Contacts

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
മലയാളവും ബുദ്ധമതവും

മംഗളോദയത്തില്‍ കൊ.വ. 1085 മിഥുനം

ദേശാന്തരങ്ങളിൽ നിന്നു കേരളത്തിൽ കടന്നു കൂടിയ ജൈനന്മാർ വിദ്യാഭ്യാസവിഷയത്തിൽ പലേ സഹായങ്ങളും മലയാളികൾക്കു ചെയ്തിട്ടുണ്ട്. ജിനമതക്കാരുടെ ഉത്തമഗ്രന്ഥങ്ങൾക്കു മലയാളത്തിൽ പ്രത്യേകിച്ചൊരു പ്രചാരവും പ്രാശസ്ത്യവും സിദ്ധിച്ചതായിക്കാണുന്നുണ്ട്. വാഗ്ഭടാചാര്യരുടെ അഷ്ടാംഗഹൃദയം, അഷ്ടാംഗസംഗ്രഹം, മുതലായ വൈദ്യഗ്രന്ഥങ്ങൾ മലയാളത്തിലെ വൈദ്യന്മാർക്കു വേദംപോലെ പ്രമാണമായി പരിണമിച്ചിരിയ്ക്കുന്നു. അമരസിംഹന്റെ നാമലിംഗാനുശാസനം, അല്ലെങ്കിൽ അമരകോശം പഠിയ്ക്കാതെ ഒരു മലയാളിക്കുട്ടിപോലും അക്ഷരജ്ഞാനമുള്ളവനായിത്തീർന്നിട്ടുണ്ടോ എന്നു സംശയമാണ്. ശ്രീഹർഷദേവന്റെ കൃതിയായ നാഗാനന്ദനാടകം മലയാളത്തിലെ പ്രധാനക്ഷേത്രങ്ങളിൽ ദേവോപാസനയ്ക്ക് ഒരു സാധനവും നാട്യവിദ്യോപജീവികളായ ചാക്യാന്മാർക്കു പ്രാഗത്ഭ്യപ്രകടനവിഷയവുമായിത്തീർന്നിരിയ്ക്കുന്നു. 'പറക്കുംകൂത്തു' മുതലായ അത്യത്ഭുതാഭിനയസമ്പ്രദായങ്ങൾ നാഗാനന്ദത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണല്ലോ പരിഷ്ക്കരിച്ചിട്ടുള്ളത്. ഇത്രയും പ്രചാരവും പ്രശസ്തിയും സിദ്ധിച്ചിട്ടുള്ള ബുദ്ധമതഗ്രന്ഥങ്ങൾക്കു ഹിന്തുമതാചാരനിഷ്ഠയുള്ള ബ്രാഹ്മണർ ഒരു ഭ്രഷ്ടു കല്പിച്ചിട്ടില്ലെന്നില്ല. പുണ്യദിവസമായ ഏകാദശിനാൾ ഈ വക ഗ്രന്ഥങ്ങളെ വർജ്ജിപ്പാൻ വിധിച്ചിട്ടുണ്ട്. ആ വിധി ഇന്നും നടന്നുവരുന്നു. അച്ചടിച്ചു പുസ്തകം വിൽക്കുന്ന സമ്പ്രദായം തുടങ്ങുന്നതിന്ന് എത്രയോ മുമ്പ് ഉത്തരദേശീയരുടെ ഗ്രന്ഥങ്ങൾക്കു മലയാളത്തിൽ പ്രചാരം ആദ്യമായി സിദ്ധിച്ചിട്ടുള്ളതു ബൌദ്ധഗ്രസ്ഥങ്ങൾക്കല്ലാതെ മറ്റൊന്നിന്നുമല്ല.


ഇപ്രകാരം അന്യരാജ്യങ്ങളിലെന്നപോലെ മലയാളത്തിലും പടർന്നുപിടിച്ചുകൂടിയ ബുദ്ധമതത്തിനോടു പൊരുതിനില്പാൻ ആര്യമതപക്ഷപാതികളായ മറ്റുള്ള മലയാളികൾ വളരെ ക്ലേശിച്ചിട്ടുണ്ടായിരിയ്ക്കണം. വെണ്മണിഗ്രാമം മുതലായ തെക്കൻ ഗ്രാമങ്ങളിലെ പണ്ഡിതന്മാരായ പല പോറ്റിമാരും ജിനമതാചാര്യന്മാരായി ഗുരുക്കന്മാർ എന്ന പേരോടുകൂടി ജിനമതം പ്രചരിപ്പിയ്ക്കുവാൻ പ്രസംഗിച്ചു നടന്നിട്ടുണ്ട്. ശങ്കരാചാര്യരുടെ കാലം വരെ ഹിന്തുമതക്കാരോടു വാദിയ്ക്കുവാൻ അവർക്കു വൈദഗ്ദ്ധ്യമുണ്ടായിരുന്നു. പെരുമാക്കന്മാരുടെ വാഴ്ചക്കാലത്തിന്നിടയിൽ ഹരിശ്ചന്ദ്രപ്പെരുമാൾ (കോട്ടയത്തു രാജവംശത്തിന്റെ ആദിപുരുഷൻ) രാജ്യം രക്ഷിച്ചിരുന്ന കാലത്താണ് മലയാളത്തിൽ ബുദ്ധമതക്കാരുടെ കുടിയേറ്റത്തിന്ന് ഒരു തടസ്ഥം നേരിട്ടത്. ജൈമിനീയസൂത്രത്തിന്റെ മീമാംസാവാർത്തികകാരനായ കുമാരിലഭട്ടാചാര്യരുടെ ഒരുത്തമശിഷ്യനായിരുന്നു ഹരിശ്ചന്ദ്രപ്പെരുമാൾ. ഈ രാജാവാണ് മലയാളത്തിൽ മീമാംസാശാസ്ത്രം ആദ്യം കൊണ്ടുവന്നത്.


'യേഷാം വംശേ സമജനി ഹരിശ്ചന്ദ്രനാമാ നരേന്ദ്രഃ
പ്രത്യാപത്തിഃ പതഗ! യദുവജ്ഞഞ്ച കൌമാരിളാനാം.'


എന്നു കോട്ടയത്തു രാജവംശത്തെപ്പറ്റി ഉദ്ദണ്ഡശാസ്ത്രികൾ പറഞ്ഞിരിയ്ക്കുന്നു. തന്റെ ശിഷ്യൻ കേരളാധിപതിയായപ്പോൾ കുമാരിലഭട്ടാചാര്യർക്കു കേരളത്തിൽ വരുവാനും ആചാരനിഷ്ഠയുള്ള നമ്പൂതിരിമാരോടിട പഴകി തിരുവഞ്ചിക്കുളത്തു താമസിയ്ക്കുവാനും സംഗതി വന്നു. ഭാട്ടമതം, അതായതു മീമാംസ അന്നു മുതൽക്കു മലയാളത്തിൽ അപ്രതിഹതമായി പ്രചരിച്ചു വന്നു. അതിനെ തുടർന്ന് പ്രാഭാകരം എന്ന് ഒരു മീമാംസകസിദ്ധാന്തഭേദവും മലയാളത്തിൽത്തന്നെ ഉണ്ടായി. മീമാംസാശാസ്ത്രത്തിന്നു പ്രചാരം വന്നപ്പോൾ അതിന്നു തീരെ വിരോധികളായ ബൌദ്ധന്മാരുടെ മുഷ്കു ശമിയ്ക്കുവാൻ തുടങ്ങി

'കുമാരിലമൃഗേന്ദ്രേണ ജിതേഷു ജനഹസ്തിഷു
നിഷ്പ്രത്യൂഹമവർദ്ധന്ത ശ്രുതിശാഖാഃ സഹസ്രശഃ'


മേഴത്തോളഗ്നിഹോത്രി മുതലായവർ യജ്ഞകർമ്മങ്ങളെ കേരളബ്രാഹ്മണരുടെ ഇടയിൽ പ്രചരിപ്പിച്ചതും ജിനബുദ്ധമതക്കാർക്കു ക്രമേണ വൈമനസ്യത്തിന്നു കാരണമായിത്തീർന്നു.പിന്നെ ഒരഞ്ഞൂറിലകം സംവത്സരം മീമാംസകന്മാരും ഇവരും തമ്മിൽ കിടപൊരുതിക്കൊണ്ടു നിന്നു. അതിന്നുശേഷമാണ് ശങ്കരാചാര്യസ്വാമികളുടെ അവതാരം. അവിടെ വെച്ചാണ് മലയാളികളായ ബുദ്ധമതക്കാരുടെ ഉപസംഹാരം.


ആചാര്യസ്വാമികൾ അദ്വൈതഭാഷ്യം ഉണ്ടാക്കിയതിൽ പ്രധാനമായി ഉടച്ചിട്ടുള്ളതു ബുദ്ധമതത്തേയും മീമാംസകമതത്തേയുമാണല്ലോ. സ്വാമികളുടെ മതം നടപ്പായതോടുകൂടി മീമാംസകശ്രേഷ്ഠന്മാരായ മണ്ഡനമിശ്രാദികളും ഉത്തരമീമാംസയായ വേദാന്തത്തിലേയ്ക്കു കടന്നുകൂടിയെന്നു പ്രസിദ്ധവുമാണല്ലൊ. അതുപോലെ തന്നെ അനേകം ബുദ്ധമതക്കാരേയും സ്വാമികൾ തോല്പിച്ച് അദ്വൈതമതം സ്വീകരിപ്പിച്ചിട്ടുണ്ട്. മുൻപറഞ്ഞ ജിനമതഗുരുക്കന്മാരായ പോറ്റിമാരെ സ്വാമികൾ ജയിച്ചു തന്റെ മതത്തിൽ പ്രവേശിപ്പിച്ചു; ബൌദ്ധന്മാരെ ഹിന്തുക്കളാക്കിയെടുത്തു. അവരാണ് തെക്കൻ ദിക്കിൽ കുരുക്കൾ എന്നു പറയുന്ന അമ്പലവാസികൾ. എടുക്കാവുന്നതെടുക്കുവാനും തള്ളേണ്ടതു തള്ളുവാനും ഉള്ള സ്വാതന്ത്ര്യം ആചാരസ്വാമികളെപ്പോലെ മറ്റാർക്കും ഉണ്ടായിട്ടില്ല. ബുദ്ധമതക്കാരുടെ പല സിദ്ധാന്തങ്ങളേയും അദ്വൈതികളെക്കൊണ്ടും എടുപ്പിച്ചിട്ടുണ്ട്. ബുദ്ധമുനിയുടെ ദശശീലം [1] മുഴുവൻ മലയാളത്തിലുള്ള സന്ന്യാസിമഠങ്ങളിൽ നടപ്പാക്കിയിരിയ്ക്കുന്നു. അപ്രകാരം ഇന്നും നടന്നുവരുന്നതുമുണ്ട്.


ആചാര്യസ്വാമികളുടെ കാലത്തിന്നു പിന്നീടും ചില ബുദ്ധമതപ്രാസംഗികന്മാർ മലയാളത്തിലേയ്ക്കു കടന്നുകൂടീട്ടില്ലെന്നില്ല. അവരിൽ ആദ്യം വന്ന വകക്കാർ കാലംകൊണ്ടു മലയാളികളായിത്തീർന്നിട്ടുമുണ്ട്. പക്ഷെ അവർ ഹിന്തുക്കളായതിന്നു ശേഷമേ മലയാളികളുടെ കൂട്ടത്തിൽ ചേർന്നിട്ടുള്ളൂ. ഈ വകക്കാരാണ് കടുപ്പട്ടന്മാർ, അല്ലെങ്കിൽ എഴുത്തച്ഛന്മാർ. ഇവർക്കു സാമൂതിരിപ്പാടന്മാരിൽ നിന്നു പല സഹായങ്ങളും സിദ്ധിച്ചിട്ടുണ്ട്. ചില ദേശങ്ങളിൽ ആചാര്യസ്ഥാനവും കൂടി കൊടുത്തിട്ടുണ്ടെന്ന് അവരുടെ എഴുത്തച്ഛൻ എന്നുള്ള പേരുകൊണ്ടു തെളിയുന്നുണ്ടല്ലോ .


ഒടുവിൽ കച്ചവടക്കാരായി അംബരേശസ്സേട്ടു മുതലായ ചില ജിനമതക്കാർ കോഴിക്കോട്ടു വരികയും, സാമൂതിരിപ്പാടന്മാരുടെ അനുമതിയോടുകൂടി അവിടെ സ്ഥിരവാസികളായിത്തീരുകയും ചെയ്തിട്ടുണ്ട്. അവർ ഇന്നും ജിനമതക്കാർ തന്നെ. അവർ കോഴിക്കോട്ടു പട്ടണത്തിന്റെ മദ്ധ്യത്തിൽ ഒരു വിഹാരം അല്ലെങ്കിൽ ജിനമതക്ഷേത്രം പ്രതിഷ്ഠിച്ചിട്ടുണ്ട്. അതിന്ന് 700 കൊല്ലത്തെ പഴക്കമുണ്ടെന്ന് അവർക്കു സാമൂതിരിപ്പാടു കല്പിച്ചുകൊടുത്ത ഒരു തിരുവെഴുത്തുകൊണ്ടു കാണുന്നു.