Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

189 സമാനാധികരണം, പൊരുത്തം.

177. ഭിന്നാൎത്ഥമുള്ള പദങ്ങൾ അന്വയിച്ചു അഭേദസം ബന്ധം കാണിക്കുമ്പോൾ അവക്കു സമാനാധികരണം ഉണ്ടെന്നു പറയും.
രാമൻ സുന്ദരൻ, സീത സുന്ദരി, വനം സുന്ദരം. ഇവിടെ രാമനും സുന്ദരനും ഒരുവൻ എന്നും, സീതയും സുന്ദരിയും ഒരുവളെന്നും, വനവും സുന്ദരവും ഒന്നാകുന്നു എന്നും കാണിക്കുന്നതുകൊണ്ടു ഈ രണ്ടു പദങ്ങൾക്കു സമാനാധികരണം ഉണ്ടു. (ii .107.)
178. (1) ആഖ്യക്കും ആഖ്യാതത്തിന്നും സമാനാധികരണം ഉണ്ടാകും.
രാമൻ വന്നാൻ, സീത പോയാൾ, നാം കൊടുത്തോം, അവർ ചൊന്നാർ.
(2) ആഖ്യക്കും ആഖ്യാതത്തിന്നും ലിംഗം, വചനം, പുരുഷൻ എന്നിവയിൽ പൊരുത്തം ഉണ്ടായിരിക്കേണം. ഇപ്പോൾ ക്രിയയുടെ പുരുഷാദിപ്രത്യയങ്ങൾ ലോപിച്ചിരിക്കയാൽ രാമൻ വന്നു, സീത വന്നു, നാം വന്നു, കപ്പൽ വന്നു എന്ന ഒരേ രൂപം എല്ലാടത്തും ഉപയോഗിക്കുന്നു.
(3) ആഖ്യാതം നാമമാകുന്നവെങ്കിൽ നാമത്തിന്നു ലിംഗം നിയതമാകയാൽ ആഖ്യാതത്തിന്നും ആഖ്യക്കും ലിംഗത്തിൽ പൊരുത്തം വരികയില്ല.
രാമൻ അതിന്നു പാത്രമല്ല. നീ ഇതിന്നു കാരണമാകുന്നു. ഊൎവ്വശി സ്വൎഗ്ഗത്തിന്റെ അലങ്കാരവും ഇന്ദ്രന്റെ സുകുമാരമായ ആയുധവും ആകുന്നു. അമ്മ തമ്പുരാൻ. റാണി മഹാരാജാവു. നാരിമാർകുലരത്നമാകിയ സുനന്ദ. അവനതു ഭരിപ്പാൻ പാത്രം. കല്പകവൃക്ഷം തന്നേ മൌൎയ്യനന്ദനൻ ബാലൻ. അവൾ കുഞ്ചന്റെ പ്രാണനാണ്.
179. (1) രൂപഭേദം വരുന്ന വിശേഷണപദങ്ങൾക്കു വിശേഷ്യത്തിന്റെ ലിംഗവും വചനവും ഉണ്ടാകും.
മഹൎഷികന്യകമാർ അവരവരുടെ വയസ്സിന്നു അനുരൂപങ്ങളായ കുടങ്ങൾ എടുത്തു. താതകണ്വനു നിന്നെക്കാളും ഇവ പ്രിയതരങ്ങളാണു. ഭൂചക്രമെല്ലാം നവനായകമാക്കിവെച്ചു. ധൃഷ്ടനാം ചന്ദ്രഗുപ്തൻ ഇത്തരം പറഞ്ഞപ്പോൾ തുഷ്ടരായി ജ്യേഷ്ഠന്മാരും അച്ഛനും ഒരുപോലെ.
(2) മലയാളത്തിൽ നപുംസകങ്ങളായി ഉപയോഗിക്കുന്ന നാമങ്ങൾ സംസ്കൃതത്തിൽ സ്ത്രീലിംഗമോ പുല്ലിംഗമോ ആയാൽ സംസ്കൃതപ്രയോഗം അനുകരിച്ചു മലയാളത്തിലും വിശേഷണങ്ങൾക്കു ലിംഗവചനങ്ങളിൽ പൊരുത്തമുണ്ടാകും.
ഭൂമി മൌൎയ്യനു വശയായി; അംഭോരാശിപരീതയാം ധരണി; അനിമേഷകളായ നേത്രപങ്ക്തികൾ; ദുഃഖപരവശയായ ചക്രവാകി വിലാപിക്കുന്നു; ചതുരന്തയാം ധരണി; ഇവളുടെ ആകൃതി ദൎശനീയയായിരിക്കുന്നു; കീൎത്തി പിതാമഹനു ചിരകാലബാധിതയായി; മധുരകളായ വ്യാജവാക്കുകൾ; ഭവാന്റെ സന്തതി അപരിക്ഷീണയായി ഭവിക്കും.
(3) ഇപ്പോൾ സാധാരണമായി ഈ വിധമുള്ള പൊരുത്തം അധികം നടപ്പില്ല. വിശേഷ്യം നപുംസകവും ബഹുവചനവും ആയാൽ വിശേഷണം ഏകവചനത്തിലും വരും.
നിഷ്ഠൂരമായ മുസലശൂലങ്ങളും; വാപികൾ കൂപങ്ങളും നിൎമ്മലമാക്കിടേണം; എത്രയും ചെറുതായ സുഷിരങ്ങൾ; വ്യക്തമല്ലാതൊരു ലേഖയെഴുതീച്ചു; ചിത്രമായുള്ള രാജപ്രസാദങ്ങളും; പറക ശേഷമാം കഥകളൊക്കവേ; വിരുദ്ധമായ ഗുണലക്ഷണങ്ങൾ; യാഗകൎമ്മങ്ങൾ മുഴുവൻ ആയി.
(4) വിശേഷ്യം സമൂഹനാമമായാൽ വിശേഷണവും ആഖ്യാതവും ചിലപ്പോൾ ബഹുവചനത്തിലും വരും.
ഈ കൂട്ടമെല്ലാം സ്വൎഗ്ഗവാസികളായിരുന്നു. ഇവിടെത്തേ നിവാസികളായ മനുഷ്യവൎഗ്ഗം. വാഴ്ത്തിനാർ കാണിജനം. കാലമേനിയുടെ സന്താനങ്ങളായി ദുൎജ്ജനന്മാരെന്നു പ്രസിദ്ധിയുള്ള ഒരു അസുരസംഘം ഉണ്ടു.
(5) അചേതനവസ്തുക്കളിൽ മനുഷ്യരുടെ ഗുണങ്ങളെ ആരോപിച്ചാൽ ലിംഗം ആവശ്യമായ്വരുന്ന ദിക്കുകളിൽ സംസ്കൃതലിംഗത്തെ പ്രമാണമാക്കുകയോ, മലയാളത്തിലും സംസ്കൃതത്തിലും ഒരേലിംഗമുള്ള ശബ്ദത്തെ ഉപയോഗിച്ചു സമാനാധികരണം വരുത്തുകയോ ചെയ്യും.
‘വനജ്യോത്സ്നി അനുരൂപനായ വൃക്ഷവരനോടു ചേൎന്നു’. വനജ്യോത്സ്നി എന്നതു ഒരു വള്ളിയുടെ പേർ. അതിനെ ഒരു കന്യകയോടും വൃക്ഷത്തെ ഭൎത്താവോടും ഉപമിച്ചിരിക്കയാൽ വൃക്ഷത്തോടു ചേൎന്നു എന്നു പറഞ്ഞാൽ അതിന്നു സ്വാരത്സ്യമില്ലാതെ വരുന്നു. അതു പരിഹരിപ്പാൻ വരൻ എന്ന പുല്ലിംഗം ഉപയോഗിച്ചിരിക്കുന്നു.
ക്ഷീണിച്ചോഷധിനാഥനസ്തശിഖരം പ്രാപിച്ചിടുന്നേകതഃ.
പൂന്തേൻ കവരുന്ന ദുഷ്ടവണ്ടത്താൻ അത്ര ഭവതിയുടെ മുഖത്തെ ആക്രമിക്കുന്നു.
180. (1) വിശേഷണങ്ങളായ നാമങ്ങൾ പ്രഥമവിഭക്തിയിൽ വിശേഷ്യത്തോടു ചേരും. വിശേഷ്യത്തിന്നു ഏതു വിഭക്തിയിലും വരാം.
പ്രണതശിവങ്കരി കവിമാതാവും; യദുകുലകമലദിനേശൻ കൃഷ്ണൻ; പരമസഖൻ മമ പാൎത്ഥൻ; നിൎമ്മലഗുണാ കമലാ; വിഷ്ണു ഭഗവാനും; വേട്ടക്കാരൻ രാജാവിന്റെ; മംഗലൻ കമലനേത്രൻ; ധൃഷ്ടനാം ക്രോഷ്ടാവിനെ ജംബുകൻ എന്നു ചൊല്ലും.
(2) ഈ സമാനാധികരണം സംബോധനയിൽ അധികം കാണും.
ബാലേ, സുശീലേ, ശുകകുലമാലികേ; മ്ലേച്ഛകലേശ്വര, വീരശിഖാമണേ സ്വച്ഛമതേ; മത്തകാശിനിയായ പാൎഷതി.
(3) വിശേഷണത്തെ വിശേഷ്യത്തോടു ചേൎപ്പാനായിട്ടു, ആയ, ആയുള്ള, ആം, ആകും മുതലായ ശബ്ദന്യൂനങ്ങളെ ചേൎക്കും.
ഗൎവ്വിതന്മാരായുള്ള പുത്രരെക്കണ്ടു, ജ്യേഷ്ഠനായുള്ള പുത്രൻ ഞാൻ; അന്ധനാമിവൻ; ശിഷ്ടരായ മഹാജനങ്ങൾ.
(4) വിശേഷണത്തിന്നും വിശേഷ്യത്തിന്നും ദ്വിതീയ, ചതുൎത്ഥി, സപ്തമി എന്നീ വിഭക്തികളിൽ സമാനാധികരണം ചിലപ്പോൾ ഉണ്ടാകും.
നിങ്ങൾക്കു മൂവൎക്കും, ക്ഷേത്രങ്ങളിൽ എല്ലാറ്റിലും, അവരിൽ ഐവരിലും അഗ്രജൻ.

താളിളക്കം
!Designed By Praveen Varma MK!