Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

195 നിരുക്തകാണ്ഡം.

186. (1) സംഭാഷണം വാക്യങ്ങൾകൊണ്ടും, വാക്യങ്ങൾ പദങ്ങൾകൊണ്ടും പദങ്ങൾ പ്രകൃതിപ്രത്യയങ്ങൾകൊണ്ടും ഉണ്ടാകുന്നു എന്നു ഇതുവരെ കാണിച്ചുവല്ലോ.
(2) ഈ പദങ്ങൾ എല്ലാം മലയാളഭാഷയിൽ ഉപയോഗിച്ചുവരുന്നവ തന്നേയെങ്കിലും അവ വേറെ ഭാഷയിൽനിന്നു ഈ ഭാഷയിൽ വന്നു ചേൎന്നുവോ; മലയാളം ഏതു ഭാഷയിൽ നിന്നുണ്ടായി; ഇതരഭാഷാപദങ്ങൾ മലയാളഭാഷയിൽ ഉപയോഗിക്കുമ്പോൾ അവക്കു രൂപഭേദം വരുന്നുണ്ടോ എന്നും മറ്റുമുള്ള വിഷയങ്ങളെ വിവരിക്കുന്ന വ്യാകരണഭാഗം ആകുന്നു നിരുക്തകാണ്ഡം.
(3) ഗദ്യമായും പദ്യയുമുള്ള സാഹിത്യഗ്രന്ഥങ്ങളിൽ നാം ഉപയോഗിക്കുന്ന പദങ്ങളെ തന്നേ നിത്യവ്യവഹാരത്തിൽ പ്രയോഗിക്കുന്നില്ല. സംസാരിക്കുമ്പോൾ ചെറിയ വാക്യങ്ങളെ ഉപയോഗിക്കും. ചിലപ്പോൾ വാക്യം പൂരിക്കാതെയും ഇരിക്കും. പദങ്ങളിലേ എല്ലാവൎണ്ണങ്ങളെയും ഉച്ചരിക്കാറില്ല. അതുകൊണ്ടു എഴുതുന്ന ഭാഷയിലും സംസാരിക്കുന്ന ഭാഷയിലും വളരെ വ്യത്യാസമുണ്ടെന്നു തെളിയുന്നു. എഴുതുന്ന ഭാഷ സംസാരിക്കുന്ന ഭാഷയെക്കാൾ ശ്രേഷ്ഠമായതുകൊണ്ടു അതിനെ പരിഷ്കൃതഭാഷയെന്നും മറ്റതിനെ ഉക്തഭാഷയെ ന്നും പറയാം.
(4) ആലസ്യം, ശക്തിവൈകല്യം, പ്രമാദം മുതലായ പുരുഷദോഷത്താൽ പദങ്ങളെ നല്ലവണ്ണം ഉച്ചരിക്കാത്തതിനാൽ അവയുടെ രൂപം തേഞ്ഞു മാഞ്ഞു പോകും. തു എന്ന ഭൂതപ്രത്യയം പലപ്രകാരത്തിലും മാറിപ്പോയതിന്റെ കാരണം ഉച്ചാരണദോഷം തന്നേ. ഓരോരോ കുടുംബത്തിലേ ആളുകളുടെ ഉച്ചാരണത്തിൽ ഭേദമുള്ളതുപോലെ തന്നേ ഓരോരോ ഗ്രാമങ്ങളിലേയും ദേശങ്ങളിലേയും ഭാഷയിൽ ഭേദം ഉണ്ടു.
(i) ഈ ഭേദങ്ങളെ പരിഗണിക്കുന്നതു കേവലം അസാദ്ധ്യം തന്നേയെങ്കിലും ചില ഉദാഹരണങ്ങളെ പറയാം. എന്തോളി എന്ന സംബന്ധവാചകം വടക്കേമലയാളത്തിൽ ഉക്തഭാഷയിൽ സാധാരണമെങ്കിലും തെക്കൎക്കു അതു അപഹാസ്യമാകുന്നു. തലശ്ശേരിയിൽ പോയിനി, വന്നിനി മുതലായ ശബ്ദങ്ങൾ കേൾക്കാം. കടത്തനാട്ടിൽ കണ്ടിരിക്കുന്നുവോ എന്നതിന്നു പകരം കണ്ടിക്കോ എന്നും മറ്റും കേൾക്കാം.
(5) ഇങ്ങനെ പരിഷ്കൃതഭാഷയിൽ പ്രയോഗിക്കാത്തവയുംഉക്തഭാഷയിൽ പ്രയോഗിക്കുന്നവയും ആയ പദങ്ങളെ ഗ്രാമ്യങ്ങൾ എന്നു പറയും.
(ii) വെച്ചു + അയക്ക = വെച്ചേക്ക എന്നതു വെച്ചേ എന്നും കൊടുത്തു അയക്ക = കൊടുത്തേക്ക = കൊടുത്തേ എന്നും സാധാരണമായി വടക്കേ മലയാളത്തിൽ കേൾക്കാം. വെച്ചു + കൊൾക = വെച്ചു +ഓൾക = വെച്ചോ, കടുത്തു+ കൊൾക = കൊടുത്തോ എന്ന നിയോജകരൂപങ്ങൾ ഉക്തഭാഷയിൽ ഉള്ളവഇപ്പോൾ ചില നാടകങ്ങളിലും പ്രവേശിച്ചു തുടങ്ങിയിരിക്കുന്നു.
(iii) അതു കൊണ്ടു മഹദാശ്രയത്താൽ ശബ്ദങ്ങളുടെ ഗ്രാമ്യത്വം പോയ്പോകുന്നു. ആണു, പോണു ഒരിക്കൽ ഗ്രാമ്യമായവ ഇപ്പോൾ സൎവ്വമാന്യങ്ങളായിരിക്കുന്നു.
(iv) ഒമ്പ് (ഒമ്പതു), ഇവ് (ഇരുപതു), മുപ്പ് (മുപ്പതു), അൎവ (അറുപതു), എഴ്പ് (എഴുപതു) ഇവ എഴുത്തുപള്ളിയിൽ കടന്നുകൂടിയിരിക്കുന്നു.

187. (1) മലയാളം, തമിഴു, തെലുംഗു, കൎണ്ണാടകം, തുളു, കുടുകു മുതലായി ഗോദാവരിയുടെ തെക്കുള്ള ദേശങ്ങളിൽ സംസാരിച്ചുവരുന്ന ഭാഷകൾക്കു സമാന്യമായ പേർ ദ്രാവിഡഭാഷകൾ എന്നു ആകുന്നു. ഈ ഭാഷകൾക്കെല്ലാം ചിലപദങ്ങളും ധാതുക്കളും പ്രത്യയങ്ങളും സമാനമായിട്ടുള്ളതു കൊണ്ടു, ഇവ ഒരു മൂലഭാഷയിൽനിന്നു ഉത്ഭവിച്ചവയെന്നു ഊഹിച്ചുവരുന്നു. ഈ മൂലഭാഷക്കു ദ്രവിഡഭാഷ എന്നു പേർ. മലയാളം മുതലായവ ഈ ഭാഷയുടെ മക്കൾ ആകയാൽ ഇവക്കു തമ്മിൽ സോദരഭാവം മാത്രമേയുള്ളു.
(2) മലയാളത്തിൽ വളരെ സംസ്കൃതപദങ്ങൾ ഉണ്ടെങ്കിലും മലയാളം സംസ്കൃതത്തിൽനിന്നുണ്ടായ ഭാഷയല്ല. സംസ്കൃതത്തിൽനിന്നു ഉത്ഭവിച്ച പ്രാകൃതഭാഷകളിൽനിന്നും ജനിച്ചതല്ല. എന്തുകൊണ്ടെന്നാൽ സംസ്കൃതത്തിലേയും മലയാളത്തിലേയും പ്രത്യയങ്ങൾക്കും പ്രത്യയങ്ങളെ പ്രകൃതിയോടു ചേൎക്കുന്ന വിധത്തിന്നും തമ്മിൽ വളരെ ഭേദം ഉണ്ടു.
(3) ഉത്തരദേശത്തിൽ നിന്നു ആൎയ്യന്മാർ വന്നു കേരളത്തിൽ അധിവസിച്ചപ്പോൾ അവർ വ്യവഹാരസൌകൎയ്യത്തിന്നു വേണ്ടി അനവധിസംസ്കൃതവാക്കുകളെ ഉപയോഗിച്ചു തുടങ്ങി. ഈ വാക്കുകളുടെ ആക്രമത്താൽ മലയാളശബ്ദങ്ങൾ വളരേ നഷ്ടമായി പോകയും ചെയ്തു. ഇപ്പോൾ മലയാള പദങ്ങളെക്കൊണ്ടു മാത്രം ഒരുപന്യാസം എഴുതുവാൻ ഭാവിച്ചാൽ അസാധ്യമായി കാണും.
(4) ശബ്ദദാരിദ്രം നശിപ്പിച്ചു ഭാഷയെ അലങ്കരിപ്പാനും പരിഷ്കരിപ്പാനും വേണ്ടി ഇപ്പോൾ സംസ്കൃതപദങ്ങളെ ധാരാളമായി കടം വാങ്ങി വരുന്നുണ്ടു.
188. (1) വ്യാപാരം, മതസ്ഥാപനം, രാജ്യജയം മുതലായ കാരണങ്ങൾനിമിത്തം വിഭിന്നജാതിക്കാരും നാനാഭാഷക്കാരും കാലക്രമേണ കേരളത്തിൽ വന്നു ഏതദ്ദേശീയരുമായി ചേൎന്നു സഹവാസത്തിന്നു ഇടവന്നതുകൊണ്ടു അന്യഭാഷാശബ്ദങ്ങൾ മലയാളത്തിൽ പ്രയോഗിക്കാറുണ്ടു. ഈ അന്യഭാഷകൾ അറബി, പാൎസി, ഹിന്ദുസ്താനി, സുറിയാനി, പോൎത്തുഗീസ്സ്, പറന്ത്രീസ്സ്, ഇംഗ്ലീഷ് എന്നിവ തന്നേ.
(2) സംസ്കൃതത്തിൽനിന്നും ഈ അന്യഭാഷകളിൽനിന്നും വന്ന പദങ്ങളെ മലയാളഭാഷയിൽനിന്നു നീക്കിക്കളഞ്ഞാൽ ശേഷിക്കുന്നവയെല്ലാം ദ്രാവിഡഭാഷാപദങ്ങൾ ആകുന്നു. ആന, കുതിര, വാഴ, കോഴി, ഇരിക്ക, ആകു, പോക, നടക്ക, തിന്നുക, ഉണ്ണുക, കാൺക, അറിക, ഞാൻ, നീ, താൻ.
(3) ദ്രാവിഡശബ്ദങ്ങളിൽ ചിലവാക്കു മലയാളത്തിൽ മാത്രം പ്രയോഗമുള്ളു; മറ്റു ദ്രാവിഡഭാഷകളിൽ പ്രയോഗമില്ലായ്കയാൽ അവയെ സ്വന്തം എന്നു പറയും. മറ്റു ദ്രാവിഡഭാഷകൾക്കും സാമാന്യമായിട്ടുള്ളവയെ ആഭ്യന്തരം എന്നു പറയും.
സ്വന്തം— അക്കിൽക്കറ, അണ്ടി, അതിർ, ആഴ്ച, ഇഴുങ്ങുക, അച്ഛൻ, പോറ്റി, എത, പുണരുക, പള്ള, ഒപ്പുക.
ആഭ്യന്തരം— എരുതു, മരുന്നു, പുളി, ഉപ്പു, എലി, ഓടു, കാടു, കണ്ണു, കൈ.
(4) സ്വന്തവും ആഭ്യന്തരവും അല്ലാത്തവ ബാഹ്യശബ്ദങ്ങൾ വൈദേശികശബ്ദങ്ങൾ ആകുന്നു.
(i)സംസ്കൃതം— അന്നം, അണ്ഡജം, ആശ, ഇന്ദീവരം, ഈശൻ, ഉപകാരം, ഊഹം, ഋതു, ഋഷി, ക്ഌപ്തി, ഏകൻ, ഐശ്വൎയ്യം, ഓഷ്ഠം, ഔദാൎയ്യം.
(ii) അറബി— അൎജി (ഹരജി), അവീൻ, അലുവ (ഹലുവ), ആജി, ഉമ്മ, ഉറുമാൻ (പഴം), ഉലുവ, ഓത്താൻ, ഒസ്യത്ത്, കപ്പി, കരാറു, കലാശിക്ക, കവാത്തു, കശാപ്പു (കാരൻ), കസബ, കാദി, കിസ്ത, കയ്പീത്ത്, കാലീ, ചുക്കാൻ, ചൈത്താൻ, ജപ്തി, ജമാബന്തി, ജാമീൻ, തകറാറു, തമാശ, തഹസീൽ (ദാർ), ദല്ലാലി, നാജർ.
(iii) ഹിന്ദുസ്താനി— അമൽ, ഇസ്ത്രി, ഉണ്ടിക, കച്ചേരി, കട്ടാരം, കുത്തക, കോതടി (കോസടി), ഗടിയാൾ (ഗടിയാളം), കഞ്ചാവു, ചട്ടിണി, ചാവടി, ചീട്ടു, ചിലിമ്പി, ചേല, ചൌവ്വുകി, ജോടു, ടപ്പാൽ, ഡോള, ടംജാൻ, തമ്പു, തുക്കുടി, തോക്കു, തൊപ്പി, ദീവാളി, നബാബു.
(iv) പാൎസി— കമാൻ, കമാനം, അങ്കാം, അങ്കാമി, അജിമാശി, അവിൽ ദാർ, ഉമേദ്വാർ, കാനംകോവി, കാനേഷുമാരി, കൊത്തുവാൾ.
(2) സംസ്കൃതത്തിൽനിന്നും ഈ അന്യഭാഷകളിൽനിന്നും വന്ന പദങ്ങളെ മലയാളഭാഷയിൽനിന്നു നീക്കിക്കളഞ്ഞാൽ ശേഷിക്കുന്നവയെല്ലാം ദ്രാവിഡഭാഷാപദങ്ങൾ ആകുന്നു. ആന, കുതിര, വാഴ, കോഴി, ഇരിക്ക, ആകു, പോക, നടക്ക, തിന്നുക, ഉണ്ണുക, കാൺക, അറിക, ഞാൻ, നീ, താൻ.
(3) ദ്രാവിഡശബ്ദങ്ങളിൽ ചിലവാക്കു മലയാളത്തിൽ മാത്രം പ്രയോഗമുള്ളു; മറ്റു ദ്രാവിഡഭാഷകളിൽ പ്രയോഗമില്ലായ്കയാൽ അവയെ സ്വന്തം എന്നു പറയും. മറ്റു ദ്രാവിഡഭാഷകൾക്കും സാമാന്യമായിട്ടുള്ളവയെ ആഭ്യന്തരം എന്നു പറയും.
സ്വന്തം— അക്കിൽക്കറ, അണ്ടി, അതിർ, ആഴ്ച, ഇഴുങ്ങുക, അച്ഛൻ, പോറ്റി, എത, പുണരുക, പള്ള, ഒപ്പുക.
ആഭ്യന്തരം— എരുതു, മരുന്നു, പുളി, ഉപ്പു, എലി, ഓടു, കാടു, കണ്ണു, കൈ.
(4) സ്വന്തവും ആഭ്യന്തരവും അല്ലാത്തവ ബാഹ്യശബ്ദങ്ങൾ വൈദേശികശബ്ദങ്ങൾ ആകുന്നു.
(i)സംസ്കൃതം— അന്നം, അണ്ഡജം, ആശ, ഇന്ദീവരം, ഈശൻ, ഉപകാരം, ഊഹം, ഋതു, ഋഷി, ക്ഌപ്തി, ഏകൻ, ഐശ്വൎയ്യം, ഓഷ്ഠം, ഔദാൎയ്യം.
(ii) അറബി— അൎജി (ഹരജി), അവീൻ, അലുവ (ഹലുവ), ആജി, ഉമ്മ, ഉറുമാൻ (പഴം), ഉലുവ, ഓത്താൻ, ഒസ്യത്ത്, കപ്പി, കരാറു, കലാശിക്ക, കവാത്തു, കശാപ്പു (കാരൻ), കസബ, കാദി, കിസ്ത, കയ്പീത്ത്, കാലീ, ചുക്കാൻ, ചൈത്താൻ, ജപ്തി, ജമാബന്തി, ജാമീൻ, തകറാറു, തമാശ, തഹസീൽ (ദാർ), ദല്ലാലി, നാജർ.
(iii) ഹിന്ദുസ്താനി— അമൽ, ഇസ്ത്രി, ഉണ്ടിക, കച്ചേരി, കട്ടാരം, കുത്തക, കോതടി (കോസടി), ഗടിയാൾ (ഗടിയാളം), കഞ്ചാവു, ചട്ടിണി, ചാവടി, ചീട്ടു, ചിലിമ്പി, ചേല, ചൌവ്വുകി, ജോടു, ടപ്പാൽ, ഡോള, ടംജാൻ, തമ്പു, തുക്കുടി, തോക്കു, തൊപ്പി, ദീവാളി, നബാബു.
(iv) പാൎസി— കമാൻ, കമാനം, അങ്കാം, അങ്കാമി, അജിമാശി, അവിൽദാർ, ഉമേദ്വാർ, കാനംകോവി, കാനേഷുമാരി, കൊത്തുവാൾ.
(v) സുറിയാനി—കുൎബ്ബാന, കശീശ, കൌമ, മഹറോൻ, അനിത, ഒപ്രു ശമ, കപ്പിയാർ, കാപ്പ.
(vi) പോൎത്തുഗീസ്സു—ആത്ത(ച്ചക്ക), ഇറയാൽ, എമ്പ്രാദോർ, ഏലം (ലേലം), കപ്പിത്താൻ, കമ്മീസ്സ, കസേര (കസേല), കിരാതി, കലേർ, കൊരടാവു, കോടി (=20), കോപ്പ, ചകലാസ്സു (ശകലാസ്സു), ചങ്കാടം, ഹന്തേർ, ജന(വാതിൽ), തുറുങ്ക, തുവാല, തേ(യില), ത്രാസ്സു, അൾമാരി.
(vii) ഇംഗ്ലീഷ—അപ്പീൽ, ആപ്സർ, ആപ്പീസ്സ്, കമ്മിട്ട്, സ്ക്കൂൾ, കൊളെജ്, പാസ്സ്, റിസൾറ്റ്, ബുക്ക്, ഇൻസ്പെക്ടർ, മാസ്റ്റർ, കോടതി, ജഡ്ജി, സ്ലേറ്റ്, പെൻസിൽ, കന്ത്രമെണ്ടി, ബില്ലടി (bill of lading), പാലിശ്ശേരി (policy of insurance), പോൎട്ടക്ലേരി (Port clearance), കുപ്പണി (company) ടില്ലെരി (artillery).

189. (1) വൈദേശികശബ്ദങ്ങളെ യഥാസ്ഥിതി ഉച്ചരിക്കുന്നതു കേരളിയൎക്കു അസാധ്യമാകയാൽ സ്വഭാഷോച്ചാരണത്തിന്നു അനുരൂപമായി അവർ ഉച്ചരിക്കേണ്ടിവരുന്നതുകൊണ്ടു ശബ്ദങ്ങളുടെ രൂപങ്ങൾ പലപ്രകാരത്തിലും മാറിപ്പോകുന്നു. ഈ സംഗതിയാൽ വികാരം വന്ന ശബ്ദങ്ങളെ തത്ഭവങ്ങൾ എന്നും വികാരം വരാതെ യഥാസ്ഥിതി ഉച്ചരിച്ചുവരുന്ന ശബ്ദങ്ങളെ തത്സമങ്ങൾ എന്നും പറയും.
(2) അന്യഭാഷകളിലേ വികൃതരൂപങ്ങൾക്കെല്ലാം തത്ഭവമെന്നു പറയുമെങ്കിലും ഇവിടെ സംസ്കൃതശബ്ദങ്ങളുടെ തത്ഭവങ്ങളെക്കുറിച്ചു മാത്രം വിവരിക്കും.
(3) സംസ്കൃതതത്സമങ്ങളെ തിരിച്ചറിവാനുള്ള മാൎഗ്ഗങ്ങൾ: (i) ഋ, ൠ, ഌ, ഔ, ഈ സ്വരങ്ങൾ ഉള്ള പദങ്ങൾ സംസ്കൃതം. ഋഷി, കൃഷി, പിതൄണാം, ക്ഌപ്തി, ഔദാൎയ്യം, സൌന്ദൎയ്യം, ശൌൎയ്യം, സൌഖ്യം.
(ii) മഹാപ്രാണങ്ങളും മൃദുക്കളും, ഊഷ്മാക്കളും ഉള്ള പദങ്ങൾ സംസ്കൃതം. ഖരം, അഖിലം, ഘടിക, ഭസ്മം, ഭരണം, ധൈൎയ്യം, സ്ഥിരം, അതിഥി, ഛായ, ഗജം, ജയം, ഡയനം, തദാ, ദാനം, ബഹു, ബലം, മഹാൻ, ശശി, ശിശു, ശുഭം, ഷഷ്ഠി, അനുഷ്ഠായം, സ്മരിക്ക, സുഖം, ഹരി, ഹയം.
(iii) അസവൎണ്ണങ്ങളായ വ്യഞ്ജനങ്ങളുടെ സംയോഗമുള്ളവ സംസ്കൃതം. രക്തം, ആപ്തൻ, വൎജ്യം, മത്സരം, അബ്ദം, അബ്ജം, ഈൎഷ, രുഗ്മം.
(iv) സംയോഗാദിപദങ്ങൾ സംസ്കൃതം. ക്ഷാമം, ക്ലാന്തി, ക്രമം, പ്രഭു, ത്സരു, ധ്രുവം, വ്രണം, ജ്ഞാനം, ന്യായം, ക്വചിൽ, സ്പഷ്ടം.
(v) റ, ഴ, ള എന്നിവയുള്ള പദങ്ങൾ സംസ്കൃതമല്ല. പറ, വാഴ, പാള, കാള, കൊറ്റി, ആഴ്ച, വെള്ളം.
(vi) ഞ കൊണ്ടു തുടങ്ങുന്നവയും ങ്ങ, ഞ്ഞ, യ്ത, ന്റെ, യ്ക്കു, ൾക്ക, യ്ക ഈ സംയോഗാക്ഷരങ്ങൾ ഉള്ള പദങ്ങളും സംസ്കൃതമല്ല. ഞാൻ, കഞ്ഞി, മാങ്ങ, ചെയ്ത, എന്റെ, കയ്ക്കു, ആൾക്കു, ചെയ്ക.

190. (1) തത്സമത്തിലേ മഹാപ്രാണത്തിനു അല്പ പ്രാണവും ഘോഷവത്തിന്നു ഖരവും തത്ഭവത്തിൽ വരും.
(i) കവൎഗ്ഗത്തിന്നു ക, ചവൎഗ്ഗത്തിന്നു ച, ടവൎഗ്ഗത്തിന്നു ട, തവൎഗ്ഗത്തിന്നു ത, പവൎഗ്ഗത്തിന്നു പ വരും.
ക—അഗ്നി–അക്കി, ആഗാരം–അകരം, അംഗണം–അങ്കണം, ഖണ്ഡം–കണ്ടം, ഖേടകം–കേടകം, ഖേദം–കേതം, ഗുഞ്ജ–കന്നി, ഗുരുക്കൾ–കുരുക്കൾ, ഘനം–കനം.
ച—ഛായ–ചായ, ഛിന്നം–ചിന്നം. ജട–ചട, ജഡം–ചടം, ജലം– ചലം, ജാഗരണം–ചാകരം, ഝടിതി–ചടിതി, ഝല്ലരി–ചല്ലരി.
ത—അധികാരം–അതികാരം, ഉദകം–ഉതം, ദണ്ഡം–തണ്ടു, ദൎവ്വി–തവ്വി, ദായം–തായം, ദ്വീപം–തീവു, ദൈവം–തെയ്യം, ദ്രോണി–തോണി, ദേവർ– തേവർ, രാധ–രാതി.
പ—ഭഗവതി–പകോതി–പോതി, ഭട്ടർ–പട്ടർ, ഭണ്ഡാരം–പണ്ടാരം, ഭരണി–പരണി, ഫലകം–പലക, ഫലത്വം–പലിത്തം, ഭാരം–പാരം, ഭിക്ഷ–പിച്ച, ഭട്ടത്തിരി–പട്ടെരി, ഭാഗ്യം–പാക്കിയം, ഭ്രാന്തു– പിരാന്തു.
(2) തത്സമങ്ങളിൽ സംയോഗങ്ങൾക്കു പൂൎണ്ണസവൎണ്ണാദേശം, പരസവൎണ്ണാദേശം, ഉഭയാദേശം ഇവയിൽ ഒന്നു വരും.
(i) സ്ത—ത്ത. അഗസ്തി–അകത്തി, അസ്തം–അത്തം, കാകുത്സ്ഥൻ– കാകുത്തൻ.
(ii) ഷ്ട—ട്ട. അംബഷ്ടൻ–അമ്പട്ടൻ, ഇഷ്ടം–ഇട്ടം, ഇഷ്ടിക–ഇട്ടിക, യഷ്ടി–ഈട്ടി, ജ്യേഷ്ഠൻ–ചേട്ടൻ–ഏട്ടൻ, ജ്യേഷ്ഠ–കേട്ട.
(iii) ക്ഷ—ക്ക. ച്ച, അക്ഷം–അക്കം, (അച്ചു), ലക്ഷണം–ഇലക്കണം, ലക്ഷ്യം–ലാക്കു, പക്ഷം–പക്കം, രാക്ഷസൻ–അരക്കൻ.
(iv) പങ്ക്തി–പന്തി.
(3) പദാദിയിലേ വ്യഞ്ജനത്തിന്നു ലോപം വരും.
(i) ശ—ശാലാ–ആല, ശില്പി (ചിപ്പി)–ഇപ്പി.
(ii) ശ്ര—ശ്രവണം–ഓണം, ശ്രേണി–ഏണി, ശ്രവിഷ്ഠ–അവിട്ടം.
(iii) സ—സന്ധ്യാ–അന്തി, സഹസ്രം–ആയിരം, സിന്ധു–ഇന്തു, സ്ത്രണ– തൂണ്, സ്തംഭം–കമ്പം, സ്തംഭം–കമ്പം, സീസം–ഈയം, ഹംസം–അന്നം.
(iv) ഹ—ഹിതം–ഇതം, ഹസ്തം–അത്തം, ഹസ്തി–അത്തി, ഹംസം– അന്നം.
(v)യ—യുഗം–ഉകം (നുകം), യമൻ–എമൻ, യജമാനൻ–എജമാനൻ, യന്ത്രം–ഏന്ത്രം.
(4) ശ, ഷ, സ എന്നിവക്കു പകരം ചകാരം വരും.
(i) ശ—ച. ശങ്കടം–ചകടു–ചാടു, ശൎക്കര–ചക്കര, ശംഖം–പങ്ക, ശൃംഖല–ചങ്ങല, ശതഭിഷ–ചതയം, ശഷ്പം–ചപ്പു, ശമലം–ചമലം, ശാല– ചാള, ചക്രം–ചക്ക, ശ്ലാഘ്യർ–ചാക്കിയാർ, ശ്രാദ്ധം–ചാത്തം, ശാസ്താ–ചാത്തൻ, ശൃംഗാരം–ചിങ്ങാരം–ചിങ്കാരം, ശ്രീദേവി–ചീയ്യൈ, ശുഷ്കം–ചുക്കു, ശ്രേഷ്ഠി– ചെട്ടി, ശബ്ദം–ചെത്തം, ശുല്ക്കം–ചുങ്കം.
(ii) ഷ—ച. ഷഡംഗം–ചടങ്ങു.
(iii) സ—ച. സംഘാതം–ചങ്ങാതം, സന്ധി–ചന്തി, സന്ധു–ചന്തു, സമിധ–ചമത, സമാവൎത്തനം–ചാമാത്തം, സിംഹം–ചിങ്ങം, സിന്ദൂരം– ചിന്തൂരം, സേവ–ചേകം, സേവകർ–ചേകവർ, ചേവകർ, സ്വാതി– ചോതി, സോമൻ–ചോമൻ.
(5) സകാരത്തിന്നു ചിലപ്പോൾ തകാരം വരും.
സൽക്കാരം–തക്കാരം, സസ്യം–തൈ, സുരംഗം–തുരങ്കം, സൂചി–തൂശീ, സാവിത്രി–താത്തി.
(6) ര, ല കളുടെ മുമ്പിൽ ഉച്ചാരണാൎത്ഥമായി അ, ഇ, ഉഎന്ന സ്വരങ്ങൾ വരും.
അ—രാജാവു–അരചൻ, രാക്ഷസൻ–അരക്കൻ, ലാക്ഷ–അരക്കു, രംഗം–അരങ്ങു, രവം–അരവം, രക്തം–അരത്തം.
ഇ—രസം–ഇരതം, രാശി–ഇരാശി, രേവതി–ഇരവതി, ലക്ഷണം– ഇലക്കണം, ലവംഗം–ഇലവങ്ങം, ലക്ഷ്യം–ഇലാക്കും.
ഉ—രൂപം–ഉരൂപം–ഉരുപം–ഉരു, ലോകം–ഉലോകം–ഉലകു, രീതി–ഉരുതി.
(7) സംയോഗത്തിന്റെ ഇടയിൽ സ്വരം ചേൎക്കും.
ശ്ലാഘ്യർ–ചാക്കിയർ, അശ്രീ–അച്ചിരി, ശ്രുതി–ചുറുതി, അൎക്കം–എരിക്ക്, ചിത്ര–ചിത്തിര, ശ്രീകണ്ഠൻ–ചിറികണ്ടൻ–ചിറിയണ്ടൻ, ശ്രോണി–ചുറോണി, ശാസ്ത്രം–ചാത്തിരം, പൎയ്യങ്കം–പരിയങ്കം, ശ്രീ–തിരു. ചിറു.
(8) ഷകാരത്തിന്നു ചിലേടത്തു ഴകാരം വരും.
അനുഷം–അനിഷം–അനിഴം, ഔഷധം–അവിഴതം, കഷായം–കഴായം, ക്ഷയം–കിഴയം, തുഷിരം–തുഴിരം.
191. (1) സംസ്കൃതവൈയാകരണന്മാർ സംസ്കൃതഭാഷയിലേ പദങ്ങളെല്ലാം ധാതുക്കളിൽനിന്നുണ്ടായി എന്നും ഈ ധാതുക്കളെല്ലാം വ്യാപാരം കാണിക്കുന്നു എന്നും പ്രതിപാദിക്കുന്നു. സംസ്കൃതധാതുക്കളെല്ലാം ഏകസ്വരമുള്ളവയാകുന്നു.
(2) ഭാഷകളെല്ലാം ധാതുക്കളിൽനിന്നുണ്ടായവ എന്നതു ഭാഷാശാസ്ത്രവും സമ്മതിക്കുന്നുവെങ്കിലും ധാതുക്കളെല്ലാം ക്രിയാവാചികളെന്നും ഏകസ്വരമുള്ളവയെന്നും സംസ്കൃതവൈയാകരണന്മാരുടെ മതം അംഗീകരിക്കുന്നില്ല.
(3) മലയാളഭാഷയിലേ പദങ്ങളുടെ ഉൽപത്തി ക്രിയാധാതുക്കളിൽനിന്നാകുന്നു എന്നു സ്ഥാപിക്കാൻ പ്രയാസം. ധാതുക്കൾക്കും നാമങ്ങൾക്കും വ്യത്യാസം കൂടാതെയുള്ള രൂപങ്ങൾ ഉണ്ടു.
അടി, വിളി, മുറി, കളി, ചിരി, നിടു, മടി, ചതി, ഇടി. ഇവ നാമങ്ങളോ ക്രിയകളോ എന്നതു പ്രയോഗംകൊണ്ടു മാത്രം നിശ്ചയിക്കാം.
(4) ധാതുക്കൾ എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന്നു സൎവ്വസമ്മതമായ ഉത്തരം ആരും പറഞ്ഞിട്ടില്ല.
192. (1) സംസ്കൃതവൈയാകരണന്മാർ ശബ്ദങ്ങൾക്കു നാലു വൃത്തികളുണ്ടെന്നു പറയുന്നു. ദ്രവ്യം, ഗുണം, ക്രിയ, യദൃച്ഛ എന്നിവയെ കാണിക്കുക തന്നേ. നാമങ്ങൾ ദ്രവ്യത്തിന്റെയോ, ഗുണത്തിന്റെയോ ക്രിയയുടെയോ മനുഷ്യർ ഇഷ്ടംപോലെ കല്പിച്ചുണ്ടാക്കിയ സംജ്ഞകളുടെയോ പേരായിരിക്കും. യദൃച്ഛാശബ്ദങ്ങൾ സംജ്ഞാനാമങ്ങൾ ആകുന്നു. ജ്ഞാനവിഷയങ്ങളെ അവർ ദ്രവ്യം, ഗുണം, ക്രിയ എന്നീമൂന്നു ജാതികളിൽ അടക്കുന്നു.
(2) ഭാഷയുടെ പ്രയോജനം അന്തൎഗ്ഗതമായ വിചാരങ്ങളെ അറിയിക്കുന്നതിന്നാകയാൽ ഒരു വസ്തുവിനെക്കുറിച്ചു നാം പറയുമ്പോൾ ഒരു പേർ ആവശ്യമായ്വരും. ഈ പേർ വസ്തുവിനെ മനസ്സിൽ ഉദിപ്പിക്കുന്ന ജ്ഞാനത്തിന്നു ഒത്തതായിരിക്കും. ഈ പേരുകൾ നാമങ്ങൾ ആകുന്നു.
(3) ഗുണത്തിന്റെയും ക്രിയയുടെയും ആധാരമാകുന്നു ദ്രവ്യം. ഗുണങ്ങളെക്കുറിച്ചു മാത്രം പറയുമ്പോൾ ഗുണനാമങ്ങൾ ഉപയോഗിക്കും. ഗുണത്തോടുകൂടിയ ദ്രവ്യത്തെ പറയുമ്പോൾ ഗുണവചനങ്ങൾ ഉപയോഗിക്കും. ദ്രവ്യത്തിലും അതിന്റെ സ്ഥിതിയിലും, ഗുണങ്ങളിലും ഒരു ഭേദം ഉണ്ടാക്കുന്നതാകുന്നു ക്രിയ. ക്രിയാവ്യാപാരത്തെ മാത്രം പറയുന്ന തായാൽ ക്രിയാനാമങ്ങൾ ഉപയോഗിക്കും. കൎത്ത്രാദികാരകങ്ങളുടെ അപേക്ഷയോടു കൂടിപ്പറയുമ്പോൾ ക്രിയാപദങ്ങളെ ഉപയോഗിക്കും. ക്രിയാവ്യാപാരത്തിൽ ഉണ്ടാകുന്ന വിശേഷങ്ങളെ ക്രിയാവിശേഷണങ്ങൾ കാണിക്കും.
(4) നമ്മുടെ അറിവിൽ പെടുന്ന എല്ലാ വിഷയങ്ങളെയും നാമം, ക്രിയ, ഭേദകം, അവ്യയം എന്ന ഭാഷാവിഭാഗങ്ങളെ കൊണ്ടു അറിയിക്കാൻ കഴിയുന്നതുകൊണ്ടു നമുക്കുള്ള എല്ലാ ജ്ഞാനവിഷയങ്ങളും നമ്മുടെ ഭാഷയിൽ സംഭൃതമായിരിക്കും. നാൾക്കുനാൾ നമ്മുടെ ജ്ഞാനം അഭിവൎദ്ധിക്കുന്നതുപോലെ ഭാഷയിലേ പദങ്ങളും വൎദ്ധിച്ചു ജനങ്ങളുടെ ജ്ഞാനസംപത്തു വിലയുള്ളതായ്ത്തീരുന്നു.
(5) ഇന്ദ്രിയങ്ങൾ നിമിത്തമായിട്ടെല്ലാ ജ്ഞാനവും ഉണ്ടാകുന്നുവെങ്കിലും ഇന്ദ്രിയങ്ങൾക്കു എത്താൻ കഴിയാത്ത വിഷയങ്ങളെയും അറിഞ്ഞു പേർ വിളിപ്പാനുള്ള സാമൎത്ഥ്യം ഭാഷക്കുണ്ടു.
(8) അതുകൊണ്ടു ഇത്ര ആശ്ചൎയ്യകരമായ ഈ ഭാഷ നമ്മുടെ മനസ്സിനെ പരിഷ്കരിച്ചു ജ്ഞാനത്തെ സംപാദിച്ചു കൊടുക്കുന്നതുകൊണ്ടു ആ ഭാഷയെ സദ്വിഷയങ്ങളിൽ വെച്ചു അതിശ്രേഷ്ഠമായ ജഗദീശ്വരപ്രാൎത്ഥനാദികളിലും ജനങ്ങളുടെ ഇടയിൽ ജ്ഞാനാഭിവൃദ്ധിക്കായിട്ടും ഉപയോഗിപ്പാനായിട്ടു ഈശ്വരൻ നമ്മെ അനുഗ്രഹിക്കട്ടെ.

താളിളക്കം
!Designed By Praveen Varma MK!