Contacts

സി. ശങ്കുണ്ണി നായർ
രശനോപമയും ഏകാവലിയും

മംഗളോദയത്തില്‍ കൊ.വ. 1093 മിഥുനം




പ്രകൃതപദ്യത്തിൽ ഏകാവലിയ്ക്കു നിർബാധമാംവണ്ണം പ്രവേശമുണ്ടെന്നു വന്നാലേ മല്ലിനാഥമതത്തിനു സാംഗത്യം ഉണ്ടായിരിക്കുകയുള്ളൂ. നിർബ്ബാധമായ പ്രവേശമില്ലെന്ന് എളുപ്പത്തിൽ വെളിപ്പെടുത്താം. 'യഥാപൂർവ്വം പരസ്യവിശേഷണതയാ സ്ഥാപനെ ഏകാവലീ' എന്നാണല്ലോ സർവ്വസ്വത്തിലെ സൂത്രം. എവിടെ മുൻമുന്നുള്ളവയെക്കുറിച്ചു പിൻപിന്നുള്ളവയ്ക്കു വിശേഷണത്വം കല്പിക്കുന്നുവോ അവിടെയാണ് ഏകാവലി വരുന്നത്. വിശേഷണത്വം സ്ഥാപനം കൊണ്ടോ, നിവർത്തനംകൊണ്ടോ കല്പിക്കാവുന്നതാണെന്നു ആ സൂത്രത്തിന്റെ വിവരണത്തിൽ പറഞ്ഞു കാണ്മാനുണ്ട്.


'പുരാണിയസ്യാം സവരാംഗനാനി
വരാംഗനാരൂപപരിഷ്കൃതാംഗയാ
രൂപംസമുന്മീലിതസദ്വിലാസ-
മസ്ത്രംവിലാസഃ കുസുമായാധുസ്യ


എന്ന ദിക്കിൽ മുൻമുന്നുള്ള വരാംഗനാരൂപാദികളെക്കുറിച്ചു പിൻപിന്നുള്ള വരാംഗനാരൂപവിലാസാദികൾ വിശേഷണത്വേന സ്ഥാപിക്കപ്പെട്ടിരിക്കുന്നതെങ്ങിനെയോ, അങ്ങിനെ പ്രസ്തുതസ്ഥലത്ത് ഉത്തരോത്തരങ്ങൾക്കു പൂർവ്വപൂർവ്വനിരൂപിതമായ വിശേഷണത്വം നിബന്ധിക്കപ്പെട്ടു കാണുന്നില്ല. നേരേമറിച്ചു മൂന്നുള്ളതുകൾക്കു പിന്നുള്ളതുകളെക്കുറിച്ച് ഉപമാദ്വാരാ ഉള്ള വിശേഷണത്വം മാത്രമേ കല്പിക്കപ്പെട്ടുകാണുന്നുള്ളൂ. അതുകൊണ്ടു മല്ലിനാഥോക്തദിശാ പ്രസ്തുതശ്ലോകത്തിൽ ഏകാവലി വരുവാൻ ന്യായമെങ്ങിനെ? ശരി. മുൻ കാണിച്ച സർവ്വസ്വസൂത്രലക്ഷണത്തിൽ പറഞ്ഞിട്ടുള്ള വിശേഷണത്വം എന്നതു പ്രകാരതാരൂപമായിട്ടല്ലാ വിവക്ഷിക്കപ്പെട്ടിരിക്കുന്നതെന്നോർക്കണം. ഉൽകർഷാധായകത്വരൂപമായ വിശേഷണത്വമത്രേ വിവക്ഷിതമായിട്ടുള്ളത്. സ്വരൂപമാത്രേണ ജ്ഞാതമായിട്ടുള്ള വസ്തുവിനു യാതൊന്നിന്റെ സംബന്ധംകൊണ്ടാണോ വൈശിഷ്ട്യം തോന്നുന്നത്, അതത്രെ വിശേഷണമാകുന്നത്. അതുകൊണ്ടാണ് പിൻപിന്നുള്ളവയ്ക്കു മുൻമുന്നള്ളവയെക്കുറിച്ചുള്ള ഉൽകർഷാധാനത്തിനു ഹേതുത്വം കല്പിക്കുന്നേടത്ത് ഏകാവലി എന്നു പറയുന്നത്. 'വിമർശിനീ'കാരൻ, പൂർവ്വോത്തരങ്ങൾക്കു പരസ്പരാനുഷംഗം ഉള്ളതിനാൽ ഏകപംക്തിരൂപമായിട്ടുള്ളത് ഏകാവലി എന്നു സംജ്ഞയ്ക്ക് അർത്ഥയോജനം ചെയ്യുന്നു. ഇവിടെ വർണ്യനായ അർജ്ജുനനിലുള്ള ആകൃതി പ്രയത്ന-ക്രിയാ-തപഃ-സമൃദ്ധികൾ സാമാനാധികരണ്യേന വർണമാനമാകുമ്പോൾ ഉത്തരത്തോരത്തിനു പൂർവ്വപൂർവ്വസാദൃശ്യവർണ്ണനമായാലും പൂർവ്വപൂർവ്വത്തിനു തത്തത്സദൃശമായ ഉത്തരോത്തരത്തോടുള്ള സാമാനാധികരണ്യത്തിന്റെ ബലത്താൽ ഉൽകർഷം അവഗമ്യമാനമാകുന്നുണ്ട്. അപ്പോൾ ആകൃത്യാദികളിൽ മുൻമുന്നുള്ളവയെക്കുറിച്ചു പിൻപിന്നുള്ളവയായ പ്രയത്നപ്രഭൃതികൾക്കു വിശേഷണഭാവം പ്രകാരവിശേഷ്യാഭാവാഭാവത്തിലും അവ്യാഹതം തന്നെയാണ്.


'ചന്ദ്രായതേശുക്ലരുചൈഷഹംസോ
ഹംസായതേർസൗഗമനേനകാന്താ
കാന്തായതേവാരിചതാപഹാരി
വാരീയതേസ്വച്ഛമിദംവിഹായഃ'


എന്നിത്യാദികളിൽ പൂർവ്വോപമയിലെ വ്യക്തിക്കു തന്നെയാണ് ഉത്തരോപമയിൽ ഉപമാനത്വം അല്ലെങ്കിൽ പൂർവ്വോത്തരപദാർത്ഥങ്ങൾക്ക് അന്യോന്യസംബന്ധവശാലുളവായ ക്വാചിൽക്കമായ പ്രകൃഷത്വം വിവക്ഷിതമാകുന്നത്. അവിടെ രശനോപമയുണ്ടെങ്കിലും ഏകാവലിയില്ലല്ലോ എന്നുണ്ടെങ്കിൽ, വേണ്ട; ഇല്ലെങ്കിൽ ഹാനിയെന്തുള്ളൂ? പ്രകൃതത്തിലാകട്ടെ ഏകാവലീപ്രസംഗം എങ്ങിനെയും അഭംഗം തന്നെ. അതുകൊണ്ടുതന്നെയാണ് ഏകാവലിയ്ക്കും രശനോപമയ്ക്കും വിവിക്തമായ വിഷയം സുലഭമാണെന്ന് ആദ്യം പറഞ്ഞത്.


'ശൃംഘലാരൂപേണ വിശഷണവിശേഷ്യങ്ങള്‍ക്കുള്ള സംബന്ധം ഏകാവലീ' എന്നു ലക്ഷണം കാണിച്ചിട്ടു രസഗംഗാധരകാരന്‍ ഇങ്ങിനെ പറയുന്നു:- "പൂര്‍വ്വപൂര്‍വ്വത്തിന് ഉത്തരോത്തരത്തെക്കുറിച്ചുള്ള വിശഷ്യത്വേനയും, വിശേഷണത്വേനയും വരുന്നതാകയാല്‍ ഏകാവലി രണ്ടുവിധത്തിലുണ്ട്. സ്ഥപകത്വം, അപോഹകത്വം എന്ന രണ്ടുവിധം ഭേദത്താല്‍ അതില്‍ ആദ്യവിഭാഗം പിന്നെ ദ്വിവിധമായ് ചമയുന്നു. സ്ഥാപകത്വം എന്നാല്‍ സ്വസംബന്ധത്താലുള്ള വിശേഷ്യതാവച്ഛേദകമായ നിയാമകത്വമാകുന്നു. സ്വവ്യതിരേകത്താല്‍ ഉള്ള വിശേഷ്യതാവച്ഛേദകരൂപമായ വ്യതിരേകബുദ്ധിയുടെ ജനകത്വമാണ് അപോഹകത്വം."


'സപണ്ഡിതോയഃ സ്വഹിതാര്‍ത്ഥദര്‍ശീ
ഹിതംചതദ്യത്രപരാനപക്രിയാ
പരേചതേ യേശ്രിതസാധുഭാവാ
സാസാധുതായത്രചകാസ്തികേശവഃ'


ഇത്യാദ്യുഹാരണത്തില്‍നിന്നു, ഏകാവലീലക്ഷണനിവിഷ്ടമായ വിശേഷമത്വം പ്രകാരതാരൂപേണ മാത്രമേ കാണപ്പെടുന്നുള്ളൂ. ​എങ്കിലും അലങ്കാരങ്ങളുടെ കാര്യത്തില്‍ മതഭേദം ബഹുലമായ്‍ക്കാണുന്നതിനാല്‍ വിമര്‍ശിനീകാരോക്തദിശാ സര്‍വ്വസ്വാഭിമതവും ഏകാവലീലക്ഷണനിവിഷ്ടമായ വിഷേഷണത്വം ഉല്‍ക്കര്‍ഷാധായകത്വരൂപം തന്നെയാകുന്നു. സര്‍വ്വസ്വകാരനും രസഗംഗാധരകാരനും തമ്മില്‍ തന്നെ ഗണ്യമായ അഭിപ്രായഭേദം കാമുന്നുണ്ടല്ലോ. മുമ്പുമുമ്പുള്ളവയെക്കുറിച്ചു പിമ്പുപിമ്പുള്ളവയ്ക്കുള്ള വിശേഷണത്വത്തില്‍ മാത്രമേ ഏകാവലിയുള്ളൂവെന്നാണ് സര്‍വ്വസ്വകാരന്റെ മതം. വിശേഷ്യത്വത്തിയും ആകാമെന്നത്രേ രസഗംഗാധരകാരന്റെ ആശയം.


'ധർമ്മേണബുദ്ധിസ്തവദേവശുദ്ധാ
ബുദ്ധ്യാനിബദ്ധാസഹസൈവലക്ഷ്മീഃ
ലക്ഷ്മ്യാചതുഷ്ടാഭുവിസർവ്വലോകാ
ലോകൈശ്ചനീതാഭുവനേഷുകീർത്തിഃ'


എന്ന ഈ ശ്ലോകം ഉദാഹരിച്ച് ഇതിൽ പൂർവ്വത്തോടു അവ്യവഹിതമാംവണ്ണം ഉത്തരോത്തരത്തെ വിശേഷിപ്പിച്ചിരിക്കുന്നതായി വിവരിച്ചിരിക്കുന്നു. അതിനാൽ രസഗംഗാധരകരാദി നവീനന്മാരുടെ മതപ്രകാരവും പ്രകൃതത്തിൽ ഏകാവലിയെ സാധിക്കാവുന്നതാണ്. പിൻപിന്നുള്ള പ്രയത്നാദികളെക്കുറിച്ചു മുൻമുന്നുള്ള ആകൃത്യാദികൾക്കു പ്രകാരതാരൂപമാണെങ്കിലും വിശേഷണത്വം സുവ്യക്തമാക്കുന്നുണ്ട്. ആകയാൽ പ്രാചീനപക്ഷത്തിലും അർവ്വാചീനപക്ഷത്തിലും പ്രകൃതത്തിൽ മല്ലിനാഥമതപ്രകാരം ഏകാവലിയാണ് അലങ്കാരം എന്നു പറയുന്നതിൽ യാതൊരു വിരോധവുമില്ല. ഇങ്ങിനെയാണ് ഈ പദ്യത്തിലെ അലങ്കാരത്തെപ്പറ്റി രാജശ്രീ രത്നതീർത്ഥകസ്തൂരിരംഗനാഥപണ്ഡിതരുടെ അഭിപ്രായം.


ശ്രീമാൻ അപ്പാശർമ്മവിദ്യാവാചസ്പതിയുടെ ആശയം താഴെ കാണിക്കുന്നതിന്മണ്ണമാകുന്നു.:-


വാദഗ്രസ്തമായ 'സദൃശമതനുമാകൃതേഃ' എന്നാദിയായ പദ്യത്തിൽ അലങ്കാരം ഏകാവലിയാണെന്ന മല്ലിനാഥോക്തിയുടെ യുക്തതയെ സമർത്ഥിച്ചിട്ടുള്ള പണ്ഡിതതർക്കതീർത്ഥൻ അതിലെ സദൃശാദിപദങ്ങൾക്ക് ഔപമ്യപരത്വമില്ലെന്നും, ആനുകൂല്യവാചകത്വമാണുള്ളതെന്നും പറഞ്ഞുകാണുന്നു. ഔപമ്യപരത്വം ഇല്ലാത്തപക്ഷം രശനോപമയും വരുവാൻ തരമില്ല. എന്നാൽ ഇവിടെ ഒന്നാമതായാലോചിക്കുവാനുള്ളതു സദൃശാദിപദങ്ങൾക്ക് ഔപമ്യപരത്വം ഉണ്ടോ എന്നുള്ളതാണ്. ഉണ്ടെങ്കിൽ അത് ആരാലെങ്കിലും അംഗീകൃതമായിട്ടുണ്ടോ എന്നാണ് രണ്ടാമതു നിരൂപിക്കുവാനുള്ളത്. ഈ നിരൂപണം കൊണ്ടു വാദഗ്രസ്തമായ വിഷയത്തിന്റെ തീരുമാനം ഏതാണ്ടു വരുന്നതാണല്ലൊ. സദൃശപദത്തിന് അനുകൂലാർത്ഥം മാത്രം അംഗീകരിക്കുന്നതിനു, പിന്നീടുള്ള അനുഗുണാദിപദങ്ങളുടെ പ്രയോഗമാണ് പ്രയോജകമായിരിക്കുന്നത്. പ്രകൃതപദ്യത്തിൽ ഏകവലിയെ സമർത്ഥിച്ചിട്ടുള്ള മല്ലിനാഥമഹോപാദ്ധ്യായൻ സദൃശപദപര്യായത്വേന തുല്യപദത്തെ വെച്ചുംകൊണ്ടു നിർവിശങ്കം അതിന് ഔപമ്യവാചിത്വം വിശദീകരിക്കുന്നുണ്ട്. നിഘണ്ടുകാരന്മാരും അനുഗുണാനുരൂപപദങ്ങൾക്കു സാദൃശ്യാർത്ഥം സമ്മതിക്കുന്നില്ലെന്നില്ല. "അനുഗുണഃ സദൃശഗുണയുക്തേത്രിഷു കാന്താരതാപസാവിക്ഷുവംശകാനുഗുണൌമതൌ" എന്നു 'വാചസ്പതി' സോദാഹരണം അനുഗുണശബ്ദത്തെ വ്യാഖ്യാനിച്ചുകാണുന്നു. അതിൽനിന്നു അനുഗുണശബ്ദത്തിനു സാദൃശ്യവാചകത്വം സുസ്പഷ്ടമാകുന്നുണ്ട്. അനുരൂപശബ്ദവും ഇതിന്മണ്ണംതന്നെയാണ്. 'രൂപമനുഗതം' എന്നു പ്രാദിസമാസം വെച്ചുകൊണ്ടാൽ മതി. 'ദേവാനാമനുരൂപാഹി ചരന്ത്യേതേമഹീതലേ' എന്നു രാമായണത്തിൽ അനുരൂപശബ്ദത്തെ സാദൃശ്യാർത്ഥത്തിൽ പ്രയോഗിച്ചിട്ടുമുണ്ട്. ശബ്ദകല്പദ്രുമത്തിൽ ശ്രീരാധാകാന്തദേവൻ സാദൃശ്യവാചകതയെ സമർത്ഥിച്ചും കാണ്മാനുണ്ട്. ചരമപാദസ്ഥമായ 'സമ'ശബ്ദത്തിനു സാദൃശ്യവാചിത്വം അവ്യഭിചരിതവുമാണല്ലോ. ആകയാൽ 'സദൃശമതനുമാകൃതേഃ' എന്നാദിയായ ശ്ലോകത്തിൽ സദൃശാദിപദങ്ങൾക്ക് ഉപമാവാചകത്വാംഗീകരണം നിരവദ്യം തന്നെ. അതുകൊണ്ടുതന്നെയാണ് അതനുത്വാദിസാധാരണധർമ്മങ്ങളും ഉപാത്തമായിരിക്കുന്നത്.


ഇനി, അനുഗുണശബ്ദത്തിന് അനുകൂലമെന്നർത്ഥം വ്യാഖ്യാനിച്ച മല്ലിനാഥവചനം ശരിയാകുന്നതെങ്ങിനെയെന്നാണ് ആലോചിക്കേണ്ടത്. ആനുകൂല്യം എന്നതു സാദൃശ്യപ്രയോജകമായ ധർമ്മത്തോടുകൂടിയതാവുക എന്നുള്ളതാണ്. അപ്പോൾ സദൃശാദിപദങ്ങളുടെ ഔപമ്യപരത്വം പ്രാമാണികമായിരിക്കേ രശനോപമ ദുർന്നിവാരമാകുമല്ലൊ. ആ സ്ഥിതിക്ക് ഏകാവലിയെ മാത്രം സമർത്ഥിക്കുന്നതെങ്ങിനെ? പിന്നെ പ്രയത്നാദികൾ ആകൃത്യാദികൾക്ക് ഉൽകർഷാധായകങ്ങളാണെന്നു പറഞ്ഞതിനു പ്രമാണം കാണുന്നില്ല. പ്രയത്നാദികളിൽ സ്വസാമാനാധികരണ്യമുളളപ്പോൾ സ്വാവിരോധിതയും ഉള്ളതിനാൽ ഇവിടെ ആകൃത്യാദികൾക്കുള്ള വൈശിഷ്ട്യവർണ്ണനം അംഗീകരണീയമാണെങ്കിൽ ഏതത്സമാനമായ,


'അധരഇവോക്തിർമ്മധുരാതനുലക്ഷ്മീരുക്തിവദ്വിശദവർണ്ണാ
തനുരിവമനോഹരാദൃഗ്‍ദൃഗിവമൃഗാക്ഷ്യാസ്സുദുസ്സഹോവിരഹഃ'


എന്നതിലും ഏകാവലി വരുന്നതാണല്ലൊ. ഉക്ത്യാദികൾ അധരാദിഗതമായ ഉൽക്കർഷത്തെ ഉളവാക്കുന്നവയാണ്. ആലങ്കാരികന്മാർക്ക് അതൊട്ട് അഭിമതവുമല്ല. നേരേമറിച്ചു സർവ്വരും അതിൽ രശനോപമയെയാണത്രെ സമർത്ഥിച്ചിരിക്കുന്നത്. ശ്രീവിശ്വേശ്വരപണ്ഡിതർ ആ പദ്യത്തെ അലങ്കാരകൌസ്തുഭത്തിൽ രശനോപമയ്ക്ക് ഉദാഹരണമായുദ്ധരിച്ചിട്ടുണ്ട്. ആകയാൽ പ്രകൃതസ്ഥലത്ത് ഏകാവലിയ്ക്കു ലേശവും പ്രവേശമില്ലെന്നുതന്നെ പറയാം.


അത്രയുമല്ലാ; ഏകാവലിയിൽ പൂർവ്വപൂർവ്വത്തെക്കുറിച്ച്, ഉത്തരോത്തരത്തിനു വിശേഷണത്വേനയുള്ള സ്ഥാപനമോ, അപോഹനമോ ഉണ്ടായിരിക്കണം. വിശേഷണം എന്നതു, സ്വരൂപമത്രേണ പ്രതീതമായ വസ്തുവിന്നു യാതൊന്നിന്റെ സംബന്ധബലത്താലാണോ വൈശിഷ്ട്യം തോന്നുന്നത് അതാകുന്നു എന്നു സർസ്വവ്യാഖ്യാനത്തിൽ ജയരഥൻ പറഞ്ഞിട്ടുണ്ട്. 'സദൃശമതനുമാകൃതേഃ' എന്ന പദ്യത്തിലാകട്ടെ ആകൃത്യാദികൾ സ്വരൂപമാത്രണേയല്ലാ അവഗമ്യമാനമാകുന്നത്; പിന്നെയൊ, അതനുത്വം അലംഘ്യത്വം മുതലയായ ധർമ്മങ്ങളല്ലെങ്കിൽ ഗുണങ്ങളോടു വിശിഷ്ടമായിട്ടാകുന്നു. അതിനാൽ ഇവിടെ പ്രയത്നാദികൾക്കു വിശേഷണത്വം സംഭവിക്കുന്നില്ല. തന്മൂലം ഏകാവലിയ്ക്കും പ്രവേശമില്ല. രശനോപമയ്ക്കും ഏകാവലിക്കും തമ്മിലുള്ള ഭേദം ഇതാണ്. രശനോപമയിൽ മുൻമുന്നുള്ള വസ്തു സ്വരൂപമാത്രേണയല്ലാ അവഗമ്യമാകുന്നത്. യൽകിഞ്ചിദ്ധർമ്മവിശിഷ്ടമായിട്ടാകുന്നു. ഏകാവലിയിലാകട്ടെ മുൻമുന്നുള്ള വസ്തുക്കൾ സ്വരൂപമാത്രേണ അവഗതമായിട്ടു പിൻപിന്നുള്ള പദാർത്ഥങ്ങളുടെ സംബന്ധബലത്താലാകുന്നു ഉൽകൃഷ്ടമായിട്ടു പ്രതീതമാകുന്നത്.


'സദൃശമതനുമാകൃതേഃ' എന്ന പദ്യത്തിൽ പ്രയത്നാദികൾക്കു വിശേഷണത്വം കല്പിച്ച് കസ്തൂരിരംഗനാഥപണ്ഡിതർ ഇതിൽ 'വിമർശിനീ'കാരോക്തമായ ലക്ഷണം സംഘടിപ്പിച്ചതെങ്ങിനെയെന്നു മനസ്സിലാകുന്നില്ല. ആകൃതിപ്രതിയോഗികമായ (ആകൃതിയുടേതു) സാദൃശ്യത്തിനു പ്രയോജകമായ അതനുത്വത്തിനു തന്നെയാണ് സ്വസംബന്ധബലത്താൽ വിശേഷണത്വം കാണുന്നത്.


ഈ പണ്ഡിതർ പറയുന്നതിന്മണ്ണം പ്രയത്നാദികൾക്കു വിശേഷണത്വം യഥാകഥഞ്ചിൽ ഉണ്ടെന്നു സമ്മതിച്ചാൽത്തന്നെ പ്രകൃതത്തിൽ ഏകാവലി വരുന്നതല്ല. മുൻമുന്നുള്ളതിനെക്കുറിച്ചു പിൻപിന്നുള്ളവയ്ക്കു വിശേഷണത്വേന സ്ഥാപനമോ അപോഹനമോ ചെയ്താലാണല്ലൊ ഏകാവലി. അതായത്, ആദ്യം വിശേഷണമായിരുന്നതു പിന്നീടു വിശേഷ്യമായും, അതിനു മറ്റൊന്നു വിശേഷണമായും, അനന്തരം വിശേഷ്യമായും ഭവിക്കുന്നവിധത്തിൽ എവിടെയോ പലതവണയായി നിബന്ധിക്കുന്നത്, അവിടെയാണ് ഏകാവലി. ആദ്യം വിശേഷണമായിരുന്നതിനു പിന്നീട് വിശേഷ്യത്വമില്ലെങ്കിൽ അവിടെ ഏകാവലിയില്ല. ഇവിടെ ആദ്യം വിശേഷണമായി കല്പിക്കപ്പെട്ടതു പിന്നെ വിശേഷ്യമായ്ഭവിച്ചുകാണുന്നില്ല. അതിനാൽ ഒരുവിധത്തിലും പ്രസ്തുതശ്ലോകത്തിൽ ഏകാവലിയെ സമർത്ഥിക്കുവാൻ വഴിയില്ല. സമഗ്രമായ ലക്ഷണങ്ങളും തികഞ്ഞിരിക്കുന്നതിനാൽ രശനോപമയ്ക്കുതന്നെയാണ് അവകാശമുള്ളത്. ആകയാൽ മല്ലിനാഥോക്തിയും യുക്തമായിട്ടുള്ളതല്ല.


ഇങ്ങിനെയാണ് അപ്പാശർമ്മവിദ്യാവാചസ്പതിയുടെ അഭിപ്രായം. ഇവരിൽ ആരുടെ അഭിപ്രായത്തിനാണ് സാംഗത്യം എന്നു രണ്ടിനേയും പരിശോധിച്ചു പണ്ഡിതന്മാർ തീർച്ചപ്പെടുത്തട്ടെ.


താളിളക്കം
!Designed By Praveen Varma MK!