Contacts

ഏ ആർ രാജവർമ്മ
മഹാഭാരത തർജ്ജമ

1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. എന്നാൽ സാമ്പത്തികക്ളേശംമൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു.

പ്രകൃതാനുപ്രകൃതമായി വരുന്ന അനേകം ആനുഷംഗിക വിഷയങ്ങളെ എല്ലാം തള്ളിക്കളഞ്ഞു അനുസ്യൂതമായ കുരുപാണ്ഡവകഥയെ മാത്രം അടിസ്ഥാനപ്പെടുത്തി വാലും തലയും ഇല്ലാത്ത ഏതാനും പദ്യങ്ങളെക്കൊണ്ടു ഒരു ഭാരതസംഗ്രഹം ഭാഷയിൽ ചെയ്തവകയ്ക്ക് എഴുത്തച്ഛനെ നാം എത്രയോ കൊണ്ടാടുന്നു. ഇതേവരെ കൊണ്ടാടിയതൊന്നും പോരാ ഇനി ചില സ്മാരകവും മറ്റും വേണം പോലും ഈ സ്ഥിതിക്കു ഒരക്ഷരം പോലും വിടാതെ ആ ഗ്രന്ഥത്തെ ഭാഷയിൽ തീർത്ത കുഞ്ഞിക്കുട്ടൻ തമ്പുരാനെ കേരളീയർ ശിരസാവഹിച്ചാലും മതിയാകുമോ? കുറ്റമല്ല കാളിദാസൻ,

പുരാണമിത്യേവ ന സാധു സർവം
ന ചാപി കാവ്യം നവമിത്യവദ്യം

എന്ന് ആവലാതി പറയുന്നത്. ചക്രവാകിയ്ക്കു രാത്രിയിൽ സംഗമം ഇല്ലെന്നള്ളതുപോലെ കീർത്തികാമിനിക്കും ഒരു ശാപമുണ്ട്. അവൾക്കു തന്റെ കാമുകന്റെ പിൽക്കാലമാണ് യൗവനോല്ലാസവും വിലാസഭംഗികളും സൗഭാഗ്യഭാഗ്യോദയവും എല്ലാം തികയുന്നത്. ഇതെന്തൊരു കഷ്ടമാണ്? വൈധവ്യം വന്നതിനു മേലാണോ സ്ത്രീകൾക്കു നല്ലകാലം വരേണ്ടത്? എഴുത്തച്ഛന്റെ സഹജീവികൾ അദ്ദേഹത്തെ ആക്ഷേപിക്കയും ഉപദ്രവിക്കയും ചെയ്തു. പിൻഗാമികളായ നാം അദ്ദേഹത്തിന്റെ മാഹാത്മ്യം അറിഞ്ഞ് ഉചിതങ്ങളായ സ്മാരകങ്ങളെ പ്രതിഷ്ഠിക്കാൻ ഉദ്യോഗിച്ചു വരുന്നു അതിനാൽ ആധുനികന്മാർ ഭാഷാമഹാഭാരതത്തെ വേണ്ടുംവണ്ണം ആദരിച്ചില്ലെങ്കിലും തമ്പുരാന് ലേശം കുണ്ഠിതത്തിന് അവകാശമില്ല. അവിടുത്തെ ഭാരതവിവർത്തനകീർത്തിലത ഇപ്പോൾ അങ്കരിച്ചതേ ഉള്ളല്ലോ. കാലക്രമത്തിൽ അതു ശാഖാപശാഖമായിപ്പടർന്നു കേരളം ആസകലം വ്യാപിച്ചുകൊള്ളും.

ഗ്രന്ഥകർത്താവ് ഭാഷാന്തരം പൂർത്തി ചെയ്തു തീര്‍ത്തിരിക്കുന്നുവെങ്കിലും സമഗ്രമായ പുസ്തകം അച്ചടിച്ചു പ്രസിദ്ധം ചെയ്തു കഴിഞ്ഞിട്ടില്ലാത്ത ഈ ഘട്ടത്തിൽ തർജ്ജമയെക്കുറിച്ച് അഭിപ്രായം പറവാൻ പുറപ്പെടുന്നതു അനുചിതമാകുന്നു. അല്ലെങ്കിൽ ഈ ഗ്രന്ഥത്തിന്റെ സംഗതിയിൽ അങ്ങനെ ആലോചിപ്പാനുമില്ല. പരിപൂർണ്ണമായ പുസ്തകം കൈവശം കിട്ടിയിരുന്നു എന്നുവരികിലും അതു മുഴുവൻ ഒരാവൃത്തി വായിച്ചു ഗുണദോഷ നിരൂപണം ചെയ്യുന്നതിനു അധികം പേർ ഉണ്ടാവുകയില്ല. ഈ ലേഖനകർത്താവിനു അതു അശക്യമാണെന്നു തീരുമാനംതന്നെ. അതിനാൽ ഭാരതത്തിന്റെ സംഗതിയിൽ സ്ഥാലീപുലാകന്യായം തന്നെ സർവഥാ ശരണീകരണീയമായിത്തീർന്നിരിക്കുന്നു. പാചകന്മാർ നാലോ അഞ്ചോ പറ അരി കിടന്നു വേവുന്ന പാത്രത്തിൽ നിന്നു ഒരു തവ അരി എടുത്തു അതിൽ നാലോ അഞ്ചോ എണ്ണത്തിന്റെ വേവുനോക്കിയാണല്ലോ പാത്രത്തിലെ അരിയുടെ മുഴുവനും പാകം നിശ്ചയിക്കുന്നത്. ഈ ന്യായപ്രകാരം നോക്കിയതിൽ തർജ്ജമ മൂലത്തിനു ആദ്യന്തം യോജിച്ചതും സ്വാരസ്യക്കുറവില്ലാത്തതും ആയിട്ടു കാണപ്പെട്ടിരിക്കുന്നു എന്നു സമ്മതിച്ചേ തീരൂ. മൂലത്തിനുതന്നെ മിക്ക ഭാഗങ്ങളിലും പറയത്തക്ക കാവ്യരസമൊന്നും ഇല്ലെങ്കിൽ അതിനു ഭാഷാന്തരകർത്താ ഉത്തരവാദിയല്ലല്ലോ. എന്നാൽ അകൃത്രിമരമണീയങ്ങളായ പ്രകൃതിസിദ്ധചമൽക്കാരങ്ങളാൽ അലംകൃതങ്ങളായ പല ഭാഗങ്ങളും ഭാരതത്തിൽ ഉണ്ട്. അതുകളുടെ തർജ്ജമയ്ക്കു ഒരു മാറ്റുകൂടി സ്വാരസ്യം കൂട്ടുന്നതിനു വകയില്ലയോ എന്നു ചോദിക്കാൻ ഭാവിക്കും മുമ്പു, രണ്ടു ഭാഷകളുടേയും ശക്തി താരതമ്യം വൃത്താനുവൃത്തവിവർത്തനം എന്നുള്ള കവിയുടെ പ്രതിജ്ഞ ദ്രുതഗതി ഗ്രന്ഥത്തിന്റെ വലുപ്പം എന്ന പല പല സംഗതികളും ഒന്നുചേർന്നു വന്നു ചോദ്യകർത്താവിന്റെ വാങ്മുദ്രണം ചെയ്തു കളയുന്നു. മൂലത്തിനു വ്യാഖ്യാനാപേക്ഷ ഉള്ളിടങ്ങളിലെല്ലാം ഭാഷാന്തരണത്തിനും അതുണ്ടെങ്കിൽ അതിനെ ഒരു വൈകല്യമായി ഗണിച്ചുകൂടല്ലോ.

കുഞ്ഞിക്കുട്ടൻ രാജാവിനു പദ്യനിർമ്മാണശക്തി ഒരു കൂടപ്പിറവി ആണ്. ഇംഗ്ലീഷ് മഹാകവിയായ പോപ്പിന്റെ സംഗതിയിൽ പറയാറുള്ളതുപോലെ അവിടേയ്ക്കു വേണമെങ്കിൽ ശ്ലോകത്തിൽതന്നെ വെടി പറയാം. സംസ്കൃതപാണ്ഡിത്യത്തെപ്പറ്റി ആലോചിക്കുകയാണെങ്കിൽ കൊടുങ്ങല്ലൂർ കോയിക്കലേ സ്തംഭങ്ങൾപോലും സംസ്കൃതഭാഷാഭിജ്ഞങ്ങളാണെന്നു പ്രസിദ്ധമാകുന്നു. മലയാള ഭാഷയുടെ ശുദ്ധിയെക്കുറിച്ചോ ചോദിപ്പാനില്ല; മദ്ധ്യകേരളമായ കൊടുങ്ങല്ലൂർ ദേശത്തേ നടപ്പുഭാഷയെ ആണ് അത്യുത്തമമായി ഗണിച്ചിരിക്കുന്നതു. കവിക്കു ബാല്യസഹവാസം വെണ്മണിപ്രഭൃതികളുമായിരുന്നു. ഇതെല്ലാം കൂടി ചേർത്തു നോക്കുമ്പോൾ ഭാരത തർജ്ജമയിൽ ഒരഭിപ്രായം പറയാൻതന്നെ അസ്മാദൃശന്മാരുടെ ജിഹ്വ പ്രസരിക്കുന്നില്ല. പ്രകൃതനിരൂപണത്തിനു വിഷയമായ ഈ മഹാഗ്രന്ഥം കേരളത്തിലേ സകല പുസ്തകശാലകളേയും എന്നെന്നേയ്ക്കും അലങ്കരിക്കട്ടെ ഈ മഹാകവിയും അനന്യസാധ്യങ്ങളായ ഈദൃശവ്യവസായങ്ങൾകൊണ്ടു കേരളമഹാജനങ്ങളുടെ കൃതജ്ഞതയ്ക്കു മേലാലും പാത്രീഭവിക്കട്ടെ എന്നാശംസിക്കുന്നു.

താളിളക്കം
!Designed By Praveen Varma MK!