Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

107 ക്രിയാപുരുഷനാമം ക്രിയാനാമം

(ii) ക്രിയാപുരുഷനാമം ക്രിയാനാമം എന്നിവ ആഖ്യയും ആഖ്യാതവുമായ്വരുതന്നതുകൊണ്ടും വിഭക്തിപ്രത്യയങ്ങൾ ധരിക്കുന്നതുകൊണ്ടും നാമങ്ങളിൽ ചേരേണ്ടവ തന്നേ. അൎത്ഥപുൎത്തിക്കു അന്യപദങ്ങൾ ആവശ്യപ്പെടാത്തതുകൊണ്ടു അപൂൎണ്ണക്രിയകളായിട്ടു എടുക്കേണമെന്നില്ല.
(iii) ഭാവരൂപം ക്രിയാനാമത്തിൽനിന്നു ഒട്ടും ഭേദിച്ചതല്ല. ആഖ്യാതമായും വിശേഷണമായും വരുന്ന ക്രിയാനാമം തന്നേ ഇതു. ഇതിനെ പ്രത്യേകമായ ഒരു വിഭാഗമായി എടുക്കുന്നതു ന്യായമല്ല.
(iv) ഭാവരൂപത്തെ ക്രിയാനാമത്തിൽ അടക്കി ക്രിയാനാമത്തെ കൃത്തിലും ക്രിയാപുരുഷനാമത്തെ സമാസത്തിലും വിവരിക്കും.
(v) അനുവാദകത്തിൽ ചേരുന്ന ഉം എന്നതു പ്രത്യയമായിട്ടോ സമുച്ചായ കാവ്യയമായിട്ടോ വിചാരിക്കേണ്ടതു എന്നു ആലോചിക്കുമ്പോൾ പ്രത്യയമായിട്ടെടുക്കുന്നതു നല്ലതെന്നു കണ്ടു അനുവാദകമെന്ന ഒരു പ്രത്യേകവിഭാഗമായിട്ടു എടുത്തിരിക്കുന്നു.
80. (1) നാമത്താൽ അൎത്ഥം പൂൎണ്ണമാകുന്ന അപൂൎണ്ണക്രിയക്കു ശബ്ദന്യൂനമെന്നും പേരെച്ചമെന്നും പേർ. ഭൂതവൎത്തമാനപേരെച്ചങ്ങൾ ഉണ്ടാകുവാനായിട്ടു ഭൂതവൎത്തമാനകാലരൂപങ്ങളോടു അപ്രത്യയം ചേൎക്കും. ഭാവിയിൽ പ്രത്യയമില്ല. നടക്കുന്ന, നടന്ന, നടക്കും. അപ്രത്യയം ചേൎക്കുമ്പോൾ ക്രിയകളുടെ അന്ത്യമായ ഉകാരം ലോപിക്കും. പോകുന്നു+അ = പോകുന്ന; നടന്നു+അ = നടന്ന; കൊടുത്തു+അ = കൊടുത്ത.
(2) ഇകാരാന്തഭൂതത്തിൽ യകാരം ആഗമം വരും. പദ്യത്തിൽ നകാരവും വരും.
പാടി+അ = പാടി+യ്+അ = പാടിയ; പാടി+അ = പാടി+ൻ+അ = പാടിന.
ആയി, പോയി എന്നിവയുടെ ഇകാരം ലോപിക്കും. ആയി+അ = ആയ; പോയി+അ = പോയ.
81. (1) വേറെ ക്രിയയാൽ അൎത്ഥം പൂൎണ്ണമായ്വരുന്ന അപൂൎണ്ണക്രിയകളെ ക്രിയാന്യൂനങ്ങളെന്നും വിനയെച്ചങ്ങൾ എന്നും പറയും.
(2) ഭൂതവൎത്തമാനക്രിയാന്യൂനങ്ങൾക്കു പ്രത്യയങ്ങളില്ല. പൂൎണ്ണഭൂതവൎത്തമാനങ്ങളിലേ അന്ത്യമായ ഉകാരം സംവൃതമാകും.
പോകുന്നു്+ഉണ്ടു = പോകുന്നുണ്ടു; കൊടുത്തു്+പോയി = കൊടുത്തുപോയി.
(3) ഇകാരാന്തഭൂതക്രിയാന്യൂനത്തിന്റെ പിന്നിൽ ഖരം വന്നാൽ അതിന്നു ദ്വിത്വം വരും.
ഓടിപ്പോയി, പാടിത്തുടങ്ങി. വാഴ്ത്തിപ്പറഞ്ഞു, ചാടിക്കുളിച്ചു.
(i) ആയി, പോയി എന്ന ഭൂതക്രിയാന്യൂനങ്ങളുടെ അന്ത്യമായ ഇകാരം ലോപിക്കും. ആയ്പോയി, ആയ്ത്തീരുന്നു. പൊയ്പോയി, പോയ്ക്കുളഞ്ഞു.
82. (1) ഭാവിക്രിയാന്യൂനം ഉണ്ടാക്കുവാനായിട്ടു രണ്ടാം ഭാവിയോടു ആൻപ്രത്യയം ചേൎക്കും.
പോക+ആൻ = പോക+വ്+ആൻ = പോകുവാൻ, തുടങ്ങുവാൻ.
(2) ഭാവിപ്രത്യയമായ ഉകാരം വികല്പമായി ലോപിക്കും.
പോക+ ആൻ = പോൿ+ആൻ = പോകാൻ (പോവാൻ), തുടങ്ങാൻ, വരാൻ, എടുക്കാൻ, പറയാൻ, പറവാൻ, അറിയുവാൻ, അറിയാൻ, അറിവാൻ.
(3) ബലക്രിയകളിൽ ക്കു എന്നതിന്നു പകരം പ്പു വികല്പമായ്വരും. (ii. 74. 2.)
ഇരിപ്പാൻ, കിടപ്പാൻ, ശ്രമിപ്പാൻ, ജയിപ്പാൻ, കുടിപ്പാൻ, കളിപ്പാൻ.
(4) അനുനാസികാന്തധാതുക്കളിൽ ആൻപ്രത്യയത്തിന്നു മുമ്പു മകാരം ആഗമം വരും.
തിൻ+ആൻ = തിൻ+മ്+ആൻ = തിന്മാൻ, ഉണ്മാൻ, കാണ്മാൻ.

താളിളക്കം
!Designed By Praveen Varma MK!