രസികരഞ്ജിനിയില് കൊ.വ. 1079 വൃശ്ചികം
ഉലകിൽ കുടിയേറിവാഴുവാൻ പലതും പാർക്കുകിലുണ്ടു ദുർഘടം അതിൽ വെച്ചുദരിദ്രഭാവമാ ണധികം ദുസ്സഹമായ സങ്കടം
ഗുണദോഷവിവേകബുദ്ധിയും ഗുണവാന്മാരൊടു നല്ലിണക്കവും അണയുന്നിതൊരുത്തനെങ്കിലും പണമില്ലെങ്കിലതൊക്കെ നിഷ്ഫലം
കരികണ്ഠമതിൽ കരേറിനൽ പരിവാരത്തൊടു യാത്രചെയ്തവൻ ചരണേന ചരിച്ചിടുന്നിതി ച്ചരിതം ഹന്തദരിദ്രതാഫലം.
അപരൻനിലവിട്ടുചെയ്തിടു ന്നപരാധങ്ങളിവങ്കലായ്വരും നൃപസേവയുമിന്നു നാസ്തിയാ മപമാനായ ദരിദ്രജീവിതം
മുതലൊക്കെ നശിച്ചുപോയവൻ മൃതദേഹത്തൊടു തുല്യനെത്രയും സുതനും പ്രിയയും സുഹൃത്തുമ ച്ചിതമില്ലാത്തവനിൽ പ്രിയപ്പെടാ!!
അറിവുള്ളൊരു യോഗ്യനാകിലും വെറിയൻ നല്ലൊരുകാര്യമെങ്കിലും പറയുന്നതുസമ്മതിക്കുവാൻ കുറയുംഹന്തജനങ്ങൾസന്തതം
ഉദരം നിറയാതെയന്തികേ തദിതം ചെയ്തമരും ശിശുക്കളെ പതിവായ്ബത കണ്ടിരുന്നിടും ഗതിയില്ലാത്തവനെത്ര നിന്ദിതൻ!!
മനുജന്നിഹകർമ്മവാസന യ്ക്കനുരൂപം ഫലമെത്തുമെങ്കിലും ഒരു കാലവുമിദ്ദരിദ്രനാ യ്വരുവാനായിവിധെ! വിധിക്കൊലാ!!