Contacts

കെ രാമപിഷാരടി

കാളിദാസരുടെ കാവ്യദോഷം ഒരു മറുവടി

1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. എന്നാൽ സാമ്പത്തികക്ളേശംമൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു.

ആഹാര്യനിശ്ചയഘടിതമാണെന്ന് ചന്ദ്രികാദിഗ്രന്ഥംകൊണ്ട് സ്പഷ്ടമാണ്. പ്രകൃതശ്ലോകത്തിന്റെ ഉത്തരാർദ്ധത്തില്‍ അസംബന്ധാതിശയോക്തിയെന്ന അലങ്കാരമുണ്ടെന്നുള്ളത് ചിത്രമീമാംസയിലും സാഹിത്യദര്‍പ്പണത്തിലും ഈ ശ്ലോകത്തെ ഈ അലങ്കാരത്തിന്നു ദൃഷ്യാന്തമായി കൊടുത്തിട്ടുള്ളതില്‍ നിന്ന് വ്യക്തമാണല്ലോ. രാജാവിൻറെ കവികല്പിതമായ ഈ നിശ്ചയം ആഹാര്യമെന്ന് വരുമ്പോൾ തപഃപ്രഭാവജ്ഞാനം ഇല്ലെന്നും മറ്റും എങ്ങനെ സിദ്ധിക്കുന്നു. നേരെമറിച്ച് മുനിക്ക് തദ്രൂപനിര്‍മ്മാണസാമര്‍ത്ഥ്യവും തന്മൂലമായ തപഃപ്രഭാവവും ഉണ്ടെന്നല്ലേ സിദ്ധിക്കുന്നത്? മുഖാദികളിൽ ചന്ദ്രാദ്യൈകകൽപ്പനകൊണ്ടു കവികൾക്ക് മുഖചന്ദ്രാദികളുടെ വാസ്തവഭേദബുദ്ധിയില്ലെന്നോ പരമാര്‍ത്ഥജ്ഞാനമാല്ലെന്നോ വരുന്നതാണോ? മുഖം ചന്ദ്രനല്ലെന്നുഉള്ള പരമാർത്ഥജ്ഞാനത്തോടുകൂടി അതിനെ ചന്ദ്രനാക്കി കൽപ്പിക്കുമ്പോൾ മാത്രമേ അലങ്കാരം ഉണ്ടെന്നുപറഞ്ഞുകൂടൂ.

ഇനി പ്രകാരന്തരേണ രൂപത്തെ വർണിക്കരുതേ എന്ന ചോദ്യത്തിന് ഉപയാന്തരസ്യ ഉപയാന്തരാ ദൂഷകത്വം എന്നുമാത്രം ഇപ്പോൾ സമാധാനം പറഞ്ഞുകൊള്ളുന്നു. തപഃപ്രഭാവജ്ഞാനഭാവം എന്ന ദോഷം രാജാവിന്ന് ഇല്ലെന്ന് വരുമ്പോൾ തപസ്വിനിന്ദനം എന്ന് ദോഷത്തിനും അവകാശമില്ലല്ലോ. ഭംഗ്യാഭാസുരഗാത്രി എന്നതിന്റെ മൂലശ്ലോകത്തിലെ വേദാഭ്യാസജഡഃ വിഷയവ്യാവൃത്തകൗെതൂഹലഃ എന്നുള്ള വിശേഷണ പദങ്ങളിൽ ആദ്യത്തേതിന് വേദങ്ങളുടെ അഭ്യാസം കൊണ്ട് ജഡന്‍, ഇതര ലൗകികവിഷയങ്ങളുടെ അനുഭവമില്ലാത്തവന്‍ എന്നും, രണ്ടാമത്തേതിന് ആ വിഷയങ്ങളിൽ ഇച്ഛയില്ലാത്തവൻ എന്നും അർത്ഥമാകുന്നു. ഇതുകൊണ്ട് ഈ വിധമുള്ള ഉർവശീരൂപസൃഷ്ടിയിൽ മഹർഷിയുടെ മനസ്സ് പ്രവർത്തിക്കുന്നതല്ലെന്നു സിദ്ധിക്കുന്നു. മുനി എന്നതിന് മനനശീലൻ എന്നർത്ഥമാകയാല്‍ മറ്റൊന്നിങ്കല്‍ മനസ്സ് ചെയ്യുന്നില്ലെന്നു വ്യക്തമാക്കുന്നു. പുരാണഃ എന്നതുകൊണ്ട് ഈ അവസ്ഥ താൽക്കാലികയല്ലെന്ന് സൂചിപ്പിക്കുന്നു. മുനിയെന്ന പദംകൊണ്ട് സ്വാഭാവികമായ വൈരൂപ്യത്തെയും സൂചിപ്പിക്കുന്നു. ഇതിൽനിന്നും ലോകരീത്യാ ആലോചിക്കുമ്പോൾ ഉർവശീരൂപത്തിനും മഹർഷിക്കും ജന്യജനകഭാവം വരുവാൻ തരമില്ലെന്നല്ലാതെ തപഃപ്രഭാവംകൊണ്ട് മഹർഷിക്ക് ഈ രൂപസൃഷ്ടിസാമർത്ഥ്യമില്ലെന്ന് രാജാവ് നിശ്ചയിക്കുന്നില്ല. അതിനാൽ രാജാവിന്നു വേദപ്രഭാവജ്ഞാനം ഇല്ലെന്ന് വിചാരിക്കാൻ ന്യായവുമില്ല.

പറഞ്ഞമാതിരി ദോഷങ്ങളൊന്നും ഇല്ലെന്നു വരുമ്പോൾ രാജാവിന്റെ ഈ ദോഷങ്ങൾ താൽക്കാലികങ്ങളാകയാൽ സല്പുരുഷത്വത്തെ നശിപ്പിക്കില്ലെന്നുള്ള ചിലരുടെ സമാധാനത്തെ ഊഹിക്കുവാനും അതിനോടു മുക്കാലും യോജിക്കുവാനും ഉള്ള ഭാരവും ഇല്ലല്ലോ. ഇനി അനാവശ്യകമായ അധികലേഖനംകൊണ്ട് രസികരഞ്ജിനിയ്ക്കു സ്വാര്‍ത്ഥഹാനി വരുത്താതെ തൽക്കാലം ഈ മറുപടി അവസാനിപ്പിക്കുന്നു.

താളിളക്കം
!Designed By Praveen Varma MK!