മംഗളോദയത്തില് കൊ.വ. 1085 ധനു
ശ്രീമത്ത്വത്തിൻ തിളപ്പാൽ തെളുതെളെ നിശയിൽ-
ത്താൻ വിളങ്ങിത്തിളങ്ങി-
ക്കാമം ക്രീഡിച്ച തേജോനിധി ശശിയതിയാ-
യുള്ള ഗർവ്വം നിമിത്തം
ആമട്ടിൽത്തന്നെ പിന്നെദ്ദിനകരനുദയം-
ചെയ്ത നേരത്തുമംശു-
സ്തോമം ചിന്നിപ്പതിന്നായ്ക്കരുതിയവശനായ്
ഹന്ത മങ്ങുന്നു മന്ദം.
പാരം തേജസ്സ്വിയെന്നാകിലുമതിമൃദുവായ്-
ത്താൻ കരം ചേർത്തു, തേജഃ-
പൂരം ചേരുന്ന സത്സന്നിധിയിലിഹ ജനാ-
മോദമേകി ക്രമത്തിൽ
സ്വൈരം രാജാവ് രാജിച്ചിതു വഴിപിഴയാ-
തെങ്കിലും ചെന്നു സൂര്യാ-
കാരം നോക്കാ,തതല്ലോ വലിയൊരപജയ-
ത്തിന്നു മുഖ്യം നിദാനം.
സർവ്വജ്ഞോത്തംസമുത്താ,ണമൃതകിരണനാ,
ണെന്നുതാനല്ല ലക്ഷ്മീ-
സർവ്വസ്വത്തിന്റെ സത്താണ,ഖിലകുവലയ-
വ്രാതനേതാവുമാണ്,
സർവ്വംകൊണ്ടും തനിക്കുണ്ടൊരു മഹിമ ജഗ-
ത്തിങ്കലെന്നുള്ളിലേറ്റം
ഗർവ്വംകൊണ്ടാനതാണീ നിലയിലുലയുവാൻ
കാരണം ശർവ്വരീശൻ.
ജാതാമോദം രമിച്ചക്കുമുദിനി മറയു-
ന്നേരമന്യത്ര ജാത-
സ്ഫീതാനന്ദം ഹസിക്കും കമലിനിയൊടണ-
ഞ്ഞീടുവാനൂടുനോക്കി
വീതാശങ്കം തിരിക്കുംവഴിയിലിഹ ദിവാ-
ജീവനാഥന്റെ രശ്മി-
വ്രാതാഘാതാൽ കരം തോറ്റൊടുവിലിത മുഖം
താഴ്ത്തി മാഴ്കുന്നു ചന്ദ്രൻ
ആത്താമോദം വിളങ്ങും നവകുസുമിതയാം
പദ്മിനിത്തയ്യലാളെ-
ച്ചേർത്താനന്ദിക്കുവാനായ്ത്തുടരുമൊരു ജഡാ-
കാരനെപ്പദ്മിനീശൻ
പാർത്താവേശിച്ചകറ്റീ, ശിവശിവ! ശിവനാ-
പീഡമാകും ദ്വിജേന്ദ്ര-
ന്നോർത്താലേവം വരാമോ ഗതി നിശിചരനെ-
ന്നുള്ള ദുർവൃത്തിയെന്യേ!
ത്രൈലോക്യത്തിന്നു കണ്ണാം ദ്യുമണിയുടെ മണി-
ത്തേരടുക്കുന്ന നേര-
ത്താലോചിച്ചങ്ങു പിൻമാറണമുടനകല-
ത്താനിലക്കായിരിക്കേ
കാലൌചിത്യം നിനക്കാതവിടെയെതിരിലായ്
നിന്നുവെന്നാകിലിന്നീ
മാലോകർക്കാർക്കുദിക്കും പരമവനെ നിരീ-
ക്ഷിക്കുവാനാശപോലും.
ഉണ്ടായ്വന്നന്നുതൊട്ടേ ദിനകരകരമൊ-
ന്നാശ്രയിച്ചാണു തേജ-
സ്സുണ്ടായിത്തീർന്നതും താൻ വലിയൊരു നിലയിൽ
ച്ചേർന്നതും യാമിനീശൻ
കണ്ടാലും പ്രാപ്തനായ്വന്നതുമുതലിവനാ-
സ്സൂര്യനോടങ്ങുനേരി-
ട്ടുണ്ടാക്കിത്തീർത്തിടുന്നൂ ക്ഷയമവനവനെ-
ന്തക്രമം ദുർജ്ജനാനാം!
തീരാറായി തിളങ്ങും കലകൾ മുഴുവനും
തിങ്കളേ! ചെന്നു കുണ്ടിൽ-
ച്ചേരാറായീ ചിരം നീയിനിയുയിരൊടിരി-
ക്കില്ലിനിക്കില്ല വാദം
നേരായുള്ളോരു ഭാവം നിഖിലവുമകലെ-
പ്പോയി, വക്രത്വമേറ്റൂ,
പോരാ തേജസ്സുമങ്ങീ, പരമിഹ പരിശേ-
ഷിച്ചിതേകം കളങ്കം
ഇഷ്ടപ്രാണേശ്വരന്മാരൊടു വിഘടനമേ-
റ്റേറ്റമുൾത്താപമേന്തി-
ക്കഷ്ടപ്പെട്ടീടുമോമൽക്കുവലയമിഴിമാര്-
ക്കുൾത്തടക്കുത്തലേകി
കഷ്ടം നീയെത്രമാത്രം കഠിനതയവരിൽ
കാട്ടിടുന്നുണ്ടതിന്നീ
ദിഷ്ടക്കേടിന്നണഞ്ഞൂ, വരുവതിതുവിധം
തന്നെയേറ്റം വിളഞ്ഞാൽ.
എന്നാലും ചൊല്ലിടാം ഞാൻ ശശധര! ദിവസാ-
ധീശനാണങ്ങു നന്നായ്
വന്നാൽ നന്നെന്നു ചിന്തിച്ചഖിലഗുണവുമ-
ങ്ങക്കുചെയ്തോരു നാഥൻ
ചെന്നാലും നീ തദന്തേ ശരണ,മിനിയുമ-
ദ്ദിവ്യനെത്തന്നെ വന്ദി-
ച്ചെന്നാൽ കൈവന്നുകൂടും പരമപദശുഭാ-
ഭീഷ്ടസൌഭാഗ്യഭാഗ്യം