കുപ്പായം, കുപ്പിവള, യത്തീം, മൈലാഞ്ചി , മണിയറ , മണിത്താലി തുടങ്ങി നിരവധി ചിത്രങ്ങളുടെ കഥയെഴുതി. ഭൂരിഭാഗം വാണിജ്യ വിജയം നേടി. അല്ലാഹു അക്ബർ എന്ന പേരിൽ ഒരു സിനിമ അദ്ദേഹം സംവിധാനം ചെയ്തു. അദ്ദേഹത്തിന്റെ മകൻ സിദ്ദിഖ് ഷമീർ അതേ രംഗത്ത് പിന്തുടർന്നു. മുതിർന്ന ചലച്ചിത്ര സംവിധായകൻ കമലും നടൻ ബഹദൂറും പാടിയത്തിന്റെ ബന്ധുക്കളാണ്.

മലയാളത്തിലെ ഉത്തരാധുനിക കവികളിൽ ഒരാളാണ് മോഹനകൃഷ്ണൻ കാലടി. 1978-ൽ മലപ്പുറം ജില്ലയിലെ കാലടിയിൽ പി.കൃഷ്‌ണൻകുട്ടിയുടെയും സി.സുലോചനയുടെയും മകനായി ജനിച്ചു. 1999, 2000 വർഷങ്ങളിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ സാഹിത്യമത്സരത്തിൽ കവിതയ്‌ക്ക്‌ സമ്മാനം നേടിയിട്ടുണ്ട്. രണ്ടുതവണ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഇന്റർസോൺ കലോത്സവത്തിൽ കവിതാരചനയ്‌ക്ക്‌ ഒന്നാംസമ്മാനം ലഭിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരണമായ ശാസ്ത്രകേരളം മാസികയുടെ പത്രാധിപസമിതിയിൽ അംഗമായിരുന്നു. മട്ടന്നൂർ PRNSS കോളേജിൽ രസതന്ത്രവിഭാഗം അദ്ധ്യാപകനായിരുന്നു. ഇപ്പോൾ കോഴിക്കോട് സർവ്വകലാശാലയിൽ ഗവേഷണം നടത്തുന്നു.

മലയാള സാഹിത്യ രംഗത്ത് അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമായിരുന്നു യു.എ. ഖാദർ. പത്രാധിപരായും സർക്കാർ ഉദ്യോഗസ്ഥനായും പ്രവർത്തിച്ചിട്ടുണ്ട്. പുരാവൃത്തങ്ങളെ പ്രതിപാദ്യതലത്തിലും പ്രതിപാദനരീതിയിലും പിൻപറ്റുന്ന വ്യത്യസ്തമായ ശൈലിയിലൂടെ ശ്രദ്ധേയനായി. കാവും തെയ്യവും ഭൂതപ്പൊരുളുകളും ആചാരാനുഷ്ഠാനങ്ങളും നാടോടി വിജ്ഞാനവഴികളും മിത്തുകളുടെ രൂപത്തിൽ ഖാദറിന്റെ രചനകളിൽ സമന്വയിച്ചു.

ഒരു മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് യു.കെ. കുമാരൻ. 1950 മെയ്‌ 11ന്‌ കോഴിക്കോട്‌ ജില്ലയിലെ പയ്യോളിയിൽ ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസം കീഴൂർ എ യു പി സ്‌കൂളിലും ഹൈസ്‌കൂൾ വിദ്യാഭ്യാസം പയ്യോളി ഹൈസ്‌കൂളിലും.ഗുരുവായൂരപ്പൻ കോളേജിൽ നിന്നും സാമ്പത്തികശാസ്‌ത്രത്തിൽ ബിരുദം. പത്രപ്രവർത്തനത്തിലും പബ്ലിക്ക്‌ റിലേഷൻസിലും ഡിപ്ലോമ. വീക്ഷണം വാരികയിൽ പത്രപ്രവർത്തനം ആരംഭിച്ചു. വീക്ഷണം വാരികയുടെ അസി. എഡിറ്ററായിരുന്നു. കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ്, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ടെലിഫോൺ ഉപദേശകസമിതി അംഗം, കാലിക്കറ്റ് സർവ്വകലാശാല ജേർണലിസം ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കേരള സാഹിത്യ അക്കാദമി വൈസ് ചെയർമാൻ, ഒ വി വിജയൻ സ്മാരക സമിതി ചെയർമാൻ, നാഷണൽ ബുക്ക് ട്രസ്റ്റ് ഉപദേശകസമിതി അംഗം, നവകേരള കോ-ഓപ്പറേറ്റീവ് പബ്ലിഷിങ് ഹൗസ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

മലയാളത്തിലെ ഒരു കവിയും ഗാനരചയിതാവും ചലച്ചിത്രസം‌വിധായകനുമായിരുന്നു യൂസഫലി കേച്ചേരി (1934 മേയ് 16 - 2015 മാർച്ച് 21). കേരള സാഹിത്യ അക്കാദമിയുടെ മുൻ അദ്ധ്യക്ഷനായിരുന്നു. 1934 മെയ് 16-ന്‌ തൃശ്ശൂർ ജില്ലയിലെ കേച്ചേരി എന്ന സ്ഥലത്ത് ചീമ്പയിൽ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി ജനിച്ചു. തൃശ്ശൂർ കേരളവർമ്മ കോളേജിൽ നിന്ന് ബി.എ. എടുത്ത അദ്ദേഹം പിന്നീട് ബി.എൽ (ഇന്നത്തെ LLB) നേടി. വക്കീലായി ജോലിചെയ്തിട്ടുണ്ട് അദ്ദേഹം. മൂത്ത സഹോദരൻ എ.വി. അഹമ്മദിന്റെ പ്രോത്സാഹനവും പ്രേരണയുമാണ്‌ യൂസഫലിയെ സാഹിത്യരംഗത്ത് ചുവടുറപ്പിക്കാൻ സഹായിച്ചത്. 1954 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ യൂസഫലിയുടെ ആദ്യ കവിത "കൃതാർത്ഥൻ ഞാൻ" പ്രസിദ്ധീകരിച്ചു. പ്രശസ്ത സംസ്കൃതപണ്ഡിതൻ കെ.പി. നാരായണപിഷാരടിയുടെ കീഴിൽ സംസ്കൃതം പഠിച്ചു അദ്ദേഹം. ഇന്ത്യയിൽതന്നെ സംസ്കൃതത്തിൽ മുഴുനീളഗാനങ്ങൾ എഴുതിയ ഒരേയൊരു കവി യൂസഫലിയാണ്‌. യൂസഫലിയുടെ ആദ്യത്തെ ഗ്രന്ഥം "സൈനബ"യാണ്‌. മധു സംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ് എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ അദ്ദേഹം എഴുതി. 1963-ലാണ്‌ ചലച്ചിത്രഗാനരചനാരംഗത്തേക്ക് ഇദ്ദേഹം കടന്നുവരുന്നത്. "മൂടുപടം" എന്ന ചിത്രത്തിനാണ്‌ ആദ്യമായി ഗാനങ്ങൾ രചിച്ചത്. "മഴ" എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് 2000 ൽ ദേശീയപുരസ്കാരം ലഭിക്കുകയുണ്ടായി. മൂന്ന് ചലച്ചിത്രങ്ങളും യൂസഫലി സം‌വിധാനം ചെയ്തിട്ടുണ്ട്. 1979-ൽ സം‌വിധാനം ചെയ്ത "നീലത്താമര" എന്ന അദ്ദേഹത്തിന്റെ ചിത്രം (എം.ടി യുടെ കഥ) 2009-ൽ ലാൽജോസ് പുന:സൃഷ്ടിച്ച് (റീമേക്ക്)നീലത്താമര എന്ന പേരിൽ തന്നെ സം‌വിധാനം ചെയ്ത് ഇറക്കി. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. ഏറെക്കാലം വാർദ്ധക്യസഹജവും അല്ലാത്തതുമായ വിവിധ രോഗങ്ങൾ മൂലം ബുദ്ധിമുട്ടിയ അദ്ദേഹം ശ്വാസകോശ അണുബാധ മൂലം 2015 മാർച്ച് 21-ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ വച്ച് അന്തരിച്ചു. മരിയ്ക്കുമ്പോൾ 81 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം കേച്ചേരി പട്ടിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഖദീജയാണ് ഭാര്യ. അഞ്ചുമക്കളുണ്ട്.

കഥ, തിരക്കഥ, സംഭാഷണം എന്നിവയുടെ രചനയിലൂടെ മലയാളചലച്ചിത്രമേഖലയിലും കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ മലയാളസാഹിത്യരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് രഘുനാഥ് പലേരി. ജനനം കോഴിക്കോട്. മൂന്ന് സിനിമകൾ സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട് രഘുനാഥ്. ഒന്നുമുതൽ പൂജ്യം വരെ (1986), വിസ്മയം(1998), കണ്ണീരിന് മധുരം(റിലീസായില്ല). തൊട്ടപ്പൻ എന്ന ചിത്രത്തിൽ അദ്രുമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

കുചേലവൃത്തം വഞ്ചിപ്പാട്ട് എന്ന ഒറ്റക്കാവ്യംകൊണ്ട് മലയാളസാഹിത്യത്തിൽ ശാശ്വതവും സമുന്നതവുമായ സ്ഥാനം നേടിയ കവിയാണ് രാമപുരത്തു വാരിയർ. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ആശ്രിതനായിരുന്നു അദ്ദേഹം. കുചേലവൃത്തം വഞ്ചിപ്പാട്ടാണ് രാമപുരത്തു വാര്യർക്ക് പ്രശസ്തി നേടിക്കൊടുത്തത്. ജയദേവകൃതിയായ ഗീതഗോവിന്ദത്തിന്റെ മലയാളം പരിഭാഷയായ ഭാഷാഷ്ടപദിയും രാമപുരത്തുവാര്യരുടെ കൃതിയാണ്‌. രണ്ടും മഹാരാജാവിന്റെ നിർദ്ദേശപ്രകാരമാണ് രചിക്കുന്നത്. അമരകോശത്തിന്‌ ലഘുഭാഷ എന്ന സംസ്കൃതവ്യാഖ്യാനം, നൈഷധം തിരുവാതിരപ്പാട്ട് എന്നിവയാണ്‌ രാമപുരത്തു വാര്യരുടെ മറ്റു കൃതികൾ. ലഘുഭാഷ വടക്കുംകൂർ രവിവർമ്മ രാജാവിന്റെ ആവശ്യപ്രകാരം രചിച്ചതാണെന്ന് ആമുഖശ്ലോകത്തിൽ പറയുന്നു. ഐരാവണവധം തുള്ളൽ, പ്രഭാതകീർത്തനം എന്നീ കൃതികളും വാര്യരുടെതാകാമെന്ന് ഉള്ളൂർ ഊഹിക്കുന്നു.

മലയാളത്തിലെ ആദ്യത്തെ കുറ്റാന്വേഷണ നോവലായ ഭാസ്കരമേനോൻ എഴുതിയ ആളാണ് രാമവർമ്മ അപ്പൻ തമ്പുരാൻ. 1875-ൽ തൃപ്പൂണിത്തുറയിൽ ജനിച്ചു. 1902-ൽ കുഞ്ഞിക്കുട്ടൻ തമ്പുരാനുമായി ചേർന്ന് എറണാകുളത്തുനിന്നും രസികമഞ്ജരി എന്ന മാസിക പ്രസിദ്ധീകരിച്ചു. 1929-ൽ കേരളത്തിൽ ആദ്യമായി കേരള സിനിടോൺ എന്ന സിനിമ നിർമ്മാണ കമ്പനിയും ആരംഭിച്ചു. 1915 ൽ ആദ്യമായി കേരളത്തിൽ കാർഷിക വ്യാവസായിക പ്രദർശനം സംഘടിപ്പിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. 1929-ൽ കേരളത്തിലെ ആദ്യത്തെ ചലച്ചിത്രനിർമ്മാണ സ്ഥാപനമായ 'കേരളാ സിനിടോൺ' സ്ഥാപിച്ചതും തമ്പുരാനാണ്. അതിലൂടെ തന്റെ നോവലായ ഭൂതരായർ ചലച്ചിത്രമാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ചിത്രമെഴുത്തും ശില്പവിദ്യയും സംഗീതവും തമ്പുരാനു വശമായിരുന്നു. അഭിനയകലയിലുള്ള പാടവവും അനിതരസാധാരണമായിരുന്നു. എങ്കിലും സാഹിത്യത്തെ ആയിരുന്നു ഇദ്ദേഹം സർവോപരി ആരാധിച്ചത്. 'സാഹിത്യ സാർവഭൌമൻ' എന്ന പദവി നല്കി കേരളീയർ ആദരിച്ചപ്പോഴും 'കൈരളീദാസൻ' എന്നു സ്വയം വിശേഷിപ്പിക്കുവാനേ ഇദ്ദേഹം മുതിർന്നുള്ളു. ഉപന്യാസകാരൻ, ആഖ്യായികാകർത്താവ്, പത്രപ്രവർത്തകൻ, ഗവേഷകൻ, നിരൂപകൻ, സാമൂഹിക പരിഷ്കർത്താവ് എന്നിങ്ങനെ പല നിലകളിൽ അവിസ്മരണീയനാണ് അപ്പൻതമ്പുരാൻ. വാർധക്യകാലമായപ്പോഴേക്കും തമ്പുരാൻ ഒരു യോഗിയായി മാറിക്കഴിഞ്ഞിരുന്നു. 1941 നവംബർ 19-ന് (കൊല്ലവർഷം 1117 വൃശ്ചികം 4) തൃശ്ശൂരിലെ വീട്ടിൽ വച്ച് പ്രമേഹരോഗം മൂലം ഇദ്ദേഹം അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അപ്പൻ തമ്പുരാൻ താമസിച്ചിരുന്ന തൃശ്ശൂർ അയ്യന്തോളിലെ വീട് ഇന്ന് ഒരു സ്മാരകമാണ്. തൃശ്ശൂർ കളക്ടറേറ്റിന്റെ പുറകിലാണ് ഇത് സ്ഥിതിചെയ്യുന്നത്. അപ്പൻ തമ്പുരാന്റെ ജന്മശതാബ്ദി വർഷമായിരുന്ന 1975-ൽ കേരള സാഹിത്യ അക്കാദമിയുടെ മേൽനോട്ടത്തിലാണ് ഇത് തുടങ്ങിയത്. സാഹിത്യ അക്കാദമിയുടെ ഒരു ആനുകാലിക ലൈബ്രറിയും, സാഹിത്യകാരന്മാർക്ക് താമസിച്ച് രചന നിർവ്വഹിയ്ക്കാൻ കഴിയുന്ന കൈരളീഗ്രാമവുമാണ് ഇവിടെയുള്ളത്. അപ്പൻ തമ്പുരാനെ സംസ്കരിച്ച സ്ഥലം ഇന്ന് ഒരു റോഡിന്റെ നടുക്കാണ്. അതിനാൽ, അന്തിമോപചാരമർപ്പിയ്ക്കാൻ വരുന്നവർക്ക് ധാരാളം ബുദ്ധിമുട്ടുകളുണ്ടാകാറുണ്ട്.

കേരളത്തിലെ പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റുമായ ലളിതാംബിക അന്തർജ്ജനം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ കോട്ടവട്ടം എന്ന സ്ഥലത്ത് 1909 മാർച്ച്‌ 30ന് ജനിച്ചു. ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി" എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിലെ ചിരപ്രതിക്ഷ്ഠയായി മാറി . അഗ്നിസാക്ഷി അതേ പേരിൽ സിനിമ ആയിട്ടുണ്ട് (സംവിധാനം: ശ്യാമപ്രസാദ്, 1998). മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു. കവിതകളിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ച ഇവർ 1987 ഫെബ്രുവരി 6ന് അന്തരിച്ചു. കാലക്രമേണ അറിയപ്പെടുന്ന ഒരു കഥാകൃത്തുമായി. കുഞ്ഞോമന എന്ന ബാലസാഹിത്യ കൃതിക്കു കല്യാണീ കൃഷ്ണമേനോൻ പ്രൈസും, 1973ൽ സീത മുതൽ സത്യവതി വരെ എന്ന കൃതിക്കു നിരൂപണം/പഠനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും 1977-ൽ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ആദ്യത്തെ വയലാർ പുരസ്കാരവും ലഭിച്ചു. സോഷ്യൽ വെൽഫയർ ബോർഡ്, കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ്, പാഠപുസ്തക കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നിട്ടുണ്ട്.

കേരളത്തിലെ മുസ്‌ലിംകൾക്കിടയിലെ സാമൂഹികപരിഷ്കർത്താവും സ്വാതന്ത്ര്യസമര പോരാളിയും പത്രപ്രവർത്തകനും പണ്ഡിതനുമായിരുന്നു വക്കം മൗലവി എന്ന വക്കം അബ്ദുൽ ഖാദർ മൗലവി. അഞ്ചുതെങ്ങിൽ നിന്ന് സ്വദേശാഭിമാനി പ്രതിവാര പത്രം ആരംഭിച്ചത് വക്കം മൗലവി ആയിരുന്നു.

കേരളത്തിലെ പ്രമുഖ നാടകകാരനായിരുന്നു വയലാ വാസുദേവൻ പിള്ള തൃശ്ശൂർ സ്ക്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറും കേരള സർവ്വകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ പെർഫോമിങ് ആന്റ് വിഷ്വൽ ആർട്‌സ് ഡയറക്ടറുമായിരുന്നു. പാശ്ചാത്യ നാടക സങ്കൽപ്പങ്ങളെ മലയാളിക്കു പരിചയപ്പെടുത്തുന്നതിൽ അദ്ദേഹം നല്ല പങ്കുവഹിച്ചു. 1943-ൽ കൊട്ടാരക്കര വയലാ ഗ്രാമത്തിൽ ജനിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് പഠിച്ച ശേഷം അവിടെ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്തു. നാടക കളരികളിലൂടെ സജീവമായ ശേഷം 1984 ൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ അസോസിയേറ്റ് ഡയറക്ടറായി ചുമതലയേറ്റു. പിന്നീട് 1990-ൽ റോം യൂണിവേഴ്‌സിറ്റിയിൽ ഒരു വർഷം നാടകപഠനത്തിനായി പോയി. തിരുവനന്തപുരത്ത് സുവർണ്ണരേഖ എന്ന പേരിൽ തുടങ്ങിയ നാടകസംഘത്തിലൂടെ മുപ്പതിലേറെ നാടകങ്ങൾ അരങ്ങിലെത്തിച്ചു. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പോടെ പോസ്റ്റ് ഡോക്ട്രൽ ഫെലോഷിപ്പും, ഇറ്റാലിയൻ ഗവൺമെന്റ് ഫെല്ലോഷിപ്പും,ജപ്പാന്റെയും, പാരീസ് യൂണിവേഴ്സിറ്റിയുടേയും ഫെല്ലോഷിപ്പുകളും നേടിയിട്ടുണ്ട്. ജി.ശങ്കരപ്പിള്ളയുടെ ശിഷ്യനായി നാടകരംഗത്തേക്ക് കടന്നുവന്ന വയലാ തനത് നാടകസങ്കൽപ്പങ്ങളേയും വിശ്വോത്തര നാടകധാരകളേയും ഒരുപോലെ സ്വാംശീകരിച്ച വ്യക്തിയായിരുന്നു. യൂറോപ്യൻ നാടകങ്ങളെക്കുറിച്ചും രംഗവേദിയെക്കുറിച്ചും നിരവധി പുസ്തകങ്ങൾ എഴുതുകയും നിരന്തരം പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു അദ്ദേഹം. ഏറെ കാലമായി നാടകവുമായി ബന്ധപ്പെട്ട് അക്കാദമിക് രംഗത്താണ് ഡോ.വയലാ വാസുദേവൻപിള്ളയുടെ പ്രവർത്തനം. 2011 ഓഗസ്റ്റ് 29-നു് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു

മലയാള സാഹിത്യത്തിലെ പ്രശസ്തനായ കവിയും അനേകം ജനപ്രിയ ചലച്ചിത്ര, നാടക ഗാനങ്ങളുടെ രചയിതാവുമാണ് വയലാർ എന്ന പേരിൽ അറിയപ്പെടുന്ന വയലാർ രാമവർമ്മ (ജീവിതകാലം: മാർച്ച് 25 1928 - ഒക്ടോബർ 27 1975). കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക സാഹിത്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. പാദമുദ്ര (കവിതകൾ ) തുടങ്ങി ധാരാളം കൃതികൾ രചിച്ചു. കവി എന്നതിലുപരി, സിനിമാഗാനരചയിതാവ് എന്ന നിലയിലാണ് വയലാർ കൂടുതൽ പ്രസിദ്ധനായത്. പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത ആയിരത്തിൽ പരം ഗാനങ്ങൾ അദ്ദേഹം രചിച്ചു. 1961-ൽ സർഗസംഗീതം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 1974-ൽ "നെല്ല്", "അതിഥി" എന്നീ ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണപ്പതക്കവും നേടി. 1957-ൽ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് അവതരിപ്പിക്കാൻ വേണ്ടി രചിച്ച " ബലികുടീരങ്ങളേ..." എന്ന ഗാനം വൻ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അക്കാലത്ത് വയലാർ-ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ട് അനേകം ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു. സ്ത്രീയുടെ മോചനം ആർത്ഥീക സമത്വത്തിലൂടെ മാത്രമേ സാക്ഷാൽക്കരിക്കാനാകൂ എന്നു വ്യക്തമാക്കുന്ന വയലാർ കവിതയാണ് 'ആയിഷ'. ചെങ്ങണ്ട പുത്തൻ കോവിലകത്ത് ചന്ദ്രമതി തമ്പുരാട്ടിയായിരുന്നു ആദ്യ ഭാര്യ. 1949-ലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഏഴുവർഷം സന്താനഭാഗ്യമില്ലാതെ കഴിയുകയായിരുന്നതിനാൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി പിന്നീട് ചന്ദ്രമതി തമ്പുരാട്ടിയുടെ ഇളയ സഹോദരി ഭാരതി തമ്പുരാട്ടിയെ വിവാഹം കഴിച്ചു. പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ, ഇന്ദുലേഖ, യമുന, സിന്ധു എന്നിവർ മക്കളാണ്. പിൽക്കാലത്ത് വയലാറിന്റെ പത്നി ഭാരതിതമ്പുരാട്ടി അദ്ദേഹത്തെ കുറിച്ച് "ഇന്ദ്രധനുസ്സിൻ തീരത്ത്" എന്ന വിവാദാസ്പദമായ കൃതി രചിക്കുയും ചെയ്തു. അദ്ദേഹത്തിന്റെ ആദ്യഭാര്യ ചന്ദ്രമതി തമ്പുരാട്ടി 2018 ജനുവരി 15-ന് 85-ആം വയസ്സിൽ അന്തരിച്ചു.

മലയാളത്തിലെ ഒരു നോവലിസ്റ്റായിരുന്നു വല്ലച്ചിറ മാധവൻ (ജീവിതകാലം: 1934 മേയ് 17 - 2013 ഒക്ടോബർ 20). ഇദ്ദേഹത്തിന്റെ 400-ലേറെ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1934 മേയ് 17-ന് വല്ലച്ചിറ ചാത്തക്കുടത്ത്‌വീട്ടിൽ ശങ്കരന്റെയും ലക്ഷ്മിയുടെയും മകനായി ജനിച്ചു. സ്‌കൂൾ വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ സാഹിത്യ രചന ആരംഭിച്ച മാധവന്റെ ആദ്യകൃതി 14-ആം വയസ്സിൽ പ്രസിദ്ധീകരിക്കപ്പെട്ടു. എന്റെ ജീവിതത്തോണി എന്ന ഈ കവിതാസമാഹാരമാണ് അദ്ദേഹത്തിന്റെ ആദ്യമായി പുറത്തിറങ്ങിയ കൃതി. തൊട്ടടുത്തവർഷംതന്നെ ആത്മസഖി എന്ന നോവൽ രചിച്ചു. യുദ്ധഭൂമി, ക്രിസ്തുവിനെ തറച്ച കുരിശ്, പാനപാത്രത്തിലെ വീഞ്ഞ്, അച്ചാമ്മ, എന്റെ ജീവിതത്തോണി എന്നിവ ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളാണ്. പ്രണയവും ദുരന്തവുമാണ് ഇദ്ദേഹത്തിന്റെ കൃതികളിൽ അധികവും വിഷയമായിരുന്നത്. എന്റെ യുദ്ധഭൂമിയാണ് ഇദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ തുടർക്കഥ

1878 ഒക്ടോബർ 16-ന് തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു. സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്ന് തർക്കശാസ്ത്രം പഠിച്ചു.1905-ൽ തുടങ്ങിയ വാല്മീകി രാമായണ വിവർത്തനം 1907-ൽ‍ പൂർത്തിയാക്കി. 1908-ൽ ഒരു രോഗബാധയെതുടർന്ന് ബധിരനായി (ചെവി കേൾക്കാത്തയാൾ). ഇതേത്തുടർന്നാണ് 'ബധിരവിലാപം' എന്ന കവിത അദ്ദേഹം രചിച്ചത്. 1915-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേ വർഷം കേരളോദയത്തിന്റെ പത്രാധിപനായി . 1958 മാർച്ച് 13-ന് 79-ആം വയസ്സിൽ അന്തരിച്ചു.

മലയാളസാഹിത്യ നിരൂപകനും, ചലച്ചിത്രസംവിധായകനും അദ്ധ്യാപകനുമാണ് വി.രാജകൃഷ്ണൻ.കേരള സർവകലാശാലയിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അധ്യാപകൻ. കെ. പി. അപ്പനൊപ്പം മലയാളത്തിലെ ആധുനിക സാഹിത്യത്തിന്റെ നിരൂപകനായി അറിയപ്പെട്ടു.

സാഹിത്യനിരൂപകനും ചലച്ചിത്രനിരൂപകനും ചലച്ചിത്രസംവിധായകനും സർവ്വകലാശാല അദ്ധ്യാപകനുമാണ് വി. സി. ഹാരിസ് (ജനനം: 1958 ജൂലൈ 29 - മരണം: 2017 ഒക്ടോബർ 9). മലയാളത്തിൽ ഉത്തരാധുനികതയെക്കുറിച്ചു നടന്ന സംവാദങ്ങളിൽ ശ്രദ്ധേയമായ പങ്കാളിത്തം വഹിച്ചു. മയ്യഴിയിൽ ജനിച്ച ഹാരിസ് കണ്ണൂർ എസ്. എൻ. കോളേജിലും കാലിക്കറ്റ് സർവ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലുമാണ് പഠിച്ചത്. കോഴിക്കോട് ഫറൂഖ് കോളേജിൽ അധ്യാപകനായിരുന്നു ഹാരിസ്. കേരള ചലച്ചിത്ര അക്കാദമിയിലും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസിന്റെ നിർവാഹക സമിതിയിലും അംഗമായിരുന്നു. നിരവധി ഡോക്ടറേറ്റ് പ്രബന്ധങ്ങളുടെ ഗൈഡ് ആയി പ്രവർത്തിച്ചിട്ടുണ്ട്. മയ്യഴിയിൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം മയ്യഴിയിലെ ജവഹർലാൽ നെഹ്രു ഹൈസ്കൂളിൽ. കണ്ണൂർ എസ്.എൻ കോളേജിലും കാലിക്കറ്റ് സർവ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലുമായി പഠനം. ഫറൂക്ക് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ലൿചററായി ജോലിചെയ്തിരുന്നു. കോട്ടയത്തെ മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അദ്ധ്യാപകനായി. 2017 ഒക്ടോബർ 5 നു ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ്, കോട്ടയം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ 9 ആം തീയതി തിങ്കളാഴ്ച രാവിലെ 11 മണിയോടെ മരിച്ചു.

ഒരു മലയാള ഭാഷാ പണ്ഡിതനും അദ്ധ്യാപകനുമാണ് വി.ആർ. പ്രബോധചന്ദ്രൻ നായർ (ജനനം : 4 ആഗസ്റ്റ് 1938). സ്വനവിജ്ഞാനം എന്ന കൃതിക്ക് സാഹിത്യ അക്കാദമി എൻഡോവ്മെന്റ് ലഭിച്ചിട്ടുണ്ട്. വി. രാമകൃഷ്ണപിള്ളയുടെയും നാണിക്കുട്ടിയമ്മയുടെയും മകനായി എറണാകുളം ജില്ലയിലെ പറവൂരിൽ ജനിച്ചു. എം.എ, പിഎച്ച്.ഡി ബിരുദങ്ങൾ നേടി. കേരള യൂണിവേഴ്സിറ്റി ലിംഗ്വിസ്റ്റിക്സ് വിഭാഗം മേധാവിയായിരുന്നു. കേരള കലാ മണ്ഡലം ചെയർമാനായും പ്രവർത്തിച്ചു. ശ്രേഷ്ഠഭാഷാപുരസ്കാരം: മലയാളഭാഷയ്ക്കുള്ള സംഭാവനയ്ക്ക്‌ രാഷ്ട്രപതി നൽകുന്ന ആദ്യ ശ്രേഷ്ഠഭാഷാപുരസ്കാരം ഡോ. വി.ആർ.പ്രബോധചന്ദ്രൻ നായർക്കാണ് ലഭിച്ചത്. അഞ്ചുലക്ഷം രൂപയും ബഹുമതി സർട്ടിഫിക്കറ്റും ഉൾപ്പെടുന്നതാണ്‌ പുരസ്കാരം.

മലയാളത്തിലെ ചെറുകഥാകൃത്തും നിരൂപകനുമാണ്‌ വി.ആർ.സുധീഷ്. ചേളന്നൂർ എസ് എൻ കോളേജിൽ മലയാളം അദ്ധ്യാപകനാണ് . വിദ്യാർത്ഥിജീവിതകാലത്തു തന്നെ എഴുത്തിൽ സജീവമായിരുന്നു ഇദ്ദേഹം. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തി,ചന്ദ്രിക ആഴ്ചപ്പതിപ്പ്, ദേശാഭിമാനി വാരിക എന്നിവിടങ്ങളിലാണ് ആദ്യകാല രചനകൾ പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതിനു പുറമെ ലയം എന്ന പേരിൽ ഒരു ഇൻലന്റ് മാസിക സ്വയം പ്രസിദ്ധീകരിച്ചിരുന്നു. മടപ്പള്ളി കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ കാലിക്കറ്റ് സർവ്വകലാശാലാ കലോത്സവത്തിൽ ചെറുകഥാ മത്സരത്തിൽ സമ്മാനം നേടി ശ്രദ്ധേയനായി. മലയാളത്തിലെ ആധുനിക കഥയുടെ രൂപാന്തരത്തിൻറെ പ്രധാന ദശയിലാണ് വി.ആർ.സുധീഷിൻറെ ആദ്യകാലകഥകൾ ഉണ്ടാകുന്നത്. യൌവനത്തിൻറെ കണ്ണീർപ്പാടുകളും നിലവിളിയും കണ്ടെടുക്കുന്ന എഴുത്തുകാരനാണ്‌ സുധീഷ്‌. ഭാവനിർഭരമായ ഓർമ്മകളും വിചിന്തനങ്ങളും നിറയുന്ന സുധീഷിൻറെ രചനകൾ വായനക്കാരനെ അകംനീറ്റുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നു. കലങ്ങുന്ന പ്രണയസമുദ്രം നെഞ്ചേറ്റിലാളിക്കുന്ന ഒരാളുടെ സാന്നിധ്യം ഈ കഥാകാരൻറെ തട്ടകത്തിലുണ്ട്. അസ്തിത്വത്തിൻറെ പൊരുൾ സ്വാതന്ത്ര്യമെന്നതുപോലെ അനുരാഗം കൂടിയാണെന്ന ശുഭസൂചന സുധീഷ്‌ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കാഴ്ചകളെ കീറിമുറിക്കുന്ന സാമൂഹിക-രാഷ്ട്രീയ ഭൂപടങ്ങളും കഥാകാരൻ സൂചിപ്പിക്കുന്നു. കാവ്യാത്മക ഭാഷയിൽ തീർത്ത ഹരിതപത്രങ്ങളുടെ മനോഹാരിത കൊണ്ട് സമകാലികരിൽ നിന്നു വേറിട്ടുനിൽക്കുന്നവയാണ് സുധീഷിൻറെ രചനകൾ.തോപ്പിൽ രവി പുരസ്കാരം , അയനം-സി.വി.ശ്രീരാമൻ പുരസ്കാരം തുടങ്ങിയവ നേടിയിട്ടുള്ള വി.ആർ..സുധീഷിൻറെ പല കഥാസമാഹാരങ്ങളും വിവിധ സർവ്വകലാശാലകളിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സമകാലീന മലയാളസാഹിത്യത്തിലെ ശ്രദ്ധേയയായ ഒരു എഴുത്തുകാരിയാണ്‌ കവയിത്രിയായ വി.എം. ഗിരിജ. മലയാളത്തിലെ പുതുനിരക്കവികളെ അവതരിപ്പിച്ചുകൊണ്ട് ആറ്റൂർ രവിവർമ്മ 1999-ൽ എഡിറ്റുചെയ്ത പുതുമൊഴിവഴികൾ എന്ന സമാഹാരത്തിൽ ഗിരിജയുടെ കവിതകൾ ഉൾപ്പെട്ടിരുന്നു. പ്രണയം ഒരാൽബം എന്ന ആദ്യകവിതാസമാഹാരം പ്രേം ഏൿ ആൽബം എന്ന പേരിൽ ഹിന്ദിയിലേക്ക് വിവർത്തനംചെയ്യപ്പെട്ടിട്ടുണ്ട്. വി.എം. ഗിരിജയുടെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പഠനവിഷയമാണ്. 1961-ൽ ഷൊർണൂരിനടുത്തുള്ള പരുത്തിപ്രയിൽ‌‍ ജനിച്ചു. വിദ്യാർത്ഥിയായിരുന്ന കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ബാലപംക്തിയിൽ എഴുതിത്തുടങ്ങി. പട്ടാമ്പി കോളേജിൽ വിദ്യാഭ്യാസം. ഇപ്പോൾ ആകാശവാണി കൊച്ചി നിലയത്തിൽ പ്രവർത്തിച്ചു വരുന്നു. പുതിയൊരു ലൈംഗികസമ്പദ്വ്യവസ്ഥയെയും ഒരു പ്രതിഭാഷയെ—പുരുഷയുക്തിയെ കീഴടക്കാൻ പര്യാപ്തമായ ഒരു 'അമ്മമൊഴി'യെ—യും പിന്തുടരുകയാണ് സമകാലികകവിതയിൽ സുഗതകുമാരി, വിജയലക്ഷ്മി, സാവിത്രി രാജീവൻ വി.എം. ഗിരിജ, റോസ്മേരി തുടങ്ങിയ കവികൾ എന്ന് സച്ചിദാനന്ദൻ അഭിപ്രായപ്പെടുന്നു. അച്ഛൻ:വടക്കേപ്പാട്ടു മനയ്ക്കൽ വാസുദേവൻ ഭട്ടതിരിപ്പാട്. അമ്മ:ഗൗരി. ഭർത്താവ്:സി.ആർ. നീലകണ്ഠൻ. മക്കൾ:ആർദ്ര, ആർച്ച.

പ്രമുഖനായ ഒരു മലയാള കവിയാണ് വി.കെ. ഗോവിന്ദൻ നായർ.(4 ഫെബ്രുവരി 1903 - 15 ഒക്ടോബർ 1977+. പാലക്കാട് ജില്ലയിലെഒറ്റപ്പാലത്തിനടുത്ത് തൃക്കടീരിയിൽ ജനിച്ചു. നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തൃശ്ശൂരും തൃശ്ശിനാപ്പള്ളിയിലുമായി ഉന്നത വിദ്യാഭ്യാസം നേടി. മദിരാശിയിലെ ഗവൺമെന്റ് പ്രസ്സിൽ ഗുമസ്തനായിരുന്നു. കേരള സംസ്ഥാന രൂപീകരണത്തോടെ തിരുവനന്തപുരത്തേക്ക് പോന്നു. 1958 ൽ പെൻഷൻ പറ്റി നാട്ടിലേക്കു മടങ്ങി. അറുപത് വയസ്സിനു ശേഷമാണ് ആദ്യ കവിതാ സമാഹാരമായ 'അവിൽപ്പൊതി' പ്രസിദ്ധീകരിച്ചത്. ശ്രീകൃഷ്ണാവതാരത്തെ ചുറ്റിപ്പറ്റി എഴുതിയ മുക്തകങ്ങളുടെ ഈ സമാഹാരത്തിനു 1965 ലെകേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 'മുത്തുകൾ' എന്നപേരിലും അദ്ദേഹത്തിന്റെ മുക്തകങ്ങൾ സമാഹരിക്കപ്പെട്ടിട്ടുണ്ട്.ഗുരുവായൂരിലെ വാകചാ൪ത്തിനെക്കുറിച്ച്: 'വാകച്ചാ൪ത്തി൯ വല്ലവണ്ണവുമൂണ൪ന്നെത്തുമ്പൊഴേയ്ക്കമ്പൊഴേയ്ക്കമ്പലം മാകന്ദാശുഗമാനദണ്ഡ മഹിളാമാണിക്യമാലാഞ്ചിതം വാകപ്പൂ മ്യദുമെയ്യു മെയ്യിലുരസുമ്പോഴെ൯െറ ഗോപീജന- ശ്രീകമ്രസ്തന കുങ്കുമാങ്കിത,മനസ്സോടുന്നു വല്ലേടവും !'

വടക്കേ കൂട്ടാല നാരായണൻകുട്ടിനായർ അഥവാ വി. കെ. എൻ. (ഏപ്രിൽ 7 1929 - ജനുവരി 25, 2004) സവിശേഷമായ രചനാശൈലി കൊണ്ട്‌ മലയാള സാഹിത്യത്തിൽ വേറിട്ടുനിന്ന വ്യക്തിത്വമായിരുന്നു. ഹാസ്യ രചനകൾക്കൊണ്ട്‌ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഈ എഴുത്തുകാരൻ ആർക്കും അനുകരിക്കാനാവാത്ത വഴികളിലൂടെയാണ്‌ അക്ഷരസഞ്ചാരം നടത്തിയത്‌. ശുദ്ധഹാസ്യത്തിൻറെ പൂത്തിരിവെട്ടത്തിൽ മാറിയിരുന്ന് ചുറ്റുപാടുകളെ നോക്കിക്കാണാൻ മലയാളികളെ പഠിപ്പിച്ച എഴുത്തുകാരനായിരുന്നു വി കെ എൻ. സ്വന്തം ജീവിതാനുഭവങ്ങൾ പയ്യൻ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അവതരിപ്പിച്ച നോവലുകളും കഥകളുമാണ്‌ അദ്ദേഹത്തെ മലയാളസാഹിത്യത്തിൽ അനശ്വരനാക്കിയത്‌. കഥയും നോവലുകളുമായി ഇരുപത്തഞ്ചിലേറെ കൃതികൾ വി. കെ. എന്നിൻറേതായുണ്ട്‌. രണ്ടു നോവലുകളും ഏതാനും കഥകളും ഇംഗ്ലീഷിലേക്കും മറ്റ്‌ ഇന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടുണ്ട്. ഇംഗ്ലീഷ്‌ വിവർത്തനത്തിന്‌ വഴങ്ങാത്ത അത്യപൂർവ്വ ശൈലിയിലായിരുന്നു വി കെ എൻ കഥകൾ പറഞ്ഞിരുന്നത്‌. അല്പം ബുദ്ധികൂടിയ നർമ്മമായതിനാൽ വികെഎൻ കഥകൾ വായനക്കാരുടെ ഒരു പ്രത്യേക വലയത്തിലൊതുങ്ങുകയും ചെയ്തു.

മലയാളത്തിലെ ഒരു പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു വി.ടി. ഇന്ദുചൂഡൻ (സെപ്റ്റംബർ 19, 1919 - ജനുവരി 25, 2002). കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഇദ്ദേഹം ദേശാഭിമാനി പത്രത്തിന്റെ പത്രാധിപരുമായിരുന്നു. പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് വിരോധിയായി മാറിയ ഇന്ദുചൂഡൻ ആർ.എസ്.എസ്. പ്രവർത്തകനായി മാറി. ആമിനാബീവി, ചാണക്യൻ എന്നീ തൂലികാനാമങ്ങളിലാണ് ഇദ്ദേഹം എഴുതിയിരുന്നത്. വെൽഡൽ വിൽക്കിയുടെ വൺവേൾഡിന്റെ (ഏകലോകം) വിവർത്തനത്തിനു പുറമേ ശുദ്ധീകരണം, നിവർന്നു നിൽക്കാറായി എന്നീ പ്രഹസനങ്ങളും കലയും മാർക്സിസവും എന്ന ഒരു നിരൂപണഗ്രന്ഥവും ഇദ്ദേഹം എഴുതിയിട്ടുണ്ട്.

കവി, സംസ്കൃതപണ്ഡിതൻ, അദ്ധ്യാപകൻ, കമ്യൂണിസ്റ്റ് സാഹിത്യചിന്തകൻ, പ്രബന്ധകാരൻ, നാടകഗാനരചയിതാവ് എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ് വി.ടി. കുമാരൻ (ജൂലൈ 1,1927 - ഒക്ടോബർ 11, 1986). കോഴിക്കോട് ജില്ലയിലെ വടകരയിലായിരുന്നു ജനനം. എസ്. കോരന്റെയും തിരുവാലയുടേയും മകനായി 1927 ജൂലൈ 1നു കോഴിക്കോട് ജില്ലയിലെ വടകരയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സംസ്കൃത പണ്ഡിതനായിരുന്ന കാവിൽ പി. രാമൻ പണിക്കരിൽ നിന്നും സംസ്കൃതം അഭ്യസിച്ചു. തുടർന്ന് പട്ടാമ്പി കോളേജിൽ നിന്നും സംസ്കൃതം വിദ്വാൻ പരീക്ഷ പാസ്സായി. മടപ്പള്ളി ഫിഷറീസ് സ്കൂളിൽ അദ്ധ്യാപകനായിരുന്നു. ആദ്യം പ്രൈമറി സ്കൂളിലും പിന്നീട് ഹൈസ്കൂളിലും അദ്ധ്യാപകനായി ജോലി ചെയ്തു. 1972ൽ വി. ടി. കുമാരന് മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചു. കേരള സാഹിത്യ അക്കാദമി, തുഞ്ചൻ സ്മാരക സമിതി എന്നിവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ശാന്തയാണ് ഭാര്യ. ഗായകൻ വി.ടി. മുരളി മകനാണ്. 1986 ഒക്ടോബർ 11ന് അദ്ദേഹം അന്തരിച്ചു.

കേരളത്തിലെ പ്രശസ്തനായ സാമൂഹ്യനവോത്ഥാ‍ന നായകനും നാടകകൃത്തും ഉപന്യാസകാരനുമായിരുന്നു വി.ടി. ഭട്ടതിരിപ്പാട്([English:Bhattathiripad). 1896 മാർച്ച് 26 ന്‌ വി.ടി.യുടെ അമ്മയുടെ വീടായ അങ്കമാലി കിടങ്ങൂർ കൈപ്പിള്ളി മനയിൽ ജനിച്ചു. മരണം-1982 ഫെബ്രുവരി 12ന്‌. മേഴത്തൂർക്കാരനായ ഇദ്ദേഹത്തിന്റെ മുഴുവൻപേര് വെള്ളിത്തുരുത്തി താഴത്ത് രാമൻ ഭട്ടതിരിപ്പാട് എന്നായിരുന്നു. ഒഴുക്കിനെതിരെ നീന്തിയ അദ്ദേഹം സമൂഹത്തിൽ, നമ്പൂതിരിസമുദായത്തിൽ വിശേഷിച്ചും, അന്ന് ഉറച്ച വിശ്വാസം നേടിയിരുന്ന, കാലഹരണപ്പെട്ട, പഴയ അനാചാരങ്ങൾക്കെതിരെ പ്രവർത്തിച്ചു.

ആധുനിക മലയാളസാഹിത്യത്തിലെ ചെറുകഥാകൃത്തുക്കളിൽ‌ പ്രമുഖനായിരുന്നു വി.പി.ശിവകുമാർ (മേയ് 15, 1947 - ജൂലൈ 27, 1993). അസ്തിത്വവാദികളായ ആധുനികരെ പിന്തുടർന്നുവന്ന തലമുറയിൽപ്പെട്ട കഥാകാരനാണ് ഇദ്ദേഹം. ബോർഹെസിന്റെ സ്വാധീനം പ്രകടമാക്കിയ രചനകളാണ് ഇദ്ദേഹത്തിന്റേത്. മാവേലിക്കരയിൽ 1947 മേയ്‌ 15-ന്‌ ജനനം. പിതാവ് പാലക്കാട് ജില്ലയിലെ കുന്നത്തൂർ വില്ലേജിൽ പോഴരാമത്ത് പത്മനാഭൻ നായർ. അമ്മ ജാനകിയമ്മ. 1966-ൽ ടെലിഫോൺസ്‌ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. ജീവനക്കാരുടെ സമരത്തിൽ പങ്കെടുത്തതിന്‌ ജോലിയിൽനിന്ന്‌ പുറത്താക്കപ്പെട്ടു. 1971-ൽ കേരള സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ മലയാള സാഹിത്യത്തിൽ എം.എ പാസ്സായി, തുടർന്ന് 1972 മുതൽ വിവിധ ഗവൺമെന്റ് കോളേജുകളിൽ അദ്ധ്യാപകനായി ജോലിനോക്കി.

വെള്ളാട്ട് ചെമ്പലഞ്ചേരി ബാലകൃഷ്ണ പണിക്കർ (1889മാർച്ച് 1 – 1912ഒക്ടോബർ 20) പത്രപ്രവർത്തകനും സാഹിത്യകാരനുമായിരുന്നു. അദ്ദേഹം വിലാപകാവ്യങ്ങൾ പോലുള്ള കവിതകൾ, ശ്ലോകങ്ങൾ, വിവർത്തനങ്ങൾ എന്നിവ രചിച്ചിട്ടുണ്ട്. ഒരു വിലാപം, വിശ്വരൂപം എന്നിവ കൃതികളാണ്. വി.സി.ബാലകൃഷ്ണൻ 1889 മാർച്ച് 1നാണ് മലപ്പുറം ജില്ലയിലെ ഊരകം- കീഴ്മുറിയിൽ ഒരു ദരിദ്രകുടുബത്തിൽ ജനിച്ചത്. എന്നാലും അദ്ദേഹം കോഴിക്കോട് മാങ്കാവ് കൊട്ടാരത്തിൽ നാലു കൊല്ലത്തോളം മറ്റു കവികളുടേയും സാഹിത്യകാരന്മാരുടേയും കൂടെ താമസിക്കുകയും ചെയ്തു. അദ്ദേഹം സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിനെ പറ്റി 1910 ഒക്ടോബർ 26ന് പ്രസിദ്ധമായ മുഖപ്രസംഗം എഴുതുകയുണ്ടായി . വി.സി.ബാലകൃഷ്ണൻ 1912 ഒക്ടോബർ 20ന് ഇരുപത്തിമൂന്നാം വയസ്സിൽ ക്ഷയരോഗം ബാധിച്ച് അന്തരിച്ചു..

മലയാളത്തിലെ പ്രമുഖനായ നിരൂപകനും താത്ത്വികലേഖകനുമാണ്‌ വി.സി. ശ്രീജൻ. കേരള സർക്കാർ സർവ്വീസിൽ കോളേജ് അദ്ധ്യാപകനായിരുന്നു. തലശ്ശേരിയിലെ ബ്രണ്ണൻ കോളേജിൽ നിന്നും ഇംഗ്ലീഷ് വിഭാഗം റീഡറായി സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്തു. മലയാളത്തിൽ 100-ഓളം ലേഖനങ്ങളും 11 പുസ്തകങ്ങളും ഇംഗ്ലീഷിൽ 5 പ്രബന്ധങ്ങളും വി.സി. ശ്രീജൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാർക്സിസം-ലെനിനിസത്തിന്റെ സ്വാധീനത്തിലാണ് സാഹിത്യ നിരൂപകനായി വി.സി. ശ്രീജൻ രംഗപ്രവേശം ചെയ്യുന്നത്. അസ്തിത്വവാദാത്മകമായ ആധുനികതയുടെ വിമർശനമായി ദേശാഭിമാനി വാരികയിൽ എഴുതിയ ലേഖനമാണ് ശ്രദ്ധേയമായ ആദ്യനിരൂപണം.{തെളിവ്}}. ഈ ലേഖനം ശ്രീജന്റെ പിൽക്കാല കൃതികളിലൊന്നും എടുത്തു ചേർത്തിട്ടില്ല. യാ ദേവീ സർവ്വഭൂതേഷുവിനു ശേഷം പ്രസിദ്ധീകരിക്കപ്പെട്ട പ്രധാന രചന വൈരുദ്ധ്യാധിഷ്ഠിത ഭൌതികവാദവിമർശസംഗ്രഹം ആയിരുന്നു. മാർക്സിസത്തിന്റെ അടിസ്ഥാന പരികല്പനകൾ വിമർശനവിധേയമാക്കുന്ന ഈ പഠനം വിജ്ഞാനകൈരളി മാസികയിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കകയായിരുന്നു.

മലയാളത്തിലെ ഒരു കവിയത്രിയാണ് വിജയലക്ഷ്മി. ബാലാമണിയമ്മക്കും കടത്തനാട്ട് മാധവിയമ്മക്കും സുഗതകുമാരിയ്ക്കും ശേഷം മലയാളകവിതയിൽ കേട്ട വ്യത്യസ്തമായ സ്ത്രീ ശബ്ദം വിജയലക്ഷ്മിയുടെതായിരുന്നു. മൃഗശിക്ഷകൻ വിജയലക്ഷമിയുടെ പ്രശസ്തമായ ഒരു കവിതാസമാഹാരം ആണ്. 1977-ൽ കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച കവിതയിലൂടെയാണു വിജയലക്ഷ്മി സാഹിത്യരംഗത്ത് എത്തിയത്. 1980-ൽ കേരള സർവ്വകലാശാല യുവജനോത്സവത്തിൽ കഥാരചനയിലും കവിതാരചനയിലും ഒന്നാം സ്ഥാനം നേടി. കേരള സാഹിത്യ അക്കാദമിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ജനറൽ കൌൺസിലിലും അംഗമായിരുന്നിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ പബ്ലിക്കേഷൻ കമ്മിറ്റിയുടെ കൺവീനർ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ അഡ്വൈസറി ബോർഡ് അംഗം, സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ വൈസ്‌പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലേയ്ക്കു വെളിച്ചം വീശിക്കൊണ്ട് എഴുതിയ ഊഴം എന്ന കവിത ഏറെ ചർച്ചചെയ്യപ്പെടുകയും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പലതവണ പുന:പ്രസിദ്ധീകരിക്കപ്പെടുകയുമുണ്ടായി. മതേതരമായ ആത്മീയത കൊണ്ടും ധ്യാനാത്മകമായ ഏകാന്തത കൊണ്ടും ആഴത്തിലുള്ള സ്ത്രീപക്ഷ വീക്ഷണം കൊണ്ടും മലയാളകവിതയെ മുന്നോട്ടുനയിക്കുന്ന വിജയലക്ഷ്മിയുടെ സരളവും സാന്ദ്രവുമായ ആഖ്യാനശൈലി പദ്യവും ഗദ്യവും പ്രമേയങ്ങളിൽ സവിശേഷമായി സമന്വയിപ്പിക്കുന്നതിൽ മികവ് പുലര്ത്തുന്നുവെന്നും സമകാലീന കവിതയിൽ വേറിട്ട ഒറ്റയടിപ്പാതയാണ് സൃഷ്ടിക്കുന്നതെന്നും മാതൃഭൂമി ദിനപത്രം എഴുതി.മലയാള കാവ്യപാരമ്പര്യത്തിന്റെ താളാത്മകതയും പ്രമേയ സ്വീകരണത്തിലെയും ആഖ്യാനത്തിലെയും കരുത്തും വിജയലക്ഷ്മിയുടെ കവിതകള്ക്ക് നൂതനത്വം നല്കുന്നുവെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. മിത്തുകളും പുരാണങ്ങളും ആധുനിക സാമൂഹിക ജീവിതവും സ്ത്രീയവസ്ഥകളുമായി ഇണക്കിച്ചേര്ത്തു കൊണ്ടും അഴിച്ചുപണിതു കൊണ്ടും വിജയലക്ഷ്മി പുതിയ ചോദ്യങ്ങളും തിരുത്തലുകളും സൃഷ്ടിക്കുവാൻ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും വിവിധ വിലയിരുത്തലുകളിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.ഓരോ എഴുത്തും ആത്മാന്വേഷണവും രാഷ്ട്രീയാന്വേഷണവും കൂടിയായിത്തീരുന്ന കാവ്യലോകമാണ് വിജയലക്ഷ്മിയുടേതെന്നും പറയാം

മലയാളത്തിലെ ഒരു ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് വിനോയ് തോമസ് (Vinoy Thomas). മൂർഖൻപറമ്പ് എന്ന അദ്ദേഹത്തിന്റെ ആദ്യചെറുകഥയ്ക്കും കരിക്കോട്ടക്കരി എന്ന ആദ്യനോവലിനും വായനക്കാരിൽ നിന്നും നല്ല സ്വീകരണമാണ് ലഭിച്ചത്. മറ്റാരു നോവലാണ് പുറ്റ്. ഇരിട്ടി നെല്ലിക്കാംപൊയിൽ സ്വദേശിയായ ഇദ്ദേഹം കുന്നോത്ത് സെൻറ് ജോസഫ് സ്കൂൾ, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് പഠനം. ആറളം ഫാം ഗവണ്മെന്റ് ഹൈസ്കൂൾ അധ്യാപകനായി ജോലി ചെയ്യുന്നു. സാഹിത്യകൃതികളും പുരസ്കാരങ്ങളും. കരിക്കോട്ടക്കരിയിൽ മതംമാറ്റവും അതിനോടനുബന്ധിച്ചുള്ള സ്വത്വപ്രതിസന്ധികളും വിശദമായി ചർച്ചയാകുന്നുണ്ട്. ഈ നോവലിന് ഡി.സി.കിഴക്കെമുറി ജന്മശതാബ്ദി 2014 നോവൽ മത്സരത്തിൽ പുരസ്കാരം ലഭിക്കുകയുണ്ടായി. തുടർന്ന് രാമച്ചി എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാമച്ചിക്ക് 2019 -ലെ കഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു എം.കെ. മേനോൻ എന്ന എം.കൃഷ്ണൻകുട്ടി മേനോൻ (ജൂൺ 23, 1928 - മേയ് 15, 1993) വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കൃഷ്ണൻ കുട്ടി മേനോൻ വടക്കാഞ്ചേരിക്ക് അടുത്തുള്ള കരുമത്രയിലാണ് ജനിച്ചത്. 1947-ൽ മദിരാശി സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയ അദ്ദേഹം രണ്ടുവർഷം കേരളത്തിൽ അദ്ധ്യാപകനായും നാലുവർഷം ബോംബെയിൽ ഗുമസ്തനായും ജോലിനോക്കിയശേഷം 1953-ൽ സിംഗപ്പൂരിലേക്ക് പോയി. തുടർന്നുള്ള 25 വർഷക്കാലം ഏ. എഫ്. പി എന്ന അന്താരാഷ്ട്ര വാർത്താ ഏജൻസിയുടെ കീഴിൽ ജോലിനോക്കിയ അദ്ദേഹം അതിന്റെ തെക്കുകിഴക്കനേഷ്യൻ കേന്ദ്രത്തിന്റെ ഡയറക്ടറായാണ്‌ വിരമിച്ചത്. 1977-ൽ കേരളത്തിലേക്ക് തിരിച്ചുപോന്ന ഇദ്ദേഹം 1993- അന്തരിക്കുന്നത് വരെ മലയാള സാഹിത്യത്തിലെ സജീവ സാനിധ്യമായിരുന്നു. നോവലുകളും യാത്രാവിവരണങ്ങളുമുൾപ്പെടെ നിരവധി പുസ്തകങ്ങൾ രചിച്ച അദ്ദേഹത്തിന്റെ അവകാശികൾ എന്ന കൃതി നോവൽ വിഭാഗത്തിലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കൃതിയായാണ് കരുതപ്പെടുന്നത്.

ഒരു മലയാളകവിയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി (ജനനം - ജൂൺ 2 1939 മരണം - ഫെബ്രുവരി 25 2021). ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്‌കാരികചിന്തകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു. തിരുവല്ലയിലെ ഇരിങ്ങോലിൽ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939 ജൂൺ 2-നു് വിഷ്ണുനാരായണൻ നമ്പൂതിരി ജനിച്ചു. കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ കോളേജ് അദ്ധ്യാപകനായിരുന്നു. കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിചെയ്തു. യൂണിവേഴ്‌സിറ്റി കോളേജിൽനിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തിൽ ശാന്തിക്കാരനായി പ്രവർത്തിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ പ്രവർത്തിച്ച അദ്ദഹം 1997 ൽ മില്ലിനിയം കോൺഫറൻസ് അംഗമായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം മൂന്നുവർഷമാണു അദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിച്ചത്‌. 81-ആമത്തെ വയസ്സിൽ, 2021 ഫെബ്രുവരി 25-ന് ഉച്ചയോടെ, പ്രായാധിക്യവുമായി ബന്ധപ്പെട്ട അസുഖങ്ങൾ കാരണം തിരുവനന്തപുരത്തെ തൈക്കാടുള്ള വസതിയിൽവച്ച് അദ്ദേഹം അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ സംസ്കരിച്ചു. സാവിത്രി അന്തർജനമാണ് ഭാര്യ. അദിതി, അപർണ എന്നീ രണ്ട് പെണ്മക്കളുണ്ട്.

ഉത്തരാധുനികമലയാള സാഹിത്യത്തിലെ ശ്രദ്ധേയരായ കവികളിൽ‌‌ ഒരാളാണ് വീരാൻ‌കുട്ടി. എഴ് കവിതാ സമാഹാരങ്ങൾ‌, കുട്ടികൾ‌ക്കായുള്ള മൂന്നു നോവലുകളും ഒരു കഥാപുസ്തകവും,മഴത്തുള്ളികൾ വച്ച ഉമ്മകൾ (ഒർമ്മകൾ) എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീരാൻകുട്ടിയുടെ കവിതകൾ കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ പാഠപുസ്തകമായിട്ടുണ്ട്. എസ് സി ആർ ടി മൂന്ന്,എട്ട് ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളിൽ വീരാൻ കുട്ടിയുടെ കവിത ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലിഷ്,ജർമ്മൻ,തമിഴ്,കന്നഡ,മറാഠി,ഹിന്ദി ഭാഷകളിലേക്ക് കവിതകൾ മൊഴിമാറ്റം ചെയ്യപ്പെട്ടു.Poetry International Web Magazine,Lirikline എന്നിവയിൽ കവിത പ്രസിദ്ധീകരിച്ചു.സ്വിഷ് റേഡിയോ കവിതയുടെ ജർമ്മൻ പരിഭാഷ പ്രക്ഷേപണം ചെയ്തു.

മലയാളത്തിലെ ഒരു സാഹിത്യകാരനായിരുന്നു വെട്ടൂർ രാമൻ നായർ. പാക്കനാർ വിനോദ മാസികയുടെ സ്ഥാപക പത്രാധിപരാണ് ഇദ്ദേഹം. പാലാ സഹൃദയ സമിതിയുടെ സ്ഥാപക അദ്ധ്യക്ഷനുമാണ് രാമൻ നായർ. 1919 ജൂലൈ 5ന് പാലായ്ക്ക് സമീപം മുത്തോലിയിൽ കാവനാൽ ശങ്കരപിള്ളയുടെയും പര്യാത്ത് നാരായണിയമ്മയുടെയും മകനായായി ജനിച്ചു. പുലിയന്നൂർ, കുരുവിനാൽ, കിടങ്ങൂർ എൻ.എസ്.എസ്. ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തി. 1938-ൽ സ്റ്റേറ്റ് കോൺഗ്രസ് പ്രഷോഭണത്തിൽ പങ്കാളിത്തം വഹിച്ചു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ആരംഭം 25 വർഷത്തോളം സംഘത്തിൽ പ്രവർത്തിച്ചിരുന്നു. 1956-ൽ സർക്കാർ രൂപീകരിച്ച ലൈബ്രറി അഡ്‌വൈസറി ബോർഡിൽ അംഗമായിരുന്നു. 1951 മുതൽ 12 വർഷത്തോളം സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലും പബ്ലിക്കേഷൻ കമ്മറ്റിയിലും പ്രവർത്തിച്ചു. 1962-ൽ ഇന്ത്യാ പ്രസിന്റെ മാനേജരായി സേവനമനുഷ്ഠിച്ചു. തുടർന്ന് പബ്ലിക്കേഷൻ മാനേജർ, ജനറൽ മാനേജർ എന്നീ പദവികളും വഹിച്ചു. ഏതാനും വർഷം ഭാരതചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി സേവനം ചെയ്തു. കേരളസാഹിത്യ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിൽ 6 വർഷവും ജനറൽ കൗൺസിലിൽ 3 വർഷവും അംഗമായിരുന്നു. കേരള സാഹിത്യപരിഷത്തിന്റെ വൈസ് പ്രസിഡന്റായി രാമൻ നായർ പ്രവർത്തിച്ചു. കേരള ഫിലിം ചേംബറിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായി 1979 വർഷത്തിൽ അംഗമായിരുന്നു. 1975 മുതൽ 25 വർഷത്തോളം പാക്കാനാർ മാസികയുടെ പത്രാധിപരായിരുന്നു ഇദ്ദേഹം. ആദ്യത്തെ നോവലായ ജീവിക്കാൻ മറന്നുപോയ സ്ത്രീ നിരവധി ഇന്ത്യൻ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. 1974-ൽ ഇതു കെ.എസ്.സേതുമാധവന്റെ സംവിധാനത്തിൽ ചലച്ചിത്രമായി പുറത്തിറങ്ങി. പാലാ സഹൃദയ സമിതിയുടെ തന്നെ സഹൃദയ ബുക്സിന്റെ എം.ഡി. ആയിരുന്നു. 2003 ഓഗസ്റ്റ് 11-ന് തൽസ്ഥാനത്തിരിക്കെ അന്തരിച്ചു.

മലയാളത്തിലെ പ്രശസ്തനായ കവിയാണ് വെണ്ണിക്കുളം ഗോപാലക്കുറുപ്പ്. ലാളിത്യവും പ്രസാദാത്മകതയുമാണു് വെണ്ണിക്കുളത്തിന്റെ കവിതകളുടെ സവിശേഷത‍. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ വെണ്ണിക്കുളം ദേശത്ത് ചെറുകാട്ടുമഠം വീട്ടിൽ 1902 മെയ് 10-നു ആണ് വെണ്ണിക്കുളം ഗോപാലക്കുറുപ്പ് ജനിച്ചത്. അച്ഛൻ പത്മനാഭക്കുറുപ്പ്. അമ്മ ലക്ഷ്മിക്കുട്ടിയമ്മ. അച്ഛൻ തന്നെയാണ് വെണ്ണിക്കുളത്തെ ബാല്യത്തിൽ പഠിപ്പിച്ചത്. സംസ്കൃതപഠനത്തിനു ശേഷം മലയാളപാഠശാലയിൽ ചേർന്നു. എഴുത്തച്ഛന്റെയും വെണ്മണിമാരുടെയും കുഞ്ചൻ നമ്പ്യാരുടെയും കൃതികൾ അദ്ദേഹം ബാല്യത്തിലേ വായിച്ചിരുന്നു. 1917-ൽ പ്രൈമറി സ്കൂളിൽ അദ്ധ്യാപകനായി. ജോലിയിലിരിക്കേ മലയാളം മുഖ്യപരീക്ഷ ജയിച്ചു. 1918-ൽ വെണ്ണിക്കുളത്ത് കെ.സി. വർഗ്ഗീസ് മാപ്പിള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മലയാളം അദ്ധ്യാപകനായി ചേർന്നു. 1932-ൽ മേപ്രാൽ മങ്ങാട്ടുവീട്ടിൽ മാധവിപ്പിള്ളയെ വിവാഹം ചെയ്തു. 1949-ൽ തിരുവനന്തപുരം മാനുസ്ക്രിപ്റ്റ് ലൈബ്രറിയിൽ ജോലി ലഭിച്ചു. ഭാഷാ ത്രൈമാസികത്തിന്റെ പത്രാധിപരായും ജോലി ചെയ്തിട്ടുണ്ട്. 1980 ഓഗസ്റ്റ് 29-നു അദ്ദേഹം അന്തരിച്ചു.

വെൺമണി പ്രസ്ഥാനത്തിലെ പ്രഥമഗണനീയനായ വെൺമണിമഹൻ നമ്പൂതിരിപ്പാട്(1844-1893) മലയാളസാഹിത്യത്തിന് വളരെയേറെ സംഭാവനകൾ നൽകിയ ഓരാളാണ്. വെൺമണി അച്ഛൻ നമ്പൂതിരിപ്പാടാണ് അച്ചൻ, അമ്മ ശ്രീദേവിയും. കദംബൻ നമ്പൂതിരി എന്നാണ് യഥാർത്ഥ പേര്. ആലുവാ താലൂക്കിലെ ചൊവ്വരയ്ക്കടുത്തുള്ള വെള്ളാരപ്പള്ളിയിൽ വെൺമണി എന്ന ഗൃഹത്തിലായിരുന്നു ജനനം. മഹാജ്ഞാനിയായ അദ്ദേഹത്തിന് ഋഗ്വേദത്തിലും അപാരമായ അറിവുണ്ടായിരുന്നു. കൊടുങ്ങല്ലൂർ കളരിയുമായുണ്ടായ സഹവാസമാണ് ഇദ്ദേഹത്തിന്റെ കവിത്വത്തെ പരിപോഷിപ്പിച്ചത്. വളരെ ചെറിയ പ്രായത്തിൽത്തന്നെ കവിത എഴുതാരംഭിച്ച അദ്ദേഹം സ്വതേയുള്ള മടിയും അലസതയും മൂലം ഭൂരിപക്ഷം കൃതികളും പൂർത്തിയാക്കിയിരുന്നില്ല. "സ്വതേതന്നെ ശുദ്ധക്കുഴിമടിയനും" "അമാന്തക്കൊടിമര"വുമാണ് താനെന്ന് അദ്ദേഹം തന്നെ പ്രസ്താവിച്ചിട്ടുണ്ട്. അതുമാത്രമല്ല, തൻറെ രചനകളൊന്നും എഴുതിസൂക്ഷിക്കുന്ന സ്വഭാവവും ഇല്ലായിരുന്നു. കവിതകൾ ചൊല്ലിരസിക്കുന്നതിലായിരുന്നു അദ്ദേഹത്തിനു കൂടുതൽ താൽപ്പര്യം.

ലളിതമലയാളത്തിന് ഭാഷാകവിതയിൽ സ്ഥാനം നല്കാൻ സഹായിച്ച വെൺമണിപ്രസ്ഥാനത്തിനു രൂപംകൊടുത്ത മലയാളകവിയായിരുന്നു വെൺ‌മണി അച്ഛൻ നമ്പൂതിരിപ്പാട് (1817 - 1891) . എറണാകുളം ജില്ലയിൽ ചൊവ്വരനിന്നും 9 കി.മീ. കിഴക്കുള്ള വെള്ളാരപ്പിള്ളി എന്ന സ്ഥലത്ത് പെരിയാറിന്റെ തീരത്തുള്ള വെൺമണി മനയ്ക്കൽ 1817-ൽ ജനിച്ചു. പരമേശ്വരൻ എന്നാണ് ശരിയായ പേര്. 1838-ൽ പൊൽപ്പായ മനയ്ക്കൽനിന്നു വിവാഹം കഴിച്ചു. ആദ്യമുണ്ടായ രണ്ടുകുട്ടികൾ മരിച്ചുപോയി. 1844-ൽ ജനിച്ച മൂന്നാമത്തെ സന്താനമാണ് പില്ക്കാലത്ത് വെൺമണിമഹൻ എന്നു പ്രസിദ്ധിയാർജിച്ച കദംബൻ നമ്പൂതിരിപ്പാട്‌. കൊടുങ്ങല്ലൂർ കോവിലകത്തു കുഞ്ഞിപ്പിള്ളത്തമ്പുരാട്ടിയേയും വെൺമണി അച്ഛൻ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിലുണ്ടായ പുത്രനാണ് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. 1880-നോടടുപ്പിച്ചാരംഭിച്ച കൊടുങ്ങല്ലൂർക്കളരിയിലെ ഭാഷാമേധാവി വെൺമണി അച്ഛനായിരുന്നു; സംസ്കൃതാചാര്യൻ കുംഭകോണം കൃഷ്ണശാസ്ത്രികളും. ഭാഷാകവിതയിലും സംസ്കൃതത്തിലും പരിശീലനം നല്കുക, കവിതാമത്സരങ്ങളും സമസ്യാപൂരണങ്ങളും ഏർപ്പെടുത്തുക തുടങ്ങിയവയായിരുന്നു കൊടുങ്ങല്ലൂർക്കളരിയുടെ ഉദ്ദേശ്യം. ഈ സ്ഥാപനം പത്തുകൊല്ലത്തോളം അവിഘ്നം പ്രവർത്തിച്ചു. 1890 ആയപ്പോഴേക്കും വെൺമണി അച്ഛന് വാതരോഗം പിടിപെട്ടു. വയസ്കര മൂസ്സിന്റെ ചികിത്സ ഫലവത്തായില്ല. 1891-ൽ ഇദ്ദേഹം നിര്യാതനായി. വെൺമണി അച്ഛനും അമ്പാടി കുഞ്ഞുകൃഷ്ണപൊതുവാളും ചേർന്നു രചിച്ച കൃതിയാണ് കവികളെ പഴങ്ങളോടുപമിക്കുന്ന കവിപക്വാവലി. നളചരിതം വഞ്ചിപ്പാട്ട്, പറയൻഗണപതി എന്നിവയാണ് അച്ഛന്റെ ഭാഷാകൃതികൾ. പലതും തുടങ്ങിവച്ചെങ്കിലും ഒന്നും മുഴുമിപ്പിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. രാമേശ്വരം യാത്രയെക്കുറിച്ച് ആറുശ്ളോകങ്ങൾ, ഒരു ഹർജി, ഒറ്റപ്പെട്ട ഏതാനും കീർത്തനങ്ങൾ, ശൃംഗാരശ്ളോകങ്ങൾ, അടിയറശ്ളോകങ്ങൾ എന്നിങ്ങനെ തൊണ്ണൂറോളം ശ്ളോകങ്ങൾ മാത്രമേ വെൺമണി അച്ഛന്റേതായി ലഭിച്ചിട്ടുളളു. ഇദ്ദേഹത്തിന്റെ ഓമനക്കുട്ടൻ ഗോവിന്ദൻ എന്നുതുടങ്ങുന്ന പാട്ടിന് കേരളത്തിലെ ഗാനസാഹിത്യത്തിൽ അതിപ്രധാനമായ സ്ഥാനമാണുള്ളത്. ഇവയിലെല്ലാം കാണുന്ന ശബ്ദപ്രയോഗം സരളവും ഭാഷാപദങ്ങളുടെ പ്രാചുര്യവും മലയാളകവിതയിൽ പുതിയൊരു വഴിത്താരയുടെ തുടക്കം കുറിച്ചു.

മലയാളകവിയും ആയുർവേദ വൈദ്യരുമായിരുന്നു വെളുത്തേരി കേശവൻ വൈദ്യർ. ഇദ്ദേഹം 1839ൽ തിരുവനന്തപുരത്തെ മണക്കാട്ട് ജനിച്ചു. തിരുവിതാംകൂർ രാജാവിന്റെ കൊട്ടാരം വൈദ്യനായി നിയമിതനാവുകയും കുവലയാനന്ദ തർജമയുടെ പേരിൽ രാജാവിന്റെ കൈയിൽനിന്നും വീരശൃംഖല നേടുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹം കേരളത്തിലെ പലഭാഗളിലുമുള്ള ആയുർവേദ പണ്ഡിതന്മാരുടെ ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ട്. കൊല്ലവർഷം 1053-ൽ, ശ്രീനാരായണഗുരു സംസ്കൃതം പഠിക്കാനായി, കരുനാഗപ്പള്ളി താലൂക്കിൽ പുതുപ്പള്ളി കുമ്മംപള്ളിൽ രാമൻപിള്ള ആശാന്റെ അടുക്കലേക്കു പോയപ്പോൾ തിരുവനന്തപുരം പെരുനെല്ലി കൃഷ്ണൻവൈദ്യർ, വെളുത്തേരി കേശവൻ വൈദ്യർ തുടങ്ങിയവർ സഹാധ്യായികളായിരുന്നു എന്ന് കുമാരനാശാൻ സൂചിപ്പിച്ചിട്ടുണ്ട്. 1887ൽ സരസകവി മൂലൂർ എഴുതിയ 'കവിരാമായണം' എന്ന കൃതിയിൽ വെളുത്തേരിയെ പരാമർശിക്കുന്നുണ്ട്.(35-ാം ശ്ലോകം). 1896ൽ ഇദ്ദേഹം അന്തരിച്ചു.

പ്രശസ്തനായ പത്രപ്രവർത്തകനും ഉപന്യാസകാരനും ചെറുകഥാകൃത്തും നിരൂപകനുമായിരുന്നു വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (ജീവിതകാലം: 1861- 14 നവംബർ 1914). മലയാളത്തിലെ ആദ്യത്തെ ചെറുകഥയായ വാസനാവികൃതി എഴുതിയത് അദ്ദേഹമാണ്. കേസരി, വജ്രസൂചി, വജ്രബാഹു എന്നീ തൂലികാനാമങ്ങളിൽ അദ്ദേഹം കൃതികൾ പ്രസിദ്ധീകരിച്ചിരുന്നു. അക്കാലത്ത് കേരളത്തിൽ നിലവിലുണ്ടായിരുന്ന സാമൂഹ്യവ്യവസ്ഥയെ, പ്രത്യേകിച്ചും സാമൂഹികാസമത്വത്തെ കേസരി നിശിതമായി വിമർശിച്ചിരുന്നു. ഒരു ബാ‍രിസ്റ്റർ എന്ന നിലയിൽ അദ്ദേഹം 1913ൽ മദ്രാ‍സ് നിയമ നിർമ്മാണസഭയിൽ കാസർഗോഡ് താലൂക്ക് മലബാറിലേയ്ക്ക് ചേർക്കുന്നതിനായി ഒരു നിർദ്ദേശം വച്ചു. പക്ഷേ കർണ്ണാടകത്തിന്റെ ശക്തമായ എതിർപ്പുമൂലം അത് അംഗീകരിക്കപ്പെട്ടില്ല പിന്നീട് 1956 നവംബർ 1-നു കാസർഗോഡ് കേരളത്തിന്റെ ഭാഗമായിമാറി.

ഒരു മലയാള ഹാസ്യസാഹിത്യകാരനാണ് വേളൂർ കൃഷ്ണൻകുട്ടി. ഇദ്ദേഹം നൂറ്റമ്പതിലധികം ഹാസ്യകൃതികളുടെ കർത്താവാണു്. കോട്ടയത്തു് വേളൂരിൽ നടുവിലേക്കരവീട്ടിൽ ജനിച്ചു (ജനനം:1933 മരണം: ഓഗസ്റ്റ് 22, 2003 ). പിതാവിന്റെ പേര് എൻ. എൻ. കുഞ്ഞുണ്ണി, മാതാവ് പാർവ്വതിയമ്മ. ഭാര്യയുടെ പേര് ശാന്ത.

മലയാളത്തിലെ പ്രശസ്തനായ ഒരു നോവലിസ്റ്റും നാടകകൃത്തും പത്രപ്രവർത്തകനുമായിരുന്നു വൈക്കം ചന്ദ്രശേഖരൻ നായർ (1920 - 12 ഏപ്രിൽ 2005). 1980-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ വൈക്കത്ത് പി. കൃഷ്ണപിള്ളയുടെയും പാർവ്വതി അമ്മയുടെയും മകനായി ജനിച്ചു. സി.എം.എസ്‌. കോളജിൽ പഠിക്കുമ്പോൾ രാഷ്‌ട്രീയത്തിൽ ആകൃഷ്ടനായി. കോളേജിൽ നിന്ന് പുറത്താക്കപ്പെട്ടു. പത്രപ്രവർത്തനരംഗത്തിറങ്ങിയ അദ്ദേഹം കേരളഭൂഷണം, മലയാളമനോരമ, പൗരപ്രഭ, കേരളം, ജനയുഗം, കൗമുദി, ചിത്രകാർത്തിക, കുങ്കുമം, കുമാരി തുടങ്ങിയ ആനുകാലികങ്ങളിൽ പ്രവർത്തിച്ചു. കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ സാഹിത്യ-സാംസ്‌കാരിക വിഭാഗത്തിൽ സജീവമായ ഇദ്ദേഹം ജനയുഗം പത്രത്തിന്റെയും വാരികയുടെയും ആരംഭപ്രവർത്തകരിൽ ഒരാളാണ്. കമ്മ്യൂണിസത്തോടൊപ്പം ദാർശനിക ചിന്തകളിലും അദ്ദേഹം താത്പര്യം പുലർത്തിയിരുന്നു. വേദേതിഹാസങ്ങളുൾപ്പെടെയുള്ള ഭാരതീയദർശനങ്ങളിലും പാശ്ചാത്യ ദർശനങ്ങളിലും നിരന്തരപഠനം നടത്തിയിട്ടുണ്ട്. നിരവധി നോവലുകളുടെ രചയിതാവാണ് വൈക്കം ചന്ദ്രശേഖരൻ നായർ. മലയാള നോവൽ സാഹിത്യത്തിന്റെ ആരംഭദശയിൽ സജീവമായിരുന്ന ചരിത്രാഖ്യായികളെ ഒരു ഇടവേളക്കു ശേഷം മടക്കിക്കൊണ്ടു വന്നത് വൈക്കമാണെന്നു പറയാം. അദ്ദേഹത്തിന്റെ പ്രശസ്തനോവലായ പഞ്ചവൻകാട് വേണാട്ടു ചരിത്രത്തിന്റെ ഉദ്വേഗജനകമായ പുനരാഖ്യാനമാണ്. തിരുവിതാംകൂറിന്റെ ചരിത്രവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് നാഗമ്മ എന്ന നോവലിലും പശ്ചാത്തലമാകുന്നത്. കേരളത്തിലെ രാഷ്ട്രീയപ്രക്ഷോഭങ്ങൾ പ്രമേയമാക്കിയ നോവലാണ് നഖങ്ങൾ എങ്കിൽ ജനിമൃതികളെ ദാർശനിക ഭാവത്തോടെ സസൂക്ഷ്മം വീക്ഷിക്കുന്ന നോവലാണ് സ്മൃതികാവ്യം. ബൈബിളിലെ ഉത്പത്തി പുസ്തകത്തിലെ കായേന്റെയും ഹാബേലിന്റെയും കഥയെ ആധാരമാക്കി കയീന്റെ വംശം എന്നൊരു നോവലും വൈക്കം രചിച്ചിട്ടുണ്ട്. ഒരേ സമയം പല പേരുകളിൽ അദ്ദേഹം എഴുതിയിരുന്നു. വത്സല എം.എ സാത്യകി, പ്രതാപ ചന്ദ്രൻ, ഫിലോമിനാ മാത്യു എന്നിങ്ങനെ നിരവധി പേരുകളിൽ ആദ്ദേഹം എഴുതിയിരുന്നു. വൈക്കത്തിന്റ നോവലുകളെപ്പോലെ തന്നെ അദ്ദേഹത്തിന്റെ നാടകങ്ങളും ശ്രദ്ധേയങ്ങളായിട്ടുണ്ട്. പന്ത്രണ്ടിലേറെ നാടകങ്ങൾ രചിച്ചിട്ടുണ്ട്. ജാതൂഗൃഹം എന്ന നാടകത്തിന് 1980-ലെ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. അദ്ദേഹത്തിന്റെ ചില കൃതികൾ ചലച്ചിത്രങ്ങളായിട്ടുണ്ട്. ഇതിനു പുറമേ അനാർക്കലി തുടങ്ങിയ ചലച്ചിത്രങ്ങളുടെ തിരക്കഥാരചനയും നിർവ്വഹിച്ചിട്ടുണ്ട്. മാധവിക്കുട്ടി എന്ന തിരക്കഥയ്ക്ക് അവാർഡ് ലഭിച്ചിട്ടുണ്ട്.നല്ല ചിത്രകാരൻ കൂടിയായ വൈക്കം സംഗീതം, അഭിനയം എന്നീ മേഖലകളിലും കഴിവുകൾ തെളിയിച്ചിട്ടുണ്ട്. കെ.പി.എ.സി. യിൽ ഇടയ്ക്ക് അഭിനേതാവായും പ്രലർത്തിച്ചു. 1978 മുതൽ 1981 വരെ കേരള സംഗീത നാടക അക്കാദമി ചെയർമാനായി പ്രവർത്തിച്ചിരുന്നു.

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ. സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു, കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും, ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ, വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർ മാത്രം നായകൻമാരാവുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്നും നോവലുകൾക്ക് മോചനം നൽകിയത് ബഷീറാണ്. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്‌ലിം സമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.

ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോൻ (ജീവിതകാലം: 1911 മെയ്‌ 11 - 1985 ഡിസംബർ 22 ). എറണാകുളം ജില്ലയിൽ തൃപ്പൂണിത്തറയിൽ കൊച്ചുകുട്ടൻ കർത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു, സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം 1931-ൽ അധ്യാപനവൃത്തിയിൽ പ്രവേശിച്ചു. ഭാനുമതിയമ്മയെ വിവാഹം ചെയ്തു. രണ്ട്‌ ആൺമക്കൾ, ശ്രീകുമാർ, വിജയകുമാർ. 1966-ൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായാണ്‌ വിരമിച്ചത്‌. മലയാളിയുടെ ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളിൽ രൂപകങ്ങളുടെ വിരലുകൾകൊണ്ട്‌ സ്പർശിച്ച കവിയാണ്‌ വൈലോപ്പിള്ളി. എല്ലാ മരുഭൂമികളെയും നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനെപ്പോലെ മലയാളിയുടെ വയലുകൾക്കും തൊടികൾക്കും സഹ്യപർവ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകൾക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നൽകിയ വൈലോപ്പിള്ളി, കേരളത്തിന്റെ പുൽനാമ്പിനെ നെഞ്ചിലമർത്തിക്കൊണ്ട്‌ എല്ലാ സമുദ്രങ്ങൾക്കും മുകളിൽ വളർന്നു നിൽക്കുന്നു. മാമ്പൂവിന്റെ മണവും കൊണ്ടെത്തുന്ന വൃശ്ചികക്കാറ്റ്‌ മലയാളിയുടെ ഓർമ്മകളിലേക്ക്‌ സങ്കടത്തിന്റെ ഒരശ്രുധാരയും കൊണ്ടുവരുന്നുണ്ട്‌. വൈലോപ്പിള്ളിയുടെ മാമ്പഴത്തിലൂടെ മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം, ഒരു പക്ഷേ, ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേക്ക്‌ തിരിച്ചുപോയ പുത്രന്മാരുടെയും ജനപദങ്ങളുടെയും ഖേദമുണർത്തുന്നു. ഈ മഹാകവി തുടർന്ന് രക്തസ്രാവം കാരണം 1985 ഡിസംബർ 22-ന്‌ അന്തരിച്ചു.

ഒരു പ്രമുഖ മലയാള കഥാകൃത്താണ് വൈശാഖൻ എന്ന തൂലികനാമത്തിൽ അറിയപ്പെടുന്ന എം.കെ.ഗോപിനാഥൻ നായർ. 1989-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരമടക്കമുള്ള വിവിധ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. എ.വി.കൃഷ്‌ണക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും പുത്രനായി 1940 ജൂണിൽ ജനിച്ചു. എറണാകുളം മഹാരാജാസ്‌, സെന്റ് ആൽബർട്‌സ്‌, മൂവാറ്റുപുഴ നിർമ്മല എന്നിവിടങ്ങളായി വിദ്യാഭ്യാസം. 1964-ൽ ദക്ഷിണ റെയിൽവേയിൽ സ്‌റ്റേഷൻമാസ്‌റ്റർ . നാല്‌ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിലായി ഇരുപത്‌ വർഷം റെയിൽവേയിൽ സേവനം അനുഷ്ഠിച്ചു. 1984-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും സ്വയം വിരമിച്ചു. പദ്‌മയാണ് ഭാര്യ. പ്രവീൺ, പ്രദീപ്‌, പൂർണിമ എന്നിവർ മക്കളും.

മലയാള സാഹിത്യകാരനായ ശത്രുഘ്നൻ 1947-ലാണ് ജനിച്ചത്. ബി. കോം. ബിരുദധാരിയായ ഇദ്ദേഹം ആദ്യം എഫ്‌. എ. സി. ടി. യിൽ ഉദ്യോഗസ്ഥനായിരുന്നു. പിന്നീട്‌ പന്ത്രണ്ടു കൊല്ലത്തോളം ഗൾഫിൽ ജോലി ചെയ്തു. 1989 മുതൽ മാതൃഭൂമി ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സഹപത്രാധിപരായി പ്രവർത്തിക്കുന്നു. ഭാര്യ: അമ്മു. ഇവർക്കൊരു മകളുണ്ട്.

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖനാണു് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്.കവിതകളും,ലേഖനങ്ങളും,ടെലീസീരിയലുകൾക്ക് തിരക്കഥയും രചിക്കാറുണ്ട്. 1963 ഒക്ടോബർ 29-ന് കണ്ണൂർ ജില്ലയിലെ വളപട്ടണത്ത് പൊയ്ത്തും കടവിൽ ജനിച്ചു.പിതാവ് സി.പി. ഇബ്രാഹിം, മാതാവ്:ഖദീജ.ഹിദായത്തുൽ ഇസ്ലാം എൽ.പി സ്കൂൾ,രാമജയം യു.പി.സ്കൂൾ,വളപട്ടണം ഗവ.സ്കൂൾ, അഴീക്കോട് ഹൈസ്കൂൾ,ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം.ഭാര്യ:നജ്മ.എം.കെ,മക്കൾ:റസൽ,റയ്ഹാൻ,റിയാ റസിയ,സഹീർ.യുണൈറ്റഡ് അറബ് എമിറേറ്റിലെ ദുബൈയിൽ പത്രപ്രവർത്തകനായി കുറച്ചുകാലം ജോലിനോക്കിയ ശിഹാബുദ്ദീൻ ഇപ്പോൾ ചന്ദ്രിക വാരികയുടെ പത്രാധിപരാണ്. അദ്ദേഹത്തിന്റെ 'തിരഞ്ഞെടുത്ത കഥകൾ'ക്ക് 2007-ലെ കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്. പി. പത്മരാജൻ പുരസ്കാരം, എസ്.ബി.ടി. അവാർഡ്, അബുദാബി മലയാളി സമാജം അവാർഡ്, ശക്തി അവാർഡ് എന്നിവ നേടിയിട്ടുള്ള അദ്ദേഹത്തിന്റെ കഥകൾ വിവിധ സർവ്വകലാശാലകളിൽ പാഠപുസ്തകമായിട്ടുണ്ട്. പി.എൻ മേനോൻ സംവിധാനം നിർവഹിച്ച് ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്ത ആദ്യ മെഗാസീരിയലുകളിലൊന്നായ "കസവി"ന്റെ തിരക്കഥ ശിഹാബുദ്ദീനാണ് എഴുതിയത്.

മലയാളത്തിലെ പ്രമുഖ വ്യാകരണപണ്ഡിതരിൽ ഒരാളാണു് ശേഷഗിരി പ്രഭു എന്നറിയപ്പെടുന്ന മാധവ ശേഷഗിരി പ്രഭു. കൊങ്കണിയായിരുന്നു അദ്ദേഹത്തിന്റെ മാതൃഭാഷയെങ്കിലും മലയാളഭാഷയിലും വ്യാകരണത്തിലും അദ്ദേഹം അതീവ തത്പരനായിരുന്നു. 'വ്യാകരണമിത്രം' എന്ന മലയാളവ്യാകരണ ഗ്രന്ഥം അദ്ദേഹമാണു് രചിച്ചതു്. വ്യാകരണപഠനം കുട്ടികൾക്ക് ലളിതമായി പറഞ്ഞുകൊടുക്കാനും മനസ്സിലാക്കാനും ഉതകുന്ന തരത്തിൽ പുസ്തകങ്ങൾ രചിച്ചു എന്നതാണ് ശേഷഗിരി പ്രഭുവിന്റെ മേന്മ.

പ്രൗഢഗംഭീരമായ ശബ്ദതാരാവലിയെന്ന ബൃഹദ്നിഘണ്ടുവിന്റെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരനാണ് ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള. ശ്രീകണ്ഠേശ്വരം എന്ന ചുരുക്കപ്പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. തുള്ളൽക്കഥകളിലായിരുന്നു പ്രധാന കമ്പം. കിട്ടാവുന്ന പുസ്തകങ്ങളൊക്കെ സംഘടിപ്പിച്ച് വായിക്കുകയും അഭിനയിക്കുകയും ചെയ്തുപോന്നു. ഇക്കാലത്താണ് മെട്രിക്കുലേഷൻ പരീക്ഷയിൽ തോൽവി പിണയുന്നത്. അച്ഛനും അമ്മയും മരിച്ചതോടെ തീർത്തും നിസ്സഹായനായ പത്മനാഭൻ ഗ്രന്ഥരചനയിലേക്കു തിരിഞ്ഞു. ആദ്യ കൃതി ബാലിവിജയം എന്ന തുള്ളൽ കൃതിയായിരുന്നു. പിന്നീട് ധർമ്മഗുപ്ത വിജയം ആട്ടക്കഥ എഴുതി. അറുപതോളം കൃതികളുടെ കർത്താവാണ് ശ്രീ. ശ്രീകണ്ഠേശ്വരം. ഭാഷാവിലാസം എന്നൊരു മാസിക അദ്ദേഹം നടത്തിവന്നിരുന്നു. പത്മനാഭപ്പിള്ളയുടെ മാസ്‌റ്റർ‌പീസ് എന്നു പറയുന്നത്, ഇരുപത് വർഷത്തെ കഠിനാധ്വാനം കൊണ്ടു പുറത്തിറങ്ങിയ ശബ്ദതാരാവലിയെന്ന നിഘണ്ടു തന്നെയാണ്.

മലയാളസാഹിത്യ-ചലച്ചിത്ര-ടെലിവിഷൻ മേഖലകളിലെ ഒരു പ്രശസ്ത വ്യക്തിത്വമാണ് ശ്രീകുമാരൻ തമ്പി (ജനനം:1940 മാർച്ച് 16). കവി, നോവൽ രചയിതാവ്, ചലച്ചിത്രഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീതസംവിധായകൻ, ടെലിവിഷൻ നിർമ്മാതാവ് എന്നിങ്ങനെ വിവിധമേഖലകളിൽ അദ്ദേഹം തനതായ വ്യക്തിമുദ്രപതിപ്പിച്ചു. ഏകദേശം മൂവായിരത്തിലധികം മലയാളചലച്ചിത്രഗാനങ്ങൾ ശ്രീകുമാരൻ തമ്പി രചിച്ചിട്ടുണ്ട്. പ്രണയഗാനങ്ങളെഴുതുന്നതിൽ അസാമാന്യവൈഭവം പുലർത്തിപ്പോരുന്ന ഇദ്ദേഹം ഹ്യദയഗീതങ്ങളുടെ കവി എന്നും അറിയപ്പെടുന്നു. വയലാർ രാമവർമ്മ, പി. ഭാസ്കരൻ, ഒ.എൻ.വി. കുറുപ്പ് എന്നിവർക്കൊപ്പം മലയാളചലച്ചിത്രഗാനശാഖയെ സമ്പുഷ്ടമാക്കിയ കവികളിലൊരാളായി അദ്ദേഹം വിലയിരുത്തപ്പെടുന്നു. മുപ്പത് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം എഴുപത്തെട്ട് സിനിമകൾക്കു വേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. കൂടാതെ ഇരുപത്തിരണ്ട് ചലച്ചിത്രങ്ങളും ആറ് ടെലിവിഷൻ പരമ്പരകളും നിർമ്മിച്ചിട്ടുണ്ട്. നാല് കവിതാസമാഹരങ്ങളുടേയും രണ്ടു നോവലുകളുടേയും രചയിതാവു കൂടിയാണ് അദ്ദേഹം. ചലച്ചിത്രങ്ങൾക്കു പുറമേ, ടെലിവിഷൻ പരമ്പരകൾക്കായും സംഗീത ആൽബങ്ങൾക്കായും ശ്രീകുമാരൻ തമ്പി ഗാനരചന നടത്തിയിട്ടുണ്ട്. ചലച്ചിത്രരംഗത്തെ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുള്ള ശ്രീകുമാരൻ തമ്പി, ചലച്ചിത്ര-സാഹിത്യരംഗത്തെ സംഘടനകളുടെ നേതൃസ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. മലയാള സിനിമാരംഗത്തെ സമഗ്ര സംഭാവനകൾക്കായി നൽകപ്പെടുന്ന ജെ.സി. ഡാനിയേൽ പുരസ്കാരത്തിന് ശ്രീകുമാരൻ തമ്പിയെ തെരഞ്ഞെടുത്തിരുന്നു. അഞ്ചുലക്ഷം രൂപയോടൊപ്പം ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 2018 ആഗസ്റ്റ് 18 നു തിരുവനന്തപുരത്ത് നടന്ന സിനിമാ അവാർഡ് ദാനച്ചടങ്ങിൽ അദ്ദേഹത്തിനു സമർപ്പിക്കപ്പെട്ടു. സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും വലിയ പുരസ്കാരമാണിത്.

മലയാളചെറുകഥാകൃത്തും നോവലിസ്റ്റുമാണ് പോൾ സക്കറിയ എന്ന സക്കറിയ. 1945 ജൂൺ അഞ്ചിന് മീനച്ചിൽ താലൂക്കിലെ പൈകയ്ക്കു സമീപം ഉരുളികുന്നത്ത് ജനിച്ചു. മുണ്ടാട്ടുചുണ്ടയിൽ കുഞ്ഞച്ചനും ത്രേസ്യാക്കുട്ടിയും മാതാപിതാക്കൾ. ഉരുളികുന്നം, കുരുവിക്കൂട് കവലയിലെ എസ്.ഡി.എൽ.പി. സ്കൂളിലാണ് നാലാം തരം വരെ വിദ്യ അഭ്യസിച്ചത്. ഹൈസ്കൂൾ വിദ്യാഭ്യാസം വിളക്കുമാടം സെന്റ് ജോസഫ് സ്കൂളിൽ പൂർത്തിയാക്കി. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ബാംഗ്ലൂർ എം ഇ എസ് കോളജിലും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലും അധ്യാപകനായിരുന്നു. ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്നു. സക്കറിയയുടെ 'ഭാസ്കരപട്ടേലരും എന്റെ ജീവിതവും' എന്ന നോവലൈറ്റ് അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് വിധേയൻ (1993).ലൈബ്രറി ഓഫ് കോൺഗ്രസിന്റെ പുസ്തകശേഖരത്തിൽ സകറിയയുടെ പതിമൂന്ന് കൃതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. തീവ്രദേശീയതക്കെതിരെയും മതതീവ്രവാദത്തിനെതിരെയും ഉള്ള സക്കറിയയുടെ ശക്തമായ നിലപാടുകൾ സംഘ് പരിവാർ പോലുള്ള സംഘടനകളുടെ രൂക്ഷമായ എതിർപ്പിന്‌ വഴിവെച്ചു. 2010 ജനുവരി 10-ന്‌ പയ്യന്നൂരിൽ വെച്ച് ഒരു പുസ്തക പ്രകാശന ചടങ്ങിനിടയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതൃത്വത്തെ പറ്റി നടത്തിയ പരാമർശങ്ങളെത്തുടർന്ന് ഒരു കൂട്ടം സി. പി. ഐ (എം) പ്രവർത്തകരോ അനുയായികളൊ ആണെന്നു കരുതപ്പെടുന്ന സദസ്യർ സക്കറിയയെ ചോദ്യം ചെയ്യുകയും ശാരീരികാക്രമണത്തിനു മുതിരുകയും ചെയ്തു.

മലയാളത്തിലെ ഒരു കവിയാണ് സച്ചിദാനന്ദൻ (ജനനം:[മേയ് 28], 1946 - ). തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ഇദ്ദേഹം ജനിച്ചത്. ജനകീയ സാംസ്കാരിക വേദിയിലെ സജീവ പങ്കാളിയായിരുന്ന സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2010-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ട അം ഗത്വം നൽകി ആദരിച്ചു. 2012ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് "മറന്നുവെച്ച വസ്തുക്കൾ" എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ Indian Literature ന്റെ എഡിറ്ററായിരുന്നു. 1946മേയ്‌ 28-നു തൃശ്ശൂർ ജില്ലയിൽ ജനിച്ചു. തർജ്ജമകളടക്കം 50-ഓളം പുസ്തകങ്ങൾ രചിച്ചു. തന്റെ തനതായ ശൈലിയിലൂടെ, വിശ്വസാഹിത്യത്തിലെ പുരോഗമന ശബ്ദങ്ങളായ അന്റോണിയോ ഗ്രാംഷി, പാബ്ലോ നെരൂദ, മെഹ്മൂദ് ഡാർവിഷ്, യെഹൂദ അമിച്ചായി, യൂജിനിയോ മൊണ്ടേൽ തുടങ്ങിയവരുടെ രചനകളെ, കേരളത്തിലെ സാഹിത്യ പ്രേമികൾക്കു പരിചയപ്പെടുത്തി. 1989, 19982000, 2009,2012 വർഷങ്ങളിൽ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹനായി..1995 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഇംഗ്ലിഷ് പ്രൊഫെസർ ആയി ജോലി നോക്കി. 1996 മുതൽ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേർസിറ്റിയിൽ ട്രാൻസ്ലേഷൻ വകുപ്പിൽ പ്രൊഫസ്സറും വകുപ്പു മേധാവിയും

പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനാണ് സഞ്ജയൻ. സഞ്ജയൻ എന്നത് തൂലികാനാമമാണ്, യഥാർത്ഥ‍ നാമം മാണിക്കോത്ത് രാമുണ്ണിനായർ (എം. ആർ. നായർ) എന്നാണ്. (ജനനം: 1903 ജൂൺ 13 - മരണം: 1943 സെപ്റ്റംബർ 13). തലശ്ശേരിക്കടുത്ത് 1903 ജൂൺ 13-നു ജനിച്ചു. തന്റെ കൃതികളിൽ സഞ്ജയൻ, പാറപ്പുറത്തു സഞ്ജയൻ, പി.എസ്. എന്നിങ്ങനെ പലപേരിലും അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നുണ്ട്. 1927-ൽ ലിറ്ററേച്ചർ ഓണേഴ്സ് ജയിച്ച സഞ്ജയൻ 1936-ലാണ് പ്രശസ്തമായ "സഞ്ജയൻ" എന്ന ഹാസ്യസാഹിത്യമാസിക ആരംഭിക്കുന്നത്. 1938 മുതൽ 1942 വരെ മലബാർ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായിരുന്ന കാലത്താണ് വിശ്വരൂപം എന്ന ഹാസ്യസാഹിത്യമാസിക പ്രസിദ്ധീകരിക്കുന്നത്. 1935 മുതൽ 1942 വരെ കോഴിക്കോട് കേരളപത്രികയുടെ പത്രാധിപനായിരുന്ന സഞ്ജയന്റെ പ്രധാനകൃതികൾ സാഹിത്യനികഷം (രണ്ട് ഭാഗങ്ങൾ), സഞ്ജയൻ (ആറ് ഭാഗങ്ങൾ), ഹാസ്യാഞ്ജലി, ഒഥല്ലോ (വിവർത്തനം) തുടങ്ങിയവയാണ്. അദ്ദേഹത്തിന്റെ സഞ്ജയോപഖ്യാനമെന്ന കവിതയും പ്രസിദ്ധമാണ്. കുഞ്ചൻ നമ്പ്യാർക്കു ശേഷമുള്ള മലയാളത്തിലെ വലിയ ഹാസ്യസാമ്രാട്ടായിട്ടാണ് സഞ്ജയൻ അറിയപ്പെടുന്നത്. കവി, പത്രപ്രവർത്തകൻ, നിരൂപകൻ, തത്ത്വചിന്തകൻ, ഹാസ്യപ്രതിഭ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. പരിഹാസപ്പുതുപനിനീർച്ചെടിക്കെടോ ചിരിയത്രേ പുഷ്പം,ശകാരം മുള്ളു താൻ എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം.

പ്രമുഖ മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് സതീഷ്ബാബു പയ്യന്നൂർ(ജനനം : 1963). 2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ പുരസ്കാരം നേടിയിട്ടുണ്ട്. പാലക്കാട്‌ ജില്ലയിലെ പത്തിരിപ്പാലയിൽ ജനിച്ചു. കാഞ്ഞങ്ങാടു് നെഹ്രു കോളേജിലേയും തുടർന്നു് പയ്യന്നൂരിലെ കോളജ്‌ വിദ്യാഭ്യാസത്തിനുശേഷം സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവൻകൂറിൽ ഉദ്യോഗസ്ഥനായി. കാസർകോട്‌ ‘ഈയാഴ്‌ച’ വാരികയുടെ എഡിറ്ററായും പ്രവർത്തിച്ചു. രണ്ടു കഥാസമാഹാരങ്ങളും ഏഴു നോവലുകളും പ്രസിദ്ധീകരിച്ചു. കേരള ചലച്ചിത്ര അക്കാദമി അംഗമായി പ്രവർത്തിച്ചു. നിരവധി ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്‌തിട്ടണ്ട്.

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളാണ്‌ സന്തോഷ് ഏച്ചിക്കാനം. ചെറുകഥാ രചനക്കു പുറമേ സിനിമ, സീരിയൽ രംഗത്തും പ്രവർത്തിക്കുന്നു. ചെറുകഥാസമാഹാരത്തിനുള്ള 2008-ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരം അങ്ങനെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ ഏച്ചിക്കാനത്ത് 1971-ൽ ജനനം.അച്ഛൻ എ.സി. ചന്ദ്രൻ നായർ, അമ്മ കെ ശ്യാമള. മലയാളത്തിൽ ബിരുദവും കേരള പ്രസ് അക്കാദമിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. ഭാര്യ: ജൽസ മേനോൻ മകൻ:മഹാദേവൻ

കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളിലൊരാളായിരുന്നു സഹോദരൻ അയ്യപ്പൻ (ജീവിതകാലം: 21 ഓഗസ്റ്റ് 1889 - 6 മാർച്ച് 1968). ഒരു ജാതി ഒരു മതം മനുഷ്യന് എന്ന ശ്രീനാരായണഗുരുവിന്റെ വാക്യങ്ങളെ സാക്ഷാത്കരിക്കാൻ ശ്രമിച്ച വ്യക്തിയായിരുന്നു സഹോദരൻ അയ്യപ്പൻ. ഓജസ്സ് നഷ്ടപ്പെട്ട അപകടകരങ്ങളായ ആശയങ്ങളെ നവീകരിച്ച് ജാതിരഹിതവും വർഗ്ഗരഹിതവുമായ പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ പരിശ്രമിച്ച ഒരു നവോത്ഥാനനായകൻ കൂടിയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിന്റെ മനുഷ്യദർശനത്തെ ശാസ്ത്രീയതയുടെയും യുക്തിചിന്തയുടെയും അടിസ്ഥാനത്തിൽ വിപുലീകരിച്ച് രാഷ്ട്രീയ പ്രയോഗമാക്കി മാറ്റുകയായിരുന്നു അയ്യപ്പൻ. ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം, തൊട്ടുകൂടാത്തവരായി അവഗണിക്കപ്പെട്ടിരുന്ന ദളിതരെ ചേർത്ത് മിശ്രഭോജനം നടത്തി. സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാ സമരം ചെയ്തു. ശ്രീ നാരായണഗുരുവിന്റെ "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്ന സുപ്രസിദ്ധമായ ആപ്തവാക്യം ഗുരുവിന്റെ അംഗീകാരത്തോടെ "ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്", എന്ന് അദ്ദേഹം ഭേദഗതി വരുത്തി. കൊച്ചി നിയമസഭയുടെ 1928-ൽ രണ്ടാം തിരഞ്ഞെടുപ്പിൽ തെക്കേ ഈഴവ മണ്ഡലത്തിൽ നിന്നും ജയിച്ച് അയ്യപ്പൻ നിയമസഭയിലെത്തി. നിയമസഭാസാമാജികൻ എന്ന നിലയിൽ അവശരേയും പാവങ്ങളേയും ഉദ്ധരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെട്ടു. ഗാന്ധിജിയുടെ ആദർശങ്ങളോട് പൂർണ്ണമായും യോജിച്ചില്ലെങ്കിലും, ഗാന്ധി എന്ന മനുഷ്യനെ അയ്യപ്പൻ ആരാധിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് താൽപര്യമുള്ളയാളായിരുന്നു അയ്യപ്പൻ. ലോകസംഭവങ്ങളെ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്ന അയ്യപ്പനിൽ മിശ്രഭോജനം എന്ന വിപ്ലവകരമായ കാര്യം ചെയ്യാൻ, അതിനും ഏതാനും മാസങ്ങൾക്കു മുമ്പു നടന്ന റഷ്യൻവിപ്ലവത്തിന്റെ ആദ്യഘട്ടവും ഒരു കാരണമായിരിക്കാം. 1920കൾ മുതൽ ദേശീയമായി പടർന്നു പന്തലിച്ച അംബേദ്കർ പ്രസ്ഥാനത്തോട് ഐക്യപ്പെട്ട കേരളീയനാണ് സഹോദരൻ അയ്യപ്പൻ. അതുപോലെ ബുദ്ധമത ചിന്തയെ കേരളത്തിൽ നവീകരിച്ചു കൊണ്ടുവരുന്നതിന് അദ്ദേഹം മുൻകയ്യെടുത്തു.

മലയാള കവയിത്രിയും ചിത്രകാരിയുമാണ് സാവിത്രി രാജീവൻ. 2016 ലെ കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1956 ആഗസ്റ്റ് 22 ന് ഏറനാടു താലൂക്കിൽ വീട്ടിക്കാട്ട് ഇല്ലത്ത് വീട്ടിക്കാട്ട് നാരായണൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജ്ജനത്തിൻറെയും മകളായി സാവിത്രി ജനിച്ചു. പൂക്കോട്ടൂർ ഗവ. ഹൈസ്ക്കൂൾ, മലപ്പുറം ഗവ. കോളേജ്, തിരുവനന്തപുരം വിമൻസ് കോളേജ്, ഫാക്കൽറ്റി ഓഫ് ഫൈനാർട്സ്, എം. എസ്. യൂണിവേഴ്സിറ്റി ബറോഡ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. ഇന്ത്യൻ ഭാഷകളിലും, ഇംഗ്ലീഷ്, സ്വീഡിഷ് തുടങ്ങിയ വിദേശ ഭാഷകളിലും കവിതകൾ പരിഭാഷപ്പെടുത്തി യിട്ടുണ്ട്. സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗമായിരുന്നു.

മലയാളത്തിലെ ആദ്യകാലഗദ്യരചയിതാക്കളിൽ പ്രമുഖനും മലയാളസാഹിത്യനിരൂപണത്തിന്റെ ചരിത്രത്തിലെ ആദ്യകാല വിമർശകനുമാണ് സാഹിത്യപഞ്ചാനനൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പി.കെ.നാരായണപിള്ള. സാഹിത്യവിമർശനത്തിൽ പുതിയ വഴി വെട്ടിത്തുറന്ന വിമർശകപ്രതിഭയാണ് സാഹിത്യപഞ്ചാനനൻ. കവി, ഗദ്യകാരൻ, വാഗ്മി, വിമർശകൻ, വൈയാകരണൻ, ഭാഷാഗവേഷകൻ, സമുദായ പരിഷ്കർത്താവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അദ്ദേഹം. നീലകണ്ഠ തീർത്ഥപാദരാണ് സാഹിത്യപഞ്ചാനനൻ എന്ന വിശേഷണം നല്കിയത്. കവി, ഗദ്യകാരൻ, വാഗ്മി, വൈയാകരണൻ, നിരൂപകൻ എന്നീ പഞ്ചമുഖങ്ങളോടു കൂടിയവൻ എന്ന അർത്ഥമാണ് ഇതിനുള്ളത്. കവിയും നാടകകൃത്തുമായ ടി. എൻ. ഗോപിനാഥൻ നായർ ഇദ്ദേഹത്തിന്റെ പുത്രനാണ്. 1878 മാർച്ച് 23 (കൊല്ലവർഷം 1053 മീനം 9)നു അമ്പലപ്പുഴ ആമയിട ഗ്രാമത്തിൽ കടമ്മാട്ടു കുഞ്ഞുലക്ഷ്മി അമ്മയുടേയും ആലപ്പുഴ പറവൂർ പൊഴിച്ചേരി മഠത്തിൽ ദാമോദരൻ പിള്ളയുടേയും മകനായാണ് സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള ജനിച്ചത്. അമ്പലപ്പുഴ ഹൈസ്കൂൾ, ആലപ്പുഴ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം മഹാരാജാസ് കോളജിൽ നിന്ന് രസതന്ത്രത്തിൽ ബി.എ. ബിരുദം നേടി. കോളജ് വിദ്യാഭ്യാസ കാലത്ത് പിതാവ് അന്തരിച്ചതിനാൽ മലയാള മനോരമ, കേരള താരക, ചന്ദ്രിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളെഴുതിയാണ് വിദ്യാഭ്യാസ ചെലവുകൾക്കുള്ള പണം കണ്ടെത്തിയതു്. ഏ.ആർ. രാജരാജവർമ്മ, മുൻഷി രാമക്കുറുപ്പ് തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ ശിഷ്യനായിരുന്നു അദ്ദേഹം. റെയിൽവേ ഗുമസ്തൻ, സ്കൂൾ അദ്ധ്യാപകൻ, കലാലയ അദ്ധ്യാപകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. 1908ൽ നിയമ ബിരുദമെടുത്ത അദ്ദേഹം അഭിഭാഷകനായി സേവനമനുഷ്ഠിച്ചു. തിരുവിതാംകൂർ നിയമ സഭാംഗം, മദിരാശി സർവകലാശാല സെനറ്റ് മെമ്പർ, ഹൈക്കോടതി ജഡ്ജി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച് 1934ൽ വിരമിച്ചു. നായർ സമുദായ പരിഷ്കരണ ശ്രമങ്ങൾ നടത്തുകയും അത് ലക്ഷ്യമാക്കിയുള്ള സംഘടനകളിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്തത് പി.കെ. നാരായണപിള്ളയാണ്. 1938 ഫെബ്രുവരി 10(കൊല്ലവർഷം 1113 മകരം 30)നു അദ്ദേഹം അന്തരിച്ചു.

മലയാള സാഹിത്യത്തിലെ ഒരു പ്രമുഖ നോവലിസ്റ്റും,ചെറുകഥാകൃത്തും അറിയപ്പെടുന്ന പെണ്ണെഴുത്തുകാരിയുമാണ് സാറാ ജോസഫ്(1946-). കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവർത്തകയുമായ സാറാ ജോസഫിന്റെ രചനകളിൽ ആട്ടിയകറ്റപ്പെട്ടവരും സമത്വവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ടവരുമായ കീഴ്‌ജാതിക്കാരോടും സ്ത്രീകളോടും ഉള്ള കാരുണ്യവും അതിന് കാരണക്കാരായ അധീശശക്തികളോടുള്ള ചെറുത്തുനിൽപ്പും ദർശിക്കുവാൻ സാധിക്കും. 1946 ഫെബ്രുവരി 10-ന് തൃശൂർ ജില്ലയിലെ കുരിയച്ചിറയിൽ ലൂയിസിന്റെയും കൊച്ചുമറിയത്തിന്റെയും മകളായി ജനിച്ചു. സ്കൂൾ അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച സാറാ ജോസഫ്, മലയാളത്തിൽ ബി.എയും എം.എയും പൂർത്തിയാക്കിയ ശേഷം കൊളീജിയറ്റ് സർവീസിൽ പ്രവേശിച്ചു. പട്ടാമ്പി സംസ്കൃത കോളജിൽ മലയാളം പ്രഫസറായിരുന്നു. കേരള സാഹിത്യ അക്കാദമി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിരയിൽ സ്ഥാനമുറപ്പിച്ച സാറാ ജോസഫ്, സ്ത്രീകൾക്കായുള്ള 'മാനുഷി' എന്ന സംഘടനയുടെ സ്ഥാപകയാണ്. മലയാളത്തിലെ സ്ത്രീ എഴുത്തുകാരിൽ പ്രഥമഗണനീയരാണ് മാധവിക്കുട്ടിയും സാറാ ജോസഫും. ഭർത്താവ് ജോസഫ് നിര്യാതനായി. ഗീത, വിനയൻ, സംഗീത എന്നിവരാണ് മക്കൾ. ഇപ്പോൾ തൃശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവിൽ താമസിക്കുന്നു.

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളിൽ ശ്രദ്ധേയയായ മലയാളം എഴുത്തുകാരിയാണ് സാറാ തോമസ്. 1934 ൽ തിരുവനന്തപുരത്ത് ജനനം. ഇരുപതോളം നോവലുകൾ രചിച്ചിട്ടുണ്ട്. ‘ജീവിതം എന്ന നദി‘ എന്ന ആദ്യനോവൽ 34-ആം വയസ്സിൽ പുറത്തിറങ്ങി. സാറാ തോമസിന്റെ 'മുറിപ്പാടുകൾ' എന്ന നോവൽ പി.എ. ബക്കർ മണിമുഴക്കം എന്ന സിനിമയാക്കി. ഈ സിനിമ സംസ്ഥാന-ദേശീയ തലങ്ങളിൽ പുരസ്കാരം നേടി. ഇതിനു പുറമേ അസ്തമയം,പവിഴമുത്ത്,അർച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങൾക്ക് പ്രമേയങ്ങളായിട്ടുണ്ട്. മധ്യവർഗ്ഗ കേരളീയപശ്ചാത്തലത്തിൽ നിന്നും വ്യത്യസ്തമായ ജീവിതാന്തരീക്ഷം അവതരിപ്പിക്കുന്ന സാറാ തോമസിന്റെ ചില കൃതികൾ ശ്രദ്ധേയങ്ങളാണ്. 'നാർമടിപ്പുടവ' എന്ന നോവലിൽ തമിഴ് ബ്രാഹ്മണരുടെ ജീവിതം ചിത്രീകരിക്കുന്നു. 'ദൈവമക്കൾ' എന്ന നോവലിൽ മതപരിവർത്തനം ചെയ്ത അധസ്തിത വർഗ്ഗത്തിന്റെ വ്യാകുലതകളും ദുരിതങ്ങളുമാണ് പ്രമേയം.

മലയാളത്തിലെ ആദ്യകാലസാഹിത്യനിരൂപകരിൽ പ്രമുഖനും ആഖ്യായികാകാരനുമാണു് സി. അന്തപ്പായി (1862 - 1936). ഒ. ചന്തുമേനോന്റെ അപൂർണ്ണനോവലായ ശാരദ പൂർത്തിയാക്കിയ എഴുത്തുകാരിൽ ഒരാൾ. 1862 ജനുവരി 2-ന്‌ തൃശൂർ പുത്തൻപേട്ടയിലാണ്‌ സി. അന്തപ്പായി എന്ന ചിറയത്തു വീട്ടിൽ തൊമ്മൻ അന്തപ്പായിയുടെ ജനനം. തൃശൂർ മലയാളം പ്രൈമറി സ്കൂളിലും സർക്കാർ വക സ്കൂളിലും പ്രാഥമികവിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നു് എഫ്. എ. പാസായി. സ്കൃതപഠനതൽപരനായിരുന്ന അദ്ദേഹം സ്വയം ആ ഭാഷയിൽ അവഗാഹം നേടി. ഫിലോസഫിയിൽ ബിരുദം നേടിയ ശേഷം (1884) കൊച്ചി വിദ്യാഭ്യാസവകുപ്പിൽ ഉദ്യോഗത്തിൽ പ്രവേശിച്ചു. അവിടെനിന്നു് യഥാക്രമം ഫോറസ്റ്റ് കൺസർവേറ്റർ ആഫീസ് ഗുമസ്നായും രജിസ്ട്രേഷൻ സൂപ്രണ്ടായും സർക്കാർ അച്ചുക്കൂടം സൂപ്രണ്ടായും സേവനമനുഷ്ഠിച്ചു. 1888-ൽ തൃശൂർ ഒല്ലൂർ കാട്ടിക്കാരൻ വീട്ടിൽ മാതിരിയുമായിട്ടായിരുന്നു അന്തപ്പായിയുടെ വിവാഹം. ഔദ്യോഗികരംഗത്ത് മികച്ച പ്രവർത്തനം നടത്തിയ അന്തപ്പായി കൊച്ചി ഗവണ്മെന്റ് സർവീസിൽ ക്രൈസ്തവർക്ക് നീതിലഭിക്കുന്നില്ല എന്ന പരാതിയുമായി വ്യാജനാമത്തിൽ ഒരു പത്രത്തിൽ എഴുതി. ദിവാനെതിരെ ശക്തമായ വിമർശനം ഉയർത്തിയതിനെത്തുടർന്ന് 1913-ൽ അദ്ദേഹത്തിന്‌ ഉദ്യോഗത്തിൽനിന്ന് വിരമിക്കേണ്ടിവന്നു. ആറുവർഷത്തോളം രോഗശയ്യയിലായിരുന്ന അദ്ദേഹം 1936 മെയ് 31-ന്‌ നിര്യാതനായി. ഉദ്യോഗകാലത്തുതന്നെ വിമർശകനെന്ന നിലയിലും സാഹിത്യകാരൻ എന്ന നിലയിലും അന്തപ്പായി ശ്രദ്ധ നേടിയിരുന്നു. സരളവും ഫലിതമയവുമായ ശൈലിയിൽ ഗദ്യമെഴുതാൻ സമർത്ഥനായിരുന്നു അദ്ദേഹം. 1890-ൽ ഭാഷാപോഷിണിസഭ തൃശൂരിൽ വെച്ചു നടത്തിയ ഗദ്യരചനാമത്സരത്തിൽ ഒന്നാമനായിരുന്നു.രസികരഞ്ജിനി, മംഗളോദയം, ഭാഷാപോഷിണി നസ്രാണി ദീപിക തുടങ്ങിയ ആനുകാലികങ്ങളിൽ അന്തപ്പായിയുടെ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടു.

സി. രാധാകൃഷ്ണൻ മലയാളത്തിലെ നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. ശാസ്ത്രജ്ഞനായും ശാസ്ത്രമാസികാ പത്രാധിപസമിതിയംഗമായും ജോലിചെയ്ത ഇദ്ദേഹം പത്രപ്രവർത്തനവും എഴുത്തും മുഖ്യകർമ്മമണ്ഡലമാക്കി. ഭാരതീയ ജ്ഞാനപീഠ പുരസ്കാരസമിതി നൽകുന്ന മൂർത്തീദേവി പുരസ്കാരം 2013 ൽ ലഭിച്ചു. മലയാളത്തിൽ അസ്തിത്വവാദാധിഷ്ഠിത ആധുനികതയുടെ കാലത്താണ് എഴുത്തുകാരൻ എന്ന നിലയിൽ സി.രാധാകൃഷ്ണൻ സജീവമാകുന്നത്. അക്കാലത്തെ സാഹിത്യത്തിൽ പ്രകടമായിരുന്ന ദാർശനികദുരൂഹത തന്റെ എഴുത്തിൽ ബോധപൂർവ്വം ഇദ്ദേഹം ഒഴിച്ചു നിർത്തി. ഇദ്ദേഹത്തിന്റെ കൃതികളിൽ വള്ളുവനാടൻ ഗ്രാമവും മഹാനഗരവും മാറിമാറി വരുന്ന പശ്ചാത്തലമാണ്. സാധാരണ മനുഷ്യരുടെ ജീവിതചിത്രണത്തിലൂടെ വൈവിദ്ധ്യവും വൈചിത്ര്യവും നിറഞ്ഞ ജീവിതചിത്രണമാണ് ഇദ്ദേഹം നടത്തിയത്. മന:ശാസ്ത്രത്തിന്റേയും ഭൗതികശാസ്ത്രത്തിന്റേയും ഉൾക്കാഴ്ചകൾ ഈ രചനകളിൽ പശ്ചാത്തലമായി നിലക്കൊള്ളുന്നു. കണ്ണിമാങ്ങകൾ, അഗ്നി എന്നീ ആദ്യകാല നോവലുകൾ ഗ്രാമജീവിതം പശ്ചാത്തലമായുള്ളവയാണ്. പുഴ മുതൽ പുഴ വരെ, എല്ലാം മായ്ക്കുന്ന കടൽ എന്നീ നോവലുകൾക്കു ശേഷം ബൃഹത്തായ രചനകളാണ് അധികവും അദ്ദേഹം പ്രകാശിപ്പിച്ചത്. സ്പന്ദമാപിനികളേ നന്ദി മുതലുള്ള രചനകൾ ഈ വിഭാഗത്തിൽ പെടുന്നു. എഴുത്തച്ഛന്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ തീക്കടൽ കടഞ്ഞ് തിരുമധുരം മലയാളത്തിലെ വ്യത്യസ്തമായ നോവലാണ്.

മലയാളത്തിലെ നോവലിസ്റ്റും ചിന്തകനുമാണ് സി.ആർ. പരമേശ്വരൻ. 1950 ആഗസ്റ്റിൽ ചാലക്കുടിക്ക് അടുത്ത് മേലൂരിൽ ജനിച്ചു. അച്ഛൻ കെ.പി.രാമൻ നമ്പിടി;അമ്മ സി.കെ.അമ്മിണി. ചാലക്കുടി,കാലടി, ഇരിങ്ങാലക്കുട, ആഗ്ര എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇന്ത്യൻ എയർഫോഴ്സിൽ അദ്ധ്യാപകനായിരിക്കേ അദ്ധ്യാപനത്തിൽ ബിരുദവും ഹൈദ്രാബാദ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നിന്ന് ഇംഗ്ലീഷ് അദ്ധ്യാപനത്തിൽ യോഗ്യതാപത്രവും നേടി. ഡൽഹി, ബെൽഗാം, ബാംഗ്ലൂർ, എറണാകുളം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. .2010ൽ ആദായനികുതി വകുപ്പിൽ നിന്ന് ഡെപ്യൂട്ടി കമ്മീഷണർ ആയി വിരമിച്ചു. ബൃന്ദയാണ് ഭാര്യ.മകൻ ഉണ്ണികൃഷ്ണൻ . സ്ഥിര താമസം തൃശ്ശൂരിൽ. വിദ്യാർത്ഥിജീവിതകാലം മുതൽ എഴുതിത്തുടങ്ങിയ സി.ആർ.പരമേശ്വരൻ 1969-ലും 70-ലും കേരള സർവ്വകലാശാല നടത്തിയ കവിതാമത്സരങ്ങളിൽ ഒന്നാം സമ്മാനം, 1971-ലെ മാതൃഭൂമിയുടെ കവിതാ-നാടക മത്സരങ്ങളിൽ ഒന്നാം സമ്മാനം എന്നിവ നേടിയിട്ടുണ്ട്. ആദ്യനോവലായ പ്രകൃതിനിയമം 1989-ലും സാഹിത്യവിമർശനഗ്രന്ഥമായ 'വംശചിഹ്നങ്ങൾ ' 2015-ലും കേരള സാഹിത്യ അക്കാദമിയുടെ അവാർഡുകൾ നേടി. മൌനത്തിൻറെ ശമ്പളം മരണം' എന്ന കൃതി 2013 ലെ ഏറ്റവും നല്ല 'രചന' പുരസ്കാരത്തിന് അർഹമായി. വിപൽ സന്ദേശങ്ങൾ (1989), അസഹിഷ്ണുതയുടെ ആവശ്യം (1999) എന്നീ ലേഖനസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ഇടതുപക്ഷത്തിന്റെ പ്രതിസന്ധിയും അതിന്റെ ഭാഗമായുള്ള പ്രത്യാശാനഷ്ടവുമാണ് സി.ആർ.പരമേശ്വരന്റെ കൃതികളിലെ പ്രധാനവിഷയം.

മലയാളത്തിലെ പ്രശസ്തനായ നാടകകൃത്ത് ആയിരുന്നു സി.എൻ. ശ്രീകണ്ഠൻ നായർ (1928-1976). 1928-ൽ കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ചു. അച്‌ഛൻ: നീലകണ്ഠപിള്ള. അമ്മ: മാധവിക്കുട്ടിയമ്മ. ഭാര്യ കനകലത. ഉണ്ണിക്കൃഷ്ണനും അംബികയുമാണ് മക്കൾ. വിദ്യാർത്ഥി കോൺഗ്രസ്, ആർ.എസ്.പി. എന്നീ സംഘടനകളുടെ പ്രവർത്തകനും നേതാവും, കൗമുദി വാരിക, കൗമുദി ദിനപത്രം, ദേശബന്ധു വാരിക, കേരളഭൂഷണം എന്നിവയുടെ പത്രാധിപരുമായി പ്രവർത്തിച്ചു. കുറെക്കാലം ജില്ലാ ഇൻഫർമേഷൻ ഓഫീസർ ആയി ജോലി നോക്കി. ചെറുകഥകൾ എഴുതിയിട്ടുണ്ടെങ്കിലും നാടകകൃത്ത് എന്നനിലയിലാണ് ഇദ്ദേഹം പ്രശസ്തനായത്.

കേരളത്തിലെ പ്രശസ്തനായ ഒരു നാടകകൃത്താണ് സി. എൽ. ജോസ് (1932 ഏപ്രിൽ 4 ). പ്രൊഫഷണൽ നാടകരംഗത്തു സാമൂഹിക നാടകങ്ങൾ എന്നറിയപ്പെടുന്ന വിഭാഗത്തിലുൾപ്പെടുന്നതാണ് അദ്ദേഹത്തിന്റെ നാടകങ്ങൾ. മധ്യവർഗ സമൂഹ ത്തിലെ താളപ്പിഴകൾ ജീവിതഗന്ധിയായി അവതരിപ്പിച്ചു നാടക സദസ്സുകളിൽ അദ്ദേഹം ശ്രദ്ധേയനായി. എഴുപതുകളിലും എൺപതുകളിലും യുവജനോത്സവങ്ങളിലും ഗ്രാമീണ കലോത്സവങ്ങളിലും ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ട ഏകാങ്കനാടകങ്ങളുടെ രചയിതാവായിരുന്നു. കേരള സാഹിത്യ അക്കാദമി നൽകുന്ന സമഗ്ര സംഭാവനക്കുള്ള പുരസ്കാരം 2017-ൽ അദ്ദേഹത്തിന് ലഭിച്ചു

മലയാളത്തിലെ കഥാകാരിയും നോവലിസ്റ്റും സ്ത്രീവിമോചന പ്രവർത്തകയും അക്കദമിഷ്യനും ആണ്‌ സി.എസ്. ചന്ദ്രിക. എം എസ് സ്വാമിനാഥൻ റിസർച് ഫൌണ്ടേഷനിൽ കമ്മുനിറ്റി അഗ്രോ ഡൈവെർസിറ്റി കേന്ദ്രത്തിൽ സീനിയർ ശാസ്ത്രജ്ഞ യായി പ്രവര്ത്തിക്കുന്നു. തൃശ്ശൂർ പെരിങ്ങോട്ടുകരയിൽ 1967ൽ ജനനം. സസ്യശാസ്ത്രത്തിൽ ബിരുദം. മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദം. കലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അരണാട്ടുകര സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നു പി എച് ഡി. ഇംഗ്ലീഷ്, കന്നഡ, തമിഴ് ഭാഷകളിലേക്ക് കഥകൾ വിവരത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ആർത്തവമുള്ള സ്ത്രീകൾ എന്ന പുസ്തകത്തിനു മുതുകുളം പാർവതി അമ്മ സാഹിത്യ അവാർഡ് ലഭിച്ചു (2010). ക്ലെപ്റ്റോമാനിയക്ക്‌ തോപ്പിൽ രവി അവാര്ഡ് ലഭിച്ചിട്ടുണ്ട്.

അദ്ധ്യാപകൻ, കവി, വിവർത്തകൻ, സാമൂഹ്യപരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനാണ് സി.എസ്. സുബ്രമണ്യൻ പോറ്റി. മലയാളത്തിൽ വിലാപകാവ്യത്തിന്റെ സങ്കേതങ്ങളെ പൂർണ്ണമായുൾക്കൊണ്ട് രചിക്കപ്പെട്ട ആദ്യ വിലാപകാവ്യമാണ് സുബ്രമണ്യൻ പോറ്റിയുടെ 'ഒരു വിലാപം' (1903). ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കൃതികൾ ആദ്യമായി മലയാളത്തിലേക്ക് വിവർത്തനംചെയ്യുന്നത് സുബ്രഹ്മണ്യൻ പോറ്റിയാണ്. ദുർഗ്ഗേശനന്ദിനിയുടെ മലയാളവിവർത്തനം, മാത്യു ആർനോൾഡിന്റെ സൊറാബ് ആൻഡ് റുസ്തത്തിന്റെ പദ്യപരിഭാഷ(1918) തുടങ്ങിയവ മലയാളത്തിലെ മികച്ച വിവർത്തനമാതൃകകളാണ്.

മലയാളഭാഷയിലെ ഒരു നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്നു സി.ജെ. തോമസ് (നവംബർ 14, 1918 - ജൂലൈ 14, 1960) എന്നറിയപ്പെടുന്ന ചൊള്ളമ്പേൽ യോഹന്നാൻ തോമസ്. മലയാള നാടകസാഹിത്യത്തെ ആധുനിക ഘട്ടത്തിലെത്തിക്കുന്നതിൽ നിർണായക പങ്കു് വഹിച്ച ഇദ്ദേഹം പത്രപ്രവർത്തകൻ, ചിത്രകാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു. 1918–ൽ കൂത്താട്ടുകുളത്തെ പ്രമുഖ ക്രിസ്തീയ വൈദികന്റെ മകനായി ജനിച്ച സിജെ വൈദിക വിദ്യാർത്ഥിയായിരിയ്ക്കുന്ന സമയത്തു് ളോഹ ഉപേക്ഷിച്ചു് തിരിച്ചുപോന്ന് വിപ്ലവം സൃഷ്ടിച്ചു. രണ്ട് വർഷക്കാലം വടകര സെന്റ് ജോൺസ് ഹൈസ്കൂളിലും തുടർ‍ന്നു് എം. പി. പോൾസ് കോളേജിലും അധ്യാപകനായി ജോലിനോക്കിയിരുന്ന അദ്ദേഹം പിന്നീടു് അവസാനം വരെ പത്രപ്രവർ‍ത്തനരംഗത്തു് സജീവമായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണസംഘം, ആകാശവാണി, ദക്ഷിണഭാഷാ ബുക്ക് ട്രസ്റ്റ് എന്നിവയിലും പ്രവർ‍ത്തിച്ചു. സാഹിത്യ പ്രവർത്തക സഹകരണസംഘം വക പുസ്തകങ്ങളുടെ പുറംചട്ടകൾക്ക് അത്യധികം ആകർഷകങ്ങളായ ചിത്രങ്ങൾ വരച്ചു് മലയാള പുസ്തകങ്ങളുടെ പുറംചട്ട രൂപകല്പനയുടെ രംഗത്തു് മാറ്റങ്ങളുടെ തുടക്കം കുറിച്ചതു് സിജെയാണു. പ്രസിദ്ധ സാഹിത്യകാരനായിരുന്ന എം.പി. പോളിന്റെ മൂത്ത പുത്രി റോസിയെയാണ് വിവാഹം ചെയ്തതു്. റോസി തോമസ് സിജെയുടെ മരണശേഷം അറിയപ്പെടുന്ന സാഹിത്യകാരിയായി. പ്രശസ്ത കവയിത്രി മേരി ജോൺ കൂത്താട്ടുകുളം സി.ജെ. തോമസിന്റെ മൂത്ത സഹോദരിയായിരൂന്നു. കേരളത്തിലെ സ്വതന്ത്ര ചിന്തകരുടെ മുൻ‍നിരയിൽ സ്ഥാനമുറപ്പിച്ചിരുന്ന ധിഷണയുടെ ഹിമഗിരിശൃംഗമായിരു‍ന്നു സിജെയെന്നാണു് സുകുമാർ അഴീക്കോടു് അഭിപ്രായപ്പെട്ടിട്ടുള്ളതു്. 1960 ജൂലൈ 14-ന്‌ 42-ആം വയസ്സിൽ സി.ജെ. അന്തരിച്ചു. എം. പി. പോൾസ് കോളേജിൽ അദ്ധ്യാപകനായിരുന്ന കാലഘട്ടത്തിലാണു് സി.ജെ. സാഹിത്യരംഗത്തു് പ്രത്യക്ഷപ്പെടുന്നതു്. പ്രൊഫസർ എം.പി. പോളുമായുള്ള ബന്ധവും അദ്ദേഹത്തിന്റെ പ്രോത്സാഹനവും സി.ജെ.യെ ഗുണകരമായി സ്വാധീനിച്ചു. ഏതുകാര്യവും മൌലികമായും വിദഗ്ദ്ധമായും അവതരിപ്പിക്കുവാൻ അപാരമായ കഴിവുണ്ടായിരുന്നു സി.ജെ.യ്ക്കു്.അവൻ വീണ്ടും വരുന്നു എന്ന നാടകം 1949-ൽ പ്രസിദ്ധീകരിച്ചു. പ്രാചീന യവന നാടകങ്ങളുടെ സ്വാധീനം ഈ കൃതിയിൽ പ്രകടമാണു്. കേരള സാഹിത്യ അക്കാദമി ഈ കൃതിയുടെ ആംഗല പരിഭാഷ 1979-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. 1950-ൽ പ്രസിദ്ധീകരിച്ച ഉയരുന്ന യവനിക എന്ന ലേഖനസമാഹാരം നാടകരചന, അവതരണം, സംവിധാനം തുടങ്ങിയ വിവിധ ഘടകങ്ങളെക്കുറിച്ചു് പ്രതിപാദിക്കുന്നു . മലയാള നാടകപ്രസ്ഥാനത്തിന്റെ വേരുകൾ, നാടകവും ഇതര കലകളും, മലയാളത്തിലെ രാഷ്ട്രീയ നാടകങ്ങൾ, ഭാഷയിലെ ഇബ്സൻ പ്രസ്ഥാനം, രംഗസംവിധാനം, കാഴ്ചക്കാർ തുടങ്ങിയവയാണ് ഈ കൃതിയിലെ ചർച്ചാവിഷയങ്ങൾ. 1953-ൽ പ്രസിദ്ധീകരിച്ച ഇവൻ എന്റെ പ്രിയ പുത്രൻ എന്നകൃതി പതിനഞ്ച് ഉപന്യാസങ്ങളുടെ സമാഹാരമാണു്. വേഷവും സദാചാരവും, കുറുക്കുവഴികൾ, എ. ബാലകൃഷ്ണപിള്ള എന്തു ചെയ്തു?, എന്റെ ചങ്ങമ്പുഴ തുടങ്ങിയ ഉപന്യാസങ്ങളാണു് ഇതിൽ. ഇബ്സനുശേഷം പാശ്ചാത്യ നാടകരംഗത്തുണ്ടായ മാറ്റങ്ങൾ സി.ജെ. തോമസ് ഉൾക്കൊണ്ടു. മൊണ്ടാഷിന്റെ സൗന്ദര്യശാസ്ത്രവും എക്സ്പ്രഷനിസ്റ്റ് ദർശനവും സ്വാംശീകരിച്ച നാടകങ്ങൾ സി.ജെ.യാണ് മലയാളത്തിൽ അവതരിപ്പിച്ചുതുടങ്ങിയതു്. മതവും കമ്യൂണിസവും, അവൻ വീണ്ടും വരുന്നു, 1128-ൽ ക്രൈം 27, ഉയരുന്ന യവനിക, ആ മനുഷ്യൻ നീ തന്നെ, വിലയിരുത്തൽ, ശലോമി, വിഷവൃക്ഷം, ആന്റിഗണി, കീടജന്മം, ലിസിസ്ട്രാറ്റ, ഈഡിപ്പസ്, പിശുക്കന്റെ കല്യാണം, ഇവനെന്റെ പ്രിയപുത്രൻ, ധിക്കാരിയുടെ കാതൽ, മനുഷ്യന്റെ വളർച്ച, ജനുവരി 9, രണ്ടു ചൈനയിൽ, നട്ടുച്ചയ്ക്കിരുട്ട് മുതലായവ തോമസിന്റെ ശ്രദ്ധേയമായ കൃതികളാണു്. തമിഴിലെ പ്രശസ്ത എഴുത്തുകാരനായ സുന്ദരരാമസ്വാമി രചിച്ച ജെ.ജെ: ചില കുറിപ്പുകൾ എന്ന നോവലിലെ പ്രധാന കഥാപാത്രമായ ജെ.ജെ യുടെ പ്രാഗ് രൂപം സി.ജെ. തോമസാണെന്നു കരുതപ്പെടുന്നു

ആദ്യകാല മലയാള സാഹിത്യ നിരൂപകനും വിദ്യാവിനോദിനി സാഹിത്യമാസികയുടെ പത്രാധിപരുമായിരുന്നു സി.പി.അച്യുതമേനോൻ(1863-1937). മലയാളസാഹിത്യനിരൂപണത്തിന്റെ പിതാവ് എന്ന് ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. 1889ൽ ആണ് ഇദ്ദേഹം പത്രാധിപരായി 'വിദ്യാവിനോദിനി' എന്ന സാഹിത്യമാസിക തൃശ്ശൂരിൽ നിന്നും പുറത്തിറങ്ങിയത്. ഈ മാസികയിൽ പുസ്തകനിരൂപണരൂപത്തിൽ എഴുതപ്പെട്ട ഇദ്ദേഹത്തിന്റെ ലേഖനങ്ങളാണ് മലയാളനിരൂപണരംഗത്ത് ആദ്യമായി ഖണ്ഡനനിരൂപണം തുടങ്ങിവെച്ചത്. ഭാരതീയവും പാശ്ചാത്യവുമായ നിരൂപണസങ്കല്പങ്ങൾ സമന്വയിക്കപ്പെട്ട നിരൂപണാദർശമാണ് അച്യുതമേനോന്റെ സവിശേഷത. സുകുമാർ അഴീക്കോട് തന്റെ മലയാളസാഹിത്യവിമർശനം എന്ന ഗ്രന്ഥത്തിൽ ഇദ്ദേഹത്തെ കുറിച്ച് ഇപ്രകാരം അഭിപ്രായപ്പെടുന്നു.എന്തെന്നാൽ,പിൽക്കാലത്ത് ഉള്ളൂരും രാജരാജവർമയും കേരളവർമയും ഉയർത്തിയ പല പ്രശ്നങ്ങളും ഇദ്ദേഹം ആദ്യം തന്നെ സൂചിപ്പിച്ചിരുന്നു എങ്കിലും സൗകര്യപൂർ‌വ്വം വായിയ്ക്കനുതകുന്ന ഗ്രന്ഥരചന നടത്തിയില്ല എന്ന പേരിൽ ഇദ്ദേഹം അവഗണിയ്ക്കപ്പെട്ടു. സി. പി. അച്യുതമേനോന്റെ ജീവ ചരിത്രം വി.കെ.രാമൻ മേനോൻ ആണ് രചിച്ചത്.

പ്രമുഖ മലയാള നാടകകൃത്താണ് സി.പി. രാജശേഖരൻ (ജീവിതകാലം: 9 സെപ്റ്റംബർ 1949 - 17 ഫെബ്രുവരി 2019). 1987 ൽ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം മൂന്നു വയസ്സന്മാർ എന്ന ആദ്യകൃതിക്ക്‌ തന്നെ ലഭിച്ചു. രണ്ട്‌ ഡസനിലേറെ നാടകങ്ങളും ബാലസാഹിത്യ കൃതികളും നിരൂപണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. വടക്കൻ പറവൂരിൽ പുരുഷോത്തമൻ നായരുടെയും പാറുക്കുട്ടിയുടെയും മകനായി ജനിച്ചു. ബിരുദാനന്ദര ബിരുദവും ബി.എഡും നേടി ആകാശവാണിയിൽ ജീവനക്കാരനായി. പ്രോഗ്രാം എക്സിക്യൂട്ടീവായും ഡയറക്ടറായും ജോലി ചെയ്തു.

മലയാള സാഹിത്യ രംഗത്തെ ഒരു ചെറുകഥാകൃത്തും, നോവലിസ്റ്റും, ചലച്ചിത്ര തിരക്കഥാകൃത്തുമാണ് സി.വി. ബാലകൃഷ്ണൻ. ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ എന്ന നോവലിനു 2000-ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. ചലച്ചിത്രങ്ങൾക്ക് തിരക്കഥയും രചിക്കാറുണ്ട്. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു. കാസർഗോഡ് ജില്ലയിലെ കാലിക്കടവ് എന്ന ഗ്രാമത്തിൽ താമസിക്കുന്നു. ഭാര്യ:പത്മാവതി, മകൻ:നന്ദൻ, മകൾ:നയന . സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയപ്രവർത്തകനുമായിരുന്ന സി. കൃഷ്ണൻ നായർ ഇദ്ദേഹത്തിന്റെ അമ്മാവനാണ്. എസ്.എസ്.എൽ.സി. വിദ്യാഭ്യാസം ഫസ്റ്റ് ക്ലാസിൽ പൂർത്തിയാക്കിയ ശേഷം കണ്ണൂരിൽ അദ്ധ്യാപകപരിശീലനം നടത്തി. പതിനെട്ട് വയസിനു മുൻപെ അദ്ധ്യാപകനായി ജീവിതമാരംഭിച്ചു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ അദ്ധ്യാപക ജോലി ചെയ്ത ശേഷം 1979 ഡിസംബറിൽ കൽക്കട്ടയ്ക്ക് നാടു വിടുകയും ചെയ്തു. കൽക്കട്ടയിലെ സെന്റ് പോൾസ് കത്തീഡ്രലിൽ വച്ചാണ് ബാലകൃഷ്ണൻ ആയുസ്സിന്റെ പുസ്തകം എന്ന നോവൽ എഴുതുവാനാരംഭിച്ചത്.

ആദ്യകാല മലയാള നോവലിസ്റ്റുകളിൽ പ്രമുഖനായിരുന്നു സി.വി. രാമൻപിള്ള. മാർത്താണ്ഡവർമ്മ, രാമരാജബഹദൂർ, ധർമ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവെന്ന നിലയിലാണ് അദ്ദേഹത്തിൻറെ പ്രശസ്തി. 1858 മെയ് 19-ന് (1033 ഇടവം 7) തിരുവനന്തപുരത്ത് കൊച്ചുകണ്ണച്ചാർ വീട്ടിൽ ജനിച്ചു. അദ്ദേഹത്തിന്റെ തറവാട് നെയ്യാറ്റിൻകരയിലാണ്. അച്ഛൻ പനവിളാകത്ത് നീലകണ്ഠപ്പിള്ള. അമ്മ പാർവതിപ്പിള്ള. സി.വി. യുടെ മാർത്താണ്ഡവർമ്മ, ധർമ്മരാജാ, രാമരാജ ബഹദൂർ എന്നീ നോവലുകളെ ചേർത്ത് സി.വി.യുടെ ചരിത്രാഖ്യായികകൾ എന്ന് വിളിക്കുന്നു. മാർത്താണ്ഡവർമ്മ മലയാളത്തിലെത്തന്നെ ആദ്യത്തെ ചരിത്രാഖ്യായികയാണ്‌. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തിരുവിതാംകൂർ രാജാവാകുന്നതാണ്‌ 1891-ൽ പുറത്തിറങ്ങിയ ഈ നോവലിന്റെ ഇതിവൃത്തം. ധർമ്മരാജായിൽ രാജ്യദ്രോഹമാണ് മുഖ്യപ്രമേയം. മാർത്താണ്ഡവർമ്മയുടെ അനന്തരവനായ കാർത്തികത്തിരുനാളിന് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നേരിടേണ്ടിവരുന്ന ഉപജാപങ്ങളും അവയുടെ പരാജയങ്ങളുമാണ് പ്രതിപാദ്യം. രാമരാജാബഹദൂറിലും ഭരണാധിപൻ ധർമ്മരാജാവുതന്നെ. രാജ്യത്തിനകത്തുനിന്നുള്ളതിനെക്കാൾ പുറത്ത് മൈസൂരിൽ നിന്നാണ് ഇക്കാലയളവിൽ കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടിവന്നത്. ഒടുവിൽ രാജശക്തി തന്നെ ജയിക്കുന്നു.

മലയാള ഭാഷാപണ്ഡിതനും ഗ്രന്ഥകാരനുമാണ് സി.വി. വാസുദേവഭട്ടതിരി. അൽബേർ കമുവിൻറെ കൃതികൾ മലയാളികൾക്ക്‌ പരിചയപ്പെടുത്തിയ ഇദ്ദേഹം ഒരു സംസ്കൃത ഭാഷാപണ്ഡിതനും വ്യാകരണ-ഭാഷാ ശാസ്‌ത്ര രംഗത്തെ പ്രമുഖനുമായിരുന്നു. 1920 ഏപ്രിൽ 20 ന്‌ പത്തനംതിട്ട ജില്ലയിലെ പന്തളം ചെറുമുഖയിൽ ജനിച്ച വാസുദേവ ഭട്ടതിരി നല്ല മലയാളത്തിൻറെ പ്രയോക്‌താക്കളിൽ ഒരാളായിരുന്നു. നല്ല മലയാളം, കേരള പാണിനീയത്തിലൂടെ എന്നിങ്ങനെ അൻപതോളം കൃതികൾ രചിച്ചിട്ടുണ്ട്‌. മികച്ച സംസ്കൃത പ്രബന്ധത്തിന് ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയ പുരസ്ക്കാരവും കേരള സാഹിത്യ അക്കാഡമി പുരസ്കാരവും നേടിയിട്ടുണ്ട്. 2008 മാർച്ച് 26-ന് അന്തരിച്ചു. ബി.എ., ബി.എൽ., ബി.എഡ്‌., എം.എ. (സംസ്‌കൃതം), എം.എ. (മലയാളം) പരീക്ഷകൾ ജയിച്ചു. കുറച്ചു കാലം സ്കൂൾ അധ്യാപകനായിരുന്നു. ഭഗവത്‌ഗീത, ഗീതഗോവിന്ദം, ചിന്താവിഷ്‌ടയായ സീത, കിരാതം തുളളൽ, കേരളപാണിനീയം ഇവയ്‌ക്കു വ്യാഖ്യാനങ്ങൾ രചിച്ചു. നാരായണീയം, സുഭാഷിതത്രിശതി, ഭഗവത്‌ഗീത, വിശാഖവിജയം, ധ്വന്യാലോകം, കുവലയാനന്ദം എന്നീ ഗ്രന്ഥങ്ങൾ സംസ്‌കൃതത്തിൽനിന്നും, അൽബേർ കമ്യുവിന്റെ അന്യർ, പതനം എന്നീ നോവലുകൾ ഫ്രഞ്ചിൽനിന്നും വിവർത്തനം ചെയ്‌തു 2008ൽ അന്തരിച്ചു.

മലയാള ഉത്തരാധുനിക ചെറുകഥാ സാഹിത്യരംഗത്തെ ഒരു എഴുത്തുകാരിയാണ്‌ എസ്.സിതാര (ജനനം: ജൂലൈ 8 1976). കേരളത്തിലെ പല സർവ്വകലാശാലകളിലും സിതാരയുടെ കഥകൾ പഠനവിഷയമായിട്ടുണ്ട് കാസർഗോഡ് ജില്ലയിലെ കാറഡുക്കയിൽ 1976 മേയ് 8-ന് ജനിച്ചു. കാറഡുക്ക ഗവൺ‌മെന്റ് ഹൈസ്കൂൾ, ബ്രണ്ണൻ കോളേജ് തലശ്ശേരി, സെന്റ് ജോസഫ് കോളേജ് ദേവഗിരി, കേരള പ്രസ് അക്കാദമി എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും, ജേർണലിസത്തിൽ ഡിപ്ലോമയും . വിദ്യാർത്ഥിജീവിതകാലത്തു തന്നെ എഴുതിത്തുടങ്ങി. ഹൈസ്കൂൾ, കോളേജ്, സർവ്വകലാശാലാ തലങ്ങളിൽ നിരവധി മത്സരങ്ങളിൽ സമ്മാനാർഹയായി. കഥകളും, കവിതകളും എഴുതുന്നു.

മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാ‍രനാണ് സിപ്പി പള്ളിപ്പുറം. ദേശീയവും പ്രാദേശികവുമായ നിരവധി പുരസ്കാരങ്ങൾ സിപ്പി പള്ളിപ്പുറം നേടിയിട്ടുണ്ട്. 1943 മെയ് 18-നു എറണാകുളം ജില്ലയിലെ വൈപ്പിൻ പള്ളിപ്പുറത്തു ജനിച്ചു. 1966 മുതൽ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളിൽ അദ്ധ്യാപകനായിരുന്നു. കഴിഞ്ഞ മൂന്നുദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത് പ്രവർത്തിച്ചുവരുന്നു. ഇതിനകം 130 ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ പുഴ മാസികയുടെ എഡിറ്ററായി പ്രവർത്തിക്കുന്നു. കഴിഞ്ഞ നാലു ദശകങ്ങളായി മലയാള ബാലസാഹിത്യ രംഗത്ത്‌ സജിവമായി പ്രവർത്തിച്ചുവരുന്നു. ഇതിനകം ഇരുന്നൂറിൽപ്പരം ബാലസാഹിത്യ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 'കാട്ടിലെ കഥകൾ' ഇംഗ്ലീഷിലേക്കും, “തത്തകളുടെ ഗ്രാമം” തമിഴ്‌- ഗുജറാത്തി, തെലുങ്ക്‌ എന്നീ ഭാഷകളിലേക്കും ക്രേന്ദ്രസാഹിത്യ അക്കാഡമി വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കേരളയുവത, ചെറുപുഷ്പം, ദിദിമുസ്‌ എന്നി മാസികകളുടെ പത്രാധിപസമിതി അംഗമാണ്‌. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്‌ ഗവേണിംഗ്‌ ബോഡി അംഗമായി നാലു തവണ പ്രവർത്തിച്ചിട്ടുണ്ട്‌. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ എക്‌സിക്യൂട്ടിവ്‌ അംഗം എന്ന നിലയിലും പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ സഹോദരൻ അയ്യപ്പൻ സ്മാരകകമ്മിറ്റിയുടെ വൈസ് ചെയർമാനാണ്. കുട്ടികളിൽ പ്രകൃതിസ്നേഹം, ദേശഭക്തി, ഗുരുഭക്തി, മാതാപിതാക്കളോടുള്ള ബഹുമാനം, സത്യസന്ധത, ആത്മാർത്ഥത, കാരുണ്യശിലം തുടങ്ങിയ സദ്ഗുണങ്ങൾ വളർത്തിയെടുക്കന്നവയാണ്‌ ഈ കൃതികൾ.

ഒരു മലയാള കവിയും നാടകകൃത്തും എഴുത്തുകാരനും മുൻ നക്സ്‌ലൈറ്റും സാമൂഹ്യപ്രവർത്തകനും രാഷ്ട്രീയ നിരൂപകനുമാണു് സിവിൿ ചന്ദ്രൻ. പാഠഭേദം മാസികയുടെ പത്രാധിപരാണ്. 1951 ഏപ്രിൽ അഞ്ചിന് തൃശ്ശൂർ ജില്ലയിൽ കൊടകരയ്ക്കടുത്തുള്ള മുരിക്കുങ്ങൽ ഗ്രാമത്തിൽ വേലപ്പൻ-ലക്ഷ്മി ദമ്പതിമാരുടെ നാലുമക്കളിൽ മൂത്തയാളായി ജനിച്ചു. 1968-1981 വരെ വയനാട്ടിലും ഏറനാട്ടിലും അദ്ധ്യാപകനായി ജോലി ചെയ്തു. 1981 മുതൽ വിധ്വംസക സാംസ്കാരിക പ്രവർത്തനം ആരോപിച്ച് ജോലിയിൽ നിന്ന് മാറ്റിനിറുത്തിയിരുന്നു (സസ്പെന്റ്ചെയ്തു). ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെ തുടർന്നു് 1991-ൽ അദ്ധ്യാപക വൃത്തിയിൽ തിരികെ പ്രവേശിച്ചു. "യനാൻ" മാസികയുടെ പത്രാധിപസമിതിയംഗമായിരുന്നു. ഈ പത്രം പിന്നീട് കണ്ടുകെട്ടി. അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്. "ജനകീയ സാംസ്കാരിക വേദി"യുടെ സെക്രട്ടറിയും അതിൻറെ മുഖപത്രമായ "പ്രേരണ"യുടെ പത്രാധിപരുമായിരുന്നു. മലയാളത്തിലെ ആദ്യ തെരുവുനാടകങ്ങൾ സിവിക്കിൻറെയാണ്. "വാക്ക്" മാസികയും "പാഠഭേദം" ദ്വൈവാരികയും അദ്ദേഹതൻറെ് റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചു. തോപ്പിൽ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിൻറെ നാടകം "നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി" എഴുതിയത് വിവാദങ്ങളുണ്ടാക്കി. ഇതുമായിബന്ധപ്പെട്ട കേസ് ഇപ്പോഴും സുപ്രീം കോടതിയിലാണ്. ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെ തുടർന്ന് 1991 മുതൽ അദ്ധ്യാപക വൃത്തിയിൽ തിരികെ പ്രവേശിച്ചു. ഇപ്പോൾ ജോലിയിൽ നിന്നും വിരമിച്ചു, കോഴിക്കോട് വെസ്റ്റ്‌ ഹില്ലിൽ താമസിക്കുന്നു. ആനുകാലികങ്ങളിലും പത്രങ്ങളിലും സാംസ്കാരിക വിഷയങ്ങളെകുറിച്ച് എഴുതാറുണ്ട്. കേരളത്തിലെ പരമ്പരാഗത ഇടതുപക്ഷത്തോട് പലപ്പോഴും കലഹിച്ചും എതിർത്തും സാംസ്കാരിക രംഗത്ത് വേറിട്ട ശബ്ദമാവാറുണ്ട് സിവിക്. മംഗളം ദിനപത്രം, ഇന്ത്യാടുഡെ വാരിക,തുടങ്ങിയവയിൽ സ്ഥിരമായി പംക്തികൾ എഴുതിവരുന്നു."പാഠഭേദം" മാസികയുടെ പത്രാധിപരാണിപ്പോൾ.

കേരളത്തിലെ ഒരു കവയിത്രിയായിരുന്നു സിസ്റ്റർ മേരി ബനീഞ്ജ അഥവാ മേരി ജോൺ തോട്ടം. മാർത്തോമാ വിജയം മഹാകാവ്യം, ഗാന്ധിജയന്തി മഹാകാവ്യം എന്നിങ്ങനെ രണ്ട് മഹാകാവ്യങ്ങൾ എഴുതിയിട്ടുണ്ട്. ഗീതാവലി" എന്ന ആദ്യ കവിതാ സമാഹാരം മഹാകവി ഉള്ളൂരിന്റെ അവതാരികയോടുകൂടി 1927-ൽ പ്രസിദ്ധീകരിച്ചതോടെ ഒരു കവയിത്രി എന്ന നിലയിൽ അംഗീകാരം ലഭിച്ചു.സന്ന്യാസി മഠത്തിൽ ചേരുന്നതിന് മുൻപായി രചിച്ച "ലോകമേ യാത്ര" എന്ന കവിത പ്രസിദ്ധമാണ്. 1971-ൽ സാഹിത്യത്തിലെ സംഭാവന പരിഗണിച്ച് മാർപ്പാപ്പ "ബെനേമെരേന്തി" എന്ന ബഹുമതി നൽകി ആദരിച്ചു. കേരള കത്തോലിക്ക അൽമായ അസ്സോസിയേഷൻ 1981 ചെപ്പേട് നൽകിയും സിസ്റ്റർ മേരി ബനീഞ്ജയെ ആദരിച്ചു. തിരഞ്ഞെടുത്ത കവിതകളുടെ ആദ്യസമാഹാരമായ തോട്ടം കവിതകൾ 1973-ലും രണ്ടാമത്തെ സമാഹാരം ലോകമേ യാത്ര ഇവരുടെ മരണാനന്തരം 1986-ലും ആത്മകഥയായ വാനമ്പാടി 1986-ലും പ്രസിദ്ധീകരിക്കപ്പെട്ടു.

ഹാസ്യസാഹിത്യകാരൻ, ഹാസ്യചിത്രകാരൻ എന്നീ നിലകളിൽ പ്രശസ്‌തനാണ് സുകുമാർ എന്ന പേരിലെഴുതുന്ന എസ്. സുകുമാരൻ പോറ്റി (ജനനം : 9 ജൂലൈ 1932). കേരള സാഹിത്യ അക്കാദമിയുടേയും ഈവി സ്‌മാരക സമിതിയുടേയും പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1932 ജൂലൈ 9-ന് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ സുബ്ബരായൻ പോറ്റിയുടെയും കൃഷ്ണമ്മാളുടെയും മൂത്ത മകനായി ജനിച്ചു. ബാല്യകാലം തിരുവനന്തപുരത്ത് ചെലവഴിച്ചു. ബിരുദധാരിയാണ്. ഡി.ഐ.ജി ഓഫീസിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായിരുന്നു. നർമ്മകൈരളിയുടെ പ്രസിഡന്റായും കേരള കാർട്ടൂൺ അക്കാദമിയുടെ ചെയർമാനായും പ്രവർത്തിച്ചു.

കേരളത്തിലെ പ്രശസ്തനായ ഒരു സാഹിത്യവിമർശകനും ഗ്രന്ഥകാരനും പ്രഭാഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്നു സുകുമാർ അഴിക്കോട് (മേയ് 12 1926 -ജനുവരി 24 2012 ). പ്രൈമറിതലം മുതൽ സർവ്വകലാശാലാതലം വരെ അദ്ധ്യാപകനായി പ്രവർത്തിച്ച ഇദ്ദേഹം കാലിക്കറ്റ് സർവ്വകലാശാലയിൽ പ്രോ വൈസ് ചാൻസിലറുമായിരുന്നു. മുപ്പത്തഞ്ചിലേറെ കൃതികളുടെ കർത്താവാണ്. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു. ഇതിനു പുറമേ പല പ്രസിദ്ധീകരണങ്ങളുടേയും പത്രാധിപരായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗാന്ധിയൻ, ഗവേഷകൻ, ഉപനിഷത് വ്യാഖ്യാതാവ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.2012 ജനുവരി 24 ന് അർബുധ ബാധയെ തുടർന്ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. പതിനെട്ടാം വയസ്സിലാണ് അഴീക്കോടിന്റെ ആദ്യ ലേഖനം പ്രസിദ്ധീകരിച്ചത്. 1954-ൽ ആദ്യകൃതിയായ ആശാന്റെ സീതാകാവ്യം പ്രസിദ്ധീകരിച്ചു.കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ ആധാരമാക്കി എഴുതിയ ഈ നിരൂപണഗ്രന്ഥം ഏതെങ്കിലും ഒരു ഖണ്ഡകാവ്യത്തെക്കുറിച്ച് മാത്രമായി പ്രസിദ്ധീകരിക്കപ്പെടുന്ന മലയാളത്തിലെ ആദ്യത്തെ സമഗ്രപഠനമാണ്. കാവ്യരചനയുടെ പിന്നിലെ ദാർശനികവും സൗന്ദര്യശാസ്ത്രപരവുമായ ചോദനകളെ പാശ്ചാത്യവും പൗരസ്ത്യവുമായ കാവ്യശാസ്ത്രസിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്ന ആശാന്റെ സീതാകാവ്യം ഒരു കൃതിയെക്കുറിച്ചുള്ള സമഗ്രനിരൂപണത്തിന്റെ മലയാളത്തിലെ മികച്ച മാതൃകയായി കണക്കാക്കപ്പെടുന്നുണ്ട്.1956-ൽ പ്രസിദ്ധീകരിക്കപ്പെട്ട രമണനും മലയാള കവിതയും എന്ന കൃതിയിലൂടെ മലയാളികൾ എക്കാലവും കാല്പനികതയുടെ വസന്തമായി കണക്കാക്കുന്ന ചങ്ങമ്പുഴ അഴീക്കോടിന്റെ ഖണ്ഡനവിമർശനത്തിന് വിധേയമാകുന്നുണ്ട്. കാവ്യമെന്ന നിലയിൽ രമണൻ പരാജയമാണെന്ന് സ്ഥാപിക്കുന്നതാണ് ഈ കൃതി. പുരോഗമന സാഹിത്യത്തോട് അദ്ദേഹം പ്രകടിപ്പിച്ചിരുന്ന എതിർപ്പ് പുരോഗമനസാഹിത്യവും മറ്റും എന്ന കൃതിയിൽ പ്രകടമാക്കപ്പെടുന്നുണ്ട്. അനുകരണാത്മകതയിൽ മാത്രം പിടിച്ചു നിൽക്കുന്നതാണ് ജി. ശങ്കരക്കുറുപ്പിന്റെ കവിതകൾ എന്ന വിമർശനവുമായി 1963-ൽ പുറത്തിറങ്ങിയ ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു എന്ന കൃതിയും മലയാളസാഹിത്യലോകത്ത് ശ്രദ്ധേയമായി. അഴീക്കോടിന്റെ വിമർശനപക്ഷപാതം ഖണ്ഡനനിരൂപണത്തോടാണെന്ന് പ്രഖ്യാപിക്കുന്നത് ഈ കൃതിയിലൂടെയാണ്. 1984-ൽ പ്രസിദ്ധീകരിച്ച തത്ത്വമസി അദ്ദേഹത്തിന്റെ കൃതികളിൽ വച്ചു ഏറ്റവും ഔന്നത്യമാർന്നതായി നിരൂപകർ കരുതുന്നു. ഔപനിഷദിക ദർശനങ്ങളുടെ ഉൾപ്പൊരുൾതേടുന്ന ഈ കൃതി കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്

മലയാളത്തിലെ പ്രശസ്ത കവയിത്രിയും കേരളത്തിന്റെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവായ സാമൂഹിക, പരിസ്ഥിതി പ്രവർത്തകയുമായിരുന്നു സുഗതകുമാരി. സ്വാതന്ത്ര്യസമര സേനാനിയും കവിയുമായിരുന്ന ബാേധേശ്വരന്റെയും സംസ്കൃത പണ്ഡിതയായ വി.കെ കാർത്ത്യായനിയമ്മയുടെയും മകളാണ്. കേരള സംസ്ഥാന വനിതാ കമ്മീഷന്റെ മുൻ ചെയർപേഴ്സണായിരുന്നു. പ്രകൃതി സംരക്ഷണ സമിതിയുടെയും, അഗതികളായ വനിതകൾക്കും മാനസികവെെകല്യമുള്ളവർക്കും ഡേ കെയർ സെൻ്ററായി പ്രവർത്തിക്കുന്ന അഭയ എന്ന സ്ഥാപനത്തിന്റെയും സ്ഥാപക സെക്രട്ടറിയാണ് ഇവർ. സേവ് സൈലൻറ് വാലി പ്രതിഷേധത്തിൽ വലിയ പങ്കുവഹിച്ചു. 2020 ഡിസംബർ 23-ന് മരണമടഞ്ഞു. 1934 ജനുവരി 22‌ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ വാഴുവേലിൽ തറവാട്ടിൽജനിച്ചു പിതാവ്: സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ, മാതാവ്: വി.കെ. കാർത്യായനി അമ്മ. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിച്ചിരുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്. തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് എന്ന മാസികയുടെ ചീഫ് എഡിറ്ററാണ്. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്. ഭർത്താവ്: പരേതനായ ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്. സൈലന്റ് വാലി അഥവാ നിശ്ശബ്ദ വനം എന്ന കവിത സുഗതകുമാരിയുടെ പ്രകൃതിയോടുള്ള ആത്മബന്ധത്തിന്റെ അടയാളമാണ്. ഇതിൽ സൈലന്റ് വാലി നഷ്ടപ്പെടുമോ എന്ന കവയിത്രിയുടെ ആശങ്കയാണ് പങ്കുവെക്കുന്നത്. 2020 ഡിസംബർ 23 ന് അന്തരിച്ചു.

മലയാളത്തിലെ ഒരു നോവലിസ്റ്റായിരുന്നു സുധാകർ മംഗളോദയം. ശരിയായ പേര് സുധാകർ പി. നായർ. 2020 ജൂലൈ 17-ന് 72 ആമത്തെ വയസിൽ പ്രായാധിക്യത്തെത്തുടർന്നുള്ള അസുഖത്തേത്തുടർന്ന് ഇദ്ദേഹം അന്തരിച്ചു. ഭാര്യ: പരേതയായ ഉഷ. മകൾ: ശ്രീവിദ്യ. തൃശൂരിൽ ബിരുദവിദ്യാഭ്യാസ ശേഷം നാടക രംഗത്തേക്ക് കടന്ന അദ്ദേഹം തുടർന്ന് നടനായി. നാടകരചനയിലൂടെയാണ് അദ്ദേഹം സാഹിത്യ രംഗത്ത് ചുവടുവയ്ക്കുന്നത്. സാധാരണ മനുഷ്യരുടെ വിഹ്വലതകളേയും സ്വപ്‌നങ്ങളേയും കടും‌വർ‌ണങ്ങളിൽ‌ പരത്തിപ്പറഞ്ഞ്‌ ഹൃദയസ്പർ‌ശിയായി അവതരിപ്പിക്കുന്ന മുട്ടത്തുവർക്കിയുടെ നോവൽ രചനാരീതി പിന്തുടർന്ന് മലയാളവായനക്കാരിൽ‌ ചിര:പ്രതിഷ്‌ഠ നേടിയ വ്യക്തിയാണ് സുധാകർ‌ മംഗളോദയം. പൈങ്കിളിസാഹിത്യമെന്ന് അധിക്ഷേപിച്ചുപോന്നിരുന്നുവെങ്കിൽക്കൂടി മലയാളത്തിൽ‌ ആൺ‌പെൺ ഭേദമില്ലാതെ പരക്കെ വായനക്കാരുണ്ടായിരുന്ന ഒരു പ്രസ്ഥാനമാണിത്. മംഗളം, മലയാളമനോരമ ആഴ്‌ചപ്പതിപ്പുകളിലൂടെ സുധാകർ മംഗളോദയത്തിന്റെ നോവലുകൾ‌ ഖണ്ഡശയായി പുറത്തുവന്നിട്ടുണ്ട്. പുസ്തകരൂപത്തിൽ‌ പുറത്തുവന്നവയും നിരവധിയാണ്.

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖനാണ് സുഭാഷ് ചന്ദ്രൻ. മാതൃഭൂമി ആഴ്ചപ്പതിപ്പു നടത്തിയ ചെറുകഥാമൽസരത്തിലൂടെ ചെറുകഥാരംഗത്തു പ്രവേശം ചെയ്തു. ഇപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായി പ്രവർത്തിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായും പ്രവർത്തിക്കുന്നു. ആദ്യ ചെറുകഥാസമാഹാരത്തിനും (ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം) ആദ്യ നോവലിനും (മനുഷ്യന് ഒരു ആമുഖം) കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഇദ്ദേഹത്തിനു ലഭിച്ചു. ഈ നോവലിനു തന്നെ ഓടക്കുഴൽ പുരസ്കാരവും ലഭിച്ചു. മികച്ച നോവലിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം മനുഷ്യന് ഒരു ആമുഖം എന്ന നോവലിനു ലഭിച്ചു .നൂറു വർഷത്തെ കഥാഗതിയും നൂറിലേറെ കഥാപാത്രങ്ങളുടെ ജീവിതസന്ദർഭങ്ങളുമായി പ്രത്യക്ഷപ്പെട്ട നോവലാവട്ടെ ഏത് ക്ലാസ്സിക് കൃതിയോടും മൽസരിക്കാൻ കെൽപ്പുള്ളവയാണ്. എല്ലാ കഥകളും മനുഷ്യന്റെ ക്ഷണികതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അടിത്തറയില്ലാത്ത മനുഷ്യജീവിതത്തിലേക്കുള്ള എത്തിനോട്ടമാണ് ഈഡിപ്പസിന്റെ അമ്മയും അമേരിക്കയും. ഹേയ് മനുഷ്യാ പരമാണുവിനേക്കാൾ ചെറുതാണ് നീ എന്ന അറിവാണ് ഓരോ സുഭാഷ് ചന്ദ്രൻ കൃതികളും നമ്മോട് പറയുന്നത്.

മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരിയാണ്‌ സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട്. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചു. സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു. കേരളകലാമണ്ഡലത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിന്റെ മേധാവിയായി പ്രവർത്തിച്ചിട്ടുണ്ടു്. 1934 മെയ് 16-ന്‌ പാലക്കാടു ജില്ലയിലെ വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കൽ ജനിച്ചു. പിതാവ് പണ്ഡിതനും കവിയുമായിരുന്ന ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാട്. മാതാവു്, നമ്പൂതിരി സമുദായത്തിലെ പരിഷ്കരണപ്രസ്ഥാനത്തിനു നേതൃത്വം നൽകിയവരിലൊരാളായ കുറൂർ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മകൾ, ഉമാ അന്തർജ്ജനം. മൂത്ത പുത്രിയായിരുന്നു ലീല. അവർക്കു് ആറു് അനുജത്തിമാരും മൂന്ന് അനുജന്മാരുമുണ്ടായിരുന്നു. സ്വഗ്രാമമായ വെള്ളിനേഴിയിൽ സ്കൂൾ ഇല്ലാതിരുന്നതുകൊണ്ടു് ഒറ്റപ്പാലം ഹൈസ്കൂളിലായിരുന്നു സുമംഗലയുടെ വിദ്യാഭ്യാസം. 1948-ൽ പത്താം ക്ലാസ്സ് പാസ്സായെങ്കിലും തുടർന്നു കോളേജിൽ പഠിക്കാൻ പ്രായം തികഞ്ഞിരുന്നില്ല. അച്ഛന്റെ കീഴിൽ സംസ്കൃതവും ഇംഗ്ലീഷും പഠിച്ചു. പിന്നീട് കോളേജിൽ ചേരുകയുണ്ടായില്ല. പതിനഞ്ചാംവയസ്സിൽ സുമംഗല വിവാഹിതയായി. ദേശമംഗലം മനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെയും വിഷ്ണുദത്ത അന്തർജ്ജനത്തിന്റേയും പുത്രനായ അഷ്ടമൂർത്തി നമ്പൂതിരിപ്പാടായിരുന്നു ഭർത്താവു്. യജുർവ്വേദപണ്ഡിതനും ഭൂഗർഭശാസ്ത്രത്തിൽ ബിരുദധാരിയുമായിരുന്ന അദ്ദേഹം 2014-ൽ അന്തരിച്ചു. ഡോ. ഉഷ നീലകണ്ഠൻ, നാരായണൻ, അഷ്ടമൂർത്തി എന്നിവരാണു് മക്കൾ. വിവാഹത്തിനുശേഷം കോഴിക്കോടും 1973 മുതൽ ഷൊർണ്ണൂരും വസിച്ചു. കേരളകലാമണ്ഡലത്തിൽ ചെറിയൊരു ജോലിയോടെ പ്രവേശിച്ച സുമംഗല പിന്നീട് അവിടത്തെ പബ്ലിസിറ്റി ഓഫീസർ ചുമതല വഹിച്ചു. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചു. സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു. 1972 മുതൽ കേരളകലാമണ്ഡലത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിൽ പ്രവർത്തിച്ചു.

നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു ബാലഗോപാലക്കുറുപ്പ് എന്ന സുരാസു. നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. റോയൽ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായിരുന്ന ടി ജി നായരായിരുന്നു സുരാസുവിന്റെ അച്ഛൻ. അമ്മ ശാരദ. ബർമ്മയിലാണ് സുരാസു ജനിച്ചത്. പിന്നീട് ചെർപ്പുളശേരിയിൽ തമസമാക്കി. കോഴിക്കോട് ഫാറൂക്ക് കോളേജിൽ പഠിച്ച സുരാസു കുറച്ചുകാലം എയർഫോഴ്സിൽ ജോലി നോക്കിയിരുന്നു. 1973 ൽ പി എൻ മേനോൻ സംവിധാനം ചെയ്ത ദർശനം എന്ന ചിത്രത്തിലൂടെയാണ് സുരാസു സിനിമയിലെത്തുന്നത്. ബേബി സംവിധാനം ചെയ്ത ശംഖുപുഷ്പ്പത്തിലൂടെ തിരക്കഥാകൃത്തും ആയി. എം ടി യുടെ നിർമ്മാല്യം, മോഹന്റെ തീർഥം തുടങ്ങിയ ചിത്രങ്ങളിലെ സുരസുവിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. കവിതയും നാടകവും സമന്വയിപ്പിച്ചു 'മൊഴിയാട്ടം' എന്നൊരു കലാരൂപം അവതരിപ്പിച്ചിട്ടുണ്ട്. സുരാസു രചിച്ച വിശ്വരൂപം എന്ന നാടകത്തിന് 1977-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1985 ൽ സുരായണമെന്ന പേരിൽ തന്റെ ആത്മകഥ എഴുതി. 1997 ജൂൺ നാലാം തീയതി ബുധനാഴ്ച്ച കോട്ടയം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ മരിച്ച നിലയിൽ കാണപ്പെട്ടു.

1940 ഡിസംബർ 7 ന് ജനിച്ചു. നാലപ്പാട്ട് ബാലാമണിയമ്മയുടെയും മാതൃഭൂമി മാനേജിങ് എഡിറ്ററായിരുന്ന വി. എം.നായരുടെയും മകളാണ്. പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി സഹോദരിയാണ്. 1963 ൽ എം. ബി. ബി. എസ്. പാസ്സായി. 1963 ൽ എം. ബി. ബി. എസ്. പാസ്സായി. ടാറ്റാ ഫിൻലോയുടെ തെന്നിന്ത്യൻ തോട്ടങ്ങളിൽ മെഡിക്കൽ ഓഫീസറായും, പിന്നീട് മെഡിക്കൽ അഡൈ്വസറായും ജോലി ചെയ്തിട്ടുണ്ട്. ടാറ്റാ ടീയുടെ മാനേജറായിരിക്കെ കൽക്കട്ടയിൽ നിന്നും വിരമിച്ചു.

മലയാളത്തിലെ യുവ സാഹിത്യകാരിൽ പ്രമുഖനാണ് സുസ്മേഷ് ചന്ത്രോത്ത്. 1977 ഏപ്രിൽ 1നു ജനിച്ചു. ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ സ്വദേശി. മാധ്യമം ആഴ്ചപ്പതിപ്പിൽ പേപ്പർ ലോഡ്ജ് നോവൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്നു. അങ്കണം അവാർഡ് '9'എന്ന നോവലിന് ലഭിച്ചു. 2009-ലെ കെ.എ.കൊടുങ്ങല്ലൂർ കഥാപുരസ്കാരത്തിന് മരണവിദ്യാലയം കഥ അർഹമായി. ആദ്യനോവലായ ഡി,ഡിസി ബുക്സിന്റെ നോവൽ കാർണിവൽ അവാർഡ് 2004-ൽ നേടിയിട്ടുണ്ട്. രണ്ടാമത്തെ നോവലായ 9 മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചത്. ഇടശ്ശേരി അവാർഡ്, അങ്കണം - ഇ പി സുഷമ എൻഡോവ്മെൻറ്, ജേസി ഫൌൺടേഷൻ അവാർഡ്, പ്രൊഫ.വി.രമേഷ് ചന്ദ്രൻ കഥാപുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്. 2006-ൽ പകൽ സിനിമയ്ക്ക് തിരക്കഥയെഴുതി. തുടർന്ന് ആശുപത്രികൾ ആവശ്യപ്പെടുന്ന ലോകം, ആതിര 10 സി എന്നീ ഹ്രസ്വ സിനിമകളും.

ഒരു മലയാളസാഹിത്യകാരനാണ്‌ സേതു എന്ന എ. സേതുമാധവൻ. 1942-ൽ എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തു ജനിച്ചു. നോവൽ, കഥ വിഭാഗങ്ങളിൽ 33 കൃതികൾ. കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് (പേടിസ്വപ്നം, പാണ്ഡവപുരം), മുട്ടത്തുവർക്കി അവാർഡ് (പാണ്ഡവപുരം), മലയാറ്റൂർ അവാർഡ് (കൈമുദ്രകൾ), വിശ്വദീപം അവാർഡ് (നിയോഗം), പത്മരാജൻ അവാർഡ് (ഉയരങ്ങളിൽ) എന്നിവ ലഭിച്ചിട്ടുണ്ട്. പാണ്ഡവപുരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ മാക്മില്ലൻസ് പ്രസിദ്ധീകരിച്ചു. പാണ്ഡവപുരം, ഞങ്ങൾ അടിമകൾ എന്നിവ സിനിമയായി. ഞങ്ങൾ അടിമകളുടെ ചലച്ചിത്രാവിഷ്കാരമായ പൂത്തിരുവാതിരരാവിൽ ഏറ്റവും നല്ല കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് നേടി. 2005-ൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെയർമാനായി ഔദ്യോഗികജീവിതത്തിൽ നിന്ന് വിരമിച്ചു. 2012 സെപ്റ്റംബർ 5-ന് സേതുവിനെ നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ചെയർമാനായി നിയമിക്കപ്പെട്ടു. സുകുമാർ അഴിക്കോടിനു ശേഷം ഈ സ്ഥാനത്തെത്തുന്ന മലയാളിയാണ് ഇദ്ദേഹം

പത്തൊമ്പതാം നൂറ്റാണ്ടിൽ (1829-1846) തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവ്. സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതി തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീകൃത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്. കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്പുരാൻ തുടങ്ങിയ കവിരത്നങ്ങളാലും, ഷഡ്കാല ഗോവിന്ദമാരാർ തുടങ്ങിയ സംഗീതപ്രതിഭകളാലും, വടിവേലു, ചിന്നയ്യ, പൊന്നയ്യ എന്നീ നട്ടുവന്മാരാലും അലങ്കരിക്കപ്പെട്ടിരുന്നു. സർവ്വകലാവല്ലഭനായിരുന്ന സ്വാതി തിരുനാളിന്റെ കാലഘട്ടം കേരളീയ സംഗീതകലയുടെ സുവർണ്ണകാലമായി അറിയപ്പെടുന്നു. മലയാളം, സംസ്കൃതം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി അഞ്ഞൂറില്പരം കൃതികൾ രചിച്ചിട്ടുണ്ട്.. സ്വാതിതിരുനാൾ രചിച്ച പദങ്ങളും വർണ്ണങ്ങളും തില്ലാനകളും തന്നെയാണ് ഇന്നും മോഹിനിയാട്ടവേദിയിൽ കൂടുതലായും അവതരിപ്പിക്കപ്പെട്ടു വരുന്നത്‌. അഖണ്ഡഭാരതത്തിലെങ്ങുമുള്ള ഗായകരേയും വാഗ്ഗേയകന്മാരെയും അദ്ദേഹം തന്റെ കലാസദസ്സിലേയ്ക്കു ആകർഷിച്ചു. മുകളിൽ പരാമർശിച്ചിട്ടുള്ളവർ കൂടാതെ പാലക്കാട് പരമേശ്വരഭാഗവതർ, ഗ്വാളിയോർ ചിന്നദാസ്, ലാഹോറിലെ ഇമാം ഫക്കീർ, ഓധിലെ ഹരിദാസ് ഗോസ്വായി തുടങ്ങിയവരും സദസ്സിൽ അവരുടെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉത്സവപ്രബന്ധം എന്ന സംഗീതാത്മകമായ മലയാള കൃതി മുത്തുസ്വാമി ദീക്ഷിതരുടെ ‘കുചേലോപാഖ്യാനം’ എന്ന സംസ്കൃത കൃതിക്കു സമമാണെന്ന് വിലയിരുത്തപ്പെടുന്നു. സ്വാതി തിരുനാൾ മുന്നൂറിലധികം സംഗീതകൃതികൾ രചിച്ചിട്ടുണ്ട്. ഇതിനു പുറമേ അനേകം സാഹിത്യസൃഷ്ടികളും അദ്ദേഹം രചിച്ചു. അദ്ദേഹത്തിന്റെ സമുദായകൃതികൾ, നവരാത്രി കീർത്തനങ്ങൾ, നവവിധ ഭക്തി കീർത്തനങ്ങൾ, ഘനരാ‍ഗകൃതികൾ മുതലായവയാൺ. ഇതുകൂടാതെ രാമായണകഥയെ ആസ്പദമാക്കിയുള്ള രണ്ട് കൃതികളും ഭാഗവതത്തെ ആസ്പദമാക്കി ഒരു കൃതിയും അദ്ദേഹം രചിച്ചു.

മലയാളത്തിലെ ഒരു നിരൂപകയും, പ്രഭാഷകയും, അദ്ധ്യാപകയും, വിദ്യാഭ്യാസവിദഗ്ദ്ധയുമായിരുന്നു ബി. ഹൃദയകുമാരി(1 സെപ്റ്റംബർ 1930 - 8 ഒക്ടോബർ 2014) ആറന്മുളയിൽ വാഴപ്പള്ളിൽ തറവാട്ടിലായിരുന്നു ജനനം. കാല്പനികത എന്ന ഗ്രന്ഥം കേരള സാഹിത്യ അക്കാദമി അവാർഡ് നേടി.സാഹിത്യകാരിയും കവയിത്രിയുമായ സുഗതകുമാരി സഹോദരിയാണ്.

കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജർമൻ ഭാഷാ പണ്ഡിതനായിരുന്നു റെവ്. ഡോ. ഹെർമൻ ഗുണ്ടർട്ട് (1814 ഫെബ്രുവരി 4 - 1893 ഏപ്രിൽ 25). ജർമനിയിലെ സ്റ്റുട്ട്ഗാർട്ട് എന്ന സ്ഥലത്ത് 1814 ഫെബ്രുവരി 4-നു ജനിച്ചു. 1836 ജൂലൈ 7-നു് ഇന്ത്യയിലെത്തി. മദ്രാസ് പ്രസിഡൻസിയുടെ വിവിധഭാഗങ്ങളിൽ മതപ്രചരണ സംബന്ധമായ ജോലികൾ നടത്തുന്നതിനിടയിൽ 1838 ഒക്ടോബർ 7-നു് ഗുണ്ടർട്ടും ഭാര്യയും തിരുനെൽവേലിയിൽ നിന്നും തിരുവന്തപുരത്തെത്തി താമസമാക്കി. തമിഴ്‌നാട്ടിലെ ഹ്രസ്വകാല ജീവിതത്തിനിടയിൽ തമിഴ്ഭാഷയിൽ പ്രസംഗപാടവം നേടിയ ഗുണ്ടർട്ട് അതിവേഗം മലയാളവും പഠിച്ചു.ഹെർമൻ ഗുണ്ടർട്ടിനെ മലയാളം പഠിപ്പിച്ചത് ഊരാച്ചേരി ഗുരുനാഥൻമാർ. തലശ്ശേരിക്കടുത്ത് ചൊക്ലിയിലെ കവിയൂർ ആണ് ഗുരുനാഥൻമാരുടെ ജന്മദേശം.ഇവരെക്കുറിച്ച് കേട്ടറിഞ്ഞ ഹെർമൻ ഗുണ്ടർട്ട് മലയാളം പഠിക്കാൻ ഇവരെ തേടിയെത്തുകയായിരുന്നു. താൻ താമസിച്ചിരുന്ന ഇല്ലിക്കുന്നിലേക്ക് ഊരാച്ചേരി ഗുരുനാഥൻമാരെ ക്ഷണിച്ചു കൊണ്ടുപോയായിരുന്നു ഗുണ്ടർട്ട് മലയാള ഭാഷയിൽ പ്രാവീണ്യം നേടിയത്. താമസിയാതെ തലശ്ശേരിയിലും നെട്ടൂരിലും സ്കൂളുകളും നെട്ടൂരിൽ ഒരു കല്ലച്ചുകൂടവും സ്ഥാപിച്ചു. ‘ബാസൽ മിഷൻ’ എന്ന അന്തർദ്ദേശീയമത സംഘടനയുടെ ഇന്ത്യയിലെ സെക്രട്ടറിയായും സ്കൂൾ ഇൻസ്പെക്ടറായും പ്രവർത്തിച്ചു. ഇക്കാലഘട്ടത്തിൽ സ്കൂളുകളിൽ പഠിപ്പിക്കാനായി മലയാളം, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പുസ്തകങ്ങൾ എഴുതി അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഒര ആയിരം പഴഞ്ചൊൽ എന്ന പഴഞ്ചൊൽ ശേഖരം സമാഹരിച്ചതും ഇദ്ദേഹമാണ്. അദ്ദേഹം ജർമ്മനിയിലെ കാൽവ് നഗരത്തിൽ വച്ച് 1893ൽ അന്തരിച്ചു. സാഹിത്യ നോബൽ ജേതാവായ ഹെർമൻ ഹെസ്സെ ഗുണ്ടർട്ടിന്റെ മകൾ മേരിയുടെ മകനാണ്. ഒരു സാധാരണ പാതിരിയായി പ്രവർത്തിച്ചെങ്കിലും, ഭാഷാ പാണ്ഡിത്യത്തിന്റെ പേരിലാണ് അദ്ദേഹം ചരിത്രത്തിൽ അവിസ്മരണീയനായത്. 1868-ൽ എഴുതിയ മലയാളം വ്യാകരണം , 1872-ലെ ഗുണ്ടർട്ട് നിഘണ്ടു എന്ന മലയാളം-ഇംഗ്ലീഷ് ഡിൿഷണറി എന്നിവ വളരെ സുപ്രധാനമാണ്. ബൈബിൾ വേദ പുസ്തകവും മലയാളത്തിലേക്ക് ഗുണ്ടർട്ട് പരിഭാഷപ്പെടുത്തി ഭാഷാ വ്യാകരണത്തിൽ അദ്ദേഹം നടത്തിയ പഠനങ്ങൾ, സംസ്കൃതേതരമായ ആദ്യത്തെ ആധികാരിക പഠനമായിരുന്നു. സ്വന്തമായി രണ്ടു പ്രസിദ്ധീകരണങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇതിൽ രാജ്യസമാചാരം മലയാളത്തിലെ ആദ്യത്തെ വർത്തമാന പത്രവും ആനുകാലികവുമായി വിലയിരുത്തപ്പെടുന്നു. രണ്ടാമത്തെ പ്രസിദ്ധീകരണമായ പശ്ചിമോദയം വിജ്ഞാനസംബന്ധമായ ലേഖനങ്ങളിലായിരുന്നു ശ്രദ്ധ പതിപ്പിച്ചതു്. തലശേരിയിൽ ഗുണ്ടർട്ടിന്റെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. പ്രശസ്ത ജർമ്മൻ നോവലെഴുത്തുകാരനും നോബൽ സമ്മാനിതനുമായ ഹെർമ്മൻ ഹെസ്സെ ഗുണ്ടർട്ടിന്റെ ചെറുമകനായിരുന്നു. 1859ൽ രോഗബാധിതനായി ജർമ്മനിയിലേക്കു മടങ്ങിപ്പോയി. 1893 ഏപ്രിൽ 25-ന് അദ്ദേഹം അന്തരിച്ചു.

മലയാളകവിയും നോവലെഴുത്തുകാരനും ചലച്ചിത്രഗാനരചയിതാവുമാണ്‌ റഫീക്ക് അഹമ്മദ് (ജനനം: ഡിസംബർ 17, 1961). കേരള സാഹിത്യ അക്കാദമി പുരസ്കാരവും, കേരള സർക്കാറിന്റെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള അവാർഡും നേടിയിട്ടുണ്ട്. സജ്ജാദ് ഹുസൈന്റെയും തിത്തായിക്കുട്ടിയുടേയും മകനായി 1961 ഡിസംബർ 17-ന്‌ തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത് അക്കിക്കാവിൽ ജനിച്ചു. ഗുരൂവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. ഇൻഷൂറൻസ് മെഡിക്കൽ സർവീസിലെ തൃശ്ശൂർ അളഗപ്പനഗർ ഇഎസ്.ഐ ഡിസ്പെൻസറിയിലെ ജീവനക്കാരനായിരിക്കേ 2012 ഒക്ടോബറിൽ ജോലിയിൽ നിന്ന് സ്വയം വിരമിച്ചു ഗർഷോം എന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയാണ്‌ ഗാനരചനയിലേക്ക് തുടക്കം. ഇതിനകം നിരവധി ചലച്ചിത്രങ്ങൾക്ക് ഗാനങ്ങൾ രചിച്ചു. ഭാര്യ: ലൈല. രണ്ടുമക്കൾ: മനീഷ് അഹമ്മദ്, ലാസ്യ

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു മലയാള വ്യാകരണ പണ്ഡിതനും സി.എം.എസ്. മിഷനറിയുമായിരുന്നു റിച്ചാർഡ് കോളിൻസ് (ഇംഗ്ലീഷ്: Richard Collins, മരണം: 1900). 1855 മുതൽ 1867 വരെ കോട്ടയം സി.എം.എസ് സെമിനാരിയിൽ പ്രഥമാധ്യപകനായിരുന്ന അദ്ദേഹമാണ് ആദ്യത്തെ മലയാളം-മലയാളം നിഘണ്ടു പുറത്തിറക്കിയത്. 1865ലാണ് ഈ നിഘണ്ടു പ്രസിദ്ധീകൃതമായത്. 1855 മുതൽ 1865 വരെ കോട്ടയം സി.എം.എസ്. കോളേജ് പ്രിൻസിപ്പൽ ആയിരുന്നു. ആ കാലത്ത് 'വിദ്യാസംഗ്രഹം' എന്നപേരിൽ ഇന്ത്യയിലെ ആദ്യകോളേജ് മാഗസിൻ ആരംഭിച്ചു. മലയാളം-മലയാളം നിഘണ്ടു ആദ്യമായി 1865-ൽ പ്രസിദ്ധീകരിച്ചു. 1866 മുതൽ 1867 വരെ കോട്ടയം സിഎംഎസ് പ്രസ്സിന്റെ ചുമതല ഇദ്ദേഹത്തിനായിരുന്നു. 1867-ൽ റിച്ചാർഡ് ഇംഗ്ലണ്ടിലേക്ക് തിരിച്ചു പോയി. ശ്രീലങ്കയിലെ കാണ്ഡിയിൽ ഉള്ള ട്രിനിറ്റി സി.എം.എസ്. കോളേജ് ഇദ്ദേഹമാണ് ആരംഭിച്ചത്. 1872 മുതൽ 1877 വരെ ഈ കോളേജിന്റെ പ്രിൻസിപ്പൽ ആയി പ്രവർത്തിച്ചു. പിന്നീട് പ്രിൻസിപ്പൽ സ്ഥാനം ഒഴിവായി ഇംഗ്ലണ്ടിലേക്ക് തിരിച്ചു. ഫ്രാൻസെസ് ആൻ കോളിൻസ് എന്ന കോളിൻസ് മദാമ്മ ആയിരുന്നു ഇദ്ദേഹത്തിന്റെ ഭാര്യ. 1859-ൽ അദ്ദേഹത്തിന്റെ ഭാര്യ രചിച്ച "സ്ലേയർ സ്ലെയിൻ" എന്ന ഇംഗ്ലീഷ് നോവൽ 1877-78 കാലയളവിൽ അദ്ദേഹം മലയാളത്തിലേക്ക് "ഘാതകവധം" എന്ന പേരിൽ തർജ്ജമ ചെയ്തു പ്രസിദ്ധീകരിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലെ ക്രിസ്ത്യാനി കുടുംബങ്ങളിലെ ജീവിതരീതികൾ പ്രതിപാദിക്കുന്ന സാമൂഹ്യ പ്രസക്തിയുള്ള ഈ കൃതിയിലെ മുഖ്യവിഷയം സ്ത്രീധനമാണ്. ചില പണ്ഡിതർ ഈ കൃതിയെ മലയാളത്തിലെ ആദ്യ നോവൽ എന്ന് കരുതുന്നു. എന്നാൽ മറ്റു ചില പണ്ഡിതർ, വിവിധ മാനദണ്ഡങ്ങൾ ഉപയോഗിച്ച്, 1882 ൽ ആർച്ച് ഡീക്കൺ കോശി രചിച്ച "പുല്ലേലിക്കുഞ്ചു" വിനേയോ, അപ്പു നെടുങ്ങാടിയുടെ "കുന്ദലത"യേയോ ആണ് പ്രഥമ മലയാള നോവൽ ആയി കരുതുന്നത്.

മലയാളത്തിലെ ഒരു സാഹിത്യകാരിയാണ് റോസി തോമസ്. നിരൂപകനായിരുന്ന എം.പി. പോളിന്റെയും മേരി പോളിന്റെയും മകളായി 1927-ൽ ജനിച്ചു. തൃശൂരും എറണാകുളത്തുമായി സ്കൂൾ ജീവിതം പൂർത്തിയാക്കി. ഡിഗ്രി ആലുവയിലെ യു.സി. കോളേജിൽ നിന്നും പൂർത്തീകരിച്ചു. പിതാവായ എം.പി പോളിന്റെ ട്യുട്ടോറിയലിൽ അദ്ധ്യാപകനായെത്തിയ സി.ജെ. തോമസുമായ് റോസി പ്രണയത്തിലായി. എതിർപ്പുകളെ തരണം ചെയ്ത് 1951 ജനുവരി 18-ന് ഇവർ വിവാഹിതരായി. വെറും 9 വർഷം മാത്രമാണ് റോസി സി.ജെയുടെ കൂടെ ജീവിച്ചത്. റോസിയുടെ മുപ്പത്തിയൊന്നര വയസിൽ അവർ വിധവയായി. ഭർത്താവിന്റെ ഓർമ്മയ്ക്കായി എഴുതിയ ഇവൻ എന്റെ പ്രിയ സി.ജെ. ആണ് റോസിയുടെ ഏറ്റവും ശ്രദ്ധേയമായ രചന. 2009 ഡിസംബർ 16-ന് തന്റെ 82-മത്തെ വയസിൽ റോസി അന്തരിച്ചു. ബിനോയ്, ബീന, പോൾ എന്നിവരാണ് സിജെ-റോസി ദമ്പതികളുടെ മക്കൾ.

മലയാളത്തിലെ പ്രമുഖ സാഹിത്യകാരിയാണ് റോസ് മേരി. 1956 ജൂൺ 22-നു കാഞ്ഞിരപ്പള്ളിയിൽ ജനിച്ചു. പിതാവ്: ഡോ. കെ.സി. ചാക്കോ (പാപ്പച്ചൻ) കടമപ്പുഴ. മാതാവ്: റോസമ്മ. പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്കൂൾ, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളെജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളെജ്, ചിദംബരം അണ്ണാമല സർവകലാശാല, തിരുവനന്തപുരം പ്രസ്സ് ക്ലബ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റോറിയൽ വിഭാഗത്തിലും ഇന്ത്യാ ടുഡേ (മലയാളം) ടെലിവിഷൻ കറസ്പോണ്ടന്റായും ജോലിചെയ്തിട്ടുണ്ട്.

താളിളക്കം
!Designed By Praveen Varma MK!