Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

110 ഭാവരൂപവും ക്രിയാനാമവും

(ii) ഭാവരൂപവും ക്രിയാനാമവും (i. 97 .98) കൃദന്തങ്ങളാകുന്നു. ഇവക്കും മറ്റു കൃദന്തങ്ങൾക്കും തമ്മിൽ ഭേദമെന്തെന്നാൽ; സകൎമ്മധാതുക്കളിൽനിന്നുണ്ടായ ക്രിയാനാമങ്ങൾക്കു കൎമ്മം ഉണ്ടാകും. അതു മറ്റു കൃദന്തങ്ങൾക്കുണ്ടാകയില്ല. ഇവയുടെ കൎത്താവു പ്രഥമയിലും ശേഷം കൃദന്തങ്ങളുടെ കൎത്താവു ഷഷ്ഠിയിലും വരും.
84. ക്രിയാപ്രകൃതിയോടു അപ്രത്യയം ചേൎത്തുണ്ടാക്കിയ തിനെ ഒന്നാം ക്രിയാനാമം എന്നും (പഴയഭാവരൂപം എന്നും) ഉകപ്രത്യയം ചേൎത്തുണ്ടാക്കിയതിനെ രണ്ടാം ക്രിയാനാമം എന്നും (പുതിയഭാവരൂപം എന്നും) പറയും.
ഒന്നാം ക്രിയാനാമം (പഴയഭാവരൂപം) - പോക, നടക്ക, നാണിക്ക, പഠിക്ക, വായിക്ക.
രണ്ടാം ക്രിയാനാമം (പുതിയഭാവരൂപം) - പോകുക, നടക്കുക, നാണിക്കുക, പഠിക്കുക, വായിക്കുക.
ഈ ക്രിയാനാമങ്ങൾ വാക്യത്തിൽ ആഖ്യയും ആഖ്യാതവും ആയ്വരും.
85. ശേഷം കൃൽപ്രത്യയങ്ങളെ ധാതുവിനോടു ചേൎക്കും

(i) അം - അകലം, ആഴം, എണ്ണം, എറക്കം, കള്ളം, കൂട്ടം, നീളം, ഇണക്കം, പിണക്കം, വണക്കം, തിരക്കം, മയക്കം.
(ii) അൽ - അടുക്കൽ, കൊടുക്കൽ, കത്തൽ, പിടൽ, ചെയ്യൽ, വിളിക്കൽ, കാവൽ.
(iii) അറു - കളവു, അളവു, ചെലവു, വളവു ഉളവു.
(iv) ത - ചീത്ത, കാഴ്ച, ഇടൎച്ച, അലൎച്ച, വളൎച്ച, അകല്ച, വേഴ്ച, വീഴ്ച.
(v) തി - അറുതി, കെടുതി, വറുതി, മറതി, പൊറുതി.
(vi) തു, ത്തു - കൊയ്ത്തു, എഴുത്തു, നെയ്ത്തു, പാട്ടു, പോക്കു.
(vii) തൽ - കെടുതൽ, കുറച്ചൽ, മുഷിച്ചൽ, പാച്ചൽ, കാച്ചൽ.
(viii) തം, ത്തം - നടത്തം, പിടിത്തം, അളത്തം, വെളിച്ചം, ആട്ടം, നോട്ടം, ഏറ്റം.

ജ്ഞാപകം - ഭൂതത്തിൽ തകാരത്തിന്നുണ്ടാകുന്ന മാറ്റങ്ങൾ എല്ലാം

കൃൽപ്രത്യയമായ തകാരത്തിനും ഉണ്ടാകും.
(ix) അടപ്പു, ഇരിപ്പു, ഉറപ്പു, എടുപ്പു, ഒപ്പു കിടപ്പു, തണുപ്പു, നില്പു
വാൎപ്പു, വെപ്പു, കൈപ്പൂ. ഇവ ബലക്രിയകളിൽനിന്നുണ്ടായവ.
(x) പ്പം - അടുപ്പം, കുഴപ്പം, വലിപ്പം, ചെറുപ്പം, കടുപ്പം, ഒപ്പം.
(xi) മ - ഓൎമ്മ, കൂൎമ്മ, വളൎമ്മ, നേൎമ്മ, തോല്മ, പെരുമ, ഉണ്മ.
(xii) മാനം - തീരുമാനം, തേമാനം, ചേരുമാനം, ചി‌ല‌്വാനം.
(xiii) വി - ഉതവി, കേൾവി, മറവി.
(xiv) വു - അറിവു, കേവു, കിഴിവു, പിരിവു.

86. കൎത്ത്രാദ്യൎത്ഥങ്ങളെ കാണിപ്പാൻ ധാതുവിനോടു അൻ, ഇ എന്നീ പ്രത്യയങ്ങൾ പ്രയോഗിക്കും. അൻ - വിളമ്പൻ, മുക്കുവൻ. ഇ - പോററി, ഈരായി, വാതങ്കൊല്ലി, മരഞ്ചാടി, താന്തോന്നി.

ജ്ഞാപകം - ഇവയിൽ പലവയും സമാസത്തിൽ വരും.

താളിളക്കം
!Designed By Praveen Varma MK!