Contacts

മാനവിക്രമ ഏട്ടൻ തമ്പുരാൻ
സുഭാഷിതതരംഗിണീ

19. വിത്തത്തിനാശ മൊന്നാമതു നിയതമഹോ പിന്നെയോ മാനഭംഗം
വ്യക്തം പിന്നേയുമോർത്താൽ ദുരിതവുമളവില്ലാതെ വന്നിങ്ങുചേരും
ചിത്തത്തിൽ സൌഖ്യമെന്നാലരനിമിഷവുമുണ്ടാകുവാനും പ്രയാസം
സത്തെല്ലാ മിത്ഥമെന്നോര്‍ക്കുക യുവതികളിത്സക്തി വര്‍ദ്ധിച്ചുവന്നാൽ

20. ദേഹത്തിൽ ചേന്ന പങ്കം കഴുകിവിമലമാക്കീടുവാനോ തപിക്കും
ദാഹത്തെ തീര്‍പ്പതിന്നോ കമലവനസുഗന്ധത്തെ യേകേണ്ടതിന്നൊ
ഹാഹന്താത്യഛ്ശമാകുന്നൊരു മധുരജലം പങ്കസംമിശ്രമാക്കാ
നൂഹത്തോടിസ്സരസ്സിൻ സലിലമതിലാ കാസരം മുങ്ങിടുന്നു

21. വിണാചാതുര്യമേറുന്നൊരു രസികശിരോരത്നമാം ഗായകന്റെ
ഗാനത്തെ കേൾപ്പതിന്നായതികതുകമിയന്നാദരാൽ ചെന്നിടുന്നാ
എണ്ണപ്പെട്ടോരു നാനാവിധ പിബുധജനത്തേയു മയ്യോതിരക്കി
പ്പൊണ്ണൻ ചേരുന്നു കര്‍ണ്ണേന്ദ്രിയ വികലനുമങ്ങെത്രയും ചിത്രമോര്‍ത്താല്‍

22. വിണാപ്രമാണമതുസർവ്വ മറിഞ്ഞുഗാന
പാണ്ഡിത്യമുള്ളൊരു മഹാനുടെ പാട്ടുകേൾപ്പാൻ
എണ്ണംപറഞ്ഞ പലരുള്ള സദസ്സിലയ്യൊ
പൊണ്ണൻ വൃഥാ ബധിരനും ഞളിയുന്നു മോഹാൽ

23. സരസശിരോമണികളഹൊ
സരസംചേരുന്ന നാടകസമാജെ
നീരസികനായൊരന്ധൻ
തരസാമേരുന്നതും മഹാമോഹം

24. പംഗുവായൊരു പുമാനുമാശയാൽ
തുംഗമായ ഹിമവാനിലേറുവാൻ
അങ്ങുചെന്നുചില ഗോഷ്ഠി ചെയ്‍വതും
തിങ്ങിവിങ്ങിയൊരു മോഹമല്ലയൊ

25. പുകയൊരുവിധമിക്കാർമേഘമായ് തീര്‍ന്നുമന്ദം
സകലശിഖികളേയും വൃഷ്ടിയാൽ ചെന്നിടുന്നു
ബകസമനതിമൂഝന്‍ ഡംഭുകൊണ്ടിപ്രകാരം
സ്വകലമകലെയാക്കി ദ്രോഹവും ചെയ്തിടുന്നു

26. ശത്രുക്കളാകിലുമഹോ ഗൃഹമാഗമിച്ചാ
ലത്രാവതോളമതിഥിക്രിയ ചെയ്തിടേണം
ദാത്രത്തിനാലടിമുറിച്ചു മറിച്ചിടുന്ന
ഗാത്രിക്കുതൻ ഞഴലൊഴിച്ചിടുമോദ്രുമങ്ങൾ

27. ആറക്ഷരങ്ങളറിവാനിടയായ മൂഢൻ
ഗൌരീശനോടുമുപദേഷ്ടമൊരുങ്ങിടുന്നു
പാരാതെകണ്ടൊരുവിധം വസനാശനങ്ങൾ
ക്കേറാതെയുള്ളവർ കുബേരനുതുല്യമാമോ

28. ദുസ്സംഗത്താൽ സജ്ജനത്തിന്റെഗുണങ്ങൾ
നിസ്സന്ദേഹം ഭംഗമിന്നാര്‍ന്നിടുന്നു
നിസ്സീമക്ഷാരാബ്ധിതൻ സംഗമത്താ
ലീസ്സ്വര്‍ദ്ധൂന്യംഭസ്സുമുപ്പാകുമല്ലൊ

29. ദുര്‍ജ്ജനസംസര്‍ഗ്ഗത്താൽ
സൗജനവും കഷ്ടമൊട്ടുഴന്നീടും
ഊര്‍ജ്ജിതനനലൻമുൽഗര
തര്‍ജ്ജനമേല്ക്കുന്നുലോഹസംഗത്താല്‍

30. ദുര്‍ജ്ജനസംഗാൽ കഷ്ടം
സജ്ജനവും ദുഷ്ടനായ്ഭവിച്ചീടും
ഊർജ്ജിതലവണലവത്താൽ
വര്‍ജ്ജ്യമതാകുന്നു മധുരമാം പാലും

31. മുമ്പുള്ളതെന്നുബലമായൊരുഹേതുവാലി
ന്നൊമ്പോടു സർവ്വമപിസാധുവതായ്‍വരാമോ?
വമ്പേറുമാമനുവിധിച്ച മനുസ്മൃതിക്കു
പിമ്പുള്ള മാമുനികളെത്രവിരുദ്ധമോതി

32. പുരാണമെന്നും നവമെന്നുമുള്ളൊ
രീരണ്ടുഭേദങ്ങളുമോര്‍ത്തിടാതെ
സാരംഗ്രഹിച്ചന്യതരൽഗുണത്തെ
പ്പരിഗ്രഹിക്കുന്നവനാണഭിജ്ഞൻ

33. നവമെന്നഹേതുവാലെ
ക്കേവലമൊന്നും പരിത്യജിക്കരുതെ
തീവണ്ടിയാദിയെല്ലാം
നവമെന്നാരിന്നനാദരിക്കുന്നു

34. മടിവിട്ടു നടന്നിടുന്നെറുമ്പും
തടവെന്ന്യെ ബഹുദൂരമെത്തിടുന്നു
കുടിപുക്കു വസിച്ചിടുംഗരുത്മാ
നടിയൊന്നെങ്കിലുമെത്തിടാനസാദ്ധ്യം

35. വാക്ശരമൊന്നിഹവിട്ടാ
ലൂക്കോടേചെന്നു ചിത്തമതിലാഴും
അക്കണചിന്നെയെടുക്കാ
നോര്‍ക്കുകിലീശോപ്യനീശനായ്‍വരുമേ

36. കുട്ടികളോരോസമയം
കാട്ടുംദുശ്ചേഷ്ടിതങ്ങളവിവേകാൽ
ശിഷ്ടരുമതുതുടരുമ്പോൾ
കഷ്ടതയൊട്ടേറെ വീട്ടിലുളവാകും
37. പുണ്ണ്യംകൊണ്ടുലഭിച്ച ജന്മമിതഹോ മാനുഷ്യമെന്നോര്‍ത്തിടാ
തെണ്ണപ്പെട്ടകുലത്തിലൻപൊടു ജനിച്ചുള്ളാരുചൊല്ലുള്ളവർ
പെണ്ണങ്ങൾക്കു കരങ്ങുപോലെ കളിയാടിടുന്നതാകിൽസഖേ
കാണുന്നോര്‍ക്കു രസിപ്പതിന്നൊരു തരംകിട്ടുന്നമട്ടാകുമേ

38. ഒട്ടേറെക്ഷുൽപിപാസാകുലതയൊ ടടിവെക്കുന്നനേരത്തുഴ
ന്നിട്ടിഷ്ടപ്പെട്ടുള്ള തൻകുട്ടികളെയുമകലേ വിട്ടലഞ്ഞാര്‍ത്തിയാലെ
മുഷ്ടിക്കോരോരുവീട്ടിൽ കൃപണതയൊടു കൈനീട്ടിയേററം പ്രയാസ
പ്പെട്ടാക്കിട്ടുന്നൊരാഴക്കരികൃപണരഹോ കോടിയെന്നൊര്‍ത്തിടുന്നു.

39. വിദ്യാഭ്യാസത്തിലുള്ളാശ്രമമഖിലമറഞ്ഞീടുവാനീജഗത്തിൽ
വിദ്വാന്മാർ തന്നെയാകും നിപുണമതികളെന്നുള്ളതുംസ്പഷ്ടമല്ലൊ
അദ്യാലോചിച്ചുപാര്‍ത്തീടുക കഥമറിയും വന്ധ്യയാമീക്ക‌ഠോരം
ഹൃദ്യുദ്യൽസൂതിഖേദം തദിഹബുധവരന്മാരെ ഞാൻ കൈതൊഴുന്നേൻ

40. എന്നാലൊന്നിഹ ചൊല്ലിടാമഖിലരും കേട്ടീടുവാനിന്നഹം
നന്നായോര്‍ക്കണമന്യദോഷമുരിയാടീടുന്നതിൽ സര്‍വരും
മുന്നംമാന്യസദസ്സിൽവെച്ചു ശിശുപാലാഖ്യൻ നൃപൻ കൃഷ്ണനെ
തോന്നുംപോലെദുഷിച്ചതിന്നു ഫലമന്നുണ്ടായതോർത്തീടുവിൻ

41. ഇഷ്ടം നോക്കി കഥിച്ചതൊക്കെ വകവെക്കൊല്ലാ പുരാനാരദന്‍
ധൃഷ്ടംചൊന്നതുകേട്ടുടൻ ദശമുഖൻ ബാലിക്കെതൃത്തീട്ടഹോ
കഷ്ടംവാൽ വലയിൽപിണഞ്ഞഥ മുനിപ്രൌഢൻ ചിറിച്ചോടിനാ
നിഷ്ടംചൊന്നതു കേൾക്കമാക്കുമതികൾക്കാപത്തു വന്നിടുമേ

42. നാണ്ടാര്‍ക്കവെ ശ്രുതിപരത്തി ജയിച്ചിരിക്കും
വിക്ടോറിയാതനയനായ മഹാനുഭാവൻ
ഒട്ടേറെ ബോവർപടയിൽ ജയവും ലഭിച്ചോരെ
ഡ്വെര്‍ഡ‌്മഹീപതി ജവാൽ സുഖമാര്‍ന്നിടട്ടെ

43. മട്ടിൽ കവിഞ്ഞ കരമേറ്റിയതും വഹിച്ചി
ട്ടൊട്ടേറെഹന്ത തളരും മലയാളികള്‍ക്കും
തട്ടുന്ന താപമതുതീർത്തു ജയിപ്പതിന്നായെ
ഡ്വെര്‍ഡ് ‌മഹീപതി ജവാൽ സുഖമാര്‍ന്നിടട്ടെ

44. ഓട്ടത്തിലാഗ്ഗരുഡതുല്യ ഹയങ്ങളേറീ
ട്ടോട്ടുന്ന ബോവർപടയാളികളേ നടുക്കി
ആ ട്രാൻസവാളതു മടക്കി ജയിച്ചിടുന്നോ
ഡ്വെര്‍ഡ്മഹീപതി ജവാൻ സുഖമാര്‍ന്നിടട്ടെ

45. ഷഡ്വൈരിജാലമതു യോഗികളെന്നപോലെ
ദ്വിഡ്വര്‍ഗ്ഗമൊക്കവെ ജയിച്ചു നിജപ്രതാപാൽ
ഈഡ്യപ്രശസ്തിയെ വളർത്തിയ ചക്രവർത്തി
യെഡ്വെര്‍ഡ് മഹീപതി ജവാൽ സുഖമാര്‍ന്നിടട്ടെ

46. ഇന്നോര്‍ക്കിലിഭ്ഭുവനമൊക്കെ ഭരിച്ചിടുന്ന
മന്നൻ ഭവാനഖിലവൈഭവമൂലഭൂപ
എന്നാലനന്തഫണിയെന്നൊരു വാക്കു
പൊയ്യാകുന്നെന്നു ചൊൽവതിനു കുറ്റമശേഷമുണ്ടൊ?

47. എപ്പോൾ പോകണമെന്നു ചേതസി നിനച്ചീടുന്നുവൊ മാനവര്‍
ക്കപ്പോൾ പോയുടനിങ്ങു ചേരുവതിനായുണ്ടോരു തീവണ്ടിയാം
ചൊല്പൊങ്ങുന്ന വിമാനമോര്‍ക്കിലധുനാ മറ്റുള്ള സൌഖ്യങ്ങളാണി
പ്പാരിങ്കൽ മനുഷ്യനുള്ളൊരു മഹാ സ്വര്‍ഗ്ഗാനുഭോഗം ദൃഢം

48. കണ്ണീരിൽ കുളർമെ കുളിച്ചിഹ മഹീപാലത്വാദിയാഹിത
പ്പെണ്ണിൻ നൽകുച മണ്ഡലം ബത വിമുക്താഹാരമായന്വഹം
ദണ്ഡപ്പെട്ടുഴലും മനസ്സിലുളവാം ശോകാഗ്നിതൻ സന്നിധൌ
പുണ്യാര്‍ത്ഥം വ്രതമാചരിച്ചു മരുവിടുമ്പോലെ തോന്നുന്നുമെ

49. ധാടിക്കൊത്തൊരു മോടിയോടുമുടനെച്ചാടിക്കുതിച്ചീടുമീ
ഘോടിപ്രൌഢതയോടുമൊട്ടു ഝടിതി മണ്ടുന്നതും കാണ്കെടൊ
പൊട്ടീടുന്നിടിനാദമൊട്ടു പുകയും കൂടുംവിധൗ ഗാര്‍ഡിനാ
ലോടിക്കുന്നൊരു വണ്ടിപോലുമിതിനെക്കണ്ടാലൊളിച്ചിട്ടുമെ

50. കൂട്ടംകൂടാതെ സംഘപരിഷകളെയിണക്കീട്ടു പെട്ടെന്നു നാട്ടിൽ
കെട്ടുംകെട്ടിപ്പുറപ്പെട്ടവിടവിടെ നടന്നീട്ടു നേടുംപണം ഞാൻ
കൊട്ടും പാട്ടും പൊറാട്ടും ചിലസമയമതിൽ തോന്നിയാലാട്ടവും ഞാ
നിട്ടിക്കണ്ടപ്പനെന്നീവക പലവിരുതും കാട്ടുമാറുണ്ടുചേട്ടാ

51. ടിപ്പുൽത്താനപാരം പ്രബലതയൊടഹോ മുന്നമോരോരുനാട്ടിൽ
കപ്പം വാങ്ങീട്ടു ഞട്ടിച്ചതിതകൃതി കുലുക്കീട്ടു കത്തുന്ന കാലം
ഇപ്പാരിങ്കൽ പ്രജക്കുള്ളവശത വിരവിൽ തീർത്തു കാത്തോരു വഞ്ചി
ക്ഷ്മാപ ശ്രീമൂലഭൂപൻ ചിരമവതുഭുവംഗൌരി മാങ്കാവിലമ്മേ

52. ദുഷ്ടൻ ടീപ്പു കയര്‍ത്തു കേരളമമത്തീര്‍ടുന്ന കാലത്തഹൊ
കഷ്ടപ്പെട്ടുഴലും ജനത്തെയഖിലം കാരണമാര്‍ന്നെത്രയും
തുഷ്ടികൊത്തഭിരക്ഷചെയ്തകുലമാണീ രാജവംശം ഹരെ
നഷ്ടം വന്നിനിയുള്ളമൂല നൃപനെപ്പാലിച്ചു കൊള്ളേണമെ
താളിളക്കം
!Designed By Praveen Varma MK!