Contacts

കെ.എം.
ഉപനിഷത്തുകൾ

1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. എന്നാൽ സാമ്പത്തികക്ളേശംമൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു.

'ഉപനിഷത്ത്' എന്ന പദം ഉപ-നി-സദ് എന്ന മൂന്നു ശബ്ദങ്ങൾകൂടി ചേർന്നതാകുന്നു. ഉപ= സമീപത്തിൽ; നി=താഴെ; സദ്=ഇരിക്കുക: ശിഷ്യൻ ഉപദേശം വാങ്ങുന്നതിനായി ഗുരുവിന്റെ സമീപത്തിൽ ചെന്നിരിക്കുക എന്നർത്ഥം. എന്നാൽ വ്യാഖ്യാതാക്കന്മാർ ഈ പദത്തിന്നു മറ്റൊരു വിധമാണ് അർത്ഥം കൊടുക്കുന്നത്. അതു പ്രകൃതത്തിലേക്ക് യോജിച്ചുമിരിക്കുന്നു. ഉപ; നി=ഏറ്റവും, സദ്(അവസാദനേ)= നശിപ്പിക്കുന്നു. സംസാരത്തിന്നു ഹേതുഭൂതമായിരിക്കുന്ന അവിദ്യയെ തീരെ നശിപ്പിക്കുന്നുവെന്നർത്ഥം. അല്ലെങ്കിൽ സദ് ധാതുവിന്നു ഗത്യർത്ഥമാവാം. അപ്പോൾ ബ്രഹ്മത്തെ പ്രാപിക്കുന്നുവെന്നർത്ഥമായി. മോക്ഷേഛുവായവൻ ബാഹ്യവിഷയങ്ങളിലുള്ള ഇച്ഛയെ നിവർത്തിപ്പിച്ച് ആചാര്യന്റെ സമീപെ ചെന്ന് അദ്ദേഹത്തിൽനിന്നു ഗ്രഹിക്കുന്ന വിദ്യ, ജീവാത്മാവിനെ പരമാത്മാവിന്റെ സമീപത്തിൽ കൊണ്ടുപോയി ചേർത്തു്, അവിദ്യാബീജത്തിൽ നിന്നുണ്ടായിട്ടുള്ള സംസാരവൃക്ഷത്തെ വേരോടുകൂടി ഛേദിച്ച്, ജനനമരണരൂപമായ സംസാരദുഃഖത്തിന്നു കാരണമായ അവിദ്യയെ നശിപ്പിക്കുന്നതിന്നു സാധനമായിരിക്കുന്നതിനാൽ ആ വിദ്യ ഉപനിഷത്ത് എന്ന് പറയപ്പെടുന്നു. അതിനാൽ ബ്രഹ്മവിദ്യയ്ക്ക് ഉപനിഷത്ത് എന്ന പേര്‍ സിദ്ധിച്ചു. ബ്രഹ്മവിദ്യയെ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളും ഉപചാരമായി ഉപനിഷത്തുകൾ എന്ന് പറയപ്പെടുന്നു.

മുമ്പറഞ്ഞ പത്തുപനിഷത്തുകൾക്കും ഒരു ക്രമം കൊടുത്തിട്ടുണ്ട്. അതിൽ ഒന്നാമതായി വരുന്നത് ഈശാവാസ്യോപനിഷത്താകുന്നു. ഈ ഉപനിഷത്ത് ശുക്ലയജുഃസംഹിതയിൽ ചേർന്നതാകുന്നു. ശുക്ലയജുഃസംഹിതയെപ്പറ്റി പരമ്പരയായി ഒരിതിഹാസം പറഞ്ഞുവരുന്നുണ്ട്. യജു:സംഹിതയുടെ ഈ അംശത്തെപ്പറ്റി ഈ ഉപന്യാസത്തിൽ ഇതിനുമുമ്പ് പ്രസ്താവിച്ചിട്ടില്ലാത്തതിനാൽ അതിനെ സംബന്ധിച്ച് കുറച്ചൊന്നു പറയുന്നത് അപ്രകൃതമായിരിക്കയില്ലെന്ന് വിശ്വസിക്കുന്നു. വേദവ്യാസമഹർഷി വേദങ്ങളെ എല്ലാം ഋക്ക്, യജുസ്സ്. സാമം, അഥർവം എന്നിങ്ങനെ നാലായി വിഭാഗിച്ച് സ്വശിഷ്യന്മാരായ പൈലൻ, വൈശാമ്പായനൻ, ജൈമിനി, സുമന്തു എന്നിവർക്കുപദേശിച്ചുവെന്നും, അവർ അവരവരുടെ സംഹിതകളെ സ്വസ്വശിഷ്യന്മാർക്കുമുപ്പദേശിച്ചുവെന്നും മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. യജുർവേദധരനായിരിക്കുന്ന വൈശമ്പായനന്ന് യാജ്ഞവല്ക്യൻ മുതലായി അനേകം ശിഷ്യന്മാരുണ്ടായിരുന്നു. അങ്ങിനെയിരിക്കുന്ന കാലത്ത് ഒരിക്കൽ വൈശമ്പായനന് ബ്രഹ്മഹത്തി, ബാലഹത്തി എന്നിങ്ങനെയുള്ള മഹാപാപങ്ങളെ ചെയ്യുന്നതിനിടയായി. എങ്ങിനെയെന്നാൽ, പണ്ട് മേരുപർവത്തിൽ വെച്ച് ഋഷിമാരുടെ ഒരു സമാജമുണ്ടായി. അതിന്ന് യാതൊരു ഋഷിയാണ് വരാതിരിക്കുന്നത് ആ ഋഷിക്ക് ഏഴു രാത്രിക്കുള്ളിൽ ബ്രഹ്മഹത്യാപാപം സംഭവിക്കുന്നതാണ് എന്നു മുനിമാരെല്ലാവരും കൂടി ഒരു നിശ്ചയം ചെയ്തിട്ടുണ്ടായിരുന്നു. വൈശമ്പായനൻ മാത്രം ആ നിശ്ചയത്തെ ലംഘിച്ചു. അതു ഹേതുവായിട്ടു ലേശം വിചാരിക്കാതെയുള്ള ബ്രഹ്മഹത്തിയും, കാലുകൊണ്ടു തൊടുക നിമിത്തം തന്റെ മരുമകനായ ഒരു ബാലൻ മരിച്ചുപോകയാൽ സ്വസ്രീയഹത്തിയും അതിനാൽ ബാലഹത്തിലും, ദൈവഗത്യാ ചെയ്‍വാൻ സംഗതി വന്ന വൈശമ്പായനന്റെ ശിഷ്യന്മാർ ഗുരുവിന്റെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ പാപശാന്തിക്കായിക്കൊണ്ട് ഉഗ്രമായ തപസ്സു ചെയ്തു. അതു നിമിത്തം ചരകൻ, അധ്വര്യ മുതലായ അദ്ദേഹത്തിന്റെ ശിഷ്യന്മാർ പ്രഖ്യാതന്മാരായി ഭവിച്ചു. എന്നാൽ സഹപാഠികളായ വേറേയും ചിലർ തപസ്സു ചെയ്യുന്നതു കണ്ടിട്ട് യാജ്ഞവല്ക്യൻ "ഹേ ഭഗവൻ! ഇവരുടെ തപസ്സുകൊണ്ടെന്തു പ്രയോജനമാണുണ്ടാകുന്നത്? ഞാൻ അത്യുഗ്രമായ തപസ്സു ചെയ്യുന്നതാണ്" എന്ന് സ്വഗുരുവായ വൈശമ്പായനനോടു പറഞ്ഞു. സഹപാഠികളായവരെ ഇങ്ങിനെ അധിക്ഷേപിക്കുന്നത് കേട്ടു ഗുരു വളരെ ക്രോധത്തോടുകൂടി യാജ്ഞവല്ക്യനോട് ഇങ്ങിനെ പറഞ്ഞു: 'നീ ബ്രാഹ്മണരെ അവമാനിക്കുന്നു. അങ്ങിനെയുള്ള ഒരു ശിഷ്യനെക്കൊണ്ട് എനിക്ക് ഒരു പ്രയോജനവുമില്ല. അതിനാൽ എന്നിൽനിന്നു പഠിച്ചിട്ടുള്ള വേദത്തെ ത്യജിച്ചുപൊയ്ക്കൊൾക!'. യാജ്ഞവല്ക്യൻ മഹാഗംഭീരപുരുഷനായിരുന്നതിനാൽ തന്റെ ഗുരുവായ വൈശമ്പായനനിൽനിന്നു ഗ്രഹിച്ചിട്ടുള്ള യജുർവേദത്തെ ഛർദ്ദിച്ച് അദ്ദേഹത്തിന്റെ സമീപത്തിൽനിന്നുപോയി. യാജ്ഞവല്ക്യൻ ഛർദ്ദിച്ചിട്ടുള്ള ആ യജുർഗുണങ്ങളെ നോക്കീട്ട് വേദലോലുപന്മാരായ ഋഷികൾ ഛർദ്ദിക്കപ്പെട്ടിട്ടുള്ളതിനെ വിപ്രരൂപേണ സ്വീകരിക്കുന്നത് അനുചിതമാണെന്നു വിചാരിച്ച് തിത്തിരി എന്ന പക്ഷി രൂപേണ ചെന്നു യാജ്ഞവല്ക്യനാൽ ത്യക്തമായിട്ടുള്ള യജുർഗുണങ്ങളെ സ്വീകരിച്ചു. അന്നു മുതല്ക്ക് അത് തൈത്തരീയശാഖ എന്നു പ്രസിദ്ധമായി ഭവിച്ചു. അതിന്റെ ശേഷം യാജ്ഞവല്ക്യൻ തന്റെ ഗുരുവിങ്കൽനിന്നു മുമ്പു സിദ്ധിച്ചിട്ടുണ്ടായിരുന്നതിലധികം യജുർഗുണങ്ങളെ സമ്പാദിക്കണമെന്ന ഉദ്ദേശത്തോടുകൂടി നാലുവേദങ്ങൾക്കുമീശ്വരനായ ആദിത്യഭഗവാന്റെ അടുക്കൽചെന്ന് അദ്ദേഹത്തെ സേവിച്ചു. യാജ്ഞവല്ക്യന്റെ ഭക്തികൊണ്ട് സന്തുഷ്ടനായിട്ട് ആദിത്യഭഗവാൻ ഒരു കുതിരയുടെ രൂപം ധരിച്ചുകൊണ്ട് പുതിയതായ യജുർഗുണങ്ങളെ അദ്ദേഹത്തിന്നു ദാനം ചെയ്തു. ഇങ്ങിനെ സൂര്യനിൽ നിന്നു സിദ്ധിച്ചിട്ടുള്ള വേദത്തെ യാജ്ഞവല്ക്യൻ കണ്വമദ്ധ്യന്ദിനപ്രഭൃതികളായ സ്വശിഷ്യന്മാർക്കുപദേശിച്ചു. അശ്വരൂപത്തെ ധരിച്ചിരിക്കുന്ന സൂര്യനാൽ തന്റെ വാജങ്ങളിൽനിന്ന്, അല്ലെങ്കിൽ കേസരങ്ങളിൽനിന്ന്, നൽകപ്പെട്ടതാകയാൽ ആ ശാഖകൾക്ക് 'വാജസനി' എന്നു പേർ സിദ്ധിച്ചു. അവയെ ഗ്രഹിച്ചിട്ടുള്ളവർ 'വാജസനേയികൾ' എന്നു വിളിക്കപ്പെടുന്നു. ഇങ്ങിനെ യജുർവേദം രണ്ടു വകയായിട്ടുണ്ട്. ഒന്നു വേദവ്യാസനിൽനിന്നു വൈശമ്പായനനു സിദ്ധിച്ച് അദ്ദേഹം സ്വശിഷ്യന്മാരായ ചരകാധ്വര്യവാദികൾക്കുപദേശിച്ച സംഹിത. അത് കൃഷ്ണയജു:സംഹിത എന്നു പറയപ്പെടുന്നു. രണ്ടാമത്തേതു യാജ്ഞവല്ക്യന്നു സൂര്യനിൽ നിന്നു സിദ്ധിച്ച് അദ്ദേഹം സ്വശിഷ്യന്മാരായ കണ്വമദ്ധ്യന്ദിനാദികളെ പഠിച്ചിട്ടുള്ള സംഹിത. അത് ശുക്ലയജു:സംഹിത എന്നു പറയപ്പെടുന്നു. ശുക്ലയജു:സംഹിത, അല്ലെങ്കിൽ വാജസനേയിസംഹിത, രണ്ടു കാണ്ഡമായിട്ടാകുന്നു. അതിൽ ആകെ 40 അദ്ധ്യായമുണ്ട്. ഒന്നാമദ്ധ്യായം മൂന്നാം മന്ത്രം മുതൽ 39- ആമദ്ധ്യായത്തിന്റെ അവസാനംവരെ ദശപൂർണ്ണമാസാദൃശ്വമേധാന്തം കർമ്മകാണ്ഡം പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ഒടുക്കത്തേതായ 40 ആമദ്ധ്യായത്തിൽ 18 മന്ത്രങ്ങളെക്കൊണ്ടു ജ്ഞാനകാണ്ഡം പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ഈ അധ്യായം ജ്ഞാനകാണ്ഡപ്രതിപാദകമാകയാലും, ബ്രഹ്മവിദ്യാപരന്മാരായിട്ടുള്ളവരുടെ സംസാരത്തെ സകാരണം നശിപ്പിക്കുന്നതിനാലും ഇതിന്നു ബ്രഹ്മവിദ്യോപനിഷത്ത് എന്നു പേര്‍ പറയുന്നു. ഇതിലെ ആദ്യത്തെമന്ത്രം 'ഈശാവാസ്യം' എന്നിങ്ങനെ ആരംഭിക്കുന്നതിനാൽ ഇതിന്ന് ഈശാവാസ്യോപനിഷത്ത്, അല്ലെങ്കിൽ ഈശോപനിഷത്ത് എന്നാണ് സാധാരണയായി ഒരു പേർ പറഞ്ഞു വരുന്നത്.

ഇങ്ങിനെ ഓരോ ഉപനിഷത്തും മുമ്പറഞ്ഞപ്രകാരം ഋഗാദിവേദങ്ങളിൽ ഏതെങ്കിലും ഒന്നിനെ സംബന്ധിച്ചാണിരിക്കുന്നത്. ഈ ഉപന്യാസം ഇപ്പോൾ തന്നെ സാമാന്യത്തിലധികം ദീർഘമായി ഭവിച്ചിരിക്കുന്നതിനാൽ ഇനി അവയെ പറ്റി പ്രത്യേകം വിസ്തരിക്കുവാനായി തല്ക്കാലം ശ്രമിക്കുന്നില്ല.

താളിളക്കം
!Designed By Praveen Varma MK!