Contacts

കെ. സി. വീരരായൻരാജ ബി. എ.
വർത്തമാനപത്രങ്ങൾ

മംഗളോദയത്തില്‍ കൊ.വ. 1085 വൃശ്ചികം




ഈ യുദ്ധം വർത്തമാനപത്രങ്ങളുടെ വർദ്ധനക്കു വലിയൊരു കാരണമായിത്തീർന്നു. അതിൽ ചേർന്ന ഇരുപക്ഷക്കാരും അവരവരുടെ ഭാഗത്തുള്ള ജയപരാജയങ്ങളുടെ വിവരങ്ങൾ വെവ്വേറെ പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്താൻ തുടങ്ങി. ഈ യുദ്ധം കഴിഞ്ഞപ്പോഴേക്ക് ആഴ്ചയിലൊരിക്കൽ പ്രസിദ്ധപ്പെടുത്തുന്ന വർത്തമാനക്കടലാസ്സുകൾ ധാരാളമായിക്കഴിഞ്ഞു. കാലക്രമംകൊണ്ടു പത്രങ്ങൾ ആഴ്ചയിലൊരിക്കൽ പ്രസിദ്ധം ചെയ്താൽ പോരാതെയായി. ഇതിന്റെ ശേഷം പത്രങ്ങൾ ആഴ്ചയിൽ രണ്ടുതവണയും മൂന്നുതവണയും പ്രസിദ്ധം ചെയ്തു തുടങ്ങി. ഇങ്ങിനെ ക്രിസ്താബ്‌ദം പതിനേഴാംശതകത്തിന്റെ അവസാനമായപ്പോഴേക്കു പത്രങ്ങൾ ഒന്നരാടനായി പ്രസിദ്ധം ചെയ്യുക എന്ന പതിവായി. ഈ നിലയിൽ ദിവസേന പ്രസിദ്ധംചെയ്യുക എന്ന നിലയിലെക്കു വളരെ എളുപ്പമായല്ലൊ. അതും അധികകാലതാമസം കൂടാതെ വന്നുകൂടി. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യത്തെ പത്തുകൊല്ലം കഴിയുന്നതിനുമുമ്പായി എല്ലാ ദിവസവും പ്രസിദ്ധം ചെയ്യുന്ന വർത്തമാനപത്രവും ഇംഗ്ലണ്ടിൽ നടപ്പായി.


പതിനേഴാംശതവർഷത്തിന്റെ അവസാനംവരക്കും പത്രങ്ങളിൽ വർത്തമാനങ്ങൾ മാത്രമേ അടങ്ങിയിരുന്നുള്ളൂ. 1704- മതു കൊല്ലത്തിലോ അതിന്റെ അടുത്ത വല്ല വർഷത്തിലോ ആണ് വർത്തമാനങ്ങൾക്കു പുറമെ പത്രാധിപന്മാർ സ്വന്തമായി ഒരു പ്രസംഗം കൂടി പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തുവാൻ തുടങ്ങിയത്. ഈ പത്രാധിപപ്രസംഗം ആദിയിൽ കുറെ പ്രാധാന്യം കുറഞ്ഞതായിരുന്നുവെങ്കിലും കാലക്രമേണ അതിന്റെ പ്രാധാന്യം വളരെ വർദ്ധിച്ചു വന്നു. ഇപ്പോൾ പത്രങ്ങളില്‍ പത്രാധിപപ്രസംഗംപോലെ പ്രധാനമായിട്ടു വേറെ ഒന്നും ഇല്ലെന്നു പറയാം. പത്രാധിപകന്മാർക്കു പലപ്പോഴും തങ്ങളുടെ പ്രസംഗം അന്നന്നത്തെ ഗവർമേണ്ടിന്നു വിരോധമായി എഴുതി പ്രസിദ്ധംചെയ്യേണ്ടിവന്നിട്ടുണ്ട്. അതിന്നവർക്കു ബന്ധനം, പിഴ മുതലായ പല ശിക്ഷകൾ അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്. ഈവക ശിക്ഷകളെല്ലാം അനുഭവിച്ചിട്ടും പത്രാധിപന്മാർ അവരവർക്കുള്ള അഭിപ്രായം യാതൊരു ഭയവുംകൂടാതെ പ്രസിദ്ധം ചെയ്തുകൊണ്ടുതന്നെ പോന്നത് ഇംഗ്ലീഷുകാരുടെ ധൈര്യത്തിന്റേയും ഉത്സാഹശക്തിയുടേയും നല്ലൊരു ഉദാഹരണമാകുന്നു.


ഏകദേശം ഇക്കാലത്തു തന്നെയാണു പത്രാധിപന്മാരല്ലാത്ത ചിലരും ലേഖനങ്ങൾ വഴിയായി തങ്ങളുടെ അഭിപ്രായങ്ങളെ പത്രങ്ങളിൽ പ്രസിദ്ധംചെയ്യുവാൻ തുടങ്ങിയത്. ഈ സമ്പ്രദായവും മറ്റുള്ളവയെപ്പോലെ ക്രമേണ വർദ്ധിച്ചുവന്നു. ഇപ്പോൾ യോഗ്യന്മാർക്കാർക്കെന്തിലും ജനങ്ങൾക്കു പരക്കെ അറിയത്തക്ക വല്ല കാര്യവും പറയുവാനുണ്ടെങ്കിൽ അതു പത്രങ്ങളിൽ ലേഖന രൂപേണ പ്രസിദ്ധീകരിക്കുന്നത് ഒരവസ്ഥയായിത്തീർന്നിരിക്കുന്നു.


വർത്തമാനങ്ങൾ, പത്രാധിപക്കുറിപ്പുകൾ, ലേഖനങ്ങൾ ഇതുകൾക്കു പുറമെ പത്രങ്ങളിൽ കാണുന്ന കാര്യങ്ങളിൽവെച്ചു പ്രധാനമായത് കച്ചവടക്കാർ മുതലായവരുടെ ഓരോ പരസ്യങ്ങളാകുന്നു. ഇത് ആദ്യകാലം മുതൽക്കുതന്നെ നടന്നുവന്ന ഒരു സമ്പ്രദായമാണ്. ഇതു പരിന്തിരീസ്സു രാജ്യത്താണ് ആദ്യം തുടങ്ങിയത്. അവിടെനിന്നു ശേഷമുള്ള രാജ്യങ്ങളിലെക്കും കടന്നു. നാട്ടിലെ കച്ചവടം വർദ്ധിക്കുന്നതോടുകൂടി ഈ സമ്പ്രദായവും വർദ്ധിച്ചുകൊണ്ടിരിക്കും. ഇത് എത്രത്തോളം വർദ്ധിക്കുമെന്നുള്ളതിന്ന് ഒരതൃത്തിയുമില്ല. ഇപ്പോൾത്തന്നെ വർത്തമാനക്കടലാസ്സുകളുടെ പകുതിയിലധികം ഈ വക പരസ്യങ്ങൾക്കായിട്ടാണ് തിരിച്ചുവെച്ചിരിക്കുന്നത്. പത്രങ്ങളുടെ ഉടമസ്ഥന്മാർക്കുള്ള ലാഭത്തിൽ മുക്കാലംശവും ഇതിൽനിന്നുണ്ടാകുന്നതുമാകുന്നു.


വർത്തമാനപത്രങ്ങൾ ഉത്ഭവിച്ചതും, ക്രമേണ വർദ്ധിച്ച് ഇപ്പോഴത്തെ നിലയിലായതും മേൽപ്പറഞ്ഞപ്രകാരത്തിലാകുന്നു. ഇപ്പോൾ അവ എത്രത്തോളം പരിഷ്ക്കരിച്ചിരിക്കുന്നുവെന്നും, അവക്കു രാജ്യത്ത് എത്രത്തോളം ശക്തിയുണ്ടെന്നും മനസ്സിലാക്കേണമെങ്കിൽ പ്രധാനമായ ഒരു പത്രത്തിന്റെ കഥയൊന്നാലോചിച്ചുനോക്കിയാൽ മതി. ഉദാഹരണമായി 'ലണ്ടൻടൈംസ്' എന്ന പത്രരാജനെ എടുക്കുക. ഇക്കാലത്ത് ഇംഗ്ലണ്ടിൽ, എന്നുവെക്കേണ്ട ഈ ഭൂമിയിലെങ്ങും നോക്കിയാൽ ഇതുപോലെ ഒരു പത്രം കാണുമോ എന്നു സംശയമാണ്. ഈ പത്രത്തെ ആദരിക്കാതെ ഒരു രാജാവാകട്ടെ ഗവർമ്മേണ്ടാകട്ടെ ഈ ഭൂമിയിലില്ല. ഭൂമിയുടെ ഏതു മുക്കിലെങ്കിലും പറയത്തക്ക വല്ല കാര്യവും നടന്നാൽ അത് ഈ പത്രത്തിന്റെ പംക്തികളിൽ കാണാതിരിക്കയില്ല. വർത്തമാനമെന്നു വേണ്ട ഈ പത്രത്തിൽ കാണാതെ യാതൊരു വിഷയവും ഇല്ലെന്നു പറയാം. ഇതു ദിവസേന പ്രസിദ്ധീകരിക്കുന്ന ഒരു പത്രമെന്നു പറഞ്ഞാൽ പോര. ഒരു ദിവസം ഇതു എട്ടോ പത്തോ തവണ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തി വരുന്നു. ഒരു ദിവസം ഇതിന്റെ ലക്ഷത്തിൽപ്പുറം കോപ്പികൾ വിറ്റഴിയുന്നുണ്ട്. ഇതിന്നുവേണ്ടിയ എല്ലാ ഏർപ്പാടുകളും വേറെത്തന്നെ ഉണ്ട്. ലണ്ടൻ പട്ടണത്തിലെ ഒരു മുഖ്യമായ ഭാഗം മുഴുവൻ ഈ പത്രത്തിന്റെ ആപ്പീസ്സാകുന്നു. ഇതച്ചടിക്കുന്ന കടലാസ്സൊഴികെ സകലസാമാനവും ഈ ആപ്പീസിൽ വെച്ചുണ്ടാക്കുന്നതാകുന്നു. ഒരു മണിക്കൂറിൽ 36000 കോപ്പി അച്ചടിച്ചുതീർക്കാവുന്ന യന്ത്രങ്ങളും അവയിലെക്കു വേണ്ടിയ എപ്പേർപ്പെട്ട ഉപകരണങ്ങളും ഉണ്ടാക്കുവാൻ ഈ പത്രത്തിന്റെ ഉടമസ്ഥന്മാർക്ക് അന്യസഹായം വേണ്ട. അച്ചുനിരത്തുന്നതുമുതൽ വർത്തമാനക്കടലാസ്സു മടക്കിപ്പശയൊട്ടിച്ചു മുദ്രപതിപ്പിക്കുന്നതു വരക്കുള്ള സകല പണിയും യന്ത്രങ്ങളാണത്രെ കഴിച്ചു വരുന്നത്. ഇതിൽ ഏർപ്പെട്ട പ്രവൃത്തിക്കാരെ സഹസ്രംകൊണ്ടോ എണ്ണുവാൻ തരമുള്ളൂ. ഒരു ദിവസം ആ ആപ്പീസിൽ നടക്കുന്ന പണിയും അതുപോലെത്തന്നെ. ഭൂമിയുടെ സകലദിക്കിൽനിന്നും ഈ ആപ്പീസിലെക്കു കമ്പിത്തപാൽ വേരെയുണ്ട്. ഒരു ദിക്കിൽ നടന്ന കാര്യം അന്നന്നുതന്നെ ഈ അപ്പീസിൽ അറിവു കിട്ടും. ഒരു കുറി ജർമെനിരാജ്യത്തുവെച്ച് ആ രാജ്യത്തെ ഗവർമേണ്ടും മറ്റൊരു ഗവർമേണ്ടും തമ്മിൽ അതിരഹസ്യമായി ഒരു സന്ധിക്കരാറു ചെയ്കയുണ്ടായി. ഈ കരാറു ജെർമനിയിലെ തലസ്ഥാനമായ ബർലിൻ പട്ടണത്തിൽ വെച്ചൊപ്പിട്ട നിമിഷത്തിൽത്തന്നെ അതിന്റെ വിവരം ലണ്ടൻ ടൈംസിൽ പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞു. ഇതിന്ന് ഈ പത്രത്തിന്റെ ഉടമസ്ഥന്മാർക്ക് 12000 ഉറുപ്പിക ചിലവായിട്ടുണ്ടത്രെ! ലണ്ടനിൽ പാർലിമെന്റുസഭ കൂടുന്ന കാലത്ത് ആ സഭയിൽ യോഗ്യന്മാർ ചെയ്ത എല്ലാ പ്രസംഗങ്ങളും അപ്പപ്പോൾ ഈ ടൈംസിൽ അച്ചടിച്ചുകഴിയും. ഇതിന്നുവേണ്ടി പാർലിമെണ്ടിൽ നിന്ന് അതിന്റെ ആപ്പീസിലെക്കു ശബ്ദഗ്രാഹിയന്ത്രം വെച്ചിരിക്കുന്നു. സഭയിൽ നടക്കുന്ന എല്ലാ പ്രസംഗങ്ങളും ഈ പത്രത്തിന്റെ ആപ്പീസിൽ ഇരിക്കുന്നവർ ചുരുക്കെഴുത്തിൽ പകർത്തെടുക്കും. ചുരുക്കെഴുത്തിൽ പകർത്തു കഴിഞ്ഞാൽ ഉടനെ വേറെ ഒരുവൻ അത് അച്ചുനിരത്തുന്നവന്നു വായിച്ചു കൊടുക്കുകയായി. വായിച്ചുകഴിയുന്നതിനോടു കൂടി യന്ത്രസഹായം കൊണ്ടു അച്ചു നിരത്തിക്കഴിയും. അപ്പോഴേക്കു വേറെ ഒരു യന്ത്രം അച്ചിന്മേൽ മഷിയിട്ടു. വേറെ ഒരു യന്ത്രം കടലാസ്സ് അച്ചിന്മേൽ വെച്ചടിച്ചുകഴിഞ്ഞു. അവിടുന്നങ്ങോട്ടുള്ള പ്രവൃത്തികളും ഇതുപോലെതന്നെ അതിജാഗ്രതയിൽ യന്ത്രങ്ങൾ നിർവ്വഹിച്ചു.

ഇതെല്ലാം നമ്മൾക്കു വിചാരിപ്പാൻ കൂടി പാടില്ലാത്ത വേഗത്തിൽ കഴിയുകയും ചെയ്യും. ഇങ്ങിനെയുള്ള പ്രവൃത്തികൾ ഒരു കൊല്ലത്തിന്റെ ആദിമുതൽ അവസാനംവരെ രാവും പകലും നടക്കണമെങ്കിൽ ഉടമസ്ഥന്മാർക്കുള്ള ചിലവെത്രത്തോളമുണ്ടായിരിക്കുമെന്നു വായനക്കാർ ആലോചിക്കുകയാണ് നല്ലത്. അവർക്കുള്ള വരവും ഇതു പോലെ തന്നെയാണ്. ഒരു ദിവസം ഈ പത്രത്തിന്റെ ഒരു ലക്ഷത്തിൽപ്പുറം കോപ്പി വിറ്റുവരുന്നുവെന്നു പറഞ്ഞുവല്ലൊ. ഒരു കോപ്പിക്കു മുന്നണവിലയുണ്ട്. എന്നാൽ ഒരു കൊല്ലം അതുകൊണ്ടെത്ര വരവുണ്ടാകുമെന്നു കണക്കു കൂട്ടാമല്ലൊ. ഇതിന്നു പരസ്യങ്ങളിൽ നിന്നു തന്നെ കിട്ടുന്ന സംഖ്യ കൊല്ലത്തിൽ 6000000-ത്തിലധികം ഉറുപ്പിയുണ്ടെന്നു കണ്ടിരിക്കുന്നു. ആ അറുപതു ലക്ഷത്തിന്നു പുറമെ പുസ്തകങ്ങൾ വിൽക്കുന്നതിൽ നിന്നും വലിയ വരവുണ്ട്. 'എൻസൈക്ലോപീഡിയാ ബ്രിട്ടാനിക്കാ' എന്നൊരു വലിയ പുസ്തകക്കൂട്ടം ഈയിടെ അവർ അച്ചടിച്ചു വിൽക്കുകയുണ്ടായി. അതിൽനിന്നുതന്നെ അവർക്ക് ഒരു കോടിയിലധികം ഉറുപ്പിക വരവുണ്ടായിട്ടുണ്ട്. ഇതുപോലെ വേറേയും പുസ്തകങ്ങള്‍ വിറ്റുവരുന്നുണ്ട്. അസാമാന്യമായ വരവും അവയിൽനിന്നവർക്കുണ്ടാവുന്നുണ്ട്. ഇങ്ങിനെയാണ് ടൈംസിന്റെ വരവുചിലവ്. അതിൽ കാണുന്ന പത്രാധിപപ്രസംഗങ്ങളും ലേഖനങ്ങളും ഈ വരവുചിലവുകളെപ്പോലെത്തന്നെ ഗാംഭീര്യമുള്ളവയാകുന്നു. അന്നന്നത്തെ വിദ്വാന്മാരിൽവെച്ചു പ്രാധാനിയല്ലാതെ മറ്റാരും ഇതിന്റെ പത്രാധിപരാവുന്നതല്ല. യോഗ്യന്മാരായാട്ട വല്ലവരുമുണ്ടെങ്കിൽ അവരെല്ലാം ഇതിന്റെ ലേഖകന്മാരായിരിക്കും. ഇങ്ങിനെയെല്ലാമിരിക്കെ ഈ പത്രത്തിനുണ്ടാകുന്ന പ്രചാരവും പ്രാബല്യവും വളരെ വർദ്ധിച്ചിരിപ്പാനേ തരമുള്ളൂവെന്നു പറയേണ്ടതില്ലല്ലോ.


ലണ്ടൻടൈംസിനെക്കാൾ അധികം പ്രചാരമുള്ള പത്രങ്ങൾ ഇംഗ്ലണ്ടിൽത്തന്നെ വേറേയുമുണ്ട്. എങ്കിലും പ്രാബല്യത്തിന്റെ കാര്യത്തിൽ ടൈംസ് ഇന്നും അദ്വിതീയമാണെന്നുള്ളതിന്നു യാതൊരു സംശയവുമില്ല. അമേരിക്കാരാജ്യത്തുള്ള പത്രങ്ങളുടെ കഥ വിചാരിച്ചാൽ ഇംഗ്ലണ്ടിലെ കഥ സാരമില്ലാതാകും. ആ രാജ്യത്ത് ആയിരമാളുകള്ള ഒരു നാട്ടിൻപുറമുണ്ടെങ്കിൽ അവിടെ ആഴ്ചവട്ടത്തിൽ ഒരു തവണ പ്രസിദ്ധപ്പെടുത്തുന്ന പത്രം ഒന്നുണ്ടാകും. പതിനയ്യായിരം ജനങ്ങളുള്ള ഒരു ചെറിയ പട്ടണമുണ്ടെങ്കിൽ അവിടെ ഒരു പ്രതിദിനപത്രിക ഇല്ലാതിരിക്കില്ല. ഇത്ര ധാരാളം പത്രവായനക്കാരുടെ ദിക്കിൽ നല്ലൊരു പത്രത്തിന്റെ ഉടമസ്ഥൻ വിചാരിച്ചാൽ എത്ര ജനങ്ങളെ സ്വപക്ഷത്തിലേക്കു ചേർക്കുവാനും സ്വാധീനമാക്കുവാനും കഴിയും! അങ്ങിനെയുള്ള ഒരുവന്നു ജനങ്ങളുടെ മേൽ എന്തൊരു ശക്തിയാണുണ്ടാവാൻ തരമില്ലാത്തത്!


ഈ ശക്തിയെ നല്ലവണ്ണം അറിഞ്ഞ അതു താന്താങ്ങളുടെ സ്വാർത്ഥ് സാധിപ്പാൻവേണ്ടി ഉപയോഗിക്കുന്ന ആളുകൾ അമേരിക്കയിലെപ്പോലെ വേറെ ഒരുദിക്കിലുമില്ല. അവിടെയുള്ള കോടീശ്വരന്മാരുടെ ഇടയിൽ ഹർസ്റ്റ് എന്നൊരു മഹാവിരുതനുണ്ട്. ആയാളുടെ കീഴിൽ ഏകദേശം പത്തു പത്രങ്ങളുണ്ട്. ഈ പത്രങ്ങളിൽ ചിലതു ദിവസേന പ്രസിദ്ധപ്പെടുത്തുന്നതും ചിലത് ആഴ്ചവട്ടത്തിൽ രണ്ടുതവണയായിട്ടും മൂന്നു തവണയായിട്ടും പ്രസിദ്ധപ്പെടുത്തുന്നതും ആകുന്നു. ചിലതു നാല്പതിൽ കുറയാത്ത ഭാഗങ്ങൾ അടങ്ങിയവയാണ്. ഇതുകൾക്കെല്ലാം കൂടി 400 ടൺ, അതായത് 89600 റാത്തൽ കടലാസ്സ് ഒരു ദിവസം ചിലവുണ്ട്. ഈ പത്രങ്ങൾ വരുത്തി വായിക്കുന്നവരായി 2000000 ആളുകളുണ്ട്. ഇതുകളുടെ ഉടമസ്ഥനായ ഹർസ്റ്റിന്നു വല്ല രാജ്യകാര്യങ്ങളിലും അല്പം അതൃപ്തിയുണ്ടെങ്കിൽ ഈ പത്തു പത്രങ്ങളും കൂടി ആ കാര്യത്തെപ്പറ്റി ലഹള കൂട്ടുകയായി. എന്നാൽ അവ വായിക്കുന്ന ഇരുപതുലക്ഷം ജനങ്ങളും കാലതാമസം കൂടാതെ അയാളുടെ പക്ഷത്തിലേക്കു ചായുകയുമായി. ഇങ്ങിനെയായാൽ ജനങ്ങൾതന്നെ രാജ്യം ഭരിക്കുന്ന ആ വക നാടുകളിൽ ഇതുപോലുള്ള ഒരാളുടെ ഇഷ്ടപ്രകാരം രാജ്യഭരണം നടത്തുവാൻ വല്ല പ്രയാസവുമുണ്ടോ? ഈ പത്രങ്ങൾ നടത്തുവാൻ വേണ്ടി ആയാൾ ചിലവു ചെകുന്ന പണത്തിന്റെ സംഖ്യ വിസ്മയനീയം തന്നെ. ഈ ഒരാവശ്യത്തിന്നുവേണ്ടി ആയാൾക്കു കൊല്ലംതോറും 45000000 (നാലരക്കോടി) ഉറുപ്പിക ചിലവുണ്ട്. ഇതു സംബന്ധമായി അയാളുടെ ശമ്പളക്കാരുടെ നിലയിൽ 4000 ആളുകളുണ്ട്. ഓരോ സ്ഥലത്തുപോയി വർത്തമാനങ്ങൾ ശേഖരിപ്പാനും, ലേഖനങ്ങൾ എഴുതുവാനുംകൂടി ഇതിന്നു പുറമെ 15000 ആളുകളുണ്ട്. അമേരിക്കയിൽ ഏറ്റവും നല്ല വിദ്യാന്മാരെ അവർക്കിഷ്ടപ്രകാരമുള്ള ശമ്പളംകൊടുത്ത് ആയാൾ തന്റെ കീഴിൽ നിശ്ചയിച്ചിരിക്കുന്നു. ഇവരുടെ കൂട്ടത്തിൽ മാസത്തിൽ 12000 ഉറുപ്പിക ശമ്പളത്തിൽ ഒരാളും 10000 ഉറുപ്പിക ശമ്പളത്തിൽ ഒരാളും 8000 ഉറുപ്പിക ശമ്പളമുള്ള അഞ്ചാളുകളും ഉണ്ട്. എന്നാൽ ഈ വലിയ ചിലവിന്നടുത്ത വരവും അയാൾക്കുണ്ടാകാതിരിക്കയില്ലല്ലൊ. ഈ പത്രങ്ങൾ കാരണമായി അയാൾക്ക് ആ രാജ്യത്തുള്ള ശക്തിക്കവസാനമില്ല. അമേരിക്കാരാജ്യത്തു മുഴുവൻ ഹർസ്റ്റ് എന്ന പേരുകേട്ടാൽ ഒന്നു നടുങ്ങാത്ത ആളുകളില്ല. ആ രാജ്യത്തുള്ള പത്രങ്ങളുടെ പരാക്രമങ്ങളിങ്ങനെയാകുന്നു. മറ്റുള്ള പരിഷ്കൃതരാജ്യങ്ങളിലെ പത്രങ്ങളുടെ അവസ്ഥ ഏകദേശം ഇതുപോലെത്തന്നെ. എന്നാൽ അതെല്ലാം വിവരിക്കുന്നതായാൽ പിഷ്ടപേഷണമായിത്തീർന്നേക്കാമെന്നു ഭയപ്പെട്ടു ഞാൻ തൽക്കാലം വേണ്ടെന്നുവെയ്ക്കുന്നു.


ഇതെല്ലാം വിചാരിച്ചു നോക്കുമ്പോൾ ഇന്ത്യയിലെ പത്രങ്ങളുടെ കഥ എത്ര ഉപായമാകുന്നു! മേൽപ്പറഞ്ഞ പത്രങ്ങളുടെ പ്രചാരത്തിൽ പത്തിലൊന്നു പ്രചാരമുള്ള ഒരു പത്രമെങ്കിലും ഇവിടെ ഇല്ലല്ലൊ. ഇതു നമുക്കൊരു കുറവായ സംഗതിയാണെങ്കിലും, നമുക്ക് ഈ സംഗതിയിൽ തീരെ നിരാശപ്പെടുവാനില്ല. യൂറോപ്പ്, അമേരിക്ക മുതലായ ദിക്കുകളിലുള്ള വർത്തമാനപത്രങ്ങൾക്കു വളരെ പഴക്കം ചെന്നിരിക്കുന്നു. നമ്മുടെ വർത്തമാന പത്രങ്ങൾക്ക് അതിൽ പകുതി പഴക്കമുണ്ടോ എന്നും സംശയമാണ്. നഷ്ടോത്സാഹന്മാരായ നമ്മുടെ പത്രങ്ങൾക്ക് ഇത്രകാലംകൊണ്ട് ഇത്രയെങ്കിലും പ്രചാരമുണ്ടായല്ലോ എന്നുവിചാരിച്ചഭിനന്ദിക്കുകയാണ് വേണ്ടത്. കാലം കൊണ്ടു നമുക്കും ഗുണം വരുമെന്നുതന്നെ കരുതുക. ഒരു രാജ്യത്തുള്ള ജനങ്ങൾക്കു പരിഷ്ക്കാരവും അഭ്യുദയവുംവരുത്തുന്ന പ്രധാനകാരണങ്ങളുടെ കൂട്ടത്തിലാകുന്നു വർത്തമാനപത്രങ്ങളെന്നുള്ള തത്വം ഒരിക്കലും മറക്കാതെ, അവ വർദ്ധിക്കുവാനുള്ള മാർഗ്ഗങ്ങളാലോചിച്ചു പ്രവർത്തിക്കുന്നതായാൽ നമ്മുടെ രാജ്യവും ക്രമത്തിൽ യൂറോപ്പു മുതലായ രാജ്യങ്ങൾക്കു തുല്യമാകുമെന്നുള്ള എന്റെ വിശ്വാസത്തെ വ്യക്തമായിപ്പറഞ്ഞുകൊണ്ടു തൽക്കാലം ഈ ലേഖനത്തെ അവസാനിപ്പിക്കുന്നു.


താളിളക്കം
!Designed By Praveen Varma MK!