Contacts

കെ.രാമകൃഷ്ണപ്പിള്ള
കേരളീയഭാഷാശാകുന്തളം - 3

മംഗളോദയത്തിന്‍ വന്നത്

'സുരനാരികൾ ചാർത്തുമംഗരാഗം
പരിശേഷിച്ചതുകൊണ്ടുനിർജ്ജരന്മാർ
പരകല്പലതാംശുകത്തിലങ്ങേ-
ച്ചരിതംചേർത്തെഴുതുന്നുകീർത്തനങ്ങള്‍'

എന്ന് ഏഴാം അങ്കത്തിൽ മാതലി പറയുന്നതുതന്നെ ഒരു ലക്ഷ്യമാണല്ലോ. പിന്നെയും, ഭരതമഹാരാജാവിന്റെ മാതാവ് എന്നും മറ്റുമുള്ള കീർത്തി ശകുന്തളയ്ക്കുള്ളതും ഇവിടെ സൂചിപ്പിക്കപ്പെട്ടിരിയ്ക്കുന്നു. 'യാമാഹുസ്സർവഭൂതപ്രകൃതിരീതി' - സർവഭൂതപ്രകൃതി എന്നതിൽ, പ്രകൃതിയ്ക്കു പാർത്ഥിവതത്വം എന്നർത്ഥംകൊണ്ടു, പൃഥ്വീമൂർത്തിയെ സൂചിപ്പിച്ചിരിയ്ക്കുന്നു. പിന്നെയും ദുഷ്യന്തന്റെ ഭരണത്തിൽ എല്ലാ ഭൂതങ്ങൾ (ജീവജാലങ്ങൾ)ക്കും അവരവരുടെ രക്ഷയ്ക്കു യാതൊരു ഹാനിയും ഉണ്ടാകാതെ, അദ്ദേഹത്തിന്റെ അനുഭവമാകനിമിത്തം അദ്ദേഹത്തേയും; ഇതിന്നും പുറമേ, ശകുന്തളയാകട്ടെ തന്റെ ഗർഭപാത്രത്തിൽ കിടക്കുന്ന സന്താനബീജത്തിന്നു പ്രകൃതിയാകയാൽ ശകുന്തളയേയും ഇതിൽ സൂചിപ്പിച്ചിരിയ്ക്കുന്നു. 'പ്രാണിനഃ പ്രാണവന്തം' - എന്നതിൽ, പ്രാണികൾക്കു പ്രാണനെ നൽകുന്ന വായു എന്നും; ജനങ്ങളുടേയും മറ്റു ജന്തുക്കളുടെയുമൊക്കെ ഹൃദയത്തെ ഉല്ലാസപ്പെടുത്തുകയും അവരുടെ കർത്തവ്യകർമ്മങ്ങളെ ശരിയായി അനുഷ്ഠിക്കാൻ സൗകര്യം ഉണ്ടാക്കുകയും ചെയുന്ന ദുഷ്യന്തൻ എന്നും; തന്റെ ഭർത്താവിന്റെയും പുത്രനായ ഭരതന്റെയും ഹൃദയത്തെ ഉല്ലാസപ്പെടുത്തുന്ന ശകുന്തള എന്നും അർത്ഥമാക്കിയിരിയ്ക്കുന്നു. ഇങ്ങിനെ, നാന്ദിശ്ലോകത്തിൽ, ഈശ്വരനെ പ്രാർത്ഥിക്ക മാത്രമല്ലാ, കഥാനായികാനായകന്മാരെപ്പറ്റി സൂചനകൾകൂടെ അടക്കുകയും ചെയ്തിരിയ്ക്കുന്നു എന്നതിനെ, ഇത്ര വിസ്തരം പറയേണ്ടി വന്നതും വായനക്കാർക്കു തർജ്ജമയെ മൂലത്തോട് ഒത്തു നോക്കുവാൻ സൗകര്യമുണ്ടാക്കുവാനാകുന്നു എന്നു സമാധാനം പറഞ്ഞു കൊള്ളട്ടെ.

ഇനി തർജ്ജമയെ നോക്കാം. തിരസ്കൃതമായിപ്പോയിരിയ്ക്കുന്ന 'മണിപ്രവാളശാകുന്തള'ത്തിൽ, വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു എഴുതീട്ടുള്ള തർജ്ജമ

'ധാതാവാദൗെചമച്ചോരുദകമഥഹവി-
വാഹിയാംവീതിഹോത്രൻ
ഹോതാതാനുംദിനേശൻനിശയുടെപതിയും
നാദലക്ഷ്യംനഭസ്സും
ഭൂതാനാംസഞ്ചയത്തിൻപ്രകൃതിപൃഥിവി-
പ്രാണദൻമാരുതൻതാ-
നേതാഭിർമൂർത്തിഭിശ്ശോഭിതനവതുവോ-
ന്മാരെയഷ്ടാഭിരീശൻ.'

എന്നാണല്ലോ. ഇതിനെ ഭേദപ്പെടുത്തി ഇപ്പോൾ 'ഭാഷാശാകുന്തള'ത്തിൽ ചേർത്തിരിക്കുന്ന

'ധാതാവാദൗചമച്ചോരുദക,മഥഹവിർ -
വാഹിയാംവീതിഹോത്രൻ
ഹോതാ,കാലംകുറിക്കുംരവിശശികൾ,ജഗ-
ദ്വ്യാപിഖാനാദലക്ഷ്യം,
ഭൂതാളിയ്ക്കാകെയേകപ്രകൃതിപൃഥിവിയും
പ്രണദൻവായുവുംതാ-
നേതാവദ്വ്യുക്തമൂർത്ത്യഷ്ടകനുലകുടയോൻ
നിങ്ങളെക്കാത്തുകൊൾക.'

എന്ന ശ്ലോകംകൊണ്ടു, സാധാരാണ വായനക്കാർക്കു അർത്ഥം കുറെയേറെ സുഗമമായിത്തീർന്നിട്ടുണ്ടെന്നു സമ്മതിക്കാതെ കഴികയില്ലാ. 'ഏതാഭിർമൂർത്തിഭി'രിത്യാദിയായ നാലാംപാദത്തിൽ 'കടിച്ചാൽപൊട്ടാത്ത' മട്ടിൽ ചേർത്തിരുന്ന സംസ്കൃതപദങ്ങളിലെ വിഭക്ത്യന്തങ്ങളേയും മറ്റും അഴിച്ചു പിരിച്ചെടുത്തു കളഞ്ഞതുകൊണ്ടുതന്നെ വായനക്കാരന്റെ ദൃഷ്ടിയിൽ കുറേ വെളിച്ചം തട്ടീട്ടുണ്ട് എന്നു സന്തോഷിക്കാം. എന്നാൽ, ഈ ഭാഷാശ്ലോകമാകട്ടെ, മുമ്പത്തെ മണിപ്രവാളയശ്ലോകമാകട്ടെ, മൂലശ്ലോകത്തിലെ അർത്ഥകല്പനയെയൊക്കെ അന്യൂനമായി വഹിക്കുന്നില്ലാ എന്നു പറഞ്ഞേ തീരൂ. മൂലശ്ലോകത്തിൽ കൊള്ളിച്ചിട്ടുള്ള അർത്ഥങ്ങളിൽ, അഷ്ടമൂർത്തികളെ സംബന്ധിച്ചേടത്തോളമുള്ളതു വന്നിട്ടുണ്ടെന്നു സമ്മതിക്കാം. എന്നാൽ, മറ്റു സൂചനകൾക്കു, തർജ്ജമയിൽ വേണ്ടുംവണ്ണം മാർഗ്ഗമുണ്ടാക്കീട്ടില്ല എന്നു, മുമ്പു വിസ്തരിച്ച വ്യാഖ്യാനത്തെ വെച്ചു നോക്കുമ്പോൾ ഗ്രഹിക്കാവുന്നതാണല്ലോ. കാളിദാസൻ തന്റെ ശ്ലോകത്തിൽ, അഷ്ടമൂർത്തികളെ കുറിപ്പാനായി ഉദകം, വീതിഹോത്രൻ, രവിശശികൾ, പൃഥ്വി, വായു ഇത്യാദി പദങ്ങളെ പ്രവേശിപ്പിച്ചിട്ടില്ലാ. അതുനിമിത്തമായി ദുഷ്യന്തനേയും ശകുന്തളയേയും പറ്റിയുള്ള സൂചനകൾക്കു യാതൊരു തടസ്ഥവും ഉണ്ടാകുന്നില്ലാ. എന്നാൽ തർജ്ജമയിൽ ഈ പദങ്ങളുടെ പ്രവേശം, മുൻപറഞ്ഞ സൂചനകളെ ഏറെക്കുറേ തടയുന്നുണ്ടെന്നാണ് ആക്ഷേപം പറവാനുള്ളത്. ബ്രഹ്മാവിന്റെ സൃഷ്ടിയിൽ ആദ്യമായതു യാതൊന്നോ, വിധിപ്രകാരം നല്‍കപ്പെടുന്ന ഹവിസ്സിനെ വഹിക്കുന്നതു യാതൊന്നോ, ഹോത്രിയായതു യാതൊന്നോ, കാലകർത്താക്കളായവർ രണ്ടും യാവരോ, ശ്രുതിവിഷയഗുണമായി വിശ്വവ്യാപിയായിരിക്കുന്നതു യാതൊന്നോ, സര്‍വ്വഭൂതങ്ങള്‍ക്കും പ്രകൃതിയായിരിക്കുന്നതു യാതൊന്നോ, പ്രാണനുള്ളവയ്ക്കൊക്കെ പ്രാണനെ നല്കുന്നത് യാതൊന്നോ- ഈ എട്ടുരൂപങ്ങളിലും പ്രകടീകരിക്കുന്നതായ ഈശൻ - എന്നുമാത്രമല്ലാതെ, ആ ഓരോന്നും വെവ്വേറെ ഇന്നതിന്നത് എന്നു പറയുന്നില്ലാത്തതുകൊണ്ടു, കാളിദാസൻ ഈ ശ്ലോകത്തിന്റെ അർത്ഥകല്പനയെ നിഷ്പ്രതിബന്ധമാക്കിച്ചെയ്തിരിയ്ക്കുന്നു. ആ ഓരോന്നിനും മുൻപറഞ്ഞ പ്രകാരത്തിൽ മൂന്നുവക അർത്ഥങ്ങളേയും കല്പിക്കാൻ തക്കവണ്ണമാണ് ഈ പദങ്ങളുടെ ഘടന.

പക്ഷെ ഈ ന്യൂനത, മലയാളഭാഷയുടെ ദാരിദ്രത്തിന്റെ ഫലമായിരിക്കാം. സംസ്കൃതത്തെപ്പോലെ പദസംസ്ക്കാരമുള്ള ഒരു ഭാഷയിൽനിന്ന് ഒരു ഉത്തമമായ കാവ്യത്തെ, അത്രത്തോളം പദസൗലഭ്യമില്ലാത്ത ഒരു ഭാഷയിലേക്കു പകർത്തെടുക്കുന്നതു, സർ മാണിയർ വില്യംസ് പറഞ്ഞിട്ടുള്ളതുപോലെ 'എളുപ്പത്തിൽ വായുവായി പരിണമിക്ക ശീലമുള്ളതും അശാശ്വതവും ആയ ഒരു ആസവസാരത്തെ ഒരു പാത്രത്തിൽ നിന്നു മറ്റൊന്നിലേക്ക് പകരുന്നതിനു ഒപ്പമാകുന്നു' എന്ന് സമ്മതിക്കാം. അതിനാൽ തന്നെയാണല്ലോ സർ മാണിയർ വില്യംസ് ഇംഗ്ലീഷിൽ എഴുതിയ തർജ്ജമയ്ക്കു പലേ 'കുറവും കുറ്റവും' പറയാൻ സംഗതി വന്നിട്ടുള്ളത്. അദ്ദേഹവും ഈ നാന്ദിശ്ലോകത്തെ മൂലാർത്ഥത്തിന്നു കുറവുവരുത്താതെ തർജ്ജമ ചെയ്തിട്ടില്ലാ എന്ന് ആക്ഷേപം ഉണ്ടായിട്ടുണ്ട്. ജലം, പൃഥ്വി, അഗ്നി, വായു മുതലായവയുടെ അർത്ഥത്തെ കുറിക്കുന്ന സാധാരണ പദങ്ങൾ പ്രയോഗിക്ക നിമിത്തം, കാളിദാസശ്ലോകത്തിലെ വേദാന്തതത്വങ്ങൾക്ക് അപ്രകാശം ഉണ്ടായിപ്പോയിരിക്കുന്നു എന്നും, നായികാനായകന്മാരെപ്പറ്റി സൂചനകൾ ഇല്ലാതായിപ്പോയി എന്നും ആകുന്നു ആക്ഷേപം പറയപ്പെട്ടിരിക്കുന്നത്. കേരളവർമ്മ വലിയകോയിത്തമ്പുരാൻ തിരുമനസ്സിലെ ശാകുന്തളം മലയാളികൾക്കു ദുർഗ്രഹം ആണെന്ന ന്യൂനതയെ പരിഹരിപ്പാനായി പുറപ്പെട്ട പി.ജി.രാമയ്യർ അവർകളുടെ തർജ്ജമയും, കാളിദാസശ്ലോകത്തെ അല്പമെങ്കിലും മെച്ചമായ വിധത്തിൽ പ്രതിഫലിപ്പിച്ചിട്ടില്ലാ. രാമയ്യരവർകളാകട്ടെ,

'മുന്നംബ്രഹ്മാവുനിർമ്മിച്ചൊരുജലവടിവായ്
വഹ്നിയായ്ഹോത്രിയായി-
ച്ചന്ദ്രാർക്കന്മാർകളായിശ്രുതിവിഷയഗുണം
ചേരുമാകാശമായി
പിന്നെബ്ബീജത്തിനെല്ലാംപ്രകൃതിയവനിയായ്
ജീവനേകുന്നകാറ്റായ്
മിന്നീടുംമൂർത്തിയെട്ടാർന്നമരുമൊരുശിവൻ
നിങ്ങളെക്കാത്തിടട്ടെ.'

എന്നാണ് മംഗളപ്രാർത്ഥന ചെയ്യുന്നത്. ഇങ്ങനെ തർജ്ജമകർത്താക്കൾക്കു 'കീറാമുട്ടി'യായിത്തീർന്നിരിക്കുന്ന ഈ നാന്ദിശ്ലോകത്തിന്നു, മുമ്പ് എടുത്തെഴുതിയ ചില വ്യാഖ്യാനങ്ങൾ ക്ലിഷ്ടകല്പനകളാണെന്ന് ഒരു അഭിപ്രായമുളളതിനാലായിരിക്കാം, അഷ്ടമൂർത്തികളുടെ സംഗതിയിൽ മാത്രം തർജ്ജമക്കാർ ശ്രദ്ധവെച്ചത്. ഈ പക്ഷമനുസരിച്ചു നോക്കുന്നതായാൽ, വലിയകോയിത്തമ്പുരാൻ തിരുമനസ്സിലെ ഇപ്പോഴത്തെ, പരിഷ്ക്കരിച്ച ഭാഷാശാകുന്തളത്തിലെ നാന്ദിശ്ലോകം മെച്ചമായിട്ടുണ്ടെന്നു പറയാം. എന്നാൽ അതിന്നുളളിൽ, കാളിദാസനെപ്പോലെ, ഉദകാദിപദങ്ങൾ പ്രയോഗിക്കാതെ തന്നെ കഴിക്കാമായിരുന്നില്ലയോ എന്നാലോചിക്കേണ്ടിയിരിക്കുന്നു. ശാകുന്തളത്തിന്റെ തർജ്ജമ, ദ്രാവിഡഭാഷകളിൽ ഉണ്ടായിട്ടുള്ളവയിലൊന്നും, ബാസവപ്പശാസ്ത്രി അവർകൾ എഴുതീട്ടുള്ള കന്നട തർജ്ജമയാണെന്നു കാണുന്നു; അതിലെ നാന്ദി മൂലത്തോടു ഏറെക്കുറെ യോജിച്ചിരിക്കുന്നു എന്നും കന്നടപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്. തിരുവിതാംകൂർ സംസ്ഥാനത്തു നിന്നു ബഹിഷ്കരിക്കപ്പെട്ടതിനാൽ എനിയ്ക്കുണ്ടായിട്ടുള്ള പലേ ലാടങ്ങളിലൊന്നു തെലുഗു, കന്നടം എന്നീ ഭാഷകളെ പരിശീലിക്കാനുള്ള സൗകര്യം ആയിരിക്കയാൽ ഈ അവസരത്തെ വിനിയോഗിച്ചു ലഭിച്ചുവരുന്ന പരിചയംകൊണ്ടു, ബാസവപ്പശാസ്ത്രികളുടെ തർജ്ജമയിലെ നാന്ദിയെ പകർത്തെഴുതുവാൻ സാധിച്ചിരിക്കുന്നു എന്നു ചാരിതാർത്ഥ്യപ്പെടുന്നു:-

'ആവുദുധാതൃസൃഷ്ടിഗെമൊതൽഹുതഫ
വ്യമനാംപുദാവുദി-
ന്നാവുദുഹോതൃശബ്ദഗുണമാവുദുവാ-
വുവുകാലകർതൃഗൾ
ആവുദുസർജഗക്കുസർവരാവുദഭൂ-
തകുലപ്രധാനമെം-
ദാവോഡലൊടമിംഖാമെരെവീശനൊഡ
ച്ചുഗെനമ്മദീഷ്ടമാം'

ഈ തർജ്ജമയിലെ പല വാക്കുകളൂം മലയാളികൾക്കു എളുപ്പം ഗ്രഹിക്കാവുന്നവ തന്നെയാണല്ലൊ. അവയെ തമ്മിൽ ഘടിപ്പിച്ചിരിയ്ക്കുന്ന വ്യാകരണസൂത്രങ്ങൾ അറിഞ്ഞിട്ടില്ലെന്നാലും, ഏകദേശം അർത്ഥമെന്തെന്നും മനസ്സിലാക്കാൻ കഴിയും. ഈ തർജ്ജമയിൽ, ഉദകം ഇത്യാദി പദങ്ങളോ ഭാവയ്ക്കു തുല്യമായ കന്നടവാക്കുകളോ പ്രയോഗിച്ചിട്ടില്ലെന്നതാണ് ഈ തർജ്ജമയുടെ പ്രശസ്തിയ്ക്ക് ആധാരമായിരിക്കുന്നത്. 'യാസൃഷ്ടിഃസ്രഷ്ടരാദ്യാ' -എന്നതിനെ 'ആവുദുധാതൃസൃഷ്ടിഗെമൊതൽ' - എന്നാണല്ലോ തർജ്ജമ ചെയ്തിരിക്കുന്നത്. ഇതിൽ മൂലത്തിലെപ്പോലെ, ധാതാവിന്റെ സൃഷ്ടിയിൽ ആദ്യമായത് ഇന്നതാണെന്നു പ്രത്യേകമെടുത്തു പറയുന്നില്ലാ. ഇതിന്മണ്ണം മറ്റു ഭാഗങ്ങളിലും കാൺക. ദ്രാവിഡഭാഷയായ കന്നടത്തിൽ ഇപ്രകാരം തർജ്ജമ ചെയ്യാൻ കഴിയുമെങ്കിൽ, അതിന്റെ സഹോദരഭാഷയായ മലയാളത്തിൽ അസാധ്യമെന്നുവരുന്നതു ശോചനീയം തന്നെയാണ്.

ഈ അവസരത്തിൽ, ഭാഷാന്തരപ്രവൃത്തിയെപ്പറ്റി ചില വിമർശങ്ങൾ ചെയ്യുന്നത് അനുചിതമാകയില്ലെന്നു വിചാരിക്കുന്നു. അങ്ങനെ ചെയ്യേണ്ടി വരുന്നതു, ഭാഷാന്തരം ചെയ്യുന്നവരുടെ മേൽ ചിലർ നിർബന്ധമായി ചുമത്തി വരുന്ന ചില നിയമങ്ങളെ സ്വീകരിക്കയോ ത്യജിക്കയോ വേണ്ടത് എന്നു വായനക്കാർ ആലോചിയ്ക്കുന്നതിലേക്കായിട്ടാകുന്നു.

താളിളക്കം
!Designed By Praveen Varma MK!