Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

078 പരസവൎണ്ണാദേശം

(3) മുൻവ്യഞ്ജനം പിൻവ്യഞ്ജനത്തിന്റെ സവൎണ്ണമായിമാറുന്നുവെങ്കിൽ അതിന്നു പരസവൎണ്ണാദേശം എന്നും, പിൻവ്യഞ്ജനം മുൻവ്യഞ്ജനത്തിന്റെ സവൎണ്ണമായ്മാറുന്നുവെങ്കിൽ അതിന്നു പൂൎവ്വസവൎണ്ണാദേശം എന്നും പേർ.
(i) ചെം + കദളി എന്നതിൽ അന്ത്യമകാരത്തിന്റെ പിന്നിൽ കണ്ഠ്യമായ കകാരം വരുന്നതുകൊണ്ടു മകാരത്തിന്റെ സ്ഥാനത്തു കവൎഗ്ഗത്തിലേ അനുനാസികമായ ങകാരം വരും. ഈ ങകാരം പിൻവരുന്ന കകാരത്തിന്റെ സവൎണ്ണമാകയാൽ പരസവൎണ്ണാദേശം എന്നു പേർ, ചെം + കദളി = ചെങ് + കദളി = ചെങ്‌കദളി = ചെങ്കദളി.
ജ്ഞാപകം.— ങ്‌ക ങ്ക എന്നിവ രണ്ടും ഒന്നു തന്നേ എങ്കിലും ചിലപ്പോൾ ങ്ക എന്നതു ൻക എന്നതിന്നു പകരം ലിപിയിൽ ഉപയോഗിക്കാറുണ്ടു. മാൻ + കുട്ടി = മാങ്കുട്ടി. എന്നാൽ മാൻകുട്ടി എന്നെഴുതുന്നതു നന്നു.
(ii) കൺ + തു എന്നതിൽ മൂൎദ്ധന്യമായ ണകാരത്തിന്റെ പിന്നിൽ ദന്ത്യമായ തകാരം വന്നിരിക്കയാൽ ദന്ത്യത്തിന്നു മൂൎദ്ധന്യം ആദേശം വരും, അല്പപ്രാണവും അഘോഷവും ആയ തകാരത്തിന്നു പകരം അല്പപ്രാണവും അഘോഷവും ആയ ടകാരം വരുന്നു. കൺ + ടു = കണ്ടു (ii. 42) ഇവിടെ പൂൎവ്വവൎണ്ണത്തിന്റെ സവൎണ്ണം ആദേശം വന്നിരിക്കയാൽ ഇതിന്നു പൂൎവ്വവൎണ്ണദേശം എന്നു പേർ.
41. (1) ൻ, മ് ഇവയുടെ പിന്നിൽ വ്യഞ്ജനം വന്നാൽ ഇവക്കു പരസവൎണ്ണം ആദേശമായ്വരും.
നകാരം. വൻ + കടൽ = വങ്കടൽ, അവൻ + ചൊന്നാൻ = അവഞ്ചൊന്നാൻ, അവൻ + ഞാൻ = അവഞ്ഞാൻ, എൻ + പോറ്റി = എമ്പോറ്റി.
മകാരം. കൊടും + കാറ്റു = കൊടുങ്കാറ്റു, കടും + ചോര = കട്ടഞ്ചോര, വരും + തോറും = വരുന്തോറും, പെരിം + പട = പെരിമ്പട.
(2) മുൻ, പൊൻ, പിൻ എന്നിവയുടെ അന്ത്യനകാരത്തിന്റെ പിന്നിൽ ഖരം വന്നാൽ നകാരത്തിന്നു ലകാരവും ചിലപ്പോൾ ആദേശമായ്വരും.
മുൻ + കാഴ്ച = മുല്ക്കാഴ്ച, തിരുമുൻ + പാടു = തിരുമുല്പാടു. പൊൻ + താർ = പൊല്ത്താർ, പൊല്ക്കലാശം.
(3). ണകാരത്തിന്റെ പിന്നിൽ താലവ്യം വന്നാൽ ണകാരം ഞകാരമാകും.
വെൺ + ചവരി = വെഞ്ചവരി, മൺ + ചിറ = മഞ്ചിറ.
(i) മൺകുടം, മങ്കുടം. പെൺകുട്ടി, പെങ്കുട്ടി. ആൺകുട്ടി, ആങ്കുട്ടി. എന്നിങ്ങനെ ഉച്ചാരണത്തിൽ രണ്ടുവിധം ഉണ്ടെങ്കിലും, ആദ്യരൂപങ്ങളേ എഴുതുന്നുള്ളു.
(4) ലകാരത്തിന്റെ പിന്നിൽ ഖരം വന്നാൽ പരസവൎണ്ണം വികല്പമാകുന്നു.
കടൽ + കാക്ക = കടൿ +. കാക്ക = കടക്കാക്ക, കടല്ക്കാക്ക; കൽ + കുഴി = കക്കുഴി, കല്ക്കുഴി; കപ്പൽ + ചിലവു = കപ്പചിലവു; കപ്പൽച്ചിലവു: തുന്നൽ + പണി = തുന്നപ്പണി, തുന്നൽപ്പണി; മേൽ + തരം = മേത്തരം.

ജ്ഞാപകം.— വ്യഞ്ജനത്തിന്നു പിൻവരുന്ന വ്യഞ്ജനത്തിന്നു ദിത്വം വന്നതിനെ സൂക്ഷിക്കുക.

താളിളക്കം
!Designed By Praveen Varma MK!