Contacts

പണ്ഡിതർ. ആർ. വി. കൃഷ്ണമാചാര്യർ
ബുദ്ധരാമായണം

മംഗളോദയത്തില്‍ കൊ.വ. 1085 മിഥുനം

ജേതവനത്തിൽ ഒരു ഗൃഹസ്ഥൻ തന്റെ അച്ഛൻ മരിച്ചു, അത്യന്തം വ്യസനാക്രാന്തനായ്തീർന്നസമയം ബുദ്ധദേവൻ ഒരു കഥപറഞ്ഞു:-


പണ്ടു വാരാണസിയിൽ 'ദശരഥൻ' എന്നു പ്രസിദ്ധപ്പെട്ട മഹാരാജാവു വാണിരുന്നു. അദ്ദേഹത്തിന്നു പതിനാറായിരം ഭാര്യമാർ ഉണ്ടായിരുന്നു. ഇവരിൽ വെച്ചു പ്രധാനഭൂതയായ പട്ടമഹിഷിക്കു (പേർ പറഞ്ഞിട്ടില്ല) രണ്ടു ആൺകുട്ടികളും ഒരു പെൺകുട്ടിയും ജനിച്ചു. ആൺകുട്ടികളിൽ മൂത്തമകനാണ് ഋഷിരാമൻ. മറ്റേവന്നു ലക്ഷ്മണനെന്നും രാജകുമാരിക്കു സീത എന്നുമാകുന്നു നാമധേയം. കുറെക്കാലം കഴിഞ്ഞപ്പോൾ ഈ പട്ടമഹിഷി മരിച്ചുപോവുകയും, ഈ പട്ടമഹിഷിസ്ഥാനത്തിൽ മഹാരാജാവു മറ്റൊരു ഭാര്യയെ ഏർപ്പെടുത്തുകയും ചെയ്തു. ഭർത്താവിന്റെ അനുരാഗത്തിന്നും സന്തോഷത്തിന്നും അത്യന്തം പാത്രഭൂതയായ ദ്വിതീയപട്ടമഹിഷിയും ഒരു പുത്രനെ പ്രസവിച്ചു. ഇവർ ആ ശിശുവിന്നു 'ഭരതൻ' എന്നു പേരിട്ടു. ഒരിക്കൽ മഹാരാജാവ് ആ ഭാര്യാപുത്രന്മാരിലുള്ള അതിപ്രീതിയാൽ തന്റെ ഭാര്യയോടു 'നീ ഈ കുട്ടിക്കുവേണ്ടി എതെങ്കിലും വരം ചോദിക്കാം. ഞാൻ അതു തരാൻ തയ്യാറാണ്' എന്നു പറഞ്ഞുവെങ്കിലും ആ പട്ടമഹിഷി തൽക്കാലം ഒന്നും ചോദിക്കാതിരുന്നു. 'ഭരതൻ' എന്ന രാജകുമാരന്നു എട്ടു വയസ്സായപ്പോൾ ആ പട്ടമഹിഷി 'പ്രഭുവെ! മുമ്പു എന്റെ കുട്ടിക്കുവേണ്ടി ഒരു വരം തരാമെന്നു പറഞതിനെ ഇപ്പോൾ സഫലമാക്കണം. എന്റെ മകന്നു രാജ്യം കൊടുക്കാൻ തിരുമനസ്സുകൊണ്ടു ദയ വിചാരിക്കണമെന്നു ഞാൻ പ്രാർത്ഥിക്കുന്നു' എന്നു തന്റെ ഭർത്താവായ ദശരഥനോടു പറഞ്ഞു.


ഈ വാക്കു കേട്ടപ്പോൾ മഹാരാജാവിന്നു വ്യസനത്തേക്കാൾ ദ്വേഷമാണുണ്ടായത്. അപ്പോൾ മഹാരാജാവു പട്ടമഹിഷിയോടു ഇങ്ങിനെ പറഞ്ഞു - 'ഹെ ജാതിഹീനയായ ദുഷ്ടെ!എന്താണ് നീ പറഞ്ഞത്. അഗ്നിജ്വാലപോൽ പ്രകാശിക്കുന്ന എന്റെ രണ്ടു പുത്രന്മാരിരിക്കെ അവരെ കുല ചെയ്തിട്ടു നിന്റെ മകന്നു രാജ്യം കൊടുക്കേണമെന്നല്ലെ നീ പറയുന്നത്?'


ഇങ്ങിനെ തർജ്ജിച്ചുപറഞ്ഞപ്പോൾ പേടിച്ചുപോയ ആ പട്ടറാണി ഒന്നുംപറയാതെകണ്ടുതന്നേ അന്തഃപുരത്തിലേക്കു പുറപ്പെട്ടുപോയി . എന്നാൽ പ്രതിദിനവും ഒരുപോലെ ഈ വരത്തെപ്പറ്റി ചോദിച്ചുകൊണ്ടു തന്നെയിരുന്നു.


അവൾ എന്തു ചോദിച്ചാലും എന്തെല്ലാം പറഞ്ഞാലും മഹാരാജാവു അവളുടെ മകന്നു രാജ്യം കൊടുക്കാൻ ലേശം പോലും സമ്മതിച്ചില്ല. എങ്കിലും ദശരഥന്റെ മനസ്സിൽ ഇങ്ങിനെ ഒരു വിചാരമുത്ഭവിച്ചു - 'ആ ഹാ! സ്ത്രീകൾ മഹാക്രൂരകളാണ്. ഇവളാകട്ടെ എന്തെങ്കിലും ഒരു കള്ളകല്പനയുണ്ടാക്കിയൊ അല്ലെങ്കിൽ ആർക്കെങ്കിലും കൈക്കൂലി കൊടുത്തിട്ടോ എന്റെ പ്രിയപുത്രന്മാരെ എങ്ങിനെയെങ്കിലും കുലചെയ്യാതിരിക്കില്ല.'


ഇങ്ങിനെ കുറെനേരം നല്ലവണ്ണം ആലോചിച്ചു ഒരുവിധം മനസ്സിൽ തീരുമാനിച്ച മഹാരാജാവു, തന്റെ പുത്രന്മാരെ വരുത്തി അവരേ ഈ വർത്തമാനം മുഴുവനും ധരിപ്പിച്ചിട്ട് 'എന്റെ ഓമനക്കുട്ടികളേ! ഇവിടെ നിങ്ങൾ താമസിക്കുന്നതായാൽ നിങ്ങൾക്കു പലേ വിധത്തിലും ഉപദ്രവങ്ങൾ ഉണ്ടാവുന്നതു തീർച്ചയാണ്. അതുകൊണ്ടു നിങ്ങൾ അടുത്ത രാജ്യത്തിലൊ അതല്ല കാട്ടിലോ പോയി താമസിക്കുവിൻ. എന്റെ മരണാനന്തരം വന്നു പിതൃപിതാമഹക്രമപ്രാപ്തമായ ഈ രാജ്യത്തെ നിങ്ങൾ കൈപ്പറ്റുവിൻ' എന്നു അവരോടു പറഞ്ഞു. ദശരഥൻ ഉടനെ ജ്യോതിഷക്കാരെ വരുത്തി തന്റെ ആയുസ്സു ഇനിയും പന്ത്രണ്ടു കൊല്ലമുണ്ട് എന്നു അവർമൂലം അറിഞ്ഞുകൊണ്ടു, തന്റെ പുത്രന്മാരോടു പന്ത്രണ്ടു കൊല്ലംകഴിഞ്ഞിട്ടു അവിടേക്കു മടങ്ങിവരാൻ കല്പിച്ചു.


'അങ്ങിനെതന്നെ' എന്നുപറഞ്ഞു, രാമനും ലക്ഷ്മണനും പുറപ്പെടാൻ ഭാവിച്ചപ്പോൾ രാജകുമാരിയായ സീതയും തന്റെ സഹോദരന്മാടും ഒരുമിച്ചു താനും പുറപ്പെടുന്നുവെന്നു വളരെ ശാഠ്യം പിടിച്ചതുകൊണ്ടു, ഈ മൂന്നുപേരുമായിട്ടുതന്നെ പുറപ്പെടേണ്ടിവന്നു. ഇവർ ഇങ്ങിനെ പുറപ്പെടാൻ പോകുന്ന വർത്തമാനം ജനങ്ങൾ അറിഞ്ഞു ഇവരോടു കൂടത്തന്നെ പോകേണമെന്നു സങ്കല്പിച്ചു കൊണ്ടു ഇവരെ അനുഗമനം ചെയ്യാൻ തുടങ്ങി. എന്നാൽ ഇവർ അനുഗമനംചെയ്തുകൊണ്ടു വരുന്ന പ്രജകളെ ക്രമേമ പട്ടണത്തിലെക്ക് മടക്കിഅയച്ചിട്ട്, തങ്ങൾ മാത്രമായി ഹിമവൽപർവ്വതസമീപം ചെന്നെത്തി. അവർ അവിടെ ജലസമൃദ്ധിയും ഫലസമ്പത്തുമുള്ള ഒരു സ്ഥലത്തിൽ പർണ്ണശാല കെട്ടി അതിൽ പാർത്തു.


'കാട്ടിൽ പോയിട്ടു നല്ല പുഷ്ടികരങ്ങളായ പഴങ്ങളെ ഞങ്ങൾ കൊണ്ടു വരാം. ഇവിടുന്നു ഞങ്ങളുടെ അച്ഛന്റെ സ്ഥാനത്തിരുന്നാലും' എന്നു ലക്ഷ്മണനും സീതയും രാമനോടു പറഞ്ഞു.


അങ്ങിനെതന്നെ രാമൻ അവിടെ പാർക്കുകയും, ലക്ഷ്മണനും സീതയും ഋഷിരാമനെ വളരെ ജാഗ്രതയോടു ശുശ്രൂഷിക്കയും ഫലാദികളാൽ അദ്ദേഹത്തെ പോഷിപ്പിച്ചു വരികയും ചെയ്തുകൊണ്ടിരുന്നു.


ദശരഥമഹാരാജാവാകട്ടെ തന്റെ പ്രിയപുത്രന്മാരേയും പ്രിയപുത്രിയേയും ദിവസന്തോറും വിചാരിച്ചു വിചാരിച്ചു വ്യസനിക്കയാൽ ഇവർപിരിഞ്ഞ ഒമ്പതാം കൊല്ലത്തിൽതന്നെ ചരമഗതിയെ പ്രാപിച്ചു. ദശരഥന്നു ഉത്തരക്രിയകളെല്ലാം ചെയ്തതിനുശേഷം ആ പട്ടമഹിഷി തന്റെ പുത്രന്നു പട്ടാഭിഷേകം ചെയ്യണമെന്നു പറഞ്ഞുവെങ്കിലും മന്ത്രിമാർ ലേശംപോലും സമ്മതിച്ചില്ല. അപ്പോൾ ഭരതൻ തന്റെ ജ്യേഷ്ഠനായ രാമനെ കാട്ടിൽനിന്നും കൂട്ടിക്കൊണ്ടുവരാമെന്നു പറഞ്ഞിട്ട്, ചതുരംഗബലസമേതനായി പുറപ്പെട്ടു, രാമൻ വസിക്കുന്ന പർണ്ണശാലയിൽ നിന്നും കുറെ ദൂരത്തിൽതന്നെ സൈന്യങ്ങളെ താമസിപ്പിച്ചിട്ടു താൻമാത്രം രാമന്റെ ആശ്രമത്തിൽ പ്രവേശിച്ചു. അപ്പോൾ ലക്ഷ്മണനും സീതയും ഫലമൂലാദികൾകൊണ്ടുവരാനായി പോയിരുന്നതുകൊണ്ടു, രാമൻ മാത്രം ഏകാകിയായി ആ ആശ്രമത്തിൽ ഇരുന്നിരുന്നു.


ഭരതൻ അപ്പോൾ അവിടെ യാതൊന്നിലും അഭിലാഷമില്ലാതെ വിരക്താഗ്രേസരനായി ആ ആശ്രമദ്വാരത്തിൽ സ്വർണ്ണപ്രതിമപോലെ നിശ്ചലനായിരിക്കുന്ന രാമനെ കാണുകയും, അതിവിനീതനായി ദശരഥവൃത്താന്തത്തെ അറിയിക്കുകയും ചെയ്തിട്ട്, ശ്രീരാമന്റെ കാൽക്കൽ വീണു.


ശ്രീരാമനാകട്ടേ ഇതുകേട്ടിട്ടു വ്യസനിക്കുകയോ കരയുകയോ ചെയ്തില്ലെന്നു മാത്രമല്ല അദ്ദേഹത്തിന്റെ മനസ്സിൽ പൂർവസ്ഥിതിയേക്കാൾ ഒരു ഇളക്കമോ മാറ്റമോ ലവലേശംപോലും ഉണ്ടായിരുന്നില്ല. ഭരതൻ മാത്രം വളരെനേരം കരയുന്നതിൽനിന്നും പിന്തിരിച്ചില്ല. രാമൻ ഫലമൂലാദികൾ കൊണ്ടുവരാൻവേണ്ടി പോയിരുന്ന ലക്ഷ്മണനും സീതയും കുറെ അടുത്തു വരുന്നതു കണ്ടിട്ട് ഇങ്ങിനെ വിചാരിച്ചു - 'ഇവർ രണ്ടാളും ചെറുപ്പക്കാരാണ്. ഇവർക്കു എനിക്കുള്ളതുപോലെ ധൈര്യമോ ശരിയായ ജ്ഞാനമോ ഇല്ല. ഈ സംഭവത്തെ പെട്ടെന്നു ഇവർ കേട്ടാൽ തീർച്ചയായും ഇവരുടെ ഹൃദയം പൊട്ടിപ്പോകാതിരിക്കയില്ല. അതുകൊണ്ടു ഇവരെ ഒരു തടാകത്തിൽ ജലത്തിൽ ഇറങ്ങാൻ പറഞ്ഞിട്ടു, അവർ ഇറങ്ങിയതിൻ്റേശേഷം ഞാൻ ദശരഥ വൃത്താന്തത്തെപ്പറയുന്നതാണു നല്ലത്.'


ഇങ്ങിനെ വിചാരിച്ചു തീർച്ചയാക്കിയ രാമൻ, അവർ ആശ്രമത്തിലേക്കു വന്നതിന്റെശേഷം അവരെ കൂട്ടിക്കൊണ്ടുപോയി മുൻഭാഗത്തിലിരുന്ന ഒരു തടാകത്തെ കാണിച്ചിട്ടു, 'എന്റെ പ്രിയസഹോദരാ! പ്രിയ സഹോദരി! നിങ്ങൾ വളരെ ദൂരം കടന്നു ഇപ്പോൾ ഒരു അറ്റത്തിൽ എത്തിരിയിരിക്കുന്നു. നിങ്ങൾക്കു ഇതു ശിക്ഷയാണ്. നിങ്ങൾ രണ്ടാളും ഈ തടാകത്തിൽ വെള്ളത്തിൽ ഇറങ്ങിനിൽക്കുവിൻ' എന്നു പറഞ്ഞതിനെ അനുസരിച്ചു അവർ അങ്ങിനെ ചെയ്തപ്പോൾ രാമൻ ആദ്യം ഈ പദ്യാർദ്ധത്തെപ്പറഞ്ഞു -

'ഹെ സീതേ ലക്ഷ്മണാ! നിങ്ങളീവെള്ളത്തിലിറങ്ങുവിൻ'

പിന്നെ രണ്ടാമത്തെ പദ്യാർദ്ധത്തേയും ഇങ്ങിനെ പറഞ്ഞു -

'അച്ഛൻ മരിച്ചു പോയെന്നു ഭരതൻ പറയുന്നിതാ'

ഈ വാക്കു കേട്ടപ്പോൾ അവർ രണ്ടാളും മൂർച്ഛാക്രാന്തന്മാരായിത്തീർന്നു. ഈ പദ്യത്തെ രാമൻ മൂന്നു പ്രാവശ്യം പറയുകയും അവർ മൂന്നു പ്രാവശ്യവും മൂർച്ഛാക്രാന്തന്മാരായിത്തീരുകയും ചെയ്തു. മൂന്നാംപ്രാവശ്യം അവർ മൂർച്ഛാകുലന്മാരായിത്തീർന്നപ്പോൾ കൂടെയുണ്ടായിരുന്ന സേവകന്മാർ അവരെ വെള്ളത്തിൽ നിന്നു കരകേറ്റുകയും, ഭരതൻ ഉൾപ്പെടെ അവർ എല്ലാവരും ഉറക്കെ നിലവിളിച്ചു കരയുകയും ചെയ്തുകൊണ്ടിരുന്നുവെങ്കിലും അക്കാലത്തിൽകൂടിയും യാതൊരു കുലുക്കവും കൂടാതെ സ്വസ്ഥചിത്തനായി പരമശാന്തിയോടും കൂടി നിർവ്വികാരനായിരുന്ന രാമനെക്കണ്ടിട്ടു, അത്യന്തം വിസ്മയാവിഷ്ടനായ ഭരതൻ 'ഹെ രാമ വ്യസനിക്കേണ്ടസമയത്തുപോലും ലേശം കൂസലില്ലാതെയിരിപ്പാൻ അവിടേക്കു എന്തൊരു മന:ശക്തിയുടെ ഊക്കാണ്. ആശ്ചര്യം. ഇതിന്നു എന്താകുന്നു കാരണം എന്നു ചോദിച്ചതിന്നു രാമൻ താഴെ പറയും പ്രകാരം മറുവടി കൊടുത്തു -


'ഒരു മനുഷ്യൻ എത്ര ദുഃഖിതനായിരുന്നാലും അവന്റെ മനശ്ശക്തികൊണ്ടു കീഴടക്കാൻ കഴിയാത്തതായി യാതൊന്നുമില്ല. ഇങ്ങിനെയിരിക്കെ നിസ്സാരമായ ഈവിധസംഭവത്തിന്നു ബുദ്ധിമാനായ ഒരു മനുഷ്യൻ ആത്മാവിനെ കീഴ്പെടുത്തി വെക്കുമോ? പഴുത്ത പഴത്തിന്നു പതനമെന്ന ആപത്തുള്ളതുപോലെതന്നെയാകുന്നു . ജനനമുള്ള ഓരോ പ്രാണിക്കും മരണമെന്ന ആപത്തുള്ളതു' എന്നും മറ്റും രാമൻ ആദ്ധ്യാത്മകമായ വിഷയത്തെ നല്ലവണ്ണം ഉപദേശിച്ചപ്പോൾ കേട്ടുകൊണ്ടിരുന്ന എല്ലാവരുടേയും മനസ്സിൽ നിന്നും ദു:ഖഭാരം ഉടനെതന്നെ ഓടിപ്പോയി.


പിന്നെ ഭരതൻ 'എന്റെ പ്രിയജേഷ്ഠാ! അവിടുന്നു വാരാണസീരാജ്യഭാരത്തെ സ്വീകരിക്കേണം' എന്നു അത്യന്തം വണക്കത്തോടു ബോധിപ്പിച്ചു. 'പ്രിയഭരതാ! എന്റെ അച്ഛൻ പന്തിരണ്ടു കൊല്ലം കഴിഞ്ഞതിന്റെ ശേഷം മാത്രമെ രാജ്യത്തിലേക്കു മടങ്ങി വരാൻ എന്നോടു കല്പിച്ചിട്ടുള്ളു. ഇപ്പോൾതന്നെ ഞാൻ മടങ്ങിവരുന്നതായാൽ എന്റെ അച്ഛന്റെ കല്പനയെ ഞാൻ എങ്ങിനെ പൂർത്തി ചെയ്തതായി വിചാരിക്കാൻ കഴിയും. ഇനി ബാക്കി മൂന്നു കൊല്ലങ്ങൾ ഉണ്ടല്ലൊ - അതും കഴിയട്ടെ - പിന്നെ വരാമല്ലൊ. എന്നാൽ നീ ലക്ഷ്മണൻ സീത ഇവരെ കൂട്ടിക്കൊണ്ടുപോകാം. പോയി രാജ്യഭരണം ചെയ്യൂ' എന്നു രാമൻ പറഞ്ഞപ്പോൾ 'ഇവിടുന്നു മടങ്ങി വരുന്നതുവരെ രാജ്യഭരണം ചെയ്യുന്നത് ആരാണ്. ഞങ്ങൾ ചെയ്യില്ല' എന്നു ഭരതൻ ബോധിപ്പിച്ചതിനെ ശ്രവിച്ചിട്ടു രാമൻ 'ഇതാ ഞാൻ വരുന്നതുവരെ എന്റെ ഈ പാദുകകൾ രാജ്യഭാരം ചെയ്യും' എന്നു പറഞ്ഞു കൊണ്ടു തന്റെ പാദുകകളെ ഭരതന്നു കൊടുത്തു.


ഈ പാദുകകളെ സന്തോഷപുരസ്സരം സ്വീകരിച്ചു കൊണ്ടു, ഭരതൻ, ലക്ഷ്മണൻ, സീത ഇവർ വാരാണസിയിലേക്കു മടങ്ങിവന്നു. ഈ പാദുകകളെ രാജർഹമായ സിംഹാസനത്തിൽ വെച്ചിട്ടാണ് രാജ്യകാര്യങ്ങളേയും മറ്റും തീരുമാനിക്കുന്ന പതിവ്. ഇവരുടെ തീരുമാനം ശരിയായിരുന്നാൽ ആ പാദുകകൾ മൌനമായ്തന്നെയിരിക്കയും, തെറ്റായിരുന്നുവെങ്കിൽ അവതമ്മിൽമുട്ടി ഒച്ചയുണ്ടാക്കുകയും പതിവായിരുന്നു.


ഇങ്ങിനെ മൂന്നുകൊല്ലം കഴിഞ്ഞതിന്റെശേഷം രാമൻ, നാട്ടിലുള്ള സകലപ്രജകളാലും എതിരേല്ക്കപ്പെട്ടവനായി തന്റെ രാജ്യത്തിലേക്കു മടങ്ങി വന്നു. 'സുച്ഛന്ദകം' എന്ന പ്രാസാദത്തിൽ താമസിച്ചുംകൊണ്ടു, നീതിശാസ്ത്രാനുസാരേണ ന്യായാന്യായങ്ങളെ ശരിയായി വിവേകിച്ചറിഞ്ഞു സകല പ്രജകളും ആനന്ദിച്ചു പ്രശംസിക്കാൻ തക്കവണ്ണം പതിനാറായിരം കൊല്ലം അത്യുത്തമരീതിയിൽ രാജ്യഭാരം ചെയ്തിട്ടു, പിന്നെ സ്വർഗ്ഗാരോഹണം ചെയ്തു.


ഈ കഥ പറഞ്ഞതിന്റെ ശേഷം ബുദ്ധദേവൻ ഇങ്ങിനെ പറഞ്ഞു. 'ആ ദശരഥൻ തന്നെയാണു ശുദ്ധോദന രാജാവ്. രാമന്റെ അമ്മയാണു മഹാമായാ. രാഹുലന്റെ അമ്മയാകുന്നു സീത. ഭരതൻ ആനന്ദനും ലക്ഷ്മണൻ ശാരിപുത്രനുമാകുന്നു. ആ സഭ തന്നെയാണു ബുദ്ധന്റെ സഭ. ഞാൻതന്നെയാകുന്നു രാമൻ.'


താളിളക്കം
!Designed By Praveen Varma MK!