Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

072 ലോപസന്ധി.

35. പദാന്തത്തിൽ ശബ്ദന്യൂനപ്രത്യയമായ അകാരം, ക്രിയാന്യൂനപ്രത്യയമായ എകാരം, സംവൃതം എന്നിവക്കു പിന്നിൽ സ്വരം വന്നാൽ അന്ത്യസ്വരം ലോപിക്കും.
ശബ്ദന്യൂനം. ചെയ്ത + അവസ്ഥകൾ = ചെയ്തവസ്ഥകൾ, ആയുള്ള + അവൻ = ആയുള്ളവൻ. വെണ്ണകട്ട + ഉണ്ണി = വെണ്ണകട്ടുണ്ണി. ചെയ്ത + ഒരു ഉപകാരം = ചെയ്തൊരുപകാരം.
ക്രിയാന്യൂനം. ചെയ്യാതെ + ഇരുന്നു = ചെയ്യാതിരുന്നു. കാണാതെ + ആയി = കാണാതായി.
സംവൃതം. കാടു + അല്ല = കാടല്ല; കല്ലു + ഇൽ = കല്ലിൽ; മാമുനി കണ്ടു + അങ്ങു + അറിഞ്ഞു + ഉള്ളിൽ = മാമുനി കണ്ടങ്ങറിഞ്ഞുള്ളിൽ; വന്ദിച്ചു + അവനോടു + അതു + എല്ലാം + അറിയിച്ചാൻ = വന്ദിച്ചവനോടതെല്ലാമറിയിച്ചാൻ.
(i) ശബ്ദന്യൂനത്തിന്റെ പിന്നിൽ നിദൎശകസൎവനാമങ്ങൾ, ഒരു, (ഓരോ) ഇടം, (ഏടം, എടം) മുതലായ സ്വരാടിപദങ്ങൾ വന്നാൽ ഗദ്യത്തിലും ശബ്ദന്യൂനപ്രത്യയമായ അകാരം ലോപിക്കും.
പോകുന്ന + അവൻ = പോകുന്നവൻ, പോയവർ, വന്നവർ, വന്നിതു, ചെയ്തൊരു കാൎയ്യം, ചെന്നേടത്തു.
(i) പൂൎണ്ണക്രിയയുടെ പിന്നിൽ ഉണ്ടു, ഇല്ല എന്ന ക്രിയകൾ വന്നാൽ അന്ത്യമായ ഉകാരം ലോപിക്കും.
കേട്ടു + ഇല്ല = കേട്ടില്ല, പോകുന്നു + ഇല്ല = പോകുന്നില്ല.
(iii) പൂൎണ്ണക്രിയയുടെ പിന്നിൽ എൻധാതുവിന്റെ രൂപങ്ങൾ വന്നാൽ അന്ത്യമായ ഉകാരത്തിന്നു ലോപം വികല്പമായ്വരും.
കേട്ടു + എന്നു = കേട്ടുവെന്നു, കേട്ടെന്നു; പോകുന്നു + എങ്കിൽ = പോകുന്നു വെങ്കിൽ, പോകുന്നെങ്കിൽ.
(iv) നമ്മുടെ ഇഷ്ടംപോലെ ഒരു വ്യാകരണവിധിയെ നടത്താമെങ്കിൽ അതിന്നു വികല്പം എന്നു പേർ.

താളിളക്കം
!Designed By Praveen Varma MK!