Contacts

കെ.രാമകൃഷ്ണപ്പിള്ള
കേരളീയഭാഷാശാകുന്തളം - 2

മംഗളോദയത്തിന്‍ വന്നത്

നാരായണപിള്ളഅവർകൾ തുടങ്ങിയ നടൻമാരുടെ വാക്കുകളും ശ്ലോകങ്ങളും എന്റെ മാനസികമായ കർണപുടത്തിൽ ഇതാ മുഴങ്ങുന്നു. അവർ അഭിനയിക്കുന്ന നാടകം പരിഷ്കരിച്ച ഒന്നാം പതിപ്പായ കേരളീയഭാഷാശാകുന്തളം ആകുന്നുവെന്നുള്ളതു മറന്നുപോകാതിരിക്കാൻവേണ്ടി ഇടയ്ക്ക് എടുത്തു പറഞ്ഞുകൊള്ളട്ടെ ഈ പുതിയ പതിപ്പിലെ ശ്ലോകങ്ങൾ, മുൻവിവരിച്ചമാതിരിയിലുള്ള ഒരു സദസ്സിൽ പതിയ്ക്കുന്ന സമയം, സദസ്സിൽ പലതരക്കാർക്കും ഉണ്ടാകുന്ന അനുഭവത്തിന്റേയും അഭിപ്രായത്തിന്റേയും പ്രകാശനമാണ് എന്റെ ജോലി. എന്നാൽ, ഇതിൽ, വളരെ സവിസ്തരമായിട്ടുള്ള നിരൂപണം ആവശ്യമാണെന്നു തോന്നുന്നേടത്തു അങ്ങനെ ചെയ്യുന്നതല്ലാതെ സാമാന്യേന എല്ലാ സംഗതികളേയും തിരയ്ക്കകത്തുവെച്ച് നിരൂപണം ചെയ്ത് ഉണ്ടാകുന്ന അഭിപ്രായത്തെ സംക്ഷേപ്പിച്ചു പറയുവാനേറെ വിചാരിക്കുന്നുള്ളൂ.

ഒരു നാടക ഗ്രന്ഥത്തെപ്പറ്റി വിചാരണചെയ്യുമ്പോൾ, മേൽപ്പറഞ്ഞ വിധത്തിൽ ഒരു ഭാവനാസൃഷ്ടമായ നാട്യശാലയേയും, അതിൽ വേഷംകെട്ടി കളിയ്ക്കുന്ന നടന്മാരെയും, അവരുടെ മുഖസരണികളിലൂടെയും, ചേഷ്ടകൾ മുഖേനയും, ആ നാടകഗ്രന്ഥം ബഹുജനസമക്ഷത്തിൽ ഏതുപ്രകാരം ദൃഷ്ടമാകുന്നു എന്നതിനെയും, ചിന്തിച്ചാൽ മതിയാകുമായിരുന്നു. എന്നാൽ, ഈ പുസ്തകത്തെ സംബന്ധിച്ചിടത്തോളം, മറ്റൊരു അവസ്ഥകൂടെ ആലോചിക്കേണ്ടതായിരിയ്ക്കുന്നു. കാവ്യങ്ങളെ ദൃശ്യം, ശ്രാവ്യം എന്നു വേർതിരിച്ചിട്ടുണ്ടെങ്കിലും ദൃശ്യകാവ്യം ശ്രവ്യകാവ്യമായും ഭവിയ്ക്കുന്നുണ്ടെന്ന് സ്പഷ്ടമാണല്ലോ. ഇവ വായിച്ചു കേള്‍ക്കുവാൻ മാത്രമല്ല, പാഠശാലകളിൽ ഉപയോഗത്തിനായി കൈക്കൊള്ളുക വഴിയായിട്ട്, പാഠ്യം എന്ന നിലയിലാകയും ചെയ്തിട്ടുണ്ട്. ആകയാൽ, ഇത്തരം പാഠ്യപുസ്തകങ്ങളായി തീർന്നുപോയിട്ടുള്ള ഗ്രന്ഥങ്ങൾക്ക്, വിദ്യാലയങ്ങളിലെ അധ്യേതാക്കളുടെ നിലയിൽനിന്നു കൂടെ ഗുണദോഷചിന്തനം ആവശ്യപ്പെടുന്നു. ഈ ഗുണദോഷനിരൂപണം ഗ്രന്ഥത്തിന്റെ സാഹിത്യവിഷയകമായ ഗുണദോഷങ്ങളെ ചിന്തിക്കുക എന്നതല്ല, അധ്യേതാക്കൾക്കു പഠിപ്പാന്‍ സുഗ്രഹമോ ദുര്‍ഗ്രഹമോ എന്ന ചിന്തയാണ്. ഭാഷാശാകുന്തളത്തിന്റെ പുതിയ പതിപ്പിൽ ചെയ്തിട്ടുള്ള മാറ്റങ്ങൾക്ക് ഇപ്പോൾ പറഞ്ഞ കോടിയിൽനിന്നും എന്തെങ്കിലും ആവേശം തട്ടിയിട്ടില്ലയോ എന്ന ചോദ്യത്തിന് അവകാശമില്ലായ്കയില്ല എന്നു തോന്നുന്നതിനാലാണ്, ഈ സംഗതി കൂടെ പ്രസ്താവിയ്ക്കുന്നത്. അപ്രകാരമൊരു ഗ്രഹാവേശം തട്ടിയിട്ടുണ്ടെന്നാണ് ഞാൻ അനുമാനിച്ചിരിക്കുന്നത് എന്ന് എല്ലാം കൂട്ടിപ്പിടിച്ചു പറയുവാനല്ലാതെ, ആ അനുമാനത്തിലേക്കു കണ്ടിട്ടുള്ള യുക്തിപദങ്ങളെ വിവരിച്ചു പറവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.

പുതിയ പതിപ്പിന്റെ പരിഷ്കാരകർമ്മത്തിങ്കൽ, പരിഭാഷകർത്താവിന്നു പുറമേ പ്രസാധകനും, അദ്ദേഹത്തിന്നും പുറമേ അന്തിമപ്രൂഫ്പരിശോധകനും ഭാഗഭാക്കുകളായിരുന്നിട്ടുണ്ടെന്നു പുസ്തകത്തിന്റെ മുഖവുരയിൽ പറയുന്നുണ്ടല്ലോ. എന്നാൽ, മൂന്നാളും, കവിതാവിഷയത്തിൽ, വിശേഷിച്ചു ഭാഷാകവിതാവിഷയത്തിൽ, ഒരേ രുചിക്കാരും ഒരേ സമ്പ്രദായക്കാരും അല്ലായ്കയാല്‍, ഈ പരിഷ്കാരത്തിന്ന് ഐകരൂപ്യം ഇല്ലാതെ വന്നിട്ടുണ്ടെന്നു മുമ്പു സൂചിപ്പിച്ചിട്ടുമുണ്ട്. മകരം ലക്കത്തിൽ പ്രസിദ്ധപ്പെടുത്തിയ ഒന്നാംലേഖനം എഴുതിയതില്‍ പിന്നെ, ഈ പുതിയ പതിപ്പിന്റെ പരിഷ്കാരത്തെ സംബന്ധിച്ചു ചില വാദപ്രതിവാദങ്ങൾ അന്യത്ര കാണ്മാൻ സംഗതിയാകയും, ശ്ലോകങ്ങളുടെ പാഠഭേദങ്ങൾക്ക് ഉത്തരവാദി ആരാണെന്നുള്ളതിനെപ്പറ്റി ചില രഹസ്യങ്ങൾ അറിവാനിടയാകയും ചെയ്തിരിക്കുന്നതുകൊണ്ടു പ്രസാധകന്റെ സ്ഥാനം നാമമാത്രകമായിരുന്നു എന്നും പാഠഭേദങ്ങളെ സ്വീകരിയ്ക്കയോ ത്യജിയ്ക്കയോ ചെയ്ത വിഷയത്തിൽ അദ്ദേഹത്തിന്റെ അഭിമതത്തിന്നു സർവ്വപ്രാധാന്യം ഉണ്ടായിരുന്നില്ലാ എന്നും പറയേണ്ടി വന്നിരിയ്ക്കുന്നു. ഒരു ഗ്രന്ഥത്തെ തൽകർത്താവിന്റെ തൂലികയിൽ നിന്നു ലഭിച്ച രൂപത്തിൽ കയ്യേറ്റ്, അതിനെ ഗ്രന്ഥകർത്താവിനോടു കൂടി ആലോചിച്ചിട്ടോ,

അല്ലാതെയോ, വേണ്ടുംവിധത്തിൽ സംസ്കരിച്ചു, മുദ്രശാലയിൽനിന്നു പുറപ്പെടുവിയ്ക്കുന്നതുവരെയുള്ള പ്രസാധനകർമ്മം മുഴുവൻ പ്രസാധകന്റെ ചുമതലയിലാണെന്നുള്ള സാധാരണന്യായത്തിന്ന്, ഈ പുസ്തകത്തിന്റെ കാര്യത്തിൽ വ്യത്യാസം വന്നിട്ടുണ്ടെന്നു പറഞ്ഞു കാണുന്ന സ്ഥിതിയ്ക്കു, പ്രസാധകൻ ആ സ്ഥാനത്തെ സമ്മതിച്ചെഴുതിയത് അനാവശ്യമായ ദുശ്ശങ്കകൾക്കു ഹേതുവാകയാൽ യുക്തമായില്ലാ എന്നു പറഞ്ഞുകൊള്ളട്ടെ. എന്നാൽ, ഒരു സംഗതിയെ മറന്നു കളയുന്നില്ലാ; അതാവിതു, ശ്ലോകങ്ങൾ പലതും പ്രസാധകൻ ഭേദപ്പെടുത്തി എന്ന വസ്തുത തന്നെ. പരിഭാഷാകർത്താവാകട്ടെ, തന്റെ ശ്ലോകങ്ങൾക്ക് അർത്ഥാലങ്കാരത്തിന്നൊപ്പം തന്നെ ശബ്ദഭംഗിയുമുണ്ടായിരിക്കണമെന്നു നിഷ്ഠയുള്ള കവിയാണ്; പ്രസാധകനാകട്ടെ, ശബ്ദാഡംബരമായ കൃതിയേക്കാൾ അർത്ഥഗൗരവമുള്ള കൃതിയെ അധികം താൽപര്യപ്പെടുന്ന കവിയുമാണ്; ഈ പ്രതിപത്തി നിമിത്തം അദ്ദേഹം ശബ്ദഭംഗിയിൽ 'ഭ്രമക്കാര'നുമല്ല; ഇത് അദ്ദേഹം തന്റെ ഗ്രന്ഥങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹത്തിന്നു ശബ്ദഭംഗിയോടുകൂടിയ കൃതികൾ എഴുതുവാൻ ശക്തിയില്ലായ്കകൊണ്ടല്ലാ അങ്ങനെയുള്ള കൃതികൾ എഴുതാത്തത് എന്നും, അതിൽ താൽപര്യം ഇല്ലായ്കയാണ് അതിന്നു കാരണമെന്നും പലേ ദൃഷ്ടാന്തങ്ങളാല്‍ വെളിപ്പെട്ടിട്ടുള്ളതാണ്. പരിഭാഷാകർത്താവും പ്രസാധകനും ഇപ്രകാരം രണ്ടു വിപരീതകോടികളിൽ നിൽക്കുകകൊണ്ടാണ്, ഈ പാഠപരിഷ്കാരത്തിൽ, ഭിന്നിപ്പു കാണുന്നത്. അതുമാത്രമല്ലാ അന്തിമപ്രൂഫ് പരിശോധിക്കാനായ ആളോ, ഭാഷാകവിതാവിഷയത്തിൽ മറ്റൊരു പദ്ധതിയെ തുടരുന്ന കവിയാണ്. ഇദ്ദേഹം ദ്വിതീയാക്ഷരപ്രാസദീക്ഷയിൽ ഏറെ നിർബന്ധവും, ഈയിടെയായി 'പച്ചമലയാള'ത്തിൽ താൽപര്യവും വച്ചിരിക്കുന്ന ആളാണ്. ഇദ്ദേഹവും അർത്ഥകല്പനയെ അപ്രധാനമാക്കുന്ന ആളല്ല; പക്ഷേ, ശബ്ദാഡംബരത്തിൽ കാണിച്ചുവരുന്ന താൽപര്യം - കലശലായ 'ഭ്രമം' എന്നു കൂടെ പറവാന്‍ തോന്നുന്നു - ഇദ്ദേഹത്തെ, പരിഭാഷകർത്താവിന്റെ പദ്ധതിയോടു അടുപ്പമാക്കുവാൻ സഹായിച്ചിട്ടുണ്ട്. പരിഭാഷകനും പ്രസാധകനും തമ്മിലും; പ്രസാധകനും പരിശോധകനും തമ്മിലും; പരിഭാഷകപരിശോധകന്മാരൊന്നായും പ്രസാധകനും തമ്മിലും, ഉള്ള രുചിഭേദം, രീതിഭേദം, പദ്ധതിഭേദം എന്നിങ്ങനെയുള്ള ഭേദങ്ങളാല്‍ മുൻപറഞ്ഞ ഭിന്നിപ്പു വളരെ പ്രകടമായും ഭവിച്ചിട്ടുണ്ട്. ഉള്ളിലുള്ള അഭിപ്രായം തുറന്നു പറയുന്നതുകൊണ്ട് ആർക്കും പരിഭവം തോന്നേണ്ടാത്തതാകയാൽ, ഈ മൂന്നു കവികളുടെയും പലേ ശ്ലോകങ്ങളെ വായിച്ചു നോക്കിയിട്ടുള്ളേടത്തോളം അഭിപ്രായപ്പെടുന്നതായാല്‍ , ഇവരിൽ ഒരാളുടെ മാത്രം ശ്ലോകങ്ങള്‍ക്കാണ് നടന്മാർ രംഗത്തിൽ ചൊല്ലി അഭിനയിച്ചു സദസ്യരെ തൃപ്തിപ്പെടുത്തുന്നതിന്നു തക്കവണ്ണം ലാളിത്യവും മാധുര്യവും ഉള്ളത്, എന്നു നിശ്ശങ്കം പറഞ്ഞുകൊള്ളുന്നു. ആ ഒരാൾ പരിഭാഷകൻ ആകുന്നുതാനും. ഈ മഹാകവിയുടെ ശ്ലോകങ്ങൾക്കുള്ള ശയ്യ അനന്യസാമാന്യമാണെന്ന് ആരും സമ്മതിച്ചിട്ടുള്ളതുമാണല്ലോ. നാടകത്തെ പുരസ്കരിച്ചിട്ടാണ് ഞാൻ ഈ അഭിപ്രായം പറയുന്നതെന്നു പ്രത്യേകം അറിയിയ്ക്കുന്നു. മറ്റു രണ്ടു കവികളും ശ്രവ് കാവ്യങ്ങളിൽ തങ്ങളുടെ കവനവൈഭവത്തെ പ്രദർശിപ്പിച്ചിട്ടില്ലാ എന്ന് ഇതുകൊണ്ട് അർത്ഥമാക്കുന്നില്ലാ. ഒരു നടനശാഖയിലെ സദസ്യരെ അപഹൃതചിത്തവൃത്തികളാക്കിതീർക്കുന്നതായി അനിര്‍വാച്യമായുള്ള മാധുര്യം, ശ്രോത്രാഭിരാമത, അല്ലെങ്കിൽ സുഖശ്രവത, വലിയകോയിത്തമ്പുരാൻ തിരുമനസ്സിലെ സ്വന്തം കൃതിയായ ശ്ലോകങ്ങളിൽ അന്തർലീനമായിരുന്നു, നടന്മാരുടെ മുഖങ്ങളിൽ നിന്ന് ആ ശ്ലോകങ്ങൾ നിർഗ്ഗമിക്കുമ്പോൾ, രമണീയമായ വിധത്തിൽ പ്രവഹിയ്ക്കുന്നുണ്ടെന്നുള്ളതിനാലാണ് ശാകുന്തളത്തിന്റെ പരിഷ്കാരത്തിൽ അവിടുന്ന് എന്തുമാത്രം പങ്കെടുത്തിട്ടുണ്ടെന്നു നിർണ്ണയിപ്പാൻ മറ്റുള്ളവർ കുതുകികളായിരിക്കുന്നത്. എന്നാൽ, ശ്ലോകകർത്താവിനെ തരാക്കി അറിഞ്ഞിട്ടല്ലാ ശ്ലോകങ്ങൾ നാടകത്തിൽ രമണീയമായിരിക്കുന്നുവോ എന്നു നിശ്ചയിക്കേണ്ടത്; ഇതു ശ്ലോകങ്ങളുടെ തന്നെ യോഗ്യതകൊണ്ടു വരേണ്ടതാകുന്നുവല്ലോ. ആകയാൽ, അവയുടെ യോഗ്യതയെ ചിന്തിയ്ക്കാം

തുടരും

താളിളക്കം
!Designed By Praveen Varma MK!