Contacts

പി. മാധവൻ

അകർമ്മകവും വികർമ്മകവും

മലയാളവ്യാകരണചർച്ചയിലെ വളരെ സങ്കീർണ്ണമായ മേഖലയാണ് ക്രിയാവിഭജനം. സകർമ്മകം, പ്രയോജകം തുടങ്ങിയ വിഭാഗങ്ങൾ പലതരം സന്ദിഗ്ദ്ധതകളും ബാക്കിവെക്കുന്നു. ചോംസ്കിയുടെ ഗവൺമെന്റ് ആൻഡ് ബൈൻഡിംഗ് സിദ്ധാന്തത്തിന്റെയും വിഭക്ത്യധിഷ്ഠിതവിശകലനത്തിന്റെയും വിഭക്തിയരിപ്പ (Case Filter) എന്ന സങ്കല്പത്തിന്റെയും വെളിച്ചത്തിൽ കർമ്മണിപ്രയോഗത്തെ വിവരിക്കാൻ വിഭക്തിയെ അടിസ്ഥാനപ്പെടുത്തി ഒരു സൈദ്ധാന്തികപരികല്പന മുന്നോട്ടുവെയ്ക്കുകയാണ് ഡോ. പി. മാധവൻ ഈ പ്രബന്ധത്തിൽ. കർമ്മണിവാക്യരചനയെയും പ്രയോജകരൂപീകരണത്തെയുമൊക്കെ ശ്രദ്ധിച്ച് വികസിക്കുന്ന നൂതനമായ ക്രിയാവിശകലനം.

ഈ ആശയം മലയാളത്തിലേയ്ക്ക് ആവാഹിച്ചാൽ, സകർമ്മകക്രിയയോട് -peṭ ചേരുമ്പോൾ അതിൻെറ പ്രതിഗ്രാഹിക ചാർത്താനുളള കഴിവ് നഷ്ടമാകുന്നുവെന്നും, കർതൃകാരകം കർതൃസ്ഥാനത്തു നിന്ന് ഒഴിവാവുന്നുവെന്നും മനസ്സിലാക്കാം. -peṭ പ്രത്യയത്തിൻെറ ഈ രണ്ടു ഗുണങ്ങളും അന്യോന്യാശ്രിതങ്ങളാണ്. എങ്ങനെയെന്നാൽ, കർതൃകാരകം സ്വസ്ഥാനം ഉപേക്ഷിച്ചാലേ പ്രതിഗ്രാഹിക ലഭ്യമല്ലാത്ത കർമ്മകാരകത്തിന് തൽസ്ഥാനത്ത് കയറിയിരിക്കാൻ പറ്റൂ. ഒരുദാഹരണത്തിലൂടെ ഇതു വ്യക്തമാക്കാം.

24. a) മാഷ് കുട്ടിയെ അഭിനന്ദിച്ചു. b) കുട്ടി മാഷാൽ അഭിനന്ദിക്കപ്പെട്ടു.

അഭിനന്ദിക്കുക എന്ന ക്രിയയോട് -peṭ പ്രത്യയം ചേരുമ്പോൾ, അതായത് (24b)യിൽ, കർതൃസ്ഥാനം ശൂന്യമാണ്, കുട്ടി വിഭക്തിയില്ലാതെ വലയുകയും. അപ്പോഴാണ് കാണുന്നത് കർതൃസ്ഥാനം ഒഴിഞ്ഞുകിടക്കുന്നത്. അങ്ങോട്ട് കയറിയിരുന്നാൽ മതി, നിർദ്ദേശികാവിഭക്തി കൈവരും. രണ്ടു കാര്യങ്ങൾ കൂടി ഇവിടെ പ്രസ്താവിക്കേണ്ടതുണ്ട്.ഒന്ന്, ഏതു നാമപദാളിയും (നാമമല്ല, Noun Phrase) വിഭക്തി ചേർന്നതാവണം. വേറൊരു മട്ടിൽ പറഞ്ഞാൽ വിഭക്തിയില്ലാത്ത നാമപദാളി വാക്യത്തെ അസാധുവാക്കും.ഇതd വിഭക്തി അരിപ്പ (Case Filter) അറിയപ്പെടുന്നു. രണ്ട്, പൂർണ്ണക്രിയയുള്ള വാക്യത്തിൻെറ കർതൃസ്ഥാനത്ത് നിർദ്ദേശികാവിഭക്തി ലഭ്യമായിരിക്കും. ഇതു രണ്ടും ചോംസ്കിയുടെ വിഭക്തിസിദ്ധാന്തത്തിൻെറ കാതലാണ്.

വിഭക്തി എന്നത് വാക്യഘടനയുടെ സന്ദർഭത്തിൽ വേണം മനസ്സിലാക്കാൻ. മലയാളം പോലുള്ള ഭാഷകളിൽ വിഭക്തി എന്നു പറയുമ്പോൾ വിഭക്തിപ്രത്യയമാവും മനസ്സിൽ തെളിയുക. വിഭക്തിപ്രത്യയം പദപ്രകരണപരമായ സംഗതിയാണ്. വിഭക്തി എന്ന പരികല്പന അമൂർത്തമായ ഒന്നാണ്. പ്രധാനമായും രണ്ടു വിഭക്തികളേ വാക്യഘടനയിൽ വേണ്ടൂ, നിർദ്ദേശികയും പ്രതിഗ്രാഹികയും, യഥാക്രമം കർത്താവിന്റെയും കർമ്മത്തിൻ്റെയും വിഭക്തികൾ. ഇംഗ്ലീഷിൽ Nominative എന്നും Accusative എന്നും പറയും, ലാറ്റിൻ വ്യാകരണത്തിൽ നിന്ന് കടം കൊണ്ടതാണ് ഈ സംജ്ഞകൾ. ആധുനിക ഇംഗ്ലീഷിൽ കർതൃവിഭക്തി Subject case), കർമ്മവിഭക്തി (objects Case) എന്നു പറഞ്ഞാൽ മതി. സർവ്വനാമങ്ങളിൽ മാത്രമേ വിഭക്തി സ്വനരൂപേണ പ്രകാശിക്കുന്നുള്ളൂ ഇംഗ്ലീഷിൽ. ഉത്തമപുരുഷൻ I, me, my, we, us, our മധ്യമപുരുഷൻ you, your പ്രഥമപുരുഷൻ he, him, his, she, her, they, them their. കഴിഞ്ഞു. പിന്നെ ഉള്ളത് നാമത്തോട് ചേർക്കുന്ന സംബന്ധികാവിഭക്തി apostrophe ‘s. അതിന് വാക്യഘടനയിൽ വലിയ പ്രാധാന്യമില്ല, ഒരു നാമത്തിന് വേറൊരു നാമത്തോടുള്ള സംബന്ധം ആണല്ലോ സംബന്ധിക അടയാളപ്പെടുത്തുന്നത്; ഉദാ: അച്ഛൻെറ കുട.(father’s umbrella) - അച്ഛന് കുടയിന്മേലുള്ള ഉടമസ്ഥാവകാശം.

അമൂർത്തമായ ഒരു ഫീച്ചർ ആണ് Case, ചോംസ്കിയൻ വാക്യഘടനാസിദ്ധാന്തത്തിൽ. അതിൻെറ സാങ്കേതികനിർവ്വഹണത്തിലേയ്ക്ക് കടക്കുകയാണെങ്കിൽ, Case നൽകുന്ന ശീർഷം അത് സ്വീകരിക്കുന്ന നാമപദാളിയെ ഭരിക്കണം എന്നൊരു നിബന്ധന കൂടിയുണ്ട്. മലയാളത്തിലെ കർമ്മണിയാണല്ലോ ഇവിടെ ചർച്ചാവിഷയം, അതിനാൽ അത്രത്തോളം പോവണ്ട.

കർമ്മണിയാവുമ്പോൾ ക്രിയയുടെ പ്രതിഗ്രാഹിക ചാർത്താനുള്ള കഴിവ് നഷ്ടമാവുന്നു എന്നതാണ് കർമ്മണിയിലുളള ഒരു വാക്യത്തിൽ സ്വീയകർമ്മം ഉണ്ടാവുന്നതിന് തടസ്സമാവുന്നത്. (16), (17), (18) വാക്യങ്ങളെടുത്ത് ഇത് വിശദമാക്കാം. സൗകര്യാർത്ഥം അവ താഴെ വീണ്ടും കൊടുക്കുന്നു.

16. പട്ടി അവളെ നല്ല കടി കടിച്ചു.

17. പട്ടിയാൽ അവൾ കടിക്കപ്പെട്ടു

18. * പട്ടിയാൽ അവൾ നല്ല കടി കടിക്കപ്പെട്ടു.

(16)ൽ കടിക്കുക കർത്തരിയിലാകയാൽ അതിന് പ്രതിഗ്രാഹികയുണ്ട്, അവളെ എന്നതിൽ തെളിഞ്ഞുകാണുന്നുമുണ്ട്. സ്വീയകർമ്മമായ നല്ല കടി എന്നതിനും പ്രതിഗ്രാഹിക നൽകാൻ ഈ കർത്തരിയിലുള്ള സകർമ്മകക്രിയയ്ക്ക് കെൽപ്പുണ്ടെന്ന് കരുതാം. (17)ലും (18)ലും ക്രിയ കർമ്മണിയിലാണ്, അതിനർത്ഥം പ്രതിഗ്രാഹികാവിഭക്തി ലഭ്യമല്ല എന്നു തന്നെ. (17)ലെ പ്രത്യക്ഷകർമ്മം കർതൃസ്ഥാനത്തേയ്ക്ക് നീങ്ങി നിർദ്ദേശിക നേടി രക്ഷപ്പെടും. അതിനാൽ (17)ൽ എല്ലാം ഭദ്രം. (18)ൽ അങ്ങനെയല്ല, ഈ വാക്യത്തിലെ സ്വീയകർമ്മം നല്ല കടി വിഭക്തിയില്ലാത്ത അവസ്ഥയിലാണെന്നതാണ് കാര്യം. കർമ്മണിയാവുന്നതോടെ സംഭവിക്കുന്ന പ്രതിഗ്രാഹികാനഷ്ടം (ലീനമായ) രണ്ടാം പ്രതിഗ്രാഹികയേയും ബാധിക്കുന്നു. കടിക്കുക എന്ന കർത്തരിക്രിയ (16)ൽ സ്വീയകർമ്മത്തിന് ഒരു രണ്ടാം പ്രതിഗ്രാഹിക നൽകിയിരുന്നല്ലോ, അതും കർമ്മണിയാവുമ്പോൾ നഷ്ടമാവുന്നു. അങ്ങനെ (18) വിഭക്തിഅരിപ്പയിൽ പെട്ട് അസാധുവാവുന്നു,

പരോക്ഷകർമ്മം കർമ്മണിയ്ക്ക് വിധേയമാവാത്തതും വിഭക്തിസിദ്ധാന്തപ്രകാരം വിശദീകരിക്കാം. (20), (21) ഉദാഹരണങ്ങൾ ശ്രദ്ധിക്കുക. കർത്തരിയിൽ പരോക്ഷകർമ്മം ഉദ്ദേശികാവിഭക്തിയാലാണ്. ക്രിയ കർമ്മണിയാവുന്നതോടെ പ്രത്യക്ഷകർമ്മത്തിൻെറ വിഭക്തി നഷ്ടമാവുന്നു. അതിന് കർതൃസ്ഥാനത്തേയ്ക്ക് നീങ്ങലാണ് ഒരേയൊരു വഴി, വിഭക്തിഅരിപ്പയിൽ കുടുങ്ങാതിരിക്കാൻ. (20)ൽ ഇതാണ് സംഭവിക്കുന്നത്. പക്ഷേ (21)ൽ കർതൃസ്ഥാനത്ത് പരോക്ഷകർമ്മത്തെ പ്രതിഷ്ഠിക്കുകയാണല്ലോ, അപ്പോൾ പ്രത്യക്ഷകർമ്മം വിഭക്തി കിട്ടാത്ത അവസ്ഥയിലാവുന്നു.

ഇനി പ്രയോജ്യകർമ്മം കർമ്മണിപ്രയോഗത്തിന് വിധേയമാകുന്ന ഉദാഹരണങ്ങൾ കൂടി വിഭക്തിലഭ്യതയുടെ വെളിച്ചത്തിൽ പരിശോധിക്കാം. പ്രയോജ്യകർമ്മം വാസ്തവത്തിൽ സകർമ്മകക്രിയയുടെ പ്രത്യക്ഷകർമ്മം പോലെയാണ് വാക്യഘടനാപരമായി വീക്ഷിക്കുമ്പോൾ. ഉദാഹരണവാക്യങ്ങൾ (11)ഉം (12)ഉം ഇക്കാര്യം വ്യക്തമാക്കുന്നു. വാക്യങ്ങൾ ആവർത്തിക്കാം.

11a) കുട്ടി ചിരിച്ചു b) അമ്മ കുട്ടിയെ ചിരിപ്പിച്ചു

12. കുട്ടി അമ്മയാൽ ചിരിപ്പിക്കപ്പെട്ടു.

(11b)യിൽ കുട്ടിയെ പ്രതിഗ്രാഹിക ധരിക്കുന്ന കർമ്മം, അതിന് വിഭക്തി കൊടുക്കുന്നതോ ചിരിപ്പിക്കുക എന്ന പ്രയോജകക്രിയ. (12)ൽ ഈ ക്രിയ കർമ്മണിയായി പരിണമിക്കേ കർമ്മം പ്രതിഗ്രാഹികാനഷ്ടത്തിന് വിധേയമാവും, സകർമ്മകങ്ങളിൽ കണ്ട പോലെത്തന്നെ. തത്ഫലമായി അത് കർതൃസ്ഥാനത്തേയ്ക്ക് നീങ്ങി നിർദ്ദേശികാവിഭക്തി വരിക്കാൻ അർഹത നേടുന്നു.

സകർമ്മകങ്ങളിലും ദ്വിസകർമ്മകങ്ങളിലും പ്രയോജ്യക്രിയ കർമ്മണിക്ക് വിധേയമാവുന്നില്ല എന്നതും വിഭക്തിസിദ്ധാന്തത്തിൽ നിന്ന് സിദ്ധിക്കും, വിശേഷവിധിയായി ഒന്നും കൂട്ടിച്ചേർക്കാനില്ല.

25. a പട്ടി അവളെ കടിച്ചു b) ഉടമസ്ഥൻ പട്ടിയെക്കൊണ്ട് അവളെ കടിപ്പിച്ചു.

26. ?? ഉടമസ്ഥനെക്കൊണ്ട് അവൾ പട്ടിയാൽ കടിപ്പിക്കപ്പെട്ടു

27. ഉടമസ്ഥനാൽ പട്ടിയെക്കൊണ്ട് അവൾ കടിപ്പിക്കപ്പെട്ടു

(26) ലും (27) ലും പ്രത്യക്ഷകർമ്മമായ അവൾ കർതൃസ്ഥാനത്ത് ഇരിക്കുന്നു. മറ്റു രണ്ടു നാമപദാളികൾക്കും പ്രയോജികയോ, കൊണ്ട് എന്ന ഗതി നൽകുന്ന വിഭക്തിയോ ലഭിക്കും. അതിനാൽ രണ്ടു വാക്യങ്ങളും വിഭക്തിവിഷയത്തിൽ സാധുവാണ്. (27) കൂടുതൽ സ്വീകാര്യമായി തോന്നുന്നത് പട്ടി കരണവും ഉടമസ്ഥൻ പ്രയോജകനും ആയിട്ടുള്ള വായനയാണ് അത് എന്നതു കൊണ്ടാവാം. (26)ൽ[5] അതു തിരിച്ചാണല്ലോ. ദ്വിസകർമ്മകങ്ങളിൽ പരോക്ഷകർമ്മം (മലയാളത്തിൽ) കർമ്മണിക്കു വിധേയമാവാത്തത് യാതൊരു കാരണത്താലാണോ അതേ കാരണം കൊണ്ടു തന്നെ പട്ടി എന്ന പ്രയോജ്യകർമ്മം കർമ്മണി സ്വീകരിക്കില്ല എന്നു സാരം.

ഇനി (27)ൽ ഒരു സ്വീയകർമ്മം കൂടി ഇടുകയാണെങ്കിലോ?

28. *ഉടമസ്ഥനാൽ പട്ടിയെക്കൊണ്ട് അവൾ നല്ല കടി കടിപ്പിക്കപ്പെട്ടു

അകർമ്മകങ്ങളിലെ സ്വീയകർമ്മം നേരിട്ട അതേ പ്രശ്നം തന്നെയാണ് (28)നെ അസാധുവാക്കുന്നത്, വിഭക്തിനഷ്ടം. തൻ്റെ ക്രിയ കർമ്മണിയിൽ ആകയാൽ.

ഇത്രത്തോളം എത്തിയ സ്ഥിതിക്ക് ഇംഗ്ലീഷിൽ പരോക്ഷകർമ്മം എങ്ങനെ കർമ്മണിയിൽ ‘ഓക്കെ’ ആവുന്നു എന്നു കൂടി വിസ്തരിക്കണമല്ലോ. വിഭക്തി ചാർത്തുന്ന സമ്പ്രദായം പറ‍ഞ്ഞിടത്ത് സകർമ്മകക്രിയകൾ മാത്രമല്ല ഗതിക്കും വിഭക്തി കൊടുക്കാൻ കഴിവുണ്ടന്ന് പ്രസ്താവിച്ചിരുന്നു. (27)ൽ കൊണ്ട് എന്ന ഗതിയാണ് പട്ടി എന്ന നാമപദാളിയെ വിഭക്തിഅരിപ്പയിൽ പെടാതെ രക്ഷിക്കുന്നത്. ഗതികളെല്ലാം ഇതു പോലെ വിഭക്തി കൊടുക്കാൻ പ്രപ്തരാണ്. വാക്യഘടനയിൽ വിഭക്തികളെ രണ്ടായി വിഭജിക്കാം, ഋജുവും അല്ലാത്തതും. നിർദ്ദേശികയും പ്രതിഗ്രാഹികയും(Nominative & Accusative) ആണ് ഋജു, ബാക്കിയെല്ലാം oblique case എന്ന് ഇംഗ്ലീഷിൽ പറയുന്ന തരം ആണ്. ലാറ്റിനിൽ ഇവ Dative, Ablative, Locative, Vocative എന്നീ പേരുകളിൽ ആണ് അറിയപ്പെടുന്നത്. ചോംസ്കിയൻ വ്യാകരണം അവയെ എല്ലാം ചേർത്ത് oblique case എന്ന് ഒറ്റ വിഭാഗമായി പരിഗണിക്കുന്നു. വിഭക്തിസിദ്ധാന്തത്തിൽ പ്രത്യേകിച്ച് Nominative & Accusative ന് മാത്രമേ പ്രാധാന്യമുള്ളൂ. അതു രണ്ടും ഘടനാനിർണ്ണീതങ്ങളാണ് (determined configurationally). വിഭക്തി കൊടുക്കുന്ന അംഗം വിഭക്തി സ്വീകരിക്കുന്ന നാമപദാളിയെ ഭരിക്കണം എന്ന തത്ത്വം ആണ് ഇതിൽ പ്രധാനം. ഇംഗ്ലീഷിലെ ഗതി (preposition) അതിനെ തുടർന്നു വരുന്ന നാമപദാളിയെ ഭരിക്കും, എന്നിട്ട് ക്രിയ ചെയ്യുന്ന പോലെ പ്രതിഗ്രാഹികാ വിഭക്തി ചാർത്തും, അതായത് object case. എന്നാൽ മലയാളത്തിലും മറ്റനേകം ഭാഷകളിലും ഗതി oblique case ആണ് കൊടുക്കുന്നത് എന്ന് വിചാരിക്കാൻ ന്യായമുണ്ട്. ഈ വ്യത്യാസമാണ് ഇംഗ്ലീഷിൽ പരോക്ഷകർമ്മം കർമ്മണിക്ക് വിധേയമാവാൻ കാരണം. ഉദാഹരണത്തിന്, He gave a book to her എന്ന വാക്യത്തിൽ to her എന്ന ഭാഗത്തിൽ to എന്ന ഗതി her എന്ന സർവ്വനാമത്തെ ഭരിക്കുകയും object case. കൊടുക്കുകയും ചെയ്യുന്നു. മലയാളത്തിൽ അവൾക്ക് എന്ന സർവ്വനാമത്തിൽ കാണുന്ന ഉദ്ദേശികയാവട്ടെ oblique case. ക്രിയ കർമ്മണിയിലാകുമ്പോൾ ഈ ഉദ്ദേശികയെ അത് ബാധിക്കുന്നില്ല, പ്രതിഗ്രാഹികാനഷ്ടം ആണ് സംഭവിക്കുന്നത്.

23. The professor gave her that book.

എന്ന വാക്യത്തിൽ, കർത്തരിയിൽ, ക്രിയ object case കൊടുക്കുന്നത് പരോക്ഷകർമ്മമായ സർവ്വനാമത്തിനാണ്, അപ്പോൾ that book എന്ന പ്രത്യക്ഷകർമ്മത്തിന് എവിടന്ന് വിഭക്തി ലഭിക്കും എന്ന ചോദ്യം ഉണ്ട്. ഇതിന് ഒന്നിലധികം വിശകലനങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അതിലൊരെണ്ണം, that book ന് മുമ്പ് ഒരു അദൃശ്യഗതി (empty preposition) ഉണ്ട് എന്നും അതിന് വിഭക്തി ചാർത്താൻ കെല്പുണ്ട് എന്നുമാണ്. ഇംഗ്ലീഷിലെ dative constructions വളരെയേറെ ചർച്ചകൾക്ക് വിഷയീഭവിച്ചിട്ടുണ്ട്. അതിന്റെ ശരിതെറ്റുകളിലേയ്ക്ക് തൽക്കാലം പോവണ്ട.

ഇത്രയും പറഞ്ഞതിൽ നിന്ന് ശ്രദ്ധേയമായ ഒരു സംഗതിയുണ്ട്, വികർമ്മകവും കർമ്മണിയും വാക്യഘടനാപരമായി സദൃശങ്ങളാണ് എന്നത്. രണ്ടിലും വിഭക്തിനഷ്ടം വന്ന ഒരു കർമ്മകാരകമുണ്ട്, അത് ഒഴിഞ്ഞുകിടക്കുന്ന കർതൃസ്ഥാനത്തേയ്ക്ക് നീങ്ങി നിർദ്ദേശിക സ്വീകരിച്ചാണ് വിഭക്തിഅരിപ്പയിൽ നിന്നു രക്ഷ നേടുന്നത്. ഈ സാദൃശ്യത്തിൻെറ വെളിച്ചത്തിൽ താഴെ കൊടുത്ത ഉദാഹരണങ്ങൾ കൂടി നോക്കുക.

29. ഇന്ത്യൻ നാവികസേനയുടെ കപ്പൽ മുങ്ങി

30. പാക്കിസ്ഥാൻ ഇന്ത്യൻ നാവികസേനയുടെ കപ്പൽ മുക്കി

31. പാക്കിസ്ഥാനാൽ ഇന്ത്യൻ നാവികസേനയുടെ കപ്പൽ മുക്കപ്പെട്ടു

32. അമേരിക്ക പാക്കിസ്ഥാനെക്കൊണ്ട് ഇന്ത്യൻ കപ്പൽ മുക്കിപ്പിച്ചു

(29)ലെ വികർമ്മകത്തെ പ്രയോജകപ്രകൃതിയാക്കിയതാണ് (30). ഫലം ഒരു സകർമ്മകക്രിയ. (30) കർമ്മണിയാവുമ്പോൾ കിട്ടുന്നതാണ് (31). (30)ൽ രണ്ടാമത് ഒരു പ്രയോജകകാരകം കൊണ്ടുവന്നാൽ (32) ആയി. (32) ഘടനാപരമായി ഒരു ദ്വിസകർമ്മകം പോലെയാണ്, പാക്കിസ്ഥാനെക്കൊണ്ട് എന്നത് പരോക്ഷകർമ്മം എന്നെടുത്താൽ. (32)നെ (19)മായി താരതമ്യം ചെയ്തുനോക്കുക.

19. പ്രൊഫസർ അവൾക്ക് ആ പുസ്തകം കൊടുത്തു.

ഇനി (32) നെ മുക്കിപ്പിക്കപ്പെട്ടു കർമ്മണിയാക്കിയാലോ?

33. അമേരിക്കയാൽ പാക്കിസ്ഥാനെക്കൊണ്ട് ഇന്ത്യൻ കപ്പൽ മുക്കിപ്പിക്കപ്പെട്ടു.

(33) സാധുവാണ്, എന്നാൽ പരോക്ഷകർമ്മം (പാക്കിസ്ഥാനെക്കൊണ്ട്) കർമ്മണിപ്രയോഗത്തിന് വിധേയമാവില്ല, അത് പ്രതീക്ഷിക്കാവുന്നതു തതന്നെ, (20)ൽ എന്നപോലെ.

അപ്പോൾ ഒരു സംശയം ബാക്കിയാവുന്നു. (10) എന്തു കാരണത്താലാണ് അസാധുവാകുന്നത്?

10. *കുട്ടിയാൽ ഒരു ചിരി ചിരിക്കപ്പെട്ടു.

ക്രിയ കർമ്മണിയിലാണ്, അതിനെന്താ, ഒരു ചിരി എന്ന നാമപദാളിക്ക് നിർദ്ദേശിക കിട്ടണ്ടേ?

സ്വീയകർമ്മം പ്രത്യക്ഷപരോക്ഷകർമ്മങ്ങളേപ്പോലെയല്ല, പ്രയോജ്യകർമ്മത്തെ പോലെയുമല്ല. സ്വീയകർമ്മം അതത് ക്രിയയോട് കൂടിയേ നിൽക്കൂ, തൻ്റെ ക്രിയയിൽ നിന്നു മാത്രമേ അത് വിഭക്തി സ്വീകരിക്കൂ. അതുകൊണ്ടാണ് അതിനെ സ്വീയകർമ്മം എന്നു പറയുന്നത്. അങ്ങനെയിരിക്കേ, തന്റെ സ്വന്തം ക്രിയ കർമ്മണിയായാൽ തനിക്ക് വിഭക്തി കിട്ടാൻ വഴിയില്ല. (10) ൻെറ അസ്വീകാര്യതയുടെ ഹേതു സ്വീയകർമ്മത്തിൻെറ ഈ വിശേഷസ്വഭാവമാണ്. കൂട്ടത്തിൽ പറയട്ടെ, ഇംഗ്ലീഷിലും *A laugh was laughed by the child എന്ന വാക്യം അസാധുവാകുന്നത് ഇതേ കാരണത്താലാണ്.[6]

സംഗ്രഹം

ലേഖനത്തിൽ അവതരിപ്പിച്ച കാര്യങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം.

കർമ്മണിപ്രയോഗത്തെ വിവരിക്കാൻ വിഭക്തിയെ അടിസ്ഥാനപ്പെടുത്തി ഒരു സൈദ്ധാന്തികപരികല്പന മുന്നോട്ടുവെയ്ക്കുന്നു.

a) ഏതൊരു നാമപദാളിയ്ക്കും വാക്യഘടനയിൽ വിഭക്തി നിർബ്ബന്ധമാണ്.
b) വിഭക്തി ചാർത്തിയിട്ടില്ലാത്ത നാമപദാളി വിഭക്തിഅരിപ്പയ്ക്കകത്ത് പെട്ട് വാക്യം അസാധുവായി വിധിക്കപ്പെടും.
c) വാക്യഘടനയിൽ പ്രധാനമായി പരിഗണിക്കപ്പെടുന്ന വിഭക്തികൾ നിർദ്ദേശികയും പ്രതിഗ്രാഹികയുമാണ്, യഥാക്രമം കർത്തവിന്റേയും കർമ്മത്തിന്റേയും വിഭക്തികൾ.
d) സകർമ്മകക്രിയ അതിൻെറ പ്രത്യക്ഷകർമ്മത്തിന് പ്രതിഗ്രാഹികാവിഭക്തി ചാർത്തും.
e) കർതൃകാരകത്തിന് നിർദ്ദേശികാവിഭക്തി ചാർത്തുന്നത് പൂർണ്ണക്രിയയിലെ കാലപ്രത്യയമാണ്.
f) കർമ്മണിപ്രയോഗത്തിൽ ക്രിയയ്ക്ക് പ്രതിഗ്രാഹിക ചാർത്താനുള്ള കഴിവ് നഷ്ടമാവും, -പെട് എന്ന കർമ്മണിപ്രത്യയം ചേർക്കുന്നതിൻെറ ഫലമാണ് ഇത്.
g) -പെട് ചേരുന്നതോടെ കർതൃകാരകം തൽസ്ഥാനത്തു നിന്ന് നീങ്ങും, കർതൃസ്ഥാനം ശൂന്യമാവും.
h) തത്ഫലമായി, പ്രതിഗ്രാഹിക നഷ്ടപ്പെട്ട കർമ്മകാരകം ശൂന്യമായ കർതൃസ്ഥാനത്തേയ്ക്ക് നീങ്ങുകയും നിർദ്ദേശികാവിഭക്തി സ്വീകരിക്കുകയും ചെയ്യും.
i) അകർമ്മകങ്ങൾ രണ്ടു വിധമുണ്ട്: അകർമ്മകം, വികർമ്മകം.
j) വികർമ്മകത്തിൽ കർമ്മമായിരുന്ന നാമപദാളി കർതൃസ്ഥാനത്താണ് പ്രത്യക്ഷപ്പെടുക, അവിടെ അതിന് നിർദ്ദേശികാവിഭക്തി ലഭ്യമാവും.
k) അകർമ്മകങ്ങളിൽ സ്വതവേ കർമ്മമില്ലെങ്കിലും ഒരു സ്വീയകർമ്മം സാധ്യമാണ്, ആ സ്വീയകർമ്മത്തിന് പ്രതിഗ്രാഹിക നൽകാൻ കർത്തരിയിലുള്ള ക്രിയയ്ക്ക് സവിശേഷമായ ശേഷിയുണ്ട്.
l) സ്വീയകർമ്മം കർമ്മണിയിൽ പ്രയോഗിച്ചുകൂടാ, അത് കർതൃസ്ഥാനത്തേയ്ക്ക് നീങ്ങുകയില്ല.
m) അകർമ്മകത്തിലെ കേവലക്രിയയെ പ്രയോജകക്രിയയാക്കമ്പോൾ ഒരു പ്രയോജകൻ പുതുതായി വരുകയും, കേവലക്രിയയുടെ കർത്താവ് പ്രയോജ്യകർമ്മമായി മാറുകയും ചെയ്യും.
ഈ പ്രയോജ്യകർമ്മത്തെ കർമ്മണിയിലും പ്രയോഗിക്കാം.
n) സകർമ്മകങ്ങളുടെ കർമ്മണിയിൽ പ്രത്യക്ഷകർമ്മം കർതൃസ്ഥാനത്താണ് വരുക, പരോക്ഷകർമ്മത്തെ കർമ്മണിയിൽ പ്രയോഗിക്കാൻ വയ്യ.
o) സ്വീയകർമ്മത്തിൻെറ സാന്നിധ്യം, പ്രത്യക്ഷകർമ്മം കർതൃസ്ഥാനത്തു വരുന്ന കർമ്മണിയിലും വാക്യത്തെ അസാധുവാക്കും.
p) പ്രയോജകപ്രത്യയം ആവർത്തിച്ചു വരുന്ന ഘടനകളിൽ പ്രതിഗ്രാഹികയിലുള്ള ആദ്യപ്രയോജ്യകർമ്മം മാത്രമേ കർമ്മണിയിൽ പ്രയോഗിക്കാവൂ.

[എഴുതിവരുന്ന, പേരിട്ടിട്ടില്ലാത്ത, പുസ്തകത്തിലെ ഒരധ്യായം]

താളിളക്കം
!Designed By Praveen Varma MK!