Contacts

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍

സ്യമന്തകം



കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ സ്യമന്തകം ഭാഷാനാടകം (1066) കടത്തനാട്ട് ഉദയവർമ്മ തമ്പുരാന്റെയും കെ സി നാരായണൻ നമ്പ്യാരുടേയും പ്രസാധകത്വത്തിൽ നാദാപുരത്തുനിന്നും പുറപ്പെട്ടുകൊണ്ടിരുന്ന ജനരജിനി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധം ചെയ്തിരുന്നു.




സാത്യകി-

ഇങ്ങിനെയിനിയും തോറ്റിടു-
മങ്ങനുജൻ ഞാൻ കളിച്ചിടുന്നേരം;
അംഗനമാരൊടു കാട്ടിന
ഭംഗി നരാധീശ! നമ്മൊടൊത്തിടുമോ? 12


ശ്രീകൃഷ്ണൻ- (വിചാരം) ആട്ടേ ഇയ്യാൾ ജയിക്കട്ടേ. ജയിച്ചാലേ മേനി പറയുന്നതു കേൾപ്പാൻ തരമുള്ളു.
(സ്പഷ്ടം)

മടക്കവും തേ ജയവും സഖേ! ക-
യ്യടക്കമാണെന്നിഹ തോന്നിടുന്നു;
മിടുക്കുവെച്ചൊട്ടു തിരുമ്മി നന്നായ് -
ക്കിടുക്കിയിച്ചുക്കിണി വിട്ടുകൊൾക. 13


സാത്യകി- ഞാനടക്കിക്കളിക്കുന്നുണ്ടെന്നാണോ ഇവിടുന്നരുളിചെയ്യുന്നത്. ആട്ടെ. എന്നാൽ ആ അപവാദം തീര്‍ന്നിട്ടേ ഉള്ളു ഇനി കളി. അടക്കിക്കളിച്ചാലെന്താണ്?

അടക്കയിമ്പോടു കളിച്ചു,മാന-
മെടുക്കുകെന്നാലതിനെന്തു ദോഷം?
പൊടുക്കനെ വെച്ചു തിരുമ്മിയിട്ടു
കിടുക്കി വീട്ടീടുകിലെന്തു മാനം? 14


തിരുമ്മിക്കളിച്ചിട്ടുള്ള ജയമാണെങ്കിൽ ഇലയിട്ടുനോക്കി നിശ്ചയിച്ചാൽ പോരേ? അകം വീണാൽ ജയം; പുറം വീണാൻ മടക്കം, എന്നു്. എന്താണ് ഭേദം?

ശ്രീകൃഷ്ണൻ - ഈ അടക്കിക്കളിച്ചിട്ടു ജയിക്കുകയാണെങ്കിൽ ചുക്കിണി എടുത്തു് വിചാരിച്ച എണ്ണം കാണിച്ചുവെച്ചാൽ പോരേ. എന്താണ് വ്യത്യാസം?

സാത്യകി- വ്യത്യാസം അകലെ കളിച്ചു വീഴിക്കുന്നതു തന്നെ.

ശ്രീകൃഷ്ണൻ - ആട്ടേ. പണ്ടിങ്ങിനെ വല്ലവരും അടക്കിക്കളിക്കാറുണ്ടോ? ഇയ്യിടെ തുടങ്ങിയതല്ലേ ഇതു്?

സാത്യകി- ഇല്ലാ. അതല്ലേ ഈ കളിക്ക് അധികമൊരു മെച്ചം

മടിച്ചിടാതങ്ങിനെ കണ്ടു കണ്ടു
പിടിച്ചിടും കൌശലജാലമെല്ലാം
പഠിച്ചതല്ലാ കളവെന്നു നാട്യം
നടിച്ചപേക്ഷിക്കുക ഭംഗിയാമോ? 15


ശ്രീകൃഷ്ണൻ- ആട്ടേ തരക്കേടില്ല. നിങ്ങളുടെ ഓരോ പരിഷ്കാരങ്ങൾ പഴമക്കാരെ ഒക്കെ മടക്കാൻകൊള്ളാം.

(അണിയറയിൽ)

എന്തൊന്നാണിതമന്ദകാന്തിയവിടെ-
ചിന്നുന്നതോര്‍ക്കുംവിധൌ?
ചന്തം ചിന്തിന മിന്നലിങ്ങിനെ വരാൻ -
വയ്യിന്നു രാവല്ലെടോ;
ചിന്തിച്ചപ്പൊഴറിഞ്ഞു സാരമിവിടെ -
ഗോവിന്ദനെക്കാണുവാൻ
ചെന്താർബാന്ധവനായിടുന്ന ഭഗവാൻ
വന്നീടുകായീടണം 16


(അനന്തരം ഗദൻ പ്രവേശിക്കുന്നു)

ഗദൻ- ഈ വിവരം ഭഗവാനെ അറിയിക്കുകതന്നെ.

(ചുറ്റി നടന്നുംകൊണ്ടു നോക്കീട്ടു)

സാത്യകിയോടും ചേർന്നതി-
ജാത്യമൊടും ചൂതുപൊരുതി വിരുതുകളും
വൃത്തിയിലോതിക്കൊണ്ടു ജ-
ഗത്രയനാഥൻ വിളങ്ങുന്നൂ. 17


(അടുത്തു ചെന്നിട്ടു തൊഴുതുംകൊണ്ടു്)

അത്ഭുതമത്ഭുതമോര്‍ത്താൽ ചിൽപുരുഷനതായിടും ഭവച്ചരിതം!

കെല്പൊടു ഭഗവാനര്‍ക്കനു-
മിപ്പോൾ കാണ്മാൻ വരുന്നു തവ സവിധേ. 18

ശ്രീകൃഷ്ണൻ- ഏ്! ഭഗവാനാദിത്യനോ! ആട്ടേ. നോക്കിനി ഇപ്പോൾ കളി വേണ്ട. അങ്ങട്ടു പോവുക.
(എല്ലാവരും ചുറ്റി നടക്കുന്നു.)

ശ്രീകൃഷ്ണൻ- (നോക്കീട്ട്,)

ശരി ശരി: ഭഗവാനാമര്‍ക്കനല്ലീമനുഷ്യൻ
വിരുതുടയൊരു സത്രാജിത്തുതാനായ്‍വരേണം;
പരമിവനുടെ വാക്കീമട്ടു കേട്ടിട്ടു വല്ലാ-
തൊരു മിഴിയടനേരം മാറി ഞാനും ഭ്രമിച്ചു. 19


ആട്ടെ. ഇദ്ദേഹത്തിന്റെ വരവു കാണുകതന്നെ. (എന്നു നോക്കിക്കൊണ്ടു്) ഏയ്! ഇങ്ങോട്ടുതന്നെയാണു വരുന്നതു്.

(അനന്തരം സത്രാജിത്ത് പ്രവേശിക്കുന്നു. എല്ലാവരും തമ്മിൽ കണ്ടു യഥോചിതം ഉപചാരം ചെയ്യുന്നു.)

സാത്യകി- നമുക്കെല്ലാവര്‍ക്കും ഈ പൂമുഖത്തു കുറച്ചുനേരം ഇരിക്കുകയല്ലേ?

ശ്രീകൃഷ്ണൻ- അങ്ങിനെതന്നെ (എല്ലാവരും ഇരിക്കുന്നു.)

ശ്രീകൃഷ്ണൻ— ഇവിടുന്ന് ആദിത്യനെ സേവിക്കാൻ പോയതിനു ശേഷമുള്ള കഥ എല്ലാം വിസ്തരിച്ചു കേട്ടാൽ കൊള്ളാം.

സത്രാജിത്ത്-

കാരുണ്യം കലരും ത്രയീമയവപു-
സ്സാകുന്നൊരാദ്ദേവനെ-
പ്പാരം ഭക്തി വളര്‍ന്നുകൊണ്ടു വളരെ-
ക്കാലം ഭജിച്ചേനഹം;
സ്വൈരം ദാരസുതാദിയായ വിഷയ-
ഭ്രാന്തിൽ ഭ്രമിക്കാതെക-
ണ്ടാരംഭിച്ചതിലേറിയേറി ഭജനേ
നിഷ്കുഷയും നിഷ്ഠയും. 20


ശ്രീകൃഷ്ണൻ - നൈരാശ്യമുള്ള ആളുകൾക്ക് എന്താണ് ഞെരുക്കം?

തുടങ്ങിടും കാര്യമതിങ്കലേതും
മുടങ്ങിടാതേ നിരുപിച്ചപോലെ
ദൃഢം മഹാനിഷ്ഠയൊടും നടപ്പോര്‍-
ക്കുടൻ മഹാത്മൻ! പറകെന്തസാദ്ധ്യം? 21


ആട്ടെ! പിന്നെ?

സത്രാ-

വളരെ വളരെ നാളീമട്ടു ഞാൻ സേവചെയ്തോ-
രളവു തെളിവു കൂടും പ്രീതിയോടെന്റെ മുമ്പിൽ
വെളിവിലജനനന്തൻ ചൊല്ലുകെന്തിഷ്ടമെന്നാ-
യൊളിവു ഹൃദി നിനച്ചിടാതെ ചൊന്നാൻ പ്രകാശം 22


ഞാനാകട്ടെ,

നിനച്ചിടാതിങ്ങിനെ കണ്ടനേരം
ജനിച്ചൊരാനന്ദജബാഷ്പമോടും
അനേകവാരം പ്രണമിച്ച ലോകേ-
ശനേ വണങ്ങി സ്തുതിചെയ്തു നിന്നേൻ. 23


ഒന്നും മിണ്ടാൻ കഴിഞ്ഞില്ല- എന്താണു വേണ്ടതെന്നു് രൂപമില്ലാതെകണ്ടായിപ്പോയി. പിന്നെ കുറച്ചുനേരം കഴിഞ്ഞപ്പോൾ വാൿസ്തംഭമൊക്കെ നിര്‍ത്തി, ഇപ്രകാരം അറിയിച്ചു:-

സദാ ഭവത്സേവയതൊന്നുമാത്രം
മുദാ സരോജപ്രിയ! ചെയ്യുവാൻ മേ
ഉദാരകാരുണ്യമുദിച്ചുവെന്നാ-
ലദാന്തസന്തോഷമതായി നൂനം. 24


അപ്പോൾ ഭഗവാൻ,

"എന്നുടെ ബിംബമൊടൊപ്പം
മിന്നിടുമീമണി ഭവാനുനൽകുന്നൻ;
എന്നാൽ 'സ്യമന്തക'മതാ-
ണെന്നായറികിതിനു നാമമയി! ധീമൻ! 25


ഇതു് എന്റെ ഒരു ഓര്‍മ്മക്ക് അങ്ങയ്ക്കിരിക്കട്ടെ.

എന്നാലെട്ടെട്ടു ഭാരം കനകമിതു ദിന-
ന്തോറുമുണ്ടാക്കു,മെന്നും
നന്നായ് വന്നീടുമീയുത്തമമണിയണിയും
മാനുഷന്നത്രയല്ല,
തോന്നില്ലാ ദുര്‍ന്നയം ലേശവുമകമലരിൽ
സത്യധര്‍മ്മാദിനിഷ്ഠ -
യെന്നല്ലാം നന്മ കൂടും പരമുപരി ഗുണം
കണ്ടിടും വേണ്ടുവോളം.'’ 26


എന്നു പറഞ്ഞ് അവിടുന്നുതന്നെ ഈ മണി എന്റെ കഴുത്തിലണിയിച്ചു.

ശ്രീകൃഷ്ണൻ- അതിഭക്തനായ അങ്ങയുടെ അവസ്ഥക്ക് ഇതിലെന്താണൊരത്ഭുതം? എന്നാൽ ഞാനൊന്നു ചോദിക്കാൻ പോകുന്നു. ദുരാഗ്രഹമാണെന്നു തോന്നരുത്

കേട്ടീടേണം ജഗത്തിൽ കൊടിയ ഗുണമെഴും
ശ്രേഷ്ഠവസ്തുക്കളെല്ലാം
കോട്ടം വിട്ടൊരു ഭൂമീപതിയുടെയവകാ-
ശത്തിലായുള്ളതത്രേ:
പിട്ടല്ലിന്നുഗ്രസേനക്ഷിതിപതിയവർകൾ-
ക്കീ മഹാരത്നമങ്ങു-
ന്നിഷ്ടത്തോടേ കൊടുത്തിടുക; പരമതു ധ-
ന്യാകൃതേ ന്യായമാകും. 27


അല്ലാതെകണ്ട് എനിക്കൊരാവശ്യമുണ്ടെന്നു വെച്ചു പറഞ്ഞതല്ല.

സത്രാ- (തല താഴ്ത്തിക്കൊണ്ടു വിചാരം)

ചോദിച്ചീടുന്നതോര്‍ത്താൽ ചതുരത കലരു-
ന്നോരു ഗോവിന്ദനാണുള്‍-
പ്രീതിഛായയ്ക്കു ദോഷം വരുമിതു തരികി-
ല്ലെന്നു ചൊല്ലുന്നതായാൽ;
ചേതം ചെറ്റല്ല നൽകീടുകി,ലിതു വിഷമം
തന്നെ, ഞാനെത്രകാലം
ചെയ്തോരീ ബുദ്ധിമുട്ടിന്നുടെ ഫലമപര-
ന്നേകിയാൽ ശോകമത്രേ. 28

അതുകൊണ്ടു് എന്താണു വേണ്ടത്?

തരുന്നതല്ലെന്നു തികച്ചുനേരേ
തുറന്നുചൊല്ലാൻ മടിയുണ്ടുതാനും;
വരുന്നതെല്ലാം വരുമിന്നു മിണ്ടാ-
തരം നമുക്കങ്ങു ഗമിക്കതന്നെ. 29


ശ്രീകൃഷ്ണൻ- (വിചാരം) ഈ വിദ്വാൻ തരില്ല തീച്ചതന്നെ. എങ്കിലും നാട്യമറിയാമല്ലൊ.

സാത്യകി- (വിചാരം) സത്രാജിത്തിന്നും വലിയ ദുര്‍ഘടമായിട്ടുണ്ട്.

പ്രാജ്യമായ മണി കയ്യുവിട്ടുടൻ
രാജ്യപാലനു കൊടുപ്പതെങ്ങിനെ?
പൂജ്യരാകുമവരൊന്നിരക്കുകിൽ
പൂജ്യമെന്നു പറയുന്നതെങ്ങിനെ? 30


ശ്രീകൃഷ്ണൻ- മനസ്സുണ്ടെങ്കിൽ കൊടുത്താൽ മതി; എനിക്കു നിര്‍ബ്ബന്ധമൊന്നുമില്ല.

(സത്രാജിത്തു ഒന്നും മിണ്ടാതെ എഴുനീറ്റുപോയി.)

ഗദൻ- നേരം മദ്ധ്യാഹ്നമായി.

പാരം തീക്ഷ്ണതപൂണ്ട രശ്മിനിരയാ-
മാഗ്നേയ ബാണങ്ങളെ- പ്പാരെല്ലാമമരുന്ന ലോകരുടെ നേ-
രിട്ടായ് ചൊരിഞ്ഞങ്ങിനെ
ഘോരാകാരതയോടുമംബരമതാ-
മാജിസ്ഥലേ നിന്നുകൊ-
ണ്ടേറെപ്രൌഢത കാട്ടിടുന്ന രവിയാം
തേരാളി നേരിട്ടിതാ. 31


ശ്രീകൃഷ്ണൻ - ശരിയാണത്.

തണലാം മറുബാണമെയ്തുകൊണ്ടി-
ത്തൃണവൃക്ഷാദികളും മനുഷ്യരും കേൾ
തരുണാര്‍ക്കനൊടൊത്തെതിര്‍ക്കിലും ചെ-
റ്റണയുന്നുണ്ടു സുഖം സ്വശക്തിപോലെ. 32

സാത്യകി-

ബദ്ധാദരത്താൽ ദ്വിജലോകമെല്ലാം
മാദ്ധ്യാഹ്നികം ചെയ്തു ജപിച്ചിടുന്നു;
ഉദ്യാനവാപീദ്വിജസംഘമാത്മ-
വിദ്യാജവം പോലെയടങ്ങിടുന്നു. 33


നമുക്കു മാദ്ധ്യാഹ്നികത്തിന്നു പോവുക.

(എന്ന് എല്ലാവരും പോയി)

ഒന്നാമങ്കം കഴിഞ്ഞു.

---------------------------






താളിളക്കം
!Designed By Praveen Varma MK!