കമ്മമ്പള്ളി രാമൻപിള്ളആശാൻ ഈ കൃതി 1077-ാമാണ്ടു കന്നിമാസത്തിൽ ആരംഭിച്ചതായി കാണുന്നു. സംസ്കൃതത്തിൽ ബ്രഹ്മാണ്ഡപുരാണത്തിലെ ക്ഷേത്രകാണ്ഡമെന്ന വിഭാഗത്തിൽ ഉൾപ്പെട്ടതെന്നു സ്വയം ഘോഷിക്കുന്നതും 13 അധ്യായങ്ങൾ അടങ്ങിയതതുമായ ഒരു ഗ്രന്ഥം ആ പേരിലുണ്ടു്. അതിനെ ആശാൻ വളരെ വിസ്തരിച്ചു കിളിപ്പാട്ടാക്കിയിരിക്കുന്നു. പ്രാജാപത്യമെന്നും, ജനാർദ്ദനമാഹാത്മ്യമെന്നും, വാസിഷ്ഠമെന്നും, പാണ്ഡ്യരാജീയമെന്നും, ക്ഷേത്രയാത്രാവിധാനമെന്നുമുള്ള പേരുകളിൽ അഞ്ചു കാണ്ഡങ്ങൾ ഇതിലുണ്ടു്.
കുട്ടമത്ത് കുഞ്ഞുണ്ണിക്കുറുപ്പ് ദേവീമാഹാത്മ്യത്തിലെ ഉപാഖ്യാനത്തെ വിഷയീകരിച്ചുകൊണ്ടു നിര്മ്മിച്ചിട്ടുള്ള ഈ ഗ്രന്ഥത്തില് ആകെ പന്ത്രണ്ടു സര്ഗ്ഗങ്ങളും ഇരുപതു പദ്യങ്ങളുള്ള ഒന്നാം സര്ഗ്ഗമൊഴിച്ചു ബാക്കിയുള്ള സര്ഗ്ഗങ്ങളില് സാമാന്യേന പതിപ്പത്തു ശ്ലോകങ്ങളും ഉള്ക്കൊള്ളുന്നു. കോലത്തുനാട്ട രാജകുടുംബത്തിന്റെ പരദേവതയായ മാടായിക്കുന്നിലെ (തിരുവര്കാട്ട്) ഭഗവതി (ഭദ്രകാളി)യെയാണ് കവി സ്നോത്രംചെയ്യുന്നത്. പ്രസ്തതകൃതിയുടെ നിര്മ്മിതി സമാപ്തമായതു് 1121മാണ്ടു മിഥുനമാസം 13നു- യായിരുന്നു.
കുന്നുകുഴിയില് കൊച്ചതൊമ്മന് അപ്പാത്തിക്കിരി നസ്രാണികളുടെ ജീവിതരീതി, വിവാഹം മുതലായ വിഷയങ്ങളുടെ ഒരു ചിത്രണമാണു് പ്രസ്തുതഗ്രന്ഥം. ഒരു ക്രിസ്തീയഭവനത്തിൽ ഔസേപ്പച്ചൻ എന്നൊരു യുവാവുണ്ടായിരുന്നു. അയാളെക്കൊണ്ടു് അനുരൂപയായ ഒരു സ്ത്രീയെ വിവാഹംചെയ്യിക്കുവാൻ ബന്ധുക്കൾ ദൂരെ ഒരു സ്ഥലത്തേയ്ക്കു പോവുകയും, അക്കാമ്മ എന്ന ഒരു യുവതിയെ കാണുകയും ചെയ്യുന്നു; അവർ തമ്മിൽ വിവാഹം നടക്കുന്നു. പഴയ കല്യാണച്ചടങ്ങുകൾ പ്രപഞ്ചനം ചെയ്തിട്ടുണ്ടു്. അതിനുശേഷം ഔസേപ്പച്ചന്റെ വീട്ടിൽ ഭയങ്കരമായ നാത്തൂൻ പോരുണ്ടാവുകയും അതിന്റെ ഫലമായി അക്കാമ്മ കഷ്ടപ്പെടുകയും ചെയ്യുന്നു. നാത്തൂന്മാർ ആ ഗൃഹം വിട്ടു പോയതിനുശേഷം ഭാര്യാഭർത്താക്കന്മാർ സ്വതന്ത്രരാകുന്നു; അക്കാമ്മ അനന്തരം പ്രസവത്തിനു പിതൃഗൃഹത്തിൽ പോകുന്നു. പ്രസവം കഴിഞ്ഞതിനുമേൽ ഔസേപ്പച്ചന്റെ സഹോദരി തങ്കമ്മയുടെ വിവാഹം നിശ്ചയിക്കുന്നു. തങ്കമ്മ കുറേ പരിഷ്കാരം സിദ്ധിച്ച യുവതിയാണു്. ആ സ്ത്രീ ഒരു ബിരുദധാരിയിൽ അനുരക്തയായിത്തീരുന്നു. അദ്ദേഹത്തെ കാണുമ്പോൾ ആ സ്ത്രീക്കു മോഹാലസ്യം ഉണ്ടാകുകയും അതു് അപസ്മാരരോഗമാണെന്നു കരുതി വേണ്ടപ്പെട്ടവർ ചികിത്സിക്കുകയും ചെയ്യുന്നു. ഒടുവിൽ കാര്യം മനസ്സിലായി തങ്കമ്മ ആശിച്ച യുവാവിനെക്കൊണ്ടുതന്നെ ആ സ്ത്രീയെ വിവാഹം ചെയ്യിക്കുന്നു. ആ വിവാഹവും വിസ്തരിച്ചു വർണ്ണിച്ചിട്ടുണ്ടു്. പിന്നീടു് ഔസേപ്പച്ചന്റെ വീട്ടിലെ മൂപ്പീന്നു മരിക്കുന്നു. ഇതു സംബന്ധമായ ചടങ്ങുകളുടെ വർണ്ണനയും നന്നായിട്ടുണ്ട്. 60-ൽച്ചില്വാനം കൊല്ലങ്ങൾക്കുമുൻപു് ഉത്തരതിരുവിതാംകൂറിലെ നസ്രാണികളുടെ സാമൂഹ്യസ്ഥിതിയെന്തെന്നു പരിഷ്കാരപ്പാതി നമുക്കു കരതലാമലകംപോലെ കാണിച്ചുതരുന്നു. യഥാതഥപ്രസ്ഥാനത്തിൽ എഴുതിയ ഒരു നോവൽ എന്ന നിലയിലല്ലാതെ പ്രസ്തുതകൃതിക്കു മറ്റൊരു മെച്ചവും കാണുന്നില്ല. ഒരു ക്രിസ്തീയകഥയാകയാൽ അതിനു വിശേഷിച്ചു് ഒരാകർഷണശക്തിയുണ്ടെന്നും പറയേണ്ടിയിരിക്കുന്നു.
മുതുകുറിശ്ശി ഭാസ്കരൻനമ്പൂരി മഴമംഗലഭാണത്തോടൊപ്പമല്ലെങ്കിലും അതിന്റെ അടുത്ത കക്ഷ്യയിൽ നില്ക്കുവാൻ യോഗ്യതയുള്ള ഒരു ഭാണമാണു് ശൃംഗാരലീലാതിലകം. ലളിതകോമളകാന്തമാണു് അതിൽ കവി സംഘടിപ്പിച്ചിരിക്കുന്ന പദാവലി; അക്ലിഷ്ടമധുരമാണു് അർത്ഥകല്പന. ഭാണത്തിനു വേണ്ട രണ്ടു പ്രധാന ഗുണങ്ങളാണു് ഇവയെന്നുള്ളതിനെപ്പറ്റി പക്ഷാന്തരത്തിനു മാർഗ്ഗമില്ലല്ലോ. ശൃംഗാരലീല സ്വയം അനുഭവിച്ച ഒരു കവിക്കല്ലാതെ ഭാണമെഴുതുവാൻ അധികാരമില്ലെന്നിരിക്കെ 16 വയസ്സു തികയാത്ത ഒരു ബാലൻ ആ സാഹസത്തിനു് എങ്ങനെ ഒരുങ്ങി എന്നു് ആരെങ്കിലും ചോദിക്കുകയാണെങ്കിൽ അതിനു കവിക്കുള്ള സമാധാനം ആ അനുഭവം തനിക്കു പൂർവവജന്മങ്ങളിൽ ഉണ്ടായിരുന്നിട്ടുണ്ടല്ലോ എന്നാണു്.
കടത്തനാട്ടു ശങ്കരവർമ്മത്തമ്പുരാന്റെ കൃതികളിൽ സദ്രത്നമാല എന്ന ഗണിതഗ്രന്ഥംമാത്രമേ നമുക്കു ലഭിച്ചിട്ടുള്ളു. ഗണിതവിഷയത്തിൽ കേരളീയർ പ്രമാണത്വേന അങ്ഗീകരിച്ചിട്ടുള്ള ഒരു ശാസ്ത്രഗ്രന്ഥമാണതു്. ആറു പ്രകരണങ്ങൾ ആചാര്യൻ അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
കല്ലൂർ നമ്പൂരിപ്പാടു് ഇന്നും പ്രചുരപ്രചാരമായ ഒരാട്ടക്കഥയാണു് ബാലിവിജയം. സാഹിത്യദൃഷ്ട്യാ പരിശോധിക്കുമ്പോൾ ആ കഥയ്ക്കു രണ്ടാംകിടയിൽ ഒരു സ്ഥാനമില്ലാതെ ഒന്നാം കിടയിൽ പ്രവേശത്തിനു് അവകാശമില്ലെങ്കിലും രംഗപ്രയോഗത്തിനു സർവഥാ സമുചിതമായ ഒരു കൃതിയാണു് അതെന്നുള്ളതിനെപ്പറ്റി പക്ഷാന്തരമില്ല. അതിൽ രാവണൻ, ബാലി, നാരദൻ ഈ മൂന്നു പാത്രങ്ങളുടേയും വേഷങ്ങൾ കെട്ടുന്ന നടന്മാർക്കു് അവരുടെ സകലമനോധർമ്മങ്ങളും പ്രകടിപ്പിക്കുവാൻ ധാരാളം സൗകര്യമുണ്ടു്. കല്ലൂരിനെ ഒരു നാട്യകലാമർമ്മജ്ഞനും ഫലിതപ്രയോഗനിപുണനുമായി ബാലിവിജയം നമുക്കു കാണിച്ചുതരുന്നു. ശ്ലോകങ്ങളേക്കാൾ പദങ്ങൾക്കു സ്വാരസ്യം കൂടും.
കുന്നത്തു സുബ്രഹ്മണ്യൻപോറ്റി സുന്ദരീസ്വയംവരം ആട്ടക്കഥ അദ്ദേഹത്തിന്റെ കൃതിയാണു്. ശ്രീകൃഷ്ണനു സത്യഭാമയിൽ ജനിച്ച സുന്ദരി എന്ന കുമാരിയെ ബലരാമൻ ദുര്യോധനപുത്രനായ ലക്ഷണനെക്കൊണ്ടു വിവാഹം ചെയ്യിക്കണമെന്നു തീർച്ചപ്പെടുത്തി അതിനു വേണ്ട ഏർപ്പാടുകൾ ചെയ്യുന്നുവെങ്കിലും ശ്രീകൃഷ്ണൻ ആ പാണിഗ്രഹണം സുഭദ്രാർജ്ജുനന്മാരുടെ പുത്രനായ അഭിമന്യുവിനെക്കൊണ്ടാണു് നടത്തിക്കുന്നതു്. കോയിപ്പുറത്തു പണിക്കരുടെ സുന്ദരീസ്വയംവരം തുള്ളലിലെ പ്രതിപാദ്യവും ഈ കഥ തന്നെയാകുന്നു. അരങ്ങു കൊഴിപ്പിക്കുന്നതിനും വിവിധരസഭാവങ്ങൾ പ്രകടിപ്പിക്കുന്നതിനും വേണ്ട സാമഗ്രികൾ കഥയിൽത്തന്നെയുണ്ടു്. ഘാടോൽകചൻ, ഇരാവാൻ, ഘടോൽകചന്റെ ഭൃത്യനായ വജ്രദംഷ്ട്രൻ, ഹിഡിംബ എന്നീ പാത്രങ്ങളിൽ ഹിഡിംബയെ മാത്രമേ കവിക്കു കൂടുതലായി പ്രവേശിപ്പിയ്ക്കേണ്ടി വരുന്നുള്ളു. അൻപത്തിനാലു ദിവസത്തെ ആട്ടക്കഥകളുടെ കൂട്ടത്തിൽ പ്രസിദ്ധപ്പെടുത്തീട്ടില്ലെങ്കിലും സുന്ദരീസ്വയംവരം സാമാന്യം പ്രചാരമുള്ള ഒരു കഥകളിയാണു്. ആടാൻ കൊള്ളാവുന്ന ഒരു പ്രബന്ധമെന്നാണു് പൊതുവെ അതിനെപ്പറ്റിയുള്ള അഭിജ്ഞമതവും. കവിതയ്ക്കു വലിയ മെച്ചമുണ്ടെന്നു പറയാൻ തരമില്ല.
അജ്ഞാനകുഠാരം എന്ന ഭാഷാഗാനം മാത്രമേ ജോസഫ് ഫെന്നിന്റെ കൃതിയായി കണ്ടിട്ടുള്ളു. ഒന്നിലധികം വൃത്തങ്ങൾ ഉപയോഗിച്ചു രചിച്ചിരിക്കുന്ന ആ ഗാനം സാമാന്യം ദീർഘമാകുന്നു. ഹിന്ദുമതത്തിലെ പല ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും കർക്കശമായ രീതിയിൽ വിമർശിക്കുക എന്നുള്ളതാണു് കവിയുടെ ഉദ്ദേശം. ബാലന്മാർക്കുപോലും തന്റെ കവിത സുഗ്രഹമാകണമെന്നു് അദ്ദേഹത്തിന്നാഗ്രഹമുണ്ടായിരുന്നു.
സ്വാതിതിരുനാൾ മഹാരാജാവു് ഭക്തിമഞ്ജരിയാണു് തിരുമനസ്സിലെ കൃതികളിൽ പലതുകൊണ്ടും പ്രധാനമെന്നു പറയേണ്ടതു്. മഹാവിഷ്ണുവിന്റെ പേരിലുള്ള ഭക്തിയാണു് അതിലെ പ്രതിപാദ്യവിഷയം. അതിന്റെ പാരമ്യത്തെ കവി നൂറുവീതം ശ്ലോകങ്ങൾ അടങ്ങിയ പത്തു ശതകങ്ങളിലായി ഉപപാദിച്ചിരിക്കുന്നു. പത്താമത്തെ ശതകത്തിൽ 101 ശ്ലോകങ്ങൽ ഘടിപ്പിച്ചിട്ടുണ്ടു്. ഓരോ ശതകവും വിഭിന്നവൃത്തങ്ങളിലാണു രചിച്ചിരിക്കുന്നതു്. ഒടുവിൽ ശ്രീപത്മനാഭന്റെ പ്രസാദത്തെ അഭ്യർത്ഥിച്ചുകൊണ്ടു രണ്ടു ശ്ലോകങ്ങൾകൂടി രചിച്ചിട്ടുമുണ്ടു്. ആദ്യത്തെ നാലുശതകങ്ങളിൽ പുരുഷാർത്ഥസാധനത്തിനു് ഉത്തമോപായം ഭക്തിയാണെന്നു മഹാരാജാവു പല പ്രമാണങ്ങൾകൊണ്ടും ഉപാഖ്യാനങ്ങൾകൊണ്ടും യുക്തികൊണ്ടും സ്ഥാപിക്കുന്നു. ഭക്തിയുടെ സാമാന്യസ്വരൂപവും ആ ഘട്ടത്തിൽ പ്രപഞ്ചനംചെയ്യുന്നുണ്ടു്.
സ്വാതിതിരുനാൾ മഹാരാജാവു് ചമ്പൂരൂപത്തിൽ വിരചിതമായ ഈ കാവ്യമാണു് സർവോപരി തിരുമനസ്സിലെ മഹാകവിത്വത്തിനു നിദർശനമായി പരിലസിക്കുന്നതു്. ഇതിൽ പത്തു സ്തബകങ്ങൾ അടങ്ങിയിരിക്കുന്നു. ആദ്യത്തെ അഞ്ചു സ്തബകങ്ങളിൽ അനന്തശയനക്ഷേത്രത്തിലെ ബിംബപ്രതിഷ്ഠസംബന്ധിച്ചുള്ള പുരാവൃത്തവും മറ്റുമാണു് വിഷയം. ദിവാകരയതിയുടെ പൂജ തുടങ്ങിയുള്ള കഥ ആദ്യത്തെ മൂന്നു സ്തബകങ്ങളിൽ വിസ്തരിച്ചതിനുമേൽ നാലും അഞ്ചും സ്തബകങ്ങളിൽ ശ്രീപത്മനാഭക്ഷേത്രത്തെ വർണ്ണിച്ചിരിക്കുന്നു. ആറു മുതൽ ഒമ്പതുവരെ സ്തബകങ്ങളിൽ പ്രസ്തുത ക്ഷേത്രത്തിലെ ഉത്സവവും, അതോടനുബന്ധിച്ചുള്ള ആറാട്ടും, പത്താം സ്തബകത്തിൽ ലക്ഷദീപമഹോത്സവവും വിസ്തരിച്ചിരിക്കുന്നു. ഗ്രന്ഥം സമാപ്തമായതു് 1013-ലാണെന്നു കാണാം.
സ്വാതിതിരുനാൾ മഹാരാജാവു് പത്തു ദശകങ്ങളിലായി നൂറു ശ്ലോകങ്ങളടങ്ങിയ ഒരു സ്തോത്രമാണു് ശ്രീപദ്മനാഭശതകം. ദശകംതോറും വൃത്തം മാറുന്നു. ഉൽക്കടമായ ഭക്തിഭാവം വഴിഞ്ഞൊഴുകുന്നതാണു് അവയിൽ ഓരോ ശ്ലോകവും. നാരായണീയത്തെ ഇതിവൃത്തവിഷയത്തിലും മറ്റും കവി ധാരാളമായി ഉപജീവിച്ചിട്ടുണ്ടു്.
ഈ രണ്ടുപാഖ്യാനങ്ങളും ഹരികഥാകാലക്ഷേപക്കാർക്കു വേണ്ടി രചിച്ചിട്ടുള്ളതാണു്. ശ്ലോകങ്ങളും പദങ്ങളും ഇടകലർത്തി അഷ്ടപദിയുടേയും ആട്ടക്കഥകളുടേയും മാതൃകയിലാണു അവയുടെ നിർമ്മിതി. മഹാരാഷ്ട്രഭാഷയിലെ ഹരികഥകളെ അനുകരിച്ചു് ആര്യാവൃത്തത്തിൽ അനേകം ശ്ലോകങ്ങളും ആ കഥകളിൽ കാണുന്ന രാഗതാളങ്ങൾ ഘടിപ്പിച്ചു പദങ്ങളും മഹാരാജാവു നിബന്ധിച്ചിരിക്കുന്നു;
സ്വാതിതിരുനാൾ മഹാരാജാവു് ഇതിനു് ഉത്സവപ്രബന്ധമെന്നും പേരുണ്ടു്. ശ്രീപത്മനാഭക്ഷേത്രത്തിൽ പത്തു ദിവസത്തേയ്ക്കു നീണ്ടുനില്ക്കുന്ന ഉത്സവത്തിൽ ഓരോദിവസത്തെയും എഴുന്നള്ളിപ്പിനെ (യാത്രയെ) വർണ്ണിക്കുക എന്നുള്ളതാണു് വിഷയം. ഓരോ ദിവസത്തെ എഴുന്നള്ളിപ്പും വിവരിക്കുവാൻ ഏതാനും ചില മണിപ്രവാളശ്ലോകങ്ങളും അവയ്ക്കു പിന്നീടു് ഓരോ ഗാനവും വിനിയോഗിച്ചിരിക്കുന്നു. ആകെ 42 ശ്ലോകങ്ങളും 13 ഗാനങ്ങളും അടങ്ങീട്ടുണ്ടു്. ഉത്സവപ്രബന്ധവും ഹരികഥാകാലക്ഷേപത്തിനുവേണ്ടി രചിച്ചിട്ടുള്ളതാണു്. അതിന്റെ നിർമ്മിതി 1014-ലായിരിക്കുവാൻ ഇടയുണ്ടു്.
സ്വാതിതിരുനാൾ മഹാരാജാവു് ഈ ഉപന്യാസത്തിലെ പ്രതിപാദ്യം സങ്ഗീതവിഷയകമായി സാഹിത്യത്തിൽ പ്രയോഗിച്ചുകാണുന്ന ശബ്ദാലങ്കാരത്തിന്റെ വ്യവസ്ഥയാണു്. ഇതിന്റെ സംജ്ഞതന്നെ “മുഹനയുടേയും പ്രാസത്തിന്റേയും അന്ത്യ പ്രാസത്തിന്റേയും വ്യവസ്ഥ” എന്നാണെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. തിരുമനസ്സിലെ സങ്ഗീതശാസ്ത്രകുശലതയ്ക്കു മൂർദ്ധാഭിഷിക്തോദാഹരണമായി പരിലസിക്കുന്ന ഈ ഉപന്യാസം ഭാഷയിൽ ആധുനികരീതിയിലുള്ള ആദ്യത്തെ ഗദ്യോപന്യാസമാണെന്നും സമർത്ഥിക്കാവുന്നതാണു്.
അരിപ്പാട്ടു കൊച്ചുപിള്ളവാരിയർ വാരിയരുടെ കൃതിയായി ഉർവശീസ്വയംവരം കഥകളിമാത്രമേ കിട്ടീട്ടുള്ളു. ഇംഗ്ലീഷു സുബ്ബാരായരുടെ നിർദ്ദേശമനുസരിച്ചു് ഈസോപ്പിന്റെ ചില സാരോപദേശകഥകൾ അദ്ദേഹം ഭാഷാഗദ്യത്തിൽ തർജ്ജമ ചെയ്തിട്ടുള്ളതായി പി. ഗോവിന്ദപ്പിള്ള ഭാഷാചരിത്രത്തിൽ പ്രസ്താവിച്ചിട്ടുള്ളതു പരമാർത്ഥമാണു്. ആ തർജ്ജമ മുപ്പതു കൊല്ലത്തിനുമുൻപു ഞാനും കണ്ടിട്ടുണ്ടു്. ചെറിയ വാചകങ്ങളിൽ ഏറ്റവും ലളിതമായ ശൈലിയിലാണു് ആ വിവർത്തനം എന്നുമാത്രമേ ഇപ്പോൾ ഓർമ്മയുള്ളു. ഇന്നു് ആ കൈയെഴുത്തു പുസ്തകം എവിടെയാണെന്നു് അറിയുന്നില്ല. ഉർവ്വശീസ്വയംവരം ഉത്രംതിരുനാൾ ഇളയതമ്പുരാന്റെ ആജ്ഞയനുസരിച്ചു രചിച്ചതാണെന്നു മുൻപു പറഞ്ഞിട്ടുണ്ടല്ലോ. കാളിദാസന്റെ വിക്രമോർവ്വശീയത്തിലെ ഇതിവൃത്തത്തെത്തന്നെയാണു് കവി ഉപജീവിച്ചിട്ടുള്ളതു്. സിംഹവക്ത്രൻ എന്ന അസുരനേയും മറ്റും അരങ്ങു കൊഴുക്കുന്നതിനായി പ്രവേശിപ്പിച്ചുകാണുന്നു. വാരിയരുടെ കവിത സിംഹധ്വജചരിതത്തിനു മേലേയാണെങ്കിലും ഒന്നാംകിടയിൽനിന്നു് അല്പം താഴെയേ സ്ഥിതിചെയ്യുന്നുള്ളു. അദ്ദേഹത്തിനു വ്യാകരണത്തിലുണ്ടായിരുന്ന അവഗാഹത്തിനു് അതു സാക്ഷ്യം വഹിക്കുന്നുണ്ടു്.
കൊടുങ്ങല്ലൂർ വിദ്വാൻ ഇളയതമ്പുരാൻ പ്രസ്തുത മഹാകാവ്യത്തിന്റെ ആദ്യത്തെ 12 സർഗ്ഗങ്ങളും 13-ാമത്തെ സർഗ്ഗത്തിലെ 31 ശ്ലോകങ്ങളും എഴുതിത്തീർന്നപ്പോൾ കവി അന്തരിച്ചു പോകയാൽ അതു പൂർത്തിയാക്കുവാൻ സാധിച്ചില്ല.ശേഷം ഭാഗം കൊച്ചുണ്ണിത്തമ്പുരാനാണു് രചിച്ചതു്. പ്രഥമസർഗ്ഗം ക്ഷീരാബ്ധിശായിയായ ശ്രീനാരായണന്റെ വർണ്ണനത്തോടുകൂടി ആരംഭിക്കുകയും പന്ത്രണ്ടാം സർഗ്ഗം യതിരൂപനായി പർണ്ണശാലയിൽ ആഗതനായ രാവണനെ സൽക്കരിക്കുവാനുള്ള സീതാദേവിയുടെ ഉപക്രമത്തോടുകൂടി അവസാനിക്കുകയും ചെയ്യുന്നു. രാമായണകഥയുടെ ചർവ്വിതചർവ്വണമല്ല മഹാകവിയുടെ കാവ്യവ്യാപാരം. സീതാസ്വയംവരം കഴിഞ്ഞു് അയോധ്യാപ്രവേശംവരെയുള്ള ഇതിവൃത്തം ആദ്യത്തെ രണ്ടു സർഗ്ഗങ്ങളിൽ സംക്ഷേപിച്ചിട്ടു് മൂന്നുമുതൽ ഏഴുവരെയുള്ള അഞ്ചു സർഗ്ഗങ്ങൾ ശ്രീരാമന്റേയും സീതയുടേയും രതിവർണ്ണനത്തിനും ഋതുവർണ്ണത്തിനും മറ്റുമായി വിനിയോഗിച്ചിരിയ്ക്കുന്നു. ദശരഥൻ ശ്രീരാമനെ യൌവരാജ്യത്തിൽ അഭിഷേചനം ചെയ്യുവാൻ ഒരുങ്ങുന്നതു് എട്ടാം സർഗ്ഗത്തിൽ മാത്രമാണു്. ഇളയതമ്പുരാന്റെ കാവ്യശൈലിക്കു സാരള ്യമല്ല, ഗാംഭീര്യമാണു് പ്രധാനഗുണം. പണ്ഡിതന്മാർക്കുമാത്രമേ പല ശ്ലോകങ്ങൾക്കും വേണ്ടവിധത്തിൽ അർത്ഥഗ്രഹണം ചെയ്യുവാൻ സാധിക്കുകയുള്ളു. ഗ്രന്ഥഗ്രന്ഥികൾ അവിടവിടെ മനഃപൂർവമായി വിന്യസിച്ചിട്ടുണ്ടു്.
കൊടുങ്ങല്ലൂർ വിദ്വാൻ ഇളയതമ്പുരാൻ ആകെ 240 ശ്ലോകങ്ങളുള്ള ഈ ഭാണം കൊടുങ്ങല്ലൂർ താലപ്പൊലിയെ വിഷയീകരിച്ചു രചിച്ചിട്ടുള്ളതാകയാൽ ഇതിനു കാളീകേളിയാത്രാഭാണം എന്നും പേരുണ്ടു്. കേരളത്തിലെ പല വിനോദങ്ങളേയും പറ്റി പ്രസ്തുത ഭാണത്തിൽ സരസമായി പ്രതിപാദിച്ചിരിക്കുന്നു. രാമചരിതത്തിൽനിന്നു് ഒട്ടും താണതല്ല ഈ കൃതിയും.
വിദ്വാൻ കിളിമാനൂർ രാജരാജവർമ്മകോയിത്തമ്പുരാൻ ആട്ടക്കഥകളുടെ കൂട്ടത്തിൽ അഗ്രിമമായ സ്ഥാനത്തെ അലങ്കരിക്കുന്നു. ദേവന്മാരെയോ രാജാക്കന്മാരെയോ നായകന്മാരായി സ്വീകരിക്കുന്ന രീതി വിട്ടു രാക്ഷസചക്രവർത്തിയായ രാവണന്റെ ബാഹുപരാക്രമത്തെയും മറ്റും പ്രകീർത്തനംചെയ്തു് ഒരു കഥകളി നിർമ്മിക്കുവാൻ അക്കാലത്തു ധൈര്യപ്പെട്ട കവിയെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. കൈലാസോദ്ധാരണത്തിൽ ആ ധീരോദ്ധതൻ പ്രദർശിപ്പിച്ച ദോർമ്മദം ശ്രീപരമേശ്വരൻ ശമിപ്പിക്കുന്നതോടുകൂടി ഇതിവൃത്തം സമഞ്ജസമായ ഒരു ഘട്ടത്തിൽ സമാപ്തമാകുന്നു.
വിദ്വാൻ കിളിമാനൂർ രാജരാജവർമ്മകോയിത്തമ്പുരാൻ ഒരു വശ്യവാക്കായ പണ്ഡിതകവിക്കു സംസ്കൃതസാഹിത്യത്തിൽ എത്രതന്നെ ഉച്ചത്തിൽ സഞ്ചരിക്കാമെങ്കിലും, ഭാഷാസാഹിത്യത്തിൽ എങ്ങനെ സാമാന്യജനങ്ങളെ അവരുടെ കൂട്ടത്തിൽ ഒരുത്തനായി നിന്നുകൊണ്ടു് ആനന്ദിപ്പിക്കമെന്നുള്ളതിനു സന്താനഗോപാലം ശീതങ്കൻതുള്ളൽ ഒരു ഉത്തമനിദർശനമാകുന്നു. അതു കുഞ്ചൻ നമ്പിയാരുടെ തുള്ളലുകളോടു സമസ്കന്ധമായി സമുല്ലസിക്കുന്നു;
അരിപ്പാട്ടു കൊച്ചുഗോവിന്ദവാരിയർ തിരുപ്പതിക്ഷേത്രത്തിലെ വൈഖാനസാർച്ചകനും കൗശികഗോത്രോത്ഭവനും തിമ്മയപണ്ഡിതന്റെ പുത്രനുമായ ശ്രീനിവാസാചാര്യരുടെ ശാകുന്തള ടീക സുപ്രസിദ്ധമാണല്ലോ. അദ്ദേഹത്തിന്റെ ജീവിതകാലം കൊല്ലം പത്താം ശതകത്തിന്റെ ഉത്തരാർദ്ധമായിരുന്നു. ആ വ്യാഖ്യാനം കേരളത്തിൽ വന്നുചേർന്നപ്പോൾ അതു വായിച്ചു് അതിന്റെ സ്വാരസ്യത്തിൽ ആകൃഷ്ടനായി ഗോവിന്ദവാരിയർ അതിനെ സംഗ്രഹിച്ചു ഗോവിന്ദബ്രഹ്മാനന്ദീയം രചിച്ചു. സംക്ഷിപ്തശ്രീനിവാസീയം എന്നും ഒരു പേർ പ്രസ്തുതവ്യാഖ്യാനത്തിനു ഗോവിന്ദവാരിയർ നൽകിക്കാണുന്നു. വാസ്തവത്തിൽ വാരിയരുടെ വ്യാഖ്യാനത്തിനു യാതൊരു പുതുമയുമില്ല. ശ്രീനിവാസന്റെ പംക്തികളിൽ ഗഹനാംശങ്ങൾ വിട്ടു ബാക്കി ഭാഗം പകർത്തി എഴുതുന്നു എന്നേയുള്ളൂ. അങ്ങിങ്ങു് ഏതാനും പദങ്ങൾക്കുമാത്രം പര്യായങ്ങൾ പ്രയോഗിച്ചിട്ടുണ്ടു്. അങ്ങനെയുള്ള ഒരു നിബന്ധനത്തിനു ബ്രഹ്മാനന്ദീയം എന്നു നാമകരണം ചെയ്തതു കുറെ കടന്നുപോയി എന്നു പറയേണ്ടിയിരിക്കുന്നു.
അരിപ്പാട്ടു രാമവാരിയർ രാമവാരിയരുടെ കൃതിയായി ഇന്ദുമതീസ്വയംവരം ആട്ടക്കഥ മാത്രമേ കിട്ടീട്ടുള്ളു. അതിലെ കവനകുശലത തരക്കേടില്ല; കഥയ്ക്കു പ്രചാരമില്ലാതെ പോയതിനുള്ള പ്രധാനകാരണം ഇതിവൃത്തത്തിന്റെ ശുഷ്കതയാണു്.
കടത്തനാട്ടു വാസുനമ്പി അങ്ങിങ്ങു് ഒന്നാംകിടയിലേയ്ക്കു കടന്നുനില്ക്കുന്ന ഒരാട്ടക്കഥയാണു് സീമന്തിനീചരിതം. ആ കൃതിക്കു് അതു അർഹിക്കുന്ന പ്രചാരം സിദ്ധിക്കാത്തതു പരിതാപകരംതന്നെ. പി. ഗോവിന്ദപ്പിള്ള ഉദ്ധരിച്ചിട്ടുള്ള “കാരുണ്യാപാങ്ഗ” എന്നും “വന്ദേ വന്ദാരുവൃന്ദാരക” എന്നുമുള്ള പദ്യങ്ങളും “ഭസിതഭുജഗഭൂഷം” ഇത്യാദി പദ്യംപോലെ അതിലെ വന്ദനശ്ലോകങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.
ഹംസസന്ദേശം എന്ന പേരിൽ കൊല്ലം പതിനൊന്നാംശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ വിരചിതമെന്നു കരുതാവുന്ന ഒരു കാവ്യം കണ്ടുകിട്ടീട്ടുണ്ടു്. അതു മറ്റു സന്ദേശങ്ങളെന്നപോലെ പൂർവ്വഭാഗവും ഉത്തരഭാഗവുമായി വിഭജിക്കപ്പെട്ടിരിക്കുന്നു. മന്ദാക്രാന്ത തന്നെയാണു് വൃത്തം. പൂർവ്വസന്ദേശത്തിൽ 83-ഉം ഉത്തരസന്ദേശത്തിൽ 88-ഉം ശ്ലോകങ്ങൾ അടങ്ങീട്ടുണ്ട്. പ്രസ്തുതസന്ദേശത്തിലെ നായകനും നായികയുമായി സുഖിക്കുന്ന ഒരവസരത്തിൽ നായകനെ ഒരു രാക്ഷസി ഭക്ഷിക്കുന്നതിനായി ലങ്കയിലെ ഉദ്യാനത്തിലേയ്ക്കു കൊണ്ടുപോകുകയും അവിടെവെച്ചു വിഭീഷണചക്രവർത്തിയുടെ ആജ്ഞയാൽ മോചിപ്പിക്കുകയും ചെയ്തു. നായികയുടെ ഭവനം കവണാറ്റിന്റെ (മീനച്ചിലാറ്റിന്റെ) തീരത്തുള്ള കുടമാളൂരാണെന്നു കവി പറയുന്നു. സന്ദേശഹരൻ ഹംസമാണെന്നു പറയേണ്ടതില്ലല്ലോ. നായകൻ ഹംസത്തെ സേതുദർഭശയനം, താമ്രവർണ്ണീതീരം, മണലൂർ, സഹ്യപർവ്വതം ഇവ കടന്നു കേരളത്തിൽ എത്തുവാൻ ഉപദേശിക്കുന്നു. അധോലിഖിതമായ ശ്ലോകത്തിൽ കവി കേരളത്തെ വർണ്ണിക്കുന്നു. തദനന്തരം കന്യാകുമാരി, മരുത്വാമല, ശുചീന്ദ്രം ഇവയുടെ വിവരണത്തിലാണ് കവി വ്യാപൃതനാകുന്നതു്. മരുത്വാമലയ്ക്കു വക്രഗിരി എന്നാകുന്നു സന്ദേശത്തിൽ കാണുന്ന സംജ്ഞ. അതിൽപ്പിന്നീടു ഹംസം ചെന്നേത്തേണ്ടതു തിരുവനന്തപുരത്താണു്.കൊല്ലത്തു ചെന്നാൽ അവിടെ ധാരാളം ധ്വരമാരെക്കാണാം. ഹംസം അമ്പലപ്പുഴെച്ചെന്നു “വിലസദതസിദാമനീലപ്രതീക”നായ ശ്രീകൃഷ്ണനെ തൊഴുതുംകൊണ്ടു കുടമാളൂരേയ്ക്കു പോകണം. അത്തരത്തിലാണു് മാർഗ്ഗനിർദ്ദേശം. കവിയാരെന്നു് അറിയുന്നില്ലെങ്കിലും അദ്ദേഹത്തിനും തന്റെ പ്രിയതമയ്ക്കെന്നപോലെ കുടമാളൂർതന്നെയായിരുന്നു ജന്മഭൂമി എന്നു് ഊഹിക്കാവുന്നതാണു്. ഗ്രന്ഥം നിർമ്മിച്ച കാലത്തു ശുചീന്ദ്രക്ഷേത്രത്തിൽ കൈമുക്കും കൊല്ലത്തു സായ്പന്മാരുടെ താമസവുമുണ്ടായിരുന്നു എന്നുള്ളതിനു പുറമേ, കൊട്ടാരക്കരനിന്നു കോട്ടയത്തേയ്ക്കുള്ള പാത പരിഷ്കരിച്ചിരുന്നില്ലെന്നും നാം കണ്ടുവല്ലോ.
ആയില്യംതിരുനാൾ രാമവർമ്മമഹാരാജാവു് ഇനി അവിടുത്തെ രണ്ടു ഗദ്യകൃതികളേയുംപറ്റി അല്പം പ്രസ്താവിക്കാം. അവ മീനകേതന ചരിതവും ഭാഷാശാകുന്തളവുമാണെന്നു സൂചിപ്പിച്ചുകഴിഞ്ഞുവല്ലൊ. ആ ഗ്രന്ഥങ്ങൾ ജോർജ്ജ്മാത്തന്റെ സത്യവാദഖേടത്തിനുമുൻപു രചിക്കപ്പെട്ടതാകയാൽ, ആധുനികരീതിയിലുള്ള ആദ്യത്തെ ഭാഷാഗദ്യകാവ്യങ്ങൾ എന്നു പറയാവുന്നതാണു്. കൊച്ചുപിള്ളവാരിയരുടെ ഈസോപ്പിന്റെ കഥകൾക്കു കാവ്യത്വമുണ്ടെന്നു പറവാൻ നിർവ്വാഹമില്ലല്ലോ. അറബിക്കഥകളിൽ ദൈർഘ്യംകൊണ്ടു സ്വാരസ്യംകൊണ്ടും പ്രഥമഗണനീയമാണു് Kamaralzanean and Princes Budur എന്ന ആഖ്യാതകം. അതാണു് തിരുമനസ്സുകൊണ്ടു വിവർത്തനത്തിന്നു തിരഞ്ഞെടുത്തതു്. ആ കഥയ്ക്കു പാത്രസംജ്ഞകൾകൊണ്ടും, കാലദേശാദി വർണ്ണനംകൊണ്ടും, സംഭാഷണരീതികൊണ്ടും, തികച്ചും പ്രാച്യത്വം വരുത്തുവാൻ അവിടുന്നു ശ്രമിക്കുകയും ആ ശ്രമത്തിൽ പരിപൂർണ്ണമായി വിജയം പ്രാപിക്കുകയും ചെയ്തിട്ടുണ്ടു്. സ്വർണ്ണദ്വീപ് എന്ന രാജ്യത്തിലെ രാജാവായ കാഞ്ചനകേതുവിന്റേയും അദ്ദേഹത്തിന്റെ ധർമ്മപത്നിയായ വിദ്യുല്ലതികയുടേയും പുത്രനാണു് മീനകേതനൻ എന്ന രാജകുമാരൻ. അദ്ദേഹം പ്രതാപസൂര്യന്റേയും ചന്ദ്രമുഖിയുടേയും പുത്രിയായ തടിൽപ്രഭയെ വിവാഹംചെയ്യുന്നു. മതംഗമഹർഷിയുടെ ശാപത്തിനു വിധേയനായ ചിത്രരഥനെന്ന ഗന്ധർവ്വനാണു് അവരുടെ വിവാഹത്തിനു ഘടകനായിത്തീരുന്നതു്.
ആയില്യംതിരുനാൾ രാമവർമ്മമഹാരാജാവു് ഇതു അഭിജ്ഞാനശാകുന്തളനാടകത്തിന്റെ വിവർത്തനമാണു്. തിരുമനസ്സുകൊണ്ടു് അംഗീകരിച്ച മൂലം ശാകുന്തളത്തിന്റെ വംഗീയപാഠമാണു്. എന്നാൽ സന്ദർഭാനുഗുണമായി പല ആവാപോദ്വാപങ്ങളും ചെയ്യുന്നതിനു് അവിടുന്നു മടിച്ചിട്ടുമില്ല. ഇതു തർജ്ജമയല്ല, സ്വതന്ത്രമായ ഒരു പരാവർത്തനമാണു്. ആധുനികഭാഷാഗദ്യത്തിന്റെ ഉപജ്ഞാതാക്കന്മാരിൽ പ്രമുഖനായ ആ തിരുമേനി നമ്മുടെ കൃതകേതരമായ കൃതജ്ഞതയ്ക്കു നിശ്ചയമായും പാത്രീഭവിക്കുന്നു.
ജോർജ്ജ് മാത്തൻ ഈ ഗ്രന്ഥംതന്നെയാണു് ജോർജ്ജ് മാത്തന്റെ കൃതികളിൽ പ്രഥമഗണനീയമായിട്ടുള്ളതു്. അ, എ, ഇ, ഒ, ഉ എന്ന അഞ്ചു ഹ്രസ്വാക്ഷരങ്ങളും ആ, ഏ, ഈ, ഓ, ഊ എന്ന അഞ്ചു ദീർഘാക്ഷരങ്ങളും ചേർന്നു ഭാഷയിൽ പത്തു സ്വരാക്ഷരങ്ങളേ ഉള്ളുവെന്നു് അദ്ദേഹം പറയുന്നു. ഐ, ഔ എന്നിവ ദ്വിത്വാക്ഷരങ്ങളെന്നാണു് അദ്ദേഹത്തിന്റെ പക്ഷം. ഋ, നു, ഋൗ, ണു,ഇവ ഭാഷാസ്വരങ്ങളല്ലാത്തതിനാൽ അവയെ അദ്ദേഹം പരിത്യജിച്ചതിൽ അനൗചിത്യമില്ല. 214 വശമുള്ള ആ പുസ്തകം കഥാപുരുഷന്റെ ഭാഷാ ഗവേഷണകുശലതയ്ക്കു പര്യാപ്തമായ നിദർശനമാണെന്നു ചുരുക്കത്തിൽ പറയാം.
ജോർജ്ജ് മാത്തൻ ഇതരകൃതികളിൽ പ്രാധാന്യേന സ്മരിക്കേണ്ടതു വേദസംയുക്തിയാകുന്നു. മൂലഗ്രന്ഥം അത്യന്തം കഠിനമാകയാൽ സാമാന്യന്മാരായ വിവർത്തകന്മാരെ അതു പരാജയപ്പെടുത്തും. എന്നാൽ കത്തനാർക്കു് ആ പരിശ്രമത്തിലും വിജയംതന്നെയാണു് സിദ്ധിച്ചിരിക്കുന്നതു്. പ്രസിദ്ധീകൃതമായ പ്രഥമകാണ്ഡത്തിൽ എട്ടു് അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്നു. 1041-ലാണു് സംയുക്തി മുദ്രിതമായതു്.
ജോർജ്ജ് മാത്തൻ സത്യവാദഖേടത്തിൽ 93 വശങ്ങൾ ഉൾക്കൊള്ളുന്നു. വളരെ രസകരമായ ഒരു പ്രബന്ധമാണു് ഇതു്. ഇത്തരത്തിലുള്ള പ്രബന്ധങ്ങൾ എങ്ങനെ രചിക്കണമെന്നുള്ളതിനു മാർഗ്ഗദർശകമായും ഇതു നിലകൊള്ളുന്നു.
ആർച്ചു് ഡീക്കൻ കോശി ഹിന്ദുമതത്തിലെ അനാചാരങ്ങൾ, ജാതിവ്യത്യാസം പുലർത്തുന്നതുകൊണ്ടു് അതിൽ വന്നുചേർന്നിട്ടുള്ള വൈകല്യങ്ങൾ തുടങ്ങിയ സമുദായ പരിഷ്കരണപ്രയോജനങ്ങളായ വിഷയങ്ങളെ പ്രസന്നവും സരസവും ഫലിതനിർഭരവുമായ ഭാഷയിൽ പ്രതിപാദിക്കുന്ന ഒരു കൃതിയാണു് പുല്ലേലിക്കുഞ്ചു. അതു പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയതു് 1057-ലായിരുന്നു. ക്രിസ്ത്യാനിയായ ഒരു മുതൽപിടിക്കാരൻ, കൈതപ്പള്ളി രാമപ്പണിക്കർ, പുല്ലേലിക്കുഞ്ചുപിള്ള, നെടുങ്ങാട്ടു മഠത്തിൽ ശാമു അണ്ണാവി, നെടുവേലിമനയ്ക്കൽ മൂത്ത നമ്പൂതിരിപ്പാടു്, കൈതപ്പള്ളി മാധവൻകുട്ടി എന്നിവരാണു് പ്രധാന കഥാപാത്രങ്ങൾ. രാമപ്പണിക്കരെ ഒരു കടുത്ത യാഥാസ്ഥിതികനായും കുഞ്ചുപിള്ളയെ ഒരു ഒന്നാംതരം ഉൽപതിഷ്ണുവായും ചിത്രണം ചെയ്തിരിക്കുന്നു.
ഹെർമൻ ഗുണ്ഡർട്ട് പാഠമാല പ്രസിദ്ധീകരിച്ചതു് 1860-ലാണു്. വിവിധകൃതികളിൽനിന്നു രസകരങ്ങളായ വാങ്മയസുമങ്ങൾ വിദ്യാർത്ഥികൾക്കു പ്രയോജകീ ഭവിക്കത്തക്കവിധത്തിൽ ഇദംപ്രഥമമായി ശേഖരിച്ചു ഗ്രഥിച്ചിട്ടുള്ളതാണു് പ്രസ്തുതമാല. അതിൽ ഗദ്യപാഠങ്ങളും പദ്യപാഠങ്ങളും അടങ്ങീട്ടുണ്ടു്. ഗദ്യപാഠങ്ങൾ പ്രായേണ ഗുണ്ഡർട്ടുതന്നെയാണു് എഴുതിച്ചേർത്തിരിക്കുന്നതു്. ഇൻസ്പെക്ടരായിരുന്ന കാലത്തു പള്ളിക്കൂടത്തിൽ പഠിപ്പിക്കുന്നതിനു വേണ്ടിയാണു് അതിലെ പാഠങ്ങൾ ഗുണ്ഡർട്ട് സംവിധാനം ചെയ്തതു്.
ഹെർമൻ ഗുണ്ഡർട്ട് പഴഞ്ചൊൽമാല 1845-ൽ അച്ചടിക്കപ്പെട്ടു. ഗുണ്ഡർട്ടിന്റെ ആദ്യകാലത്തെ കൃതികളുടെ കൂട്ടത്തിൽ അതിനെ ഉൾപ്പെടുത്താവുന്നതാണു്. “പഴഞ്ചൊല്ലിൽ പതിരു് ഉണ്ടെങ്കിൽ പശുവിൻപാലും കൈയ്ക്കും” എന്നിങ്ങനെയാണു് അതു് ആരംഭിക്കുന്നതു്.
ഹെർമൻ ഗുണ്ഡർട്ട് ഇതു ഗുണ്ഡർട്ട് രചിച്ച ഒരു പ്രസിദ്ധമായ കേരളചരിത്രഗ്രന്ഥമാണു്. പതിനാറാം ശതകത്തിൽ പോർത്തുഗലിനും കേരളത്തിനും തമ്മിലുണ്ടായിരുന്ന ബന്ധത്തെ ഗ്രന്ഥകാരൻ “ബറോസ മുതലായ പറങ്കിപ്പുസ്തകങ്ങൾ” പരിശോധിച്ചു സവിസ്തരമായി വർണ്ണിച്ചിരിക്കുന്നു. ഗുണ്ഡർട്ടിന്റെ ഗവേഷണനൈപുണ്യത്തോടൊപ്പം ഗദ്യശൈലിയുടെ സ്വരൂപവും മനസ്സിലാക്കുവാൻ പ്രസ്തുതകൃതി പ്രയോജനപ്പെടുന്നു.
ഹെർമൻ ഗുണ്ഡർട്ട് 1851-ൽ ഗുണ്ഡർട്ട് ഈ വ്യാകരണത്തിൽ ആദ്യത്തെ 552 വകുപ്പുകൾ പ്രസിദ്ധപ്പെടുത്തി. 1860-ൽ പള്ളിക്കൂടങ്ങളുടെ ആവശ്യത്തെ പുരസ്കരിച്ചു മലയാളവ്യാകരണം ചോദ്യോത്തരം അച്ചടിപ്പിച്ചു. അതു തിരുത്തി ഒരു പതിപ്പു, താൻ ശീമയ്ക്കു പോയതിനുമേൽ തന്റെ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണത്തിനു താൻ കേരളത്തിൽ അധികാരപ്പെടുത്തിയിരുന്ന ഈ. ഡീയസ് (E. Diez) ആദ്യം മദിരാശിഗവർമ്മെന്റിന്റെ മലയാളം ട്രാൻസിലേറ്ററും പിന്നീടു മലബാർ സ്ക്കൂൾ ഇൻസ്പെക്ടരുമായ എൽ. ഗാർത്തുവേയിറ്റ് എന്നിവരെക്കൊണ്ടു പ്രകാശിപ്പിച്ചു. ഗാർത്തുവേയിറ്റ് ഗുണ്ഡർട്ടിന്റെ ഒരു വിനീതശിഷ്യനും ദൂരാനുയായിയുമായിരുന്നു. അദ്ദേഹം പഞ്ചതന്ത്രം, ചാണക്യസൂത്രം, നളചരിതം, വേതാള ചരിത്രം, ഭാരതം സംഭവപർവ്വം എന്നീ ഗ്രന്ഥങ്ങൾ വരികൾ തിരിച്ചും ചിഹ്നങ്ങൾ കാണിച്ചും പ്രസിദ്ധപ്പെടുത്തി. വലിയ വ്യാകരണം 569-ാം വകുപ്പു വരെയേ ഗുണ്ഡർട്ട് രചിച്ചിട്ടുള്ളു. ബാക്കി ഡീയസ് ഗാർത്തുവേയിറ്റിന്റെ സഹായം അവലംബിച്ചു കൂട്ടിച്ചേർത്തതാണു്. ആകെ 878 വകുപ്പുകൾ (നിധാനങ്ങൾ എന്നാണു് ഗുണ്ഡർട്ട് കൊടുത്തിട്ടുള്ള പേർ) അതിലടങ്ങിയിരിക്കുന്നു. അക്ഷരകാണ്ഡം, പദകാണ്ഡം, വാചകകാണ്ഡം എന്നു മൂന്നു ഭാഗങ്ങളായിട്ടാണു് ഗ്രന്ഥം നിർമ്മിച്ചിരിക്കുന്നതു്. 857-ാംവകുപ്പുമുതൽ അലങ്കാരമാണു് പ്രതിപാദ്യം.
ഹെർമൻ ഗുണ്ഡർട്ട് ഗുണ്ഡർട്ടിനു പതിനെട്ടു ഭാഷകൾ അറിയാമായിരുന്നുവെന്നു പറയുന്നു. ഒട്ടുവളരെ ഭാഷകളിൽ അദ്ദേഹത്തിനു വിസ്മയാവഹമായ വിജ്ഞാനമുണ്ടായിരുന്നുവെന്നുള്ളതിനു സംശയമില്ല. ഭാഷാവിഷയകമായുള്ള ഏതു കാര്യത്തെസ്സംബന്ധിച്ചും അദ്ദേഹത്തിന്റെ ജീവിതകാലത്തിൽ അദ്ദേഹത്തിനുതന്നെയായിരുന്നു പ്രാമാണികത. ഭാഷാ ശബ്ദങ്ങളുടെ ധാത്വർത്ഥനിർണ്ണയം, പഴയ ചെപ്പേടുകളുടെ താൽപര്യവിവേചനം മുതലായി നിരവധി പ്രമേയങ്ങൾക്കു് അദ്ദേഹത്തിന്റെ ഗവേഷണംനിമിത്തം പ്രശംസനീയമായ പ്രകാശം ലഭിച്ചിട്ടുണ്ടു്. അന്നുവരെ യാതൊരു കേരളീയനും പേർ പോലും കേട്ടിട്ടില്ലാത്ത അനേകം താളിയോലഗ്രന്ഥങ്ങൾ അദ്ദേഹം സംഭരിക്കുകയും ഓരോന്നും നിഷ്കൃഷ്ടമായി വായിച്ചു മനസ്സിലാക്കി തന്റെ നിഘണ്ടുവിൽ നിരവധി ശബ്ദങ്ങൾ ഉദാഹരിക്കുന്നതിനു പ്രയോജനപ്പെടുത്തുകയും ചെയ്തു. തലശ്ശേരി മുതലായ സ്ഥലങ്ങളിലെ പഴയ സർക്കാർറിക്കാർഡുകൾ പരിശോധിച്ചു് അവയിലെ ശബ്ദങ്ങളും തിരഞ്ഞെടുത്തിട്ടുണ്ടു്. പല തരത്തിലും തൊഴിലിലും സ്ഥാനങ്ങളിലുമുള്ള നാനാജാതി മതസ്ഥന്മാരായ ജനങ്ങളുമായി സംഭാഷണത്തിലേർപ്പെട്ടു് അവരവരുടെ ഇടയിൽമാത്രം പ്രചാരമുള്ള ശബ്ദങ്ങളും സംഗ്രഹിച്ചിരിക്കുന്നു. രാമചരിതവും പയ്യന്നൂർപ്പാട്ടും അദ്ദേഹത്തിന്റെ ഗ്രന്ഥസമുച്ചയത്തിൽ അവയുടെ പ്രാചീനതനിമിത്തം അത്യന്തം മഹനീയമായ ഒരു സ്ഥാനത്തെ അലങ്കരിക്കുന്നു. രാമചരിതം നമുക്കു പിന്നീടു കിട്ടുകയുണ്ടായിട്ടുണ്ടെങ്കിലും പയ്യന്നൂർപ്പാട്ടു് അദ്ദേഹത്തോടൊന്നിച്ചു് അന്തർദ്ധാനം ചെയ്തതായി കരുതേണ്ടിയിരിക്കുന്നു. “സ്വർഗ്ഗത്തിൽവെച്ചും ഓരോ പുതിയ ഭാഷ പഠിക്കുവാൻ എനിക്കു് അവസരം കിട്ടിയാൽ എന്തൊരു സന്തോഷമായിരിക്കും” എന്നു് ഒരവസരത്തിൽ അദ്ദേഹം പറഞ്ഞിട്ടുള്ളതു് അദ്ദേഹത്തിന്റെ മനോഗതിയുടെ അതിശയോക്തി സ്പർശമില്ലാത്ത പ്രതിഫലനം മാത്രമാണു്. 25 കൊല്ലത്തെ നിരന്തരമായ ഭാഷാപഠനത്തിന്റെയും നിഷ്കൃഷ്ടമായ ശബ്ദാഗമ ഗവേഷണത്തിന്റെയും ഫലമായി അദ്ദേഹം എഴുതി 1872-ൽ പ്രസിദ്ധീകരിച്ച മലയാളം-ഇംഗ്ലീഷ്നിഘണ്ടു ഭാഷയ്ക്കു് ഒരനർഘനിധിയാകുന്നു. ഭാഷാശബ്ദങ്ങൾക്കു സംസ്കൃതശബ്ദങ്ങളെക്കാൾ പ്രാധാന്യം നല്കി, ഭാഷയിൽ പ്രചുരപ്രചാരങ്ങളായ സംസ്കൃതശബ്ദങ്ങളെമാത്രം ഉൾപ്പെടുത്തി, പ്രാചീനകാലത്തേയും മധ്യകാലത്തേയും ഭാഷാകൃതികളിൽ നിന്നു് അന്നു നടപ്പിലിരുന്നവയും ഇന്നു പ്രചാരലുപ്തങ്ങളുമായ ശബ്ദങ്ങൾ കഴിയുന്നിടത്തോളം തിരഞ്ഞെടുത്തു, നാടോടി ശബ്ദങ്ങൾക്കും വിദേശീയഭാഷകളിൽനിന്നു് കടന്നുകൂടിയിട്ടുള്ള ശബ്ദങ്ങൾക്കും പ്രവേശനം അനുവദിച്ചു്, ഓരോ ശബ്ദത്തിന്റെയും ആഗമം നിർദ്ദേശിച്ചു. വിവിധഗ്രന്ഥങ്ങളിൽനിന്നും മറ്റും അവയുടെ അർത്ഥാവബോധത്തിനുതകുന്ന ഉദാഹരണങ്ങളുദ്ധരിച്ചു, പഴഞ്ചൊല്ലുകളും ശൈലികളും അവസരോചിതമായി എടുത്തുകാണിച്ചു് അദ്ദേഹം രചിച്ചിട്ടുള്ള പ്രസ്തുതനിഘണ്ടുവിന്റെ ഗുണവിശേഷങ്ങൾ വാചാമഗോചരങ്ങളെന്നേ ചുരുക്കത്തിൽ പറയുവാൻ നിവൃത്തിയുള്ളു.
വൈക്കത്തു പാച്ചുമൂത്തതു് ഇതു കവി എട്ടു സർഗ്ഗത്തിൽ രചിച്ചിട്ടുള്ള ഒരു പ്രൌഢമായ കാവ്യമാണു്. അദ്ദേഹത്തിന്റെ അന്യാദൃശമായ വ്യാകരണ പാണ്ഡിത്യത്തിനു് ഇതിലെവിടെയും, പ്രത്യേകിച്ചു പ്രഥമസർഗ്ഗത്തിലും ഉദാഹരണങ്ങൾ കാണാം. കഥാനായകൻ ആയില്യംതിരുനാൾ രാമവർമ്മമഹാരാജാവാണു്. വിശാഖംതിരുനാൾ ഇളയതമ്പുരാന്റെ അപദാനങ്ങളേയും സന്ദർഭാനുരോധേന ധാരാളമായി വർണ്ണിക്കുന്നുണ്ടു്. ഇടയ്ക്കു പ്രകൃതമുണ്ടാക്കി വീരമാർത്താണ്ഡവർമ്മമഹാരാജാ തുടങ്ങിയുള്ള അവിടത്തെ പൂർവ്വന്മാരുടെ ചരിത്രവും സംക്ഷിപ്തമായി പ്രതിപാദിക്കുന്നു. തൃതീയസർഗ്ഗത്തിലെ രാജനീതിവിവരണം ഏറ്റവും ഹൃദയഹാരിയാണു്.
വൈക്കത്തു പാച്ചുമൂത്തതു് മേല്പുത്തൂർ ഭട്ടതിരിയുടെ പ്രബന്ധങ്ങളിൽ രാജസൂയംപോലെ കഠിനമായി മറ്റൊന്നില്ല. മഹാകവി അദ്ദേഹത്തിന്റെ വ്യാകരണത്തിലും മീമാംസയിലുമുള്ള അന്യാദൃശമായ പാണ്ഡിത്യം മുഴുവൻ അതിൽ പ്രകടിപ്പിച്ചിട്ടുണ്ടു്. അങ്ങനെയുള്ള ഒരു ഗ്രന്ഥമാണു് ആയില്യംതിരുനാൾ ഇളയതമ്പുരാനായിരുന്നപ്പോൾ പാച്ചുമൂത്തതിനോടു വ്യാഖ്യാനിക്കുവാൻ ആജ്ഞാപിച്ചതു്. അതുമൊരു നിദേശമെന്നപോലെ പരീക്ഷണവുമായിരുന്നു. ആ പരീക്ഷണത്തിൽ മൂത്തതു് അനായാസേന വിജയിച്ചു.
വൈക്കത്തു പാച്ചുമൂത്തതു് വൈദ്യകമാണു് ഈ മഹാഗ്രന്ഥത്തിലെ വിഷയം. ആകെ നാലു ഖണ്ഡങ്ങളെക്കൊണ്ടു സംപുടിതമായ പ്രസ്തുത കൃതിയിൽ നാല്പത്തെട്ടു് അധ്യായങ്ങളടങ്ങിയ ആദ്യത്തെ മൂന്നു ഖണ്ഡങ്ങളിൽ അഷ്ടാംഗഹൃദയത്തിലെ 120 അധ്യായങ്ങളിൽ അന്തർഭവിക്കുന്ന സകല വിഷയങ്ങളും സമഞ്ജസമായി സംഗ്രഹിച്ചിട്ടുണ്ടു്. അതിനുമേൽ യോഗഖണ്ഡം എന്നു നാലാമതായി ഒരു ഖണ്ഡംകൂടി 12 അധ്യായങ്ങളിൽ എഴുതിച്ചേർത്തിരിക്കുന്നു. അനുഷ്ടുപ്പുവൃത്തത്തിൽത്തന്നെയാണു് ഗ്രന്ഥം പ്രായേണ ആദ്യന്തം നിബന്ധിച്ചിട്ടുള്ളതു്.
വൈക്കത്തു പാച്ചുമൂത്തതു് സുഖസാധകത്തിൽ ആകെ 12 ഖണ്ഡങ്ങളുണ്ടു്. ആദ്യത്തേതു സാമാന്യാധികാരവും ഒടുവിലത്തേതു് അവശിഷ്ടവുമാണു്. ഹൃദയപ്രിയത്തിന്റെ സംക്ഷേപംതന്നെയാണു് സുഖസാധകം. ആയുർവ്വേദാമൃതമെന്നു് അതിനെ ഗ്രന്ഥകാരൻ വർണ്ണിച്ചിരിക്കുന്നതു് അസ്ഥാനത്തിലല്ല.
വൈക്കത്തു പാച്ചുമൂത്തതു് സുഖബോധകം ആശൌചം സംബന്ധിച്ച ഒരു ഗ്രന്ഥമാണു്. പല പൂർവ്വസൂരികളുടേയും മതങ്ങൾ നിപുണമായി വിവേചനംചെയ്തു് അവയിൽ അംഗീകാര്യമായ അംശം സംഗ്രഹിച്ചാണു് ആചാര്യൻ ഇതു രചിച്ചിരിക്കുന്നതു്. ആകെ അൻപത്തിമൂന്നു് അനുഷ്ടുപ്പുശ്ലോകങ്ങളും അവയുടെ ഭാഷാവ്യാഖ്യാനവും അടങ്ങിയിട്ടുണ്ടു്.
വൈക്കത്തു പാച്ചുമൂത്തതു് ഇതു വളരെ വിശിഷ്ടമായ ഒരു കൃതിയാണു്. സംസ്കൃതത്തിലെ സുപ്രസിദ്ധമായ വിശ്വഗുണാദർശചമ്പുവിനെ അനുകരിച്ചു സുമതിയെന്നും കുമതിയെന്നും രണ്ടു സ്ത്രീകളെ കഥാപാത്രങ്ങളാക്കി കമതിയെക്കൊണ്ടു ഓരോ വിഷയത്തിന്റേയും പൂർവ്വപക്ഷവും സുമതിയെക്കൊണ്ടു സിദ്ധാന്തപക്ഷവും വിവരിപ്പിച്ചു ബാലന്മാർക്കു സാന്മാർഗ്ഗികാഭിരുചി വളർത്തുകയാണു് പ്രസ്തുത ഗ്രന്ഥംകൊണ്ടു കവി സാധിക്കുന്നതു്. ആകെ ഇരുപത്തൊന്നധ്യായങ്ങൾ പുഷ്പങ്ങൾ എന്ന പേരിൽ അദ്ദേഹം ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഗുരുജനഗൗരവം, ഈശ്വരവിചാരം, സത്യം, ദയ, തപസ്സു് എന്നിവ തുടങ്ങി പുനർവിവാഹശങ്കാപരിഹാരം, രാജധർമ്മം, ശീലഗുണം എന്നിവയിൽ ഗ്രന്ഥം അവസാനിക്കുന്നു. ഗ്രഹചാരാദിഫലം ഭൂഗോള സിദ്ധാന്തം തുടങ്ങിയ ജ്യോതിശ്ശാസ്ത്രപ്രമേയങ്ങളേയും സമീചീനമായി ഘടിപ്പിച്ചിട്ടുണ്ടു്. ഗദ്യത്തിലാണു് വാദപ്രതിവാദസരണി തുടരുന്നതെങ്കിലും ധാരാളം ഭാഷാപദ്യങ്ങളും സംങ് ക്രമിപ്പിച്ചുകാണുന്നു.
തിരുവിതാംകൂർ ചരിത്രത്തെപ്പറ്റി പ്രഥമമായി ഒരു പുസ്തകം എഴുതിയതു പാച്ചുമൂത്തതാണെന്നു പറഞ്ഞുവല്ലോ. ക്ലേശസഹിഷ്ണുവും കുശാഗ്രബുദ്ധിയുമായ ഒരു ചരിത്രഗവേഷകന്റെ നിലയിലാണു് അദ്ദേഹം ഇതിൽ പ്രത്യക്ഷപ്പെടുന്നതു്. 1036-ാമാണ്ടു് ആയില്യംതിരുനാൾ സിംഹാസനാരോഹണം ചെയ്ത കാലംവരെയുള്ള ചരിത്രം സംക്ഷേപിച്ചിരിക്കുന്നു.
വൈക്കത്തു പാച്ചുമൂത്തതു് 1050-ൽ കോവുണ്ണി നെടുങ്ങാടി കേരളകൗമുദി രചിച്ചു എങ്കിലും 1053-ൽ മാത്രമേ അതു മുദ്രണംചെയ്തുള്ളു. 1051-ലാണു് പാച്ചുമൂത്തതിന്റെ വ്യാകരം പ്രകാശിതമായതു്. നെടുങ്ങാടിക്കു തമിഴിൽ സാമാന്യമായ ജ്ഞാനമുണ്ടായിരുന്നു; മൂത്തതിനു് അതില്ലാതിരുന്നതുകൊണ്ടു തന്റെ വ്യാകരണം അത്ര പ്രശസ്യമായ രീതിയിൽ നിർമ്മിക്കുവാൻ സാധിച്ചില്ല. ചോദ്യോത്തരരൂപത്തിൽ രചിച്ചിരിക്കുന്ന പ്രസ്തുത പുസ്തകത്തിൽ “മലയാളഭാഷയ്ക്കു സംസ്കൃതരീതിയെ മുഖ്യമായി അനുസരിച്ചു വ്യാകരണം എഴുതുന്നു” എന്നാണു് പറഞ്ഞിരിക്കുന്നതു്. അക്ഷരകാണ്ഡം സന്ധികാണ്ഡം, പദകാണ്ഡം, സമാസകാണ്ഡം എന്നിങ്ങനെ പൂർവ്വഭാഗത്തിൽ നാലും, ധാതുകാണ്ഡം, ക്രിയാകാണ്ഡം, പ്രയോഗകാണ്ഡം, അലങ്കാരകാണ്ഡം എന്നിങ്ങനെ ഉത്തരഭാഗത്തിൽ നാലുമായി ആകെ എട്ടു കാണ്ഡങ്ങൾ അടങ്ങീട്ടുണ്ടു്. അലങ്കാര കാണ്ഡത്തിൽ വൃത്തത്തെപ്പറ്റിയും പ്രതിപാദിക്കുന്നു. വിജ്ഞേയങ്ങളായ അംശങ്ങൾ പലതും ഈ വ്യാകരണത്തിലുമുണ്ടു്.
വൈക്കത്തു പാച്ചുമൂത്തതു് കേരളത്തിലെ വിവിധ ജാതികളുടെ ഉത്ഭവത്തേയും പെരുമാക്കന്മാരുടെ വാഴ്ചയേയും മറ്റു പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം ഒരു പുതിയ കേരളോൽപത്തിയാണെന്നു പറയാം. കേരളമാഹാത്മ്യം തുടങ്ങിയ ഗ്രന്ഥങ്ങൾ അവിശ്വസനീയങ്ങളാണെന്നു മൂത്തതു കാരണസഹിതം തെളിയിച്ചിട്ടുണ്ടു്.
വൈക്കത്തു പാച്ചുമൂത്തതു് ഭാഷയിലെ ആദ്യത്തെ ആത്മകഥ പാച്ചുമൂത്തതിന്റേതാണെന്നു് ഒരു മെച്ചം പ്രസ്തുത കൃതിക്കു നിസ്സംശയമായുണ്ടു്. ജനനം മുതൽ 1047-ാമാണ്ടുവരെയുള്ള സംഭവങ്ങളാണു് അതിൽ രേഖപ്പെടുത്തിയിരിക്കുന്നതു്.
വൈക്കത്തു നീലകണ്ഠൻമൂത്തതു് വൈക്കത്തു വൃശ്ചികമാസത്തിൽ ആഘോഷിക്കപ്പെടുന്ന അഷ്ടമീമഹോത്സവത്തെ അധികരിച്ചാണു് ഈ പാന കവി രചിച്ചിട്ടുള്ളതു്. ഇതിന്റെ ആമുഖരൂപത്തിൽ സ്തുതിപ്പാന എന്ന പേരിൽ പെരുംതൃക്കോവിലിലെ മാഹാത്മ്യത്തെ വിവരിക്കുന്ന ഒരു ഭാഗവും ഘടിപ്പിച്ചിട്ടുണ്ടു്.
കോവുണ്ണിനെടുങ്ങാടി ഭാഷയ്ക്കു് അമൂല്യമായ ഒരു നിധിയാണു് കേരളകൗമുദി. അതിനെക്കാൾ ഗുണപുഷ്കലമായ ഒരു വ്യാകരണം ഏ.ആർ. രാജരാജവർമ്മകോയിത്തമ്പുരാന്റെ കേരളപാണിനീയം മാത്രമേയുള്ളു. ആദ്യത്തെ വർണ്ണത്തിനു് അക്ഷരമെന്നും രണ്ടാമത്തേതിനു വിശേഷമെന്നും പേരിനു സംജ്ഞയെന്നും പൊരുളിനു പരിഭാഷയെന്നും നിർണ്ണീതിക്കു് അഭ്യാസമെന്നുമാണു് അർത്ഥം കല്പിച്ചിരിയ്ക്കുന്നതു്. ഭാഷാകൃതികൾക്കു സാമാന്യമായി വേണ്ട പാണിനിസൂത്രങ്ങളും നന്നൂൽസൂത്രങ്ങളും ഓരോ പ്രകരണത്തിലും കൗമുദിയിൽ സംഗ്രഹിച്ചിട്ടുണ്ടു്. ആദ്യം സംസ്കൃതസൂത്രങ്ങളും പിന്നീടു ദ്രാവിഡസൂത്രങ്ങളും എടുത്തു കാണിച്ചിരിക്കുന്നു. അവതാരികയായി ചേർത്തിട്ടുള്ള അഞ്ചു ശ്ലോകങ്ങൾ ഒഴിച്ചാൽ 388 ശ്ലോകങ്ങൾ കാരികാരൂപത്തിലും മറ്റും കൗമുദിയിൽ അന്തർഭവിച്ചിട്ടുണ്ടു്. കാരികകൾ നിർമ്മിക്കാൻ നെടുങ്ങാടിക്കു് അസാധാരണമായ വൈഭവമുണ്ടായിരുന്നു.
പി. ഗോവിന്ദപ്പിള്ള ഗോവിന്ദപ്പിള്ളയ്ക്കു മാതൃഭാഷാസേവനത്തിൽ അത്യധികമായ ആസക്തിയുണ്ടായിരുന്നു. വലിയ കൊട്ടാരത്തിൽ ഉദ്യോഗം ലഭിച്ചതോടുകൂടി ബാല്യംമുതല്ക്കുതന്നെ തന്നിൽ അന്തർല്ലീനമായിരുന്ന ഒരാഗ്രഹം സഫലീഭവിപ്പിക്കുന്നതിനു് അദ്ദേഹം നിരന്തരമായി പ്രയത്നിച്ചു. അതു മലയാളഭാഷാചരിത്രത്തിന്റെ നിർമ്മാണമാണെന്നു പറയേണ്ടതില്ലല്ലോ. അതിനുവേണ്ടി വലിയ കൊട്ടാരം ഗ്രന്ഥപ്പുരയിലെ ഗ്രന്ഥസമുച്ചയം അദ്ദേഹം നിപുണമായി പരിശോധിച്ചു; വെളിയിൽ പല വിദ്വാന്മാർക്കും എഴുതിയയച്ചു വിവരങ്ങൾ വരുത്തി; അന്നു അത്തരത്തിലുള്ള ഉദ്യമങ്ങളെ സഹായിക്കുന്നതിനു വേണ്ട സന്മനസ്സും സാമർത്ഥ്യവും കേരളത്തിൽ വളരെപ്പേർക്കുണ്ടായിരുന്നു. 1056-ാമാണ്ടു മിഥുനമാസം 28-ാം൹യാണു് ആ പുസ്തകത്തിന്റെ ഒന്നാംപതിപ്പു പ്രസിദ്ധീകരിച്ചതു്.
ഫാദർ ജെറാർദ് 1056-ാമാണ്ടുവരെ പ്രഭാഷണകലയെ പ്രതിപാദിക്കുന്ന യാതൊരു ഗ്രന്ഥവും ഭാഷയിൽ ഉണ്ടായിരുന്നില്ല. അത്തരത്തിൽ ഒരു ഗ്രന്ഥത്തിന്റെ ആവശ്യകത മതപ്രസംഗം ചെയ്യുന്ന ക്രിസ്ത്യാനികൾക്കു പ്രത്യേകം അനുഭവപ്പെട്ടിരുന്നു. ആ ന്യൂനത പരിഹരിക്കുന്നതിനാണു് ജെറാർദ് ഈ ശാസ്ത്രഗ്രന്ഥം രചിച്ചതു്. അദ്ദേഹംതന്നെ മുഖവുരയിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “കിരീടത്തിനു രത്ന മണിപോലെയും, ശരീരത്തിനു വസ്ത്രാഭരണങ്ങൾപോലെയും, സ്വരൂപത്തിനു സുവർണ്ണങ്ങൾപോലെയും, അക്ഷരവിദ്യയ്ക്കു് അലങ്കാരശാസ്ത്രം തേജസ്സും ശോഭയുമായിരിക്കുന്നുവെന്നതു സർവ്വസമ്മതമാകുന്നു. എന്നു മാത്രമല്ല, ഈ ഉത്തമശാസ്ത്രം വ്യക്തമായും ഗൗരവമായും പ്രസംഗിക്കുന്നതിനും, കാന്തം ഇരുമ്പിനെ ആകർഷിക്കുന്നതുപോലെ കേഴ്വിക്കാരെ വചനമാധുര്യത്താൽ പറഞ്ഞിണക്കി വശീകരിക്കുന്നതിനും, പ്രതിവാദങ്ങളേയും ആക്ഷേപങ്ങളേയും വിരോധിച്ചു ഖണ്ഡിക്കുന്നതിനും, തക്ക മുറയും ക്രമവും പഠിപ്പിക്കുന്നതിനാൽ ഇതിനെ അഭ്യസിക്കുന്നതു് തങ്ങളുടെ ഉത്തമപ്രസംഗത്താൽ സുവിശേഷസത്യങ്ങലെ, അജ്ഞാനയിരുള്ിൽ സൂര്യോദയംപോലെ പ്രകാശിപ്പിക്കുന്നതിനും, സത്യവേദത്തിന്മേൽ വേദവിരോധികളാൽ ആരോപിക്കപ്പെടുന്ന ദൂഷണങ്ങളെ ആക്ഷേപിച്ചു ഖണ്ഡിക്കുന്നതിനും, പാപാന്ധകാരത്താൽ കരുടരായവർക്കു ജ്ഞാനദീപമായി മോക്ഷമാർഗ്ഗത്തെ കാട്ടിക്കൊടുക്കുന്നതിനും ഉദ്യോഗപ്പെട്ടിരിക്കുന്ന വൈദികപ്രസംഗികൾക്കുമാത്രമല്ല, വക്കീലന്മാർ തുടങ്ങിയ ലൗകികപാഠകന്മാർക്കും അതിപ്രയോജനകരവും ആവശ്യവുമാണു്.” ഗ്രന്ഥത്തിന്റെ സ്വരൂപം ഇംഗ്ലീഷിൽ റെറ്റൊറിക്കു് (Rhetoric) എന്ന പേരിൽ അറിയപ്പെടുന്ന പുസ്തകങ്ങളിൽ അടങ്ങുന്ന വിഷയങ്ങളെല്ലാം അലങ്കാരശാസ്ത്രത്തിലും പ്രതിപാദിച്ചിട്ടുണ്ടു്. യൂറോപ്യൻഭാഷകളിൽ രചിച്ചിട്ടുള്ള മൂന്നു നാലു് അലങ്കാരഗ്രന്ഥങ്ങളെ സാമാന്യമായും, അരിസ്റ്റോട്ടിൽ, സീസർ, ക്വിന്റിലിയൻ മുതലായ പൂർവ്വസൂരികളുടെ പ്രമാണങ്ങൾ സമാഹരിച്ചു ഡികോളോന്യദോമീനിക്കൻ (Dominico Decolomica) എന്ന പണ്ഡിതൻ ലത്തീൻഭാഷയിൽ നിർമ്മിച്ചിട്ടുള്ള അലങ്കാര ഗ്രന്ഥത്തെ പ്രത്യേകമായും ഉപജീവിച്ചാണു് അച്ചൻ ഈ പുസ്തകം രചിച്ചതെന്നു പറയുന്നു. പ്രശ്നോത്തരരൂപത്തിലാണു് ഗ്രന്ഥത്തിന്റെ ഗതി. (1) അലങ്കാരശാസ്ത്രം എന്തെന്നും അതു കൊണ്ടുള്ള സാധ്യം ഇന്നതെന്നും, (2) അലങ്കാരവിദ്യയുടെ വിഷയം, അഥവാ അതിൽ വിവരിക്കപ്പെടുന്ന സംഗതികൾ എന്തെല്ലാമെന്നും, (3) അതിന്റെ ഭാഗങ്ങൾ എത്രയെന്നും ഏതെല്ലാമെന്നും, (4) അതിന്റെ വിശേഷതയും ഉപകാരങ്ങളും ഇന്നതെന്നും, (5) അലങ്കാരശാസ്ത്രത്തിന്റെ പൂർണ്ണ അറിവു സമ്പാദിക്കുന്നതിനുള്ള ഉപകരണങ്ങളും പോംവഴികളും ഏതെല്ലാമെന്നും അദ്ദേഹം പ്രപഞ്ചനം ചെയ്യുന്നു. സങ്കല്പന, അനുക്രമണം, അലങ്കരണം, ഉച്ചാരണം എന്നിങ്ങനെ നാലു കാണ്ഡങ്ങൾ ഗ്രന്ഥത്തിൽ അടങ്ങീട്ടുണ്ടു്. ഓരോ കാണ്ഡത്തേയും ഭാഗങ്ങളായും, ഓരോ ഭാഗത്തേയും അധ്യായങ്ങളായും വിഭജിച്ചിട്ടുണ്ടു്. ചതുർത്ഥകാണ്ഡത്തിൽ ഒരധ്യായമേയുള്ളു. ഈ പുസ്തകം ശരിക്കു് അഭ്യസിച്ചാൽ ഒരാൾക്കു് ഏതു സദസ്സിലും ഒരു പ്രവക്താവിന്റെ നിലയിൽ ഏറെക്കുറെ ശോഭിക്കുവാൻ സാധിക്കുന്നതാണു്. ഗ്രന്ഥകാരൻ അക്കാര്യത്തിൽ ദെമെസ്തനെയെ (ഡേമോസ്തിനീസിനെ)യാണു് ദൃഷ്ടാന്തമായി കാണിച്ചു തരുന്നതു്. “ഈ വിദ്വാൻ ആദ്യത്തിൽ നാലു വാക്യങ്ങളെ കൂട്ടിപ്പറയുന്നതിനു വശഹീനനായിരുന്നു എങ്കിലും പിന്നീടു് അഭ്യസനംകൊണ്ടും താൽപര്യംകൊണ്ടും അതിവാചാലതയോടെ പറവാൻതക്ക ഉത്തമപ്രസങ്ഗിയായിച്ചമഞ്ഞു. അയാൾക്കുണ്ടായിരുന്ന കൊഞ്ഞ മുഴുത്ത ചരൽ വായിലിട്ടുച്ചരിച്ചുകൊണ്ടു തീർത്തു. കടലോരത്തു ചെന്നുനിന്നു കടലിന്റെ സ്വരത്തെക്കാൾ സ്വരമുയർത്തിപ്പറയുന്നതിനും നിലവിളിക്കുന്നതിനും അഭ്യസിച്ചുകൊണ്ടു് അയാളുടെ പതിഞ്ഞ സ്വരം ഉച്ചസ്വരമാക്കി മഹാഗൗരവത്തോടെ പ്രസങ്ഗിക്കുന്നതിനു പ്രാപ്തനാകുകയും ചെയ്തു” എന്നു് അദ്ദേഹം ഉൽബോധിപ്പിക്കുന്നു. ഗദ്യശൈലി സാങ്കേതിക ശബ്ദങ്ങളുടെ വിവർത്തനത്തിലും മറ്റും അച്ചനു ചില പ്രമാദങ്ങൾ പറ്റീട്ടുണ്ടു്. വിശേഷ്യങ്ങൾക്കു പകരം വിശേഷണങ്ങൾ പ്രയോഗിക്കുന്ന വിലക്ഷണതയും അദ്ദേഹത്തിന്റെ വാക്യങ്ങളിൽ അങ്ങിങ്ങുകാണാം. അപഹ്നുതി പഹ്നുതിയായി രൂപഭേദം കൈക്കൊള്ളുന്നു. ഇങ്ങനെ ചില ദോഷങ്ങൾ വിസ്മരിക്കത്തക്കതല്ലെങ്കിലും ഇത്തരത്തിൽ സർവ്വവ്യാപകമായ ഒരു സാഹിത്യശാസ്ത്രഗ്രന്ഥം എഴുതി ഭാഷയെ പോഷിപ്പിച്ച ഫാദർ ജെറാർദ് നമ്മുടെ ഗാഢമായ കൃതജ്ഞതയ്ക്കു പാത്രീഭവിക്കുന്നു. ഏ.ആർ.രാജരാജവർമ്മകോയിത്തമ്പുരാന്റെ സാഹിത്യസാഹ്യത്തിനു പൂർവ്വഗാമിയായ ഈ ഗ്രന്ഥത്തിൽ അതിലുള്ളതിലധികം വിഷയങ്ങൾ അടങ്ങീട്ടുണ്ടു്. ഇതു തെറ്റുകൾ തീർത്തു പരിഷ്കരിച്ചു് ഏതെങ്കിലും ഒരു പണ്ഡിതൻ പുനഃപ്രസാധനം ചെയ്യുമെങ്കിൽ അതു ഭാഷയ്ക്കു വലിയ ഉപകാരമായിരിക്കും. അച്ചനു കഥനത്തിനും മറ്റും യോജിച്ച ഒരു സരളമായ ഗദ്യശൈലി സ്വാധീനമായിരുന്നു എന്നു താഴെ ചേർക്കുന്ന ഉദാഹരണത്തിൽ നിന്നു വ്യക്തമാകുന്നതാണു്. “പണ്ടു നമ്മുടെ ശരീരത്തിലുള്ള അവയവങ്ങൾ ഇപ്പോഴുള്ളതുപോലെയല്ല, ഓരോന്നിന്നു തനതു് ആലോചനകളും അഭിപ്രായങ്ങളുമുണ്ടായിരുന്നു. ഒരിക്കൽ ശേഷം അവയവങ്ങളെല്ലാം ഒന്നിച്ചുകടി നാം ചെയ്യുന്ന അനിഷ്ടത്തിന്റെയും വേലയുടേയും ബുദ്ധിമുട്ടിന്റേയും ഫലങ്ങളെല്ലാം വയറത്രേ അനുഭവിക്കുന്നതു്. അവൻ യാതൊത വേലയും ചെയ്യാതെ നമ്മിൽ നമ്മുടെ പ്രയത്നത്തിന്റെ ഫലങ്ങളെല്ലാം അനുഭവിച്ചു്, ആനന്ദമത്തനായി സുഖേന കിടക്കുന്നു. ഇവനെ ഒന്നു പഠിപ്പിക്കണം എന്നാലോചിച്ചു്. ഇനി കൈ യാതൊന്നും വായിൽവെയ്ക്കയില്ലെന്നും, വെച്ചാൽ വാ കൈക്കൊള്ളുകയില്ലെന്നും, നാവു രസിപ്പിയ്ക്കയില്ലെന്നും, പല്ലു ചവക്കയില്ലെന്നും ഇങ്ങനെ ഉപവാസമിട്ടു് ഉദരത്തെ ക്ഷയിപ്പിക്കണമെന്നും നിശ്ചയിച്ചു. കുറേ ദിവസം കഴിഞ്ഞപ്പോൾ കരങ്ങൾ ക്ഷീണിച്ചു; നാവു് ഇളക്കാൻ മേലാതായി; വാ തുറക്കാൻ മേലാതായി; ശരീരം മുഴുവനും നശിക്കാറായി; അപ്പോൾ വയറിന്റെ സഹായം തങ്ങൾക്കു് ആവശ്യമാണെന്നും, തങ്ങൾ ഉദരത്തെ പോഷിപ്പിക്കുന്നതുപോലെ തങ്ങൾക്കു ജീവനും ശക്തിയും വയറു തരികയാണെന്നും, തന്റെ സദാപ്രവൃത്തികൊണ്ടും യത്നംകൊണ്ടും എല്ലാഅവയവങ്ങൾക്കും രക്തത്തെ ഞരമ്പൂടെ വയറു നൽകുന്നുവെന്നും ഗ്രഹിച്ചു്, ആ നാശകരമായ കലഹം അമരുകയും ചെയ്തു.” 1056-ാമാണ്ടത്തെ ഗദ്യമാണു് ഇതു് എന്നു് ഓർമ്മിക്കുമ്പോൾ ഗ്രന്ഥകാരന്റെ പേരിലുള്ള ബഹുമാനം ആർക്കും വർദ്ധിക്കുകതന്നെ ചെയ്യും.
ഇലത്തൂർ രാമസ്വാമി ശാസ്ത്രികൾ സുരൂപരാഘവത്തിലെ ഇതിവൃത്തം രാമായണംതന്നെയാണു്. ഭട്ടികാവ്യത്തിന്റേയും മറ്റും രീതിയിൽ വ്യുൽപിത്സുകൾക്കു വ്യാകരണത്തിൽ പരിനിഷ്ഠിതമായ ജ്ഞാനം ലഭിക്കുന്നതിനുവേണ്ടിയാണു് കവി പ്രസ്തുത കാവ്യം നിർമ്മിച്ചിട്ടുള്ളതു്. ആകെ പതിനഞ്ചു സർഗ്ഗങ്ങൾക്കുമേലുണ്ടെന്നു് അഭിയുക്തന്മാർ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും അഷ്ടമസർഗ്ഗത്തിൽ മൂപ്പത്തിമൂന്നാമത്തെ ശ്ലോകംവരെയുള്ള ഭാഗമേ എനിക്കു വായിക്കുവാൻ ഇടവന്നിട്ടുള്ളൂ. ശാസ്ത്രകാവ്യമാകയാൽ ഗ്രന്ഥകാരൻതന്നെ വിസ്തരിച്ചു് ഒരു വ്യാഖ്യാനവും എഴുതിച്ചേർത്തിട്ടുണ്ടു്. വ്യാകരണസൂത്രോദാഹരണങ്ങാൾക്കു പുറമെ യഥോചിതം ഹൃദ്യങ്ങളായ അലങ്കാരങ്ങളും സന്നിവേശിപ്പിച്ചിട്ടുള്ള ഈ കാവ്യം പണ്ഡിതന്മാർക്കെന്നപോലെ ഭാവുകന്മാർക്കും ആനന്ദപ്രദമാകുന്നു.
ഇലത്തൂർ രാമസ്വാമി ശാസ്ത്രികൾ ഈ ചമ്പുവിന്റെ ഒരു ഉല്ലാസം മാത്രമേ കിട്ടീട്ടുള്ളൂ. 94 പദ്യങ്ങളും ഏതാനും ചില ഗദ്യങ്ങളും ഉൾക്കൊള്ളുന്ന പ്രസ്തുത കൃതിയിൽ കവി ഉത്രംതിരുനാൾ മഹാരാജാവിന്റെ വാഴ്ചക്കാലത്തു് ആയില്യംതിരുനാൾ ഇളയതമ്പുരാന്റെ അപദാനങ്ങളെ അനുകീർത്തനംചയ്യുന്നു. 1033-ലാണു് ഇതിന്റെ നിർമ്മിതിയെന്നു പഴമക്കാർ പറയുന്നു.
ഇലത്തൂർ രാമസ്വാമി ശാസ്ത്രികൾ ഹരികഥാകാലക്ഷേപത്തിന്റെ ഉപയോഗത്തിനു മഹാരാഷ്ട്രശൈലിയനുസരിച്ചു പ്രായേണ ആര്യ, പഞ്ചചാമര മുതലായ സംഗീതഗന്ധികളായ വൃത്തങ്ങൾ പ്രയോഗിച്ചു രചിച്ചിട്ടുള്ള കൃതിയാണു് ഗാന്ധാരചരിതം. ഗാന്ധാരചരിതത്തിലെ ഇതിവൃത്തം ഇങ്ങനെ സംഗ്രഹിക്കാം. ഗാന്ധാരൻ എന്ന ഒരു ബ്രാഹ്മണൻ ഗോകർണ്ണത്തേയ്ക്കുപോയി ഒരു ശിവരാത്രിദിവസം ശ്രീപരമേശ്വരനെ പൂജിച്ചു. തദനന്തരം അയാൾ ഒരു ദാശസ്ത്രീയിൽ അനുരക്തനായിത്തീരുകയും അവളുമായി താൻ ചെയ്ത ഉടമ്പടിയനുസരിച്ചു് എന്നും അവൾക്കു മാംസാഹാരം കൊണ്ടുചെന്നു കൊടുക്കയും ചെയ്തു വന്നു. അങ്ങിനെയിരിക്കേ ഒരിക്കൽ ഒരു മഹർഷിയുടെ ആശ്രമ മൃഗം വെള്ളം കുടിക്കാൻ ഒരു സരസ്സിൽ ഇറങ്ങി; അതിനെ ആ ബ്രാഹ്മണബ്രുവൻ അമ്പെയ്തുകൊന്നു. മഹർഷി അയാൾ ജ്വര തൃഷ്ണാർത്തനായി മരിക്കട്ടേ എന്നു ശപിച്ചു. ഗാന്ധാരൻ തിരിയെ ഗൃഹത്തിലേയ്ക്കു പോയതും ജ്വരാർത്തനായതും ഒന്നിച്ചു കഴിഞ്ഞു. ദാഹം അസഹ്യമാകയാൽ ഭാര്യയോടു കുറേ വെള്ളം കൊണ്ടുവരണമെന്നു താഴെ കാണുന്ന വിധത്തിൽ ഉച്ചരിച്ചു. തദ്വാരാ ‘ശിവ ശിവ’ എന്നു രണ്ടാവർത്തി അയാൾക്കു ശിവനാമം ഉച്ചരിക്കുവാൻ ഇടവന്നു. അതുനിമിത്തം ശിവന്റെ പാർഷദന്മാർ യമഭടന്മാരെ ആട്ടിയോടിക്കുകയും ആ മഹാപാപി പിന്നീടു വളരെക്കാലം ത്യക്തകൽമഷനായി ജീവിച്ചു് ആയുരന്തത്തിൽ ശിവസായൂജ്യം പ്രാപിക്കുകയും ചെയ്തു. പാർവതീദേവിയുടെ ജനനംമുതൽ കുമാരസംഭവം വരെയുള്ള കഥ ഇതിൽ അടങ്ങിയിട്ടുണ്ടു്.
ഇലത്തൂർ രാമസ്വാമി ശാസ്ത്രികൾ ഹരികഥാകാലക്ഷേപത്തിന്റെ ഉപയോഗത്തിനു മഹാരാഷ്ട്രശൈലിയനുസരിച്ചു പ്രായേണ ആര്യ, പഞ്ചചാമര മുതലായ സംഗീതഗന്ധികളായ വൃത്തങ്ങൾ പ്രയോഗിച്ചു രചിച്ചിട്ടുള്ള കൃതിയാണു് പാർവതീസ്വയംവരം. പാർവതീസ്വയംവരത്തിലെ ശ്ലോകങ്ങൾ യമകാലംകൃതങ്ങാളാണെന്നു് ഒരു വിശേഷം കൂടിയുണ്ടു്. ഗാനങ്ങൾ പ്രത്യേകമായി ഘടിപ്പിച്ചിട്ടില്ല.
ഇലത്തൂർ രാമസ്വാമി ശാസ്ത്രികൾ ഹരികഥാകാലക്ഷേപത്തിന്റെ ഉപയോഗത്തിനു മഹാരാഷ്ട്രശൈലിയനുസരിച്ചു പ്രായേണ ആര്യ, പഞ്ചചാമര മുതലായ സംഗീതഗന്ധികളായ വൃത്തങ്ങൾ പ്രയോഗിച്ചു രചിച്ചിട്ടുള്ള കൃതിയാണു് അംബരീഷചരിതം. അംബരീഷചരിതത്തിൽ ഇരുപത്തിരണ്ടു ശ്ലോകങ്ങളേയുള്ളു.
ഇലത്തൂർ രാമസ്വാമി ശാസ്ത്രികൾ ശാസ്ത്രികളുടെ കവനകലാകുശലതയ്ക്കു മൂർദ്ധാഭിഷിക്തോദാഹരണമായി പരിലസിക്കുന്ന ഒരു കൃതിയാണു് തുലാഭാര പ്രബന്ധം. വിശാഖംതിരുനാൾ മഹാരാജാവു് 1060-ൽ നടത്തിയ തുലാപുരുഷദാനമാണു് വിഷയം. നൂറിലധികം ശ്ലോകങ്ങൾ ഈ കൃതിയിൽ അടങ്ങിയിട്ടുണ്ടു്.
ഇലത്തൂർ രാമസ്വാമി ശാസ്ത്രികൾ പേരുകൊണ്ടുതന്നെ ഈ കൃതിയിൽ 72 ശ്ലോകങ്ങൾ അടങ്ങീട്ടുണ്ടെന്നു കാണാവുന്നതാണല്ലോ. ഒരിക്കൽ ആയില്യംതിരുനാൾ മഹാരാജാവിനു് ഒരു ശില്പി ദന്തംകൊണ്ടുണ്ടാക്കിയ ഒരു ത്രാസ് അടിയറവയ്ക്കുകയും ഉടൻ ആ ത്രാസിനെപ്പറ്റി ഒരു ശ്ലോകമുണ്ടാക്കി ചൊല്ലണമെന്നു് അവിടുന്നു് അടുത്തു നിന്നിരുന്ന ശാസ്ത്രികളോടു് ആജ്ഞാപിക്കുകയും ചെയ്തു. ശാസ്ത്രികൾ ത്രാസോടൊപ്പം മഹാരാജാവിനേയും പരാമർശിച്ചുകൊണ്ടു് അന്യോപദേശരൂപത്തിൽ ശ്ലോകം ഉച്ചരിച്ചു. മഹാരാജവു ശ്ലോകം കേട്ടു കുപിതനായില്ല. പ്രത്യുത ആ രീതിയിൽ ഒരു കാവ്യം തന്നെ രചിക്കണമെന്നു കല്പിച്ചു.
ഇലത്തൂർ രാമസ്വാമി ശാസ്ത്രികൾ ഇതു കൊല്ലം 1038-ാംമാണ്ടു തിരുവനന്തപുരം സന്ദർശിച്ച ലോഡു്നേപ്പിയർ എന്ന മദിരാശി ഗവർണ്ണരുടെ ആഗമനത്തേയും ആ അവസരത്തിൽ നടന്ന ആഘോഷങ്ങളേയും സരസമായി വർണ്ണിക്കുന്ന ഒരു കാവ്യമാണു്. ഗൗണപദംകൊണ്ടാണു് കവി ഗവർണ്ണരെ വ്യപദേശിക്കുന്നതു്.
ഇലത്തൂർ രാമസ്വാമി ശാസ്ത്രികൾ വിശാഖംതിരുമേനി 1057-ൽ കാശിക്കെഴുന്നള്ളി തിരിച്ചുവരുന്നതുവരെയുള്ള സംഭവങ്ങളെ കവി ആര്യാവൃത്തത്തിൽ 120 ശ്ലോകങ്ങൾകൊണ്ടു് ഈ കാവ്യത്തിൽ വർണ്ണിക്കുന്നു.
ഇലത്തൂർ രാമസ്വാമി ശാസ്ത്രികൾ സദ്വൃത്തരത്നാവലി സവ്യാഖ്യാനം ആയില്യംതിരുനാൾ മഹാരാജാവിന്റെ ആജ്ഞയനുസരിച്ചു ശാസ്ത്രികൾ രചിച്ചു. 1053-ൽ അതു തിരുവനന്തപുരം സർക്കാരച്ചുക്കൂടത്തിൽനിന്നു കേരളലിപിയിൽ പ്രസിദ്ധീകൃതമായി. ഛന്ദശ്ശാസ്ത്രത്തിൽ അത്ര ബൃഹത്തും വിശ്വതോമുഖവുമായ ഒരു ഗ്രന്ഥം സംസ്കൃതത്തിൽ വേറെയില്ല. അതിനെ ശാസ്ത്രികളുടെ വാങ്മയങ്ങളിൽ ഒന്നാമത്തേതായിത്തന്നെ പരിഗണിക്കാവുന്നതാണു്. ഡാക്ടർ ബർണ്ണൽ പ്രസ്തുതഗ്രന്ഥം വായിച്ചുനോക്കി ഒരു ആധുനികഭാരതീയനാണു് അതിന്റെ പ്രണേതാവെന്നു പറഞ്ഞാൽ ആരും വിശ്വസിക്കയില്ലന്നു പോലും അഭിപ്രായപ്പെടുകയുണ്ടായി. ഉപക്രമത്തിൽ ആയില്യം തിരുമേനിയെ പ്രശംസിക്കുന്ന മൂന്നു ശ്ലോകങ്ങളുണ്ടു്.
ഇലത്തൂർ രാമസ്വാമി ശാസ്ത്രികൾ ഇതു് ഒരു അലങ്കാരഗ്രന്ഥമാണു്. ചന്ദ്രാ ലോകത്തിന്റേയും മറ്റും രീതിയിൽ പൂർവ്വാർദ്ധം ലക്ഷണവും ഉത്തരാർദ്ധം ലക്ഷ്യവുമായി വസന്തതിലകവൃത്തത്തിലുള്ള ശ്ലോകങ്ങൾകൊണ്ടു് എല്ലാ അർത്ഥാലങ്കാരങ്ങളേയും ശാസ്ത്രികൾ ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചുകാണുന്നു. ലക്ഷ്യവിഷയം രാമ സമനായ ആയില്യംതിരുനാൾ രാമവർമ്മമഹാരാജാവുതന്നെ. ശ്ലോകങ്ങൾ ഏറ്റവും ലളിതങ്ങളാണു്.
ഇലത്തൂർ രാമസ്വാമി ശാസ്ത്രികൾ ഇതു് ഇംഗ്ലീഷിലെ ‘ജോമെട്രി’യുടെ രീതിയനുസരിച്ചു ശാസ്ത്രികൾ രചിച്ച ഒരു ക്ഷേത്ര വ്യവഹാരഗ്രന്ഥമാകുന്നു. ഇതിൽനിന്നു് അദ്ദേഹത്തിനു വാർദ്ധക്യത്തിൽ ഇംഗ്ലീഷിലും പ്രായോഗികമായ ജ്ഞാനമുണ്ടായിരുന്നു എന്നു തെളിയുന്നു. ഹാറ്റൺക്ഷേത്രഗണിതം (Hatton’s Geometry) എന്ന പുസ്തകമാണു് അദ്ദേഹം പ്രായേണ ഉപജീവിച്ചിരിക്കുന്നതു്. യൂക്ലിഡ്ഡിന്റെ ഗ്രന്ഥത്തിലെ എല്ലാ പ്രമേയങ്ങളും സ്വീകരിച്ചിട്ടില്ല; അതിലില്ലാത്ത ചിലതെല്ലാം കൂട്ടിച്ചേർത്തിട്ടുമുണ്ടു്.
ദേവീഭാഗവതം എട്ടു സ്കന്ധങ്ങളോളം ശങ്കരനാഥജ്യോത്സ്യർ ഭാഷയിൽ കിളിപ്പാട്ടായി രചിച്ചു എന്നും അവയിൽ ആദ്യത്തെ രണ്ടു സ്കന്ധങ്ങൾ മാത്രമേ നഷ്ടശിഷ്ടമായി ലഭിച്ചുള്ളു എന്നും തൃതീയസ്കന്ധവും ഒൻപതും പത്തും സ്കന്ധങ്ങളും മാത്രം ശങ്കരപ്പിള്ള തർജ്ജമചെയ്തു എന്നും മുൻപു നിർദ്ദേശിച്ചിട്ടുണ്ടു്. അതിലും മൂന്നാംസ്കന്ധവും ദശമസ്കന്ധത്തിലെ വിന്ധ്യമർദ്ദനം, മനുവൃത്തം എന്നീ രണ്ടുപാഖ്യാനങ്ങളും മാത്രമേ ഇപ്പോൾ കാണുന്നുള്ളു. തൃതീയസ്കന്ധം കേകയിലും ദശമസ്കന്ധം അന്നനടയിലുമാണു് രചിച്ചിരിക്കുന്നതു്. ദേവ്യുപാസകനായ ശങ്കരപ്പിള്ള പ്രസ്തുത പുരാണം വിവർത്തനം ചെയ്യുന്നതിനു വിശിഷ്യ അർഹനായിരുന്നു. ഭാഷാകവിസമ്രാട്ടെന്ന ബിരുദം കേരളവർമ്മ വലിയകോയിത്തമ്പുരാനും സമ്മാനിച്ചു.
ആറ്റുകാൽ ശങ്കരപ്പിള്ള ഇതു് ഒരു മണീപ്രവാളകൃതിയാണു്. ഇതിനെ പൂർവ്വഭാഗമെന്നും ഉത്തരഭാഗമെന്നും രണ്ടായി പിരിച്ചു് ഓരോന്നിലും നന്നാലു് ആശ്വാസങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. വിശാഖം തിരുനാൾ മഹാരാജാവിന്റെ കാശിയാത്രയും മറ്റുമാണു് പ്രതിപാദ്യം. അതോടുകൂടി പ്രസക്താനുപ്രസക്തമായി രാമായനാസാരസംഗ്രഹവും നിബന്ധിച്ചിട്ടുണ്ടു്. കവിതയ്ക്കു ഗുണം പോരാ. ഭാഷാവൃത്തങ്ങളിലെന്നപോലെ സംസ്കൃതവൃത്തങ്ങളിൽ കവനം ചെയ്യുന്നതിനുള്ള പാടവം കവിക്കു് ഉണ്ടായിരുന്നില്ലെന്നു് അനുമാനിക്കേണ്ടിയിരിക്കുന്നു.
എഴുവത്തു നാണുക്കുട്ടിമേനോൻ ഈ ഗ്രന്ഥത്തിന്റെ ഒന്നാംഭാഗത്തിൽ ഭാഗവതം പ്രഥമാദിനവമസ്കന്ധപര്യന്തവും രണ്ടാംഭാഗത്തിൽ ദശമസ്കന്ധവും കവി സംഗ്രഹിക്കുന്നു. മൂന്നാം ഭാഗത്തിന്റെ ആമുഖം എന്ന നിലയിലേ അവയെ ഗണിക്കേണ്ടതുള്ളു. ആ ഭാഗത്തിൽ ഗഹനമായ ഏകാദശസ്കന്ധം ശ്രീധരീയവ്യാഖ്യാനത്തോടുകൂടി പൂർവ്വപക്ഷസിദ്ധാന്തങ്ങൾ വിവരിച്ചു തർജ്ജമചെയ്തിരിക്കുന്നു. നാലാംഭാഗത്തിൽ ദ്വാദശസ്കന്ധവും വിസ്തരിച്ചുതന്നെ വിവർത്തനം ചെയ്തുകാണുന്നു. കവിതയ്ക്കു മാധുര്യാദി ഗുണങ്ങൾ വളരെ കുറയും. എങ്കിലും കവിക്കു് അർത്ഥനിഷ്കർഷ ധാരാളമായുണ്ടു്.
മടവൂർ കാളുആശാൻ ഈ കൃതിയാണു് കാളുആശാന്റെ വാങ്മയങ്ങളിൽ ഏറ്റവും സരസമായി എനിക്കു തോന്നീട്ടുള്ളതു്. ഇതും മുഴുവൻ കിട്ടീട്ടില്ല. തന്റെ ഗുരുനാഥനായ നീലകണ്ഠപ്പിള്ള ഒരവസരത്തിൽ തിരുവല്ലാ നെടുമ്പുറത്തു കൊട്ടാരത്തിൽ തമ്പുരാനുമായുള്ള ഏതോ ഒരു വാദത്തിൽ തോറ്റു എന്നു ദുഷ്പ്രവാദം പരത്തിയ ‘കൂനൻ നമ്പിയാർ’ എന്നൊരു കലഹപ്രിയനെ പരിഹസിയ്ക്കുന്നതിലേയ്ക്കായി കവി രചിച്ചതാണു് പ്രസ്തുതചമ്പു. അത്തരത്തിലുള്ള വാദ കോലാഹലങ്ങളിൽ കാളു ആശാൻ പലപ്പോഴും ഏർപ്പെട്ടിരുന്നു.
പേട്ടയിൽ രാമൻപിള്ള ആശാൻ ഹരിശ്ചന്ദ്രചരിതം നാലു ദിവസത്തെ ആട്ടക്കഥതന്നെയാണു് ആശാന്റെ കൃതികളിൽ പ്രഥമ ഗണനീയമായി കരുതേണ്ടതു്. അതു് 1044-ാമാണ്ടാണു് രചിക്കുവാൻ ആരംഭിച്ചതെങ്കിലും 1055-നു മേലേ പൂർത്തിയായുള്ളു. 1062-ലാണു് അച്ചടിപ്പിച്ചതു്. ഒരു കാലത്തു് ആ കഥയ്ക്കു മലബാറിൽപോലും നല്ല പ്രചാരമുണ്ടായിരുന്നു. ശ്ലോകങ്ങളെല്ലാം മലയാളത്തിലാണു് കവി നിർമ്മിച്ചിരിക്കുന്നതു്; അവയ്ക്കു ഗുണം പോരാ. എന്നാൽ പദങ്ങളുടെ നില അതല്ല. അവയിൽ പലതും പാടികേൾക്കുവാൻ കൊള്ളാവുന്നതാണു്. ആശാന്റെ പ്രസ്തുത കൃതിക്കുള്ള മേന്മയും അതിലല്ലാതെ അഭിനയാർഹതയിലല്ല അധിഷ്ഠിതമായിരിക്കുന്നതെന്നു് അഭിജ്ഞന്മാർ പറഞ്ഞുകേട്ടിട്ടുണ്ടു്.
പേട്ടയിൽ രാമൻപിള്ള ആശാൻ സദ്യയുണ്ണുന്നവർക്കു ആ അവസരത്തിൽ കേട്ടു രസിക്കുന്നതിനു തദ്വിഷയകമായി ആശാൻ 1075-ൽ രചിച്ച ഒരു പ്രബന്ധമാണു് ക്ഷുദോദനവിജയം. ഇതിൽ ആകെ 17 രംഗങ്ങളുണ്ടു്. ഓദനൻ എന്ന രാജാവു നവനീതാങ്ഗനയെന്നും സൂപാങ്ഗനയെന്നും പേരുള്ള രണ്ടു പത്നിമാരോടും ദധിമുനിയെന്ന കുലഗുരുവിനോടും പഞ്ചപ്രഥമന്മാരെന്ന അഞ്ചു സഹോദരന്മാരോടും കാളൻ എന്ന പ്രധാനമന്ത്രിയോടും ഓലൻ എന്ന ഉപമന്ത്രിയോടും സിതഗുളപക്വാദി സൈന്യങ്ങളോടുംകൂടി ഉദരരാജ്യപരിപാലനംചെയ്തു് ഓദനപുരം എന്ന രാജധാനിയിൽ വസിക്കുന്നു. അപ്പോൾ തൃഷ്ണയെന്ന ഭാര്യ, ക്രോധമെന്ന മന്ത്രി, രുചിയെന്ന സാരഥി, കാമാദിമനോവൃത്തികളാകുന്ന ഭടന്മാർ ഇവരോടുകൂടി രസാതലത്തിൽ താമസിക്കുന്ന ക്ഷുത്തെന്ന അസുരന്റെ സഹോദരിയായ ബുഭുക്ഷ ഭൂലോകത്തു വരികയും തേജോമയനായ ഓദനരാജാവിനെ രംഭാപത്രപ്രദേശത്തുവെച്ചു കണ്ടു കാമിക്കുകയും ഒരു ലളിതയുടെ വേഷത്തിൽ തന്നെ പരിഗ്രഹിക്കണമെന്നു് അർത്ഥിക്കുകയും ചെയ്യുന്നു. ഓദനനും അദ്ദേഹത്തിന്റെ സഹോദരന്മാരും ആ അഭ്യർത്ഥന നിരസിച്ചതുകൊണ്ടു കുപിതയായി അവൾ പാൽപ്രഥമനെ ബലാൽക്കാരേണ ചുംബിക്കുകയും പാൽപ്രഥമൻ അവളുടെ നാസാധരങ്ങൾ ഛേദിക്കയും ചെയ്യുന്നു. അതറിഞ്ഞു ക്ഷുത്തു യുദ്ധസന്നദ്ധനായി എത്തുകയും മന്ത്രിയായ കാളനെ തോല്പിക്കുകയും ഉപമന്ത്രിയായ ഓലനെ ഓടിക്കുകയും ചെയ്യുന്നു. തദനന്തരം ദധിമുനിയുടെ പത്നിയായ സിതാങ്ഗിയെ സിതയെന്നു ഭ്രമിച്ചു് ക്ഷുത്തു് ഒന്നു ചുംബിക്കുകയും രുചിയാൽ നിവാരിതനായി അവൻ നീങ്ങി നില്ക്കവേ സിതാങ്ഗി ഭർത്താവിനോടു് അവനെ ശാപംകൊണ്ടു സംഹരിക്കണമെന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു. അതിനിടയ്ക്കു ഓദനനിൽ നിന്നു വിവരം ഗ്രഹിച്ചു പഞ്ചപ്രഥമന്മാർ യുദ്ധം തുടരുന്നു എങ്കിലും ശണ്ഠ ആർക്കും നല്ലതല്ലെന്നു് അറിവുള്ള ദധിമുനി അവിടെയെത്തി ഇരുകക്ഷികളെയും സമാധാനപ്പെടുത്തി അന്യോന്യം താംബുലദാനം ചെയ്യുവാൻ ആജ്ഞാപിക്കുന്നു. അങ്ങനെ ശത്രുക്കളെ ബന്ധുക്കളാക്കിയാണു് ആശാൻ കഥ സമാപിക്കുന്നതു്. ഈ അപൂർവ്വമായ ഇതിവൃത്തഘടനയിൽ ആശാന്റെ മനോധർമ്മപ്രസരം പ്രത്യേകം അഭിനന്ദനീയമായിരിക്കുന്നു.
പേട്ടയിൽ രാമൻപിള്ള ആശാൻ 1085-ൽ രചിച്ചു് 1091-ൽ പ്രസിദ്ധീകരിച്ച ഹിതപ്രദാനമാണു് ആശാന്റെ കിളിപ്പാട്ടുകളിൽ വച്ചു് ഉത്തമമായി എനിക്കു തോന്നീട്ടുള്ളതു്. നാരദമഹർഷിയെ മഹാവിഷ്ണു വാനരമുഖനാക്കി അദ്ദേഹത്തിന്റെ അഹങ്കാരം ശമിപ്പിക്കുന്നതാണു് ഇതിലെ ഇതിവൃത്തം. അനവധി സദാചാരതത്വങ്ങൾ കവി ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടു്. കവിത നാലു ഖണ്ഡങ്ങളായി വിഭജിച്ചിരിക്കുന്നു.
കുട്ടിക്കുഞ്ഞുതങ്കച്ചി ഈ നാടകം 1065-ാമാണ്ടിടയ്ക്കു പ്രസിദ്ധീകരിക്കപ്പെട്ടു. ഇതിൽ തങ്കച്ചി തന്റെ അച്ഛൻ കീചകവധം, ഉത്തരാസ്വയംവരം എന്നീ ആട്ടക്കഥകൾക്കു തിരഞ്ഞെടുത്ത ഇതിവൃത്തത്തെ സ്വീകരിച്ചു കുറേ ശ്ലോകങ്ങളും വാക്യങ്ങളും എഴുതിച്ചേർത്തിട്ടുണ്ടു്. അവയിൽ ചില ശ്ലോകങ്ങൾ നന്നായിട്ടുമുണ്ടു്.അതിൽക്കൂടുതലായി ഒന്നും ഇതിനെപ്പറ്റി പറയേണ്ടതുണ്ടെന്നു തോന്നുന്നില്ല. പക്ഷേ, മലയാളത്തിൽ അക്കാലത്തു പല സ്വതന്ത്രനാടകങ്ങളിൽ നൂറ്റിനു തൊണ്ണൂറ്റൊൻപതിന്റേയും നില അതിൽനിന്നു വിഭിന്നമല്ലായിരുന്നു എന്നു നാം ഓർമ്മിക്കേണ്ടതുണ്ടു്.
കേരളവർമ്മൻ തിരുമുല്പാടു് പാച്ചുമൂത്തതിന്റെ കേരളവിശേഷനിയമവിവരം എന്ന പുസ്തകത്തിൽ കേരളത്തിലെ ക്ഷത്രിയസ്ത്രീകൾക്കു് അപകർഷമുണ്ടാക്കുന്നതായി തോന്നിയ ചില പ്രസ്താവനകൾ കണ്ടു ക്ഷുബ്ധനായി തിരുമുല്പാടു് ആ പ്രസ്താവനകളെ എതിർക്കുകയും അതേതരത്തിലുള്ള അപവാദം ശിവദ്വിജജാതിക്കു മുമ്പുണ്ടെന്നു സമർത്ഥിക്കുവാൻ ഒരുമ്പെടുകയും ചെയ്തു. അതിന്റെ ഫലമാണു് കേരളാചാരക്രമം. മൂത്തതന്മാർ മരുമക്കത്തായക്കാരാണെന്നുപോലും അതിൽ സത്യവിരുദ്ധമായി അദ്ദേഹം പ്രസ്താവിച്ചു. രണ്ടു ഗ്രന്ഥകാരന്മാരും ആയില്യംതിരുമേനിയുടെ ആശ്രിതന്മാരായിരുന്നതിനാൽ കേരളാവകാശക്രമത്തിൽ ചില ഖണ്ഡികകൾ തള്ളി ആ പുസ്തകം വീണ്ടും പ്രസിദ്ധീകരിക്കുന്നതിൽ വിരോധമില്ലെന്നു് അവിടുന്നു് ഒരു മദ്ധ്യസ്ഥവിധി കല്പിച്ചു. അതിൽ തൃപ്തനാകാതെ പാച്ചുമൂത്തതു് കോടതിയിൽ ഒരപകീർത്തിക്കേസ്സു് കൊടുക്കുകയും സദർകോർട്ടു് ജഡ്ജിമാർ തിരുമനസ്സിലെ അഭിപ്രായം അംഗീകരിയ്ക്കുകയും ചെയ്തു. പ്രസ്തുത പുസ്തകത്തിൽ എട്ടധ്യായങ്ങൾ അടങ്ങിയിരിക്കുന്നു. 2-ാമധ്യായം കേരളത്തിലെ ജാതിവിഭാഗങ്ങൾ, 3-ാമധ്യായം ക്ഷേത്രവും ഊരാണ്മയും, 4-ാമധ്യായം വിവാഹം, 5-ാമധ്യായം ദായക്രമം, 6-ാമധ്യായം ഭാഗം, 7-ാമധ്യായം ഗൃഹഭരണം, 8-ാമധ്യായം ദത്തു് ഈ വിഷയങ്ങളെ പരാമർശിക്കുന്നു. പൊതുവിൽ പൂർവ്വാചാരങ്ങളെപ്പറ്റി പലതും ഈ ഗ്രന്ഥത്തിൽ നിന്നു ഗ്രഹിക്കാം.
കേരളവർമ്മൻ തിരുമുല്പാടു് നാരായണീയത്തിലെ ഓരോ ശ്ലോകത്തിനും പദവും വിഭക്തിയും, അന്വയം, അന്വയാർത്ഥം, പരിഭാഷ, ഭാവം ഇവയെല്ലാം ഒരു പരിണതപ്രജ്ഞനായ പണ്ഡിതന്റെ നിലയിൽ വ്യാഖ്യാതാവു് വിശദീകരിച്ചിട്ടുണ്ടു്. തിരുമുല്പാടിന്റെ യശസ്സു നിലനില്ക്കുന്നതു നാരായണീയത്തിനു അദ്ദേഹം രചിച്ച വിപുലവും വിശിഷ്ടവുമായ വ്യാഖ്യാനംകൊണ്ടാകുന്നു. അതു പ്രസിദ്ധീകരിച്ചതു് 1054-ലാണു്.
നരിക്കുനി ഉണ്ണീരിക്കുട്ടിവൈദ്യൻ ഉണ്ണീരിക്കുട്ടിവൈദ്യരുടെ കൃതികളിൽ പ്രഥമഗണനീയമായി കരുതേണ്ടതു ഹരിശ്ചന്ദ്രചരിതം മണിപ്രവാളമാണു്. പത്തു സർഗ്ഗങ്ങളിൽ 1002 ശ്ലോകങ്ങൾ അതിൽ കവി ഉൾക്കൊള്ളിച്ചിട്ടുണ്ടു്. കുഞ്ചൻനമ്പിയാരുടെ ശ്രീകൃഷ്ണചരിതത്തെ അനുകരിച്ചു രചിച്ചിട്ടുള്ളതാണു് മാടായി മന്ദന്റെ എന്നപോലെ വൈദ്യരുടേയും കാവ്യം. മന്ദന്റെതായിരുന്നു വൈദ്യരുടെ കാവ്യത്തെക്കാൾ മുൻപു ആവിർഭവിച്ചതു്. കൃഷ്ണൻഗുരുക്കളുടെ രുക്മിണീ പരിണയവും രാമായണവും ഇവയെപ്പോലുള്ള കൃതികൾതന്നെയാണെന്നു തോന്നുന്നു.
നല്ലേപ്പള്ളി സുബ്രഹ്മണ്യശാസ്ത്രി പ്രസ്തുത നാടകം അക്കാലത്തു ചിറ്റൂരിൽ താലൂക്കുഹെഡ്രായസമായിരുന്ന വിനായകംപിള്ള എന്നൊരു ദ്രാവിഡപണ്ഡിതന്റെ അപേക്ഷയനുസരിച്ചു രചിച്ചതാണു്. അതിന്റെ തോടയത്തിൽ “ജയ സിദ്ധിവിനായക” എന്നൊരു പദം വിനായകംപിള്ളയേയും കൂടി ലക്ഷീകരിച്ചു കവി പ്രയോഗിച്ചിട്ടുണ്ടു്. മീനാക്ഷീനാടകത്തിൽ പുരുഷവേഷങ്ങൾ രംഗപ്രവേശം ചെയ്യുമ്പോൾ കഥകളിരീതിയിൽ ചെണ്ടയും സ്ത്രീവേഷങ്ങൾ അരങ്ങത്തു വരുമ്പോൾ മോഹിനിയാട്ടത്തിന്റെ സമ്പ്രദായത്തിൽ മൃദംഗാദിവാദ്യങ്ങളുമാണുപയോഗിക്കുന്നതു്. പുരുഷന്മാരുടെ വേഷവിധാനം കഥകളിയുടെ മാതിരിയിലും സ്ത്രീകളുടേതു മോഹിനിയാട്ടത്തിന്റെ മട്ടിലും നിർവഹിക്കുന്നു. ഈ രണ്ടു കേരളീയ ദൃശ്യകലകളുടേയും മനോമോഹനമായ സമ്മേളനമാണു് പ്രസ്തുത നാടകത്തിൽ നാം കാണുന്നതെന്നു ചുരുക്കത്തിൽ പറയാം. ഈ ചിട്ടകളെല്ലാം ഏർപ്പെടുത്തിയതു് ശാസ്ത്രിതന്നെയാണു്. മീനാക്ഷീനാടകത്തിനു് അതുണ്ടാക്കിയ കാലത്തു മധ്യകേരളത്തിൽ ധാരാളം പ്രചാരം സിദ്ധിച്ചു. ഗ്രന്ഥകാരനു് അതു് ഒരു നല്ല സമ്പാദ്യത്തിനു മാർഗ്ഗവുമായി.
പൂന്തോട്ടത്തു് അച്ഛൻമ്പൂരി അംബരീഷ ചരിതം ഓട്ടൻതുള്ളൽ ഒരു പൂന്തോട്ടംനമ്പൂരിയുടെ കൃതിയാണെന്നുള്ളതിനു സംശയമില്ല. അച്ഛന്റെയോ മകന്റെയോ എന്നു മാത്രമേ ഉള്ളു തർക്കം. എന്തെന്നാൽ ആ ഇല്ലത്തെ ഒരേട്ടിൽ ആ കൃതിയുടെ അവസാനത്തിൽ “പുഷ്പോദ്യാനമഹീസുരേണ കൃതമാം നാട്യപ്രബന്ധങ്ങളെ” 1068 ഗ്രീഷ്മർത്തുവിൽ ‘ക്ഷിപ്രാശേഷ’ഗൃഹത്തിലെ ഒരു നമ്പൂരി പകർത്തിയെഴുതിയതായി രേഖപ്പെടുത്തിയിരിക്കുന്നു. അംബരീഷചരിതം അച്ഛന്റെ കൃതിയെന്നുള്ള ഐതിഹ്യം തിരസ്കരിക്കേണ്ട ആവശ്യമില്ലെന്നാണു് എന്റെ പക്ഷം. കാലകേയവധവുമായി തട്ടിച്ചുനോക്കുമ്പോൾ അതിനു മേന്മ പോരെന്നു സമ്മതിക്കാം;
പൂന്തോട്ടത്തു് അച്ഛൻമ്പൂരി കാലകേയവധം ശീതങ്കൻതുള്ളലിൽ ഭൂരിഭാഗവും പൂന്തോട്ടത്തിന്റെ കൃതിയാണെങ്കിലും വേറേ രണ്ടു കവികളുടെ കൈപ്പെരുമാറ്റംകൂടി അതിൽ കടന്നുകൂടീട്ടുണ്ടു്. “മന്ദാരവൃക്ഷങ്ങൾ നില്ക്കുന്ന കണ്ടു–മധുരതരമവയുടയവിഭവമതു കണ്ടു” എന്നു തുടങ്ങി “ഉദ്യാനലക്ഷ്മീവിലാസങ്ങളിങ്ങനെ” എന്നതുവരെയുള്ള സ്വർഗ്ഗവർണ്ണനഭാഗം, തദ്വിഷയകമായ ചിത്രണം എങ്ങനെ നിർവഹിക്കണമെന്നു നമ്പൂരി ചോദിച്ചപ്പോൾ വിദ്വാൻ ഇളയതമ്പുരാൻ എഴുതിക്കൊടുത്തതാണു്. തമ്പുരാൻ തീപ്പെട്ട 1026-ാമാണ്ടിനു മുൻപാണു് പ്രസ്തുത കാവ്യത്തിന്റെ രചന എന്നു് ഇതിൽ നിന്നു് അനുമാനിക്കാം. കാലകേയന്റെ മോഹനാസ്ത്രം ഏറ്റു് അർജ്ജുനൻ ഭൂമിയിൽ വീണവിവരം “മൂർത്തിത്രയോത്തമൻ മൃത്യുഞ്ജയൻ മൃഡൻ കൃത്തിവാസാവായ ദേവൻ മഹേശ്വരൻ” ഗ്രഹിച്ചു എന്ന ഭാഗം വരെയേ നമ്പൂരി എഴുതിയുള്ളു. കഥയ്ക്കു പൂർത്തിവരുത്തുന്നതിനുവേണ്ടി ബാക്കിയുള്ള ഈരടികൾ കൊച്ചി ഹജൂർ രജിസ്ത്രരായിരുന്ന തൃശ്ശൂർ തെക്കേക്കുറുപ്പത്തു (രാമഞ്ചിറമഠത്തിൽ) കൊച്ചുണ്ണി മേനോൻ രചിച്ചു ചേർത്തതാണു്. അദ്ദേഹത്തെപ്പറ്റിയാണു് വെണ്മണിമഹൻ “കുറുപ്പത്തു കൊച്ചുണ്ണിമേനോൻ–രാജിക്കാൻനന്നു കച്ചേരിയിലഥ കവനം പാർക്കുകിൽകൊങ്ങിണിപ്പൂരാജിക്കാണൊട്ടു ചേരുന്നതു മഹിമയവന്നില്ല പൂവിന്നുമില്ല” എന്നു കവിപുഷ്പമാലയെക്കുറിച്ചു കാത്തുള്ളിൽ അച്യുതമേനോനു് എഴുതിയ കത്തിൽ പ്രസ്താവിച്ചിട്ടുള്ളതു്. കാലകേയവധം ദീർഘവും മനോഹരവുമായ ഒരു തുള്ളലാണെന്നുള്ളതിൽ പക്ഷാന്തരമില്ല. അർജ്ജുനനെ ഒരു നോക്കു കണ്ടുകൊണ്ടു പോകാൻ തിക്കിത്തിരക്കിവരുന്ന സ്വർവേശ്യമാരുടെ പരിഭ്രമം വർണ്ണിച്ചിരിക്കുന്ന ഘട്ടം അത്യന്തം രമണീയമായിരിക്കുന്നു.
പൂന്തോട്ടത്തു് അച്ഛൻമ്പൂരി ആടിക്കാണാനും പാടിക്കേൾക്കാനും കൊള്ളാവുന്ന ഒരു കഥയാണു് സ്യമന്തകം. മൃഗയാലോലനായ പ്രസേനനെ കാമിക്കുന്ന വക്രദന്തി എന്നൊരു രാക്ഷസിയെയും അവളുടെ മൂക്കും മുലയും അരിഞ്ഞുവിടുന്ന അവസരത്തിൽ അവളുടെ സഹോദരനായ ഇന്ദുമാലി എന്ന രാക്ഷസനെയും കവി പ്രവേശിപ്പിച്ചു രൗദ്രരസത്തിനു പഴുതു നല്കുന്നു. ശ്ലോകങ്ങൾ പദങ്ങൾ പോലെ നന്നായിട്ടില്ല.
വെണ്മണി മഹൻനമ്പൂരിപ്പാടു് പൂരപ്രബന്ധം 1048-ലാണു് ആരംഭിച്ചതെങ്കിലും 1000 ശ്ലോകങ്ങൾ അതിൽ അടക്കണമെന്നു കവിക്കു മോഹമുണ്ടായിരുന്നതുകൊണ്ടു സമയം കിട്ടുമ്പോളെല്ലാം അതിൽ അവിടവിടെയായി അതുമിതും പിന്നീടും എഴുതിച്ചേർത്തുകൊണ്ടിരുന്നു. കൊച്ചിക്കോവിലകത്തു് ഇക്കാവമ്മത്തമ്പുരാന്റെ നിർദ്ദേശമനുസരിച്ചു് ആ കൊല്ലത്തിൽ നടന്ന തൃശ്ശൂർപ്പൂരത്തെ വിഷയീകരിച്ചു രചിച്ചിട്ടുള്ളതാണു് പ്രസ്തുതകൃതി. മഹൻ തന്റെ സുഹൃത്തുക്കളായ ചില നമ്പൂരിമാരുമൊന്നിച്ചു് എറണാകുളത്തുനിന്നു വഞ്ചിവഴി പൂരത്തിനു പുറപ്പെട്ടു് ഇടയ്ക്ക് ഇളംകുന്നപ്പുഴ, ഞാറയ്ക്കൽ എന്നീ സ്ഥലങ്ങളിലും മറ്റും വിശ്രമിച്ചു തൃശ്ശൂരിൽ എത്തുന്നതായാണു് സങ്കല്പം, എങ്കിലും വാസ്തവത്തിൽ അദ്ദേഹം ആ കൊല്ലത്തിൽ പൂരത്തിനു പോവുകയേ ഉണ്ടായില്
വെണ്മണി മഹൻനമ്പൂരിപ്പാടു് വേശ്യകൾക്കു് അവരുടെ മുത്തശ്ശിമാർ ആ വൃത്തിയെപ്പറ്റി നല്കുന്ന ഉപദേശത്തെ വിഷയീകരിച്ചു് ഒരു കാവ്യം നിർമ്മിക്കുക എന്നതു വൈശികതന്ത്രത്തിന്റെ കാലംമുതല്ക്കുതന്നെ ഭാഷയിൽ അനുവർത്തിച്ചുകാണുന്ന ഒരു സാഹിത്യപരിപാടിയാണു്. വെണ്മണിപ്രസ്ഥാനത്തിന്റെ ഉദയത്തിൽ ചില കവിതകൾ അംബോപദേശം എന്ന പേരിൽ ആ വ്യവസായത്തെ പുനരുദ്ധരിച്ചു. വെണ്മണി മഹൻ മാത്രമല്ല, കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാനും, നടുവത്തു് അച്ഛൻ നമ്പൂരിയും, ഒറവങ്കര നീലകണ്ഠൻനമ്പൂരിയും കൂടി ഓരോ അംബോപദേശം എഴുതീട്ടുണ്ടു്. വസന്തതിലകം വൃത്തമാണു് അവർ ആ കൃതികൾക്കു സ്വീകരിച്ചുവന്നതു്. ഏതു ഭാവവും സ്ഫുരിപ്പിക്കുവാൻ ആ വൃത്തത്തിലുള്ള കവനത്തിനു സൌകര്യമുണ്ടല്ലോ. ഓരോ ശ്ലോകത്തിന്റെയും ഉത്തരാർദ്ധത്തിൽ ദൃഷ്ടാന്താദ്യലങ്കാരങ്ങളെക്കൊണ്ടു പൂർവാർദ്ധത്തിലെ ഉപദേശം സാധൂകരിക്കയാണ് അത്തരത്തിലുള്ള കാവ്യങ്ങളിലെ രീതി.
വെണ്മണി മഹൻനമ്പൂരിപ്പാടു് ഭൂതിഭൂഷചരിതത്തിൽ ആകെ 428 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. എങ്കിലും അവയിൽ ആദ്യത്തെ 119 ശ്ലോകങ്ങൾ കേവലം പ്രസ്താവനയിൽപ്പെട്ടതാണു്. മറ്റൂർ നമ്പൂരി തന്റെ ഭാര്യയുമായി ഒരു ദിവസം അവളുടെ വീട്ടിൽ “മേളിച്ചുമേവുന്ന” അവസരത്തിൽ മാനങ്ങോട്ടു് മഹൻനമ്പൂരി അവിടെ ചെന്നുചേരുന്നു. അപ്പോൾ മറ്റൂർ ആഗതനോടു ഫലിതം തുളുമ്പുന്ന ഒരു കഥ പറയണമെന്നു് അപേക്ഷിക്കുകയും അദ്ദേഹം സരളാപുരം എന്ന സ്ഥലത്തു് ഒരു രാത്രിയിൽ താൻ കിടന്ന വീട്ടിൽ ഭർത്താവു ഭാര്യയെ കേൾപ്പിച്ച കഥ ആഖ്യാനം ചെയ്യുകയും ചെയ്യുന്നു. അഴകാപുരം അഥവാ ലക്ഷ്മീവിലാസം എന്നൊരു പട്ടണം; അവിടെ അഴകേശ്വരൻ എന്നൊരു രാജാവു്; ചന്ദ്രഖേടനെന്നു് അദ്ദേഹത്തിന്റെയും ഉൽപലമാലയെന്നു് പട്ടമഹിഷിയുടെയും പേർ; മന്ത്രി മാണിഭദ്രൻ; ഉൽക്കൃഷ്ടരീതിയിലുള്ള രാജ്യഭാരം; സന്താനലാഭത്തിനുവേണ്ടി രാജാവും മന്ത്രിയും ശിവനെ ഭജിയ്ക്കുന്നു; ഭൂതിഭൂഷനെന്നു രാജാവിനും കല്യാണഗുപ്തനെന്നു മന്ത്രിക്കും ഓരോ പുത്രന്മാർ ജനിക്കുന്നു. അവരുടെ വിദ്യാഭ്യാസം, നായാട്ടു്, അവിടെ രത്നാളിക എന്നൊരു നദി, അതിന്റെ മറുവശത്തു് ആനന്ദമങ്ഗലം എന്നൊരു ദേശം, ആ പുഴയുടെ തീരത്തു രാജകുമാരൻ മയന്റെ പുത്രനായ ഉണ്ണിമാൻ എന്നൊരാശാരിയെക്കൊണ്ടു മാളിക തീർപ്പിച്ചു് അവിടെ താമസം തുടങ്ങുന്നു; അവിടെ ഒരു മോതിരം കൈയിൽ കിട്ടിയതു് ഏതൊരു സ്തീരത്നത്തിന്റേതായിരിക്കാമെന്നു് സന്ദേഹിക്കുകയും അവളിൽ അനുരക്തനാകുകയും ചെയ്യുന്നു. ഇത്രയുമാണു് കഥ.
കാത്തുള്ളിൽ അച്യുതമേനോൻ ചില കവികളെ പഴങ്ങളാക്കി വർണ്ണിച്ചു വെണ്മണി അച്ഛനും അമ്പാടി കുഞ്ഞുകൃഷ്ണപൊതുവാളും മറ്റും കൂടി എഴുതിയ “ഉച്ചത്തിൽപ്പറയുന്നു ഞാൻ” എന്ന ഒരു ശ്ലോകം മുൻപു് ഉദ്ധരിച്ചിട്ടുണ്ടല്ലോ. ആ രീതിപിടിച്ചു കുറേ അധികം കവികളെ പുഷ്പങ്ങളോടുപമിച്ചു കാത്തുള്ളിൽ അച്യുതമേനോൻ രചിച്ച ഒരു കൃതിയാണു് കവിപുഷ്പമാല. ഇത്തരത്തിലുള്ള ഗ്രന്ഥങ്ങളിൽ കവിയുടെ രുചിഭേദത്തിന്നു പുറമേ ചിലപ്പോൾ വ്യക്തിഗതമായ പക്ഷപാതമോ വിദ്വേഷമോ കൂടി നിഴലിക്കുന്നതു സ്വാഭാവികമാകുന്നു. ആ വൈകല്യങ്ങളിൽ നിന്നു് അച്യുതമേനോന്നും ഒഴിഞ്ഞുനില്ക്കുവാൻ സാധിച്ചില്ല.
വെണ്മണി മഹൻനമ്പൂരിപ്പാടു് ഭാഷയിൽ കൊച്ചുണ്ണിത്തമ്പുരാന്റെ സോമതിലകം, വെണ്മണിമഹന്റെ കാമതിലകം, ചങ്ങനാശ്ശേരി രവിവർമ്മകോയിത്തമ്പുരാന്റെ മദനമഞ്ജരീ വിലാസം, ഇളയിടത്തു തൈക്കാട്ടു മൂസ്സതിന്റെ ശൃങ്ഗാര മഞ്ജരീമണ്ഡനം, എരുവയിൽ എം. ചക്രപാണിവാരിയരുടെ മാധവീശേഖരം എന്നിങ്ങനെ അഞ്ചു ഭാണങ്ങളേ ആവിർഭവിച്ചിട്ടുള്ളു. സോമതിലകമോ കാമതിലകമോ ആദ്യമുണ്ടായതെന്നു നിശ്ചയമില്ലെങ്കിലും അവ രണ്ടും നിഷ്കർഷിച്ചു വായിച്ചതിൽ സോമതിലകമായിരിക്കണം കാമതിലകത്തിനു മാർഗ്ഗദർശനം ചെയ്തതു് എന്നു് എനിക്കു തോന്നുന്നു. രണ്ടിലും ഗദ്യമെന്നൊന്നു് ഇല്ലെന്നു തന്നെ പറയാം. സോമതിലകത്തിലെ പാത്രങ്ങൾക്കു് എല്ലാം കുഞ്ചിക്കുട്ടി, പാറു തുടങ്ങിയ നാടൻപേരുകളാണു് കൊടുത്തിട്ടുള്ളതു്. ആനന്ദവല്ലി, സംഗീതമഞ്ജരി മുതലായവയാണു് (സംസ്കൃതരീതിയനുസരിച്ചു്) കാമതിലകത്തിൽ സ്വീകരിച്ചിരിക്കുന്ന പേരുകൾ എന്നൊരു വ്യത്യാസമുണ്ടു്. കാമതിലകം മുഴുവനായിട്ടില്ല. രവിവർമ്മ കോയിത്തമ്പുരാന്റെ മദനമഞ്ജരീവിലാസത്തിൽ അല്പമേ കിട്ടീട്ടുള്ളു. അതും അപൂർണ്ണമായിരിക്കുവാനാണ് മാർഗ്ഗം. 1067-ൽ രചിച്ച വാരിയരുടെ മാധവീശേഖരം പൂർത്തിയായിട്ടുണ്ടു്. അതോടുകൂടി ഭാഷാഭാണങ്ങളുടെ ചരിത്രം അവസാനിക്കുന്നു. പത്തു സംവത്സരത്തേക്കു മാത്രമേ ആ പ്രസ്ഥാനത്തിനു് ആയുര്യോഗമുണ്ടായിരുന്നുള്ളു. അസഭ്യചിത്രങ്ങൾ പ്രദർശിപ്പിക്കാതെ കഴിക്കുവാൻ നിർവാഹമില്ലാത്ത താദൃശങ്ങളായ കൃതികൾ മേലും ഉണ്ടാകാത്തതു് അന്നത്തെ വിമർശകന്മാരുടെ പ്രതിഷേധം മൂലമായിരുന്നു. അതു നന്നായിതാനും. സംസ്കൃതത്തിൽ ഭാണനിർമ്മിതിയുടെ കാര്യം ഒന്നു വേറെയാണു്. അതു വ്യവഹാരഭാഷയല്ലാത്തതുകൊണ്ടു് അത്തരത്തിലുള്ള രൂപകങ്ങളുടെ മർമ്മം സാധാരണ ജനങ്ങൾക്കു സുഗ്രഹമല്ല.
കൊച്ചുണ്ണിത്തമ്പുരാൻ ഈ സന്ദേശം കവി കോഴിക്കോട്ടു മാനവേദൻരാജാവിന്റെ അപേക്ഷയനുസരിച്ചു രചിച്ചതാണു്. വിപ്രസന്ദേശത്തിലും പൂർവാചാരാനുരോധന പൂർവാർദ്ധം, ഉത്തരാർദ്ധം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ടു്. മുപ്പത്തിരണ്ടാമത്തെ വയസ്സിൽ തനിക്കു മരണം സംഭവിക്കുമെന്നും ആ വിപത്തിൽ നിന്നു് രക്ഷപ്പെടണമെങ്കിൽ കാശിയിൽ പോയി ഗങ്ഗാസ്നാനം ചെയ്തു വിശ്വനാഥനെ ഭജിക്കണമെന്നും ഒരു ബ്രാഹ്മണനോടു മുപ്പതാമത്തെ വയസ്സിൽ ജ്യോത്സ്യൻ പറയുകയാൽ തന്റെ പ്രേയസി താമസിക്കുന്ന തിരുവനന്തപുരം വിട്ടു് അദ്ദേഹം അങ്ങോട്ടുപോകുന്നു; പതിനെട്ടു മാസം കഴിഞ്ഞു തന്റെ വിരഹതാപം നായികയെ അറിയിക്കുവാൻ മറ്റൊരു ബ്രാഹ്മണനെ ദൂതനാക്കുന്നു; അന്നു വിശാഖം തിരുനാൾ മഹാരാജാവായിരുന്നു തിരുവിതാംകൂർ വാണിരുന്നതു്. തീവണ്ടിയിലാണു് സന്ദേശഹരന്റെ യാത്ര. കാശിയിൽനിന്നു് പുറപ്പെട്ടു് വഴിക്കു പല നഗരങ്ങളും സന്ദർശിച്ചു ചെറുവണ്ണൂരിൽ ഇറങ്ങി, അവിടെ നിന്നു പിന്നെയും തൃശ്ശിവ പേരൂർ, കൊടുങ്ങല്ലൂർ, തൃപ്പൂണിത്തുറ, വൈയ്ക്കം മുതലായ സ്ഥലങ്ങളിൽക്കൂടി തെക്കോട്ടേക്കു പോയി തിരുവനന്തപുരത്തെത്തി പ്രിയതമയെ ആശ്വസിപ്പിക്കണമെന്നാണു് നായകന്റെ പ്രാർത്ഥന;
കൊച്ചുണ്ണിത്തമ്പുരാൻ കൊച്ചുണ്ണിത്തമ്പുരാന്റെ സംസ്കൃതകൃതികളിൽ വെച്ചു് എനിയ്ക്കു് ഏറ്റവും രമണീയമായിത്തോന്നിയിട്ടുള്ളതാണു് ബാണയുദ്ധം ചമ്പു. അതിലെ പദ്യഗദ്യങ്ങൾ എല്ലാംതന്നെ ആപാതമധുരങ്ങളും ആലോചനാമൃതങ്ങളുമാണു്. പ്രസ്തുത കൃതി കവി 1066-ൽ നിർമ്മിച്ചു. മാടമഹീശവംശം എന്നു് ഈ കാവ്യത്തിനു പേർ കൊടുക്കണം എന്നും അതിന്റെ ഒരു ഭാഗമായി മാത്രം ഒൻപതു സർഗ്ഗങ്ങൾ അടങ്ങിയ ഇതിനെ കരുതണമെന്നും കവിക്കു് ഉദ്ദേശ്യമുണ്ടായിരുന്നു. 1087-ലാണു് പ്രസ്തുത കാവ്യത്തിന്റെ രചന. വാഴ്ചയൊഴിഞ്ഞ രാമവർമ്മ വലിയകോയിത്തമ്പുരാന്റെ ജീവിതചരിത്രമാണു് പ്രതിപാദ്യം. അവിടത്തെ ഷഷ്ട്യബ്ദപൂർത്തി വരെയ്ക്കുമുള്ള കഥാഭാഗമേ നിർമ്മിച്ചിട്ടുള്ളൂ.
കൊച്ചുണ്ണിത്തമ്പുരാൻ കൊച്ചുണ്ണിത്തമ്പുരാന്റെ ഭാഷാകാവ്യങ്ങളിൽ കുറേയധികം മെച്ചപ്പെട്ടതാണു് അദ്ദേഹത്തിന്റെ ആദ്യകാലത്തെ കൃതിയായ ഈ ഭാണം. അതിൽ 366 ശ്ലോകങ്ങൾ അടങ്ങീട്ടുണ്ടു്. അതിനു മുൻപു് അദ്ദേഹം ഭദ്രോത്സവം എന്നൊരു നാടകവും മറ്റൊരു ഭാണവും ഒരു ചമ്പുവും ഉണ്ടാക്കീട്ടുള്ളതായി പറയുന്നുണ്ടു്. അവയെപ്പറ്റി ഇപ്പോൾ ആർക്കും യാതൊരറിവുമില്ല
കൊച്ചുണ്ണിത്തമ്പുരാൻ കൊച്ചുണ്ണിത്തമ്പുരാന്റെ കാവ്യങ്ങളിൽ അതിപ്രധാനമെന്നു പറയേണ്ടതു പാണ്ഡവോദയത്തെയാണു്. ആകെ 22 സർഗ്ഗങ്ങൾ ഉൾക്കൊള്ളുന്ന ആ കാവ്യം ലക്ഷ്മീഭായി എന്ന മാസികയിൽ ആദ്യം ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തി. ആ മാസികയുടെ ഓരോ ലക്കവും പുറപ്പെടാനുള്ള സമയമാകുമ്പോൾ അതിന്റെ പ്രവർത്തകന്മാരുടെ ആവശ്യം പോലെ ആ ലക്കത്തിലേയ്ക്കു വേണ്ട ശ്ലോകങ്ങൾ കവി നിർമ്മിച്ചുകൊടുക്കും. അങ്ങനെ 1085-ആ മാണ്ടു മേടം ലക്കത്തിൽ തുടങ്ങി 1088 മീനം ലക്കത്തിൽ പ്രസ്തുത കാവ്യം അവസാനിപ്പിച്ചു. 1087 മീനം 9-ാം തീയതിയാണു് ഗ്രന്ഥം പൂർത്തിയായതെന്നുള്ളതു “സമ്പന്നപാണ്ഡൂദയം” എന്ന കലിവാചകത്തിൽ നിന്നറിയാം. പാണ്ഡവന്മാരുടെ അജ്ഞാതവാസാരംഭം മുതൽ ഉത്തരാസ്വയംവരം വരെയുള്ള വിരാടപർവം കഥയാണു് പ്രതിപാദ്യം. പതിനൊന്നാം സർഗ്ഗത്തിൽ അനേകം ഗഹനങ്ങളായ ചിത്രശ്ലോകത്തിൽ ഘടിപ്പിച്ചിരിക്കുന്നു. ആറാം സർഗ്ഗത്തിൽ അഭൗമമായ പ്രാഗല്ഭ്യത്തോടുകൂടിയാണു് കയ്യാങ്കളി വർണ്ണിച്ചിരിക്കുന്നതു്. ഏഴാം സർഗ്ഗത്തിലെ കീചകന്റെ സൈരന്ധ്രീവർണ്ണനത്തിൽ ഗ്രന്ഥകാരന്റെ കല്പ്നാവൈഭവം തികച്ചും തെളിഞ്ഞിട്ടുണ്ടു്. എല്ലാ രസങ്ങളേയും അവസരോചിതമായി അവിടവിടെ പ്രപഞ്ചനം ചെയ്തിരിക്കുന്നു. പതിനഞ്ചാം സർഗ്ഗത്തിൽ ഗന്ധർവഭീതി നിമിത്തം മാത്സ്യപുരവാസികൾ പെടുന്ന പാടു് ഏറ്റവും മനോമോഹനമാണു്. കുറെക്കൂടി നിഷ്കർഷിച്ചിരുന്നുവെങ്കിൽ പ്രസ്തുതമഹാകാവ്യം അതിന്റെ പ്രണേതാവിനു് ഇന്നത്തേതിലും എത്രയോ അധികം സ്വാദിഷ്ഠമാക്കാമായിരുന്നു. അങ്ങനെ ചെയ്തിട്ടില്ലെങ്കിലും ഉള്ളതുകൊണ്ടു് ഓണമുണ്ണാൻ വേണ്ട വിഭവം അതിൽ നമുക്കു് ആ മഹാനുഭാവൻ സമ്മാനിച്ചിട്ടുണ്ടു്.
കൊച്ചുണ്ണിത്തമ്പുരാൻ ഈ നാലു കാവ്യങ്ങൾക്കു മുൻപാണു് ഇവയിൽനിന്നെല്ലാം പല പ്രകാരത്തിലും വിഭിന്നമായ മലയാം കൊല്ലത്തിന്റെ നിർമ്മിതി. 1082-ാമാണ്ടു ചിങ്ങമാസം മുതൽ അതു രസികരഞ്ജിനി എന്ന മാസികയിൽ പ്രസിദ്ധീകരിച്ചു തുടങ്ങി. കേരളത്തിൽ ഓരോ മാസത്തിലുമുള്ള പ്രകൃതിവിലാസങ്ങൾ മുതലായവയെ വർണ്ണിച്ചു് അതതു മാസത്തിനു് അനുരൂപമായ ഒരു ദേവതാസ്തുതിയോടുകൂടി അവസാനിക്കുന്നതും അങ്ങനെ 12 സർഗ്ഗങ്ങൾ ഉൾക്കൊള്ളുന്നതുമായ പ്രസ്തുത കാവ്യം കൊച്ചുണ്ണിത്തമ്പുരാന്റെ സൂക്ഷ്മനിരീക്ഷണം, വർണ്ണനാചാതുര്യം, കല്പനാവൈഭവം തുടങ്ങിയ വിവിധ സിദ്ധികളുടേയും, വൈദ്യം ജ്യോത്സ്യം, സ്മൃതികൾ, ഇതിഹാസപുരാണങ്ങൾ മുതലായവയിലുള്ള അസാധാരണമായ അവഗാഹത്തിന്റേയും വിസ്മായാവഹമായ നിദർശനമാകുന്നു. സ്വഭാവോക്തിയെ ചിലപ്പോൾ ശ്ലേഷോക്തി പുറംതള്ളുന്നു എന്നും, വെണ്മണിക്കൃതികളിലെന്ന പോലെയുള്ള ദീർഘമായ സ്ത്രീസംബോധനം ചില ശ്ലോകങ്ങൾക്കു മാറ്റു കുറയ്ക്കുന്നു എന്നും ചില വൈകല്യങ്ങളില്ലെന്നില്ല. എന്നാൽ അവ മറ്റുള്ള ഗുണസാമഗ്രിയിൽ മറഞ്ഞുപോകുക തന്നെ ചെയ്യുന്നു.
കൊച്ചുണ്ണിത്തമ്പുരാൻ രുക്മിണീസ്വയംവരം വളരെ ദീർഘവും വൃഥാസ്ഥൂലമെന്നു പോലും പറയാവുന്നതുമായ ഒരു ഭാഷാകാവ്യമാണു്. അതിൽ മൂന്നു ഭാഗങ്ങളുണ്ടു്. ഒന്നാം ഭാഗം കാത്തുള്ളിൽ അച്യുത മേനോനും രണ്ടും മൂന്നും ഭാഗങ്ങൾ കൊച്ചുണ്ണിത്തമ്പുരാനും ഉണ്ടാക്കി. വളരെ വേഗത്തിൽ എഴുതിത്തീർത്ത പ്രസ്തുതകൃതി അവസാനിച്ച ദിവസം “മോദാലത്രഗജാസ്യ” എന്ന കലി വചനം കൊണ്ടു് 1091 ധനു 4-ാം൹യാണെന്നു കാണാം. മധ്യഭാഗത്തിൽ 269-ാം, ഉത്തരഭാഗത്തിൽ 293-ഉം ശ്ലോകങ്ങളുണ്ടു്. മധ്യഭാഗത്തിലെ സദ്യവർണ്ണനവും മറ്റും വിശേഷമായിരിയ്ക്കുന്നു.
കൊച്ചുണ്ണിത്തമ്പുരാൻ ഏറ്റവും മനോഹരമാണു് തമ്പുരാന്റെ സുന്ദരകാണ്ഡം തുള്ളൽ. എട്ടു കളങ്ങൾ അടങ്ങീട്ടുള്ള ഈ കൃതിയിൽ ആദ്യത്തെ രണ്ടും പറയൻ മട്ടിലും മൂന്നു മുതൽ അഞ്ചു വരെ ശീതങ്കൻ മട്ടിലും ബാക്കി മൂന്നു കളങ്ങളും ഓട്ടൻ മട്ടിലും നിബന്ധിച്ചിരിക്കുന്നു. “മാംസളതരദയ” എന്ന കലി വാചകത്തിൽ നിന്നു പ്രസ്തുത കൃതി പൂർത്തിയായതു് 1076 കുംഭം 11-ാം൹ യാണെന്നു വരുന്നു. കവിയുടെ ഗംഗാപ്രവാഹസദൃശമായ വചോധോരണി അതിന്റെ പരമകാഷ്ഠയിൽ കാണണമെന്നുള്ളവർ അതിലെ ആദ്യത്തെ രണ്ടു കളങ്ങൾ വായിക്കണം.
കൊച്ചുണ്ണിത്തമ്പുരാൻ ഭദ്രോൽപത്തി തമ്പുരാന്റെ ആദ്യത്തെ കിളിപ്പാട്ടാണു്. അതിൽ മാത്രമേ കിളിയെക്കൊണ്ടു കഥ പറയിക്കുന്നുള്ളൂ. 1068-ലാണു് അതിന്റെ പ്രസിദ്ധീകരണം. അഞ്ചു പാദമായി ഗ്രന്ഥം വിഭജിക്കപ്പെട്ടിരിക്കുന്നു. ചതുർത്ഥപാദത്തിൽ നിന്നു ചില വരികൾ ഉദ്ധരിക്കാം. കളകാഞ്ചിയാണു് കവിക്കു് ഏറ്റവും സ്വാധീനമായ ഭാഷാവൃത്തം.
കൊച്ചുണ്ണിത്തമ്പുരാൻ ലക്ഷ്മീസ്വയംവരവും നല്ല ഒരു കിളിപ്പാട്ടാണു്. കവിതാഗുണം കൊണ്ടു് അതും ഭദ്രോൽപത്തിയും രണ്ടു കൃതികളും തുല്യങ്ങളാണെങ്കിലും ലക്ഷ്മീസ്വയംവരം പ്രായേണ അർത്ഥാലങ്കാരപ്രധാനമാണെന്നു പറയേണ്ടതുണ്ടു്. നാരായണവരണമെന്ന തൃതീയപാദത്തിലെ പദഘടനാവൈഭവം പ്രത്യേകം പ്രശംസനീയമായിരിക്കുന്നു.
കൊച്ചുണ്ണിത്തമ്പുരാൻ രാമാശ്വമേധമാണു് തമ്പുരാന്റെ കിളിപ്പാട്ടുകളിൽ അത്യന്തം ദീർഘമായിട്ടുള്ളതു്. പാത്മ പുരാണം പാതാളഖണ്ഡത്തിൽ ശേഷവാത്സ്യായനസംവാദരൂപമായിട്ടുള്ള മൂലകഥയുടെ പരാവർത്തനമാണു് പ്രസ്തുതകൃതി. ആകെയുള്ള 68 അധ്യായങ്ങൾ വൃത്തഭേദത്തെ പുരസ്കരിച്ചു് അഞ്ചു ഭാഗങ്ങളായി രചിച്ചിരിക്കുന്നു. 1099 വൃശ്ചികം 15-ാം൹ “ദേവീ രാമാങ്ഗം രാജ്യം” എന്ന കലിയിലാണു് ഗ്രന്ഥം പൂർത്തിയായതു്. അതിൽപ്പിന്നീടു കവി ഗ്രന്ഥരൂപത്തിൽ ഒന്നും എഴുതിയതായി അറിവില്ല. അനുവാചകന്മാരെ ആദ്യന്തം പുളകംകൊള്ളിക്കുന്ന ഒരു കാവ്യമല്ല രാമാശ്വമേധം. എങ്കിലും ഭംഗിയുള്ള ഭാഗങ്ങളും ഇല്ലാതില്ല. അഞ്ചാമധ്യായത്തിൽ കവി ശ്രീരാമന്റെ രാജ്യഭാരം വർണ്ണിക്കുന്ന അവസരത്തിൽ മൂലത്തിലെ ശ്ലിഷ്ടപദങ്ങളെ ആശ്രയിക്കാതെ ഭാഷാശ്ലേഷപ്രയോഗത്തിൽ നിമഗ്നനാകുന്നു.
കൊച്ചുണ്ണിത്തമ്പുരാൻ ഇതാണു് തമ്പുരാന്റെ ഏറ്റവും ബൃഹത്തും എന്നാൽ അതോടൊപ്പംതന്നെ കവന മാധുര്യം കുറഞ്ഞതുമായ കൃതി. വിഷ്ണുഭാഗവതത്തിന്റെ ഭാഷാനുവാദമായ പ്രസ്തുതഗാനം ഭക്ത ന്മാർക്കു് പാരായണത്തിനു കൊള്ളാം. പ്രഥമസ്കന്ധത്തിലെ പ്രഥമാധ്യായം അനുഷ്ടുപ്പു വൃത്തത്തിലാണു് തർജ്ജമ ചെയ്തതെങ്കിലും ദ്വിതീയാധ്യായം മുതൽ മഞ്ജരിയിൽ എഴുതിത്തുടങ്ങി. മഞ്ജരികൊണ്ടു കൈകാര്യംചെയ്തു പരിചയം പോരാത്തതിനാലാണു് കവിത തീരെ ശോഭിക്കാതെ പോയതു്. ഒടുവിൽ ഭാഗവതമാഹാത്മ്യം സംസ്കൃതവൃത്തത്തിൽ ത്തന്നെ വിവർത്തനം ചെയ്തു ചേർത്തിരിക്കുന്നു. ആ ഭാഗം രസനിഷ്യന്ദിയായിട്ടുമുണ്ടു്.
മഹാഭാരതത്തിൽ തമ്പുരാന്നുള്ള പ്രതിപത്തി അന്യാദൃശമായിരുന്നു. കവിഭാരതമാണല്ലോ അദ്ദേഹം ആദ്യമായി പ്രസിദ്ധീകരിച്ച ഭാഷാകൃതി. 1066-ൽ സി.പി. അച്യുതമേനോനും ചാത്തുക്കുട്ടിമന്നാടിയാരും കൂടി മഹാഭാരതം ഹരിവംശസഹിതം അഞ്ചുവർഷംകൊണ്ടു തർജ്ജമ ചെയ്വാൻ ഒരു പദ്ധതി രൂപവൽക്കരിച്ചു. ആദിപർവവും ഭീഷ്മപർവവും കൊച്ചുണ്ണിത്തമ്പുരാൻ; വനപർവവും ശല്യപർവവും ശാന്തിപർവവും കുഞ്ഞിക്കുട്ടൻതമ്പുരാൻ; വിരാടപർവവും സ്ത്രീപർവവും സി.പി; കർണ്ണപർവം നടുവത്തച്ഛൻ-ഇങ്ങനെ പർവ്വങ്ങളും അവരവർക്കു വീതിച്ചു കൊടുത്തു. കൊച്ചുണ്ണിത്തമ്പുരാൻ ആദിപർവവും കുഞ്ഞിക്കുട്ടൻതമ്പുരാൻ വനപർവത്തിൽ ഏതാനും ഭാഗവും തർജ്ജമ ചെയ്തു. ശേഷമുള്ളവരുടെ അസൗകര്യംകൊണ്ടു് ആ ഉദ്യമം സഫലമായില്ല.
കുഞ്ഞിക്കുട്ടൻതമ്പുരാൻ തുപ്പല്ക്കോളാമ്പി തമ്പുരാൻ ഒരിക്കൽ ഗുരുവായൂർക്കു തൊഴാൻ പോയപ്പോൾ അവിടെ പെട്ടരഴിയം രാമനിളയതിന്റെയും മറ്റും അപേക്ഷയനുസരിച്ചു് ഒരു രാത്രികൊണ്ടെഴുതിയ അതിമനോഹരമായ ഒരു കാവ്യമാണു്. കൊടുങ്ങല്ലൂർ രാജാക്കന്മാരുടെ അങ്ഗരക്ഷകരായിരുന്ന കിളിക്കോട്ടു പണിക്കന്മാരുടെ കുടുംബത്തിൽ പണ്ടൊരിക്കൽ ഒരു സ്ത്രീ ധൂർത്തയായിരുന്നു. ആ സ്ത്രീയുടെ ഭര്ത്താവായ നമ്പൂരി അവളെ ജാരനോടുകൂടി ശയനഗൃഹത്തിൽ കാണുകയും, ഉടൻ ക്രോധാവിഷ്ടനായി അടുത്തു നിറച്ചു മുറുക്കിത്തുപ്പിവച്ചിരുന്ന കോളാമ്പിയെടുത്തു് അവളെ അഭിഷേകം ചെയ്കയും ചെയ്തു. തന്റെ കുറ്റം മറയ്ക്കുന്നതിനായി അവൾ ആ വേഷത്തിൽത്തന്നെ ഓടിച്ചെന്നു തന്റെ സമരശൂരന്മാരായ സഹോദരന്മാരോടു പരാതിപ്പെടുകയും, അവർ നമ്പൂരിയെ കൊല്ലുകയും ചെയ്തു. ധർമ്മിഷ്ഠനായ രാജാവു് ആ ഭടപ്രമാണികളെ, അവർ തന്നെ പല യുദ്ധങ്ങളിലും സഹായിച്ചിരുന്നു എങ്കിലും, ഉടൻതന്നെ നാടുകടത്തി. ഈ പുരാവൃത്തമാണു് തമ്പുരാൻ പ്രസ്തുത കാവ്യത്തിൽ പ്രതിപാദിച്ചിരിക്കുന്നതു്. കേരളത്തിലെ ഐതീഹ്യങ്ങളെ ആസ്പദമാക്കി ഖണ്ഡകാവ്യങ്ങൾ രചിക്കുവാൻ മഹാകവിക്കു് അതിരും എതിരുമില്ലാത്ത നൈപുണ്യമുണ്ടായിരുന്നു; തുപ്പല്ക്കോളാമ്പിയിൽ ആ നൈപുണ്യം അതിന്റെ അഗ്രകക്ഷ്യയിൽ പ്രത്യക്ഷീഭവിക്കുന്നു.
കുഞ്ഞിക്കുട്ടൻതമ്പുരാൻ കംസന്റെ ജീവചരിത്രത്തെപ്പറ്റി വളരെ വിസ്തരിച്ചെഴുതീട്ടുള്ള ഒരു കാവ്യമാണു് ഈ ഗ്രന്ഥം. ശ്രീമദ്ഭാഗവതത്തിൽ കാണുന്ന കഥ മാത്രമല്ല ഇതിൽ അനുർഭവിച്ചിട്ടുള്ളതു്. അധോലിഖിതങ്ങളായ ശ്ലോകങ്ങളിൽ ആദ്യത്തേതു ജരാസന്ധന്റെ കൊമ്പനാനയുടെ നേർക്കു കംസനും, രണ്ടാമത്തേതു കംസന് അദ്ദേഹത്തിൽനിന്നു സമ്മാനമായി കിട്ടിയ അതേ ആനയുടെ നേർക്കു് ശ്രീകൃഷ്ണനും പ്രദർശിപ്പിക്കുന്ന പരാക്രമമാണു്. ആ കൊലകൊമ്പനാണു് കുവലയാപീഡം.
കുഞ്ഞിക്കുട്ടൻതമ്പുരാൻ ഈ ഗ്രന്ഥം കേരളത്തിലെ പ്രാചീനചരിത്രത്തെ, ഐതിഹ്യം പ്രധാനമായി ആശ്രയിച്ചു കൂലങ്കഷമായി വിശദീകരിക്കുന്ന ഒരു കാവ്യമാകുന്നു. ഇതിന്റെ നിർമ്മിതിക്കുവേണ്ട കരുക്കൾ ശേഖരിക്കുവാൻ കവി വളരെക്കാലം, വളരെയധികം, ക്ലേശിച്ചിട്ടുണ്ടു്; മുപ്പതുസർഗ്ഗങ്ങൾകൊണ്ടു മുഴുമിപ്പിക്കണമെന്നു സങ്കല്പിച്ചിരുന്നു; പതിനൊന്നു സർഗ്ഗങ്ങളേ തീർന്നുള്ളു. അതിലും ആദ്യത്തെ അഞ്ചു സർഗ്ഗങ്ങളേ പുസ്തകാകൃതിയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. ആറാം സർഗ്ഗം കൈരളി മാസിക വഴിക്കു പുറത്തുവന്നു. ഏഴു മുതലുള്ള സർഗ്ഗങ്ങൾ എവിടെപ്പോയിയെന്നു് ആർക്കും രൂപമില്ല. ഒന്നാം സർഗ്ഗത്തിൽ കേരളപ്രതിഷ്ഠയും, രണ്ടാം സർഗ്ഗത്തിൽ നമ്പൂരിരജ്യഭരണവും, മൂന്നാം സർഗ്ഗത്തിൽ പെരുമാൾഭരണവും, നാലാം സർഗ്ഗത്തിൽ ഏറാട്ടുപെരുമ്പടപ്പുവാഴ്ചയും, അഞ്ചാം സർഗ്ഗത്തിൽ കൂറുമത്സരവുമാണു് പ്രതിപാദ്യം. ആ സർഗ്ഗത്തിൽത്തന്നെ ശങ്കരാചാര്യ സ്വാമികളുടെ ഒരു ചരിത്രസംക്ഷേപവും ഉൾപ്പെടുന്നു.
കുഞ്ഞിക്കുട്ടൻതമ്പുരാൻ ഈ ഗ്രന്ഥം കൊച്ചുണ്ണിത്തമ്പുരാന്റെ പുരസ്കർത്താവായിരുന്ന കൊച്ചി ഇളയതമ്പുരാന്റെ ആജ്ഞയനുസരിച്ചു് ആ മഹാകവിയും, കുഞ്ഞുരാമവർമ്മൻതമ്പുരാനും, കുഞ്ഞിക്കുട്ടൻതമ്പുരാനുംകൂടി എഴുതിയതാണു്. അക്ഷരം, സന്ധി, ദ്വിത്വം, സുബന്തം, സർവനാമം, അവ്യയം, സ്ത്രീപ്രത്യയം, വിഭക്ത്യർത്ഥം, സമാസം, തദ്ധിതം, ധാതു, ശുദ്ധക്രിയ, നാമക്രിയ, അവ്യയക്രിയ, വാചകരീതി എന്നിങ്ങനെ പതിനാറു പ്രകരണങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടു്. ആദ്യത്തെ നാലു പ്രകരണങ്ങൾ കൊച്ചുണ്ണിതമ്പുരാനും, അഞ്ചുമുതൽ പത്തുവരെ കുഞ്ഞുരാമവർമ്മൻതമ്പുരാനും, ഒടുവിലത്തെ ആറു പ്രകരണങ്ങൾ കുഞ്ഞിക്കുട്ടൻതമ്പുരാനും രചിച്ച വിഷയസ്വരൂപം കാരികയായും, ഓരോ കാരികയുടേയും വ്യാഖ്യാനം ഗദ്യമായും എഴുതിയിരിക്കുന്നു. ഒരു ഭാഷാവൈയാകരണന്റെ ദൃഷ്ടിയിൽ പ്രസ്തുത കൃതിക്കു പറയത്തക്ക മെച്ചമൊന്നുമില്ലെങ്കിലും, ഇതിലും ഗ്രാഹ്യങ്ങളായ അംശങ്ങൾ പലതുമുണ്ടു്. കുഞ്ഞിക്കുട്ടൻതമ്പുരാൻ രചിച്ച ഭാഗത്തിനു് ഉത്തരാർദ്ധമെന്നു പേർ കൊടുത്തിരിക്കുന്നു. അദ്ദേഹം കാരിതാകാരിതധാതുക്കൾക്കു് യഥാക്രമം നല്കിയിരിക്കുന്ന സംജ്ഞകൾ കറുത്ത ധാതുവെന്നും വെളുത്ത ധാതുവെന്നുമാണു്. കറുത്ത രേഫം എന്നൊരു പേർ റ എന്ന അക്ഷരത്തിനു നമ്പൂരിമാർ പണ്ടേകാലത്തു കൊടുത്തിരുന്നുവെന്നും, അതിനെ അനുകരിച്ചാണു് താൻ പ്രസ്തുത സംജ്ഞകൾ സൃഷ്ടിച്ചതെന്നും അദ്ദേഹം പറയുന്നു.
കുഞ്ഞിക്കുട്ടൻതമ്പുരാൻ ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാന്റെ ഭാഷാഭൂഷണമെന്ന അലങ്കാരശാസ്ത്രഗ്ര ന്ഥം പുറത്തുവന്നപ്പോൾ അതിലെ ശബ്ദാലങ്കാരപ്രകരണം തമ്പുരാനു് അത്ര സമഞ്ജ സമായി തോന്നിയില്ല. അതുനിമിത്തമാണു് പ്രസ്തുത കൃതി അദ്ദേഹം രചിച്ചതു്. വിവിധരീതികളിലുള്ള യമകങ്ങൾ, ബന്ധങ്ങൾ, അനുപ്രാസങ്ങൾ, സമസ്യകൾ ഇവയ്ക്കെല്ലാം ഉദാഹരണങ്ങൾ അക്ലിഷ്ടമനോഹരങ്ങളായ ശ്ലോകങ്ങളിൽ അദ്ദേഹം ഈ കൃതിയിൽ രചിച്ചുചേർത്തിട്ടുണ്ടു്.
കുഞ്ഞിക്കുട്ടൻതമ്പുരാൻ മഹാകവി മലയാളഭാഷയുടെ ഉൽക്കർഷത്തിനു വേണ്ടി ചെയ്തിട്ടുള്ള അത്ഭുതകൃത്യങ്ങളിൽ പലതും മനസ്സുവെച്ചാൽ മറ്റു ചിലർക്കും കഷ്ടിച്ചു കഴിയുമായിരിക്കാം. എന്നാൽ ലക്ഷത്തിരുപത്തയ്യായിരം ഗ്രന്ഥങ്ങളടങ്ങിയ മഹാഭാരതം-ഭാരതീയരുടെ പഞ്ചമവേദം-പൂർത്തിയാക്കുവാൻ വ്യാസമഹർഷിക്കുതന്നെയും മൂന്നുകൊല്ലം വേണ്ടിവന്ന ലോകത്തിലെ ബൃഹത്തായ ഗ്രന്ഥം-ഇങ്ങുമങ്ങും ഗ്രന്ഥിജടിലം-സ്വച്ഛന്ദം എന്ന കവിവചനത്താൽ സൂചിതമായ 874 ദിവസംകൊണ്ടു തർജ്ജമചെയ്വാൻ തമ്പുരാനെക്കൊണ്ടുമാത്രമല്ലാതെ സാധിക്കുമായിരുന്നുവോ? ഒരിക്കലുമില്ല. അതിലാണു് അദ്ദേഹത്തിന്റെ അമാനുഷമായ പ്രഭാവം അതിന്റെ പരമകാഷ്ഠയിൽ അധിഷ്ഠിതമായിരിക്കുന്നതു്. ഭാരതം കിളിപ്പാട്ടായി തർജ്ജമചെയ്യുവാൻ പലരേയും ഏല്പിച്ചുവെങ്കിലും ആ ഉദ്യമം ഫലവത്തായില്ലെന്നു പറഞ്ഞുവല്ലോ. ഭാരതമഞ്ജരിയുടെ തർജ്ജമകൊണ്ടു ഭാരതത്തിന്റെ തർജ്ജമ നിറവേറിയതായി സമാധാനപ്പെടുവാനും നിവൃത്തി കണ്ടില്ല. എന്നാൽ പിന്നെ മറ്റൊരാളെയും കൂട്ടുപിടിക്കാതെ താൻ ഒറ്റയ്ക്കുതന്നെ വിശ്വോത്തരമായ ആ ഇതിഹാസം വിവർത്തനം ചെയ്താലെന്തെന്നു തമ്പുരാൻ വിചാരിച്ചു. തർജ്ജമയ്ക്കു് ആരംഭിക്കുന്നതിനു മുമ്പിലത്തെ ദിവസം തദ്വിഷയകമായി താഴെക്കാണുന്ന ഒരു സംഭാഷണം അദ്ദേഹവും അദ്ദേഹത്തിന്റെ സ്യാലനായ കെ.സി.വീരരായൻരാജാ ബി.ഏ.യും തമ്മിൽ നടന്നു. വീരരായൻരാജാവു് ആ സംഭാഷണം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ‘എന്താണു് കോവിലു്?’ എന്നു ഞാൻ ചോദിച്ചു. അതിനുത്തരമായി ‘സമുദ്രം ചാടിക്കടക്കുവാനുറച്ചു മഹേന്ദ്രപർവ്വതത്തിന്റെ മുകളിൽ കയറിനിന്നു് അപാരമായ സമുദ്രം ഒന്നു നോക്കിക്കണ്ട സമയം ഹനുമാനുണ്ടായ വിചാരമെന്തായിരിക്കുമെന്നു് ഒന്നൂഹിച്ചു പറയുവാൻ സാധിക്കുമോ കുഞ്ഞേട്ടനു്?’ എന്നാണു് അദ്ദേഹം ചോദിച്ചതു്. ‘ഇല്ല’ എന്നു ഞാൻ പറഞ്ഞു. ‘എന്നാൽ ആ ഹനുമാന്റെ നിലയാണു് എന്റെ ഇപ്പോഴത്തെ നില. നോക്കിയാൽ അറ്റം കാണുന്നില്ല’ എന്നു മാത്രം പറഞ്ഞു. പിറ്റേ ദിവസം കാലത്തു് ആറു മണിക്കു ഭാരതം തർജ്ജമ ചെയ്തുതുടങ്ങി. ആറു മുതൽ ഒൻപതു മണിവരെയുള്ള സമയം ആ കൃത്യത്തിലേക്കു പതിവായി വിനിയോഗിക്കും. ആദ്യകാലത്തു അൻപതു ശ്ലോകങ്ങൾ വീതമേ ദിവസംതോറും വിവർത്തനം ചെയ്യുവാൻ കഴിഞ്ഞിരുന്നുള്ളു. പിന്നീടു് അതു നൂറായി; അനന്തരം നൂറ്റൻപതായി. അതുപോലെ ആദ്യകാലത്തു മൂലം വായിക്കുക, ആലോചിക്കുക, ഭാഷപ്പെടുത്തുക ഈ മൂന്നു കർത്തവ്യങ്ങളും ഒന്നിനപ്പുറം മറ്റൊന്നെന്ന ക്രമത്തിൽ അനുഷ്ഠിക്കേണ്ടിവന്നിരുന്നു; കുറേ കഴിഞ്ഞപ്പോൾ അവയെല്ലാം ഒന്നിച്ചു തന്നെ ചെയ്തുതീർക്കുന്നതിനുവേണ്ട ശക്തികിട്ടി. ആരംഭത്തിൽ തൃശ്ശൂർ ഭാരതവിലാസം അച്ചുക്കൂട്ടത്തിൽനിന്നു ഭാഷാഭാരതം മാസികയായി പുറപ്പെട്ടു. പിന്നീടു് അതിന്റെ പ്രസിദ്ധീകരണത്തിനായി കോട്ടയ്ക്കൽ ഭാരതം എന്ന പേരിൽ പ്രത്യേകം ഒരു മുദ്രാലയം തന്നെ സ്ഥാപിതമായി. ഭൂരിഭാഗവും തർജ്ജമചെയ്തതു കോട്ടയ്ക്കൽവെച്ചു തന്നെയായിരുന്നു. 1081-ൽ പുസ്തകം സമാപ്തമായി; തമ്പുരാൻ കൃതകൃത്യനുമായി.
കേരളവർമ്മ വലിയകോയിത്തമ്പുരാൻ വിശാഖം തിരുനാൾ മഹാരാജാവിന്റെ ജീവിതത്തേയും രാജ്യഭരണത്തേയും വിഷയീകരിച്ചു വിരചിച്ചിട്ടുള്ളതാണു് പ്രസ്തുതമഹാകാവ്യം. 1060-ാമാണ്ടു മഹാരാജാവു നിർവഹിച്ച തുലാപുരുഷദാനത്തോടുകൂടി ആ കൃതി സമാപ്തമാകുന്നു. ആകെ 20 സർഗ്ഗങ്ങൾ അടങ്ങിയിരിക്കുന്നു. അതു് ഒരു ‘വിജയ’കാവ്യമാകയാൽ സ്വർഗ്ഗാരോഹണവൃത്താന്തം ചേർത്തിട്ടില്ല. വിശാഖവിജയത്തിന്റെ വിവിധഗുണഗനങ്ങളെ വിശകലനം ചെയ്യുവാനുള്ള അവസരം ഇതല്ല; സഹൃദയന്മാർ അവ അറിയനമെങ്കിൽ ആ കാവ്യം സമഗ്രമായിത്തന്നെ വായിക്കനം.
കേരളവർമ്മ വലിയകോയിത്തമ്പുരാൻ 1056-ലും 1057-ലുമായി രചിച്ചതാണു് ഈ നാടകം എന്നു പറഞ്ഞുവല്ലോ. അതിന്റെ ആമുഖോപന്യാസത്തിൽ ആ തർജ്ജമയിൽ സംസ്കൃതപദപ്രയോഗം അല്പം ബഹുലീഭവിച്ചിട്ടുണ്ടെന്നും ഔത്തരാഹന്മാർക്കു് അഭംഗി എന്നു തോന്നുന്ന ശൈലീഭേദം അങ്ങിങ്ങു കാണാമെന്നും അവിടുന്നു സമ്മതിച്ചിട്ടുണ്ടു്. എല്ലാ ശ്ലോകങ്ങൾക്കും “കണ്ഠനാളമഴകിൽത്തിരിച്ചു്”, “ഫുല്ലാബ്ജത്തിനു രമ്യതയ്ക്കു കുറവോ”, മേദസ്സറ്റു മെലിഞ്ഞു “കുക്ഷി ലഘുവാം”, “നാലുകെട്ടിലധികാരമുദ്രയായ്”, “മാനോടൊത്തുവളർന്നു”, “ഭക്ത്യാസേവിക്ക പൂജ്യാൻ”, “മാനോടൊത്തുവളർന്നു”,“ഭക്ത്യാസേവിക്കപൂജ്യാൻ”, “മുന്നേ ഞാൻ നിരൂപിച്ചുപോൽ” മുതലായവയെപ്പോലുള്ള സാരള ്യമില്ല. “ശമധനരായ മാമുനിജനേഷു”, “ശാലയെച്ചൂഴവേ ക്ലപ്തധിഷ്ണ്യാഃ”, “ശശി കുമുദാനേവ” ഇത്യാദി ശ്ലോകങ്ങൾ ഏറ്റവും കഠിനങ്ങൾ തന്നെ. ഈ രണ്ടു ന്യൂനതകളുടേയും പരിഹാരത്തിനുവേണ്ടിയാണു് പഴയകൃതി ആവശ്യമെന്നു തോന്നിയിടത്തോളം പരിഷ്കരിച്ചു “മണിപ്രവാളശാകുന്തളം” എന്ന പേരിൽ 1087-ൽ വീണ്ടും പ്രസിദ്ധീകരിച്ചതു്. എങ്കിലും അതും സംസ്കൃതജ്ഞന്മാരല്ലാത്ത സാധാരണകേരളീയർക്കു സുഗ്രഹമല്ല. ഏ.ആർ. രാജരാജവർമ്മകോയിത്തമ്പുരാൻ ആയിടയ്ക്കു മലയാളശാകുന്തളം എന്നപേരിൽ മറ്റൊരു തർജ്ജമ പ്രസിദ്ധീകരിച്ചു. എന്നാൽ അവയ്ക്കു രണ്ടിനും തമ്മിൽ വലിയ അന്തരമുണ്ടു്. വലിയകോയിത്തമ്പുരാന്റെ ശ്ലോകങ്ങളുടെ സംഗീതമാധുരി അനന്യസുലഭമാണെന്നുള്ളതു സർവസമ്മതമാണു്. മൂലശ്ലോകങ്ങളുടെ അർത്ഥം ഏറ്റക്കുറച്ചിൽ കൂടാതെ ഭാഷയിൽ സംക്രമിപ്പിക്കുന്നതിനു വലിയകോയിത്തമ്പുരാനുള്ള വൈദഗ്ദ്ധ്യത്തെക്കുറിച്ചും ആർക്കും ഭിന്നാഭിപ്രായമില്ല. കേരളീയഭാഷാശാകുന്തളം ആവിർഭവിച്ച കാലത്തു് അതിലെ പല ശ്ലോകങ്ങളും വണ്ടിക്കാർക്കുപോലും മനഃപാഠമായിരുന്നു. അത്ര ധാരാളമായി അഭിനയഭാഗ്യം സിദ്ധിച്ച മറ്റൊരു ഭാഷാനാടകവും (സംഗീത നാടകങ്ങൾ ഒഴിച്ചുനോക്കിയാൽ) കേരളത്തിൽ നാളതുവരെ ഉണ്ടായിട്ടില്ലെന്നുള്ളതും പ്രത്യേകിച്ചു വക്തവ്യമാണു്.
കേരളവർമ്മ വലിയകോയിത്തമ്പുരാൻ അമരുകശതകത്തെക്കാൾ മഹനീയമായ ഒരു ശൃംഗാരകാവ്യം സംസ്കൃതത്തിലില്ല; അതു ശരിക്കു തർജ്ജമ ചെയ്യണമെങ്കിൽ വലിയ കോയിത്തമ്പുരാനെപ്പോലെയുള്ള ഒരു പണ്ഡിതപ്രവേകനും അനുഭവരസികനും സഹൃദയധുരീണനും മഹാകവിമൂർദ്ധന്യനുമല്ലാതെ സാധിക്കുന്നതുമല്ല. അത്രയ്ക്കു് ഉൽക്കൃഷ്ടമാണു് ആ കാവ്യത്തിന്റെ ധ്വന്യാത്മകത്വവും രസനിർഭരതയും. ആ ഭാരമേറിയ കൃത്യം അവിടുന്നു് അനായാസമായി നിർവഹിച്ചിരിക്കുന്നു. രചനസംബന്ധിച്ചു നോക്കുകയാണെങ്കിൽ കേരളീയഭാഷാശാകുന്തളത്തിലെ ചില വൈകല്യങ്ങൾ അതിലും അല്പാല്പം കടന്നുകൂടീട്ടുണ്ടു്.
കേരളവർമ്മ വലിയകോയിത്തമ്പുരാൻ മയൂരസന്ദേശംപോലെ ഹൃദയദ്രുവീകരണപ്രഭാവമുള്ള ഒരു ഭാഷാസന്ദേശകാവ്യം അതിൽപ്പിന്നീടു് ആരും രചിച്ചിട്ടില്ല. അന്യത്ര ദർശനീയങ്ങളല്ലാത്ത പല വൈശിഷ്ട്യങ്ങളും അതിനുണ്ടു്. മേഘസന്ദേശം അതിനു് അർദ്ധാസനം നല്കണമെന്നു് ഒരു സഹൃദയനും വാദിക്കുന്നതല്ല. എന്നാൽ ഇതിവൃത്തത്തെസ്സംബന്ധിച്ചിടത്തോളം കാളിദാസകൃതി കേരളവർമ്മകൃതിയ്ക്കു പുറകിൽനിന്നേ മതിയാകൂ. ആദ്യത്തേതിൽ ഒരു യക്ഷൻ മേഘത്തെ തന്റെ സന്ദേശഹരനാക്കുന്നു; രണ്ടാമത്തേതിൽ കവിതന്നെയാണു് മയൂരത്തെ പ്രിയതമയുടെ സന്നിധിയിലേയ്ക്കു് അയയ്ക്കുന്നതു്. ഉഗ്രമായ രാജശാസനം നിമിത്തം വലിയകോയിത്തമ്പുരാൻ അരിപ്പാട്ടു ബന്ധനസ്ഥനായി താമസിക്കുകയായിരുന്നു എന്നതു വാസ്തവത്തിൽ നടന്ന ഒരു സംഭവമാണു്. യക്ഷന്റെ പ്രഭാസം ഒരു വർഷത്തേയ്ക്കു നീണ്ടുനിന്നതായി കാളിദാസൻ ഉപന്യസിച്ചാൽമാത്രമേ അദ്ദേഹത്തിന്റെ കാവ്യം പുരോഗമിക്കുകയുള്ളു. ഒന്നു സങ്കല്പചിത്രം; മറ്റേതു സ്വാനുഭവചിത്രം. തദനുരോധേന മയൂരസന്ദേശത്തിനുള്ള മഹിമാതിശയം അനുക്തസിദ്ധമാകുന്നു. കേരളവർമ്മ ദേവനെ വിധി പതിപ്പിച്ച പങ്കത്തിൽനിന്നു് ഒരു ജഗന്മോഹനമായ ചെന്താമരപ്പൂ വിരിഞ്ഞു. അതാണു് പ്രസ്തുത സന്ദേശം. അതിന്റെ കലാശില്പത്തിൽ കവി കരുതിക്കൂട്ടിക്കൊണ്ടു സ്വഭാവോക്തിസുന്ദരമായ വസ്തുവർണ്ണനത്തിനു പ്രാധാന്യം നല്കിയിരിക്കുന്നു. അരിപ്പാട്ടുനിന്നു തിരുവനന്തപുരത്തേയ്ക്കുള്ള മാർഗ്ഗവിവരണത്തിന്റെ തന്മയത്വം 1053-മാണ്ടിടയ്ക്കാണു് ആ സന്ദേശം കവി അയച്ചിരിയ്ക്കുന്നതായി സങ്കല്പിച്ചിട്ടുള്ളതു് എന്നനുസ്മരിച്ചു് അന്നത്തെ സ്ഥിതിഗതികൾ ഗ്രഹിച്ചു വായിക്കുന്നവർക്കു് വിശിഷ്യ അനുഭവദേദ്യമായിരിക്കും. ഔചിത്യയുക്തമായല്ലാതെ ഒരു ശബ്ദവും അവിടുന്നു് ആ കൃതിയിൽ പ്രയോഗിച്ചിട്ടില്ല. നിഷ്പക്ഷബുദ്ധിയോടുകൂടി അന്തഃപ്രവേശം ചെയ്യുന്ന ഭാവുകന്മാർക്കു് അതു ക്ഷണത്തിൽ ബോധപ്പെടുകയും ചെയ്യും.
അനന്തപുരത്തു രാജരാജവർമ്മ മൂത്തകോയിത്തമ്പുരാൻ ലളിതയിൽ കോയിത്തമ്പുരാനു സാഹിത്യം, അലങ്കാരം, വ്യാകരണം, സ്മൃതികൾ മുതലായ വിഷയങ്ങളിലുള്ള അവഗാഹം തെളിഞ്ഞുകാണാം. പ്രസ്തുതകാവ്യത്തിനു വിജയനഗരസാമ്രാജ്യം ക്രി.പി.1509-1530 ഈ വർഷങ്ങൾക്കിടയിൽ ഭരിച്ചിരുന്ന കൃഷ്ണദേവരായരുടെ മന്ത്രി സാലുവതിമ്മദണ്ഡനാഥൻ രചിച്ച മനോഹരാ എന്ന വ്യാഖ്യാനം അദ്ദേഹം വായിച്ചിരുന്നു; എങ്കിലും സ്വകീയങ്ങളായ ആശയങ്ങളും അവിടവിടെ ആവിഷ്കരിച്ചിട്ടുണ്ടു്. “ബംഹീയസീം വൃദ്ധിമുപൈതി വാർദ്ധിഃ” എന്ന പാഠമാണു് സമീചീനമെന്നും, ബഹീയസീം എന്ന പാഠാന്തരം അസത്താണെന്നും ചൂണ്ടിക്കാണിക്കുന്നു. “തതോംബികാം ബാലികയോസ്സ പാണിമഗ്രാഹയദ്ഭ്രാത രമാപഗേയഃ” എന്ന ശ്ലോകാർദ്ധത്തിൽ ഗ്രഹിധാതുവിനു ദ്വികർമ്മകത്വം സാധൂകരിക്കുവാൻ പ്രൗഢമനോരമയും മറ്റും പ്രമാണ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ ഉദ്ധരിക്കുന്നു.
നടുവത്തച്ഛൻനമ്പൂരി ഏഴങ്കത്തിലുള്ള ഈ നാടകം വളരെ പ്രചാരമുള്ള ഒരു കൃതിയാണു്. ഭക്തിഭാവം വർണ്ണിക്കുവാൻ അച്ഛന്നുള്ള പ്രാഗല്ഭ്യം തികച്ചും ഇതിൽ പ്രകടീഭവിക്കുന്നുണ്ടു്. ഈ നാടകം തന്നെയാണു് അദ്ദേഹത്തിനു ഭാഷാകവികളുടെയിടയിൽ ഗണനീയമായ ഒരു സ്ഥാനം ഉണ്ടാക്കിക്കൊടുത്തതും.
നടുവത്തു മഹൻനമ്പൂരി മഹന്റെ സ്തോത്രങ്ങൾക്കു പ്രത്യേകം ഒരു ആകർഷണശക്തിയുണ്ടു്. വാർദ്ധക്യത്തിലെ കൃതിയായ ഭക്തിലഹരി ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഒരു സ്തോത്രമാണു്. അതിൽ ശാർദ്ദൂലവിക്രീഡിതത്തിൽ രചിച്ച 173 ശ്ലോകങ്ങളുണ്ടു്. സ്തവമഞ്ജരിയിൽ കൃഷ്ണപരങ്ങളായും ദേവീപരങ്ങളായുമുള്ള സ്തുതികൾക്കുപുറമേ ഓരോ അവസരത്തിൽ നേരിട്ട കുടുംബദുഃഖങ്ങളുടെ ശമനത്തിനായി വിവിധ ദേവതകളെ പ്രാർത്ഥിക്കുന്ന ‘ദിനാക്രന്ദനസ്തവങ്ങ’ളുമുണ്ടു്. ഈ സ്തവങ്ങൾ വിശേഷിച്ചും ഹൃദയങ്ഗമങ്ങളാണു്. കവിയുടെ പത്നിയ്ക്കു നേരിട്ട കർണ്ണരോഗത്തെപ്പറ്റി അനുവാചകന്മാരെ ആകമാനം കരയിക്കുന്ന ഒരു വിലാപം അദ്ദേഹം എഴുതീട്ടുണ്ടു്.
നടുവത്തു മഹൻനമ്പൂരി മഹാത്മാഗാന്ധി തന്റെ സഹധർമ്മിണിക്കു നൽകുന്ന സദുപദേശമാണു് ഈ കാവ്യത്തിലെ വിഷയം. പല പുരാണകഥകളേയും മറ്റും ഇതിൽ സംക്ഷിപ്തമായും എന്നാൽ സമഞ്ജസമായും പ്രതിപാദിച്ചിരിക്കുന്നു. അനേകം വേദാന്തതത്വങ്ങളും എടുത്തുകാണിച്ചിട്ടുണ്ടു്.
നടുവത്തു മഹൻനമ്പൂരി രസികരഞ്ജിനീ മാസികയിൽ വള്ളത്തോൾ നാരായണമേനോന്റെ തപതീസംവരണം, ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോന്റെ അജാമിളമോക്ഷം, നടുവം മഹന്റെ മഹിഷമർദ്ദനം എന്നീ മൂന്നു വഞ്ചിപ്പാട്ടുകൾ തുടരെത്തുടരെ പ്രസിദ്ധീകരിക്കുകയുണ്ടായി. മൂന്നും നന്നായിട്ടുണ്ടു്. മഹിഷമർദ്ദനംതന്നെയാണു് വളരെ മാറ്റമൊന്നുംകൂടാതെ പിഷാരിയിക്കൽ അമ്മ എന്ന പേരിൽ ഗുരുവായൂരപ്പൻ എന്ന തിരുവാതിരപ്പാട്ടോടുചേർത്തു മുദ്രിതമായിട്ടുള്ളതു്. ഗുരുവായൂരപ്പനെപ്പറ്റി വിശേഷവിധിയായി ഒന്നും പ്രസ്താവിക്കേണ്ടതില്ല. ഗുരുവായൂരപ്പന്റെ കഥയിൽ ഗുരുവായൂരപ്പന്റെ ആഗമനത്തെസ്സംബന്ധിച്ചുള്ള ഐതിഹ്യങ്ങൾ 101 ശ്ലോകങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. മഹിഷമർദ്ദനത്തിന്റെ അവസ്ഥ അതല്ല; ഭാഷയിലെ വഞ്ചിപ്പാട്ടുകളുടെ കൂട്ടത്തിൽ അതിനു് അഭ്യർഹിതമായ ഒരു സ്ഥാനമുണ്ടു്.
കാത്തുള്ളിൽ അച്യുതമേനോൻ കാത്തുള്ളിയുടെ യശസ്സിനെ കല്പാന്തസ്ഥായിയാക്കുവാൻ ജൈമിനീയാശ്വമേധം കിളിപ്പാട്ടു് ഒന്നുമാത്രം മതി. എഴുത്തച്ഛന്റെ മഹാഭാരതത്തോടു് ഏറെക്കുറെ കിടനില്ക്കുകയും പദഘടനയിൽ അതിനേക്കാൾ ഉൽക്കൃഷ്ടം എന്നു പറയേണ്ടതുമായ ഒരു ശുകഗാനാമാണു് പ്രസ്തുതകൃതി. ദൈർഘ്യത്തിൽ അതിനു സമമായ കിളിപ്പാട്ടു് വേറെ ഒന്നുമില്ല. 1065-ൽത്തന്നെ കവി ആ മഹാവ്യവസായത്തിൽ ഏർപ്പെട്ടിരുന്നതായി കുഞ്ഞിക്കുട്ടൻതമ്പുരാന്റെ ഒരെഴുത്തിൽനിന്നറിയുന്നു. വ്യാസഭാരതത്തിനുപുറമേ ജൈമിനിമഹർഷിയും ഒരു ഭാരതം എഴുതി എന്നാണു് ഐതിഹ്യം. എന്നാൽ അതിൽ അശ്വമേധപർവ്വം മാത്രമേ കണ്ടുകിട്ടീട്ടുള്ളു. അതിന്റെ ഒരു തമിഴുതർജ്ജമ ഒരു ശാസ്ത്രിയുടെ സഹായത്തോടുകൂടി വായിച്ചു മനസ്സിലാക്കി. ആ ഗ്രന്ഥമാണു് കവി ആദ്യം ഭാഷപ്പെടുത്തുവാൻ തുടങ്ങിയതു കുഞ്ഞിക്കുട്ടൻതമ്പുരാൻ അതറിഞ്ഞപ്പോൾ സംസ്കൃതത്തിലുള്ള മൂലഗ്രന്ഥംതന്നെ വരുത്തിക്കൊടുക്കുകയും, അതിനു മുൻപെഴുതിയ ഭാഗങ്ങൾ കാത്തുള്ളി അതിനെ ആസ്പദമാക്കി പരിഷ്കരിക്കുകയും ചെയ്തു. കുഞ്ഞിക്കുട്ടൻതമ്പുരാൻ കാത്തുള്ളിയുടെ തർജ്ജമ കൂടെക്കൂടെ പരിശോധിച്ചു തിരുത്തുകയും അപ്പോഴപ്പോൾ വേണ്ട ഉപദേശങ്ങൾ നല്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ വളരെക്കാലത്തെ പ്രയത്നത്തിന്റെ ഫലമാണു് ആ കാവ്യകൗസ്തുഭം. തെലുങ്കുഭാഷയിൽ പിന്നവീരഭദ്രയ്യാ ക്രി.പി. പതിനഞ്ചാം ശതകത്തിലും കർണ്ണാടകഭാഷയിൽ ലക്ഷ്മീശൻ പതിനെട്ടാം ശതകത്തിലും ആ കൃതി തർജ്ജമ ചെയ്തിട്ടുണ്ടു്.കവിയശസ്സിൽ അശേഷം കാംക്ഷയില്ലാതിരുന്നതുകൊണ്ടു കാത്തുള്ളി അതു തന്റെ ജീവിതകാലത്തിൽ പ്രസിദ്ധീകരിച്ചില്ല. അദ്ദേഹത്തിന്റെ മരണാനന്തരം 1097-ൽ കൊച്ചുണ്ണിത്തമ്പുരാൻ ആ കാവ്യം വീണ്ടും പരിശോധിച്ചു പ്രകാശനം ചെയ്യിച്ചു. ജൈമിനിമഹർഷി ജനമേജയമഹാരാജാവിനോടു് ആഖ്യാനം ചെയ്തതാണു് ആ ഇതിഹാസമാന്നു് ഉപക്രമത്തിൽ പ്രസ്താവിച്ചിരിക്കുന്നു. ആകെ അഞ്ചു ഭാഗങ്ങൾ അടങ്ങീട്ടുണ്ടു്. വ്യാസഭാരതത്തിൽ ഇല്ലാത്ത പല കഥകളും അതിൽ വായിക്കാവുന്നതാണു്. അനേകം ഭക്തന്മാരുടെ ചരിത്രങ്ങൾ വളരെ വിസ്തരിച്ചു പ്രതിപാദിച്ചിരിക്കുന്നു. സുപ്രസിദ്ധമായ ചന്ദ്രഹാസചരിതം ആ ഗ്രന്ഥത്തിലുള്ളതാണു്. കാത്തുള്ളിയുടെ കമനീയമായ കാവ്യശൈലി.
ഗ്രാമത്തിൽ രാമവർമ്മകോയിത്തമ്പുരാൻ ഒമ്പതാം ശതകത്തിന്റെ അവസാനത്തോടുകൂടി ഉത്സന്നമായ ഭാഷാചമ്പുപ്രസ്ഥാനം ഗ്രാമത്തിൽ കോയിത്തമ്പുരാൻ വീണ്ടും ഉത്ഥാപനം ചെയ്തു. മീനകേതനചരിത്രം എന്ന പേരിൽ ആയില്യം തിരുനാൾ മഹാരാജാവു് ഒരു ഗദ്യകാവ്യം നിർമ്മിച്ചു എന്നും വിശാഖം തിരുനാൾ മഹാരാജാവിന്റെ കാലത്തു് അതു വലിയ കോയിത്തമ്പുരാൻ പരിശോധിച്ചു പ്രസിദ്ധീകരിച്ചു എന്നും മുൻപു പറഞ്ഞിട്ടുണ്ടല്ലോ. ആ പുസ്തകം വായിച്ചു് അതിന്റെ ചൂടു് ആറുന്നതിനുമുൻപു് എഴുതിയതാണു് പ്രസ്തുത ചമ്പു. അതിനു ഭാഷാമഞ്ജരിയെന്നും അതിലെ ഓരോ ഭാഗത്തിനും കലികയെന്നും കവി വിശേഷണം ചെയ്തിരിക്കുന്നു. ആകെ അഞ്ചു ഭാഗങ്ങളേ കിട്ടീട്ടുള്ളു. ഗ്രന്ഥം പൂർണ്ണമായെന്നു തോന്നുന്നില്ല. ഗദ്യങ്ങങ്ങൾ വൃത്തഗന്ധികളായും അല്ലതെയും ഘടിപ്പിച്ചിട്ടുണ്ടു്. വൃത്തഗന്ധിയില്ലാത്ത ഗദ്യസരണി പുനത്തിന്റെ കാലം തുടങ്ങി ബഹിഷ്കരിക്കപ്പെട്ടിരുന്നതു കോയിത്തമ്പുരാൻ വീണ്ടും അങ്ഗീകരിച്ചു. അത്തരത്തിലുള്ള അതിപ്രാചീനങ്ങളായ ചമ്പൂഗദ്യങ്ങൾ അദ്ദേഹം വായിച്ചിരിക്കുവാൻ ഇടയില്ലാത്തതുകൊണ്ടു് ആ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവെന്നാണു് അദ്ദേഹത്തെ വളരെക്കാലത്തേക്കു സഹൃദയന്മാർ കരുതിയിരുന്നതു്.
ഗ്രാമത്തിൽ രാമവർമ്മകോയിത്തമ്പുരാൻ ക്രിസ്തുമതചരിത്രത്തിലെ ഒരു ഇതിവൃത്തത്തെ ആസ്പദമാക്കി ബ്രസീതാ എന്ന പേരിൽ ഒരു നാടകം ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തു രവിവർമ്മ കോയിത്തമ്പുരാൻ സ്ഥലത്തെ ചില കത്തോലിക്കാക്രിസ്ത്യാനികളുടെ അഭ്യർത്ഥനയനുസച്ചു് 1074-ാമാണ്ടിടയ്ക്കു രചിക്കുവാൻ ആരംഭിച്ചു. മൂന്നങ്കത്തോളം എഴുതിയപ്പോൾ അദ്ദേഹത്തിനു കായികവും മാനസികവുമായ അസ്വാസ്ഥ്യം നേരിട്ടതിനാൽ ആ ഉദ്യമത്തിൽനിന്നു വിരമിക്കേണ്ടിവന്നു. തന്നിമിത്തം ബാക്കി ഭാഗംകൂടി നിർമ്മിക്കുവാൻ ആ കൃതി കവി ഗ്രാമത്തിൽ രാമവർമ്മകോയിത്തമ്പുരാന്നയച്ചുകൊടുത്തു. രാമവർമ്മകോയിത്തമ്പുരാൻ ആ മൂന്നങ്കങ്ങളിലും രസസ്ഫൂർത്തിക്കുവേണ്ടി അവിടവിടെ ഏതാനും ചില ശ്ലോകങ്ങൾകൂടി എഴുതിച്ചേർക്കുകയും നാലാമങ്കം ആരംഭിച്ചു് അതിലും സ്വല്പഭാഗം രചിക്കുകയും ചെയ്തു. പിന്നീടു് എന്തു കാരണത്താലോ ആ വ്യവസായം അദ്ദേഹവും തുടർന്നില്ല.
ഗ്രാമത്തിൽ രാമവർമ്മകോയിത്തമ്പുരാൻ തമ്പുരാന്റെ കൃതികളിൽ അതിപ്രധാനമായി ഞാൻ ഗണിക്കുന്നതു രസസ്വരൂപനിരൂപണത്തെയാണു്. എ. ആർ. രാജരാജവർമ്മകോയിത്തമ്പുരാൻ 1077-ൽ പ്രസിദ്ധീകരിച്ച ഭാഷാഭൂഷണം എന്ന അലങ്കാരഗ്രന്ഥത്തിലെ രസപ്രകരണത്തിൽ സഞ്ചാരിഭാവങ്ങൾക്കു് ഉദാഹരണങ്ങളും മറ്റും പ്രസ്തുതകൃതിയിൽനിന്നു് ഉദ്ധരിച്ചിട്ടുള്ളതായി കാണുന്നതിനാൽ ആ കൊല്ലത്തിനു മുമ്പാണു് അതിന്റെ രചന എന്നു വ്യക്തമാകുന്നു. കവിയുടെ അലങ്കാരശാസ്ത്രജ്ഞതയ്ക്കും സഹൃദയത്വത്തിനും കവിതാപാടവത്തിനും രസസ്വരൂപനിരൂപണം ഉത്തമനിദർശനമായി പരിലസിക്കുന്നു. തന്റെ കുടുംബത്തെ ചേലക്കലാപത്തിൽനിന്നു രക്ഷിച്ച ധർമ്മരാജാവിന്റെ വിശ്വോത്തരങ്ങളായ അപദാനങ്ങളെയാണു് കവി ഉദാഹരണശ്ലോകങ്ങളിൽ വർണ്ണിക്കുന്നതു്.വിഷയവിവരണത്തിനു ഗദ്യം ഉപയോഗിക്കുന്നു. അതിലെ ശൈലി ആകർഷകമാണു്.
ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തുകൊട്ടാരത്തിൽ രവിവർമ്മ കോയിത്തമ്പുരാൻ 187 പദ്യങ്ങളും 16 ഗദ്യങ്ങളും ഉൽക്കൊള്ളുന്ന ഉഷാകല്യാണത്തിനു മാർഗനിർദ്ദേശം ചെയ്തതു ഗ്രാമത്തിൽ കോയിത്തമ്പുരാന്റെ മീനകേതനചരിത്രമാണെങ്കിലും അതിനെക്കാൾ എന്നു വേണ്ട, ആധുനികകാലത്തെ മറ്റേതു ഭാഷാചമ്പുവിനേയുംകാൾ പതിന്മടങ്ങു ഗുണഭൂയിഷ്ഠമാണതു്. ശൃംഗാരരസത്തിന്റെയും വീരരസത്തിന്റെയും സമഞ്ജസമായ സമ്മേളനംകൊണ്ടും ശബ്ദാർത്ഥനിഷ്ഠങ്ങളായ സകലകാവ്യഗുണങ്ങളുടേയും സമഗ്രമായ സമ്പത്തികൊണ്ടും സവിശേഷം പ്രശോഭിക്കുന്ന ഒരു കാവ്യമാണു് ഉഷാകല്യാണം എന്നു സങ്കോചംകൂടാതെ സമർത്ഥിക്കാം. ഗദ്യങ്ങളിൽ ഒന്നിനുമാത്രമേ ഗാനഗന്ധിത്വമുള്ളു.
ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തുകൊട്ടാരത്തിൽ രവിവർമ്മ കോയിത്തമ്പുരാൻ ആര്യാശതകം കുമാരനല്ലൂർ ഭഗവതിയെപ്പറ്റി കേശാദിപാദവർണ്ണനം ഉൾക്കൊള്ളിച്ചു തമ്പുരാൻ ഗീതിവൃത്തത്തിൽ രചിച്ചിട്ടുള്ള ഒരു സ്തോത്രരത്നമാകുന്നു. ഉഷാ കല്യാണത്തിന്റെ മുദ്രാപണത്തിനായി കവി ഒരുമ്പെട്ടപ്പോൾ ആദ്യമായി അച്ചടിപ്പിയ്ക്കുന്ന കൃതി ഈശ്വരസ്തോത്രമായിരിക്കണമെന്നു മൂത്ത ജ്യേഷ്ഠൻ അനുശാസിച്ചതിനാൽ ഒരു ദിവസം രാത്രിയിൽ മൂന്നു മണിക്കൂർകൊണ്ടു് എഴുതിത്തീർത്തതാണു്
ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തുകൊട്ടാരത്തിൽ രവിവർമ്മ കോയിത്തമ്പുരാൻ തമ്പുരാന്റെ ഗൗരീപരിണയ ചമ്പു അപൂർണ്ണമാണു്. കുമാരസംഭവം അഞ്ചുമുതൽ ഏഴുവരെയുള്ള സർഗ്ഗങ്ങളിലെ കഥ അതിൽ പ്രതിപാദിയ്ക്കണമെന്നാണു് കവി ഉദ്ദേശിച്ചിരുന്നതെങ്കിലും 97 പദ്യങ്ങളും 6 ഗദ്യങ്ങളും ഘടിപ്പിച്ചിട്ടുള്ള ഒന്നാം സ്തബകത്തിൽ നിറുത്തി അഞ്ചാം സർഗ്ഗത്തിലെ കഥമാത്രം വിവരിച്ചിരിക്കുന്നു. രണ്ടാം സ്തബകം ആരംഭിച്ചില്ല. കാളിദാസന്റെ ആശയങ്ങൾ പലതും സ്വായത്തമാക്കി രചിച്ചിരിക്കുന്ന പ്രസ്തുതകൃതിക്കു് ഉഷാകല്യാണത്തിന്റെ മാധുര്യമില്ല
ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തുകൊട്ടാരത്തിൽ രവിവർമ്മ കോയിത്തമ്പുരാൻ 1067-ാമാണ്ടു വൃശ്ചികമാസത്തിൽ കോട്ടയത്തുവെച്ചു നടന്ന കവിസമാജത്തെ വിഷയീകരിച്ചു കവി നിർമ്മിച്ചിട്ടുള്ളതാണു് അഞ്ചങ്കംകൊണ്ടു പൂർണ്ണമാകുന്ന പ്രസ്തുത നാടകം. കവിസഭാരഞ്ജനത്തിന്നു പല അഭിനന്ദനീയങ്ങളായ വൈശിഷ്ട്യങ്ങളുമുണ്ടു്. ഒന്നാമതു ആ നാടകം ഇതിഹാസപുരാണങ്ങളെ ആശ്രയിക്കുന്നില്ല. രണ്ടാമതു നാടകീയമായ പ്രതിപാദനത്തിനു വഴങ്ങിക്കൊടുക്കാത്ത ഒരു സാധാരണസംഭവത്തെ വിഷയീകരിക്കുന്നു. മൂന്നാമതു പദ്യത്തിലും ഗദ്യത്തിലുമുള്ള സംഭാഷണം കഴിവുള്ളിടത്തോളം അതാതു പാത്രങ്ങളുടെ കവിതാരീതിയിൽത്തന്നെ രചിക്കുന്നു. നാലാമതു കവിയും ആ കൂട്ടത്തിൽ ഒരു പാത്രമാണു്. അത്തരത്തിലൊരു നാടകം മലയാളത്തിലല്ലാതെ മറ്റൊരു ഭാഷയിലുമുണ്ടെന്നു തോന്നുന്നില്ല. 1067-ൽത്തന്നെയാണു് പ്രസ്തുതകൃതിയുടേയും നിർമ്മിതി. നാടകത്തിലെ അങ്ഗിയായ രസം വീരമാണെന്നും വീരരസത്തിനു അനേകം വകഭേദങ്ങളുള്ളതിൽ ആരംഭവീരമെന്നോ കാര്യവീരംഭമെന്നോ അതിനെ വ്യപദേശിക്കാമെന്നും ആ മഹാപണ്ഡിതൻ സമർത്ഥിച്ചിരിക്കുന്നു. കണ്ടത്തിൽ വറുഗീസ്മാപ്പിളയാണു് നായകൻ. വില്വട്ടത്തു രാഘവൻനമ്പിയാരാണു് ഫലിതം പൊട്ടിച്ചു് അംഗമായ ഹാസ്യരസം ഉത്ഥാപനംചെയ്യുന്നതു്. അവർക്കുപുറമേ കുമാരമങ്ഗലത്തു നീലകണ്ഠൻനമ്പൂതിരിപ്പാട്, മറിയപ്പള്ളി വലിയകോയിത്തമ്പുരാൻ, നിധിയിരിക്കൽ മാണിക്കത്തനാർ, കൊട്ടാരത്തിൽ ശങ്കുണ്ണി, പന്തളം കൃഷ്ണവാരിയർ, വയക്കര മൂസ്സത്, കുഞ്ഞിക്കുട്ടൻതമ്പുരാൻ, വെണ്മണി മഹൻ, ഏ.ആർ. രാജരാജവർമ്മ, ചങ്ങനാശ്ശേരി രാമവർമ്മ കോയിത്തമ്പുരാൻ ബി.ഏ., മാവേലിക്കര രവിവർമ്മത്തമ്പുരാൻ എം.ഏ. മുതലായവരും ആ നാടകത്തിലെ പാത്രങ്ങളാണു്.
എണ്ണയ്ക്കാട്ടു രാജരാജവർമ്മത്തമ്പുരാൻ അർത്ഥാലങ്കാരങ്ങളെ ലക്ഷ്യലക്ഷണങ്ങൾ പ്രദർശിപ്പിച്ചു വിവരിക്കുന്ന ഒരു ശാസ്ത്രഗ്രന്ഥമാണു് അലങ്കാരദീപിക. കവലയാനന്ദത്തിലെ 100 അലങ്കാരങ്ങളേയും സ്വീകരിച്ചിട്ടുണ്ടു്. കാരികകൊണ്ടു ലക്ഷണവും ഉദാഹരണവും കാണിക്കയും വ്യാഖ്യാനംകൊണ്ടു അവയുടെ അർത്ഥം വിസ്തരിക്കുകയും ചെയ്യുന്നു. ഓരോ അലങ്കാരത്തിനും രണ്ടാമത്തെ ഉദാഹരണശ്ലോകം രചിച്ചിട്ടുള്ളതു പ്രായേണ വലിയ വൃത്തങ്ങളിലാണു്.
വയക്കര ആര്യൻ നാരായണൻമൂസ്സതു് വയക്കരക്ഷേത്രത്തിനു സമീപമുള്ള സർപ്പക്കാവിൽ നിന്നിരുന്ന ഒരു വലിയ പാല വെട്ടിക്കളയണമെന്നു വിചാരിച്ചുകൊണ്ടു കിടന്നുറങ്ങിയ സമയത്തു കവി ഒരു സ്വപ്നം കണ്ടു. ആ പാലയെ അധിവസിച്ചിരുന്ന ഒരു ശാപഗ്രസ്തനായ ഗന്ധർവൻ തിരുമാന്ധാംകുന്നിൽ താമസിച്ചിരുന്ന തന്റെ പ്രേയസിക്കു് ഒരു പരുന്തുമുഖേന സന്ദേശമയയ്ക്കുന്നതാണു് കാവ്യത്തിലെ വിഷയം. കോട്ടയം മുതൽ കൊച്ചി വരെയുള്ള സ്ഥലങ്ങൾ, എഴുതിത്തീർന്നിടത്തോളമുള്ള മുപ്പത്തെട്ടുശ്ലോകങ്ങളിൽ വർണ്ണിച്ചിട്ടുണ്ടു്.
വയക്കര ആര്യൻ നാരായണൻമൂസ്സതു് ഇതു വിശാഖം തിരുനാൾ മഹാരാജാവിനു സമർപ്പിച്ച ഒരു കൃതിയാണു്. രാജപരമായും ചന്ദ്രപരമായും രണ്ടു് അർത്ഥവും അതാതു് ശ്ലോകത്തിൽ അശ്വതി തുടങ്ങിയ ഓരോ നക്ഷത്രത്തിന്റെയും വൃത്തത്തിന്റെയും പേരുകളും ഘടിപ്പിച്ചാണു് ഈ കൃതി രചിച്ചിരിക്കുന്നതു്. പ്രഥമപാദത്തിൽ നക്ഷത്രസംജ്ഞയും ചരമപാദത്തിൽ വൃത്തസംജ്ഞയും കാണാം. അത്യന്തം ദുഷ്കരമായ ഒരു സാഹിത്യവ്യവസായമാണു് ഇതെന്നു പറയേണ്ടതില്ലല്ലോ.
വയക്കര ആര്യൻ നാരായണൻമൂസ്സതു് മൂസ്സതു് ആദ്യമായി എഴുതിയ ഒരു ചെറിയ നാടകമാണു് മനോരമാവിജയം. വറുഗീസ് മാപ്പിളയുടെ മനോരമ ഉയരുന്നതുകണ്ടു് അസൂയാലുക്കളായിത്തീർന്ന ചില കോട്ടയത്തുകാർ തുടങ്ങിയ മലയാളവിനോദിനിയുടെ പരാജയവും മറ്റുമാണു് പ്രതിപാദ്യം. ഒടുവിൽ അനന്തപുരിയിലെ രാജാവിന്റെ ഹരിക്കാരൻ അവിടുന്നു കൊടുത്തയച്ച പട്ടബന്ധം ചാർത്തിച്ചു മനോരമയെ അഭിഷേകം ചെയ്യുന്നു. കഥാഗുംഫനത്തിലാകട്ടേ കവിതാനിർമ്മിതിയിലാകട്ടേ യാതൊരു ചമൽക്കാരവുമില്ലാത്ത പ്രസ്തുത കൃതി സി.പി. അച്യുതമേനോന്റെ പരുഷമായ അവഹേളനത്തിനു പാത്രീഭവിച്ചതായി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. മൂസ്സതു് 1066-ൽ രചിച്ചതാണു് ഈ നാടകം. മനോരമയുടെ ആവിർഭാവത്തോടുകൂടിയേ അദ്ദേഹം ഭാഷാകവിതയിൽ പരിശ്രമിച്ചുതുടങ്ങിയുള്ളു.
വയക്കര ആര്യൻ നാരായണൻമൂസ്സതു് ദുര്യോധനവധം പോലെ പ്രചുരപ്രചാരമായ ഒരു കഥകളി ആധുനിക നൃത്യപ്രബന്ധങ്ങളുടെ കൂട്ടത്തിലില്ല. രാജസൂയത്തിനുശേഷമുള്ള മഹാഭാരതകഥ മുഴുവൻ ഈ കൃതിയിൽ കവി സങ്ഗ്രഹിച്ചിട്ടുണ്ടു്. ഭാരതത്തിൽ ദുര്യോധനവധത്തിനു് ആദ്യംമുതല്ക്കു സാധകങ്ങളായ കഥാംശങ്ങൾക്കു മാത്രം രങ്ഗപ്രവേശം നല്കുകകൊണ്ടാണു് കവിക്കു സഭാപർവം മുതല്ക്കുള്ള ഇതിഹാസം ഒരു ആട്ടക്കഥയുടെ പരിമിതമായ പരിധിയിൽ ഒതുക്കുവാൻ സാധിച്ചതു്. യുദ്ധത്തിന്റെ അവസാനത്തിൽ “ഭൂതാളിവേതാളി”കളെ പ്രവേശിപ്പിച്ചു് അവരെക്കൊണ്ടു് ഒരു പ്രാകൃതപദം ചൊല്ലിയാടിച്ചിരിക്കുന്നതു “കരി” വേഷങ്ങളുടെ അഭാവം പരിഹരിക്കുന്നതിനാണു്. ആടിക്കാണാനും പാടിക്കേൾക്കാനും പറ്റിയ ഒരു കഥതന്നെയാണു് ദുര്യോധനവധം.
ചമ്പത്തിൽ ചാത്തുക്കുട്ടിമന്നാടിയാർ ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ടിൽ ആകെ 71 അധ്യായങ്ങൾഅടങ്ങിയിരിക്കുന്നു. മധുരയിലെ സുന്ദരേശ്വരസ്വാമിയുടെ ചതുഷ്ഷഷ്ടിലീലകളെയാണു് അതിൽ പ്രപഞ്ചനം ചെയ്തിരിക്കുന്നതു്. ആദ്യത്തെ അറുപതോളം അധ്യായങ്ങൾ തജ്ജമ ചെയ്തതു മൂവാറ്റുപുഴെ താമസിക്കുന്ന കാലത്തായിരുന്നു. പിന്നീടു കുറേക്കാലത്തേക്കു് ആ പ്രവൃത്തി തുടർന്നില്ല. 1063-ാണ്ടു കന്നിമാസം മുതൽ ജാനകീപരിണയം ഭാഷാന്തരപ്പെടുത്തുകയും ആ കൊല്ലം മേടമാസം 1-ാം൹ ആ കൃതി പൂർത്തിയാക്കുകയും ചെയ്തു. പിന്നീടു ഹാലാസ്യമാഹാത്മ്യത്തിലെ അവശിഷ്ടങ്ങളായ അഞ്ചധ്യായങ്ങളും അവതാരികയും കൂടി എഴുതി 1064 മകരം 15-ാം൹ ആ ഗ്രന്ഥവും അവസാനിപ്പിച്ചു.
ചമ്പത്തിൽ ചാത്തുക്കുട്ടിമന്നാടിയാർ ഉത്തരരാമചരിതം അതു പ്രസിദ്ധീകരിച്ച 1067-ാണ്ടുതന്നെ സഹൃദയന്മാരുടെ മുക്തകണ്ഠമായ ശ്ലാഘയ്ക്കു പാത്രീഭവിച്ചു; ഇന്നും അതിന്റെ അത്യുച്ചമായ നിലയ്ക്കു യാതൊരു ഭംഗവും വന്നിട്ടില്ല. ഭാഷയിൽ ഉത്തമമായ രീതിയിൽ വിവർത്തിതങ്ങളായ നാടകങ്ങൾ അധികമില്ല. അഭൗമമഹിമാവായ കുഞ്ഞിക്കുട്ടൻതമ്പുരാന്റെ ആശ്ചര്യചൂഡാമണിക്കു സമശീർഷമായി മന്നാടിയാരുടെ ഉത്തരരാമചരിതം നിലകൊള്ളുന്നു.
ചമ്പത്തിൽ ചാത്തുക്കുട്ടിമന്നാടിയാർ മദിരാശിയിലെ അഭിഭാഷക നേതാവായിരുന്ന റ്റി. ആർ. രാമചന്ദ്രയ്യർ തൃശ്ശൂരിനു സമീപമുള്ള പൂങ്കുന്നു് (പുഷ്പഗിരി) എന്ന സ്ഥലത്തെ ശ്രീരാമസ്വാമിയുടെ ഒരു ഭക്തശിരോമണിയായിരുന്നു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം രാമായണകഥ സങ്ഗ്രഹിച്ചു ഗീതിവൃത്തത്തിൽ നൂറ്റിരുപതു ശ്ലോകങ്ങൾ ഉൾക്കൊള്ളിച്ചു മന്നാടിയാർ രചിച്ച ഒരു കൃതിയാണു് പുഷ്പഗിരീശസ്തോത്രം. അതിനു് ആര്യാശതകം എന്നും പേരുണ്ടു്. പ്രസാദമധുരമാണു് അതിലെ ശൈലി. അദ്ദേഹത്തിനു കവനവിഷയത്തിൽ ഭാഷയെന്ന പോലെ സംസ്കൃതവും സ്വാധീനമായിരുന്നു എന്നു് ആ സ്ത്രോത്രം തെളിയിക്കുന്നു.
വരവൂർ ശാമുമേനോൻ ജ്ഞാനവാസിഷ്ഠത്തിൽ വൈരാഗ്യപ്രകരണം, മുമുക്ഷുപ്രകരണം, ഉൽപത്തിപ്രകരണം, സ്ഥിതി പ്രകരണം, ഉപശമപ്രകരണം, നിർവാണപ്രകരണം എന്നിങ്ങനെ ആറു പ്രകരണങ്ങളും നാല്പത്താറു സർഗ്ഗങ്ങളും അടങ്ങിയിരിക്കുന്നു. ശാമുമേനോന്റെ അതിപ്രധാനമായ ഒരു കൃതിയാണിതു്. ആ കൃതി ദാമോദരൻകർത്താവും തർജ്ജമ ചെയ്തിട്ടുള്ളതായി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതിനെക്കാൾ ഹൃദ്യമാണു് ശാമുമേനോന്റെ ഭാഷാനുവാദം. മൂലഗ്രന്ഥം ഒരു ശാസ്ത്രമാണെങ്കിലും ഉത്തമോത്തമമായ കാവ്യമാണു്.
വരവൂർ ശാമുമേനോൻ ദത്താത്രേയമഹർഷിയും ഭാർഗ്ഗവരാമനും തമ്മിലുള്ള ത്രിപുരാതത്ത്വപ്രതിപാദകമായ സംവാദമാണു് പ്രസ്തുതകൃതിയിലെ പ്രതിപാദ്യം. ഇരുപത്തിരണ്ടധ്യായങ്ങളടങ്ങിയ അതിൽ അവശ്യവിജ്ഞേയങ്ങളായ അനവധി ശ്രീവിദ്യാരഹസ്യങ്ങൾ ഉൾക്കൊള്ളുന്നു.
വരവൂർ ശാമുമേനോൻ മൃച്ഛകടികത്തിന്റെ തർജ്ജമയിൽനിന്നു ശാമുമേനോനു ദ്രാവിഡവൃത്തങ്ങൾപോലെ സംസ്കൃതവൃത്തങ്ങളും അധീനങ്ങളായിരുന്നുവെന്നു കാണാം. ഗ്രന്ഥകാരൻ സംസ്കൃത വൃത്തങ്ങൾക്കു പകരം അനേകം ഭാഗങ്ങളിൽ ദ്രാവിഡവൃത്തങ്ങൾ കൊണ്ടാണു് കൈകാര്യം ചെയ്യുന്നതെന്നൊരു പുതുമ ആ തർജ്ജമയിൽ വരുത്തീട്ടുണ്ടു്.
തോട്ടയ്ക്കാട്ടു് ഇക്കാവമ്മ അക്കാലത്തെ സ്വതന്ത്രഭാഷാനാടകങ്ങളുടെ ഇടയിൽ സുഭദ്രാർജ്ജുനത്തിനു തികച്ചും അഭ്യർഹിതമായ സ്ഥാനത്തിനവകാശമുണ്ടു് മഹാകവികളായ കൊടുങ്ങല്ലൂർ തമ്പുരാക്കന്മാർ മാത്രമേ അതിനുമുമ്പു് അത്തരത്തിലുള്ള നാടകങ്ങൾ രചിച്ചിരുന്നുള്ളു. അതിനു് ഒരു വ്യത്യസ്തമായി പറയേണ്ടതു കുട്ടിക്കുഞ്ഞുതങ്കച്ചിയുടെ അജ്ഞാതവാസത്തെമാത്രമാണു്. സ്ത്രീകൾ നിർമ്മിച്ച നാടകങ്ങളിൽ രണ്ടാമത്തേതാണു് സുഭദ്രാർജ്ജുനം. അതു് 1066 ഒടുവിൽ പ്രസിദ്ധീകൃതമായി. ആ നാടകം സകലഭാവുകന്മാരുടേയും അഭിനേതാക്കളുടേയും ആദരത്തിനു പാത്രീഭവിച്ചു.
സി. ഗോവിന്ദൻ എളേടം സുനന്ദാസര സവീരം ഷേക്സ്പീയരുടെ വിശ്വവിശ്രുതമായ ‘ടെമ്പെസ്റ്റ്’ (Tempest) എന്ന നാടകത്തിന്റെ ഒരു സ്വതന്ത്രവിവർത്തനമാണു്. അതു 1069-ൽ പ്രസിദ്ധീകരിച്ചു. പാത്രങ്ങൾക്കു ഭാരതീയമാനധേയങ്ങൾ കൊടുത്തു പ്രസ്താവനയും ഭരതവാക്യവും മറ്റും കൂട്ടി ആദ്യമായി ഒരു ഇംഗ്ലീഷ് നാടകം ഭാഷാന്തരീകരിച്ചതു് അദ്ദേഹമാണെന്നു നാം ഓർമ്മിക്കേണ്ടതാണു്.
നെയ്തല്ലൂർക്കൊട്ടാരത്തിൽ തൃക്കേട്ടനാൾ വീരകേരളവർമ്മത്തമ്പുരാൾ ഇനി നമുക്കു തമ്പുരാന്റെ രുൿമാങ്ഗദചരിതം മഹാകാവ്യത്തിലേക്കു് കടക്കാം. 1088-ലാണു് അതു മുദ്രിതമായതു്. എങ്കിലും 1083-ൽത്തന്നെ എഴുതിത്തീർന്നിരുന്നു. ഭാഷാസാഹിത്യത്തിലെ മാഘം എന്നാണു് അതിനെ ഭാവുകന്മാർ വാഴ്ത്താറുള്ളതു്. ആ ശബ്ദധാടി, ആ പാണ്ഡിത്യപ്രകർഷം ഇവ രണ്ടു കാവ്യങ്ങളിലും കാണാം. രണ്ടിലേയും ആറാം സർഗ്ഗം യമകഭൂഷിതമാണു്. മാഘം പത്തൊൻപതാം സർഗ്ഗം പോലെ രുക്മാങ്ഗദചരിതം പതിനൊന്നാം സർഗ്ഗവും ചിത്രശ്ലോകജടിലമായിരിക്കുന്നു. ഭാഷാകാവ്യങ്ങളിൽ ശബ്ദചിത്രണത്തിനു രുൿമാങ്ഗദചരിതംതന്നെയാണു് പ്രഥമസ്ഥാനം അർഹിക്കുന്നതു്. വ്യുൽപിത്സുക്കൾക്കു രുക്മാങ്ഗദചരിതത്തോളം പ്രയോജകീഭവിക്കുന്ന മറ്റൊരു മഹാകാവ്യം ഭാഷയിലില്ല. ആകെ പത്തൊൻപതു സർഗ്ഗങ്ങൾ അന്തർഭവിക്കുന്നു.
വെള്ളാനശ്ശേരി വാസ്സുണ്ണിമുസ്സതു് ഇത് ആഴ്വാഞ്ചേരിമനയ്ക്കലെ രണ്ടു തമ്പ്രാക്കന്മാര് തലേന്നും പിറ്റേന്നുമായി മരിച്ചപോയതിനെപ്പറ്റി എഴുതിയ ഒരു ചെറിയ ചനമ്പുവാകുന്നു. കവിത വളരെ നന്നായിട്ടുണ്ട്. അവര്ക്കു വിഷ്ണസായുജ്യംലഭിച്ച വൃത്താന്തം നാരദന് ദേവേന്ദ്രനെ പറഞ്ഞുകേള്പ്പിക്കുന്നതായാണ് കാവ്യവസ്തവിന്റെ ഘടന.
വെള്ളാനശ്ശേരി വാസ്സുണ്ണിമുസ്സതു് മാനവിക്രമ ഏട്ടന്തമ്പുരാന്റെ അപദാനങ്ങളെ വര്ണ്ണിച്ചു രചിച്ചിട്ടുള്ള ഒരു മഹാകാവ്യമാണ് പ്രസ്തതകൃതി. അപൂര്ണ്ണാവസ്ഥയില് ഇരിക്കുന്ന ആ കാവ്യം തന്നെയാണ് മുസ്തിന്റെ വാങ്മയങ്ങളില് പ്രഥമഗണനയ്ക്ക് അര്ഹമായിട്ടുള്ളത്. ഒരു സര്ഗ്ഗം ചിത്രശ്ശലോകഘടിതമാണ്.
വെള്ളാനശ്ശേരി വാസ്സുണ്ണിമുസ്സതു് ഇതു വൃത്തശാസ്ത്രം സംബന്ധിച്ചുള്ള ഒരു ഗ്രന്ഥമാണ്. പ്രസ്തതമാലയില് 13 രത്നങ്ങള് ഘടിപ്പിച്ചിരിക്കുന്നു. ലക്ഷണനിര്വചനം ഗദ്യംകൊണ്ടും ഉദാഹരണപ്രദര്ശനം പദ്യംകൊണ്ടുമാണ് നിര്വഹിച്ചിരിക്കുന്നത്.
കെ.സി. നാരായണന്നമ്പിയാര് ഉദയാലങ്കാരത്തില് പ്രതിപാദ്യമെന്തെന്നു മുന് സുചിപ്പിച്ചുകഴിഞ്ഞു. ഗതാനുഗതികന്യായേന നായകനായ ഉദയവര്മ്മതന്പുരാനേയും മറ്റും ഉദാഹരണഗശ്ശോകങ്ങളില് വര്ണ്ണിക്കുന്ന ആ അലങ്കാരഗ്രന്ഥം അനനചിത്യജടിലമാണ്. പക്ഷേ അത്തരത്തിലുള്ള ലക്ഷണങ്ങളെല്ലാമൊപ്പിച്ച് ഒരു ശാസ്തപുസ്തകം നിര്മ്മിക്കണമെങ്കില് അതല്ലാതെ മാര്ഗ്ഗവുമില്ല. അതില് ശ്ലോകങ്ങളെല്ലാം നമ്പിയാരുടേതു തന്നെയാണ്. മൂകാംബാസ്തോത്രത്തിലെ ചില പദ്യങ്ങള് ആ കൂട്ടത്തില് കാണ്മാനുണ്ട്. എന്നാല് ലക്ഷണവിവരണ വിഷയത്തില് അദ്ദേഹത്തിന് ഉദയവര്മ്മസദസ്സിലെ മറ്റു ചില പണ്ഡിതന്മാരുടെ സാഹായമുണ്ടായിരുന്നു എന്ന് അനുമാനിക്കുന്നതില് അപാകമില്ല. നമ്പിയാര്ക്കു ശാസ്ത്ര വ്യല്പത്തി എത്രമാത്രമുണ്ടായിരുന്നു എന്നു നാം കണ്ടുവല്ലോ.
അന്തവും ചന്തവുമില്ലാതെ അനേകം ഭാഷാനാടകങ്ങള് കേരളത്തില് എങ്ങും തല പൊക്കിത്തുടങ്ങിയപ്പോള് ആ ദുഷിച്ച സാഹിത്യത്തിന് അവസാനമുണ്ടാക്കുന്നതിനുവേണ്ടി കവി രചിച്ചതാണ് ചക്കീചങ്കരം. പുളിച്ചിങ്ങോത്ത് അമ്മുണ്ണിയമ്മ എന്ന പേരില് കവി അത് 169 കന്നിയില് പ്രസിദ്ധീകരിച്ചു. പി.രാമക്കുറുപ്പ് അതേ ഉദ്ദേശത്തോടുകൂടി ഉണ്ടാക്കിയ ചക്കിചങ്കുരത്തെ തെക്കനെന്നും ഇതിനെ വടക്കനെന്നും പറഞ്ഞുവരുന്നു. നമ്പിയാരുടെ നാടകത്തിലെ നായിക ചക്കിയും നായകന് ചങ്കരച്ചാരുമാണ്. ഇണ്ഠിണ്ഠീംനായ്ക്കരബ്ഭന് പ്രതിനായകനും. ഇതില് അവതാരികയുടെ തലക്കെട്ട് “ഒരു പൊടിക്കയ്യ്” എന്നാണ്,
കെ.സി. നാരായണന്നമ്പിയാര് ഇതും നാടകകൃത്തകളേയും നോവലെഴുത്തുകാരേയും പരിഹസിക്കുവാന്വേണ്ടി 1071-ല് എഴുതിയ ഒരു കൃതിയാണ്. ഇതില് പ്രസ്താവന മാത്രമേയുള്ളു.
നമ്പിയാരുടെ സകല കൃതികളിലുംവച്ച് ഉത്തമമായി എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത് ഈ കാവ്യമാണ്. 1092-ല് ചന്ദ്രോത്തു കുഞ്ഞിക്കമ്മാരന് നമ്പിയാരുടെ അപേക്ഷയനുസരിച്ചു രചിച്ച പ്രസ്തതകൃതി വടക്കേ മലബാറിലെ നായര്കുടുംബങ്ങളില് അക്കാലത്തു നടപ്പിലിരുന്ന താലികെട്ടുകല്യാണത്തിന്റെ അര്ത്ഥശുന്യതയെ വിശദീകരിക്കുന്നതിനും അതിന്റെ കാലോചിതമായ പരിഷ്ഠാരത്തിന് അനുവാചകന്മാരെ പ്രേരിപ്പിക്കുന്നതിന്നും പ്രയോജകീഭവിച്ചു. ഏതു ഭാഷാകവിയുടെ എത്ര അധുരമായ കാവ്യത്തോടും കിടനില്ക്കുന്നതുവേണ്ട ഗുണപഷ്കല്യം അതിനുണ്ട്.
ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ ഏ. ആറിന്റെ സംസ്കൃതകാവ്യങ്ങളിൽവെച്ചു് എന്നെ സവിശേഷം ആനന്ദിപ്പിച്ചിട്ടുള്ള ഒരു കൃതിയാണ് വിടവിഭാവരി. രാധാമാധവന്മാരുടെ സമാഗമത്തെ ഓരോ യാമത്തിനു് ഓരോ സർഗ്ഗം എന്ന കണക്കിൽ നാലുസർഗ്ഗങ്ങളിലായി വണ്ണിക്കുന്ന ആ ശൃംഗാരകാവ്യത്തിനു മാവേലിക്കര ഉദയവർമ്മതമ്പുരാൻ ബി.എ. ചന്ദ്രിക എന്ന പേരിൽ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ട്. ആ വ്യാഖ്യാനം കവി തന്നെ പരിശോധിച്ചിരിക്കാൻ ഇടയുള്ളതായിത്തോന്നുന്നു. വ്യാകരണം, കോശം തുടങ്ങിയ ഗ്രന്ഥസമുച്ചയങ്ങളിൽ അദ്ദേഹത്തിനുള്ള അപാരമായ വിജ്ഞാനം പ്രസ്തുതകാവ്യത്തിൽ അങ്ങിങ്ങു സ്പഷ്ടമാക്കീട്ടുണ്ടെങ്കിലും മധുരകോമളകാന്തപദാവലി കൊണ്ടുതന്നെയാണു് അതു് ആദ്യന്തം ഘടിതമായിരിക്കുന്നതു്.
ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ ആംഗലസാമ്രാജ്യം 23 സർഗ്ഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു മഹാകാവ്യമാകുന്നു. കൊല്ലവർഷം 1072-ൽ വിക്ടോറിയാ ചക്രവത്തിനിയുടെ വജ്രജുബിലി മഹോത്സവം സമാഗതമായപ്പോൾ കോയിത്തമ്പുരാനു ബ്രിട്ടീഷുകാരുടെ ഭാരതീയഭരണത്തെ അധികരിച്ചു് ഒരു മഹാകാവ്യം രചിക്കണമെന്നു് ആഗ്രഹമുണ്ടായി. ജൂബിലിക്കു് ഏകദേശം മുന്നാഴ്ചയ്ക്കു മുൻപു് ആ ഗ്രന്ഥം ആരംഭിക്കുകയും രണ്ടു കൊല്ലവും ഏതാനും ദിവസവും കൊണ്ടു് അവസാനിപ്പിക്കുകയും ചെയ്തു. 1076-ൽ റ്റി. ഗണപതിശാസ്ത്രികളുടെ ടിപ്പണിയോടുകൂടി പ്രസിദ്ധീകരിച്ചു. ലണ്ടൻ നഗരത്തിന്റെ വിസ്തൃതമായ വണ്ണനത്തോടുകൂടിയാണു് കാവ്യം തുടങ്ങുന്നതു്. വിക്ടോറിയ ചക്രവത്തിനീപദം സ്വീകരിച്ചു ഭാവിഭാരത ഭരണപരിപാടി ഒരു വിളംബരംമൂലം പ്രഖ്യാപനം ചെയ്യുന്നതുവരെയുള്ള വൃത്താത്തങ്ങൾ 22-ാം സർഗ്ഗം സമാപ്തമാകുന്നതുവരെയുള്ള ഭാഗത്തിലും അതിനുശേഷം വജ്രജുബിലിമഹോത്സവത്തിന്റെ ആഘോഷങ്ങൾ വരെയുള്ള സംഭവങ്ങൾ ചുരുക്കി ഒടുവിലത്തെ സർഗ്ഗത്തിലും പ്രതിപാദിച്ചിരിക്കുന്നു. രണ്ടാം സർഗ്ഗത്തിൽ ഹിന്ദു-മുഹമ്മദീയഭരണ കാലങ്ങളിലെ ചരിത്രം സംഗ്രഹിച്ചിട്ടുണ്ട്. പതിനൊന്നാം സർഗ്ഗത്തിൽ ടിപ്പുസുൽത്താന്റെ കേരളാക്രമണം സവിസ്തരമായി വണ്ണിച്ചിരിക്കുന്നു. അതു സ്വദേശാഭിമാനത്താൽ പ്രേരിതനായ കവിയുടെ കർത്തവ്യമാണല്ലോ. ഇരുപതാം സർഗ്ഗം യമകാലംകൃതമായി കാണുന്നു.
ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ ഭാഷാകുമാരസംഭവത്തിൽ “രതിവിലാപം” എന്ന ചതുർത്ഥസർഗ്ഗം വിട്ടു് ആദ്യത്തെ എട്ടുസർഗ്ഗങ്ങളിൽ ബാക്കിയുള്ള ഏഴും തർജ്ജമചെയ്തിരിക്കുന്നു. അതിനുമേലുള്ള ഭാഗം കാളിദാസകൃതമല്ല. രതിവിലാപം അമങ്ഗലസൂചകമാണെന്നുള്ള വിശ്വാസത്താൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താറുമില്ല. അതുകൊണ്ടാണു് മുൻനിദ്ദേശിച്ച ഏഴു സർഗ്ഗങ്ങൾ മാത്രം വിവർത്തനം ചെയ്യാൻ ഇടവന്നതു്. 1069 ഇടവം 3-ാം൹ ആരംഭിച്ച ആ വ്യവസായം 1070 ഇടവം 26-ാം൹ പരിസമാപ്തിയെ പ്രാപിച്ചു. മേഘദൂതത്തിലെ രചനാവൈകല്യങ്ങൾ പലതും അതിലും ഉണ്ടായിരുന്നു എന്നു കവിക്കുതന്നെ അതിന്റെ അഞ്ചാം പതിപ്പു പ്രസിദ്ധീകരിച്ച 1091-ാമാണ്ടിനുമുൻപു ബോധ്യമായി എന്നു് ആ പതിപ്പിനു് എഴുതിയ മുഖവുരയിൽനിന്നു വെളിപ്പെടുന്നു.
ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ മലയവിലാസത്തിൽ രണ്ടു ഭാഗങ്ങളിലായി ഇരുപത്തിരണ്ടു ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. മലയപർവ്വതത്തിന്റെ വർണ്ണനമാണു് വിഷയം. ഇതു കവി എന്നെഴുതി എന്നു നിശ്ചയമില്ല. അതിലെ ചില ശ്ലോകങ്ങൾ ഭാഷാഭൂഷണത്തിൽ ഉദാഹരിച്ചു കാണുന്നതിനാൽ 1077-ാമാണ്ടിനു മുൻപാണെന്നു മാത്രം പറയാം. ഏ. ആറിന്റെ സംസ്കൃതകവിതയിലെ കല്പനാസുഭഗമായ കാവ്യരീതിയാണു മലയവിലാസത്തിൽ പ്രതിഫലിക്കുന്നതു്.
ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ ശ്രീമൂലംതിരുനാൾ മഹാരാജാവിന്റെ ഷഷ്ട്യബ്ദപൂർത്തി മഹോത്സവം 1093-ാമാണ്ടു് കന്നി മാസത്തിൽ സമാഗതമായപ്പോൾ കേരളത്തിലെ പല കവികളും തത്സംബന്ധമായി ഗ്രന്ഥങ്ങൾ എഴുതി അവിടത്തേക്കു് ഉപായനീകരിച്ചു. പ്രൊഫസർ കോയിത്തമ്പുരാൻ ആ അവസരത്തിൽ രചിച്ച ഒരു ദേവതാസ്തോത്രരൂപമായ കാവ്യമാണു് പ്രസാദമാല. പ്രസ്തുതമാലയിൽ വൈദികഗുച്ഛുകം, പൗരാണികഗുച്ചുകം, ആചാര്യപ്രാത്ഥന എന്നു മൂന്നു ഗുച്ഛുകങ്ങളും അവയിൽ ആദ്യത്തെ ഗുച്ഛകത്തിൽ പൃഥ്വീസ്ഥാനദേവതാപ്രാർത്ഥന, അന്തരീക്ഷ സ്ഥാനദേവതാപ്രാർത്ഥന, ദ്യുസ്ഥാനദേവതാപ്രാർത്ഥന എന്നു മൂന്നു സരങ്ങളും രണ്ടാമത്തേതിൽ സ്വസ്ഥാനദേവതാപ്രാർത്ഥന, ജ്യോതിർമ്മയദേവതാപ്രാർത്ഥന, അവതാരദേവതാപ്രാർത്ഥന എന്നു മൂന്നു സരാന്തരങ്ങളും അടങ്ങിയിരിക്കുന്നു. ഒടുവിലത്തെ ഗുച്ഛകത്തിൽ അവൈദികമതസ്ഥാപകന്മാരായ ബുദ്ധൻ, ജിനൻ, ക്രിസ്തു, മുഹമ്മദ് എന്നിവരുടെ അനുഗ്രഹത്തിനും കവി പ്രാർത്ഥിക്കുന്നുണ്ടു്. അനുസ്യൂതമായ ഒരു കഥാവസ്തവിന്റെ അഭാവം കവിത്വപ്രദർശനത്തിനു ബാധകമാകയാൽ അതിലേക്കു് അദ്ദേഹം ഉദ്യമിക്കുന്നില്ല.
ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ വലിയ കോയിത്തമ്പുരാന്റെ കേരളീയഭാഷാശാകുന്തളം തര്ജ്ജമയിൽ സംസ്കൃതപദപ്രയോഗം വളരെ അധികമായിപ്പോയി എന്ന കാരണത്താൽ രാജരാജവർമ്മകോയിത്തമ്പുരാൻ കുറേയധികം ഭേദങ്ങൾ വരുത്തി വീണ്ടും അതേപേരിൽത്തന്നെ അവിടുത്തേക്കൊണ്ടു പ്രസിദ്ധീകരിപ്പിച്ചു. മരുമകന്റെ പാാഠഭേദങ്ങൾ മുഴുവൻ മാതുലൻ സ്വീകരിച്ചില്ല. ഇരുകൂട്ടർക്കും അതു സമുചിതമായി തോന്നാത്തതിനാൽ മാതുലൻ അതുതന്നെ വീണ്ടും അല്പം പരിഷ്കരിച്ചു മണിപ്രവാളശാകുന്തളം എന്ന പേരിൽ 1087-ലും മരുമകൻ പുത്തനായി ഒരു തർജ്ജമ എഴുതിയുണ്ടാക്കി മലയാളശാകുന്തളം എന്ന പേരിൽ 1088-ലും പ്രചരിപ്പിച്ചു. ദാക്ഷിണാത്യപാഠമായിരുന്നു വലിയകോയിത്തമ്പുരാൻ പ്രായേണ അംഗീകരിച്ചിരുന്നതു്. എങ്കിലും ഔത്തരാഹപാഠത്തിന്റെ കലർപ്പുകൂടി അതിൽ അങ്ങിങ്ങു കാണാവുന്നതാണു്. അഭിരാമനാൽ ദർശിതമായ ശുദ്ധദാക്ഷിണാത്യപാഠത്തെ ആസ്പദമാക്കിയാണു് രാജരാജവർമ്മകോയിത്തമ്പുരാന്റെ പരിഭാഷയുടെ ഗതി. കാളിദാസന്റെ അഭിജ്ഞാനശാകുന്തളം അഭിരാമന്റെ മർമ്മസ്പൃക്കായ വ്യാഖ്യാനത്തോടുകൂടി ഏ. ആര്. തന്നെ 1088-ൽ പ്രകാശിപ്പിക്കുകയുണ്ടായി. ആ മുന്നു തർജ്ജമകളടേയും പ്രസാധകൻ തിരുവനന്തപുരത്തു ബി. വി. ബുക്കുഡിപ്പോ ഉടമസ്ഥൻ കുളക്കുന്നത്തു് എസ്. രാമൻമേനോനായിരുന്നു.
ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ ഭാഷയ്ക്കു സർവ്വസമ്മതവും സമ്പൂർണ്ണവുമായ ഒരു വ്യാകരണം നിർമ്മിക്കണമെന്നുള്ള ആഗ്രഹം കോയിത്തമ്പുരാനു് 1058-ൽ സർക്കാര് ഹൈസ്ക്കൂളിൽ അധ്യയനം ആരംഭിച്ചപ്പോൾത്തന്നെ അങ്കരിച്ചുകഴിഞ്ഞിരുന്നു. ആ ആഗ്രഹം സഫലമാക്കുന്നതിന്നുവേണ്ടി അന്നു നിലവിലിരുന്ന (1) ഗുണ്ഡർട്ടിന്റെ വ്യാകരണം, (2) ഗാർത്തുവെയിറ്റിന്റെ വ്യാകരണം ചോദ്യോത്തരം, (3) പീറ്ററിന്റെ വ്യാകരണം, (4) ഗീവറുഗീസ് മാത്തന്റെ വ്യാകരണം, (5) കോവുണ്ണിനെടുങ്ങാടിയുടെ കേരളകൗമുദി, (6) പാച്ചുമൂത്തതിന്റ വ്യാകരണം, എന്നീ പുസ്തകങ്ങൾ നിഷ്കർഷിച്ചു പഠിച്ചതിനുപുറമേ തമിഴുവ്യാകരണത്തിലും തെലുങ്കുവ്യാകരണത്തിലും കൂടി അത്യാവശ്യത്തിനുവേണ്ട അറിവു സമ്പാദിച്ചു. സൗകര്യം കിട്ടിയപ്പോൾ നവീനരീതിയിൽ ഒരു മലയാളവ്യാകരണം എഴുതിത്തുടങ്ങി. മറ്റു ജോലികൾക്കിടയിൽ നാലിലധികം സംവത്സരം വിനിയോഗിച്ചു് അതു പൂർത്തിയാക്കി; 1071-ൽ പ്രസിദ്ധീകരിച്ചു. തന്റെ വ്യാകരണഗുരുവായ വലിയകോയിത്തമ്പുരാന്നാണ് ആ ഗ്രന്ഥം സമർപ്പിച്ചതു്.
ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ കാരികാവൃത്ത്യാദ്യാത്മകമായി ആഗമികപ്രസ്ഥാനത്തിൽ കേരളപാണിനി രചിച്ച സർവ്വങ്കഷമായ ഒരു വ്യാകരണഗ്രന്ഥമാണു് 1092-ൽ മുദ്രിതമായ പ്രസ്തുത പുസ്തകം. അതിന്റെ മുഖവുരയിൽ ആചാര്യൻ ഇങ്ങനെ പറയുന്നു. ആഭ്യൂഹികവ്യാകരണം രാജാധിപത്യത്തിന്റെയും ആഗമികവ്യാകരണം പൗരാധിപത്യത്തിന്റെയും സ്ഥാനം വഹിക്കുന്നു. ആകൃതിയിലും പ്രകൃതിയിലും മാത്രമല്ല, വേഷത്തിലും വിഷയത്തിലും കൂടി കേരളപാണിനീയത്തിന്റെ മുദ്രണത്തിൽ പറയത്തക്ക ഭേദഗതികൾ ചെയ്യേണ്ടിവന്നിട്ടുണ്ടു്. അഹർമ്മാനവും യോഗ്യാദിയും എല്ലാം കഴിച്ചാൽ കേരളപാണിനീയം എന്ന പേര് മാത്രമേ ശേഷിക്കയുള്ള. അതിനാൽ പ്രകൃതപുസ്തകം 1071-ൽ പ്രസിദ്ധപ്പെടുത്തിയ കേരളപാണിനീയത്തിന്റെ രണ്ടാം പതിപ്പാണെന്നു പറഞ്ഞറിയിക്കതന്നെ വേണ്ടിയിരിക്കുന്നു!” അതിന്റെ ആരംഭത്തിൽ എഴുതിച്ചേത്തിട്ടുള്ള ദീർഘമായ പീഠിക അദ്ദേഹത്തിന്റെ ധിഷണാസമ്പത്തിനെയും പാണ്ഡിത്യപൗഷ്കല്യത്തെയും പ്രഖ്യാപനം ചെയ്യുന്നു. പുതിയ കേരളപാണിനീയത്തിന്റെ ബഹുമുഖങ്ങളായ വൈശിഷ്ഠ്യങ്ങളെപ്പറ്റി നാമനിർദ്ദേശം ചെയുന്നതിനുപോലും സ്ഥലം അനുവദിക്കുന്നില്ല. മറ്റൊരു പുസ്തകം അതുപോലെ എഴുതുവാൻ യാതൊരു ഭാഷാപണ്ഡിതനും നാളതുവരെ ഉദ്യമിച്ചിട്ടില്ലെന്നുള്ളതുതന്നെ അതിന്റെ അന്യാദൃശമായ മഹിമയ്ക്കു നിദർശനമാകുന്നു.
ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ കേരളപാണിനീയത്തിൽ സംസ്കൃതവ്യാകരണത്തിലെ വിഷയങ്ങൾ പ്രതിപാദിച്ചിട്ടില്ലെന്നു പറഞ്ഞുവല്ലോ. സംസ്കൃതവ്യാകരണത്തിന്റെ ഒരു സ്ഥൂലമായ ജ്ഞാനമെങ്കിലും ഇല്ലാതെ മണിപ്രവാളകവിത ശരിക്കു് ആസ്വദിക്കുവാൻ സാധിക്കുന്നതല്ല എന്നുള്ളതിനുപുറമേ, ഏതെങ്കിലും ഒരു പുതിയ അർത്ഥത്തെ കുറിക്കുന്നതിനു് ഒരു പുതിയ ശബ്ദം ആവശ്യപ്പെട്ടാൽ അതിനു സംസ്കൃതത്തെ ആശ്രയിക്കാതെ ഗത്യന്തരമില്പാത്തതും, അതു സുശബ്ദമായിരിക്കണമെങ്കിൽ കൃത്തദ്ധിതാദിപ്രകരണങ്ങളിൽ പ്രയോക്താവിനു സാമാന്യ പരിചയമെങ്കിലും ഉണ്ടായിരിക്കേണ്ടതുമാണു്. ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്കു സംസ്കൃതവ്യാകരണത്തിന്റെ ഒരു ലഘുവായ പരിചയം സമ്പാദിക്കുന്നതിനു പ്രവേശികാരൂപത്തിൽ കാരികാവൃത്ത്യാത്മകമായ മലയാളത്തിൽ രചിച്ചിട്ടുള്ള ഒരു ഗ്രന്ഥമാണു് മണിദീപിക. ‘മണിപ്രവാള’ ശബ്ദത്തിലെ മണിക്കു സംസ്കൃതം എന്നാണല്ലോ അർത്ഥം. മണിക്കു ദീപിക സ്ഥാനീയമാകുക നിമിത്തം പ്രസ്തുത പുസ്തകത്തിനു മണിദീപിക എന്ന സംജ്ഞ അർത്ഥവത്തായിരിക്കുന്നു.
ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ ഭാഷാഭൂഷണം ഭാഷയിൽ സാഹിത്യശാസ്ത്രത്തിലെ മിക്ക വിഷയങ്ങളേയും സ്പർശിക്കുന്ന ഒരു അലങ്കാരഗ്രന്ഥമാണു്. അതു കോളേജുവിദ്യാർത്ഥികളുടെ ആവശ്യത്തെ പുരസ്കരിച്ചു് എഴുതീട്ടുള്ളതുതന്നെ. അലങ്കാരപ്രകരണം, ദോഷപ്രകരണം, ഗുണപ്രകരണം, ശബ്ദാർത്ഥപ്രകരണം, ധ്വനിപ്രകരണം, ഗുണീഭൂതവ്യംയംഗ്യപ്രകരണം എന്നിങ്ങനെ ആറു പ്രകരണങ്ങൾ ഉൾപ്പെടുത്തീട്ടുണ്ടു്. നായകപ്രകരണം, നാടകപ്രകരണം, ഇത്യാദികൾ വിട്ടിരിക്കുന്നു. സംസ്കൃതത്തിലുള്ള എല്ലാ അലങ്കാരഗ്രന്ഥങ്ങളേയും പരിശോധിച്ചു് ഓരോ അംശത്തിൽ ഓരോ പൂർവ്വാചാര്യന്മാരുടെ മതം അംഗീകരിച്ചിട്ടുണ്ട്. “അർത്ഥാലങ്കാരങ്ങളെ അതിശയോക്തി, സാമ്യോക്തി, ശ്ലേഷോക്തി, വാസ്തവോക്തി എന്നു നാലിനങ്ങളായി പിരിച്ചിരിക്കുന്നതു കാവ്യാലങ്കാരകാരനായ രുദ്രടന്റെ സിദ്ധാന്തമനുസരിച്ചാകുന്നു. അവയുടെ സംഖ്യ ചുരുക്കിയതിൽ അലങ്കാരശേഖരകാരനായ കേശവമിത്രന്റെ പക്ഷത്തെ അനുകരിച്ചിരിക്കുന്നു. അങ്ങനെ പലരോടും കടപ്പെട്ടിട്ടുണ്ടെങ്കിലും ഏതാനും ചിലേടത്തു സ്വന്തമതംതന്നെ സ്ഥാപിക്കേണ്ടതായും വന്നിട്ടില്ലെന്നില്ല. ഭാഷാഭേദം മറ്റുചില ദിക്കുകളിൽ ഭേദഗതികൾക്കു കാരണമായിത്തീർന്നിട്ടുണ്ടു്. സംസ്കൃതത്തിൽ മാത്രം സംഭവിക്കുന്ന ചില ദോഷങ്ങളേയും മറ്റും ഉപേക്ഷിക്കുകയും സംസ്കൃതത്തിലില്ലാതെ ഭാഷയ്ക്കുമാത്രം വരുന്ന മറ്റു ചിലതുകളെ പുതുതായി കല്പിക്കുകയും ചെയ്തിരിക്കുന്നു” എന്നു ഗ്രന്ഥകാരൻ ചുണ്ടിക്കാണിക്കുന്നു. ആകെക്കൂടി നോക്കുമ്പോൾ ആചാര്യന്റെ ഉദ്ദേശം ഫലിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികളുടെ ആവശ്യത്തിനു ഭാഷാഭൂഷണം ഒരുവിധമെല്ലാം മതിയാകുന്നതാണെന്നും പറയാം. സംപൂർണ്ണമായ ജ്ഞാനം സമ്പാദിക്കണമെങ്കിൽ സംസ്കൃതത്തിലെ സാഹിത്യശാസ്ത്രപ്രതിപാദകങ്ങളായ ഉപരിഗ്രന്ഥങ്ങൾതന്നെ പഠിക്കേണ്ടതാണെന്നു പറയേണ്ടതില്ലല്ലോ.
ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ ഭാഷയിൽ സർവ്വസ്പർശിയായ ഒരു വൃത്തശാസ്ത്രഗ്രന്ഥം വൃത്തമഞ്ജരി മാത്രമേയുള്ള. അതിന്റെ മുഖവുരയിൽ ആചാര്യൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “ഭാഷാഭൂഷണം പോലെ വൃത്തമഞ്ജരിയും ക്ലാസ്സിലെ ഉപയോഗത്തിനുവേണ്ടി എഴുതിയിരുന്ന നോട്ടുകളിൽ പോരാത്ത ഭാഗം ചേർത്തു പുസ്തകാകൃതിയിൽ വരുത്തീട്ടുള്ളതാകുന്നു… ഈ പുസ്തകത്തിൽ വിശേഷമായി ഒന്നു ചെയ്തിട്ടുള്ളതു ഭാഷാവൃത്തങ്ങൾക്കു സംജ്ഞാലക്ഷണകല്പനയാകുന്നു. സംസ്കൃതത്തിലെപ്പോലെ ഭാഷയിൽ ഗണ്യമായ വൃത്തശാസ്ത്രം ഇതേവരെ ആരും ഏർപ്പെടുത്തിക്കണ്ടില്ല… പ്രാചീനന്മാര് സംജ്ഞകൾ ചെയ്തിടത്തു് അതുകളെത്തന്നെ സ്വീകരിച്ചും, ഇല്ലാത്തിടത്തു പുതിയ സംജ്ഞകളെ സൃഷ്ടിച്ചുമാണു് ഇതിൽ ഭാഷാവൃത്തപ്രകരണം എഴുതീട്ടുള്ളതു്.”
ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ സാഹിത്യയസാഹ്യവും ഭാഷാഭൂഷണംപോലെ ഭാഷാപോഷണത്തിനു പ്രയോജകീഭവിക്കുന്ന ഒരു ശാസ്ത്രഗ്രന്ഥമാകുന്നു. കൊച്ചി രാമവർമ്മ അപ്പൻതമ്പുരാൻ അതിന്റെ അവതാരികയിൽ പറയുന്നതുപോലെ “കേരളപാണിനീയം ശബ്ദനിയമങ്ങളെ സ്ഥാപിച്ചു. പദ്യകൃതികളെ നിയമനംചെയ്തുകൊണ്ടു ഭാഷാഭൂഷണം പിൻതുടർന്നു… സാഹിത്യസാഹ്യംകൊണ്ടു ഗദ്യകൃതികൾക്കും പുരോഗതിയുണ്ടായി.” സാഹിത്യത്തിന്റെ പുറമേയുള്ള വേഷത്തെ ആസ്പദമാക്കി ഗദ്യം, പദ്യം, മിശ്രം എന്നു മൂന്നായിട്ടും, ഉദ്ദേശ്യത്തിന്റെ സ്വഭാവമനുസരിച്ച് ഉപദേശം, വിനോദം എന്നു രണ്ടായിട്ടും, രൂപം പ്രമാണിച്ചു്, ആഖ്യാനം, വർണ്ണനം, വിവരണം, ഉപപാദനം എന്നു നാലായിട്ടും വിഭജിച്ചു സാഹിത്യത്തിന്റെ സ്വരൂപം ഗ്രന്ഥകാരൻ ആദ്യമായി കാണിച്ചതിനുമേൽ ഗദ്യശാഖയെ സംബന്ധിച്ചിടത്തോളം ഈ നാലു രൂപങ്ങളേയും പ്രപഞ്ചനം ചെയ്യുന്നു. ഇതു പൂർവ്വഭാഗത്തിലെ പ്രതിപാദ്യമാണു്. കൃതിപ്രണയനം എന്ന ഉത്തരഭാഗത്തിൽ പദം, വാക്യം, ഖണ്ഡിക എന്നിങ്ങനെ കെട്ടിച്ചമയ്ക്കുവാനുള്ള മൂന്നു സാധനങ്ങളിൽ ഓരോന്നിനേയും സംബന്ധിച്ചു് എല്ലാവരും അറിഞ്ഞിരിക്കേണ്ടതും എന്നാൽ പലക്കും അറിവില്ലാത്തതുമായ പല ശുദ്ധിനിയമങ്ങളേയും വിവരിച്ചിരിക്കുന്നു. നല്ല ഗദ്യകാരന്മാരാകണമെന്നു് ആഗ്രഹിക്കുന്നവര് സാഹിത്യസാഹ്യം നിഷ്കർഷിച്ചു പഠിക്കുകയും അതിൽ നിർദ്ദിഷ്ടങ്ങളായ വ്യവസ്ഥകൾ ആകുന്നിടത്തോളം അനുസരിക്കുകയും ചെയ്യേണ്ടതാണു്. പ്രകൃതഗ്രന്ഥത്തിന്റെ നിർമ്മിതിയിൽ പ്രൊഫസര് കോയിത്തമ്പുരാൻ വിശിഷ്യ അനുമോദനീയനാകുന്നു. എന്തുകൊണ്ടെന്നാൽ അത്തരത്തിൽ ഒരു ഗ്രന്ഥം മാർഗ്ഗദർശകമായി അക്കാലത്തുണ്ടായിരുന്നില്ലല്ലോ. “ഇംഗ്ലീഷ് സാഹിത്യശാസ്ത്രകാരന്മാര് ചെയ്തിട്ടുള്ള വ്യവസ്ഥകളിൽ സ്വഭാഷയ്ക്കു യോജിക്കുന്നിടത്തോളം ഭാഗം അതേവിധം പകർത്തുകയും, ആ ഛായ പിടിച്ചു ചിലതു യഥാമതി കൂട്ടിച്ചേർക്കകയും” ആണു് ഗ്രന്ഥകാരൻ ചെയ്തിട്ടുള്ളതു്. അതു് ഏറ്റവും ക്ലേശസാധ്യമായ ഒരു പ്രയത്നമാണെന്നു പറയേണ്ടതുണ്ടെന്നു തോന്നുന്നില്ല. ഇംഗ്ലീഷുകാരുടെ മാനദണ്ഡംകൊണ്ടു പ്രാസംഗികമായി ഭാരവിപ്രമുഖന്മാരായ സംസ്കൃതമഹാകവികളെ തുലനം ചെയ്തിട്ടുള്ളതു സ്ഥാനസ്ഥമാണെന്നു സമർത്ഥിക്കുവാൻ പ്രയാസമുണ്ടു്.
കെ. സി. കേശവപിള്ള പുത്തൻ ഭജനകീത്തനങ്ങൾ എന്നു കൂടി പേരുള്ള സ്തവരത്നാവലിയിൽ രണ്ടു ഹാരാവലികൾ അടങ്ങീട്ടുണ്ട്. ശ്രീരാമൻ, ശ്രീകൃഷ്ണൻ, ദുർഗ്ഗ തുടങ്ങിയ ദേവതകളെ ഏറ്റവും മനോമോഹനങ്ങളായ ഗാനങ്ങളിൽ കവി സ്തോത്രം ചെയ്യുന്നു. കവിയുടെ പാണ്ഡിത്യ പാരീണതയ്ക്കു മൂർദ്ധാഭിഷിക്തോദാഹരണങ്ങളായ ചില വന്ദനശ്ലോകങ്ങളും ഗ്രന്ഥാരംഭത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. അവയിൽ ചില ശ്ലോകങ്ങൾ ശബ്ദചിത്രങ്ങളാണു്. തമിഴുപാട്ടുകളെ അനുകരിച്ചു ‘കൊഞ്ചമേ’ “എന്റു” മുതലായി അപൂർവ്വം ചില തമിഴുവാക്കുകളം ഇടകലർത്തിയിരിക്കുന്നു.
കെ. സി. കേശവപിള്ള മേല്പത്തൂര് നാരായണ ഭട്ടതിരിയുടെ നാരായണീയം ഭാഷാന്തരീകരിക്കുവാൻ ഒരു കവിക്കു സമഗ്രങ്ങളായ ശക്തിനൈപുണ്യാഭ്യാസങ്ങൾക്കു പുറമേ ഭക്തിപ്രാചുര്യത്തിൽനിന്നും പരോപകാരപ്രവണതയിൽനിന്നും ജനിക്കുന്ന മനോനിശ്ചയവും ആവശ്യമുണ്ടു്. മൂലത്തിന്റെ ഗാംഭീര്യസാരങ്ങളെപ്പറ്റി ചിന്തിക്കുമ്പോൾ അത്ര വളരെ ക്ലേശാവഹമാണു് ആ സാഹിതീവ്യവസായം. കേശവപിള്ളയുടെ കേരളീയഭാഷാനാരായണീയം ആ സ്തോത്രരത്നതത്തിന്റെ ആദ്യത്തെ ഭാഷാനുവാദമാണെന്നുമാത്രമല്ല, മറ്റൊരു തര്ജ്ജമകൂടി പിന്നീടും ആവിർഭവിച്ചിട്ടുണ്ടെങ്കിലും അതിനെക്കാൾ പതിന്മടങ്ങു വിശിഷ്ടവുമാണു്. രചനയിൽ വന്നിട്ടുള്ള ന്യൂനതകളെ തന്നിമിത്തം അത്ര കാര്യമായി വിചാരിക്കുവാനില്ല.
കെ. സി. കേശവപിള്ള ശ്രീ കൃഷ്ണൻ രുക്മിണിയുടേയും ഗരുഡന്റേയും അഹങ്കാരത്തെ ശമിപ്പിക്കുന്നതാണ് രാഘവമാധവത്തിലെ പ്രതിപാദ്യം. ഭാഗവതാന്തർഗ്ഗതമായ ആ ഉപാഖ്യാനംകൊണ്ടു പല കവികളും കൈകാര്യം ചെയ്തിട്ടുണ്ടു്. വറുഗീസുമാപ്പിളയുടെ ദർപ്പവിച്ഛേദം ആട്ടക്കഥയിലെ കഥാവസ്തുവും അതുതന്നെയാണെന്നു വായനക്കാരെ ഗ്രഹിപ്പിച്ചിട്ടുണ്ടല്ലോ. രണ്ടാമത്തെ പതിപ്പിൽ കേശവപിള്ള അഭിനേതാക്കളുടെ രുചിയനുസരിച്ചു സംഗീതനാടകമായി രൂപഭേദപ്പെടുത്തി അതിനു സംഗീതരാഘവമാധവം എന്നു പേരു കൊടുത്തു.
കെ. സി. കേശവപിള്ള ഇതും രാഘവമാധവംപോലെ അഞ്ചങ്കത്തിലുള്ള ഒരു നാടകമാണു്. ഇതിവൃത്തം പ്രഖ്യാതമല്ലാത്തതിനാൽ കൂടുതൽ ആകർഷകമാണു്. കാലോചിതങ്ങളായ സമുദായപരിഷ്കാരപദ്ധതികളെ സ്വാഗതം ചെയ്യുന്നതിൽ കവി ശ്രദ്ധാലുവായിരുന്നു. കൊച്ചുകുഞ്ഞുപിള്ള തന്റെ പുത്രിയായ ഗൌരിയെ അനന്തരവനായ കൃഷ്ണപിള്ളയെക്കൊണ്ടു വിവാഹം ചെയ്യിക്കണമെന്നു നിശ്ചയിക്കുന്നു. പരിഷ്കൃതഹൃദയനായ കൃഷ്ണപിള്ളയ്ക്കു് അനഭ്യസ്തവിദ്യയായ ഗൗരിയിൽ അനുരാഗമില്ല; അദ്ദേഹം പിച്ചകശ്ശേരി കൊച്ചുലക്ഷ്മി എന്ന യുവതിയിൽ ആകൃഷ്ടനാകകയും ഒടുവിൽ കൊച്ചുകുഞ്ഞുപിള്ളതന്നെ ആ വിവാഹത്തിനു സമ്മതം നല്കുകയും ചെയ്യുന്നു. പ്രശ്നം, ശകുനം, മന്ത്രവാദം ഇവയിലുള്ള അന്ധവിശ്വാസത്തെ കവി പ്രാസങ്ഗികമായി നിശിതരീതിയിൽ അവഹേളനം ചെയുന്നു. ഏട്ടൻതമ്പുരാന്റെ തര്ജ്ജമയിൽ കൃഷ്ണപിള്ള ബാലകൃഷ്ണമേനോനും കൊച്ചുലക്ഷ്മി ബാലലക്ഷ്മിയും മറ്റുമായി മാറീട്ടുണ്ടു്.
കെ. സി. കേശവപിള്ള തമിഴുനാടകക്കാര് അഭിനയിക്കാറുള്ള കഥകളിൽ അതിപ്രധാനമായ ഒരു സ്ഥാനം സദാറാംചരിത്രത്തിനുണ്ട്. ആ കഥയിൽ ചില പരിഷ്കാരങ്ങൾ വരുത്തി, കേരളീയർക്കു രുചിക്കുന്ന വിധത്തിൽ അഞ്ചങ്കങ്ങളിൽ ഓരോന്നിലും രങ്ഗവിഭജനംചെയ്തു രചിച്ചിട്ടുള്ള ഒരു നാടകമാണു് സദാരാമ. അതിന്റെ മുഖവുരയിൽ കവി ഇങ്ങനെ പ്രസ്താവിക്കുന്നു. “ഇതിൽ ശ്ലോകങ്ങളെക്കാൾ ഗാനങ്ങളെയാണു് ഞാൻ അധികമായി ചേർത്തിട്ടുള്ളതു്. അഭിനയത്തിൽ ശ്ലോകങ്ങളേയോ ഗാനങ്ങളേയോ സങ്ഗീതരീത്യാ പ്രയോഗിക്കുമ്പോഴം രങ്ഗസ്ഥിതന്മാര് സങ്ഗീതരസത്തിൽ മുഴുകിപ്പോകുന്നതിനാൽ അവക്കു കഥാബന്ധത്തെക്കുറിച്ചുള്ള പര്യാലോചനയും തജ്ജന്യമായ സാക്ഷാൽ നാടകീയരസത്തിന്റെ അനുഭവവും ഉണ്ടാകുന്നില്ലെന്നു് ഒരഭിപ്രായമുണ്ട്. വാസ്തവത്തിൽ സ്വരവൈചിത്ര്യങ്ങളെ പ്രദർശിപ്പിക്കാനായി ഗാനാംശങ്ങളെ ക്രമത്തിലധികം ആവർത്തിക്കുന്ന ഭാഗവതര് മറ്റു നാടകാഭിനയത്തിൽ കഥയുടെ രസധാരയ്ക്കു വിച്ഛേദം വരുത്തുന്നതാകയാൽ ത്യാജ്യം തന്നെയാകുന്നു. എന്നാൽ സങ്ഗീതത്തിലും സാഹിത്യത്തിലും വൈദുഷ്യവും ഒചിത്യബോധവുമുള്ള ‘സമർത്ഥനായ’ ഒരു നടനു സങ്ഗീതസാഹിത്യരസങ്ങളെ ക്ഷീരനീരന്യായേന യോജിപ്പിച്ചു തദുഭയ രസികന്മാരെ ഏകകാലത്തിൽത്തന്നെ ആസ്വദിപ്പിക്കുവാൻ കഴിയുമെന്നാണു് എന്റെ അഭിപ്രായം.” ഈ അഭിപ്രായമനുസരിച്ചാണു് കവി പ്രസ്തുത ദൃശ്യകാവ്യം നിബന്ധിച്ചിരിക്കുന്നതു്. സദാരാമയ്ക്കു വളരെ വേഗത്തിൽ പൊതുജനങ്ങളുടെ ഹൃദയപൂർവ്വമായ അഭിനന്ദനം സിദ്ധിച്ചു. അതിലെ ചില പാട്ടുകൾ അക്ഷരജ്ഞാനമില്ലാത്ത ഗ്രാമീണര്പോലും മൂളിപ്പാടി ആനന്ദിച്ചു. ഒട്ടു വളരെ പ്രതികൾ ഏഴെട്ടു കൊല്ലങ്ങൾക്കിടയിൽ വിറ്റഴിഞ്ഞു. വാസ്തവത്തിൽ സദാരാമയിലെ ഗാനങ്ങൾ എല്ലാംതന്നെ മനോഹരങ്ങളാകുന്നു. അതെഴുതുന്ന കാലത്തു് അപരിമേയമായ വാസനാവൈഭവംകൊണ്ടും അനേകം ഭാഗവതരന്മാരുമായുള്ള സമ്പർക്കംകൊണ്ടും ഒരു ഗാനസാഹിത്യകാരൻ എന്ന നിലയിൽ കവി എത്രമാത്രം സമുന്നതിയെ പ്രാപിച്ചുകഴിഞ്ഞിരുന്നു എന്നു ഭാവുകന്മാക്ക് അനുമാനിക്കാവുന്നതാണു’.
കെ. സി. കേശവപിള്ള സുഭാഷിതരത്നാകരത്തിൽ രണ്ടു പ്രകരണമങ്ങൾ അടങ്ങിയിരിക്കുന്നു. വിഷയങ്ങൾ അകാരാദിക്രമത്തിലാണു് രണ്ടിലും വിഭജിച്ചിരിക്കുന്നതു്. ‘ചില നീതിവാക്യങ്ങൾ’ എന്ന തലക്കെട്ടിൽ കേശവപിള്ള അനേകം സദാചാരപദ്യങ്ങൾ ഭാഷാപോഷിണിയിൽ എഴുതിക്കൊണ്ടിരുന്നു. സംസ്കൃതത്തിൽനിന്നും ഇംഗ്ലീഷിൽനിന്നും തർജ്ജമ ചെയ്തിട്ടുള്ള ശ്ലോകങ്ങൾക്കുപുറമേ ചില സ്വകീയങ്ങളായ ശ്ലോകങ്ങളും ഇതിൽ കാണാവുന്നതാണു്.
കെ. സി. കേശവപിള്ള ഏ. ആര്. രാജരാജവർമ്മകോയിത്തമ്പുരാന്റെ ആങ്ഗലസാമ്രാജ്യം മഹാകാവ്യത്തിന്റെ ഭാഷാനുവാദമാണു് ഈ കൃതി. കോയിത്തമ്പുരാന്നും കേശവപിള്ളയും തമ്മിൽ 1067-ലെ കവിസമാജസമ്മേളനത്തിൽവെച്ചുണ്ടായ പരിചയം ക്രമേണ രൂഢമൂലമായി സൗഹാർദ്ദാവസ്ഥയിൽ ഉയർന്നു. 1085-ലായിരുന്നു ഈ തർജ്ജമ അച്ചടിപ്പിച്ചുതു്. തർജ്ജമ നന്നായിട്ടുണ്ട്. നാരായണീയം വിവർത്തനം ചെയ്തുകഴിഞ്ഞപ്പോൾ സിദ്ധിച്ച പാടവം ഇതിന്റെ രചനയക്കു ധാരാളം പ്രയോജകീടവിച്ചിട്ടുണ്ട്.
കെ. സി. കേശവപിള്ള 1066-ൽ മനോരമയിൽ ആരംഭിച്ച ദ്വിതീയാക്ഷരപ്രാസവാദത്തെപ്പറ്റി ഞാൻ ഒന്നിലധികം ഘട്ടങ്ങളിൽ പ്രസ്താവിച്ചുകഴിഞ്ഞിട്ടുള്ളതിനാൽ അതിനെ വീണ്ടും വിസ്തരിക്കുന്നില്ല. ആ വാദത്തിനുമേൽ സ്വരവ്യഞ്ജനങ്ങൾക്കു് ഐകരൂപ്യം വരുത്തി ദ്വിതീയാക്ഷരപ്രാസം സ്വീകരിക്കുന്നതു ശ്രവണസുഖം നല്കുവാൻ സവിശേഷം പ്രയോജകീഭവിക്കുന്നതാണെന്നുള്ള വലിയ കോയിത്തമ്പുരാന്റെ മതം ഭൂരിപക്ഷം കവികളും അംഗീകരിക്കുകയും, “ദ്വിതീയാക്ഷരപ്രാസത്തെ ഭാഷാകവികൾ തങ്ങളുടെ കവിതാവനിതയ്ക്കു് ഒരു തിരുമംഗല്യമെന്നു വിചാരിച്ചു പോരുകയും ചെയ്യുന്നു. വേറേ അലങ്കാരങ്ങൾ എത്രതന്നെ ഇരുന്നാലും ദ്വിതീയാക്ഷരപ്രാസമില്ലെങ്കിൽ ശ്ലോകമേ അല്ല എന്നു കൂടി ശഠിക്കുവാൻ അവര് മടിക്കുന്നില്ല. ഈ നാലക്ഷരങ്ങളെ രക്ഷിക്കുവാൻവേണ്ടി കവികുഞ്ജരന്മാര് കാട്ടിക്കൂട്ടന്ന ഗോഷ്ടികൾ കാണുമ്പോൾ കോപത്തിലും തുലോം താപമാണുണ്ടാകുന്നതു്. ചിലർ യതികളെയെല്ലാം നിശ്ശങ്കം ഗളഹസ്തം ചെയ്യുന്നു; മറ്റു ചിലര് സാധുക്കളായ ശബ്ദങ്ങളുടെ കഴുത്തറുക്കുന്നു; എന്നുവേണ്ട കോലാഹലം പലതും കാണാം. ഈ പ്രാസത്തെ ഉപേക്ഷിച്ചാലല്ലാതെ നിരർത്ഥകശബ്ദപ്രയോഗം ഭാഷയിൽനിന്നു് ഒഴിഞ്ഞുനീങ്ങുന്നതല്ല” എന്നു് 1076-ൽത്തന്നെ ഏ. ആര്. രാജരാജവർമ്മ കോയിത്തമ്പുരാൻ ഭാഷാഭൂഷണത്തിൽ തദ്വിഷയകമായി ചെയ്തിരുന്ന നിശിതമായ വിമർശനം ദ്വിഃപ്രാസപക്ഷപാതികളായ ക്ഷുദ്രകവികളെമാത്രം ബാധിക്കുന്നതാകയാൽ ആ ഉപദേശം ശക്തിമാന്മാരുടെ വിഷയത്തിൽ കാര്യകാരിയല്ലെന്നു പ്രദർശിപ്പിക്കുകയും ചെയ്തു. 1083-ൽ കേശവപിള്ള രാജരാജവർമ്മകോയിത്തമ്പുരാന്റെ ആശയം വിശദീകരിക്കുന്നതിനു് ‘ഭാഷാകവിത’ എന്ന ഒരു ഉപന്യാസം തിരുവനന്തപുരം കാളേജുസമാജത്തിന്റെ ആ കൊല്ലത്തെ വാര്ഷികസമ്മേളനത്തിൽ അമ്മാവന്റെ അധ്യക്ഷതയിലും അനന്തരവന്റെ സന്നിധാനത്തിലും ഏഴുതി വായിക്കുകയും പിന്നീട് അതു ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിക്കുകയുംചെയ്തു. തത്സംബന്ധമായുള്ള വാക്കലഹം 1085-ൽ അവസാനിച്ചതിനുമേലാണു് കല്യാണദർപ്പണം രചിച്ചതു്. അതിൽ കേരളപ്രാസം എല്ലാ ശ്ലോകങ്ങളിലും പരിത്യജിച്ചിട്ടില്ല; പൂർവ്വകവികളാൽ ബഹുധാ ക്ഷുണ്ണമായ സ്യമന്തകോപാഖ്യാനത്തെ ഉപജീവിച്ചു പന്ത്രണ്ടു സർഗ്ഗങ്ങളിൽ രചിച്ചിട്ടുള്ള ഒരു മഹാകാവ്യമാണതു്. കാളിദാസന്റെ കവനശൈലിയിലാണു് അതു രചിച്ചിട്ടുള്ളതെന്നു കേശവപിള്ളയും, ഭാഷയിൽനിന്നു വളരെക്കാലം മുൻപുതന്നെ അന്തർദ്ധാനം ചെയ്തിരുന്ന വൈദർഭമാർഗ്ഗത്തിനു പുനഃപ്രതിഷ്ഠ ലഭിച്ചതു ആ കാവ്യത്തിനാലാണെന്നും മറ്റും ഏ. ആറും അവകാശപ്പെടുന്നു.
കെ. സി. കേശവപിള്ള കേശവപിള്ളയുടെ കൃതികളിൽ ഗുണംകൊണ്ടു പ്രഥമപീഠത്തെ അലങ്കരിക്കുന്ന ഒരു കാവ്യതല്ലജമാണു് ആസന്നമരണചിന്താശതകം. ശാർദ്ദൂലവിക്രീഡിതത്തിൽ 104 ശ്ലോകങ്ങളടങ്ങിയ ഈ കൃതിയിൽ ആസന്നമരണനായ ഒരു ഗൃഹസ്ഥാശ്രമിക്കു് ഉണ്ടാകുന്ന വിചാരങ്ങളും വികാരങ്ങളും ഏതു ശ്രോതാവിന്റേയും ഹൃദയത്തെ ദ്രവിപ്പിക്കുമാറുള്ള കവിധർമ്മമർമ്മജ്ഞതയോടുകൂടി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. തദ്വിഷയകമായി അത്ര മനോഹരമായ ഒരു കാവ്യം ഭാഷയിൽ ഏതാവൽപര്യന്തം യാതൊരു കവിയും രചിച്ചിട്ടില്ലെന്നു് ഉറപ്പിച്ചുപറയാവുന്നതാണു്.
പി. രാമക്കുറുപ് 1068-ാമാണ്ടിടയ്ക്കു രചിച്ച ചക്കീചങ്കരത്തിന്റെ മുഖ്യോദ്ദേശ്യം അപണ്ഡിതന്മാരായ ഗ്രന്ഥകാരന്മാരേയും—പ്രത്യേകിച്ചു നാടകനിർമ്മാതാക്കളേയും—അവഹേളനം ചെയ്യുക എന്നുള്ളതാണെങ്കിലും അതിൽ ആത്മകഥയുടേയും അന്നത്തെ സമുദായദോഷങ്ങളുടേയും അംശവും ഇടകലത്തീട്ടുണ്ടു്. ചക്കി, ചങ്കരൻ ഇവർ പ്രധാന പാത്രങ്ങളെന്നുപോലും സമർത്ഥിക്കാം. അത്രയ്ക്കു ഹാസ്യപ്രധാനമാണു് ആപാദചൂഡം ആ കൃതി. കല്പിതാങ്കോടെന്നു തിരുവിതാംകൂറിനും വാസുകിപുരമെന്നു തിരുവനന്തപുരത്തിനും നാമകരണം ചെയ്തുകൊണ്ടാണു് നാടകത്തെ കവി പുരോഗമിപ്പിക്കുന്നതു്. കല്പിതാംകോട്ടസംസ്ഥാനത്തിലെ ഒരു മജിസ്ത്രേട്ടാണു് അച്യുതമേനോൻ. അദ്ദേഹത്തിന്റെ പുത്രനായ സുകുമാരന്റേയും, ഭാര്യ ലക്ഷ്മിക്കുട്ടിയമ്മയുടെ സഹോദരന്റെ പുത്രിയായ മാധവിക്കുട്ടിയമ്മയുടേയും വിവാഹവേളയിൽ പല നാടക സെറ്റുകാർ അഭിനയാർത്ഥികളായി അവരുടെ ഗൃഹത്തിൽ വന്നുചേർന്നു. അച്യുതമേനോന്റെ അരിവെയ്പുകാരനായ ചങ്കരന്റെയും മാധവിക്കുട്ടിയമ്മയുടെ അരിവെയ്പുകാരിയായ ചക്കിയുടേയും വിവാഹവും ആ മുഹൂർത്തത്തിൽത്തന്നെയാണു് നടക്കുന്നതു്. അവരിൽ ഒരു നാടകസെറ്റുകാരുടെ മാനേജർ കരിങ്കൽമണ്ഡപത്തിന്റെ പ്രശംസാപത്രം ഹാജരാക്കുന്നു. ചക്കിയും ചങ്കരനും തമ്മിലുള്ള പ്രണയം ഹാസ്യഫലിതം വഴിഞ്ഞൊഴുകുന്ന പല ബീഭത്സരസങ്ങൾ വിജൃംഭിക്കുമാറു വർണ്ണിക്കുന്നു. രസകരങ്ങളായ ഭാഗങ്ങൾ ചക്കീചങ്കരത്തിലുണ്ടു്. കുഞ്ചൻനമ്പ്യാർ കഴിഞ്ഞു ഭാഷയിലെ ഒന്നാമത്തെ ഫലിത സാമ്രാട്ടു് രാമക്കുറുപ്പുതന്നെയാണെന്നു പറയാം. നിശിതവും നിർഭീകവും നിരങ്കുശവും നിരനുക്രോശവുമാണു് രാമക്കുറുപ്പിന്റെ ഫലിതം.
ഒ. ചന്തുമേനോന് (1022-1075) ഒട്ടു വളരെ ഇംഗ്ലീഷ് നോവലുകൾ ചന്തുമേനോൻ വായിച്ചിരുന്നു. തന്റെ പത്നിയെ അവയിൽ ചിലതിലെ കഥ ഗ്രഹിപ്പിച്ചുതുടങ്ങിയപ്പോൾ ആ സുചരിത മലയാളത്തിൽ അങ്ങനെ ഒരു പുസ്തകം ഉണ്ടാക്കിക്കൊടുക്കണമെന്നു നിർബ്ബന്ധിച്ചു. എല്ലാ കാര്യങ്ങളും ആലോചിച്ചു് ഒരു ഇംഗ്ലീഷ് നോവൽ തർജ്ജമ ചെയ്യുന്നതിനെക്കാൾ നല്ലതു് അതിന്റെ രീതി പിടിച്ചു മലയാളത്തിൽ ഒന്നു സ്വതന്ത്രമായി നിർമ്മിക്കുന്നതാണു് എന്നു് അദ്ദേഹത്തിനു ബോധ്യപ്പെട്ടു. അതിന്റെ ഫലമായി പരപ്പനങ്ങാടിയിൽ മുൻസിഫായിരുന്ന കാലത്തു് ഇംഗ്ലീഷ്വർഷം 1889 ജൂൺ 11-ാം൹ ഇന്ദുലേഖ എഴുതിത്തുടങ്ങുകയും ആ പണി ആഗസ്റ്റ് 17-ാം൹ അവസാനിപ്പിക്കുകയും ചെയ്തു. അങ്ങനെ സുമാർ രണ്ടു മാസം കൊണ്ടു മുഴുമിച്ചതാണു് പ്രസ്തുത പുസ്തകം. ചന്തുമേനോന്റെ കൃതഹസ്തതയ്ക്കു് ഇതിലധികം ഒരു തെളിവ് ആവശ്യമില്ലല്ലോ. ഇന്ദുലേഖ ഒരു സാമുദായിക കഥയാണു്. അതു നടന്നതായി കവി സങ്കല്പിക്കുന്നതു കേരളത്തിലല്ലാതെ മറ്റെങ്ങുമല്ല. സുക്ഷ്മനിരീക്ഷണത്തിന്റെ ഫലമായി അനേകം സമുദായങ്ങളിൽപ്പെട്ടവരെ അദ്ദേഹം കഥാപാത്രങ്ങളാക്കീട്ടുണ്ടു്. അവരിൽ വിടനും വിഡ്ഢിയുമായ സൂരി നമ്പൂരിപ്പാടു് ഒരു വിശേഷസൃഷ്ടിയാണു്. അതിനേക്കാൾ വിശേഷസൃഷ്ടിയാണു് ശാരദയിലെ വൈത്തിപ്പട്ടർ. ഒരു പാത്രത്തെ നല്ലതാക്കിയാൽ അതിരില്ലാതെ വാഴ്ത്തുകയും ചീത്തയാക്കിയാൽ അളവില്ലാതെ താഴ്ത്തുകയും ചെയ്യുന്നതിനു ഗ്രന്ഥകാരനു പ്രത്യേകം ഒരു പ്രവണതയുണ്ടായിരുന്നു. എന്നാൽ അത്തരത്തിലുള്ള നീചപാത്രവർണ്ണനയിൽ അദ്ദേഹത്തിനു ദുരുദ്ദേശമൊന്നും ഉണ്ടായിരുന്നില്ല. “മലയാളത്തിൽ അത്യുൽക്കൃഷ്ടസ്ഥിതിയിൽപ്പെട്ടിട്ടുള്ളവരായ നമ്പൂരിപ്പാടന്മാരെയും നമ്പൂരിമാരെയും പരിഹസിക്കണമെന്നുള്ള ഒരു ദുഷ്ടവിചാരം എനിക്കു ഒരിക്കലും ഉണ്ടായിട്ടില്ലെന്നു് എന്റെ ബുദ്ധിമാന്മാരും നിഷ്പക്ഷവാദികളുമായ വായനക്കാർകു് ധാരാളമായി മനസ്സിലാകുമെന്നു ഞാൻ വിശ്വസിക്കുന്നു” എന്നു് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ടു്. നമ്പൂരിമാരും നായന്മാരും ഒന്നുപോലെ നന്നായിക്കാണണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിസന്ധി. കാലോചിതമായ വിദ്യാഭ്യാസവും തജ്ജന്യമായ പരിഷ്കാരവും ആ രണ്ടു സമുദായങ്ങളിലെ അങ്ഗങ്ങൾക്കും ഉണ്ടാകണമെന്നു് അദ്ദേഹം അത്യധികമായി ആശിച്ചിരുന്നു. സർവ്വോപരി പുരുഷന്മാരെപ്പോലെ സ്ത്രീകളും വിദ്യ അഭ്യസിക്കുണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഇന്ദുലേഖയിൽ പ്രയോഗിച്ചിരിക്കുന്ന ഭാഷയെപ്പറ്റിയും അദ്ദേഹത്തിനു ചിലതെല്ലാം പറയുവാനുണ്ടു്. സംസ്കൃതത്തെ കഴിവുള്ളിടത്തോളം അകറ്റിനിറുത്തി സാധാരണജനങ്ങൾ ഗൃഹത്തിൽ സംസാരിക്കുന്ന രീതിയിലാണു് അദ്ദേഹം തന്റെ കൃതികൾ രചിച്ചിരിക്കുന്നതു്. അദ്ദേഹത്തിനു സംസ്കൃതത്തിൽ ലോകവ്യുൽപ്പത്തിഉണ്ടായിരുന്നു എന്നു ചാത്തുക്കുട്ടി മന്നാടിയാരുടെ ഉത്തരരാമചരിതത്തിനു് അദ്ദേഹം എഴുതീട്ടുളള നിരൂപണത്തിൽനിന്നു വ്യക്തമാകുന്നുണ്ടു്. “വ്യുൽപത്തി എന്നു ശരിയായി സംസ്കൃതത്തിൽ ഉച്ചരിക്കേണ്ട പദത്തെ വില്പത്തി എന്നാണു് നോം സാധാരണ പറയാറു്. അതു് ആ സാധാരണമാതിരിയിൽത്തന്നെയാണു് ഈ പുസ്തകത്തിൽ എഴുതിയിരിയ്ക്കുന്നതു്. ഇതുപോലെ പലേ വാക്കുകളേയും കാണാം; ‘പടു’. ‘ധൃതഗതി’, ‘ധൃതഗതിക്കാരൻ’, ‘യോഗ്യമായ സഭാ’ ഈവക പലേ പദങ്ങളും സമാസങ്ങളും സംസ്കൃതസിദ്ധമായ രീതിയിൽ അല്ല, മലയാളത്തോടു ചേർത്തു പറയുമ്പോൾ ഉച്ചരിക്കുന്നതും അർത്ഥം ഗ്രഹിക്കുന്നതും. അതുകൊണ്ടു സാധാരണ മലയാളഭാഷ സംസാരിക്കുമ്പോൾ ഈ വാക്കുകൾ ഉച്ചരിക്കുന്ന പ്രകാരം തന്നെയാകുന്നു ഈ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നതു്” എന്നും മറ്റും അദ്ദേഹം തനിക്ക് ആ വിഷയത്തിലുള്ള അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു. എങ്കിലും ചില വർണ്ണനാത്മകങ്ങളായ ഘട്ടങ്ങളിൽ ഭാഷാവിഷയകമായി അദ്ദേഹം ഒന്നുകൂടി മനസ്സിരുത്തേണ്ടതായിരുന്നു എന്നു തോന്നാറുണ്ടു്.
ഒ. ചന്തുമേനോന് (1022-1075) ശാരദ ഒരപൂർണ്ണകൃതിയാണു്. 1068-ാമാണ്ടു് ആരംഭത്തിൽ (ഇംഗ്ലീഷ്വർഷം 1892 ആഗസ്റ്റ് 16-ാം൹)അതിലെ ആദ്യത്തെ എട്ടധ്യായങ്ങൾ ഒന്നാം ഭാഗമായി പ്രസിദ്ധീകരിച്ചു. മൂന്നു ഭാഗങ്ങളായി പ്രകാശിപ്പിക്കണമെന്നായിരുന്നു ഉദ്ദേശം. രണ്ടും മൂന്നും ഭാഗങ്ങൾ ആ ഇംഗ്ലീഷ് വർഷം അവസാനിക്കുന്നതിനു മുമ്പിൽ പ്രസിദ്ധപ്പെടുത്തണമെന്നുണ്ടായിരുന്ന അദ്ദേഹത്തിന്റെ മോഹം ഫലിച്ചില്ല. പിന്നീടു മൂന്നദ്ധ്യായങ്ങൾ മാത്രമേ എഴുതിയുള്ളു. അവ കൂടി ഒന്നാം ഭാഗത്തിൽ ഉൾപ്പെടുത്തി അദ്ദേഹത്തിന്റെ ജാമാതാവു പാട്ടത്തിൽ നാരായണമേനോൻ 1079-ൽ അച്ചടിപ്പിച്ചു. ഇന്ദുലേഖയെക്കാൾ വിശിഷ്ടമായ ഒരു നോവലാണു് ശാരദ. അതിലെ കഥാഘടനയിൽ പരിണാമഗുപ്തി ഗ്രന്ഥകാരൻ നിഷ്കൃഷ്ടമായി പാലിച്ചിട്ടുള്ളതുകൊണ്ടു പിന്നീടുള്ള ഇതിവൃത്തഗതി എന്തെന്നു നിർണ്ണയിയ്ക്കുന്നതു് അസാധ്യംതന്നെ. സി. അന്തപ്പായിയും, പയ്യംപള്ളി ഗോപാലപിള്ളയും ശാരദ പൂരിപ്പിച്ചിട്ടുണ്ട്. ആ പൂരണങ്ങൾ അവരുടേതാണു് ചന്തുമേനോന്റേതല്ല. ശാരദ തന്നെയാണു് നായിക. നായകൻ ആ വിലാസിനിയുടെ അമ്മാവന്റെ മകനായ കൃഷ്ണമേനോൻ ആയിരിയ്ക്കുമെന്നു ഊഹിക്കുവാൻ മാർഗ്ഗമില്ലാതെയില്ല. ശാരദയിലെ ചില കഥാപാത്രങ്ങളെ ചന്തുമേനോൻ അത്യന്തം സജീവങ്ങളാക്കീട്ടുണ്ടു്. വൈത്തിപ്പട്ടർ, കുണ്ടൻമേനോൻ, പുഞ്ചോലക്കരയിടത്തിൽ അച്ചൻ മുതലായവർ അനുവാചകന്മാരുടെ ഹൃദയഭിത്തികളിൽനിന്നു് ഒരിക്കലും മാഞ്ഞുപോകുന്നതല്ല. ശാരദയിലെ ഭാഷയും ഇന്ദുലേഖയിലേതിനെക്കാൾ ഒന്നുകൂടി മിനുസപ്പെട്ടിട്ടുണ്ടു്.
കിഴക്കേപ്പാട്ടു രാമന്കുട്ടിമേനോന് മേൽക്കുളങ്ങര മാരാത്തു ചങ്ങമാരാർക്കു പറങ്ങോടൻ എന്നൊരു മരുമകനും, പറങ്ങോടി എന്നൊരു മകളുമുണ്ട്. ചങ്ങമാരാർക്ക് അമ്പലത്തിൽ ചെണ്ടകൊട്ടാണു് നിത്യവൃത്തി. കണ്ടപ്പമ്മാമന്റെ മകൻ താമരശ്ശേരിയിലെ പങ്ങശ്ശമേനോനെക്കൊണ്ടു പറങ്ങോടിയെ സംബന്ധം ചെയ്യിക്കുവാൻ അമ്മാവൻ ശ്രമിക്കുന്നു. അങ്ങനെയാണു് കഥാരംഭം. സ്ത്രീകൾ ഇംഗ്ലീഷ് പഠിക്കേണ്ടതിന്റെ ആവശ്യകയയെപ്പറ്റി പത്താമധ്യായത്തിൽ സരസമായി ഉപപാദിച്ചിരിക്കുന്നു. ഗ്രന്ഥകാരന്റെ മുഖവുരയിൽ നിന്നു് ഒരു ഭാഗം ചുവടേ ചേർക്കുന്നതിൽനിന്നു് അദ്ദേഹത്തിന്റെ പരിഹാസപ്രഗല്ഭത നിരീക്ഷിക്കാവുന്നതാണു്… “മലയാളഭാഷയിൽ നോവൽ പുസ്തകങ്ങൾ നിശ്ശേഷം ബാക്കി ആകയാൽ ആവക പുസ്തകങ്ങൾ എഴുതി പ്രസിദ്ധപ്പെടുത്തിയാൽ വാല്മീകി ആദികവിയായതുപോലെ എനിക്കും “ആദിമലയാളനോവൽകർത്താവു്” എന്നുള്ള പേരു സിദ്ധിക്കുമെന്നുള്ള മോഹത്തിന്മേൽ ഞാൻ വളരെക്കാലമായി യത്നംചെയ്തുവന്നിരുന്നു. ഈ കാര്യം സാധിക്കാൻവേണ്ടി പലവഴികളിലും ഞാൻ ശ്രമിച്ചു. ഒരു ഇംഗ്ലീഷ് നോവൽ അപ്പടി തർജ്ജമചെയ്തു ‘സ്വന്തമായി ചമയ്ക്കപ്പെട്ടതു്’ എന്നു പുസ്തകത്തിന്റെ പുറത്തെഴുതി പ്രസിദ്ധപ്പെടത്തിയാലോ എന്നു് ആലോചിച്ചു കുറേ തർജ്ജമ ചെയ്തുനോക്കി. ഇംഗ്ലീഷ് പഠിച്ച പല വിദ്വാന്മാരും എന്റെ കഷ്ടകാലംകൊണ്ടു് ഇതു് ഒരു സമയം വായിച്ചുപോയി എങ്കിൽ നമ്മുടെ കള്ളി പുറത്താകുമെന്ന ഭയത്താൽ അതു വേണ്ടെന്നുവച്ചു. ഇംഗ്ലീഷ്കാർക്കു മലയാളമെന്നു കേട്ടാൽ തിക്തകം കഷായമാണെന്നു് എനിക്കു നല്ലവണ്ണമറിയാമെങ്കിലും ചെമ്പാണെന്നുതന്നെ കരുതിയാൽ മേലിൽ വ്യസനിക്കേണ്ടിവരുന്നതല്ലല്ലോ എന്നു കരുതിയാണു് അതു വേണ്ടന്നുവച്ചതു്. രണ്ടാമത്തെ ആലോചന കുറഞ്ഞോന്നു ഭേദപ്പെടുത്തി. ഇംഗ്ലീഷിൽ ‘വേവർലി നോവൽ’ മുതലായ പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ടു്. അതിലുള്ള കഥകൾ നല്ല രസമുള്ളവയാണെന്നു പരമബോധ്യമായിട്ടുള്ളതുകൊണ്ടു് അതിൽനിന്നു് എല്ലാം കൂടി കൂടിപ്പിടിച്ചു് ആകെപ്പാടെ ഒരു പുതിയ കഥയാക്കിത്തീർത്താൽ കാര്യം പറ്റിക്കാമെന്നു കരുതി അതിന്നുദ്യമിക്കുമ്പോഴാണു് കുന്ദലത പുറത്തുവന്നതു്. ഇനിമേൽ ആദികവി എന്ന പേരുകിട്ടാൻ കുറേ പ്രയാസമെന്നുവന്നതിനാൽ അതിയായ കുണ്ഠിതമുണ്ടായി എങ്കിലും ഞാൻ എഴുതുവാൻ പോകുന്ന പുസ്തകത്തിലെ കഥാസാരസ്യം കുന്ദലതയിൽ കവിഞ്ഞുവന്നാൽ എന്റെ യോഗ്യതക്കു ഹാനി സംഭവിക്കയില്ലെന്നു സമാധാനിച്ചു. എങ്കിലും പുസ്തകം ആരംഭിക്കേണ്ട സമ്പ്രദായം ഒന്നൊന്നായി തീർച്ചപ്പെടാത്തതിനാൽ പിന്നെയും കാലതാമസം വന്നു. എളുപ്പത്തിൽ പേരു സമ്പാദിക്കാനുള്ള വിദ്യയാണു് ഞാൻ ആദ്യം ആലോചിച്ചതു്. അതു കുന്ദലതക്കാരനും കൊണ്ടുപോയി. പിന്നെ സ്വന്തം സൃഷ്ടിക്കാണെങ്കിൽ അത്ര വേഗത്തിൽ ഒന്നും തോന്നുന്നതുമില്ല, ഇങ്ങനെ ബുദ്ധിമുട്ടുള്ള കാലത്തു് ഇന്ദുലേഖയും മീനാക്ഷിയും വന്നു ലഹളകൂട്ടാൻ തുടങ്ങി. എവിടെച്ചെന്നാലും പഞ്ചുമേനോനന്റെയും സൂരിനമ്പൂരിപ്പാട്ടിലെയും ലഹളതന്നെ. ഞാൻ വളരെക്കാലമായി മോഹിച്ചിരുന്ന സ്വത്തു് ഇക്കൂട്ടർ എല്ലാവരുംകൂടി കവർന്നുകൊണ്ടു പോകുന്നതു വിചാരിച്ചു് അതിനായി വ്യസനവും അസൂയയും എനിക്കുണ്ടായതിനെ എന്റെ ഗുണമേറിയ വായനക്കാർ മാപ്പുചെയ്യേണ്ടതിനു സവിനയം അപേക്ഷിക്കുന്നു. ഇങ്ങനെ ദുഃഖപരവശനായി ഇരിക്കുന്ന കാലം ഒരു ദിവസം രാവിലെ ഒരു ഇന്ദുലേഖാപുസ്തകം കയ്യിലെടുത്തു് ഓരോ മനോരാജ്യവും വിചാരിച്ചു് കടലാസ്സുകൾ ഓരോന്നായി വെറുതേ മറിച്ചുകൊണ്ടിരിക്കുമ്പോൾ അതിന്റെ അവതാരിക ഒന്നു് അശ്രദ്ധനായി വായിച്ചുനോക്കി. അതിൽ ഇങ്ങനെ ഒരു പുസ്തകം എഴുതേണ്ടതിനുത്സാഹിപ്പിച്ചതു് ആ ഗ്രന്ഥകത്താവിന്റെ ഭാര്യയാണെന്നും മറ്റും കണ്ടപ്പോൾ കാര്യം പറ്റി എന്നു നിശ്ചയിച്ചു് എനിക്കു മനസ്സിൽ ബഹുസുഖം തോന്നി. ഉടനേ എന്റെ പ്രാണപ്രിയയോടു വിവരമെല്ലാം പറഞ്ഞു് എന്നെമേല്പറഞ്ഞ പ്രവർത്തിക്കുത്സാഹിപ്പിക്കേണ്ടതു് ആവശ്യപ്പെട്ടപ്പോൾ എനിക്കുണ്ടായ ഭവിഷ്യത്തല്ലേ പറയേണ്ടതു്? ഞാൻ വലിയ കാര്യമായി പുസ്തകകർത്താവിനു സിദ്ധിക്കുന്ന ശ്രേയസ്സിനേയും പുസ്തകം വിറ്റാൽ കിട്ടുന്ന ലാഭത്തേയും കുറിച്ചു വളരെ ഗാരവഭാവത്തോടെ പറയാൻ തുടങ്ങിയതു കേട്ട് എന്റെ ഭാര്യ ഒന്നും മിണ്ടാതെ കുട്ടിയെ കുളിപ്പിക്കാൻ പോയതുകൊണ്ടു ഞാൻ മൗഢ്യം ഭാവിക്കാതെ പിന്നാലെ ചെന്നു പിന്നെയും ചോദിച്ചു. അപ്പോൾ തിരിഞ്ഞുനിന്നു് ‘നിങ്ങൾക്കു മറ്റു തൊരം ഒന്നുമില്ലെങ്കിൽ നാലു നേന്ത്രവാഴവച്ചു നനയ്ക്കരുതോ? എനിക്കു വേറെ പ്രവൃത്തിയുണ്ടു്. കുട്ടിയെ കുളിപ്പിച്ചിട്ടില്ല; അടിച്ചുതളിച്ചിട്ടില്ല; പയ്യിനെ കറന്നിട്ടില്ല.’ എന്നുവേണ്ട, ഈ മാതിരി അഞ്ഞൂറുകൂട്ടം ജോലികൾ പിറുപിറുക്കാൻ തുടങ്ങി. ‘എന്നേ വിഷമമേ! പിന്നാലേ പോയതുതന്നെ അബദ്ധമായല്ലോ’ എന്നു പറഞ്ഞു് അതിയായ ബുദ്ധിക്ഷയത്തോടെ ഞാൻ മടങ്ങിപ്പോന്നു.” ഉദ്ധരിച്ച ഭാഗം കുറേ അധികം ദീർഘമായിപ്പോയെങ്കിലും ഇതു് അന്നുവരെ മലബാറിൽ ആവിർഭവിച്ച നോവലുകളുടെ വിനോദവിമർശനമാകയാൽ അങ്ങനെ ചെയ്തതാണു്. പറങ്ങോടീപരിണയത്തിന്റെ ഒന്നാം പതിപ്പു് മൂന്നുമാസത്തിനകം വിറ്റഴിഞ്ഞു. നോവലെഴുത്തുകാർക്കു സ്വല്പം ഒരു ലജ്ജ അങ്കരിപ്പിക്കുന്ന വിഷയത്തിൽ രാമൻകുട്ടിമേനോന്റെ പ്രയത്നം ഫലിച്ചു.
പോത്തേരി കുഞ്ഞമ്പുതന്റെപറമ്പിൽ അടകുടികിടക്കുന്ന ഒരു അധഃസ്ഥിത കുടുംബത്തിലെ അംഗമായ മരത്തൻ എന്ന പുലയക്കുട്ടി പാടത്തുനിന്നു പാടിയതു കനകശേഖരഇല്ലത്തു കുബേരൻനമ്പൂരി കേട്ടിട്ടു കോപാന്ധനാകുന്നു. അദ്ദേഹത്തിന്റെ വാല്യക്കാരനായ രാമൻകുട്ടിനമ്പ്യാർ ഓടിപ്പോയി അവനെ ചവിട്ടുന്നു. തന്നിമിത്തം അവൻ മരിച്ചതായി ആദേശത്തു ശ്രുതി പൊങ്ങുന്നു. പോലീസുകാർ അറസ്റ്റ് ചെയ്യുമെന്നു ഭയപ്പെട്ടു നമ്പൂരി നാടുവിട്ടു പോകുന്നു. അദ്ദേഹത്തിന്റെ മകൾ സുഭദ്ര എന്ന അന്തർജ്ജനത്തിനു ജാരസംസർഗ്ഗമുള്ളതായി ഒരു ഘോരമായ അപവാദം നമ്പൂരിയുടെ ശത്രുക്കൾ പരത്തുകയും, സ്മാർത്തന്മാർ ആ സാധ്വിയെ കൈകൊട്ടി പുറത്താക്കുകയും ചെയ്യുന്നു. അശരണയായ സുഭദ്രയെ കണ്ണൂരിലെ ഒരു പാതിരി രക്ഷിക്കുന്നു. സുഭദ്ര അവിടെവച്ചു് ഇംഗ്ലീഷ് പഠിക്കുകയും, കണ്ണൂരിൽ പാതിരിമാർ നടത്തുന്ന ഒരു പെൺപള്ളിക്കൂടത്തിൽ ഉപാധ്യായയായി നിയമിക്കപ്പെടുകയും ചെയ്യുന്നു. കാശിയിൽ ഒളിച്ചു താമസിച്ചുകൊണ്ടിരുന്ന നമ്പൂരിയെ പോലീസുകാർ പിടിച്ചുകൊണ്ടുവന്നു മേൽസൂചിപ്പിച്ച കുറ്റത്തിനു തലശ്ശേരി സെഷൻകോടതിയിൽ വിസ്തരിച്ചു. അന്നു് അവിടെ ജഡ്ജിയായിരുന്നതു് ഏശുദാസൻ എന്നൊരു പുലക്രിസ്ത്യാനിയാണു്. അദ്ദേഹം നമ്മുടെ പഴയ മരത്തനല്ലാതെ മറ്റാരുമല്ല. അദ്ദേഹം കോഴിക്കോട്ടുള്ള ഒരു പാതിരിയുടെ സഹായത്തോടുകൂടി ബി. ഏ. ജയിച്ചു പല ഉദ്യോഗങ്ങളിൽ ഇരുന്നുയർന്നു് ആ പദവിയിൽ എത്തി. തെളിവില്ലാത്തതിനാൽ ജഡ്ജി നമ്പൂരിയെ മോചിപ്പിക്കുന്നു. ഇതാണു് പ്രസ്തുതകൃതിയിലെ ഇതിവൃത്തസങ്ഗ്രഹം. വിദ്യാഭ്യാസംകൊണ്ടു് ഏതു് അധഃസ്ഥിതനും ഉച്ചസ്ഥന്റെ നിലയിലെത്താമെന്നു സൂചിപ്പിക്കുന്നതിനാണു് സരസ്വതീവിജയം എന്ന പേർ ഗ്രന്ഥകാരൻ പുസ്തകത്തിനു നല്കിയിരിക്കുന്നതു്. നമ്പൂരിയെക്കൊണ്ടു് അദ്ദേഹം പദേ പദേ മനുസ്മൃതിയിൽനിന്നു പ്രമാണങ്ങൾ ഉദ്ധരിപ്പിക്കുന്നതും, താൻതന്നെ അധ്യാത്മരാമായണം, ഭാരതം, പഞ്ചതന്ത്രം എന്നീ കിളിപ്പാട്ടുകളിൽനിന്നും മറ്റും ഈരടികൾ പകർത്തുന്നതും പുസ്തകത്തിന്റെ മേന്മയ്ക്കു ഹാനികരമായിട്ടുണ്ടു്.
കാരാട്ട് അച്യതമേനോന് ‘അമ്മായിയമ്മയെ കല്ലിന്മേൽ വച്ചിട്ടു നല്ലോരു കല്ലോണ്ടു നാരായണ,’ എന്റെ തറവാട്ടിൽ കുട്ടിതൊട്ടു കമ്പിട്ടുനടക്കുന്ന മുതുമുത്തശ്ശിവരെ നിരന്തരഗാനം ചെയ്തുവരുന്ന സാമവചനമാണു് മേൽ കൊടുത്തിട്ടുള്ളതു്. വാക്കുകളുടെ വക്കും മുക്കും മാത്രം പറഞ്ഞു പ്രലപിക്കുന്ന പച്ചക്കുട്ടികളുംകൂടി സ്വരപ്പിഴവരാതെ പാടിക്കൊണ്ടു നടക്കത്തക്കവണ്ണം സർട്ടിഫിക്കറ്റു സമ്പാദിച്ച അമ്മായിയമ്മ ഏതാണെന്ന സംശയം തീരാത്തവർ അനവധിയുണ്ടു്. എന്റെ തറവാടു കുട്ടിച്ചോറായതു മരുമക്കത്തായത്തിനു സ്വതസിദ്ധമായ കേടുകൊണ്ടാണെന്നു് അച്ചിക്കൊതിയന്മാരായ ചിലരും അമ്മാവനും പറയുന്നുണ്ടു്. ‘സഖ്യവും വിവാഹവും വ്യവഹാരവും തനിക്കൊക്കുമൊട്ടാഭിജാത്യമുള്ളവരോടു വേണം’ എന്നു പറഞ്ഞു് എന്റെ വിട്ടിലെ കുട്ടികളുടെ നേരെ കടക്കണ്ണെറിയുന്നവരും ഇല്ലെന്നില്ല. അനന്തിരവന്മാരെ ആശാരിക്കോല്ക്കു് അഞ്ചുകോൽ ദൂരത്തു നിർത്തി കരിമുഖം മാത്രം കാണിക്കുന്നതു കൊണ്ടാണെന്നു് അനന്തിരവന്മാർ മിക്കവരും പറയുന്നുണ്ടു്. ‘പള്ളിയിലെ കാര്യം അള്ളാവിനറിയാം’ എന്നു പറയുന്ന കൂട്ടത്തിൽ എന്റെ തറവാട്ടിൽ ഭദ്രം വീഴാനുള്ള കാരണം അമ്മായിപ്പഞ്ചതന്ത്രത്തിന്റേയും തലേണമന്ത്രത്തിന്റേയും ഉള്ളിൽ ലയിച്ചിരിക്കുന്നതാണെന്നു് എനിക്കും അമ്മായിയമ്മയ്ക്കും മാത്രമേ അറിയാവൂ.
കാരാട്ട് അച്യതമേനോന് കഥാനായകനായ പൂത്തുമകത്തു തറവാട്ടിലെ വിക്രമനുണ്ണിയ്ക്കു മരുമക്കത്തായത്തറവാടുകളിൽ പ്രായേണ കണ്ടുവന്നിരുന്ന അന്തശ്ഛിദ്രം നിമിത്തം വീടു വിട്ടുപോകേണ്ടിവരികയും ചില കൊള്ളക്കാരുമായി കൂട്ടുകെട്ടിൽ ഏർപ്പെടുകയും അവരുടെ തലവനെന്ന നിലയിൽ പല അക്രമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നു. അങ്ങനെ സംഭവിച്ചതു് “ഈ സംസാരസമുദ്രത്തിൽ കിടക്കുമ്പോൾ എത്ര ധീരനായാലും ചിലപ്പോൾ മനുഷ്യനു് ഒഴിവാക്കുവാൻ സാധിക്കാതെ വരുന്നപോലെയുള്ള ചില ബന്ധങ്ങളിൽനിന്നു ജനിക്കുന്ന കഷ്ടകാലങ്ങളുടെ കർക്കശതനിമിത്തമാണെന്നും, താൻ അതിൽനിന്നു് ഒഴിയുവാൻതക്ക നിലയിൽ എത്തിയപ്പോൾ ആ വക ദുഷ്ടന്മാരെ സന്മാർഗ്ഗത്തിലേക്കു വീണ്ടെടുക്കുകയും താൻ ചെയ്യേണ്ടിവന്ന നിസ്സാരങ്ങളും പരിഹാര്യങ്ങളും ആയ ഹീനകൃത്യങ്ങൾക്കു മതിയായ വിധത്തിൽ പരിഹാരങ്ങൾ ചെയ്കയും ചെയ്തതിനാൽ മുൻചെയ്ത പ്രവൃത്തികളുടെ മാലിന്യത്തിനു നിവൃത്തിയുണ്ടായി” എന്നുമാകുന്നു പ്രസ്തുതകഥയിലെ തത്ത്വോപദേശമെന്നു സി. എസ്. ഗോപാലപ്പണിക്കർ പറയുന്നു. അതുമാത്രമാണു് ഗ്രന്ഥകാരന്റെ വിവക്ഷ എന്നു തോന്നുന്നില്ല. ഒരു കാര്യം പരമാർത്ഥമാണു്. ശങ്കു മൂന്നു ദിവസംകൊണ്ടു ചെയ്ത ദുഷ്പ്രവൃത്തികൾ ആരേയും അത്ഭുതപരതന്ത്രരാക്കുകതന്നെ ചെയ്യും. ദുഷ്ടസംഘവുമായി ചേർന്നപ്പോളാണു് വിരുതൻശങ്കു എന്നു പേരു നേടിയതു്.