Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

086 ലിംഗപ്രകരണം.

46. (1) സ്ത്രീപുരുഷന്മാർ എന്ന ജാതിഭേദത്തെ കാണിക്കുന്ന നാമരൂപത്തിന്നു വ്യാകരണത്തിൽ ലിംഗം എന്നു പേർ. നാമത്തിന്റെ അൎത്ഥം സ്ത്രീയെക്കുറിക്കുന്നുവെങ്കിൽ നാമം സ്ത്രീലിംഗവും, പുരുഷനെ കുറിക്കുന്നുവെങ്കിൽ പുല്ലിംഗവും ആകും. ഇവരെക്കുറിക്കാത്ത നാമങ്ങൾ നപുംസകലിംഗങ്ങൾ ആകുന്നു.
(i) മലയാളത്തിൽ ലിംഗം നാമാൎത്ഥത്തെ ആശ്രയിച്ചു നില്ക്കുന്നു. സംസ്കൃതത്തിൽ നാമരൂപത്തെ ആശ്രയിക്കുന്നു. സംസ്കൃതത്തിലേ തടഃ, തടീ, തടം എന്ന മൂന്നു പദങ്ങൾക്കും കര എന്നു അൎത്ഥമാകുന്നുവെങ്കിലും തടഃ എന്നതു പുല്ലിംഗവും, തടീ എന്നതു സ്ത്രീലിംഗവും, തടമെന്നതു നപുംസകലിംഗവും ആകുന്നു. എന്നാൽ മലയാളത്തിൽ തടം, തടീ എന്നിവ നപുംസകം തന്നേ.
(2) സംജ്ഞാനാമം, സാമാന്യനാമം, നിദൎശകസൎവ്വനാമം, പ്രശ്നാൎത്ഥകസൎവ്വനാമം ഇവക്കു മാത്രം ലിംഗത്തിൽ രൂപഭേദം വരും.
(i) സംജ്ഞാനാമം. നാരായണൻ — നാരായണി; മാധവൻ — മാധവി; കൊറുമ്പൻ — കൊറുമ്പി, കൊറുമ്പാച്ചി; ബാപ്പു — ബാച്ചി.
(ii) സാമാന്യനാമം. പണക്കാരൻ — പണക്കാരത്തി; മലയൻ - മലയി; അനുജൻ — അനുജ.
(iii) സൎവ്വനാമം. അവൻ—അവൾ; ഏവൻ—ഏവൾ; യാവൻ—യാവൾ.
(iv) പുരുഷാൎത്ഥകസൎവ്വനാമങ്ങൾക്കു ലിംഗഭേമില്ലായ്കയാൽ അവ അലിംഗങ്ങൾ ആകുന്നു.
(3) സമൂഹനാമങ്ങൾ, മേയനാമങ്ങൾ, ഗുണനാമങ്ങൾ, ക്രിയാനാമങ്ങൾ എന്നിവ നപുംസകലിംഗങ്ങൾ ആകുന്നു. എങ്കിലും സംസ്കൃതപ്രയോഗം അനുകരിച്ചു ചിലപ്പോൾ ഇവക്കും ലിംഗഭേദം ഉണ്ടാകും.
(i) സമൂഹനാമങ്ങൾ. വാഴ്ത്തിനാർ കാണിജനം; സുന്ദരീജനം ചൊന്നാർ; ദുഷ്ടരാം ശത്രുക്കൂട്ടം; സൈന്യം തിരിച്ചു മണ്ടിനാർ.
(ii) ഗുണനാമങ്ങൾ. ധൎമ്മവും അധൎമ്മവും എന്നിവർ ഇരിവരും; ദുഷ്ടനാം കലിയുഗം.
(iii) ക്രിയാനാമങ്ങൾ. ചിന്തയാകുന്നതു കാൎയ്യവിനാശിനി, നിദ്രാതാൻ മണ്ടിനാൾ.
(4) സംജ്ഞാനാമങ്ങളിലും സാമാന്യനാമങ്ങളിലും സുബുദ്ധികൾക്കേ ലിംഗഭേദം വരികയുള്ളു.
47. (i) അകാരാന്തപ്രാതിപാദികങ്ങളിൽ അൻ, ആൻ എന്നിവ പുല്ലിംഗപ്രത്യയങ്ങളായ്വരും.
മലയൻ, മടിയൻ, പണക്കാരൻ, തട്ടാൻ, മാരാൻ, കണിയാൻ.
സുഖി + അൻ = സുഖിയൻ, വേദി + അൻ = വേദിയൻ എന്നിങ്ങനെ ചില ഇകാരാന്തപ്രാതിപദികങ്ങളിലും അൻപ്രത്യയം കാണാം.
(2) അൾ, ആൾ, ഇ, ത്തി, അ എന്നിവ സ്ത്രീലിംഗപ്രത്യയങ്ങൾ ആകുന്നു.
അവൾ, അന്നനടയാൾ, പറയി, മാരാത്തി, അനുജ.
48. (1) അൾപ്രത്യയം അ, ഇ, എന്ന ചുട്ടെഴുത്തുകളോടും, ഏ, യാ എന്ന് ചോദ്യെഴുത്തുകളോടും, മകു എന്ന പ്രാതിപദികത്തോടും ചേരും.
അ + അൾ = അവൾ, ഇ + അൾ = ഇവൾ, യാ + അൾ = യാവൾ, ഏ + അൾ = എവൾ, മകു + അൾ = മകൾ.
(2) അൾ എന്നതു ദീൎഘിച്ചു ആൾ ആയി.
നല്ല + ആൾ = നല്ലാൾ, പൊൻനിറത്തു + ആൾ = പൊന്നിറത്താൾ, പെണ്മണിയാൾ.
(3) ഇകാരാന്തസ്തീലിംഗങ്ങളിൽ ആൾപ്രത്യയം ചില പ്പോൾ സ്വാൎത്ഥത്തിൽ വരും.
വണ്ടാർകുഴലിയാൾ, ഇന്ദുനേർമുഖിയാൾ, ദന്തിഗാമിനിയാൾ, ഇവിടെ യകാരം ആഗമമായ്വന്നിരിക്കുന്നു. വണ്ടാർകുഴലി, ഇന്ദുനേർമുഖി, ദന്തിഗാമിനി എന്നീ രൂപങ്ങൾ തന്നേ സ്ത്രീപ്രത്യയാന്തങ്ങളായിരുന്നിട്ടും രണ്ടാമതും ആൾ പ്രത്യയയും കൂടിച്ചേൎത്തിരിക്കുന്നു. അതിന്നു വിശേഷിച്ചു അൎത്ഥം കല്പിപ്പാൻ പാടില്ലായ്കയാൽ പ്രകൃതിയുടെ സ്വന്തമായ അൎത്ഥത്തിൽ പ്രയോഗിച്ചിരിക്കുന്നു എന്നു കാണിപ്പാൻ 'സ്വാൎത്ഥത്തിൽ' പ്രയോഗിച്ചിരിക്കുന്നു എന്നു പറയും.
(4) നിദൎശകസൎവ്വനാമങ്ങൾ തന്നേ പ്രത്യയങ്ങളായിട്ടു ഭവിച്ചിരിക്കുന്നു.
(i) ക്രിയാപുരുഷനാമങ്ങൾ. നടക്കുന്നവൻ, —വൾ, പോയവൻ, —വൾ. (ii) ഒന്നാമത്തേവൻ — ഒന്നാമത്തേവൾ, മറ്റേവൻ — മറ്റേവൾ).
49. പുല്ലിംഗം അൻപ്രത്യയത്തിൽ അവസാനിക്കുമ്പോൾ സ്ത്രീലിംഗത്തിൽ ചിലപ്പോൾ ഇപ്രത്യയം വരും.
(i) കൂനൻ—കൂനി, കള്ളൻ—കള്ളി, താമരക്കണ്ണൻ — താമരക്കണ്ണി, തൊണ്ടൻ — തൊണ്ടി, തോഴൻ — തോഴി.
(ii) കിഴവൻ—കിഴവി, പറയൻ — പറയി, പുലയൻ — പുലയി, മലയൻ — മലയി, മുകയൻ— മുകയി.
(iii) ബ്രാഹ്മണൻ—ബ്രാഹ്മണി, സുന്ദരൻ—സുന്ദരി, രാജാവു — രാജ്ഞി, ഗുണവാൻ — ഗുണവതി, ഗുണശാലി — ഗുണശാലിനി, വിദ്വാൻ — വിദുഷി.

ജ്ഞാപകം.—(i) ഒന്നാം വൎഗ്ഗത്തിലേ ഉദാഹരണങ്ങളിൽ അൻപ്രത്യയം ലോപിച്ചിരിക്കുന്നു. (ii) രണ്ടിൽ അൻ ലോപിച്ചതിന്റെ ശേഷം യ, വആഗമം വന്നിരിക്കുന്നു. (iii) മൂന്നിലേ പദങ്ങൽ സംസ്കൃത ശബ്ദങ്ങൾ ആകയാൽ, സംസ്കൃതവ്യാകരണപ്രകാരമുള്ള രൂപഭേദങ്ങൾ ഉണ്ടാകും. അവയെ ഇവിടെ വിവരിക്കുന്നില്ല. ശബ്ദരത്നത്തിൽ വിശദമായ്‌വിവരിക്കും.
50. (1) അൻപ്രത്യയത്തിൽ അവസാനിക്കുന്ന പുല്ലിംഗങ്ങൾക്കു സ്ത്രീലിംഗത്തിൽ ചിലപ്പോൾ ത്തിപ്രത്യയം വരും.
കള്ളൻ — കള്ളത്തി, കുശവൻ — കുശവത്തി, ചാലിയൻ—ചാലിയത്തി, തിയ്യൻ — തിയ്യത്തി, മുക്കുവൻ— മുക്കുവത്തി, മാരാൻ — മാരാത്തി, തട്ടാൻ — തട്ടാത്തി, വണ്ണാൻ — വണ്ണാത്തി.
(2) താലവ്യസ്വരങ്ങളുടെ പിന്നിൽ ത്തിക്കു സവൎണ്ണാദേശം വന്നിട്ടു ച്ചിയാകും.
ആയൻ—ആച്ചി, ഇടയൻ — ഇടച്ചി, ഇടിയൻ — ഇടിച്ചി, കൊതിയൻ — കൊതിച്ചി, ചെട്ടി—ചെട്ടിച്ചി, പട്ടാണി—പട്ടാണിച്ചി, മാപ്പിള്ള—മാപ്പിള്ളച്ചി,
(i) അന്ത്യമായ അൻ ലോപിച്ചതിന്റെ ശേഷം ത്തി എന്നതു ച്ചിയാകും.
(ii) ചെട്ടി, പട്ടാണി, മാപ്പിള്ള മുതലായവ അൻപ്രത്യയാന്തങ്ങൾ അല്ലെങ്കിലും ത്തി വരും.
(3) ചിലപ്പോൾ ത്തിക്കു മൂൎദ്ധന്യാദേശം വന്നിട്ടു ട്ടി ആകും.
തമ്പുരാൻ — തമ്പുരാട്ടി, തമ്പാൻ — തമ്പാട്ടി, മണവാളൻ — മണവാട്ടി, കണിയാൻ — കണിയാട്ടി (കണിയാട്ടിച്ചി എന്നും ഉണ്ടു), പാണൻ — പാട്ടി.
51 (1) അപ്രത്യയം സംസ്കൃതനാമങ്ങളിൽ മാത്രം വരും.
അനുജൻ — അനുജ, പ്രിയൻ — പ്രിയ, വല്ലഭൻ — വല്ലഭ, സ്നേഹിതൻ — സ്നേഹിത, ഇഷ്ടൻ — ഇഷ്ട.
(2) അപ്രത്യയം ചേൎത്തതിന്റെ ശേഷം ത്തിപ്രത്യയവും വരും.
അനുജ — അനുജത്തി, ജ്യേഷ്ഠത്തി.
52. (1) അകാരാന്തപ്രാതിപദികങ്ങളോടു നപുംസകത്തിൽ അംപ്രത്യയം ചേൎക്കും.
മരം, കടം, ത്രം, പാലം, നലം, നിലം, പണം, മണം, നാണം, വനം, ജ്ഞാനം.
(2) സംസ്കൃതപദങ്ങളിൽ അം വരും.
വൃക്ഷം, ഭക്ഷണം, മരണം, കാൎയ്യം, ജലം, മാംസം, മേഘം, വൎണ്ണം, കൎണ്ണം, പാദം.
(3) ആന, കാള, കഴുത, ഈച്ച, വാഴ, തേങ്ങ, എണ്ണ, കടുവാ, വേദന, ലത, ചണ, കാക്ക, മൂങ്ങ ഇത്യാദികളിൽ അംപ്രത്യയം വരികയില്ല.
(4) അകാരാന്തമല്ലാത്ത പ്രാതിപദികങ്ങളിൽ പ്രത്യയം ചേൎക്കേണ്ട.
വള്ളി, പല്ലി, പശു, കാടു, ആടു, തേരു, പൈ, നേരു, കൈ, തൈ, കാൽ, മാൽ, പാൽ.
(5) കോമരം, പാവം, പണ്ടാരം, അദ്ദേഹം, ഇദ്ദേഹം, ജനം, മിത്രം ഇത്യാദി അംപ്രത്യയത്തിൽ അവസാനിക്കുന്ന സാമാന്യനാമങ്ങളും, രത്നം, ഭാഷ്യം, വേദം, ശേഷം, വേലായുധം, അരുണാചലം, ആറുമുഖം, സന്തോഷം മുതലായ സംജ്ഞാനാമങ്ങളും പുല്ലിംഗങ്ങൾ ആകുന്നു. മാക്കം, തങ്കം, മാണിക്കം, കളത്രം, ദ്വാരങ്ങൾ ഇത്യാദി സ്ത്രീലിംഗങ്ങളും ആകുന്നു.
(6) കുറുക്കൻ, കടുക്കൻ, കാരാടൻചാത്തൻ, മത്തൻ, ഇളവൻ, ചെവിയൻ, കൊഞ്ചൻ മുതലായവ നപുംസകങ്ങളും ആകുന്നു.
(7) അൎത്ഥംകൊണ്ടു മാത്രമല്ലാതെ അൻപ്രത്യയാന്തനാമങ്ങളുടെ ലിംഗം നിശ്ചയിച്ചുകൂടാ.

താളിളക്കം
!Designed By Praveen Varma MK!