Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

127 ബഹുവ്രീഹി.

108. (1) സമാനാധികരണമുള്ള രണ്ടു പദങ്ങൾ സമാസമായ്ത്തീൎന്നിട്ടു, സമാസാൎത്ഥം അന്യപദത്തെ വിശേഷിക്കുന്നുവെങ്കിൽ ആ സമാസത്തെ ബഹുവ്രീഹിയെന്നു പറയും. ഘടകപദങ്ങളിൽ യാതൊന്നിനും വിശേഷ്യമായ അന്യപദത്തിന്നും സമാനാധികരണം ഇല്ലാതെയും ഇരിക്കേണം.
(i) 'നെടുങ്കണ്ണിയായ സ്ത്രീ' എന്നതിൽ നെടുങ്കണ്ണി എന്ന സമാസം സ്ത്രീയെ വിശേഷിക്കുന്നു. അതിന്നു നെടിയ കണ്ണുകൾ ഉള്ളവൾ എന്നു അൎത്ഥം. സ്ത്രീ നെടിയവൾ അല്ല; സ്ത്രീ കണ്ണുകൾ അല്ല. അതുകൊണ്ടു ഘടകപദങ്ങളായ നെടും, കണ്ണു എന്നവക്കും സ്ത്രീക്കും സമാനാധികരണം ഇല്ല. നെടുങ്കണ്ണി സ്ത്രീയുടെ വിശേഷണമാകയാൽ ബഹുവ്രീഹി സമാസമാകുന്നു. (a) നെടിയ കണ്ണുകൾ ആൎക്കുണ്ടോ അവൾ; (b) നെടിയകണ്ണുകളോടു കൂടിയവൾ എന്നും വിഗ്രഹിക്കാം. മധുരമൊഴി, കിളിമൊഴി, ചെങ്കതിരവൻ, അന്നനടയാൾ.
(2) ബഹുവ്രീഹി വിശേഷണമാകയാൽ വിശേഷ്യത്തിന്റെ ലിംഗത്തിൽ വരും.
(i) താമരക്കണ്ണനായ രാമൻ: താമരക്കണ്ണിയായ സീത; ബഹുനായകമായ രാജ്യം; മുകിൽവൎണ്ണനായ കൃഷ്ണൻ; ശുക്ലാംബരയായ രാജ്ഞി; ആരൂഢവാനരമായ വൃക്ഷം.
(3) തൽപുരുഷൻ, കൎമ്മധാരയൻ എന്നീസമാസങ്ങളിൽ ലിംഗം അന്ത്യപദത്തെ ആശ്രയിച്ചിരിക്കും. ബഹുവ്രീഹിയിൽ വിശേഷ്യത്തെ ആശ്രയിച്ചിരിക്കും.
തൽപുരുഷൻ. കവിമാതാവു, ഫണിപതി, യദുകുലം, ഹൃദയമുദം, ശയനഗൃഹം.
കൎമ്മധാരയൻ. പരമസഖൻ, ശുകമുനി, കപടനരൻ, തരുണതമാല മനോഹരം
(4) സ്ത്രീലിംഗപ്രത്യയമായ ഇകാരത്തിന്റെ പിന്നിൽ ആൾ പ്രത്യയം ചിലപ്പോൾ വരും. ഇതിന്നു വിശേഷിച്ചൊരൎത്ഥവുമില്ലായ്കയാൽ അതു പ്രാതിപദികത്തിന്റെ അൎത്ഥത്തിൽ തന്നേ വന്നിരിക്കുന്നുവെന്നു കാണിപ്പാൻ സ്വാൎത്ഥത്തിൽ വന്നിരിക്കുന്നുവെന്നു പറയും.
മധുമൊഴി, മധുമൊഴിയാൾ, നെടുങ്കണ്ണി, നെടുങ്കണ്ണിയാൾ, ഇന്ദ്രനേർമുഖി, ഇന്ദുനേർമുഖിയാൾ
(5) ബഹുവ്രീഹിയിൽ എല്ലാ സമാസങ്ങളും അടങ്ങും. നന്മുഖൻ, മുക്കണ്ണൻ, ചതുൎഭുജൻ, ഐമുല (-പശു), ഇവ ദ്വിഗുവിൽനി ന്നുണ്ടായവ; നീലകണ്ഠൻ, കാൎവ്വൎണ്ണൻ, അലൎബ്ബാണൻ, ചെന്താൎശരൻ ഇവ കൎമ്മധാരയനിൽനിന്നുണ്ടായവ.
(6) വ്യധികരണത്തിലും ബഹുവ്രീഹി വരുമെങ്കിലും സമാസാൎത്ഥം അന്യപദത്തെ വിശേഷിക്കും.
ആയുധപാണി (പാണിയിൽ ആയുധമുള്ളവൻ), പദ്മനാഭൻ (നാഭിയിൽ പദ്മമുള്ളവൻ), ദാമോദരൻ (ഉദരത്തിങ്കൽ ദാമമുള്ളവൻ).
(i) വ്യധികരണത്തിൽ വരുന്ന പദം സമാസത്തിലേ അന്ത്യപദമായി രിക്കും. പാണി, നാഭി, ഉദരം ഇവ വ്യധികരണത്തിലാകയാൽ സമാസാന്തത്തിൽ വന്നിരിക്കുന്നു.

താളിളക്കം
!Designed By Praveen Varma MK!