Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

123 നിത്യസമാസം

103. (1) ഘടകപദങ്ങളെക്കൊണ്ടു വിഗ്രഹവാക്യം പറവാൻ കഴിയാത്തവയും, ഘടകപദങ്ങളിൽ യാതൊന്നിനെങ്കിലും തനിച്ചു പ്രയോഗമില്ലാത്തവയും ആയ സമാസത്തിന്നു നിത്യസമാസം എന്നു പേർ.
ഇളങ്കൂറു, ചെങ്കോൽ, പെരിങ്കായം, കൊട്ടങ്കാററു, മുള്ളൻചേന.
(i) ചെം, പൈം, കൊടും, കരിം, പെരും, ചെറു മുതലായവ നിത്യസമാസത്തിൽ പൂൎവ്വപദങ്ങളായിട്ടു മാത്രം ഉപയോഗിക്കയുള്ളൂ.

(ii) ചെങ്കടൽ, പൈങ്കിളി, കൊടുങ്കാറ്റു, കരിമ്പടം, പെരുമ്പട, ചെറുകാൽ, മുതലായവയിൽ ഇടക്കു വേറെ പടം വന്നു, ഈ യോഗം വേർപിരിക്കാൻ പാടില്ലാത്തതുകൊണ്ടു ഇവയെ സമാസമായിട്ടു എടുക്കേണം.
(2) ടൂ, റു എന്ന അക്ഷരങ്ങളിൽ അവസാനിക്കുന്ന പ്രാതിപദികങ്ങളുടെ ആദേശരൂപവും ഇവയിൽനിന്നുണ്ടാകുന്ന വിശേഷണപദങ്ങളും രൂപത്തിൽ ഒന്നാകകൊണ്ടും, കാട്ടുപടോലം, കാട്ടുതിപ്പല്ലി, മാട്ടുതോൽ, ആട്ടുമ്പാൽ, നീറ്റടക്ക ഇത്യാദികളുടെ പദയോഗത്തെ പേർപിരിക്കാൻ പാടില്ലാത്തതു കൊണ്ടും ഇവ നിത്യസമാസങ്ങളായിട്ടു എടുക്കേണം.
(3) ചുട്ടെഴുത്തുകളായ അ, ആ, ഇ, ഈ എന്നിവയും, ചോദ്യെഴുത്തുകളായ എ. ഏ എന്നിവയും പൂൎവ്വപദങ്ങളായ്വരുന്ന കൎമ്മധാരയസമാസങ്ങളും നിത്യസമാസങ്ങൾ ആകുന്നു.
അക്കാലം, ആകാലം (പക്ഷാന്തരത്തിൽ ആക്കാലം), ഇക്കാലം, ഈകാലം, അപ്പോൾ, ഇപ്പോൾ, ഈയാൾ; ഈമനുഷ്യൻ; എപ്പോൾ, എപ്പേർ, എപ്രകാരം.
(4) അതു, ഇതു എന്ന നിദൎശകസൎവ്വനാമങ്ങളെയും പൂൎവ്വപദമായി പദ്യത്തിൽ ഉപയോഗിക്കും.
അതുകാലം, അതുനേരം, അതുപൊഴുതു, ഇതുകാലം.
(5) പദ്യത്തിൽ താൻ എന്നതിനെ ഉത്തരപദമാക്കി ഉണ്ടാക്കുന്ന കൎമ്മധാരയനും നിത്യസമാസം തന്നേ. ഈ സമാസത്തിൽ താൻ എന്നതിന്നു അൎത്ഥം വിശേഷിച്ചൊന്നുമില്ലായ്കയാൽ നിതൎത്ഥകമാകുന്നു. പദ്യത്തിലേ അക്ഷരസംഖ്യ ഒപ്പിക്കാൻ ഒരുപായം മാത്രം ആകുന്നു.
ഇക്കഥതന്നിൽ ഉള്ള നീതികൾ കേൾക്കുന്നേരം.
വന്ദിച്ചു ഗണനാഥൻതന്നെയും വാണിയെയും.
നന്ദനാം മഹീപതിതന്നുടെ പത്നികളായി.
ഭദ്രയാം സുനന്ദതാൻ ക്ഷത്രിയപുത്രിതന്നേ.
(6) അതു എന്നതിനെയും ഇങ്ങനെ തന്നേ നപുംസകനാമങ്ങളോടു ചേൎത്തുപയോഗിക്കും.
(i) അന്തഃകീരങ്ങൾ വാഴും തരുകഹരമതിൽനിന്നു വീണോരു ധാന്യം.
ഇവിടെ തരുകുഹരമതിൽ എന്നതിന്നു 'തരുകുഹരത്തിൽ' എന്നു മാത്രം അൎത്ഥം.
104. (1) അൎത്ഥത്തിൽ ഭേദമുള്ള രണ്ടു നാമങ്ങളെ ഒന്നു എന്നു കല്പിക്കുന്നതു രൂപകം ആകുന്നു.
'സംസാരമാകുന്ന സാഗരം'. ഇവിടെ സംസാരത്തിന്നും സാഗരത്തിന്നും തമ്മിൽ വളരേ ഭേദം ഉണ്ടെങ്കിലും രണ്ടും കടന്നു പോവാൻ അസാദ്ധ്യമാകയാൽ രണ്ടിന്നും തമ്മിൽ സാമ്യം ഉണ്ടു. ഈ സാമ്യം നിമിത്തം ഇവ തമ്മിലുള്ള ഭേദങ്ങളെ വകവെക്കാതെ ഇവക്കു തമ്മിൽ ഭേദമില്ലെന്നു വിചാരിക്കുന്നതു രൂപകം ആകുന്നു.

താളിളക്കം
!Designed By Praveen Varma MK!