Contacts

അപ്പന്‍തമ്പുരാന്‍
മണിപ്രവാളശാകുന്തളം

മംഗളോദയത്തിന്‍ വന്നത്

മലയാളപദങ്ങളായിട്ടോ വിഭക്ത്യന്തങ്ങളായ സങ്കീർണ്ണ സംസ്കൃതപദങ്ങളായിട്ടോ ഗണിക്കപ്പെടാവുന്നതുകൊണ്ടു വിശേഷണവിശേഷ്യങ്ങൾക്ക് വിഭക്തി സാമ്യം ഐച്ഛികമാണെന്നും' ഭാഷാസംസ്കൃതപദങ്ങളെ ചേർത്തുകോർത്തു സമാസിക്കാമെന്നും' മണിക്കും പ്രവാളത്തിനും സമാസത്തിൽ സ്ഥാനനിയമമില്ലെന്നും' ഭാഷയിൽ അലുക് സമാസവും വ്യധികരണബഹുവ്രീഹിയും സ്വീകരിക്കാവുന്നതാണെന്നും ദ്യോതിപ്പിച്ചിരിക്കുന്നു. 'തെളിഞ്ഞു തോന്നവേണം' എന്നതു് പച്ചമലയാളം, 'മമ ചേതസി' എന്നതു വിഭക്ത്യന്ത സംസ്കൃതം. "ഒരേ ചരടിന്മേൽ കോർത്തിരിക്കുന്ന മാണിക്യവും പവിഴവും ഒരു മാതിരി നിറത്തോടു കൂടിയതാകകൊണ്ടു് വേർതിരിച്ചറിയുന്നതല്ല." പാമരന്മാർക്കു കൂടി രസിക്കാവുന്ന വിധത്തിൽ തെളിവുള്ള ഭാഷാപരങ്ങളോടു സുകുമാരങ്ങളായ സംസ്കൃതപദങ്ങളെ യോജിപ്പിക്കുന്നതായാൽ സംസ്കൃതം മുഴച്ചു നിൽക്കുന്നതുമല്ല. "മാണിക്യത്തിന്നും മുത്തിനും ആകട്ടെ പ്രവാളത്തിനും നീലത്തിനും ആകട്ടെ യോഗം കൊണ്ട്‌ ഈ ഭംഗി വരുന്നതല്ല." ഭാഷാസംസ്കൃതപദങ്ങൾക്ക് സ്വരചേർച്ചയോ നിറപ്പറ്റോ പോരാതെ വരുമ്പോഴാണ് 'നെല്ലും മോരും ചേർത്തതുപോലെ' എന്നു വ്യവഹരിക്കുന്നത്.

മുൻ വിവരിച്ച ലക്ഷണങ്ങൾ പൂർത്തിയായിട്ടുള്ള മണിപ്രവാളത്തെ ഉത്തമത്വേന പ്രാചീനകേരളീയന്മാർ പരിഗണിച്ചു വന്നിരുന്നു. കാലാന്തരത്തിൽ എല്ലാറ്റിനും പരിവർത്തനമുണ്ടാവുന്നതുപോലെ മണിപ്രവാളസംജ്ഞയ്ക്കും അർത്ഥപരിണാമം വന്നുകൂടി ലക്ഷണങ്ങളും ശിഥിലങ്ങളായി. സംജ്ഞയുടെ സൂക്ഷ്മതത്വം ഗതാനുഗതികത്വം കൊണ്ടു് ആലോചനയ്ക്കു വിഷയമല്ലാതായി തീർന്നപ്പോൾ ലക്ഷണങ്ങൾ മാഞ്ഞു തുടങ്ങുകയും, ക്രമേണ മണിപ്രവാളത്തിനു വ്യവസ്ഥ കുറയുകയും ചെയ്തു.

ഉണ്ണുനീലിസന്ദേശത്തിൽ വിശേഷണവിശേഷ്യങ്ങളായ മലയാള പദങ്ങൾക്കുതന്നെ വിഭക്തിപ്പൊരുത്തം വരുത്തിക്കാണുന്നുണ്ട്.

"കണ്ടം വണ്ടിൻനിറമുടയോനേകെങ്കനീരോടു തിങ്കൾ
തുണ്ടം ചാർത്തും പരനെ വരമാതിന്നുമെയ്പാതിയോനേ
മണ്ടും മാനേല്ക്കരനെയരനെക്കമ്പിപാമ്പാക്കിയോനെ
ക്കണ്ടേപോവാൻ തരമവിടെ നീ കണ്ടിയൂർ തമ്പിരാനെ"

രാജരത്നാവലീയത്തിൽ പലേടങ്ങളിലും മലയാളപ്രത്യയവും സംസ്കൃതപ്രത്യയവും കൂട്ടിച്ചേർത്തു വിഭക്തിസാമ്യം സമ്പാദിച്ചിരിക്കുന്നു.

"ഭൂലീലാഭംഗികൊണ്ടേ പുതുമയൊടയമേ
കാതപത്രാം തുലോംനാൾ
നാലാഴിക്കെട്ടു ചൂഴും ധരണിയെ മുഴുവൻ
വാണു കൊണ്ടങ്ങിരുന്നു."

ഈ കൃതികളിൽ പ്രാചീന മണിപ്രവാളത്തെത്തന്നെയാണ് ആപാദചൂഡം അവലംബിച്ചിട്ടുള്ളത്. പിന്നീടുള്ള കൃതികളിൽ വിഭക്തിപ്പൊരുത്തവും മണിപ്രവാളസമാസവും ക്ഷയിച്ചു കാണുന്നുണ്ടെങ്കിലും വിഭക്ത്യന്തങ്ങളായ സംസ്കൃതപദങ്ങളുടെ പ്രയോഗം അപ്രമാണീകരിച്ചിട്ടില്ല. നാടോടിമലയാളപദങ്ങളെക്കൊണ്ടു നാടുരസിപ്പിക്കുവാൻ സന്നദ്ധനായി പുറപ്പെട്ട ചെറുശ്ശേരി തന്നെ

"കമലാകരപരിലാളിതകഴൽതന്നിണകനിവോ -
ടമരാവലിവിരവോടഥതൊഴുതീടിനസമയേ
വിവിധാഗമവചസാമപിപൊരുളാകിനഭഗവാൻ
വിധുശേഖരനുപഗമ്യചമധുസൂദനസവിധേ"

എന്നു തുടങ്ങിയുള്ള പ്രയോഗങ്ങൾ അദ്ദേഹത്തിന്റെ കവിതയുടെ ഒഴുക്കുത്തിൽ കടത്തി വിട്ടിട്ടുണ്ട്. ഗംഭിരാശയനായ തുഞ്ചത്തെഴുത്തച്ഛൻ,

"തവ സചിവനഹമിഹ തഥാവിധനല്ലഹോ
ദാസോസ്മി കോസലേന്ദ്രസ്യ രാമസ്യഞാൻ"

എന്നു ഗൈർവാണീദാസനവാൻ അശേഷം സംശയിച്ചിട്ടില്ല. സരസ്വതിയുടെ കുലഗുരുവായ കുഞ്ചൻനമ്പ്യാർ തന്നെ "പൂർണ്ണേഗർഭേ… മൂലകന്ദം മുകന്ദൻ" എന്നതു 'മണിപ്രവാള'ത്തിൽ ചേർക്കുവാൻ മടിച്ചിട്ടില്ല. കണ്ണശ്ശപ്പണിക്കരുടെ പാരദേശികത്വവും, ഉണ്ണായിവാര്യരുടെ ഉച്ശൃംഖലതയും, കഥകളിക്കാരുടെ പാരവശ്യവും, വെണ്മണി മഹൻ നമ്പൂതിരി "ഗതിവിജിതമഹാവമ്പെഴും കൊമ്പനാനെ" എന്ന് അബലാരത്നത്തെ ആനയാക്കീട്ടുള്ളതും ഭാരതരാമായണതർജ്ജമകളിൽ ശുദ്ധകേരളപദങ്ങൾക്കു വരുത്തീട്ടുള്ള വിഭക്തിപ്പൊരുത്തവും മണിപ്രവാളസ്വരൂപനിർണ്ണയത്തിൽ സാധകമോ ബാധകമോ ആയിക്കരുതിക്കൂടാ.

മലയാള കൃതികളായി കേരളീയർ അഭിമാനിച്ചു വരുന്ന ഗ്രന്ഥപരമ്പര വഴിക്കുവഴി പരിശോധിച്ചു നോക്കുന്നതായാൽ ഭാഷയുടേതുപോലെ മണിപ്രവാളത്തിന്റെ രീതിക്കും ഏറക്കുറെ വ്യവസ്ഥയില്ലാതെയാണു കാണുന്നതു്. സർവതോന്മുഖമായ ഒരു സമ്പദായം സ്ഥിരപ്പെടുന്നതു വരെ ഗ്രന്ഥതാരതമ്യം നോക്കി മണിപ്രവാളരീതി വ്യവസ്ഥപ്പെടുത്തുവാനേ സൗകര്യമുള്ളൂ.

"പ്രതികൂലിതാമുപഗതേ ഹി വിധൗ
വിഫലത്വമേതി ബഹുസാധനതാ"

ഇത്യാദിയായി സംസ്കൃതത്തിൽ പലേടത്തും പ്രയോഗിച്ചു വരുന്ന വിഭക്തിശ്ലേഷങ്ങൾ വിഭക്തിപ്രത്യയം ഉപയോഗിക്കാതെ തർജ്ജമ ചെയ്യുന്നതിനും ആനയെപിടിച്ചു അളുക്കിലാക്കുന്നതിന്നും ഉണ്ടാകാവുന്ന വൈഷമ്യത്തിലെന്തന്തരമാണുള്ളത്? വൈഷമ്യം കുറഞ്ഞ ഗ്രന്ഥങ്ങളുടെ തർജ്ജമ ഭാഷയിൽ മലയാളത്തിന്നു പ്രാധാന്യം കൊടുക്കാമെങ്കിലും, ശാകുന്തളമൂലാർത്ഥത്തിനു ഹാനിവരാതെ തർജ്ജമയ്ക്കു യോജിക്കുന്ന മണിപ്രവാളരീതിയിൽ പ്രാചീനത്വമുണ്ടെങ്കിൽ ആയതു് അപരിഹാര്യമെന്നേ ഗണിച്ചുകൂടൂ.

സാധാരണ നാടകങ്ങൾ എടുത്തു പെരുമാറുന്നതുപോലെ ശാകുന്തളനാടകം എടുത്തു പെരുമാറുന്നതു മഹാസാഹസങ്ങളിലൊന്നായിരിക്കും. രസങ്ങളുടെ ആനുഗുണ്യം, ആശയങ്ങളുടെ അനുസ്യൂതത്വം, രചനയുടെ സൗകുമാര്യം, വ്യംഗ്യത്തിന്റെ മഹനീയത്വം മുതലായ ഗുണങ്ങളുടെ വൈശിഷ്ട്യത്തിലുള്ള പ്രത്യയസ്ഥൈര്യം കവിക്കുള്ളതുകൊണ്ടല്ലെ നാടകാരംഭത്തിൽ ആത്മപ്രശംസയ്ക്ക് അവകാശമില്ലാതായി പോകുന്നതെന്നു ശങ്കിക്കേണ്ടിയിരിക്കുന്നു.

വീരാദികളായ അഗരസങ്ങളെ യഥാവസരം കഥാവസ്തുവിൽ സഹജമാകുംവണ്ണം സംഘടിപ്പിച്ച് അംഗിയായ ശൃംഗാരരസവല്ലി പടർത്തിയിരിക്കുന്നതിന്റെ ഭംഗിവിശേഷം പൂത്തു തളിർത്ത ലതകളാൽ പ്രശോഭിതമായ വസന്തത്തിന്റെ വൈഭവം പോലെ വർണ്ണനയ്ക്കു കേവലം അവിഷയമാകുന്നു. 'എന്തഹോ കഥ ശരംതൊടുക്കിൽ' ഇവിടെ വ്യഞ്ജിക്കുന്ന വീരരസം നായകന്റെ ഗുണവർണ്ണനം വഴിയായി നായികാനുരാഗയോഗ്യതയേയും നായകന്നു സംഗമസൗകര്യത്തേയും ഉണ്ടാക്കിക്കൊണ്ട് എപ്രകാരം അംഗിയായ ശൃംഗാരരസത്തെ പോഷിപ്പിക്കുന്നുവോ അപ്രകാരംതന്നെ നാലാമങ്കത്തിലെ കരുണവും നായികയുടെ അശരണാവസ്ഥയെ പ്രബലീകരിച്ചുകൊണ്ട് വിപ്രലംഭത്തിന്റെ തീവ്രതയെ പോഷിപ്പിക്കുന്നു. 'ചാലവേ വലിയ സിംഹി തന്നുടെ' ഇത്യാദി ഘട്ടങ്ങളിൽ സ്ഫുരിക്കുന്ന വിസ്മയം കുമാര വിഷയകമായ പ്രേമത്തേയും ഔൽസുക്യത്തേയും അംഗുരിപ്പിച്ചു കൊണ്ട് പ്രലീനമായി കിടക്കുന്ന രതിക്ക് വീണ്ടും ഉണർച്ചയുണ്ടാക്കിക്കൊടുക്കുന്നു. ഹാസ്യപ്രധാനമായ വിദൂഷകന്റെ വ്യാപാരം ഗുണകഥനാദികളെക്കൊണ്ടു പൂർവ്വരാഗത്തിന്നു പരിപോഷത്തേയും, അയാളുടെ യഥാശ്രുതഗ്രാഹിത്വം സംഭോഗസൗകര്യത്തെയെന്നപോലെ വിപ്രലംഭത്തിന്നൊരു കാരണാന്തരത്തേയും ജനിപ്പിക്കുന്നതിനാൽ ഹാസ്യവും ശൃംഗാരത്തിന്നു സഹായിയായി പരിണമിക്കുന്നു. നായകന്റെ 'മാനത്തോടൊത്തു വളർന്ന' എന്ന കളിവചനം മാഢവ്യൻ കാര്യമായിട്ടു വിശ്വസിച്ചില്ലായിരുന്നുവെങ്കിൽ ശകുന്തളാസംഗമത്തിൽ മൗനം അവലംബിക്കില്ലായിരുന്നു. മാഢവ്യന്റെ ഭൂതബാധാവസരത്തിൽ ദ്യോതിക്കുന്ന ഭയാനകം രാജാവിന്റെ വീര്യത്തെ ഉജ്ജ്വലിപ്പിച്ചു ദേവകാര്യം നടത്തുവാൻ ശക്തിയുണ്ടാക്കിത്തീർത്തു് ശകുന്തളാസമാഗമത്തിന്നു വഴികാണിച്ചു കൊണ്ടു സംഭോഗശൃംഗാരത്തിന്നു പോഷകമായി തീരുന്നു. ബീഭത്സമൂർത്തിയായ മുക്കുവൻ കൊണ്ടുവന്ന മോതിരമാണ് വിപ്രലംഭത്തെ ഉൽബോധിപ്പിക്കുന്നത്. ദുർവാസസ്സിന്റെ രൗദ്രം കഥാവസ്തുവിന്റെ നാരായവേരുമാകുന്നു.

"പുറ്റിന്നുൾപ്പാതി ദേഹം മുഴുകിയൊരരവ
ച്ചട്ടപൂണൂലുമായി-
ച്ചറ്റിക്കെട്ടിപ്പിണഞ്ഞുള്ളൊരു പഴയലതാ
മണ്ഡലാനദ്ധകണ്ഠൻ
പറ്റിത്തോളാർന്നു കൂട്ടിൽ കുരുവികൾ കുടി
കൊള്ളും ജടാജ്രടമോടേ
കുറ്റിക്കൊപ്പം മുനീന്ദ്രൻ കതിരവനെതി -
രായങ്ങു നിൽക്കുന്ന ദിക്കിൽ."

ഇവിടെ ദ്യോതിപ്പിച്ചിരിക്കുന്ന ശാന്തരസം നായകന്നു ഭക്തിയേയും കശ്യപദിദൃക്ഷയേയും ഉല്പാദിപ്പിച്ചുകൊണ്ടു് നായികാസമാഗമപരമാനന്ദത്തിനു ഹേതുഭൂതമായി തീരുന്നു.

ആറാമങ്കത്തിലെ 'സംഭോഗാവസരങ്ങളിൽ' എന്ന പദ്യം വായിക്കുമ്പോൾ 'അത്യന്തം വേപമാനാം' എന്നതിന്റെ പ്രതിബിംബമാണെന്നും, ഭൃംഗത്തിന്റെ നേരെ അന്നു തോന്നിയ ഈർഷ്യ ഹൃദയത്തിൽ ലീനമായി കിടന്നിരുന്നത് ശകുന്തളാസ്മരണത്തോടുകൂടി വികാസത്തെ പ്രാപിച്ചതായി കവി വർണ്ണിച്ചിരിക്കുന്നുവെന്നു ഓർക്കുന്നവരോട് ആശയങ്ങളുടെ അവിച്ഛിന്നഗതിയെപ്പറ്റി വിസ്തരിക്കുന്നതു് അനാവശ്യമാകുന്നു. കാളിദാസന്റെ രചനാസൗകുമാര്യം അതിരുകവിഞ്ഞുപോയൊ എന്നു മാത്രമെ ശങ്കിക്കേണ്ടതുള്ളു. ലൗകികങ്ങളായ വ്യംഗ്യങ്ങള വ്യാഖ്യാതാക്കന്മാർ ചർവ്വിതചർവണം ചെയ്തു കഴിഞ്ഞിട്ടുള്ളതുകൊണ്ടു് വ്യംഗ്യത്തിന്റെ പരമകാഷ്ഠയുടെ പദ്ധതി ചൂണ്ടിക്കാണിക്കുന്നതല്ലാതെ ഗത്യന്തരമൊന്നും കാണുന്നില്ല.

സൂത്രധാരൻ വേദശാസ്ത്രാദികളെ ധരിക്കുന്ന ജഗദീശ്വരൻ, നടതി വിശ്വകൃത്യം എന്ന വ്യുല്പത്തികൊണ്ട് നടി പാർവതി, 2 രഞ്ജയതി വിശ്വമാത്മനാ എന്നർത്ഥത്തിൽ രാജാ പ്രപഞ്ചത്തെ രഞ്ജിപ്പിക്കുന്ന പുരുഷൻ, രഥം മനനം, അശ്വങ്ങൾ, 3 ഇന്ദ്രിയങ്ങൾ, സൂതൻ ശരീരത്തെ പ്രവർത്തിപ്പിക്കുന്ന പ്രാണൻ, മൃഗം സംസാരാഭിലാഷം, വൈഖാനസന്മാർ ജ്ഞാനോപദേഷ്ടാക്കൾ, കുലപതി പരമഗുരു, ശകുന്തള പരമഹംസന്മാരാൽ ആദരിക്കപ്പെടുന്ന ആത്മവിദ്യ, അനസൂയാപ്രിയംവദമാർ ശമദമാദിസാമഗ്രികൾ, വിദൂഷകൻ അഹങ്കാരം എന്നിങ്ങനെ നാടകപാത്രങ്ങളിലും, വിവാഹം ആത്മവിദ്യ ലാഭം, വിസ്മരണം വിഷയാഭിലാഷം കൊണ്ടു അതിന്റെ അപരിസ്പൂർത്തി, കാശ്യപാശ്രമത്തിൽ വെച്ചു ശകുന്തളാദർശനം, സത്സംഗദ്വാരാ ആത്മവിദ്യയുടെ പുനർലാഭം എന്നിങ്ങനെ ഇതിവൃത്തത്തിലും ആദ്ധ്യാത്മികമായ താല്പര്യത്തെ അന്തർഭവിപ്പിച്ചുകൊണ്ട് ലോകരംഗത്തിൽ നമ്മളെല്ലാവരും നടന്മാരാണെന്ന തത്ത്വം ദൃശ്യമായ നാടകത്തിൽ മഹാകവി കാണിച്ചുതന്ന് ലോകത്തെ അനുഗ്രഹിച്ചിരിക്കുന്നതിൽ പുരുഷാർത്ഥത്തിന്റെ പരമോൽക്കർഷവും പ്രതിഷ്ഠിതമായിരിക്കുന്നു.

കേരളഭാഷയുടെ ശ്രേയസ്സിൽ എനിക്കുണ്ടെന്നഭിമാനിക്കുന്ന ആവേശത്തിന്റെ ആധിക്യം നിമിത്തം സാഹിത്യലോകത്തിൽ കടന്നു വല്ല ഗോഷ്ഠിയും ഞാൻ കാണിച്ചിട്ടുണ്ടെങ്കിൽ അതുകൊണ്ടുള്ള സങ്കോചത്തിനു് എതിരായിട്ടു് സത്സമാഗമം കൊണ്ടുള്ള ചാരിതാർത്ഥ്യവും എനിക്കു് സിദ്ധിച്ചിട്ടുണ്ട്. എന്നാൽ മഹാശയനായ കേരളകാളിദാസരുടെ കൃതിയിൽ കൈവെച്ചപ്പോളുണ്ടായ സങ്കോചം പോലൊരു സങ്കോചവും അദ്ദേഹത്തിന്റെ ഇഷ്ടത്തെ അനുസരിക്കുന്നതിലുള്ള ചാരിതാർത്ഥ്യം പോലൊരു ചാരിതാർത്ഥ്യവും ഇതിനുമുമ്പു് ഞാൻ അനുഭവിച്ചിട്ടില്ല; മേലാൽ അനുഭവിക്കുന്നതുമല്ല. കേരളകുലഗുരുവിന്റെ ഒരു കൃതിയെ അവതരിപ്പിക്കുക എന്ന സാഹസകൃത്യത്തിൽ പൂജ്യപാദനായ അദ്ദേഹത്തിന്റെ നിയോഗശക്തി മാത്രമേ ശരണീകരണീയമായിട്ടുള്ളൂ.