Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

015. പദാംഗങ്ങൾ. ON SYLLABLES.

69. ഓരോരൊ പദത്തിൽ എത്ര സ്വരങ്ങൾ ഉണ്ടെന്നാൽ അത്ര പദാംഗങ്ങൾ ഉണ്ടു. അതിൽ സ്വരാന്തമായതു തുറന്ന പദാംഗം (ആ-താ-പോ), വ്യഞ്ജനാന്തമായതു അടെച്ച പദാംഗം (മൺ, മുൻ, കൽ, കാർ, വാൾ, കീഴ) ചെയ്യുന്നു എന്നതിൽ (ചെയ-യുൻ-നു) മൂന്നു പദാംഗങ്ങൾ ഉണ്ടു; അതിൽ നടേത്തവ അടെച്ചവ, പിന്നേതു തുറന്നതു.
70. പദാംഗം ദീൎഘം എന്നു ചൊല്ലുന്നതു അതിലേ സ്വരം ദീൎഘം എന്നു വരികിലും (ചാ-മീൻ), അതിൻ്റെ തുടൎച്ചയിൽ രണ്ടു വ്യഞ്ജനങ്ങൾ കൂടുകിലും തന്നെ (മിന്നു: മിൻ-നു) ശേഷമുള്ളതു ഹ്രസ്വപദാംഗം. ആകയാൽ പ്രത്യുപകാരാൎത്ഥം എന്നതിൽ:
൧ ൨ ൩ ൪ ൫ ൬
(പ്ര — ത്യു— പ— കാ— രാ— ൎത്ഥം
ഒന്നാം പദാംഗം തുടൎച്ചയാലും നാലമതു സ്വരനിമിത്തവും, അഞ്ചാമത് രണ്ടു ഹേതുക്കളാലും ദീൎഘമാകുന്നവ; ശേഷം മൂന്നും ഹ്രസ്വങ്ങൾ തന്നെ.
71. ൟ ചൊന്നതു ഏകദേശം യുരൊപ ഭാഷകളെ അനുസരിച്ചിട്ടുള്ളതു; സംസ്കൃതത്തിലും തമിഴിലും അധികം സൂക്ഷ്മമായിട്ടുള്ള പ്രയോഗം കൂടെ ഉണ്ടു. മാത്ര എന്നതു ഒരു നൊടി ആകുന്നു; അതിൽ ഹ്രസ്വസ്വരം ഒരു മാത്രയും, ദീൎഘം രണ്ടും. ഐ, ഔ ആകുന്ന പ്ലുതം മൂന്നു മാത്രയും ഉള്ളവ എന്നു ചൊല്ലുന്നു. അ രയുകാരവും വ്യഞ്ജനങ്ങളും ഓരോന്നു അര മാത്രയുള്ളവ അത്രെ.
72 വ്യഞ്ജനങ്ങൾ അധികം കൂട്ടി ചെല്ലുന്നതു ശുദ്ധ മലയായ്മയിൽ അല്ല, സംസ്കൃതത്തിൽ മാത്രം വിഹിതമാകുന്നു. അതുകൊണ്ടു ൟവക പദാംഗങ്ങൾക്ക മലയാളതത്ഭവങ്ങളിൽ തേപ്പുവരുന്നു (പങ്ക്തി-പന്തി; മാണിക്യം-മാണിക്കം, ശുഷ്കം-ചുക്കു) സ്വരം ചേൎത്തു വ്യഞ്ജനങ്ങളെ വേർപിരിക്കിലും ആം (ദുൎയ്യോധനൻ-ദുരിയോധ, നൻ മ. ഭാ; വൎഷിച്ചു-വരിഷിച്ചു; ശുല്കം-ഉലകു. (ശാസ); ആൎദ്ര-(തിരുവ്) ആതിര; അഗ്നി-അക്കിനി (മ. മ.).
73. ചില വാക്കുകളിൽ ദീൎഘസ്വരത്തോട് ഏകവ്യഞ്ജനം, ഹ്രസ്വസ്വരത്തോട് വ്യഞ്ജനദ്വിത്വം ഇങ്ങിന രണ്ടു പക്ഷങ്ങൾ കാണുന്നു. (ഓച-ഓശ-ഒച്ച; നീയും-നിയ്യും ഒല്ല-ഓല;ഇല്ല-ൟല; എടുത്തു-കൊള്ളു-എടുത്തോളു; പുഷ്യം-പൂയം; അക്കോൽ-ആ കോൽ; വേഗം-വെക്കം) രണ്ടിലും മാത്രാസംഖ്യ ഏകദേശം ഒക്കുന്നു.

താളിളക്കം
!Designed By Praveen Varma MK!