Contacts

കെ.രാമകൃഷ്ണപ്പിള്ള
കേരളീയഭാഷാശാകുന്തളം - 1

മംഗളോദയത്തിന്‍ വന്നത്

വ്യസനിക്കാതിരിപ്പാന്‍ നിർവാഹമില്ല. ഏറെ സംസ്കൃതബഹുലമായിരുന്നിട്ടുള്ള ശ്ലോകങ്ങളെ അടിച്ചുടച്ചു വാർത്തതിനെക്കുറിച്ച് പറഞ്ഞില്ലെന്നാലും, മാറ്റം കൂടാതെ തന്നെ നിർത്തീട്ടുള്ള ചില ശ്ലോകങ്ങളോടൊപ്പം വിചാരിക്കപ്പെടാവുന്ന മറ്റു ചില ശ്ലോകങ്ങളെ പദവും പാദവും മാറ്റി വേഷപ്പകർച്ച വരുത്തിയതിന്ന് എന്തെങ്കിലും സമാധാനം വിശേഷിച്ച് പറഞ്ഞിരുന്നു എങ്കിൽ, ഉചിതമായിരുന്നേനെ. പക്ഷെ, രുചിഭേദത്തിന്നു കാരണം ആവശ്യപ്പെടുന്നത് അയുക്തമായിരിക്കാം. ഡിക്കന്‍സിന്റെ പ്രഖ്യാതമായ പാൽക്കാരത്തി കഴുതയെ ചുംബനംചെയ്തപ്പോൾ പറഞ്ഞതുപോലെ മാത്രമാണ് രുചി ഭേദിച്ചിരിക്കുന്നത് എന്നു സമാധാനപെട്ടു കൊണ്ടാൽ മതിയാകുമെന്നു കരുതുന്നു. അതുമാത്രമല്ലാ, ഈ പതിപ്പിന്റെ വേഷമാറ്റത്തിൽ, തർജ്ജമകർത്താവിനു പുറമേ, പ്രസാധകനും, അദ്ദേഹത്തിന്നും പുറമേ, ഒരു അന്തിമപ്രൂഫ് പ്രസാധകനും ഉൾപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞിരിയ്ക്കുന്നതിനാൽ, ആ യോഗപാകഭേദങ്ങൾക്കു ചുമതലക്കാർ, ഇന്നതിന്ന് ഇന്ന ആൾ എന്നു, വേർതിരിച്ചറിയാഞ്ഞു രുചിഭേദത്തിന്നു കാരണം കണ്ടുപിടിപ്പാൻ മിക്കവാറും ദുസാധ്യവും ആയിരിയ്ക്കുന്നു. എങ്ങിനെയായാലും പാചകന്മാർ ക്രമത്തിലധികമാകുമ്പോൾ ഉണ്ടാകുന്ന ദൂഷ്യം, ഈ പതിപ്പിൽ നന്നെ പതിഞ്ഞു കാണുന്നുണ്ട്. അതിന്നു ലക്ഷ്യമായി ചില പുറങ്ങളിൽ, പാഠഭേദങ്ങളെ ഗുണാഗുണനിരൂപണം ചെയ്തും, ശുദ്ധി ചെയ്തും, ചില കടലാസുതുണ്ടുകൾ പറക്കുന്നതുമുണ്ട്.

വശ്യവാക്കുകളായ കവികളുടെ ശ്ലോകങ്ങളിൽ വല്ല മാറ്റവും വരുത്തുന്നതു സുശകമായ കാര്യമല്ലെന്ന് ആരും സമ്മതിയ്ക്കുന്നതാണല്ലോ. മഹാകവികളുടെ കൃതികളെ പരിഷ്കരിച്ചു വേഷം മാറ്റുന്നതു, വിദഗ്ധന്മാരായ രത്നകാരന്മാർ പണി ചെയ്തിട്ടുള്ള നവരത്നരചിതങ്ങളായ പൊന്‍പണ്ടങ്ങളെ അഴിച്ചു പണിവാൻ ഉദ്യമിയ്ക്കുന്നതിനൊപ്പമാണെന്ന് പറയാവുന്നതാണ്. രത്നം എത്ര ചെറുതായിരിക്കട്ടെ; അതിന്റെ തേപ്പും പട്ടവും എങ്ങനെയുമിരിക്കട്ടെ; അതിനെ ഒരു പൊൻപണ്ടത്തിൽ ഏതു സ്ഥാനത്ത് അമുഴ്ത്തിയിരിക്കുന്നുവോ, ആസ്ഥാനത്ത് അത് ഏറിയൊരു ചരിത്രത്തെ വഹിച്ചുകൊണ്ടിരിയ്ക്കുന്നു എന്നു സൂക്ഷ്മം ആലോചിച്ചാൽ അറിയാം. രത്നാകരന്റെ ജീവിതവൃത്തി മുഴുവൻ അതിലടങ്ങിയിരിക്കുന്നു എന്നു വേണമെങ്കിൽ പറയാം. അവന്റെ വളരെ കാലത്തെ പരിചയം, കാര്യശേഷി, ബുദ്ധിസാമർത്ഥ്യം മുതലായവ മഷിനോട്ടക്കാരന്റെ മഷിയിൽ പ്രതിഫലിച്ചു കാണുന്ന ഭവിഷ്യല്‍ചരിതങ്ങളെപ്പോലെ, ആ രത്നത്തിന്റെ ആ സ്ഥാനത്തു നിഴലിച്ചു കാണുന്നതാണ്. രത്നാകരൻ എന്തു കാരണത്താലാണ് ആ രത്നത്തെ അതേ സ്ഥാനത്തു പതിച്ചത്, ആ രത്നത്തിന്റെ വശം മറിച്ചു പതിക്കാഞ്ഞതിനു കാരണമെന്ത്, അതിന്നു പകരം മറ്റൊന്നിനെ അവിടെ മാറ്റി വെക്കാത്തതെന്തു, ചുവപ്പു കല്പിച്ചിരിക്കന്നേടത്തു എന്തുകൊണ്ടാണ് വജ്രത്തെ പതിക്കാത്തത്, എന്നും മറ്റും പലേ ചോദ്യങ്ങൾ സ്വാഭാവികമായി ഇളകുന്നതാണ്. അങ്ങനെയിരിക്കെ, ആ രത്നങ്ങളെ പറിച്ചെടുത്തു പൊൻപണ്ടത്തെ അഴിച്ചു പണിയുന്നതിനു പുറപ്പെടുന്ന ആള്‍ അതിന്റെ ആദ്യകർത്താവു തന്നെ ആകുന്നു എങ്കിൽ, തന്റെ ശില്പകലാകുശലതയെ അഭംഗമാകുംവിധം തന്നെ പുതിയ പണ്ടത്തിൽ പ്രദർശിപ്പിക്കാൻ സംഗതി വരുന്നതാണ്. എന്നാൽ, രത്നങ്ങളെ പതിയ്ക്കുന്നതു മറ്റു പലരും പല രുചി അനുസരിച്ചുമായിരുന്നാൽ, ആദ്യകർത്താവു എത്രതന്നെ മേൽനോട്ടം വച്ചിരുന്നാലും, അതു തന്റെ സുകൃതിയ്ക്കൊപ്പമാകയില്ല എന്നതു നിസ്സന്ദേഹം തന്നെയാകുന്നു. മഹാകവികളുടെ കൃതികളെ അഴിച്ചു പണിയുന്നതും ഇപ്രകാരം അത്രേ. ഒരു ശ്ലോകത്തിൽ നിർബന്ധിച്ചിരിക്കുന്ന പദങ്ങളുടെയും വാചകങ്ങളുടേയും സ്ഥാനാദിസംഗതികളിൽ ആ കവികളുടെ സാഹിത്യകലാവിദഗ്ദ്ധതയുടെ എത്ര മഹത്തായ ചരിതങ്ങൾ അതിസംക്ഷിപ്തമായി നിഗൂഹനം ചെയ്യപ്പെട്ടിരിക്കുന്നു! അതിനെ താദാത്മ്യത്തോടുകൂടി അറിവാനും ഭാവിപ്പാനും കഴിയുന്നുവെങ്കിലല്ലാതെ, മറ്റൊരാൾ അതിൽ എന്തെങ്കിലും മാറ്റം ചെയ്യുന്നതു, മെച്ചമുണ്ടാക്കുന്നതായി

തന്നെയിരിക്കുമെന്ന് ഉറപ്പു പറവാൻ കഴിയുന്നതല്ല. 'ഭക്ത്യാസേവിക്കപൂജ്യാന്‍ ' - എന്നെഴുതിയാൽ 'ഭക്ത്യാ' എന്നപദത്തെ പതിച്ച തൂലികയും മഷിയും എന്തു ചരിത്രവിശേഷത്തെ അഭിവ്യഞ്ജിപ്പിയ്ക്കുന്നുവോ, ആ ചരിത്രവിശേഷമല്ലാ, 'പൂജ്യാന്‍ സേവിക്ക ഭക്ത്യാ' എന്നെഴുതുമ്പോൾ, മറ്റൊരു സ്ഥാനത്ത്, അതേ പദത്തെ, പതിയ്ക്കുന്ന തൂലികയും മഷിയും, നിഗൂഹനം ചെയ്യുന്നതെന്നു ചിലർക്ക് എളുപ്പം മനസ്സിലാകുന്നില്ലെന്നുവരാം. എന്നാൽ, വസ്തുത അതാണുതാനും. കേരളവർമ്മ വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു രചിച്ച കേരളഭാഷായോഷയെ അണിയിച്ചിട്ടുള്ള നവരത്നഖചിതമായ ഈ ശാകുന്തളഭൂഷണത്തെ, പുതിയ പരിഷ്കാരമോടിയ്ക്കു യോജിക്കുമാറ്, 'അഴിച്ചുപണിവാന്‍' ചെയ്ത ഈ ശ്രമത്തിൽ, രത്നങ്ങളിൽ ചിലതിനെ ഇളക്കി സ്ഥാനം മാറ്റി വെച്ചതിലാകട്ടെ, മറ് ചിലതിനെ പതിച്ചുകളഞ്ഞിട്ടു രത്നസ്ഥാനത്തിൽ വേറെ കൊണ്ടുവന്നു നിബന്ധിച്ചതിലാകട്ടെ, കേവണത്തിലാകട്ടെ, തേപ്പിലാകട്ടെ, മിനുക്കിലാകട്ടെ സാഹിത്യകലയിൽ ഭിന്നരുചിക്കാരായും ഭിന്നപരിശീലനക്കാരായും ഉള്ള മറ്റുചിലർ കൂടെ 'കൈവച്ചതു' നിമിത്തം പുതിയ ഭൂഷണത്തിന്ന് ആകപ്പാടെ നോക്കിയാൽ ഭംഗിയും മാനവും കുറഞ്ഞു എന്നാണ് എനിയ്ക്കു തോന്നുന്നത്. 'ആകപ്പാടെ നോക്കിയാൽ,' എന്ന വാചകത്തെ വായനക്കാർ പ്രത്യേകിച്ചറിയേണമെന്നു ഞാൻ അപേക്ഷിയ്ക്കുന്നു. എന്തെന്നാൽ, ചില ശ്ലോകങ്ങൾ പല സംഗതികളിലും പുതിയ വേഷത്തിൽ തിളങ്ങിയും, മറ്റു പലതും അതേപ്രകാരം മങ്ങിയും പോയിട്ടുണ്ടെന്നു സൂക്ഷ്മദൃഷ്ടിയ്ക്കു മനസ്സിലാകുന്നതാണ്.

സ്റ്റൗെട്ട്(Stout) എന്ന മനഃശാസ്ത്രജ്ഞൻ തന്റെ പുസ്തകത്തിൽ, മാനസികമായ കല്പ്പനാസൃഷ്ടിയെപ്പറ്റി പ്രതിപാദിക്കുന്ന ഘട്ടത്തിൽ, രണ്ടുമാതിരി സൃഷ്ടികളെ ഉദാഹരിപ്പാനായി സ്ക്രൈബ്(Scribe) എന്നും ലഗുവെ(Logouve) എന്നും പേരായ രണ്ടു നാടകകർത്താക്കന്മാരുടെ സമ്പ്രദായത്തെപ്പറ്റി പറയുന്നുണ്ട്. ചക്ഷുഷവും(Visual) ശ്രോത്രവും(Aduditive) ആയ ഈ രണ്ടു മാതിരി കല്പനാസൃഷ്ടികളും, ഇവർ ഒന്നുചേർന്നു നാടകമെഴുതുന്ന സമയം, പ്രയോഗിക്കാറുണ്ടായിരുന്നു. ലഗുവെ തന്റെ ചങ്ങാതിയോട് പറഞ്ഞതാവിതു- "ഞാൻ ഒരു രംഗം എഴുതുമ്പോൾ കേൾക്കുന്നതു ഞാനും കാണുന്നതും താങ്കളും ആണ്. ഞാൻ ഓരോ പദം എഴുതുമ്പോഴും ആ വാക്ക് ഏതൊരു നാടകപാത്രത്തിന്റേതോ അയാൾ സംസാരിക്കുന്നതുപോലെ എന്റെ ചെവിയിൽ പഠതിക്കുന്നു. എന്റെ തൂലികാഗ്രം കടലാസിൽ പതിയുമ്പോളുണ്ടായിത്തീരുന്ന നാടകപാത്രങ്ങളുടെ വാക്യങ്ങളുടെ പലവിധത്തിലുള്ള സ്വരങ്ങൾ തൂലികാഗ്രത്തിന്‍കീഴിൽത്തന്നെ മുഴങ്ങുന്നു. താങ്കളോ, രംഗസ്ഥിതജനങ്ങൾ തന്നെയാണ്. താങ്കളുടെ നടന്മാർ താങ്കളുടെ കണ്ണിനു മുമ്പിൽ നടക്കുന്നു; രംഗത്തിൽ പലതരം വ്യാപരിക്കുന്നു. ഞാൻ ശ്രോതാവും, താങ്കൾ ദ്രഷ്ടാവും ആണ്." ഇതിന്നു മറുപടിയായി സ്ക്രൈബ് പറഞ്ഞു- "ഞാൻ എഴുതുമ്പോൾ ഞാൻ എവിടെയാണെന്നു താങ്കൾക്ക് അറിവുണ്ടോ? സദസ്യരിരിക്കുന്ന ശാലയുടെ മധ്യത്തിലാണ്." - ഒരു നാടകഗ്രന്ഥത്തെ 'അഴിച്ചുപണിവാൻ' പുറപ്പെടുന്നവർ ഈ രണ്ടു ചങ്ങാതിമാരും പ്രകടിപ്പിച്ച കല്പനാസൃഷ്ടികളെ പ്രയോഗിപ്പാൻ സമർത്ഥന്മാരും സന്നദ്ധന്മാരുമായിരിക്കണമെന്നാണ് എനിക്കു പറവാനുള്ളത്. നാടകം ശ്രാവ്യകാവ്യമല്ലാ, ദൃശ്യകാവ്യമാണ്. ആ സ്ഥിതിക്കു, നാടകത്തിലെ ശ്ലോകങ്ങളെയും മറ്റും വേഷം മാറ്റിച്ചേർക്കുമ്പോൾ, മനസ്സുകൊണ്ടുതന്നെ. നടന്റെയും സദസ്യരുടെയും നിലകളിൽനിന്ന് അതിനെ ഗുണാഗുണനിർണയം ചെയ്യേണ്ടതാവശ്യമാണ്. ഇതു കുറെയേറെ ശ്രമാവഹവും പരിചയത്താലല്ലാതെ സുലഭമല്ലാത്തതുമായ കാര്യമാകുന്നു. എന്നാൽ, ഇതു ചെയ്തേ മതിയാവൂതാനും. ഈ നിർണയം ചെയ്തുനോക്കുമ്പോൾ ഈ പുതിയ വേഷത്തിൽ പലേ ഭാഗവും എങ്ങനെ തോന്നുന്നതാണെന്ന് വഴിയെ പ്രതിപാദിക്കാം.

തുടരും

താളിളക്കം
!Designed By Praveen Varma MK!