Contacts

രസികരഞ്ജിനി

അരയുകാരം

1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. എന്നാൽ സാമ്പത്തികക്ളേശംമൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു.

ആചാര്യരവർകളുടെ ആ വിധത്തിലുള്ള അഭിപ്രായം കിട്ടുവാനിടവരുന്നതായാല്‍ വളരെ ഉപകാരമായിരിക്കും. 'വിറകൊന്നിളക്കിയാൽ തീയെരിയുംധര്‍ഷിയ്ക്കിലഹിപടമെടുക്കും' എന്ന സമ്പ്രദായപ്രകാരം ഞങ്ങളുടെ ഈ ഇളക്കൽകൊണ്ട് ആചാര്യരവര്‍കളുടേയോ മറ്റുള്ള മലയാളപണ്ഡിതന്മാരുടേയോ പ്രതിഭാഗ്നി ഉജ്വലിച്ചാൽ ഞങ്ങളുടെ പ്രയത്നം സഫലമായി എന്നേ വിചാരമുള്ളൂ.

ദ്രാവിഡ മൂലഭാഷയുടെ അവാന്തരശാഖകളായ തെലുങ്ക്, കർണാടകം, തമിഴ്, മലയാളം, തുളു മുതലായ ഭാഷകളിൽ നാമധാതുക്കളുടെ മൂലം ഒന്നാണെങ്കിലും ദേശഭാഷഭേദേന ഉച്ചാരണങ്ങള്‍ക്കു പലെ വ്യത്യാസങ്ങളും സംഭവിച്ചിട്ടുണ്ടെന്നുള്ളതിനും പുറമേ ആഗമങ്ങൾ, ആദേശങ്ങൾ എന്നിവയുടെയും മറ്റും വ്യത്യസ്തതയാകുന്നു മേൽപ്പറഞ്ഞ ഭാഷകളെ പരസ്പരം വേർതിരിച്ചു നിർത്തുന്നത് എന്നുള്ള തത്വം ഭാഷചരിത്രശാസ്ത്രജ്ഞൻമാരുടെ പരമസിദ്ധാന്തമാണല്ലോ.

പ്രാകൃത ഭാഷകളിലെന്നപോലെ ഇന്ത്യയിലുള്ള സകലദേശ്യഭാഷകളിലും ഹലന്ത പദങ്ങൾക്ക് അജന്ത ഭാവം വിധിച്ചിട്ടുള്ളതിനെ നമ്മുടെ ദ്രാവിഡ ഭാഷാശാഖകളിലെല്ലാം പ്രത്യേകിച്ചും സ്വീകരിച്ചിട്ടുണ്ടെന്നുള്ളതും സൂക്ഷ്മജ്ഞന്മാർ സമ്മതിക്കാതിരിക്കയില്ല.

എന്നാൽ പല വിഷയത്തിലും വിശേഷിച്ചു പരസ്പരസാമ്യമുള്ള തമിഴും മലയാളവും തമ്മിൽ, ഹലന്തപദം അജന്തമാക്കുന്ന വിഷയത്തിൽ സൂക്ഷ്മമായ ഒരു ഭേദഗതിയോടുകൂടിയാണ് വേർതിരിഞ്ഞു നിൽക്കുന്നത്. കാട്, വീട്, ചാറ്,ചോറ്, മുതലായി രണ്ടു ഭാഷകളിലും സമാവകാശമുള്ള ഹലന്തപദങ്ങളെ, തമിഴ് ഭാഷയിൽ കുറ്റിയലുകരം അല്ലെങ്കിൽ അരയുകാരം എന്നു പറഞ്ഞു വരുന്ന സംവൃതോകാരംകൊണ്ടാണ് അജന്തമാക്കുന്നത് എങ്കിൽ മലയാളഭാഷ സംവൃതാകാരംകൊണ്ടാണ്. ഈ അതിസൂക്ഷ്മമായ വ്യത്യാസം കൊണ്ടാണ് ഈ വിഷയത്തിൽ മലയാളവും തമിഴും വേർതിരിയുന്നതും മദ്ധ്യമലയാളത്തിലും തമിഴിലും നടന്നുവരുന്ന ഈ ആന്ത്യസ്വരോച്ചാരണത്തെ നല്ലവണ്ണം മനസ്സുവെച്ച് പരിശോധിച്ചാൽ ഈ വ്യത്യാസം വ്യക്തമാകുകയും ചെയ്യും. ഈ ഭേദം എഴുതിക്കാണിക്കാൻ പ്രയാസപ്പെടും എങ്കിലും കേരളത്തിലെ സംവൃതാകാരം എഴുതുവാൻ കൃഷ്ണമാചാര്യവർകളുടേയും തമിഴിലെ സംവൃതോകാരം കുറിപ്പാന്‍ കേരളപാണിനീയത്തിന്റേയും ലിപിന്യാസരീതി പിടിച്ചു കാണിക്കാം. ചോറ(അകാരം) ചോറു് (ഉകാരം) ഇതുതന്നെ വിസർഗ്ഗത്തോട് കൂടുന്ന ഘട്ടത്തിൽ ഇതിലധികം സ്പഷ്ടമായിരിക്കും. ശാസനാര്‍ത്ഥത്തില്‍ ഓട്ഃ(അകാരം) ഓടു്ഃ(ഉകാരം) ബഹുസൂക്ഷ്മമായ ഈ ഉച്ചാരണഭേദത്തെ മലയാളരാജ്യത്തിന്റെ ദക്ഷിണോത്തരഭാഗങ്ങളിൽ പാർക്കുന്നവരും സഹ്യപർവ്വതത്തിന്റെ പൂർവ്വഭാഗത്തിലിരിക്കുന്നവരും അത്രെ അറിഞ്ഞില്ലെന്നുവന്നാലും ഒട്ടും കഷ്ടമില്ല. സൂക്ഷ്മമാലോചിക്കാത്തവർ ഉച്ചാരണത്തിൽ അതിസാമ്മ്യമുള്ള ഈ ഘട്ടത്തിൽ തെറ്റിദ്ധരിച്ച് പോകുന്നതിലും ലേശംപോലും അത്ഭുതപ്പെടാനില്ല. പക്ഷേ തങ്ങൾക്കു പറ്റിയ ഈ തെറ്റിനെ, പ്രാചീനന്മാരും ഋഷികല്പന്മാരും മന്ത്രദ്രഷ്ടാക്കളുമായ നമ്മുടെ പൂർവപുരുഷന്മാരുടെ തലയ്ക്കുവെക്കുന്നത് വലിയ

കഷ്ടവും സങ്കടവുമായിത്തീരുമെന്ന് പറയാതെ കഴികയില്ല. അവരോ അവരുടെ പിൻവാഴ്ചക്കാരായ മധ്യകാലകേരളീയരോ തമിഴിൽ പരിചയമില്ലായ്കയാൽ അരയുകാരത്തിന്റെ മറിമായമറിയാഞ്ഞതുകൊണ്ട് മാത്രം സംവൃതാകാരമാണെന്നു തെറ്റിദ്ധരിച്ചുപോയതിനെ ഗതാനുഗതിക ന്യായേന ഇന്നും ചിലർ അനുസരിക്കുകയാണെന്നു വിചാരിപ്പാനും ന്യായമുണ്ടെന്നു തോന്നുന്നില്ല. മദ്ധ്യകാലത്തെ സാഹിത്യഗ്രന്ഥങ്ങളായ ലീലാതിലകം, ഉണ്ണുനീലിസന്ദേശം മുതലായവ വായിച്ചിട്ടുള്ളവർ ഈ ന്യായവാദത്തെ സയുക്തികമായിട്ടു ഖണ്ഡിപ്പാന്‍ സന്നദ്ധന്മാരായിരിക്കും.


ഈ ഒരു സംഗതി കൊണ്ടുതന്നെ കുറ്റിയലുകാരമെന്നു തമിഴിൽ പറയുന്ന എന്ന് അരയുകാരമേ അല്ല മലയാളഭാഷയിൽ വിധിച്ചിട്ടുള്ളതെന്നും വേണമെങ്കിൽ അരയുകാരമെന്നു പേരുകൊടുക്കാവുന്നതായ സംവൃതോകാരമാണെന്നും വ്യക്തമാകുന്നുണ്ടല്ലോ.

നിൽക്കൂ, ഇരിക്കൂ, പോരു എന്നും മറ്റുമുള്ള വിദ്ധ്യര്‍ത്ഥങ്ങളായ ക്രിയാപദങ്ങളുടെ ഒടുവിലുള്ള ഊ പ്രത്യയം ആദരശാനാദികളും കൂടി വിവക്ഷിക്കുമ്പോൾ ലോപിച്ചു പോകുന്നു. പിന്നീട് ഹലന്തങ്ങളായി തീർന്നിരിക്കുന്ന അവയെ അജന്തങ്ങളാക്കുവാന്‍ അന്ത്യസ്വരം ചേർക്കുന്നത് സംവൃതാകാരമാണെങ്കിലും ചിലപ്പോൾ വിവൃതമായിട്ടും ഉച്ചരിക്കാറുമുണ്ട്. ആദരം സൂചിപ്പിക്കുമ്പോൾ നില്ക്ക, ഇരിയ്ക്ക, പോര (പോരിക) എന്നത്രെ പറയുമാറുള്ളത്. നില്ക്ക്, ഇരിയ്ക്ക്, പോര് എന്നു ശാസനാർത്ഥത്തിലും ഉപയോഗിച്ചുവരുന്നു. ഇതുതന്നെ ശാസനാതിശയത്തിൽ വിസർഗ്ഗത്തോടു കൂടിയാണ് പ്രയോഗിക്കുക. നില്ക്ക്ഃ, ഇരിയ്ക്ക്ഃ, പോര്ഃ ഈ വക പ്രയോഗങ്ങൾ പണ്ടും ഇക്കാലത്തും സുലഭങ്ങളാകുന്നു. ബ്രാഹ്മണർ (നമ്പൂരിമാർ) കേരളത്തിൽ കുടികേറിപ്പാർത്തു തുടങ്ങിയതു മുതല്ക്കേ ആര്യബ്രാഹ്മണരായിരുന്നാലും ഇവർ മലയാളികളായിത്തീർന്നതിനെ അംഗീകരിക്കാൻ വേണ്ടി സ്വഭാഷയായ മലയാളത്തിൽ ചില മന്ത്രങ്ങൾ ഷോഡശക്രിയകളിലും മറ്റും ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഉപനീതനായ ബ്രഹ്മചാരിയോട് ആചാര്യൻ ഭിക്ഷ വാങ്ങിവരുവാൻ ശാസിക്കുന്നതായ ഒരു മന്ത്രം നോക്കുക. 'പിച്ച പുക്കു പോരഃ' ഈ മന്ത്രം സംവൃതാകാരാന്തമായിട്ടു ചൊല്ലേണ്ടതാണെങ്കിലും സംവൃതോകാരാന്തമായിച്ചൊല്ലിപ്പോയാൽ പിഴയായിത്തീരുമെന്നുള്ള നിശ്ചയം നിമിത്തം വിവൃതാകാരാന്തമായിട്ടാണ് ചൊല്ലിവരുമാറുള്ളത്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, മലയാളവും നമ്പൂരിമാരും തമ്മിൽ സംബന്ധമുണ്ടായ അന്നുമുതൽക്കേ തുടങ്ങിയ നടപ്പാണ്. ഈ ഒരു സംഗതി കൊണ്ടുതന്നെ കുറ്റിയലുകരമെന്നു തമിഴിൽ പറയുന്ന എന്ന് അരയുകാരമേ അല്ല മലയാളഭാഷയിൽ വിധിച്ചിട്ടുള്ളതെന്നും വേണമെങ്കിൽ അരയുകാരമെന്നു പേരുകൊടുക്കാവുന്നതായ സംവൃതാകാരമാണെന്നും വ്യക്തമാകുന്നുണ്ടല്ലോ. തമിഴുഭാഷയിൽ സംവൃതോകാരം വിധിച്ചിട്ടുള്ളത് അഗസ്ത്യ മഹർഷിയാണെന്നൊരു മാഹാത്മ്യം പഴമക്കാർ പറയുന്നുണ്ടെങ്കിൽ മലയാളത്തിൽ സംവൃതാകാരം നിയമിച്ചിരിക്കുന്നത് പരശുരാമ മഹർഷിയാണെന്നു നമ്മുടെ കുലവൃദ്ധന്മാരും

പറഞ്ഞുവരാറുണ്ടെന്നുള്ളതും തുല്യന്തന്നെ. മലയാളത്തിന്റെ ആദ്യകാലം മുതൽക്കെ മന്ത്രസിദ്ധി വരുത്തിപ്പോന്നിരിക്കുന്ന നമുക്ക് ഈ വക ആര്‍ഷമന്ത്രങ്ങളും മറ്റും സംവൃതാകാരത്തിന്നു വലിയ രക്ഷാകാരങ്ങളായിരിക്കുന്ന കാലത്തൊന്നും തമിഴുഭാഷയുടെ അജന്തഭാവസാധനമായ അരയുകാരം കൊണ്ടു കാട്ടുന്ന മായാപ്രയോഗം മലയാളത്തിനോടു ഫലിക്കയില്ലെന്നാണ് ഞങ്ങൾക്കു തോന്നുന്നത്.

എന്നാൽ കാട്, വീട് മുതലായ പദങ്ങളുടെ ബഹുവചനങ്ങളിൽ എന്നിങ്ങനെ വിവൃതോകാരത്തോടു കൂടി ഉച്ചരിക്കുന്നതെന്തുകൊണ്ട്? ഇതു വിചാരിക്കുമ്പോൾ സംവൃതാകാരമല്ല സംവൃതോകാരമാണ് എന്നല്ലേ വിശ്വസിക്കേണ്ടത്? എന്നാണൊരു ചോദ്യമുള്ളത്. അരയുകാരമായാലും ശരി; അരയകാരമായാലും ശരി; അതിന്നു, ഹല്ലു പരമായി വരുമ്പോൾ മുറ്റിയലുകരമെന്നു പറയപ്പെടുന്ന വിവൃതോകാരം ആദേശമായി വരുമെന്നൊരു പ്രത്യേക വിധി രണ്ടു പക്ഷത്തിലും സ്വീകരിയ്ക്കാതെ കഴികയില്ല. അവിടെ അകാരമല്ലാതെ ഉകാരം വിധിച്ചത് ഉകാരവാദികൾക്ക് അനുകൂലമാണെങ്കിൽ, ഉച്ചാരണസൗകര്യമാണ് സന്ധിബീജം എന്നും സ്ഥാനപ്രയത്നാദികളുടെ ആന്തരതമ്യം വഴിയ്ക്കാണ് അക്ഷരങ്ങൾക്ക് മാറ്റം വരുന്നത് എന്നുമുള്ള ഭാഷാതത്വശാസ്ത്രം വിചാരിക്കുന്നതായാൽ പ്രകൃതത്തിലിരിക്കുന്ന സംവൃതാകാരത്തിനും ഹല്ലു പരമാകുമ്പോൾ വിവൃതോകാരം കൊടുക്കുന്നത് അകാരവാദികൾക്ക് സംവൃതസാമ്യം മൂലമായി ആപാദസിദ്ധമായ ഒരു ക്ലിഷ്ടപക്ഷമാണെന്നു പറയാം. വിശേഷിച്ച് ഈ വിധി പാക്ഷികമാണെന്നും, സംഭാഷണത്തിലും, പ്രാചീനലേഖനങ്ങളിലും സംവൃതാകാരമായിട്ടുതന്നെയാണ് ഉപയോഗിച്ചു കാണുന്നതെന്നും, സാധിക്കാൻ ഞങ്ങൾക്ക് വളെരെ ലക്ഷ്യങ്ങളുണ്ട്. മധ്യകേരളത്തിൽ ഇതുവരെ കണ്ടുകിട്ടിയ പഴയ ലേഖനങ്ങളിലൊക്കെയും എന്നുമാത്രമല്ല തമിഴിനോട് വളരെ സാമ്യമുള്ള വട്ടെഴുത്ത്, കോലെഴുത്ത് മുതലായ പണ്ടത്തെ മലയാന്തമിഴുറിക്കാട്ടുകളിലും കാട്, വീട് തുടങ്ങിയ പദങ്ങളെ ഉകാരന്തങ്ങളായിട്ടല്ല, അകാരാന്തങ്ങളായിട്ടുതന്നെയാണ് എഴുതിക്കണ്ടിട്ടുള്ളത്. സംവൃതാകാരപക്ഷത്തിലും സംവൃതോകാരപക്ഷത്തിലും അച്ചു പരമാകുമ്പോൾ ഈ അന്ത്യ സ്വരത്തിന് പരരൂപവും (ചോറ് + ഇല്ല = ചോറില്ല) ഹല്ലുപരമാകുമ്പോൾ പാക്ഷികമാണെങ്കിലും, വിവൃതമായ ഉകാരാഗമവും, (കാട് +കണ്ടു = [കാട് കണ്ടു ] കാടു കണ്ടു ) എന്നീ സന്ധികൾ തുല്യമാണെന്നിരിയ്ക്കിലും, ഇരിയ്ക്ക്, നില്ക്ക് ഇത്യാദികളായ ഈ പ്രത്യയലോപഘട്ടങ്ങളിൽ സംവൃതാകാരം വിവൃതാകാരമാക്കി ഉച്ചരിച്ചാൽ ഇരിയ്ക്ക, നില്ക്ക ഇത്യാദി രൂപം കിട്ടുമെന്നും അതിനായിട്ടൊരു പ്രത്യേക പ്രത്യയവിധി ആവശ്യമില്ലെന്നും ഉള്ള ഒരു നല്ല ലാഘവം സംവൃതാകാരപക്ഷത്തിൽ പ്രത്യക്ഷമായിക്കാണുന്നുണ്ട്.

എല്ലാംകൊണ്ടും നോക്കുമ്പോൾ തമിഴുഭാഷയിൽ സംവൃതോകാരവും മലയാളഭാഷയിൽ സംവൃതാകാരവും എന്നു ഭാഗിച്ചു വെയ്ക്കുകയാണ് ഉത്തമപക്ഷം എന്നാണ് ഞങ്ങളുടെ അഭിപ്രായം.

താളിളക്കം
!Designed By Praveen Varma MK!