Contacts

എ.എസ്സ്.
സാംഖ്യശാസ്ത്രം

മംഗളോദയത്തില്‍ കൊ.വ. 1085 മീനം




സാംഖ്യത്തിൽ മറ്റുള്ള ദർശനങ്ങളിലുള്ളപോലെ അത്ര ഗ്രന്ഥങ്ങൾ ഉള്ളതായി കാണുന്നില്ല. ഇതിന്നുള്ളകാരണം ആ മതത്തിൽ അധികം ആളുകൾക്ക് പ്രതിപത്തിയുണ്ടാവാത്തതുകൊണ്ടൊ, ഉണ്ടായിരുന്ന ഗ്രന്ഥങ്ങൾ നശിച്ചുപോയതുകൊണ്ടൊ എന്നു തീരുമാനിപ്പാൻ കഴിയുന്നില്ല. ഭാരതത്തിൽ ശാന്തിപർവ്വം, ഗീത മുതലായ ഭാഗങ്ങളിൽ സാംഖ്യതത്ത്വങ്ങളെ വിശദമായി പ്രതിപാദിച്ചു കാണുന്നുണ്ട്.


നാസതോ വിദ്യതേ ഭാവോ
നാഭാവോ വിദ്യതേ സതഃ (ഭ. ഗീ)


എന്നീ ശ്ലോകാർത്ഥത്തിൽ സാംഖ്യന്മാരുടെ സൽകാര്യവാദത്തിന്റെ സത്തു മുഴുവൻ അടങ്ങിയിരിക്കുന്നു. എന്നാൽ ഭാഗവതത്തിൽ തൃതീയ സ്കന്ധത്തിൽ കപിലോപദേശരൂപമായി കാണുന്ന സാംഖ്യം പരിശുദ്ധമായ - കലർപ്പില്ലാത്ത - സാംഖ്യമാണെന്നു തോന്നുന്നില്ല. അതു വ്യാസമഹർഷിയുടെ സൃഷ്ടിയായ സാംഖ്യമാകുന്നു. അതിൽ വേദാന്തവും ഭക്തിശാസ്ത്രവും ഇടകലർന്നിരിക്കുന്നു.


സാംഖ്യത്തിന്റെ ശരിയായ അറിവിനെത്തരുന്ന ഗ്രന്ഥങ്ങൾ വളരെ കുറവായിരിക്കുന്നു. കപിലമഹർഷിപ്രണീതമായ സാംഖ്യസൂത്രവും ഈശ്വരകൃഷ്ണപ്രണീതമായ സാംഖ്യസപ്തതിയും എന്നീ രണ്ടു മൂലഗ്രന്ഥങ്ങൾ മാത്രമെ ഇപ്പോൾ പ്രചരിച്ചു വരുന്നുള്ളൂ. മേല്പറഞ്ഞവയുടെ ഭാഷ്യങ്ങളും വ്യാഖ്യാനങ്ങളുമായിട്ടുള്ള ചില ഗ്രന്ഥങ്ങളും ഇപ്പോൾ നടപ്പുള്ളതായി കാണപ്പെടുന്നു. ഈശ്വരകൃഷ്ണപ്രണീതമായ സാംഖ്യസപ്തതിയെന്ന ഗ്രന്ഥം എഴുപതു കാരികകളടങ്ങിയതാകുന്നു. അതിനെ സാംഖ്യകാരികയെന്നും പറയാറുണ്ട്. സംഖ്യകാരിക ശ്രീശങ്കരാചാര്യസ്വാമികളുടെ പൂർവ്വകാലത്തിൽതന്നെ പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു ഗ്രന്ഥമാണ്. ആചാര്യസ്വാമികൾ ബ്രഹ്മസൂത്രഭാഷ്യത്തിൽ ഒരേടത്തു "മൂലപ്രകൃതിരവികൃതിഃ" എന്ന സംഖ്യകാരികാശ്ലോകത്തെ എടുത്തു പറഞ്ഞു കാണുന്നു. ഈശ്വരകൃഷ്ണസൂരി സാംഖ്യശാസ്ത്രത്തിൽ വേറെ ഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുള്ളതായി അറിവില്ല.


സാംഖ്യത്തിലുള്ള ഗ്രന്ഥദാരിദ്ര്യത്തിന്നു കാരണം അതിന്റെ നേരെ ജനങ്ങൾക്കുണ്ടായിരുന്ന പ്രതിപത്തിക്കുറവാണെന്നു ചിലർ പറയുന്നു. സാംഖ്യം നിരീശ്വരമതമാണെന്നുള്ള ഒരപവാദം അതിന്നിപ്പോഴുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിന്ന് എത്രത്തോളം ഉറപ്പുണ്ടെന്നു പരിശോധിച്ചുനോക്കുക. സാംഖ്യന്മാർ രൂപവാനൊ സംസാരിയൊ ആയ ഈശ്വരനെ സ്വീകരിച്ചിട്ടില്ല. അങ്ങിനെയുള്ള ഈശ്വരന്റെ സദ്ഭാവം വേദാന്തമതത്തിലും പാരമാർത്ഥികമല്ല. വേദാന്തികൾ ജീവാഭിന്നമായ ബ്രഹ്മത്തെ സ്വീകരിച്ചതുകൊണ്ടു സേശ്വരന്മായിപ്പോയെങ്കിൽ ജീവനെ സ്വീകരിച്ചിട്ടുള്ള സാംഖ്യന്മാർ എന്തുകൊണ്ടു സേശ്വരന്മാരാകുന്നില്ല? എന്നുതന്നെയല്ല; സാംഖ്യന്മാർ നിരീശ്വരന്മാരാണെങ്കിൽതന്നെ അവരുടെ നിരീശ്വരത്വം ഒരു വിധത്തിലും ലോകത്തിന്ന് അനർത്ഥത്തെ ഉണ്ടാക്കുന്നതല്ല. അവർ ധർമ്മാധർമ്മങ്ങളെ വേർതിരിച്ചംഗീകരിക്കാത്തവരല്ല. അഹിംസ, സത്യം, ശൌചം മുതലായ ധർമ്മനിഷ്ഠകളിൽ അവർക്ക് അസാമാന്യമായ അഭിനിവേശം ഉണ്ട്. ധർമ്മം ഒന്നുമാത്രമാണു സത്ത്വശുദ്ധിക്കും ജ്ഞാനത്തിന്നും കാരണമാകുന്നത് എന്ന് അവർ സിദ്ധാന്തിക്കുന്നു. അധർമ്മം തമോഗുണത്തെ വർദ്ധിപ്പിക്കയും ജീവനെ അജ്ഞാനമാകുന്ന നരകത്തിൽ തള്ളിവിടുകയും ചെയ്യുന്നുവെന്നും അവർ പറയുന്നു. അതുകൊണ്ട് അവരുടെ മതം സന്മാർഗ്ഗനിഷ്ഠയെ ഒരുവിധത്തിലും ബാധിക്കുന്നില്ല. നേരെമറിച്ചു അതിനെ പാടുള്ളവിധത്തിലെല്ലാം പ്രബലപ്പെടുത്തുന്നുമുണ്ട്. അവനവന്റെ ശുഭാശുഭങ്ങളെല്ലാം അവനവങ്കൽ ആയത്തമാണെന്നു പഠിപ്പിക്കുന്ന മതം പുരുഷന്നു എത്രമാത്രം സ്വസഹായപ്രതിപത്തിയേയും സ്വാതന്ത്ര്യബുദ്ധിയേയും ഉണ്ടാക്കുന്നതായിരിക്കുന്നു. ഇങ്ങിനെ ആലോചിക്കുന്നതായാൽ സാംഖ്യശാസ്ത്രത്തിന്റെ മേലുള്ള അപവാദം എത്രയോ നിസ്സാരമാണെന്ന് എളുപ്പത്തിൽ വെളിപ്പെടുന്നതാണ്.


സാംഖ്യന്മാരുടെ മതപ്രകാരം പുരുഷനും പ്രകൃതിയും അനാദിയാകുന്നു. പുരുഷൻ ചൈതന്യസ്വരൂപനും അസംഗനുമാണ്. പൃഥിവ്യാദിഭൂതങ്ങൾ, ശബ്ദസ്പർശാദികൾ, അന്തഃകരണം മുതലായ കാര്യജാതങ്ങളെല്ലാം പ്രകൃതിയുടെ പരിണാമമാകുന്നു. പ്രകൃതി, സത്ത്വം, രജസ്സ്, തമസ്സ് എന്നീ മൂന്നുഗുണങ്ങളുടെ സാമ്യാവസ്ഥയാണ്. പ്രകൃതിയുടെ വ്യാപാരമുണ്ടാകുമ്പോൾ ഗുണവൈഷമ്യവും, തന്മുഖേന വിചിത്രങ്ങളായ കാര്യങ്ങളും ഉണ്ടായിവരുന്നു. പ്രകൃതിക്കു സ്വന്തമായി പ്രവർത്തിപ്പാൻ ശക്തിയുണ്ട്. പുരുഷൻ, പ്രകൃതിധർമ്മങ്ങളായ കർത്തൃത്വാദികളെ തങ്കൽ ആരോപിക്കുമ്പോൾ ബദ്ധനാകുന്നു. പ്രകൃതിപുരുഷവിവേകംകൊണ്ടു ആരോപം നിവർത്തിക്കുമ്പോൾ മുക്തനായിതീരുന്നു. മോക്ഷമെന്നതു ദുഃഖത്രയങ്ങളുടെ നിവൃത്തിയാകുന്നു. വിവേകം അനുവർത്തിച്ചുനില്ക്കുന്നതാകയാൽ ഒരിക്കൽ മുക്തനായവന്നു രണ്ടാമതും ബന്ധമുണ്ടാകയില്ല. സത്ത്വശുദ്ധി പ്രകൃതിപുരുഷവിവേകത്തിന്നു കാരണമാകുന്നു. യോഗാഭ്യാസം, സാത്വികവൃത്തി, സത്സഹവാസം മുതലായവ സത്ത്വശുദ്ധിയെ ഉണ്ടാക്കുന്നു. ഇതാണു സാംഖ്യമതത്തിന്റെ സിദ്ധാന്തസാരം. സാംഖ്യന്മാർ പ്രപഞ്ചമിഥ്യാത്വവാദികളല്ല.


സാംഖ്യസിദ്ധാന്തങ്ങളിൽവെച്ചു ഏറ്റവും വിലയേറിയതു അവരുടെ സൽക്കാര്യവാദമാകുന്നു. ലോകത്തിൽ എല്ലാ വസ്തുക്കളും എല്ലാ സമയത്തും സൂക്ഷ്മരൂപേണ സത്തായിരിക്കുന്നു. ഇല്ലാത്തതു ഉണ്ടാകുന്നില്ല. ഉള്ളതു നശിക്കുന്നുമില്ല. അവരുടെ മതത്തിൽ ഉണ്ടാകുന്നു എന്നതിന്നു പ്രകാശിക്കുന്നു എന്നും, നശിക്കുന്നു എന്നതിതിന്നു മറഞ്ഞുപോകുന്നു എന്നും അർത്ഥമാണ്. ഈ സിദ്ധാന്തത്തെ അവർ വളരെ യുക്തികളെക്കൊണ്ടു സ്ഥാപിച്ചിരിക്കുന്നു. ആകപ്പാടെയുള്ള വസ്തുതത്ത്വവും ശക്തിതത്ത്വവും കൂടുന്നതൊ കുറയുന്നതൊ ഇല്ലെന്നുള്ള പാശ്ചാത്യശാസ്ത്രസിദ്ധാന്തത്തെ ആർഷമായ ജ്ഞാനചക്ഷുസ്സു എത്രയൊ പുരാതനകാലത്തുതന്നെ കണ്ടെത്തീട്ടുണ്ടെന്നറിയുന്നതു ഭാരതീയന്മാരായ നമുക്കു എത്രമാത്രം ചാരിതാർത്ഥ്യത്തെ ഉണ്ടാക്കുന്നു. ഓരോ ദർശനങ്ങളിലും ഈ മാതിരിയിൽ വിലയേറിയ തത്ത്വനിക്ഷേപങ്ങൾ നിഗൂഢങ്ങളായിരിക്കുന്നുണ്ട്. പക്ഷെ കാലഗതികൊണ്ടു നമുക്കു അവയിൽ വൈമുഖ്യം നേരിടുകയും, അതുകൾ കാനനചന്ദ്രികാപ്രായമായി പരിണമിക്കയും ചെയ്തിരിക്കുന്നു. എന്നാൽ പാശ്ചാത്യവിദ്യാഭ്യാസത്തിന്റെ പൂർണ്ണാവസ്ഥ പുരാതനകാലപ്രതിപത്തിക്കൊരു മാർഗ്ഗദർശിയായി തീർന്നിരിക്കുന്നതുകൊണ്ടു കുറച്ചൊരാശ്വാസത്തിന്നിടയുണ്ട്.


താളിളക്കം
!Designed By Praveen Varma MK!