Contacts

ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍ (1045–1091)





കുഞ്ഞികൃഷ്ണമേനോൻ കൊച്ചിതലപ്പിള്ളിത്താലൂക്കിൽ വടക്കാഞ്ചേരി ഏങ്കക്കാടു് അംശത്തിൽ ഒടുവു് എന്ന തറവാട്ടിൽ 1045-ാമാണ്ടു തുലാമാസം 10-ആംനു- തിരുവാതിര നക്ഷത്രത്തിൽ ജനിച്ചു. പിതാവു് ആലത്തൂർ ജനാർദ്ദനൻനമ്പൂതിരിപ്പാടും മാതാവു് ഒടുവിൽ കുഞ്ഞിക്കുട്ടിയമ്മയുമായിരുന്നു. ജനാർദ്ദനന്നമ്പൂരിപ്പാടു കുഞ്ഞുണ്ണി എന്ന ഓമനപ്പേരിലും അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പുത്രനാണു് ആലത്തൂർ അനുജൻനമ്പൂരിപ്പാടു്. ജനാർദ്ദനൻനമ്പൂരിപ്പാടു് ആ രണ്ടു വിവാഹങ്ങൾക്കും പുറമേ പാലിയത്തു് ഒരു സംബന്ധവും ചെയ്തിരുന്നു. ആ വിവാഹത്തിലാണു് പാലിയത്തു ചെറിയ കുഞ്ഞുണ്ണിയച്ചന്റെ ജനനം. കുഞ്ഞിക്കൃഷ്ണമേനോനെപ്പോലെ അവരും കവികളായിരുന്നു. കുഞ്ഞിക്കൃഷ്ണമേനോന്റെ കനിഷ്ഠസഹോദരനായി 1059-ൽ ജനിച്ച ശങ്കരൻകുട്ടിമേനോനും കവികളുടെ ഗണനയിൽ സ്ഥാനമുണ്ടു്.

വിദ്യാഭ്യാസം
കുഞ്ഞിക്കൃഷ്ണമേനോന്റെ തറവാടു ധനപുഷ്ടിയുള്ളതായിരുന്നില്ല. തന്നിമിത്തം അദ്ദേഹത്തിനു വിദ്യാഭ്യാസവിഷയത്തിൽ വളരെ ക്ലേശം സഹിക്കേണ്ടിവന്നുവെങ്കിലും സ്വാശ്രയശക്തികൊണ്ടു് സകല പ്രതിബന്ധങ്ങളേയും തട്ടിനീക്കി അദ്ദേഹം ധൈര്യപൂർവ്വം പുരോഗമനംചെയ്തു. 1061-ൽ ആദ്യം എറണാകുളത്തും പിന്നീടു മദിരാശിയിലും പഠിച്ചു് 1096-ൽ എഫ്. ഏ. പരീക്ഷ ജയിച്ചു്, അന്നു പ്രൈമറിസ്ക്കൂളിൽനിന്നു മിഡിൽസ്ക്കൂളായി ഉയർന്നിരുന്ന വടക്കാഞ്ചേരി ഇംഗ്ലീഷ് പള്ളിക്കൂടത്തിൽ ഹെഡ്മാസ്റ്റരായി രണ്ടു കൊല്ലം പണിനോക്കി. തിരുവനന്തപുരത്തു രാജകീയ കോളേജിൽ ചേർന്നു പഠിച്ചു് 1073-ൽ ബി.ഏ.പാസ്സായി. അക്കാലത്തു മലയാളമനോരമയ്ക്കു പല ലേഖനങ്ങളുമെഴുതി വറുഗീസുമാപ്പിളയുടെ ധനസാഹായ്യ്യം സമ്പാദിച്ചതിനു പുറമേ തിരുവനന്തപുരത്തു ശങ്കരയ്യർ എന്ന പുസ്തകവ്യാപാരിയുടെ ഉടമസ്ഥതയിൽ ആരംഭിച്ച “രാമരാജൻ” എന്ന പത്രത്തിന്റെ ആധിപത്യം വഹിച്ചു് ആ വഴിക്കും അല്പം ആദായമുണ്ടാക്കി. സാധാരണന്മാരാരും ആ പരിതഃസ്ഥിതിയിൽ അത്ര വളരെ ഉയരാറില്ല.

സർക്കാർസേവനവും ഗാർഹസ്ഥ്യവും
ഒടുവു് ബി.ഏ. ജയിച്ചു തിരിയെ കൊച്ചിയിൽ ചെന്നപ്പോൾ അദ്ദെഹത്തിനു ഹജൂരാപ്പീസിൽ ഒരു ഗുമസ്തന്റെ ജോലി കിട്ടി. പിന്നീടു സംപ്രതിയായി ചിറ്റൂർ, തലപ്പിള്ളി, തൃശ്ശിവപേരൂർ എന്നീ താലൂക്കുകളിൽ സേവനമനുഷ്ഠിച്ചു് ആ നിലയിൽനിന്നു യഥാകാലം ഉയർന്നു കൊടുങ്ങല്ലൂർ തഹശീൽമജിസ്ട്രേട്ടായി. അതിനു മുൻപുതന്നെ വെണ്മണിപ്രസ്ഥാനമനുസരിച്ചു കവിതകൾ രചിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിനു് അപ്പോൾ മാത്രമാണു് കൊടുങ്ങലൂർ തമ്പുരാക്കന്മാരുമായി സൗഹാർദ്ദബന്ധത്തിൽ ഏർപ്പെടുവാൻ സാധിച്ചതു്. പിന്നീടു് ഇരിങ്ങാലക്കുട, കൊച്ചി, എറണാകുളം എന്നീ താലൂക്കുകളിൽ മജിസ്ട്രേട്ടായിരുന്നു. എറണാകുളത്തുവച്ചു പ്രമേഹരോഗം മൂർച്ഛിച്ചു് 1091 ഇടവം 5-ആംനു- യശശ്ശ്രീരനായി. കുഞ്ഞിക്കൃഷ്ണമേനോൻ വാഴ്ചയൊഴിഞ്ഞ കൊച്ചി വലിയതമ്പുരാൻ തിരുമനസ്സിലെ പത്നിയുടെ കനിഷ്ഠസഹോദരിയായ ഇട്യാണത്തു മൂകാംബിഅമ്മയെ 1073-ൽ വിവാഹം ചെയ്തു. 1080-ൽ ആ സാധ്വി മരിച്ചു. അനന്തരം ഭഗവൽഗീത, ബാലവതീരാമകുമാരം മുതലായ കൃതികളുടെ പ്രണേതാവായ സബ്ജഡ്ജി റ്റി.വി. അനന്തൻനായർ ബി.ഏ. എല്ലിന്റെ ദ്വിതീയപുത്രി തൃശ്ശൂർ ആളത്തു പുരുതൽ വീട്ടിൽ ചിന്നമ്മുഅമ്മയെന്ന നാരായണിഅമ്മയെ ഭാര്യയായി സ്വീകരിച്ചു. ആ യുവതി ഒരു സാഹിത്യരസികയായിരുന്നു. ചിന്നമ്മുഅമ്മ 1086-ൽ പരേതയായതിനുമേൽ പഴയന്നൂർ ആച്ചാട്ടിൽ കൊച്ചുകുട്ടിഅമ്മയുടെ ഭർത്താവായി.

സാഹിത്യസേവനം
കുഞ്ഞിക്കൃഷ്ണമേനോൻ ഭാഷാസാഹിത്യത്തെ ബഹുമുഖമായി സേവിച്ചിട്ടുണ്ടു്. ഒരു കവി, ലഘുകഥാകാരൻ, പത്രപ്രവർത്തകൻ, ഗ്രന്ഥവിമർശകൻ, എന്നിങ്ങനെ പല നിലകളിൽ, അദ്ദേഹം ഉന്നതമായ ഒരു പദവി സ്വായത്തമാക്കി.

*** *** ***

പദ്യകൃതികൾ
(1) വിനോദിനി, (2) ലക്ഷ്മീവിലാസശതകം, (3) അന്തർജ്ജനത്തിന്റെ അപരാധം, (4) ഒരു പോലീസ് ഇൻസ്പെക്ടറുടെ വധം, (5) ഒരു പതിവ്രതയുടെ കഥ, (6) കുംഭകോണയാത്ര, (7) മദിരാശിക്കടൽക്കര എന്നിവയാണു് ഒടുവു് സംസ്കൃതച്ഛന്ദസ്സുകളിൽ രചിച്ചിട്ടുള്ള പ്രധാന കൃതികൾ. ദ്രാവിഡവൃത്തങ്ങളിലുള്ള കൃതികളിൽ, (8) അജാമിളമോക്ഷം വഞ്ചിപ്പാട്ടു് അഗ്രാസനത്തെ അർഹിക്കുന്നു. (9) കല്യാണീകല്യാണം എന്നൊരു പ്രഹസനവുമുണ്ടു്. മറ്റു കവികളുമായി കൂട്ടുചേർന്നു് എഴുതീട്ടുള്ളതാണു് ഉപകോശ, ചിറ്റൂർ വാസുദേവൻനമ്പൂരിപ്പാടു്, പഞ്ചാങ്ഗി, ചണ്ഡാലീമോക്ഷം തുടങ്ങിയ കൃതികൾ. ഇവയിൽ ഒടുവിന്റെ സരസ്വതീപ്രസാദം അതിന്റെ പരിപൂർണ്ണാവസ്ഥയിൽ പ്രകാശിക്കുന്നു. പ്രത്യേകിച്ചും ചണ്ഡാലീമോക്ഷത്തിൽ അദ്ദേഹമെഴുതിയ നാലാംസർഗ്ഗം അമൃതമയംതന്നെ. ഒടുവിന്റെ ദേവീസ്തോത്രങ്ങളും നന്നായിട്ടുണ്ടു്. ഇവയ്ക്കുപുറമേ ഹനുമാൻ, സാരജ്ഞൻ തുടങ്ങിയ അനേകം വ്യാജനാമങ്ങളിൽ അദ്ദേഹം ഇതര കവികളിൽ പലരുമായി പത്രരങ്ഗങ്ങളിൽ നർമ്മകലഹം നടത്തീട്ടുണ്ടു്. കവിരാമായണം സംബന്ധിച്ചു മുല്ലൂർ എസ്. പത്മനാഭപ്പണിക്കരുമായി നടത്തിയ വിവാദത്തിൽ സ്വീകരിച്ച പേരാണു് ഹനുമാൻ. താല്ക്കാലികമായ ഒരു വിനോദത്തിനുവേണ്ടിമാത്രമാണു് അത്തരത്തിലുള്ള മാർഗ്ഗങ്ങളിൽക്കൂടി അദ്ദേഹം തന്റെ തൂലിക ചലിപ്പിച്ചതു്. അല്ലാതെ പരിശുദ്ധഹൃദയനായ അദ്ദേഹത്തിനു് ആരോടും വിരോധമുണ്ടായിട്ടല്ല.

കഥാകാരൻ
1066-ാമാണ്ടു മുതല്ക്കാണു് ഭാഷയിൽ ചെറുകഥകൾ പ്രസിദ്ധീകൃതങ്ങളായതെന്നു തോന്നുന്നു. സി. പി. അച്യുതമേനോന്റെ വിദ്യാവിനോദിനിയിൽ പ്രകാശിതമായ ‘വാസനാവികൃതി’ ഒരപസർപ്പകകഥയാണു്. അതിനെത്തുടർന്നു ‘മേനോക്കിയെക്കൊന്നതാരാണു്’, ‘ദ്വാരക’, ‘പാതാളരാജാവു്’ (വേങ്ങയിൽ കുഞ്ഞിരാമൻനായർ) ‘എന്റെ ആദ്യത്തെ പീസ്’ മുതലായ കഥകളും ആ മാസികവഴിക്കുതന്നെയാണു് പുറപ്പെട്ടതു്. ഭാഷാപോഷിണി മാസികയായി 1073-ൽ പ്രചരിച്ചുതുടങ്ങിയപ്പോൾ അതിലും ചില ചെറുകഥകൾ ഉദയംചെയ്തു. എന്നാൽ നല്ല ചെറുകഥകൾ മാത്രമേ പ്രസിദ്ധപ്പെടുത്താവൂ എന്ന നിഷ്കർഷ രസികരഞ്ജിനിയിലാണു് ഇദംപ്രഥമമായി പ്രത്യക്ഷീഭവിച്ചതു്. സാമുദായികച്ഛായയിൽ ആദ്യമായി കഥകൾ എഴുതിത്തുടങ്ങിയതു് ഒടുവാണു്. പാത്രസൃഷ്ടിയിലും ആഖ്യാനരീതിയിലും അദ്ദേഹം വിജയിച്ചിട്ടുണ്ടെന്നുള്ളതിനു സംശയമില്ല.ശോകാന്തങ്ങളല്ല അദ്ദേഹത്തിന്റെ കഥകൾ എന്നുള്ളതുകൊണ്ടുമാത്രം അവയ്ക്കു് അപകർഷം കല്പിക്കുന്നതു ശരിയല്ല. അക്കാലത്തെ സഹൃദയന്മാരെ ചില വിശേഷ സംഭവങ്ങൾ വിവരിച്ചു് വിനോദിപ്പിക്കുന്നതിൽക്കവിഞ്ഞു് അന്നത്തെ ചെറുകഥാകാരന്മാർക്കു് ഉദ്ദേശമൊന്നും ഉണ്ടായിരുന്നില്ല. ഒടുവിന്റെ കഥകൾക്കു ചില വൈകല്യങ്ങൾ ഇല്ലാതില്ല. എന്നാൽ അന്നു് ആ ഇനത്തിലുള്ള സാഹിത്യം അത്ര മാത്രമേ വികസിച്ചിരുന്നുള്ളു എന്നു നാം ഓർമ്മിക്കേണ്ടതാണു്. എട്ടധ്യായത്തിലുള്ള മാലതി എന്ന കഥയാണു് ഏറ്റവും ദീർഘം. കല്യാണിക്കുട്ടി, ജാനു, നാരായണിക്കുട്ടി, കേളുണ്ണി മൂപ്പിൽനായർ എന്നിവ സമുച്ചയിച്ചു ‘നാലു കഥകൾ’ എന്നപേരിൽ ഒരു പുസ്തകം മുദ്രാപിതമായിട്ടുണ്ടു്. സരോജിനീഭായി, വിചാരം തെറ്റി, ഒരു രാത്രി, സത്യം തെളിഞ്ഞു, കൗമുദി മുതലായി വേറെയും പല കഥകൾ ഒടുവു് ഓരോ അവസരത്തിൽ എഴുതീട്ടുണ്ടു്. അവ അക്കാലത്തെ മാസികകളിൽ മറഞ്ഞുകിടക്കുന്നു. വേങ്ങയിൽ നായനാരുടെ അടുത്ത അനന്തരഗാമിയായി ഒരു കാഥികനെന്ന നിലയിൽ ഭാഷാസാഹിത്യമണ്ഡലത്തിൽ രങ്ഗപ്രവേശം ചെയ്തതു് അദ്ദേഹമായിരുന്നു.

ഇതരപ്രവർത്തനങ്ങൾ
രാമരാജനെന്ന പത്രം ഒരു കൊല്ലത്തോളം ഉൽക്കൃഷ്ടമായ രീതിയിൽ ഒടുവു് തിരുവനന്തപുരത്തു പഠിക്കുമ്പോൾ നടത്തിക്കൊണ്ടിരുന്നുവെന്നു സൂചിപ്പിച്ചുവല്ലോ. മലയാളമനോരമയെ അനുകരിച്ചു് അതിൽ ഒരു കവിതാപങ്ക്തി ഏർപ്പെടുത്തി അതിൽ പല കവികളെക്കൊണ്ടും ശ്ലോകങ്ങൾ എഴുതിച്ചിരുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ രാജാ കേശവദാസൻ തുടങ്ങിയ കൃതികളെപ്പറ്റി വിജ്ഞേയങ്ങളായ നിരൂപണങ്ങളും ആ പത്രത്തിൽത്തന്നെ പ്രസിദ്ധീകരിച്ചു. സാഹിത്യകാരന്മാരെ രാമരാജൻ അത്യന്തം ആകർഷിച്ചു. പത്രലേഖകൻ എന്ന നിലയിലും അദ്ദേഹത്തിനു സ്പൃഹണീയമായ ഒരു സ്ഥാനമുണ്ടായിരുന്നു. ‘കോരപ്പപ്രഭു’ എന്ന പേരിൽ ആദ്യന്തം ഫലിതമായി കൊച്ചി രാജ്യകാര്യങ്ങളെപ്പറ്റി അദ്ദേഹം എഴുതിയിരുന്ന ലേഖനപരമ്പരകൊണ്ടു മനോരമയുടെ പ്രചാരം സാമാന്യമൊന്നുമല്ല വർദ്ധിച്ചതു്. തത്തുല്യനെന്നു പറയാവുന്ന ഒരു ലേഖകൻ ആ പത്രത്തിനു കെ.സി.നാരായണൻനമ്പിയാർ മാത്രമായിരുന്നു.

ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ - കേരളസാഹിത്യചരിത്രം 52.6





താളിളക്കം
!Designed By Praveen Varma MK!