059. വചനം.61. ഈ രണ്ടു വാക്യങ്ങളിൽ വ്യത്യാസം എന്തു? ഒന്നാമത്തേതിൽ ഒരു കുട്ടി വന്നു എന്നും മറ്റേതിൽ ഒന്നിൽ അധികം വന്നു എന്നും പറയുന്നതു തന്നേ. ഈ വ്യത്യാസത്തിന്നു കാരണമോ കുട്ടി എന്നതിനോടു കൾ എന്ന പ്രത്യയം ചേൎക്കയാൽ ആകുന്നു. ഒന്നിനെ മാത്രം കാണിക്കുന്ന നാമരൂപത്തിന്നു ഏകവചനം എന്നും ഒന്നിൽ ഏറേ എന്നു കാണിക്കുന്നതിന്നു ബഹുവചനം എന്നും പറയും.
62. ബഹുവചനത്തെ ഉണ്ടാക്കുവാനായിട്ടു കൾ, അർ എന്ന പ്രത്യയങ്ങളെ ചേൎക്കുന്നു.
—കൾ ദേവികൾ, സ്ത്രീകൾ, നദികൾ, ആനകൾ, തൈകൾ. —അർ ദേവർ, മനുഷ്യർ, ബ്രാഹ്മണർ, ശൂദ്രർ, ശിഷ്യർ.
63. ചിലപ്പോൾ അർ, കൾ എന്ന രണ്ടു പ്രത്യയങ്ങളും ഒരേ നാമത്തോടു ചേൎന്നും കാണും. ഉദാഹരണം: അവർകൾ, ശിഷ്യർകൾ.
64. കൾ എന്ന പ്രത്യയം ചില നാമങ്ങളോടു ചേരുമ്പോൾ ക്കൾ എന്നും മറ്റു ചിലവയോടു ചേരുമ്പോൾ ങ്ങൾ എന്നും ആയ്ത്തീരും.
65. അർ എന്നതു ആർ എന്നും മാർ എന്നും ആയ്ത്തീരും.