Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

128. അ-ഇ-ചുട്ടെഴുത്തുകൾ. DEMONSTRATIVE PRONOUN.

542. അവൻ may stand for the unexpressed Subject അവൻ എന്നതു മുമ്പിൽ പറഞ്ഞ നാമത്തെ അല്ലാതെ, അവ്യക്തമായി സൂചിപ്പിച്ചതിനെയും കുറിക്കും.
ഉ-ം. ധ്യാനിച്ചീടുകിൽ അവനു പാപങ്ങൾ ഒക്ക തീൎന്നു (ഭാഗ.) ഇതിൽ ആർഎങ്കിലും എന്നത് അവ്യക്ത കൎത്താവ് തന്നെ. 30 നാളിലകത്തു വന്നീടായ്കിൽ അപ്പോഴവനെ വധിക്കും (അ. രാ.) അവരുടെ കൂട്ടത്തിൽ ചാടാൻ അവകാശം വന്നാൽ, അവൻ്റെ ജന്മം വിഫലമായീടും (ശീല.)
543. Demonstrative Letters stand with ചുട്ടെഴുത്തുകൾ നാമങ്ങളോടല്ലാതെ.

1.) Pronouns, Definite Numerals, Particles പ്രതിസംജ്ഞ, സംഖ്യ, അവ്യയം, എന്നവറ്റോടും ചേരും.
ഉ-ം. ൟ എന്നിൽ. ഇന്നാം എല്ലാം. (കൃ. ഗ.) ൟ ഞങ്ങൾക്ക് എല്ലാം (മ. ഭാ.)ഇന്നീ പോകിലോ (കേ. ര.) ഇന്നിങ്ങൾ ആരും (കൃ. ഗ.)
ൟ നാലും. ഇവ പന്ത്രണ്ടു മൎമ്മത്തിലും (മമ.)
അപ്പിന്നെയും പിന്നെയും; ഇപ്പോലെ; അപ്പോലെ (കൃ. ഗ.)
2.) Adjective Participles പേരെച്ചങ്ങളോടും ചേരും.
അപ്പോയ പെരുമാൾ. ആ പറയുന്ന ജനം (കേ. ഉ.) ആ കൊണ്ടുവന്നവൻ(=അന്നു.) ൟ ശപിച്ചത് അന്യായം (=ഇങ്ങനെ) (മ. ഭാ.)

3.) Verbs (seldom) ക്രിയാപദത്തോടും ദുൎല്ലഭമായി ചേരും.
വെപ്പാനായി നാം ഇത്തുടങ്ങുകിൽ. ബാണങ്ങളല്ലൊ ഇക്കാണാകുന്നു. എന്തിത്തുടങ്ങുന്നൂതു (കൃ. ഗാ.)
544. അതു, ഇതു used adjectively സംസ്കൃതപ്രയോഗം പോലെ, അതു, ഇതു എന്നവ നാമവിശേഷങ്ങളായും വരും.

1.) അതു കാലം. അതേ പ്രകാരം (129.) ഇതു ദേഹം. ഇതെൻ്റെ ജീവനുംതരുവൻ (=ൟ എൻ്റെ.) അതാതു ദിക്കിൽ. ചെറുതു കലഹം ഉണ്ടായി (മ. ഭാ.)എന്ന പോലെ തന്നെ (371, 5.)
2.) ഫലം ഇതൊ വേണ്ടു (കേ. ര.) സല്ക്കഥയിതു കേൾക്ക (വില്വ.)
3.) ബഹുവചനം.
അവയവ നദിയും കലകളും കടന്നു (മ. ഭാ.) ഇവ ഒമ്പതു മൎമ്മത്തിലും (മമ.)ഇവ മൂന്നു നീരിലും (വൈ. ശ.)
545. അതു used as an Honorific അതു എന്നുള്ള ഘനവാചി, താൻ എന്ന പോലെ (531) നടക്കും.
1.) അവർ=ആയവർ.
അതികപടമതികളവർ (നള.) നൃക്കളവരെ നോക്കിനാൻ (മ. ഭാ.) അതുപോലെ നമ്പിയവർ=നമ്പിയാർ (101.)
2.) May stand with any Noun അതു എന്നതു ഏതു നാമത്തിന്നും കൊള്ളും.
നാളതു. രാമദൂതൻ വാലതു തണുക്കേണം (കേ. ര.) ഉച്ചയതാമ്പോൾ (കൃ.ച.) ക്ഷേത്രമഹിമാവതു (വില്വ.) അസ്ത്രശസ്ത്രങ്ങളതിൽ അഭ്യസിച്ചുറെക്ക (ഉ. രാ.)വമ്പന്മാരതിൽ മുമ്പനതാകും ഉമ്പർകോൻ (സ. ഗോ.)
3.) Preceeding a Noun നാമത്തിന്മുമ്പിലെ അതു.
സന്നയാക്കിനാൻ അതുമായകൾ എല്ലാം രാമൻ (കേ. ര.) ഇക്കണ്ടവിശ്വവും അതിന്ദ്രാദിദേവകളും (ഹ. കീ.)
4.) As Pleonasm അതു നിരൎത്ഥമായും വരും.
ഭൂപാലരുമതായി (=ഉമായി) ചതുരനതായീടുന്ന ലക്ഷ്മണൻ, സരസമതാം വാക്കുകൾ (ബാ. രാ.) നമ്മൾ ആരാനും കണ്ടുവതെങ്കിൽ (കൃ. ച=കണ്ടുവെങ്കിൽ.)
546. ഇന്ന stands at the head of a dependent clause (indirect question) ചോദ്യത്തിന്നു അവ്യക്തമായ ഉത്തരം വരുന്ന ദിക്കിൽ ഇന്ന എന്നുള്ള പ്രതിസംജ്ഞ പറ്റും.
1.) ആൎക്കു പെണ്ണിനെ കൊടുക്കുന്നു? ഇന്നവൎക്കെന്നു ദൈവം എന്നിയെ അറിഞ്ഞീല. ഇന്ന നേരത്തെന്നും, ഇന്നവരോടെന്നും, ഇന്നവണ്ണം വേണം എന്നും ഇല്ലേതുമേ. ഭോജ്യങ്ങൾ ഇന്ന ദിക്കിൽ ഇന്നവ എന്നും, അതിൽ ത്യാജ്യങ്ങൾ ഇന്ന ദിക്കിൽ ഇന്നവ എന്നും എല്ലാം അരുൾ ചെയ്ക (മ. ഭാ.) ഇന്നവൻ ഇന്നവനായ്വന്നതു. ഒർ ഒമ്പതു വെച്ചത് ഇന്നവൎക്ക എന്നു പറവിൻ (ചാണ.) ഇന്നതു കല്ലെന്നും ഇന്നതു മുള്ളെന്നും ഏതുമേ തോന്നാതെകണ്ടു നടന്നു (വേ. ച.) ഇന്നവനും തമ്പിമാരും കൊണ്ടാർ (കേ. ഉ.)
2.) ഇങ്ങനെ ഇത്ര മുതലായവയും മതി.
ഉ-ം പോർ ഇങ്ങനെ എന്നു പറവാൻ പണി (മ. ഭാ.=ഇന്നവണ്ണം) ശൃംഗാരം ഇങ്ങനെ ഉള്ളൂതെന്നു ചൊന്നാൻ. എങ്ങനെ ഇങ്ങനെ എന്നു ചൊല്വൂ (കൃ. ഗ.)
അതെപ്പടി. എന്നിൽ ഇല്ല ഇപ്പടി എന്നുരെപ്പതിന്നു (ര. ച.)
ഇത്തിര ബലം എന്നതളവില്ല (കേ. ര.) ഇത്ര ഉണ്ടെന്നതു കണ്ടില്ല (കൃ. ഗ.)

താളിളക്കം
!Designed By Praveen Varma MK!