Contacts

എ. ഡി. ഹരിശർമ്മ
ഒരു വിഷ്കംഭം

മംഗളോദയത്തില്‍ കൊ.വ. 1094 മകരം




ജനസ്ഥാനവനദേവതയായ വാസന്തി "ആമ്നായസാരങ്ങളെ ഉൾക്കാമ്പിലറിഞ്ഞുകൊള്ളുവതിനായി വാത്മീകിപാർശ്വത്തിൽനിന്നു" അഗസ്ത്യാശ്രമത്തിലേക്കു പുറപ്പെട്ടു ജനസ്ഥാനത്തിൽകൂടി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആത്രേയി എന്ന "തപോധനയ്ക്കു സ്വാഗതം" പറഞ്ഞുകൊണ്ടാണ് വിഷ്കംഭം തുടങ്ങുന്നത്. പൂർവ്വമിത്രങ്ങളായ ഇവരുടെ ഈ സമാഗമം യാദൃച്ഛികമായിരുന്നു. സാധാരണ സുഹൃത്സമാഗമത്തിൽ കുശലപ്രശ്നം ചെയ്യാറുള്ള ലൌകികാചാരമനുസരിച്ച് "എവിടെ നിന്നാണ് വരുന്നത്? എന്തിനായിട്ടാണ് ഈ ദണ്ഡകാരണത്തിൽ പ്രവേശിച്ചത്?" എന്നു വനദേവത ചോദിക്കുന്നതിന്നു ആത്രേയിക്കുള്ള സമാധാനം ഇതാണ്:-


"അക്കുംഭോത്ഭവനാദിയായവളരെ
ശ്രുത്യന്തസാരജ്ഞരി -
ന്നിക്കാട്ടിങ്കൽവസിപ്പതുണ്ടവരിൽനി-
ന്നാമ്നായസാരങ്ങളെ
ഉൾക്കാമ്പിങ്കലറിഞ്ഞുകൊള്ളുവതിനായ്
വാത്മീകിപാർശ്വത്തിൽനി-
ന്നിക്കാണുന്നവനാന്തരങ്ങളിൽനട -
ന്നീടുന്നുഞാനിങ്ങിനെ."


പ്രഥമദൃഷ്ടിയിൽ സാധാരണമായി തോന്നാവുന്ന ഈ ചോദ്യോത്തരങ്ങളാണ് അവരുടെ ഭാവിസംഭാഷണത്തിനും, തന്മൂലഭൂതഭവിഷ്യൽകഥാസൂചനത്തിനും നിദാനം. ഭവഭൂതിയുടെ കവിധർമ്മമർമ്മജ്ഞത ഇതാ! വെളിപ്പെട്ടു തുടങ്ങി.


ആത്രേയിയുടെ ഈ ഉത്തരം കേൾക്കുമ്പോൾ ഒരാൾക്കുണ്ടാകാവുന്ന സംശയങ്ങൾ എന്തെല്ലാമാണെന്നു വനദേവതയുടെ അടുത്ത ചോദ്യത്തിൽ നിന്നും മനസ്സിലാക്കാം. "മറ്റുള്ള മുനികൾ കൂടിയും വേദാന്തസാരത്തെ ഗ്രഹിക്കുന്നതിന്നു പുരാണബ്രഹ്മവാദിയായ ആ വാത്മീകിമഹർഷിയെത്തന്നെയാണല്ലൊ ആശ്രയിക്കുന്നത്. പിന്നെന്തിനായിട്ടാണ് ഭവതി ഈ ദീർഗ്ഘസഞ്ചാരപരിശ്രമത്തെ വഹിക്കുന്നത്?"


കണ്ടില്ലെ യുക്തിയുടെ ശക്തി? ഇനി ഈ സംഭഷണത്തെത്തുടർന്നു മറ്റു കാര്യങ്ങളെ വെളിപ്പെടുത്താൻ എന്താണ് പ്രയാസം? "അവിടെ പഠിക്കുന്നതിനു വലുതായ വിഘ്നമുണ്ടെ"ന്നു ഇനി ആത്രേയിക്കു പറയാതെ കഴിയുമോ? അപ്പോൾ "എന്താണു വിഘ്ന"മെന്നായി വാസന്തിയുടെ ചോദ്യം. ചുരുക്കിപ്പറഞ്ഞാൽ, "ഏതൊ ഒരു വനദേവത മുലകുടി മാറിയ പ്രായത്തിലുള്ള രണ്ടു കുട്ടികളെ വാത്മീകിയുടെ ആശ്രമത്തിൽ കൊണ്ടുവന്നാക്കി" എന്നും ആ കുട്ടികൾ ഋഷികളുടെ മാത്രമല്ല സ്ഥാവരജംഗമങ്ങളായ സകലഭൂതങ്ങളുടേയും അന്തഃകരണങ്ങളെ വശീകരിക്കുന്നു എന്നും, ലവനെന്നും കുശനെന്നുമുള്ള അവരുടെ നാമധേയത്തേയും പ്രഭാവത്തേയും ആ ദേവതതന്നെ പറഞ്ഞിട്ടുണ്ടെന്നും, പ്രയോഗസംഹാരമന്ത്രങ്ങളുള്ള ജൃംഭകാസ്ത്രങ്ങൾ ജനനത്തിൽതന്നെ അവർക്കു സിദ്ധിച്ചിട്ടുണ്ടെന്നും, വാത്മീകി ഉപമാതാവിന്റെ നിലയിൽ ആ കുട്ടികളെ വളർത്തി യഥാകാലം ചൂഡാകർമ്മവും (11മത്തെ വയസ്സിൽ) ക്ഷത്രിയോചിതമായ ഉപനയനവും കഴിച്ചു വേദവേദാംഗാദികളെ പഠിപ്പിച്ചു എന്നും, ഇപ്പോൾ ഗ്രഹിക്കാനും ധരിക്കാനും അതിസാമർത്ഥ്യമുള്ള ആ കുട്ടികളോടൊപ്പം പഠിക്കുന്നതിന്നു തന്നെപ്പോലുള്ളവർക്കു സാധിക്കുന്നില്ല എന്നും ആത്രേയിയെക്കൊണ്ടു പറയിക്കുന്നതിനു വേണ്ടിയ ചോദ്യങ്ങൾ യഥാവസരം ചോദിക്കുന്നതിനു ഭവഭൂതിയുടെ വാസന്തിക്കു സാമർത്ഥ്യമില്ലാതെവരുമോ?


ഒരദ്ധ്യാപകൻ വിദ്യാർത്ഥികളോടു പെരുമാറുന്നതു സമബുദ്ധിയായിട്ടായിരിക്കുമെങ്കിലും പാഠം എല്ലാവരിലും ഒരുപോലെ ഫലിക്കുന്നില്ല. ലോകത്തിൽ നിത്യാനുഭവത്തിലിരിക്കുന്ന ഈ സംഗതി ഒരൊന്നാന്തരം ദൃഷ്ടാന്തത്തോടും വളരെ ഔചിത്യത്തോടും ഭവഭൂതി ആത്രേയിയെക്കൊണ്ടു പറയിക്കുന്നുണ്ട്.


"തുല്യംചൊല്ലിക്കൊടുക്കുന്നിതുഗുരുജഡനും
പ്രാജ്ഞനുംവിദ്യയെത്താ-
നില്ലാതാക്കില്ലെവന്നുംഗ്രഹണപടുതയെ-
ത്താൻകൊടുക്കാറുമില്ല; തെല്ലുംമൺകട്ടബിംബത്തിനെവിമലമണി -
ക്കൊപ്പമായുൾഗ്രഹിക്കു-
ന്നില്ലവ്വണ്ണംഫലംകൊണ്ടവരിരുവരുമാ-
യേറ്റവുംഭേദമുണ്ടാം."


ഗ്രഹണധാരണപാടവമുള്ള ലവകുശന്മാർക്കും അതില്ലാത്ത ആത്രേയീപ്രഭൃതികൾക്കും ഗുരു ഒരാൾ തന്നെയാണെങ്കിലും പാഠവിഷയത്തിൽ ആത്രേയീപ്രഭൃതികൾ പിന്നോക്കമാകുന്നതിൽ എന്താണതിശയം? ക്ലാസ്സിൽ പല വിദ്യാർത്ഥികൾ പഠിക്കുന്നതിൽ ഏതാനും പേർ ഗ്രഹണപാടവമില്ലാത്തവരാണെന്നു വെച്ച് അവർക്കു വേണ്ടി പാഠം മുടക്കുന്നതുചിതമായിരിക്കുമോ? അതു വിദ്യാർത്ഥികളുടെ അഭിവൃദ്ധിക്കു ബാധകമായിരിക്കുകയില്ലെ? അപ്പോൾ മടിയന്മാർ മറ്റു വഴി അന്വേഷിക്കുകയല്ലാതെ ഗത്യന്തരമില്ല. ഈ വിധം ആത്രേയി മറ്റു വഴി അന്വേഷിച്ചുകൊണ്ടു അഗസ്ത്യാശ്രമത്തിലേക്കു പോകുന്ന വഴിയിൽ വെച്ചാണ് വാസന്തിയെ കാണുന്നതും, സംഭാഷണത്തിന്നിടയാകുന്നതും.


ആയില്ല; ഇതുകൊണ്ടും കഴിഞ്ഞില്ല. 'ഇതാണൊ അദ്ധ്യയനത്തിനുള്ള വിഘ്നം?' എന്നു വനദേവതയ്ക്കു പിന്നെയുമുണ്ട്. .ഒരു ചോദ്യം. അതേ ആ 12 കൊല്ലങ്ങൾക്കിടയിൽ നടന്ന പ്രധാന സംഭവങ്ങളെയെല്ലാം ആത്രേയിയെക്കൊണ്ടു പറയിക്കേണ്ട ആവശ്യം ഭവഭൂതിക്കില്ലെ? വനദേവതയുടെ ചോദ്യം സ്വാഭാവികവുമാണ്. 'കൂട്ടത്തിൽ ബുദ്ധിമാന്മാരായ കുട്ടികളുണ്ടെന്നു വെച്ച്, ആ കൂട്ടം വിട്ടു മറ്റൊരു ഗുരുവിനെ അന്വേഷിച്ചു പോവുകയാണോ' എന്നർത്ഥം വരുന്ന ഒരു പരിഹാസസ്വരവും കൂടി വാസന്തിയുടെ ചോദ്യത്തിൽ കവി ഉദ്ദേശിച്ചുണ്ടായിരിക്കണം! ആത്രേയിക്കു വാസ്തവത്തിൽ 'വിഘ്നം വേറേയുമുണ്ടാ'യിരുന്നു. പൂർവ്വമിത്രങ്ങളായ സ്ഥിതിക്കു വാസന്തിക്കു അതും അറിയാതെ കഴിയുമോ?


"ബ്രഹ്മർഷിയായ വാത്മീകി ഒരു ദിവസം മദ്ധ്യഹ്നസമയത്തിൽ തമസാനദിയിൽ ചെന്നിരിക്കുമ്പോൾ ഇണയായി സഞ്ചരിച്ചിരുന്ന രണ്ടു ക്രൌഞ്ചപ്പക്ഷികളിൽ ഒന്നിനെ ഒരു വ്യാധന്‍ കൊല്ലുന്നതായി കണ്ടു. ഉടനെ ആർദ്രമനസ്കനായ അദ്ദേഹത്തിൽ നിന്നു,


മാനിഷാദ!പ്രതിഷ്ഠാംത്വമഗമശ്ശാശ്വതീഃസമാഃ
യൽക്രൌഞ്ചമിഥുനാദേകമവധീഃകാമമോഹിതം


എന്ന് അനുഷ്ടുപ്ഛന്ദോരൂപമായി പരിണമിച്ച വാഗ്ദേവി തന്നത്താനറിയാതെ പുറപ്പെട്ടു. ഈ വിധം ശബ്ദബ്രഹ്മത്തിൽ പ്രബോധം സിദ്ധിച്ച ആ മഹർഷിയുടെ സമീപത്തിൽ സൃഷ്ടികർത്താവായ ബ്രഹ്മദേവൻ എഴുന്നള്ളി, അരുളിച്ചെയ്തതനുസരിച്ചു മനുഷ്യരിൽ ഒന്നാമതായി ശബ്ദബ്രഹ്മത്തിന്റെ അപ്രകാരമുള്ള പരിണാമമായ രാമായണമെന്ന ഇതിഹാസത്തെ അദ്ദേഹം നിർമ്മിച്ചു."


ഇതുകൊണ്ടും ആത്രേയിയുടെ അദ്ധ്യയനത്തിനു വലുതായ വിഘ്നമുണ്ടായിരുന്നു. 12 സംവത്സരങ്ങൾക്കിടയിൽ നടന്ന ഒരു വിശേഷ സംഭവമാണല്ലൊ ഇത്. എന്നുമാത്രമല്ല, ലവകുശന്മാരുടെ വളർത്തച്ഛനായ വാത്മീകിമഹർഷി, രാമായണകഥയിലെ "ഒരു ഭാഗത്തെ വളരെ രസത്തോടുകൂടി അഭിനയിക്കത്തക്കവണ്ണം വേറെ ഒരു പ്രബന്ധമായിട്ടും ഉണ്ടാക്കിയിട്ടുണ്ട്. അതിനെ സ്വഹസ്തങ്ങൾകൊണ്ടുതന്നെ എഴുതി നൃത്യഗീതവാദ്യശാസ്ത്രകർത്താവായ ഭരതമുനിക്കയച്ചിരിക്കുന്നു" എന്നു മേൽ നാലാമങ്കത്തിൽ, ലവൻ ജനകകൌസല്യാദികളോടു പറയുന്നുമുണ്ട് . ഉത്തരരാമചരിതം ഏഴാമങ്കത്തിൽ ഗംഗാതീരത്തിലുള്ള രംഗസ്ഥാനത്തിൽ വെച്ച് അപ്സരഃസ്ത്രീകളെക്കൊണ്ടു വാത്മീകി അഭിനയിപ്പിക്കുന്നതായി പറഞ്ഞിട്ടുള്ള 'അന്തര്‍ന്നാടകം,' ലവൻ പറയുന്ന ഈ പ്രബന്ധംതന്നെയാണ്. ഈ അന്തര്‍ന്നാടകസൃഷ്ടിക്കുവേണ്ട ഇതിവൃത്തസൂക്ഷ്മജ്ഞാനം വാത്മീകിക്കു ലഭിച്ചത് എവിടെ നിന്നായിരുന്നു എന്നു വല്ലവരും ചോദിക്കുന്നുണ്ടെങ്കിൽ 'രണ്ടാമങ്കത്തിലെ വിഷ്കംഭം നോക്കിയാലറിയാം' എന്നാണു ഭവഭൂതി പറയുന്നത്. ബ്രഹ്മദേവൻ വാത്മീകിയോടരുളിച്ചെയ്തതിപ്രകാരമായിരുന്നു. 'ഋഷേ! അങ്ങു ശബ്ദബ്രഹ്മത്തിൽ പ്രബുദ്ധനായിത്തീർന്നിരിക്കുന്നു. അതിനാൽ രാമചരിതത്തെ കഥിച്ചാലും; എല്ലാറ്റിലും തടവുകൂടാതെ പ്രവേശിക്കുന്ന ജ്ഞാനദൃഷ്ടി അങ്ങയ്ക്കുണ്ടാകും. അങ്ങു ആദ്യകവിയായി ഭവിക്കുന്നു.'


'പഞ്ചവടിയിൽച്ചെന്നു ഗോദാവരീതീരത്തിൽകൂടി പോയാൽ മതി' എന്നു അഗസ്ത്യാശ്രമത്തിലേയ്ക്കു പോകേണ്ട വഴി നിർദ്ദേശിക്കുന്ന അവസരത്തിലാണു, താനതുവരെ സംസാരിച്ചുനിന്നിരുന്നതു ജനസ്ഥാനവനദേവതയായ വാസന്തിയോടാണെന്നു ആത്രേയിക്കു മനസ്സിലായത്. പണ്ടു വനവാസാവസരത്തിൽ സീതയുടെ കൂട്ടുകാരിയായിരുന്ന - വിശേഷിച്ചും സീതാപരിത്യാഗകഥയെ ഗ്രഹിച്ചിരുന്ന- ആത്രേയിക്ക് ഈ അവസരത്തിൽ പൂർവ്വകഥാസ്മരണംകൊണ്ടുണ്ടാകുന്ന മനോവ്യഥ എത്രത്തോളമായിരിക്കും? ലൌകികദു:ഖങ്ങളിലും, സംസാരത്തിന്റെ വിഷമാവസ്ഥകളിലും തീരെ അപരിചിതയായ ആ താപസി, താൻ നില്ക്കുന്നതു പഞ്ചവടിയിലാണെന്നറിയുകയും പണ്ടു സീതയോടും ശ്രീരാമനോടും കൂടി അതേ സ്ഥലത്തു വളരെ നാൾ കഴിച്ചുകൂട്ടിയതിനെ ഓർക്കുകയും ചെയ്തപ്പോൾ 'കണ്ണുനീർ പൊഴിച്ചതിലൊ', 'വത്സയായ ജാനകി'യെ വിളിച്ച്,


'ക്ഷോണീപുത്രി!തുടർച്ചയായ്‍കഥകൾനീ
ചൊല്ലുന്നതിന്നൊക്കെയും
കാണുന്നൂവിഷയങ്ങളായിഹനദീ -
വൃക്ഷാദിബന്ധുക്കൾതെ;
കാണുന്നേരമിവറ്റെ,നാമമവശേ-
ഷിച്ചുള്ളനീയീവനെ
വാണീടുന്നുവരാംഗി!കണ്ണിനെതിരാ -
യെന്നിന്നുതോന്നുന്നുമേ.'


എന്നു മുക്തകണ്ഠം രോദനം ചെയ്തതിലൊ, "അപവാദത്തോടുകൂടിയ അത്യാപത്തു" എന്താണെന്നു ആത്രേയിയിൽ നിന്നും ഗ്രഹിച്ചപ്പോൾ പണ്ടു സീതയുടെ പ്രാണസഖിയായിരുന്ന വാസന്തി, മോഹാലസ്യപ്പെട്ടതിലോ, മഹാനുഭാഗയായ ജനകാത്മജയെ ഈ കഷ്ടാവസ്ഥയിലാക്കിയ ദൈവത്തെയും രാമഭദ്രനെയും പഴിച്ചതിലോ എന്താണതിശയം? ഹാ! ഹൃദയമർമ്മഭേദകങ്ങളായ ഈ ഭാഗങ്ങളിലെത്തുമ്പോൾ ഏതു കഠിനഹൃദയനാണ് മനസ്സലിഞ്ഞു കരയാത്തത്? "അരുന്ധതീവസിഷ്ഠന്മാർ പരിപാലിച്ചുവരുന്ന രഘുകുലത്തിൽ അതിവൃദ്ധകളായ രാജ്ഞികൾ ജീവിച്ചിരിക്കെ ഇതെങ്ങിനെ സംഭവിച്ചു?" എന്നു വാസന്തി കണ്ണുനീരോടുകൂടി ചോദിക്കാതിരിക്കുമോ? വാസന്തി ഇതു ചോദിക്കുന്ന സ്ഥിതിക്കു ആ ഗുരുജനങ്ങളെല്ലാം പന്ത്രണ്ടു സംവത്സരത്തെക്കുണ്ടായിരുന്ന ഒരു സത്രത്തിനുവേണ്ടി ജാമാതാവിന്റെ ആശ്രമത്തിലേക്കു പോയിരുന്നതും, ഇപ്പോൾ സത്രം അവസാനിച്ചതുകൊണ്ടു ഋശ്യശൃംഗൻ അവരെ സൽക്കരിച്ചു യാത്രയാക്കിയതും, ഭഗവതിയായ അരുന്ധതിയും രാമമാതാക്കളും "വത്സയില്ലാത്ത അയോദ്ധ്യയിലേക്കു ഞങ്ങൾ പോകുന്നില്ല" എന്നു തീരുമാനിച്ചതും, അതിനെ അനുസരിച്ചു വസിഷ്ഠൻ "എന്നാൽ നാം വാൽമീകിതപോവനത്തിൽ ചെന്ന് അവിടെ താമസിക്കുക" എന്നരുളിച്ചെയ്തതും മറ്റും കുറെയേറെ വ്യസനത്തോടു കൂടിയാണെങ്കിലും ആത്രേയി പറയാതിരിക്കുന്നതെങ്ങിനെ?


ഇത്രത്തോളം മനസ്സിലായാൽ "ജനമോദത്തിനുവേണ്ടി" മാത്രം മനസ്സില്ലാ മനസ്സോടെ പ്രാണപ്രിയയെ പരിത്യജിച്ച ആ രാജാവ് ഇപ്പോൾ എന്തു ചെയ്യുന്നു എന്ന ചോദ്യം ആർക്കും ഉണ്ടായിരിക്കും. എന്തിനധികം വിസ്തരിക്കുന്നു? ശ്രീരാമൻ അശ്വമേധം ആരംഭിച്ചതും സ്വർണ്ണംകൊണ്ടു നിർമ്മിച്ച സീതാപ്രതിമയെ സഹധർമ്മചാരിണിയായി സ്വീകരിച്ചതും വാമദേവനാൽ സംസ്കരിക്കപ്പെട്ട യജ്ഞാശ്വത്തിന്റെ രക്ഷിതാവായി ദിവ്യാസ്ത്രസമ്പ്രദായം ലഭിച്ചിട്ടുള്ള ലക്ഷ്മണപുത്രനായ ചന്ദ്രകേതുവിനെ ചതുരംഗബലത്തോടുകൂടി അയച്ചിട്ടുള്ളതും മൃതപുത്രനായ ബ്രാഹ്മണന്റെ സങ്കടവും അശരീരിവാക്കും കേട്ടു ശംബൂകവധത്തിനു വേണ്ടി ശ്രീരാമൻ ഉദ്യതഖഡ്ഗനായി പുറപ്പെട്ടിരിക്കുന്നതും മറ്റും ആത്രേയിയെക്കൊണ്ടു, തത്തയെക്കൊണ്ടെന്ന പോലെ പറയിക്കുന്നതിന്നു ഭവഭൂതിയുടെ വാസന്തിക്കുള്ള സാമർത്ഥ്യം അനിതരസാധാരണവും വിസ്മയനീയവുമായിരിക്കുന്നു.


സീതയെ ഉപേക്ഷിച്ചു എന്നു കേട്ടപ്പോൾ പ്രിയസഖീപക്ഷപാതിനിയായി രാമഭദ്രനെപ്പഴിപറഞ്ഞ വാസന്തി ശംബൂകവധത്തിനായിട്ടാണെങ്കിലും ശ്രീരാമൻ ഒരിക്കൽകൂടി ജനസ്ഥാനവനത്തെ അലങ്കരിക്കുമെന്നു കേട്ടപ്പോൾ സൌജന്യം [1] നിമിത്തം മതിമറന്നു ആഹ്ലാദിക്കുകയും


"ചൂടേറ്റിട്ടൊട്ടഞെട്ടറ്റലർനിരയെമദി -
ച്ചാനഗണ്ഡങ്ങൾതേച്ചി -
ട്ടാടുമ്പോളാശുഗോദാവരിയിലിഹപൊഴി-
ക്കുന്നുതീരദ്രുമങ്ങൾ
കൂടേറിപ്രാവുപൂങ്കോഴികൾകരയുമിവ -
റ്റിന്റെതോലിൽച്ചരിക്കും
കീടത്തെച്ചെന്നുകൊത്തുന്നിതുനിഴലിലിരു-
ന്നൂഴിമാന്തുംഖഗങ്ങൾ"


എന്ന സ്വഭാവോക്തിചമൽകൃതമായ മദ്ധ്യാഹ്നവർണ്ണനയോടുകൂടി ആത്രേയിയെ യാത്രയാക്കുന്ന ഭാഗത്തിൽ വിഷ്കംഭം അവസാനിക്കുകയും ചെയ്യുന്നു.


ഭൂതഭാവികഥാംശങ്ങൾ
വിവരിച്ചുചുരുക്കമായ്
അങ്കങ്ങൾക്കാദിയിൽച്ചേർക്കും
ഭാഗംവിഷ്കംഭമായ്‍വരും.


ഇതാണല്ലൊ പൂർവ്വാചാര്യന്മാരുടെ വിഷ്കംഭലക്ഷണം. ഒന്നാമങ്കത്തിൽ ഉപയോഗിക്കപ്പെടുന്ന പൂർണ്ണഗർഭയായ സീതയുടെ സന്താനങ്ങൾക്കു പതിനൊന്നാമത്തെ വയസ്സിൽ ഉപനയനം കഴിച്ചതായി വിഷ്കംഭത്തിൽ ആത്രേയി പ്രസ്താവിക്കുന്നതുകൊണ്ട് ഒന്നാമങ്കത്തിനും രണ്ടാമങ്കത്തിനും ഇടയിലുള്ള കാലം പന്ത്രണ്ടു സംവത്സരങ്ങളാണെന്നു തെളിയുന്നു. ഈ പന്ത്രണ്ടു കൊല്ലുങ്ങളിൽ നടന്നതായി വിഷ്കംഭത്തിൽ പറയുന്ന കഥാഭാഗമെല്ലാം "ഭൂതകഥാംശ"മാണല്ലോ. ശംബുകവധം കഴിഞ്ഞു അയോദ്ധ്യയിലേക്കു മടങ്ങുന്ന വഴി വാത്മീകിമഹർഷിയുടെ ആശ്രമത്തിനു സമീപം വെച്ചു ശ്രീരാമൻ ചന്ദ്രകേതുവിനെയും, ലവനെയും കാണുകയും ജംഭകാസ്ത്രപ്രയോഗംവരെയെത്തി മൂർദ്ധന്യാവസ്ഥയെ പ്രാപിച്ച അവരുടെ പരസ്പരായോധനത്തെ തടുത്തു അവരെ സമാധാനിപ്പിക്കുകയും ചെയ്യുന്നുണ്ട്.


"ഈയശ്വമേഴുഭുവനത്തിലുമേകവീര-
നായുള്ള പങ്‍ക്തിമുഖവംശവിനാശകന്റെ
സ്വീയംജയക്കൊടിയതാണഥവാസ്വവീര്യം
ഭൂയഃപരത്തുവതിനുള്ളപരസ്യമത്രെ.


അശ്വരക്ഷകന്മാരുടെ ഈ വീരവിജ്ഞാപനം കേട്ടു, ക്ഷാത്രവീരാഗ്നി ജ്വലിച്ചു ക്രമത്തിലധികം കോപിഷ്ഠനായതുകൊണ്ടാണ് ലവൻ യുദ്ധത്തിനു പുറപ്പെട്ടത്. അശ്വരക്ഷകന്മാരുടെ നായകൻ ചന്ദ്രകേതുവായിരുന്നു. ഈ ഭാവികഥാംശത്തെയും വിഷ്കംഭത്തിൽ ആത്രേയി സൂചിപ്പിക്കുന്നുണ്ട്.


"ഉപസംഹൃതി" എന്നും കൂടി പേരുള്ള നിർവ്വഹണസന്ധിയിൽ നിശ്ചയമായും വേണ്ടിയിരിക്കുന്ന അത്ഭുതരസപ്രകടനത്തിനു വേണ്ടിയാണു, വസിഷ്ഠാദി ഗുരുജനങ്ങളെയെല്ലാം വാത്മീകിയുടെ ആശ്രമത്തിൽ താമസിപ്പിക്കാമെന്നു കവി നിശ്ചയിച്ചത്. യാദൃച്ഛികമായി വന്നെത്തിയ ജനകമഹാരാജാവു പൂർവ്വപ്രിയസഖിയായ കൌസല്യയെ കാണുന്നതും, വായനക്കാരെയും കാഴ്ചക്കാരെയും കരയിക്കത്തക്കവിധത്തിൽ മർമ്മഭേദകങ്ങളായ പൂർവ്വചരിത്രങ്ങളെ അനുസ്മരിക്കുന്നതും അവിടെവെച്ചാണല്ലൊ. "വത്സയില്ലാത്ത അയോദ്ധ്യയിലെക്കു ഞാൻ വരുന്നില്ലെ"ന്നു അരുന്ധതി പറയുന്നതും രാമാംബമാരും വസിഷ്ഠനും അതിനെ അനുസരിച്ചു വാത്മീകിയുടെ ആശ്രമത്തിലെക്കു പോകുന്നതും, വിഷ്കംഭത്തിൽ ആത്രേയി വാസന്തിയെ ധരിപ്പിക്കുന്നുണ്ട്. ഈ ഭാഗവും "ഭാവികഥാംശ"സൂചകമല്ലേ?


കിംബഹുനാ? ആമ്പലും, അമ്പിളിയും, വണ്ടും, തണ്ടാരും കൊണ്ടു പ്രാചീനകവിതകളെല്ലാം ദുഷിച്ചുപോയി എന്നു "വ്യസനസമേതം പറയുന്ന" പരിഷ്കൃതാശയന്മാരായ ആധുനികകവികുഞ്ജരന്മാർ, പ്രാചീനകവികളുടെ ഈ വക, കവിധർമ്മമർമ്മജ്ഞയെക്കുറിച്ചു കുറച്ചെങ്കിലുമാലോചിക്കുന്നുണ്ടോ? ഹൃദയമർമ്മസ്പൃക്കായ വിധത്തിൽ ഏതു രസത്തേയും സവിശേഷം ആവിഷ്ക്കരിക്കുന്നതിനും, തന്മൂലം വായനക്കാരെയും കാഴ്ചക്കാരെയും ഒരു പുതിയ ലോകത്തിലെക്കു നയിക്കുന്നതിനും, അതിമധുരമായ സാഹിത്യരസാമൃതത്തെ ആകണ്ഠം ആസ്വദിപ്പിച്ച വായനക്കാരെ അജരാമരന്മാരാക്കുന്നതിനും പര്യാപ്തമായ ആ ദിവ്യശക്തി, പ്രാചീനകവിതകളിലെപ്പോലെ "വണ്ടും തണ്ടാരും" ഇല്ലാത്ത ഇന്നത്തെ പരിഷ്കൃത കവിതകളിൽ അല്പമായിട്ടെങ്കിലും കാണുന്നുണ്ടോ?