Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

351. THERE IS A LOOSER AND A CLOSER COMPOSITION.

872. സമാസത്വം രണ്ടു പ്രകാരമുള്ളതു ചേൎന്നതും ചാൎന്നതും എന്നു പറയാം.
a.) ചാൎന്ന‌അന്വയം looser composition.
പഴഞ്ചൊല്ലിൽ വിശേഷിച്ചു കാണാം (ൻ, ം, ർ, കൾ, അന്തങ്ങളും വിഭക്തികളും 874 കാണ്ക) ഉ-ം പണം+നോക്കിന്നു മുഖം + നോക്കില്ല (=പണത്തെ നോക്കുന്ന നോക്കിന്നു) മേടമിടവമാസങ്ങൾക്കിടയിൽ (കേ. രാ. during those two months) മന്നവൻ നിയോഗത്താൽ (ഭാര=മനവനിയോഗത്താൽ ഭാര.) അരികൾ കുല മറുതി; ഉപരിചരമകൾ മകൻ (ഭാര.)
ഇതിന്നിടയിൽ വേറെ പദവും നുഴയും ഉ-ം.
കാൎയ്യം ഭവാനറിവേറേയില്ലേതുമേ (ചാണ. അൎത്ഥാൽ കാൎയ്യമറിവു=കാൎയ്യബോധം.)
b.) ചേൎന്ന അന്വയം closer composition.
ഉ-ം പന്നഗാഭരണവിൽ (ഭാര.) അല്ലിത്താർ ബാണമാൽ=മാരമാൽ, കാമകൊടുന്തീ (കൃ. ഗാ.) നടുക്കൂട്ടം (=നടുവർ കൂടുന്ന കൂട്ടം.)
ഭൂരീസമാസത്വം many compounds.
മല. കൃഷ്ണന്തിരുവടി പൊൽത്താരടിയിണയാണ (ഭാര.) ചെമ്പൊൽ താമരമൊട്ട് (കേ. രാ.)
സം. നൂപവരപരിശോഭിതപദയുഗം; യുഷ്മദസ്മൽ പദഭ്രാന്തി (ജ്ഞാ) പ്രിയ സചിവനയവചനനിശമനദശാന്തരേ (ചാണ.) അസുരകുലപതിചരണപരിപതനഭീതിയാൽ (സീ. വി.)
Attributes may refer:
873. ഓരോ സമാസത്വത്തിൽ 869 — 871 ഒരു പദം പ്രധാനവും മറ്റേതോ (മറ്റേവയോ) ഉപസൎജ്ജനവും ആം. ഭൂരിസമാസത്വത്തിൽ പ്രധാനത്തെയോ ഉപസൎജ്ജനങ്ങളിൽ ഒന്നോ വിശേഷിപ്പിക്കും.
Either to the 1st member of composition.
ഒന്നുകിൽ പൂൎവ്വപദത്തിന്നു കൊള്ളും.
1. Dative ചതുൎത്ഥി. സാധുക്കൾക്കുള്ള ഗുണഹാനിയെ വരുത്തുവാൻ അൎത്ഥാൽ ഗുണത്തിന്നു—സാധുക്കൾക്കുള്ള എന്നതു ഗുണത്തെ വിശേഷിപ്പിക്കുന്നു.
2. Genitive ഷഷ്ഠി: അവൻ്റെ തപോവിഘ്നംചെയ്തു (ഭാര.) നമ്മുടെ യാഗവിഘ്നം (കേ. രാ) തന്നുടെ പിതൃനാമം, തന്നുടെ നാമാഞ്ചിതമായ അംഗുലീയം [ഭാര=യാഗം മമവിഘ്നം, നമ്മുടെ യാഗമതുവിഘ്നം, നമ്മുടെയാഗത്തിന്നു വിഘ്നം ഇത്യാദി.]
3. Oblative വളവിഭക്തി: പോരാളി വീരർ, നിലവിളിഘോഷവും (ഭാര=വീരരാം പോരാളികളുടെ നിലവിളി-നിലവിളി=ഉത്തരവിളി=പോരാളി വിളിയുടെ ഘോഷം.
4. Locative സപ്തമി: പതിനാലാം വയസ്സിൽ വൈധവ്യലക്ഷണം (ശി. പു. to become a widow in her 14th year) 809.
5. Numbers സംഖ്യകൾ: അയ്യായിരം പുരിവാസിവൃന്ദങ്ങളും (നള.) നൂറായിരം യോജനോന്നതമുള്ളവൻ (സീ. വി.) ആയിരമാനബലം ഉള്ള ഞാൻ; രണ്ടു നൂറായിരം വാനരപ്പടയോടു (കേ. രാ.) നൂറായിരം നദീസംഗമാനന്ദം (നള.)
6. Relative Participle ശബ്ദന്യൂനപ്രയോഗങ്ങൾ: ചണ്ഡരാം രാക്ഷസനിഗ്രഹം (കേ. രാ. രാക്ഷസരെ അ രാക്ഷസരുടെ) നന്ദനസമാനമാം ഉദ്യാന ഭംഗംചെയ്താൻ (കേ. രാ.) ശോകസാധനമായസംസാരമോക്ഷം (ഭാഗ.) ദീപ്തമായുള്ളോരഗ്നിസദൃശം വിലോചനം (വേ. ച=ദീപ്താഗ്നിക്കു) വീരരായുള്ള ഭൂപതി വൃന്ദം (ഭാര.) പൊന്നണിഞ്ഞാനക്കഴുത്തിൽ (നള.)
Or to the 2nd member of composition.
അല്ലായ്കിൽ ഉത്തരപദത്തിന്നു പറ്റും:
എൻ്റെ നല്പൊന്മകൻ; എന്നുടെ നൽവെള്ളിപാക്കുഴ my silver-pail (കൃ. ഗാ.) ത്വൽസമനായാട്ടില്ല (പ. ത. no hunting like thine അൎത്ഥാൽ നിൻ്റെ നായാട്ടിന്നു സമമായി ഇല്ല.)

താളിളക്കം
!Designed By Praveen Varma MK!