Contacts

മാനവിക്രമ ഏട്ടൻ തമ്പുരാൻ
കാശിയാത്രാചരിത്രം ഒന്നാംഭാഗം

1. രാ-രാ. എടത്രാപ്പാട് തമ്പുരാൻ തിരുമനസ്സുകൊണ്ട്
2. പി. സി. മാനവിക്രമ ഏട്ടൻതമ്പുരാൻ തിരുമനസ്സുകൊണ്ട്
8. പുതിയ കോവിലകത്തു ചെറിയേട്ടൻതമ്പുരാൻ തിരുമനസ്സുുകൊണ്ട്
4. കിഴിനിപ്പുറത്തു നമ്പൂതിരി
5. പുതിശ്ശേരി നമ്പൂതിരി
6. പഞ്ചനദം സുന്ദാഘനപാഠികൾ
7. ആദിമൂര്‍ത്തിപട്ടര്
8. പരമേശ്വരപട്ടര്
9. വാഴൂര് കേലു ഏറാടി
10. പുവ്വഞ്ചേരി കേലു ഏറാടി
11. പെരലെ ഉണ്ണിരാരിച്ചൻ നെടുങ്ങാടി
12. മാണിക്കത്ത് ഗോപാലമോനാൻ
13. മാണിക്കത്ത് അപ്പുമേനോൻ
14. പൊറ്റെക്കാട്ട് ചാത്തുമേനോൻ
15. കൊയമംഗലത്ത് രാമുണ്ണിനായർ
16. ശങ്കരമേനോൻ
17. രാമുണ്ണിനായര്
18. മാണിക്കത്ത്' തൂലു അമ്മ
19. അമ്പലക്കാട്ട്' ലക്ഷ്മിഅമ്മ
20. അമ്പലക്കാട്ടു ശങ്കുണ്ണികുട്ടി
21 കൊല്ലത്തു നാരായണമോനോൻ
22. ചാത്തുമേനോൻ വക കൃഷ്ണൻനായര്
23. ധാരകത്തു നാരായണൻനായർ
ഇങ്ങിനെ എല്ലാംകൂടി 28 പേരായിരുന്നു.
എന്ന് 1071-ാമത് മീനമാസം 1-ാ൦൲ എഴുതിയത്.

പി. സി. മാനവിക്രമ ഏട്ടൻ തമ്പുരാൻ.


കാശിയാത്രാചരിത്രം

കോഴിക്കോട്

ശ്രീമന്മഹാരാജമാന്യരാജശ്രീ കോഴിക്കോട്ടു പുതിയ കോവിലകത്ത് കൃഷ്ണനെന്ന തിരുനാമമായ എടത്രാപ്പാടു തമ്പുരാൻ തിന്മനസ്സുകൊണ്ടു കുറെ കാലമായിട്ടു ശ്രീകാശിയെഴുനെള്ളുവാനായി നിശ്ചയിച്ചതിനുശേഷം ഈ 70.0 മത് ചിങ്ങമാസം 31-നു- രാവിലെ വേണ്ടത്തക്ക സകല കാരണവന്മാരോടും മറ്റും യഥോചിതം യാത്ര പറഞ്ഞു അമൃതേത്ത് കഴിച്ചു മുഖവുരയിൽ ചേര്‍ത്ത ജനങ്ങളോടുംകൂടി പുറപ്പെട്ട് ഏഴേമുക്കാൽ മണിയ്ക്കുശേഷം കോഴിക്കോട്ടു വലിയ സ്റ്റേഷനിൽ എത്തുമ്പോഴയ്ക്കും തിരുമനസ്സിലെ എഴുനെള്ളത്തിനെ കാത്തു നിന്നിരുന്നവരായ രാ- രാ- രാജപോലാചാര്യർ അവർകൾ, സാമിനാഥയ്യർ അവർകൾ, വരദറാവു മുതലായി അനേകം സ്നേഹിതന്മാർ കുതിരസ്സാറട്ടിൽനിന്നു ഇറങ്ങുന്നതോടുകൂടി ചെന്നുകണ്ടു കൈകൊടുത്ത് അവരൊന്നിച്ചു സ്റ്റേഷനിലേയ്ക്കു കൂട്ടികൊണ്ടുപോകയും ചെയ്തു. അവിടെ പ്ലാറ്റുഫോറങ്ങളിൽ വെച്ച യാത്രാവിഷയമായ ചില ചില കുശലസംഭാഷണങ്ങളെ തമ്മിൽ പറഞ്ഞു കൊണ്ടിരിയ്ക്കുന്ന മദ്ധ്യേ തീവണ്ടി പാസ്സായ ഉടനെ തിരുമനസ്സുകൊണ്ടു പുതിയ കോവിലകത്ത് ഉണ്ണിത്തമ്പുരാൻ, മാനവിക്രമ ഏട്ടൻതമ്പുരാൻ, എത്രയും വിശ്വസ്തനും സ്നേഹിതനുമായ ഗവര്‍മ്മേണ്ട് വക്കീൽ രാമകൃഷ്ണയ്യർ മുതലായവരോടും, യോഗ്യന്മാരായ സ്നേഹിതന്മാരുടെ സാദരോപചാരത്തോടുംകൂടി തീവണ്ടി 1-ാംക്ലാസ്സിൽ കയറി ഇരുന്ന ഉടനെ തന്റെ സാക്ഷാൽ സഹോദരനായ കുഞ്ഞനുജൻ തമ്പുരാൻ, അമ്മാമൻ തമ്പുരാൻ മുതലായവരേയും മറ്റു സ്നേഹിതന്മാരേയും യഥോചിതം സംഭാഷണങ്ങളെക്കൊണ്ടു സന്തോഷിപ്പിച്ചു പിരിഞ്ഞതിനുശേഷം ഉടനെ അതിഘോഷത്തോടുംകൂടി തീവണ്ടി നീങ്ങുകയും ചെയ്തു. പന്നിയങ്കര സ്റ്റേഷനിൽ എത്തിയ സമയം അവിടെവെച്ചു രാമകൃഷ്ണയ്യരുമായി പറഞ്ഞു പിരിയുകയും ഫറൂക്കുസ്റ്റേഷനിൽവെച്ചു പുതിയ കോവിലകത്തെ ഉണ്ണിത്തമ്പുരാനുമായി യാത്രപറയുകയും, പട്ടാമ്പിവെച്ചു ഡിപ്യൂട്ടി കലക്ട ർ ശൃംഗാരവേലുപ്പിള്ളയുമായി സംഭാഷണം ചെയ്തു പിരിയുകയും അതാതു സ്റ്റേഷനിൽ വെച്ചു തമ്മിൽ കാണാൻ വന്നുനില്ക്കുന്ന സ്നേഹിതന്മാരോടും മറ്റു ആശ്രിതന്മാരോടും യഥോചിതം കുശലപ്രശ്നാദിപൂർവ്വകം യാത്ര പറഞ്ഞു പിരിയുകയും പാലക്കാട്ടുനിന്നു ഒന്നിച്ചു സാരോപചാരപൂർവ്വകമായി വണ്ടിയിൽ കയറി ഇരുന്ന സാമിനാഥപട്ടര് കാര്യക്കാര് ഈരോട്ടിൽവെച്ചു സന്തോഷപുരസ്സരം നന്ദിപറഞ്ഞു പിരിയുകയും ചെയ്തു. അന്നു വൈകുന്നേരം സന്ധ്യയോടുകൂടി ഈരോട്ടിൽ എത്തിയപ്പോഴയ്ക്കു ഡിപ്യൂട്ടി കലക്ടർ സാമിനാഥയ്യരുടെ എഴുത്തുപ്രകാരം ഈരോടു മുൻസീഫ് ഗുരുമൂർത്തി അയ്യരാൽ സാദരോപചാരപുരസ്സരം തെയ്യാറാക്കപ്പെട്ട സാറട്ടിൽ കയറി അദ്ദേഹത്തിന്റെ അധീനത്തിലുള്ള ഒരു വിശാലഗൃഹത്തിൽ ചെന്ന് അവിടെ സുഖമായി താമസിച്ചു. പിറ്റെന്നു 71 കന്നി 1-ാം൲ രാവിലെ എഴുനീറ്റു അവിടെ ഒരു മൈത്സ് സമീപമുള്ള അഖണ്ഡകാവേരിയിൽ ചെന്നു യഥാവിധി സ്നാനം ചെയ്തു തിരിയെ ഗൃഹത്തിലേയ്ക്കുതന്നെ വന്നു. അന്നുപകൽ മുഴുവനും ഈരോട്ടിൽ തന്നെ താമസിച്ചു പകലെ അഞ്ചരമണിയ്ക്കു സ്റ്റേഷനിൽ ചെന്നു അവിടെനിന്നു ആറുമണിയോടുകൂടി ആര്‍ക്കോണത്തേയ്ക്കു ടിക്കറ്റു വാങ്ങി എല്ലാവരും തീവണ്ടി കയറി.

ആര്‍ക്കോണം

2. പിന്നെ 2-ാം൲ പുലരുമ്പോഴയ്ക്കു ആര്‍ക്കോണം സ്റ്റേഷനിൽ ഇറങ്ങി. അവിടെ സ്റ്റേഷന് എത്രയും സമീപമുള്ള ഒരു ധര്‍മ്മശാലയിൽ ചെന്നു കയറി അന്നു പകൽ മുഴുവനും അവിടെതന്നെ താമസിച്ചു. ഈ സ്ഥലത്തു ധര്‍മ്മശാലയ്ക്ക് സമീപംതന്നെ ഒന്നുരണ്ടു കുളങ്ങളും എല്ലാ പദാര്‍ത്ഥങ്ങളും കിട്ടുന്നതിന്നു ചെറിയ ഒരു ഭജാറും ഉള്ളതുകൊണ്ടു യാത്രക്കാക്ക് ആവശ്യങ്ങൾ കഴിച്ചുകൂട്ടുന്നതിന്നു പ്ര യാസം ഇല്ലാ എങ്കിലും ഈ പ്രദേശത്തു സജ്ജനങ്ങളും ബ്രാഹ്മണരും വളരെ കുറയുന്നതുകൊണ്ട് അത്ര സുഖമായി തോന്നുന്നില്ല. അന്നു വൈകുന്നേരം സ്റ്റേഷനിൽ ചെന്ന സമയം രായച്ചൂർ മാര്‍ഗ്ഗമായി പോകേണ്ടതിലേക്കു വര്‍ഷാധിക്യത്താൽ വഴിയ്ക്കു ഒന്നു രണ്ടു പാലങ്ങൾ കേടുവന്നതായി അറിവുകിട്ടിയതുകൊണ്ടു രാത്രി ഏഴു മണിയോടുകൂടി ബങ്കളൂർ മാര്‍ഗ്ഗമായി പോകുവാൻ നിശ്ചയിച്ച് അങ്ങോട്ടു ടിക്കറ്റു വാങ്ങി പുറപ്പെട്ടു വണ്ടി കയറി.

ബാങ്കളൂര്‍

3. പിന്നെ പിറ്റെന്നു 3-ാം൲ രാവിലെ ആറര മണിയ്ക്കു ബങ്കളൂർ സ്റ്റേഷനിൽ എത്തിയപ്പോഴയ്ക്ക് അന്ന് അവിടെ വലുതായ ഒരു ഘോഷമായിരുന്നു. മൈസൂർ റസിഡണ്ടുസായ്ച് അവിടെനിന്നു മാറി പോകയും പുതുതായി ഒരാൾ വരികയും ആയിരുന്നതുകൊണ്ട് ആയതിനുവേണ്ടി ദിവാൻ ശേഷാദ്രി അയ്യർ മുതലായി അനേകം ഉദ്ദ്യോഗസ്ഥന്മാരും, കച്ചവടക്കാരായ സായ്പന്മാരും, നാട്ടിൽ പ്ര മാണികളായിട്ടുള്ളവരും മറ്റും കൂടി ഏകദേശം നാനൂറിൽ കുറയാതെ യോഗ്യന്മാരും എണ്ണായിരത്തിൽ കുറയാതെ കാണിജനങ്ങളും, മുന്നൂറിൽ കുറയാതെ പട്ടാളങ്ങളും, ആറോളം തുരുപ്പുശിപായികളും, അറുനൂറോളം സാരട്ടുകളും, നൂറിലകം പൊല്ലീസ്സുശിപായികളും മറ്റും കൂടി ആ സ്റ്റേഷനിലും സമീപമുള്ള മൈതാനങ്ങളിലും നിറഞ്ഞുനിന്നിരുന്നു. ഈ കോലാഹലത്തിൽ നമ്മുടെ ജ്യേഷ്ഠനോടുകൂടി നാമും ആ തിരക്കിൽ ചെന്നുകടന്നു ദിവാൻ ശേഷാദ്രി അയ്യരുടേയും മാറും ചില യോഗ്യന്മാരടേയും സമീപത്തു അടുത്തുനിന്നു അവിടെ ഉണ്ടായിരുന്ന ബാന്റുവാദ്യം മുതലായ എല്ലാ ഘോഷങ്ങളെയും റസിഡണ്ടുസായ്പിനെ ഉപചരിയ്ക്കുന്നതും ഉടനെ റസിഡണ്ടുസായ്‍വ് വേണ്ടത്തക്കവരോടു യഥോചിതം യാത്രപറഞ്ഞു പിരിഞ്ഞു വണ്ടികയറി പോകുന്നതും മററും സുഖമായി കണ്ടിരിയ്ക്കുന്നു.

4. അതിനുശേഷം ദിവാൻ ശേഷാദ്രി അയ്യർ മുതലായ എല്ലാ യോഗ്യന്മാരും അവിടെനിന്നുപിരിഞ്ഞു യഥാക്രമമായി യഥോചിതം വണ്ടി കയറി ആഡംബരത്തോടുകൂടി സ്വസ്ഥാനങ്ങളിലേക്കു പുറപ്പെടുകുയം തുരുപ്പുശിപായികളും പട്ടാളങ്ങളും ബാന്റുവാദ്യഘോഷങ്ങളോടുകൂടി അണിയായി നടന്നു നഗരത്തിലേക്കു പോകയും ക്രമേണ ക്രമേണ സകല കാണികളും അതാതു സ്ഥലങ്ങളിലേക്കു പിരിഞ്ഞു പോകയും ചെയ്ത ഉടനെ ഞങ്ങളും സ്റ്റേഷനിൽനിന്നു അര മയിത്സ് സമീപമുള്ള ബങ്കളൂർ സുബ്ബയ്യാ ചെട്ടിയാരുടെ അതിവിശാലവും നൂതനവുമായ ധര്‍മ്മശാലയിലേക്കു പോകയും ചെയ്തു.

5. ഈ ധര്‍മ്മശാലയുടെ സമീപത്തു ഏകദേശം ഒന്നര മയിത്സ് ചുറ്റുമുള്ള അതിവിശാലമായതും ഇറങ്ങുവാൻ ചില ദിക്കിൽ കരിങ്കൽ പടവുള്ളതുമായ ഒരു ഏരി ഉണ്ടെങ്കിലും നൊമ്മടെ മാനാംചിറപോലെ ഇരിയ്ക്കുന്ന ഈ എരിയിൽനിന്നു പട്ടണവാസികൾക്കു കുടിപ്പാൻ വെള്ളം കൊണ്ടുപോകേണ്ടതാകയാൽ ഇതിൽ സ്നാനത്തിന്നു സര്‍ക്കാരുവിരോധം ഉള്ളതുകൊണ്ട് ഈ ധര്‍മ്മശാലയിൽനിന്നു ഒരു മയിത്സ് ദൂരം പോയാൽ മാത്രമേ സ്നാനത്തിന്നു തക്ക നല്ല തടാകങ്ങളുള്ളു. എന്നാൽ ഒന്നു ഒന്നര മയിൽസുദൂരം പോയാൽ സ്നാനത്തിന്നു ജലസൌഖ്യം ധാരാളം ഉള്ളതുമാകുന്നു.

6. ഉച്ചയ്ക്കു ഭക്ഷണാനന്തരം ഏകദേശം 2 മണിയോടുകൂടി നഗരം കാണ്മാനായി കുതിരവണ്ടി കയറി പുറപ്പെട്ടു ഒന്നാമത് ഏതാനും ചില വീധികളേയും സായ്പന്മാര്‍ക്കു കുതിരക്കളിക്കും പന്തു കളിപ്പാനും ഉള്ള മൈതാനസ്ഥലത്തേയും പ്രധാനപ്പെട്ട രണ്ടു മൂന്നു ഷാപ്പുകളെയും പിന്നെ മൈതാനത്തിന്നു എത്രയും അടുത്ത് ഒരു പടഗൃഹത്തിൽ അതിവിശേഷമായ ചില കാഴ്ചകളെയും കണ്ടു.

7. ഇവിടെ ഈ കാഴ്ചകളെ കണ്ടു എന്നുമാത്രം പറഞ്ഞാൽ പോരാ എന്നു തോന്നുകയാൽ ആ കാഴ്ചകളെ ഏതാനും താഴെ വിവരിച്ചുകൊള്ളുന്നു. ആ പടഗൃഹത്തിൽ ഒന്നാമതു കണ്ടത്, വില്യം ജമ്മൻ ചക്രവർത്തിയുടെ ഒരു പ്രതിമയായിരുന്നു. ഈ പ്രതിമ കാഴ്ചയിൽ ഒരു മനുഷാകൃതിക്ക് എല്ലാംകൊണ്ടും ഒത്തിരിയ്ക്കുന്നതിനാലും ചക്രവർത്തിയുടെ എത്രയും തന്മയത്വം വന്നിരിയ്ക്കുന്നതുകൊണ്ടും ഈ പ്രതിമയെ കാണുന്നവര്‍ക്കു ഇതു ഒരു കൃത്രിമമാണെന്നു പറഞ്ഞല്ലാതെ അറിയുവാൻ പ്രയാസമായിട്ടുള്ളതാകുന്നു. ഈ ചക്രവർത്തിപ്രതിമയിൽ കാണിച്ചിരിയ്ക്കുന്ന കൌശലം പ്രാണനിര്യാണകാലത്തിൽ മഹാനെ ശ്വാസത്തിന്റെ ക്ഷോഭാവസ്ഥയിൽ ഉള്ള നിലയാകുന്നു. ഇതു ഒരു കൃത്രിമമാണെന്നു പറഞ്ഞു കേട്ടവരുകൂടി ഈ അവസ്ഥയെ കാണുന്ന സമയം മനസ്സലിഞ്ഞു പരിതപിയ്ക്കാതെ ഇരിയ്ക്കുക ഇല്ലെന്നു നിശ്ചയമായും പറവാൻ നമുക്കു ധൈയ്യമുള്ളതാകുന്നു.

8. രണ്ടാമത്തെ കാഴ്ച മേപ്പടി ചക്രവര്‍ത്തിയുടെ പുത്രൻ കണ്ഠരോഗത്താൽ പീഡിതനായ സമയം കണ്ഠത്തിൽ ഛേദിച്ച് അന്തര്‍ഭാഗത്തിലുള്ള അസ്ഥികളേയും മാംസങ്ങളേയും മററും കാണ്മാൻ തക്ക നിലയിൽ അവശതയെ പ്രാപിച്ചു കിടക്കുന്ന അവസ്ഥയായിരുന്നു. ഇതും തന്മയത്വമുള്ളതിനാൽ മേൽപ്രകാരം ശോചനീയമായിത്തന്നെ ഇരിയ്ക്കുന്നു.

9. മൂന്നാമത്തെ കാഴ്ച ഒരു മദാമ്മ ബൊമ്മയുടെ ഒരു അഭ്യാസമായിരുന്നു. ആ സ്ത്രീപ്രതിമയുടെ തലയിൽ ഒരു കത്തിച്ച വിളക്കും കയ്യിൽ വെള്ളം നിറച്ച ഒരു ഗ്ലാസും ഉണ്ടായിരുന്നു. വെള്ളം താഴത്തുവീഴാതയും വിളക്കു കെടാതെയും ഒരുമാതിരി അംഗവിക്ഷേപത്തോടുകൂടിയ അഭിനയത്തെ കാണിയ്ക്കുകയായിരുന്നു ശില്പി ചാതുര്യം.

10. നാലാമത്, ജമ്മൻരാജ്യത്തിൽ ഒരു കള്ളൻ ഒരു സായി‍വിന്റെ ഏതാനും ഉറുപ്പിക കട്ടുകൊണ്ടുപോകുന്ന മദ്ധ്യത്തിൽ പൊല്ലീസ്സുകാർ കണ്ട ഉടനെ തോക്ക് എടുത്തു വെടിവെയ്ക്കുകയും തൽക്ഷണം കള്ളന്റെ മടിയിൽനിന്നു കുറെ ഉറുപ്പിക താഴത്തു വീഴുകയം ചെയ്യുന്ന ഒരു ദശയായിരുന്നു.

11. അഞ്ചാമത്, ഒരു മനുഷ്യന്റെ ദേഹത്തിൽ എത്ര ഞരമ്പുകളും, അസ്ഥികളും, മററും ഉണ്ടായിരിയ്ക്കുമോ അതുകളെ ഒക്കെയും ഒരു മനുഷ്യപ്രതിമയിൽ കാണിയ്ക്കുവാൻ തക്ക കൌശലമായിരുന്നു. ഈ പ്രതിമയുടെ ഉള്ളിൽ രക്തങ്ങളും അസ്ഥികളും മാംസങ്ങളും മൂത്രപാത്രം മുതലായ അതാത് അവയവങ്ങളും തന്മയമായിത്തന്നെ കണ്ടതിൽ ആശ്ചര്യപ്പെടാത്തവർ ആരും ഇല്ലെന്നു നിസ്സംശയമായി പറയാവുന്നതാണ്.

12. ആറാമത് ഒരു സേനാപതിയുടെ മരണകാലത്തിലുള്ള അവസ്ഥയായ കാഴ്ചയാണ് കാണപ്പെട്ടത്. ഈ സേനാപതിയുടെ മാറിടത്തിൽ ശത്രുസൈന്യത്താൽ പ്ര യോഗിയ്ക്കുപ്പെട്ട വെടി ഉണ്ട പതിച്ച ഉടനെ മാറു തുളഞ്ഞതുകൊണ്ടു രക്തം പ്രവഹിയ്ക്കുകയും മഹാന്റെ ശ്വാസം ക്ഷോഭിച്ചു മൃതിപ്പെടുവാൻ അടുത്തനിലയിൽ കിടക്കുകയും ചെയ്തിരിയ്ക്കുന്നതു കണ്ടാൽ ഏവനും ഒന്നു ഞട്ടിപ്പോകാതെ ഇരിയ്ക്കുകയില്ലെന്നു നിശ്ചയമായും പറയാം. എന്നാൽ ആസനമരണാവസ്ഥയിൽ കിടക്കുന്നവരായ ജര്‍മ്മൻ ചക്രവത്തി, സേനാപതി ഈ വക കൂട്ടരുടെ പ്രതിമകൾ ഒക്കെയും ശ്വാസംവലിയ്ക്കുന്ന സമയം മാറിടം പൊന്തിയും താണുംകൊണ്ടിരിയ്ക്കുന്ന നിലയുടെ തന്മയത്വത്തോടു കൂടിത്തന്നെ ഇരിയ്ക്കുന്നത് അത്യത്ഭുതമെന്നേ പറയുന്നുള്ളു.

13. ഏഴാമത് ഒരു മനുഷ്യൻ ഗര്‍ഭപാത്രത്തിൽ കിടക്കുന്ന സമയം പ്രഥമമാസം മുതൽ ദശമമാസംവരെ ഉള്ള പത്തു മാസങ്ങളിലും ഉണ്ടാവുന്ന ആകൃതിയെ പത്തു ക്ലാസ്സിന്നുള്ളിൽ തന്മയതേന കാണിയ്ക്കുന്ന കൌശലമായിരുന്നു.

14. ഇപ്രകാരം വിസ്തരിയ്ക്കാൻ പുറപ്പെടുന്നതായാൽ അവിടെ കണ്ട കാഴ്ചകളെ വഴിയ്ക്കുവഴിയായി വര്‍ണ്ണിപ്പാൻ നമുക്കു ദേവാചാര്യത്വമോ, ഫണീശ്വരത്വമോ, വാല്മീകിജന്മമോ സിദ്ധിയ്ക്കേണ്ടതായിരുന്നു. എന്നാൽ മാത്രമേ അതിന്നു നാം ശക്തനായി വരികയുള്ളു.

15. ഈ വക അനേകം കാഴ്ചകളെ കണ്ടതിനുശേഷം മ്യൂസിയം എന്ന കാഴ്ച സ്ഥലത്തു ചെന്നു കാണുകയാണ് ഉണ്ടായത്. അവിടുത്തെ കാഴ്ചബങ്കളാവ് ഏകദേശം ഇരുനൂറുകോൽ ചതുരശ്രത്തിൽ നില്ക്കുന്നതും മുപ്പതുകോൽ ഉന്നതമായിട്ടുള്ളതും രണ്ടു നിലയിലും തങ്കരേഖയാൽ വിചിത്രകളായ ലതകളെ ഭിത്തികളിന്മേലും മേൽതട്ടിന്മേ ലും എഴുതപ്പെട്ടിട്ടുള്ളതും കണ്ണിന്നു അതിമനോഹരമായിട്ടുള്ളതുമാകുന്നു. ഇതിൽ അനേകം തരം മൃതപക്ഷികളേയും, മുതല, ആമ മുതലായ ജലജന്തുക്കളേയും കേടുവരാത്തവിധം വേണ്ടുന്ന പരികര്‍മ്മങ്ങളെ ചെയ്തു ഓരോരോ വകുപ്പുകളായി വെച്ചിരിയ്ക്കുന്നതു കണ്ടാൽ അത്യത്ഭുതമായിത്തോന്നുന്നതാണ്.

16. അതിനുശേഷം ജീവികളായ അനേകതരം മൃ ങ്ങളേയും, പക്ഷികളേയും, വാനരങ്ങളേയും സൂക്ഷിച്ചു യഥോചിതം അതാതുകൾക്കു വേണ്ടുന്ന കൂടുകളെ പണിചെയ്ത് അതുകളിലാക്കി പരിപാലിച്ചുവരുന്ന മൃഗശാലയേയും കണ്ടു. ഇതിൽ ഒരു കാട്ടുമനുഷ്യനും കൂട്ടിൽ ഇടപ്പെട്ടിട്ടുണ്ട്. ഈ കാട്ടുമനുഷ്യൻ എന്ന ജന്തുവെ നാം മുമ്പ് കണ്ടിട്ടില്ല; സാധാരണ കണ്ടതായി ആരും പറഞ്ഞുകേട്ടിട്ടും ഇല്ല.

17. ഈ വക അനേകം കാഴ്ച കണ്ടതിൽ എല്ലാം അത്യത്ഭുതമായിട്ടുള്ളതുതന്നെയെങ്കിലും അതിനു സമീപമുള്ള വലിയ ഒരു ഉദ്യാനത്തിൽ ഇരുമ്പുകൊണ്ടു കാലുകളും അത്യുന്നതമായും, അതിവിശാലമായും ഇരിയ്ക്കുന്ന ആഭോഗവും മേല്‍പ്പുര മുഴുവന്‍ ചില്ലുകൊണ്ടു മേഞ്ഞിട്ടുള്ളതും, നാലുഭാഗത്തും അതിസുരഭികളായ മഞ്ജരിതലതകളാൽ ചുറ്റപ്പെട്ടതും ആയ ഒരു ബങ്കളാവ് കണ്ടതിൽ സകല ജനങ്ങൾക്കും അതിവിസ്മയം ഉണ്ടായിപ്പോയി എന്നുള്ള ഒരുവിശേഷവാർത്തയെക്കൂടിപ്രസംഗിച്ചു സമര്‍പ്പിച്ചുകൊള്ളുന്നു.

18. ഇതെല്ലാം കണ്ടതിനുശേഷം വൈകുന്നേരം പാര്‍ക്കുന്ന സ്ഥലത്തേയ്ക്കു തിരികെ വന്ന് അന്നു മുഴുവനും പിറ്റേദിവസം കന്നിമാസം 4-ാം൲ സന്ധ്യവരെയ്ക്കും ബാങ്കളൂർതന്നെ സുഖമായി താമസിച്ചു.

ഹരിഹര

4-ാം൲ വൈകുന്നേരം 7 മണിയോടുകൂടി ബങ്കളൂരിൽനിന്നു പുറപ്പെട്ടു തീവണ്ടി കയറുകയും, പിന്നെ 5-ാം൲ പകൽ പത്തര പതിനൊന്നു മണിയോടുകൂടി മൈസൂർരാജ്യത്തോടുചേർന്ന തുംഗഭദ്രാതീരമായ ഹരിഹരഎന്ന സ്റ്റേഷനിൽ ഇറങ്ങുകയും ചെയ്തു. മുക്കാൽ മയിൽസു സമീപത്തിലുള്ള തുംഗഭദ്രയിൽ ചെന്നു സ്നാനം ചെയ്ത് അവിടെയുള്ള ഹരിഹരക്ഷേത്രത്തിൽ ദര്‍ശനവും കഴിച്ചു അന്നു പകൽ മുഴുവനും ക്ഷേത്രത്തിൽ തന്നെ താമസിയ്ക്കുകയും ചെയ്തു. കര്‍ണ്ണാടകബ്രാഹ്മണരാൽ പൂജിയ്ക്കപ്പെട്ടുവരുന്ന ഈ ഹരിഹര ക്ഷേത്രം സാധാരണ ഒരു ക്ഷേത്രമെന്നു പറയാൻ പാടില്ല. കുറെ ചൈതന്യമുള്ള മൂര്‍ത്തിയും ബ്രഹ്മാവിന്റെ പ്രതിഷ്ഠയും, ക്ഷേത്രം പണി മരംകൊണ്ട് എന്നപോലെ അനായാസേന അതിവിചിത്രമായി കരിങ്കല്ലുകളെക്കൊണ്ടു നിര്‍മ്മിയ്ക്കപ്പെട്ട സ്തംഭസഹസ്രത്താലും മറ്റും അതിമനോഹരമായിട്ടുള്ളതും വിശ്വകർമ്മാവിനാൽ നിര്‍മ്മിയ്ക്കപ്പെട്ടതും ആകുന്നു. ഇവിടെ ക്ഷേത്രസുഖവും ജലസൌഖ്യവും മറ്റും ഉണ്ടെങ്കി ലും സജ്ജനങ്ങളും അഭിജ്ഞന്മാരും അധികമായിട്ടില്ലാത്തതുകൊണ്ട് അധികകാലതാമസത്തിന്നു അത്ര സുഖമുണ്ടെന്നു തോന്നുന്നില്ല.

ഹൂബിളി.

വയിന്നേരം പത്തു മണിയോടുകൂടി ഹരിഹരയിൽ നിന്നു തീവണ്ടി കയറി പിറ്റേന്നു 6-ാം൲ 7 മണിയോടു കൂടി ഹൂബിളി എന്ന സ്റ്റേഷനിൽ ഇറങ്ങി. അവിടെ സമീപം ഉള്ള ഒരു അഗാധതടാകത്തിൽ സ്നാനം ചെയ്തു സമീപം ഒരു ബ്രാഹ്മണമഠത്തിൽ ഭക്ഷണവും കഴിച്ച് അപ്പോൾ തന്നെ 9 മണിയ്ക്കു പൂനാവിലേയ്ക്കായി പുറപ്പെട്ടു വണ്ടി കയറുകയും ചെയ്തു. എന്നാൽ ഹൂബിളി എന്ന സ്ഥലം ഒരു ജില്ലയാണെന്നും ഒരു നാഴിക ദൂരം പോയാൽ പട്ടണങ്ങളും വലിയ ഭജാറുകളും ഷാപ്പുകളും ബ്രാഹ്മണഗൃഹങ്ങളും തടാകങ്ങളും മറ്റും വേണ്ടുവോളം ഉണ്ടെന്നുമാണ് അവിടെനിന്നു കേട്ടത്. അവിടെ താമസിപ്പാൻ സാവകാശമില്ലാതെ വന്നതുകൊണ്ടു പട്ടണം മുഴുവൻ കാണ്മാൻ സാധിയ്ക്കാതെ പോയതാകുന്നു. അന്നു മുഴുവനും വണ്ടിയിൽതന്നെ ഇരുന്നു.

പൂനാ

പിറ്റെ ദിവസം കന്നി 7 -ാം൲ രാവിലെ 8 മണിയ്ക്കു പ്രസിദ്ധമായ പൂനാനഗരത്തിൽ ചെന്നു ഇറങ്ങി. ഈ പട്ടണത്തിന്റെ ചരിത്രം എത്രയും ചുരുക്കത്തിൽ താഴെ ചേക്കുന്നു.

ഈ പൂനാപട്ടണം ക്രിസ്താബ്ദം 1614-ൽ അകരിത്ത നഗരം സുൽത്താൻ മല്ലാജിമഹാരാജാവിന്നു ജാകിരായി കൊടുത്ത വഴിയ്ക്കു 1687-ൽ ചാഹാജിയ്ക്കു കിട്ടി. 1663-ൽ ഡില്ലിബാദിഷാവിന്റെ പ്രതിനിധിയായ സയിസ്താകാൻ എന്നാൾ ഈ പട്ടണത്തെ കൈവശപ്പെടുത്തി. അതിന്നു ശേഷം 1667-ൽ അരംഗജിബ് ഈ പട്ടണം കൈവശപ്പെടുത്തി ചാഹാജിയുടെ പുത്രനായ ശിവാജിയ്ക്കു കൊടുത്തു. ശിവാജിയുടെ പുത്രനായ ചബാജിയുടെ കാലത്തു ഡില്ലി ബാദിഷാവിന്റെ മന്ത്രിയായ കാജിഹാൻ എന്നാൾ പിന്നെയും കൈവശപ്പെടുത്തിക്കൊണ്ടിരിയ്ക്കുമ്പോൾ പേഷീവാർ മഹാരാജാവു മഹാരാഷ്ട്രരാജ്യത്തിൽ സത്താറാ പട്ടണത്തിൽനിന്നു തന്റെ രാജ്യപീഠത്തെ ഈ പൂനാവിൽ സ്ഥാപിച്ചു. പിന്നെ 1768-ൽ നിജാമൽ എന്നാൾ പടവെട്ടിക്കൊണ്ടുവന്ന് ഈ പട്ടണത്തെ കൈവശപ്പെടുത്തുവാൻ പ്രയാസമാണെന്നു കണ്ടപ്പോൾ പട്ടണം മുഴുവനും തീവെച്ചു നശിപ്പിച്ചു. അതിനുശേഷം സിന്ത്യാഫോൽക്കർ മഹാരാജാക്കളാലും ഈ പട്ടണത്തിന്നു വളരെ കഷ്ടപ്പാടുകൾ ഉണ്ടായിട്ടുണ്ട്. പിന്നെ 1802-ൽ ഈ പട്ടണം ഇംഗ്ലീഷുകാര്‍ക്കു കൈവശപ്പെട്ടപ്പോൾ ഇവിടെ വലിയ ഒരു സേനാനിവാസസ്ഥാനമായി വന്നു എന്നാണ് അന്വേഷണത്തിലറിയുന്നത്. ഇങ്ങിനെ ഇരിയ്ക്കുന്ന ഈ പട്ടണം ബൊമ്പായി സംസ്ഥാനത്തിൽ ചേര്‍ന്ന ഒരു ജില്ലയായിത്തീര്‍ന്നു. വടക്ക് അകമത്തജില്ലാവരെയ്ക്കും കിഴക്ക് സോളാപ്പൂർ ജില്ലാവരെയ്ക്കും തെക്കു സത്താറാജില്ലാവരെയ്ക്കും പടിഞ്ഞാറു ടാനാജില്ലാവരെയ്ക്കും പരന്നു കിടക്കുന്ന ഈ പട്ടണം 5278 ചതുരശ്രമയിത്സ് വിസ്തീര്‍ണ്ണമുള്ളതാകുന്നു. കിഴക്കുഭാഗവും പടിഞ്ഞാറുഭാഗവും ചില ചില മലകളാൽ ചുറ്റപ്പെട്ടിരിയ്ക്കുന്നു. ഇവിടെ സമീപത്തിൽ മുട്ടാ മുതലായ ചില ചില ചെറിയ നദികളും പ്രവഹിയ്ക്കുന്നുണ്ട്. ചില ചില ധാന്യങ്ങളും ഇവിടെ വിളയുന്നുണ്ടെങ്കിലും ഉറുളക്കിഴങ്ങു യഥേഷ്ടം വിളയുന്ന സ്ഥലമാണ്. ഇവിടെ മഹാരാഷ്ട്രർ, കൊങ്കണർ, ഗുജരാത്തിക്കാർ മുതലായ പലേ ജാതിക്കാരും അധികമായി മുഹമ്മദീയരും വസിച്ചുവരുന്നു.

ഈ പട്ടണത്തിൽ മുഹമ്മദീയരുടെ ഉപദ്രവം കുറെ അധികമായിരിയ്ക്കുന്നതിനാൽ ഹിന്തുജനങ്ങൾ ഇവിടെനിന്നുവടക്കുഭാഗങ്ങളിൽ പരിശുദ്ധമായും മനോഹരമായും ഇരിയ്ക്കുന്ന ചില സ്ഥലങ്ങളിലാണ് അധികമായി വസിച്ചുവരുന്നത്. 1810 മുതൽക്ക് ഈ പട്ടണത്തിൽ അനേകം പുതിയ വീടുകളും കടത്തെരുവുകളും ക്രിസ്തുമതപള്ളികളും ഷാപ്പുകളും ബ്രഹ്മസമാജവും മറ്റു കെട്ടിടങ്ങളും വര്‍ദ്ധിച്ചു വന്നിരിയ്ക്കുന്നു. ഈ മുട്ടാനദിയ്ക്കു കെട്ടിയ കല്പാലം അമ്പതിനായിത്തിലധികം ഉറുപ്പിക ചിലവു ചെയ്തു കെട്ടപ്പെട്ടതാകുന്നു. ഇവിടെ പെഷ്വാ മഹാരാജാവിനാൽ നിര്‍മ്മിക്കപ്പെട്ടതായ പഴയ രാജധാനിയും മറ്റു പലേ കാഴ്ചകളും ഉള്ളതാകുന്നു. ഈ പട്ടണത്തിൽ മഹാരാഷ്ട്രരാജാക്കന്മാരുടെ ഭരണകാലത്തു സുമാർ പതിനയ്യായിരം ജനങ്ങൾ വസിച്ചുവന്നിരുന്നു. ഇപ്പോൾ സ്വദേശീയരായിട്ടുതന്നെ ഏകദേശം ലക്ഷത്തിലധികം ജനങ്ങൾ ഉണ്ടെന്നാണ് അറിയുന്നത്. 1821-ൽ ഇവിടെ ഒരു സംസ്കൃതശാലയും സ്ഥാപിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഈ പട്ടണത്തിൽ എല്ലാവിധത്തിലുള്ള സാമാനങ്ങളും ഭജാറിൽ കാണാമെങ്കിലും പിച്ചളസ്സാമാനങ്ങൾ കുറെ വിശേഷവിധിയായി കാണാവുന്നതാണ്. ഈ വിധമുള്ള പൂനാപട്ടണത്തിലെ സ്റ്റേഷനിൽ ചെന്ന് ഇറങ്ങിയ ഉടനെ ഒരു ഫർലോങ്ങ് സമീപത്തിലുള്ള ഗോകുലദാസധര്‍മ്മശാലയിൽ ചെന്നു കയറി സാമാനങ്ങളെല്ലാം അവിടെ ഇറക്കിവെച്ചു സത്രത്തിൽനിന്ന് ഏകദേശം മുക്കാൽ മയിത്സ് സമീപത്തിലുള്ള മുട്ടാനദിയിൽ ചെന്നു സ്നാനവും തത്തീരത്തിൽ സംഗമേശ്വരദര്‍ശനവും കഴിച്ചു തിരിയെ വന്നു ഭോജനം കഴിഞ്ഞതിനുശേഷം രണ്ടു മണിയോടുകൂടി പട്ടണം കാണ്മാനായി പുറപ്പെട്ടു.

ഇവിടെ കുതിരസ്സാറട്ടുകൾ ധാരാളമായി കിട്ടുന്നതാകയാൽ കുതിരസ്സാറട്ടിൽ തന്നെ കയറി സബാരിയ്ക്കു പുറപ്പെട്ട് ഒന്നാമതു ശനിവാരപ്പേട്ട എന്ന ഭജാറിലും, തൽസമീപമുള്ള പൂനാ ബാജിറാവു സീമന്തപ്രഭൂതികളായ രാജാക്കന്മാർ അധിവസിച്ചിരുന്ന കോട്ടയിലും ചെന്നു കണ്ടു. ആ കോട്ടയിൽ കരിങ്കല്ലുകൊണ്ടു പുതുതായി പണി ചെയ്യപ്പെട്ട സബ്ബ് കോടതി, മുൻസീപ്പുകോടതി മുതലായ സ്ഥലങ്ങളേയും കണ്ടതിനുശേഷം അവിടെനിന്നും പുറപ്പെട്ട് ആദിത്യവാരപ്പേട്ട, ചന്ദ്രവാരപ്പേട്ട ഈവിധം ഭജാറുകളായി പണ്ടത്തെ പൂനാരാജാക്കന്മാരാൽ വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്ന മിക്ക പേട്ടകളിലും സബാരിചെയ്തു കണ്ടതിൽപിന്നെ ഭജാറിൽനിന്ന് ഏകദേശം രണ്ടുമയിത്സ് സമീപമു ള്ള ബണ്ട് എന്ന പ്രസിദ്ധമായ ഗവര്‍മ്മേണ്ടുതോട്ടത്തിൽ ചെന്ന് എത്തുകയും ചെയ്തു. ഈ തോട്ടം ബങ്കളൂരിൽ മുമ്പു വര്‍ണ്ണിയ്ക്കപ്പെട്ട തോട്ടം പോലെ മനോഹരമായിട്ടുള്ളതാണെന്നു പറവാൻ പാടില്ല. എങ്കിലും ഈ തോട്ടത്തിൽ അനേകവിധ വൃക്ഷങ്ങളും, ലതകളും, ലതാഗൃഹങ്ങളും, മധുകരഝംകാരംകൃതകളായ നാനാമഞ്ജരികളും സര്‍വ്വത്ര അതിസ്വഛതയും ഉള്ളതിന്നും പുറമെ ഈ ഉദ്യാനത്തിന്റെ അരികെ തൊട്ടുംകൊണ്ട് അതിവിശേഷമായി ഒരു നദിയും പ്രവഹിക്കുന്നതുകൊണ്ട് ശീതമാരുതസമ്പത്തും വഴിപോലെ ഉണ്ട്. ഇതിന്റെ ചുറ്റും ഇരുമ്പഴികൾകൊണ്ട് അതിമനോഹരമായ ഒരു വേലിയും കെട്ടപ്പെട്ടിരിക്കുന്നു.ഈവക എല്ലാംകൊണ്ടും ഈ തോട്ടം കാണിജനങ്ങളുടെ നയനങ്ങളെയും, മനസ്സിനെയും അപഹരിച്ചുംകൊണ്ട് തന്നെ പ്രകാശിക്കുന്നു. പിന്നെ അവിടെ നിന്ന് പോരുന്ന മദ്ധ്യത്തിൽ അതിവിശാലമായും, അത്യുന്നതമായും ഉണ്ടാക്കപ്പെട്ട ഒരു കൌണ്‍സില്‍ഹാള്‍ കാണപ്പെട്ടു. ഈ ഹാളിൽ വെച്ചു ചിത്രമെഴുത്തുകാരുടെ വിശേഷപ്പെട്ട ചിത്രങ്ങളെ വരുത്തിനോക്കി പരീക്ഷിച്ച് ഉത്തമന്മാര്‍ക്കു സമ്മാനം കൊടുക്കുന്ന സമയമായിരുന്നതിനാൽ വിശേഷപ്പെട്ട അനേകം ചിത്രപടങ്ങളെ കാണാനിടയായിവന്നതുകൊണ്ടു നയനാനന്ദവും മനസ്തൃപ്തിയും ഉണ്ടായി എങ്കിലും ചിത്രമെഴുത്തിൽ അതിനിപുണനായ രവിവർമ്മ വലിയകോയിത്തമ്പുരാൻ, ശേഖരവാരിയര്, നെമ്മനിമംഗലത്ത് നമ്പൂതിരി മുതലായ മലയാളികളുടെ ഒരു ചിത്രപടമെങ്കിലും ഇവിടെ കാണുവാനിടവരാത്തതിനാൽ നമുക്കു വ്യസനിപ്പാനിടയായിവന്ന സംഗതിയെക്കൂടി മേൽപറഞ്ഞ കേരളീയരുടെ ഉൽബോധത്തിന്നായി ഇവിടെ പ്രസ്താവിച്ചുകൊള്ളുന്നു.

ഉടനെ അവിടെനിന്നു പുറപ്പെട്ട് ഒന്നരമയിത്സ് സമീപമുള്ള അതിവിശാലവും അതിവിശേഷവും ആയ മുൻസിപ്പാൽ വക മാര്‍ക്കെറ്റ് (ചന്തസ്ഥലം) ചെന്നു കണ്ടതിൽ ഞങ്ങൾക്കുണ്ടായ അത്യത്ഭുതം വര്‍ണ്ണിപ്പാൻ പ്രയാസമായിട്ടുള്ളതാകുന്നു. ഈ മാര്‍ക്കെറ്റിന്നു മൂന്നുലക്ഷത്തിലധികം ഉറുപ്പിക ചിലവായിട്ടുള്ളതായി പറയുന്നു. എനിയും തന്മദ്ധ്യത്തിൽ നൂറിലഹംകോൽ ഉയരത്തിൽ നിര്‍മ്മിയ്ക്കപ്പെട്ടുവരുന്ന ഒരു പ്രാസാദം പണിതീരാതെ പകുതിയിലാണ് കിടക്കുന്നത്. ഇതിന്റെ ഉള്ളിൽമുഴുവനും മാര്‍ബ്ബൾക്കല്ലു പാവീട്ടുള്ളതും ഏകദേശം ആയിരത്തിൽപുറം വാണിഭക്കാര്‍ക്കു പച്ചക്കറി സാമാനങ്ങളേയും മറ്റും വില്പാൻ സ്ഥലങ്ങൾ വിഭാഗിയ്ക്കപ്പെട്ടു വിറ്റുവരുന്നതുമാകുന്നു. ഈ മാര്‍ക്കെറ്റ് മാമ്പഴം, മധുരനാരങ്ങ, ഉറുമാമ്പഴം, വാഴപ്പഴം മുതലായി ഏകദേശം നൂറ്റമ്പതിൽ അധികം പഴവകുപ്പുകളാലും; ചേന, ചേമ്പ്, ഉറുളക്കിഴങ്ങ്, മധുരക്കിഴങ്ങ് മുതലായ അനേകം മൂലങ്ങളാലും; കടുക്‌, ജീരകം, ഉലുവ, പയറ്, തൊമര, മുതിര മുതലായി അനേക ഇതര സാധനങ്ങളാലും നിറയപ്പെട്ടതു കണ്ടാൽ വിശപ്പും ദാഹവും ഉള്ളവര്‍ക്കുകൂടി ഉടനെ തന്നിവൃത്തി വന്നതുപോലെ മനസ്സിന്നു വലുതായ ഒരു ആഹ്ളാദവും കണ്ണുകൾക്ക് ഒരു സാഫല്യവും സിദ്ധിയ്ക്കുമെന്നുള്ള സംഗതി അനുഭവസ്ഥനായ നാം ഇവിടെ പ്രസംഗിച്ചതിനെ വായനക്കാർ വിശ്വസിയ്ക്കാം.

ഈ മാര്‍ക്കെറ്റ് സാവധാനമായി എല്ലാം കണ്ടതിന്നു ശേഷം തൽക്കാലം ആവശ്യമുള്ള ചില ചില സാധനങ്ങളേയും വിശേഷപ്പെട്ട പഴങ്ങളേയും വാങ്ങി അവിടെ നിന്നും പുറപ്പെട്ടു സന്ധ്യയോടുകൂടി വാസസ്ഥലത്തേയ്ക്കു തന്നെ എത്തിയതിന്നു ശേഷം ഭക്ഷണം കഴിച്ചു ബോമ്പായി ഗോകുലദാസൻ എന്ന പ്രസിദ്ധനായ ശേട്ടു സാദരോപചാരപൂർവ്വകമായി ഒഴിച്ചുതന്ന വിമാനസമാനമായ പ്രാസാദത്തിൽ ഞങ്ങളെല്ലാവരും സുഖമായി ശയിക്കുകയും ചെയ്തു. എന്നാൽ ഈ പൂനാ പട്ടണത്തിലെ രീതികൾ മിക്കതും ബോമ്പാ പട്ടണത്തിന്നനുസരിച്ചു നില്ക്കുന്നതും മൂന്നു നാലു നില പ്രാസാദങ്ങൾ പ്രായേണ ഉള്ളതും ആകകൊണ്ടും മറ്റും ഈ പട്ടണം ബോമ്പാ പട്ടണത്തിന്റെ ഒരു സീമന്തപുത്രനായി വര്‍ണ്ണിപ്പാൻ യോഗ്യമായിട്ടുള്ളതാണെന്നുകൂടി ഇവിടെ പ്രസ്താവിയ്ക്കുന്നു.

26. പിന്നെ കന്നി 8-ാം൲ ഞങ്ങൾ എല്ലാവരും യഥോചിതം സ്നാനജപഭോജനാദികളെ കഴിച്ചു പത്തുമണിയോടുകൂടി സ്റ്റേഷനിൽ ചെന്നു ബൊമ്പാപട്ടണത്തിലേക്കു ടിക്കറ്റുകൾ വാങ്ങി വണ്ടിയിൽ കയറിയതിന്നുശേഷം ഏകദേശം മൂന്നു മണിക്കു തീവണ്ടി അത്യുന്നതമായ മാര്‍ഗ്ഗേണ ചെന്നു കയറുകയും സുമാറ് മുപ്പത്തിമൂന്നു മുപ്പത്തിനാല് പർവ്വതദ്വാരമാര്‍ഗ്ഗങ്ങളിലൂടെ പോയി പകൽ 5 മണിയോടുകൂടി ഇപ്പോൾ ഇന്ത്യയിൽ എത്രയും പ്രധാനപ്പെട്ട ഒരു കാഴ്ചസ്ഥലമായി വര്‍ണ്ണിപ്പാൻ യോഗ്യതയുള്ള ബോമ്പാ സ്റ്റേഷനിൽ ചെന്ന് ഇറങ്ങുകയും ചെയ്തു.

27. ഈ ബോമ്പോസ്റ്റേഷന് ശരിയായി അതി ഗംഭീരമനോഹരമായ ഒരു എടുപ്പ് ഈ ഇന്ത്യാരാജ്യത്തിൽ ഒരേടത്തും ഇല്ലെന്നുതന്നെയാണ് നാം അറിയുന്നത്. ഈ എടുപ്പിനുള്ളിൽ ആറ് പ്ലാറ്റ്ഫോറങ്ങളുണ്ട്. ഇവകളിൽ ഓരോരോ പ്ലാറ്റ്ഫോറങ്ങളിൽ സുമാറ് നോക്കുന്നതായാൽ രണ്ടായിരം, രണ്ടായിരത്തഞ്ഞൂറ് ഇത്രയും ജനങ്ങൾക്കു നിരാബാധം നില്പാൻ കഴിയുന്നതും പ്ലാറ്റ്ഫോറം ഒഴികെ താഴത്തു ശേഷമുള്ള എല്ലാ സ്ഥലങ്ങളിൽക്കൂടി ചുരു ങ്ങിയതു പതിനായിരം ജനങ്ങൾക്കു തിക്കുകൂടാതെ നില്പാൻ സ്ഥലമുള്ളതും പ്ലാറ്റ്ഫോറങ്ങളൊഴികെ ശേഷമുള്ള സ്ഥലങ്ങൾ മേല്പോട്ടു രണ്ടു നില മാളികയായിട്ടുള്ളതാകയാൽ സുമാറ് ഇതുപോലെതന്നെ മേൽനില രണ്ടിൽ കൂടി ഇരുപതിനായിരത്തിലകം ജനങ്ങൾ സുഖമായി ഒതുങ്ങുന്നതുമാണ്. ഈ സ്റ്റേഷന്നു വിക്ടോറിയാ ടെർമിനസ്സ് എന്നു പേരാകുന്നു. അതിവിശേഷമുള്ള ശ്വേതരക്തശിലാമയസ്തംഭസഹസ്രങ്ങളിൽ നിവേശിതമായിട്ടുള്ളതും ചില ചില വിശേഷസ്ഥലങ്ങളിൽ സുവര്‍ണ്ണരേഖാവിചിത്രിത ഭിത്തികളാൽ അതി മനോഹരമായിട്ടുള്ളതും ആയ ഈ സ്റ്റേഷനിൽ താഴത്തുള്ള എല്ലാ നിലകളേയും എടത്രാപ്പാടുതമ്പുരാൻ തിമേനസ്സൊന്നിച്ചു ഞാനും സാവകാശമായി ചെന്നുനോക്കി കണ്ടതിനുശേഷം ക്രമേണ മേൽഭാഗത്തു രണ്ടു നിലകളിലും കയറി ഏതാനും ചില സ്ഥലങ്ങളെ കാണുകയും ഈ എടുപ്പിന്റെ നടുമദ്ധ്യത്തിൽ ശക്രദ്ധ്വജംപോലെ അത്യുന്നതമായ പ്രാസാദശിഖരത്തിൽ കയറി അവിടെ നിന്ന് അതി സമീപത്തിലുള്ള കടലുകളിൽ തരംഗനികരങ്ങളാൽ ചഞ്ചലിതകളായിരിക്കുന്ന അനേകം തീക്കപ്പലുകളേയും പിന്നെ കൈലാസശിഖരങ്ങളെപ്പോലെയുള്ള പ്രാസാദങ്ങളെയും കണ്ട് അത്യാശ്ചര്യ സമുദ്രതരംഗനികരങ്ങളാൽ മേൽപറഞ്ഞ കപ്പലുകളെപ്പോലെത്തന്നെ ഞങ്ങളും സമാകുലിതന്മാരായി തീരുകയും ചെയ്തു. അത്യുന്നത പ്രാസാദശിഖരത്തിൽ കയറി ഇരിക്കുന്ന ഞങ്ങൾക്ക് എനി ഇവിടെ നിന്ന് ഉപരിഭാഗത്തിൽ പ്രകാശിച്ചു കാണപ്പെടുന്ന ദേവലോകത്തെക്കോ, അതോ ഭൂലോകത്തേക്കുതന്നെയോ ചെന്നുചേരുവാൻ എളുപ്പമായി വരുന്നത് എന്നു അപരിമിതമായ സംശയം ജനിച്ചു. പിന്നെ നല്ലവണ്ണം സൂക്ഷിച്ചു നോക്കിയതിൽ മേൽഭാഗത്തേക്കു പോകുന്നതിന്നുതന്നെയാണ് എളുപ്പമായിരിക്കുന്നത് എന്നു മനസ്സിലാക്കി എങ്കിലും സ്വര്‍ഗ്ഗലോകത്തെ അതിശയിക്കുന്ന ഈ ബോമ്പാ പട്ടണത്തെ വഴിപോലെ കാണാതെ സ്വര്‍ഗ്ഗലോകത്തേക്കു പോകുന്നത് ഒട്ടുംതന്നെ ഉചിതമായി വരികയില്ലെന്നും ഈ മഹാനഗരത്തെ കാണ്മാനാഗ്രഹിച്ചു പിന്നെയും ഇങ്ങോട്ടുതന്നെ വരേണ്ടിവരുമെന്നും ആലോചിച്ച് ഉറച്ചതിനുശേഷം ഞങ്ങൾ ക്രമേണ താഴത്തെക്കു തന്നെ ഇറങ്ങുകയാണ് ചെയ്തത്. ഈ സ്റ്റേഷനിൽ പ്രായേണ എല്ലാ സ്ഥലങ്ങളിലും വിചിത്രങ്ങളായ മാർബ്ബൾ കല്ലുകൾ പതിച്ചിട്ടുണ്ട്. ഇതുകൂടാതെ അനേകം റെയിൽവേ ഉദ്ദ്യോഗസ്ഥന്മാര്‍ക്ക് അവസ്ഥാനുസരണം താമസിക്കത്തക്ക വിശേഷ കെട്ടിടങ്ങൾ വേറെയും ഉണ്ട്. മേൽപറഞ്ഞ പലേ സംഗതികളെക്കൊണ്ടും ഇടക്കിടക്കു ഗതാഗതം ചെയ്യുന്ന തീവണ്ടികളുടെ ഘോഷംകൊണ്ടും പലവിധത്തിലുള്ള ജനങ്ങളുടെ കോലാഹലംകൊണ്ടും എപ്പൊഴും ജലനിധിഗംഭീരമായിരിക്കുന്ന ഈ സ്റ്റേഷൻ അതിരമണീയമായിട്ടുള്ളതാണന്നുമാത്രം പറഞ്ഞു വാചാമഗോചരമായ ഈ വര്‍ണ്ണനയെ ഇവിടെ തൽക്കാലം അവസാനിപ്പിക്കുന്നു.

28. സ്റ്റേഷൻ എല്ലാം കണ്ടതിനുശേഷം ബൊമ്പായി നഗരത്തിൽ പ്രസിദ്ധനും മഹാധനികനും നൊമ്മടെ കോഴിക്കോട്ടുള്ള സ്പിന്നിങ് കമ്പിനിയിൽ ഒരു പ്രധാന സിക്രട്ടെരിയും കോഴിക്കോട്ടു ചില ചില സമയങ്ങളിൽ വന്നിരുന്ന സമയം തമ്മിൽ കണ്ടും സംഭാഷണം ചെയ്തും സ്നേഹിച്ച ദേഹവുമായ വൃന്ദാവനദാസ് എന്ന ശേട്ടുവിനാൽ സ്റ്റേഷനിലേക്കു അയക്കപ്പെട്ട കുതിരസ്സാട്ടുകളിൽ കയറി ഞങ്ങൾ എല്ലാവരും നഗരത്തിലൂടെ നഗരവൈചിത്ര്യത്തെ കണ്ടും കൊണ്ടു പോയി. ഒന്നാമതു വൃന്ദാവനദാസന്റെ ആപ്പീസ്സിൽ ചെന്നുകയറി പരസ്പരം കുശലവൃത്താന്തങ്ങളെ പറഞ്ഞു ക്ഷണനേരം ഇരുന്നു തൽക്കാലോചിതം സംഭാവിതമായ താംബൂലാദിയേയും സ്വീകരിച്ച് അവിടെ നിന്നും പുറപ്പെട്ടു മേപ്പടി ശേട്ടുവിന്റെ ഗൃഹത്തിന്റെ എത്രയും സമീപം മഹാലക്ഷ്മി വീഥിക്കടുത്തു തെയ്യാറാക്കപ്പെട്ടിട്ടുള്ള ഒരു വലിയ ബങ്കളാവിൽ ചെന്ന് അദ്ദേഹത്തിന്റെ സാദരോപചാരത്തോടുംകൂടി അവിടെ സുഖമായി താമസിക്കുകയും ചെയ്തു.

29. ഈ ബോമ്പാപട്ടണത്തിൽ മഹാലക്ഷ്മിവീഥിയിൽ പാര്‍പ്പാൻ വളരെ സുഖമുള്ളതാകുന്നു. എന്നുതന്നെയുമല്ലാ, അവിടെ എത്തിയപ്പോഴക്കു നവരാത്രി മഹോത്സവമായിരുന്നതിനാൽ ഈ ക്ഷേത്രത്തിലും സമീപമുള്ള എല്ലാ സ്ഥലങ്ങളിലും തദ്ദേശരീതിയിൽ വാദ്യഘോഷങ്ങളും ഗാനവിശേഷങ്ങളും മറ്റും ഉണ്ടായിരുന്നു. ആ വീഥിയിൽ ഷാപ്പുസാമാനങ്ങളും വെള്ളിപ്പാത്രങ്ങൾ സുവണ്ണമോതിരങ്ങൾ മുതലായ അനേകം വിലപിടിച്ച വസ്തുക്കളും, യന്ത്രഉഴിഞ്ഞാൽ മുതലായ വിനോദകരസാധനങ്ങളും മറ്റും ഇ ത്രയാണ് പരിപൂര്‍ണ്ണമായിരിക്കുന്നത് എന്നു വിവരമായി പറയുവാൻ പ്രയാസം. ഈ വകയാലും ദിവസേന രാത്രിയിൽ ഏകദേശം മൂന്നുമണി വരെ ഈ ഉത്സവത്തിനു വന്നിരുന്ന പലതരം ജനങ്ങളുടെ കോലാഹലത്താലും ഈ പ്രദേശം അതിഘോഷഭൂഷിതമായും അതിവിനോദരമ്യമായും ഇരുന്നിരുന്നു. എന്നുതന്നെയുമല്ല ദര്‍ശനത്തിന്നായി വരുന്ന എല്ലാ മാതിരി ജനങ്ങൾക്കും ക്ഷീണനിവൃത്തിക്കുവേണ്ടി ഉപയോഗപ്പെടുത്തുവാൻ വെച്ചിരുന്ന കാപ്പി, സർവ്വത്ത്, പാല് മുതലായ പേയപദാർത്ഥങ്ങളും, ലാഡു, ജിലീവി, പൂരി, ബ്രഫി മുതലായ അനേകതരം ഭക്ഷ്യസാധനങ്ങളും മേൽപ്പറഞ്ഞ സ്ഥലത്ത് എപ്പോഴും ഹാജരുണ്ടായിരുന്നതുകൊണ്ടും മറ്റും പലേ ഘോഷംകൊണ്ടും ഇവിടുത്തെ നവരാത്രിമഹോത്സവം ജനങ്ങൾക്ക് അതി രമണീയമായിത്തന്നെ ഇരുന്നിരുന്നു എന്നു വര്‍ണ്ണിക്കേണ്ടതാണ്. ഞങ്ങൾ താമസിച്ചിരുന്ന ബങ്കളാവിൽ കുഴൽവെള്ളത്തിന്നു പുറമെ കരിങ്കൽ പടവുകെട്ടി അതി മനോഹരമായ ഒരു തടാകവും ഉണ്ടായിരുന്നതുകൊണ്ടു ജലസൌഖ്യം നല്ലവണ്ണം ഉണ്ടായിരുന്നു. എന്നുമാത്രമല്ല, പാര്‍ക്കുന്ന ബങ്കളാവിലും മാറും ഗാസ്സലൈറ്റ് എന്ന പ്രസിദ്ധമായ ദീപപ്രകാശം വഴിപോലെ ഉണ്ടായിരുന്നു. ഈ മഹാലക്ഷ്മി എന്ന പ്രദേശം സമുദ്രതീരത്തിലാകകൊണ്ടു ശീതമാരുതസൌലഭ്യവും വലിയ പട്ടണത്തിൽനിന്നു കുറെ ദൂരത്തിലാകയാൽ നാനാജനസര്‍മ്മദ്ദവൈകല്യവും അതി ധനികന്മാരായ വൃന്ദാവനദാസശേട്ടു മുതലായ ചില യോഗ്യന്മാരുടെ വാസസ്ഥാനമായതുകൊണ്ടു സുജനസമൃദ്ധിയും മഹാലക്ഷ്മിക്ഷേത്രം ഉള്ളതുകൊണ്ടു സാത്വികപുഷ്ടിയും മറ്റും വഴിപോലെ ഉണ്ടായിരുന്നതുകൊണ്ടു ഞങ്ങൾക്ക് ഈ സ്ഥലം എത്രയും തൃപ്തിയെ നൽകിയിരിക്കുന്നു.

30. പിന്നെ 9-ം൲ ഭക്ഷണം കഴിഞ്ഞതിന്നുശേ ഷം എരട്ടക്കുതിരസ്സാറട്ടിൽ കയറി പുറപ്പെട്ടു പട്ടണവീഥിയിൽ കൂടി സഞ്ചരിച്ച് ഒന്നാമതു വിക്ടോറിയാഗാർഡൻ എന്ന അതിവിശേഷമായ ഉദ്യാനത്തിൽ ചെന്നുകാണുകയാണ് ഉണ്ടായത്. തോട്ടത്തിൽ സിംഹങ്ങൾ, വ്യാഘ്രങ്ങൾ, കരടികൾ, ചെന്നായകൾ, അനേകം വാനരജാതികൾ, പെരുമ്പാമ്പുകൾ, നാനാവിധം പക്ഷിജാതികൾ മുതലായി അനേകം ജീവജന്തുക്കളെ പിടിച്ച് അതാതു കൂടുകളിൽ ഇട്ടു അടച്ചു ബന്തോവസ്തു ചെയ്തു വളര്‍ത്തി ഇവിടെ വരുന്നവര്‍ക്കു കാണ്മാൻ തക്ക സൌക്യത്തോടുകൂടി വെച്ചിരിക്കുന്നതു കണ്ടാൽ ഏവനും വിസ്മയിക്കാതെ ഇരിക്കുകയില്ലെന്നു തീര്‍ച്ചയാണ്. ഈ തോട്ടം ഒന്നുരണ്ടു മയിത്സ് വിസ്താരമുള്ളതും, നാനാവിധ വൃക്ഷങ്ങളാലും, ലതകളാലും, ലതാമണ്ഡപത്താലും, വിശ്രമസ്ഥാനങ്ങളാലും അലംകൃതമായിട്ടുള്ളതും, കാണികളായ ജനങ്ങളാൽ സദാനേരം പരിപൂര്‍ണ്ണമായി വിളങ്ങിക്കൊണ്ടിരിക്കുന്നതുമാകുന്നു. ഇതിൽ കണ്ട ആശ്ചര്യങ്ങളിൽവെച്ച് ഒന്നു സിംഹം തന്നെ. പിന്നെ ഏകദേശം മൂന്നുവാര ഉയരത്തിലുള്ള രണ്ടു പക്ഷികളുമാണ്. ഈ രണ്ടു ജീവജന്തുകളാകുന്നു ആശ്ചര്യപ്രദമായി കാണപ്പെട്ടത്. ഈ തോട്ടം മുഴുവനും വഴിപോലെ കണ്ടതിന്നുശേഷം പട്ടുനെയ്ത്തുകമ്പിനി കാണുവാനായി പുറപ്പെട്ടു ചെന്ന് അതെല്ലാം കണ്ടു. ഈ കമ്പിനിയിൽ അനേകതരം പട്ടുകൾ നെയ്തുവരുന്നുണ്ട്. ഇവിടെനിന്നു ചില കസവുശീലകൾ വാങ്ങി അവിടെനിന്നു പോന്നു മുൻസിപ്പാൽ കാര്‍പ്പറേഷൻ ഹാൾ എന്ന അതിവിശേഷമായ മുൻസിപ്പാൽ ആപ്പീസ്സിൽ ചെന്നു. ഈ ഹാളിൽ ഉള്ള മാളികയിലേയ്ക്കു കയറുവാൻ ഒരു മാതിരി വിമാനം ഉണ്ട്. അതിൽ കയറി ഇരുന്ന് ഒരു യന്ത്രം തിരിച്ചാൽ ക്ഷണത്തിൽ അത്യുന്നതമായ ഉപരിഭാഗത്ത് എത്തുന്നതുമാകുന്നു. ഈ വിമാനം അത്യാശ്ചര്യകരമായ ഒരു വാഹനമാണ്. അതിന്നുശേഷം പൊല്ലീസ്സ് കമീഷണരുടെ ആപ്പീസ്സം, രാജബായിടവ്വർ എന്ന അത്യുന്നതമായ ഒരു എടുപ്പും, യൂനിവേർസിററി ഹാളും, കമ്പി ആപ്പീസ്സ്, പോസ്റ്റാപ്പീസ്സ് ഇതുകളും ഹൈക്കോടതിയും മറ്റും ക്രമേണ ക്രമേണ ചെന്നു കണ്ടു.

31. പിന്നെ കണ്ടതു ക്രോഫോർഡ് മാര്‍ക്കെറ്റാണ്. അവിടെ പോയപ്പോഴുണ്ടായ ആനന്ദത്തെ വര്‍ണ്ണിച്ച് അവസാനിപ്പിയ്ക്കുവാൻ പ്രയാസമായിട്ടുള്ളതാകുന്നു. ഈ സ്ഥലത്തിന്റെ വിശാലതയേയും സൌഷ്ഠവത്തേയും അവിടെ ക്രമത്തിൽ കാണപ്പെട്ട ഫലമൂലാദി വകുപ്പുകളേയും മറ്റു സാധനങ്ങളേയും മുഴുവനും യഥാവത്തായി വിവരിയ്ക്കണമെങ്കിൽ ആര്‍ക്കും പൂര്‍ണ്ണസാദ്ധ്യമായ്‍വരുന്നതല്ലെന്നാണ് നമുക്കു തോന്നുന്നത്. ബൊമ്പായിലെ വിശേഷങ്ങളിൽ റെയിൽവെ ആപ്പീസ്സിന്നു പുറമെ ഒന്നു ക്രോഫോർഡ്‌മാര്‍ക്കെറ്റാണെന്നുതന്നെ പറയാം.

32. അതിനു ശേഷം സമുദ്രക്കരയിൽ പ്രിംസസ്സ് ഡാക്ക്, വിക്ടോറിയാഡാക്ക് എന്ന സ്ഥലങ്ങൾ ചെന്നു കാണുക ഉണ്ടായി. ഇവിടെ അത്യത്ഭുതങ്ങളായ ചില കാഴ്ചകളെ കണ്ടു. അതിനെ അല്പം താഴെ വിവരിയ്ക്കുന്നു:- സമുദ്രക്കര മുഴുവനും കരിങ്കല്ലുകൊണ്ടു പടുത്തു കെട്ടി ഉറപ്പിച്ചിരിയ്ക്കുന്നു. കപ്പലുകൾ കരയ്ക്കു തൊട്ടും കൊണ്ടു നിർത്താവുന്നതാണ്. കരയ്ക്കൽനിന്നു കപ്പലിലേയ്ക്കു കയറണമെങ്കി ൽ യാതൊരു പ്രയാസവുമില്ല. സമുദ്രക്കരയിൽ ചെന്നു കാല് എടുത്തുവെച്ചാൽ കപ്പലിലേയ്ക്കു കയറുവാൻ കഴിയും. അടുപ്പിച്ചു നിർത്തിട്ടുള്ള ഒരു തോണിയൽ നിന്നു മറ്റൊരു തോണിയിലേയ്ക്കു കയറുന്നതായാൽ അതിന്നും ഇത്ര സുഖമുണ്ടെന്നു തോന്നുന്നില്ല. എങ്ങിനെയായിരുന്നാലും ചുരുങ്ങിയത് അര വാര ആഴം തോണികൾക്കുണ്ടാകാതെ ഇരിയ്ക്കുന്നതല്ലായ്കകൊണ്ട് ആ ഒരു ആയാസമെങ്കിലും തോണിയിൽനിന്നു തോണിയിലേയ്ക്കു കയറുന്ന സമയം ഉണ്ടാവാനിടയുള്ളതാണല്ലൊ. മേൽപറഞ്ഞ കടൽക്കരയിൽ നിന്നു കപ്പലിലേയ്ക്കു കയറുന്നതിൽ ഈ ഒരു ലഘുവായ ആയാസവും കൂടി തട്ടുന്നതല്ല. കപ്പലിന്റെ മേൽഭാഗം മിക്കതും കടൽക്കരപോലെ സമമായിരിയ്ക്കുന്നതുകൊണ്ടും കടൽക്കരയും കപ്പലും കൂടി എത്രത്തോളം അടുത്തുനില്ക്കാമൊ അത്രയും സംബന്ധിച്ചു നില്ക്കുന്നതുകൊണ്ടും കടൽക്കരയിൽനിന്നു കപ്പലിലേയ്ക്കു കയറുന്നതിൽ യാതൊരു ആയാസവും ഉണ്ടാവുന്നതല്ല. ഞങ്ങൾ എല്ലാവരും അനായാസേന കപ്പലിൽ കയറുകയും കപ്പലിൽ ഉള്ള എല്ലാ സ്ഥലങ്ങളേയും വഴിപോലെ കാണുകയും ചെയ്കയുണ്ടായി. ഈ ഒരു വിശേഷാവസ്ഥയെക്കാൾ അത്യത്ഭുതമായ വേറെ ഒരു കാഴ്ച കാണുകയുണ്ടായി. അതാവിത് :- ഇവിടെ മറ്റൊരു സ്ഥലത്തു കേടുവന്ന കപ്പലുകൾ നിർത്തി അതുകളുടെ അടിസ്ഥാനംവരെ പരിശോധിച്ചു കേടുകൾ തീര്‍പ്പാൻ വേണ്ടി ഒരു ഡോക്ക് പണി ചെയ്തിരിയ്ക്കുന്നു. കപ്പൽ കൊണ്ടു നിർത്തി കേടുതീര്‍പ്പാനുണ്ടാക്കിച്ചിരിയ്ക്കുന്ന ഈ സ്ഥലം ഏകദേശം ആയിരം വാര നീളത്തിലും, നൂറു വാര വീതിയിലും, ഇരുപത്തഞ്ചൊ മുപ്പതൊ വാര അഗാധത്തിലും മുഴുവനും കരിങ്കല്ലുകൊണ്ടു പടുത്തു സമുദ്രത്തിൽ കരയ്ക്കു തൊട്ട ഒരു തടാകംപോലെ ഉണ്ടാക്കിയിരിയ്ക്കുയാണ്. അതിലേയ്ക്കു കപ്പലുകൾ വരുവാനായി മാര്‍ഗ്ഗങ്ങൾ വെച്ചിട്ടുണ്ട്. അതിവിശേഷമായി കെട്ടപ്പെട്ട ഈ തടാകത്തിൽ കേടു വന്ന കപ്പലുകളെ കടത്തിയാലുടനെ വെള്ളം അതിലേയ്ക്കു വരുവാനുള്ള മാർഗ്ഗത്തെ ഒരു യന്ത്രംകൊണ്ട് അടച്ച് ഈ തടാകത്തിലുള്ള സകല ജലത്തേയും മറെറാരു യന്ത്രശക്തി കൊണ്ടു പുറത്താക്കിക്കളയുന്നു. വെള്ളം മുഴുവനും പുറത്തായാൽ ഇതിനുള്ളിൽ ഒരു തുള്ളി വെള്ളം പിന്നെ മറ്റേ യന്ത്രം തുറന്നുവിടാതെ വരുന്നതല്ല. കപ്പലുകളെ ഇതിന്റെ ഉള്ളിലേയ്ക്കാക്കി വെള്ളം കളഞ്ഞാൽ പിന്നെ ഒരു ഭൂപ്രദേശത്തിൽ ചെല്ലുമ്പോലെ കപ്പലുകളെ നിർത്തി കേടുപാടുകൾ മുഴുവനും വഴിപോലെ പരിശോധിപ്പാനും കേടു തീര്‍പ്പാനും കഴിവുണ്ടാകുന്നതാകുന്നു. ഇതുപ്രകാരം ചെയ്തുവരുന്നതായി കണ്ടതിൽ ഞങ്ങൾക്കുണ്ടായ ആശ്ചര്യം അതിരുകടന്നുവെന്നുതന്നെ പറയണം. എന്നുതന്നെയുമല്ല, ഇതുപോലെ വേറേയും ഒന്നൊ രണ്ടൊ സ്ഥലങ്ങൾ ഉള്ളതായും കണ്ടിരിയ്ക്കുന്നു. ഈ സ്ഥലങ്ങൾക്കടുത്തു വലുതായ ഒരു ഇരുമ്പുപാലവും ഉണ്ട്. ഈ പാലംകൊണ്ടുള്ള ആവശ്യം എന്തെന്നാൽ സമുദ്രത്തിൽനിന്നു കപ്പലുകളെ വേണ്ടതുപോലെ അകത്തേയ്ക്കു കടത്തി നിർത്തുവാനും ശത്രുക്കളുടെ കപ്പലുകൾ വന്നാൽ അതുകൾ അകത്തേയ്ക്കു കടന്നുവരാതെ ഇരിപ്പാനും വേണ്ടി ഒരു യന്ത്രം തിരിയ്ക്കുന്ന സമയം ഈ പാലം ക്ഷണനേരംകൊണ്ടു തുറക്കുവാനും ആര്‍ക്കും അ കത്തേയ്ക്കു കടപ്പാൻ വയ്യാത്ത നിലയിൽ വഴിയെ ബന്തോവസ്ത് ചെയ്തു തടസ്ഥപ്പെടുത്തുവാനും കഴിയുന്നതാകുന്നു. ഈ യന്ത്രപ്പാലത്തെ തുറക്കുന്നതും അടയ്ക്കുന്നതും ഞങ്ങൾ കണ്ടിരിയ്ക്കുന്നു. എന്തിനു വളരെ പറയുന്നു പണ്ടു ശ്രീരാമസ്വാമി വാനരസൈന്യങ്ങളെക്കൊണ്ട് അനേകം പർവ്വതങ്ങളേയും വൃക്ഷങ്ങളേയും മറ്റും കൊണ്ടുവരുവിച്ച് ഒരു സേതുബന്ധം ചെയ്തതായി കേട്ടിട്ടുണ്ട്. അതിന്ന് ഈ ബോമ്പായിക്കടൽക്കരയ്ക്കുള്ള കരിങ്കൽ കെട്ടുകളെപ്പോലെ സൌന്ദര്യവും ജനോപകാരവും ആശ്ചര്യവും ഉണ്ടോ എന്നു നമുക്കു വളര സംശയമാണ്.

33. ഈ വക പലേ ആശ്ചര്യങ്ങളേയും കണ്ടതിന്നു ശേഷം അന്നു പാര്‍ക്കുന്ന ബങ്കളാവിലേയ്ക്കു തന്നെ മടങ്ങി പ്പോന്നു. ഇങ്ങിനെ 9-ം 10-ം 11-ം ഈ മൂന്നു തിയ്യതികളിലായി ബോമ്പായി പട്ടണത്തിൽ പ്രധാനപ്പെട്ട അനേകം സ്ഥലങ്ങളെ കണ്ടു സുഖമായി താമസിച്ചു. 11 -ാം൲ വൈകുനേരം വൃന്ദാവനദാസശേട്ടുവിനോടും സ്നേഹിതന്മാരായിത്തിന്ന ഗോകുലദാസശേട്ടു മുതലായി പലേ യോഗ്യന്മാരോടും യാത്ര പറഞ്ഞു ചിരിഞ്ഞു രാത്രി പത്തു മണിയോടുകൂടി പുറപ്പെട്ടു വൃന്ദാവനദാസശേട്ടുവിനാൽ ഉപചരിയ്ക്കപ്പെട്ട കുതിരവണ്ടികളിൽ കയറി ബേമ്പാസ്റ്റേഷനിൽ വന്ന് ഏകദേശം പതിനൊന്നര മണിയ്ക്കു നാസികക്കായി തീവണ്ടി കയറി പോയി.

നാസിക

34. 1071 കന്നി 12-ാം൲ പുലര്‍ച്ചെ അഞ്ചുമണിയോടുകൂടി നാസികാസ്റ്റേഷനിൽ വന്നിറങ്ങി. ഈ നാസികാപട്ടണത്തിന്റെ ചരിത്രത്തെ ചുരുക്കത്തിൽ താഴെ വിവരിയ്ക്കാം.

ഈ പട്ടണം പൂർവ്വകാലത്തിൽ രാവണന്റെ ആധിപത്യത്തിൻകീഴിലുള്ളതും, രാവണന്റെ രാജ്യത്തിന്റെ വ ടക്കെ അതിരും ആയിരുന്നു. അക്കാലത്തു ഈ രാജ്യം രാവണൻ ദായാദികളായ ഖരൻ, ദൂഷണൻ ഇവരാൽ ഭരിയ്ക്കപ്പെട്ടുവന്നു. അങ്ങിനെ ഇരിയ്ക്കും കാലത്തിലാണ് ശ്രീരാമസ്വാമി താതനിയോഗത്താൽ വനവാസത്തിനെഴുന്നെള്ളുകയും, പഞ്ചവടിയ്ക്കു സമീപമായ ഈ പ്രദേശത്തിൽ ചെന്നു ചേരുകയും ചെയ്തത്. ശ്രീരാമൻ ഈ പ്രദേശത്തിൽ സഞ്ചരിയ്ക്കുന്ന സമയം രാവണസഹോദരിയായ ശുര്‍പ്പണഖ കാമമോഹിതയായി ശ്രീരാമസന്നിധിയിൽ ചെന്നു തന്റെ ഭർത്താവായിരിയ്ക്കേണമെന്നു അപേക്ഷിയ്ക്കുകയും, ശ്രീരാമനും ലക്ഷ്മണനും അതിനെ അനാദരിയ്ക്കുകയും, തന്നിമിത്തം ഒടുവിൽ കലഹിച്ചു ശുര്‍പ്പണഖയുടെ നാസികയെ ഛേദിയ്ക്കുകയും ചെയ്ത കാരണത്താൽ ഈ പ്രദേശത്തിന്നു നാസികാ എന്ന പേർ വിളിയ്ക്കപ്പെട്ടുവരുന്നതാണ് എന്നു ധരിയ്ക്കേണ്ടതാണ്. ഈ നാസികാപട്ടണം ബോമ്പാ സംസ്ഥാനത്തിൽ ചേന്ന അഹമ്മത്‍നഗർ ജില്ലയിൽ പെട്ടതാണ്. ഇതു പേഷുവായുടെ രാജ്യഭരണകാലത്തിൽ അത്യുന്നതസ്ഥിതിയിലിരുന്നിരുന്നു. ക്രിസ്താബ്ദം 1840-ൽ ബ്രിട്ടീഷ് സബ്ബ് കലക്ടർ ഡിവിഷനാക്കി വിഭജിയ്ക്കപ്പെട്ടു. ഇപ്പോൾ കലക്ടരുടെ ഫെഡ് ക്വാർട്ടരായി തീര്‍ച്ചപ്പെടുത്തി. ഈ ചെറിയ പട്ടണത്തിൽ ഇപ്പോൾ രണ്ടുലക്ഷത്തിൽ പുറം ജനങ്ങൾ ഇരിയ്ക്കുന്നതായി പറയുന്നു. പണ്ടു ശ്രീരാമസ്വാമി അധിവസിച്ചിരുന്നതിനാൽ പുണ്യസ്ഥലമായിത്തീര്‍ന്നതുകൊണ്ടായിരിയ്ക്കാം ഇത്രയും ജനങ്ങൾ ഇവിടെ അധിവസിച്ചുവരുന്നത്. സമീപത്തിൽ ഗോദാവരി പ്രവഹിയ്ക്കുന്നതുകൊണ്ടു വസിപ്പാൻ സുഖമുള്ള സ്ഥലമാണ്. ഇവിടെ ശീതവും ഉഷ്ണവും ഒരുമാതിരി സമസ്ഥിതിയിൽ ഇരിയ്ക്കും. നാസികയിൽനിന്ന് ആറു മണിയോടുകൂടി കുതിരവണ്ടിയിൽ കയറി പുറപ്പെട്ട സുമാറ് ആറു മയിത്സ് ദൂരത്തിലിരിയ്ക്കുന്ന പഞ്ചവടിയ്ക്കു സമീപം ഗോദാവരി തീരത്തിൽ ചെന്നെത്തുകയും അവിടെ ഒരു ബ്രാഹ്മണഗൃഹത്തിൽ സാമാനങ്ങളെല്ലാം ഇറക്കിവെച്ചു വിശ്രമിയ്ക്കുകയും ചെയ്തതിനുശേഷം ആ ബ്രാഹ്മണനെ പുരോഹിതനാക്കി വരിച്ചു ഗോദാവരി സ്നാനഘട്ടത്തിൽ ചെന്നു തീർത്ഥക്ഷൌരം, സങ്കല്പസ്നാനം മുതലായതു കഴിച്ചു രണ്ടുമണിയോടുകൂടി വാസഗൃഹത്തിലേയ്ക്കുതന്നെ മടങ്ങിവന്നു ഭക്ഷണം കഴിച്ചു.

35. പിന്നെ മൂന്നര മണിയോടുകൂടി ഗോദാവരിയുടെ മറുകരയിലുള്ള പഞ്ചവടിയിൽ ചെന്ന് അവിടെ അനേക ക്ഷേത്രങ്ങളുള്ളതിൽ പ്രധാനപ്പെട്ട ചില ക്ഷേത്രങ്ങളും ശ്രീരാമസ്വാമിപാദരജോരാജിപരിപൂരിതങ്ങളായ പുണ്യസ്ഥലങ്ങളും കാണ്മാനാരംഭിച്ചു.

അതിൽ ഒന്നാമത്, വളരെ പുരാതനമായ ശ്രീരാമക്ഷേത്രത്തിലാണ് ദര്‍ശനം ചെയ്തത്. ഈ ക്ഷത്രം ഗോദാവരീതീരത്തിലുള്ളതും ശ്രീരാമൻ, ലക്ഷ്മണൻ, സീതാ ഇവരുടെ പ്രതിമകളെ വളരെ ഭക്തിയോടെ പൂജിച്ചുവരുന്നതു മാകുന്നു. ഈ ക്ഷേത്രത്തിനടുത്തു ശങ്കരാചാര്യസ്വാമിക ളുടെ പ്രാചീനമായ ഒരു മഠവും ഉണ്ട്. ഈ വക പലേ സ്ഥലങ്ങളിലും ദര്‍ശനം കഴിച്ചതിനുശേഷം അവിടെനിന്ന് ഏകദേശം മുക്കാൽ മയിത്സ് ദൂരത്തിലുള്ള "സീതാഗുംഭാ” എന്ന പുണ്യ സ്ഥലമായ സീതാഗുഹയെ ദര്‍ശിപ്പാൻ പോയി. ഈ ഗുഹ അന്ധകാരാവൃതയായിരിയ്ക്കുന്നതാകുന്നു എങ്കിലും അതിലുള്ള ശിവന്റെ അര്‍ച്ചകനും, ഊരാളാവകാശിയുമായ ഒരു ബ്രാഹ്മണന്റെ പത്നിയാൽ ദര്‍ശിതമായ ദീപത്തിന്റെ പ്രകാശത്തോടുകൂടി ഞങ്ങളെല്ലാവരും അതിലിറങ്ങി ശിവദര്‍ശനം ചെയ്തു പ്രസാദം വാങ്ങി തിരിയെപോന്നു. ഈ ഗുഹയിൽ തന്നെ വളരെ ദൂരം ചെന്നു ചേരുവാൻ തക്കവിധം ഒന്നു രണ്ടു സുരംഗാമാര്‍ഗ്ഗങ്ങളും കാണപ്പെട്ടു. പക്ഷെ സര്‍പ്പാദിസത്വഭയം നിമിത്തം ആരും ആ മാര്‍ഗ്ഗങ്ങളിൽ സഞ്ചരിയ്ക്കുമാറില്ല.

ഈ ഗുഹ പണ്ടു ഖരാദിവധസമയത്തിൽ സീതയെ ഗൂഢമായി രക്ഷിപ്പാൻ വേണ്ടി ശ്രീരാമസ്വാമിയാൽ നിര്‍മ്മിയ്ക്കപ്പെട്ടതാണെന്നു പറയപ്പെടുന്നു.

പഞ്ചവടി

36. ഈ പ്രദേശത്തിന്നു പഞ്ചവടി എന്ന പേർ വരുവാനുള്ള കാരണവും പറയാം. ഈ ഗുഹയുടെ പുരോഭാഗത്തിൽ അതിവിസ്തൃതശാഖകളോടുകൂടി വലുതായ അഞ്ചു വടവൃക്ഷങ്ങൾ നില്ക്കുന്നുണ്ട്. പര്‍ണ്ണശാലയെക്കാൾ അധികം സുഖത്തെ നൽകുന്ന ഈ വൃക്ഷമൂലത്തിൽ പണ്ടു ശ്രീരാമസ്വാമി സീതാലക്ഷ്മണസമേതനായി വനവാസകാലത്തിൽ വസിച്ചിരുന്നു എന്നു പരമ്പരയാ പറഞ്ഞുവരുന്നതിനെ വിശ്വസിപ്പിക്കത്തക്ക പഴക്കവും യോഗ്യതയും പ്രത്യക്ഷത്തിൽ ഈ വൃക്ഷങ്ങൾക്കു കാണപ്പെടുന്നുണ്ട്. അന്നുമുതൽക്ക് ഈ പ്രദേശത്തിന്നു പഞ്ചവടി എന്ന പേരും സിദ്ധിച്ചു. ഈ വക അനേകം പുണ്യസ്ഥലങ്ങളെ കണ്ടു ഞങ്ങൾ എല്ലാവരും പരമാനന്ദതുന്ദിലഹൃദയന്മാരായി സ്വവാസഗൃഹത്തിലേയ്ക്കു തന്നെ മടങ്ങിവന്ന് അന്നു മുഴുവനും അവിടെ തന്നെ താമസിച്ചു. ഈ ഗോദാവരീതീരം പ്രധാനപ്പെട്ട ഒരു സ്ഥലമാണെന്നു പുരാണപ്രസിദ്ധമായിട്ടുള്ളതാണല്ലൊ. ഈ പ്രദേശം ഭജാറുകൾ, ഷാപ്പുകൾ, ചന്തകൾ, തപ്പാലാപ്പീസ്സുകൾ മുതലായി വേണ്ടതെല്ലാം ഉള്ള ഒരു സ്ഥലവുമാകുന്നു. പിന്നെ പിറ്റെ ദിവസം 18-ാം൲ ഗോദാവരീസ്നാനം, അക്ഷയവടശ്രാദ്ധം മുതലായതു വേണ്ടതുപോലെ കഴിക്കുകയും, മൂന്നു മണിവരെ അവിടെ തന്നെ താമസിക്കുകയും ചെയ്തു. മൂന്നര മണിയോടുകൂടി അവിടെനിന്നും പുറപ്പെട്ടു മുമ്പു പ്രസ്താവിച്ച നാസികാസ്റ്റേഷനിൽ തന്നെ വന്നു സന്ധ്യക്കു മുമ്പായി അവിടെ നിന്നും തീവണ്ടി കയറിപ്പോകയും ചെയ്തു.

സ്വാഹാപ്പൂർ

37. പിറേറന്നു 14-ാം൲ പകൽ 11 മണിക്കു മുമ്പായി സ്വാഹാപ്പൂർ സ്റ്റേഷനിൽ വന്നിറങ്ങി. അവിടെ സ്റ്റേഷണന്ന് എത്രയും സമീപമുള്ള ഗവർമ്മെണ്ടു ധർമ്മശാലയിൽ ചെന്നു കയറി അന്നു പകൽ 5 മണിവരക്കും അവിടെത്തന്നെ താമസിച്ചു. ഇവിടെയും ധർമ്മശാലയിൽ നിന്നു രണ്ടു ഫർല്ലോങ്ങ് സമീപത്ത് ഒരു നദിയും ആ നദിയുടെ അക്കരയിൽത്തന്നെ ഒരു ഭജാറും ചന്തസ്ഥലവും മറ്റും ഉള്ളതു കൊണ്ട് അരി, പാൽ മുതലായ സാമാനങ്ങൾ യാതൊരു ബുദ്ധിമുട്ടും കൂടാതെ കിട്ടുകയാലും, ജലസൌഖ്യം ഉള്ളതു കൊണ്ടും യാത്രക്കാക്ക് ഈ പ്രദേശം സുഖപ്രദമായിത്തന്നെ ഇരിക്കുന്നുണ്ട്. എങ്കിലും ബ്രാഹ്മണരും മറ്റു സജ്ജനങ്ങളും ഈ ദിക്കിൽ കുറയുമെന്നുള്ള സംഗതിയെക്കൂടെ ഇവിടെ പ്രസ്താവിക്കുന്നു. പകൽ ഇവിടെനിന്നു പുറപ്പെട്ട് അഞ്ചു മണിക്കു മുമ്പായി പ്രയാഗെക്കു തീവണ്ടി കയറി. 15-ാം൲ രാവിലെ എട്ടുമണിയോടുകൂടി അലഹാബാദ് സ്റ്റേഷനിൽ ചെന്നിറങ്ങി. ഉടനെ തന്നെ സ്റ്റേഷന്ന് എത്രയും സമീപമുള്ളതും അതിവിശാലവും ആയ ധർമ്മശാലയിൽ ചെന്നു കയറി അന്നു മുഴുവനും അവിടെത്തന്നെ താമസിച്ചു. ഇവിടെ സ്നാനത്തിന്ന് ഈ ധർമ്മശാലക്കു സമീപം ഒന്നു രണ്ടു തടാകങ്ങളുള്ളതിന്നു പുറമെ ഒന്നര മയിത്സ് സമീപം യമുനാനദിയും പ്രവഹിക്കുന്നുണ്ട്. അലഹാബാദ് എന്ന ഈ പട്ടണം നോത്ത് വെസ്റ്റ് പ്രൊവിൻസ് എന്ന വടക്കെ പടിഞ്ഞാറെ സാസ്ഥാനത്തിന്റെ തലസ്ഥാനമായിരിക്കുന്നതുകൊണ്ട് ഇവിടെ വലിയ ഭജാറുകളും കോടതികളും കച്ചേരികളും വിശേഷിച്ചു ഹൈക്കോടതിയും ഗവർമ്മേണ്ട് ആപ്പീസ്സും മറ്റും ഉണ്ട്.

38. ഈ അലഹാബാദ് സ്റ്റേഷനിൽ ഡില്ലി മുതലായ പട്ടണങ്ങളിൽനിന്നും ബോമ്പ പട്ടണത്തിൽ നിന്നും ഗതാഗതം ചെയ്യുന്ന തീവണ്ടികൾ വന്നുചേരുന്നു. ഇവിടെ നിന്നു നാലു മയിത്സ് ദൂരത്തിലാണ് ത്രിവേണി എന്ന ഗംഗാ, യമുനാ, സരസ്വതി ഈ മഹാനദികളുടെ സംഗമ സ്ഥാനമായ പുണ്യസ്ഥലം പ്രകാശിക്കുന്നത്. ഈ പ്രദേശത്തിന്നു പുരാണപ്രസിദ്ധമായ പേർ പ്രയാഗം എന്നാകുന്നു. പ്രയാഗം എന്ന പേർ വരുവാനുള്ള കാരണം താഴെ പറയാം: പണ്ടു പ്രപഞ്ചസൃഷ്ടിക്കു മുമ്പായി ആദിനാരായണമൂർത്തിയായ ഭഗവാൻ മഹാപ്രളയകാലത്തിൽ ഇവിടെ നില്ക്കുന്ന അക്ഷയവടത്തിന്റെ പത്രത്തിൽ ബാലരൂപിയായി ശയിച്ച് മഹാജലത്തിൽ ക്രീഡിച്ചതായി പറയുന്ന കഥ പുരാണപ്രസിദ്ധമായിട്ടുള്ളതാണല്ലൊ. ഇത്രയും മഹിമയുള്ള ഈ അക്ഷയവടം നിൽക്കുന്ന ഈ പ്രദേശം പുണ്യ സ്ഥലമായിത്തിന്നതിനാൽ പണ്ടു ബ്രഹ്മാവു മുതലായവർ പ്രകൃഷ്ടങ്ങളായ അനേക യാഗങ്ങൾ ഇവിടെ വെച്ചു ചെയ്തതുകൊണ്ടാണ് ഈ പ്രദേശത്തിന്നു പ്രയാഗം എന്ന പേർ സിദ്ധിച്ചത്. അന്നു മുതൽക്കു വിഷ്ണു പ്രജാപതിക്ഷേത്രമെന്നും, ദശാശ്വമേധഘട്ടമെന്നും ഈ പുണ്യസ്ഥലത്തിന്നു പേർ വിളിച്ചുവന്നു.

39. ഈ പ്രയാഗക്ക് അടുത്ത പ്രദേശങ്ങൾക്ക് ഇപ്പോൾ അലഹാബാദ് എന്നുള്ള പേർ സിദ്ധിപ്പാനുണ്ടായ സംഗതിയെക്കൂടി താഴെ വിവരിക്കാം. പണ്ട് ഏകദേശം 500 സംവത്സരത്തിന്നു മുമ്പായി മുചുകുന്ദ ദേശികർ എന്ന ഒരു മഹാപുരുഷൻ നാലു ശിഷ്യന്മാരോടും കൂടി ഈ പുണ്യ സ്ഥലത്തു വന്നു പ്രതിദിനം ത്രിവേണീസ്നാനം ചെയ്തുംകൊണ്ടു ഗംഗാതീരത്തിൽതന്നെ തപോനിരതനായി അധിവസിച്ചിരുന്നു. എന്നാൽ ഈ പ്രകൃതത്തിൽ ഉപയോഗമുള്ളതായ വേറെ ഒരു വിശേഷസംഗതിയെക്കൂടി ഈ കഥാമദ്ധ്യത്തിൽ വിവരിച്ചുകൊള്ളുന്നു. ഈ പ്രയാഗം എന്ന പുണ്യസ്ഥലമായ ത്രിവേണീതീരത്തിൽ തന്നെ ഇപ്പോൾ വലുതായ ഒരു കോട്ടയുള്ളത് ഏകദേശം അഞ്ഞുറുസംവത്സരത്തിന്നിപ്പുറം ദില്ലിബാദിഷാ ചക്രവത്തി രാജ്യപരിപാലനം ചെയ്തുവന്നിരുന്ന കാലത്ത് അദ്ദേഹത്താൽ ഉണ്ടാക്കപ്പെട്ടതാണ്. ഈ കോട്ടയ്ക്കുകത്തുള്ള പ്രദേശത്തിൽ ഒരു വിശേഷവിധിയായ അവസ്ഥയുണ്ടായിരുന്നതാണത്രെ ഈ കോട്ട കെട്ടിപ്പാൻ കാരണമായിത്തീർന്നത്. ഏതെങ്കിലും ഒരു ഫലപ്രാപ്തിയെ ഉദ്ദേശിച്ച് ഇവിടെ വന്നു യഥാവിധി പ്രാർത്ഥനയെ ചെയ്ത് ഏതൊരുവൻ ദേഹത്യാഗത്തെ ചെയ്യുന്നുവോ അവൻ മറുജന്മത്തിൽ തന്നെ ആ അഭിഷ്ടഫലത്തെ അനുഭവിക്കുമെന്നുള്ള കഥാ തദ്ദേശങ്ങളിൽ ഇന്നും പ്രസിദ്ധമായി പറഞ്ഞുവരുന്നു. അതുനിമിത്തമാണ് അനേകം മഹാന്മാർ ഇവിടെ വന്നു ദേഹവിയോഗത്തെ ചെയ്താൽ കൊള്ളാമെന്ന് ഇച്ഛിക്കുന്നത്.

40. ആകയാൽ മുമ്പു പ്രസ്താവിച്ച മുചുകുന്ദദേശികർ ഒരു ദിവസം തന്റെ നാലു ശിഷ്യന്മാരോടുകൂടി മേൽപ്പറഞ്ഞ സ്ഥലത്തു ചെന്നു താൻ മറുജന്മത്തിൽ ഒരു ചക്രവർത്തിയായി ജനിക്കേണമെന്നു പ്രാത്ഥിച്ച് അദ്ദേഹവും, എന്നാൽ ഞങ്ങൾ നാലുപേരും ചക്രവത്തിയുടെ മന്ത്രിയായി ജനിക്കണമെന്നും ആ ജന്മത്തിൽ പൂർവ്വജന്മസ്മരണയുണ്ടായിരിക്കണമെന്നും കൂടി നാലു ശിഷ്യന്മാരും പ്രാർത്ഥിച്ച് എല്ലാവരും ദേഹത്യാഗത്തെ ചെയ്തു. അതിന്നുശേഷം ഈ മുചുകുന്ദദേശികർ മറുജന്മത്തിൽ ഡില്ലിയിൽ അൿബർ ചക്രവർത്തിയായും ശിഷ്യന്മാർ നാലുപേരും കൊല്ലുകഭട്ടൻ മുതലായ നാലു മന്ത്രിമാരായും ജനിച്ചിരിക്കുന്നു. ശിഷ്യന്മാർ നാലുപേരും മറുജന്മത്തിൽ പൂർവ്വജന്മസ്മരണ ഉണ്ടായിരിക്കേണമെന്നുകൂടി പ്രാർത്ഥിക്കുക ഉണ്ടായി എന്നു മുമ്പു വിവരിച്ചുവല്ലൊ. എന്നാൽ അവർ അതു പരീക്ഷിപ്പാൻ വേണ്ടി ഒരു ഉപായവും കൂടി ദേഹത്യാഗകാലത്തിൽ ചെയ്തിട്ടുണ്ടായിരുന്നു. തത്സമയം എട്ടു ശ്ലോകം ഉണ്ടാക്കി അതുകളെ ഞങ്ങൾ എപ്പോഴെങ്കിലും വന്നു ചോദിക്കുന്ന സമയം മടക്കി തരേണമെന്നും അതുവരയ്ക്കും നീ സൂക്ഷിക്കേണമെന്നും പറഞ്ഞ് അവിടെ ചോളകപ്പൊരി വില്ലുന്ന ഒരു സ്ത്രീ പക്കൽ എല്പിച്ചുകൊടുത്തതിന്നു ശേഷമാണ് അവർ നാലു പേരും ദേഹത്യാഗം ചെയ്തത്. പൊരിക്കാരി ഭക്തിവിശ്വാസത്തോടുകൂടി ശ്ലോകങ്ങളെ കയ്ക്കൊണ്ട് ഈ സംഭവങ്ങൾ തന്റെ കുടിലിൽ പോയി പറഞ്ഞു കുടിക്കാർ എല്ലാവരും അറികെ ബന്തോവസ്തായി വെച്ചു. ഇതിന്നുശേഷം മുചുകുന്ദദേശികർ അകബർചക്രവർത്തിയായും, ശിഷ്യന്മാർ നാലു പേരും അദ്ദേഹത്തിന്റെ മന്ത്രിമാരായും ജനിച്ചു. രാജ്യപരിപാലനം ചെയ്തുവന്നിരുന്ന കാലത്ത് ഒരു നാൾ പൂർവ്വജന്മസ്മരണയുള്ള കൊല്ലുകഭട്ടൻ മുതലായ മന്ത്രിമാർ ചക്രവർത്തിയുടേയും തങ്ങളുടേയും പൂർവ്വജന്മവൃത്താന്തത്തെ ഒരു പ്രസംഗത്തിൽ ചക്രവത്തിയോടു പ്രസ്താവിച്ച സമയം അദ്ദേഹം വളരെ വിസ്മയിച്ചു എങ്കിലും തനിക്കുമാത്രം പൂർവ്വജന്മ സ്മരണ ഇല്ലാതിരുന്നതുകൊണ്ടു മന്ത്രിമാരുടെ വാക്കിന്നു അത്ര വില കൊടുത്തില്ല.

41. ആ സമയം മന്ത്രിമാർ ചക്രവർത്തിയുടെ വിശ്വാസത്തിനുവേണ്ടി രാജധാനിയിൽനിന്നു പുറപ്പെട്ടുപോയി മുൻവിവരിച്ച പൊരിക്കാരിയുടെ വീട്ടിൽ ചെന്നു മുമ്പു കൊടുത്തിരുന്ന ശ്ലോകാഷ്ട്രകത്തെ വിവരം പറഞ്ഞു ചോദിക്കുകയും, ആ കുടിക്കാർ ബന്തോവസ്തായി സൂക്ഷിച്ചിരുന്ന അതിനെ എടുത്തു കൊടുക്കുകയും ചെയ്തു. ഉടനെ അവർ പോയി കാണിച്ച സമയം അൿബർ ചക്രവർത്തി വളരെ തൃപ്തിപ്പെട്ടു സന്തോഷിക്കുകയും സ്ഥലമാഹാത്മ്യത്തെപ്പറി അതിശയിക്കുകയും മന്ത്രിമാരിൽ പൂർവ്വാധികമായ സ്നേഹവിശ്വാസത്തെ വെക്കുകയും ചെയ്തു എന്നും മററും ചരിത്രപുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്'. തുലുഷ്കരാജാവായ ഈ അക്ബർ ചക്രവർത്തി അന്നുമുതൽക്ക് ഈ പുണ്യസ്ഥലത്തിന്ന് അല്ലാബാദ് (ദൈവസ്ഥലം) എന്നു പേർ വിളിച്ചതുടങ്ങുകയും, ഇതിന്റെ സ്മരണക്കായി ആ സ്ഥലത്തിന്റെ ചുറ്റും ഒരു കോട്ട കെട്ടുകയും ചെയ്തു. ആ കോട്ട ഇന്നും കാണാവുന്നതാണ്. ഈ പറഞ്ഞ ചരിത്രത്തിലേക്ക് ഒരു ദൃഷ്ടാന്തവും കൂടി ഊഹനീയമായിട്ടുണ്ട്. ഈ അക്ബർച ക്രവർത്തി ജന്മനാ ഒരു തുലുഷ്കനാണെങ്കിലും, ഇദ്ദേഹത്തിന്റെ സ്വഭാവവും, പ്രവൃത്തിയും, ഔദാര്യവും, മറ്റുള്ള ഗുണങ്ങളും ധർമ്മിഷ്ഠനായ ഒരു ഹിന്തുരാജാവിന്നു തുല്യമായി കാണപ്പെട്ടിരുന്നു എന്നും. അദ്ദേഹത്തിന്റെ മന്ത്രിമാരിൽ തന്നെ പലരും ബ്രാഹ്മണരായിരുന്നു എന്നും മറ്റും പ്രസിദ്ധിയുള്ള അനേക സംഗതികളും ഇതിലേയ്ക്കു നല്ലൊരു ദൃഷ്ടാന്തമായി ഗണിക്കേണ്ടതാണ്.

പ്രയാഗത്രിവേണീമാഹാത്മ്യം.

42. പണ്ടു മഹാ പ്രളയകാലത്തിൽ ലോകമെല്ലാം ജലമയമായിത്തീർന്ന സമയം ആ മഹാർണ്ണവത്തിൽ ഒരു വടപത്രമദ്ധ്യത്തിൽ ആദിനാരായണമൂർത്തിയായ ഭഗവാൻ ശയിച്ചു ക്രീഡിച്ചിരുന്നതായ കഥ ഹിന്തു പുരാണങ്ങളിൽ ഘോഷിച്ചിട്ടുള്ളതാകയാൽ ആ വിഷയത്തെപ്പറ്റി നാം ഇവിടെ അധികം വിവരിക്കുന്നില്ല. എന്നാൽ ആ ആലിലയുടെ ജന്മസ്ഥാനമായ വടവൃക്ഷം ഇപ്പൊഴും ഇവിടെ ത്രിവേണീതീരത്തിലുള്ള കോട്ടക്കകത്തു പ്രകാശിച്ചു കാണാവുന്നതാണ്. പ്രളയകാലത്തിൽ കൂടി ഈ വടവൃക്ഷത്തിന്നു ക്ഷയമില്ല എന്നുള്ള സംഗതിയാൽ ഇതിന്നു അക്ഷയവടം എന്ന് ഇന്നും പേർ വിളിച്ചുവരുവാനിടയായിരിക്കുന്നു. ഈ അക്ഷയവടം എന്നുള്ള പേർ താഴെ പറയുന്ന സംഗതിയാലും തെളിയുന്നതാണ്. മുമ്പറഞ്ഞ കോട്ടയ്ക്കകത്തു നാലുഭാഗവും കരിങ്കൽ കൊണ്ടു ഭിത്തിയും, മേൽഭാഗത്ത് അടച്ചു തട്ടുമായ ഒരു വലിയ കെട്ടിടത്തിലാണ് ഈ വടവൃക്ഷം വ രെ കാലമായി നിലനിന്നുവരുന്നത്. സൂര്യതേജസ്സും, വർഷബിന്ദുവും എന്നുതന്നെയല്ല ശിഥിലമായ വെളിച്ചവും കൂടി ഈ കെട്ടിടത്തിന്നുള്ളിൽ കടപ്പാൻ മാർഗ്ഗമില്ല. ഈ കോട്ടയ്ക്കകത്തു വടവൃക്ഷദർശനത്തിന്നു പോകുന്നവർക്ക് അവിടുത്തെ അർച്ചകബ്രാഹ്മണരുടെ കൈവിളക്കിന്റെ പ്രകാശം മാത്രമാണ് ഉണ്ടാവുക. ഇത്രയും അന്ധകാരമയമായ കെട്ടിടത്തിന്നുള്ളിൽ നില്ക്കുന്ന ഈ വടവൃക്ഷം ഇന്നും ഉണങ്ങാതെയും, മങ്ങാതെയും തെഴുത്തു കുളുർമയോടുകൂടി നില്ക്കുന്ന ഒരു അത്ഭുതാവസ്ഥ ഇതിന്റെ അക്ഷയവടം എന്നുള്ള പേരിനെ എങ്ങിനെയാണ് യഥാർത്ഥമാക്കി ചെയ്യാതെ ഇരിക്കുക. ആകയാൽ ഈ അക്ഷയവടത്തെ യാത്രക്കാർ ഓർമ്മവെച്ചു കോട്ടയ്ക്കുകത്തു ചെന്നു ദർശനം കഴിക്കേണ്ടതാണെന്നുകൂടി ഇവിടെ ഓർമ്മപ്പെടുത്തിക്കൊള്ളുന്നു.

യമുനാചരിത്രം.

43. പണ്ടു ഛായാദേവി തന്റെ ഭർത്താവായ സൂര്യങ്കൽനിന്നു ഗർഭത്തെ ധരിച്ചതിനുശേഷം സൽപ്രജാലാഭത്തിനുവേണ്ടി തപസ്സുചെയ്തും കൊണ്ടിരിക്കുന്ന മദ്ധ്യത്തിൽ ഒരു ദിവസം കാരണവശാൽ സൂര്യൻ സ്വഭാവത്തിൽ അധികമായ തേജസ്സോടുകൂടി ഛായാദേവിയുടെ സമീപത്തു ചെന്ന സമയം ആ ഉഷ്ണാധിക്യം നിമിത്തം ഛായാദേവിയുടെ ഗഭം പകുതി അംശം ഭസ്മമായും, ബാക്കി പകുതി അംശം ഒരു പിണ്ഡാകൃതിയായും വന്നു സംഭവിച്ചു എന്നും, അപ്പോൾ ഛായാദേവി വ്യസനിച്ചു പാരവശ്യത്തെ പ്രാപിച്ച സമയം, സാക്ഷാൽ മഹാവിഷ്ണുവും, പരമശിവനും കൂടി അവിടെ പ്രത്യക്ഷമായി ഭവിച്ചു എന്നും, ദുഃഖനിവൃത്തിക്കുവേണ്ടി പരമേശ്വരനും, മഹാവിഷ്ണുവും തങ്ങളുടെ ശക്തികളെ ആ ഭസ്മത്തിലും ഗർഭപിണ്ഡത്തിലും നിവേശിപ്പിച്ചു പരമശിവന്റെ ശക്തിയാൽ യമധർമ്മരാജാവിനെയും, മഹാവിഷ്ണുവിന്റെ ശക്തിയാൽ യമുനാദേവിയെയും ജനിപ്പിച്ചു എന്നും പുരാണപ്രസിദ്ധമാകയാൽ വിഷ്ണുവിന്റെ ശക്തിബൃംഹിതയായ യമുനാദേവിയുടെ മാഹാത്മ്യത്തെപ്പറ്റി ഇനി ഇവിടെ അധികമായി വർണ്ണിക്കേണ്ടതില്ലെന്നു വിചാരിക്കുന്നു.

ഗംഗാമഹിമാ

44. ഹിമവൽ പർവ്വതപുത്രിയും ബ്രഹ്മകമണ്ഡലു തീർത്ഥഭൂതയും മഹാവിഷ്ണുപാദോദകവും പരമശിവശിരോമല്ലികാമാലയും ജഹ്നുമുനികന്യകയും സകല ദേവസിദ്ധഗന്ധർവവിദ്യാധരാദിമാനിതയും ഭഗീരഥരഥാനുഗാമിനിയും പരമപാവനിയുമായ ഗംഗാദേവിയുടെ മാഹാത്മ്യം രാമായണാദി സകല പുരാണങ്ങളിലും അതി വിശദമായി വർണ്ണിച്ചിട്ടുള്ളതാണെങ്കിലും അതിനെ അല്പമായി താഴെ വി വരിക്കുന്നു.

ശ്ലോകം 1.
ഗംഗാ ഗംഗേതി യോബ്രൂയാൽ യോജനാനാംശതൈരപി
കാശിഖണ്ഡം
സർവ്വപാപവിനിർമ്മുക്തഃ സർവൈസ്സ്വർഗ്ഗേൻ മഹീയതേ.
ഗരുഡപുരാണം
ധൃത്വാ സമ്പുടകേതാനി കൃത്വാ ച ഹൃദി മസ്തകേ
പരിക്രമ്യ നമസ്കൃത്യ ഗംഗാമദ്ധ്യേ വിനിക്ഷിപേൽ. 2

10-ാമദ്ധ്യായം.
അന്തർദ്ദശാഹം യസ്യാസ്ഥി ഗംഗാതോയേ നിമജ്ജതി ൃ
ന തസ്യ പുനരാവൃത്തിഃ ബ്രഹ്മലോകാൽ കദാചന. 3
യാവദാസ്ഥി മനുഷ്യസ്യ ഗംഗാതോയേഷു തിഷ്ഠതി
താവദ്വർഷസഹസ്രാണി സ്വർഗ്ഗലോകേ മഹീയതേ. 4
ഗംഗാജലോർമ്മിം സംസ്‌പൃശ്യ മൃതകംപവനോയദാ
സ്പൃശതേ പാതകം തസ്യ സദ്യ ഏവ വിനശ്യതി 5
ആരാദ്ധ്യതപസോഗ്രേണ ഗംഗാദേവീം ഭഗീരഥഃ
ഉദ്ധാരാർത്ഥംപൂർവ്വജാനാ മാനയൽബ്രഹ്മലോകതഃ. 6
ത്രിഷുലോകേഷുവിഖ്യാതം ഗംഗായാഃപാവനം യശഃ
യാപുത്രാൻസഗരസ്യൈതാൻ ഭസ്മാഖ്യാനനയദ്ദിവം. 7
പൂർവേവയസി പാപാനി യേ കൃത്വാ മാനവാമൃതാ
ഗംഗായാമസ്ഥിപതനാൽ സ്വർഗ്ഗലോകം പ്രയാന്തിതേ. 8
കശ്ചിദ്വ്യാധോ മഹാരണ്യേ സർവപ്രാണിവിഹിംസകഃ
സിംഹേനനിഹതോയാവൽ പ്രയാതിനരകാലയേ 9
താവൽ കാലേനതസ്യാസ്ഥി ഗംഗായാം പാതിതംതദാ
ദിവ്യം വിമാനമാരുഹ്യ സംഗതോ ദേവമന്ദിരം. 10

മഹാഭാരതം.
പുഷ്കരേതു കുരുക്ഷേത്രേ ഗംഗായാം മഗധേഷു ച
സ്നാത്വാതാരയതേ ജന്തുഃ സ‌പ്തസ‌പ്താപരാംസ്തഥാ. 11

ആരണ്യപർവ്വം നാരദവചനേ
85-ാമദ്ധ്യായം
പുനാതികീർത്തിതാ പാപം ദൃഷ്ടാഭദ്രം പ്രയച്ഛതി
അവഗാഢാചപീതാച പുനാത്യാസപ്തമം കുലം. 12
യാവദസ്ഥി മനുഷ്യസ്യ ഗംഗായാഃസ്‌പൃശതേജലം
താവത്സപുരുഷോരാജൻ സ്വർഗ്ഗലോകേ മഹീയതേ. 13
ന ഗംഗാസദൃശംതീർത്ഥം ന ദേവം കേശവാല്‍പരം
ബ്രാഹ്മണേഭ്യഃപരം നാസ്തീ ത്യേവമാഹപിതാമഹഃ. 14
യത്ര ഗംഗാ മഹാരാജ സ ദേശസ്തുത്തപോവനം
സിദ്ധിക്ഷേത്രംച തൽജ്ഞേയം ഗംഗാതീരസമാശ്രിതം. ()

45. ഇപ്രകാരം സർവ്വപുരാണപ്രസിദ്ധയായ ഗംഗാദേവിയെ പണ്ടു ഭഗീരഥമഹാരാജാവു സ്വർഗ്ഗലോകത്തിൽ നിന്നു കൊണ്ടുവരുന്ന സമയം ഹിമവൽപവ്വതശിഖരത്തിൽ നിന്നു പതിച്ചു പ്രയാഗപുണ്യസ്ഥലത്തിൽ പ്രവഹിച്ചപ്പോൾ നദിരൂപിണിയായ യമുനാദേവി കണ്ട് എതിരേറ്റു ചെന്നു വണങ്ങുകയും, ഗംഗയോടുകൂടി കലർന്നുചേർന്നു പ്രവഹിപ്പാനായി അപേക്ഷിയ്ക്കുകയും ചെയ്ത 'ഹേ യമുനേ! മഹാഭാഗ്യശാലിനിയായ ഭവതിയോടുകൂടി ചേർന്നു പ്രവഹിയ്ക്കുന്നതായാൽ എന്റെ ഖ്യാതി നിലനില്ക്കുവാൻ പ്രയാസമായിത്തീരും" എന്നു ഗംഗാദേവി അരുളിച്ചെയ്ത സമയം, 'അല്ലേ ഗംഗാദേവി! ഭവതി അങ്ങിനെ ശങ്കിയ്ക്കരുത്'. ഈ പ്രയാഗപുണ്യസ്ഥലം മുതൽക്കു ഭവതിയോടുചേർന്നു ഞാൻ പ്രവഹിയ്ക്കുന്നതായാലും ഇവിടെനിന്നു സമുദ്ര സംഗമം വരെയ്ക്കും ഭവതിയുടെ പേരുമാത്രം പ്രകാശിയ്ക്കുന്നതാണ്' എന്നും മറ്റും പറഞ്ഞു യമുനാദേവി അപേക്ഷിച്ചതിനെ സമ്മതിച്ച് ഈ പ്രയാഗയിൽവെച്ചു ഗംഗയും, യമുനയും കൂടി സംഗമിച്ചു പ്രവഹിച്ചുതുടങ്ങിയതായി സ്ഥലമാഹാത്മ്യത്തിൽ വിശദീകരിച്ചിരിയ്ക്കുന്നു.

സരസ്വതി

46. പണ്ടു പുണ്യഭൂമിയായ ഈ പ്രയാഗയെ വർണ്ണിപ്പാനായി ബ്രഹ്മാവ് ആരംഭിച്ചു എങ്കിലും ഈ സ്ഥലമാഹാത്മ്യം വാചാമഗോചരമാകയാൽ ആ വർണ്ണനയെ അവസാനിപ്പിപ്പാൻ അശക്തനായിത്തീർന്ന സമയം സരസ്വതീദേവി ബ്രഹ്മാവിന്റെ സമീപത്തിൽ വരികയും "ഞാൻ ഈ വർണ്ണനയെ വേണ്ടുംവണ്ണം വർണ്ണിച്ച് അവസാനിപ്പിയ്ക്കാം' എന്നു പറയുകയും ചെയ്തു അതിന്നായി ഉദ്ദ്യോഗിച്ചിട്ടും സരസ്വതിയുടെ ശ്രമവും സഫലമാകാതെ വന്നപ്പോൾ വിഷണ്ഡയായിത്തീർന്ന സരസ്വതിയുടെ പുരോഭാഗത്തിൽ ത്രിമൂർത്തികൾ പ്രത്യക്ഷമായി ഭവിയ്ക്കുകയും, അപ്പോൾ സരസ്വതി അവരുടെ മുഖത്തെ നോക്കി ലജ്ജാവനതമുഖിയായി നില്ക്കുകയും ചെയ്തു. ആ സമയത്തിൽ ഭടവൻ എന്ന അതിഭീഷണാകൃതിയായ ഒരു രാക്ഷസൻ ക്ഷുപിപാസാപരിശ്രാന്തനായി തൽക്ഷണം അവിടെ വന്നുചേർന്നു. ആ രാക്ഷസൻ വിശപ്പു സഹിയ്ക്കാതെ തന്നിവൃത്തിയ്ക്കുവേണ്ടി സകല ലോകങ്ങളേയും ഭക്ഷിപ്പാൻ ആരംഭിച്ചതായി കണ്ടപ്പോൾ ലോകരക്ഷാദീക്ഷിതയായ സരസ്വതി മായയാൽ ഒരു സുന്ദരിവേഷത്തെ ധരിച്ചു വീണാഗാനം ചെയ്തുകൊണ്ട് ആ രാക്ഷസൻ മുമ്പാകെ ചന്നപ്പോൾ അവൻ കണ്ടുമോഹിച്ചു പാണിഗ്രഹണത്തിന്നാ യി ആരംഭിച്ച സമയം സരസ്വതി 'ക്ഷുൽപിപാസാപരവശനായ നിന്നെ പാണിഗ്രഹണം ചെയ്യുവാൻ ഞാൻ ഭയപ്പെടുന്നു. ആകയാൽ തന്നിവൃത്തിയെ വരുത്തി വരിക” എന്ന് സവ്യാജമധുരമായി പറഞ്ഞതിനെ കേട്ടു വിശ്വസിച്ചു ലോകോപദ്രവകാര്യത്തിൽനിന്നു വിരമിച്ചു ക്ഷുൽപിപാസാനിവൃത്തിയ്ക്കുവേണ്ടി സമുദ്രപാനം ചെയ്യാനായ്ക്കൊണ്ടു പോയി. അതിനുശേഷം സരസ്വതി പ്രയാഗയ്ക്കുതന്നെ വന്നുചേർന്നപ്പോൾ ഗംഗയും യമുനയും സരസ്വതിയെ കണ്ട് "അല്ലയോ സരസ്വതി! ഭവതിയുടെ മനോഹരമായ നടനം ഒന്നു കാണണമെന്നു ഞങ്ങൾക്ക് ആഗ്രഹമുണ്ട്" എന്നു പറഞ്ഞപ്പോൾ ഈ പ്രയാഗപുണ്യസ്ഥലത്തെ യഥാവത്തായി വർണ്ണിച്ച് അവസാനിപ്പിയ്ക്കാമെന്നുഞാൻ ബ്ര ഹ്മാവിനോടു വീരവാദം പറഞ്ഞ പ്രകാരം എനിയ്ക്കു സാധിയ്ക്കാതെ വന്നിരിയ്ക്കുന്നു. ഈ സമയം ഞാൻ നടനംചെയ്യുന്നതായാൽ ബ്രഹ്മാവ് എന്നെ പരിഹസിയ്ക്കുമെല്ലോ. എന്നും മററും പരഞ്ഞു സരസ്വതി ലജ്ജാപരവശയായിത്തീർന്നു ഗംഗായമുനകളുടെ അന്തർവ്വാഹിനിയായി ഭവിച്ചു പ്രവഹിപ്പാൻ തുടങ്ങി. അതിനുശേഷം ഈ പുണ്യസ്ഥലത്തിന്നു ത്രിവേണി എന്നപേരു സിദ്ധിച്ച് അതിപാവനമായിത്തീർന്നിരിയ്ക്കുന്നു എന്നും മറ്റും സ്ഥലപുരാണത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഇത്രയും മഹിമയുള്ള ഈ ത്രിവേണിയിൽ ദേഹത്യാഗം ചെയ്യുന്നവർ ജന്മാന്തരത്തിൽ അഭീഷ്ടസുഖങ്ങളെ വേണ്ടുംവണ്ണം അനുഭവിച്ചതിന്നുശേഷം അനന്തരജന്മത്തിൽ ഇവിടെത്തന്നെ വന്നു ജനിച്ചു ദേഹാവസാനത്തിൽ മോക്ഷം പ്രാപിയ്ക്കുമെന്നും മറ്റും സ്ഥലപുരാണത്തിൽ കാണുന്നതുകൊണ്ട് ഇപ്പോഴും ചില മഹാന്മാർ ഇവിടെ വന്നു തപോനിരതരായി ഇരുന്നു ത്രിവേണിയിൽ ഇറങ്ങി പ്രാണത്യാഗത്തെ ചെയ്യുന്നതായി ചിലർ പറഞ്ഞുവരുന്നു. ഇവിടുത്തെ സ്ഥലപുരാണങ്ങളിൽ ഒന്നു പന്ത്രണ്ട് അദ്ധ്യായത്തോടുകൂടിയും പിന്നെ ഒന്നു 100 അദ്ധ്യായത്തോടുകൂടിയും ഉണ്ടെന്നു അറിയുന്നു.

47. ശ്രീശങ്കരാചാര്യ സ്വാമികൾ ദിഗ്‌ജയം ചെയ്തും കൊണ്ടു സഞ്ചരിയ്ക്കുന്ന സമയം ഒരുനാൾ പ്രയാഗയ്ക്കു വന്നു ചേർന്നു. അപ്പോൾ അവിടെയുള്ള ഗൌഡസന്യാസികൾ ശങ്കരാചാര്യസ്വാമികളെ വന്നു വണങ്ങി ശിഷ്യന്മാരായി ഭവിച്ചു മദ്യമാംസാദികളോടുകൂടി ഒരു ഭിക്ഷയെ നൽകി. സ്വാമികൾ ആ ഉപചാരത്തെ സ്വീകരിച്ചപ്പോൾ മറ്റുള്ള സന്യാസികളും ആ മദ്യമാംസങ്ങളെ ഉപയോഗിച്ചു. അതു കണ്ടപ്പോൾ ആചാര്യസ്വാമിയ്ക്കു തൃപ്തിയായില്ല. ഇവർക്ക് ഒരു ഉപദേശം ചെയ്യണമെന്നു കരുതി സ്വാമികൾ മേപ്പടി സന്യാസിമാരോടുകൂടി പുറത്തു സഞ്ചരിയ്ക്കുന്ന സമയം ഒരു കന്നാൻവീട്ടിൽ കയറിച്ചെന്നു. അപ്പോൾ അവിടെ മൂശയിൽ കാട് ഉരുകി വെള്ളംപോലെ ഇളകിക്കളിയ്ക്കുന്നതായി കണ്ടു. ഉടനെ രണ്ടുകയ്യുംകാട്ടി കന്നാനോടു അതു വാങ്ങിക്കുടിച്ചു. അതുകണ്ടു മറ്റുള്ള സന്യാസികൾ അത്യാശ്ചര്യപ്പെട്ടു. 'ഞങ്ങൾ ശങ്കരാചാര്യസ്വാമികളെപ്പോലെ സമദർനമഹത്വമുള്ളവരല്ല' എന്നു പറഞ്ഞു നിന്നപ്പോൾ, ശങ്കരാചാര്യസ്വാമികൾ 'എന്നാൽ നിങ്ങൾ മദ്യമാംസങ്ങൾ ഭക്ഷിച്ചതിനാൽ ഭ്രഷ്ടന്മാരായിത്തീർന്നിരിയ്ക്കുന്നു' എന്നു കല്പിച്ചു. അതുപ്രകാരം ആ പത്തു സന്യാസികളും അനേകശിഷ്യന്മാരോടു കൂടിച്ചേന്നു ഗിരി, പർവ്വത, സാഗര, ഭാരതി, പുരി, സരസ്വതി, തീർത്ഥം ഇങ്ങിനെ തുടങ്ങി പത്തുവി ധം വൈരാഗികളായിത്തീർന്നു അന്നേത്തെ രാജാവായ ബാദുഷാ അവർകളാൽ സർവ്വമാന്യമായി വിട്ട ഭൂമികൾക്കും മഠങ്ങൾക്കും അധിപതികളായി അധിവസിച്ചുവന്നു എന്നു പ്രയാഗയിൽ ഇതിഹാസമായി പറഞ്ഞുവരുന്ന ഒരു കഥയെ കൂടി ഇവിടെ വിവരിച്ചു പ്രകൃതത്തെത്തന്നെ പിന്തുടരുന്നു.

48. ഇവിടെ യാത്രക്കാരു പ്രധാനമായി എട്ടു ദിക്കിൽ ദർശനം ചെയ്യേണ്ടതുണ്ട്.

ത്രിവേണിം,മാധവം,സാംബം,ഭരദ്വാജഞ്ച,വാസുകിം
വന്ദേക്ഷയവടം,ശേഷം,പ്രയാഗംതീർത്ഥനായകം.

ഈ ത്രിവേണിയിൽ സ്നാനാദികൾ എപ്പോഴും പാവനങ്ങളായിട്ടുള്ളതാണെങ്കിലും, വൃശ്ചികമാസത്തിൽ യമദ്വിതീയാ എന്നദിനത്തിൽ യമധർമ്മരാജാവ് തന്റെ സഹോദരിയായ യമുനയെ കാണ്മാൻ വരുന്നതായും, ആ സമയം സ്നാനംചെയ്യുന്നവർക്കും തദ്വംശ്യന്മാർക്കും യമദണ്ഡന ഉണ്ടാകുന്നതല്ലെന്നു യമധർമ്മരാജാവു വരംകൊടുത്തതായും സ്ഥലപുരാണത്തിൽ പറഞ്ഞിരിയ്ക്കുന്നതുകൊണ്ട് ആ ദിനത്തി ൽ ത്രിവേണി സ്നാനത്തിന്നായി അനേകായിരം ജനങ്ങൾ വന്നുകൂടുന്നതും ഉണ്ട്. ഈ ത്രിവേണീതീരത്തിൽവെച്ചു യാത്രക്കാർ തീത്ഥക്ഷൌരം ചെയ്തു വരുന്നതിനുപുറമെ സാധാരണയായി സുമംഗലിസ്ത്രീകളും ശുഭോദയത്തിന്നുവേണ്ടി തലമുടി മുഴുവനും ക്ഷൌരംകഴിച്ച സ്നാനം ചെയ്യുന്നതായ ഒരു വിശേഷസമ്പ്രദായം ഇവിടെ മാത്രമാണ് നാംകണ്ടിട്ടുള്ളതു. ഇവിടെ പ്രതിവഷം മകരസംക്രമത്തിന്ന് ലക്ഷത്തിലധികം ജനങ്ങൾ സ്നാനത്തിന്നായി വരികയും, ചിലർ മകര മാസം മുഴുവനും സ്നാനം ചെയ്യേണ്ടതിന്നായി താമസിയ്ക്കുകയും ചെയ്തുവരുന്നുണ്ട്. നാം 1047-ാമത് മകരമാസത്തി ൽ ഒന്നാമത് കാശിയാത്ര ചെയ്ത സമയം മകരസംക്രമത്തിന്നു പ്രയാഗയിൽ ചെന്നെത്തുകയും, രണ്ടുദിവസം അവിടെത്തന്നെ താമസിയ്ക്കുകയും ചെയ്തിട്ടുള്ളതാകുകൊണ്ട് അനുഭവസിദ്ധമായിട്ടുള്ളതാകുന്നു. ഇവിടെ ദർശനത്തിന്നു എട്ടു മുഖ്യ സ്ഥലങ്ങളുള്ളതിൽ എല്ലാം സമീപം തന്നെയാണ്. എങ്കിലും ഭരദ്വാജാശ്രമം ത്രിവേണിക്കരയിൽനിന്ന് ഏകദേശം മൂന്നു മൈത്സ് ദൂരത്തിലാകുന്നു. പണ്ട് ശ്രീരാമസ്വാമി വനവാസത്തിന്നായി സഞ്ചരിച്ചിരുന്ന സമയം ഭരദ്വാജമഹാമുനി തന്റെ ആശ്രമത്തിൽ കൊണ്ടുവന്നു വിശേഷമായ ഒരു സൽക്കാരം ചെയ്തതും മറ്റും ഈ ആശ്രമത്തിൽ വെച്ചുതന്നെയാകുന്നു. അന്ന് ശ്രീരാമസ്വാമി ഭക്ഷണം കഴിച്ച സ്ഥലത്തിൽ ക്ഷേത്രം പോലെ ഒരു കെട്ടിടം ഉണ്ടാക്കി കാണപ്പെടുന്നുണ്ട്. അതിൽ യാത്രക്കാര് ഇന്നും ചെന്ന ദർശനം കഴിച്ചുവരുന്നുണ്ടു. അതുപ്രകാരം ഞങ്ങളും മേൽപറഞ്ഞ ഭരദ്വാജാശ്രമത്തിലും മറ്റുള്ള പു ണ്യസ്ഥലങ്ങളിലും ചെന്ന് ദർശനം കഴിച്ചിരിയ്ക്കുന്നു. ഈ പ്രയാഗമാഹാത്മ്യത്തെപറ്റി മഹാഭാരതം ആരണ്യ‍പർവ്വത്തിൽ നാരദവാക്യത്തിൽ 85-ാം അദ്ധ്യായത്തിൽ വളരെ വിശേഷമായി വർണ്ണിച്ചിരിയ്ക്കുന്നു. ജനങ്ങളുടെ ഭക്തിവിശ്വാസവനത്തിന്നുവേണ്ടി ആ ശ്ലോകങ്ങളെകൂടി താഴെ ചേത്തുകൊള്ളുന്നു.

ശ്ലോകങ്ങൾ.
1. തതോഗച്ഛേത രാജേന്ദ്ര പ്രയാഗമൃഷിസംസ്കൃതം
യത്രബ്രഹ്മാദയൊദേവാദിശശ്ചസദിഗീശ്വരാഃ

2. ലോകപാലാശ്ച സാദ്ധ്യാശ്ച പിതരൊലോക സമ്മതാഃ
സനൽകുമാര പ്രമുഖാ സ്തഥൈവ പരമർഷയഃ

3. അംഗിരഃ പ്രമുഖാശ്ചൈവതഥാബ്രർഹ്മഷയൊഖിലാഃ
തഥാനാഗാസ്സുപർണ്ണാശ്ച സിദ്ധാശ്ചക്രധരസ്തഥാ

4. സരിതസ്സാഗരാശ്ചൈവ ഗന്ധവാർപ്സരസൊപിച
ഹരിശ്ചഭഗവാനാസ്തെപ്രജാപതിപുരസ്കൃതഃ

5. തത്രത്രീണ്യഗ്നികുണ്ഡാനിയേഷാംമദ്ധ്യേനജാഹ്നവീ
വേഗേനസമതിക്രാന്താ സർവതീത്ഥപുരസ്കൃതാ

6. തപനസ്യസുതാദേവീ ത്രിഷുലോകേഷുവിശ്രുതാ
യമുനാഗംഗയാസാർദ്ധം സംഗതാലോകപാവനീ

7. ഗംഗായമുനയോർമദ്ധ്യെ പൃഥിവ്യാജഘനം സ്മൃതം
പ്രയാഗംസമ്പ്രതിഷ്ഠാഗം കംബാശ്വതരൌതഥാ

8. പ്രയാഗം ജഘനസ്ഥാന മുപസ്ഥമൃഷയൊവിദുഃ
തീർത്ഥംഭോഗവതീചൈവവേദിരേഷാപ്രജാപതേഃ

9. തത്രവേദാശ്ചയജ്ഞാശ്ചമൂർത്തിമന്തൊയുധിഷ്ടിര
പ്രജാപതിമുപാസന്തേ ഋഷയശ്ചതപോധനാഃ

10. യജന്തേ ക്രതുഭിർദ്ദേവാസ്തഥാ ചക്രധരാനൃപാഃ
തതഃപുണ്യതമംനാമ ത്രിഷുലോകേഷുഭാരത

11. പ്രയാഗംസർവതീർത്ഥേഭ്യഃ പ്രവദന്ത്യധികംവിഭോ
ശ്രവണാത്തസ്യതീർത്ഥസ്യ നാമസങ്കീർത്തനാദപി

12. മൃത്തികാലംഭനാച്ചായി നരഃപാപാൽ പ്രമുച്യതേ
തത്രാഭിഷേകം കയ്യാൽ സംഗമേ ലോകവിശ്രുതേ

18. പുണ്യം സകലമാപ്നോതി രാജസൂയാശ്വമേധയോഃ
ഏഷായജനഭൂമിർഹി ദേവാനാമപിസൽകൃതാ

14. തത്രദത്തം സൂക്ഷ്മമപി മഹൽ ഭവതി ഭാരത
നവേദവചനാത്താത നദേവവചനാദപി

15. മതിരുൽക്രമണീയാതെ പ്രയാഗമരണംപ്രതി
ദശതീർത്ഥസഹസ്രാണി ഷഷ്ടികോട്യസ്തഥാപരാഃ

16. യേഷാംസാന്നിദ്ധ്യമത്രൈവ കീർത്തിതംകുരുനന്ദന!
ചാതുർവിദ്യേചയൽപുണ്യം സത്യവാദിഷുചൈവയൽ

17. സ്നാതഏവതദാപ്നോതി ഗംഗായമുനസംഗമേ
തത്രഭോഗവതീനാമ വാസുകേസ്തീർത്ഥമുത്തമം

18. തത്രാഭിഷേകംയഃകുര്യാ ത്സോശ്വമേധഫലംലഭേൽ
തരൂഹാസപ്രപതനം തീർത്ഥംത്രൈലോക്യവിശ്രുതം

19. ദശാശ്വമേധികംചൈവ ഗംഗ‌ായാം കുരുനന്ദന
കുരുക്ഷേത്രസമാഗംഗാ യത്രതത്രാവഗാഹിതാ

20. വിശേഷോവൈകനഖലേ പ്രയാഗേപരമംമഹൽ
യദ്യകാര്യശതംകൃത്വാ കൃതംഗംഗാവസേചനം.

49. കന്നി 17-ാം൲ പകൽ മൂന്ന് മണിയോടുകൂടി പ്രയാഗയിൽനിന്ന് പുറപ്പെട്ടു നാലരമണിയ്ക്ക് അലഹാബാദ് സ്റ്റേഷനിൽ എത്തുകയും സന്ധ്യയോടുകൂടി അവിടെനിന്ന് ശ്രീകാശിക്ക് തീവണ്ടി കയറുകയും രാത്രി മൂന്നുമണിയോടുകൂടി ശ്രീകാശിയിൽ എത്തുകയും ഉടനെ ജയപുരം കൃഷ്ണയ്യരുടെ ജ്യേഷ്ഠപുത്രനായ സുബ്ബരായര് തെയ്യാറാക്കിയിരുന്ന ബോട്ടിൽ കയറി പുലര്‍ച്ചെ നാലുമണിയ്ക്കു മുമ്പായി ശ്രീമൽ കേദാരഘട്ടത്തിൽ ചെന്നിറങ്ങുകയും, അവിടെ ഗംഗാതീരത്തിൽ തന്നെ തെയ്യറാക്കിവെച്ചിരുന്ന അതിവിശാലമായ ഒരു ഗൃഹത്തിലേക്കു ചെന്നുചേരുകയും ചെയ്തു.

50. 1071 കന്നി 18-ാം൲ രാവിലെ എഴുനീര്റു ദേഹശുദ്ധി ചെയ്തു ഗംഗയെ വന്ദിച്ചു സ്നാനത്തിനായി അതിസന്തോഷത്തോടുകൂടി പുറപ്പെട്ടു കേദാരഘാട്ടിൽ ചെന്നു ആ ഘാട്ടിലുള്ള ഉപാദ്ധ്യായനെ വരിച്ചു സങ്കല്പപൂർവ്വകമായി യഥാവിധി സ്നാനം ചെയ്യുകയും കേദാരക്ഷേത്രത്തിൽ ദര്‍ശനം കഴിച്ചു മദ്ധ്യാഹ്നസ്നാനത്തിന്നായി കേദാരത്തിൽ നിന്നു ഒന്നരമയിത്സ് ദൂരത്തിലിരിയ്ക്കുന്ന മണികര്‍ണ്ണികാഘട്ടത്തിൽ ചെന്നു ചേരുകയും ചെയ്തു. അവിടെ തീര്‍ത്ഥക്ഷൌരം സങ്കല്പസ്നാനം മുതലായതും, ചക്രതീര്‍ത്ഥസ്നാനവും, ശ്രീവിശ്വേശ്വരക്ഷേത്രത്തിലും, വിശാലാക്ഷിക്ഷേത്രത്തിലും ദര്‍ശനവും, അര്‍ച്ചനയും ചെയ്ത് അന്നു ഉച്ചയ്ക്കു രണ്ടുമണിയോടുകൂടി കേദാരഘട്ടത്തിലേയ്ക്കു തന്നെ മടങ്ങിവന്നു താമസിച്ചു.

51. ഇങ്ങിനെ പ്രതിദിനവും ഗംഗാസ്നാനം, വിശ്വേശ്വരദര്‍ശനം മുതലായത് അതി ഭക്തിയോടുകൂടി ചെയ്തു കൊണ്ടു 22-ാം൲ വൈകുന്നേരം വരെക്കും ശ്രീകാശിയിൽതന്നെ അതിസുഖമാകുംവണ്ണം താമസിച്ചു. 22-ാം൲ വൈകുന്നേരം ഗയാശ്രാദ്ധത്തിന്നായി ഗയക്കു പുറപ്പെടുകയും രാത്രി 12 മണിയോടുകൂടി ശ്രീകാശി സ്റ്റേഷനിൽനിന്നു വണ്ടി കയറി പോകയും ചെയ്തു. ശ്രീകാശിമാഹാത്മ്യം മേലിൽ ഒരെടത്തു വിശദീകരിക്കാമെന്നു കരുതി ഇവിടെ വിവരിക്കാത്തതാകുന്നു.

ഗയാ

52. 23-ാം൲ രാവിലെ ഒമ്പതു മണിയോടുകൂടി ഗയാസ്റ്റേഷനിൽ ചെന്നിറങ്ങി. ആ സ്റ്റേഷനിൽ സുലഭമായി കിട്ടുന്ന കുതിരസാർട്ടുകളിൽ കയറി പുറപ്പെട്ടു 11 മണിക്കു മുമ്പായി ഗയയിൽ എത്തി. അവിടെ നനകൂപാദ്ധ്യായൻ (എന്നാൽ നന്ദഗോപോപാദ്ധ്യായൻ) എന്നു പ്രസിദ്ധനായ ഗയാപാളിയാൽ തെയ്യാറാക്കി വെക്കപ്പെട്ടതും, ഫൽഗുനിനദീതീരത്തിൽ വിഷ്ണുപാദക്ഷേത്രത്തിന്ന് എത്രയും അടുത്തു നില്ക്കുന്നതും, മൂന്നു നിലയുള്ളതുമായ ഒരു വിശാലഗൃഹത്തിൽ ചെന്നു കയറി വിശ്രമിച്ചും ഉടനെ ഫൽഗുനിസ്നാനം വിഷ്ണുപാദദ-ാം൲ശനം മുതലായതു യഥാവിധി ചെയ്തു. അന്ന് അങ്ങിനെ കഴിഞ്ഞു. പിന്നെ 24-ാം൲ രാവിലെ എഴുനീററു ദേഹശുദ്ധി ചെയ്തതിന്നു ശേഷം എടത്രാപ്പാട് തമ്പുരാൻ തിരുമനസ്സുകൊണ്ടും ഒന്നിച്ചുള്ളവരിൽ പൊറ്റെക്കിട്ട് ചാത്തുമേനോൻ മുതലായ നാലഞ്ചു പേരും അഷ്ടഗയാ ശ്രാദ്ധത്തിന്നായി ആരംഭിച്ചു. ശേഷം ഉള്ളവരിൽ ചിലർ പഞ്ചഗയയും, ചിലർ വിഷ്ണുപാദശ്രാദ്ധവും, ഊട്ടി. നമ്മുടെ മാതാവ് ഇന്നും ജീവിച്ചിരിക്കുന്നതുകൊണ്ട് അഷ്ടഗയയും പഞ്ചഗയയും ചെയ്യേണ്ടതില്ലെന്നാണ് മുമ്പു 1017-ൽ നാം ഗയാശ്രാദ്ധത്തിന്നായി പോയിരുന്ന സമയം ഗയയിൽ വെച്ചു വേണ്ടത്തക്ക മഹാന്മാരുമായി ആലോചിച്ചു തീര്‍ച്ചയാക്കിയിരിക്കുന്നത്. വിഷ്ണുപാദശ്രാദ്ധമാകിൽ ഏതുതരത്തിലുള്ളവര്‍ക്കും ചെയ്യേണ്ടതുമാകുന്നു, എന്നുള്ള തീര്‍പ്പിനെ അനുസരിച്ചു നാം 1047-ലും ഇന്നും വിഷ്ണുപാദശ്രാദ്ധം മാത്രമാണ് ചെയ്തിട്ടുള്ളത് .

53. ഈ ഗയയിൽ ചെന്ന ദിവസംതന്നെ പകൽ ഒരു മണിക്ക് സ്നാനം ചെയ്യുന്ന സമയം അഭ്യംഗം ഉണ്ടാകയും, ആയതു നല്ല വെയിലത്തു വെച്ചുതന്നെ വേണ്ടിവരികയും ചെയ്തതുകൊണ്ടു, സ്നാനം ദര്‍ശനം മുതലായത് ഒക്കെയും കഴിച്ച് ഏകദേശം മൂന്നര മണിവരെയ്ക്കും ഭക്ഷണം കഴിക്കാതെ ഇരുന്നതുകൊണ്ടും പിന്നെ പകൽ അഞ്ചു മണിക്കു സബാരിക്കു പോയി മടങ്ങിവരുവാൻ ഏകദേശം ഏഴു മണിവരെയ്ക്കും താമസിച്ചു ദേഹം ഇളകിയതുകൊണ്ടും പിറ്റെ ദിവസം മുതലും നമുക്കു കഠിനമായ ജ്വരം തുടങ്ങുകയും, അതിനാൽ വളരെ ക്ഷീണിയ്ക്കുകയും ചെയ്തു. എങ്കിലും, നമ്മുടെ എടത്രാപ്പാടമ്മാമന്റെ കരുണാനുഗ്രസിദ്ധൗഷധത്താൽ ആ ജ്വരത്തിന്ന് ഒരു വിധം ഉപശമം കിട്ടി ആശ്വാസത്തെ പ്രാപിച്ചു. ഇപ്രകാരം കന്നി 28-ാം൲ വരെയ്ക്കും എല്ലാവരും ഇവിടെത്തന്നെ താമസിക്കുകയും, അഷ്ടഗയയായിട്ടും പഞ്ചഗയയായിട്ടും വേണ്ടുന്ന കര്‍മ്മങ്ങളെ ഒക്കെയും വേണ്ടതുപോലെ ചെയ്തു കൃതാര്‍ത്ഥയെ പ്രാപിയ്ക്കുകയും ചെയ്തു.

54. ഈ ഗയാ എന്ന പുണ്യസ്ഥലത്തിന്നു മൂന്നു മയിത്സ് ദൂരംപോയാൽ വലിയ ഒരു ഭജാറും, കോടതി, കച്ചേരി, തപാലാപ്പീസ്സു മുതലായതുകളും മറ്റും ഉണ്ടെങ്കിലും, ഈ പ്രദേശം വളരെ സുഖപ്രദമായിട്ടുള്ളതല്ല, എന്നു യാത്രക്കാര്‍ക്കു മനസ്സിലായിരിക്കേണ്ടതാണ്. എന്തുകൊണ്ടെന്നാൽ, ഇവിടെ ഫൽഗുനി എന്നൊരു നദിയുണ്ടെങ്കിലും അതിൽ വര്‍ഷകാലം ഒഴിച്ച ശേഷം മിക്ക സമയങ്ങളിലും ജലം വളരെ കുറവാണ്. ഉള്ള ജലം തന്നെ ഇവിടുത്തെ പഴയ നടവടിപ്രകാരം നദിമദ്ധ്യത്തിലുള്ള മണൽപുറത്തു വെച്ചു ശവസംസ്കാരം പരക്കെ ചെയ്തുവരുന്നതിനാൽ ആ വക മലിനതകളാലും യാത്രക്കാരാലും മറ്റും പലവിധേന ഉണ്ടാകുന്ന അഴുക്കുകൾ കൊണ്ടും വളരെ മാലിന്യമുള്ളതാകുന്നു. പിന്നെ സാമാന്യേന കൂപങ്ങളിലും ജലങ്ങൾ നല്ലതല്ല. വേറ ജലസൌഖ്യവും നന്നെ കുറയും. ഇതിനെല്ലാംപു റമെ ഈപ്രദേശം സ്വഭാവേനതന്നെ യാത്രക്കാക്ക് അത്ര പറ്റുന്ന മാതിരിയിൽ അല്ലാത്തതുകൊണ്ടു യാത്രക്കാർ ഇവി ചെന്നാൽ ആഹാരാദികൾ വളരെ സൂക്ഷിച്ചുംകൊണ്ടു വേണ്ടുന്ന സൽക്കര്‍മ്മങ്ങളെ ചെയ്ത ഉടനെ മടങ്ങേണ്ടതാണെന്നു നമുക്കു തോന്നുന്ന അഭിപ്രായത്തെ കൂടി ഈ അവസരത്തിൽ പറഞ്ഞു കൊള്ളുന്നു. ഇവിടെ ചെയ്യേണ്ടതായ ക്രിയകളിൽ ഒന്ന് അഷ്ടഗയാശ്രാദ്ധവും, പഞ്ചഗയാശ്രാദ്ധവും അതിന്നുശേഷം വിഷ്ണുപാദശ്രാദ്ധവും ആണ് മുഖ്യമായിട്ടുള്ളത് എന്നു മുൻവിവരിച്ചുവല്ലൊ. ഇവകളെ യാത്രക്കാർ യഥാശക്തി ചെയ്യേണ്ടതാണെന്നുള്ള വിശ്വാസമുള്ളവരിൽ ചിലർ അഷ്ടഗയയും ചിലർ പഞ്ചഗയയും ചിലർ വിഷ്ണുപാദശ്രാദ്ധവും ഊട്ടിവരുന്നുണ്ട്. സാമാന്യേന യാത്രക്കാർ എല്ലാവരും ഈ ശ്രാദ്ധങ്ങളെ മാത്രമാണ് മുഖ്യമായി ഊട്ടിവരുന്നത് എങ്കിലും ഇതുകൂടാതെ ദുര്‍മ്മരണാദികളാലൊ മറ്റൊ ഗതിവരാത്ത പിതൃക്കളുടെ ഉദ്ധാരണത്തിനുവേണ്ടി കൂപഗയാശ്രാദ്ധം മുതലായ ചില ശ്രാദ്ധങ്ങളെയും ചിലർ ഊട്ടിവരുമാറുണ്ട്. മേൽപ്രകാരം ഇവിടെ മുഖ്യമായി ചെയ്യേണ്ടതായ അഷ്ടഗയാ മുതലായ ശ്രാദ്ധങ്ങളുടെ ചെറുതായ ഒരു വിവരണത്തെ ഈ പ്രകൃതത്തിൽ തന്നെ കൊടുക്കുന്നതു ജനോപകാരമായിത്തീരുന്നതും അതു തന്നെ സംസ്കൃതശ്ലോകരൂപേണ ലളിതമായി ചേര്‍ക്കുന്നതായാൽ അതിനെ ഹൃദിസ്ഥമാക്കി സമയോചിതംപോലെ യാത്രക്കാര്‍ക്ക് ഉപയോഗപ്പെടുത്തുവാൻ കഴിയുന്നതുമാണെന്നു കരുതി അതിനെ ശ്ലോകങ്ങളായി വിവരിയ്ക്കുന്നതാകുന്നു.

ഗയാശ്രാദ്ധവിവരണം

ശ്ലോകങ്ങൾ.
1. അഷ്ടഗയാശ്രാദ്ധാനാം വിവരണമിഹകര്‍ത്തുമാരഭേ ക്രമശഃ യദബോധാദബുധാനാ മാകുലതാമേതി ഹന്തചേതോപി.

2. പ്രഥമം തത്വജ്ഞാത്വാ കര്‍മ്മതതഃ പ്രാരഭേത ശാസ്ത്രോക്തം മനസസ്തുദാപ്രസാദഃ കര്‍മ്മചഫലവത് കൃതം ഭവേന്നൃണാം.

8. അഷ്ടഗയാപഞ്ചദിനൈ ന്നിര്‍വ്വോഢും ശക്യതേ യഥാവദിഹ ബഹുദൂരയാനഖേദാ ദ്യസഹിഷ്ണുനാന്തു സാഷ്ട്രഭിഃ പ്രോക്താ.

5. തത്രപ്രഥമം ഫൽഗു ശ്രാദ്ധം പ്രോക്തം പിതൃപ്രസ ദകരം പ്രഥമേദിവസേ പശ്ചാ ദ്വിജ്ഞേയം പഞ്ചതീത്ഥപിണ്ഡംച

5. പഞ്ചാനാം തീര്‍ത്ഥാനാം തേഷാം ഭേദാനപീഹ വിവൃണോമി ഉത്തരമാനസകം പ്രഖ്യാതം തീര്‍ത്ഥമാദിമം പ്രോക്തം

6. തദനൂദിചിതീര്‍ത്ഥം കനഖലതീർത്ഥം തൃതീയമാഖ്യാതം ദക്ഷിണമാനസമപരം ജിഹ്വാലോലം ചപഞ്ചമംഗദിതം.

7. ഏവം ഷള്‍സ്ഥാനാനി പ്രഥമേഹനിപിണ്ഡദാനയോഗ്യാനി ഏകോത്തരം കുലാനാം ശതമത്രശ്രാദ്ധദാതുരുദ്ധരതി.

8. വിവൃണോമൃഥദ്വിതീയെ ഹനികാര്യം ശ്രാദ്ധമത്രസംക്ഷിപ്യ ശ്രിബ്രഹ്മകുണ്ഡതീർത്ഥേ പ്രഖ്യാതെ പ്രേതപർവ്വതേ ചതഥാ.

9. പശ്ചാത്തു രാമതീര്‍ത്ഥേ തദനു ശ്രീരാമപര്‍വതേ ച തഥാ കൃത്വാശ്രാദ്ധം വിധിവ ന്നരകാദഖിലാൻ സമുദ്ധരന്തി പിതൃൻ.

10. അത്രതു വിഷ്ണുയംസ്യാ ദേതൽ ശ്രി പ്രതപർവ്വതം പ ശ്ചാൽ ശ്രീരാമതീർത്ഥമപിഷൾ ഘടിക: ദൂരേപരം വിരാജതേ.

11. അഹര്‍നി തൃതിയേ പശ്ചാൽ കർത്തവ്യം ശ്രാദ്ധമത്രവിവൃണോമി പ്രഥമം ധര്‍മ്മാരണ്യ പ്രയാണമതിപുണ്യദാധാനം.

12. പശ്ചാന്മതം ഗവാപി തീത്ഥം ശ്രീയൂപകൂപതീര്‍ത്ഥം ച ബോധിഗയാതീര്‍ത്ഥാസ്യാ ത്തുരിയമത്രപ്രശസ്തമുദ്ദിഷ്ടം.

13. ബ്രഹ്മസരോവരതീര്‍ത്ഥം കാകബലിഞ്ചേതി ഷൾപ്രശസ്താനി ശ്രാദ്ധസ്ഥാനാനി നൃണാം സ്വകുലോദ്ധരണാതിസക്ത ചിത്താനാം.

14. തദനുതുരീയേ ദിവസേ കര്‍ത്തവ്യം ശ്രാദ്ധമുദ്ദിശാമ്യഖിലം തത്രാഷ്ടാദശപാദാൻ ശ്രാദ്ധസ്ഥാനാനി നിര്‍ദ്ദിശന്തി ബുധാഃ.

15. ആദൌ തു തദ്രപാലഃ പശ്ചാത്തു ബ്രഹ്മപാദഉദ്ദിഷ്ടഃ ശ്രീകാർത്തികേയപാദശ്ചാഹവനീയാഗ്നിപാദ ആഖ്യാതഃ

16. പശ്ചാത്തു ഗാര്‍ഹപത്യാഗ്നി സുപാദോന്യഃ പിതൃപ്രസാദകരം അഥ ദക്ഷിണാഗ്നിപാദോ വിഖ്യാതൌ സൂര്യചന്ദ്രപാദൌ ച.

17. ശ്രീമൽ ഗണേശപാദഃ പശ്ചാത്സഭ്യാഗ്നിപാദ ഇതി ബോദ്ധ്യം അവസഥ്യാഗ്നിസുപാദൌ ദധീചിപാദശ്ച കണ്ഡ്വപാദോപി.

18. പശ്ചാന്മതംഗപാദഃ ശ്രാദ്ധാര്‍ഹഃ ക്രൌഞ്ചപാദ ഏവാന്യഃ ദേവേന്ദ്രപാദ ആരാ ദഗസ്ത്യപാദസ്തതഃ പരം പ്രോക്തഃ.

19. കാശ്യപപാദ ഇതീഹ പ്രോക്താന്യഷ്ടാദശ പ്രശസ്താനി ശ്രാദ്ധസ്ഥനാനി നൃണാം സല്ലോമുക്തിപ്രദാനികുലജാനാം.

20. അഥപഞ്ചമേദിനേ യൽ കര്‍ത്തവ്യം ശ്രാദ്ധമത്ര തമപിമയാ സൽകർമ്മാസക്തധിയാം വിശദീക്രിയതേ പ്രസാദലാഭായ.

21. രാമഗയാതീര്‍ത്ഥം തന്മധുസ്രവം തീര്‍ത്ഥമപ്തഃ പ്രോക്തം പാശ്ചാതൃതീയമേതൽ ഗയാശിരസ്തീര്‍ത്ഥമാമി ശന്തി ബുധാഃ.

22. കൂപഗയാതീര്‍ത്ഥമഥ പ്രോക്തം ശ്രീമുണ്ഡപൃഷ്ഠതീര്‍ത്ഥമപി ആദിഗദാധരതീര്‍ത്ഥം ഷഷ്ഠമിദം ധൗതപാദതീര്‍ത്ഥഞ്ച.

28. ഭീമഗയാതീര്‍ത്ഥമഥ പ്രഖ്യാതം ഗോപ്രചാരതീര്‍ത്ഥമപി രുഗ്മിണ്യാസ്തീര്‍ത്ഥമിദം തദനുഗദാലോല തീര്‍ത്ഥമാഖ്യാതം.

24. വൈതരണിതീർത്ഥമിതി ദ്വാദശതീര്‍ത്ഥാനി പാവനാന്യത്ര അക്ഷയവടസ്തതസ്സ്യാൽ ശ്രാദ്ധസ്ഥാനം ഗയാമഹാക്ഷേത്രേ.

25. അഷ്ടഗയാശ്രാദ്ധസ്യ സ്ഥാനാസൃതാനി നിര്‍ദ്ദിശന്തിബുധാഃ ശ്രാദ്ധാനന്തരമാശീര്‍വാദസ്സുഫല പ്രതിഗ്രഹശ്ചമതഃ.

26. പഞ്ചഗയാശ്രാദ്ധസ്യ സ്ഥാനമതഃ പ്രോച്യതേ മയാവിശദം ഫൽഗുന്യംഭഃശ്രാദ്ധം പ്രഥമം ശ്രീവിഷ്ണുപാദയോശ്ച പുനഃ.

27. അക്ഷയവടേ തൃതീയേ ഹനി കുര്യാചശ്രാദ്ധ മത്ര മുക്തികരം പഞ്ചഗയാശ്രാദ്ധാന്തേ പ്യാശീര്‍വാദം ദദാതി സുഫലം ച.

28. ഏകോദ്ദിഷ്ടശ്രാദ്ധം കർത്തവ്യം വിഷ്ണുപാദയൊരേവ ത്രിവിധാനാം ശ്രാദ്ധാനാം സ്ഥാനാന്യേതാനി തത്ര വിഹിതാനി.

29. പ്രായണൈതാന്യേവ ശ്രാദ്ധാനിത്രീണിതത്ര കുര്‍വന്തി അഷ്ടഗയാ പഞ്ചഗയാ ചൈകോദ്ദിഷ്ടം പ്രശസ്തമുദ്ദിഷ്ടം.

30. ശ്രീമൽഗയാമഹത്വം പ്രഖ്യാതം കിഞ്ചിദത്ര വിവൃണോമി വിജ്ഞായയുന്നരാണാം ശ്രാദ്ധശ്രദ്ധാഭിവൃദ്ധിമുപയാതി.

ഇപ്രകാരം ഈ ശ്രാദ്ധപ്രകരണത്തെ വിവരിച്ചതിന്റെശേഷം ഈ ഗയാക്ഷേത്രത്തിന് ഇത്ര നിരതിശയമായ പാവനത്വം സിദ്ധിപ്പാനുള്ള കാരണം ഇന്നതായിരിക്കുമെന്നു പറയുന്നതിൽ ജനങ്ങൾക്ക് അഭിലാഷം ഉണ്ടാകാനിടയുള്ളതാകകൊണ്ട് അതിനെയും അല്പം സംക്ഷേപിച്ചു താഴെ വിവരിക്കാം.

55. പണ്ട് ശ്വേതവരാഹകല്പത്തിൽ ബ്രഹ്മാവു സ്ഥാവരജംഗമാത്മകമായ പ്രപഞ്ചത്തെ സൃഷ്ടിയ്ക്കുന്ന സമയം അസുരവകുപ്പിൽ പെട്ടവനായ ഗയാസുരനാകട്ടെ, സാധാരണ അസുരന്മാരെപ്പോലെ താമസഗുണവര്‍ത്തിയായിത്തീരാതെ പരിശുദ്ധ സാത്വികനായിത്തീര്‍ന്നതുകൊണ്ട് ഈ ഗയക്കു സമീപമുള്ള കോലാഹലഗിരിയിൽ ചെന്ന് ഉച്ഛ്വാസനിച്ഛ്വാസങ്ങളെ അടക്കി തപസ്സു ചെയ്തുംകൊണ്ടിരിയ്ക്കുന്ന മദ്ധ്യത്തിൽ ബ്രഹ്മാവിഷ്ണുമഹേശ്വരാദികളായ സകല ദേവകളും ആ ഗയാസുരന്റെ മുമ്പിൽ പ്രത്യക്ഷമായി ഭവിക്കുകയും അവന്റെ അഭീഷ്ടപ്രകാരം അവന്റെ ദേഹത്തിനു ലോകത്തിലുള്ള സകല തീർത്ഥങ്ങളിലും പുണ്യസ്ഥലങ്ങളിലും വെച്ചു പാവനത്വം ഉണ്ടായിരിയ്ക്കുമെന്നു വരത്തെ കൊടുക്കുകയും ചെയ്തു. അതിന്റെ ശേഷം ഈ ഗയാസുരൻ പരമപാവനശരീരനായി ഭവിച്ചു ലോകങ്ങളിൽ സഞ്ചരിയ്ക്കുന്ന സമയം ഈ ഗയാസുരനെ സ്പര്‍ശിക്കുകയൊ മറ്റൊ ചെയ്യുന്ന സകല ജീവജാലങ്ങളും സംസാരബന്ധത്തിൽനിന്നു മോചനത്തെ പ്രാപിച്ചു തുടങ്ങിയപ്പോൾ യമധര്‍മ്മരാജാവിന്റെ സംയമിനീ പുരിയിൽ ജനങ്ങൾ വളരെ കുറഞ്ഞുകാണുകയാൽ യമധർമ്മരാജാവു ബ്രഹ്മലോകത്തിൽ ചെന്നു ബ്രഹ്മാവിനോടു സങ്കടം പറയുകയും അപ്പോൾ തന്നെ സകല ദേവകളോടുകൂടി വൈകുണ്ഠത്തിൽ ചെല്ലുകയും ഈ വിവരം മഹാവിഷ്ണുവിനെ ബോധിപ്പിയ്ക്കുകയും ചെയ്ത സമയം വിഷ്ണുപ്രമുഖന്മാരായ സകല ദേവകളും കൂടി ചില ഉപായങ്ങളെ ആലോചിച്ച് ഉടനെ ഗയാസുരന്റെ അടുക്കൽ ചെന്നു ബ്രഹ്മാവിന്നു യാഗത്തിന്നു വേണ്ടി അതി പാവനമായ അങ്ങേടെ ശരീരത്തെ തരേണമെന്ന് അപേക്ഷിച്ചതായും, അതിനെ ഗയാസുരൻ സന്തോഷപൂർവ്വം അംഗികരിച്ചു യാഗത്തിന്നായ്ക്കൊണ്ടു തന്റെ ശരീരത്തെ കൊടുത്തതായും, ബ്രാഹ്മവു ഗയാസുരന്റെ ശരീരത്തിന്മേൽ യാഗം ചെയ്തതായും, പിന്നെയും ഗയാസുരന്റെ ശരീരം ചലിയ്ക്കുന്നതായി കണ്ടപ്പോൾ ഇനി ഇളകാതെ ഇരിപ്പാൻ വേണ്ടി അതിപാവനയായ ഗായത്രിശിലയെ കൂടി ശിരസ്സിൽ ഇട്ടു ഗദാധരമൂർത്തിയായ മാഹാവിഷ്ണുപാദങ്ങളെക്കൊണ്ടു ചവിട്ടി അമര്‍ത്ത് ഇളകാത്ത നിലയിൽ ആക്കിയതിന്നു ശേഷം ഗയാസുരൻ വ്യസനിച്ച് 'അല്ലയോ ദേവന്മാരേ! നിങ്ങൾ എന്തിനായ്ക്കൊണ്ട് എന്നെ ഇപ്രകാരം ചെയ്യുന്നു. നിങ്ങളുടെ ഇഷ്ടത്തെ സാധിപ്പി

പ്പാൻ ഞാൻ ഒരുക്കമാണല്ലൊ. ഞാൻ ചലിക്കാതെ ഇപ്രകാരം തന്നെ കിടക്കേണമെങ്കിൽ ലോകത്തിലുള്ള സകല തീർത്ഥങ്ങളിലും വെച്ച് ഈ സ്ഥലം എന്നെന്നേയ്ക്കും അത്യുൽകൃഷ്ടമായിത്തീരണം. ഈ സ്ഥലത്തു വന്നു ശ്രാദ്ധാദികളെ ചെയ്യുന്നവര്‍ക്ക് ഊര്‍ദ്ധ്വഗതി ഉണ്ടായിരിയ്ക്കേണം. എന്റെ പേർ എന്നെന്നും നിലനില്ക്കണം. വിഷ്ണു മുതലായ സകല ദേവകളുടേയും സാന്നിദ്ധ്യം എന്നും ഉണ്ടായിരിക്കേണം' എന്നും മറ്റും വരങ്ങളെ പ്രാര്‍ത്ഥിച്ചതായും, അങ്ങിനെതന്നെ എന്നു വിഷ്ണു മുതലായ ദേവകൾ സമ്മതിച്ചു വരം കൊടുത്തതിന്റെ ശേഷം ഈ സ്ഥലത്തിന്നു ഗയാ എന്ന പേർ സിദ്ധിച്ച് അത്യുൽകൃഷ്ടമായി തീർന്നതായും മറ്റും ചരിത്രങ്ങൾ ഗയാമാഹാത്മ്യത്തിൽ വിശദമായി വര്‍ണ്ണിച്ചിരിയ്ക്കുന്നു. ഈ ഗയയെപ്പറ്റി മഹാഭാരതം ആരണ്യപർവ്വത്തിൽ 87-ാം അദ്ധ്യായത്തിൽ പറഞ്ഞിട്ടുള്ള ചില ശ്ലോകങ്ങളെ താഴെ ചേര്‍ക്കുന്നു.

1. ഏഷ്ടവ്യാബഹവഃ പുത്രാ യദ്യേകോപി ഗയാം വ്രജൽ യദേതവാശ്വമേധേന നീലംവാ വൃഷമുൽസൃജേല്‍

2. ഉത്താരയതി സന്തത്യാ ദശപൂര്‍വ്വാൻ ദശാപരാൻ
മഹാനദീച തത്രെവ കഥാ ഗയശിരോ നൃപ.

3. യത്രാസൌകീര്‍ത്ത്യതേ വിപ്രൈ രക്ഷയ്യകരണോവടഃ
യത്രദത്തം പിതൃഭ്യോന്ന മക്ഷയ്യം ഭവതിപ്രഭോ.

4. സാചപുണ്യജലാ തത്ര ഫൽഗുനാമാ മഹാനദീ
ബഹുമൂലഫലാചാപി കൌശികീ ഭരതര്‍ഷഭ,

1. ജീവതോര്‍വ്വാക്യകരണാൽ പ്രത്യബ്ദം ഭൂരിഭോജനാൽ
ഗയായാം പിണ്ഡദാനാച്ച ത്രിഭിഃ പുത്രസ്യപുത്രതാ.

ഇപ്രകാരം മഹാഭാരതാദിപുരാണവര്‍ണ്ണ്യമാനമായും മഗധദേശാലങ്കാരമായുമിരിയ്ക്കുന്ന ഗയാ ക്ഷേത്രത്തിൽ കന്നിമാസം 28-ാം൲ പകൽ മൂന്നു മണി വരെയ്ക്കും താമസിച്ചു. ഗയാപാളി നനകുപോപാദ്ധ്യായനോടു യാത്രപറഞ്ഞു ആശീർവ്വാദവും, സുഫലവും വാങ്ങി പുറപ്പെട്ടു പകൽ അഞ്ചുമണിയോടുകൂടി ശ്രീകാശിക്കുതന്നെ ടിക്കറ്റു വാങ്ങി തീവണ്ടി കയറി.

ശ്രീകാശി

അതിന്റെ ശേഷം 29-ാം൲ രാവിലെ ശ്രീകാശിയിൽ തന്നെ മടങ്ങി എത്തി. അവിടെ പ്രതിദിനം സ്നാനം, ദര്‍ശനം മുതലായതു ചെയ്തു കൊണ്ടു 71 തുലാം 5-ാം൲ വരെക്കും സുഖമായി താമസിച്ചു. 5-ാം൲ വൈകുന്നേരം അയോദ്ധ്യാ, മധുരാ, വൃന്ദാവനം മുതലായ പുണ്യക്ഷേത്രദർശനത്തിന്നായി പുറപ്പെട്ടു രാത്രി 11 മണിക്ക് അയോദ്ധ്യക്കു തീവണ്ടി കയറി.

അയോദ്ധ്യാ.

6-ാം൲ പുലർച്ചെ ആറര മണിയ്ക്കു അയോദ്ധ്യാ സ്റ്റേഷനിൽ ചെന്നിറങ്ങി. ആ സ്റ്റേഷനിൽ ഹാജരുണ്ടായിരുന്ന അനേകം അയോദ്ധ്യാപണ്ടാക്കന്മാരിൽവെച്ചു അതിപ്രസിദ്ധനും, ധനികനും, മുൻസിപ്പാൽ കൌൺസിലരും, അയോദ്ധ്യാരാജാവിന്റെ ഉപാദ്ധ്യായനുമായ രാമപ്രസാദപണ്ടാവിന്റെ കായ്യസ്ഥനായ രാമരത്നം എന്ന ബ്ര ഹ്മണനെ കാണുകയും അദ്ദേഹം ക്ഷണിക്കുകയും ചെയ്തതിനാൽ അദ്ദേഹത്തോടുകൂടി സ്റ്റേഷനിൽനിന്ന് ഒന്നര മയി ത്സ് ദൂരമുള്ള അയോദ്ധ്യാപട്ടണത്തിലേക്കു കുതിരവണ്ടി കയറി പുറപ്പെട്ടുചെന്ന് അവിടെ സരയൂനദിക്കു എത്രയും സമീപത്തിൽ അതി വിശാലമായ ഒരു ബങ്കളാവ് ഒഴിച്ചുതന്നതിൽ സാമാനങ്ങളെല്ലാം ഇറക്കിവെച്ച് ഉടനെ രാമപ്രസാദപണ്ടാവിനെ കണ്ടു കുശലപ്രശ്നപുരസ്സരമായി സരസസംഭാഷണം ചെയ്തതിനുശേഷം ഒമ്പതുമണിയോടുകൂടി സ്നാനത്തിന്നായി സരയൂതീരത്തിൽ ചെന്ന് സരയൂനദിയെ വന്ദിച്ചു സങ്കല്പപൂർവ്വകും സ്നാനം ചെയ്തതിന്നു ശേഷം

ശ്ലോകം- അയോദ്ധ്യാമധുരാമായാകാശീകാഞ്ചീഹ്യവന്തികാ
പുരീദ്വാരവതിചൈവ സപ്തൈതാമോക്ഷദായിക

എന്ന പ്രമാണപ്രകാരം പ്രസിദ്ധപ്പെട്ട സപ്തപുരികളിൽ വെച്ച് ഒന്നാമത്തേതായ അയോദ്ധ്യയിൽ ചെയ്യേണ്ടതായ ശ്രാദ്ധത്തേയും തൽക്കാലം ഏതാനും ചില ദർശനത്തെയും ചെയ്ത് മൂന്നുമണിയോടുകൂടി വാസഗൃഹത്തിൽ വന്നു ഭക്ഷണം കഴിച്ചു ഉടനെ ഹനൂമൽക്ഷേത്രം മുതലായ പലേ ക്ഷേത്രങ്ങളിലും ദർശനത്തിന്നായ്ക്കൊണ്ട് പുറപ്പെട്ടു. ഒന്നാമത് ഇവിടെ പ്രധാനമായ ഹനൂമൽ ക്ഷേത്രത്തിൽചെന്നു ദർശനം കഴിച്ചു, അവിടെ കുറേനേരം പുരാണവായന കേട്ടുംകൊണ്ടിരുന്നു. അവിടെനിന്നും പുറപ്പെട്ടു സമീപമുള്ള അതിവിചിത്രമായ ശ്രീരാമക്ഷേത്രത്തിലും, ശ്രീരാമസ്വാമിയുടെ ജന്മഭൂമിയായ ക്ഷേത്രത്തിലും, രാവണവധാനന്തരം എഴുനെള്ളിയിരുന്ന സ്ഥലത്തു ഉണ്ടാക്കപ്പെട്ടിട്ടുള്ള ക്ഷേത്രത്തിലും സീതാസ്വയംവരം കഴിഞ്ഞുവന്ന ഉടനെ സീതയോടുകൂടി വസിപ്പാനായി ഉണ്ടാക്കിക്കൊടുത്തിട്ടുള്ള കെട്ടിടത്തിലും മറ്റും ക്രമേണ ദർശനം ചെയ്ത് സന്ധ്യയ്ക്കുമുമ്പായി അയോദ്ധ്യാരാജാവിന്റെ രാജധാനിയിൽ ചെന്നു. ദൈവഭക്തനും, വിശിഷ്ടനും, വിദ്വാനുമായ അയോദ്ധ്യാരാജാവിനെകണ്ടു സംഭാഷണം ചെയ്തു. നാലുദിവസമെങ്കിലും രാജധാനിയിൽ താമസിക്കേണമെന്നും മറ്റും മഹാരാജാവ് വളരെ നിർബ്ബന്ധിച്ചു എങ്കിലും ഹരിദ്വാരത്തിൽപോയി വരുന്ന മടക്കത്തിൽ വന്നു താമസിച്ചുകൊള്ളാമെന്നു എടത്രാപ്പാടുതമ്പുരാൻ തിരുമനസ്സുകൊണ്ടു സമാധാനം പറഞ്ഞതിന്നുശേഷം രാജധാനി മുഴുവനും കാണ്മാനായി ആരംഭിയ്ക്കുകയും രാത്രി ഒമ്പതുമണിവരെ പ്രധാനപ്പെട്ട ചില സ്ഥലങ്ങളെ മാത്രം കാണുകയും ചെയ്തു. അതിൽ ഒന്നാമതു ശയനഗൃഹത്തിൽ മുഴുവനും വെള്ളികൊണ്ട് ഉണ്ടാക്കപ്പെട്ടതും വിചിത്രവേലകൾ ഉള്ളതും ആയ രണ്ടു സോഫകളും അതുപ്രകാരംതന്നെ നാലു സിംഹാസനങ്ങളും മറ്റും വിചിത്രപദാർത്ഥങ്ങളെയും കണ്ടതിന്നുശേഷം മഹാരാജാവിന്റെ ദൈവപൂജാ ഗൃഹത്തിൽ ചെന്നു ദർശനം കഴിയ്ക്കുകയും സ്വാമി സന്നിധിയിൽവെച്ചു പ്രതിദിനം നടന്നുവരുന്ന രാസലീല എന്ന നാടകത്തെ കാ

ണുകയും ചെയ്തു. അവിടെനിന്നു സ്നേഹിതന്മാരോടു യാത്ര പറഞ്ഞുപോന്നു സ്വഗൃഹത്തിൽതന്നെ വന്നു പലഹാരം കഴിച്ചു രാമപ്രസാദപണ്ടാവിനെ കണ്ട് കാണപ്പുടവ മുതലായ സംഭാവനകളെ കൊടുത്തു അദ്ദേഹത്തോടു സുഫലവും വാങ്ങി യാത്രപിരിഞ്ഞു ബങ്കളാവിൽ തന്നെ വന്നു രാത്രി ഉറങ്ങി. ഈ അയോദ്ധ്യാനഗരം പൂർവ്വകാലത്തിൽ വൈവസ്വതമനുവിനാൽ നിമ്മിയ്ക്കപ്പെട്ടതാണന്നു ചില ശാസനപത്രങ്ങളാലും കാണുന്നുണ്ട്. മഹാവിഷ്ണുവിന്റെ അംശമായ സാക്ഷാൽ ശ്രീരാമസ്വാമി അവതരിച്ചതും, ബാലലീലകളെ ചെയ്തതും, രാവണാദി ദുഷ്ടവധാനന്തരം പന്തീരായിരം സംവത്സരം വരെയ്ക്കും രാജ്യഭാരം ചെയ്തുവന്നതും, പിന്നെ രാജ്യഭാരം പുത്രന്മാരെ ഏല്പിച്ചു ഭരതാദി സഹോദരന്മാരോടും ഭക്തന്മാരോടുംകൂടി സരയൂനദിയിൽ ഇറങ്ങി വൈകുണ്ഠം പ്രാപിച്ചതും മറ്റും ഈ അയോദ്ധ്യാനഗരത്തിൽവെച്ചുതന്നെയാണ് ഉണ്ടായിരിയ്ക്കുന്നത്. അന്നു ഒടുവിൽ സ്വർഗ്ഗാരോഹണം ചെയ്ത സരയൂ ഘട്ടത്തിന്നു ഇന്നും സ്വർഗ്ഗഘാട്ട് എന്ന പേരു വിളിച്ചുവരുന്നു. ശ്രീരാമൻ സ്വർഗ്ഗാരോഹണാനന്തരം ആ വംശത്തിൽ ചേർന്ന ൮൫ രാജാക്കന്മാർ ഈ അയോദ്ധ്യാപുരിയിൽ വാണതായും തദ്ദേശവാസികൾ പറഞ്ഞു വരുന്നു. ഈ നഗരം ൧൮൦൧-ാമതു ഇഗ്ലിഷുസംവത്സരത്തിൽ ഈസ്റ്റ് ഇന്ത്യാകൊമ്പനിയാർക്കു കൈവശപ്പെട്ടു. ൧൮൫൬-ാമതു വിപ്രവരിമാസത്തിൽ ബ്രിട്ടിഷുഗവർമ്മേണ്ടിന്നു അധീനമായി. ഇപ്രകാരമുള്ള ഈ അയോദ്ധ്യാ 24000 ചതുരശ്രമൈത്സ്

വിസ്തീർണ്ണമായി പരന്നുകിടക്കുന്നതും, 297000-ത്തോളം ജനങ്ങൾ അധിവസിച്ചുവരുന്നതുമാകുന്നു. ഇവിടെ നെല്ല്, ചോളം, കരിമ്പു, നീലി, കൊയ്യാപ്പഴം, ഇലന്തപ്പഴം, ഊർമ്മാമ്പഴം, പരുത്തി, പുകയില മുതലായ കൃഷികൾ സാധാരണ നടത്തിവരുന്നു. സരയൂതീരത്തിൽ കരിങ്കല്ലുകൊണ്ടു വിശേഷമായി കെട്ടപ്പെട്ട അനേകം ഘട്ടങ്ങളുമുണ്ട്. രാമഘാട്ട്, വസിഷ്ഠഘാട്ട്, നാരദഘാട്ട്, സ്വർഗ്ഗഘാട്ട് ഇങ്ങിനെ പല ഘട്ടങ്ങളുള്ളതിൽ ശ്രീരാമസ്വാമി സകല പ്രജകളോടുകൂടി സ്വർഗ്ഗാരോഹണം ചെയ്ത ഘാട്ടിന്നാണ് സ്വർഗ്ഗാഘാട്ട് എന്നു പേരുപറഞ്ഞുവരുന്നത്. ഈ ഘട്ടത്തിലാണ് ശ്രാദ്ധം ചെയ്യേണ്ടത്, ഞങ്ങൾ ഇവിടെതന്നെയാണ് ശ്രാദ്ധം ചെയ്തതും. യാത്രക്കാര് ഇത്രയും മഹിമയുള്ള അയോദ്ധ്യയെ ചെന്നു കാണാതെ മടങ്ങരുതെന്നുകൂടി പറഞ്ഞുകൊണ്ടു ഈ പ്രസ്താവനയെ അവസാനിപ്പിയ്ക്കുന്നു.

ലക്ഷ്മണപുരം (ലഖ്ണൂർ)

56. അതിനുശേഷം 7-ാ൦൲ പുലച്ചെ 5 മണിയോടുകൂടി അയോദ്ധ്യാസ്റ്റേഷനിൽ നിന്നു തീവണ്ടി കയറി. 11 മണിയ്ക്കു ലക്ഷ്മണപുരമെന്ന പട്ടണത്തിൽ ഉള്ള അതിവിശാലമായ സ്റ്റേഷനിൽ ഇറങ്ങി. ഈ പട്ടണം പണ്ടു ലക്ഷ്മനാൽ നി൲മ്മിയ്ക്കപ്പെട്ടതാകകൊണ്ടു ഇന്നും ലഖ്‌ണൂർ എന്ന പേരുപറഞ്ഞുവരുന്നു. ഈ നഗരം വിശാലമായിട്ടുള്ള

തും, അധികം ജനങ്ങളും, യൂറോപ്യന്മാരും, സോൾജർപട്ടാളക്കാരും അധിവസിച്ചുവരുന്നതും ആയ ഒരു സ്ഥലമാകുന്നു. സ്റ്റേഷനിൽനിന്നു പട്ടണം അര, മുക്കാൽ മയിത്സ് സമീപത്തിലാണ്. കുതിരവണ്ടി ധാരാളം കിട്ടും. തീവണ്ടി സ്റ്റേഷൻ വളരെ ഭംഗിയുള്ളതാണ്. ഇവിടെ കുഴൽവെള്ളം ധാരാളമായി നടക്കുന്നുണ്ട്. സ്റ്റേഷനിൽ തീവണ്ടി എത്തുന്ന സമയം മറ്റൊരേടത്തും കാണാത്തതായ പലേതരം പഴങ്ങളും വിചിത്രങ്ങളായ അനേകപദാർത്ഥങ്ങളും വില്പാൻ കൊണ്ടുവരുന്നുണ്ട്. ഈ സ്റ്റേഷനിൽനിന്നു ഉടനെ പട്ടണത്തിലേയ്ക്കു പോയി ഒരു ഗൃഹം വാടകയ്ക്കു വാങ്ങി. അവിടെനിന്നു സ്നാനം, ഭക്ഷണം മുതലായതു കഴിച്ചു പക ൽ മൂന്നുമണിയ്ക്കുതന്നെ സ്റ്റേഷനിൽ ചെന്നു. ഉടനെ ഹരിദ്വാരത്തിലേയ്ക്കു ടിക്കറ്റു വാങ്ങി നാലുമണിയോടുകൂടി തീവണ്ടി കയറി പോകയും ചെയ്തു. ഇവിടെ അധികം താമസിപ്പാൻ സമയമില്ലാതിരുന്നതുകൊണ്ടു പട്ടണത്തിന്റെ സ്വഭാവം മുഴുവനും കണ്ടറിവാൻ സാധിച്ചില്ലാ. എങ്കിലും അല്പമായ സഞ്ചാരംകൊണ്ട് ഈ പട്ടണം കുറെ പ്രബലപ്പെട്ടതാണെന്നു മനസ്സിലാക്കുവാൻ സാധിച്ചു. എന്നാൽ പുണ്യക്ഷേത്രങ്ങളും മറ്റും സമീപത്തിലില്ലാത്തതുകൊണ്ടു തീര്‍ത്ഥയാത്രക്കാര്‍ക്കു അത്ര സുഖപ്രദമായി തോന്നിയില്ല. ഇത്രമാത്രം പറഞ്ഞു ലക്ഷ്മണപുരചരിത്രത്തെ ഇവിടെ അവസാനിപ്പിയ്ക്കുന്നു.

ഹരിദ്വാരം

57. പിറെറന്നു 8-ാ൦൲ ബുധനാഴ്ച രാവിലെ 6 മണിയ്ക്കു പുണ്യസ്ഥലമായ ഹരിദ്വാരം സ്റ്റേഷനിൽ ചെന്നിറങ്ങി. ഉടനെതന്നെ കുതിരവണ്ടിപിടിച്ചു സ്റ്റേഷനിൽനിന്നു ഒരു മയിത്സ് സമീപമുള്ള ഹരിദ്വാരപട്ടണത്തിലേക്കു ചെന്നു. അവിടെ രാമദാസൻ എന്ന ഒരു ബ്രാഹ്മണനെ കാണുകയും, അദ്ദേഹം തന്റെ വിശാലമായ ഗൃഹത്തിലേയ്ക്കു കൂട്ടിക്കൊണ്ടുപോകയും ചെയ്തു. ഉടനെ സാമാനങ്ങളെല്ലാം അവിടെ എറക്കിവെച്ച അദ്ദേഹത്തിനെ ഉപാധ്യായനായി വരിച്ചു ഹരിദ്വാരത്തിൽ എത്രയും മുഖ്യസ്ഥലമായ ബ്രഹ്മകുണ്ഡത്തിൽ ചെന്നു സങ്കല്പപൂർവ്വകമായി ഗംഗാസ്നാനം, ദർശനം മുതലായതു കഴിച്ചു അന്നു ക്ഷേത്രോപവാസമായി താമസിച്ചു.

58. പിറെറന്നു 9-ാ൦൲ പ്രഭാതകാലത്തിൽ എഴുനീറ്റു ദേഹശുദ്ധി ചെയ്തു ബ്രഹ്മകുണ്ഡഘാട്ടിൽ സ്നാനത്തിനായി ചെന്ന സമയം അവിടെവെച്ചു സ്നാനത്തിന്നായി പരിവാരസമേതം വന്നിരുന്ന കാശിമഹാരാജാവുമായി കണ്ടു സംഭാഷണം ചെയ്തു. തമ്മിൽ പറഞ്ഞുപിരിഞ്ഞ ഉടനെ സ്നാനം ചെയ്തു തീർത്ഥശ്രാദ്ധത്തിനായി ബ്രഹ്മകുണ്ഡത്തിൽ നിന്നു എത്രയും സമീപമായ കുശാവർത്തഘാട്ടിൽ ചെന്നു അവിടെ ശ്രാദ്ധത്തിന്നായി ബ്രാഹ്മണരെ വരിച്ചു യഥാവിധി സങ്കല്പപൂർവ്വകമായി ശ്രാദ്ധം ചെയ്തു. എന്നാൽ ഈ ഹരിദ്വാരത്തിൽ, എത്രയും മുഖ്യസ്ഥലമെന്നു പ്രസിദ്ധമായ ബ്രഹ്മകുണ്ഡഘട്ടത്തേക്കാൾ ഈ കുശവഘട്ടത്തിന്നു ശ്രാദ്ധകർമ്മങ്ങളെ ഉദ്ദേശിച്ചു ഒരു പ്രാശസ്യം സിദ്ധിപ്പാനുള്ള കാരണമെന്തായിരിയ്ക്കുമെന്നുള്ളതിനെക്കൂടി വിവരിയ്ക്കുന്നതു യാത്രക്കാർക്കു ഉപയോഗമായിത്തീരുമെന്നു കരുതി അതിനെ താഴെ വിവരിയ്ക്കുന്നു:....

59. പണ്ടു ഈ കുശാവർത്തമെന്ന സ്ഥലം ഗംഗാതീരത്തിൽ ഒരു തപോവനമായിരുന്നു. ഈ തപോവനത്തിൽ ദത്താത്രേയമഹർഷി തപസ്സു ചെയ്തുകൊണ്ടിരിയ്ക്കുന്ന മദ്ധ്യത്തിൽ ഭഗീരഥപ്രാർത്ഥനയാൽ ഭൂലോകത്തിലേയ്ക്കു അവതരിച്ചു സാടോപമായി പ്രവഹിച്ചുവരുന്ന ഗംഗാദേവി ഈ മഹാമുനിയുടെ തഃപാവനത്തിൽ കൂടി പ്രവഹിച്ചു മഹർഷിയുടെ ചമ്മാംബരം, ദർഭാസനം, കമണ്ഡലു, കുശ മുതലായതുകളെകൂടി പ്രവാഹബലംകൊണ്ടു കൊണ്ടുപോകുന്ന സമയം ദത്താത്രേയൻ കോപിച്ചു ഗംഗയ്ക്കു ഭൂലോകത്തിൽ പ്രാശസ്ത്യവും പാവനത്വവും കേവലം ഇല്ലാതെയാക്കിത്തീർക്കുവാൻ ശപിപ്പാനാരംഭിച്ചു. ആ സമയം വിരിഞ്ചാദികളായ സകല ദേവകളും അറിഞ്ഞു സംഭ്രാന്തന്മാരായി ഭവിച്ചു. ഉടനെ ദേവകൾ ദത്താത്രയമഹർഷിയെ പ്രസാദിപ്പിച്ചു തന്നിവൃത്തിയെ വരുത്തുവാൻവേണ്ടി തപോവനത്തിൽ ചെന്ന് 'അല്ലയോ ദത്താത്രേയമഹർഷേ! അങ്ങുന്നു പ്രസാദിയ്ക്കണം. ഭൂലോകത്തിൽ പലതരം വർദ്ധിച്ചുവന്നിരിയ്ക്കുന്ന മഹാപാചികളുടെ പാപനിവൃത്തി വരുത്തി പരിശുദ്ധിയെ ചെയ്യുവാന്‍വേണ്ടി അവതരിച്ചിരിയ്ക്കുന്ന ഭാഗീരഥിദേവിയെ ഭവാൻ ശപിയ്ക്കരുത്. ശപിയ്ക്കുന്നപക്ഷം അതു വലിയ ഒരു കഷ്ടമായിത്തീരുന്നതാണ്'. എന്നും മറ്റും അപേക്ഷിച്ച സമയം ദത്താത്രേയമഹാമുനി കുറെ ശാന്ത കോപനായി ഭവിച്ചു. 'അല്ലയോ ദേവവരന്മാരെ! ഞാൻ ശപിക്കാതെ ഇരിയ്ക്കണമെങ്കിൽ മുത്തുമുക്കോടി ദേവകളും എന്റെ തപോവനമായ കുശാവഘട്ടത്തിൽ എന്നെന്നും സന്നിഹിതന്മാരായിരിയ്ക്കണം. ഇവിടെ ശ്രാദ്ധാദി സൽകർമ്മങ്ങളെ ചെയ്യുന്നവർക്കു ഉടനെ സൽഫലസിദ്ധി ഉണ്ടായി വരണം' എന്നും മറ്റും മഹഷി അരുളിച്ചെയ്തു. ബ്രഹ്മാവും മറ്റുള്ള സകല ദേവകളും സന്തോഷപുരസ്സരം ആ അഭിപ്രായത്തെ സമ്മതിച്ചു. അതിനാൽ ഈ കുശാവഘട്ടത്തിന്നു ഇന്നും ഉൽക്കർഷം നിലനിന്നുവരുവാൻ ഇടയായിത്തീർന്നതാണ്. ബ്രഹ്മകുണ്ഡഘട്ടത്തിന്നു പ്രാശസ്യം സിദ്ധിപ്പാനുള്ള കാരണം ബ്രഹ്മാവ് യാഗംചെയ്തിട്ടുള്ള സ്ഥലമാകയാലാകുന്നു, ഈകഥ സ്ഥലപുരാണത്തിൽ ൧൨-ാമദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നു. ഇപ്രകാരമുള്ള കുശാവർത്തഘട്ടത്തിൽ യഥാവിധി ശ്രാദ്ധം ചെയ്തതിനുശേഷം രണ്ടുമണിയോടുകൂടി അവിടെനിന്നു വാസഗൃഹത്തിലേക്കു മടങ്ങിവന്നു. പിന്നെ ഭക്ഷണം കഴിഞ്ഞ ഉടനെ ഹരിദ്വാരത്തിലെ അഗ്രഹാരങ്ങളും, ഭജാറുകളും, പുണ്യക്ഷേത്രങ്ങളും മറ്റും കാണ്മാനായി പുറപ്പെട്ടു. ഒന്നാമതു വാസഗൃഹത്തിൽനിന്നു അര മയിത്സ് സമീപമുള്ള ഭീമകുണ്ഡത്തിൽ ചെന്നു ദർശനംകഴിച്ചു. ഈ പറഞ്ഞ പ്രദേശം ഒരു പർവ്വത ശിഖരമാണ്. ഇവിടെ തപോനിരതന്മാരായ ചില സന്യാസികൾ അധിവസിച്ചുവരുന്നുണ്ട്. വിജനപ്രദേശവുമാണ്. ഈ ഭീമകുണ്ഡത്തിൽനിന്നു മടങ്ങിപ്പോന്ന് ഭജാറുകളൊക്കെയും കണ്ടു. ഭജാറ് ചെറുതായിരുന്നാലും വളരെ ഭംഗിയുള്ളതാണ്. ഭജാറിലെ മിക്കതും വീഥികളിൽ കരിങ്കല്ല് പാവീട്ടുണ്ട്. പലതരം ഭക്ഷ്യപദാർത്ഥങ്ങളും വണ്ടിയിൽ കയറ്റി വീഥിയിൽക്കൂടി എപ്പോഴും കൊണ്ടുനടന്നു വിറ്റുവരുന്നതായി കണ്ടിരിക്കുന്നു. ഇവിടെ കസ്തൂരിക്കു വില കുറെ സഹായമുണ്ട്. ഉറുപ്പികാത്തൂക്കത്തിന്ന് ഇരുപത്തു നാലു ഉറുപ്പിക കൊടുത്താൽ മേത്തരം കസ്തൂരി കിട്ടും. ഈ വിലക്കു ഒരുറുപ്പികാത്തൂക്കം കസ്തൂരിയും, ശീതകാലത്തിന്ന് ഉപയോഗള്ള പലതരം ശീലത്തരങ്ങളും വാങ്ങി അവിടെനിന്നു വാസഗൃഹത്തിലേക്കുതന്നെ മടങ്ങിപ്പോന്നു. ഈ പ്രദേശത്തിൽ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ കുറയും. ഭജാറ് വളരെ വിസ്താരമുള്ളതല്ല, എങ്കിലും ഉള്ളതിന്നു വളരെ വെടിപ്പും ഭംഗിയുമുണ്ട്. വേണ്ടുന്ന സാമാനങ്ങൾ എല്ലാം കിട്ടും, കരിങ്കൽ കൊണ്ടു നിർമ്മിതങ്ങളായ ഗൃഹങ്ങളാലും, ദുർല്ലഭം രണ്ടും മൂന്നും നിലകളുള്ള പ്രാസാദങ്ങളാലും അലംകൃതമായ ഈ പട്ടണം ഗംഗാതീരത്തിൽത്തന്നെ പ്രകാശിക്കുന്നതാണ്. ബ്രാഹ്മണഗൃഹങ്ങൾ മിക്കതും ഇവിടെനിന്നു രണ്ടു മയി ത്സ്' ദൂരമുള്ള 'കനഖല' എന്ന പുണ്യപ്രദേശത്തിലാണ്. ബ്രാഹ്മണർ പ്രതിദിനവും അവിടെനിന്ന് ഈ ഹരിദ്വാരത്തിൽ വന്നു യാത്രക്കാർക്കു പൌരോഹിത്യകർമ്മത്തെ വേണ്ടതുപോലെ നിവൃത്തിച്ചും അവരവരുടെ അവസ്ഥാനുസരണം വാസസ്ഥലം മുതലായതു സഹായിച്ചുകൊടുത്തും വൈകുന്നേരം കനഖലയ്ക്കുതന്നെ പോകയും ചെയ്തുവരുന്നതു സാധാരണ നടപ്പാകുന്നു. എന്നാൽ യാത്രക്കാർക്കുവേണ്ടിയും മറ്റും ചിലപ്പോൾ ഹരിദ്വാരത്തിലും താമസിക്കുമാറില്ലെന്നു പറവാനും പാടില്ല. ഇവിടെ വാടക കൊടുത്താൽ വലിയ വിശാലഗൃഹങ്ങൾ പാർപ്പാൻ കിട്ടുന്നതാണ്. പുരോഹിതബ്രാഹ്മണർ മിക്കതും താമസിക്കുന്നതും യാത്രക്കാരെ താമസിപ്പിക്കുന്നതും വാടകക്കു വാങ്ങീട്ടുള്ള ഗൃഹങ്ങളില്‍തന്നെ ആയിരിക്കും. ഈ പ്രദേശത്തിൽ സ്ഥിരവാസികളായ ബ്രാഹ്മണര് ദുർല്ലഭമായിട്ടേ ഉണ്ടാവുകയുള്ളു. ക്ഷത്രിയന്മാർ, വൈശ്യന്മാർ, ശൂദ്രന്മാർ സന്യാസികൾ, ഗോവാസികൾ, വൈരാഗികൾ മുതലായി അനേകം തരക്കാർ ഇവിടെ സ്ഥിരമായി വസിച്ചുവരുന്നുണ്ട്. ഇവിടുത്തെ ഗംഗാമാഹാത്മ്യത്തെ വർണ്ണിച്ച് അവസാനിപ്പിക്കുവാൻ ആരാലും അസാദ്ധ്യമാണ്. ഇവിടെ ഗംഗയുടെ ശൈത്യം അതി ദുസ്സഹമാണ്. ഈ ശൈത്യത്തിന്ന് ഒരു മാതിരി ഉദാഹരണത്തെ നാം വിവരിക്കാം: നമ്മുടെ മദിരാശി പട്ടണത്തിൽ സുലഭമായി കിട്ടുന്ന അയിസ് എന്ന പദാർത്ഥത്തിന്നു എത്രത്തോളം ശൈത്യശക്തി കാണപ്പെടുന്നുവോ ആയതു ഹരിദ്വാരത്തിലെ ഗംഗാജലത്തിന്നു സഹജമായിരിയ്ക്കും. ധനു, മകരം ഈ കാലങ്ങളിൽ ശൈത്യാധിക്യത്താൽ ഇതുകൾക്കു പരസ്പരം വർണ്ണിയ്ക്കപ്പെട്ട സാമ്യം വിട്ടുപോകുമെന്നുകൂടി പറയേണ്ടിവന്നിരിയ്ക്കുന്നു. ഇത്രയും ശീതളമായിട്ടുള്ളതാണെങ്കിലും ഈ ഹരിദ്വാരഗംഗയിൽ പ്രഭാതകാലം മുതൽ സന്ധ്യാകാലംവരെക്കും തിക്കിത്തിരക്കാതെ മുങ്ങി കയറിപ്പോരേണമെങ്കിൽ വളരെ പ്രയാസംതന്നെ. എനി ഈ ഗംഗാജലത്തിന്റെ വർണ്ണസാമ്യം നോക്കുന്നതായാൽ പരിശുദ്ധമായ ക്ഷീരത്തെ ഒരുവിധം ഉദാഹരിയ്ക്കാം, എങ്കിലും ഗംഗാജലത്തിന്ന് അധികമായ സ്വച്ഛതയുള്ളതുകൊണ്ടു ക്ഷീരത്തെക്കാൾ ഉൽകൃഷ്ടമായിത്തന്നെ വർണ്ണിക്കേണ്ടിവരുമെന്നു തോന്നുന്നു. എന്തിനു വളരെ പറയുന്നു. പ്രൌഢന്മാരായ കാമുകന്മാർ അതിസുന്ദരിയായ ഒരു തരുണിയെ കാണുന്ന സമയം ഏതുപ്രകാരം തദനുരക്തഹൃദയന്മാരായി ഭവിക്കുമൊ അതുപ്രകാരം ഈ ഗംഗാപ്രവാഹഭംഗിയെ കാണുന്നവർ ഭൂമിച്ചുപോകുമെന്ന സംഗതി നിസ്സംശയമായി ഇവിടെ പറഞ്ഞുകൊള്ളുന്നു. ഈ നദീരൂപിണിയായി പ്രവഹിക്കുന്ന ഗംഗയ്ക്ക് ഇത്രയും സൌന്ദര്യമുള്ള പക്ഷം മൂർത്തിമതിയായ സാക്ഷാൽ ഗംഗാദേവിയ്ക്ക് എത്ര സൌഭാഗ്യമുണ്ടായിരിയ്ക്കണം. പണ്ടു ശന്തനുമഹാരാജാവു ഗംഗാദേവിയെ കണ്ടു ഭ്രമിച്ചതിന്നു കാരണം മറ്റൊന്നുമല്ലെന്നു തീർച്ചയാണ്. ഈ ഗംഗയുടെ ഉഭയതീരങ്ങളും വിശാലശാഖികളെക്കൊണ്ടു നിറയപ്പെട്ട അതി മനോഹരങ്ങളായിരിക്കുന്നു. ഒരു വക ശാഖാമൃഗക്കൂട്ടങ്ങൾ തീരവൃക്ഷങ്ങളിലേറി സഞ്ചരിയ്ക്കുന്ന സമയം നിർമ്മലമായ ജലത്തിൽ പ്രതിഫലിക്കയാൽ ഈ പ്രദേശത്തിലുള്ള വാനരന്മാർകൂടി ഭക്തിയോടെ ഗംഗാജലത്തിൽ സ്നാനം ചെയ്തു വിഹരിക്കുന്നുവൊ എന്നു ജനങ്ങൾക്കു തോന്നിപ്പോകും. ഇപ്രകാരമുള്ള ഈ ഗംഗയുടെ അക്കരയിൽ അത്യുന്നതങ്ങളായ പവ്വതങ്ങളും കാണാവുന്നതാണ്. പണ്ടു ഭദ്രകാളി സുംഭാസുരനെ നിഗ്രഹിച്ചതു മേല്പറഞ്ഞ പർവ്വതത്തിൽ വെച്ചാകുന്നു എന്നു തദ്ദേശവാസികൾ പറഞ്ഞുവരുന്നു. ഹരിദ്വാരത്തിൽ നിന്നു നോക്കിയാൽ മേല്പറഞ്ഞ പർവ്വതത്തിൽ ഒരു ദേവിക്ഷേത്രവും കാണാം. ഈ പർവ്വതത്തിൽനിന്നു വടക്കോട്ടു ഏകദേശം 48 മയിത്സ് ദൂരം വരെക്കും ശ്രീഹനുമാന്റെ വാസസ്ഥാനമെന്നു പ്രസിദ്ധമായ കദളീവനമാകുന്നു എന്നാണ് പറഞ്ഞുവരുന്നത്. ഇവിടെ നിന്നു ബദര്യാശ്രമത്തിലേയ്ക്കും ഗംഗോത്രിക്കും ശരാശരി 200 മയിത്സ് ദൂരമുള്ളതായി പറയുന്നു. ഇവിടെ നിന്നു മേൽപറഞ്ഞ പുണ്യസ്ഥലങ്ങളിലേക്കു 15 ദിവസംകൊണ്ടു പോയിച്ചേരാം. പക്ഷെ കാൽനടയായി പോകേണ്ടിവരും. എന്നാൽ ഝംപാ എന്ന ഒരു മാതിരി വാഹനങ്ങളിൽ കയറിപ്പോകുന്നതായാൽ പോയി മടങ്ങിവരുവാൻ 120 ഉറുപ്പിക ചിലവു ചെയ്താൽ സാധിക്കുന്നതാണ്. ഇവിടെ സമീപത്തിൽ മുൻസീഫ് കോടതിയൊ, മജിസ്ട്രേട്ടുകച്ചേരിയൊ ഇല്ല. ഉള്ളതു ദൂരത്തിലാണ്. പ്രധാനപ്പെട്ട ഒരു പൊല്ലീസ്സ് സ്റ്റേഷൻ മാത്രമാണ് ഇവിടെ ഉള്ളത്.

60. ഈ ഹരിദ്വാരത്തിൽനിന്നു രണ്ടു മയിത്സ്തെക്കുഭാഗം കനഖലം എന്ന പ്രഖ്യാതമായ ഒരു പുണ്യസ്ഥലമുണ്ട്. ഈ പുണ്യസ്ഥലത്തെ ദർശിപ്പാനായി തുലാം 10-ാം൲ രാവിലെ പുറപ്പെട്ടു. എക്കാവണ്ടിയിൽ കയറി പോയി ഒമ്പതു മണിക്കു മുമ്പായി കനഖലത്തിൽ എത്തി. എന്നാൽ ഈ സന്ദര്‍ഭത്തിൽ എക്കാവണ്ടിയുടെ സ്വഭാവത്തെക്കൂടി അല്പം വിവരിക്കാം:- എക്കാവണ്ടി എന്നു പറയുന്ന ത് ഒരാൾക്കു മാത്രം സുഖമായി ഇരിപ്പാൻതക്ക വിസ്താരമുള്ള ഒരു വണ്ടിയാകുന്നു. ഇതു സുമാറ് ഒന്നരക്കോൽ ചതുരശ്രത്തിൽ ഉള്ളതായിരിക്കും. നാലു വക്കിനും ചെറുതായ ഓരോ തൂണുകളും, അതിനു മീതെ തടിച്ച മേഴുശ്ശീല കൊണ്ട് ഒരു ആവരണവും മാത്രമാണ് ഉണ്ടായിരിക്കുക. ഭാരം വളരെ കുറഞ്ഞിരിക്കും. മുൻഭാഗത്തു കോച്ച്മാന് ഇരിപ്പാൻ ചുരുക്കത്തിൽ ഒരു സ്ഥലവും ഉണ്ടായിരിക്കും. പണക്കാരായാൽ പ്രായേണ ഒരാൾ മാത്രമേ ഇതിൽ കയറുമാറുള്ളു. ആളവസ്ഥപോലെ രണ്ടും മൂന്നും ആളുകൾ തിക്കിത്തിരക്കി തൂണു പിടിച്ചുംകൊണ്ട് ഇരുന്ന് ഓടിക്കുന്നതും കണ്ടിട്ടുണ്ട്. എക്കാവണ്ടിയുടെ സ്വഭാവം ഇതാണ്. ഇതു ദക്ഷിണദേശങ്ങളിൽ കാണുന്നതല്ല. എനി പ്രകൃതത്തെ തന്നെ ആരംഭിക്കാം. കനഖലയിലും ഗംഗയുടെ സ്വഭാവം ഹരിദ്വാരത്തിലെപ്പോലെതന്നെ ഇരിക്കും. വിശാലമായ ഘട്ടങ്ങളും, കരിങ്കൽപടവുകളും ഉണ്ട്. ഇവിടെ ഗംഗാതീരത്തിലാണ് ദക്ഷയാഗകുണ്ഡവും മറ്റു പുണ സ്ഥലങ്ങളും ഉള്ളത്. ഉടനെ ഗംഗയിൽ സങ്കല്പപൂർവ്വകമായി സ്നാനം ചെയ്ത് ഉപാദ്ധ്യായന്റെ ഗൃഹത്തിൽ ചെന്നു കാപ്പിയും പലഹാരവും കഴിച്ചു. ഈ കനഖലം എന്ന പ്രദേശത്തിൽ വെച്ചാണ് ഭാഗവതാദിപുരാണവര്‍ണ്ണിതമായ ദക്ഷയാഗം നടത്തീട്ടുള്ളത്. ആ ദക്ഷന്റെ യജ്ഞശാല നശിച്ചുപോയിട്ടുണ്ടെങ്കിലും ആ സ്ഥലത്തു ചില കെട്ടിടങ്ങൾ ചില പുണ്യവാന്മാരാൽ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത് ഇന്നും കാണാവുന്നതാണ്. ഈ ശാലയിൽ ചെന്നു ദക്ഷേശ്വരദര്‍ശനവും കഴിച്ചു ദക്ഷയാഗകുണ്ഡത്തിൽനിന്നു ഭസ്മവും എടുത്തു ധരിച്ച് അവിടെ സമീപമുള്ള സതീദേവിയുടെ ദേഹത്യാഗസ്ഥലത്തേയും ദര്‍ശിച്ച് അവിടെനിന്നു ഹരിദ്വാരത്തിലേക്കുതന്നെ മടങ്ങിപ്പോന്നു. ദക്ഷയാഗം ഈ കനഖലയിൽ വെച്ചാണ് നടന്നിട്ടുള്ളത് എന്നുള്ള സംഗതി ഹരിദ്വാരമാഹാത്മ്യത്തിൽ മൂന്നാം അദ്ധ്യായം മുതൽ വായിച്ചുനോക്കിയാൽ വിശദമാകുന്നതാണ്. ഇവിടെ വളരെ ബ്രാഹ്മണഗൃഹങ്ങളും അത്യാവശ്യം ചില ഭജാറുകളും ഉള്ളതാണ്. വിശേഷപ്പെട്ട രജായികൾ ഇവിടെ സുലഭമായി ചുരുങ്ങിയ വിലക്കു കിട്ടുന്നതാകുന്നു. പിന്നെ 10-ാം൲ അഞ്ചു മണിവരെക്കും ഹരിദ്വാരത്തിൽതന്നെ സുഖമായി താമസിച്ചു. ഇവിടെ കണ്ടിട്ടുള്ള ഒരു സംഗതിയെക്കൂടെ താഴെ വിവരിക്കാം. ഒരു തരം വൈരാഗികൾ സര്‍വ്വാംഗം ഭസ്മലേപനം ചെയ്തു മാന്തോൽ മുതലായ ചര്‍മ്മങ്ങളെ ധരിച്ചു ഭഗവന്നാമോച്ചാരണം ചെയ്തു ഭിക്ഷക്കു നടക്കും. എന്നാൽ ഇവർ ഓരോ ഗൃഹങ്ങളിൽ ചെന്നു മൂന്നു പ്രാവശ്യം ഭഗവന്നാമോച്ചാരണത്തെ ചെയ്തു മടങ്ങിപ്പോകുന്നതിലകത്ത് അരിയൊ പണമൊ മറ്റു ഏതെങ്കിലും യഥാശക്തി കൊടുത്തിട്ടില്ലെങ്കിൽ ലേശവും വൈമുഖ്യം കൂടാതെ മടങ്ങിപ്പോകും. പിന്നെ ലക്ഷം ഉറുപ്പിക കൊടുക്കാമെന്നു പറഞ്ഞാലും അവർ മുമ്പോട്ടുവെച്ച അടി പിമ്പോട്ടു തിരിക്കയില്ല. ഇത് ഒരു വ്രതനിഷ്ഠയാണെന്ന് ആ പ്രദേശക്കാർ പറയുന്നു. ഇപ്രകാരമുള്ള ഹരിദ്വാരത്തിൽനിന്നു യാത്ര പുറപ്പെട്ട് ഉപാദ്ധ്യായനു യഥോചിതം ദക്ഷിണ കൊടുത്തു സുഫലവും വാങ്ങി പരിചിതന്മാരോടു യാത്ര പറഞ്ഞ് ആറരമണിയോടുകൂടി സ്റ്റേഷനിൽ വന്നു. ഹരിദ്വാരത്തിൽനിന്നു പുരാതന നടവടിപ്രകാരം പിച്ചളച്ചെപ്പുകുടങ്ങളിൽ എടുത്തിട്ടുള്ള ഗംഗാജലത്തെ റെയിൽമാര്‍ഗ്ഗമായി കോഴിക്കോട്ടെക്കു അയച്ചതിനുശേഷം പ്രഖ്യാതമായ കുരുക്ഷേത്രം ദര്‍ശിപ്പാനുള്ള അത്യാഗ്രഹത്തോടു കൂടി അങ്ങോട്ടു ടിക്കറ്റു വാങ്ങി ഏഴു മണിയോടു കൂടി തീവണ്ടി കയറി പോന്നു.

കുരുക്ഷേത്രം

61. പിന്നെ 11-ാം൲ 10 മണിക്ക് സ്ഥാനേശ്വരമെന്ന സ്റ്റേഷനിൽ ഇറങ്ങി. കുരുക്ഷേത്രത്തിൽ നിന്നു ഉപാദ്ധ്യായബ്രാഹ്മണർ സ്റ്റേഷനിൽ വന്നു യാത്രക്കാരെ അന്വേഷിച്ചു നില്ക്കുന്ന സമ്പ്രദായം സാധാരണമായിട്ടുള്ളതാകയാൽ സ്റ്റേഷനിൽനിന്നു തന്നെ ഉപാദ്ധ്യായനെ കാണുവാനിടവന്നു. അദ്ദേഹത്തോടു കൂടി സ്റ്റേഷനിൽ നിന്ന് ഒരു മയിത്സ് ദൂരമുള്ള കുരുക്ഷേത്രത്തിലേക്കു കാളവണ്ടി കയറിപ്പോയി. ബ്രാഹ്മണഗൃഹത്തിൽ ചെന്നു സാമാനങ്ങളെല്ലാമിറക്കി വെച്ചു വിശ്രമിച്ചു. ഈ സ്റ്റേഷനിൽ വണ്ടി ധാരാളമായി കിട്ടുന്നതല്ല. മനുഷ്യസഞ്ചാരവും കുറയും. കുരുക്ഷേത്രത്തിലുള്ള ഉപാദ്ധ്യായഗൃഹത്തിൽ നിന്നു അര മയിത്സ് സമീപമുള്ള സരസ്വതീനദിയിൽ സ്നാനത്തിന്നായി ചെന്നു യഥാവിധി സ്നാനവും തത്തീരത്തിലുള്ള സ്ഥാനേശ്വരക്ഷേത്രത്തിൽ ദര്‍ശനവും ജപവും മറ്റും ചെയ്തു രണ്ടു മണിയോടുകൂടി ബ്രാഹ്മണഗൃഹത്തിൽ തന്നെ വന്നു ഭക്ഷണവും കഴിച്ചു. ഉടനെ തന്നെ കുരുക്ഷേത്രത്തിൽ പ്രഖ്യാതമായ ഭാരതയുദ്ധഭൂപ്രദേശവും, സമന്തപഞ്ചകമെന്ന മഹാതീര്‍ത്ഥവും, സംഹിതതീര്‍ത്ഥവും മറ്റു ചില പുണ്യസ്ഥലങ്ങളും ചെന്നു കണ്ടു. അവിടവിടെ ദര്‍ശനം, സ്നാനം മുതലായതു യഥാശക്തി കഴിച്ചു രാത്രി ഏഴു മണിയോടുകൂടി കുരുക്ഷേത്രത്തിൽനിന്നു പുറപ്പെട്ടു സ്റ്റേഷനിൽ തന്നെ വന്നു. പുരോഹിതനായ ബ്രാഹ്മണനെ യഥോചിതം സംഭാവന ചെയ്ത് അയച്ചതിനു ശേഷം അന്നു രാത്രി രണ്ടു മണിവരെക്കും ആ സ്റ്റേഷനിൽ തന്നെ താമസിച്ചു. ഈ കുരുക്ഷേത്രമെന്ന പുണ്യസ്ഥലത്തിന്റെ മാഹാത്മ്യം മഹാഭാരതം ആരണ്യപവ്വത്തിൽ മാര്‍ക്കണ്ഡേയയുധിഷ്ഠിരസംവാദത്തിലും മറ്റു ചില ഘട്ടങ്ങളിലും പ്രപഞ്ചിതമായിട്ടുള്ളതാകുന്നു. ഈ കുരുക്ഷേത്രം മുമ്പു വലിയ ഒരു പട്ടണം പോലെ ഉൽകൃഷ്ട നിലയിൽ ഇരുന്നിരുന്നു. 40- 45 സംവത്സരത്തിന്നു മുമ്പ് ഒരു കാലത്തിൽ ഇവിടെ അതികഠിനമായി ഉണ്ടായ വിഷൂചികാരോഗാതിക്രമത്താൽ ഏകദേശം അമ്പതിനായിരത്തോളം ജനങ്ങൾ നശിച്ചുപോയതിന്നു ശേഷം ഈ കുരുക്ഷേത്രം വളരെ ക്ഷീണിച്ചുപോകുവാനിടയായി വന്നതാകുന്നു. ഇവിടെ കരിങ്കല്ലുകൊണ്ടു കെട്ടപ്പെട്ടിരുന്ന അനേകം ഗൃഹങ്ങൾ ഇടിഞ്ഞു വീണതായി കണ്ടിരിക്കുന്നു. എല്ലാംകൊണ്ടും ഈ കുരുക്ഷേത്രം ഇപ്പോൾ ഐഹികൈകപരന്മാര്‍ക്ക് അത്ര സുഖപ്രദമായിരിക്കുമെന്നു തോന്നുന്നില്ല. ഏകാന്തപ്രിയന്മാരായ യോഗികൾക്ക് രമ്യമായിത്തന്നെ ഇരിക്കുന്നതുമാകുന്നു. ഇവിടെ സമന്തപഞ്ചകമെന്ന തീര്‍ത്ഥസരസ്സ് രണ്ടു മൂന്നു മൈത്സ് വിസ്തീര്‍ണ്ണമായി പരന്നു കിടക്കുന്നതാണ്. താമരസ പുഷ്പങ്ങൾ വികസിച്ചു നില്ക്കുന്നതിനാൽ ഈ സരസ്സിന്നു സൌന്ദര്യം കൂടുന്നു. ഇതിന്റെ തീരങ്ങൾ ഓരോരോ ഘട്ടങ്ങളായി കരിങ്കല്ലുകൊണ്ട് കെട്ടപ്പെട്ടിരിക്കുന്നു. മദ്ധ്യത്തിൽ ഒരു ക്ഷേത്രവുമുണ്ട്. ഈ ക്ഷേത്രത്തിൽ ദര്‍ശനത്തിന്നായി പോകേണ്ടതിന്ന് കരിങ്കല്ലുകൊണ്ട് ചെറുമാതിരി ഒരു പാലവുമുണ്ട്. സൂര്യസോമഗ്രഹണസമയങ്ങളിൽ ഈ തീര്‍ത്ഥസ്നാനത്തിന്നായി അനേകം സുകൃതിജനങ്ങൾ വന്നു ചേരുന്നതാണ്. ഈ സമന്തപഞ്ചകതീര്‍ത്ഥമാഹാത്മ്യം ഭാഗവതത്തിൽ വളരെ വിശേഷമായി വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നു. സംഹിതതീർത്ഥമാകിൽ ഈ സമന്തപഞ്ചകുത്തിൽനിന്ന് സുമാറ് ഒരു മൈത്സ് ദൂരത്തിലാണ് ഇരിക്കുന്നത്. അധികം ദീർഘവിസ്താരമുള്ളതുമാകുന്നു. പണ്ട് ഭാരതയുദ്ധകാലത്തിൽ കുരുപാണ്ഡവന്മാര്‍ക്ക് പ്രതിദിനം സ്നാനാദികൾക്ക് ഉപയോഗപ്പെടുത്തിവന്നിരുന്നതാകയാൽ സുകൃതിജനങ്ങൾ ഇന്നും പാവനത്വെന ആദരിച്ചു വരുന്ന ഈ സംഹിതസരസ്സിന്റെ തീരത്തിൽ ചില ചില ശിലാമണ്ഡപങ്ങളും ആശ്രമങ്ങളും കാണാവുന്നതാണ്. ഇവിടെവെച്ച് നൂറിലധികം വയസ്സു പ്രായംചെന്ന തപസ്വിയായ ഒരു വൃദ്ധവൈരാഗിയെ കണ്ട് കുറെനേരം സംസാരിച്ചു. ഇങ്ങിനെ വേറെയും പലരും വസിക്കുന്നതായി അറിയുന്നു. ഞങ്ങൾക്കു ഇവിടെ അധികം താമസിപ്പാൻ സാവകാശമുണ്ടായിരുന്നില്ലാത്ത സംഗതിയാൽ ഇങ്ങിനെയുള്ള യോഗ്യന്മാരെ വേറെയും കാണ്മാൻ ഭാഗ്യമുണ്ടായില്ല. ഈ കുരുക്ഷേത്രത്തിൽ വലിയ ഭജാറുകളൊ, മറ്റു വല്ല കാഴ്ചകളൊ ഉള്ളതല്ല. എന്നാൽ വിശേഷവിധിയായി കാണപ്പെട്ടത് ഒട്ടകക്കൂട്ടമാണ്. ഈ ഉഷ്ട്രങ്ങൾ ഇവിടെ ആട്ടിൻകൂട്ടംപോലെ കാണവുന്നതാണ്. ഈ കുരുക്ഷേത്രമാഹാത്മ്യത്തെകുറിച്ച് മഹാഭാരതത്തിൽ വളരെ വിശേഷമായി വര്‍ണ്ണിച്ചിരിക്കുന്നു.
മഹാഭാരതം ആരണ്യപർവ്വം 82-ാംഅധ്യായം നോക്കുക.
1. താതോഗച്ഛേതരാജേന്ദ്ര കുരുക്ഷേത്രമഭിഷ്ടതം
പാപേഭ്യോയത്രമുച്യന്തേ ദര്‍ശനാദേവജന്തവഃ

2. കുരുക്ഷേത്രാഗമിഷ്യാമി കുരുക്ഷേത്രേവസാമ്യഹം
യഏവംസതതംബ്രൂയാൽസര്‍വ്വപാപൈഃ പ്രമുച്യതേ.

3. പാംസവോപികുരുക്ഷേത്രെ വായുനാസമുദീരിതാം
അപിദുഷ്കൃതകര്‍മ്മാണം നയന്തിപരമാംഗതിം.

4. ദക്ഷിണെനസരസ്വത്യാ ദൃഷദ്വത്യുത്തരേണച
യെവസന്തികുരുക്ഷേത്രേ തെവസന്തി ത്രിവിഷ്ടപെ.

5. തത്രമാസംവസെദ്വീര സരസ്വത്യാം യുധിഷ്ഠിര
തത്രബ്രഹ്മാദയൊ ദേവാ ഋഷയസ്സിദ്ധചാരണാം

6. ഗന്ധർവ്വാപ്സരസോയക്ഷാഃ പന്നഗാശ്ച മഹീപതെ
ബ്രഹ്മക്ഷേത്രം മഹാപുണ്യ മഭിഗച്ഛന്തിഭാരത.

7. മനസാപ്യഭികാമസ്യ കുരുക്ഷേത്രം യുധിഷ്ഠിര
പാപാനിഹിപ്രണശ്യന്തി ബ്രഹ്മലോകംചഗച്ഛതി

8. ഗത്വാഹിശ്രദ്ധയായുക്തഃ കുരുക്ഷേത്രം കുരൂദ്വഹ
ഫലം പ്രപ്നോതിചതദാ രാജസൂയാശ്വമേധയൊഃ

ഇപ്രകാരമുള്ള കുരുക്ഷേത്രം ആദികാലത്തിൽ കുരു എന്ന ഒരു മഹാരാജാവിനാൽ നിര്‍മ്മിക്കപ്പെട്ടതാകയാൽ കുരുക്ഷേത്രമെന്നു പേരു സിദ്ധിച്ചതാകുന്നു. ഈ പറഞ്ഞ കഥാ മഹാഭാരതം ശല്യപത്തിൽ വിശദമായി കാണാവുന്നതാണ്

ഇന്ദ്രപ്രസ്ഥം എന്നാൽ ഡില്ലി.

62. തുലാം 11-ാ൦൲ വൈകുന്നരം 3 മണിക്കു കുരുക്ഷേത്രത്തിൽനിന്നു തീവണ്ടി കയറി, 12-ാ൦൲ പുലച്ചെ 8 മണിയോടുകൂടി പ്രഖ്യാതമായ ഈ ഡില്ലി സ്റ്റേഷനിൽ വന്നിറങ്ങി. ഇതും വളരെ വിശേഷപ്പെട്ട ഒരു സ്റ്റേഷൻ തന്നെ. ബൊമ്പായിൽനിന്ന് ഈ ഡില്ലിക്കു നേരെ വരുന്നതാകയാൽ 1285 മയിത്സ് ദൂരമുണ്ടാവും. ഈ പട്ടണത്തിന്നു പ്രാചീനമായ പേര് ഇന്ദ്രപ്രസ്ഥമെന്നും, ഇപ്പോൾ ഡില്ലി എന്നുമാകുന്നു. ഇതിന്നുള്ള കാരണം ചുരുക്കത്തിൽ താഴെ വിവരിക്കാം:__

63. ഏകദേശം അയ്യായിരം സംവത്സരത്തിന്നു മുമ്പ് ഈ പ്രദേശത്തിന്നു ഖാണ്ഡവപ്രസ്ഥമെന്നു പേരായിരുന്നു. പണ്ടു ദുര്യോധനാദികളും, പാണ്ഡവന്മാരും ഹസ്തിനപുരത്തിൽ വാഴും കാലം ഓരോരൊ കാരണങ്ങളാൽ അവർ തമ്മിൽ വിരോധികളായിത്തീര്‍ന്നു. അതുനിമിത്തം തമ്മിൽ പലെ മത്സരങ്ങളും തുടങ്ങി. ധൃതരാഷ്ട്രമഹാരാജാവു തന്നിവൃത്തിക്കുവേണ്ടി പാണ്ഡവന്മാര്‍ക്കു വേറെ വസിപ്പാനായി മേൽപറഞ്ഞ ഖാണ്ഡവപ്രസ്ഥവും, രാജ്യവും ഭാഗിച്ചു കൊടുത്തു. പാണ്ഡവന്മാർ ശ്രീകൃഷ്ണസഹായത്തോടുംകൂടി ഹസ്തിനപുരത്തിൽ നിന്നു പോന്നു ഖാണ്ഡവപ്രസ്ഥത്തിൽ വന്നു ചേര്‍ന്നതിന്നുശേഷം ശ്രീകൃഷ്ണൻ പാണ്ഡവന്മാര്‍ക്ക് അധിവസിപ്പാനായി മനോഹരമായ ഒരു പട്ടണത്തെ ഉണ്ടാക്കേണമെന്നു തീര്‍ച്ചപ്പെടുത്തി, ഇന്ദ്രനെ അറിയിച്ചു വിശ്വകര്‍മ്മാവിനെ വരുത്തി, ഇന്ദ്രന്റെ പേരിൽ ഒരു നഗരത്തെ സൃഷ്ടിച്ചു പാണ്ഡവന്മാരെ അവിടെ അധിവസിപ്പിച്ചു. അന്നു മുതൽക്ക് ഇന്ദ്രപ്രസ്ഥമെന്നു പേർ സിദ്ധിപ്പാനിടയായിവന്നു. ഈ ഇന്ദ്രപ്രസ്ഥത്തിന്നു കിഴക്കെ അതിരായ മീറത്തപട്ടണത്തിനു സുമാറ് ഇരുപതു മയിത്സ് ദൂരത്തിലാണു ഹസ്തിനപുരം ഇരിക്കുന്നതു. ഈ ഹസ്തിനപുരം ഭാരതവംശത്തിൽ പ്രഖ്യാതകീർത്തിയായ ഹസ്തി എന്ന ഒരു ചക്രവത്തിയാൽ നിര്‍മ്മിക്കപ്പെട്ടതാകകൊണ്ടു ഹസ്തിനപുരമെന്നു പേർ വരുവാനിടയായതാണ്.

64. ഈ പ്രദേശം ഇപ്പോൾ ഒരു വനപ്രദേശം പോലെ ആയിത്തീര്‍ന്നിരിക്കുന്നു. ആകയാൽ ഇപ്പോഴും ഹസ്തിനപുരമെന്നു പേർ യഥാർത്ഥമായിത്തന്നെ ഇരിക്കും. ഇന്ദ്രപ്രസ്ഥത്തിൽ പാണ്ഡവന്മാരും അവരുടെ വംശക്കാരും വളരെ കാലത്തോളം അധിവസിച്ചുവന്നു.

65. അതിനുശേഷം സുമാർ 2867 വഷത്തിന്നു മുമ്പ് അനുപാൽ എന്നൊരു വമ്പൻ പടവെട്ടിക്കൊണ്ടുവന്നു ഈ പട്ടണത്തെ കൈവശപ്പെടുത്തി. പിന്നെ ഒരു കാലത്തിൽ പ്രബലനായ ചെക്‌പതിരായർ നിജഭുജവിക്രമത്താൽ കൈവശമാക്കി വാണു. അതിൽപ്പിന്നെ കെതരാജൻ എന്നൊരു രാജാവു 48 സംവത്സരത്തോളം ഇവിടെ വാണിരുന്നു. അദ്ദേഹം അപുത്രനായിത്തന്നെ മരിച്ചുപോയി. അനന്തരം ജയചന്ദ്രൻ എന്ന ഒരു വമ്പൻ 60 സംവത്സരത്തോളം ഇവിടെ രാജാവായി വാണു മരിച്ചുപോയതിൽപിന്നെ അദ്ദേഹത്തിന്റെ പുത്രൻ പട്ടത്തിൽ വന്നു. ഇദ്ദേഹത്തിന്റെ കാലത്തിൽ ജയചന്ദ്രസഹോദരനായ ഡിലു എന്ന മഹാവീരൻ രാജ്യം കൈവശപ്പെടുത്തി വാണു. ഈ ഡിലു എന്ന രാജാവ് അതിപ്രഭാവശാലിയും ധര്‍മ്മിഷ്ഠനും മഹാഗുണവാനുമായിരുന്നതിനാൽ അക്കാലത്തിൽ ഈ ഇന്ദ്രപ്രസ്ഥം അത്യുൽകൃഷ്ടമോടിയിൽ തന്നെ ഇരുന്നിരുന്നു. ഈ ഡിലുമഹാരാജാവ് അനേകം ധര്‍മ്മങ്ങളും, പലര്‍ക്കും പലവിധം ഉപകാരങ്ങളും ചെയ്ത് അഭംഗുരയായ കീര്‍ത്തിയെ സമ്പാദിച്ചു വളരെ കാലം വാണതിനാൽ ഈ പട്ടണത്തിന്നു ഡില്ലി എന്ന് ഒരു വിശേഷാപ്പേർ സിദ്ധിപ്പാൻ ഇടയായിവന്നതാകുന്നു. അദ്ദേഹ ത്തിന്റെ കാലത്തിനു ശേഷമാണു മുഹമ്മദിയ രാജാക്കന്മാർ പട വെട്ടി കൈവശപ്പെടുത്തിയത്.

66. ഈ ഡില്ലിപട്ടണത്തിൽ ഒന്നാമതു പട വെടു കൊണ്ടുവന്ന മഹമ്മദരാജാവിന്റെ പേർ മഹമ്മത് കുജിനി എന്നാകുന്നു. ഇദ്ദേഹം 1008-ാം സംവത്സരത്തിൽ ഈ പട്ടണത്തെ കൈവശപ്പെടുത്തി. അതിൽപിന്നെ 1191-ാം വര്‍ഷത്തിൽ ഘോരിവംശത്തിൽ ചേര്‍ന്ന ചാരുഹട്ടിൻ എന്നാൾ പട വെട്ടിക്കൊണ്ടുവരുമ്പോൾ ആജമിർദേശത്തിന്റെ അധിപതിയും, ഡില്ലിക്ക് അവകാശിയും ആയ രാജപുത്രവീരൻ 30000 കുതിരകളോടും, 8000 ആനകളോടും, പ്രബല സൈന്യങ്ങളോടും കൂടി വന്നു അതികഠോരമായ യുദ്ധം ചെയ്ത് ഒടുവിൽ തോറ്റുപോയി ശാഹപിടി എന്ന ആളുടെ സഹായിയായ കുബ്ദുദിൻ എന്നാൾ ഡില്ലിപട്ടണത്തെ ഘോരിരാജാക്കന്മാരുടെ രാജധാനിയാക്കിവെച്ചു. ഇങ്ങിനെ ഇരിക്കുമ്പോൾ 1288-ാം വര്‍ഷത്തിൽ അഫ്ഗാൻദേശത്തിൽ ചേര്‍ന്ന ഖിൽജിവംശക്കാർ പട വെട്ടിക്കൊണ്ടു വന്നു ഈ ഡില്ലിയെ പിടിച്ചു തങ്ങളുടെ വംശക്കാരനായ ജലാലുഡി ൪ എന്നാളെ പട്ടം കെട്ടി വാഴിച്ചു. അതിനുശേഷം 1321-ാം വര്‍ഷംവരെക്കും ഖിൽജി വംശക്കാരുടെ അധീനമായിരുന്നു. അങ്ങിനെ ഇരിക്കുമ്പോൾ തോഗ്ലാക്കവംശക്കാർ പടവെട്ടിക്കൊണ്ടുവന്നു ആ മുമ്പുള്ള രാജാവിനെ നിഗ്രഹിച്ച കെശിയുഡീർ തോഗ്ലാക്കു പട്ടം കെട്ടിവാണു. അതിന്നുശേഷം താമര് ലെൻ എന്ന താത്തറിദേശത്തിലെ രാജാവു പട വെട്ടി വന്നു 1398-ാം വര്‍ഷത്തിൽ ഡില്ലിപട്ടണത്തെ തീവെച്ചു നശിപ്പിക്കുകയും, സുമാറു ലക്ഷം ഹിന്തുക്കളെ ജേലിലാക്കി അടച്ചു കൊല്ലുകയും ആ ശവങ്ങളെ പക്ഷികൾക്കും മൃഗങ്ങൾക്കും കൊടുക്കുകയും പട്ടണത്തെ പാഴാക്കി വിടുകയും ചെയ്തു. പോയി. സുമാർ അമ്പതുവര്‍ഷംവരെക്കും ഈ പട്ടണം അനാഥസ്ഥിതിയിൽ വളരെ ക്ഷീണിച്ചുപോയി. അതിന്നുശേഷം ലോഡിവംശത്തിൽ ചേർന്ന വിഹിലാ ർ എന്നാള്‍ 1414-ാം വര്‍ഷത്തിൽ ഈ പട്ടണത്തെ കൈവശപ്പെടുത്തി രാജ്യപരിപാലനം ചെയ്തുവന്നു. ഒടുവിൽ തന്റെ പൌത്രനായ ഇഫ്രാം എന്നാളെ രാജാവാക്കി വെച്ചു. പി ന്നെ 1526-ാം വര്‍ഷത്തിൽ പ്രഖ്യാതനായ ബേബർ പട വെട്ടിവന്നു പാനിപുത്തിൽവെച്ചു വലിയ യുദ്ധം ചെയ്തു ഡില്ലിയി ൽ മുകൾ രാജ്യത്തെ സ്ഥാപിച്ചു. 1540-ാം വര്‍ഷത്തിൽ ബേബർ മകനായ ഹുമയൂൺ എന്നാൾ പട്ടത്തിൽ വന്നു പിന്നെ ഹിയർവാൻ എന്ന പട്ടാണി വന്ന് ഹുമയൂൺ എന്ന രാജാവിനെ രാജ്യത്തിൽനിന്നു ഓടിച്ചു. എങ്കിലും ഈ ഹുമയൂൺ 1554-ാംവര്‍ഷത്തിൽ പാർസ്‍കളുടെ ‌‍ സഹായത്തോടുകൂടി വന്നു യുദ്ധത്തിൽ വിയർഖാനെ തോല്പിച്ചു ഡില്ലിയെ പിന്നെയും കൈവശമാക്കി. അതിശേഷം ഹുമയൂൺപുത്രനായ അൿബർ ഡില്ലിയിൽ സിംഹാസനമേറി ചക്രവത്തിയായി വാണു പ്രജകൾക്കെല്ലാവര്‍ക്കും, വളരെ സുവാഴ്ചയെ ഉണ്ടാക്കി രാജ്യപരിപാലനം ചെയ്തു വന്നു. ഈ മുകൾരാജ്യം ഹിന്തുരാജ്യങ്ങളിൽ വളരെ പ്രബലപ്പെട്ടതായി വന്നു. ഈ അൿബർ ചക്രവര്‍ത്തിയുടെ കാലത്തിൽ 90748881 ഉറുപ്പിക കരം വസൂലാക്കിവന്നിരുന്നു. ഈ ചക്രവർത്തിയുടെ രാജ്യപരിപാലന കാലത്തിൽ 440000 പദാതികളും 200000 തുരുപ്പുകളും ഉണ്ടായിരുന്നതായി പറഞ്ഞു വരുന്നു. ഇദ്ദേഹം ജന്മനാ ഒരു തുലുഷ്കനാണെങ്കിലും പക്ഷഭേദം കൂടാതെ അതി കരുണയോടുകൂടെ ഹിന്തു പ്രജകളേയും രക്ഷിച്ചുവന്ന ഒരു മഹാനുഭാവനാകുന്നു.

67. പിന്നെ ജിഹാംഗീർ, ഷാജിഫാൻ, അരംഗസീബ് മുതലായവര് ഈ ഡില്ലിപട്ടണത്തെ പിന്തുടർച്ചയായി വാണു. ഇവരിൽ ഷാജിഹാന്റെ കാലത്തിൽ അതി ബു ദ്ധിമാനായ അലിമത്ത് നകാനാ എന്നാളുടെ ആലോചനയോടുകൂടെ 1681-ാം വര്‍ഷത്തിൽ ഈ ഡില്ലിപട്ടണത്തിലുള്ള സകല പഴയ കെട്ടിടങ്ങളേയും എടുത്ത് പുതിയ കെട്ടിടങ്ങളാക്കിത്തീർക്കുകയും, റോഡുകളെല്ലാം വളരെ നന്നാക്കിചെയ്കകയും, ഏഴ് മയിത്സവരെയ്ക്കും ഈ നഗരത്തെ വിസ്താരപ്പെടുത്തുകയും, യമുനാനദിയുടെ തീരംവരെയ്ക്കും ബാക്കി മൂന്നുഭാഗങ്ങളിലും കോട്ട കെട്ടുകയും, അതിൽ അതാതു ഭാഗങ്ങിലായി ഒമ്പതു പീരങ്കികളെ വെച്ച് സൂക്ഷിച്ചുവരികയും ചെയ്തുവന്നിരുന്നു. ഇതുകൂടാതെ പ്രജകളുടെ സൌഖ്യത്തിനുവേണ്ടി ഗംഗയിൽനിന്ന് 70 മയിത്സ് ദൂരത്തോളം തോടുവെട്ടി ജലസമൃദ്ധിയെ ഉണ്ടാക്കിതീർത്തു. ആകയാൽ ഈ ഡില്ലിപട്ടണത്തിന്ന് ഷാജിഹാൻ പട്ടണമെന്നു ഒരു പുതിയ പേര് സിദ്ധിപ്പാനിടയായിവന്നു. ഈ ഷാജിഹാന്റെ പിറ്റേകാലം സിംഹാസനാരൂഢന്മാരായി വന്നവരിൽ അരംഗസീബു ഒഴികെ മറ്റാരും അധികം നാൾ ഇരുന്നില്ല. ഈ അരംഗസീബും 1707-ാം വര്‍ഷത്തിൽ മരിച്ചുപോയി. ഇദ്ദേഹത്തിന്റെ അഞ്ചു പുത്രന്മാരും യഥാക്രമം രാജ്യപരിപാലനം ചെയ്തുവന്നു എങ്കിലും ഇവരെല്ലാവരും ഉടനെ ഉടനെ മരിച്ചുപോയി. ഈ അവസരത്തിൽ രാജപുത്രർ, ശികിയർ, മഹാരാഷ്ട്രന്മാർ, ഇടക്കിടെ യുദ്ധംചെയ്തു വന്നിരുന്നു എങ്കിലും ഒടുവിൽ 1737-ാം വർഷത്തിൽ ബാജിറാവു എന്ന മഹരാഷ്ട്രവീരശിരോമണി ഡില്ലി പട്ടണത്തിൽ പടവെട്ടിവന്നു മുഹമ്മദീയരെ ജയിച്ചു. പിന്നെ പാർസി ദേശത്തിൽനിന്നു നാദർഷാ എന്ന ആൾ 1739-ാം വര്‍ഷത്തിൽ വിപ്രവരി മാസം 18-ാനു ഡില്ലി കോട്ട പിടിച്ച് പ്രജകളെ വളരെ കഷ്ടപ്പെടുത്തി പലരേയും കൊല്ലുകയും, സ്വത്ത് കൊള്ളയിടുകയും ചെയ്തു വന്ന വഴിയ്ക്കുതന്നെ പോകയും ചെയ്തു. അതിനുശേഷം 1749-ാം വര്‍ഷത്തിൽ ഡോറാണിയർ ഡില്ലിയെ കൈവശപ്പെടുത്തി വാണു വരുമ്പോൾ മഹാരാഷ്ട്രീയർ 1758-ാം വര്‍ഷത്തിൽ സദാശിവരായരെ തലവനാക്കിവെച്ച് 70000കുതിരപ്പട്ടാളങ്ങളോടും, 80000 സൈന്യങ്ങളോടും കൂടി വന്നു ഡോറാണിയോട് യുദ്ധം ചെയ്തു തോറ്റുപോയി. തൽസമയം "ബാദുഷാ ഷാ അലം" എന്ന മൊഫലർ വംശക്കാർ ബങ്കാളത്തിലായിരുന്നതിനാൽ അദ്ദേഹത്തിന്റെ പുത്രനായ ഷാജിഹാൻ ഡില്ലി ചക്രവത്തിയായി വാണു. ഈ ഷാജിഹാനു 18 വയസ്സ് പ്രായമായിരുന്നതിനാൽ "ഷാ അലം" തന്നെ രാജ്യഭാരം വഹിച്ചുവന്നു. 1760-ാം വര്‍ഷത്തിൽ പാട്നാവി ൽ ഈസ്റ്റിന്ത്യാകമ്പിനിക്കാരായ ഇംഗ്ലീഷുകാരോടു യുദ്ധം ചെയ്തു തോറ്റതിന്നു ശേഷം വര്‍ഷം ഒന്നുക്ക് 2600000 ഉറുപ്പിക എടുത്തുകൊൾവാനും ബിഹാർ, ബങ്കാളം, ഒറീസ്സാ ഈ രാജ്യങ്ങളെ അവർ വിട്ടുതരുവാനുമായി തമ്മിൽ സമാധാനം ചെയ്തു. 1771-ാം വര്‍ഷത്തിൽ താൻ ഇംഗ്ലീഷുകാക്കു വിട്ട രാജ്യങ്ങളെ മഹരാഷ്ട്രിയര്‍ക്കു വിട്ടുകൊടുപ്പാൻ നിശ്ചയിച്ചു ഈ ഡില്ലിയ്ക്ക് വന്നുചേര്‍ന്നപ്പൊഴയ്ക്ക് മാദിരജിസിംഗ് ഈ ഡില്ലിയെ കൈവശപ്പെടുത്തി. ഇതുനിമിത്തം ഷാ അലം വളരെ വ്യസനിച്ചു. ഇംഗ്ലീഷുകാർ തനിയ്ക്കു കൊടുപ്പാൻ നിശ്ചയിച്ചിരുന്ന ദ്രവ്യത്തെകൂടി വാങ്ങാതെ ദാരിദ്ര്യത്താൽ വളരെ കഷ്ടപ്പെട്ടു.

68. ഇങ്ങിനെ ഇരിയ്ക്കുമ്പോൾ ഒരു നാൾ "ഗുലാംശിനന്ദർ" എന്നാൾ സിന്ധ്യയെ അധികമായി ഉപദ്രവിപ്പാൻ തുടങ്ങിയപ്പോൾ സിന്ധ്യാവും ഗുലാംശിനന്ദരെ പിടിച്ചു നിഗ്രഹിച്ചു. അതിനുശേഷം മഹാരാഷ്ട്രന്മാർ പിറൻ എന്ന പിറാൻസിവീരന്റെ സഹായത്തോടുകൂടി മോഹൽവംശക്കാരെയും ഇംഗ്ലീഷുകാരെയും എതൃത്തു. 1809-ാംവര്‍ഷം ജനറൽ ലേക്ക് എന്നാൾ പ്രബലമായ സൈന്യത്തോടുകൂടി പടവെട്ടിവന്ന് ഡില്ലിപട്ടണത്തെ കയ്‍വശപ്പെടുത്തി ഈസ്റ്റിന്ത്യാകമ്പിനിക്കാരുടെ വശമാക്കിവെച്ച മൊഹൽവംശകാര്‍ക്ക് പെൻഷൻ കൊടുത്ത് രക്ഷിപ്പാനായി സമാധാനം ചെയ്തു. അങ്ങിനെ ഇരിയ്ക്കുമ്പോൾ "ജസവന്തറാവു” ഹൊൽക്കർ 70000 സൈന്യങ്ങളോടും, 150 പീരങ്കികളോടുംകൂടി വന്ന് ഇംഗ്ലിഷുകാരോട് എതൃത്തു. അപ്പോൾ കര്‍ണ്ണൽപാൻ എന്ന ഇംഗ്ലീഷുവീരനാൽ താൻ തോല്ക്കപ്പെട്ട് ഓടിപ്പോകയും ചെയ്തു. 1806-ാംവര്‍ഷത്തിൽ "ഷാ അലം” ചക്രവർത്തി തന്റെ 86-ാം വയസ്സിൽ മരിച്ചുപോയി. ഇദ്ദേഹത്തിന്റെ പുത്രനായ അക്‍ബർ എന്നാൾക്ക് പേരിന്നു മാത്രം പട്ടം കെട്ടി. ആ മോഹലനും തന്റെ 80-ാമത്തെ വയസ്സായ 1837-ാംവര്‍ഷത്തിൽ മരിച്ചുപോയി. ഇദ്ദേഹത്തിന്റെ പുത്രൻ മുഹമ്മത് ബഹദൂർ ബാദുഷാവിന്നു പട്ടംകെട്ടി.

69. ഇദ്ദേഹത്തിന്നു കൊല്ലത്തിൽ 12 ലക്ഷം ഉറുപ്പിക ചിലവിന്ന് കൊടുത്തിട്ടും പോരാതെ വന്നതിനാൽ വളരെ വ്യസനിച്ചു. പിന്നെയും 3 ലക്ഷം ഉറുപ്പിക കൂടി ചിലവിന്ന് ജാസ്തി കൊടുത്തുവന്നു ഡില്ലി പട്ടണം മുഴുവനും ഇംഗ്ലീഷുകാർതന്നെ കൈവശപ്പെടുത്തി നടത്തിവന്നു. ഇങ്ങിനെയുള്ള ഈ ഡില്ലിപട്ടണം മൊഹലരുടെ അധികാരത്തിൽ മഹോന്നതമായ പദവിയെ പ്രാപിച്ച് ഈ ഹിന്തുദേശത്തിലുള്ള സകല രാജ്യങ്ങളെക്കാട്ടിലും എത്രയും ഉൽകൃഷ്ടമായിത്തിന്നു. എന്നാൽ മുഹമ്മദ് രാജാക്കന്മാരുടെ കാലങ്ങളിൽ പ്രജകൾ ചിലപ്പോൾ സുഖമായി വസിച്ചുവന്നിട്ടുണ്ടായിരിയ്ക്കാമെങ്കിലും അധികം കാലം പലവിധ ഉപദ്രവങ്ങളെ അനുഭവിച്ച് വളരെ കഷ്ടപ്പെട്ടിരിയ്ക്കുന്നു. ഒടുവിൽ നീതിന്യായാഭിജ്ഞന്മാരായ ഇംഗ്ലീഷുകാരുടെ അധീനത്തിൽ വന്നതിനുശേഷം മാത്രമാണ് പ്രജകൾക്കു ഒരു സുഖവാഴ്ചയ്ക്കു ഇടയായിവന്നിരിയ്ക്കുന്നതു എന്ന് സന്തോഷ പുരസ്സരം ഇവിടെ പ്രസ്താവിച്ചുകൊള്ളുന്നു.

70. ഇപ്രകാരം മഹിമയുള്ള ഈ ഡില്ലിപട്ടണം വടക്കുപടിഞ്ഞാറ് ഖണ്ഡങ്ങളിൽ എത്രയും പ്രധാനപ്പെട്ട ഒരു പട്ടണമായിത്തീർന്നിരിയ്ക്കുന്നു. ഈ ജില്ല 7890 ചതുരശ്രമയിത്സ് വിസ്തീര്‍ണ്ണമുള്ളതും, വടക്ക് പാനിപുത്തും കിഴക്ക് യമുനയും, തെക്ക് പുല്ലപകരും, പടിഞ്ഞാറ് റൊട്ടയും, ഈ നാല് അതിരുകൾക്കു ഉൾപ്പെട്ടുകിടക്കുന്നതുമാകുന്നു. ഈ ജില്ലയിൽ സുമാറ് അറുപതോളം ലക്ഷം ജനങ്ങൾ അധിവസിച്ചുവരുന്നു. ഈ ജില്ലയുടെ കിഴക്കുവടക്ക് ഭാഗങ്ങളിൽ യമുനാനദീജലം പ്രവഹിയ്ക്കുന്നതുകൊണ്ട് പലവിധമായ കൃഷികൾ നിരുപദ്രവമായി നടത്തപ്പെട്ടുവരുന്നു. തെക്ക് ഭാഗം ചില ചില കാടുകളാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ വേനൽക്കാലങ്ങളിൽ ഉഷ്ണം കുറെ അധികമായിരിക്കും. ഗോതമ്പ്, തുമര, കടല മുതലായ ധാന്യങ്ങൾ മാത്രം ധാരാളമായി വിളയുന്നു. ഒരു 80-85 സംവത്സരത്തിന്നുമുമ്പ് ഈ ജില്ലയിലെ മുതലെടുപ്പ് 349670 ഉറുപ്പിക ആയിരുന്നു. 1870-ാമത് മുതല്ക്കു മുതലെടുപ്പ് മുൻവിവരിച്ച സംഖ്യയേക്കാൾ വളരെ അധികമായിവന്നിരിയ്ക്കുന്നു.

71. ഈ പട്ടണത്തിൽ സുമാറ് 7 മയിത്സിന്നുള്ളിൽ അനേകം വീടുകളും, പള്ളികളും, കടത്തെരുവുകളും, ഭജാറുകളും മറ്റും നിറഞ്ഞ് നിബിഡമായിരിക്കുന്നു. ഇവിടെ പ്രധാനമായ റോട്ട് ചണ്ഡിചൌക്കു എന്ന റോട്ടാകുന്നു. ചണ്ഡിചൌക്കുറോട്ടിന്നു സമീപം വലുതായ ഒരു രാജധാനിയും ഉണ്ട്. ഈ രാജധാനിയുടെ കോട്ടക്കു സുമാറ് ഒരു മയിസ് ചുറ്റളവും 40 അടി ഉയരവുമുള്ളതായിരിക്കും. ഈ അരമനയുടെ ഒരു ഭാഗത്തിൽ യമുനാനദിയും പ്രവഹിക്കുന്നു. ഈ കോട്ടക്കുള്ളിൽ രണ്ടുവിശാലഗൃഹങ്ങൾ ഉണ്ട്'. അതിൽ ഒന്ന് അന്തരംഗമന്ത്രാലോചനസഭാമണ്ഡപമാകുന്നു. ഇതിന്റെ ഒരു ഭാഗം കോട്ടയും, മറ്റെഭാഗം വിശേഷമായ പൂന്തോപ്പും ഒരഭാഗം യമുനയും, മറ്റൊരുഭാഗം ചക്രവത്തിയുടെ ദൈവാരാധനസ്ഥലമായ പള്ളിയുമാകുന്നു. ഈ അരമനയുടെ സൌന്ദര്യം വര്‍ണ്ണിച്ച് അവസാനിപ്പിക്കുന്ന കാര്യം ലങ്കാപുരിയെ വര്‍ണ്ണിച്ച വാത്മീകി മഹര്‍ഷി മുതലായവര്‍ക്കു മാത്രമെ സാദ്ധ്യമായിവരികയുള്ളുവെങ്കിലും യാത്രക്കാര്‍ക്കു യൽകിഞ്ചിൽ സ്വഭാവപരിഞ്ജാനത്തിനുവേണ്ടി ചുരുക്കത്തിൽ താഴെ വിവരിക്കാം.

72. ഈ രാജധാനിയിൽ വിചിത്രങ്ങളായ അനേകം പ്രാസാദങ്ങളും മറ്റു പലതരം എടുപ്പുകളും പണ്ടുണ്ടായിരുന്നു എന്നു ചില ചില ചിഹ്നങ്ങളാൽ കാണപ്പെടുന്നുണ്ട്. അതുകൾ മിക്കതും പൊളിച്ചുപൊയിരിക്കുന്നു എങ്കിലും ചില ചില വിശേഷസ്ഥലങ്ങൾ കാണികൾക്കു കാഴ്ചക്കു വേണ്ടി ഇപ്പോഴും ഇവിടെ നിര്‍ത്തീട്ടുണ്ട്. അതിൽ ഒന്നു മുൻവിരച്ച സഭാമണ്ഡപമാകുന്നു. ഈ സഭാമണ്ഡപത്തിന്റെ ഒരു ഭാഗം സ്നാനഗ്രഹവും ജപമണ്ഡപവും മറ്റും കാണാവുന്നതാണ്. ഈ ഗൃഹങ്ങൾ ഒക്കെയും ചന്ദ്രമണ്ഡലംപോലെ അതിധവളമായി വിളങ്ങുന്ന മാർബ്ബൾകല്ലുകൊണ്ടു കെട്ടപ്പെട്ടതും ഭിത്തികളിന്മേലും തട്ടുകളിന്മേലും തങ്കരേഖാലതകളാൽ വിചിത്രമായിട്ടുള്ളതും, ആ സ്വര്‍ണ്ണ ലതകളുടെ മഞ്ജരീസ്ഥാനങ്ങളിൽ ചിലേടത്തു പുഷ്പാകൃതിയിൽ രത്നങ്ങൾ പതിച്ചിട്ടുള്ളതും, ഉപരിഭാഗത്തിൽ സ്വര്‍ണ്ണമയങ്ങളായ താഴികക്കുടങ്ങളാലും തങ്കപ്പലകകളാലും അലംകൃതമായിട്ടുള്ളതുമാകുന്നു. സൂര്യോദയകാലത്തിൽ ഈ കോട്ടക്കകത്തു ചെന്നു ഈ രാജധാനിയെ കാണുന്നവര്‍ക്കു ഇവിടെ ബാലസൂര്യൻ ഒന്നല്ല, അനേകമുണ്ടെന്നു തോന്നിപ്പോകും. ഉദ്യാനമൊ അതിരമണീയം. പലജാതി ലതകളും, വൃക്ഷങ്ങളും, ചെടികളും നിറഞ്ഞുനില്ക്കുന്ന ഈ ഉദ്യാനത്തിൽ പലതരം പുഷ്പസമൃദ്ധി ഉള്ളതുകൊണ്ടു എപ്പോഴും ഈ പ്രദേശം പരിമളമേദുരമായിത്തന്നെ ഇരിക്കുന്നതുകൂടാതെ മധുപാനമദോന്മത്തങ്ങളായ കോകിലഭ്രമരാദികളുടെ മധുരപഞ്ചമഝങ്കാരാദി നിനദംകൊണ്ടു സര്‍വ്വജനങ്ങൾക്കും ശ്രോത്രേന്ദ്രിയചാരിതാര്‍ത്ഥ്യം സിദ്ധിപ്പിക്കുന്നു. ഈ രാജധാനിയെ കാണുന്നവര്‍ക്കു രാമായണത്തിൽ വര്‍ണ്ണിക്കപ്പെട്ട രാവണ സഭാമണ്ഡപാദികൾ ഓര്‍മ്മയിൽ വരാതെയിരിക്കുകയില്ലെന്നു നിശ്ശങ്കം പറയാം. ഈ എടുപ്പുകൾ യമുനാനദീതീരത്തിൽത്തന്നെ നില്ക്കുന്നതാകകൊണ്ടു സ്നാന ഗൃഹങ്ങളിലേക്കും മറ്റും യമുനയിൽനിന്നു കുഴൽ മാര്‍ഗ്ഗമായി യഥേഷ്ടം ജലം വരുവാൻ മാര്‍ഗ്ഗത്തെ വെച്ചിട്ടുമുണ്ട്. സഭാ മണ്ഡപത്തിൽ കൂടി ഉഷ്ണശാന്തിക്കുവേണ്ടി ചില ഭാഗങ്ങളിൽ ജലപ്രണാളികളെ നിര്‍മ്മിച്ചിരിക്കുന്നു. ഇവിടെ മാര്‍ബ്ബിൾ കല്ലുകൊണ്ടുള്ള പണിയും, രത്നമഞ്ജരിസഹിതകളായ കനകലതകളുടെ രചനയും, ശില്പി ചാതുര്യവും, മറ്റുള്ള പുരീസൌഭാഗ്യവും കാണുന്നവര്‍ക്കു വലുതായ ഒരു നയന സാഫല്യം സിദ്ധിക്കുമെന്നുള്ളതിലേക്കും സംശയമില്ല. എന്തിനു വളരെ പായുന്നു, അതിമനോഹരയായ ഈ രാജധാനിയെ കാണാതെ പോയാൽ മനുഷ്യരുടെ നയനങ്ങൾക്കു സാഫല്യം വരികയില്ലെന്നു തീര്‍ച്ചതന്നെ. ഈ കോട്ടക്കകത്തു ചില ചില വലിയ കെട്ടിടങ്ങൾ വേറെയും ഉള്ളതുകളിൽ സര്‍ക്കാർ ഉദ്യോഗസ്ഥന്മാരും ചിലതുകളിൽ സോദരപട്ടാളക്കാരും സക്കാർ വക ചില പണിക്കാരും അധിവസിച്ചുവരുന്നുണ്ട്. കുഴൽവെള്ളം ഇപ്പോഴും യഥേഷ്ടം സഞ്ചരിക്കുന്നു. ഈ രാജധാനിയിലാണ് 60 കോടി ഉറുപ്പിക ചിലവു ചെയ്ത് ഉണ്ടാക്കപ്പെട്ട മയൂരസിംഹാസനം ഇരുന്നിരുന്നത്. “നാദിര്‍ഷാ” 1739-ാംവര്‍ത്തില്‍ ഇതിലുണ്ടായിരുന്ന ആഭരണങ്ങളെയും ഈ സിംഹാസനത്തെയും എടുത്തുകൊണ്ടുപോയി എങ്കിലും കെട്ടിടങ്ങളുടെ സൌഭാഗ്യത്തെ കൊണ്ടു പോവാൻ സാധിച്ചില്ല. ഈ കോട്ടക്ക് സമീപമാണ് "ജമ്മാമസ്‌ജീത" എന്ന അതിഗംഭീരമായ തുലുഷ്ക്കരുടെ പള്ളി ഇരിക്കുന്നത്. ഈ പള്ളി കരിങ്കല്ലുകളാൽ കെട്ടപ്പെട്ട മനോഹരമായ ഒരു എടുപ്പമാകുന്നു. ഇതു കുറെ ഉന്നതഭൂമിയിൽ കെട്ടപ്പെട്ടതാകകൊണ്ട് നാലുഭാഗങ്ങളിലും വിശേഷപ്പെട്ട കരിങ്കൽ പടവുകളാൽ രമണീയമായിരിക്കും. ഈ പള്ളിയുടെ രണ്ടു ഭാഗങ്ങളിലും ൧൪൦ അടി ഉയരമുള്ളതും മാർബ്ബൾകല്ലിനാൽ നിര്‍മ്മിക്കപ്പെട്ടതുമായ രണ്ടു ഗോപുരങ്ങളും ഉണ്ട്. അതുകളുടെ ഉള്ളിൽ കൂടി ൧൩൦ പടവുകൾ കയറി മുകളിൽ പോയി നോക്കുന്നതായാൽ ഡില്ലിപട്ടണത്തിലുള്ള മിക്ക പ്രദേശങ്ങളും, ഭജാറുകളും രാജവിധികളും അനേകം പ്രാസാദങ്ങളും മറ്റും കാണാവുന്നതാണ്. ഈ പള്ളി "ഷാജിഹാൻ ചക്രവർത്തി" പത്തുലക്ഷം ഉറുപ്പിക ചിലവുചെയ്തു കെട്ടിയതാണെന്നു കേൾക്കുന്നു.

78. ഈ പള്ളിയുടെ കുറെ ദൂരത്തിൽ "കലാസ്‍മജ്ത”എന്ന കറുപ്പായ ഒരുപള്ളിയും ഉണ്ട്. ഈ പള്ളി അറബി ദേശക്കാരുടെ ശില്പശാസ്ത്രപ്രകാരം കര്‍ണ്ണാടകരീതിയിൽ നിര്‍മ്മിക്കപ്പെട്ടതും, കറുത്ത ചായം തേച്ചതുമാകുന്നു. ഇങ്ങിനെ വിശേഷപ്പെട്ട അനേകം പള്ളികളും ഈ പട്ടണത്തിൽ കാണാവുന്നതാണ് - ഈ ഇന്ത്യയിൽ മുസൽമാന്മാരുടെ വിശേഷപ്പെട്ട പള്ളികൾ പലതും ഉണ്ടായിരിക്കുമെങ്കിലും ഈ ഡില്ലിപട്ടണത്തിൽ ഉള്ള പള്ളികളെപ്പൊലെ ഗംഭീരമായിരിക്കുകയില്ലെന്നു പലരും പറഞ്ഞുവരുന്ന ഒരു സംഗതിയെ ചെന്നുകാണുന്നവർ വിസ്മിതചിത്തന്മാരായി വിശ്വസിക്കാതെ ഇരിക്കുകയില്ല. ഈ ഡില്ലിപട്ടണത്തിൽ തുലുഷ്കന്മാരുടെയും, അല്പമായി ക്രിസ്ത്യന്മാരുടെയും കോവിലുകൾ കണുന്നതല്ലാതെ ഹിന്തുക്കളുടെ ക്ഷേത്രങ്ങൾ ഇല്ലെന്നുതന്നെ പറയാം. ഈ ഡില്ലി പട്ടണത്തിന്റെ തെക്കു ഭാഗം കൊട്ടില എന്ന ഒരു വലിയ കോട്ടയും ഉണ്ട്. ഇതു ൨൨൦൦ സംവത്സരത്തിന്നുമുമ്പ് അശോകമഹാരാജാവ് കെട്ടിയതാണെന്നു പലെ ശിലാശാസനങ്ങളിലും കാണപ്പെടുന്നു. ഇതിന്നു തെക്കുഭാഗം സുമാറ് ഒന്നര മയിത്സ് ദൂരത്തിൽ ഹുമയൂൺസമാധിസ്ഥലമായ പള്ളിയുണ്ട് - ഇതു ൨൦൦ അടി ചുറ്റളവുള്ള കരിങ്കൽ കെട്ടിടമാണ്. ഇതിൽ പല പല കാഴ്ചകളും കാണ്മാനുണ്ട് - ഇങ്ങിനെ ഇവിടെയുള്ള പ ള്ളികളെ ഒക്കെയും വര്‍ണ്ണിച്ച അവസാനിപ്പിപ്പാൻ പ്രയാസമെന്നു കരുതി ഈ വിഷയത്തെ ചുരുക്കുന്നു. എങ്കിലും വിശേഷപ്പെട്ട പള്ളികളുടെയും കാഴ്ചയുടെയും ഒരു വിവരണം ചുരുക്കമായി തഴെ ചേര്‍ക്കുന്നു.

74. 1. ജമാമസ്‌ജീത, 2. കാലാമസ്ജീത എന്ന പ്രേതക്കല്ലറ, 8. ഹുമയൂൺചക്രവത്തിയുടെ പ്രേതക്കല്ലറ, 4. ഖുസ്രു എന്ന കവിയുടെ പ്രേതക്കല്ലറ, 5. ൧൮൫൭-ലെ സിപായിലഹളയുടെ ഓര്‍മ്മക്കായി ഉണ്ടാക്കീട്ടുള്ള സ്തംഭവും പള്ളിയും, 6. ചണ്ടിചൌക്ക, 7. ലേഡലൊ എന്ന കോട്ട, 8. പ്ലാഗസ്റ്റാബ എന്ന ഗോപുരം, 9. ഹിന്തുറാവു എന്ന ഗൃഹം, 10. മ്യൂസിയം, 11. വലിയഭജാർ, 12. കുത്താബമൈനർ മുതലായി അനേകം സ്ഥലങ്ങൾ ഈ ഡില്ലിയിൽ കാണ്മാൻ യോഗ്യതയുള്ളതാകുന്നു. ഇതുകളെല്ലാം കാണിപ്പാനായി നാലണ ആറണ കൊടുത്താൽ ആളുകളെ ധാരാളമായി കിട്ടുന്നതാണ്. ഈ ഡില്ലിസ്റ്റെഷനുസമീ പം മട്രൊപൊളിറ്റൻ, യൂനെട്‌സ് എന്ന ഒന്നു രണ്ട് ഹൊട്ടലുകളും ഉണ്ട്. ഇവിടെ കുതിരസ്സാറട്ടുകൾ സുലഭമാണ്. സ്റ്റേഷനിൽനിന്നു അര മയിത്സ് ദൂരമുള്ള ഒരു ധര്‍മ്മശാലയിലാണ് ഞങ്ങൾ ചെന്നു താമസിച്ചത്. തുലാം 11-ാം൲ മുഴുവനും ധർമ്മശാലയിൽതന്നെ താമസിച്ചു- ഈ ധർമ്മശാലയുടെ ഉമ്മറത്തുതന്നെ യമുനയുടെ ഒരു വായ്ക്കാലും പ്രവഫിക്കുന്നുണ്ടു. പട്ടണത്തിൽനിന്നു യമുനാനദിക്കു ഒരു മയിത്സ് മാത്രമാണ് ദൂരമുള്ളതു. ഇതിനു പുറമെ കുഴൽവെള്ളവും ധാരാളം. ആകയാൽ ഈ പട്ടത്തിൽ ജല സൌഖ്യമുണ്ടെന്നു ഇനി വിവരിക്കേണ്ടതില്ലെല്ലൊ. ഈ ധര്‍മ്മശാലക്കടുത്തു തന്നെ ചെറിയ ഒരു അങ്ങാടിയും ഉണ്ടു. വലിയ ഭജാറിലേക്കും ഷാപ്പുകളിലേക്കും മറ്റും സുമാറ് ഒരു മയിത്സ് ദൂരമെ ഉള്ളു. ഞങ്ങൾ താമസിച്ചിരുന്ന ധര്‍മ്മശാലയിൽ ദിവസം ഒന്ന്ക്കു ആൾ ഒന്നിന്നു ഓരോ ഉറുപ്പിക പ്രകാരം വാടക കൊടുക്കേണ്ടിവന്നു. ചെറിയ സ്ഥലമായിരുന്നാൽ ഇതു വേണ്ടിവരുന്നതല്ല. ഇവിടെ ഒരു വിശേഷവിധി കാണുക ഉണ്ടായി അതാവിത്, ഞങ്ങൾ താമസിച്ചിരുന്ന ധര്‍മ്മശാലയിൽ രാവിലെ ൮ മണിമുതൽ വൈകുന്നേരം ൫ മണി വരെക്കും പട്ടണത്തിൽനിന്നു പലതരം കച്ചവടക്കാരും മറ്റും വന്നു സ്വര്‍ണ്ണാഭരണങ്ങൾ, വെള്ളിപ്പാത്രങ്ങൾ, രത്നങ്ങൾ,ഗിലുട്ടുസാധനങ്ങൾ, പലതരം ശീലത്തരങ്ങൾ, അത്തർ അമ്പർ മുതലായ അനേകം സുഗന്ധദ്രവ്യങ്ങൾ എന്ന് വേണ്ട പട്ടണത്തിലുളള മിക്ക വസ്തുക്കളും കൊണ്ടുവന്നു നൂതന യാത്രക്കാരെ മോഹിപ്പിച്ചു പിടിപ്പതു വിലവാങ്ങി വിറ്റു വരുന്നുമുണ്ടു.

75. ഇതു കൂടാതെ സംഗീതക്കാർ, ദേവദാസികൾ മുതലായ അനേകം തരക്കാരും മോടിയോടു കൂടി വന്നു സംഗീതാദികളെക്കൊണ്ടു യാത്രക്കാരെ ഭ്രമിപ്പിച്ചു മുതൽ സമ്പാദിക്കുന്നു. എന്തിന്നു വളരെ പറയുന്നു, യാത്രക്കാർ കുറെ ധനികന്മാരും യോഗ്യന്മാരും ആയിരുന്നാൽ പാര്‍ക്കുന്ന സ്ഥലത്തു തന്നെ രാവിലെ ൮ മണി മുതൽ വൈകുന്നേരം ൬ മണിവരെക്കും പട്ടണത്തിലുള്ള സകല സാധനങ്ങളും വിനോദങ്ങളും വന്നു ചേരുന്നതുമാകുന്നു. ഞങ്ങൾ എല്ലാവരും സ്നാനവും ഭക്ഷണവും കഴിച്ചതിന്നു ശേഷം ഒരു ദിവസത്തിന്നുസബാരിക്ക് 3 ഉറുപ്പിക കൊടുത്താൽ കിട്ടുന്ന എരട്ട കുതിരസാട്ടിൽ കയറി പട്ടണം കാണ്മാനായി പുറപ്പെട്ടു പോയി. ഒന്നാമത് സിപായിലഹളയുടെ സ്മാരകമായ ധ്വജസ്തംഭത്തെയാണ് കാണുക ഉണ്ടായത് - ഈ സ്തംഭം അത്യുന്നതമായിരിക്കുന്നതും ഉള്ളിൽ കൂടി കയറി നഗരമെല്ലാം കാണുവാൻ സൌകര്യമുള്ളതുമാകുന്നു. ഇതു കാണേണ്ടുന്ന ഒരു കാഴ്ചതന്നെ. പിന്നെ ഇവിടെ നിന്നുപോയി രണ്ടു മയിത്സ് ദൂരത്തിൽ പണ്ട് പാണ്ഡവന്മാരുടെ വാസസ്ഥാനമായിരുന്ന പഴയ കോട്ടയിൽ ചെന്നു കാണുകയാണ് ഉണ്ടായത്. ഈ കോട്ട ഇപ്പോൾ മിക്കതും ഇടിഞ്ഞു വീണു നിര്‍ജ്ജനമായി കിടക്കുന്നു എങ്കിലും കോട്ടക്കുകത്തു നാല്പതോളം കുടിക്കാർ താമസിച്ചു വരുന്നുണ്ട്- ഈ കോട്ടയിൽ നിന്ന് അര മയിൽ ഒരു മയിൽ സമീപങ്ങളിൽ ഇടിഞ്ഞു കിടക്കുന്നതായ അനേകം കോട്ടകൾ കാണപ്പെടുന്നുണ്ട് - ആയതുകൾ പണ്ടു ഈ പട്ടണം പാണ്ഡവന്മാരുടെ വാസസ്ഥാനമായ ഇന്ദ്രപ്രസ്ഥമായിരുന്നു എന്ന് ഊഹിപ്പിക്കുന്നുണ്ട്- പിന്നെ ജമാമസ് ജീത്ത എന്ന പള്ളി മുതലായത് കാൺക ഉണ്ടായി. ഈ പള്ളിയുടെ സ്വഭാവം മുമ്പു വിവരിച്ചതിനാൽ ഇവിടെ എടുക്കുന്നില്ല. അതിനു ശേഷം പട്ടണത്തിൽ നിന്ന് ഏകദേശം ൬, ൭ മയിത്സ് ദൂരത്തിലുള്ള ഒരു പഴയ കോട്ടയിൽ ചെന്ന് കയറി. ഇതിൽ ചില ചില കെട്ടിടങ്ങളുമുണ്ട് - ഈ കോട്ട പണ്ട് പൃഥുമഹാരാജാവിന്റെ രാജധാനിയായിരുന്നു എന്നു പറഞ്ഞുവരുന്നു. ഈ കോട്ടക്കകത്താണ് പ്രധാനപ്പെട്ട ഒരു കാഴ്ചയുള്ളതു. അതു അത്യുന്നതമായ ഒരു ധ്വജമാകുന്നു ഈ ധ്വജത്തിന്റെ ചരിത്രവും ഛായയും അനേകം ഇംഗ്ലീഷ് പുസ്തകങ്ങളിൽ വിസ്തരിക്കപ്പെട്ടതായി അറിയുന്നു. ഇതിന്നു ൧൨൦ വാര ഉയരമുണ്ടു. ഇതിന്റെ ഉള്ളിൽകൂടിഉപരിഭാഗത്തിലേക്കു കയറുവാനായികരിങ്കല്ലു പടവുകളുണ്ട്. എന്നാൽ പടവുകൾപിരിയൻശംഖിന്റെ ഉള്ളിലുള്ള രേഖപോലെ ചുറ്റിക്കൊണ്ടിരിക്കും. ഇതിന്നു പടവുകൾ സുമാറ് ൩൪൦ തോളം ഉണ്ട്. ധ്വജം മുഴുവനും കരിങ്കല്ലുകൊണ്ടു നിർമ്മിക്കപ്പെട്ടതും വളരെ വിശേഷപ്പെട്ട പലതരം കൊത്തുപണി ഉള്ളതുമാകുന്നു. കരിമ്പിന്റെ കമ്പുപോലെ ഇതിന്നു ൩ കമ്പുകൾ ഉണ്ടു. ആ സ്ഥലങ്ങളിൽ ഒക്കയും പുറത്തേക്കു ചുറ്റം വ്രാന്തകൾ ഉണ്ടായിരിക്കും. അതുകളിൽ സഞ്ചരിച്ചാൽ പട്ടണമെല്ലാം കാണ്മാൻ കുഴിയും. ഞങ്ങൾ എല്ലാവരും ഉപരിഭാഗംവരെക്കും കയറി ചെന്ന് നോക്കിയതിൽ ൧൦ മയിത്സ് ദൂരത്തിൽ കിടക്കുന്ന ഡില്ലി പട്ടണം മുഴുവനും എത്രയും ചെറിയ ആകൃതിയിൽ കാണപ്പെട്ടു. കീയ്പോട്ടു നോക്കുന്ന സമയം താഴത്തു സഞ്ചരിക്കുന്നജനങ്ങളെ കണ്ടു എറുമ്പുകൾ അരിക്കുമ്പോലെ തോന്നിപ്പോയി. ഈ ധ്വജസ്തംഭം പണ്ടു പൃഥു മഹാരാജാവിന്റെ കാലത്തു അന്തഃപുരസ്ത്രീകൾക്കു പ്രതിദിനം ൮ മയിൽത്സ് ദൂരത്തിൽ പ്രവഹിക്കുന്ന യമുനാദേവിയെ കണ്ടു വന്ദിപ്പാനായി എത്രയും അത്യുന്നതമാ യി കെട്ടപ്പെട്ടതാണെന്നാണ് അവിടെയുള്ളവർ പറഞ്ഞു വരുന്നതു. ഏതായാലും ഇത് സാധാരണ മനുഷ്യരാൽ നിര്‍മ്മിക്കപ്പെടുവാൻ കഴിയുന്നതല്ലെന്ന് ഇത് ചെന്ന് കാണുന്നവര്‍ക്ക് എളുപ്പത്തിൽ തന്നെ അറിയാൻ കഴിയുന്നതാണ്.ഈ ധ്വജത്തിന്റെ സമീപത്തിൽ തന്നെ പൃഥു മഹാരാജാവിന്റെ ഒരു യജ്ഞസ്തംഭവും കാണുന്നുണ്ട് . ഇതു പഞ്ചലോഹത്താൽ നിര്‍മ്മിക്കപ്പെട്ടതാകുന്നു. യാത്രക്കാർ ഇവിടെ ചെന്നു ഈ യജ്ഞസ്തംഭത്തെ ദര്‍ശനം കഴിച്ചു വന്ദിക്കുന്ന ഒരുസമ്പ്രദായം കൂടി കണ്ടിരിക്കുന്നു. ഈ സ്തംഭത്തിന്ന് സമീപത്തി ചെറുതായ ഒരു മായാദേവീക്ഷേത്രവും കൂടി ഉണ്ട്. അവിടേയും പോയി ദര്‍ശനം കഴിച്ചു പുറത്തു വന്നപ്പോഴെക്കു രണ്ടു നാഴിക രാച്ചെന്നു പോയി. അന്നു പിന്നെ മറ്റൊരു കാഴ്ചയും കാണ്മാൻ എടവന്നില്ല. ഇപ്പോൾ ഈ കോട്ടക്കു സമീപമുള്ള പ്രദേശങ്ങളിൽ ജനവാസം വളരെ കുറയും, എങ്കിലും പട്ടണത്തിൽനിന്നു പ്രതിദിനം ഈ കാഴ്ച യെ കാണ്മാനായി പല യോഗ്യന്മാരും വന്നു പോകുന്നുണ്ട്. പല യൂറോപ്യന്മാരും വരുന്നുണ്ട്. അവക്കു താമസിപ്പാൻ. വേണ്ടി ധ്വജത്തിന്നു എത്രയും അടുത്തുതന്നെ സക്കാർ വകയായി ഒരു മുസാവരിബംഗ്ലാവും ഉള്ളതാകുന്നു. ഏതു സംഗതിക്കെങ്കിലും ഡില്ലിക്കു വരുന്നവർ ഈ കാഴ്ചയെ കാണാതെ പോയ്പോകരുതെന്നു ഓര്‍മ്മപ്പെടുത്തിക്കൊള്ളുന്നു. ഏഴു മണിയോടുകൂടി ഞങ്ങൾ അവിടെനിന്നു മടങ്ങിപോന്ന രാത്രി 10 മണിക്കുമുമ്പായി പാര്‍പ്പിടത്തിൽ തന്നെ വന്നു ചേര്‍ന്നു അവിടെ സുഖമായി താമസിച്ചു.

76. പതിനൊന്നും, പന്ത്രണ്ടും തിയ്യതികളിലായി ഈ വക അനേക കാഴ്ചകളെ കണ്ടു. 13-ാം൲ വിശേഷപ്പെട്ട ചില ഷാപ്പുകളും, ഭജാറുകളും, മ്യൂസിയവും മറ്റു പല പല സ്ഥലങ്ങളെയും സബാരി ചെയ്തുകണ്ടു പരമാനന്ദതുന്ദിലഹൃദയന്മാരായി പാ൲ക്കുന്ന സ്ഥലത്തേക്കുതന്നെ മടങ്ങിവന്നു. ഈ പട്ടണം വളരെ പ്രബലപ്പെട്ടതും സകല സാധനങ്ങളും കിട്ടുന്ന സ്ഥലവും 60 ലക്ഷത്തോളം ജനങ്ങൾ അധിവസിച്ചുവരുന്നതും ആകയാൽ നയനങ്ങൾക്കു വലുതായ ഒരു കാഴ്ചയായിത്തന്നെ വിചാരിക്കേണ്ടതാണ്. ഇവിടെ പലതരമായി 80-ൽ അധികം മില്ലുകൾ ഉണ്ട്. പക്ഷെ യമുനാനദിയൊഴികെ മറ്റു പ്രധാനപ്പെട്ട ഹിന്തു ക്ഷേത്രങ്ങൾ ഇല്ലെന്നുള്ള സംഗതി മാത്രം വ്യസനഹേതുവായി തീർന്നിരിക്കുന്നു. പുണ്യക്ഷേത്രങ്ങൾകൂടി ഉണ്ടായിരുന്നാൽ ഈ നഗരം അത്യുത്തമമായിരുന്നു എന്നു പറയാമായിരുന്നു. ഏതായാലും സാമാന്യം മിക്ക കാഴ്ചകളേയും കണ്ടു ൧൩-ാം രാത്രി ഭക്ഷണം കഴിച്ച് സ്റ്റേഷനിൽ വന്ന് അവിടെനിന്നു ആഗ്രക്കു ടിക്കറ്റുവാങ്ങി എട്ടരമണിയോടുകൂടി തീവണ്ടി കയറുകയും ചെയ്തു.

ആഗ്രാ

77. 71 തുലാം 14-ാം൲ രാവിലെ 10 മണിക്കു മുമ്പായി ഡില്ലിയിൽനിന്നു ആഗ്രാസ്റ്റേഷനിൽ വന്നിറങ്ങി. ഈ സ്റ്റേഷനും മനോഹരമായ ഒരു എടുപ്പുതന്നെ. ഈ ആഗ്രാപട്ടണം ബോമ്പായിൽനിന്നു സുമാറ് 889 നാഴിക ദൂരത്തിലാണ് കിടക്കുന്നത്. അതിര് കിഴക്ക് മിനിയൂരും, തെക്ക് ഡോളാപ്പൂരും, പടിഞ്ഞാറ് പാഴയൂരും, വടക്ക് മധുരയും ജില്ലകളാണ്. ഈ നാല് അതിരുകളുടെ അകത്ത് കിടക്കുന്ന ഈ ആഗ്രാപട്ടണം 85 മയിത്സ് ദീര്‍ഘവും, 38 മയിത്സ് വിസ്താരവും ഉള്ളതും ലഫ്ടനണ്ട് ഗവര്‍ണ്ണരുടെ അധികാരത്തിലിരിക്കുന്നതുമാകുന്നു. ഇവിടെ യമുന, സാമ്പൽ മുതലായ നദികളും പ്രവഹിക്കുന്നുണ്ട്. സമീപത്തിലുള്ള ഫൂട്ടപ്പൂർ. സിക്രി എന്ന മലയിൽ ഉണ്ടാകുന്ന ഒരു മാതിരി വിശേഷപ്പെട്ട കല്ലുകളെക്കൊണ്ട് പട്ടണത്തിൽ അനേകം മനോഹരവേലകൾ ചെയ്തുവരുന്നുണ്ട്. ശീതോഷ്ണം ഒരു മാതിരി സമാനമായ പ്രദേശമാണ്. എങ്കിലും ഹേമന്തകാലത്തിലെ ശീതം സഹിപ്പാൻ വളരെ പ്രയാസമായിരിക്കും. വിശേഷപ്പെട്ട നിരത്തുകളും, റെയിലും, വലിയ വഞ്ചികൾകൂടി സഞ്ചരിക്കുന്ന യമുനാനദിയും ഉള്ളതുകൊണ്ട് കച്ചവടക്കാര്‍ക്കു വ്യാപാരത്തിന്ന് വളരെ സൌകര്യമുള്ളതാകയാൽ കച്ചവടം ദിനംപ്രതി വർദ്ധിച്ചു വരുന്നുണ്ട്. എന്നുമാത്രമല്ല, നെല്ല്, ഗോതമ്പം മുതലായ ധാന്യങ്ങള്‍ സുഭിക്ഷമായി വിളയുന്ന പ്രദേശവുമാണ്.

78. അലക്സാണ്ടർ ഇന്ത്യയിൽ വരുന്നതിന്ന് മുമ്പിൽ ഇവിടെ പാരസികന്മാരുടെ സൈന്യങ്ങൾ അധിവസിച്ചിരുന്നുപോൽ. 1017-ാം വര്‍ഷത്തിൽ മുഹമ്മത് ഖജനി കനേജൻമാര്‍ഗ്ഗമായി പോകുമ്പോൾ ആഗ്രാവിന് സമീപംവെച്ച് മുഹാബുനോട് എതിർത്തതായും പറയുന്നു. 1103-ാം വര്‍ഷം സമ്പട്ടീൻ മുഹമ്മദഘോരികന്നേര, കാശി മുതലായ രാജ്യങ്ങളിൽ രാജാവായിരുന്ന ജയചന്ദ്രനോട് ഇവിടെവെച്ച് യുദ്ധം നടത്തിയതായും ഒരു വര്‍ത്തമാനമുണ്ട്. 1488-ാംവര്‍ഷംമുതൽ 1517-ാം വര്‍ഷം വരയില്‍ ഡില്ലിയിലെ രാജാവായിരുന്ന ലോഡി തൻറ വാസസ്ഥലമാക്കി വെച്ചു. 1526-ൽ ബേബരുടെ അധീനത്തിലായി. പിന്നെ ഹുമയൂൺ എന്നാൾക്ക് സ്വാധീനമായിരുന്നു. 1559-ൽ അക്ബരുടെ രാജ്യഭരണകാലത്തിൽ അദ്ദേഹത്തിന്റെ പുതിയ രാജധാനിയാക്കിവെച്ചു. അന്ന് നിര്‍മ്മിക്കപ്പെട്ട വിശേഷമായ കോട്ട ഇന്നും ഇവിടെ കാണ്മാനുണ്ട്. 1658-ാം വര്‍ഷം അറംഗസിബിന്റെ കാലത്തിൽ ഈ ആഗ്രാ പട്ടണം പ്രധാന പട്ടണമായിരുന്നു. 1761- ൽ പാതപ്പൂർ രാജാവിന്നു അധീനമായി. 1774-ൽ ഷാ അലം എന്നാളുടെ മന്ത്രിയായ നൂർജിഹാൻ കയ്‍വശപ്പെടുത്തി. ഈ നൂർജിഹാൻ മരിച്ചതിനു ശേഷം മഹാരാഷ്ട്ര രാജാവായ സിന്ധ്യാമഹാരാജാവിന്നു അധീനമായി. 1880-ാമതിൽ സിന്ധ്യാമഹാരാജാവിന്നും ഈസ്റ്റിന്ത്യാകമ്പനിക്കാര്‍ക്കുംകൂടി തമ്മിൽ യുദ്ധമുണ്ടായപ്പോൾ ഹെസ്സിങ്ങ് എന്നാൾ തടുത്തു. ഒടുവിൽ ജനറൽ ലേക്കു കയ്വശപ്പെടുത്തി ഇംഗ്ലീഷ് ഗവണ്മെണ്ടിന്ന് സ്വന്തമായിരുന്നു. ഇപ്രകാരമുള്ള ഈ ആഗ്രാ പട്ടണം ഇപ്പോൾ വളരെ ശൃംഗാരമോടിയോടുകൂടി വിളങ്ങുന്നു. എത്രയും സമീപത്തിലുള്ള യമുനാ നദിയുടെ പാലത്തിൽ കൂടി തീവണ്ടിപ്പാതയും, അതിന്നു താഴെ സാധാരണ ജനങ്ങൾക്കു സഞ്ചരിപ്പാനുള്ള മാര്‍ഗ്ഗവും ഉണ്ട്. പാലമൊ അതി ഗംഭീരമായിരിക്കുന്നതാണ്. യമുനയിൽ കരിങ്കല്ലുകളാൽ കെട്ടപ്പെട്ട ഘട്ടങ്ങൾ ഉള്ളതുകൊണ്ട് സ്നാനത്തിന്നൊ പരമസുഖം. ഇവിടെയുള്ള റോഡുകൾ വളരെ വിസ്താരവും, അതി ഭംഗിയും ഉള്ളതായിരിക്കും. പട്ടണത്തിലുള്ള റോഡുകളുടെ ഇരുഭാഗവും പ്രായേണ മനോഹരങ്ങളായ പ്രാസാദങ്ങളാലും, കടത്തെരുവുകളാലും അലംകൃതമായിരിയ്ക്കുന്നതിനാൽ വളരെ ഭംഗിയുള്ളതാണ്. ഇതുകൂടാതെ റോഡുകൾ പ്രായേണ മുൻ വിവരിച്ച കല്ലുകൾ പതിച്ചിരിയ്ക്കുന്നതിനാൽ സഞ്ചരിയ്ക്കുന്നവര്‍ക്കു സുഖവും ദൃഷ്ടിക്കു മനോഹരവുമായിരിക്കും.

79. ഈ പട്ടണത്തിൽ (മാര്‍ബ്ബൾ) വെണ്ണക്കല്ലുകൊണ്ട് കെട്ടപ്പെട്ടിട്ടുള്ള അനേകം എടുപ്പുകൾ ഉണ്ടെങ്കിലും, ഈ ഭൂലോകത്തിൽ അപൂർവ്വമായും, അനുപമമായും, അതി രമണീയമായും ഇരിയ്ക്കുന്ന 'ടാജിമഹാൾ' എന്ന ഒരു എടുപ്പ് ലോകത്തിൽ കാണേണ്ടുന്ന പദാർത്ഥങ്ങളിൽ വെച്ച് ഒന്നാമത്തേതായിത്തന്നെ വര്‍ണ്ണിയ്ക്കേണ്ടതാണെന്ന് ആരും സമ്മതിയ്ക്കാതെ ഇരിയ്ക്കുകയില്ല. അത്രയും ആശ്ചര്യകരമായിട്ടുള്ളതാകുന്നു. ഈ ടാജിമഹാൾ എന്ന വിമാനസമാനമന്ദിരത്തെ കാണ്മാനായി അനേകം ഇന്ത്യക്കാരും, യൂറോപ്യന്മാരും, മറ്റു പല രാജ്യക്കാരും വരുന്നുണ്ട്. ഇപ്രകാരമുള്ള ടാജിമഹാളിന്റെ സൌഭാഗ്യത്തെ ഇവിടെ ഒന്ന് വര്‍ണ്ണിയ്ക്കാതെ ഇരിക്കുന്നത് എത്രയും അനുചിതമായി തീരുന്നതും, വര്‍ണ്ണിക്കുന്നതായാൽ ഈ ചരിത്രപുസ്തകത്തിനു കൂടി സൌഭാഗ്യവും, വിലയും കൂടുന്നതും ആകകൊണ്ട് അതിനേപറ്റി അല്പം താഴെ വിവരിക്കുന്നു.

80. ഈ ടാജിമഹാൾ യമുനയുടെ ഉത്തരതീരത്തിൽ കെട്ടപ്പെട്ടിരിക്കുന്നു. ഇതിന്റെ നാലു ഭാഗത്തിലും പത്തും പതിനാലും അടിവീതിയിലുള്ള മാർബ്ബൾ കല്ലുകളാൽ കെട്ടപ്പെട്ടിട്ടുള്ള മതിലുകളും, രണ്ടു ഭാഗത്തും വലിയ ഗോപുരങ്ങളും ഉണ്ട്. ഈ ഗോപുരങ്ങളുടെ ഉമ്മറത്ത് സാറട്ടുകൾ നിർത്താം- അവിടെ ഇറങ്ങി ഗോപുരത്തിന്നു സമീപമുള്ള ആപ്പീസ്സിൽനിന്നു ഓരോ അണ വിലയുള്ള ടിക്കറ്റുവാങ്ങിയാൽ അകത്തേക്കു കടക്കാം. ടിക്കറ്റ് വാങ്ങിയവര്‍ക്കു മാത്രമെ കടക്കുവാൻ പാടുള്ളു. ഈ ഗോപുരത്തിൽ നിന്ന് ടാജിമഹാൾ വരെ സുമാറ് 150 വാര ദൂരമുണ്ടാവും. അതുവരെക്കും ചന്ദ്രമണ്ഡലംപോലെ ധവളമായ വെണ്ണക്കല്ലു പതിച്ച മാര്‍ഗ്ഗമായിരിക്കും. തന്മദ്ധ്യത്തിൽ ഒരു വിശേഷപ്പെട്ട മണ്ഡപവും, മാര്‍ഗ്ഗത്തിന്റെ രണ്ടു ഭാഗങ്ങളിലും അതിമനോഹരമായ ഉദ്യാനങ്ങളും കൃത്രിമ പൊയ്കയും ഉണ്ട്. ഈ പെയ്കകളുടെ ചുററും വെണ്ണക്കല്ലുകൊണ്ട് പടുത്തിരിക്കും. ഈ പൊയ്കകളിൽ ഇടപ്പെട്ട പലതരം ജലജന്തുക്കളും, നാനാവിധ പുഷ്പങ്ങളും വിലസിക്കുന്നതു കണ്ടാൽ മനസ്സിന്നു വലുതായ ഒരു ആഹ്ലാദം ഉണ്ടാകുന്നതാണ്. ഈ ടാജിമഹാളിന്റെ മഹിമയെ കേട്ട് ചെല്ലുന്നവർ ഗോപുരം കാണുന്ന സമയം തന്നെ ഇതു തന്നെയായിരിക്കുമൊ ടാജിമാഹാൾ എന്ന് ശങ്കിച്ചുപോകും. ഉടനെ അകത്തുകടന്നു നോക്കുമ്പോൾ മാത്രമെ, 'ഓ ഇതു ഗോപുരമാണ്' എന്നു മനസ്സിലാക്കുവാൻ കഴികയുള്ളു. പിന്നെ കാണുന്നത് മുൻപറഞ്ഞ ഉദ്യാനങ്ങളും, പൊയ്കകളും ശിലാമണ്ഡപവുമായിരിക്കും. ഇതുകൾ കാണുന്ന സമയവും ഇവിടെ മുഖ്യമായ കാഴ്ച ഇതുകൾ തന്നെയായിരിക്കുമൊ എന്നും ചിലർ ശങ്കിക്കുമായിരിക്കാമെങ്കിലും മുമ്പോട്ട് ഒന്നു നോക്കുന്ന സമയം, ഈ കണ്ടതൊന്നുമല്ല കാഴ്ച എന്നു മനസ്സിലാക്കുവാൻ കഴിയും. 'ഇതാ പുരോഭാഗത്തിൽ കാണുന്ന ചന്ദ്രമണ്ഡലമൊ, അല്ലെങ്കിൽ തത്സമാനമായ വിമാനമൊ ആയിരിക്കും പ്രധാന കാഴ്ച' എന്ന് സന്തോഷിച്ചും കൊണ്ട് പോകുന്ന മാര്‍ഗ്ഗത്തിൽ വിസ്മയിയ്ക്കാത്തവർ ആരും ഉണ്ടാകയില്ല. ഇങ്ങിനെ ടാജിമഹാളിനെ നോക്കി അനന്ദിച്ചുംകൊണ്ട് ക്രമേണ പതുക്കെ പതുക്കെ ടാജിമഹാളിന്റെ സമീപത്തുചെല്ലും. ഈ ടാജിമഹാൾ വിശാലമായ ഒരു സ്പടിക മണ്ഡപത്തിന്റെ മദ്ധ്യത്തിലാണ് കെട്ടപ്പെട്ടിരിക്കുന്നത്. ഇതിന്റെ നാലു മൂലകളിലും 100 അടി ഉയരമുള്ള സ്ഫടികധ്വജങ്ങളും, നാലു ഭാഗങ്ങളിലും മദ്ധ്യ പ്രദേശത്തിൽ കയറി ചെല്ലുവാൻ സ്ഫടികപടവുകളും ഉണ്ടായിരിക്കും. ഈ സ്പടിക മണ്ഡപത്തിന്ന് സുമാറ് മൂന്നുവാര ഉയരമുണ്ട്. നാലു മൂലകളിലുള്ള സ്പടിക സ്തംഭങ്ങളുടെ ഉള്ളിൽകൂടി ഉപരിഭാഗത്തോളം ചെന്നാൽ അവിടെ ചുറ്റും കുറെ വിശാലമായ സ്ഥലത്തുചെന്ന് നില്ക്കാം. അവിടെനിന്നു നോക്കിയാൽ ആഗ്രാ പട്ടണവും കോട്ടകളും നാനാവിധ തോട്ടങ്ങളും മറ്റും വിശേഷമായി കാണാവുന്നതാണ്. നാലുമൂലസ്തംഭങ്ങളും ഒരു മാതിരിയിൽ തന്നെയിരിക്കും. ഇങ്ങിനെയുള്ള ടാജിമഹാൾ സ്പടിക മണ്ഡപത്തിലേക്കു കയറിചെന്ന് നോക്കുന്ന സമയം ഉണ്ടാകുന്ന പരമാനന്ദത്തെ ഞാനെങ്ങിനെ ഇവിടെ വര്‍ണ്ണിക്കും. ഈ ടാജിമഹാൾ സുമാറ് 70 അടി ചുറ്റളവും 250 അടി ഉയരവുമുള്ളതാകുന്നു. ഇതിന്റെ ഉപരിഭാഗത്തിൽ പൊൻതാഴികക്കുടങ്ങൾ വെച്ചിട്ടുള്ളതിന്നു പുറമെ സ്ഫടികക്കല്ലുകളെക്കൊണ്ട് ചെയ്തിട്ടുള്ള നാനാവിധ കലശങ്ങളും, പലതരം കൊത്തുപണികളും സാലഭജ്ജികാപ്രതിമകളും, മറ്റു പലെ വിചിത്ര വേലകളും ഉള്ളതിനെ സാവധാനത്തിൽ ഓരോന്നോരോന്നായി നോക്കി കാണുന്നവർ രണ്ടു കണ്ണുകൊണ്ട് തൃപ്തിപ്പെടാതെ പരിതപിക്കുകയും, ഇതിനുവേണ്ടി സഹസ്രാക്ഷനായാൽ കൊള്ളാമെന്നാഗ്രഹിക്കയും ചെയ്തു പോകാത്തവർ ദുര്‍ല്ലഭമാണ്. പണ്ടു 'ഷാജിഹാൻ ബാദുഷാ' എന്ന തുലുഷ്കമഹാരാജാവിന്നു 'ടാജി' എന്ന എത്രയും പ്രിയപ്പെട്ട ഒരു പ്രാണവല്ലഭ ഉണ്ടായിരുന്നു. അവൾ അതിസുന്ദരിയായിരുന്നു എന്ന് ലോകപ്രസിദ്ധിയാണ്. അവൾ മരിച്ചാൽ അവളുടെ പേര് എന്നെന്നെക്കും നിലനില്ക്കേണമെന്നുള്ള ഉദ്ദേശത്തിന്മേൽ അവൾ മരിക്കുന്നതിന്നു മുമ്പായിത്തന്നെ ഇതിന്റെ പണി തുടങ്ങിയിരിക്കുന്നു. 22 സംവത്സരംകൊണ്ടു 20 ലക്ഷം പവൻ ചിലവുചെയ്തു അനേക ലക്ഷം വേലക്കാരെക്കൊണ്ട് പണിചെയ്യിപ്പിച്ചതാണെന്നു ആഗ്രാപട്ടണത്തിൽ ഇന്നും പ്രസിദ്ധമായി പറയുന്ന സംഗതിയാണ്. ടാജി മരിച്ചതിനുശേഷം ഇതിൽ മറചെയ്തു. അന്നു മുതൽക്ക് ഇതിന്നു 'ടാജിമഹാൾ' എന്നു പേരുവാണു. ഈ ടാജിമഹാളിന്റെ ഉള്ളിലുള്ള സൌഭാഗ്യത്തെയും അല്പം വിവിരിക്കാം: ഇതിന്റെ അകത്ത് അര്‍ച്ചകന്മാരായ തുലുഷ്ക്ക ജാതിക്കാർ എപ്പോഴും ഉണ്ടായിരിക്കും. അവർ ശര്‍ക്കര, കല്ക്കണ്ടം, പഴം മുതലായത് നിവേദിച്ച് പുഷ്പസമേതം യാത്രക്കാര്‍ക്കു കൊടുക്കുകയും, അതുവാങ്ങി ദക്ഷിണ കൊടുക്കുകയും ചെയ്തുവരുന്ന ഒരു സമ്പ്രദായം ഇന്നും ഉണ്ട്. എന്നാൽ ഇത് നിര്‍ബ്ബന്ധമുള്ളതല്ല. പ്രസാദം വാങ്ങാത്തവരും ഉണ്ടായിരിക്കും. എങ്കിലും ആളവസ്ഥപോലെ ഒന്നൊരണ്ടോ അണയെങ്കിലും കൊടുക്കാത്തവർകുറയും. ഈ മഹാളിന്റെ അകത്തേക്കുകടക്കുന്ന വാതിൽ സുവര്‍ണ്ണരേഖാവിചിത്രിതമായിട്ടുള്ളതാണ്. അകത്തുകടന്നാൽ നോക്കുന്നത് ഒക്കയും ആശ്ചര്യമായി തൊന്നും. അവിടെകണ്ടിട്ടുള്ള സൌഭാഗ്യത്തെ മുഴുവനും വര്‍ണ്ണിപ്പാൻ നാം ശക്തനായി വരികയില്ല. ഒന്നാമത് ടാജിയെ സ്ഥാപിച്ച മറക്കല്ല്, ഏകദേശം മൂന്നുവാരനീളവും ഒരു വാര വീതിയും ഉള്ള ഒരു സ്ഫടികക്കല്ലാണ്. ഇതുവരെ ഇങ്ങിനെയുള്ള ഒരു സ്ഫടികക്കല്ല കാണുക ഉണ്ടായിട്ടില്ല. ഭിത്തികളിന്മേലും മേൽഭാഗത്തും ഓരോരോ ലതാകാരമായും മറ്റും കൊത്തീട്ടുള്ള ചിത്രങ്ങൾ സാധാരണ കാണികൾക്ക് 'ഇതു വിശേഷപ്പെട്ട ഒരു കൌതുകപ്പണി തന്നെ' എന്നു മാത്രം അറിയാൻ കഴിയുന്നതല്ലാതെ അതിലുള്ള ശില്പി ചാതുര്യത്തെ മുഴുവൻ അറിവാൻ കഴികയില്ല. മുസൽമാൻ വേദപരിജ്ഞാനമുള്ളവര്‍ക്കു ലതാകാരേണ ആ എഴുതപ്പെട്ടിട്ടുള്ള ചിത്രങ്ങളെ കുറാൻ മുതലായ വേദവാക്യങ്ങളായി വായിപ്പാൻ കഴിയുമത്രെ. ഈശ്വരാ! ഇത് എന്തൊരു ആശ്ചര്യമാണ്, ഈ ടാജിമഹാൾ അനേകായിരം സ്ഫടികക്കല്ലുകളെ കൂട്ടിചേര്‍ത്തു നിര്‍മ്മിക്കപ്പെട്ടതാണെങ്കിലും അതുകളുടെ ഏപ്പ് കണ്ടുപിടിപ്പാൻ ആരാലും സാദ്ധ്യമായി വരികയില്ല. ഇതും അത്യാശ്ചകരമായിട്ടുള്ളതുതന്നെ. ഇങ്ങിനെയുള്ള ടാജി മഹാൾ മുഴുവനും അതികൌതുകത്തോടെ കണ്ടു ഞങ്ങൾ എല്ലാവരും പരമാനന്ദസമുദ്രത്തിൽ മഗ്നന്മാരായിത്തീര്‍ന്നു എന്നു പറഞ്ഞാൽ മതിയല്ലൊ. പിന്നെ അവിടെനിന്നു മടങ്ങിപ്പോരുന്നതിൽ അധികമായ വ്യസനം ഉണ്ടായി. എങ്കിലും നേരം അതിക്രമിച്ചതുകൊണ്ട് അവിടെനിന്നു പാര്‍പ്പിടത്തിലേക്കു പോരേണ്ടിവന്നു. ക്രമേണ പുറത്തുവന്ന് അവിടെയുള്ള ചില ചില ഷാപ്പുകളിൽ കയറി കണ്ടു. ആ ഷാപ്പുകളിൽ മാര്‍ബ്ബൾകല്ലുകൊണ്ട് നിമ്മിക്കപ്പെട്ട പലതരം ജന്തുപ്രതിമകളും അനേകവിധത്തിലുള്ള താലങ്ങളും ടാജിമഹാളിന്റെ പ്രതിമയും വിറ്റുവരുന്നുണ്ട്. അവിടെനിന്നു ചില സാമാനങ്ങളും ഈ ടാജിമഹാളിൻെറ ചെറുതായ ഒരു പ്രതിമയും വാങ്ങി. ഇന്നും നമ്മുടെ അധീനത്തിൽ വെച്ചുവരുന്നു. പിന്നെ സന്ധ്യയോടുകൂടി അവിടെനിന്നുപോന്നു ദീപാവലി പരിലസിതമായ ഭജാറിൽ കൂടി പാര്‍പ്പിടത്തിൽ തന്നെ വന്നു ചേര്‍ന്നു. ഇവിടെ കാണേണ്ടുന്ന സ്ഥലങ്ങളിൽ 1.ആഗ്രാഘാട്ട്, 2. ടാജിമഹാൾ, 3. പട്ടാളവാസസ്ഥലം, 4. ആഗ്രാകലാശാല 5. ആഗ്രാകോളേജ്, 6. ഗവര്‍മ്മേണ്ട് ഹൌസ്സ്, 7. ആഗ്രാപള്ളി, 8. അനാഥരക്ഷാശാല, 9. ആഗ്രാ ക്രിസ്ത്രീയപള്ളി. ഇങ്ങിനെ പല സ്ഥലങ്ങളും നയനരമണീയങ്ങളായിരിക്കുന്നവയാണ്. ഇങ്ങിനെ മനോഹരമായ പട്ടണത്തെ കണ്ട് ആനന്ദിച്ചു കൊണ്ടു 14-ാം൲ അവിടെ താമസിച്ചു രാത്രി ഏകദേശം ഒമ്പതുമണിക്കു മുമ്പായി സ്റ്റേഷനിൽ വന്നു മധുരാപുരീദര്‍ശനനകൌതുകത്താൽ മധുരക്കു ടിക്കറ്റു വാങ്ങി തീവണ്ടി കയറി.

മധുര

15-ാം൲ പുലർച്ചെ 6 മണിക്കു മുമ്പായി മധുരാസ്റ്റേഷനിൽ ഇറങ്ങിയ ഉടനെ അവിടെനിന്ന് അര മയിത്സ് സമീപത്തിൽ കിടക്കുന്ന മധുരാപട്ടണത്തിൽ ചെന്നു 'സാധൊ മാധവജി ' എന്ന ഒരു ചൌബെ ബ്രാഹ്മണനെ ഉപാദ്ധ്യായനായി വരിച്ച് അദ്ദേഹത്തിന്റെ ഗൃഹത്തിൽ സാമാനങ്ങളെല്ലാം ഇറക്കിവെച്ച ഉടനെ ദേഹശുദ്ധി ചെയ്ത് യമുനാസ്നാനത്തിന്നായി പുറപ്പെട്ടു. ഈ മധുരാപട്ടണത്തിന്റെ ചരിത്രത്തെയും താഴെ വിവരിക്കാം: ...

പണ്ട് അയോദ്ധ്യാധിപതിയായിരുന്ന ശ്രീരാമസ്വാമി രാജ്യപരിപാലനം ചെയ്തുവരുംകാലത്തിൽ ഈ യമുനാ തീരത്തിലുള്ള മഹാവനത്തിൽ മധു എന്ന അതിദുഷ്ടനാ യ ഒരു രാക്ഷസൻ അധിവസിച്ചിരുന്നു. ആകയാൽ ഈ സ്ഥലത്തിന്നു പണ്ടു മധുവനം എന പേരായിരുന്നു. ആ മധുവിന്റെ പിറ്റെക്കാലം അവന്റെ പുത്രനായ ലവണാസുരനും ഇവിടെത്തന്നെ അധിവസിച്ചുവന്നു. ആ ലവണാസുരനെക്കൊണ്ടു തദ്ദേശവാസികൾക്കു വളരെ ഉപദ്രവം ഉണ്ടായിരുന്നതിനാൽ തന്നിഗ്രഹത്തിനുവേണ്ടി ശ്രീരാമസ്വാമി തന്റെ സഹജനായ ശത്രുഘ്നനെ അയക്കുകയും ശത്രുഘ്നൻ മധുവനത്തിൽ വന്നു ലവണാസുരനെ നിഗ്രഹിക്കുകയും ചെയ്തതിന്നുശേഷം ഇവിടെയുള്ള വനത്തെ എ ല്ലാം വെട്ടിനീക്കി ചെറുതായ ഒരു രാജധാനിയെ നിർമ്മിച്ചു കുറെ കാലം അവിടെ അധിവസിച്ചുവന്നു. പിന്നെ ആ ലവണാസുരന്റെ അനുജനായ ഹര്യശ്വനെ വിനീതനാക്കുകയും ചെയ്ത് ഈ മധുരാപുരിയിൽ വാഴിച്ചു ശത്രുഘ്നൻ അയോദ്ധ്യയ്ക്കുതന്നെ മടങ്ങിപ്പോയി. അതിനുശേഷം മധുപുരി എന്നും മധുരാപുരിയെന്നും ഇങ്ങിനെ പേർ വന്നു. ഈ മധുരാപുരിയിലാണല്ലൊ സാക്ഷാൽ ശ്രീകൃഷ്ണസ്വാമിയുടെ അവതാരമുണ്ടായിരിക്കുന്നത്. പണ്ട് മാധവൻ എന്ന ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പുത്രനായ ഭീമൻ എന്ന ഒരു മഹാരാജാവ് ഈ മധുരാപുരിയിൽ അധികംകാലം രാജാവായി വാണു. ആ രാജാവിന്റെ പാരമ്പര്യത്തലാണ് വസുദേവരുടെ ജനനം. എനി ദേവകിയുടെ വംശപാരമ്പര്യത്തെ പറയാം. ബൃഹസ്പതിയുടെ ഭാര്യയായ താരാദേവി ചന്ദ്രനെ കാമിച്ച് ചന്ദ്രനിൽനിന്നു ബുധനെ ഉൽപ്പാദിപ്പിച്ചു. ആ ബുധനിൽനിന്ന് ഇളയിൽ പുരൂരവസ്സു ജനിച്ചു. ആ പുരൂരവസ്സില്‍നിന്നു ആയുസ്സും അദ്ദേഹത്തിൽനിന്നു നഹുഷനും, നഹുഷനിൽനിന്നു യയാതിയും, യയാതിയിൽനിന്നു യദുവും, അദ്ദേഹത്തിൽനിന്നു വിദര്‍ഭനും, അദ്ദേഹത്തിന്ന് അന്ധകനും, അന്ധകനിൽനിന്നു അഭിജിത്തും, അദ്ദേഹത്തിന്നു ഭോജനും ആഹുകനും, അദ്ദേഹത്തിന്നു ദേവകൻ ഉഗ്രസേനൻ എന്ന രണ്ടു പുത്രന്മാരും ജനിച്ചു. ഇവരിൽ ദേവകന്നു ദേവകി എന്ന ഒരുപുത്രി ഉണ്ടാകയും, ആ ദേവകിയെ മുൻപറഞ്ഞ വസുദേവര് വിവാഹം കഴിക്കുകയും ചെയ്തു. ഈ വസുദേവരിൽനിന്നു ദേവകിയിൽ ശ്രീകൃഷ്ണ സ്വാമിയും ഈ മധുരാപുരിയിൽ അവതരിച്ചു. ഇങ്ങിനെയുള്ള ഈ മധുരാപുരി ഭാഗവതാദിപുരാണങ്ങളിൽ വര്‍ണ്ണിയ്ക്കപ്പെട്ടതാണെങ്കിലും അതിനുശേഷമുള്ള ചരിത്രത്തെ ചുരുക്കതിൽ താഴെ വിവരിയ്ക്കുന്നു.

ഈ മധുരാപുരിയിൽ കുലചന്ദ്രൻ എന്ന ഒരു മഹാരാജാവ് വാണുവരും കാലത്തിൽ ക്രിസ്താബ്ദം 1017 -ാമത് സംവത്സരത്തിൽ മഹമ്മത് കുജനി പടവെട്ടിവന്നു 50000 ജനങ്ങളെ കൊന്നു കൊള്ളയിട്ട് പ്രജകളെ ഉപദ്രവിക്കുമ്പോൾ അപമാനത്തിൽനിന്നു ഭയപ്പെട്ട് കുലചന്ദ്രമഹാരാജാവ് ഖൾഗം എടുത്തു തന്റെ ഭാര്യയേയും മക്കളേയും കൊത്തിക്കൊല്ലുകയും താനും ദുർമ്മരണത്തെ പ്രാപിക്കുകയും ചെയ്തു. അപ്പോൾ മഹമ്മതു കുജനി ആ രാജാവിന്റെ 185 വലിയ ഗജങ്ങളേയും മറ്റുള്ള സകല സ്വത്തുക്കളേ യും കൈവശപ്പെടുത്തി. എന്നുമാത്രമല്ല, മധുരാപുരിയിൽ ഉണ്ടായിരുന്ന 1000 ക്ഷേത്രങ്ങളെ ഇടിക്കുകയും വിലപിടിച്ച വിഗ്രഹങ്ങളേയും തിരുവാഭരണങ്ങളേയും എടുത്തും എല്ലാംകൂടി മുപ്പതുലക്ഷം ഉറുപ്പികയുടെ സ്വത്തുക്കളോടും, അയ്യായിരം ഹിന്തു പ്രജകളോടും കൂടി ചേര്‍ന്നു തന്റെ ദേശത്തേക്കുതന്നെ മടങ്ങിപ്പോകയും ചെയ്തു. അതിന്നുശേഷം അക്‍ബർ ചക്രവർത്തിയുടെ കാലം വരെയ്ക്കും മധുരാപുരിയിൽ ചില്ലറ മുഹമ്മതുരാജാക്കളുടെ കീഴിൽ ഇരുന്നു ഹിന്തുക്കൾക്കു പലവിധമായ കഷ്ടങ്ങൾക്കും നഷ്ടങ്ങൾക്കും ഇട വന്നിരിക്കുന്നു. പിന്നെ 1488-ാമതു സംവത്സരം മുതൽക്ക് 1506-ാം സംവത്സരംവരെ സുൽത്താൻ ചികിന്താലോഡി മധുരാപുരിയിൽ ഉണ്ടായിരുന്ന അവശിഷ്ടഹിന്തുമതക്ഷേത്രങ്ങളേയും ഇടിക്കുകയും ഹിന്തുക്കൾ ഒക്കെയും മുസൽമാന്മാരെപ്പോലെ താടിവെച്ചുകൊള്ളണമെന്നും മറ്റും നിർബ്ബന്ധിക്കുകയും പലവിധത്തിലും ദ്രോഹിക്കുകയും ചെയ്തു

ഇതിനു മേല്പോട്ട് ക്രമമായി വിവരം മുഴുവനും കിട്ടാത്തതിനാൽ കിട്ടിയേടത്തോളം വിവരം മാത്രം ചേര്‍ക്കുവാനേ സാധിച്ചിട്ടുള്ളു. പൂർവ്വകാലത്തിൽ ചക്രവർത്തികളായിവരുന്ന മഹമ്മതുരാജാക്കന്മാർ പ്രായേണ ഡില്ലിപട്ടണത്തിലും ചിലപ്പോൾ ആഗ്രാപട്ടണത്തിലുമാണ് അധിവസി ച്ചുവരുമാറുള്ളത്. അവിടെനിന്ന് അതാതുസമയങ്ങളിൽ ഓരോരോ ഭടനായകന്മാരെ ഓരോരോ രാജ്യങ്ങളുടെ രക്ഷയ്ക്കായി അയക്കുക പതിവായിരുന്നു എന്നുള്ള സംഗതികൂടി ഇവിടെ പറയുന്നതു ചരിത്രവായനക്കാര്‍ക്ക് ഉപയോഗമായിത്തീരുമെന്നു കരുതി ഈ വിവരണം ഇവിടെ കൊടുക്കുവാനിടയായതാണ്.

മുമ്പറഞ്ഞ ചികുന്താലോഡിയുടെ പിറ്റെകാലം മധുരയിൽ രക്ഷാധികാരിയായി വന്ന അപ്തൻ അന്നബികംസൻ കോട്ടയ്ക്കുകത്തു ശ്രീകൃഷ്ണസ്വാമി അവതരിച്ച സ്ഥലത്ത് ഒരു വലിയ പള്ളി കെട്ടുകയും തത്സമീപപ്രദേശങ്ങളെ കശാപ്പുകടകളാക്കി വിടുകയും ചെയ്തു. ദുഷ്ടനായ അപ്തൻ അന്നബി അക്‍ബർചക്രവത്തിയുടെ സമ്മതം കൂടാതെ ഒരു മഹാബ്രാഹ്മണനെ നിഗ്രഹിച്ച നിമിത്തം ചക്രവർത്തി കോപിച്ച് അദ്ദേഹത്തോടു സംഭാഷണവും കൂടി ചെയ്തിരുന്നില്ല എന്ന് ഒരു കിംവദന്തിയുണ്ട്. മഹാഗുണവാനായ ഈ അൿബർ ചക്രവര്‍ത്തിയുടെ ചരിത്രം ഈ പുസ്തകത്തിൽ ഒരേടത്തു വിവരിക്കേണമെന്നു നമുക്ക് ആഗ്രഹമുണ്ടായിരുന്നതു ഈ ഘട്ടത്തിൽ തന്നെ ആക്കാം.

അക്‍ബർ ചരിത്രം.

ടൈമൂർ വംശ്യന്മാരായ ഇന്ത്യയിലെ ചക്രവർത്തികളിൽ മൂന്നാമനായ അക്‍ബർ തന്റെ പിതാവായ ഹുമയൂൺ ചക്രവര്‍ത്തി ഷീര്‍ഷാ എന്ന അഫ്‌ഘാനിസ്താനിലെ രാജാവിനാൽ ഇന്ത്യാമഹാരാജ്യത്തിൽ നിന്നു ബഹിഷ്കൃതനായിട്ടു യുവതിയായ ഹമിദാ എന്ന ഭാര്യയോടു കൂടി ദേശഭ്രമണം ചെയ്യുമ്പോൾ സിന്ധുദേശത്തിൽ അമർകോട്ട എന്ന സ്ഥലത്തു ഒരു എരിക്കിന്റെ തണലിൽ 1542 അക്ടോബർ 14 ൲ ജനിച്ചു. അപ്പോൾ ഹുമയൂൺ ഒരു കസ്തൂരികാണ്ഡം ഉൽഘാടനം ചെയ്തു തന്റെ അനുചരന്മാർക്കു കൊടുത്ത് ഇപ്രകാരം പറഞ്ഞു: 'എനിക്കു പുത്രോത്സവത്തിൽ ഈ സമ്മാനം തരുന്നതിന്നേ നിർവ്വാഹമുള്ളു. എന്റെ പുത്രന്റെ യശസ്സു ഈ കസ്തൂരിയുടെ സൌരഭ്യം പോലെ ഒരിക്കൽ ലോകത്തിൽ വ്യാപിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.' സ്വല്പകാലാനന്തരം ദൈവാനുകൂല്യത്താലും ബൈറാംഖാൻ എന്ന അതിസമർത്ഥനായ സേനാനിയുടെ സഹായത്താലും ഹുമയൂൺ തിരിച്ചു സ്വരാജ്യത്തിൽ തന്നെ വന്നുചേർന്നു. അക്‍ബറുടെ പതിനഞ്ചാം വയസ്സിൽ ഹുമയൂൺ മരിച്ചു. 1560-ാം വർഷത്തിൽ അക്‍ബർ രാജ്യഭാരം വഹിപ്പാൻ തുടങ്ങിയതുവരെയും ബൈറാംഖാൻ തന്നെ രാജസ്ഥാനികനായിരുന്നു. 1560-ാം വർഷം മുതൽ 1595-ാം വർഷംവരെ ഉള്ള കാലത്തിന്നിടയിൽ ഡൽഹി, ആഗ്രാ, അജമീർ, ബങ്കാൾ, ബീഹാർ, ഒറിസ്സാ, സിണ്ഡ്, കാണ്ഡഹാർ, ബറാൻ ഇത്രയും രാജ്യങ്ങളെ അക്‍ബർ സ്വാധീനപ്പെടുത്തി അവയെ ക്രമേണ പരിഷ്ക്കരിച്ചു. അൿബർ എത്രയും ധീരനും, പരാക്രമശാലിയും, യുദ്ധക്കളത്തിൽ അതിനിപുണനുമായിരുന്നു. എന്നു മാത്രമല്ല നിരതിശയമായ ഉപശമശീലവും, നീതിനിഷ്ഠയും, ഗാംഭീര്യവും, ഭാഗ്യവിശേഷവും, സമബുദ്ധിയും അസാമാന്യമായി ഉണ്ടായിരുന്ന ഒരു ധീരനുമായിരുന്നു. ഇദ്ദേഹത്തിന്നു ഫൈസി എന്നും അബുൽഫാസൽ എന്നും ജ്യേഷ്ഠാനുജന്മാരായ രണ്ടു വിദ്വാന്മാർ പ്രേമാസ്പദങ്ങളായി ഉണ്ടായിരുന്നു. ഇവരുടെ സഹവാസം അൿബർ ചക്രവത്തിയുടെ ബുദ്ധിവൈഭവത്തിനു മൂലകാരണമായി വന്നു. 1545-ാം ക്രിസ്താബ്ദത്തിൽ ജനിച്ച ദേഹമായ ഫൈസി തന്റെ 23-ാം വയസ്സിൽ അൿബറെ ചെന്നു കാണ്മാനും അന്നുമുതൽക്കു തന്നെ വിശ്വസ്തമിത്രമായി വരുവാനും ഇടയായിത്തീർന്നു. അതിന്നുശേഷം ഗൌരവമുള്ള പല രാജ്യകാര്യങ്ങളിലും അദ്ദേഹം ഉൾപ്പെട്ടുവന്നു. 1595 അക്‍ടോബർ 5-ാം൲ ഫൈസി എന്ന മതിമാൻ തന്റെ 50-ാമത്ത വയസ്സിൽ മരിച്ചുപോയ സമയം അക്‍ബർ അതിധീരനായിരുന്നിട്ടും വ്യസനത്തെ അടക്കുവാൻ അശക്തനായിട്ട് ഉറക്കെ കരഞ്ഞുപോയി. 1551 ജനവരി 14-ാ൦൲ ജനിച്ച ദേഹമായ അബുൽഫാസൽ തന്റെ 17-ാം വയസ്സിൽ ജ്യേഷ്ഠഭ്രാതാവായ ഫൈസിയുടെ സഹായത്താൽ അക്‍ബർ ചക്രവർത്തിയുടെ സന്നിധാനത്തിൽ പ്രവേശിക്കുകയും ക്രമേണ അതിവിശ്വസ്തനായിത്തീരുകയും ഒടുവിൽ അക്‍ബറുടെ പ്രധാനമന്ത്രിപദത്തെ ലഭിക്കുകയും ചെയ്തു. ചക്രവത്തി നിജരാജ്യവാസികളായ സകല മതക്കാരെയും പക്ഷഭേദം കൂടാതെ ഭരിക്കേണമെന്ന് അത്യാഗ്രഹമുള്ള ദേഹമായിരുന്നതിനാൽ സ്വമതപക്ഷചാതികളായ നിജസദസ്യന്മാരുടെ അന്യമതാസഹിഷ്ണുതയെ സഹിച്ചിരുന്നില്ല. എന്നു മാത്രമല്ല ചക്രവര്‍ത്തി അവരോട് ഇപ്രകാരം പറഞ്ഞിരുന്നു; അതാവിത് 'ഈശ്വരൻ തന്റെ സകല സൃഷ്ടികളെയും യാതൊരു ഭേദഗതിയും കൂടാതെ അനുഗ്രഹിക്കുന്നു എന്നു ഞാൻ അറിഞ്ഞിരിക്കെ എന്റെ അടുക്കെ ഏല്പിക്കപ്പെട്ടിരിക്കുന്നവരിൽ യാതൊരുത്തരിലെങ്കിലും എന്റെ സമദൃഷ്ടിയെയും കരുണയെയും ഞാൻ ഭേദിപ്പിക്കുന്നതായിരുന്നാൽ എന്റെ രാജകൃത്യങ്ങൾ ദൈവസമ്മതങ്ങളായി വരികയില്ല' എന്നും മറ്റും പലപ്പൊഴും പറഞ്ഞുവന്നിരുന്നു. അക്‍ബർ സിക്രിലെ രാജോദ്യാനത്തിൽ നാലു മഹാശാലകളെ നിര്‍മ്മിച്ച് അവകളിൽ ഓരോരൊ പണ്ഡിതന്മാരെ താമസിപ്പിക്കുകയും മതവിഷയങ്ങളിൽ ഗുരുവാരംതോറും ഓരോരൊ പ്രസംഗങ്ങൾ നടത്തുകയും ചെയ്തിരുന്നു. അതിനുശേഷം ക്രമേണ സര്‍വാസ്തീകമതസിദ്ധാന്തങ്ങൾക്ക് അനിരുദ്ധമായ ഒരു നൂതനമതത്തെ സ്ഥാപിക്കുകയും ജീവപര്യന്തം അതിനെ അത്യാദരപുരസ്സരം അനുഷ്ഠിച്ചുവരികയും ചെയ്തു. പ്രജോപദ്രവകരങ്ങളായ ചില കരങ്ങൾ മുമ്പിൽ ഗ്രഹിക്കപ്പെട്ടിരുന്നവയെ അക്‍ബറായിട്ടു നിർത്തൽ ചെയ്തു. സ്വരാജ്യത്തിൽ വാണിഭത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി അദ്ദേഹം കച്ചവടക്കാരെ പ്രോത്സാഹനം ചെയ്തു. ശാസ്ത്രാദിപാഠങ്ങൾക്കു വളരെ പ്രചാരത്തെ ഉണ്ടാക്കി. അവ്യവസ്ഥമായ രാജ്യഭാരക്രമത്തോടും ഉച്ശൃംഖലന്മാരായ അധികാരികളോടും ദുർബ്ബലങ്ങളായ രാജ്യാംഗങ്ങളോടും കൂടിയിരുന്ന രാജ്യത്തെ യഥാക്രമമായി ഭരിച്ച അധികാരികളുടെ സ്വാതന്ത്ര്യത്തെ നിയന്ത്രണം ചെയ്ത അനേക ദേശങ്ങളെ ചേര്‍ത്ത് രാജ്യാംഗങ്ങളെ പ്രബലീകരിച്ച് എത്രയും ശ്ലാഘനീയങ്ങളായ ബഹുവിധപരിഷ്ക്കാരങ്ങളെ ഏര്‍പ്പെടുത്തി ന്യായമായും നിഷ്പക്ഷപാതമായും 50 വര്‍ഷം പ്രജാപാലനം ചെയ്കയാൽ മഹാത്മാവായ അക്‍ബർ ചക്രവർത്തിക്കു ലഭിച്ചിട്ടുള്ള യശസ്സ മറ്റൊരു രാജാവിന്നും ലഭിക്കുന്നതിനു സംഗതിയായിട്ടില്ല. ഈ അക്‍ബർ ചക്രവർത്തിക്കു സലിം എന്നും മുറാദ എന്നും ഡാനിൻ എന്നും ഇങ്ങിനെ മൂന്നു പുത്രന്മാർ ഉണ്ടായിരുന്നു. ഇവരിൽ ഒന്നാമൻ ഉദൃത്തനും കൃതഘ്നനും ആയിരുന്നതിനാലും മറ്റവർ രണ്ടുപേരും അത്യന്തം മദ്യപാനികളായിരുന്നതിനാലും അക്‍ബര്‍ക്കു വളരെ വ്യസനിപ്പാനിടയായിവന്നു. രണ്ടും മൂന്നും പുത്രന്മാർ മദ്യപാനം നിമിത്തമായിട്ടു യൌവ്വനത്തിൽ തന്നെ മരിച്ചുപോയി. ഒന്നാമനായ സലിമിന്റെ പ്രേരണയാൽ അര്‍ഛായിലെ രാജാവായ ബിർസിങ്കിനാൽ 1602 ആഗസ്റ്റ് 12-ാം൲ അക്‍ബറുടെ മന്ത്രിയായ അബുൽഹാസ് കാര്യവിചാരത്തിന്നായി പുറമെ സഞ്ചരിക്കുന്ന സമയം വധിക്കപ്പെട്ടതിനാൽ അൿബർ വളരെ വ്യസനിച്ചു. തന്റെ ഇഷ്ടനും വിശ്വസ്തനുമായ മന്ത്രിയുടെ മരണശേഷം അധികകാലം ജീവിച്ചിരുന്നില്ല. 1605 നവമ്പർ 10-ാം൲ അൿബർ 63-ാം വയസ്സിൽ ചരമഗതിയെ പ്രാപിച്ചു. ഈ മഹാനുഭാവന്റെ ശരിരം ആഗ്രാവിന്നു സമീപം സികന്ദ്രാ എന്ന സ്ഥലത്തു മനോഹരമായ ഒരു പള്ളിയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇംഗ്ലീഷുകാർ ഇന്നും ആചാരോപചാരപൂ൲വ്വമായി ഈ പള്ളിയെ ബഹുമാനിച്ചുവരുന്നു. ഇപ്രകാരമാണ് മഹാമഹിമശാലിയായ അക്‍ബറുടെ ചരിത്രസംഗ്രഹം ഇരിക്കുന്നത്. ഇത്രത്തോളം വിവരിച്ച് എനി പ്രകൃതത്തെ തന്നെ അനുസരിച്ചുകൊള്ളുന്നു.

ഈ മഹാനായ അക്‍ബറുടെ രാജ്യഭരണകാലത്തു സകല പ്രജകളും നിരുപദ്രവമായി വാണിരുന്നു. ഇദ്ദേഹം 1560-ാംവര്‍ഷത്തില്‍ രാജ്യഭാരം വഹിച്ചുതുടങ്ങുകയും 1605 നവമ്പർ 10-ാം൲ വരെ ഭരിച്ചുവരികയും ചെയ്തു.

അതിനുശേഷം ചക്രവർത്തിയായിവന്നതു അക്‍ബറുടെ പുത്രനായ സലിം എന്നു പേരുള്ള ജിഹാംഗിർ എന്ന മഹാനാണ്. അദ്ദേഹവും മതവിഷയത്തിൽ കഴിയുന്നേടത്തോളം സമമതിയായിത്തന്നെ ഇരുന്നിരുന്നു.

ഈ ജിഹാംഗീരിന്റെ പിറ്റെക്കാലം രാജ്യഭാരം വഹിച്ചതു ജിഹാംഗീരിന്റെ തൃതീയപുത്രനായ ഷാജിഹാനാണ്. ഈ ഷാജിഹാന്റെ രാജ്യഭാരകാലത്തിൽ 1686-ാമതു സംവത്സരത്തിൽ മു൲ഷത്ത് അലിഖാൻ എന്ന വീരനെ രണ്ടായിരം കുതിരപ്പട്ടാളത്തോടുകൂടി മധുരാപുരിക്ക് അയച്ചു. ഇദ്ദേഹം അവിടെ അങ്ങുമിങ്ങും അവശിഷ്ടമായി കിടന്നിരുന്ന ഹിന്തുക്ഷേത്രങ്ങളെ ഒക്കെയും ഇടിച്ചുവിടുവാൻ കല്പന കൊടുത്തു. ഷാജിഹാന്റെ തൃതീയ പുത്രനായ അരംഗസീബ് ഈ മധുരാപുരിയിലുള്ള ഹിന്തുദേവാലയങ്ങളെ ഒക്കെയും നശിപ്പിച്ച് ഈ പട്ടണത്തിന്നു ഇസ്ളമാപൂർ അല്ലെങ്കിൽ ഇസ്ളമാബാദ എന്ന പേരുമിട്ടു.

ഈ അരംഗസീബിന്നു മഹമ്മതു സുൽത്താൻ എന്നു ഖ്യാതനായ ഒരു പുത്രൻ 1639-ാം സംവത്സരത്തിൽ ജനിച്ചു. 1658-ാം സംവത്സരത്തിൽ ഈ അരംഗസീബ് മറോത്ത് എന്ന തന്റെ സഹോദരനുമായി യുദ്ധം നടത്തി . ഈ യുദ്ധത്തിന്നുശേഷം 1661-ാം സംവത്സരത്തിൽ അപ്തൻ അന്നബി എന്നാൾ ഈ മധുരക്കു വന്നു. ഇപ്പോൾ ഈ മധുരനഗരമദ്ധ്യത്തിലിരിക്കുന്ന ജിമ്മാമസ്ജിത്ത് എന്ന പള്ളി കെട്ടി. ഉടനെ ഒരു യുദ്ധത്തിൽ വെടികൊണ്ടു മരിച്ചും പോയി.

അതിൽപിന്നെ മധുരാപുരിക്കു സാബ്ജിജന്ധർ എന്നാളെ രക്ഷാധികാരിയായി അയച്ചു. അദ്ദേഹവും സംഗതിവശാൽ 1669-ാം സംവത്സരത്തിൽ നീക്കപ്പെട്ടു. അതിന്നുശേഷം അവൻ അലിഖാൻ എന്നാൾ പൌഷേഭാർ അധികാരത്തോടുകൂടി മധുരക്കു വന്നു ചേർന്നു. ഇക്കാലത്താണ് ജാത്ത് എന്ന മാധവകുലീനനായ കോകിലരാജൻ രാജാക്കന്മാരെ എതിര്‍ത്തു അനേകം മുഹന്മദീയരെ നിഗ്രഹിച്ചത് ഈ കോകിലരാജാവാണ്. അപ്തൻ അന്നബിയെയും കൊന്നിരിക്കുന്നതു എന്ന് ശങ്കിച്ച് ഇദ്ദേഹത്തെ ഷേകരജി ഉട്ടിൻ എന്നാൾ പിടിച്ചുകൊണ്ടുപോയി ആഗ്രാവിൽ വെച്ച് തൂക്കിക്കൊന്നു.

അതിനടുത്ത വിപ്രവരിമാസത്തിൽ മെജാൻ പണ്ഡികയായിരുന്നതിനാൽ അക്കാലത്ത് അറംഗസീബ് നേരെ മധുരാപുരിക്ക് വന്നുചേർന്നു. പന്തലാദേശത്ത് അധിപതിയായ വീരസിംഗദേവൻ ജിഹാംഗീർ ചക്രവത്തി കാലത്തിൽ 36 ലക്ഷം ഉറുപ്പിക ചിലവുചെയ്തു വിശേഷമായി കെട്ടിയിരുന്ന കേശവദേവക്ഷേത്രത്തെ ഈ അരംഗസീബ് ഇടിച്ചു പാഴാക്കി വിടുകയും അവിടെ ഉണ്ടായിന്ന വിഗ്രഹങ്ങളും വിശേഷപ്പെട്ട ശിലകളും ആഗ്രാവിലക്കു കൊണ്ടുപോയി അവിടെ പ്രധാനപ്പെട്ട ഒരു പള്ളിക്ക് പടവുകളായി പടുക്കുകയും ചെയ്തു. ഒടുവിൽ ഈ അരംഗസീബ് 1707-ാം സംവത്സരത്തിൽ മരിച്ചുപോയി. ഇദ്ദേഹം 1658 മുതൽ 1707 വരെ രാജ്യം പരിപാലിച്ചുവന്നതായി കാണുന്നു.

ഈ മധുരാപുരി പിന്നെയും ജാട്‌സീ എന്ന യാദവരാജാവിന്നു അധീനമായി വന്നു. ഈ ജാട്‌സിന്റെ ജ തിക്കാര്‍ക്ക് അധിപനായിരുന്ന ശൂരാമണി എന്നാൾ കള്ളന്മാര്‍ക്ക് തലവനായിരുന്നു എങ്കിലും മഹാ ധീരനായിരുന്നതിനാൽ മുമ്പ് അരംഗസീബിനെയും അദ്ദേഹത്തിന്റെ പുത്രന്മാരായ അജാം, മൌജിം എന്നവരേയും എതിര്‍ത്തു അതികഠോരമായ യുദ്ധം ചെയ്ത് മധുരയിൽ രണ്ടു കോട്ട കെട്ടിവെച്ചതു കൂടാതെ അംബർകോട്ടക്കധിപതിയായ ജയസിംഗമഹാരാജാവിനേയും അദ്ദേഹത്തിന്റെ സഹജനും സഹായിയുമായിരുന്ന മദനസിംഗിനേയും യുദ്ധത്തിൽ തോല്പിച്ചിരിക്കുന്നു.

ഈ ശൂരാമണിക്കു തന്റെ പുത്രനായ മുകാം എന്നാളുടെ ദുര്‍ന്നയത്താൽ 1712-ാമത് സംവത്സരത്തിൽ ശത്രുഭയത്താൽ രാജ്യം വിട്ടു ഓടിപ്പോകേണ്ടിവന്നു.

അപ്പോൾ ഇദ്ദേഹത്തിന്റെ എതിരാളിയായ മദനസിംഗ് എന്നാൾ മധുരാപുരിയെ കൈവശപ്പെടുത്തി. ഇദ്ദേഹം ടാകൂർ എന്ന ബരുദപട്ടത്തോടുകൂടി രാജാവായി വാണു. ഈ മദനസിംഗടാകൂർ മധുരാപുരിയിൽ ചില വലിയ പ്രാസാദങ്ങളും ധര്‍മ്മസത്രങ്ങളും പല തടാകങ്ങളും നിര്‍മ്മിച്ച ഒരു മഹാനാണ്. ഇദ്ദേഹം കെട്ടിയ ഒരു വലിയ കെട്ടിടമാണ് ഇപ്പോൾ താലൂക്ക് കച്ചേരിയായി ഉപയോഗിച്ചുവരുന്നത്. ഈ മദനസിംഗടാകൂർ തന്റെ പുത്രന്മാരിൽ പ്രഥമനായ പ്രതാപസിംഗിന്ന് മധുരാപുരിയും സുരാജമഹാൾ എന്ന കുമാരന്നു പാതര്‍പ്പൂരും പരിപാലിപ്പാൻ വിഭാഗിച്ചുകൊടുത്ത് താൻ വാനപ്രസ്ഥാശ്രമത്തെ അനുസരിച്ചു. ഈ സുരാജമഹാൾ എന്ന രാജാവിന്റെ ഭാര്യമാരിൽ കുരുമിണിയും മാലിനിയും നല്ല ക്ഷ ത്രിയ ജാതിയിൽ ചേര്‍ന്നവരല്ലെന്നു സംഗതിയാൽ നാട്ടുകാർ പിറുപിറുത്തുതുടങ്ങി. ഈ അവസരത്തിൽ 1748-ാം സംവത്സരത്തിൽ രൊഫിലർ പടവെട്ടി വന്നപ്പോൾ അന്ന് ഡില്ലി ചക്രവര്‍ത്തിയായിരുന്ന അഹമ്മതഷാ എന്നാൾ ഈ സുരാജമഹാലിനെ ചാപ്നജംഗഹൊല്കര മുതലായവരോടു യുദ്ധം നടത്തുവാൻ ഉത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്തുവരുന്ന മദ്ധ്യേ കാജി ഉട്ടിൻ എന്ന അയോദ്ധ്യാധിപതിയായ നവാബ് പടവെട്ടിവന്നു സുരാജമഹാലിനെ ജയിച്ചു പാതപ്പൂർ കൈവശപ്പെടുത്തി എന്നുമാത്രമല്ല 1754-ാമത് സംവത്സരത്തിൽ അഹമ്മതഷാ ചക്രവര്‍ത്തിയെ സിംഹാസനത്തിൽനിന്നു നീക്കി അൽമങ്കീര്‍ എന്ന വീരനെ ചക്രവർത്തിയാക്കി വാഴുവാൻ വേണ്ടുന്ന സഹായവും ചെയ്തുകൊടുത്തു. എങ്കിലും അഹമ്മതഷാ പന്താരിൽനിന്നു വലിയ സൈന്യത്തോടു കൂടി വന്നു കാജി ഉട്ടിനെ തോല്പിച്ചു പാതപ്പൂരെ പാഴാക്കി വിടുകയും മധുരാപുരിയിൽ ഉള്ള പ്രജകളെ വളരെ ഉപദ്രവിക്കയും ചെയ്തു. പിന്നെ 1759-ാം സംവത്സരത്തിൽ കൂരാണി എന്ന വീരൻ ഷാഹാലംതന്നെയാണ് ചക്രവത്തി പട്ടത്തിന്നു അവകാശി എന്നു തീര്‍ച്ചപ്പെടുത്തി അദ്ദേഹത്തെ പട്ടാഭിഷേകംചെയ്ത്. അദ്ദേഹത്തിന്റെ പുത്രനായ മിർജാജാവാൻപാത്തു എന്നാളെ രോഹിലരുടേയും നജപുട്ടപുലാവിന്റെയും സഹായത്തോടുംകൂടി ഡില്ലിയിൽ വാഴിപ്പിക്കുകയും ചെയ്തു. ഈ സമയത്തിൽ മുമ്പറഞ്ഞ സുരാജമഹാളിന്നു ധൈര്യം അധികമായിവന്നു. പ്രാൻകനകർ പൌജൂദാർ അധികാരം തനിക്കു വേണമെന്നു ആവശ്യപ്പെട്ടു. അതിനെപ്പറ്റി സംസാരിപ്പാൻ വന്ന സ്ഥാനാധിപതിയെ സുരാജമഹാൾ അനാദരിച്ചു. തക്കതായ മര്യാദയെ ചെയ്യാതെ ചതുരംഗം വെച്ച കൊണ്ടിരുന്നതിനാൽ മോഹലാ ആ സുരാജമഹാളിന്റെ തല വെട്ടി കൊണ്ടുപോയി അദ്ദേഹത്തിന്റെ പുത്രനായ ജവാഹിർസിംഗിനെ കാട്ടി അപമാനിച്ചു. ജവാഹിർസിംഗ് ഈ വ്യസനത്താൽ രാജ്യംവിട്ടു പുഷ്കരതടാകത്തിലേക്ക പോയി. അപ്പോൾ ജയപ്പൂർ മഹാരാജാവ് അദ്ദേഹത്തെ തടുത്ത സമയം മാര്‍വ്വതടിജാതിരാജാവായ ധിജയസിംഗ് ജവാഹീർസിംഗിന് സഹായിയായി ചെന്നു എങ്കിലും ജയപൂർ മഹാരാജാവ് യുദ്ധത്തിൽ അവർ രണ്ടുപേരേയും തോല്പിച്ചു ആഗ്രാവിലേക്കു ഓടിക്കുകയും അവിടെവെച്ച് 1765-ാം സംവത്സരത്തിൽ ജാവാഹീർ സിംഗിനെ നിഗ്രഹിക്കുകയും ചെയ്തു. അതിന്നുശേഷം സുരാജമഹാളിന്റെ പുത്രനായ രത്നസിംഗിന്ന് മധുരാപുരിയിൽ പട്ടം കിട്ടി.

അപ്പോൾ രസവാദക്കാരന്റെ വേഷം ധരിച്ചുവന്ന ഒരുവൻ ഈ രാജാവിനെ വൃന്ദാവനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ചതിച്ചു കൊന്നുവിട്ടു. ഇപ്പോൾ ഈ വൃന്ദാവനത്തിൽ ഈ മഹാരാജാവ് പണ്ട് കെട്ടിട്ടുള്ള മദനമോഹനദേവാലയം മുഴുമിക്കാതെ കാണാവുന്നതാണ്. അതിന്നു ശേഷം 1768-ാം സംവത്സരത്തിൽ രംജിതസിംഗിന്റെ കുമാരനായ കേസരിസിംഗ് പട്ടത്തിൽ വന്നു എങ്കിലും നാവൽസിംഗ് തന്നെ ഈ രാജ്യത്തെ പരിപാലിച്ചുവന്നു.

പിന്നെ മഹരാഷ്ട്രീയരും സിന്ത്യാവും നിയാകാവിന്റെ സഹായത്തോടുകൂടി പടവെട്ടി വന്നു കോട്ട പിടിച്ചതിന്നു ശേഷം ഈ മധുരാപുരി സിന്ത്യാരാജാവിന്ന് പ്ര ധാന പട്ടണമായി വന്നു.

ഈ അവസരത്തിൽ മഹമ്മദീയ ചക്രവർത്തിയുടെ സംബന്ധിയായ ഗുലാ കാതർ എന്നാൾ മഹാരാഷ്ട്രരാജാവിന്നും മഹമ്മദീയ ചക്രവർത്തിക്കും തമ്മിൽ വിരോധമുണ്ടാക്കിത്തീര്‍ക്കുവാൻ പല പ്രയത്നങ്ങളും ചെയ്തിട്ടും ഫലിക്കില്ലെന്നു കണ്ടപ്പോൾ മധുര പട്ടണത്തെ പലവിധത്തിലും ദ്രോഹിച്ചു കൊണ്ടു വരുന്ന അവസരത്തിൽ ഒരു ദിവസം രാത്രി ഗുലാം കാതർ കുതിരപ്പുറത്തു കയറി കൊള്ളയിടുവാൻ പോകുന്ന സമയം വഴി പിഴച്ചു മധുരാപുരിയിൽ ഒരു കിണറിൽ വീണുപോയ വര്‍ത്തമാനം ഒരു ബ്രാഹ്മണൻ അറിഞ്ഞ് സിന്ത്യാരാജാവിനെ അറിയിച്ചു. രാജാവും അവനെ പിടിച്ചു കഴുതമേലേറി നഗരപ്രദക്ഷിണം ചെയ്യിക്കുകയും ഒടുവിൽ അംഗങ്ങളെ ഛിന്നാഭിന്നങ്ങളായി ഖണ്ഡിച്ച ഡില്ലി ചക്രവര്‍ത്തിക്ക് അയച്ചപ്പോൾ ആ ഡില്ലി ചക്രവർത്തി ഒരു മഹമ്മദിയനായിരുന്നാലും ആ ദണ്ഡനയെ അനുമോദിക്കുകയും ചെയ്തു.

എനി മധുരാപൂരി ഇംഗ്ലീഷ്കാര്‍ക്ക് അധീനമായ സംഗതിയെ പറയുന്നു:--

ഇങ്ങിനെ ഇരിക്കുന്ന കാലത്തിൽ സംഗതിവശാൽ ഡില്ലി ചക്രവർത്തിക്കും മഹാരാഷ്ട്രിയര്‍ക്കും തമ്മിൽ കലശലായ ഒരു കലഹത്തിനു ഇടവന്നപ്പോൾ പ്രഞ്ച് ദേശത്തുകാരനായ പ്രന്നൻ എന്നാൾ ഡില്ലി ചക്രവർത്തിക്ക് അനുകൂലമായി നിന്നു സിന്ത്യയോട് എതിര്‍ത്തു. അപ്പോൾ അവിടെ പ്രധാന കച്ചവടക്കാരായിരുന്ന ഇംഗ്ലീഷ്കാരുടേയും തക്കതായ സഹായം ഉണ്ടായിരുന്നതുകൊണ്ട് അതിന്റെ പ്രതിഫലമായി 1808-ാമതിൽ മധുരാപുരി ഇംഗ്ലീഷ്കാര്‍ക്ക് കൈവശം കൊടുത്തു. അവർ അവിടെ സൈന്യങ്ങളെ അധിവസിപ്പിച്ചു. സിന്ത്യാവെ തീരെ തോല്പിച്ചു. അപ്പോൾ ജസവന്തറാവു ഹൊല്കർ വന്ന് മധുരാപുരിയെ കൈവശപ്പെടുത്തി. അദ്ദേഹത്തെയും തോല്പിച്ചതിൽ അദ്ദേഹം ഡില്ലിക്ക്‌ ചെന്ന് അവിടെവെച്ച് അക്ടർ, ലൊനി, ലെൻ, പ്രെചർ മുതലായവരാൽ തോല്പിക്കപ്പെട്ടതിനുശേഷം ഭരതപൂരിൽ ചെന്നു രംജിതസിംഗിനെ ആശ്രയിച്ചു ജനറൽ ലേക്കിന്നും രംജിതസിംഗിന്നും അവിടെവെച്ച് വലിയ യുദ്ധം നടന്നു. രംജിതസിംഗിന്റെ സേനയിൽ 8000 പേർ മരിച്ചുപോയി എങ്കിലും ഒടുവിൽ 1805 മെയി 4-ാം൲ തമ്മിൽ രാജിയായി 2000000 ഉറുപ്പിക കൊടുപ്പാൻ കരാറുചെയ്തു. ആ വര്‍ഷത്തിൽ രംജിതസിംഗ് മരിച്ചുപോയി. ഇദ്ദേത്തിന്നു രാധാ, ബലദേവൻ, അരിദേവൻ, ലക്ഷ്മണൻ എന്ന് നാല് പുത്രന്മാരുണ്ടായിരുന്നു. ഇവരിൽ പ്രഥമപുത്രൻ രാജാവായി വന്നു. 1832-ൽ മരിച്ചുപോയി. അതിന്നു ശേഷം ബലദേവൻ രാജാവായി അദ്ദേഹം ഒന്നര സംവത്സരം ഇരുന്നു മരി ച്ചുപോയതിൽപിന്നെ സുമാർ 6 വയസ്സു പ്രായമായ ബലവന്തു എന്നാൾ പട്ടത്തിൽ വന്നു. ഇക്കാലത്ത് ദുർജ്ജനലാല എന്നവൻ ദായാദിപട്ടം തനിക്കു കിട്ടേണ്ടതാണെന്നു വെച്ച് യുദ്ധം നടത്തി. അപ്പോൾ ഡില്ലിയിൽ നിന്ന് അലക്ടർലോനി സൈന്യത്തോടുകൂടി വന്ന ദുർജ്ജനലാലനെ പിടിച്ച് അലഹാബാദിമിൽ കൊണ്ടുപോയി വെച്ചു. ബലവന്ത്രറാവു അല്പം കാലം രാജ്യത്തിൽ വാണു 1825 ൽ മരിച്ചു പോയി. അതിന്നുശേഷം ജസവന്തസിംഗു എന്നാളെ 1974 ചതുരശ്രമൈത്സം 65 ലക്ഷം ജനങ്ങളും 21 ലക്ഷം ഉറുപ്പിക മുതലെടുപ്പും ഉള്ള ഈ രാജ്യത്തിൽ രാജാവാക്കി വാഴിച്ചു. ഈ മധുരാപുരിയെ ഒരു ചെറിയ ജില്ലയായി വിഭാഗിച്ച് പ്രജകൾക്കു ക്ഷേമം വരുത്തേണമെന്നുള്ള വിചാരത്തോടുകൂടി ചില ഏര്‍പ്പാടുകൾ ചെയ്തുവരുമ്പോൾ 1857-ൽ ചില കലക്കങ്ങളുണ്ടായി. അന്നെത്തെ അവിടുത്തെ ഡിസ്ട്രിക്ട്രകലക്ടരും ഡിപ്യൂട്ടി കലക്ട്രരും ഭരതപ്പൂര്‍ക്ക് സഹായത്തിന്നായി അറിയിച്ചു. അവിടെനിന്നു കാപ്ടൻ രത്നസിംഗുവും പൌജിദാർ ഗോവർദ്ധനസിംഗുവും വന്നു, മധുരാഡിസ്ട്രിക്ട് ഖജാനയിൽ ഇരുന്ന് എട്ടരലക്ഷം ഉറുപ്പികയിൽ 4 ലക്ഷം ഉറുപ്പിക ബന്ധോവസ്തിന്നായി ആഗ്രാകോട്ടയ്ക്കു കൊണ്ടുപോകുന്ന സമയം കലഹക്കാരുടെ കൂട്ടത്തിലുൾപ്പെട്ട് ചിലർ വഴിയിൽ കളിച്ചിരുന്നു ദ്രവ്യത്തോടുകൂടി പോകുന്നവരെ വെടിവെച്ചു കൊന്നു ഖജാനയിൽ കൊള്ളയിട്ട് മധുരയിൽ വന്നു മജിസ്രേട്ടുകോർട്ടിന്നുതീവെച്ചു റിക്കാട്ടുകളെ ചുട്ടു കളകയും ജേലുകളെ തകര്‍ക്കുകയും അവിടുത്തെ ഖജാനജിയേയും കൊന്നു വിടുകയും പൊല്ലീസ്സു സ്റ്റേഷനും ചുങ്കം ആപ്പീസ്സം തീവെച്ചു നശിപ്പിക്കുകയും താലൂക്കുകച്ചേരിയിൽ ചെന്നു കൊള്ളയിടുകയും ചെയ്തു.

ഈ കലാപകാലത്തിൽ ലഹളക്കാരെ ഒതുക്കുവാൻ വേണ്ടി മങ്കിലാല് സേട്ടുവും ലക്ഷ്മീചന്തുസേട്ടുവും വളരെ കഷ്ടപ്പെട്ടു വേണ്ടുന്ന സഹായങ്ങൾ ചെയ്തതിനാൽ അവര്‍ക്കു ഡിപ്യൂട്ടികലകടർ ഉദ്യോഗം കൊടുത്തിരിക്കുന്നു.

ഈ കലാപമദ്ധ്യത്തിൽ മിസ്റ്റർ കാരൺഹിൽ എന്ന പടനായകൻ വലിയ സൈന്യത്തോടുകൂടി ആഗ്രാവിൽനിന്ന് വന്ന ലഹളക്കാരെ എല്ലാം ഒതുക്കി 1858 ജൂലായി മാസത്തിൽ സമാധാനമാക്കിയതിന്നു ശേഷം ഫതരാസ്' രാജാവായ രാജഗോവിന്ദൻ മുതലായവർ സന്തോഷസൂചകമായ ആഘോഷത്തോടും കൂടി വന്നു ഗവണ്ണർ ജനറാളെ കണ്ട് രാജഭക്തിയെ കാണിച്ചതിന്നു അവക്കു സർവ്വമാന്യം വിട്ടുകൊടുത്തിരിക്കുന്നു.

100. ഇങ്ങിനെ ഈ മധുരാപട്ടണം കൊള്ളക്കാരെ ക്കൊണ്ടും, ദുര്‍വ്വിനിതന്മാരായ രാജാക്കന്മാരെക്കൊണ്ടും അനുഭവിപ്പാനിടവന്ന കഷ്ടപ്പാടുകൾ അല്പമായിട്ടുള്ളതല്ല. ഈ മധുരാപുരിയിൽ 17-ാം നൂറ്റാണ്ടിൽ വന്നിരുന്ന മഹമ്മദീയ രാജാക്കന്മാരിൽ 1629 ൽ മിർജാ ഈ ചാതർഖാൻ ആണ് മധുരാപുരിയെ പരിപാലിച്ചുവന്നത്. 1636 ൽ മുഹിത്തുലിഖാൻ രാജാവായി 2000 കുതിരപ്പട്ടാളത്തോടും കൂടി വന്നു ഹിന്തുദേവാലയങ്ങളെ ഒക്കെയും ഇടിച്ചുകളഞ്ഞിരിക്കുന്നു. 1639-ൽ ആലിവത്തിഖാൻ രാജാവായി വന്നു എങ്കിലും എന്തൊ ചില രാജദ്രോഹത്തെ ചെയ്തു എന്ന സംഗതിയാൽ അദ്ദേഹത്തെ ഡില്ലിയ്ക്കുതന്നെ മടക്കിക്കൊണ്ടുവന്നു പാര്‍പ്പിച്ചു. അതിൽപിന്നെ 1642-ൽ അജാംഖാൻ മിർമമ്മത് രാജാവായിവന്നു. ഇദ്ദേഹം ഹിന്തു ദേവാലയങ്ങളെ നശിപ്പിക്കുന്ന കാര്യത്തിൽ അത്ര ശ്രദ്ധയുള്ളവനല്ലെന്നു കണ്ടപ്പോൾ ഡില്ലി ചക്രവത്തി ഇദ്ദേഹത്തെ മടക്കിവരുത്തി ജാവാൻപുരിലേക്കു അയക്കുകയാണ് ഉണ്ടായത്. 1845-ൽ മക്കിരാനത്താൻ എന്നാളെ രാജാവാക്കി വാഴിച്ചു ഇദ്ദേഹം മധുരയിലുള്ള ഹിന്തുപ്രജകൾക്കു വളരെ ദ്രോഹം ചെയ്തുംകൊണ്ട് ഒരു പന്തീരാണ്ടുകാലംവരക്കും വാണു. പിന്നെ 1658-ൽ അലിവർത്തിഖാന്റെ പുത്രനായ ജാബർഖാനാണ് രാജാവായി വന്നത്. 1559-ൽ കാശിംഖാൻ മധുരക്കു രാജാവായിവന്നു. പിന്നെ അവിടെനിന്നു മൂര്‍ഷാബാദിലേക്കു മാറ്റി അങ്ങോട്ട് പോകുന്ന വഴിയിൽ വെച്ചു ശത്രുക്കളാൽ കൊല്ലപ്പെട്ടു. 1660-ൽ അപ്തൻ അന്നുബി എന്നാൾ രാജാവായിവന്നു. ഇദ്ദേഹമാണ് മധുരയിൽ പ്രധാനപ്പെട്ട ജിമ്മാമസ്‌ജിത്ത കെട്ടിയിരിക്കുന്നതു. 1668-ൽ ചാബ്ജിക്കനുഖാൻ എന്നാളെ മധുരാരാജാവാക്കി അയച്ചു. ഇദ്ദേഹം മധുരയിലുണ്ടായിരുന്ന കലക്കത്തെ ഒതുക്കുവാൻ അശക്തനാണെന്നു കണ്ടപ്പോൾ അധികാരത്തിൽ നിന്നു നീക്കപ്പെട്ടു. 1669-ൽ അശൻ അലീഖാൻ എന്നാൾ വന്നു. ഇദ്ദേഹത്തിന്റെ കാലത്തിലാണ് പ്രഖ്യാതമായ കേശവദേവാലയം ഇടിക്കുപ്പെട്ടിരിക്കുന്നതു. 1676-ൽ സുൽത്താൻ കലിംഖാൻ രാജാവായി വന്നു. ഇദ്ദേഹം പ്രജകൾക്കു പലവിധമായ നികുതിയെ ഏപ്പെടുത്തി വളരെ ദ്രോഹിച്ചു. ഇങ്ങിനെ പല മഹമ്മതരാജാക്കന്മാരാൽ അവശപ്പെട്ട ഈ മധുര കാല ക്രമേണ ഇംഗ്ലീഷുര്‍കാക്കു അധീനമായിവന്നതിൽപിന്നെയാണ് പ്രജകൾക്കു മനസ്സമാധാനവും സുഖവസതിയും ഉണ്ടായിരിക്കുന്നതു.

101 ഇപ്രകാരമുള്ള ഈ മധുരാപുരി ഇപ്പോൾ 1458 ചതുരശ്രമൈത്സ് ദീര്‍ഗ്ഘവിസ്താരവും സുമാർ 7 ലക്ഷത്തോളം ജനങ്ങളും ഉള്ള ഒരു ജില്ലയായിത്തീർന്നിരിക്കുന്നു. ജില്ലയിൽ ഏകദേശം 6 ലക്ഷത്തോളം പ്രജകൾ ഹിന്തുക്കള്‍തന്നെയായിരിക്കും. ഏഴു താലൂക്കുകളായി വിഭജിക്കപ്പെട്ട ഈ മധുരാജില്ലയിൽ നദി, വാച്ചാൽ, കുളം, മുതലായതുകൾ യഥേഷ്ടം ഉണ്ടായതുകൊണ്ട് ഗോതമ്പ്, പരുത്തി, പച്ചക്കറി സാധനങ്ങൾ, ഉറുമാമ്പഴം, മുതലായ പലതരം കൃഷികൾക്കു വളരെ പുഷ്ടിയുള്ള പ്രദേശമാണ്. ഇവിടെ ചൌമ്പ എന്നും തിമ്പെ എന്നും സാമാന്യനാമമു ള്ള ഗൌഡ ബ്രാഹ്മണർ വളരെയുണ്ട്. ഇവരിൽത്തന്നെ അനേകം ധനികന്മാരമുണ്ട്'. ദരിദ്ര്യന്മാരായ ഈ വര്‍ഗ്ഗക്കാര് യാത്രക്കാരുടെ പുരോഹിതവൃത്തിയെക്കൊണ്ടു ഉപജീവനം കഴിച്ചുവരുന്നവരുമാകുന്നു. ഇവിടെയുള്ള ജനങ്ങൾ പ്രായേണ സാധുക്കളും ഈശ്വ്വരഭക്തിയുള്ളവരും ആകുന്നു. മഹമ്മദീയരും ധാരാളമുണ്ട്, എങ്കിലും കോടീശ്വരന്മാരായി ആരുമില്ലെന്നാണ് അറിയുന്നതു.

102. ഹിന്തുക്കളിൽ കോടീശ്വരന്മാർ ചിലരുള്ളതിൽ മണിരാമൻ, ലക്ഷ്മിചന്തു എന്നവരുടെ വംശ്യന്മാരാണ് ഇപ്പോൾ പ്രധാനമായിട്ടുള്ളതു. മേൽപറഞ്ഞ ലക്ഷ്മീ ചന്തു സേട്ടു 1887-ൽ ഉണ്ടായ കലഹകാലത്തിൽ ഇംഗ്ലീഷുഗവര്‍മ്മെണ്ടിന്നു ചെയ്തിട്ടുള്ള സഹായം നിമിത്തം ഗവര്‍മ്മേണ്ടിൽ നിന്നു പല സമ്മാനങ്ങളും ബഹുമാന ചിഹ്നങ്ങളും ലഭിച്ചതുകൂടാതെ താനും തന്റെ അനന്തിരവന്മാരും ഉള്ള നാൾ വരെക്കും അനുഭവിപ്പാനായി സര്‍വമാന്യഭൂമിയേയും ലഭിച്ചിരിക്കുന്നു. ഇവരുടെ പൂർവ്വികന്മാർ 45 ലക്ഷം ഉറുപ്പിക ചലവുചെയ്തു ഒരു വിഷ്ണുക്ഷേത്രവും അനേക ധർമ്മസത്രങ്ങളും മറ്റും നിര്‍മ്മിച്ച് മഹാ ധമ്മിഷ്ഠന്മാരെന്ന പേര് ലഭിച്ചിരിക്കുന്നു. ഈ വര്‍ഗ്ഗക്കാര് സ്വതെ ജൈനമതക്കാരായിരുന്നു എങ്കിലും ഗോവര്‍ദ്ധനം രങ്കാചാരിയരുടെ ഉപദേശത്താൽ വൈഷ്ണവമതത്തെ അംഗീകരിച്ചിട്ടുള്ളവരുമാകുന്നു. ഈ ചരിത്രം വൃന്ദാവനചരിത്രമദ്ധ്യത്തിൽ വരുന്നതുമാകുന്നു.

103. ഈ മധുരാപുരിയിൽ 1813- 14,1825-26, 1860-61 ഈ വക കാലങ്ങളിൽ കാലവര്‍ഷമില്ലാതെ വളരെ ക്ഷാമമുണ്ടായിവന്നതിനാൽ പ്രജകൾ വളരെ കുഴങ്ങിപ്പോയി. ഇപ്രകാരമുള്ള ക്ഷാമം മേലിൽ വരാതെ ഇരിപ്പാൻവേണ്ടി 'സെർ വില്ല്യം മൂവർ' സായ്പിനാൽ മധുരാപുരിക്ക് പടിഞ്ഞാറുഭാഗം നിർമ്മിക്കപ്പെട്ട ആ ഗ്രാവായ്ക്കാൽ 149 മയിത്സ് നീളമുള്ളതും 25000 ഏക്ര ഭൂമിക്ക് ജലം കാടുന്നതും 580000 ഉറുപ്പികയോളം നികുതി വസൂലുള്ളതുമാകുന്നു. 71 ലക്ഷം ഉറുപ്പിക ചിലവുചെയ്ത് കെട്ടീട്ടുള്ള ഈ വായ്ക്കാൽകൊണ്ടു ഈ മധുരാജില്ലക്കു വളരെ സമൃദ്ധിയുള്ളതായിരിക്കുന്നതുകൂടാതെ ഈ മധുരാപുരിയിൽ 1875 അക്ടമ്പ്ര് 19-ാം൲ ഹതരാസ് വഴിയായി ഈസ്റ്റിന്ത്യാ പുകവണ്ടിയും നടപ്പാക്കിയിരിക്കുന്നു. ഈ പുകവണ്ടിക്കു 955868 ഉറുപ്പിക ചിലവുള്ളതിൽ 324100 ഉറുപ്പികക്കു ഇവിടെയുള്ള ധനികന്മാര് തന്നെ പങ്കുകാരായി ചേര്‍ന്നിരിക്കുന്നു.

104. ഈ മധുരാപുരിയിലുള്ള മുൻസിപ്പാലിട്ടിക്കുള്ളിൽ സുമാറ് 60000-ത്തിലധികം ജനങ്ങൾ അധിവസിച്ചു വരുന്നതുകൂടാതെ മുൻസിപ്പാൽനികുതി എഴുപതിനായിരത്തിലകം ഉറുപ്പിക വസൂലായിവരുന്നുണ്ടെന്നും അറിയുന്നു. ഇവിടെ ഇംഗ്ലീഷുപട്ടാളങ്ങളും യൂറോപ്യന്മാരും അധിവസിച്ചുവരുന്നുണ്ട്. ഈ പട്ടണം ഡില്ലി, ആഗ്ര മുതലായ പട്ടണങ്ങളെപ്പോലെ വളരെ വിസ്താരമുള്ളതല്ല എങ്കിലും കാഴ്ചയിൽ ഇത്ര സൌന്ദര്യമുള്ള ഒരു പട്ടണം വളരെ കുറയുമെന്നു തീര്‍ച്ചയായും പറയാവുന്നതാണ്. പട്ടണത്തിലുള്ള വീഥികൾ മുഴുവനും അതിവിശേഷമായ കരിങ്കല്ലുകൾ പാവിവിജനങ്ങൾക്കും വണ്ടികൾക്കും മറ്റും സുഖമായി സഞ്ചരിപ്പാൻ തക്ക വിധത്തിലാക്കീട്ടുമുണ്ട്. വീഥികളിൽ യാതൊരു കുപ്പയും കാണുന്നതല്ല. വണ്ടികളും മറ്റും സഞ്ചരിക്കുന്ന സമയം പൊടിപാറുന്ന സമ്പ്രദായം ഈ കോട്ടക്കകത്തുള്ള ഭജാറു വീഥികളിൽ കണ്ടിരിക്കുമൊ എന്നുതന്നെ സംശയമാണ്. ഇവിടെ രണ്ടും മൂന്നും നിലകളുള്ള മാളികകൾ ധാരാളം ഉണ്ട്. ഉള്ള ഗൃഹങ്ങളും പ്രാസാദങ്ങളും അതിഭംഗിയുള്ളവയുമാകുന്നു. ഈ മധുരാപുരിയുടെ മാഹാത്മ്യത്തെപറ്റി ഭാരതം, ഭാഗവതം, വിഷ്ണുപുരാണം വിശേഷിച്ച് വാരാഹപുരാണവും അധികമായ വര്‍ണ്ണിച്ചിരിക്കുന്നു. ഇതിനുപുറമെ ഇരുപത്തൊമ്പത് അദ്ധ്യായമുള്ള മധുരാമാഹാത്മ്യമെന്ന ഒരു പുസ്തകവും അച്ചടിച്ചിട്ടുള്ളതു ആറണ കൊടുത്താൽ സുലഭമായി കിട്ടുന്നതുമാകുന്നു.

105. ഇവിടെ പോത്രാകുണ്ഡമെന്ന തടാകത്തിന്റെ തീരത്തിൽ വളരെ പുരാതനമായ ഒരു കെട്ടിടം ഇന്നും കാണാകുന്നതാണ്. കംസൻ ദേവകിയേയും വസുദേവരേയും കാരാഗൃഹത്തിലിട്ടടച്ചു എന്നു പറയുന്ന കാരാഗൃഹവും ശ്രീകൃഷ്ണസ്വാമിയുടെ അവതാരഭൂമിയും ഇതുതന്നെയാകുന്നു. ഇവിടെ ചില ബ്രാഹ്മണർ ബാലകൃഷ്ണമൂര്‍ത്തിയെ വെച്ചു പൂജിച്ചും യാത്രക്കാർ ചെന്നു വന്ദിച്ചും വരുമാറുണ്ടു.

പോത്രാകുണ്ഡം

106. മുൻപറഞ്ഞ കേശവദേവക്ഷേത്രത്തിന്നു സമീപം പോത്രാകുണ്ഡമെന്ന ഒരു തടാകം നാലു ഭാഗവും പലവിധ വൃക്ഷങ്ങളെക്കൊണ്ടു മനോഹരമായി കാണാകുന്നതാണ്. ദേവകീ ദേവി ശ്രീകൃഷ്ണ സ്വാമിയെ പ്രസവിച്ച ഉടനെ സ്നാനം ചെയ്തതു ഇതിലാകയാൽ ജനങ്ങൾ ഈ തടാകത്തെ പരിശുദ്ധതീപോത്രാകണ്ഡത്ഥമായി ആദരിച്ചുവരുന്നു.

മല്ലപുരം

107. ഇവിടെനിന്ന് അല്പം ദൂരെ മല്ലപുരം എന്ന ചെറുതായ ഒരു ഗ്രാമമുണ്ട്. പണ്ടു കുംസഭടന്മാരായിരുന്ന ചാണൂരമുഷ്ടികപ്രഭൃതികളായ മല്ലന്മാർ അധിവസിച്ച പ്രദേശമാകകൊണ്ടാണ് ഇതിന്നു മല്ലപുരമെന്ന പേര് സിദ്ധിപ്പാനിടയായതു.

108. ഇങ്ങിനെ ഭാഗവതപ്രസിദ്ധങ്ങളായ അനേകം സ്ഥലങ്ങൾ ഇവിടെ കാണേണ്ടതുണ്ടു. മധുരാപുരിയിൽ 1071 തുലാം 15-ാ൦൲ ചെന്നൻ മണിയോടുകൂടി യമുനാനദിയിൽ വിശ്രാന്തിഘാട്ടിൽ സങ്കല്പപൂർവ്വം സ്നാനവും തീരത്തിലുള്ള കുബ്ജാനാഥസ്വാമി ക്ഷേത്രത്തിലും മറ്റും ദർശനവും കഴിച്ച് 12 മണിക്കു വാസഗൃഹത്തിൽ തന്നെ വന്നു. അന്ന് ഏകാദശിയായിരുന്നതുകൊണ്ട് പലഹാരംകഴിച്ചതിന്നുശേഷം ഉച്ചക്കു 2 മണിയോടുകൂടി പഞ്ചക്രോശപ്രദക്ഷിണത്തിന്നായി പുറപ്പെട്ടു. ഇവിടെവന്നുചേർന്ന ദിവസം ഉത്ഥാന ഏകാദശി എന്നു പറയുന്ന ഒരു പുണ്യദിനമായിരുന്നതുകൊണ്ട് ഇവിടെയുള്ള ആബാലവൃദ്ധം ഹിന്തുക്കൾ മിക്കപേരും പഞ്ചക്രോശപ്രദക്ഷിണം ചെയ്യുന്നതായി കണ്ടു. അതുപ്രകാരം ഞങ്ങളും അതിന്നായി പുറപ്പെട്ടു. അതിൽ ഒന്നാമത് പണ്ട് ശ്രീകൃഷ്ണസ്വാമി കുബ്ജാദേവിക്കു അഭീഷ്ടവരങ്ങളെ കൊടുത്തു സന്തോഷിപ്പിച്ചതായി പറയുന്ന പുണ്യസ്ഥലവും, പിന്നെ പണ്ടു മല്ലയുദ്ധം നടന്നിട്ടുള്ള കംസരാജധാനിയുടെ ഗോപുരദ്വാരവും, അതിനു ശേഷം ശ്രീകൃഷ്ണസ്വാമിയുടെ ജന്മഭൂമിയായ സൂതികാഗൃഹവും ദേവകിയുടെ പ്രസൂതിസ്താനതടാകമായ പോത്രാകുണ്ഡ പുണ്യസരസ്സും ചാണൂരമുഷ്ടികഭൃപ്രതികളായ മല്ലന്മാരുടെ ഗൃഹവീഥിയും, അക്രൂരസ്നാനഘട്ടവും, കംസരജകന്റെ അലക്കുന്ന സ്ഥലവും മറ്റും ഈ പഞ്ചക്രോശയാത്രയിൽ ക്രമേണ ക്രമേണ കണ്ടു ഒടുവിൽ വിശ്രാന്തിഘാട്ടിൽ തന്നെ സന്ധ്യയോടു കൂടി എത്തി പ്രദക്ഷിണ വിധിയെ അവസാനിപ്പിച്ച ഉടനെ സ്നാനാദികൾ ചെയ്തതിനു ശേഷം കുബ്ജാനാഥസ്വാമിക്ഷേത്രം, വരാഹ മൂർത്തിദേവാലയം, ഗോവദ്ധന നാഥസ്വാമി മന്ദിരം മുതലാ യ പല പുണ്യക്ഷേത്രങ്ങളിലും ചെന്ന് യഥാവിധിദർശനം കഴിച്ചു രാത്രി 10 മണിയോടുകൂടി സ്വഗൃഹത്തിലേക്കു തന്നെ മടങ്ങിവന്ന് അന്ന് അവിടെ സുഖമായിതാമസിച്ചു. പണ്ടു ശ്രീകൃഷ്ണൻ കംസവധാനന്തരം വിശ്രമിച്ച ഘട്ടമാകയാൽ ഇതിന്നു വിശ്രാന്തിഘാട്ട് എന്ന പേര് വരുവാനിടയായതാണ്.

109. 16-ാം൲ രാവിലെ എഴുനീറ്റു ദേഹശുദ്ധി ചെയ്തതിനുശേഷം മധുരയിൽ അനേകം യമുനാഘാട്ടുകളുള്ളതിൽ ശ്രാദ്ധത്തിന്നു എത്രയും മുഖ്യമായി പറയപ്പെടുന്ന ധ്രുവഘാട്ടിൽ ചെന്നു അവിടെവെച്ച് യഥാവിധി ശ്രാദ്ധം ചെയ്ത് 12 മണിയോടുകൂടിതിരികെ വന്നു ഭോജനം കഴിച്ചു. പണ്ടു ധ്രുവൻ തപസ്സു ചെയ്തു എന്ന പുണ്യസ്ഥലം ഇവിടെ നിന്നു ഏകദേശം 2 മയിത്സ് ദൂരത്തിലാണ് കിടക്കുന്നതു. ധ്രുവന്റെ സ്നാനം ഈ ഘട്ടത്തിലായിരുന്നുപോൽ. അതിനാലാണ് ഈ ഘട്ടത്തിന്ന് ധ്രുവഘാട്ട് എന്നപേര് സിദ്ധിപ്പാനിടയായത്.

ഗോകുലം

110. ൧൬-ാം൲ പകൽ മൂന്നു മണിയോടു കൂട മധുരാപട്ടണം മുഴുവനും ചുറ്റിക്കണ്ടു. എത്രയും മനോഹരമായ ഈ പട്ടണം കാണേണ്ടതുതന്നെ. വണ്ടികൾ ധാരാളമായി കിട്ടുന്നതുമാണ്. ഇവിടെനിന്നു 4 മണിയോടുകൂടി ൪ മയിത്സ് ദൂരത്തിലുള്ള ഗോകുലത്തിലേ ദര്‍ശനത്തിന്നായി പുറപ്പെട്ടുപോയി- അവിടെ ചെന്നു നന്ദഘാട്ടിൽ ഇറങ്ങി സ്നാനം ചെയ്തു. മധുരയിലും ഗോകുലത്തിലും ഉള്ള ആമകൾ വളരെ വലുതായിരിക്കും ആമകൾക്ക് ഭക്ഷണത്തിന്നായി മലർപൊരി മുതലായതുകൾ വാങ്ങിക്കൊടുക്കുന്ന ഒരു സമ്പ്രദായമുണ്ടു. അതുപ്രകാരം 10 സേർ മലർപൊരി വാങ്ങി ആമകൾക്ക് കൊടുത്ത ഉടനെ യമുനാതീരത്തിൽനിന്നു പോന്നു നന്ദഗൃഹത്തിൽ വന്നു ബാലകൃഷ്ണസ്വാമിദര്‍ശനം കഴിച്ചു സദാചാരാനുരോധേന ബാലകൃഷ്ണമൂര്‍ത്തിയുടെ തൊട്ടി ആട്ടുകയും അവിടെ വഴിവാടുകൾ ചെയ്യുകയും ചെയ്തു തിരിയെ പോന്നു യമളാര്‍ജ്ജുനവൃക്ഷത്തെ പതിപ്പിച്ചു നളകൂബരമണിഗ്രീവന്മാര്‍ക്കു മോക്ഷം നൽകിയ സ്ഥലത്തെയും മറ്റും ചില പുണ്യസ്ഥലങ്ങളെയും ദര്‍ശിച്ചതിന്നുശേഷം രാത്രി 8 മണിയോടുകൂടി മധുരക്കുതന്നെ മടങ്ങിപോന്നു.

ഗോകുലചരിത്രം.

111. ഈ ഗോകുലമെന്ന ഗ്രാമം ചെറുതായ ഒരു ഗ്രാമമാണ്. ഈ ഗ്രാമത്തിൽ നാലായിരത്തിൽ പുറം കുടികൾ ഉള്ളതുമാകുന്നു. ഇവരിൽ മുക്കാൽ വീശം കുടിക്കാർ ഗോപന്മാർ തന്നെയായിരിക്കും. പ്രായേണ ഇവരുടെ ഉപജീവനം പാൽ, തയിർ, വെണ്ണ ഇതുകളെക്കൊണ്ട് തന്നെ ആയിരിക്കും. ഇവരുടെ സ്ത്രീകൾ പുലര്‍ച്ചെ സ്നാനത്തിന്നു പോകുന്ന സമയംശ്രീകൃഷ്ണനെ സംബന്ധിച്ച പലെ ഗീതകളും പാടിക്കൊണ്ടുപോകുകയും യമുനാതീരത്തിൽ ചെന്ന ഭക്തിയോടുകൂടി ശ്രീകൃഷ്ണവിഷയങ്ങളായ ചില അഭിനയങ്ങളെ കാണിക്കുകയും ചെയ്യാറുണ്ടു. ഈ ഗോകുലത്തിലുള്ള വീഥികളും വീടുകളും പ്രായേണ ആഭാസമായിരിക്കും. ഇവിടെ സുമാർ 2500 ഉറുപ്പിക ചിലവുചെയ്ത് പുതുതായി കെട്ടപ്പെട്ട ഒരു ചെറിയ പാഠകശാലയും ഉണ്ടു.

112. ഈ ഗോകുലത്തിൽ വെള്ളി, പിച്ചള മുതലായ ലോഹങ്ങളെക്കൊണ്ടു പലവിധ ചിത്രവേലകളുള്ള ഈശ്വര വിഗ്രഹങ്ങൾ; പാത്രങ്ങൾ മുതലായതുകൾ ഉണ്ടാക്കി വിറ്റുവരുന്നുണ്ടു. ഇവിടെ വരുന്ന യാത്രക്കാരിൽ അധികം ഭക്തിയുള്ളവർ ഗുജറാത്തിക്കാരും കച്ചിക്കാരും ബൊമ്പായിക്കാരുമാകുന്നു. ഇവർ കൊല്ലന്തോറും കൂട്ടം കൂട്ടമായി ദര്‍ശനത്തിന്നായി വരുമാറുണ്ടു. അതിന്നു വിശേഷവിധിയായി അല്പം ഒരു കാരണവും കൂടി ഉണ്ടു. മേല്പറഞ്ഞ വർഗ്ഗക്കാരും ഗോകുലത്തിലുള്ളവരും പ്രായെണ വല്ലഭാചാര്യമതക്കാരായിരിക്കും.

113. എന്നാൽ ഈ വല്ലഭാചാര്യമതത്തെ കൂടി ഇവിടെ അല്പം ഒന്നു വിവരിക്കുന്നത് ആവശ്യമായി വന്നിരിക്കയാൽ അതിനെ ചുരുക്കത്തിൽ പറഞ്ഞുകൊള്ളുന്നു.

114. ഈ വല്ലഭാചാര്യർ എന്ന ദേഹം ലക്ഷ്മണ ഭട്ടനെന്ന വൈഷ്ണവമതസ്ഥാപകനായ ഒരു തിലുങ്കബ്രാഹ്മണനായിരുന്നു. ഇദ്ദേഹത്തിന്റെ ജനനം ക്രിസ്തുവഷം 1479ൽ ആകുന്നു. ഇദ്ദേഹം കാശിപട്ടണത്തിന്റെ സമീപം ഒരു ഉദ്യാനത്തിൽ വെച്ചാണ് ജനിച്ചത്. പിതാവ് കാശിപട്ടണത്തിൽ ഭാര്യയെ വിട്ടും കൊണ്ട് സംഗതിവശാൽ പോയ സമയം ഗര്‍ഭംധരിച്ച എട്ടാംമാസത്തിൽ ഭാര്യപ്രസവിച്ചതിനാൽ ഈ ശിശു ഒരുമരത്തിന്മേൽ ഏറ്റി വിട്ടുപോയി. കുറെ മാസം കഴിഞ്ഞതിനുശേഷം രണ്ടാമതും വന്നു നേക്കുമ്പോൾ ഈ ശിശു യാതൊരു അപകടവും കൂടാതെ അവിടെത്തന്നെ കിടക്കുന്നതു കണ്ടപ്പോൾ വളരെ ആശ്ചര്യപ്പെട്ട് അവിടെനിന്നു എടുത്തുകൊണ്ടുവന്ന് വാത്സല്യത്തോടും കരുണയോടും കൂടി വളർത്തി. ഗോകുലത്തിൽ കൊണ്ടുവന്ന് അവിടെ വിദ്വാനായ നാരായണഭട്ടനെന്ന ഒരു ബ്രാഹ്മണനെക്കൊണ്ടു വേദം മുതലായവിദ്യകളെ പഠിപ്പിച്ച് അല്പകാലംകൊണ്ട് ഈ ബ്രാമണകുമാരൻ സകല ശാസ്ത്രങ്ങളേയും പഠിച്ച' അതിയോഗ്യനായിത്തീര്‍ന്നു. അക്കാലത്തിൽ അദ്ദേഹത്തിന്റെ പിതാവു മരിച്ചുപോയി. അതിനു ശേഷം മഹാമഹിമശാലിയായ ഈ ബ്രാഹ്മണകുമാരൻ 11-ാം വയസ്സു മുതൽക്കു തന്നെ മതാചാര്യപ്രവൃത്തിയിൽ ഏര്‍പ്പെട്ടു. ഉടനെ ഒന്നാമതു സ്വദേശമായ ദക്ഷിണദേശത്തേയ്ക്കു തന്നെ വന്നു സൽഗുരുവിൽനിന്നു സ്വമതത്തെ പഠിച്ചു. ദാമോദരദാസ് എന്ന ഒരു മതിമാനെ തന്റെ പ്രധാനശിഷ്യനായി സ്വീകരിച്ചു. പിന്നെ തന്റെ മാതൃദേശമായ വിജയനഗരത്തിലേയ്ക്കു വന്നു. അവിടെ രാജാവായിരുന്ന കൃഷ്ണദേവനേയും സ്വമതത്തിൽ ചേർത്തു ശിഷ്യനാക്കി സ്വീകരിച്ചു. അതിന്നു ശേഷം ദേശസഞ്ചാരം ചെയ്തു പ്രധാനപ്പെട്ട ഉജ്ജയിനി, അലഹാബാദ്, കാശി, ഹരിദ്വാരം മുതലായ മഹാ സ്ഥലങ്ങളിൽ ചെന്നു സ്വമതത്തെ പ്രസംഗിച്ച് അനേക ജനങ്ങളെ സ്വമതസ്ഥന്മാരാക്കിച്ചെയ്തു. പിന്നെ കാശിപട്ടണത്തിൽ വന്നു വിവാഹിതഭാര്യയിൽ 1511-ൽ ഗോപിനാഥനെന്ന പുത്രനേയും, 1516-ൽ വിട്ടലനാഥൻ എന്ന പുത്രനേയും ജനിപ്പിച്ചു. വല്ലഭാചാര്യമതത്തെ സ്ഥാചിച്ചു 1520-ാം വർഷത്തിൽ വല്ലഭാചാര്യർ എന്ന വിരുദനാമത്തോടുകൂടി ഗോവര്‍ദ്ധനത്തിൽ വന്നു. അവിടെ ശ്രീനാഥസ്വാമിയുടെ ക്ഷേത്രം വിശേഷമായി പണി ചെയ്യിപ്പിച്ചു. പിന്നെ വൃന്ദാവനത്തിലേയ്ക്കു വന്നു. ഇദ്ദേഹത്തിന്നു സാക്ഷാൽ ശ്രീകൃഷ്ണസ്വാമിയെ പ്രത്യക്ഷമായി കാണാമായിരുന്നുപോൽ. അതു നിമിത്തം ജനങ്ങൾ ഇദ്ദേഹത്തെ ബാലകൃഷ്ണമൂർത്തിയായി ഭാവിച്ചു വന്ദിച്ചു വന്നിരുന്നു. ഇദ്ദേഹം ഒടുവിൽ കാശിക്ഷേത്രത്തിൽ വന്നു വസിച്ചു. ഭഗവൽഗീതയ്ക്കു സുബോധിനി എന്ന ഒരു വ്യാഖ്യാനം ഈ മഹാനാല്‍ രചിക്കപ്പെട്ടതാണെന്നു പറയുന്നു. മഹാനുഭാവനായ ഇദ്ദേഹം ശ്രീകാശിയിൽ വെച്ചു 1532 -ാമതു വര്‍ഷത്തിൽ ചരമഗതിയെ പ്രാപിച്ചു.

115. ഇദ്ദേഹത്തിന്റെ പിറ്റേ കാലം ദ്വിതീയപുത്രനായ വിട്ടലനാഥൻ ആ സ്ഥാനത്തെ വഹിച്ചു വന്നു. സകല കലകളിലും നൈപുണ്യത്തെ പ്രാപിച്ച ഈ വിട്ടലനാഥൻ 256 ശിഷ്യരെ സമ്പാദിച്ചു. അവരുടെ ചരിത്രം തുശംപുനവ്രതമെന്ന പുസ്തകത്തിൽ വിസ്തരിയ്ക്കപ്പെട്ടിരിയ്ക്ന്നു. ഇദ്ദേഹം 1565-ാം വര്‍ഷത്തിൽ ഗോകുലത്തിൽ വന്നു സ്വമതപ്രസംഗം ചെയ്തുംകൊണ്ടു കുറെ കാലം താമസിച്ചു. തന്റെ 70-ാമത്തെ വയസ്സിൽ ഗോവര്‍ദ്ധനത്തിൽ ചെന്നു. അവിടെ വെച്ചു സ്വര്‍ഗ്ഗാരോഹണവുമായി. ഇദ്ദേഹത്തി

ന്നു രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു. ഇവരിൽ 1. ഗിരിധരൻ, 2. ഗോവിന്ദൻ, 8. ബാലകൃഷ്ണൻ, 4. ഗോകുലനാഥൻ, 5. രഘുനാഥൻ, 8. മാധവനാഥൻ ഇങ്ങിനെ 6 പുത്രന്മാരുണ്ടായിരുന്നതിൽ 4-ാമത്തെ പുത്രനായ ഗോകുലനാഥൻ വളരെ യോഗ്യനായിത്തിന്നു. ഇദ്ദേഹത്തിന്റെ ഒടുവി ലത്തെ സന്താനം ബൊമ്പായി ഘോഷായി പട്ടണത്തിൽ വന്നിരുന്നു. ഈ വല്ലഭാചാര്യമതഘോഷായികൾ മറ്റുള്ള മഠാധിപതികളെപ്പോലെ ബ്രഹ്മചര്യാശ്രമത്തെ സ്വീകരിച്ചിരിയ്ക്കുന്നവരല്ല. ഗൃഹസ്ഥാശ്രമികളായിത്തന്നെ ഇരുന്നു ലൌകികസുഖങ്ങളെ മുഴുവനും അനുഭവിച്ചല്ലാതെ മനസ്സിൽ വിരക്തി വരുന്നതല്ലെന്നും വിരക്തി വരാതെ ജ്ഞാനപുഷ്ഠിയും തന്മൂലം മോക്ഷവും സിദ്ധിയ്ക്കുന്നതല്ലെന്നും ആകയാൽ ഗൃഹസ്ഥാശ്രമത്തെ സ്വീകരിയ്ക്കുന്നതുകൊണ്ട് ഈ ആചാര്യമതമാര്‍ഗ്ഗത്തിന്നു വിരോധമില്ലെന്നും പറഞ്ഞു സകല ഐഹികസുഖങ്ങളേയും അനുഭവിച്ചുവരുന്നവരുമാണ്.

116. ഇവരിൽ ചേര്‍ന്ന ചിലർ അതിഗര്‍വ്വത്താലും കാമപാരവശ്യത്താലും ജുഗുപ്സിതങ്ങളായ ചില കര്‍മ്മങ്ങളെ ചെയ്തുവരുന്നതിനാൽ വൈഷ്ണവമതത്തിന്നുകൂടി ഗൌരവക്കുറവായിത്തീരുന്നു എന്നു കണ്ടു ജയപുരം മഹാരാജാവു തന്റെ സംസ്ഥാനത്തിലുള്ള ഈ മതക്കാര് എല്ലാവരും ശൈവമതത്തെ അനുസരിച്ചുകൊള്ളണമെന്നു കല്പന കൊടുത്തിരുന്നുപോൽ ഈ മതത്തിന്റെ സ്വഭാവം താഴെ പറയുംപ്രകാരമാണെന്നു ചിലർ പറയുന്നു.

117. ഒരു ശ്രാവണ ശുക്ലപക്ഷത്തിൽ അര്‍ദ്ധരാത്രിയിൽ ശ്രീകൃഷ്ണസ്വാമി പ്രത്യക്ഷമായി വന്ന് ഈ മതപ്രവര്‍ത്തകനായ വല്ലഭാചാര്യര്‍ക്കു ചിദാനന്ദരഹസ്യത്തെ ഉപദേശിച്ചു എന്നും ആ രഹസ്യത്തിൽ ഭക്തന്മാർ തങ്ങൾക്കു പ്രിയപ്പെട്ട സർവ്വസ്വവും ശ്രീഭഗവാനു സമര്‍പ്പിച്ചാൽ ആ ജീവാത്മാക്കൾക്കും പരമാത്മാവിന്നും ഐക്യം വരുമെന്നും അപ്പോൾ സകല പാപങ്ങളും നശിച്ചുപോകുമെന്നും പറ ഞ്ഞിരിയ്ക്കുന്നു എന്നും മറ്റുമാണ് ഈ മതക്കാരുടെ വിശ്വാസം. ഈ മതവിശ്വാസികളായ ഭക്തന്മാർ ഈ വല്ലഭാചാര്യരെശ്രീകൃഷ്ണസ്വാമിയായി വിശ്വസിച്ചുകൊള്ളണമെന്നും ഈ മതാചാര്യർ ഈശ്വരന്നും ഭക്തന്മാര്‍ക്കും മദ്ധ്യസ്ഥനായിരുന്നു ഭജക്തനങ്ങൾക്കു ജന്മസാഫല്യം നൽകുവാൻ ശക്തനാണെന്നും അതിൽ തീര്‍ച്ചപ്പെടുത്തിയിരിയ്ക്കുന്നു. ആകയാൽ ഈ മതാചാര്യർ ശ്രീകൃഷ്ണനെക്കാൾ ഉൽകൃഷ്ടനാണെന്നും ഇദ്ദേഹം കോപിച്ചാൽ തൽപരിഹാരത്തിന്ന് ആരും ശക്തനായി വരികയില്ലെന്നും ഈ വല്ലഭാചാര്യരും ഇവരുടെ സന്താനങ്ങളും ശിഷ്യന്മാരും സാക്ഷാൽ ദേവമൂര്‍ത്തികളാണെന്നും ലോകത്തിൽ ദൈവപ്രതിനിധികളായി അവതരിച്ചവരാണെന്നും ഇവര്‍ക്കു തൃപ്തികരമായി നടന്നാൽ മോക്ഷം സിദ്ധിയ്ക്കുമെന്നും ആകയാൽ ഇവരെ പ്രസാദിപ്പിയ്ക്കുവാൻ വേണ്ടി തങ്ങൾക്കു പ്രിയമുള്ള സര്‍വ്വസ്വവും സമര്‍പ്പിയ്ക്കുന്നവർ സകല ശ്രേയസ്സുകളേയും ലഭിക്കുമെന്നും ഈ മതക്കാർ അഭിമാനിച്ചുവരുന്നു.

118. എന്നാൽ ഇവരുടെ ഈ വക മതഗ്രന്ഥങ്ങൾ സ്വമതസ്ഥന്മാര്‍ക്കല്ലാതെ മറ്റ് ആര്‍ക്കും വായിച്ചുനോക്കുവാനും കൂടി കൊടുക്കുകയില്ല. ഈ യോഗത്തിൽ ചേര്‍ന്ന ഒരു മഹാൻ ഒരു അച്ചുകൂടത്തിൽ ഈ മതവിഷയമായ രണ്ടു പുസ്തകം അച്ചടിപ്പിച്ചതായി കേട്ടിട്ടുണ്ട്. ഈ മതാചാര്യര്‍ക്കു "രാജാ ടാകൂർ' എന്ന ബിരുദനാമവും സർവ്വമാന്യവും ഇന്ത്യാ മഹാരാജാക്കന്മാരാൽ പണ്ടു തന്നെ സൌജന്യമായി നൽകപ്പെട്ടിരിയ്ക്കുന്നു. ഈ വല്ലഭാചാര്യമതഗ്രന്ഥങ്ങൾ 2 വകുപ്പുകളായിട്ടാണ് ഇരിയ്ക്കുന്നത്. അതിൽ ഒന്നാം വകുപ്പിൽ 4-ം, 2-ാം വകുപ്പിൽ 18-ം ഗ്രന്ഥങ്ങൾ ഉള്ളതായി കേൾവിയുണ്ട്. ഈ മതത്തെപ്പറ്റി ഇതിലധികം വിവരിയ്ക്കുന്നത് അനാവശ്യമെന്നു കരുതി ഇത്രത്തോളം സംക്ഷേപിച്ചു കൊണ്ട് അവസാനിപ്പിയ്ക്കുന്നു. ഈ മതക്കാർ ശ്രീകൃഷ്ണൻ ബാലക്രീഡ ചെയ്തു വിനോദിച്ച പുണ്യസ്ഥലമായ ഈ ഗോകുലം വളരെ മുഖ്യസ്ഥലമായി ഗണിച്ചുവരുന്നു.

ഗോവര്‍ദ്ധനം

119. പിന്നെ 17-ാ൦൲ രാവിലെ എഴുനീറ്റു മധുരയിൽനിന്നു 10 മയിത്സ് ദൂരത്തിൽ കിടക്കുന്ന ഗോവ൲ദ്ധനത്തിലേയ്ക്കായി പോയി മടങ്ങിവരുവാൻ മൂന്നു, മൂന്നര ഉറുപ്പിക കൂലിയ്ക്കു കിട്ടുന്നതായ എരട്ടക്കുതിര സാറട്ടിൽ കയറി എടത്രപ്പാടു തമ്പുരാൻ തിരുമനസ്സുകൊണ്ടു ശേഷമുള്ളവരോടുകൂടി പുറപ്പെട്ടു പത്തു മണിയോടുകൂടി ഗോവര്‍ദ്ധനത്തിൽ ചെന്ന ഉടനെ അവിടെ മാനസഗംഗയിൽ സ്നാനം ചെയ്തു ഗോവര്‍ദ്ധനസ്വാമിദർശനവും അര്‍ച്ചനവും കഴിച്ചു പിന്നെയും അവിടെ അനേകം ക്ഷേത്രങ്ങളുള്ളതിൽ പ്രധാനപ്പെട്ട ചില ക്ഷേത്രങ്ങളിൽ ദര്‍ശനവും ചെയ്ത ഉടനെ 3 മണിയോടുകൂടി വാസഗൃഹത്തിൽ വന്നു ഭക്ഷണാദി കൃത്യങ്ങളെ കഴിച്ചു 4 മണിവരെയ്ക്കും അവിടെത്തന്നെ വിശ്രമിച്ചു.

ഗോവര്‍ദ്ധനചരിത്രം.

120. ഈ ഗോവര്‍ദ്ധനം എന്ന പുണ്യസ്ഥലം ഭാഗവതാദി പുരാണങ്ങളിൽ പ്രപഞ്ചിതമായിട്ടുള്ളതാണെന്നു സാധാരണ എല്ലാവര്‍ക്കും അറിയാവുന്നതാണല്ലൊ. പണ്ടു ശ്രീകൃഷ്ണസ്വാമി ദേവേന്ദ്രന്റെ ഗർവ്വിനെ ശമിപ്പിയ്ക്കുവാൻ വേണ്ടി ഗോപന്മാരാൽ പ്രതിവര്‍ഷം ചെയ്യപ്പെട്ടുവരുന്ന ഇന്ദ്രപൂജയെ യുക്തിയുക്തമായി പറഞ്ഞു മുടക്കം ചെയ്തു ഗോവര്‍ദ്ധനപർവ്വതപ്രീതിക്കായി ആ പുജയെ ഉപയോഗിച്ച സമയം ദേവേന്ദ്രൻ കോപിച്ചു പ്രളയകാലമേഘങ്ങളെക്കൊണ്ടു വര്‍ഷിപ്പിച്ചു ഗോകുലനിവാസികളായ സകല ഗോപന്മാരേയും നശിപ്പിയ്ക്കുവാനായി ആരംഭിച്ച സമയം ഭഗവാൻ ഈ ഗോവര്‍ദ്ധനപര്‍വ്വതത്തെ ഒറ്റക്കൈകൊണ്ട് ഒരു കട എന്ന

പോലെ അനായാസേന എടുത്ത് ഉയർത്തിപ്പിടിച്ച് അതിന്നുള്ളിൽ ഏഴു ദിവസം മുഴുവനും സകല ഗോപന്മാരേയും ഗോക്കളേയും രക്ഷപ്പെടുത്തിയതായും അതിന്നുശേഷം സാക്ഷാൽ മഹാവിഷ്ണുവിന്റെ അവതാരമൂർത്തിയായ ശ്രീകൃഷ്ണസ്വാമിയുടെ വൈഭവത്തെ എല്ലാം വഴിപോലെ അറിഞ്ഞു ദേവേന്ദ്രൻ വര്‍ഷത്തെ അവസാനിപ്പിച്ചു ശാന്തമദനായി ഭവിച്ചു ഭഗവച്ചരണാരവിന്ദങ്ങളിൽ വന്നുവീണു ശരണം പ്രാപിച്ചതായും, പിന്നെ പണ്ടു ബ്രഹ്മാവു മദമത്തനായി ശ്രീകൃഷ്ണസ്വാമിയുടെ നേരെ അസൂയാക്രാന്തഹൃദയനായിത്തീര്‍ന്നു ഗോപന്മാരുടെ സകല പശുക്കിടാങ്ങളേയും, ഗോപകിശോരന്മാരേയും അപഹരിച്ചു കൊണ്ടുപായതിന്നു ശേഷം ആ വൃത്താന്തത്തെ ഭഗവാൻ അറിഞ്ഞു താൻതന്നെ ആ പശുക്കിടാങ്ങളായും ഗോപകിശോരന്മാരായും ഭവിച്ചു ഗോപസ്ത്രീകൾക്കും പശുക്കള്‍ക്കും പൂർവ്വാതിശായിയായ പുത്രവാത്സല്യത്തേയും സന്തോഷത്തേയും ഉണ്ടാക്കി ബ്രഹ്മാവിന്റെ മദം ശമിയ്ക്കുന്നവരെയ്ക്കും ഗോകുലത്തിൽ യാതൊരു ന്യൂനതയും കൂടാതെ നടത്തിവന്നതായും, അതിന്റെ ശേഷം ബ്രഹ്മാവു ശ്രീകൃ ഷ്ണസ്വാമിയുടെ മാഹാത്മ്യത്തെ അറിഞ്ഞ ശരണം പ്രാപിച്ചതായും മറ്റും ഭാഗവതത്തിൽ വിവരിയ്ക്കപ്പെടുന്ന ചരിത്രം ഈ പ്രദേശത്തിൽ വെച്ചുണ്ടായതാകുന്നു. ആ പ്രദേശങ്ങളെ തദ്ദേശവാസികൾ ഞങ്ങൾക്കു പ്രത്യേകം പ്രത്യേകമായി കാണിച്ചുതരികയും ചെയ്തിരിയ്ക്കുന്നു.

മാനസഗംഗാ

121. പണ്ട് ശ്രീകൃഷ്ണസ്വാമി ഗോക്കളെ മേച്ചുംകൊണ്ട് ഗോപന്മാരോടുകൂടി ഈ പ്രദേശത്ത് സഞ്ചരിക്കുന്ന സമയം ശ്രീകൃഷ്ണനെ നിഗ്രഹിപ്പാൻവേണ്ടി കംസപ്രേരിതനായ വത്സാസുരൻ പശുക്കിടാവിന്റെ വേഷം ധരിച്ചു വ്യാജമായി ഗോപന്മാരുടെ കൂട്ടത്തിൽ വന്നുചേര്‍ന്ന സമയം ആ വൃത്താന്തത്തെ ഭഗവാൻ അറിഞ്ഞ് ആ വത്സാസുരനെ നിഗ്രഹിച്ചപ്പോൾ ഗോപന്മാർ എല്ലാവരുംകൂടി ശ്രീകൃഷ്ണന്നു ഗോഹത്യാ പാപം സംഭവിച്ചിരിക്കുന്നതിനാൽ ഇദ്ദേഹത്തെ നമ്മുടെ യോഗത്തിൽ ചേര്‍പ്പാൻ പാടില്ലെന്നും മററും ആക്ഷേപിച്ച സമയം അയ്യൊ! ഗോപന്മാരെ! ഇതു ഒരു പശുക്കിടാവല്ല, വത്സാസുരനാണ്; ഇവൻ നമ്മെ ചതിച്ചു കൊല്ലുവാനായി വന്നവനാകുന്നു. ആകയാൽ ഗോഹത്യാപാപം എനിക്കു സംഭവിക്കുന്നതല്ല. എന്നും മറ്റും ശ്രീകൃഷ്ണസ്വാമി വളരെ യുക്തിയോടും കൂടി പറഞ്ഞു എങ്കിലും അവർ അതിനെ സമ്മതിക്കാതെ ഇരുന്നപ്പോൾ അവരുടെ തൃപ്തിക്കുവേണ്ടി ഗംഗാസ്നാനം ചെയ്യേണമെന്നും അതിനാൽ സകല പാപങ്ങളും നശിക്കുമെന്നും മറ്റും തീര്‍ച്ചപ്പെടുത്തിയതിനുശേഷം ഭഗവാൻ അതിനെ സമ്മതിച്ചു. അല്ലയോ ഗോപന്മാരെ! നിങ്ങൾ എല്ലാവരും ക്ഷണനേരം കണ്ണടച്ചിരിക്കണമെന്നും എന്നാൽ ഗംഗാദേവിയെ ഇവിടെത്തന്നെ വരുത്താമെന്നും അരുളിച്ചെയ്താറെ ഗോപന്മാർ എല്ലാവരും

കണ്ണടച്ച് തുറക്കുമ്പോഴെക്ക് ശ്രീകൃഷ്ണൻ തന്റെ മനസ്സു കൊണ്ട് സൃഷ്ടിക്കപ്പെട്ട ഗംഗാദേവിയെ അവർക്ക് പ്രത്യക്ഷമാക്കിക്കൊടുത്തതായും അതുനിമിത്തം ഗോപന്മാര്‍ക്കു ശ്രീകൃഷ്ണങ്കൽ ബഹുമാനവും, വിശ്വാസവും, വിസ്മയവും, സന്തോഷവും വര്‍ദ്ധിച്ചു വരികയും ചെയ്ത ദിവസം മുതൽ എത്രയും വലുതായ ഈ തീര്‍ത്ഥത്തിന്നു മാനസഗംഗാ എന്ന പേര് സിദ്ധിച്ചതായും തദ്ദേശവാസികൾ ഇന്നും പ്രശംസിച്ചു വരുന്നു. ഈ പ്രദേശം വസതിക്ക് സുഖമുള്ളതാകുന്നു. അധികം ജനങ്ങളും ഗൌഡ ബ്രാഹ്മണരും ഉള്ള പ്രദേശമാണ്. വലിയ ഭജാറുകളും ഷാപ്പുകളും മറ്റും ഇല്ലാ എങ്കിലും നല്ല സുഖകരമായ പ്രദേശമാണെന്ന് ചെന്നു കാണുന്നവര്‍ക്ക് തോന്നാതെ ഇരിക്കുന്നതല്ല.

വൃന്ദാവനം

122 പിറ്റെന്ന് 18-ാ൲ രാവിലെ 7 മണിയോടുകൂടി വൃന്ദാവനദര്‍ശനത്തിന്നായി മധുരയിൽ നിന്ന് പുറപ്പെട്ടു തീവണ്ടി കയറി 8 മണിക്ക് വൃന്ദാവനത്തിൽഎത്തി. ഈ വൃന്ദാവനം മധുരയിൽനിന്നു ഏകദേശം 6 മയിത്സ് ദൂരത്തിലാണ് കിടക്കുന്നത്. ഇവിടെ വന്ന ഉടനെ ഒരു പുരോഹിതനെ വരിച്ചു അദ്ദേഹത്തിന്റെ ഗ്രഹത്തിൽ സാമാനങ്ങളെല്ലാം ഇറക്കി വെച്ചതിനുശേഷം കാളിന്ദീസ്നാനത്തിന്നായി പുറപ്പെട്ടു. ഒന്നാമതു പണ്ടു ഭഗവാൻ കാളിയമര്‍ദ്ദനം ചെയ്ത സ്ഥലമാണ് ദര്‍ശിച്ചത്. കാലപ്പഴക്കത്താൽ ഭാഗവതാദി പുരാണങ്ങളിൽ പറയും പ്രകാരമുള്ള എല്ലാ ലക്ഷണങ്ങളും ശരിയായി ഇപ്പോൾ കാണുന്നില്ല. പണ്ടു കാളിന്ദീ പ്രവഹിക്കുന്നതായ ഈ പ്രദേശം ഇപ്പോൾ മണ്ണുവന്നു തൂര്‍ന്നു ചില സ്ഥലങ്ങളിൽ കൃഷി ചെയ്യുന്നതായിട്ടുകാണുന്നുണ്ടു. ഇവിടെ നിന്നു അര മയിത്സ് ദൂരത്തിലാണ് ഇപ്പോൾ കാളിന്ദീ പ്രവഹിക്കുന്നത്. ഈ വക ചില സംഗതികളാൽ ഈ സ്ഥലമാഹാത്മ്യത്തിന്ന് പ്രാമാണ്യം കൊടുപ്പാൻ പാടില്ലെന്ന് ചിലർ ദുസ്തര്‍ക്കത്തെ കൊണ്ടു വരുന്നുണ്ടെങ്കിലും ആ വക ദുസ്തര്‍ക്കങ്ങൾക്കു യുക്തിയിൽ പരിഹാരങ്ങളുണ്ടെന്നാണ് നാം അഭിപ്രായപ്പെട്ടിരിക്കുന്നത്. താഴെ എഴുതുന്ന ശ്ലോകം ഇതിലേക്കു ഉപകരിക്കുന്നതാകുന്നു.

ശ്ലോകം- പുരായത്രസ്രോതഃ പുളിനമധുനാ
തത്രസരിതാം
വിപര്യാസംയാതൊ ഘനവിരള
ഭാവഃ ക്ഷിതിരുഹാം
ബഹോർദൃഷ്ടം കാലാദപരമിവ
മന്യെ വനമിദം
നിവേശശ്ശൈലാനാം തദ്ദിദമിതി
ബുദ്ധിം ദൃഢയതി

പണ്ടു ശ്രീരാമസ്വാമി ദശരഥമഹാരാജാവിന്റെ നിര്‍ദേശപ്രകാരം പതിന്നാലു വത്സരം വനവാസം ചെയ്ട്ടുള്ള വനപ്രദേശങ്ങളെ കുറിച്ചു വളരെ കാലത്തിനു ശേഷം പിന്നെ ഒരു കാലം വനത്തെ പ്രവേശിക്കുന്ന വചനപ്രകാരമകുന്നു ഈ ശ്ലോകം. കാലപ്പഴക്കത്താൽ ഈ വക വ്യത്യാസങ്ങൾ വരാവുന്നതാണെന്നുള്ളതിലേക്ക് പല ദൃഷ്ടാന്തങ്ങളെയും സൂക്ഷ്മഗ്രാഹികൾക്ക് കിട്ടുവാൻ പ്രയാസമില്ലാത്തതാകയാൽ ഈ ഒരു സംഗതിയെ നാം അധികമായി വിസ്തരിക്കുന്നില്ല- പണ്ടു കാളിയമര്‍ദ്ദനം ചെയ്ത സ്ഥലത്ത് ഇപ്പോൾ കാളിന്ദീപ്രവാഹം കാണുന്നില്ലെങ്കിലും ഇവിടെ കാളിന്ദീ പ്രവഹിച്ചിരുന്നു എന്നുള്ളതിലേക്ക് ചില ദൃഷ്ടാന്തങ്ങൾ ഉള്ളതിനെ വിവിരിക്കാം:-

കാളീയ മര്‍ദ്ദനത്തിനായി ശ്രീകൃഷ്ണൻ തത്തീരത്തിലുള്ള ഒരു കദംബവൃക്ഷത്തിൽ കയറി കാളിന്ദിയിലേക്കു ചാടിയതായി പുരാണങ്ങളിൽ പറയുന്ന കംദംബവൃക്ഷം എത്രയോ വാര്‍ദ്ധകത്തോടുകൂടെ ഇപ്പോഴും ഇവിടെ കാണ്മാനുണ്ടു. കാഴ്ചയിൽ തന്നെ ഈ വൃക്ഷത്തിന്നു വളരെ പഴക്കവും, സാന്നിദ്ധ്യവും കാണുന്നുണ്ടു. ഇതു അന്നെത്തെ കദംബവൃക്ഷമല്ല എന്നു ചിലരുടെ ദുസ്തര്‍ക്കവും ഇല്ലെന്നില്ല. എന്നാൽ അതിന്നു സമാധാനവുമുണ്ടു. ഈ വൃന്ദാവനത്തിൽ ദിവസംതോറും പലെരാജ്യങ്ങളിൽ നിന്നും ദര്‍ശനത്തിന്നായി വരുന്ന യാത്രക്കാര് ഇവിടെ വന്ന് ഈ കദംബവൃക്ഷത്തെ വന്ദിക്കുന്ന ഒരു സമ്പ്രദായമുള്ളതാകയാൽ മുമ്പറഞ്ഞ കദംബവൃക്ഷം നശിച്ചു രണ്ടാമത് ഒരു വൃക്ഷമുണ്ടായി ഇത്ര യും പഴക്കത്തിൽ എത്തിയതാണെന്ന് പറയുന്നതാണെങ്കി ൽ ഇതിനിടക്ക് വളരെ സംവത്സങ്ങളിൽ യാത്രക്കാർ ചെയ്തുവന്നിരുന്ന ഈ നടുവടിക്ക് ഭംഗം വരുവാനിടയുള്ളതും അപ്പോൾ ആ ഒരു പ്രസ്ഥാവം കിംവദന്തിയായി സര്‍വ്വത്ര പ്രസരിപ്പാൻ അവകാശമുള്ളതും ആയിരുന്നു. എന്നു തന്നെയുമല്ല ഈ വൃഷം നിൽക്കുന്നത്‌ പണ്ടത്തെ കാളിന്ദീതീര പ്രദേശത്തിലാണെന്നുള്ളതും പഴക്കത്താൽ ജീര്‍ണ്ണപ്പെട്ട് ഇന്നും കാണപ്പെടുന്ന പഴയ കരിങ്കൽ പടവുകളാലും അതുകൾക്കരികെ പ്രവഹിക്കുന്ന ചില ചില ചാലുകളാലും ദൃഷ്ടാന്തപ്പെടുന്നുണ്ടു.

128. മേൽപ്രകാരമുള്ള കദംബവൃക്ഷത്തെ ദര്‍ശനം ചെയ്തതിന്നുശേഷം അവിടെനിന്നു പോന്നു ശ്രീകൃഷ്ണൻ പണ്ട് ഗോപസ്ത്രീകളുടെ വസ്ത്രങ്ങളെ അപഹരിച്ചതായി പറയുന്ന കാളിന്ദിഘാട്ടിൽ ചെന്നു അവിടെ സങ്കല്പപൂര്‍വ്വകം സ്നാനം മുതലായതു ചെയ്തു. ഈ തീരപ്രദേശത്തിൽ ഇന്നും ഒരു വിശേഷവിധി നടന്നുവരുന്നതിനെ ഇവിടെ വിവരിക്കാം. പ്രതിദിവസം ചെല്ലുന്ന യാത്രക്കാര് ഈ കാളന്ദിഘാട്ടിൽ സ്നാനം ചെയ്തതിനുശേഷം ആ തീരത്തിൽ അതി പ്രാചീനമായ വടവൃക്ഷത്തിന്റെ തറയിൽ കച്ചവടക്കാര് വില്പാൻ കൊണ്ടുവെച്ചിരിക്കുന്ന പലതരം പട്ടുകളിൽനിന്നു അവരവരുടെ ഭക്തിശക്ത്യനുസാരേണ ഒന്നോ, രണ്ടാ, നാലൊ പട്ടുകളെ വാങ്ങി ആ വടവൃക്ഷത്തിന്റെ ശാഖകളിൽ ഭഗവൽ പ്രീതിക്കായിതൂക്കുകയും അതുകളെ ഘാട്ട് പാലന്മാരായ ബ്രാഹ്മണര് എടുക്കുകയും ചെയ്തുവരുന്നുണ്ടു. ഇവിടെയും കദംബവൃക്ഷത്തിന്റെ ആക്ഷേപസമാധാനങ്ങൾ ഓര്‍മ്മിച്ചു കൊള്ളണ്ടതാണ്.

124. സ്നാനാനന്തരം പട്ടുവാങ്ങി വടവൃക്ഷശാഖകളിൽ തൂക്കിയതിന്നുശേഷം തത്തീരത്തിൽനിന്നു പോന്നു വാസ ഗൃഹത്തിലെത്തുന്നതിനിടയിൽ മദ്ധ്യെമാര്‍ഗ്ഗം അനേകം ക്ഷേത്രങ്ങളിൽ കയറി ദര്‍ശനംകഴിച്ചു ക്രമേണ പാര്‍പ്പിടത്തിൽ വന്നു ചേർന്നു. ഉടനെഭക്ഷണം കഴിച്ചു 8 മണിയോടുകൂടി പുറപ്പെട്ട് - പണ്ട് ഭഗവാൻ ഗൃഹംതോറും നടന്നു നവനീതത്തെ യാചിച്ചു കൊണ്ട് സഞ്ചരിച്ചു എന്നു പറയുന്ന കഥക്ക് ആസ്പദങ്ങളായ വീഥികളിൽകൂടി പോയി ക്രമേണ രാധാകുഞ്ജം എന്നു പറയുന്ന ശ്രീകൃഷ്ണക്ഷേത്രത്തിൽ ചെന്നു ദര്‍ശനം കഴിച്ചതിനുശേഷം അവടെ അല്പം വിശ്രമിച്ചു. ഈ രാധാകുഞ്ജമെന്നു പറയുന്ന സ്ഥലം എത്രയും നയനാനന്ദകരമായിട്ടുള്ളതാണ്.

125. പണ്ട് ശ്രീകൃഷ്ണൻ രാസക്രീഡാമദ്ധ്യത്തിങ്കൽ മറ്റുള്ള ഗോപസ്ത്രീകളെ വിട്ടു രാധയെ മാത്രം കൈക്കൊണ്ടു വന്നു രമിച്ച സ്ഥലമാകുന്നു ഇതു. ഇവിടെ രാധയെ ശുശ്രൂഷിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയെ പ്രതിമതന്നെ വിശദീകരിക്കുന്നു. ഇവിടെയുള്ള കുഞ്ജം അനേകം വിധ ലതകളാലും വൃക്ഷങ്ങളാലും നിബിഡമായിരിക്കുന്നതുകൊണ്ട് എപ്പോഴും പുഷ്പസമൃദ്ധിയും നല്ല കുളുർമയും ധാരാളമായി ഉള്ളതാകുന്നു. ഈ ക്ഷേത്രത്തിൽ പുഷ്പശയ്യാ എന്ന ഒരു വഴിവാടാകുന്നു മുഖ്യമായി ചെയ്തുവരേണ്ടത്. അതു ശക്തിപോലെ ചെയ്യാവുന്നതാകുന്നു. നാലുറുപ്പിക മുതൽ നൂറുറുപ്പികവരെക്കും ചിലവു ചെയ്തു നിവൃത്തിക്കാവുന്നതാണ്'. അങ്ങിനെ വഴിവാട് ചെയ്യുന്നതായാൽ അതിന്നു പുഷ്പശയ്യകളും, താംബൂലവീടികകളും പനിനീർ മുതലായ സുഗന്ധദ്രവ്യങ്ങളും, ലാഡു മുതലായ ഭക്ഷ്യദ്രവ്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. അന്നുരാത്രിയിൽ ഭഗവാന്റെ ശയ്യയിൽ വെക്കുന്ന താംബൂലവീടികകളിലും ഭക്ഷ്യദ്രവ്യങ്ങളിലും വെച്ചു ചിലതു പിറ്റെദിവസം ചെന്നു നോക്കുമ്പോൾ കണുന്നതല്ല. അതുകൾ ശ്രീകൃഷ്ണസ്വാമി അനുഭവിക്കുന്നതിനാൽ കാണാതെ ഇരിക്കുന്നു എന്നാണ് തദ്ദേശവാസികൾ പായുന്നതു. ഏതായാലും ഇവിടേയും വേണ്ടതുപോലെ ദര്‍ശനം കഴിച്ചു കുറെനേരം സുഖമായി വിശ്രമിച്ചതിനുശേഷം അവിടെ നിന്നു പോന്നു 4 മണിയോടുകൂടി ഈ വൃന്ദാവനത്തിൽ അനേകം ക്ഷേ ത്രങ്ങളുള്ളതിൽ വെച്ച് ഇപ്പോൾ എത്രയും പ്രധാനമായ രാധാകൃഷ്ണസ്വാമിക്ഷേത്രത്തിൽ ദര്‍ശനത്തിനായിപുറപ്പെട്ടു അവിടെ എത്തി. ഈ ക്ഷേത്രം ഏകദേശം 80 സംവത്സരത്തിന്നിപ്പറമാണ് ഇത്രയും പ്രബലപ്പെട്ടുവന്നിരിക്കുന്നത്. അതിനുള്ള കാരണത്തേയും അല്പം വിവരിക്കാം:- പണ്ടു കാഞ്ചീപുരത്തിൽ രങ്കാചാര്യര് എന്ന ഒരു വൈഷ്ണവശാസ്ത്രികൾ ഉണ്ടായിരുന്നു. ഇദ്ദേഹം ധനികനല്ലായിരുന്നു. ഈ ശാസ്ത്രികൾ ദേശസഞ്ചാരത്തിന്നായി പുറപ്പെട്ടു ഉത്തരദേശങ്ങളിൽ സഞ്ചരിച്ചു ക്രമേണ മുൻവിവരിച്ച ഗോവര്‍ദ്ധനത്തിൽ ചെന്നു അവിടെ കുറേക്കാലം ഭഗവൽ ഭജനം ചെയ്ത് താമസിച്ചു. അതുനിമത്തം ആ ശാസ്ത്രികൾക്ക് ഗോവര്‍ദ്ധനരങ്കാചാര്യര് എന്ന് ഇന്നും പേർ പ്രസിദ്ധമായി വന്നിരിക്കുന്നു.

126. ഇദ്ദേഹം ഇപ്രകാരം ഗോവര്‍ദ്ധനത്തിൽ ഇരിക്കുംകാലത്തിൽ അവിടെ ഗോവര്‍ദ്ധനയതീന്ദ്രൻ എന്ന ഒരു സന്യാസിയുടെ ഇഷ്ടനായിത്തീരുകയും ആ യതീശ്വരന്ന് ശാസ്ത്രങ്ങളെ പഠിപ്പിക്കുകയും ചെയ്തു കൊണ്ടുവരുന്ന മദ്ധ്യത്തിൽ യതീശ്വരന്നു അസാദ്ധ്യമായ ഒരു വ്യാധി വന്നു പിടിപെട്ടതിനാൽ ഇതിൽനിന്നു പൊറുക്കുവാൻ പ്രയാസമാണെന്നു കണ്ടസമയം തന്റെ സന്യാസമഠത്തെയും അതുസംബന്ധമായ സ്വത്തുക്കളേയും ഈ രങ്കാചാര്യര്‍ക്ക് കൊടുത്തു സ്വര്‍ഗ്ഗാരോഹണം ആകുകയും ചെയ്തു. അതിന്റെശേഷം ഇദ്ദേഹം വൈഷ്ണവമായ ശ്രീരാമാനുജമതത്തെ ഉത്തര ദേശീയര്‍ക്ക് ഉപദേശിച്ചു. ജയപുരം മഹാരാജപണ്ഡിതർ വൈഷ്ണവമതത്തെ ദുഷിച്ച് എഴുതിയ എട്ടു ചോദ്യങ്ങൾക്ക് ഉത്തരമായി ദുർജ്ജനകരിപഞ്ചാനനം എന്ന സംസ്കൃതഗ്രന്ഥത്തെ ഉണ്ടാക്കുകയും ഈ പുസ്തകത്തെക്കുറിച്ചു ജയപുരം മഹാരാജാവിന്നു വിരോധാഭിപ്രായമുണ്ടായതിനാൽ മഹാരാജാവ് ചില പണ്ഡിതന്മാരെക്കൊണ്ടു അജ്ഞജനമനോനയനാഞ്ജനം എന്ന ഒരു ഗ്രന്ഥത്തെ ഉണ്ടാക്കിച്ച് പ്രസിദ്ധപ്പെടുത്തിയതിന്മേൽ ഈ ഗോവർദ്ധനരങ്കാചാര്യര് വ്യാമോഹവിദ്രാവണം എന്ന ഒരു ഗ്രന്ഥത്തെ ഉണ്ടാക്കി പ്രചുരപ്പെടുത്തുകയും ചെയ്തു.

127. ഇദ്ദേഹം ഇപ്രകാരം വിദ്യാവിനോദംകൊണ്ടു സൽകാലക്ഷേപത്തെ ചെയ്തുകൊണ്ടുവരുന്ന സമയം ശ്രീമധുരയിൽ മഹാകോടീശ്വരനായ ശ്രീ ലക്ഷ്മീചന്തുശേട്ടുവിന്റെ സഹോദരനും ജൈനമതസ്ഥനുമായ ശ്രീ ഗോവിന്ദദാസ രാധാകൃഷ്ണശേട്ടുവും ഈ രങ്കാചാര്യരുടെ ശിഷ്യനായിഭവിച്ചു വൈഷ്ണവമതത്തെ അംഗീകരിച്ചു. ഇവര് രണ്ടുപേരും കൂടി വൃന്ദാവനത്തിൽ വന്നു വൈഷ്ണവസമ്പ്രദായത്തിൽവിശേഷമായ ഒരുക്ഷേത്രത്തെ നിര്‍മ്മിക്കുവാൻ നിശ്ചയിച്ചതിന്നു ശേഷം ഈ രങ്കാചാര്യസ്വാമികൾ രാധാകൃഷ്ണശേട്ടുവിനോടുകൂടി ദക്ഷിണ ദേശത്തേക്കു വന്നു ചോളദേശത്തുള്ള അനേകം ക്ഷേത്രങ്ങളെ കാണിച്ചുകൊടുത്തതിന്റെ ശേഷം എല്ലാറ്റിലും വെച്ച് ഉൽകൃഷ്ടമായ ശ്രീരംഗത്തെ കണ്ട് തൃപ്തിപ്പെടുകയും ഉടനെ അതിന്റെ ഒരു പ്ലാൻ എടുത്ത് കൊണ്ടുപോകയും ചെയ്തു. ഇംഗ്ലീഷ് വര്‍ഷം 1845-ാമതിൽ വൃന്ദാവനത്തിൽ ക്ഷേത്രം പണിക്ക് കുറ്റി തറച്ചു. 1851-ാമത് സംവത്സരത്തിനുള്ളിൽ 45 ലക്ഷം ഉറുപ്പിക ചിലവുചെയ്തു അതിവിശേഷമായ ക്ഷേത്രം പണി തീര്‍ത്ത് കലശം മുതലായവ അതിഘോഷമായി നടത്തി. ഈ ക്ഷേത്രത്തിന്റെ സ്വഭാവം ഒരു മാതിരി ശ്രീരംഗക്ഷേത്രത്തിന്നു ഒത്തിരിക്കുന്നു. ഇതിന്റെ ആദ്യത്തെ പ്രാകാരം 773 അടി നീളവും, 440 അടി അകലവും ഉള്ളതും നാലു ഭാഗവും ശ്രീരംഗക്ഷേത്രത്തിനെപ്പോലെ ബ്രഹ്മണഗൃഹങ്ങളാൽ പ്രകാശിക്കപ്പെട്ടതുമാകുന്നു. പ്രഥമപ്രാകാരത്തിന്റെ അകത്തു കടന്നാൽ അതിൽവിശേഷപ്പെട്ട പൂന്തോട്ടങ്ങളും സൂര്യപുഷ്കരണി എന്നും ചന്ദ്രപുഷ്കരണി എന്നും രണ്ടു തടാകങ്ങളും മറ്റും ഉള്ളതിനാൽ വളരെ കൌതുകമായിരിക്കുന്നതാണ്. ഈ ക്ഷേത്രത്തിലുള്ള ധ്വജസ്തംഭം 60 അടി ഉയരമുള്ളതും 24 അടി ഭൂമിക്കുള്ളിൽ മൂടപ്പെട്ടതും കൂടി ആകെ 84 അടി നീളമുള്ളതും മുഴുവനും സുവര്‍ണ്ണവര്‍ണ്ണമായിരി ക്കുന്നതും ആകുന്നു. ഈ ധ്വജത്തിന്നു പതിനായിരം ഉറുപ്പിക ചിലവുചെയ്തിട്ടുണ്ടെന്നാണ് തദ്ദേശീയർ പറഞ്ഞുവരുന്നത്. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ചോളദേശത്തിലെപ്പോലെ അഞ്ചുനിലയുള്ള ഗോപുരങ്ങളും അതിഭംഗിയിൽ ഉണ്ടാക്കപ്പെട്ടിരിക്കുന്നു. രണ്ടാമത്തെ പ്രാകാരത്തിന്നുള്ളിൽ നാലുഭാഗങ്ങളിലും ഓരോരോ ദേവാലയങ്ങളായും ക്ഷേത്രത്തിലേക്ക് ഉപയോഗപ്പെട്ട കലവറ മുതലായ സ്ഥലങ്ങളായും വിഭാഗിക്കപ്പെട്ടിരിക്കുന്നു. മൂന്നാമത്തെ പ്രാകാരത്തിന്നുള്ളിലാണ് ശ്രീരംഗസ്വാമിയുടെ ഗർഭഗൃഹം പ്രകാശിക്കുന്നത്. ഇവിടുത്തെ അര്‍ച്ചകന്മാർ കാഞ്ചീപുരം, ശ്രീരംഗം മുതലായ തമിഴരാജ്യങ്ങളിൽനിന്നു കൊണ്ടുവരപ്പെട്ട വൈഷ്ണവബ്രാഹ്മണർ തന്നെ ആകയാലും ഈ പ്രഥമപ്രാകാരത്തിനുള്ളിൽ ഏകദേശം ഇരുപതോളം വൈഷ്ണവകുടുംബങ്ങൾ സ്ഥിരവാസികളായിരിക്കുന്നതിനാലും ഈ ക്ഷേത്രത്തിന്റെ പൂജാസമ്പ്രദായവും രഥോത്സവാദി കോലാഹലങ്ങളും മറ്റു സമസ്തവും ദക്ഷിണദേശസമ്പ്രദായത്തിൽതന്നെ ഇരിക്കുന്നതിനാലും ദക്ഷിണദേശീയര്‍ക്ക് ഈ വൃന്ദാവനത്തിൽ രംഗനാഥസ്വാമിയുടെ ദര്‍ശനത്തിന്നായി വരുന്ന സമയം സ്വരാജ്യത്തിൽ ചെന്നുചേര്‍ന്നാലുള്ള ആനന്ദവും ഉത്സാഹവും ഉണ്ടായിത്തീരുന്നതാകുന്നു. ഇവിടെ പ്രഥമപ്രാകാരത്തിന്നുള്ളിൽ കിഴക്കുതെക്കെ മൂലയിൽ ശ്രീശങ്കരാചാര്യയർസ്വാമിയുടെ കുടുംബങ്ങൾ ഇരിക്കുന്ന വിശേഷപ്പെട്ട ഒരു ഗൃഹവും തെക്കുപടിഞ്ഞാറെ മൂലയിൽ മുൻപറഞ്ഞ രാധാകൃഷ്ണശേട്ടുവിന്റെ ഒരു ഗൃഹവും ഉള്ളതാകുന്നു.

128. ഈ രങ്കാചാരിയർ സ്വദേശത്തിൽ വന്ന് ഒരു കുന്യകയെ വിവാഹം ചെയ്തു വൃന്ദാവനത്തിൽ തന്നെ വന്നു. ആ പത്നിയിൽ ഒരു പുത്രൻ മാത്രം ജനിച്ചു. പുത്രന്നു ശ്രീനിവാസാചാര്യർ എന്നാണ് നാമധേയം. ഈ കുമാരജനെ ബാല്യവയസ്സിൽ തന്നെ വിദ്യാഭ്യാസവിഷയത്തിൽ ഏര്‍പ്പെടുത്തിവന്നു എങ്കിലും അദ്ദേഹത്തിന്റെ ബുദ്ധി ആ വിഷയത്തിൽ ലേശവും പ്രതിഫലിക്കാതെയാണ് പരിണമിച്ചത്. അതുനിമിത്തം അദ്ദേഹം പിതാവിന്റെ യോഗ്യതയെ പിന്തുടരുവാൻ ശക്തനായി വന്നില്ല. പിന്നെ വിവാഹം ചെയ്തതിൽ ഒരു പുത്രൻ ജനിച്ചു. അദ്ദേഹത്തിന്റെ പേർ താതാചാര്യർ എന്നാണ്. ഈ ശ്രീനിവാസാചാര്യർ തന്റെ പിതാവിന്റെ യോഗ്യതക്കും സ്വജാതിമഹിമയ്ക്കും അനുസരിച്ചു സൽകീര്‍ത്തിയെ സമ്പാദിപ്പാൻ ശക്തനായില്ല എന്നു മാത്രമല്ല കേവലം വിപരീതനായി അഗമ്യാഗമനാദി ദുരാചാരങ്ങളിൽ പ്രവേശിച്ചു പിത്രാര്‍ജ്ജിതങ്ങളായ സ്വത്തുക്കളെ ദാസീവിടാദിവിഷയമായി ചിലവുചെയ്ത നശിപ്പിച്ചും വരുന്നതായി കണ്ടപ്പോൾ യോഗ്യനായ പിതാവിന്നു വളരെ വ്യസനത്തിന്നിടയായിത്തീർന്നു. എന്നുമാത്രമല്ല പുത്രന്റെ ദുസ്വഭാവത്തെ കണ്ടു വളരെ വെറുത്തു തന്റെ ശിഷ്യപരംപരയിലുള്ള ക്ഷേത്രങ്ങളും ഗൃഹങ്ങളും അവിശിഷ്ടദ്രവ്യങ്ങളും തന്റെ പിറ്റെ കാലം പുത്രന്നു സംബന്ധമില്ലാത്ത വിധത്തിൽ ഒരു കമ്മറ്റിക്കാർ പരിപാലിച്ചുവരേണമെന്ന് 2000 ഉറുപ്പികയുടെ മുദ്രക്കടലാസ്സിൽ 1858-ൽ ഒരു നിശ്ചയപത്രം എഴുതിവെച്ചു. തന്റെ പുത്രന്നു ചിലവിന്നുമാത്രം കൊടുപ്പാനും നിശ്ചയിച്ചു. മതാചാരവിഷയങ്ങളെ പ്രവൃത്തിച്ചുവരുവാനായി കാഞ്ചീപുരത്തി ൽനിന്ന് ഒരു ആചാരിയരെ വരുത്തി ഏല്ലിച്ചു. എങ്കിലും ഒടുവിൽ പുത്രദുര്‍ന്നയം നിമിത്തമായുള്ള വ്യസനത്താൽതന്നെ വിഹ്വല ഹൃദയനായിട്ട് 1874 മാച്ച് മാസത്തിൽ ചരമഗതിയേയും പ്രാപിച്ചു. അതിനുശേഷം മേപ്പടി ശ്രീനിവാസാചാരിയർ ഈ സ്വത്തുക്കളിൽ തനിക്ക് അവകാശമുള്ളതാണെന്നു കുറെ കാലം വ്യവഹരിച്ചുവന്നു, എങ്കിലും അതിന്റെ തീര്‍പ്പിന്നു മുമ്പായിത്തന്നെ അദ്ദേഹവും മരിച്ചു പോയി. ഇപ്പോൾ അദ്ദേഹത്തിന്റെ പുത്രനായ താതാചാരിയർ സുമാർ 20 വയസ്സു പ്രായത്തിലെത്തിയിരിക്കുന്നു. ഇദ്ദേഹത്തിന്റെ ചിലവിന്നും, പഠിപ്പു മുതലായതിന്നും കമ്മറ്റിക്കാരിൽ പ്രധാനിയായ സേട്ടു കൊടുത്തുവന്നിരുന്നു. രംഗാചാര്യരുടെ നിശ്ചയപത്രപ്രകാരം മേൽപറഞ്ഞ സേട്ടു ഈ രംഗനാഥക്ഷേത്രത്തിൽ നിത്യനൈമിത്തികാദി കൃത്യങ്ങളെയും, മഹോത്സവങ്ങളേയും നടത്തിവരുന്നു. ആകപ്പാടെ ഈ രംഗനാഥക്ഷേത്രം ദക്ഷിണദേശികൾക്ക് അതിസന്തോഷത്തെ കൊടുക്കുമെന്നുള്ളതു നിസ്സംശയമായി പറയാം. ആകയാൽ യാത്രക്കാർ ഇതു മറക്കാതെ ഇവിടെ വന്നു ദര്‍ശനം കഴിച്ചുപോകേണ്ടതാണെന്നുകൂടി ഇവിടെ ഓര്‍മ്മപ്പെടുത്തിക്കൊള്ളുന്നു.

129. ഞങ്ങൾ എല്ലാവരും ഈ ക്ഷേത്രത്തിൽ ചെന്നു പരമാനന്ദതുന്ദിലഹൃദയന്മാരായി ഭവിച്ചു യഥാവിധി ദര്‍ശനം കഴിച്ച് ശ്രീരംഗാചാര്യസ്വാമികളുടെ മഠത്തിൽ ചെന്ന് അദ്ദേഹത്തിന്റെ പൌത്രനായ താതാചാര്യയരെ കണ്ടു തൽസമയോചിതസൽക്കാരത്തേയും സ്വീകരിച്ചു കുറെനേരം അവിടെ വിശ്രമിക്കുകയും ചെയ്തു.

130. ഈ വൃന്ദാവനത്തിൽ ഉള്ള ജനങ്ങൾ പ്രായേണ വൈഷ്ണവമതക്കാർ തന്നെ ആയിരിക്കും. എന്നാൽ അതിലും പലേ വിഭാഗങ്ങളുമുണ്ട്. ഈ രങ്കാചാരിയരാൽ പ്രവര്‍ത്തിതമായ രാമാനുജാചാര്യമതമെന്നും, ശ്രീഭാസ്കരാചാരിയരാൽ പ്രവത്തിതമായ നിംബാര്‍ക്ക വൈഷ്ണവമതമെന്നും, ചൈതന്യവൈഷ്ണവമതമെന്നും, രാധാവല്ലഭാചാര്യമതമെന്നും, ഹരിദാസമതമെന്നും മറ്റും പലവിധ വൈഷ്ണവമതങ്ങൾ ഉണ്ട്. ഈ മതാചാര്യപ്രവർത്തകന്മാരുടെ ചരിത്രവിവരണം ഇവിടെ കൊടുക്കുന്നത് അത്യാവശ്യമെന്നു തോന്നായ്മയാൽ തൽക്കാലം വിവരിക്കാത്തതും എനി രണ്ടാം പതിപ്പിൽ കൊടുക്കാമെന്നു വിചാരിക്കുന്നതുമാകുന്നു.

131. ഈ വൃന്ദാവനത്തിൽ അനേക ക്ഷേത്രങ്ങളും ഉള്ളതുകളിൽ 1. മദനമോഹനക്ഷേത്രം, 2. ഗോപിനാഥക്ഷേത്രം, 8. രംഗനാഥക്ഷേത്രം, 4. രാഥാഗോപാലക്ഷേത്രം, 5. വൃന്ദാദേവീക്ഷേത്രം, ഇങ്ങിനെ പല ക്ഷേത്രങ്ങളുമുള്ളതാകുന്നു.

132. യാത്രക്കാർ വൃന്ദാവനത്തിൽ ചെന്നാൽ ഒന്നാമതു ദര്‍ശിക്കേണ്ടത് വൃന്ദാദേവിക്ഷേത്രത്തിലാണ്. ഇത് അതി മനോഹരമായ ശിവകുഞ്ജം എന്ന ഉദ്യാനത്തിലാണ് ഘോഷായികളാൽ കെട്ടപ്പെട്ടിരിക്കുന്നതു. പിന്നെ ക്രമേണ ക്രമേണ എല്ലാ ക്ഷേത്രങ്ങളിലും ദര്‍ശിക്കേണ്ടതുമാകുന്നു. ഇത്രയും മഹിമയുള്ള വൃന്ദാവനത്തിൽ ഏതാനും ചില ക്ഷേത്രങ്ങളിൽ ഒക്കെ ദര്‍ശനം കഴിച്ച് അവിടെനിന്നു പകൽ അഞ്ചരമണിക്കു കുതിരവണ്ടി കയറി പുറപ്പെട്ടു 8 മണിയ്ക്കു മുമ്പായി മധുരയിൽ വന്നെത്തി. അന്നും മധുരാക്ഷേത്രങ്ങളിൽ ദര്‍ശനം മുതലായതു കഴിച്ച് അവിടത്തന്നെ സുഖമ യി താമസിച്ചു. ഇങ്ങിനെ 15-ാ൦നു മുതൽ 18-ാംനു കൂടി 4 ദിവസംകൊണ്ടു 1. മധുരാ, 2. ഗോകുലം, 3. ഗോവര്‍ദ്ധനം, 4. വൃന്ദാവനം. ഈ പുണ്യസ്ഥലങ്ങളിലുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ദര്‍ശനവും, കാളിന്ദീസ്നാനവും, ശ്രാദ്ധവും മറ്റും വേണ്ടതുപോലെ എല്ലാം സാധിച്ചു ഞങ്ങൾ എല്ലാവരും കൃതകൃത്യന്മാരായി ഭവിച്ചിരിക്കുന്നു. ഈ നാലു സ്ഥലങ്ങളിൽവെച്ച് ഒന്നാമതു മധുരയും, രണ്ടാമതു വൃന്ദാവനവും, മൂന്നാമതു ഗോവർദ്ധനവും സുഖവസതിയ്ക്കു വളരെ പറ്റുന്നതാണെന്നു യാത്രക്കാരിൽ ആരും സമ്മതിക്കാതിരിക്കുകയില്ല.

കാനപ്പൂർ

133. 19-ാം൲ രാവിലെ 6 മണിയോടുകൂടി മധുരയിലെ ഉപാദ്ധ്യായന്നു യഥാര്‍ഹം സംഭാവനചെയ്ത അദ്ദേഹത്തിനോടു സുഫലവും വാങ്ങി യാത്ര പുറപ്പെട്ട് സ്റ്റേഷനിൽ വന്നു 7 മണിക്കുമുമ്പായി അവിടെനിന്നു കാനപ്പൂരിലേക്കു ടിക്കറ്റുവാങ്ങി വണ്ടി കയറി പോന്ന് ഉച്ചയോടുകൂടി കാനപ്പൂർ സ്റ്റേഷനിൽ ഇറങ്ങി അവിടെനിന്ന് അര മയിത്സ് ദൂരത്തിലുള്ള ധര്‍മ്മശാലയിൽ ചെന്ന് ഒരു ഉറുപ്പിക വാടകക്ക് ഒരു മാളികയും മറ്റു വേണ്ടുന്ന സ്ഥലങ്ങളും കൈവശപ്പെടുത്തി സാമാനങ്ങൾ എല്ലാം ഇറക്കിവെച്ചതിന്നുശേഷം ഉടനെ സ്നാനം, ഭക്ഷണം മുതലായതു കഴിച്ചു. ഇവിടുത്തെ പട്ടണം വളരെ പ്രസിദ്ധപ്പെട്ടതും വിശേഷപ്പെട്ടതുമാകുന്നു. ഇവിടെ രണ്ടുമൂന്നു മയിത്സ് ചുറ്റുള്ള മെമ്മോറിയൽ എന്നൊരു തോട്ടവും 1857-ൽ നാനാസായ്‍വിന്റെ ലഹളയിൽ മരിച്ചുപോയ അനേകും യൂറോപ്യന്മാരുടെ പ്രതിമകളെ സ്ഥാപിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളും, തോപ്പുകളും, അനേകം ക്ഷേത്രങ്ങളും, മറ്റു വിശേഷപ്പെട്ട പല കാഴ്ചകളും ഉണ്ട്'. വിശേഷിച്ചു മൂന്നു മയിത്സ് സമീപത്തിൽ ഗംഗാപ്രവാഹവും; നഗരത്തിന്റെ സമീപത്തിൽ ഗംഗാവായ്ച്ചാലുകളും പ്രവഹിക്കുന്നതുകൊണ്ട് ഈപട്ടണം എത്രയും സുഖപ്രദമായുള്ളതാകുന്നു. ശ്രീരാമായണമഹാകാവ്യകര്‍ത്താവും, ആദികവിയുമായ ശ്രീവാല്മീകിമഹഷിയു

ടെപൂവ്വാശ്രമമായ ബ്രഹ്മാവര്‍ത്തം ഇവിടെനിന്നു 12 മയിത്സ് സമീപത്തിലാണ് ഇരിക്കുന്നത്, എന്നുള്ള വർത്തമാനം കനേപ്പൂരിൽ ചെന്ന ഉടനെ അറിഞ്ഞു. അവിടേയ്ക്കു പ്രത്യേകമായി ഒരു തീവണ്ടിയും ഉണ്ട്. ആകയാൽ പകൽ 8 മണിയോടുകൂടി കാനപ്പൂരിൽനിന്നു പുറപ്പെട്ട ടിക്കറ്റു വാങ്ങി 4 മണിയോടുകൂടി ബ്രഹ്മാവര്‍ത്തത്തിൽ വാല്മീകിമഹഷിയുടെ ആശ്രമത്തിൽ ചെന്നു. അവിടെ സമീപത്തിൽ പ്രവഹിക്കുന്ന ഗംഗയിൽ സങ്കല്പപൂർവ്വകമായി സ്നാനം ചെയ്തു തീരത്തിലുള്ള ക്ഷേത്രത്തിൽ ദര്‍ശനം കഴിച്ച ഉടനെ വാല്മീകിമഹഷിയുടെ പൂവ്വാശ്രമത്തിലും കുശലവന്മാരുടെ ജന്മസ്ഥലമായ സീതാപ്രസൂതിഗൃഹത്തിലും സീതാകുണ്ഡത്തിലും അര്‍ച്ചന മുതലായതു ചെയ്തു. അവിടെ അല്പനേരം വിശ്രമിച്ചു.

134. ഈ വാല്‌മീകിമഹര്‍ഷി ജന്മനാ ഒരുബ്രാഹ്മണനായിരുന്നു. എങ്കിലും യൌവനകാലത്തിൽ കേവലം പരമമൂഢനായിരുന്നതുകൊണ്ട് ഒരു നായാട്ടുകാരനായിത്തീര്‍ന്നു വേടന്മാരുടെ കൂട്ടത്തിൽ മൃഗാദികളെ ഹിംസിച്ചു കൊണ്ടു കാലക്ഷേപം ചെയ്താണ് വന്നിരുന്നത്. അങ്ങിനെ ഇരിക്കുന്ന കാലത്തിൽ ഒരു നാൾ സപ്തഋഷികൾ ഗംഗാസ്നാനത്തിന്നായി ഈ പ്രദേശത്തിൽ വന്നെത്തുകയും, അവിടെവെച്ച് ഈ ബ്രാഹ്മണയുവാവിനെ കാണുകയും ചെയ്തപ്പോൾ അവർ ഏറ്റവും ഭയാർദ്രചിത്തന്മാരായി ഭവിച്ചു. ഈ ബ്രാഹ്മണനോടു താഴെ പറയുംപ്രകാരം ഉപദേശിച്ചു.

135. അല്ലയോ ബ്രാഹ്മണാ! ഈ ഭൂലോകത്തിൽ ഉൽകൃഷ്ടമായ മനുഷ്യജന്മത്തിൽ എത്രയും ദുർല്ലഭമായ ഈ ബ്രാഹ്മണജന്മം ലഭിച്ചിട്ടുകൂടി ഈ ജന്മത്തെ കേവലം പാപാചാരങ്ങളെ ചെയ്തു നിഷ്ഫലമാക്കിക്കളയുന്നതു വളരെ കഷ്ടമാണ്. ഈ പ്രാണിഹിംസ സകല ജനങ്ങൾക്കും നിഷിദ്ധമായിട്ടുള്ളതിന്നും പുറമെ ബ്രാഹ്മണര്‍ക്കു വിശേഷിച്ചും വിരോധമുള്ളതാണ്. സ്വധര്‍മ്മത്തെ വിട്ടു പരഹിംസയെ ചെയ്തു കുഡുംബസംരക്ഷണം ചെയ്യുന്നതായാൽ അതിനാൽ ഉണ്ടാകുന്ന പാപത്തിന്നു താൻതന്നെ ഉത്തരവാദിയായിത്തീരുന്നതാകുന്നു. അല്ലെങ്കിൽ താൻ ചെയ്യുന്ന പാപങ്ങളുടെ ഏതെങ്കിലും ഒരംശമെങ്കിലും ഭാര്യ പരിഗ്രഹിക്കുമൊ എന്നു ഗൃഹത്തിൽ ചെന്നു ഭാര്യയോടു ചോദിക്കുന്ന സമയം അവൾ പറയുന്ന ഉത്തരത്താൽ അങ്ങക്ക് ഈ പറയുന്ന സംഗതി ദൃഷ്ടാന്തപ്പെടുന്നതാണ് എന്നും മറ്റുമാണ് സപ്തഷികൾ ഉപദേശിച്ചത്.

136. അതിനുശേഷം ഈ വേടബ്രാഹ്മണൻ പോയി ഭാര്യയോട് ഈ സംഗതിയെപ്പറ്റി ചോദിച്ചതിൽ ഭർത്താവു ചെയ്യുന്ന പാപത്തിന്നു ഭാര്യ ഉത്തരവാദിയല്ലെന്നു ഭാര്യ മറുപടി പറകയും ആ വിവരം സപ്തര്‍ഷികളെ അറിയിക്കുകയും, ഈബ്രാഹ്മണന്നു പൂർവ്വജന്മസുകൃതപരിപാകത്താലൊ, സജ്ജനസംഗമവൈഭവത്താലൊ മനസ്സിൽ പാശ്ചാത്താപം ക്രമേണ ഉദിച്ചുവരികയും ചെയ്ത സമയം ദയാശീലന്മാരായ സപ്തര്‍ഷികൾ ഇദ്ദേഹത്തിന്നു പരമാഭ്യുദയത്തിനുവേണ്ടി രാമനാമമന്ത്രത്തെ ഉപദേശിക്കുകയും, അതിമൂഢനായ ഇദ്ദേഹം രണ്ടക്ഷരമുള്ള രാമ എന്ന മന്ത്രത്തെക്കൂടി വേണ്ടുംവണ്ണം ഉച്ചരിപ്പാൻ സമര്‍ത്ഥനല്ലെന്നു കണ്ടശേഷം ഇദ്ദേഹത്തിന്റെ വേടവൃത്തിയിൽ സത്യപരിചയമുള്ള മാരാ (ഹിന്തു സ്ഥാനിഭാഷയിൽ മാരാ എന്നുള്ളതിന്നു കൊന്നു എന്നര്‍ത്ഥവും ഈ പ്രദേശം ഹിന്തുസ്ഥാൻ രാജ്യത്തിന്റെ ഏകദേശം മദ്ധ്യഖണ്ഡവുമാകുന്നു) എന്ന് ഉപദേശിക്കുകയും ഈ വിധം ഉച്ചരിപ്പാൻ എളുപ്പത്തിൽ സാധിക്കുകയും ചെയ്തതായി കണ്ടതിനുശേഷം ഇനി ഞങ്ങൾ രണ്ടാമത് വരുന്നവരെ ഈ ശബ്ദത്തെത്തന്നെ വളര ആവർത്തി കഴിച്ചുകൊള്ളുവാനും അതിൽപിന്നെ വേണ്ടുന്ന മാർഗ്ഗത്തെ അപ്പോൾ ഉപദേശിക്കാമെന്നും പാഞ്ഞു സപ്തര്‍ഷികൾ അന്തർദ്ധാനംചെയ്തു.

137. ഈ ബ്രാഹ്മണനാകിൽ ആ വനത്തിൽ വൃക്ഷത്തിന്റെ മൂലത്തിൽ ഇരുന്നു മാരാ മാരാ മാരാ എന്നു ജപിച്ചു കൊണ്ടു വളരെ കാലം ഇരിക്കുകയും, അങ്ങിനെ ഇരുന്നതിൽ വല്‌മീകം (പുറ്റ്) വന്ന് ഇദ്ദേഹത്തിനെ മൂടുകയും ചെയ്തതായും, വളരെ കാലംകഴിഞ്ഞതിന്നു ശേഷം സപ്തര്‍ഷികൾ രണ്ടാമതും ഗംഗാസ്നാനത്തി ന്നായി ഇവിടെ വന്നപ്പോൾ ഈ ബ്രാഹ്മണനെ ചെന്നു നോക്കിയതിൽ കാണാതിരുന്ന സമയം പണ്ട് രാമനാമത്തെ ഉപദേശിച്ച് ഇരുത്തിയ സ്ഥലത്ത് കാണപ്പെടുന്ന പുറ്റിനെ തട്ടിക്കളഞ്ഞു പരിശോധിച്ച സമയം അതിന്നുള്ളിൽ ഏകാഗ്രചിത്തനായി രാമനാമത്തെ ജപിച്ചുംകൊണ്ട് ഇരിക്കുന്നതായി കണ്ടു എന്നും ഉടനെ ഇദ്ദേഹത്തിന്നു വേണ്ടുന്ന ജ്ഞാനോപദേശത്തെ ചെയ്തു വാല്മീകി എന്ന പേരുവിളിച്ചു എന്നും അന്നു മുതൽക്ക് ഇദ്ദേഹം അതിപ്രസിദ്ധനായിത്തീന്നു എന്നും മറ്റും പ്രസിദ്ധമായ വാല്മീകിചരിത്രം ഈ പ്രദേശത്തിൽ നിന്നാണ് ഉത്ഭവിച്ചുരിക്കുന്നത് എന്നു യാത്രക്കാർ മനസ്സിലാക്കിയിരുന്നാൽ ഈ പുണ്യസ്ഥലത്തും ചെന്നു ദര്‍ശനം കഴിച്ചു പോരാതെ ഇരിക്കയില്ലെന്നു നാം വിസ്വസിക്കുന്നു.

138. ഈ പ്രദേശം പണ്ട് വലിയ വനമായിരുന്നു. ഇപ്പോഴും കേവലം വനമല്ലെന്നില്ല. വാല്മീകിമഹര്‍ഷി പണ്ട് ഏതൊരു വൃക്ഷത്തിന്റെ മൂലത്തിൽ ഇരുന്നു രാമമന്ത്രത്തെ ജപിച്ച് സിദ്ധനായി ഭവിച്ചുവൊ ആ വൃക്ഷം ഇന്നും ഇവിടെ കാണുന്നുണ്ട്. ഈ വൃക്ഷത്തിന്റെ സമീപത്തു തന്നെയാണ് ഇപ്പോഴും കാണപ്പെടുന്ന വാല് മീകിപുണ്യാശ്രമവും സീതാപ്രസൂതി ഗൃഹവും ഇരിക്കുന്നത്. ഈ വൃക്ഷം വലിയ വേനൽകാലത്തും വര്‍ഷക്കാലത്തും മറ്റെല്ലാ കാലങ്ങളിലും കുളുർമയോടുകൂടി കാണാവുന്നതാണ്.

139. പൂനാമഹാരാജാവായ സീമന്തനെ ഗവർമേണ്ടിൽ നിന്ന്, പിടിച്ചു ബന്തോവസ്തിൽ വെച്ചതിനുശേഷം അദ്ദേഹത്തിന്റെ അപേക്ഷപ്രകാരം അനേകം പു ണ്യസ്ഥലങ്ങൾ സഞ്ചരിച്ചു കണ്ടതിന്നുശേഷം ഒടുവിൽ വാല്മീകിപുണ്യാശ്രമത്തിൽ വസിപ്പനായി ഗവര്‍മ്മേണ്ടിനോടാവശ്യപ്പെടുകയും അതുപ്രകാരം സമ്മതിക്കുകയും ചെയ്തതിൽപിന്നെ പൂനാസീമന്താൻ ഗവര്‍മ്മേണ്ടിന്റെ ബന്തോവസ്തോടുകൂടി അത്യൂര്‍ജ്ജിതപദവിയിൽ ഇവിടെ വന്നു വലിയ കോവിലകങ്ങൾ പണിചെയ്യിച്ച് നിത്യവും വരുന്ന ബ്രാഹ്മണര്‍ക്കൊക്കെയും മൃഷ്ടാന്നവും ദക്ഷിണ മുതലായതും കൊടുത്തും മറ്റും വളരെ സുഖമായി ജീവകാലം മുഴുവനും വസിച്ചിരിക്കുന്നു എന്നുള്ള സംഗതിയെ തദ്ദേശവാസികൾ ഇന്നും പ്രശ‌സിച്ചു വരുന്നു.

140. ഇവിടെനിന്ന് ഒരു നാഴിക സമീപമാണ് ബ്രഹ്മയജ്ഞേശ്വരം എന്ന ഒരു പുണ്യസ്ഥലം ഉള്ളത്. ഇതു ഗംഗാതീരത്തിൽ തന്നെയാണ് പ്രകാശിക്കുന്നത്. ഈ സ്ഥലമാഹാത്മ്യത്തെയും അല്പം വിവരിയ്ക്കാം:- പണ്ട് ബ്രഹ്മാവ് വിഷ്ണുനിയോഗത്താൽ ഈ സ്ഥലത്തുവെച്ച് ഒരു യാഗം നടത്തിയിരുന്നശേഷം ഒരു ഈശ്വരനെ പ്രതിഷ്ഠിക്കുകയും ചെയ്തു. അതിനുശേഷം ഈ സ്ഥലം യജ്ഞേശ്വരമെന്ന ഒരു നാമധേയം സ്വീകരിക്കയും പുണ്യസ്ഥലമായിത്തീരുകയും ചെയ്തു. ഈ യജ്ഞേശ്വരക്ഷേത്രത്തിൽ അനേകം വിഗ്രഹങ്ങളും സാളഗ്രാമങ്ങളും വെച്ച് പൂജിച്ചുവരുന്നു. പണ്ട് സീതാദേവി വാല്മീകിമഹഷിയുടെ ആശ്രമത്തിൽ വസിച്ചിരുന്ന കാലത്തിൽ ജാതന്മാരായ കുശലവന്മാർ ബാല്യകാലത്തിൽതന്നെ അതിപൌരുഷശാലികളായിരുന്നുവെന്ന് പ്രസിദ്ധസംഗതിയാണല്ലൊ. ഈ പ്രദേശം അവരുടെ ബാലക്രീഡാഘട്ടമായിരുന്നു. ആകയാൽ കുശലവന്മാരുടെ പരാക്രമചിഹ്നങ്ങളായ പലവക ആയുധങ്ങളും ഇപ്രദേശത്ത് ഗംഗയിൽനിന്നുപ്പൊഴും കിട്ടുമാറുണ്ട്. ആവക ശസ്ത്രങ്ങളേയും ഈ യജ്ഞേശ്വരക്ഷേത്രത്തിൽ വെച്ച് പൂജിച്ചുവരുന്നുണ്ട്. ഇപ്പോഴും ചില സമയം ആവക ബാണങ്ങളും മറ്റും ഗംഗയിൽനിന്നു കിട്ടുമാറുണ്ടെന്ന് തദ്ദേശവാസികൾ പറയുകയുണ്ടായി. ഇതുകളെ ഞങ്ങൾ കാണുകയും കൈകൊണ്ട് എടുത്ത് ആനന്ദിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങൾ ഇവിടെ ചെന്നസമയം അവിടെ ഘോഷമായ ഒരു ഉത്സവകാലമായിരുന്നു. അതുനിമിത്തം അസംഖ്യം പുരുഷാരം ദര്‍ശനത്തിന്നായി വന്നിരുന്നു. വാദ്യഘോഷങ്ങളും വെടി, ബാണം, പൂവ്വ് മുതലായ വിനോദങ്ങളും ഘോഷമായിരുന്നു. ഈ വക എല്ലാ വിനോദങ്ങളേയും കണ്ടു ആനന്ദിച്ച് 19-ാം൲ വൈകുന്നേരം 8 മണിയോടുകൂടി തീവണ്ടി മാര്‍ഗ്ഗമായി. കാനപ്പൂർ നഗരത്തിൽ വാസഗൃഹത്തിലേക്കു തന്നെ വന്ന് എത്തിയിരിക്കുന്നു.

141. 19-ാം൲ രാത്രി ഭക്ഷണംകഴിച്ച് 10 മണിക്ക് കാനപ്പൂരിൽനിന്ന് തീവണ്ടികയറി അലഹാബാദ് മാര്‍ഗ്ഗമായി പോന്നു 20-ാം൲ രാവിലെ 11 മണിക്ക് ശ്രീകാശിയിൽ തന്നെ വന്നെത്തി. ഉടനെ ഗംഗാസ്നാനം വിശ്വേശ്വരദ൲ശനം ഇതുകൾ കഴിച്ചു 20-ാം൲ മുതൽ 23-ാം൲ വരെ ശ്രീകാശിയിൽ തന്നെ സുഖമായിത്താമസിച്ചു.

സകല വേദോപനിഷൽ പുരാണ വര്‍ണ്ണിതമായ കാശി മാഹാത്മ്യത്തെയാണ് നാം വര്‍ണ്ണിപ്പാന്‍ വന്നതു. ഈ കാശീമാഹാത്മ്യം ചുരുക്കത്തിൽ വര്‍ണ്ണിച്ച് അവസാനിപ്പിച്ചാൽ മതിയായ്‍വരുന്നതല്ലെന്ന് തോന്നുകയാൽ കാശീചരിത്രം മുതൽ അവസാനം വരെ കാശിയാത്ര രിത്രം ഉത്തരഖണ്ഡം എന്ന ഒരു പുസ്തകത്തിൽ ചേര്‍ത്ത് രണ്ടാമത് അച്ചടിപ്പിക്കേണമെന്ന് വിചാരിച്ച് ഇതിൽ ചേർക്കാത്തതാകുന്നു.

കാശിയാത്രാചരിത്രം
സമാപ്തം

താളിളക്കം
!Designed By Praveen Varma MK!