മംഗളോദയത്തില് കൊ.വ. 1085 എടവം
വേരായർത്ഥം താനനർത്ഥത്തിനെന്നോര്-
പ്പോരാശ്ശുദ്ധൻ പാക്കനാർക്കുള്ള തമ്പി
ആറാമത്തോൻ തന്നയോ തീർച്ചയില്ലാ
നാറാണത്തെ ഭ്രാന്തനാമന്തണേന്ദ്രൻ.
നേരമ്പോക്കായ്മായയെപ്പാർത്തമായാ
നേരമ്പോക്കും ധീരനാ വിപ്രവര്യൻ
ചാരന്തേയ്ക്കും മട്ടുതൊട്ടുള്ള വിപ്രാ-
ചാരന്നോര്ക്കാതാകയാൽ ഭ്രാന്തനായീ.
കാമം ക്രോധം തൊട്ട ദോഷങ്ങളറ്റാ-
ക്കേമൻ വേദാന്താർത്ഥസത്തിൽ കളിച്ചോൻ
ഈമന്നിങ്കൽച്ചേർന്ന സംസാരികൾക്കു-
ള്ളാമട്ടെല്ലാം വിട്ടതിൽ ഭ്രാന്തനായീ.
തീയും നീരും കണ്ട ദിക്കിൽ വെയ്പെ-
ന്നായുള്ളോരാ ഭ്രാന്തന്നന്തിയ്ക്കൊരിക്കൽ
പോയുത്സാഹം പൂണ്ടു കാളും ശ്മശാന-
ത്തീയുള്ളോരാക്കാട്ടിൽ വെയ്പാനൊരുങ്ങി.
കാട്ടിൽകിട്ടും കല്ലെടുത്തങ്ങടുപ്പും
കൂട്ടിച്ചോട്ടിൽപ്പട്ടടക്കൊള്ളിതള്ളി
പാട്ടിൽക്കുട്ടത്തീയുമൊട്ടിട്ടു ശട്ടം
കെട്ടിക്കൂട്ടാനൊത്തു ചോർവെച്ചുവാങ്ങി.
പുല്ലിൽ ഭ്രാന്തൻ പേടികൈവിട്ടടുപ്പിൻ
കല്ലിൽ കാലുംവെച്ചു തീക്കാഞ്ഞിരിയ്ക്കെ
മല്ലിട്ടേറെദ്ദൈത്യരെക്കൊന്നെഴുന്നോ-
ളല്ലിൽ ക്രീഡയ്ക്കെത്തിനാളങ്ങു കാളി.
കാളിക്കത്തുന്നാച്ചിതത്തീയിലോരോ
കേളിയ്ക്കെത്തും ഘോരയാം ഭദ്രകാളി
കൂളിക്കൂട്ടം ചൂഴുമ്പോൾ കാട്ടിലങ്ങ-
ന്നാളിൽ കണ്ടു ശാന്തനാം ഭ്രാന്തനേയും.
എന്താശ്ചര്യം പട്ടടത്തീയിൽ നേരേ
വെന്താച്ചോറും വെച്ചിരിപ്പോനിതാരോ
ഭ്രാന്താണിയ്യാൾക്കെന്നുമോർത്തോതിനാളാ-
ശ്ശാന്താത്മാവോടീവിധം ദേവി പിന്നെ.
ഇയ്യാളീടും പട്ടടത്തീയടുപ്പാം
നിയ്യാരെന്തി ഭ്രാന്തു കാണിച്ചിടുന്നു?
വയ്യാ പാർപ്പാനിങ്ങിതീ ഞാൻ കളിയ്ക്കും
തിയ്യാണെന്നായ്വിഡ്ഢി കേട്ടീട്ടുമില്ലേ?
പേടിയ്ക്കും നീ, കൂട്ടരോടൊത്തു തീയിൽ
ച്ചാടി ക്രീഡിയ്ക്കുന്നൊരെൻ മട്ടുകണ്ടാൽ
ഓടിക്കൊൾകെന്നോതുമാദ്ദേവിയെത്തൻ
താടിയ്ക്കാക്കൈ ചേർത്തു പാർത്തോതി വിപ്രൻ.
നന്നായെന്നാൽ പേടിയെന്നുള്ളതെന്താ-
ണെന്നായൊന്നിങ്ങിന്നു കാണ്മാൻ കഴിഞ്ഞൂ
വന്നാലും നീ തീക്കളിയ്ക്കാശു വൈകി-
ച്ചെന്നാലീയെന്നൂണുറക്കങ്ങൾ തെറ്റും.
നീരുംതീയും കിട്ടിയേടത്തു വെയ്പി-
ങ്ങാരും തെറ്റിച്ചീടുമില്ലീ വ്രതം മേ
പോരും വാദം പോക വേഗം കളിച്ചെ-
ല്ലാരും ചോർചൂടാറുമേ താമസിച്ചാൽ.
തീറാണോയിക്കാടു, മൂപ്പിച്ചുരപ്പാ-
നാരാണമ്പോ നിങ്ങൾ, കൊള്ളാംവലിപ്പം
മാറാനെന്നാൽ ഭാവമില്ലെന്തു കാട്ടും
നേരാണീഞാനിങ്ങുതാനിന്നുറങ്ങും.
ഏവം കൂസീടാതെയോതുന്നൊരബ്ഭൂ-
ദേവൻ പേടിച്ചീടുവാൻ ഭദ്രകാളി
ദേവന്മാരും കാൺകിൽ ഞെട്ടുന്നമട്ടു-
ള്ളാവമ്പേറും ഘോരരൂപം ധരിച്ചു.
കുട്ടിത്തിങ്കൾക്കൊത്തെഴും ദംഷ്ട്രമുട്ടും
മട്ടിൽത്തൂങ്ങും നാവു ഘോരാട്ടഹാസം
പൊട്ടിപ്പൊങ്ങും തീയണിക്കണ്ണു കേശം
തട്ടിക്കീറും കാറുമായ്ദ്ദേവി നിന്നൂ.
ഓടിപ്പാടിപ്പട്ടടത്തീയെടുത്താ-
റാടിക്കൂളിക്കൂട്ടമോടൊത്തുകൂടി
ചാടിത്തുള്ളും കാളിയെക്കണ്ടു വിപ്രൻ
പേടിയ്ക്കാതേ പുഞ്ചിരിക്കൊണ്ടുരച്ചു.
പോരും പോരും ഗോഷ്ഠി പേടിച്ചതില്ലെ-
ല്ലാരും സ്വൈരം പോയിനിത്തെല്ലറങ്ങൂ
തീരും രാവിന്നിപ്പോഴിച്ചോറുമുണ്ടുൾ-
ച്ചേരും മോദാലൊട്ടുറങ്ങട്ടെ ഞാനും.
മോദിച്ചോതി കാളി നൽകാം വരം നീ
ചോദിച്ചാലെന്ന,പ്പൊഴായാൾ പറഞ്ഞൂ
ഖേദിച്ചീടാൻ മാർഗ്ഗമാമാശ തീരെ
ച്ഛേദിച്ചോക്കിങ്ങെന്തു നൽകും വരം നീ?
ചൊന്നാളപ്പോൾദ്ദേവി നേരിട്ടുകണ്ടാ-
ലന്നാമർത്ത്യന്നേകിടേണം വരം ഞാൻ,
എന്നാൽ ഞാൻ ചാവേണ്ടനാളിൻതലേന്നാ-
ളെന്നാക്കൂ ചാക്കെന്നിലെന്നോതി വിപ്രൻ.
ചാവാനുള്ളാ നാളു മാറില്ല മറ്റൊ-
ന്നാവാമെന്നാം ദേവിയോടാത്തഹാസം
ഈ വാമാംഘ്രിയ്ക്കുള്ളമന്തിന്നി മറ്റേ-
ക്കാൽവാങ്ങട്ടേയെന്നിരന്നാൻ ദ്വിജേന്ദ്രൻ.
വരമതുവിധമന്നാ വിപ്രനേകിക്കുളിർക്കും
കരളൊടു കളിവിട്ടാക്കാളി മന്ദം മറഞ്ഞു
വരദരണകിൽ നന്നീ വിദ്യയെന്നോർത്തു മന്തും
പരമരസമിയന്നാ ഭ്രാന്തവിപ്രൻ തലോടീ.