Contacts

ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍

നടുവത്ത് അച്ഛൻനമ്പൂരി

1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. എന്നാൽ സാമ്പത്തികക്ളേശംമൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു.

സമ്പാദിയ്ക്കുവാൻ സൗകര്യം കിട്ടുകയും അതുവഴിയായി ഊണ്, തേച്ചുകുളി മുതലായവയ്ക്കു മുമ്പുണ്ടായിരുന്ന കഷ്ടപ്പാടുകൾ മിക്കവാറും നീങ്ങുകയും ചെയ്തു. സാധാരണ വിദ്യാർത്ഥികൾ, ഗുരുനാഥൻ സ്വദേശത്തേയ്ക്ക് പോകുമ്പോൾ ദീർഘമായ അനദ്ധ്യായം കിട്ടിയതിൽ സന്തോഷിച്ചു കളിച്ചു നടക്കുകയാണല്ലോ പതിവ്. എന്നാൽ ബുദ്ധിമാനും ഉത്സാഹിയുമായ നമ്മുടെ വിദ്യാർത്ഥിയാകട്ടെ ഗുരുനാഥനായ നമ്പ്യാർ ഒറ്റപ്പാലത്തിന്നു സമീപമുള്ള സ്വഗൃഹമായ പാലപ്പുറത്തേക്ക് പോകുമ്പോൾ കൂടെപ്പോകുകയാണ് പതിവ്. പോകുന്ന സമയം കൊച്ചിയിൽനിന്നു 'ജഗന്നാഥൻ' വാങ്ങി അവിടങ്ങളിൽ കൊണ്ടുപോയി വില്ക്കുകയും ആ സംഖ്യകൊണ്ടു 'കുത്താമ്പിള്ളി'പ്പാവു വാങ്ങി തൃപ്പൂണിത്തുറ കൊണ്ടുചെന്നു വില്ക്കുകയും അതിൽ നിന്നുണ്ടാവുന്ന ആദായം കൊണ്ടു മുണ്ടുചിറ്റലും മറ്റുമുള്ള ചില ചിലവുകളും നിവൃത്തിക്കുകയും ചെയ്തു വന്നു. തൃപ്പൂണിത്തുറ താമസിക്കും കാലത്തു പ്രസിദ്ധകവിയായ പൂന്തോട്ടത്തു നമ്പൂരിക്കു നമ്മുടെ കൊച്ചു നമ്പൂരിയിൽ അതിയായ വാത്സല്യം ജനിക്കുകയും കവിതാവിഷയത്തിൽ പല ഉപദേശങ്ങളും ശുഷ്കാന്തിയോടുകൂടി ചെയ്തു കൊടുത്തതിന്നു പുറമേ അന്നന്നുണ്ടാക്കുന്ന കവിതകൾ പരിശോധിച്ചു ഗുണാഗുണങ്ങൾ ചൂണ്ടികാണിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. നമ്പ്യാരുടെ കീഴിൽ 1038 വരെ പഠിച്ചു. അപ്പോഴേക്കും കാവ്യാലങ്കാരനാടകങ്ങളിലും തർക്കശാസ്ത്രത്തിലും കൂലംകഷമായ വ്യുല്പത്തിയെ സമ്പാദിച്ചു. നമ്പ്യാർ 1039 മകരത്തിൽ അന്തരിച്ചു. എങ്കിലും തമ്പുരാക്കന്മാര്‍ക്കുണ്ടായിരുന്ന പ്രീതിയുടെ ശക്തിയാൽ കുറേക്കാലംകൂടി തൃപ്പൂണിത്തുറത്തന്നെ താമസിച്ചു.

ജ്യേഷ്ഠൻ വേളികഴിച്ച് അതിൽ സന്താനമുണ്ടായിരുന്ന സ്ഥിതിയ്ക്ക് അനുജനായ നമ്മുടെ തിരുമനസ്സിലേക്ക് മലയാള ബ്രാഹ്മണരുടെ സമ്പ്രദായപ്രകാരം വേളികഴിപ്പാൻ ആവശ്യമുണ്ടായിരുന്നില്ലെങ്കിലും ചാലക്കുടിക്കടുത്ത വടക്കാഞ്ചേരി എന്ന ഇല്ലത്ത് പുരുഷന്മാരില്ലായ്കയാല്‍ അ ഇല്ലം നിലനിർത്തുന്നതിനുവേണ്ടി വേളി കഴിക്കയും 'നടുവത്ത് അപ്പൻനമ്പൂരി' എന്ന പേരു കേൾക്കുമായിരുന്ന അവിടുന്ന് 'അച്ഛൻനമ്പൂരി'യാകുവാനും ഭാഷാകവികളുടെ ശേഖരത്തിൽ 'നടുവത്ത് മഹൻനമ്പൂരി' എന്നൊരാൾകൂടി ഉണ്ടായിത്തീരുവാനും ഇടവരികയും ചെയ്തു. വേളി കഴിച്ച ഇല്ലം വക അമ്പതിനായിരം രൂപ വിലക്കു വരുന്ന സ്വത്തുക്കൾ അനുഭവിച്ചു കൊള്ളുവാൻ അന്നത്തെ മഹാരാജാവ് തിരുമനസ്സുകൊണ്ട് കല്പിച്ചു തിട്ടൂരം കൊടുത്തു. 'നല്ലകാലമൊരുവന്നുവരുമ്പോളില്ലൊരേടവുമവന്നുമുടക്കം' എന്നു പറഞ്ഞിട്ടുള്ളതുപോലെ ദൈവാധീനത്തിന്റെ ശക്തിയാൽ ദാരിദ്ര്യത്തിന്റെ നിവാരണത്തിനൊന്നു മാത്രമല്ല കുടുംബത്തിന്ന് ഒരുമാതിരി സൗെഖ്യമായി കാലക്ഷേപം ചെയ്യത്തക്കവണ്ണംതന്നെ ഉള്ള മുതൽ മേൽപ്രകാരം സിദ്ധിച്ച ഉടനെ, ഇരിങ്ങാലക്കുടക്കു സമീപം 'തത്തമ്പിള്ളി' 'നെടുമ്പിള്ളി' എന്ന അന്യം വന്ന രണ്ടു ഇല്ലങ്ങൾ വക അത്രയും രൂപാവിലയ്ക്കുള്ള സ്വത്തുക്കൾ കൂടി അനുഭവിച്ചുകൊള്ളുവാൻ മഹാരാജാവു തിരുമനസ്സിലെ തിട്ടൂരം കിട്ടി. തമ്പുരാക്കന്മാർക്കും രാജ്യഭരണാധികാരികൾക്കും അവിടുത്തെപേരിലുള്ള അനല്പമായ പ്രീതിയ്ക്ക് ഇതിലധികമായ തെളിവ് ആവശ്യമില്ലല്ലോ.

1040-ല്‍ വേളികഴിച്ച അന്തർജനത്തിന്നു രക്തസ്രാവം തുടങ്ങി വളരെക്കലശലായി. അതിനു ചികിത്സിക്കാനായി എളേടത്തു തൈക്കാട്ടു നാരായണൻ മൂസ്സിനെ വരുത്തി പൂർണസുഖം സിദ്ധിപ്പാൻ പത്തിരുപത് ദിവസം താമസിപ്പിക്കേണ്ടി വന്നു. 'ഒരു നമ്പൂരിയെ വൈദ്യം പഠിപ്പിച്ചാൽ കൊള്ളാമെന്നുണ്ട്' എന്ന് മൂസ്സ് ഒരുദിവസം സന്ദർഭവശാൽ പ്രസ്താവിച്ചപ്പോൾ, വിദ്യാതല്പരനായ നമ്മുടെ നമ്പൂരി താന്‍തന്നെ ശിഷ്യനായി കൊള്ളാമെന്നു സമ്മതിച്ചു വൈദ്യം പഠിപ്പാനാരംഭിച്ചു. എന്നാൽ പഠിപ്പുതുടങ്ങിയ ഉടനെതന്നെ ചികിത്സിപ്പാനും അയച്ചുതുടങ്ങിയതിനാൽ പഠിപ്പിന്നു താമസംവന്നു. രണ്ടുകൊല്ലംകൊണ്ടു അഷ്ടാംഗഹൃദയം, 80 അധ്യായം പഠിച്ചു. അപ്പോഴേക്കും ഗുരുനാഥൻ മരിച്ചു. ബാക്കിഭാഗം അദ്ദേഹത്തിന്റെ അനുജനായി മഹാപ്രസിദ്ധനായ 'ഇട്ടീരിമൂസ്സാ'ണ് പഠിപ്പിച്ചത്. മുൻപറഞ്ഞപ്രകാരം തിട്ടൂരങ്ങളാല്‍ സിദ്ധിച്ചിട്ടുള്ള മുതലിന്നു പുറമേ വൈദ്യവിഷയത്തിലും അനവധി സമ്പാദ്യമുണ്ടായിട്ടുണ്ട്.

ഉപ്പുവെള്ളം നിറഞ്ഞിട്ടുള്ള സമുദ്രത്തിൽ ശുദ്ധജലമായ ഉറവകൾ അവിടവിടെയായി കാണാറുള്ളതുപോലെയും അടച്ചു തള്ളിയ ചവറില്‍നിന്ന് അനവധി ഫലങ്ങൾ ഉണ്ടാകുന്ന ഒരു മത്തത്തയ്യോ കുമ്പളത്തയ്യോ മുളച്ചുപൊന്തുന്നതുപോലെയും, ഭാഗ്യമുള്ള കാലത്ത് ദോഷത്തിൽനിന്ന് ഗുണം ഉത്ഭവിക്കുന്നു എന്നുള്ള തത്വത്തിന് ഉദാഹരണമായിട്ടു,ആണ് അച്ഛൻ നമ്പൂരിക്ക് അന്തർജനത്തിന്റെ രോഗബാധയിൽനിന്ന് വൈദ്യശാസ്ത്രപരിശീലനത്തിന്നും അതു മാർഗ്ഗമായി അനല്പമായ സമ്പാദ്യത്തിനും യോഗമുണ്ടായത്. തമ്പുരാക്കന്മാർക്ക് ധാരാളം തിരുവുള്ളമുണ്ട്. പ്രധാനപ്പെട്ട ഉദ്യോഗസ്ഥന്മാർക്കെല്ലാം വളരെ പത്ഥ്യമാണ്. തിട്ടൂരപ്രകാരം സിദ്ധിച്ച വസ്തുക്കളിൽനിന്ന് ആദായം വന്നുതുടങ്ങി. വൈദ്യത്തിൽ ധാരാളം സമ്പാദ്യമായി. ഇങ്ങനെയുള്ളകാലത്ത് അന്യജന്മികളുടെ ഏതാനും നിലം, പുരയിടം മുതലായതു കാണം, പണയം മുതലായ അവകാശങ്ങളായും ചില വസ്തു അട്ടിപ്പേറായിട്ടു തന്നെയും കൈവശപ്പെടുത്താൻ സംഗതിയായി.

1051 മാണ്ട് അച്ഛൻനമ്പൂരിക്കു ഗ്രഹപ്പിഴക്കാലമായിരുന്നു. അക്കൊല്ലത്തെ കന്നിമാസത്തിൽ, ജേഷ്ഠനും തുലാമാസത്തിൽ ജേഷ്ഠന്റെ മകനും മരിക്കുകയും മീനത്തിൽ ഇല്ലം കത്തുകയും ചെയ്തു. ഇല്ലം കത്തിയതിന്റെ ഭവിഷ്യൽഫലം വിചാരിച്ചാൽ അതൊരു ഗ്രഹപ്പിഴയുടെ കൂട്ടത്തിൽ കൂട്ടിക്കൂടാ. എന്തെന്നാൽ മീനത്തില്‍ കത്തിയ ഗൃഹം, ആ ഇടവത്തിൽ വർഷംകൂടുന്നതിനു മുമ്പായി, പൂർവാധികമോടിയോടുകൂടിയും രണ്ടുകെട്ടു മാളികയായും പറയത്തക്ക ചിലവ് കയ്യിൽനിന്നു പറ്റാതെയും, പുതുതായി പണികഴിക്കുവാൻ സാധിച്ചാൽ അതൊരു ഗ്രഹപ്പിഴയാണോ? കൊച്ചുണ്ണിത്തമ്പുരാനെന്നു പ്രസിദ്ധനായ ശക്തൻ 'വീരകേരളതമ്പുരാൻ' തിരുമനസ്സിലേയ്ക്ക്, പണ്ടേതന്നെ അവിടുത്തെ സേവകനായിരുന്ന അച്ഛൻനമ്പൂതിരി ഇല്ലംപണിയെ സംബന്ധിച്ച് 2 ശ്ലോകങ്ങൾ അടിയറവെയ്ക്കുകയും, തിരുമനസ്സുകൊണ്ട് സന്തോഷിച്ചു 800 രൂപ സമ്മാനം കൊടുക്കുകയും അന്നത്തെ വലിയതമ്പുരാൻ തിരുമനസ്സിലെ അടുക്കൽ പറഞ്ഞു ഇല്ലം പണി വകയ്ക്ക് അറുപതുകുറ്റി തേക്കുമരം കൊടുപ്പിക്കുകയും ഉണ്ടായി.

1. ജ്യേഷ്ഠന്‍മരിച്ചു,മകനുംതദനന്തരംഹാ!
കഷ്ടംഗമിച്ചു,ജനകാന്തികമത്രയല്ല
കഷ്ടംദഹിച്ചു,പുരമഗ്നിയതിങ്കല്‍വെച്ചു
നഷ്ടംഭവിച്ചുപലതുംക്ഷിതിപാലമൗെലെ!

2.ഇല്ലംപണിക്കവിടെനിന്നുമനസ്സുവെച്ചു
തെല്ലെങ്കിലുംവകതരേണമെനിക്കിദാനീം

വല്ലാതെകണ്ടുവലയുന്നു,ഭവല്‍ക്കടാക്ഷ-
മല്ലാതെയില്ലശരണംകരുണാപയോധേ!

'തോട്ടയ്ക്കാട്ടമരും മഹാസുകൃതിയാം ഗോവിന്ദമേനോന്‍' എന്നു ശ്ലോകരൂപേണയും 'ഭോഷ്ക്കറിയാത്ത മാധവനിളയതു പേഷ്ക്കാര്‍' എന്നു തുള്ളല്‍ വഴിയ്ക്കും വെണ്‍മണി നമ്പൂരിപ്പാടു മലയാളത്തിലുള്ളവർക്കെല്ലാം പരിചയപ്പെടുത്തിക്കൊടുത്തിട്ടുള്ള ആ രണ്ടു പ്രമാണപ്പെട്ട ഉദ്യോഗസ്ഥന്മാർക്കും അച്ഛൻനമ്പൂരിയെ വളരെ സ്നേഹമായിരുന്നതുകൊണ്ട് അവർ ഇല്ലംപണിക്കും മറ്റും വളരെ വിലയേറിയ സഹായങ്ങൾ ചെയ്തു.

1055-ല്‍ കൊച്ചി സർക്കാരിന്റെ മാനേജ്മെന്റിന്‍ കീഴിൽ ഇരുന്നിരുന്ന കോടശ്ശേരി കർത്താവ് എന്ന പ്രസിദ്ധ ജന്മിയുടെ കാര്യസ്ഥനായി. ഇതു ദിവാൻജിയുടേയും പേഷ്ക്കാരുടേയും പ്രീതിയുടെ ഫലങ്ങളില്‍ ഒന്നായി ഗണിക്കാവുന്നതാണ്. വളരെ കുഴപ്പത്തില്‍കിടന്നിരുന്ന ആ സ്വരൂപത്തിലെ കാര്യങ്ങൾ നന്നാക്കുകയും ക്ഷേത്രം പണി മുതലായ സല്ക്കർമങ്ങൾ ചെയ്യുകയും ചെയ്തു. 64 ധനുവരെ ആ കാര്യം നോക്കി. അപ്പോഴേക്കും 'മൂത്രകൃഛ്ര' എന്ന രോഗം പിടിപെടുകയാല്‍ കാര്യസ്ഥത ഉപേക്ഷിച്ച് ഇല്ലത്തുവന്നു ഭഗവല്‍സേവ ചെയ്ത് ഇരിപ്പായി. ഒരു കൊല്ലത്തോളം ദീനം അതികഠിനമായിരുന്നു. ഇതിനിടയിൽ അന്ന് ഇളയതമ്പുരാനായിരുന്ന ഇപ്പോഴത്തെ കൊച്ചി വലിയതമ്പുരാൻ തിരുമനസ്സുകൊണ്ടു തൃപ്പൂണിത്തുറ താമസിപ്പിച്ചു വാത്സല്യപൂർവ്വം ചികിത്സിപ്പിച്ചു. എന്നാൽ ദീനത്തിന് ആശ്വാസം കിട്ടിയത്, പ്രസിദ്ധകവിയായ കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ തിരുമനസ്സിലെ ചികിത്സകൊണ്ടാണെന്ന് അക്കാലത്തെ മനോരമ വായനക്കാർക്കും ഭഗവദ്ദൂതിന്റെ പ്രസ്താവന വായിച്ചിട്ടുള്ളവർക്കും അറിയാവുന്നതാണ്. രോഗം വീണ്ടും ശക്തിയായി ബാധിക്കാതിരിക്കുവാൻ വേണ്ടി വണ്ടി ദിനചര്യയില്‍ പല നിഷ്കർഷകളും ചെയ്തു.

മഹാ ദാരിദ്ര്യത്തിന് ശക്തിയാൽ താൻ അളവില്ലാത്ത മനഃക്ലേശവും കായക്ലേശവും പെട്ടു വളർത്തി ഉണ്ടാക്കിയ ഈ ഉണ്ണിയുടെ യൗെവന പ്രാപ്തിയോടുകൂടി, ശ്രീകൃഷ്ണനെ കാണുവാൻ കുചേലബ്രാഹ്മണന്‍ ദ്വാരകയിലേക്ക് പോയ കാലത്തു അദ്ദേഹത്തിന്റെ ഗൃഹത്തിൽ ഉണ്ടായ മാറ്റം പോലെ, സർവ്വപ്രകാരമുള്ള സമൃദ്ധികളും വന്നുകൂടി, യഥേഷ്ടം സുഖമനുഭവിച്ചു, പുത്രനാലും പൗെത്രന്മാരാലും സശ്രദ്ധം ശുശ്രൂഷിതയായി, മകന്റെ പലവിധങ്ങളായ ശ്രേയസുകളെ കണ്ടും കേട്ടും ആനന്ദിച്ച്, ആ മകൻ അമ്പതാം വയസ്സിൽ കാലു വെക്കുന്ന കൊല്ലമായി 1067-ല്‍ ഭാഗ്യശാലിനിയായ അമ്മ അനവധിവർഷം ഭൂമിയെ അലങ്കരിച്ചതിനുശേഷം, സ്വർഗ്ഗത്തിൽ കുടിയേറി. അമ്മയുടെ അനുഗ്രഹശക്തിയാൽ ദീനമായിരുന്നാലും ദീക്ഷ നിർവിഘ്നമായിത്തന്നെ കഴിഞ്ഞു, അച്ഛൻ നമ്പൂതിരിയുടെ കീർത്തിസ്തംഭമായ ഭഗവദ്ദൂത് പ്രസിദ്ധപ്പെടുത്തിയതും 67-ല്‍ തന്നെയാണ്. അംബോപദേശവും ഭഗവല്‍സ്തുതിയും 1061-ല്‍ ഉണ്ടാക്കി. കഥകളിക്ക് ശൃംഗാരമയമായ ഒരു രംഗം ഒഴിച്ചുകൂടാത്ത ഒരു ഇനമായി കാണുന്നതുപോലെ, അച്ഛൻ നമ്പൂരിയുടെ ചെറുപ്പകാലത്ത് കവിയാകേണമെങ്കിൽ, ഒരംബോപദേശശതകം ഉണ്ടാക്കണം എന്നൊരു സമ്പ്രദായം ഈ പ്രദേശത്ത് ഉണ്ടായിരുന്നതിനെ അനുസരിച്ച് മാത്രമാണ് സദ്വൃത്തനായ അവിടുന്നു വിഫലമായ അംബോപദേശം ഉണ്ടാക്കുവാൻ ഇടയായത്. 'പട്ടിയുടെ വേഷം കെട്ടിയ സ്ഥിതിയ്ക്കു കുരക്കുവാൻ മടിക്കേണ്ട' എന്നു പറഞ്ഞതുപോലെ അംബോപദേശം ഉണ്ടാക്കുവാൻ പുറപ്പെട്ടപ്പോൾ ആ ജാതിയ്ക്കു വേണ്ടുന്ന ചമല്ക്കാരമെല്ലാം വരുത്തിക്കൂട്ടിയും വെൺമണി മഹൻനമ്പൂരിപ്പാട്ടിലെ അംബോപദേശത്തെക്കാള്‍ മെച്ചമാണ് അവിടുത്തേതെന്നു പലവിദ്വജ്ജനങ്ങൾക്കും ബോധ്യമാക്കുകയും ചെയ്തു. മനസ്സില്ലാമനസ്സോടുകൂടിയാണ് അംബോപദേശം കൃതിച്ചത് എന്ന്, അതിന്നു പരിഹാരമായി ഭഗവതിസ്തുതി ഉണ്ടാക്കി, രണ്ടുംകൂട്ടി ഒന്നിച്ച് അച്ചടിപ്പിച്ചതുകൊണ്ടുതന്നെ തീർച്ചപ്പെടുത്താവുന്നതാണല്ലോ. മേൽപ്പറഞ്ഞ കൃതികൾക്ക് പുറമേ ഈയിടെ ഉണ്ടാക്കി പ്രസിദ്ധപ്പെടുത്തിയ അഷ്ടമിയാത്രയും ശൃംഗേരിയാത്രയും കുറേ എഴുതിവെച്ചിരിക്കുന്ന 'അക്രൂരഗോപാലം' നാടകവും അല്ലാതെ അവിടുന്നു സ്വരൂപിച്ചുള്ള വല്ല കൃതികളും ഉണ്ടാക്കിയതായി അറിവില്ല.

'അല്ലേഞാനൊന്നുവേട്ടുപുനരതിലുളവായ് മക്കളായി രണ്ടുപേരും കല്യാണംചെയ്തയച്ചുള്ളൊരുസുതയുമെനിക്കിങ്ങിനെവർത്തമാനം' എന്ന് പണ്ടൊരിക്കൽ മലയാള മനോരമയിൽ അവിടുന്ന് പ്രസിദ്ധപ്പെടുത്തിയിരുന്നുവല്ലോ. നടുവത്ത് മഹൻനമ്പൂരി എന്നു പ്രസിദ്ധനായ സീമന്തപുത്രൻ 1043-ലും പുത്രി 1047-ലും രണ്ടാമത്തെ പുത്രൻ 1052-ലും ജനിച്ചു. ഇളയ മകന്‍ 15 വയസ്സായപ്പോഴേക്കും ഒരു വിധം വൈദുഷ്യം സമ്പാദിക്കുകയും ഗൃഹഭരണത്തിൽ മിടുക്കനാവുകയും തന്നിമിത്തം 'മിടുക്കൻ' എന്ന പേര് സിദ്ധിക്കുകയും ചെയ്തു. അനിവാര്യമായ കർമ്മശക്തിയാൽ ഈ മകൻ അനവധി ജനങ്ങളെ വ്യസനത്തിന്നധീനന്മാരാക്കി 1075-മാണ്ടിൽ തന്റെ ഇരുപത്തിയെട്ടാം വയസ്സിൽ ഇഹലോകവാസം വിട്ടുപോയി. ഈ ദുസ്സഹസംഭവത്തെ സംബന്ധിച്ച് അച്ഛൻതന്നെ അക്കാലതു കേരളചന്ദ്രികയ്ക്കും മലയാള മനോരമയ്ക്കും അയച്ച ശ്ലോകങ്ങൾ അങ്ങിനെതന്നെ പകർത്തി എഴുതുന്നതായാൽ ഇതിനെപ്പറ്റി പിന്നെ ഒന്നും പറയേണ്ട ആവശ്യമില്ലാത്തതുകൊണ്ട് അപ്രകാരം ചെയ്യുന്നു.

ഇന്നാളിവന്റെസുകൃതക്കൊടിവെന്തവൃത്ത-
മന്നാളിലോതുവതിനായ്‍തരമായതില്ല
ഇന്നോളമാക്കദ്ദനവഹ്നിശമിച്ചിടാതെ
നിന്നാളിടുന്നുഹൃദി,കേരളചന്ദ്രികേ!കേൾ

എന്നെക്കുറിച്ചധികമായൊരുസക്തിയുളളി-
ലെന്നല്ലഭക്തി,വിനയം,ഭയമെന്നിതെല്ലാം
കുന്നിച്ചിരുന്നതനയൻശിവ!ശേഷമോതാ -
നെന്നാൽപ്രയാസമിനിയെന്തിനുജീവിതംമേ

കഷ്ടംമദീയമകനേറവിശിഷ്ടനാർക്കു-
മിഷ്ടംപെരുത്തപുരുഷൻപുരുപുണ്യശാലീ
ഇട്ടേച്ചുപോയിയിവനെപ്പുനരായതോർത്തു
പൊട്ടുന്നുമന്മനമെനിക്കിനിയാരുപാരിൽ

മുന്നംമുദാജനനവേളയിൽജാതകർമ്മം
നന്ദിച്ചുചെയ്തമമകയ്യുകൾകൊണ്ടുതന്നെ
ഇന്നാക്കുമാരനുദകക്രിയചെയ്യുവാനായ്
വന്നോരുസംഗതിയൊരിക്കലുമോർത്തുകൂട

ഉള്ളംതെളിഞ്ഞിവനെയും,തറവാട്ടിലിപ്പോ-
ളുള്ളോരുവസ്തുവിനെയുംപരിരക്ഷചെയ്‍വാൻ
കൊള്ളാംകുമാരനിവനെന്നുനിനച്ചിരുന്നു
വല്ലൊചതിച്ചുവിധിസംഗതിയാർക്കുനീക്കാം.

കാണാതെകാൽക്ഷണമിരിക്കുകിലപ്പോഴേറെ -
ക്കേണീടുമങ്ങിനെയിരുന്നകുമാരനിപ്പോൾ
പ്രാണൻവെടിഞ്ഞുപരലോകമണഞ്ഞു,ഞാനോ
ഞാണറ്റവില്ലിനുകിടയ്ക്കുകിടന്നിടുന്നു

പുത്രാർത്തിമൂലമധികംകൃശയായലഞ്ഞു
കത്രാപിവാണുശിവരാമ!ഹരേ!മുരാരേ!
ഇത്യാദിനാമജപമോടമരുന്നജായാ-
വൃത്താന്തമെങ്ങിനെപറഞ്ഞറിവിച്ചിടേണ്ടു

എന്നല്ലഭൃത്യരഖിലംനയനംനിറച്ചു
നിന്നീടുമെന്നരികിലായതുകണ്ടിടുമ്പോൾ
ഒന്നോർക്കുമുണ്ണിചരിതംമനതാരതിങ്കൽ
പിന്നത്തെവാർത്തയിനിഞാൻപറയേണ്ടതുണ്ടോ

തത്തമ്മപഞ്ജരമതിൽപരിചോടിരുന്നു
പുത്രന്റെനാമമധുനാപിവിളിച്ചിടുന്നു
അത്തവ്വിലഗ്നിയതിലാജ്യമൊഴിച്ചുവീശി
കത്തിച്ചിടുന്നപടിമന്മനമാളിടുന്നു

'ഈവന്നവമ്പനിശമിക്കുകയില്ലജീവൻ
പോവാനടുത്തുജനകൻ വ്യസനിച്ചിടൊല്ലേ'
ആവമ്പനായമകനെന്നെവിളിച്ചിരുത്തീ-
ട്ടേവംപറഞ്ഞകഥയെങ്ങിനെഞാൻമറക്കും.

**

അതേ നാരായണൻതന്നെ തുണ. താൻ സർവ്വദാ മനസ്സിൽ ധ്യാനിച്ചുപോരുന്ന സച്ചിദാനന്ദമൂർത്തിയായ ശ്രീനാരായണസ്വാമിയും തനിയ്ക്കു ഇനി ശേഷിച്ചിട്ടുള്ള മകൻ 'നാരായണൻനമ്പൂരി'യും തന്നെ തുണ.

നെല്ലായിക്കുന്നത്തു മനയ്ക്കലേക്കു വേളികഴിച്ചു കൊടുത്തിരുന്നതും ഒരു ഉണ്ണിയുടേയും മൂന്നു പുത്രകളുടേയും മാതാവായി ഭവിച്ചതും ആയ അവിടുത്തെ പുത്രിയും 1080 ധനു 7-നു പുഴയിൽ വീണ് അന്തരിച്ചുപോയി.'ശിരസിലിഖിതമാര്‍ക്കുംശിവശിവ!നീക്കിടാമോ'

അച്ഛൻനമ്പൂരി തിരുമനസ്സിലേക്ക് പ്രമാണപ്പെട്ട അനവധി സ്നേഹിതന്മാരുണ്ടെങ്കിലും വലിയ കോയിത്തമ്പുരാൻ തിരുമനസ്സിലേയ്ക്കു പ്രത്യേകസ്നേഹമുണ്ടെന്നുള്ള വിവരം എടുത്തുപറയാതെ നിർത്തിയില്ല. 1089-ല്‍ മുറജപത്തിന്നു തിരുവനന്തപുരത്തു പോയപ്പോൾ അവിടെ വെച്ചാണ് ആദ്യമായി കണ്ടു പരിചയപ്പെട്ടത്. അന്നുമുതൽ ഇന്നുവരെ അങ്ങോട്ടും ഇങ്ങോട്ടും അതിബഹുമാനവും അതിസ്നേഹവുമായിട്ടാണ് രണ്ടുപേരും കഴിഞ്ഞുവരുന്നത്.

അച്ഛൻ നമ്പൂരിക്ക് രണ്ടു ശിഷ്യന്മാരുണ്ട്. അതിൽ ഒന്ന് നല്ലൊരു ഭാഷാകവിയായ 'ആറ്റുപുറത്തു ശങ്കുണ്ണിമേനോനും' മറ്റേത് 'കനഖല' എന്ന ദിക്കിൽ ഇപ്പോൾ ഒരു യോഗിയായി താമസിച്ചുവരുന്ന 'പെരുമനത്തു പടിഞ്ഞാറേടത്ത് രാമപുതുവാളുമാണ്'.

കവിതാവിഷയത്തിൽ അവിടേയ്ക്കു വലിയ കാരണവര്‍സ്ഥാനമാണുള്ളത്.'കൂര്‍കൊണ്ടീടിന കോടിലിംഗ നൃവരന്‍ കൊച്ചുണ്ണിയെന്നൂഴിയില്‍പേര്‍കൊണ്ടീടിന സല്‍ക്കവീന്ദ്രമകുടക്കല്ലായ കല്യാശയന്‍ കാര്‍കൊണ്ടല്‍പ്രഭനാകുമെന്‍ പ്രഥമശിഷ്യന്‍' എന്നു കൊച്ചുണ്ണിത്തമ്പുരാൻ തിരുമനസ്സിലെക്കുറിച്ചു പറഞ്ഞിട്ടുള്ള 'വെൺമണി മഹൻനമ്പൂരിപ്പാട്' 'ഗുരുനാഥനാണ് നടുവ ക്ഷോണീസുരന്‍ ഭാസുരന്‍' എന്നാണ് അച്ഛൻനമ്പൂരിക്കുറിച്ചു പറഞ്ഞിരിക്കുന്നത്. അതിനാൽ പ്രൗഡകവിയായ കൊച്ചുണ്ണിത്തമ്പുരാൻ തിരുമനസ്സിലെ പ്രസിദ്ധഗുരുവായ വെണ്മണി മഹൻനമ്പൂരിപ്പാട്ടിലെ കവിതാഗുരുവാണ് അച്ഛൻനമ്പൂരി എന്നു വരുന്നുണ്ടല്ലോ.

അച്ഛൻനമ്പൂരി തിരുമനസ്സിലെ ദിനചര്യയെപ്പറ്റി കുറച്ചു പറയാതെ മനസ്സ് സമ്മതിക്കുന്നില്ല. വെളുപ്പാൻ കാലത്തു മൂന്നു മണിക്കു പതിവായി കുളി, സഹസ്രാവർത്തി, ആദിത്യനമസ്കാരം, ഭഗവത്ഗീത, ദേവിമഹാത്മ്യം (സപ്തശതി), ഇതുകൾ മുഴുവൻ പാരായണം. എട്ടര മണിക്ക് ഇതെല്ലാം കഴിച്ച് മനയ്ക്കല്‍ വന്ന് ഭാഗവതം ഏകദേശം പാരായണം സാളഗ്രാമപുഷ്പാഞ്ജലി, ആ സമയം നിവേദിക്കുന്ന പായസം മാത്രം (കോതമ്പരി ഇട്ടുണ്ടാക്കുന്ന പഞ്ചാരപ്പായസം) ഭക്ഷണം, പത്തുമണിക്ക് ഇതെല്ലാം കഴിച്ച് രണ്ടു മണിക്കൂർ വർത്തമാനക്കടലാസുകൾ, വരുന്ന എഴുത്തുകൾ മുതലായതു വായിക്കുക, പിന്നെ പതിവായി നടന്നുവരുന്ന മാത്രാവസ്തി ഇത്രയും കഴിഞ്ഞാൽ കുറച്ചുനേരം കിടക്കും. പിന്നെ ഭാഗവതം, ഭാരതം (ഇപ്പോൾ ലോകോപകാരിയായ കുഞ്ഞുകുട്ടൻ തിരുമനസ്സിലെ ഭാഷ) മുതലായ ബുക്കുകൾ നോക്കിയും നാമം ജപിച്ചും വരുന്ന രോഗികൾക്കു ചികിത്സകൾ നിശ്ചയിച്ചും അഞ്ചര മണിയാക്കും. അനന്തരം തേച്ചുകുളി. ഏഴുമണിക്കു ഊണ് (സാധാരണ ശാല്യനം ഉപകരണങ്ങളോടുകൂടി ഭക്ഷിക്കും). ഒമ്പതുമണിയോടെ കിടക്കും.

ഇപ്രകാരം സകലവിധ മാന്യതകളോടും, ഐശ്വര്യങ്ങളും, നിഷ്ക്കളങ്കമായ ഹൃദയത്തോടും, ഗാഢമായ ഭഗവത്ഭക്തിയോടും ഇതിനെല്ലാറ്റിനും പുറമേ സുവർണ്ണവർണ്ണമായ ദേഹത്തോടും,ശാന്ത രസം നിറഞ്ഞു വഴിയുന്നതും മന്ദസ്മിതാര്‍ദ്രവുമായ മുഖത്തോടും, അതിമധുരമായവാക്കുകളോടുംകൂടി, ഈ തിരുമേനി, ലോകാനുഗ്രഹത്തിന്നായ്ക്കൊണ്ടു ഇനിയും അനേകകാലം ഭൂമിയെ അലങ്കരിക്കുമാറാകണമേ എന്ന് പ്രാര്‍ത്ഥിച്ചുംകൊണ്ടു വിരമിയ്ക്കുന്നു.

-----------------------------

**മനോരമയ്ക്ക് അയച്ച 10 ശ്ലോകങ്ങള്‍ ഒഴിവാക്കുന്നു.

താളിളക്കം
!Designed By Praveen Varma MK!